വെളളം നൽകിയാൽ കപ്പ ഒരു വർഷത്തിൽ എപ്പോൾ വേണമെങ്കിലും നടാം .ആമ്പക്കാടനും അങ്ങനെ തന്നെ. കവരങ്ങൾ ഏറ്റവും കൂടുതൽ പൊട്ടുന്ന കപ്പയായതുകൊണ്ട് തന്നെ കൂടുതൽ വിളവും ആമ്പക്കാടനിൽനിന്നു ലഭിക്കും. കാരണം ഇലകൾ എത്രയുണ്ടോ അത്രയും ആഹാരം പാകം ചെയ്ത് അത് കിഴങ്ങുകൾക്ക് കൊടുക്കും , അതുകൊണ്ട് തന്നെ കൃഷിയുടെ മാസങ്ങൾ കൂടുന്നതിനനുസരിച്ച് വിളവും കൂടും എന്നതാണിതിന്റെ പ്രത്യേകത. തോട്ടത്തിൽ നിലം കിളച്ചെരുക്കി ആട്ടിൻ കാഷ്ടവും കുമ്മായവും ചേർത്ത് ഒരു മാസത്തോളം വെച്ചതിനു ശേഷം കപ്പകൂടം കൂട്ടി കമ്പുകൾ നടുക. നടുമ്പോൾ ശ്രദ്ധിക്കേണ്ടത് വിളവ് കൂടുതൽ കിട്ടുന്നതിന് കപ്പക്കോലിൽ കണ്ണിന്റെ അകലും കുറുഞ്ഞ ഭാഗം വേണം എടുക്കാൻ . കപ്പക്കോലിന് കരുത്ത് കിട്ടാൻ നന്നായി സൂര്യപ്രകാശം അടിക്കുന്ന ഭാഗമാണ് തെരഞ്ഞെടുക്കേണ്ടത്. സാധാരണ കപ്പത്തണ്ട് കത്തി ഉപയോഗിച്ച് വെട്ടുമ്പോൾ അതിന്റെ ചുവടു ഭാഗങ്ങൾ ചിതറി കോശങ്ങൾ നഷ്ടപ്പെടുമ്പോൾ എല്ലാ ഭാഗങ്ങളിലും കിഴങ്ങുകൾ ഉണ്ടാകില്ല. അത് കൊണ്ട്, കപ്പ തണ്ട് വെട്ടുമ്പോൾ മിനിസേറ്റർ ( ആക്സോ ബ്ലേയിഡ് ) ഉപയോഗിച്ച് മുറിക്കുമ്പോൾ അതിന്റെ കോശങ്ങൾ നഷ്ടപ്പെടാതെ ലഭിക്കും. കപ്പക്കോലിന്റെ രണ്ട് കണ്ണ് അകലം വെച്ചു മുറിച്ച് മണ്ണിൽ കുത്തനെ നടാതെ അല്‌പം ചെരിച്ച് നടുക. ചെരിച്ച് നടുമ്പോൾ കപ്പക്കോലിന്റെ രണ്ട് വശങ്ങളിൽ നിന്നും കിഴങ്ങുകൾ ഉണ്ടാകും. കമ്പുകൾ നട്ടതിനുശേഷം രണ്ട് ,മൂന്ന് കിളിപ്പുകൾ വരുമ്പോൾ കാറ്റടിച്ച് പേകാതിരിക്കാൻ ഒരു മുള സൈഡിൽ വെച്ച് കെട്ടുന്നത് നല്ലതാണ്. ചാണകം, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് ഇവ മൂന്നും മിക്സ് ചെയ്ത് ഒരു ലിറ്ററിന് മൂന്ന് ലിറ്റർ വെള്ളമെന്ന തോതിൽ ചേർത്ത് 30 ദിവസം കൂടുമ്പോൾ ഒഴിച്ചു കൊടുക്കണം . ഇങ്ങനെ ചെയ്യുമ്പോൾ ഇതിനു ചുവട്ടിൽ വിരകൾ വരുകയും മണ്ണിന് ഇളക്കം കിട്ടുകയും ചെയ്യും . കപ്പയ്ക്ക് നല്ല വളർച്ചയും ഉണ്ടാകും . 10-ാം മാസത്തിലാണ് ഈ കപ്പയുടെ വിളവെടുപ്പ് നടക്കുന്നത്
Jins Tj
അവസാനം പരിഷ്കരിച്ചത് : 7/27/2020