অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കര്‍ഷകന്‍റെ വിയര്‍പ്പിന് വിലയെത്ര?

കര്‍ഷകന്‍റെ വിയര്‍പ്പിന് വിലയെത്ര?

കര്‍ഷകന്‍റെ വിയര്‍പ്പിന് വിലയെത്ര?

കാര്‍ഷികോത്പാദനം ഉയര്‍ന്നത് കൊണ്ടു മാത്രം തീരുന്നതല്ല കര്‍ഷകരുടെ ജീവിതപ്രശ്നങ്ങള്‍. അവിശ്വസനീയമായ വിളവ്‌ ലഭിക്കുമ്പോള്‍ത്തന്നെ, മാന്യമായി ജീവിക്കുന്നതിനു ഉതകുന്ന മികച്ച പ്രതിഫലവും ലഭിക്കുന്നതിന് ന്യായമായും കര്‍ഷകര്‍ക്ക് അവകാശമുണ്ടല്ലോ. അത് തന്നെയാണ് അവന്‍റെ വിയര്‍പ്പിന്‍റെ ഓഹരി. അതൊരിക്കലും ആരുടേയും ഔദാര്യമല്ല.

മഹാപ്രളയം കീറിപ്പറിച്ചതെല്ലാം സാവധാനത്തിൽ തുന്നിച്ചേർക്കുന്ന ഏറ്റവും ശ്രമകരമായ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുകയാണ് കേരളം. നമ്മുടെ ആത്മവിശ്വാസത്തെ തല്ലിക്കെടുത്താൻ പ്രളയത്തിന് കഴിഞ്ഞില്ല എന്നതാണ് നവകേരള നിർമിതിയിൽ നമുക്ക് കരുത്താകുന്നത്. ഈ ആത്മവിശ്വാസത്തിലാണ് നാം വീണ്ടും ഒന്നിൽ നിന്ന് തുടങ്ങുന്നത്. അതുകൊണ്ടാണ് നാം ഒരു തോറ്റ ജനതയല്ല എന്ന് നമ്മോടുതന്നെയും ലോകത്തോട് ആകെയും നിരന്തരം വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് നമ്മുടെ നാടിനെ പടുത്തുയർത്താൻ ലോകമാകെ കൈകോർക്കുന്നത്. നമ്മുക്ക് അങ്ങനെ തോറ്റു പിന്മാറാൻ കഴിയാത്ത ഒരു സന്ദർഭമാണല്ലോ ഇത്. എല്ലാ കാലത്തും എന്നതുപോലെ ഈ പ്രളയകാലത്തും ഏറ്റവും കൂടുതൽ നഷ്ടപ്പെട്ടത് പാവപ്പെട്ട കർഷകർക്ക് തന്നെയാണ്. കിടപ്പാടവും കൃഷിയിടവും കുത്തിയൊലിച്ചു പോയവരുണ്ട്. പ്രത്യേകിച്ച്, വയനാട്ടിലും, ഇടുക്കിലും, മലപ്പുറത്തും, കോഴിക്കോടും, കോട്ടയത്തും, പത്തനംതിട്ടയിലും, വായ്പയെടുത്തും മറ്റുമായി സ്വരൂപിച്ച പണം മണ്ണിലിറക്കുമ്പോൾ കർഷകന് ഒരു പ്രതീക്ഷയുണ്ടായിരുന്നു. മണ്ണ് ചതിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നു. പക്ഷെ, മഹാമാരി പെയിതിറങ്ങുകയും മലവെള്ളവും പുഴവെള്ളവും കുലംകുത്തി പാഞ്ഞു വരികയും ചെയ്ത ആ നാളുകളിൽ പ്രതീക്ഷകൾ എല്ലാം പുഴയെടുത്തുപോയി. ഫലഭൂയിഷ്ടമായ മേൽമണ്ണ് ഒലിച്ചുപോയതിനു പുറമേ, ഈ പ്രദേശങ്ങളിലെല്ലാം മണ്ണും ചെളിയും അടിഞ്ഞുകൂടികൃഷി പുനരാരംഭിക്കാൻ സാധിക്കാത്ത സ്ഥിതിയായി. നെല്ലും, വാഴയും മാത്രമല്ല, ജാതിയും, കുരുമുളകും, കവുങ്ങും, തെങ്ങും, സകലമാന പച്ചക്കറികളും നശിച്ചുപോയി. പലർക്കും ആദ്യം മുതൽ തുടങ്ങേണ്ടിയിരിക്കുന്നു. വിചാരിക്കുന്നതിനും അപ്പുറമാണ് പ്രതിന്ധിയുടെ ആഴം.

കേരളത്തിൽ സംസ്ഥാന സർക്കാരും കൃഷിവകുപ്പും കർഷകരെ കൈപിടിച്ചുയർത്തുന്നതിനും അവർക്ക് ചോർന്നുപോയ ആ വിശ്വാസവും കരുത്തും തിരികെ നൽകുന്നതിനുമുള്ള തീവ്രയത്നത്തിലാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മുടെ കാർഷികമേഖലയ്ക്ക് പ്രത്യേക പ്രാധാന്യവും പരിഗണനയും നൽകി കർഷകരെ ക്യഷിയിലേക്ക് തിരികെ കൊണ്ടു വരേണ്ടതുണ്ട്. കൃഷിനാശവും കിടപ്പാടവും നഷ്ടപ്പെട്ടതും മൂലം വലിയ മാനസികസമ്മർദ്ദത്തിലാണ് നമ്മുടെ ബഹുഭൂരിപക്ഷം കർഷകരും. നാട്ടിൽ ഗുരുതരമായ ഭക്ഷ്യക്ഷാമവും വ്യാപകമായ കർഷക ആത്മഹത്യയും രൂക്ഷമായ തൊഴിലില്ലായ്മയും സംഭവിക്കുന്നതിനുള്ള സാധ്യതയും തളളിക്കളയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ, കർഷകർക്ക് ആവശ്യമായ മാനസികമായ പിന്തുണയും സാമ്പത്തികമായ സഹായങ്ങളും നൽകി അവരെ കൈപിടിച്ചുയർത്തേണ്ടത് അനിവാര്യമാണ്. ഈ ലക്ഷ്യംവെച്ചുകൊണ്ട് സംസ്ഥാന കൃഷിവകുപ്പ് തയ്യാറാക്കിയ പുനരുജ്ജീവന പാക്കേജിന് അനുമതി ലഭിച്ചുകഴിഞ്ഞാൽ കാർഷികമേഖലയിൽ വലിയ കുതിച്ചുചാട്ടം നടത്താൻ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷപ്പെടുന്നത്. പ്രത്യാശയുടെ വിത്തുകൾ വിതച്ച് സ്വയം പര്യാപ്തതയുടെ കതിരുകൾ കൊയ്യാൻ നമുക്ക് കഴിയുമെന്നതിൽ സംശയമേതുമില്ല.

നമ്മുടെ രാജ്യത്ത് പാവപ്പെട്ട കർഷകർ നിലനിൽപ്പിനുവേണ്ടിയുള്ള അന്തിമപോരാട്ടത്തിലാണ്. ദേശീയസൂചിക പരിശോധിക്കുമ്പോൾ കാർഷികരംഗത്ത് നിക്ഷേപം കുറയുകയും തത്ഫലമായി വളർച്ചാനിരക്കിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരിക്കുകയും ചെയ്തിരിക്കുന്നതായി കാണാം. നമ്മുടെ രാജ്യത്തെ കാർഷികമേഖലയുടെ ഇപ്പോഴത്തെ സ്ഥിതി ചർച്ചാവിഷയമാകുന്ന സവിശേഷമായ സന്ദർഭവും ഇതു തന്നെയാണല്ലോ. പതുക്കെയല്ല. കഴിയാവുന്നത്ര ഉറക്കത്തന്നെ കർഷകന്റെ വിലയെയും നിലയെയും കുറിച്ച് ചർച്ച ചെയ്യപ്പെടണം. അങ്ങനെയൊരു ചർച്ചയ്ക്ക് തുടക്കമിട്ടുകൊണ്ടാണ് ദേശവ്യാപകമായി കർഷകർ സമരവുമായി തെരുവിലിറങ്ങിയത്. കർഷകരുടെ നീറുന്ന ജീവിതപഠനങ്ങൾ സംബന്ധിച്ച് ഇനി നമുക്ക് നിശ്ശബ്ദത പാലിക്കാൻ അവകാശമില്ല. കേരളത്തിലെ കർഷകർ പൊതുവെ സംത്യപ്തരാണ്. കർഷകർക്കുവേണ്ടി നിലകൊള്ളാൻ ഇഛശക്തിയുള്ള ഒരു ഭരണകൂടം ഇവിടെയുണ്ടെന്ന  തിരിച്ചറിവിലാണ് ആ സംത്യപ്തി നിലനിൽക്കുന്നത്. കർഷകനെ യജമാനനായി കണക്കാക്കുകയും അന്നം തരുന്നവന്റെ അന്തസ്സ് തന്നെയാണ് നാടിന്റെ അന്തസ്സ് എന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരു ജനപക്ഷ ഭരണകൂടം ഇവിടെയുണ്ട്. എന്നാൽ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ആന്ധപ്രദേശ്, തെലുങ്കാന, തമിഴ്നാട്, ഉത്തർപ്രദേശ് തുടങ്ങിയ കാർഷിക പ്രധാനമായ സംസ്ഥാനങ്ങളിലെല്ലാം കർഷകർ സമരരംഗത്താണ്. തമിഴ്നാട്ടിലെ കർഷകർ രാജ്യതലസ്ഥാനത്ത് നിരാഹാരമിരുന്നു. കഴുത്തറ്റം കുഴിയിലിറങ്ങി ആത്മാഹുതി സമരം നടത്തി. മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും ലക്ഷക്കണക്കിന് കർഷകസഹോദരങ്ങൾ ഇന്ദ്രപ്രസ്ഥത്തിലേക്ക് ലോങ്ങ് മാർച്ച് നടത്തി. 'ഇനിയും ഞങ്ങൾക്ക് കേവലം വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കാതിരിക്കു. ഞങ്ങളെ രക്ഷിക്കാൻ കാര്യക്ഷമവും വിശ്വസനീയവുമായ നടപടികൾ സ്വീകരിക്കുക' എന്നാണ് ഈ സമരങ്ങളിലെല്ലാം ഉയർന്നുകേൾക്കുന്ന മുദ്രാവാക്യങ്ങൾ. കീറിപ്പറിഞ്ഞ കൈകളും പൊട്ടിപ്പൊളിഞ്ഞ കാലുകളും രക്തം വാർന്നൊഴുകുന്ന ശരീരവുമായി, തളരാത്ത ആത്മവിശ്വാസത്തോടെയാണ് കർഷകർ രാജ്യതലസ്ഥാനത്തേയ്ക്ക് നടന്നുകയറിയത്. ആ നടത്തം ഇനിയും അവസാനിച്ചിട്ടില്ല.

അത്യാധുനിക വിവര സാങ്കേതിക വിദ്യയും ശാസ്ത്രീയ സംവിധാനങ്ങളും വളരെയധികം വികാസം പ്രാപിച്ചിട്ടും നമ്മുടെ രാജ്യത്ത് കർഷകർ ഇപ്പോഴും കാലാവസ്ഥയെ ആശ്രയിച്ചുതന്നെയാണ് കൃഷിപ്പണികളിൽ ഏർപ്പെടുന്നത്. മഴ ഉദാരമായി ലഭിക്കുന്ന സമയത്തെല്ലാം പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച് നൽകുന്ന വിളവ് പോലും തങ്ങളുടെ അഭിവൃദ്ധിക്ക് അനുഗുണമായ രീതിയിൽ പ്രയോജനപ്പെടുത്താന്‍ സാധിക്കാത്തതും വിലസ്ഥിരതയില്ലായ്മയും കർഷകരെ പ്രക്ഷോഭരംഗത്തേക്ക് നയിക്കുന്നതിന് കാരണമായി വരുന്നുണ്ട്. കാർഷിക വായ്പകൾ എഴുതിത്തള്ളുക, വിളകൾക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കുക എന്നതാണ് കർഷകർ ഉയർത്തുന്ന പ്രധാനപ്പെട്ട ആവശ്യങ്ങള്‍.  കാര്‍ഷികവിളകള്‍ക്ക് ഉല്‍പ്പാദനച്ചെലവിനേക്കാള്‍ അമ്പത് ശതമാനം അധികതുക താങ്ങുവിലയായി പ്രഖ്യാപിക്കണമെന്നതാണ് ഡോ.എം.എസ്.സ്വാമിനാഥന്‍ കമ്മീഷന്‍റെ ശുപാര്‍ശ. ദരിദ്രകര്‍ഷകര്‍ക്ക് പലിശരഹിത വായ്പ അനുവദിക്കുക, വിലസ്ഥിരതാ ഫണ്ടിനായി ഒരു ലക്ഷം കോടി രൂപ ദേശീയാടിസ്ഥാനത്തില്‍ വകയിരുത്തുക, ദേശീയാടിസ്ഥാനത്തില്‍ ഭൂപരിഷ്ക്കരണം നിയമം നടപ്പില്‍ വരുത്തി ഭൂരഹിതര്‍ക്ക് ഭൂമിയും വീടും നല്‍കുക, വിത്ത്, വളം, കീടനാശിനി, ഡീസല്‍, മണ്ണെണ്ണ എന്നിവ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, 2014-ല്‍ പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ ഭേദഗതി പിന്‍വലിക്കുക, കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുക, ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ സമരത്തില്‍ ഉയര്‍ത്തുന്നുണ്ട്.

കാര്‍ഷികോത്പാദനം ഉയര്‍ന്നത് കൊണ്ടുമാത്രം തീരുന്നതല്ല കര്‍ഷകരുടെ ജീവിതപ്രശ്നങ്ങള്‍. അവിശ്വസനീയമായ വിളവ്‌ ലഭിക്കുമ്പോത്തന്നെ മാന്യമായി ജീവിക്കുന്നതിന്‌ ഉതകുന്ന മികച്ച പ്രതിഫലവും ലഭിക്കുന്നതിന് ന്യായമായും കര്‍ഷകര്‍ക്ക് അവകാശമുണ്ടല്ലോ. അതുതന്നെയാണ് അവന്റെ വിയര്‍പ്പിന്‍റെ ഓഹരി. അതൊരിക്കലും ആരുടെയെങ്കിലും ഔദാര്യമല്ല. ഇന്ത്യന്‍ കാര്‍ഷിക പരിതസ്ഥിതിയില്‍ സാധാരണ കണ്ടുവരുന്ന ഒരു പ്രതിഭാസമുണ്ട്. അതായത്, കാര്‍ഷികോത്പാദനം എപ്പോഴൊക്കെ വര്‍ധിക്കുന്നുണ്ടോ അപ്പോഴെല്ലാം കാര്‍ഷികവിളകളുടെ വില ഗണ്യമായി താഴെപ്പോകുന്നു. കര്‍ഷകന് വിലനിര്‍ണയാധികാരം ഇല്ല. വില നിര്‍ണയിക്കുന്നത് വിപണിയുടെ പിണിയാളുകളാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിടുന്നത് അവയുല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍. എല്ലാ മേഖലയിലും ഇതുതന്നെയാണ് സ്ഥിതി. കര്‍ഷകന്‍റെ കാര്യത്തില്‍ മാത്രം നേരെ നേരെ തിരിച്ചും. ഉല്‍പ്പാദിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ കര്‍ഷകന് തന്‍റെ വിളകള്‍ക്ക് മേല്‍ യാതൊരു അവകാശമോ അധികാരമോ ഇല്ലാതാകുന്നു.

ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, കാലങ്ങളായി അതുതന്നെയാണ് സ്ഥിതി. ഈ സ്ഥിതിക്ക് മാറ്റം വരേണ്ടതുണ്ട്. അതിന് ദേശവ്യാപകമായി കർഷകരുടെ നേരിട്ടുള്ള നേത്യത്വത്തിൽ പ്രാദേശിക കാർഷിക വിപണികൾ സജജീകരിക്കേണ്ടതുണ്ട്. കേരളം അതിന്

ഒരു മാതൃകയാണ്. നമുക്കിവിടെ പ്രാദേശിക ചന്തകളും കർഷക വിപണികളുമുണ്ട്. കൃഷിവകുപ്പിന് കീഴിൽ എ ഗ്രേഡ് ക്ലസ്റ്ററുകളും ഇക്കോഷോപ്പുകളും ഉണ്ട്. കർഷകർ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന വിഭവങ്ങൾ ഇടനിലക്കാരുടെ ചൂഷണമില്ലാതെ വിറ്റഴിക്കാൻ സാധിക്കുന്നു എന്നതാണ് അതിന്റെ സവിശേഷത.  ഈ മാത്യക രാജ്യത്താകെ വ്യാപിപ്പിക്കാവുന്നതാണ്, നമ്മുടെ രാജ്യത്തെ സംഭരണ രംഗം വളരെ ശുഷ്കമാണ്. കർഷകർ ഉൽപ്പാദിപ്പിക്കുന്ന വിളകൾ കേടായിപ്പോകാതെ സംഭരിക്കുന്നതിന് ആവശ്യമായ സംഭരണകേന്ദ്രങ്ങളുടെ വിപുലമായ ശ്യംഖല സജ്ജമാക്കേണ്ടത് അനിവാര്യമാണ്.

കേന്ദ്രഭരണകുടം ഏർപ്പെടുന്ന കാർഷിക വ്യാപാര കരാറുകൾ പലപ്പോഴും സംസ്ഥാന ഭരണകൂടങ്ങൾക്ക് ദുഷ്കരമായി ഭവിക്കുകയാണ്. പത്ത് ആസിയാൻ രാജ്യങ്ങളും ഇന്ത്യ അംഗമായ ആറ് സാർക്ക് രാജ്യങ്ങളും ചേർന്നുണ്ടാക്കിയ ഉടമ്പടി (Regional Comprehensive Economic Partnership-RCEP) തന്നെ ഏറ്റവും മികച്ച ഉദാഹരണം. ഈ ഉടമ്പടി കർഷക താത്പര്യം ഹനിക്കുന്നതാണ് എന്ന വിമർശനം കാർഷിക-സാമ്പത്തിക രംഗത്തെ വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്. ഇതൊരു രാജ്യാന്തര സ്വതന്ത വ്യാപാര കരാർ ആണ്. ഇന്ത്യയും ചൈനയുമുൾപ്പെടെ പതിനാറ് ആസിയാൻ -സാർക്ക് രാജ്യങ്ങളുടെ ഉല്പന്നങ്ങളുടെ നികുതിരഹിതവും നിയന്ത്രണമില്ലാത്തതുമായ ഇറക്കുമതിയാണ് കരാറിന്റെ മുഖ്യലക്ഷ്യം. അങ്ങനെ വരുമ്പോൾ വിപണി എന്നത്, അതിർത്തിരഹിതവും നികുതിരഹിതവും നിയന്ത്രണരഹിതവുമായ ക്രയവിക്രയം എന്ന നിലയിലേക്ക് മാറ്റപ്പെടും. വ്യാപാരം മാത്രമല്ല, സേവന-നിക്ഷേപമേഖലകളും കരാറിന്‍റെ ഭാഗമായിട്ടുണ്ട്. ഈ ഉടമ്പടിയുടെ ഭാഗമായി ഇതിനോടകം പതിനേഴ് റൗണ്ട് ചർച്ചകൾ നടന്നുകഴിഞ്ഞു. എന്നാൽ ഇതിന്റെ മുഴുവൻ വിശദാംശങ്ങളും അതീവ രഹസ്യമായി വെച്ചിരിക്കുകയാണ്. ഇതാണ് കർഷകരിൽ ആശങ്കയുണർത്തുന്നത്. അതീവരഹസ്യമായി നടപ്പാക്കുന്ന ഇത്തരം നയങ്ങളെല്ലാം നമ്മുടെ കാർഷിക മേഖലയെ സാരമായി ബാധിക്കുന്നു. കർഷകരുടെ ഉത്പന്നങ്ങൾക്ക് വില കിട്ടാത്ത സ്ഥിതി സംജാതമായിരിക്കുന്നു. ഈ കരാറുകൾ സൃഷ്ടിക്കുന്ന പ്രതിസന്ധി കേവലം കാർഷികമേഖലയിൽ മാത്രം ഒതുങ്ങുന്നതല്ല. കാർഷിക അനുബന്ധ മേഖലകളായ ക്ഷീരമേഖല, മത്സ്യമേഖല എന്നിവയേയും സാരമായി ബാധിക്കുന്നു. ഇത്തരം രാജ്യാന്തര സ്വതന്ത്ര വ്യാപാര കരാറുകളിൽ ഏർപ്പെടുന്നതിന് മുമ്പ് മതിയായ പഠനങ്ങളോ സംസ്ഥാനങ്ങളുമായി കൂടിയാലോചനകളോ നടത്താറില്ല.  ഇതിന്‍റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നത് കർഷകരാണ്. തത്ഫലമായി കാർഷികമേഖല കൂടുതൽ തകർച്ചയിലേക്ക് പോവുകയും സംസ്ഥാന ഭരണകൂടങ്ങൾക്ക് ഇടപെടാൻ കഴിയുന്നതിനപ്പുറം കാർഷികമേഖലയിലെ പ്രതിസന്ധികൾ വർദ്ധിക്കുകയും ചെയ്യുന്നു. കേരളത്തിലെ പ്രധാന കാർഷികവിളകളുമായി ബന്ധപ്പട്ടും അവയുടെ ആഭ്യന്തര-അന്താരാഷ്ട്ര വിപണി സംബന്ധിച്ചും സമഗ്രമായ പഠനം അത്യന്താപേക്ഷിതമായ ഒരു സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർദ്ധിപ്പിക്കാനായി ഇവിടക്ക് അസംസ്ക്യതവസ്തുക്കൾ അനിയന്ത്രിതമായി ഇറക്കുമതി ചെയ്യുന്ന നയം കർഷക വിരുദ്ധമാണ്. സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്താത്ത കേന്ദ്രം ഒപ്പിടുന്ന സ്വതന്ത്ര വ്യാപാര കരാറുകള്‍ കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ചെറുകിട കർഷകരുടെ വയറ്റത്തടിക്കുന്നതും കാർഷികമേഖലയെ പ്രതികൂലമായി ബാധിക്കുന്നതുമാണ്. നോട്ട് നിരോധനത്തെ തുടർന്നുണ്ടായ ഗോതമ്പ് ഇറക്കുമതി അമേരിക്കയെയും പഞ്ചസാര കയറ്റുമതി വർദ്ധിപ്പിക്കുന്നതിന്റെ പേരിൽ കരിമ്പ് ഇറക്കുമതി ചെയ്തത് ബ്രസിലിനെയും സഹായിക്കുകയാണുണ്ടായത്. അത് ഇവിടുത്തെ ഗോതമ്പ് കർഷകരെയും കരിമ്പ്കർഷകരെയും ദോഷകരമായി ബാധിച്ചതുപോലെ റബർ, കുരുമുളക് ഇറക്കുമതി കേരളത്തിലെ കർഷകരെയും പ്രതികൂലമായി ബാധിച്ചു.

യാഥാർത്യബോധത്തോടെ വേണം കാർഷികമേഖലയ്ക്ക് വേണ്ടി പദ്ധതികളും പരിപാടികളും ആവിഷ്കരിക്കാനും നടപ്പിലാക്കാനും. പദ്ധതികളുടെ കേന്ദ്രസ്ഥാനത്ത് കർഷകർ തന്നെയായിരിക്കണം. അഥവാ കർഷകർക്ക് കൂടി പങ്കാളിത്തമുള്ള പദ്ധതികളും

കർമപരിപാടികളുമായിരിക്കണം ആവിഷ്കരിക്കാനും നടപ്പിലാക്കാനും ശ്രമിക്കേണ്ടത്. കാർഷിക ഉൽപ്പനങ്ങൾക്ക് ന്യായമായ വില ഉറപ്പുവരുത്തിയാലേ കർഷകർ രക്ഷപ്പെടുകയുള്ളൂ. ഡോ. എം.എസ് സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള ദേശീയ കർഷക കമ്മീഷൻ മുന്നോട്ടുവച്ചിട്ടുള്ള നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കേണ്ടത് അനിവാര്യമാണ്. കാർഷിക ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള മനുഷ്യാദ്ധ്വാനം ഉൾപ്പെടെ കണക്കാക്കി ഉൽപ്പാദനച്ചെലവ് കണക്കാക്കണം. അങ്ങനെ കണക്കാക്കുന്ന ഉൽപ്പാദനവും അതിന്റെ അമ്പത് ശതമാനവും ചേർത്തായിരിക്കണം ഉൽപ്പന്നത്തിന് വില നിശ്ചയിക്കേണ്ടത്. അമ്പത് ശതമാനമായി നിശ്ചയിച്ചിട്ടുളള തുകയാണ് കർഷകരുടെ ജീവിതമാർഗം. അതിനെ വേണമെങ്കിൽ ലാഭം എന്ന് വിവക്ഷിക്കാം. എന്നാൽ അത് യഥാർത്ഥത്തിൽ കർഷകന്റെ വിയർപ്പിന്റെ വിലയാണ്. ന്യായമായ വില നൽകി ഉൽപ്പന്നങ്ങൾ സംഭരിച്ച് കേടുകൂടാതെ സൂക്ഷിക്കുന്നതിനും മാർക്കറ്റുകളിൽ ആവശ്യമായ സന്ദർഭങ്ങളിൽ എത്തിക്കുന്നതിനുമുളള കാര്യക്ഷമമായ വിതരണ സംവിധാനവും ഉണ്ടാക്കണം. അങ്ങനെ വരുമ്പോൾ കൂടുതൽ പേർ കാർഷികമേഖലയിലേക്ക് ഇറങ്ങിവരുന്നതിന് സാഹചര്യമൊരുക്കും. നാടിനെ അന്നമൂട്ടുന്ന കർഷകനെ എഴുന്നേറ്റു നിന്ന് ബഹുമാനിക്കണം. അവന്‍ തന്നെയാണ് യജമാനന്‍ എന്ന കാര്യവും നമുക്ക് മറക്കാതിരിക്കാം.

കടപ്പാട്: കേരളകര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate