অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഒട്ടുമാവ് കായ്ക്കണ്ടേ?

ഒട്ടുമാവ് കായ്ക്കണ്ടേ?

നാലുകെട്ടും നടുമുറ്റവും മുറ്റത്തൊരു മാവും മാവിൽ നിറയെ തേൻകിനിയുന്ന മാമ്പഴങ്ങളും പണ്ടൊക്കെ മലയാളത്തറവാടുകളുടെ സ്വകാര്യ അഹങ്കാരമായിരുന്നു അത്. എന്നാൽ, അണുകുടുംബം വന്നതോടെ മുറ്റത്തെ മാവിന്റെ മാങ്ങയുടെ തേൻകിനിയും മധുരവും കൈകൊണ്ട് പറിച്ചെടുക്കാവുന്ന മാങ്ങാക്കാലവുമൊക്കെ കഴിഞ്ഞു. ഇപ്പോൾ നഴ്‌സറികളിൽനിന്നും മാമ്പഴമേളകളിൽനിന്നും വലിയ വിലകൊടുത്തുകൊണ്ടുപോകുന്ന ഒട്ടുമാവിൻതൈകളാണ് പല വീട്ടുമുറ്റങ്ങളും അലങ്കരിക്കുന്നത്. എന്നാൽ

വാങ്ങുമ്പോൾ രണ്ടുവർഷം കൊണ്ട് കായ്ക്കും ഫലം തരും എന്നൊക്കെ പറഞ്ഞ് വാങ്ങുന്ന ഇവ നാലഞ്ചുകൊല്ലം കഴിഞ്ഞാലും ഇത്തിരിക്കുഞ്ഞനായിത്തന്നെ തളിരിലകൾ മാത്രം വന്ന് നിൽക്കുന്നതാണ് അനുഭവം. അതിനെന്താണ് പോം വഴിയെന്ന് ചിന്തിക്കുന്നവരാണ് മിക്ക മലയാളികളും. ഒട്ടുമാവ് പെട്ടെന്ന് വളരാനും കായ്ക്കാനും തേൻകിനിയുന്ന കനികൾകിട്ടാനും വേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
നടുമ്പോൾ ശ്രദ്ധിക്കണം
ഒട്ടേറെയിനം സങ്കരമാവുകളുടെ തൈകളാണ് ഒട്ടുമാവായി നമുക്ക് ലഭിക്കുന്നത് അത് യോജിച്ച രീതിയിൽ യോജിച്ച സ്ഥലത്ത് നട്ടാലേ ശരിക്കും വളരൂ. നടുമ്പോൾ പല  കാര്യങ്ങളും ശ്രദ്ധിക്കണം.
നന്നായി സൂര്യപ്രകാശം ലഭിക്കണം
മാവിന്റെ വളർച്ചയ്ക്കും നല്ല കായ് ഫലം ലഭിക്കാനും സൂര്യപ്രകാശം അത്യാവശ്യമാണ്. നല്ല നീർവാർച്ചയും സൂര്യപ്രകാശം ലഭിക്കുന്ന സഥലത്തുമായിരിക്കണം ഒരു മീറ്റർ നീളവും വീതിയും ആഴവും ഉള്ള കുഴികളാണ് തയ്യാറേക്കണ്ടത്. കുഴിയിൽ കാലിവളമോ കമ്പോസ്റ്റോ മണ്ണും മണലുംകൂട്ടിനിറച്ചതിന് ശേഷം അത് നനച്ച് അതിനു നടുവിലാണ് തൈകൾ നടേണ്ടത്. തൈകൾ പോളിത്തീൻ കവറിൽനിന്ന് മണ്ണിളക്കിയെടുത്തതിന് ശേഷം അതിന്റെ തായ്‌വേര് വളഞ്ഞുപുളഞ്ഞോ മടങ്ങിയോ നിൽക്കുന്നുണ്ടെങ്കിൽ അത് നിവർത്തിയോ മുറിച്ചോ നേരെയാക്കണം. എന്നിട്ടാണ് നടേണ്ടത് അല്ലെങ്കിൽ തൈ വളരില്ല.
നന്നായി പരിചരിക്കണം വളം ചെയ്യണം
മാവിൻതൈകൾ നട്ട് അത് വേണമെങ്കിൽ താനേ വളരട്ടെയെന്ന നിലപാടാണ് മിക്കവർക്കും അത് പാടില്ല. ഓരോ രണ്ടുമാസം കൂടുമ്പോളും തൈയുടെ മുരട്ടിൽനിന്ന് ഒന്നരയടി വിട്ട് ചാലുകളെടുത്ത് കാലിവളമോ മണ്ണിരക്കമ്പോസ്റ്റോ ചേർത്ത് മണ്ണിളക്കി നനച്ചുകൊടുക്കണം.
മാവിന്റെ രോഗ കീടങ്ങൾ
സാധാരണയായി മാവിൻതൈകൾ രണ്ടു മൂന്നുവർഷം കൊണ്ട് കായ്ക്കണം. എന്നാൽ, പല മാവുകളും കായ്്ക്കാത്തത് നമ്മൾക്ക് മനസ്സിലാക്കാൻ കഴിയാത്ത രോഗങ്ങൾകൊണ്ടാകാം.  മാവിലകളിൽ കരിച്ചിൽ തുമ്പിലകൾ വാടിക്കൊഴിഞ്ഞുവീഴൽ, കൊമ്പുകളുടെ അറ്റം ഉണങ്ങിപ്പൊടിയുക, തളിരുകൾ നുറുക്കിപ്പോവുക, മാവിൻതടിയിൽ കൂൺ വളർച്ച, വണ്ടുകുത്തൽ, നീരൊലിപ്പ്, കായ്പിടിക്കാതിരിക്കുക, കായ് അഴുകിപ്പൊഴിയുക, കായ് വിണ്ടുകീറുക എന്നിങ്ങനെ  മാവിനെ ബാധിക്കുന്നരോഗങ്ങളും കീടങ്ങളും ആണ് മാവ് യഥാസമയം കായ്ക്കാത്തതിന് കാരണം.
പിങ്ക് രോഗവും മാംഗോഹോപ്പറും
ഇലകൾ കരിയുക മഞ്ഞനിറം വരാതെ കൊഴിഞ്ഞുവീഴുകയെന്നിങ്ങനെയുള്ള ലക്ഷണങ്ങളകാണിക്കുന്നത് മാംഗോ ഹോപ്പർ എന്ന കീടത്തിന്റെ ആക്രമണം കൊണ്ടാകാം. വേപ്പധിഷ്ഠിത കീടനാശിനികൾ മാവിൻതൈകൾക്കുമീതെ ഒന്നരാടൻ ഇടവിട്ട് പത്തുദിവസം തളിച്ചുകൊടുക്കുന്നത് ഈ കീടത്തിന്റെ ആക്രമണം തടയാൻ ഫലപ്രദമാണ്.
തൂമ്പില കരിയുന്നു
മാവിന്റെ തൂമ്പില കരിഞ്ഞ് അഗ്രഭാഗം ഉണങ്ങിപ്പൊടിയുന്നതാണ് പിങ്ക് രോഗത്തിൽ കണ്ടുവരുന്നത്. രോഗം ബാധിച്ചുകാണുന്ന മാവിൻകൊമ്പിന്റെ തലകൾ മുറിച്ച് അവിടെ ബോർഡോമിശ്രിതം തേച്ചുകൊടുക്കുന്നതാണ് ചികിത്സ.
ഡിപോറസ് മാർജിനേറ്റസ്
മാവിന്റെ തളിരിലകളിൽ കരിച്ചിലുണ്ടാക്കുകയും മാവിനെ പൂക്കാൻ സമ്മതിക്കാതിരിക്കുകയും ചെയ്യുന്ന ഒരു കീടമാണ് ഡിപോറസ് മാർജിനേറ്റസ്. വേപ്പധിഷ്ഠിത കീടനാശിനി തളിച്ചുകൊടുക്കാം ആക്രമണം രൂക്ഷമാണെങ്കിൽ ഇമിഡാക്ലോപ്രിഡ് എന്ന കിടനാശിനി 0.5 മില്ലി ഒരു ലിറ്റർവെള്ളത്തിലേക്ക് എന്നതോതിൽ തളിച്ചുകൊടുക്കാം.
കൂൺവളർച്ച വിണ്ടുകീറൽ
മാവിന്റെ  തടിയിൽ കൂൺപോലുള്ള വളർച്ചയും വിണ്ടുകീറലും നീരൊലിപ്പുമാണ് മറ്റൊരു വില്ലൻ കൂണുകൾ കത്തിയെടുത്ത് മാവിൻതൊലിയുടെ ഉള്ളിലേക്ക് പോറലേൽക്കാത്ത രീതിയിൽ ചുരണ്ടിക്കളയണം. നീരൊലിപ്പു കാണിക്കുന്നുണ്ടെങ്കിൽ ബോർഡോക്കുഴമ്പ് തേച്ചുപിടിപ്പിക്കാം. അല്ലെങ്കിൽ ഏതെങ്കിലും രാസ കുമിൾ നാശിനി ഉപയോഗിക്കാം. കീടനാശിനിയായ അസഫൈറ്റ് 2 ഗ്രാം വീതം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നതും ഫലപ്രദമാണ്.
കായ പിടിക്കാതിരിക്കൽ
കായപിടിക്കാതിരിക്കലാണ് മറ്റൊരു പ്രശ്‌നമായി കാണുന്നത്. ഒരുചെടി വളർന്നുവലുതായി കായ്ഫലം തരണമെങ്കിൽ ഏകദേശം പതിനാറോളം മൂലകങ്ങൾ അത്യാവശ്യമാണ്. അതിന്റെ പലതിന്റെയും കുറവുകൊണ്ടാണ് കായ്പിടുത്തം കിട്ടാത്തത്. അതിന് ആറുമാസത്തിലൊരിക്കൽ വളം ചെയ്യുന്നതിന്റെ കൂടെ മൈക്രോന്യൂട്രീഷ്യന്റ് ചേർത്തുകൊടുക്കുന്നത് കായ് പിടുത്തത്തിന് നല്ലതാണ്. അല്ലെങ്കിൽ കായ്പിടുത്തത്തിനുള്ള ഹോർമോണുകൾ കലക്കി ഇലത്തൂമ്പുകൾക്കുമീതെ തളിച്ചാലും മതി.
മാങ്ങഅഴുകൽ വിണ്ടുകീറൽ
മാങ്ങകൾ മൂപ്പെത്താതെ വിണ്ടുകീറുന്നതും കൊഴിഞ്ഞുപോകുന്നതുമാണ് മറ്റൊരു പ്രശ്‌നം. കാലാവസ്ഥയിലെ മാറ്റം കൊണ്ടും സിങ്ക് എന്നമൂലകത്തിന്റെ അഭാവം കൊണ്ടും ഇങ്ങനെ വരാം. സിങ്ക് അധിഷ്ഠിത ന്യൂട്രീഷ്യന്റുകൾ, തൈയൊന്നിന് 100 ഗ്രാം പൊട്ടാഷ് എന്നിവനൽകിയാൽ അതിന് പരിഹാരം കാണാം.
മാങ്ങ അഴുകുന്നത് പുഴുക്കളുടെ ആക്രമണം കൊണ്ടാകാം അല്ലെങ്കിൽ കായകളിലെ അഴുകൽരോഗംകൊണ്ടുമാകാം. കായീച്ചയുടെ ആക്രമണം കൊണ്ടും ഇങ്ങനെ സംഭവിക്കാം. കേടുവന്ന് താഴെവീഴുന്ന മാങ്ങകൾ നശിപ്പിച്ചുകളയണം. മാവിൽ ഫിറമോൺകെണി സഥാപിക്കുന്നതും നന്ന്.
കായകളിലെ അഴുകലിന് കുമിൾ നാശിനിയായ സാഫ്
0.5 ശതമാനം വീര്യത്തിൽ തളിച്ചുകൊടുക്കാം. അല്ലെങ്കിൽ പൊട്ടാസ്യം അയഡൈഡ് 0.5 ശതമാനം വീര്യത്തിൽ ഇലകളിൽ തളിച്ചുകൊടുക്കാം.
ഓരോ ചെടിയും കായ്ക്കാനും അതിന് ചെയ്യുന്ന വളം തന്നെയാണ് പ്രധാനം. ആറുമാസത്തിലൊരിക്കൽ കൃത്യമായ പോഷകങ്ങളൾ ലഭിക്കുന്ന ജൈവവളങ്ങൾ അല്ലെങ്കിൽ രാസവളങ്ങൾ എന്നിവ ചെയ്യേണ്ടത് അത്യാവശ്യമാണ്. ആറുമാസത്തേക്ക് ഒരു കിലോ വേപ്പിൻ പിണ്ണാക്ക്, 500 ഗാം എല്ലുപൊടി, ഒരു കുട്ടചാണകം എന്നിവ വളമായിനൽകാം.
പ്രമോദ്കുമാർ വി.സി.
pramodpurath@gmail.com

അവസാനം പരിഷ്കരിച്ചത് : 7/1/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate