മഹാപ്രളയത്തിനു ശേഷമുള്ള ആറുമാസത്തിനുള്ളിൽ കേരളത്തിൽ മാവുകൾ പതിവില്ലാതെ മൂന്നുവട്ടം പൂത്തു. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കാലംമാറി മാവുകൾ ആദ്യം പൂത്തത്. സാധാരണ പൂക്കുന്ന സമയത്ത് രണ്ടാംവട്ടവും മാവുകൾ പൂത്തു. ഈ ഫെബ്രുവരിയിൽ വർഷങ്ങളായി പൂക്കാതിരുന്ന മാവുകൾ പോലും ഭ്രാന്തുപിടിച്ചതു പോലെ മൂന്നാംവട്ടവും പൂത്തു. പ്രളയത്തെത്തുടർന്ന് ഭൂഗർഭ ജലനിരപ്പ് ഉയർന്നതും ഡിസംബർ, ജനുവരി മാസങ്ങളിലെ കൊടുംതണുപ്പുമാണ് ഇതിനു കാരണമെന്നാണ് കാർഷിക സർവകലാശാലയുടെ വിശദീകരണം. കാരണമെന്തായാലും ഇത് വരുംവർഷങ്ങളിൽ മാങ്ങയുടെ ഉത്പാദനം ഗണ്യമായി കുറയ്ക്കും, കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് വൃക്ഷങ്ങളും വിളകളുമെല്ലാം നേരത്തെയും വൈകിയും പൂക്കുന്നതും കായ്ക്കൾ നേരത്തെ മൂപ്പെത്തുന്നുമെല്ലാം കേരളത്തിൽ ഇപ്പോൾ സാധാരണ കാഴ്ചകളാണ്.
കേരളത്തിൽ ജനുവരിയിലെ അന്തരീക്ഷ താപനില പതിവില്ലാതെ താണു. സമതലങ്ങളിൽ രാത്രി താപനില 16-20 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. രാത്രിയിലെ കുറഞ്ഞ താപനിലയും പകൽ സമയത്തെ കൂടിയ താപനിലയും തമ്മിലുള്ള വ്യത്യാസം പതിവില്ലാതെ കൂടി, വടക്കു-കിഴക്കൻ കാലവർഷം നേരത്തെ അവസാനിച്ചതിനാൽ അന്തരീക്ഷത്തിൽ ഈർപ്പം കുറഞ്ഞതും ആകാശം മേഘാവൃതമല്ലാതിരുന്നതുമാണ് താപനില താഴാൻ കാരണമെന്നാണ് ഒരു വിശദീകരണം. “പോളാർ പോർടെക്സ്' എന്ന പേരിൽ അറിയപ്പെടുന്ന ആർക്ടിക്കിൽ നിന്നുമുള്ള തണുത്ത പടിഞ്ഞാറൻ കാറ്റ് ദുർബലപ്പെട്ട് തെക്കൻ യൂറോപ്പിൽ നിന്നും വടക്കേ ഇന്ത്യയിൽ എത്തി. വടക്കേ ഇന്ത്യയിലെ പതിവില്ലാത്ത തണുപ്പ്, ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചുവെന്നാണ് മറ്റൊരു വിശദീകരണം.
മൂന്നാറിലും നീലഗിരിയിലും താപനില മൈനസ് മൂന്നു മുതൽ എട്ടു ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. പതിവില്ലാത്ത മഞ്ഞുവീഴ്ച്ച കേരളത്തിലെ തേയിലത്തോട്ടങ്ങളിൽ നാശം വിതച്ചു. ജനുവരി - മാർച്ച് മാസങ്ങളിൽ കേരളത്തിലെ തേയില ഉത്പാദനത്തിൽ 10-30 ശതമാനം ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഫെബ്രുവരിയിലെ ആദ്യത്തെ രണ്ടാഴ്ച കോഴിക്കോട് ശരാശരിയിൽ നിന്നു മൂന്നു ഡിഗ്രി സെൽഷ്യസും ആലപ്പുഴയിൽ രണ്ടു ഡിഗ്രിസെൽഷ്യസുമാണ് അന്തരീക്ഷ താപനിലയിൽ വർധനവ് രേഖപ്പെടുത്തിയത്.
1850 നു ശേഷം സമുദ്ര താപനിലയിൽ ഏറ്റവും കൂടുതൽ വർധനവു രേഖപ്പെടുത്തിയ വർഷമായിരുന്നു 2018. ആഗോള തലത്തിൽ ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ നാലാമത്തെ വർഷവും ഇന്ത്യയിൽ ആറാമത്തെ വർഷവുമായിരുന്നു 2018. ഇതിനു മുമ്പ് ഭൂമിയിൽ ഏറ്റവും കൂടുതൽ ചൂടു രേഖപ്പെടുത്തിയ വർഷങ്ങൾ 2015, 2016, 2017 എന്നിവയായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചുടു രേഖപ്പെടുത്തിയ 15 വർഷ ങ്ങളിൽ 11 ഉം കഴിഞ്ഞ 15 വർഷങ്ങളിലായിരുന്നു. പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസത്തിന് മിതമായ തോതിൽ തുടക്കം കുറിച്ചിരിക്കുന്നതിനാൽ ഈ വർഷം ഇന്ത്യയിൽ ചൂടു കൂടാനും മൺസൂൺ മഴയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാനും സാധ്യതയുണ്ട്.
നിലവിലുള്ള വിളകളും കൃഷിരീതികളും കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് കർഷക സമൂഹം. ഇന്ത്യയുടെ ആപ്പിൾ കലവറയായ ഹിമാചൽപ്രദേശിൽ ഉയരം കുറഞ്ഞ മലനിരകളിൽ പരമ്പരാഗത ആപ്പിൾ ഇനങ്ങൾ വിളയാതെയായി. കൂടുതൽ തണുപ്പുള്ള ഉയർന്ന മലനിരകളിലേക്ക് വഴിമാറുകയാണ് ഹിമാചൽപ്രദേശിലെ ആപ്പിൾ കൃഷി. കേരളം പ്രളയത്തോടൊപ്പം വരൾച്ചയുടെയും ഭീഷണിയിലാണ്. നൂറ്റാണ്ടിൽ ഒരിക്കൽ സംഭവിക്കാനിടയുള്ള പേമാരിയും മഹാ പ്രളയവും അഞ്ചോ പത്തോ വർഷത്തിൽ ഒരിക്കൽ ഇനിയുള്ള കാലം ആവർത്തിച്ചേക്കാം. 2010 മുതൽ കേരളത്തിന്റെ പല പ്രദേശങ്ങളിലും പകൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കുന്നത് വരാനിരിക്കുന്ന വരൾച്ചാ വർഷങ്ങളുടെ കാഠിന്യം സൂചിപ്പിക്കുന്നു.
1850 നു ശേഷം ആഗോള താപനിലയിൽ 0.9 മുതൽ 1.1 ഡിഗ്രി സെൽഷ്യസ് വരെ വർധനവുണ്ടായി. ഇത് അടുത്ത അഞ്ചോ പത്തോ വർഷത്തിനുള്ളിൽ 1.5 ഡിഗ്രി സെൽഷ്യസ് കടക്കും. ഇതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്നത് കൃഷിയിലായിരിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ആർദ്രത കൂടിയ ഉഷ്ണമേഖലാ കാലാവസ്ഥയിൽ നിന്നും ഈർപ്പം കുറഞ്ഞ വരണ്ട കാലാവസ്ഥയിലേക്കുള്ള മാറ്റത്തിലാണ് കേരളം ഇപ്പോൾ.
തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഈ മാറ്റം കൂടുതൽ പ്രകടം. ഈർപ്പം കുറഞ്ഞ വരണ്ട കാലാവസ്ഥയിലേക്കു മാറിയതോടെ മനുഷ്യർക്കും മൃഗങ്ങൾക്കും സസ്യങ്ങൾക്കും അപകടകരമായ അൾട്രാവയലറ്റ് രശ്മികളുടെ അളവിലും വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2050 ഓടെ കേരളത്തിൽ അന്തരീക്ഷതാപനില രണ്ടു ഡിഗ്രി സെൽഷ്യസ് എങ്കിലും കൂടുമെന്ന് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കേരള സംസ്ഥാന ആക്ഷൻ പ്ലാൻ പറയുന്നു. കേരളത്തിൽ വയനാടും ഇടുക്കിയും ഉൾപ്പെടുന്ന ഹൈറേഞ്ചുകളിലായിരിക്കും താപവ്യതിയാനം ഏറ്റവും കൂടുതൽ, ഹൈറേഞ്ചകളിൽ 2050 ഓടെ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ചൂടു കൂടിയേക്കാം. എന്നാൽ കൃഷിയിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ അടുത്തുതന്നെ അനുഭവപ്പെട്ടുതുടങ്ങും. പാലക്കാട്, ആലപ്പുഴ, വയനാട്, ഇടുക്കി ജില്ലകളായിരിക്കും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ നേരിടേണ്ടി വരിക. കണ്ണൂർ, തിരുവനന്തപുരം ജില്ലകളും കാലാവസ്ഥാവ്യതിയാനത്തിന്റെ വലിയ ആഘാതം നേരിടേണ്ടി വരും. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭക്ഷ്യവിളകളെ പെട്ടെന്നു ബാധിക്കും. അന്തരീക്ഷ താപനിലയിലെ ഒരു ഡിഗ്രി സെൽഷ്യസിന്റെ വർധനവ് നെല്ല് ഉത്പാനത്തിൽ 3.2 ശതമാനം കുറവു വരുത്തും. ബ്രിട്ടനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും കാലാവസ്ഥാവ്യതിയാനം പഴം- പച്ചക്കറി ഉത്പാദനത്തിൽ 20-50 ശതമാനം കുറവു വരുത്തിക്കഴിഞ്ഞു. 24 മണിക്കൂർ വെള്ളം കെട്ടിനിൽക്കുന്നത് തക്കാളി ഉൾപ്പെടെയുള്ള മിക്ക പച്ചക്കറിവിളകളുടെയും കൃഷി നശിപ്പിക്കും.
കാലാവസ്ഥാ വ്യതിയാനം നേരിടാൻ മാംസവിഭവങ്ങൾ പരിമിതപ്പെടുത്തി പച്ചക്കറികൾ കൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. എന്നാൽ തുറന്ന സ്ഥലത്തുള്ള പച്ചക്കറി കൃഷി ഭാവിയിൽ ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. കാലാവസ്ഥാ വ്യതിയാനം കാരണം മിക്ക വിളകളടെയും ഉത്പാദനം സമീപഭാവിയിൽ ഗണ്യമായി കുറയുമെന്ന് കേന്ദ്ര കൃഷിവകുപ്പ് പറയുന്നു. ചൂടു കൂടിയ കാലാവസ്ഥയിൽ നെല്ല് ഉത്പാദനം ആറു ശതമാനവും ഉരുളക്കിഴങ്ങ് ഉത്പാദനം 11 ശതമാനവും മക്കച്ചോളം ഉത്പാദനം 18 ശതമാനവും കണ്ട് കുറയും. ആപ്പിൾ ഉത്പാദനം സമുദ്രനിരപ്പിൽ നിന്നും 2500 മീറ്ററിൽ അധികം ഉയരമുള്ള പ്രദേശങ്ങളിൽ ഒതുങ്ങും. പത്തേക്കറിൽ താഴെ കൃഷിഭൂമിയുള്ള കർഷകർക്ക് കൃഷി കൊണ്ടു മാത്രം ജീവിക്കാനാവാത്ത അവസ്ഥയുമുണ്ടാകും.
മഹാപ്രളയം കേരളത്തിന്റെ കാർഷിക മേഖലയിൽ 19,000 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് സംസ്ഥാന കൃഷി വകുപ്പിന്റെ കണക്ക്. ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് സുഗന്ധ, തോട്ട വിളകൾക്കാണ്. കുരുമുളകുൾപ്പെടെയുള്ള മിക്ക സുഗന്ധവിളകളും മഹാപ്രളയത്തിന്റെ ആഘാതത്തിൽ നിന്ന് ഇനിയും കരകയറിയിട്ടില്ല. അധിക ചൂടും ദീർഘകാലത്തെ വരൾച്ചയും പ്രളയവുമൊന്നും നേരിടാനാകാത്ത വിളകളാണ് പശ്ചിമഘട്ടങ്ങളിൽ കൃഷി ചെയ്യുന്ന കുരുമുളകും കാപ്പിയും തേയിലയും കൊക്കോയും ഏലവുമെല്ലാം.
കൊടും വേനലിൽ മേൽമണ്ണു വരളുന്നതും മണ്ണിന്റെ ഉപരിതല താപനില വർധിക്കുന്നതും കുരുമുളകിന്റെ വളർച്ചയിൽ പ്രതിസന്ധിയുണ്ടാക്കും. നല്ല മഴ അടുത്ത സീസണിലെ കുരുമുളക് ഉത്പാദനത്തിന് ഗുണകരമാണെങ്കിലും മഴ കൂടിയാൽ രോഗബാധയും കൂടും. ഏലത്തിന്റെ വളർച്ചക്ക് അനുകൂലം 18- 25 ഡിഗ്രി സെൽഷ്യസിന് ഇടയിലുള്ള താപനിലയാണ്. ചൂട് 28 ഡിഗ്രി സെൽഷ്യസിൽ കൂടിയാൽ കായ്കൾ പെട്ടെന്നു വളർന്ന് നേരത്തെ മൂപ്പെത്തും. 32 ഡിഗ്രി സെൽഷ്യസിനു മുകളിലേക്കു പോയാൽ ഇലകൾ ഉണങ്ങിക്കരിയും. ചൂടുകൂടിയ കാലാവസ്ഥയിൽ ഏലത്തിൽ കീടങ്ങളുടെ ആക്രമണവും രൂക്ഷമാകും. ഇടുക്കിയേക്കാൾ വയനാട്ടിലെയും കർണാടകത്തിലെയും ഏലകൃഷിക്കായിരിക്കും കാലാവസ്ഥാ വ്യതിയാനം കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുക.
അടുത്ത കാൽനൂറ്റാണ്ടിനകം അന്തരീക്ഷ താപനിലയിലെ വർധനവ് രണ്ടു ഡിഗ്രിയിൽ കൂടുതലാകുന്നതോടെ ഇപ്പോൾ കൊക്കോ കൃഷി ചെയ്യുന്ന പല മേഖലകളും ഇതിന്റെ കൃഷിക്ക് അനുയോജ്യമല്ലാതായിത്തീരും. ചൂടിനേക്കാൾ കൂടുതൽ പ്രശ്നം മണ്ണിലും കൊക്കോച്ചെടിയിലും ഉണ്ടാകുന്ന അതിവേഗ ബാഷ്പീകരണത്തിലൂടെ ജലം നഷ്ടപ്പെടുന്നതായിരിക്കും. മഴക്കുറവും രാത്രി-പകൽ താപനിലകളിലെ അന്തരവും തേയിലയുടെയും കാപ്പിയുടെയും ഉത്പാദനം കുറയ്ക്കും. കശുമാവിന്റെ തളിർക്കലും പുഷ്പിക്കലും അടക്കമുള്ള നിർണായക വളർച്ചാ കാലഘട്ടങ്ങളിലെ കാലാവസ്ഥാ വ്യതിയാനം കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലെ കശുമാവ് കൃഷിയെ പിന്നോട്ടടിച്ചു കൊണ്ടിരിക്കുകയാണ്.
തെങ്ങ് സി-3 വിഭാഗത്തിൽപ്പെട്ട വിളയായതിനാൽ അന്തരീക്ഷ താപനില ഒരു പരിധിവരെ ഉയർന്നാലും നാളികേര ഉത്പാദനം കൂടുമെന്നാണ് ഒരു പ്രവചനം. അന്തരീക്ഷത്തിലെ ഉയർന്ന കാർബൺ ഡൈ ഓക്സൈഡ് സാന്ദ്രത മുതലെടുത്ത് കൂടുതൽ പ്രകാശ സംശ്ലേഷണം നടക്കുന്നതിനാലാണിത്. എന്നാൽ കൂടെക്കൂടെയുണ്ടാകുന്ന വരൾച്ചയും മഴയ്ക്കു ശേഷമുള്ള വരണ്ട ഇടവേളകളും ഉയർന്ന താപസമ്മർദ്ദവും മണ്ണിലെ ഈർപ്പക്കുറവുമെല്ലാം കാർബൺ സാന്ദ്രത കൂടുന്നതുകൊണ്ടുള്ള എല്ലാ പ്രയോജനവും ഇല്ലാതാക്കും. നീണ്ടു നിൽക്കുന്ന വരൾച്ച നാലുവർഷത്തേക്ക് തെങ്ങിന്റെ ഉത്പാദനത്തെ ബാധിക്കും. മഴക്കുറവും ആർദ്രത കുറഞ്ഞ വരണ്ട കാലാവസ്ഥയും തെങ്ങിൽ പുതിയ കീടങ്ങളുടെ ആക്രമണത്തിന് വഴിതെളിക്കും.
ഒരു വർഷം 150 ദിവസം തുടർച്ചയായി പരമാവധി താപനില 33 ഡിഗ്രി സെൽഷ്യസ് കടക്കുകയോ വരൾച്ച 200 ദിവസത്തിലേറെ നീണ്ടുനിൽക്കുകയോ ചെയ്താൽ നാളികേര ഉത്പാദനത്തിൽ കുറവുണ്ടാകും. പേമാരിയും മഹാപ്രളയവും നാളികേര ഉത്പദാനം കുറയ്ക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രണ്ടാമത്തെ വിളയായ റബറും അടുത്ത കാലത്തായി കാലാവസ്ഥാവ്യതിയാനത്തിന്റെ പിടിയിലാണ്. തുലാമഴയിലെ കുറവും നീണ്ടുനിൽക്കുന്ന വരൾച്ചക്കാലവും ഇടയ്ക്കുണ്ടാകുന്ന അതിവർഷവും റബർ ഉത്പാദനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നെല്ല്, ഗോതമ്പ്, മക്കച്ചോളം, ഉരുളക്കിഴങ്ങ്, സോയാബീൻ തുടങ്ങിയ വിളകളിൽ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദമായ പഠനം നടന്നിട്ടുണ്ടെങ്കിലും കേരളത്തിന്റെ സമ്പദ്ഘടനയിൽ നിർണായക പ്രാധാന്യമുള്ള ദീർഘകാലവിളകളിൽ ഇത്തരം പഠനങ്ങൾ പരിമിതമാണ്.
അടിക്കടിയുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങൾ കേരളത്തിലെ കൃഷിക്ക് നൽകുന്നത് നല്ല സൂചനകളല്ല. നൂറ്റാണ്ടുകളായി ചില പ്രത്യേക വിളകളുടെ കൃഷിക്ക് അനുകൂലമായി നിന്നിരുന്ന കാലാവസ്ഥാ ഘടകങ്ങൾ സാവധാനം ഒന്നൊന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഏറിയാൽ പത്തോ പന്ത്രണ്ടോ വർഷങ്ങൾ മാത്രമേ ഇപ്പോഴത്തെ അനുകൂല സാഹചര്യങ്ങളുണ്ടാകൂ.
2030 നു മുമ്പ് അന്തരീക്ഷതാപനിലയിലെ വർധനവ് ഒന്നരഡിഗ്രി കടക്കുമെന്നാണ് കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ഇന്റർ ഗവൺമെന്റിൽ പാനൽ കഴിഞ്ഞ വർഷം പുറത്തിറക്കിയ പ്രത്യേക റിപ്പോർട്ട് നൽകുന്ന സൂചന. അന്തരീക്ഷത്തിലെ ഹരിതഗൃഹവാതക വിസർജനം കുറയ്ക്കുന്നതിന് വേഗത്തിൽ ഗൗരവമേറിയ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അന്തരീക്ഷതാപനില 4-5.8 ഡിഗ്രി സെൽഷ്യസ് കണ്ട് ഉയരും. തിരുത്താനാകാത്ത പ്രത്യാഘാതങ്ങളായിരിക്കും ഇത് കൃഷിയിലും സമസ്ത മേഖലകളിലും സൃഷ്ടിക്കുക.
കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ദുരന്തങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് കേരളം. 2016ൽ 110 വർഷത്തിനിടയിൽ ഏറ്റവും വലിയ വരൾച്ചയെ സംസ്ഥാനം നേരിട്ടു. 2017 ൽ ഓഖിയും 2018ൽ മഹാപ്രളയവും കേരളത്തിൽ നാശം വിതച്ചു. കഴിഞ്ഞ വർഷം തമിഴ്നാട്ടിൽ ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റിൽ നിന്നു ഭാഗ്യം കൊണ്ടാണ് കേരളം രക്ഷപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനം നാളെ സംഭവിക്കാനിരിക്കുന്ന ദുരന്തമല്ല, അതിന്റെ പ്രത്യാഘാതങ്ങൾ ഇതിനകം തന്നെ നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്നു. കൃത്യമായ ആസൂത്രണത്തിലൂടെ മൂന്നൊരുക്കം നടത്തിയില്ലെങ്കിൽ നമ്മുടെ കൃഷിഭൂമിയും കൃഷിയും ഇല്ലാതാകും.
പ്രതികൂല സാഹചര്യങ്ങളോടു പൊരുതി നിൽക്കാൻ ശേഷിയുള്ള വിത്തിനങ്ങൾ കൃഷി ചെയ്യണം. കഴിഞ്ഞ മഹാപ്രളയത്തിൽ പല നെല്ലിനങ്ങളും നശിച്ചപ്പോൾ“സിഗപ്പി' എന്ന നെല്ലിനം വെള്ളക്കെട്ടിനെ ചെറുത്തുനിന്നു. ഹ്രസ്വകാല വിളകൾ നടുന്ന സമയം, മണ്ണിലെ ഈർപ്പത്തിന്റെ ലഭ്യതയനുസരിച്ച് ക്രമീകരിക്കണം. കാലാവസ്ഥാ പ്രവചനങ്ങളും മുന്നറിപ്പുകളും ഗൗരവമായി കണക്കിലെടുത്ത് കൃഷി ക്രമീകരിക്കണം. കാലാവസ്ഥാ വ്യതിയാനം ഏറ്റവും ദോഷകരമായി ബാധിക്കുക ജലത്തിന്റെ ലഭ്യതയെയായിരിക്കും. ജലവിഭവങ്ങൾ പരിപാലിക്കുന്നതിൽ കേരളത്തിന്റെ സ്ഥാനം അത്ര മികച്ചതല്ല. മണ്ണിനെയും ജലത്തെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കുന്ന, പരിസ്ഥിതിക്കിണങ്ങുന്ന കൃഷിരീതികൾ നടപ്പാക്കണം. മലനിരകൾ, പുഴകൾ, നീർത്തടങ്ങൾ, ജലാശയങ്ങൾ, വാസസ്ഥലങ്ങൾ, കൃഷിയിടങ്ങൾ എന്നിവയെല്ലാം കണക്കിലെടുത്തുവേണം കൃഷി ആസൂത്രണം ചെയ്യാൻ. ഓരോ പ്രദേശത്തിനും അനുയോജ്യമായ വിളകളും ഇനങ്ങളും കണ്ടെത്തണം. വരൾച്ചയുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ഹസ്വകാല വിളകൾ കൃഷി ചെയ്യാം.
പയർ വർഗങ്ങൾ പോലെ ഈർപ്പം കുറച്ചു വേണ്ട വിളകളെയും വിളപരിക്രമണത്തിൽ ഉൾപ്പെടുത്തണം. ബഹുവിള കൃഷി സമ്പ്രദായം നടപ്പാക്കണം. കൃഷിയിടങ്ങളിലെ ജൈവവൈവിധ്യത്തിന്റെ അടിത്തറ പരമാവധി വികസിപ്പിക്കണം. വെള്ളം കുറച്ചുപയോഗിക്കുന്ന കൃഷിരീതികൾ പിന്തുടരണം. മണ്ണിന്റെ ഫലപുഷ്ടി നിലനിർത്തണം. വളപ്രയോഗം കൂടുതൽ കാര്യക്ഷമമാക്കണം. അമോണിയം രാസവളങ്ങൾ പരമാവധി കുയ്ക്കണം. കൃഷിയിടങ്ങളിൽ മഴവെള്ളക്കൊയ്ത്തിനും ഭൂഗർഭ ജലസ്രോതസുകൾ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള മാർഗങ്ങളും സ്വീകരിക്കണം. പുതയിടൽ, ചാലുകളിൽ ജൈവാവശിഷ്ടം നിറയ്ക്കൽ, തെങ്ങിൻ തോപ്പിൽ ചാലെടുത്ത് ചകിരി നിറയ്ക്കുന്ന രീതി തുടങ്ങിയ പരമ്പരാഗത മാർഗങ്ങളിലൂടെ ഈർപ്പം സംരക്ഷിക്കണം. കാലാവസ്ഥാ വ്യതിയാനം ഒരു യാഥാർഥ്യമാണ്. കൃത്യമായ ആസൂത്രണത്തിലൂടെ അതിവേഗം അതിനോട് പൊരുത്തപ്പെടാനുള്ള ശ്രമമുണ്ടായില്ലെങ്കിൽ കേരളത്തിലെ കാർഷിക മേഖല വലിയ തിരിച്ചടികൾ നേരിടേണ്ടി വരും.
1984 നും 2009 നും ഇടയിലുള്ള കാൽ നൂറ്റാണ്ടിനിടയിൽ കേരളത്തിലെ ഹൈറേഞ്ചുകളിൽ 1.46 ഡിഗ്രി സെൽഷ്യസിന്റെ താപവർധനവാണുണ്ടായത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇതു വീണ്ടും കൂടി, ഹൈറേഞ്ചിൽ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് പകലത്തെ കൂടിയ താപനില ഓരോ വർഷവും കൂടുന്നു. രാത്രിയിലെ കുറഞ്ഞ താപനില കുറയുന്നു. പകൽ രാത്രി താപനിലകളിലെ ഈ വ്യതിയാനം കാലാവസ്ഥാ മാറ്റങ്ങളോട് അതിവേഗം പ്രതികരിക്കുന്ന കൊക്കോ, തേയില, കാപ്പി, ഏലം തുടങ്ങിയ തോട്ടവിളകളെ പ്രതികൂലമായി ബാധിക്കും.
കാലാവസ്ഥാ വ്യതിയാനം മൂലം ഇന്ന് ഹൈറേഞ്ചിന്റെ കുത്തകയായ പലവിളകളുടെയും കൃഷി അവിടെ അസാധ്യമാക്കും. പകൽ- രാത്രി താപനിലകളിലെ ഈ വലിയ അന്തരം മരുഭൂമിയിൽ കണ്ടുവരുന്ന പ്രതിഭാസമാണ്. ഹൈറേഞ്ചുകളിൽ മാത്രമല്ല, കേരളത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കും അപകടകരമായ ഈ പ്രതിഭാസം വ്യാപിക്കുന്നു.
ഡോ.ജോസ് ജോസഫ്
കടപ്പാട്: കര്‍ഷകന്‍
അവസാനം പരിഷ്കരിച്ചത് : 6/10/2020