অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നീര

കേരള രക്ഷയ്ക്ക് നീരയിലൂടെ വഴി

നീരയുടെ അദ്ഭുതകരമായിട്ടുള്ള വ്യാപാര- വാണിജ്യ- വ്യാവസായിക സാധ്യതകള്‍ കണ്ടറിഞ്ഞതോടെ ആഗോള കേരകൃഷിരംഗത്ത് നവോത്ഥാനത്തിന്റെ ഒരു പുതിയശക്തി രൂപംകൊണ്ടിരിക്കുന്നു. കരിക്കിന്‍ വെള്ളവും വെര്‍ജിന്‍ കോക്കനട്ട് ഓയിലും സൃഷ്ടിച്ച പ്രതീക്ഷയുടെ പിന്നാലെയാണ് 'നീര' രൂപംനല്‍കിയിരിക്കുന്ന വമ്പിച്ച പ്രതീക്ഷകളും വിപുലമായ അവസരങ്ങളും ഉദിച്ചിരിക്കുന്നത്.

മദ്യാംശം (ആല്‍ക്കഹോള്‍) ഇല്ലാതെ, പുളിക്കാന്‍ അനുവദിക്കാതെ, മൂന്നുമുതല്‍ ആറുമാസം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുമെന്ന ശാസ്ത്രീയ കണ്ടുപിടിത്തം മാത്രമല്ല അതുവഴി കേരപഞ്ചസാരയും ശര്‍ക്കരയും തുടങ്ങി ആധുനികലോകത്തിന് പ്രിയങ്കരമായ നൂഡില്‍സ് പോലുള്ള വിഭവങ്ങളും ഉണ്ടാക്കാമെന്ന ഉറപ്പുകളാണ് പുതിയ പ്രതീക്ഷകളുടെ സജീവയാഥാര്‍ഥ്യങ്ങള്‍.

ഇന്‍ഡൊനീഷ്യയാണ് നീര ഉത്പാദനത്തിലും ഉപഭോഗത്തിലും കയറ്റുമതിയിലും മുന്‍പില്‍നില്ക്കുന്ന രാഷ്ട്രം. പ്രതിമാസം അരലക്ഷം ടണ്‍ കേരപഞ്ചസാര അവര്‍ ഉത്പാദിപ്പിക്കുന്നു. വര്‍ഷത്തില്‍ 6 ലക്ഷം ടണ്‍! ഒരു വര്‍ഷം 150 കോടി ഡോളറിന്റെ ബിസിനസ്സാണ് അവര്‍ക്ക് ഇതുവഴി കിട്ടുന്നത്. പഞ്ചസാരയുടെ ആറ് ഇരട്ടി സിറപ്പും ഉത്പാദിപ്പിച്ച് അവര്‍ വില്‍ക്കുന്നു. ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ മാത്രമല്ല ഇന്ത്യയിലേക്കും ഇതിന് എത്താന്‍ കഴിയും. തിരുവനന്തപുരത്ത് ഇപ്പോള്‍ തായ്‌ലന്‍ഡില്‍നിന്ന് ടിന്നില്‍ പായ്ക്കുചെയ്ത 'ഇളനീര്‍' സമൃദ്ധമായി വില്‍ക്കുന്നതുപോലെ വിദേശനിര്‍മിത നീരയും നീര ഉത്പന്നങ്ങളും ഇന്ത്യയിലും കേരളത്തിലും വില്‍ക്കുന്നത് കാണാന്‍ നമുക്ക് കഴിഞ്ഞെന്നുവരാം.

നീരയുടെയും അതില്‍നിന്നുള്ള ഉത്പന്നങ്ങളുടെയും ഗുണങ്ങള്‍ ഇന്‍ഡൊനീഷ്യയിലെയും ഫിലിപ്പീന്‍സിലെയും ഗവേഷകരും ഇന്ത്യയിലെ ശാസ്ത്രജ്ഞരും പറയുന്നത് കേള്‍ക്കുക.

ഗുണങ്ങൾ

* ഇതില്‍ ആല്‍ക്കഹോള്‍ ഇല്ല.

* നീരയില്‍ കൊഴുപ്പും കൊളസ്‌ട്രോളും ഇല്ല.

* പൊട്ടാസ്യവും സോഡിയവും സമൃദ്ധം.

* കേരപഞ്ചസാരയും ശര്‍ക്കരയും പ്രമേഹസൗഹൃദങ്ങളായ വിഭവങ്ങളാണ്.

* എല്ലാ പ്രായക്കാര്‍ക്കും ഇത് കഴിക്കാം.

* ഇതൊരു പ്രകൃതിദത്ത ആരോഗ്യപാനീയമാണ്. മദ്യമായി ഇതിനെ ചിത്രീകരിക്കുന്നില്ല.

ഇന്‍ഡൊനീഷ്യ ഇതിന്റെ വ്യാപാരം വന്‍ വ്യവസായമാക്കുന്നു. തദ്ദേശീയരും വിദേശികളും വ്യവസായരംഗത്തുണ്ട്. വമ്പന്‍ ബഹുരാഷ്ട്ര കമ്പനിയായ 'യൂണിലിവര്‍'പ്രതിവര്‍ഷം 30000 ടണ്‍ കേരപഞ്ചസാര വാങ്ങുന്നുണ്ട്. മധുരമുള്ള 'സോയി സോസ് 'ഉണ്ടാക്കാനാണിത്. അതുപോലെ 'ഇന്‍ഡൊഫുഡ്' എന്നപേരില്‍ ഒരുതരം നൂഡില്‍സ് ഉണ്ടാക്കാന്‍ 30000 ടണ്‍ കേരപഞ്ചസാര ഉപയോഗിക്കുന്നുണ്ടത്രേ.

ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും ഈ വ്യവസായം ക്രമേണ രൂപംകൊള്ളുന്ന വിവരം നാം മറക്കരുത്. ഇന്ത്യയില്‍ കേരകൃഷി തമിഴകത്തിലും കര്‍ണാടകത്തിലും ആന്ധ്രയിലും ഒഡിഷയിലും മാത്രമല്ല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പെരുകുകയാണ്. വളരെ ശാസ്ത്രീയമായിട്ടാണ് പുത്തന്‍ കേരകൃഷി.

കര്‍ണാടക സര്‍ക്കാര്‍ നാളികേര വികസന ബോര്‍ഡിന്റെ സാങ്കേതിക സാമ്പത്തിക സഹായത്തോടെ 'നീര' തയ്യാറാക്കി വില്പന തുടങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്ന വാര്‍ത്ത വന്നുകഴിഞ്ഞു. കൂടുതല്‍ യൂണിറ്റുകള്‍ തുടങ്ങുമ്പോള്‍ അത് കേരളത്തിലേക്ക് പ്രവഹിക്കും. ഇപ്പോള്‍ കര്‍ണാടക ഇളനീര്‍ കേരളീയരുടെ ദാഹം ശമിപ്പിക്കുന്നത് സര്‍വയിടത്തും കാണാം. കരിക്കിന്‍ കോര്‍ണര്‍ പോലെ നാളെ 'നീര കോര്‍ണര്‍'നടത്താന്‍ അവര്‍ ആസൂത്രിത പദ്ധതികള്‍ വഴി കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതായും വാര്‍ത്തകളുണ്ട്.

കാഴ്ചപ്പാടുകൾ

ഒരു തെങ്ങില്‍നിന്ന് ദിനംപ്രതി രണ്ടുലിറ്റര്‍ നീര സാധാരണഗതിയില്‍തന്നെ ലഭിക്കും.175 തെങ്ങുള്ള ഒരു ഹെക്ടര്‍ തെങ്ങിന്‍തോപ്പിലെ 80 തെങ്ങുകളുടെ മൂന്ന് പൂങ്കുലകള്‍ വീതം ചെത്തിയാല്‍ വാര്‍ഷിക ആദായം ഏഴു ലക്ഷം രൂപയിലധികം വരുമെന്ന് കണക്കാക്കിയിട്ടുണ്ട്. നീരയില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍കൂടി പുറത്തുവരുമ്പോള്‍ ആദായവും തൊഴില്‍സാധ്യതയും വ്യവസായിക ഉയര്‍ച്ചയും മറ്റു പലതും ഇതിനുപുറമേ സൃഷ്ടിക്കപ്പെടും.

ഇവിടെ ഇപ്പോള്‍ ഉയര്‍ന്നുവരേണ്ട ഒരു ശക്തിയാണ് കര്‍ഷക താത്പര്യം.'നീരകര്‍ഷകര്‍' എന്ന ഒരു വിഭാഗം തന്നെ ഈ രംഗത്ത് വേഗം രൂപംകൊള്ളും. കേരകര്‍ഷകരുടെ 'ഫാര്‍മര്‍ കമ്പനി'ക്കാരായിരിക്കും പുതിയ പ്രസ്ഥാനത്തിന്റെ സംഘാടകരും നടത്തിപ്പുകാരും. അല്ലെങ്കില്‍ കൃഷിക്കാരുടെ താത്പര്യം ഇല്ലാതായിപ്പോകും. നിലവില്‍ കള്ളുവ്യവസായത്തില്‍ കൃഷിക്കാര്‍ പാടേ ശക്തിഹീനരാണ്. ശക്തരായ വ്യവസായികളും സംഘടിതരായ തൊഴിലാളികളും അതിശക്തമായ സര്‍ക്കാര്‍ വകുപ്പും കൂടിച്ചേരുമ്പോള്‍ കര്‍ഷകര്‍ക്ക് അതില്‍ താത്പര്യമില്ലാതാകുന്നതിനു കാരണം തെങ്ങിന്റെ ഉടമയ്ക്ക് തുച്ഛമായ വരുമാനം മാത്രം ലഭിക്കുന്നതുമൂലമാണ്.

'കര്‍ഷകരക്ഷ' ഉണ്ടായാല്‍ മാത്രമേ 'കേരരക്ഷ' ഉണ്ടാകൂ. അതില്ലെങ്കില്‍ കേരകൃഷിയും അനുബന്ധവ്യവസായങ്ങളും വരണ്ടുനശിക്കും. പക്ഷേ, ഇന്ത്യയിലെ മറ്റ് പ്രമുഖ കേരകൃഷി സംസ്ഥാനങ്ങളായ കര്‍ണാടകവും തമിഴകവും ആന്ധ്രയും മഹാരാഷ്ട്രയും ഒഡിഷയുമൊക്കെ വിപുലമായി 'നീര' ഉത്പാദനത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. അതുപോലെ പുതിയ റീജ്യണല്‍ കരാറുകളുടെ പഴുതുകളിലൂടെയും അല്ലാതെയും ശ്രീലങ്കയും ഇന്‍ഡൊനീഷ്യയും ഫിലിപ്പീന്‍സും നീരയും നീര വിഭവങ്ങളും ഇന്ത്യയിലേക്കും അങ്ങനെ കേരളത്തിലേക്കും എത്തിക്കും എന്നത് ഉറപ്പാണ്.

ഈ കാഴ്ചപ്പാടില്‍ കേരളം വളരെവേഗം നീര ഉത്പാദനത്തിലും മൂല്യവര്‍ധിത ഉത്പന്നങ്ങളിലും ശ്രദ്ധിക്കണം. ഇതിന് സാങ്കേതിക വിദഗ്ധരുടെയും ഗവേഷകരുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും വന്‍കൂട്ടായ്മ സര്‍ക്കാര്‍ നേതൃത്വത്തില്‍തന്നെ രൂപമെടുക്കണം. അപ്പോഴും ഒരു കാര്യം മറക്കരുത് കൃഷിക്കാരുടെ തെങ്ങുകൃഷിയില്‍ നിന്നുള്ള ആദായമാകണം മുഖ്യലക്ഷ്യം. കാരണം 60ലക്ഷം ചെറുകിട കൃഷിയിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന തെങ്ങുകൃഷി ഇപ്പോള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ കേരവൃക്ഷങ്ങള്‍ അന്യമാവുകയാണ്.കാലാവസ്ഥാ വ്യതിയാനം മൂലം രോഗങ്ങളും കീടങ്ങളും തെങ്ങിനെ കൂടുതലായി ബാധിക്കുന്നു.സങ്കരയിനം തെങ്ങുകളില്‍പ്പോലും കീടാക്രമണം അതി രൂക്ഷമാണ്.ഫലപ്രദമായ കീടനാശിനികള്‍ ലഭിക്കാനില്ല.സസ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും വളപ്രയോഗത്തിനും കര്‍ഷക തൊഴിലാളികളുടെ അഭാവം ദൃശ്യമാണ്.കൂലിയും വളരെ കൂടുതലാണ്.

വളത്തിനു തീപിടിച്ച വില.തേങ്ങയിടാന്‍ തെങ്ങുകയറ്റക്കാര്‍ക്കു കൊടുക്കുന്ന കൂലി പോലും തേങ്ങ വിറ്റാല്‍ കിട്ടുന്നില്ല.

45 ലക്ഷം കേരകര്‍ഷകരും ലക്ഷക്കണക്കിനു തെങ്ങും കേരളത്തിലുണ്ട്.വളപ്രയോഗമോ സസ്യസംരക്ഷണമോ ഒന്നും ചെയ്യാതെ കേരവൃക്ഷങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്.ഉത്പന്നത്തിനു വില ലഭിച്ചാല്‍ മാത്രമേ തെങ്ങു സംരക്ഷണം സാധ്യമാകൂ.ഒരു കോഴിമുട്ടയുടെ വില പോലും ലഭിക്കുന്നില്ല.തേങ്ങാ വിറ്റു കുടുംബം പോറ്റിയിരുന്ന തേങ്ങാകര്‍ഷകര്‍ ഇനി എങ്ങനെ എന്നു ചിന്തിക്കുകയാണ്.

കേരളം എന്ന പേരു പോലും ഇല്ലാതാകാതിരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അതീവ താല്പര്യം കാണിക്കണം.ഇത്രയധികം കേന്ദ്രമന്ത്രിമാരും ഭരണസ്വാധീനവും കേരളത്തിനുണ്ടായിട്ടും ഭരണാധികാരികള്‍ കേരകൃഷിയുടെ നാശം കണ്ടില്ലെന്നു നടിക്കുകയാണോ?

കുറേ പച്ചത്തേങ്ങ ചില ജില്ലകളില്‍ നിന്നു സംഭരിച്ചതുകൊണ്ടു മാത്രം പ്രശ്‌നം തീരില്ല.വിദേശ സസ്യ എണ്ണകളുടെ ഇറക്കുമതി വര്‍ഷം തോറും കൂടിക്കൂടി വരുന്നു.കഴിഞ്ഞ നവംബര്‍ മുതല്‍ ഇക്കൊല്ലം മെയ് വരെയുള്ള ഏഴു മാസം ഇന്ത്യ ഇറക്കുമതി ചെയ്തത് 11 ലക്ഷത്തോളം ടണ്‍ പാമോയില്‍ ആണ്.

മുന്‍ കൊല്ലം ഇതേ കാലയളവില്‍ അഞ്ടര ലക്ഷം ടണ്‍ മാത്രമായിരുന്നു ഇറക്കുമതി.ഇവ കേന്ദ്ര സബ്‌സിഡിയോടെയാണ് പൊതുവിതരണ സംവിധാനം വഴി ഉപഭോക്താക്കളുടെ കൈകളില്‍ എത്തുന്നത്.ഇതേ രീതിയില്‍ സബ്‌സിഡി നല്‍കി വെളിച്ചെണ്ണയും പൊതുവിതരണ സംവിധാനത്തിലൂടെ ജനങ്ങളിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞാല്‍ ഒരു സമാശ്വാസ നടപടിയാകും.

നാളികേര വൈവിധ്യവത്കരണ വിഭാഗത്തില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല2000 മുതല്‍ നാലു വര്‍ഷക്കാലം ഗവേഷണങ്ങള്‍ നടത്തി.‘കേരസുധ’ എന്ന പേരില്‍ വിഭവങ്ങള്‍ ഉരുത്തിരിച്ചെടുത്തത് ഇന്നും വെളിച്ചം കാണാതെ കിടക്കുന്നു.

നിയമക്കുരുക്കില്‍ നിന്ന് എത്രയും വേഗം നീരയെ മോചിപ്പിച്ചാല്‍ അത് തെങ്ങു കര്‍ഷകര്‍ക്കു രക്ഷയാകും.പ്രമേഹ രോഗികള്‍ക്കു പോലും ഉപയോഗിക്കാവുന്ന മധുരം എന്ന സവിശേഷത നീരയ്ക്കുണ്ട്.

നീരയില്‍ 17 ശതമാനം അന്നജമാണുള്ളഥ്.പോഷക ഔഷധമൂല്യ സമ്പന്നമായ നീര ക്ഷയരോഗത്തിനും വിളര്‍ച്ചയ്ക്കും ആസ്തമയ്ക്കും പ്രതിവിധിയാണ്.മധുരക്കള്ള് പുളിക്കാതെ സൂക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യ മൈസൂരിലെ ഡിഎഫ്ആര്‍എല്‍, ഡിഎഫ്ടിആര്‍ഐ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നു വികസിപ്പിച്ചെടുത്തിട്ടുണ്ട്.

തെങ്ങില്‍ നിന്നുള്ള മധുരക്കള്ള് പുളിക്കാന്‍ അനുവദിക്കാതിരുന്നാല്‍ നീരയാകും.ലോകത്തു ലഭ്യമാകുന്നതില്‍ ഏറ്റവുമധികം രുചിയും ഔഷധഗുണവും പോഷകമൂല്യവുമുള്ള പ്രകൃതിദത്ത പാനീയമെന്നു നീരയെ വിശേഷിപ്പിക്കുന്നു.ഇതു മദ്യാംശം തീരെയില്ലാത്തതും ഏറെക്കാലം കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കാവുന്നതുമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.കേരസുധ എന്ന പേരില്‍ നീര വിപണിയിലിറക്കാനുള്ള സാങ്കേതികവിദ്യ കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്.

തെങ്ങു കര്‍ഷകരെ രക്ഷിക്കാന്‍ കര്‍ണാടക സംസ്ഥാനം നീര ഉത്പാദനം ആരംഭിക്കുന്നു.ശ്രീലങ്ക ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, തായ്‌ലന്റ്, മലേഷ്യ, വിയറ്റ്‌നാം,ചൈന തുടങ്ങിയ രാജ്യങ്ങള്‍ തെങ്ങില്‍ നിന്നു നീരയും നീരയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളും ഉത്പാദിപ്പിച്ച് ആഭ്യന്തര ഉപഭോഗത്തിലൂടെയും കയറ്റുമതിയിലൂടെയും മികച്ച വരുമാനം ഉണ്ടാക്കുന്നു.

റബ്ബര്‍ വിലയിടിവ് പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനു റബ്ബര്‍ ബോര്‍ഡ് ചെയര്‍മാനെ വിളിച്ചുവരുത്തി പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതകള്‍ പരിഷോധിക്കണമെന്ന് പ്രധാനമന്ത്രി കേന്ദ്ര വാണിജ്യമന്ത്രിക്കു നിര്‍ദേശം നല്‍കിയതുപോലെ , നാളികേര വികസന ബോര്‍ഡ് ചെയര്‍മാനുമായി കൃഷിമന്ത്രി ചര്‍ച്ച ചെയ്തു സസ്യ എണ്ണകളുടെ ഇറക്കുമതി നിയന്ത്രിക്കണം.

അതുപോലെ തന്നെ സംസ്ഥാന സര്‍ക്കാര്‍ നീര ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തെങ്ങില്‍ നിന്ന് ഉത്പാദിപ്പിച്ച് ആഭ്യന്തര-വിദേശ പിവണി കണ്ടുപിടിക്കുകയും ചെയ്താല്‍ കേരളത്തിലെ തെങ്ങും തെങ്ങു കര്‍ഷകനും രക്ഷപ്പെടും.തേങ്ങയുടെ വിലയിടിവിനു ശാശ്വത പരിഹാരമാകണമെങ്കില്‍ തെങ്ങില്‍ നിന്നു നീര ഉത്പാദിപ്പിക്കുകയും മൂള്യവര്‍ധിത ഉത്പന്നങ്ങള്‍ ധാരാളമായി വിപണിയില്‍ ഇറക്കുകയും വേണം.

നാളികേര വികസ ബോര്‍ഡ് തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിനു രൂപം നല്‍കിയതുപോലെ നീര ഉത്പാദനത്തിനു മുമ്പോട്ടു വരുന്ന യുവജനങ്ങള്‍ക്കു പ്രോത്സാഹനവും പരിശീലനവും നല്‍കണം.

നീര മാറ്റിവരയ്ക്കുമോ കേരളത്തിന്‍റെ മുഖഛായ?

ആര്‍ ഹേലി

നീര ഉത്പ്പാദനം ഒരു പടുകൂറ്റന്‍ വ്യവസായമായി മാറുകയാണ്. അല്പം മൃദുവായി പറഞ്ഞാല്‍ ഒരു കറയറ്റ അഗ്രി ബിസിനസ്. ഇതിനുളള തയ്യാറെടുപ്പുകളെ കുറിച്ച്  നാം ഗൗരവതരമായി ചിന്തിച്ചു തുടങ്ങേണ്ട, കഠിനമായി പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആദ്യമായി ഇന്ത്യന്‍ ശീതളപാനീയവിപണിയിലേയ്ക്കുള്ള നീരയുടെ കടന്നുകയറ്റം വളരെ തീക്ഷ്ണമായ പഠനത്തിന് വിധേയമാക്കണം. കേന്ദ്ര നാളികേര ബോര്‍ഡിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ  ഇന്ത്യന്‍ നാളികേര ജേണലിന്റെ ജൂണ്‍ പതിപ്പിലെ ഒരു പരാമര്‍ശം മാത്രം മതി ഇതിന്റെ വ്യാപ്തി അറിയുവാന്‍. തമിഴ്‌നാടും കര്‍ണ്ണാടകവും കേരളത്തെ കടന്ന് ഈ രംഗത്ത് മുന്നേറുമെന്ന് മാത്രമല്ല നീര പ്രചരണരംഗത്ത് കേരളം നടത്തിയ തുടക്കം ശ്രദ്ധിക്കപ്പെടാതെ പോകും വിധമായിരിക്കും ആ മുന്നേറ്റം എന്നും കൂടി എഴുതിയിരിക്കുന്നു.

വളരെ ശ്രദ്ധാര്‍ഹമായ പരാമര്‍ശമായി ഇന്ത്യയും കേരളവും ഇതിനെ കാണണം.  ഈ വര്‍ഷം 32 കോടി രൂപ 'നീരയുടെ വികസനത്തിന് ബഡ്ജറ്റില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്ന വിവരവും ജേണല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 362 ഫെഡറേഷനുകള്‍ക്ക് നീര ഉത്പാദിപ്പിക്കാന്‍ ഗവണ്‍മെന്റ് അനുമതി നല്കിയിട്ടുണ്ട്. ഓരോ ഫെഡറേഷനും 5000 തെങ്ങുകള്‍ വരെ ടാപ്പു ചെയ്യാനുളള അനുമതിയും ലഭ്യമാക്കിയിരിക്കുന്നു.

ഈ സാമ്പത്തികവര്‍ഷം അവസാനമാകുമ്പോള്‍ കേരളത്തില്‍ ദിവസവും 15 ലക്ഷത്തോളം തെങ്ങുകള്‍ ടാപ്പു ചെയ്യാന്‍ കഴിഞ്ഞേക്കും.  കാരണം 18 ലക്ഷത്തില്‍ പരം തെങ്ങുകളില്‍ നിന്ന് നീര സംഭരിക്കാന്‍ 362 ഫെഡറേഷനുകള്‍ക്ക് ഗവണ്‍മെന്റ് അനുമതി നല്‍കി കഴിഞ്ഞിരിക്കുന്നു.  അതിനാല്‍ ദിവസവും മുപ്പത് ലക്ഷം ലിറ്റര്‍ നീര ഉല്‍പ്പാദിപ്പിച്ചാല്‍ അതൊരു അത്ഭുതമാവില്ല. പക്ഷേ ഇതിന് വന്‍ പിന്തുണ ആവശ്യമാണ്.

ഈ പശ്ചാത്തലത്തിലാണ് തമിഴ്‌നാടിന്റെയും കര്‍ണ്ണാടകത്തിന്റെയും ഈ മേഖലയിലേക്കുള്ള അതിശക്തമായ കടന്നുവരവ് കേരളത്തെ പിന്നിലാക്കിയേക്കാമെന്ന വാര്‍ത്തകള്‍ നാളികേര ബോര്‍ഡിന്റെ ജേര്‍ണലില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേരളത്തിലും ഇന്ത്യയിലും ആരോഗ്യ പാനീയരംഗത്ത് വരും വര്‍ഷങ്ങളില്‍ സംഭവിച്ചേക്കാവുന്ന അതിഗംഭീരമായ ഈ മാറ്റം വന്‍ പ്രതീക്ഷകളാണ് ജനിപ്പിക്കുന്നത്.

കോടിക്കണക്കിന് രൂപയുടെ നിക്ഷേപം, അതി വിപുലമായ വിപണനസന്നാഹം, അതിശക്തമായ ഗവേഷണ പിന്തുണ, ആരോഗ്യ പാനീയമായതിനാല്‍ മായം ചേര്‍ക്കലില്‍ നിന്നുളള സുരക്ഷ, സമര്‍ത്ഥമായ പ്രചരണം ഇവയെല്ലാം കൂടി യോജിപ്പിക്കുകയാണ് അടിയന്തരാവശ്യം.

കേരളത്തില്‍ കര്‍ഷകരുടെ സംഘങ്ങള്‍ക്കാണ് നീര ചെത്താനും സംഭരിക്കാനും വില്‍ക്കാനും നീര അധിഷ്ഠിത മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുമുളള ലൈസന്‍സ് നല്‍കിയിരിക്കുന്നത്. കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഇത് വളരെ ഉപകരിക്കും.  വന്‍തോതില്‍ വായ്പാ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഒരു കണ്‍സോര്‍ഷ്യം  തന്നെ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കാം.  കാരണം ഇത് ഒരു വന്‍ വ്യവസായമായി  മാറുകയാണല്ലോ!


അതോടൊപ്പം നീരയുടെയും നീര ഉത്പ്പന്നങ്ങളുടെയും  ബിസിനസ്സിലേക്ക് കടന്നുവരാന്‍ വന്‍ തോതില്‍ സംരംഭകരെ  ആവശ്യമുണ്ട്.  വ്യവസായ വകുപ്പിന്റെ നവസംരംഭകരെ ഈ മേഖലയിലേയ്ക്ക് ആകര്‍ഷിക്കാനുളള യത്‌നങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ റീട്ടെയില്‍ വിതരണ ശൃംഖല ഗ്രാമഗ്രാമാന്തരങ്ങളിലും ട്രെയിനുകളിലും വ്യാപാരകേന്ദ്രങ്ങളിലും ഇന്ത്യന്‍ നഗരങ്ങളിലും എത്തിക്കാനുളള പരിശ്രമങ്ങള്‍ നിര്‍വ്വഹിക്കേണ്ട ഏജന്‍സികളും  ഇനി രൂപമെടുക്കണം.

ഗോവയില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ നീരയുടെ പ്രചാരണത്തിന് വന്‍ തുടക്കമാണ് കുറിച്ചിരിക്കുന്നത്! നീരയ്ക്ക് ഗോവ നല്‍കിയിരിക്കുന്ന ഓമനപേര് 'കല്പരസ'എന്നത്രെ! ഗോവയിലെ ശ്രീകൃഷ്ണ പ്ലാന്‍ടേഴ്‌സാണ് സി.പി.സി.ആര്‍.ഐ ടെക്‌നോളജി ഉപയോഗിച്ച് നീര ഉല്‍പാദിപ്പിച്ച് വിപണിയില്‍ ഇറക്കുന്നത്.  ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഡപ്യൂട്ടി ഡയറക്ടര്‍ ജനറലിന്റെ അഭിപ്രായത്തില്‍ 'മികച്ച ആരോഗ്യപാനീയം മാത്രമല്ല അതുല്ല്യമായ ഒരു സ്പോര്‍ട്ട്സ് പാനീയം കൂടിയാണത്രെ കല്പരസം!

തേങ്ങ ഉത്പാദനത്തിന്റെ പത്തിരട്ടി ലാഭം നീര ഉത്പാദിപ്പിക്കുക വഴി കിട്ടുമെന്ന് സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ.പി ചൗഡപ്പ തുറന്നു പറഞ്ഞു. ഗോവയിലെ സുപ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍  തുറന്ന വിപണികളില്‍ 'കല്പരസം' വിളയാടാന്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു എന്നര്‍ത്ഥം. സ്വകാര്യ വ്യവസായ വാണിജ്യ രംഗം ഈ സംഭവ വികാസങ്ങളെ അതീവ താല്പര്യത്തോടെ വീക്ഷിക്കുകയാണ്. 'നീരയ്ക്ക് ഫ്രാഞ്ചൈസികളെ ആവശ്യപ്പെട്ടും മറ്റും പത്ര പരസ്യങ്ങള്‍ കേരളത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും ശ്രദ്ധേയമാണ്.


  • പാം ഷുഗര്‍

തമിഴ്‌നാടും കര്‍ണ്ണാടകവും കൂടി വന്‍ തോതില്‍ നീര ഉത്പാദന വിപണനത്തിനും അനുബന്ധ വ്യവസായ വികസനത്തിനും ഒരുങ്ങിയാല്‍ അതു പൂര്‍ണ്ണമായി ഉള്‍ക്കൊളളാന്‍ ഇന്ത്യയ്ക്ക് കഴിയും. പക്ഷെ അതിനുളള തയ്യാറെടുപ്പുകള്‍ വളരെ വിപുലമായി നടത്തണം. ദിവസം രണ്ടു നേരം പാലു കറന്ന് സംഭരിച്ച്, പാലും വിവിധ ഉത്പന്നങ്ങളുമാക്കി വില്ക്കുന്ന ഒരു മഹാപ്രസ്ഥാനം ഇന്ത്യയില്‍ നിലനില്‍ക്കുകയും വളരുകയും ചെയ്യുന്നു. സംഘടിതമായ പാല്‍ സംഭരണവും വിതരണവും ഉത്പന്നങ്ങള്‍ തയ്യാറാക്കലും സമാന്തരമായി സഹകരണ മേഖലയിലും സ്വകാര്യമേഖലയിലും പ്രശസ്തമാം വിധം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ കര്‍ഷക താല്പര്യങ്ങള്‍ പരിഗണിക്കാറുണ്ടെങ്കിലും ഒരു വന്‍ വാണിജ്യ വ്യവസായരംഗമായിട്ടാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മാത്രമല്ല യൂറോപ്യന്‍ പാല്‍ വിപണി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുളള പരിശ്രമങ്ങള്‍ ശക്തമായി നടത്തുകയും പലപ്പോഴും വിജയിപ്പിക്കുകയും ചെയ്യുന്നുണ്ട്. നാട്ടിന്‍ പുറത്തെ പശു വളര്‍ത്തല്‍ രീതി തന്നെ കേരളത്തിലും ഇന്ത്യയിലും മാറി കഴിഞ്ഞിരിക്കുന്നു. പഴമയുടെ മഹിമ തെളിയിച്ചുകൊണ്ടുളള പശു വളര്‍ത്തല്‍ പ്രസ്ഥാനം ശക്തി പ്രാപിക്കുന്നതും വളരെ ശ്രദ്ധേയമായി പഠിക്കേണ്ടതാണ്.  അവയെ തളളിക്കളയാന്‍ കഴിയാത്ത വിധം വളര്‍ച്ച ദൃശ്യമായി തുടങ്ങിയിട്ടുണ്ട്.  ഈ രംഗത്തും നാടന്‍ വാണിജ്യ വ്യവസായ ശക്തികള്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു.

നീരയുടെ സാന്നിദ്ധ്യം ദക്ഷിണ ഇന്ത്യയില്‍ വളരെ പ്രകടമായ ഒരു സാമ്പത്തിക ശക്തിയായി പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കേരകൃഷിയില്‍ അധിഷ്ഠിതമായ വാണിജ്യ വ്യവസായ മേഖല പ്രകാശിച്ചു തുടങ്ങിയിരിക്കുന്നു. പശുവും എരുമയും ഇല്ലെങ്കില്‍ പാലില്ല എന്ന സത്യം ക്ഷീര മേഖലയ്ക്ക് എത്രത്തോളം പ്രധാനമാണോ, അത്രയ്ക്ക് സുപ്രധാനമാണ് നീര രംഗത്തെ കേരളസാന്നിദ്ധ്യവും.  ഒപ്പം നാളികേര കൃഷിയിലും പരിചരണത്തിലും  ഏര്‍പ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിന് ഉത്പ്പാദകരും കേരവൃക്ഷത്തെ പോലെ പ്രാധാന്യം അര്‍ഹിക്കുന്നു!

നീര ചെത്താന്‍ കഴിയുന്ന തെങ്ങുകളുടെ എണ്ണം അരക്കോടി കഴിയും.  ഇതില്‍ 25 ലക്ഷം തെങ്ങുകളെ ദിവസം നീര ഉത്പാദനത്തിന് വിധേയമാക്കിയാല്‍ തന്നെ 50 ലക്ഷം ലിറ്റര്‍ നീര ലഭിക്കും. പ്രതിവര്‍ഷം കുറഞ്ഞത് 150 കോടി ലിറ്റര്‍ നീര. ഇപ്രകാരം ശേഖരിച്ച് നീരയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുമായി വിറ്റഴിച്ചാല്‍ കിട്ടുന്നത് 'കച്ചവട കണക്കാണ്.  അതു കണക്കാക്കി കൊളളുക! എത്ര കുറഞ്ഞാലും 20000 കോടിയില്‍ കുറയില്ല!

ഇത്രയും ഉണ്ടാകുന്നത് വെറും അരക്കോടി തെങ്ങുകളെ ഉപയോഗിക്കുന്നത് കൊണ്ടു മാത്രം!  ഇനിയും കിടക്കുന്നു, നമുക്ക് 50 കോടിയോളം തെങ്ങുകള്‍!  മാത്രവുമല്ല  ലക്ഷക്കണക്കിനു തെങ്ങിന്‍ തൈകള്‍ വര്‍ഷം തോറും നടാം! വളര്‍ത്താം! വളര്‍ത്താം!

ഇത്രയും നീര സംഭരിച്ച് ആരോഗ്യപാനീയമായും പഞ്ചസാരയായും മറ്റും മാറ്റി ഇന്ത്യയിലെ ജന കോടികളുടെ പക്കല്‍ എത്തിക്കാന്‍ നമുക്ക് കഴിയുമോ?  ഇതാണ് യഥാര്‍ത്ഥ പ്രശ്‌നം.  കേരളം തമിഴകത്തിനും കര്‍ണ്ണാടകത്തിനും മുന്‍പില്‍ തോറ്റുപോകുമോ, എന്നല്ല നാം കാണേണ്ടത്.


  • നീര ചോക്ക്ലേറ്റ്

നീര ഉത്പാദനവും വിപണനവും ഇന്ത്യന്‍ കാര്‍ഷികമേഖല ഏറ്റെടുത്തിരിക്കുന്ന ഒരു വന്‍ വികസന വെല്ലുവിളിയായി നാം കാണണം, അവതരിപ്പിക്കണം. ഇത്രയുമൊക്കെ ആയിട്ടും കേരളസര്‍ക്കാരും നാളികേര വികസന ബോര്‍ഡും പ്രകടിപ്പിക്കുന്ന വന്‍ താല്പര്യവും, അതിസൂക്ഷമ നീക്കങ്ങളും അല്ലാതെ കേരള വികസനത്തെ കുറിച്ച് പഠിക്കാന്‍ നാം രൂപം നല്കിയിട്ടുളള സംസ്ഥാനത്തെ ഒട്ടനവധി ഏജന്‍സികള്‍ ഇതിനെക്കുറിച്ച് പഠിക്കാനോ ഒരഭിപ്രായം പറയാനോ മുന്‍പോട്ട് വന്ന് കാണുന്നില്ല. മാധ്യമങ്ങളുടെ കലവറയില്ലാത്ത പിന്തുണ ശക്തമായി  ഉയര്‍ന്നു നില്‍ക്കുന്നത് വന്‍ ഭാഗ്യം തന്നെ. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഒരു ലേഖനത്തിലൂടെ 2013 ല്‍ എഴുതിയത് ഇപ്രകാരമാണ് - സംസ്ഥാനത്തെ 10 ശതമാനം  തെങ്ങുകളില്‍ നിന്നു നീര ടാപ്പ് ചെയ്ത്, ലിറ്ററിന് 100 രൂപയ്ക്ക് വിറ്റാല്‍ സംസ്ഥാനത്തിന് കിട്ടുന്ന പ്രതിവര്‍ഷ വരുമാനം 14000 കോടി രൂപയാണ്.

2015 ആയപ്പോള്‍ തന്നെ കേരളം ഈ രംഗത്ത് വളരെ ശുഭോദര്‍ക്കമായ നേട്ടത്തിലേക്ക് വേഗം നീങ്ങുന്നു.  ഈ നീക്കത്തെ നവ വാണിജ്യ വ്യവസായ മേഖലയിലേക്ക് ആനയിക്കാന്‍ പ്ലാനിംഗ് ബോര്‍ഡും നേതൃത്വപരമായ വന്‍ ചുമതലകള്‍ ഏറ്റെടുക്കും എന്ന് പ്രത്യാശിക്കാം. പക്ഷെ ഇതു കൊണ്ടൊന്നും നീരയുടെ സാദ്ധ്യതകള്‍ പൂര്‍ണമാകുന്നില്ല.  അതിനുളള ദേശീയ, അന്തര്‍ദേശീയ സാധ്യതകള്‍ മനസ്സിലാക്കിയുളള പഠനങ്ങളും ചര്‍ച്ചകളും ഗവേഷണങ്ങളും ആവശ്യമായിട്ടുണ്ട്.

നാളികേര ഗവേഷണത്തിന്റേയും കേര കൃഷി വികസനത്തിന്റേയും രംഗത്തുളള കാലപ്പഴക്കം കൊണ്ട് തുരുമ്പിച്ച സമീപനങ്ങള്‍ മാറ്റി, വിപണിയേയും ഉത്പാദകനേയും സമ്പദ് വ്യവസ്ഥയേയും നവചൈതന്യ മേഖലേയ്ക്ക് മാറ്റാന്‍ നമുക്ക് കഴിയണം.

നീര ഒരു മത്സരരംഗമല്ല, നീര യഥാര്‍ത്ഥത്തില്‍ പ്രകൃതി അനുഗ്രഹിച്ചു നല്കിയ അപൂര്‍വ്വമായ പുണ്യനിധിയാണ്. അതിലൂടെ വളരാനും ഐശ്വര്യം നേടാനും ഉപയോഗിക്കുന്നതില്‍ ഇന്ത്യയ്ക്ക് ഒട്ടാകെ ഒന്നിച്ചു യത്‌നിക്കാം.  ഒരു കാര്യം തീര്‍ച്ച 21-ാം നൂറ്റാണ്ട് കേരളം ഐശ്വര്യത്തിന്റെ പുത്തന്‍  ഇതിഹാസങ്ങള്‍ രചിക്കുന്ന കാലഘട്ടമായിരിക്കും.


 

അവസാനം പരിഷ്കരിച്ചത് : 10/29/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate