Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / കാര്‍ഷിക വിവരങ്ങള്‍ / കേരളത്തിന്‍റെ സ്വന്തം കാച്ചില്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കേരളത്തിന്‍റെ സ്വന്തം കാച്ചില്‍

കൂടുതല്‍ വിവരങ്ങള്‍

കാച്ചില്‍ പലവിധം

കാച്ചിലുകളുടെ ലോകം വലുതാണ്. ഇഞ്ചിക്കാച്ചില്‍, വാഴക്കാച്ചില്‍, ഉള്‍ഭാഗത്ത് കടുംനീലനിറമുള്ള നീലക്കാച്ചില്‍, നേരിയ നീലയും വെള്ളയും നിറം കലര്‍ന്ന കാച്ചില്‍, എത്ര ഉയരമുള്ള കയ്യാലപ്പുറത്ത് നട്ടിരുന്നാലും കയ്യാലയുടെ അടിഭാഗത്ത് മണ്ണിളക്കം തീരുന്നതുവരെ ആഴത്തില്‍ വളര്‍ന്നിറങ്ങുന്ന നിരവധിയിനം മാട്ടുകാച്ചിലുകള്‍, ഒട്ടും നാരില്ലാത്ത തുമ്പപ്പൂവിനേക്കാള്‍ വെള്ളനിറമുള്ള, വെന്തുകഴിയുമ്പോള്‍ ചുണ്ണാമ്പുപോലെ പൊടിയുന്ന കാച്ചിലുകള്‍ എന്നിവയെല്ലാം കാച്ചില്‍ കൃഷിപ്രേമികളുടെ ഇഷ്ട ഇനങ്ങളാണ്. കല്ലും പാറയും ഒഴിച്ച് എവിടെ നട്ടാലും എത്ര കടുപ്പമേറിയ മണ്ണിലും ആഴ്ന്നിറങ്ങുന്ന കൂന്താലിക്കാച്ചില്‍, അടിഭാഗത്തിന് കടുവാകൈയോട് സാദൃശ്യമുള്ള കടുവാക്കൈയന്‍ കാച്ചില്‍, അകത്തുനാരുകൂടുതലുള്ള നാരന്‍ കാച്ചില്‍, ഉള്‍ഭാഗത്ത് വയലറ്റ് നിറമുള്ള കാച്ചില്‍, റോസ് നിറമുള്ള കാച്ചില്‍, കടും ചുവപ്പ് നിറമുള്ള കാച്ചില്‍, ആനമുണ്ടന്‍ കാച്ചില്‍, ഒരു ക്വിന്റലില്‍ കൂടുതല്‍ വിളവു ലഭിച്ചിട്ടുള്ള മലതാങ്ങികാച്ചില്‍, മൂന്ന് ക്വിന്റലില്‍ കൂടുതല്‍ വിളവു കിട്ടിയിട്ടുണ്ടെന്ന് ചിലരൊക്കെ അവകാശപ്പെടുന്ന തൂണന്‍ കാച്ചില്‍, മണ്ണിനടിയിലേക്ക് ആഴ്ന്നിറങ്ങാതെ ഭൂമിക്ക് സമാന്തരമായും ചിലപ്പോള്‍ മണ്ണിന് മുകളിലേക്കും വളരുന്ന മുറം ചാരിക്കാച്ചില്‍ എന്നിങ്ങനെ നീളുന്നു കാച്ചിലിനങ്ങളുടെ ലിസ്റ്റ്. അങ്ങനെ എത്രമാത്രം എഴുതിയാലും പറഞ്ഞാലും തീരാത്തത്ര സ്വഭാവസവിശേഷതകളോടുകൂടിയ നൂറുകണക്കിന് കാച്ചില്‍ ഇനങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തിലുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇവയില്‍ ഭൂരിഭാഗവും അന്യംവ ന്നു കഴിഞ്ഞു. നഷ്ടപ്പെട്ടതു ന ഷ്ടപ്പെട്ടു. പക്ഷെ അവശേഷിക്കുന്നവയെ സംരക്ഷിക്കാനും താ ത്പര്യമുള്ള കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുമുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്.

കൃഷിരീതികള്‍

തനി വിളയായി കാച്ചില്‍ കൃഷിചെയ്യാറില്ല. ചേന, വാഴ എന്നിവയുടെ ഇടവിളയാണ് കാച്ചില്‍. ആവശ്യമുള്ള ആഴത്തില്‍ കുഴിയെടുത്ത്, വളക്കൂറുള്ള മേല്‍മണ്ണ് കുഴിയിലേക്കിട്ട്, മൂന്നൂറ് ഗ്രാമുള്ള വിത്തുകാച്ചില്‍ നടാം. മുകളില്‍ ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ, കമ്പോസ്റ്റ്, ആട്ടിന്‍ കാഷ്ഠം, പന്നിക്കാഷ്ഠം എന്നിവയിലേതെങ്കിലുമൊന്നോ ഇടണം. ഇതിനു മുകളില്‍ മണ്ണു വിതറിയശേഷം കരിയില കൊണ്ട് പുതയിടണം. നടീലിന്റെ ആദ്യഘട്ടത്തില്‍ കോഴിവളമിട്ടാല്‍ നട്ടകാച്ചില്‍ ഒന്നാകെ നീറിപ്പോകും.

നല്ല മഴ ലഭിക്കുന്നതോടുകൂടി കാച്ചില്‍ കിളിര്‍ക്കും. ഈ സമയം കമ്പുനാട്ടി, ഇതില്‍ കയറുകെട്ടി, കാച്ചില്‍ വള്ളി മുകളിലേക്കു കയറ്റണം. വള്ളി വീശുന്ന സമയത്തു തന്നെ പടര്‍ത്തിയില്ലെങ്കില്‍ ലഭിക്കുന്ന വിളവു മോശമാകും. മണ്ണില്‍ നടാന്‍ സൗകര്യമില്ലാത്തവര്‍ക്ക് വലിയ പ്ലാസ്റ്റിക് ചാക്കുകളില്‍ നടാം. വളക്കൂറുള്ള മേല്‍മണ്ണും ഒപ്പം ജൈവവളങ്ങളും ചേര്‍ത്തു വേണം ചാക്കില്‍ കാച്ചില്‍ നടാന്‍. സാമാന്യം സൂര്യപ്രകാശം കിട്ടുന്ന ഭാഗത്തുവേണം ചാക്കു വയ്ക്കാന്‍. ചാക്ക് മറിഞ്ഞുപോകാതിരിക്കാന്‍ മരച്ചുവട്ടിലോ കയ്യാലയിലോ സ്ഥാപിക്കാം.

ഏപ്രില്‍ ആദ്യവാരമോ അതിനു മുമ്പോ കാച്ചില്‍ നടുന്നതാണുത്തമം. മേയ് മാസത്തിനപ്പുറം പോകരുത്. അജ്ഞതകൊണ്ടാണോ എന്നറിയില്ല, പലരും ജൂണ്‍- ജൂലൈ മാസങ്ങളിലാണ് കാച്ചില്‍ നടാറുള്ളത്. ഇങ്ങനെ തോന്നുന്ന സമയത്ത് നടുന്നവര്‍ക്ക് നട്ടതിനേക്കാള്‍ കൂടുതലൊന്നും പറിച്ചെടുക്കാന്‍ കിട്ടാറേയില്ല.

യഥാസമയം കൃഷിയിറക്കുക, കിളിര്‍ത്തുവരുന്ന വള്ളികള്‍ ശരിയായി പടര്‍ത്തിവിടുക, ചുവട്ടിലുള്ള കളകള്‍ വല്ലപ്പോഴുമൊക്കെ നീക്കം ചെയ്യുക, പാഴ്‌വള്ളികള്‍ ചുറ്റിക്കയറിയാല്‍ ഉടന്‍ നീക്കം ചെയ്യുക എന്നിവയൊക്കെയാണ് കാച്ചിലിനു പഥ്യം. ചാക്കിലോ മണ്ണിലോ എവിടെയായാലും ചെറിയ തോതിലുള്ള ജൈവവളപ്രയോഗം നടത്തി മികച്ച വിളവ് ഉറപ്പാക്കാം. നല്ല മഴയത്ത് നേരിയ തോതില്‍ കോഴിക്കാഷ്ഠവും പ്രയോഗിക്കാം. ചാക്കില്‍ നടുന്നവര്‍ക്ക് പതിനഞ്ച്- ഇരുപത് കിലോ വരെ വിളവു കിട്ടും. വിളവെടുപ്പും എളുപ്പമാണ്.

വലിപ്പമുള്ള കാച്ചില്‍ ലഭിക്കാന്‍

ക്വിന്റല്‍ തൂക്കം ലഭിക്കുന്ന വമ്പന്‍ കാച്ചിലുകള്‍ ഉത്പാദിപ്പിയ്ക്കണമെങ്കില്‍ കഠിനാധ്വാനവും അതീവശ്രദ്ധയും വളപ്രയോഗവും ആവശ്യമാണ്. നല്ല ആഴവും വിസ്താരവുമുള്ള കുഴിആവശ്യമാണ്. കാച്ചിലിന് പടരാനുള്ള അവസരമൊരുക്കണം. വിത്തുകാച്ചില്‍ വലിപ്പമുള്ളതായിരിക്കണം. ഭീമന്‍ കാച്ചിലുകള്‍ ഉത്പാദിപ്പിച്ചാല്‍ വിളവെടുപ്പ് ബുദ്ധിമുട്ടാണ്. ഏറെ അധ്വാനവും വളരെ ശ്രദ്ധയും വേണ്ടിവരും. ഇല്ലെങ്കില്‍ കാച്ചില്‍ മുറിഞ്ഞു പോകും. ഇത്രയൊക്കെ കഷ്ടപ്പെട്ട് ഉത്പാദിപ്പിക്കുന്ന കാച്ചില്‍, കാര്‍ഷിക മേളകളില്‍ പ്രദര്‍ശിപ്പിക്കാമെന്നല്ലാതെ മറ്റു പ്രയോജനങ്ങളൊന്നുമില്ല. ഭീമന്‍ കാച്ചിലുകളുടെ വില്‍പ്പന അത്ര എളുപ്പമല്ലെന്നു സാരം. വലിപ്പമേറിയവ വാങ്ങാന്‍ വ്യാപാരികള്‍ ഇഷ്ടപ്പെടില്ല. മുറിച്ച് കഷണങ്ങളാക്കി തുടര്‍കൃഷിക്ക് ഉപയോഗിക്കുകയോ, താത്പര്യം തോന്നിവരുന്ന കര്‍ഷകര്‍ക്ക് ചില്ലറ വില്‍പ്പന നടത്തുകയോ വേണ്ടിവരും. ഫലത്തില്‍ സാധാരണ കൃഷിക്കാരനെ സംബന്ധിച്ചടി ത്തോളം ഇതു വലിയ നഷ്ടക്കൃഷിയായി മാറും.

വിലക്കുറവെങ്കില്‍ വിളവെടുക്കേണ്ട

കാച്ചില്‍ വിളവെടുക്കുന്ന സമയം വിലക്കുറവാണങ്കില്‍ ആ വര്‍ഷം വിളവെടുക്കാതിടുക. പുതുമഴയില്‍ പൂര്‍വാധികം കരുത്തോടെ കാച്ചില്‍ കിളിര്‍ത്തു വരും. കൂടിയ വിളവു കിട്ടുകയും ചെയ്യും. ഇങ്ങനെ രണ്ടോ മൂന്നോ വര്‍ഷം മണ്ണില്‍ കിടന്നാലും കാച്ചിലിന് യാതൊരു കുഴപ്പവും സംഭവിക്കില്ല. നന്നായി വെന്തുകിട്ടും. രുചിയോടെ ഭക്ഷിക്കുകയും ചെയ്യാം. നടീലിനും ഉപയോഗിക്കാം.

ആഫ്രിക്കന്‍ കാച്ചില്‍

ഇപ്പോള്‍ പ്രചാരത്തിലുള്ള നാടന്‍ കാച്ചിലുകള്‍ക്കു പുറമേ ഏതാനും പുതിയ ഇനം കാച്ചിലുകള്‍ കൂടി വളരെ ചുരുക്കം ആളുകള്‍ കൃഷിചെയ്യുന്നുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആഫ്രിക്കന്‍ കാച്ചിലാണ്. വളരെ ചുരുക്കം ചിലര്‍ക്കു കനത്ത വിളവ്, അതും ഒരു ക്വിന്റലിന് മുകളില്‍ ലഭിച്ചിട്ടുണ്ടെങ്കിലും പലയിടത്തും രോഗബാധ മൂലം ഇല ദ്രവിച്ച് അകാലത്തില്‍ ചെടി നശിച്ചു പോകുന്നതായും കാണുന്നുണ്ട്. ഇങ്ങനെ തണ്ടു ദ്രവിച്ചു പോകുന്ന ചെടികളില്‍ നിന്ന് ഉത്പാദനം വളരെ കുറവുമായിരിക്കും. ഈ ഒറ്റക്കാരണം കൊണ്ടുതന്നെ ഈയിനം കൃഷിചെയ്യാന്‍ കാച്ചില്‍ കര്‍ഷകര്‍ക്ക് പൊതുവേ താത്പര്യമില്ല.

കുറ്റിക്കാച്ചില്‍- 1

പരമാവധി രണ്ട്- രണ്ടര അടിക്കുമേല്‍ വളരാറില്ല. ഒന്നര കിലോ ഗ്രാം വരെ വിളവ്. കാഴ്ചയ്ക്ക് വളരെ ഭംഗിയുള്ളവയാണിത്. അലങ്കാരച്ചെടി പോലെ എവിടെയും വച്ചുപിടിപ്പിക്കാം.

കുറ്റിക്കാച്ചില്‍- 2

ചെറിയ സപ്പോര്‍ട്ട് കിട്ടിയാല്‍ ഏഴ്- എട്ട് അടി ഉയരത്തില്‍ വരെയൊക്കെ വളരും. താങ്ങുകാല്‍ ചെറുതാണങ്കില്‍ അതനുസരിച്ചു മാത്രമേ വളരാറുള്ളൂ. ഇതിനു പരമാവധി ഒരു കിലോ വരെ വിളവു കിട്ടും.

മേല്‍പ്പറഞ്ഞ രണ്ടിനം കുറ്റിക്കാച്ചിലുകളുടെയും ഇല ആഫ്രിക്കന്‍ കാച്ചിലിന്റെ ഇലയ്ക്കു സമാനമാണ്. കൂടാതെ ആഫ്രിക്കന്‍ കാച്ചിലിനെ ബാധിക്കുന്ന രോഗങ്ങള്‍ ഇവയേയും ബാധിക്കും. രണ്ടിനും കോഴിവളം ചേര്‍ക്കാതിരിക്കുന്നതാണ് നല്ലത്.

വിത്തുകാച്ചില്‍ സംഭരണം

പുതുതായി കാച്ചില്‍ കൃഷി ചെയ്യാനിറങ്ങുന്നവരെ ഒരു മനഃസാക്ഷിയുമില്ലാതെ ചില വിത്തുകാച്ചില്‍ വില്‍പ്പനക്കാര്‍ കെണിയില്‍പ്പെടുത്താറുണ്ട്. മാര്‍ക്കറ്റ് വിലയേക്കാള്‍ അമ്പതും നൂറും ഇരട്ടി വിലയ്ക്ക് വില്‍പ്പന നടത്തുന്ന സംഭവങ്ങള്‍ ഈയടുത്തകാലത്തായി വര്‍ധിക്കുന്നുണ്ട്. ഇത്തരക്കാരുടെ ചൂഷണ ത്തേ ക്കുറിച്ച് കര്‍ഷകര്‍ ജാഗരൂകരായിരിക്കണം. വിത്തുകാച്ചിലിന് പ്രത്യേക മാനദണ്ഡങ്ങളൊന്നുമില്ല. വളര്‍ച്ചയെത്തിയതും രോഗകീടബാധകളൊന്നുമില്ലാത്തതുമായ ഏതൊരു കാച്ചിലും വിത്തിനെടുക്കാം. ഭക്ഷ്യാവശ്യത്തിനായി വില്‍ക്കുന്നതും വിത്തിനു ത്തമമാണ്.

ജോസ് മാധവത്ത് 
ഫോണ്‍: 96450 33622.

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top