অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മൂത്രക്കല്ലിന് പാഷാണഭേദി

മൂത്രക്കല്ലിന് പാഷാണഭേദി

കേരളത്തിൽ പത്തിൽ മൂന്നു പേർക്ക് കണ്ടുവരുന്ന രോഗമാണ് മൂത്രക്കല്ല്. നമ്മുടെ ആധുനിക ജിവിതശൈലിയിൽ അടങ്ങിയ കൊഴുപ്പും കാത്‌സ്യവും നിറഞ്ഞ ഭക്ഷണം തന്നെയാണ് പ്രധാനവില്ലൻ. വൃക്കയിലും മൂത്രാശയത്തിലും മൂത്രനാളിയിലും വസ്തിയിലും കാത്സ്യത്തിന്റെ കട്ടിയാണ് കല്ലായി അനുഭവപ്പെടുന്നത്. മൂത്രനാളിയിൽ തടസ്സമുണ്ടാക്കുകയും മൂത്രം കെട്ടിനിന്ന് അണുബാധയുണ്ടായി വൃക്കയുടെ പ്രവർത്തനത്തെത്തന്നെ ഇത് ബാധിക്കുകയും ചെയ്യുന്നു.

ആയുർവേദത്തിൽ മൂത്രാശ്മരി അല്ലെങ്കിൽ കല്ലടപ്പ് എന്നുപറയുന്ന ഗുരുതരമായ അസുഖത്തിന് കൺകണ്ട മരുന്നാണ് പാഷാണഭേദി. കല്ലിനെ ദഹിപ്പിക്കുന്നത് അല്ലെങ്കിൽ ഭേദിക്കുന്നത് എന്ന അർഥമാണ് പാഷാണദേഭിക്കുള്ളത്. അങ്ങനെ ഇത്തരത്തിൽ കല്ലിനെപൊടിക്കുന്ന പല സസ്യങ്ങളും പാഷാണഭേദിയായി അറിയപ്പെടുന്നു. സംസ്‌കൃതത്തിൽ പാഷാണഭേദിയെന്നറിയപ്പെടുന്ന സസ്യത്തിന്റെ ശാസ്ത്രനാമം ബെർഗനിയ ലിഗുലേറ്റ എന്നാണ്. എന്നാൽ, കേരളത്തിൽ പാഷാണഭേദിയായി ഉപയോഗിക്കപ്പെടുന്നത് എഹ്രീഷിയേസി കുടുംബത്തിൽപ്പെട്ട കല്ലൂർ വഞ്ചി (റോട്ടുല അക്വാട്ടിക്ക) എന്ന സസ്യമാണ്. കാരണം തെക്കേ ഇന്ത്യയിൽ ഒരിടത്തും കാണാത്തതാണ് വളരാത്തതാണ് യഥാർഥ പാഷാണഭേദി.

രൂപവും കാലാവസ്ഥയും

സമുദ്രനിരപ്പിൽ നിന്ന് 1000 അടിഉയരത്തിലുള്ള പർവത സാനുക്കളിലാണ് യഥാർഥ പാഷാണഭേദി വളരുന്നത്. ഹിമാലയ പ്രദേശത്ത് ഇത് നന്നായിവളരുന്നു. നല്ലചൂടുള്ള കാലാവസ്ഥയിൽ വരണ്ടമണ്ണിൽ കല്ലിന്റെ കൂട്ടങ്ങളോട് പറ്റിച്ചേർന്നാണ് ഇത്‌വളർന്നു കാണുന്നത്. പശ്ചിമഘട്ടത്തിന്റെ ഗുജറാത്തുമായി ബന്ധപ്പെട്ടഭാഗങ്ങളിൽ ഇത് കാണപ്പെടുന്നുണ്ട്.

അരമീറ്ററോളം മാത്രം ഉയരംവെക്കുന്ന  ഒരു സസ്യമാണിത്. വെള്ളനിറത്തിലും ചുവപ്പുനിറത്തിലും നീലനിറത്തിലും പൂക്കളുണ്ടാകുന്നു. ഇലകൾ വട്ടത്തിലാണുണ്ടാവുക. ചില ഇലകൾക്ക് ദീർഘവൃത്താകൃതിയും കണ്ടുവരുന്നു. ഇലയുടെ അറ്റത്ത് വിസ്തൃതി കൂടും. ഇലകളുടെ മേൽഭാഗം നല്ല പച്ചനിറമാണെങ്കിലും അടിഭാഗം മിക്കപ്പോഴും ചുവപ്പു നിറമായിരിക്കും. ഇലകൾക്ക് 4-6 സെമീനീളവും 3-5 സെമീ വീതിയും കാണും. പൂക്കൾ അടിയിൽനിന്നുവരുന്ന കാണ്ഡതന്തുവിൽനിന്നും കുലകളായാണ് കാണപ്പെടുക. ഓരോപൂവിനും അഞ്ച് ഇതളുകൾ ഉണ്ടാകും.

ഔഷധഗുണങ്ങൾ

ആയുർവേദത്തിൽ ഇതിന്റെ വേരാണ് മൂത്രക്കല്ലിനെ പൊടിച്ചുകളയാൻ ഉപയോഗിക്കുന്നത്. ഇതിന്റെ  50 ഗ്രാംവേര് 400 മില്ലിവെള്ളത്തിൽ ചതച്ചിട്ട് കഷായമാക്കി അത് 100 മില്ലിയിലേക്ക് വറ്റിച്ച് അതിൽ 25 മില്ലി വീതം രാവിലെയും വൈകിട്ടും കഴിച്ചാൽ മൂത്രത്തിലെകല്ല് മാറിക്കിട്ടും. മാത്രമല്ല വിഷത്തെ ശമിപ്പിക്കാനും ശ്വാസകോശരോഗങ്ങൾക്കും നേത്രസംബന്ധിയായ രോഗങ്ങൾക്കും ഇത് ഫലപ്രദമായി പലരും ഉപയോഗിക്കുന്നു. വേരിൽ ടാനിക് അമ്ലം, ഗാലിക് അമ്ലം, മെഴുക്, ഗൂക്കോസ്, അഫ്‌സെലാക്ടിൻ, സാക്‌സിൻ, സിറ്റോസ്റ്റെറോൾ എന്നിവയടങ്ങിയിരിക്കുന്നു.

ഇതാണ് യഥാർഥ പാഷാണഭേദിയുടെ രൂപവും ഗുണങ്ങളും ഇത് നമ്മുടെ നാട്ടിൽ എത്തിച്ച് വളർത്തി  നന്നായി ഉപയോഗപ്പെടുത്താം.

പ്രമോദ്കുമാർ വി.സി.© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate