অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കല്യാണസൗഗന്ധികം

കല്യാണസൗഗന്ധികം

ആമുഖം

പറയാനും പാടാനും നൂറുനാവ്, എന്നാല്‍ അത്രയും സ്‌നേഹവും താത്പര്യവും പലര്‍ക്കും സുന്ദരസുഗന്ധിയായ കല്യാണസൗഗന്ധികത്തോടുണ്ട് എന്നു തോന്നുന്നില്ല. അതേ, പറഞ്ഞു വരുന്നത് സാക്ഷാല്‍ കല്യാണസൗഗന്ധികപ്പൂവിനെക്കുറിച്ചു തന്നെ. മഹാഭാരതത്തിലെ അതേ കല്യാണ സൗഗന്ധികത്തെ കു റിച്ച്. വനയാത്രയ്ക്കിടയില്‍ യാദൃച്ഛികമായാണ് അഭൗമമായ സുഗന്ധം വാരിവിതറുന്ന ഒരു വെളു ത്തപൂവ് ദ്രൗപദിയുടെ ശ്രദ്ധയില്‍ പ്പെടുന്നത്. ഒരെണ്ണം കൈക്കലാക്കിയ ദ്രൗപദി തിരികെ കൊട്ടാരത്തിലെത്തിയിട്ട് ഭര്‍ത്താവായ ഭീമസേനനോട് പൂവിനെക്കുറിച്ച് വര്‍ണിക്കുന്നു. പ്രിയതമയുടെ പുഷ്പസ്‌നേഹം കണ്ട് ഭീമസേനനാകട്ടെ കൂടുതല്‍ സൗഗന്ധികപ്പൂക്കള്‍ പ്രിയതമയ്ക്കായി ശേഖരിക്കാന്‍ വനത്തിലേക്ക് പോകുന്നു. വഴിമധ്യേയുള്ള സര്‍വതടസങ്ങളും നിഷ്പ്രയാസം നീക്കുന്നു. എന്നാല്‍ ഭീമസേനന്റെ ഈ വരവ് മുന്‍കൂട്ടിയറിഞ്ഞ് വായൂപുത്രനായ ഹനുമാന്‍ വേഷപ്രച്ഛന്നനായി ഒരു വൃദ്ധവാനരന്റെ ഭാവത്തില്‍ ഭീമന്റെ സഞ്ചാരവഴിയില്‍ തടസം കിടക്കുന്നതും വാനരന്റെ വാല്‍ മാറ്റാന്‍ പോലും കഴിയാതെ വരുന്നതും ഒടുവില്‍ പരസ്പരം തിരിച്ചറിയുന്നതും അങ്ങനെ വായൂപുത്രന്‍ തന്നെയായ ഹനുമാന്റെ അനുഗ്രഹത്തോടെ ഭീമസേനന്‍ സൗഗന്ധികം കരസ്ഥമാക്കുന്നതുമൊക്കെ പുരാണം.

ഇത് കഥയായും കവിതയായും തുള്ളല്‍പാട്ടായും ഒക്കെ ശീലിക്കുന്നവര്‍ പലപ്പോഴും ഒരു കല്യാണസൗഗന്ധികം നട്ടുവളര്‍ത്താന്‍ മടികാട്ടുന്നു എന്നു പറയാതെ വയ്യ. 'അതിസുഗന്ധമുള്ള പുഷ്പം' എന്നാണ് കല്യാണസൗഗന്ധികം എന്ന വാക്കിനര്‍ഥം. പൂക്കള്‍ക്ക് ചിറകുവിടര്‍ത്തിയ ചിത്രശലഭത്തോട് സാമ്യമുള്ളതിനാല്‍ വൈറ്റ് ഗാര്‍ലന്‍ഡ് ലില്ലി, വൈറ്റ് ജിഞ്ചര്‍ ലില്ലി എന്നിവയും കല്യാണസൗഗന്ധികത്തിന്റെ വിളിപ്പേരുകള്‍ തന്നെ. ഇഞ്ചിയുടെ ബന്ധുവാണ് ഈ പൂച്ചെടി.

ഇന്ത്യയാണ് കല്യാണസൗഗന്ധികത്തിന്റെ ജന്മനാട്. സിക്കിം, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഇത് സുലഭമായി വളരുന്നു. സമശീതോഷ്ണ പ്രദേശങ്ങളിലും ഉപോഷ്ണമേഖലകളിലുമെല്ലാം സമൃദ്ധമായി വളരും. അമിത മഞ്ഞു വീഴ്ചയുള്ളിട ങ്ങള്‍ ഇതിന്റെ വളര്‍ച്ചയ്ക്ക് നന്നല്ല.

ചെടിച്ചുവട്ടിലെ വിത്തുകിഴങ്ങില്‍ നിന്ന് മുകളിലേക്ക് 1-2 മീറ്ററോളം നീളത്തില്‍ വളരുന്ന ചെടിയാണിത്. തണ്ടില്‍ ഒലീവ് പച്ചനിറത്തില്‍ അഗ്രം കൂര്‍ത്ത ഇലകള്‍ ഒന്നിനൊന്ന് എതിര്‍ദിശയില്‍ ക്രമീകരിച്ചിരിക്കുന്നു. വേനല്‍മാസങ്ങളാണ് ചെടിയുടെ പൂക്കാലം. തണ്ടിന്റെ അഗ്രഭാഗത്താണ് സുഗന്ധവാഹിയായ വെളുത്ത പൂക്കള്‍ കൂട്ടമായി വിടരുക. പൂക്കളുടെ ഏകപോരായ്മ അവയ്ക്ക് ഒരു ദിവത്തെ ആയുസ് മാത്രമേയുള്ളൂ എന്നതാണ്. എങ്കിലും ആഗോളതലത്തില്‍ ഏറ്റവും സുഗന്ധമുള്ള പുഷ്പങ്ങളായ ട്യൂബ്‌റോസ്, മുല്ല, പോളിയാന്തം, ഓറിയന്റല്‍ ലില്ലി, സെസ്ട്രം നൊക്‌റ്റേര്‍ണം എന്നിവയുടെ ശ്രേണിയിലാണ് കല്യാണസൗഗന്ധികത്തെയും ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നറിയുക. കല്യാണ സൗഗന്ധികപ്പൂക്കള്‍ക്ക് ഉന്മേഷദായകമായ സുഗന്ധം ഉണ്ടെന്നു മാത്രമല്ല, ഒന്നോ രണ്ടോ പൂക്കുലകള്‍ ഒരു മുറിയില്‍ വച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അവിടം സുഗന്ധ പൂരിതമാകും. വൈകുന്നേരങ്ങളിലാണ് ഇതിന്റെ പൂക്കള്‍ കൂടുതല്‍ സുഗന്ധം പരത്തുന്നത്. പൂക്കളില്‍ നിന്നു വേര്‍തിരിക്കുന്ന സുഗന്ധതൈലം മേന്മയില്‍ വളരെ ഉയര്‍ന്ന നിലവാരമുള്ളതാണ്. ടെര്‍പിനിയോള്‍, ലിമോണിന്‍, കാര്യോഫില്ലിന്‍ തുടങ്ങി വിവിധ രാസഘടകങ്ങള്‍ ഈ തൈലത്തിലടങ്ങിയിരിക്കുന്നു.ലിനാലൂള്‍, മീതൈല്‍ ജാസ് മൊണേറ്റ്, യൂജിനോള്‍സ്, സിസ് -ജാസമോണ്‍, ബീറ്റ അയണണ്‍, ലാക്‌റ്റോണ്‍ എന്നിവയാണ് പൂക്കളുടെ അതിസുഗന്ധത്തിന് കാരണം. പൂക്കളും ഇലകളും ആവിയില്‍ വാറ്റിയും ലായകത്തില്‍ ലയിപ്പിച്ചുമാണ് സുഗന്ധതൈലം വേര്‍ തിരിക്കുന്നത്. ഈ തൈലം മുല്ല, കൊ ന്ന, ചന്ദനം, ബാള്‍ സം, കറുവ, ലവണ്ടര്‍, കുന്തിരിക്കം,ഇഞ്ചി, പച്ചോളി, വാനില, ഇലാങ്-ഇലാങ്ങ് തുടങ്ങിയവയുടെ സുഗന്ധ തൈലങ്ങളുമായി ന ന്നായി ഇടകലരുമെന്നതിനാല്‍ നിരവധി സുഗന്ധലേപനങ്ങളില്‍ ചേരുവയുമാണ്. യൂഡീ ടോയ്‌ലറ്റ് മാരിപോസ, വാസിനി, അരമാക്ക്‌സ്, പെഴ്‌സെഫെനി, ഒഷാധി, തുടങ്ങിയവ കല്യാണസൗഗന്ധികത്തിന്റെ തൈലം ചേര്‍ത്തു തയാറാക്കുന്ന ചില പ്രമുഖ പെര്‍ഫ്യൂമുകളാണ്.

വിപണിയിലെ വിലയിലും ഈ സുഗന്ധതൈലത്തിന്റെ താരമൂല്യം വ്യക്തമാണ്. ചെടിയുടെ വേരുകളില്‍ നിന്ന് ആവിയില്‍ വാറ്റിയെടുത്ത് വേര്‍തിരിക്കുന്ന സുഗന്ധതൈലത്തിന് കിലോഗ്രാമിന് രണ്ടരലക്ഷം രൂപയാണ് വില. ഇഞ്ചിയുടെ നേരിയ സുഗന്ധമുള്ള ഈ തൈലത്തിന് മഞ്ഞ നിറമാണ്.

കൃഷിരീതി

ചെടിച്ചുവട്ടില്‍ കൂട്ടത്തോടെ വളരുന്ന വിത്തുകിഴങ്ങ് മൂര്‍ച്ചയുള്ള ഒരു കത്തികൊണ്ട് 20 സെന്റീമീറ്റര്‍ നീളത്തില്‍ കഷണങ്ങളായി മുറിച്ച് രണ്ടുഭാഗം മണ്ണും രണ്ടുഭാഗം മണലും ഒരു ഭാഗം ഇലപ്പൊടിയും കലര്‍ത്തിയെടുത്ത പോട്ടിംഗ് മിശ്രിതം നിറച്ച ചട്ടിയിലോ തടത്തിലോ നടാം. ജൈവവളങ്ങളാണ് നന്ന്. ചട്ടിയില്‍ വളര്‍ത്തുമ്പോള്‍ ചെടിച്ചട്ടി നിറഞ്ഞു വളരുമെന്നതിനാല്‍ എല്ലാവര്‍ഷവും മൂന്നോ നാലോ ആയി വിഭജിച്ചു നടാന്‍ ശ്രദ്ധിക്കണം. പഴയ തണ്ടുകളും പൂക്കളും യഥാസമയം നീക്കണം.

മാസ്മരസുഗന്ധം ഉള്ളിലൊതുക്കിയ കല്യാണസൗഗന്ധികത്തെ മലയാളികള്‍ മറന്നുവോ എന്ന് സംശയിക്കേണ്ടിയിക്കുന്നു. ഒരു പക്ഷെ പുതിയ പൂക്കളും വിളകളും തേടിയുള്ള പരക്കം പാച്ചിലിനിടയില്‍ സംഭവിക്കുന്നതാകാം ഈ മറവി. നാം അത്ര പ്രാധാന്യം കല്‍പിച്ചിട്ടില്ലെങ്കിലും ഒട്ടുമിക്ക വിദേശ രാജ്യങ്ങളിലും കല്യാണസൗഗന്ധികം ഒരു ലാന്‍ഡ്‌സ്‌കേപ്പ് ചെടിയാണ്. ക്യൂബയുടെ ദേശീയ പുഷ്പം കൂടെയാണിത്.സുഗന്ധവാഹി എന്നതുപോലെ തന്നെ കല്യാണസൗഗന്ധികത്തിന് വേറെയും നിരവധി ഉപയോഗങ്ങളുണ്ട്. ഇളം പൂമൊട്ടും പൂക്കളും ആവിയില്‍ വേവിച്ചു കഴിക്കുന്ന പതിവുണ്ട്. വേരു പുഴുങ്ങിയത് ചിലയിടങ്ങളില്‍ ക്ഷാമകാലത്ത് കഴിച്ചിരുന്നു. കായുടെ വിത്തുകള്‍ക്ക് വയറുവേദന ഉള്‍പ്പെടെയുള്ള ഉദരാസ്വാസ്ഥ്യങ്ങള്‍ ശമിപ്പിക്കാന്‍ കഴിവുണ്ട്. വേരില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന തൈലത്തിന് വിരനശീകരണ ശേഷിയുണ്ട്. ഇലകള്‍ ചതച്ചെടുക്കുന്ന നീരും ഉദരാസ്വാസ്ഥ്യങ്ങള്‍ നശിപ്പിക്കാന്‍ ഉത്തമമാണ്.

ചെടിത്തണ്ടില്‍ 43-48 ശതമാനം വരെ വെല്ലുലോസ് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് കടലാസ് നിര്‍മാണത്തില്‍ ഉപയോഗപ്പെടുന്നു. പൂവിലും വേരിലും നിന്ന് വേര്‍തരിക്കുന്ന സത്ത് സൗന്ദര്യവര്‍ധകവസ്തുക്കള്‍ തയാറാക്കാന്‍ ഉപയോഗിക്കുന്നു. ഹവായ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ കല്യാണസൗഗന്ധികം ഹാരം നിര്‍മിക്കാന്‍ എടുക്കുന്നു. ലോകോത്തര സുഗന്ധം ഉള്ളിലൊതുക്കിയ കല്യാണസൗഗന്ധികം നമുക്കും വളര്‍ത്താം.

സീമ സുരേഷ്

ജോയിന്റ് ഡയറക്ടര്‍, കൃഷിവകുപ്പ്, തിരുവനന്തപുരം

അവസാനം പരിഷ്കരിച്ചത് : 7/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate