অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പയർച്ചെടികളെ സംരക്ഷിക്കാനുള്ള പൊടിക്കൈകൾ

പയർച്ചെടികളെ സംരക്ഷിക്കാനുള്ള പൊടിക്കൈകൾ

കടും പച്ചനിറത്തിൽ നല്ല നീളമുള്ള കുരുത്തോലപ്പയർ ചെടികളിൽ കായ്ച്ചു നിൽക്കുന്നത് കാണാൻ തന്നെ മനസ്സിനൊരു കുളിർമ്മയാണ്. തോരനും മെഴുക്കുപുരട്ടിയുമായി അത് ഊണിനു മുന്നിൽകിട്ടിയാലോ നല്ലമാംസളമായ രുചിയുള്ള പയറുപ്പേരി മാത്രം മതി ചോറുണ്ണാൻ. എന്നാൽ, രാസവളം ചേർക്കാത്ത, രാസകീടനാശിനികൾ തളിക്കാത്ത നാടൻ പയർ കിട്ടാത്തതാണ് പയറിേനാടുള്ള നമ്മുടെ പ്രതിപത്തി കുറയ്ക്കുന്നത്. എന്നാൽ, നമ്മുടെ വീടുകളിൽത്തന്നെ എത്ര കുറഞ്ഞസ്ഥലമായാലും വലിയ ചട്ടികളിലോ പഴയ സിമന്റ് ചാക്കുകളിലോ ഒരു പത്ത് പയർവിത്തുകൾ നട്ട് നന്നായി പരിചരിച്ച് വളർത്തിയെടുത്താൽ ആഴ്ചയിൽ കുറഞ്ഞത് മൂന്നുദിവസങ്ങളിലെങ്കിലും പയറുപ്പേരികൂട്ടാം.
മണ്ണൊരുക്കാം
ചട്ടിയിലോ ബാഗിലോ ചിക്കിലോ നിറയ്ക്കാനുള്ള മണ്ണൊരുക്കലാണ് ആദ്യപടി. മണ്ണ്കിട്ടാൻ പാടുള്ള ഫ്‌ളാറ്റുകളിൽ ചകിരിച്ചോറിന്റെ കട്ടവാങ്ങിപുതർത്തി ബാഗിൽ നിറച്ചാലും മതി. മണ്ണുകിട്ടുന്നയിടങ്ങളിൽ മണ്ണ്, മണൽ, ചാണകപ്പൊടി(കോഴിവളം), എന്നിവ 3:3:1: എന്ന അനുപാതത്തിൽ കൂട്ടിക്കലർത്തി ബാഗിന്റെയും ചട്ടിയുടെയും അരഭാഗത്തോളം നിറയ്ക്കുക.  ചാണകം ലഭിക്കാൻ പ്രയാസമുള്ളയിടങ്ങളിൽ  കടലപ്പിണ്ണാക്കും വേപ്പിൻപിണ്ണാക്കും വാങ്ങി പുതർത്തിപുളിപ്പിച്ച് ചകിരിച്ചോറിന്റെ കൂട്ടത്തിൽ കൂട്ടി നടീൽമിശ്രിതം തയ്യാറാക്കാം.
വിപണിയിൽ കിട്ടുന്ന വിത്തുകൾ ചട്ടിയിൽ നടാൻ ഉപയോഗിക്കാം. വിത്ത് നടുന്നതിന് മുൻപ് കടയിൽനിന്ന് വാങ്ങുന്ന സ്യൂഡോമോണസ് പുരട്ടി തണലത്തുണക്കിയെടുക്കാം. റൈസോബിയം എന്നജീവാണുവളവും പോട്ടിങ്് മിശ്രിതത്തിൽ ചേർത്തുകൊടുക്കാം. വിത്ത് നട്ടബാഗ്, ചാക്ക,് ചട്ടി എന്നിവ സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വെക്കണം. വിത്ത് നട്ട് രണ്ടാംനാൾ മുളച്ചുപൊന്തും. ആഴ്ചയിലൊരിക്കൽ കടലപ്പിണ്ണാക്ക് പുതർത്തി നേർപ്പിച്ച് ഒഴിച്ചുകൊടുക്കാം. മാസത്തിലൊരിക്കൽ 50 ഗ്രാം മലേഷ്യൻ സാൾട്ട്(പൊട്ടാഷ്) ഒരു ചെടിക്ക് നൽകാം.
തല നുള്ളിക്കൊടുക്കണം
പയർത്തൈ വലുതായി വരുമ്പോൾ കമ്പോ കയറോ കെട്ടി വീടിന്റെ ഇറയത്തേക്കോ ജനൽക്കമ്പിയിലേക്കോ പടർത്തിവിടാം. നമ്മുടെ നെഞ്ചിന്റെ ഉയരത്തിൽ വള്ളിയെത്തിക്കഴിഞ്ഞാൽ അതിന്റെ തല നുള്ളിക്കളയണം. ചെടി ഉണങ്ങിപ്പോകുമോയെന്ന് വിചാരിച്ച് അതിന് മിക്കവരും മടികാണിക്കും. എന്നാൽ തലപ്പ് ഒരുതവണ നുള്ളിക്കഴിഞ്ഞാൽ അതിന്റെ മ്്റ്റ് എല്ലാ മുട്ടിൽനിന്നും പുതുവള്ളികൾ പൊട്ടുകയും അതിലെല്ലാം കായകൾ ഉണ്ടാവുകയും ചെയ്യും.
വേപ്പെണ്ണയും കഞ്ഞിവെള്ളവും
പയറിന്റെ മുഞ്ഞ, വെള്ളീച്ച, ചാഴി എന്നിവയെ പ്രതിരോധിക്കാൻ വേപ്പെണ്ണ എമൽഷൻ ആണ് ഉത്തമം. കീടങ്ങൾ വരുന്നതിന് മുൻപ് തന്നെ ഇത് തളിക്കാൻ തുടങ്ങണം. പയർച്ചെടിയുടെ നിരൂറ്റിക്കുടിക്കുന്ന മുഞ്ഞയെ പ്രതിരോധിക്കാൻ കഞ്ഞിവെള്ളം നന്നായി സ്‌പ്രേ ചെയ്തുകൊടുത്താൽ മതി. കീടങ്ങളെ പ്രതിരോധിക്കാൻ ബ്യുവേറിയ ബാസിയാന എന്ന മിത്രകുമിളും പുകയില, വെളുത്തുള്ളി കഷായങ്ങളും ഫലപ്രദമാണ്.
എല്ലാദിവസവും ചെടിയെ നിരീക്ഷിക്കുകയെന്നതാണ് പ്രധാനം ദിവസവും 10 മിനിറ്റ് നേരമെങ്കിലും ചെടികൾക്കരികിൽ ചെലവഴിക്കാൻ മനസ്സുണ്ടാകണം. വണ്ടുകൾ ചെറിയ പുഴുക്കൾ എന്നിവയെ കീടനാശകങ്ങളുടെ സഹായമില്ലാതെത്തന്നെ കൈകൊണ്ട് പിടിച്ച് നശിപ്പിക്കാം.
വളം ചെയ്യണം
വിളവെടുപ്പ് തുടങ്ങിക്കഴിഞ്ഞാൽപ്പിന്നെ വളം ചെയ്യാത്തതാണ് പച്ചക്കറികൾ ശോഷിക്കാനും ഉണങ്ങാനും കാരണം. ഓരോമാസവും രണ്ടുപ്രാവശ്യം എന്ന തോതിൽ കടപ്പിണ്ണാക്കോ, കംപോസ്‌റ്റോ, ചാണപ്പൊടിയോ, ജൈവവളമോ നൽകണം. കൂട്ടത്തിൽ മാസത്തിലൊരിക്കൽ 50ഗ്രാം പൊട്ടാഷും മുരട്ടിൽ നിന്ന് വിട്ട് ചട്ടിയിൽ വിതറിക്കൊടുക്കണം.


പ്രമോദ്കുമാർ വി.സി.

അവസാനം പരിഷ്കരിച്ചത് : 7/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate