অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശീമചക്ക

ആമുഖം

ശീമച്ചക്ക അഥവാ 'ബ്രെഡ്ഫ്രൂട്ട്' ചക്കക്കുടുംബത്തിലെ ഒരംഗമാണ്. Artocarpus altilis എന്നാണ് ശാസ്ത്രനാമം. ദക്ഷിണ പസഫിക് മേഖലയാണ് സ്വദേശം. പിന്നീട് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചു. തൊണ്ണൂറിലധികം രാജ്യങ്ങളില്‍ ഇപ്പോള്‍ ഇതിന്റെ സാന്നിധ്യമുണ്ട്. പാകം ചെയ്‌തെടുക്കുന്ന ചക്കയ്ക്ക് ബ്രഡ്ഡിനു സമാനമായ രുചിയും മണവുമുള്ളതിനാലാണ് 'ബ്രഡ് ഫ്രൂട്ട്' എന്നറിയപ്പെടുന്നത്. കടച്ചക്കയെന്നും വിളിപ്പേരുണ്ട്.

അധികം ചൂടും തണുപ്പും ഇല്ലാത്ത കാലാവസ്ഥയില്‍ ശീമപ്ലാവ് നന്നായി വളരും. ഏകദേശം 20-25 മീറ്റര്‍ ഉയരത്തില്‍ വളരുന്ന പ്ലാവുമുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തിലാണ് വ്യാപകമായി കാണപ്പെടുന്നത്. അപൂര്‍വ്വമായി 5000 അടി ഉയരത്തിലും ഇവ വളരുന്നുണ്ട്.

ആണ്‍- പെണ്‍ പൂക്കള്‍ ഒരേമരത്തില്‍ തന്നെയാണ്. ആണ്‍ പൂക്കളാണ് ആദ്യമുണ്ടാകുന്നത്. മൂന്നോ നാലോ ദിവസം കഴിഞ്ഞ് പെണ്‍ പൂക്കള്‍ പ്രത്യക്ഷപ്പെടും. പരാഗണം പ്രധാനമായും നടക്കുന്നത് പഴംതീനി വവ്വാലുകള്‍ മുഖേനയാണ്. ഒരു വൃക്ഷത്തില്‍ നിന്നും 150-200 ചക്കകള്‍വരെ കിട്ടും. ഒരു ചക്കയ്ക്ക് ഒന്നുമുതല്‍ ആറു കിലോവരെതൂക്കമുണ്ടാകും

100 ഗ്രാമില്‍ ഊര്‍ജം 103 കാലോറി

കാര്‍ബോഹൈഡ്രേറ്റ് 27.12 ഗ്രാം, പഞ്ചസാര 11.00 ഗ്രാം, ഭക്ഷ്യനാര് 4.90 ഗ്രാം, കൊഴുപ്പ് 0.23 ഗ്രാം, പ്രോട്ടീന്‍- 1.07 ഗ്രാം, വിറ്റാമിന്‍-4: 22 മൈക്രോഗ്രാം, തയാമിന്‍-ബി1- 0.11 മില്ലിഗ്രാം, റിബോഫ്‌ളാമിന്‍ ബി2- 0.03 മില്ലിഗ്രാം, നിയാസിന്‍ ബി3- 0.90 മില്ലിഗ്രാം, പാന്റൊതെനിക് ആസിഡ് ബി5- 0.457 മില്ലിഗ്രാം, വിറ്റാമിന്‍ ബി6- 0.10 മില്ലിഗ്രാം, ഫോലേറ്റ് ബി9- 0.10 മില്ലിഗ്രാം, ഫോലേറ്റ് ബി9- 14 മൈക്രോഗ്രാം, കോലൈന്‍- 9.8 മില്ലിഗ്രാം, വിറ്റാമിന്‍ സി- 29.0 മില്ലിഗ്രാം, വിറ്റാമിന്‍ ഇ- 0.10 മില്ലിഗ്രാം, വിറ്റാമിന്‍ കെ. 0.50 മൈ ക്രോഗ്രാം, കാത്സ്യം- 17.0 മില്ലി ഗ്രാം, ഇരുമ്പ്- 0.54 മില്ലിഗ്രാം, മഗ്നീഷ്യം- 25.0 മില്ലിഗ്രാം, മാംഗനീസ്- 0.06 മില്ലിഗ്രാം, ഫോസ്ഫറസ്- 30.0 മില്ലിഗ്രാം, പൊട്ടാസ്യം- 490.0 മില്ലിഗ്രാം, സോഡിയം- 2.0 മില്ലിഗ്രാം, സിങ്ക്- 0.12 മില്ലിഗ്രാം, ജലാംശം- 70.65 ഗ്രാം

ശീമച്ചക്കയില്‍ 71 ശതമാനം ജലാംശമാണ്. കാര്‍ബോഹൈഡ്രേറ്റ് 27 ശതമാനവും പ്രോട്ടീന്‍ ഒരു ശതമാനവും വളരെ കുറച്ച് കൊഴുപ്പുമുണ്ട്. വിറ്റാമിന്‍-സി, തയാമിന്‍, പൊട്ടാസ്യം എന്നിവ കൂടുതല്‍ അടങ്ങിയിട്ടുണ്ട്.

ശീമച്ചക്കയുടെ ഗുണങ്ങള്‍

ശീമച്ചക്കയുടെ ഗുണങ്ങള്‍ പറഞ്ഞറിയിക്കാവുന്നതല്ല. ഇതിലടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് ധാരാളം ഊര്‍ജം പ്രദാനം ചെയ്യുന്നു. ശരീരത്തിന് ഉന്മേഷവും പ്രസരിപ്പും തന്മൂലമുണ്ടാകും. ഭക്ഷ്യനാരിന്റെ അംശം കുടലില്‍ അടിയുന്ന വിഷാംശം ഒഴിവാക്കി ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നു. ഉണക്കി പൊടിച്ചെടുക്കുന്ന മാവ്, ഗോതമ്പ് മാവിനേക്കാള്‍ മെച്ചപ്പെട്ടതാണ്. ധാ രാളം അമിനോ ആസിഡുകള്‍ ഇതിലുണ്ട്.

ശീമച്ചക്കയില്‍ അടങ്ങിയിട്ടുള്ള ഒമേഗ- 3, ഒമേഗ- 6 എന്നിവ ശരീരത്തിന്റെയും തലച്ചോറിന്റെയും വളര്‍ച്ചക്ക് ഉത്തമമാണ്. മുടിവളരുന്നതിനും, ലൈഗികശേഷി വര്‍ധിപ്പിക്കുന്നതിനും ഉതകും. ചര്‍മ്മത്തിനു നിറം നല്‍ കാനും അസ്ഥികള്‍ക്ക് ബലംകിട്ടുന്നതിനും സഹായകമാണ്.

ശീമച്ചക്കയുടെ ഉപയോഗം

ചക്കയും ഇലയും കറയുമെല്ലാം മരുന്നായി ഉപയോഗിക്കുന്നു. ആസ്തമ, ഡയബറ്റിസ്, ചര്‍മ്മരോഗം, വയറിളക്കം എന്നിവയ്ക്ക് ഉത്തമ ഔഷധമാണ്. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. വന്‍കുടലില്‍ ഉണ്ടാകുന്ന കാന്‍സറിനെ ചെറുക്കാന്‍ സാധിക്കും. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഉപകരിക്കും.

ശീമച്ചക്ക സംസ്‌കരണം

എല്ലാവിധത്തിലും സംസ്‌കരിച്ച് ഭക്ഷ്യയോഗ്യമാക്കാവുന്നതാണ്. വറുത്ത് ചിപ്‌സാക്കിയും പുഴുങ്ങിയും ഉണക്കിപ്പൊടിച്ച് മാവാക്കിയും പലതരത്തിലും ഉപയോഗിക്കാവുന്നതാണ്. ശീമച്ചക്ക കഴിവതും രാത്രിയില്‍ കഴിക്കാതിരിക്കുന്നത് നല്ലത്. കാര്‍ബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവയുടെ തോത് കൂടുതലായി കാണപ്പെടുന്നതിനാലാണിത്.

ഡോ. എന്‍.ജി. ബാലചന്ദ്രനാഥ്

സെക്രട്ടറി, ഫാം ജേര്‍ണലിസ്റ്റ് ഫോറം

തിരുവനന്തപുരം. ഫോണ്‍: 94477 67 824.

അവസാനം പരിഷ്കരിച്ചത് : 4/24/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate