പശുനെയ്യിന്റെ മണം അടിച്ചാൽത്തന്നെ ബിരിയാണിയുടെ സ്വാദാണ് രസനയിൽ അനുഭവപ്പെടുക. എന്നാൽ വേവിച്ചു കഴിഞ്ഞാൽ പശുനെയ്യിന്റെ സ്വാദും മണവും നൽകുന്ന ഒരു മുളച്ചുപൊന്തിയെ കിട്ടിയാലോ. അതിന് ലോകം മൊത്തം ആരാധകരുണ്ടാകും എന്നുറപ്പ്. അതെ തുവയുടെ ഇനത്തിൽപ്പെട്ട നെയ്ക്കുൻപ്പയെന്ന മുളച്ചുപൊന്തി നമ്മുടെ കറിയിനത്തിൽ പ്രമുഖമായിരുന്നു. മുള്ളൻതുവ നെയ്ക്കുൻപ്പ, തഴുതാമ , പൊന്നാംകണ്ണി, ചെറൂള, കൊഴുപ്പ... എന്നിങ്ങനെയുള്ള നാടൻ മുളച്ചുപൊന്തികൾ അവയിൽ കൊടുത്തൂവയുടെ കുടുംബക്കാരനായ തുവയെ നെയ്ക്കുൻപ്പയെ പരിചയപ്പെടാം. നെയ്ക്കുൻപ്പ ഇല ചക്കക്കുരുവും പരിപ്പും ചേർത്ത് കറിവെച്ചാൽ രണ്ടിടങ്ങഴി ചോറ് അധികം അകത്താക്കാം.
കണ്ടാലും തൊട്ടാലും ഇതിന്റെ ഇലകൾക്ക് നല്ല മിനുപ്പുണ്ടാകും. ഇത് നിലത്തുനിന്ന് ഏറിയാൽ അര മീറ്റർ വരെ മാത്രം ഉയരം വെക്കുന്ന ശാഖകൾ ഇല്ലാത്ത കാണ്ഡത്തിൽ നിന്ന് നേരിട്ട് ഇലമുളയ്ക്കുന്ന ഇനമാണ്. എന്നാൽ ചിലയിനങ്ങൾക്ക് ശാഖകളും കണ്ടുവരുന്നു. തല പൊട്ടിച്ചാൽ എല്ലാത്തിനും ശാഖകൾ വരും. ഇവയുടെ ഇലകൾ കറിവേപ്പിലയെപ്പോലെയുള്ള ആകൃതിയിലാണ് എന്നാൽ എന്നാൽ അത്രതന്നെ വലിപ്പവും കട്ടിയും കാണില്ല. ഇളം പച്ചനിറവും കടുംപച്ചനിറവും കാണപ്പെടുന്ന ഇലകളിൽ നിറഞ്ഞിരിക്കുന്ന എണ്ണയുടെ സാന്നിധ്യം കാരണം നല്ല മിനുമിനുപ്പും ഉണ്ടാകും. മഴക്കാലത്ത് വഴിവക്കിലും പറമ്പുകളിലും ധാരാളമായി ഇവയുടെ ചെടികൾ മുളച്ചു പൊന്തുന്നു.
അട്രീസിയെ കുടുംബത്തിലെ ട്രാഗിയ പരിറ്റാരിയ ജുഡൈക്കയിൽപ്പെട്ടതുതന്നെയാണ് നെയ്ക്കുൻപ്പയും കേരളത്തിലുടനീളം മഴക്കാലത്ത് നൈസർഗികമായി മുളച്ച് വളരുന്നു. ഇതിന്റെ തളിരിലകൾ കറിവെക്കാനും ഉപ്പേരിയുണ്ടാക്കാനും ആണ് നാം ഉപയോഗിച്ചുവരുന്നത്.
ഒരുചെടിയിൽത്തന്നെ ഇലയുടെ ഞെട്ടിനോടും് തണ്ടിനോടും ചേർന്ന് കൂട്ടമായി ആൺപൂക്കളും പെൺപൂക്കളും ഉണ്ടാകുന്നു. ചെറിയ പീതവർണത്തിലുണ്ടാകുന്ന പൂക്കളിൽ നിന്ന് കായകൾ ഉണ്ടാകുകയും അവയിലുണ്ടാകുന്ന അണ്ഡാകൃതിയിലുള്ള വിത്തുകൾ മണ്ണിൽ നിക്ഷേപിക്കപ്പെട്ട് മഴക്കാലങ്ങളിൽ മുളയ്ക്കുകയുമാണ് ചെയ്തുവരുന്നത്.
ആയുർവേദത്തിൽ മൂലക്കുരുവിനുള്ള ഉത്തമ ഔഷധമായാണ് നെയ്ക്കുൻപ്പ ഗണിച്ചുവരുന്നത് ഇതേ വർഗത്തിൽപ്പെടുന്ന കൊടുത്തുവകൊണ്ടുണ്ടാക്കുന്ന ദുരുലഭാരിഷ്ടം അർശ്ശസിന് നല്ല മരുന്നാണ്. തലചുറ്റലിനും പനിക്കും പ്രമേഹത്തിന്റെ നിയന്ത്രണത്തിനും നെയ്ക്കുൻപ്പ ഭക്ഷണമാക്കുന്നത് നല്ലതാണ്. ശ്വാസകോശരോഗങ്ങൾക്കും മലബന്ധം അകറ്റാനും ഇത് ഉപയോഗിച്ചുവരുന്നു.
നമ്മുടെ പറമ്പിലും വഴിയോരങ്ങളിലും മുളച്ചുപൊന്തി വളരുന്ന നെയ്ക്കുൻപ്പയെ പഴമക്കാർ കറിയായും ഉപ്പേരിയായും അകത്താക്കിയതിന്റെ രഹസ്യം ഇതാണ്. നമുക്കും ഇത് പ്രാവർത്തികമാക്കാം.
പ്രമോദ്കുമാർ വി.സി.