കേരളം പഴമയിലേക്ക് തിരിച്ചുവരികയാണ്. മധുരമൂറുന്ന നാടന്‍പഴങ്ങളുടെ പേരില്‍ കേരളം പണ്ടേ പ്രശസ്തമാണ്. എണ്ണിയാല്‍ തീരാത്ത വിധം പഴങ്ങളാണ് കേരള മണ്ണിന് ചാരുത പകരുന്നത്. മാമ്പഴവും ചക്കപ്പഴവും, വാഴപ്പഴവും വീട്ടുവളപ്പില്‍ എന്നും സുലഭമാണ്. ആര്‍ക്കും എപ്പോഴും കിട്ടുന്നതാണ് ഈ പഴങ്ങള്‍. എന്നു മാത്രമല്ല, വൈറ്റമിനുകളുടെ കലവറ കൂടിയാണ് ഇവയൊക്കെ. രോഗപ്രതിരോധ ശേഷി നല്കുന്ന ഔഷധഗുണവും ഈ പഴങ്ങളില്‍ മിക്കതിനുമുണ്ടുതാനും. വര്‍ഷം മുഴുവന്‍ തന്നെ കേരളത്തിലെ ഓരോ വീട്ടുവളപ്പിലും ഈ പഴങ്ങള്‍ ഉണ്ടായിരുന്ന കാലം വിദൂരമല്ല. ഇന്ന് അതൊക്കെ ഓര്‍മയായെന്നു പറയാമെങ്കിലും പ്രതീക്ഷയ്ക്കു വക നല്കുന്ന തരത്തില്‍ ഇന്നും വീട്ടുവളപ്പുകളില്‍ ഈ പഴങ്ങളുണ്ട്. ചാമ്പ, ആത്ത, പേര, ആഞ്ഞിലി, ഞാവല്‍ എന്നിവ ഇന്നും സുലഭമാണ്. ഇത് ഗ്രാമീണ വിശുദ്ധിയുടെയും നാവില്‍ വെള്ളമുറൂന്ന സുഗന്ധങ്ങളുടെയും പഴങ്ങള്‍ കൂടിയാണ്. ഇതിന്‍റെ മണവും രുചിയും പഴയ തലമുറയ്ക്ക് വിസ്മരിക്കാന്‍ സാധിക്കില്ല.
കൃഷിവകുപ്പിന്‍റെയും സര്‍ക്കാരിതര സംഘടനകളുടെയും നിരന്തര പരിശ്രമത്തിലൂടെ പച്ചക്കറി ഉല്പാദനത്തില്‍ ഒരു പരിധിവരെ സ്വയം പര്യാപ്തത കൈവരിക്കാന്‍ സാധിച്ചു. എന്നാല്‍ പഴങ്ങളുടെ കാര്യത്തില്‍ അതിനു സാധിച്ചിട്ടില്ല. ഇന്ത്യയിലെ പച്ചക്കറി കൃഷി ഉല്പാദനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് നന്നേ കുറവാണ്. അതേ സമയം ആരോഗ്യ പരിരക്ഷയില്‍ പഴവര്‍ഗങ്ങളുടെ സ്ഥാനം ഏറെ മുമ്പിലാണ്. രാസകീടനാശിനിയുടെ സ്പര്‍ശമേല്‍ക്കാത്ത പഴങ്ങള്‍ ലഭിക്കുക ഇന്ന് വിഷമമാണ്. എന്നാല്‍ ചക്കയും മാങ്ങയും ഉള്‍പ്പെടെ വീട്ടുവളപ്പില്‍ വിളയുന്ന ഒന്നിലും ഈ രാസവള-കീടനാശിനി സ്പര്‍ശമില്ലെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കും.
നിലവിലുള്ള വ്യവസ്ഥിതിയില്‍ ഇത് സാധ്യമല്ലെങ്കില്‍ പോലും ചക്ക ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങള്‍ വ്യാപകമായി കയറ്റുമതി ചെയ്യുകയും വ്യാവസായിക ഉപയോഗത്തിലേക്ക് വഴി മാറുകയുമുണ്ടായി. തൊടിയിലെ ചക്കയും മാങ്ങയും ഉപയോഗിക്കാന്‍ മലയാളിക്ക് മടിയാണ്. എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നു ലഭിക്കുന്ന ചക്കയും മാങ്ങയും അതിന്‍റെ ഉപ ഉല്പങ്ങളും യഥേഷ്ടം ഉപയോഗിക്കുകയും ചെയ്യും. നമ്മുടെ വീട്ടുമുറ്റത്തുണ്ടായ ചക്കയെയും മാങ്ങയെയും ഭക്ഷ്യോല്പമാക്കി മാറ്റി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. നാടന്‍ പഴങ്ങള്‍ ധാരാളമുണ്ടെങ്കിലും അയല്‍നാടുകളിലെ പഴങ്ങളെ വന്‍ വിലകൊടുത്ത് വാങ്ങി ഉപയോഗിക്കുകയാണ് നാം. വിരുന്നുകാരായെത്തി, വീട്ടുകാരായി മാറിയ ഉഷ്ണമേഖല പഴങ്ങള്‍ കേരളത്തില്‍ വ്യാവസായിക മായി കൃഷി ചെയ്യാനാവുമെന്ന് നമ്മുടെ കര്‍ഷകര്‍ തെളിയിച്ചിട്ടുണ്ട്.
തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഇന്‍ഡോ-മലയ ഇക്കോളജിക്കല്‍ സോണിന്‍റെ സിരാകേന്ദ്രമായി അറിയപ്പെടുന്ന ബോര്‍ണിയോയിലാണ് റംബുട്ടാന്‍, പുലാസാന്‍, മാങ്കോസ്റ്റിന്‍, ദുരിയാന്‍, ചെമ്പടാക്ക്, സലാക്ക് തുടങ്ങി ഏതാണ്ട് എല്ലാ ഉഷ്ണമേഖല പഴങ്ങളും ജډം കൊണ്ടത്. മലേഷ്യ, തായ്ലാന്‍റ്, ഇന്തൊനേഷ്യ, ഫിലിപ്പൈന്‍സ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഇത്തരം പഴങ്ങളുടെ കൃഷി വളര്‍ന്നപ്പോള്‍ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും എന്തുകൊണ്ടും ഈ രാജ്യങ്ങളെക്കാള്‍ മെച്ചമായ കേരളത്തിന് വിദേശയിനം പഴങ്ങളുടെ കൃഷിയില്‍ ലഭിക്കാമായിരുന്ന മേല്‍ക്കോയ്മ നഷ്ടപ്പെടുകയായിരുന്നു.
പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ കേരളത്തിലെ മഴക്കാടുകളിലാണ് പ്ലാവിന്‍റെയും നാട്ടുമാവിന്‍റെയുമൊക്കെ ജനിതക വൈവിധ്യം ധാരാളമായി കാണുന്നതെങ്കിലും ഇവയുടെ ഒരു മികച്ച ഇനം നിര്‍ധാരണം വഴി നമുക്ക് ഉരുത്തിരിച്ചെടുക്കാനോ അവയുടെ വ്യാവസായിക തലത്തിലെ ഉല്പാദനത്തിനോ കഴിഞ്ഞില്ല. ഇനിയെങ്കിലും ശ്രദ്ധാപൂര്‍വ്വം നാം മുന്നോട്ടു പോയില്ലെങ്കില്‍ പ്ലാവു കൃഷിയിലും അതിന്‍റെ മൂല്യവര്‍ധിത ഉല്പങ്ങളുടെ വാണിജ്യവല്‍ക്കരണത്തിലും മുന്നേറ്റമുണ്ടാകില്ല. ചക്കയുടെ പലയിനങ്ങള്‍ കേരളത്തിലുടനീളം കാണപ്പെടുന്നുണ്ടെങ്കിലും അതില്‍ നിന്ന് മികച്ചത് കണ്ടെത്തി കൃഷി ചെയ്യുകയാണ് വേണ്ടത്.
ട്രോപ്പിക്കല്‍ കാലാവസ്ഥയിലുള്ള രാജ്യങ്ങളില്‍ നിന്നും മികച്ച പഴവര്‍ഗച്ചെടിയിനങ്ങള്‍ കേരളത്തില്‍ കൊണ്ടുവന്ന്, പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ നമ്മുടെ കാലാവസ്ഥയുമായി പൊരുത്തപ്പെടുത്തി, നടീല്‍വസ്തുക്കള്‍ ധാരാളമായി ഉല്പാദിപ്പിച്ച് വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിലേക്കു കടക്കാം. കാലാവസ്ഥയും ഭൂപ്രകൃതിയും അനുയോജ്യമായതിനാല്‍ ഇവ ഏറ്റവും മേډയേറിയ പഴങ്ങള്‍ ഉല്പാദിപ്പിക്കാനും നല്ല വിളവ് നല്‍കാനും സാധ്യതയേറെയാണ്.ഏറ്റവും മാധുര്യമേറിയതും സ്വാദിഷ്ഠവുമായ റംബുട്ടാന്‍ വിളയുന്നതു കേരളത്തിലാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. മറ്റു വിദേശപഴങ്ങളുടെ കാര്യത്തിലും വസ്തുത ഇതു തന്നെ.
ഇത്തരം പഴങ്ങളുടെ വാണിജ്യ കൃഷിയും മൂല്യവര്‍ധിത ഉല്പന്ന നിര്‍മാണവുമൊക്കെ മികച്ച രീതിയില്‍ ചെയ്യാന്‍ നമുക്കു സാധിക്കും. പഴവര്‍ഗ കൃഷിയുടെ സാധ്യതകള്‍ അടിസ്ഥാനമാക്കി കേരളത്തെ ഇടുക്കി, വയനാട്, മറ്റു പ്രദേശങ്ങള്‍ എിങ്ങനെ മൂന്നായി തിരിക്കാം. മൂന്നു വിഭാഗങ്ങളും കാലാവസ്ഥയിലും ഭൂപ്രകൃതിയിലും വേറിട്ടു നില്‍ക്കുന്നു. കര്‍ഷകര്‍ തങ്ങളുടെ ഭൂവിഭാഗത്തിനു യോജ്യമായ പഴവര്‍ഗങ്ങളെ തിരിച്ചറിഞ്ഞ് അവ മാത്രം കൃഷി ചെയ്യുകയാണെങ്കില്‍ വിദേശയിനം പഴങ്ങളുടെ ലഭ്യത ഏഴോ എട്ടോ മാസം വരെ ഉറപ്പിക്കാം.
ഏതൊരു വിളയുടെയും കൃഷിയില്‍ ഏറ്റവും നിര്‍ണായകം മികച്ച നടീല്‍ വസ്തുക്കളുടെ ലഭ്യതയാണ്. എവിടെ നിന്നെങ്കിലും കുറെ തൈകള്‍ വാങ്ങി നടുക എന്നതായിരിക്കരുത് നമ്മുടെ സമീപനം. കൃഷി ഒരു സംസ്കാരമാണ്െ തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനമാണ് ഓരോ കര്‍ഷകനും നടത്തേണ്ടത്.
ജാഷിദ്.കെ