ഗുണങ്ങൾ
സമയമോ മറ്റു വിഭവങ്ങളോ പ്രത്യേകമായി നീക്കിവെക്കാതെ നടത്താവുന്ന ടെറസ് കൃഷി ഭക്ഷ്യസുരക്ഷ, സാമ്പത്തികലാഭം എന്നിവയ്ക്കു പുറമേ ആരോഗ്യത്തിനും മാനസികോല്ലാസത്തിനും ഉപകരിക്കുന്നു. ഒപ്പം മികച്ച ഒരു ഗൃഹാലങ്കാരമാർഗ്ഗം കൂടിയാണു് ശ്രദ്ധയോടെയുള്ള 'മേൽക്കൂരകൃഷി'. വീടിനു ചുറ്റും നിലനിർത്താവുന്ന ഭേദപ്പെട്ട കാലാവസ്ഥ, ദൃശ്യഭംഗി എന്നിവ കുടുംബത്തിനു മൊത്തമായി ഗുണകരമാണു്. സൂര്യപ്രകാശം, ജലം, ജൈവാവശിഷ്ടങ്ങൾ എന്നിവയുടെ മികച്ച ഉപഭോഗരീതികൾക്കും നല്ലൊരു ഉദാഹരണമാണു് ടെറസ് കൃഷി. ടെറസ്സ് കൃഷിയിൽ പങ്കെടുത്തുകൊണ്ട് ഹരിതഗൃഹവാതകങ്ങളുടെ ഉല്പാദനവും വ്യാപനവും ചുരുക്കുക എന്ന ആഗോളലക്ഷ്യത്തിനെക്കൂടി ഒരാൾക്കു് സ്വാംശീകരിക്കാൻകഴിയും.
അനുയോജ്യമായ കാലം
തുടർച്ചയായ മഴയുള്ള സമയം ടെറസ്സ് കൃഷിയ്ക്കു് അനുയോജ്യമല്ല. വെള്ളം നിറഞ്ഞ് വഴുതുന്ന സിമന്റ്മേൽക്കൂര അപകടങ്ങൾക്കു സാദ്ധ്യതയുണ്ടാക്കാം. കൂടാതെ, ശക്തമായ മഴയിൽ മണ്ണിലെ ലവണാംശങ്ങൾ നഷ്ടപ്പെട്ടു് വളക്കൂറ് കുറഞ്ഞുപോകാം. ശക്തമായ മഴക്കാലം അവസാനിച്ച് ടെറസ്സ് മെല്ലെ ഉണങ്ങിവരുന്ന ആഴ്ച്ചകളാണു് കൃഷി തുടങ്ങാൻ ഏറ്റവും നല്ലതു്. കേരളത്തിനെ സംബന്ധിച്ച്, ഓണക്കാലം കഴിഞ്ഞ് (സെപ്റ്റംബർ മദ്ധ്യത്തിൽ)കൃഷി തുടങ്ങിയാൽ അതിനുശേഷം ഇടക്കിടെ പെയ്യുന്ന മഴയും തുടർന്നു വരുന്ന തുലാവർഷവും കൃഷിക്ക് നല്ലതാണ്. മേയ് അവസാനം കാലവർഷം ആരംഭിക്കുന്നതിന് അല്പദിവസം മുൻപ് കൃഷി അവസാനിപ്പിച്ച് ടെറസ്സ് വൃത്തിയാക്കാം. ഉപയോഗിച്ച മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് പോളിത്തീൻ ഷീറ്റ് കൊണ്ട് മഴനനയാതെ മൂടിയാൽ അടുത്ത കൃഷിക്ക് അതേമണ്ണ് ഇളക്കിയെടുത്ത് ഉപയോഗിക്കാം.
അവസാനം പരിഷ്കരിച്ചത് : 2/15/2020