অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വഴന

ആമുഖം

സവിശേഷമായ ഇലകളുടെ സുഗന്ധത്താല്‍ ശ്രദ്ധേയമായ സുഗന്ധവൃക്ഷമാണ് വഴന. എടന എന്നും പേരുണ്ട്. കറുവയുടെ ബന്ധുവാണ് വഴനമരം. എന്നാല്‍ സാക്ഷാല്‍ കറുവയല്ല. ഇലകള്‍ക്ക് അല്‍പം കട്ടിയും കനവുമുണ്ട്. നീളത്തില്‍ മൂന്നു ഞരമ്പുകള്‍ ഓടിയിരിക്കുന്നത് കാണാം. ഉത്തരേന്ത്യയില്‍ ഇത് പണ്ടേ പരിചിതമാണ്. പാചകത്തിനും അത്തര്‍ നിര്‍മാണത്തിനും ഇലകള്‍ ഉപയോഗിക്കുന്നു. പുരാതന റോമാക്കാര്‍ക്ക് ഉപയോഗിക്കുന്നു. പുരാതന റോമാക്കാര്‍ക്ക് 'മാലബത്രം' എന്ന പേരില്‍ വഴന പരിചിതമായിരുന്നു. ഇന്ന് ഉത്തരേന്ത്യയിലെ പാചകവിധികളില്‍ പ്രത്യേകിച്ച് മുഗള്‍ കുശിനികളില്‍ വഴനയില ഒരു അവിഭാജ്യചേരുവയാണ്. മുഗളര്‍ തയാറാക്കുന്ന ബിരിയാണി, കുറുമ എന്നിവയില്‍ ഇത് നിര്‍ബന്ധമാണ്. ഗരം മസാലയിലും വഴനയില ഉണ്ട്. നേപ്പാള്‍, ജനക്പൂര്‍, ബര്‍മ്മ തുടങ്ങിയ സ്ഥലങ്ങളിലും വഴനയിലയ്ക്ക് ആരാധകരുണ്ട്.

സസ്യപരിചയം

കറുവയുടെ ബന്ധുവായ വഴനയുടെ സസ്യനാമം 'സിന്നമോമം മാലബത്രം' എന്നാണ്. പശ്ചിമഘട്ടമലനിരകളുടെ സന്തതിയാണ് വഴന. ഹിമാലയത്തിന്റെ ഉഷ്ണമേഖലാ-ഉപോഷ്ണമേഖലകളിലെ മലനിരകള്‍, ഉത്തര്‍പ്രദേശ്, കിഴക്കന്‍ ബംഗാള്‍, ഖാസിയ-ജയ്ന്തിയ കുന്നുകള്‍ എന്നിവിടങ്ങളിലെല്ലാം ഇത് സമൃദ്ധമായി വളരുന്നു. പശ്ചിമഘട്ടത്തിലെ സമ്പന്നമായ സസ്യജാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഹോര്‍ത്തൂസ് മലബാറിക്കൂസില്‍ വഴനയെ കാട്ടുകറുവ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

മാലബത്രം എന്ന വാക്ക് കടും നിറമുള്ള ഇലകള്‍ എന്നര്‍ഥം വരുന്ന 'തമാലപത്രം' എന്ന വാക്കില്‍ നിന്നു രൂപപ്പെട്ടതാണെന്നു കരുതുന്നു. സമതലങ്ങളിലെ നിത്യഹരിതവനങ്ങളിലും നാട്ടിന്‍പുറങ്ങളിലുമൊക്കെ വഴനമരം വളരുന്നുണ്ട്. പരമാവധി 20 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വൃക്ഷസുഗന്ധിയാണ് വഴന. തടിക്ക് ഏതാണ്ട് 20 സെന്റീമീറ്റര്‍ വ്യാസമെത്തും. സമുദ്രനിരപ്പില്‍ നിന്ന് 300 മുതല്‍ 2400 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍ വഴന കാണാം. മരത്തിന്റെ തൊലി കറുവയുടേതുപോലെ വേര്‍പെടുത്തി ഉപയോഗിക്കുന്നു. ഇലകള്‍ തേജ്പത് എന്ന പേരില്‍ വിവിധ പാചക വിധികളില്‍ ഉപയോഗപ്പെടുത്തുന്നു. ശിഖരാഗ്രങ്ങളില്‍ പച്ചകലര്‍ന്ന മഞ്ഞ നിറമുള്ള ചെറിയ പൂക്കള്‍ ഉണ്ടാകാറുണ്ട്. പക്ഷെ ഇതിന് അത്ര പ്രാധാന്യമില്ല.

കൃഷിയറിവുകള്‍

വളരുന്ന മണ്ണിന്റെയും കാലാവസ്ഥയുടെയും പ്രത്യേകതകള്‍ വഴനയുടെ മേന്മയെ നിര്‍ണായകമായി സ്വാധീനിക്കാറുണ്ട്. ജൈവവളപ്പറ്റുള്ള നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ഉത്തമം. മണല്‍ കലര്‍ന്ന കളിമണ്ണില്‍ വേണ്ടത്ര ജൈവവളങ്ങളും ചേര്‍ത്തെടുത്താല്‍ നന്ന്. ആര്‍ദ്രതയുള്ള ഉഷ്ണമേഖലാകാലാവസ്ഥയോടാണ് ഇതിനു പ്രിയം. എന്നാല്‍ ദീര്‍ഘനാള്‍ നീളുന്ന വരള്‍ച്ച ഇതിന്റെ സുഗമമായ വളര്‍ച്ചയ്ക്ക് നന്നല്ല.

വിത്തുപാകിയാണ് സാധാരണ കൃഷി. കമ്പ് മുറിച്ചു നട്ടും വായുവില്‍ പതിവച്ച് തൈകളുണ്ടാക്കിയും കൃഷി ചെയ്യാം. നന്നായി വിളഞ്ഞ കായ്കള്‍ ശേഖരിച്ച് കഴുകി വൃത്തിയാക്കി മാംസളഭാഗം നീക്കി കാലതാമസമില്ലാതെ തന്നെ പാകണം. മണ്ണും മണലും അഴുകിയ ചാണകപ്പൊടിയും 3:3:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയ പോട്ടിംഗ് മിശ്രിതത്തില്‍ വിത്തുകള്‍ പാകാം. 10-20 ദിവസം വേണം വിത്തു മുളയ്ക്കാന്‍. ആവശ്യത്തിന് നന നിര്‍ബന്ധം. തൈകള്‍ പച്ചപിടിക്കുന്നതുവരെ ആറുമാസക്കാലത്തോളം കൃത്രിമമായി തണല്‍ നല്‍കണം.

50 സെന്റീമീറ്റര്‍ വലിപ്പത്തില്‍ 3ഃ3 മീറ്റര്‍ ഇടയകലം വിട്ടെടുക്കുന്ന കുഴികളില്‍ കമ്പോസ്റ്റും മേല്‍മണ്ണും നിറച്ച് ജൂണ്‍-ജൂലൈ മാസം തൈ നടാം. ഒരു വയസായ തൈകള്‍ വേണം നടാന്‍. കാലിവളം, കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ നല്‍കി വളര്‍ത്തണം. തൈ 2-3 വര്‍ഷത്തെ വളര്‍ച്ചയാകുമ്പോള്‍ പ്രധാനതണ്ട് തറ നിരപ്പില്‍ നിന്ന് 30 സെന്റീമീറ്റര്‍ വിട്ട് മുറിച്ചുനീക്കണം. ശിഖരങ്ങള്‍ പൊട്ടി വളരാനാണിത്. കുറ്റിച്ചെടിയാക്കി നിര്‍ത്താന്‍ ഇതുസഹായിക്കും. ഏതു പ്രായത്തിലും ഇലകള്‍ അടര്‍ത്തി ഉപയോഗിക്കാമെങ്കിലും വാണിജ്യക്കൃഷിയില്‍ പത്തുവര്‍ഷം പ്രായമായ മരത്തില്‍ നിന്നാണ് ധാരാളം നല്ല മൂപ്പെത്തിയ സുഗന്ധവാഹിയായ ഇലകള്‍ കിട്ടുക. ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെ ഇല വിളവെടുപ്പ് സമൃദ്ധമായി തുടരുകയും ചെയ്യാം.

സുഗന്ധതൈലം വിശേഷങ്ങള്‍

ബാഷ്പീകരണ സ്വഭാവമുള്ള ഒരു തൈലം വഴനയിലയില്‍ അടങ്ങിയിട്ടുണ്ട്. മോണോടെര്‍പിനുകള്‍, സെസ്‌ക്വിടെര്‍പിനുകള്‍ എന്നിവയാണിതില്‍ അടങ്ങിയിട്ടുള്ള സസ്യജന്യരാസഘടകങ്ങള്‍. പ്രധാന ചേരുവ യൂജിനോള്‍ ആണ്. ഇതിന് സവിശേഷമായ കീടനശീകരണശേഷിയുണ്ട്. മാത്രമല്ല വഴനയില ഒരുത്തമ നിരോക്‌സീകാരി കൂടിയാണ്. ദഹന രസങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിച്ച് ദഹനപ്രക്രിയ ത്വരിതപ്പെടുത്താന്‍ ഇതിനു കഴിയും. ഭക്ഷണപദാര്‍ഥങ്ങളോടൊപ്പം ചേര്‍ക്കുമ്പോള്‍ ഇത് വായുകോപം ഉണ്ടാകാതെ തടയുന്നു. വയറുവേദന ശമിപ്പിക്കും. രക്തത്തിലെ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് എന്നിവയുടെ സാന്നിധ്യം നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിവുണ്ട്.

പ്രധാന ചേരുവയായ യൂജിനോളിനു പുറമെ വഴനയിലയില്‍ ആല്‍ഫപൈനിന്‍, കാംഫിന്‍, മിഴ്‌സിന്‍, ലിമോണിന്‍, സൈമിന്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ജീവകങ്ങള്‍, സോഡിയം, പൊട്ടാസ്യം, കാത്സ്യം, കോപ്പര്‍, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, സെലേനിയം, സിങ്ക് എന്നിവയും ഇലകളിലുണ്ട്.

ആയുര്‍വേദ വിധിപ്രകാരം ചുമ, അലര്‍ജി, തലവേദന, ആസ്തമ, ദഹനക്കേട്, വൃക്കത്തകരാറുകള്‍, ഹൃദ്രോഗം, ആകാംക്ഷ, ഗര്‍ഭപാത്രത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍, തുമ്മല്‍, സന്ധിവേദന, ദന്തസംരക്ഷണം എന്നിവയ്‌ക്കെല്ലാം വഴനയില പ്രതിരോധമോ പരിഹാരമോ ആണ്.

തിരുവനന്തപുരത്ത് ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ അരങ്ങേറുന്ന ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ചുണ്ടാക്കുന്ന നിവേദ്യങ്ങളില്‍ പ്രധാനമാണ് തെരളി അപ്പം. തെരളി ഇല എന്നാണ് ഈ ഭാഗങ്ങളില്‍ വഴന അറിയപ്പെടുന്നത്. പഴയ തറവാടുകളില്‍ തെരളി അപ്പം, ചക്കയപ്പം എന്നിവ ഉണ്ടാക്കാന്‍ വേണ്ടി മാത്രം ഒരു വഴനമരമെങ്കിലും നിലനിര്‍ത്തുന്ന പതിവുണ്ടായിരുന്നു. നാം വെട്ടി നശിപ്പിച്ച പല കാവുകളിലേയും അവിഭാജ്യഘടകമായിരുന്നു വഴന എന്ന് കോയമ്പത്തൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക് ആന്‍ഡ് ട്രീ ബ്രീഡിംഗിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.

ആദിവാസി ആചാരമുറകളില്‍ ഇതിന്റെ സുഗന്ധവാഹിയായ പൂക്കള്‍ പുകയ്ക്കുക പതിവായിരുന്നു. അഗസ്ത്യമലയിലെ കാണിവിഭാഗക്കാര്‍ ഈ ചെടി വയറുവേദന, ദഹനക്കുറവ് എന്നിവയകറ്റാനും മുറിവുണക്കാനും പനി, ഉദരകൃമി, തലവേദന, ആര്‍ത്തവത്തകരാറുകള്‍ എന്നിവയുടെ ചികിത്സയിലും ഉപയോഗിക്കുന്നു. ഔഷധങ്ങള്‍ക്ക് സുഗന്ധം നല്‍കാന്‍ മരത്തൊലി എടുക്കുക പതിവാണ്. ഇലകളില്‍ നിന്നെടുക്കുന്ന എണ്ണ പല്ലുവേദന, തലവേദന, വാതം എന്നിവയുടെ ചികിത്സയ്ക്കുത്തമം.

സുഗന്ധമേറും കുമ്പിളപ്പം

വഴനയിലയെക്കുറിച്ചു പറയുമ്പോള്‍ ഇലയുടെ സ്വതസിദ്ധമായ സുഗന്ധം കൈമാറി മലയാളികള്‍ തയാറാക്കുന്ന കുമ്പിളപ്പത്തെക്കുറിച്ചു പറയാതെ തരമില്ല. തെരളി അപ്പം, വഴനയില അപ്പം എന്നെല്ലാം ഈ മധുരപലഹാരത്തിന് ഓമനപ്പേരുകളുണ്ട്.

ചേരുവ

വഴനയില - ആവശ്യത്തിന്
വറുത്ത അരിപ്പൊടി - മൂന്നു കപ്പ്
ഉരുക്കിയ ശര്‍ക്കര - 2 കപ്പ്
തേങ്ങ ചിരണ്ടിയത് - 2 കപ്പ്
പഴുത്ത പഴം - വലുതാണെങ്കില്‍ 3.
ചെറുതാണെങ്കില്‍ 5-6
ഏലയ്ക്കാപ്പൊടി - 1 ടീസ്പൂണ്‍
ചുക്കുപൊടി - 1 ടീസ്പൂണ്‍
ജീരകപ്പൊടി - 1 ടീസ്പൂണ്‍
ഉപ്പ്, വെള്ളം - ആവശ്യത്തിന്
നെയ്യ് - 1 ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ അരിപ്പൊടി, തേങ്ങ ചിരണ്ടിയത്, പഴം, ഏലയ്ക്കാപ്പൊടി, ചുക്കുപൊടി, ജീരകപ്പൊടി, ശര്‍ക്കരപ്പാനി, നെയ്യ്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക. ഇത് ചെറിയ ഉരുളകളായി ഉരുട്ടി വൃത്തിയാക്കിയ വഴനയിലയില്‍ ഒരറ്റത്തുവച്ചിട്ട് മറ്റേയറ്റം തെരളിയുടെ രൂപത്തില്‍ ശ്രദ്ധാപൂര്‍വം ചുരുട്ടിയെടുക്കുക. മാവുരുള മുഴുവനും തെരളിയിലാക്കാന്‍ ശ്രദ്ധിക്കണം. ഇനി ആവിയില്‍ 30-40 മിനിട്ടു നേരം വേവിക്കുക. തീയണച്ച് അപ്പം തണുക്കാന്‍ അനുവദിക്കുക. ഇല മാറ്റി അപ്പം പുറത്തെടുക്കുമ്പോള്‍ തന്നെ വഴനയിലയുടെ സവിശേഷഗന്ധം പ്രസരിക്കും. സ്വാദും സുഗന്ധവും ആസ്വദിച്ച് തെരളിയപ്പം കഴിക്കാം.

ഇനി മാവിനോടൊപ്പം 500 ഗ്രാം പഴുത്ത ചക്കച്ചുളയാണ് ചേര്‍ക്കുന്നതെങ്കില്‍ ഒന്നാംതരം ചക്കയപ്പവും തയാറാക്കാം. ഇലയട തയാറാക്കാനും വഴനയില ഉത്തമം.

സുരേഷ് മുതുകുളം 
മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍, ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
ഫോണ്‍: സുരേഷ്- 944630 6909.© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate