অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മലപ്പുറത്തിന്റെ സ്വന്തം മുളക്

മലപ്പുറത്തിന്റെ സ്വന്തം മുളക്

പണ്ടൊരു മലപ്പുറത്തുകാരൻ തൊഴിൽ അന്വേഷിച്ച് കിഴക്കൻ രാജ്യങ്ങളിലേക്ക് ഉരു കയറി. അധികവും അറേബ്യൻ നാടുകളിലേക്ക് തൊഴിലന്വേഷിച്ചുപോകുകയെന്ന പതിവുതെറ്റിച്ചായിരുന്നു അത്. ഗൾഫിൽനാടുകളിൽനിന്ന് സ്വർണംവാരിവരുന്ന ഗ്‌ളാമർ താരങ്ങളിൽ നിന്ന് വ്യത്യസ്തനായ അദ്ദേഹം മലേഷ്യയിൽനിന്ന്  സ്വദേശത്തേക്ക് വന്നത് പഴുത്തുതുടുത്ത കുറച്ച്  മുളകുമായിട്ടായിരുന്നു. കൂട്ടുകാരും അയൽവാസികളും അയാൾക്ക് വട്ടായെന്ന് കരുതി പരിഹസിച്ചു. എന്നാൽ ആ മുളകിന്റെ വിത്തുകൾ വിതച്ച് കൃഷിതുടങ്ങിയ അദ്ദേഹം വിത്തുപാകിയത് ഒരു മുളക് കൃഷി സംസ്‌കാരത്തിനായിരുന്നു അതേ മലായി മുളകെന്ന എടയൂർ മുളക് കൃഷിക്ക്. എടയൂർപഞ്ചായത്തിലാണ് ഇത് ഏറ്റവും കൂടുതൽ എന്നതുകൊണ്ടുതന്നെ എടയൂർമുളകെന്നാണ് ഇതിന്റെ വിളിപ്പേര്. പണ്ട് മുളക് എണ്ണിയായിരുന്നു വില്പനനടത്തിയിരുന്നത് അത്രയും മൂല്യമായിരുന്നു ഇതിന്. എരിവും കുറവും പോഷകഗുണം കൂടുതലുമുള്ളതാണ് എടയൂർ മുളകിന്റെ പ്രത്യേകത. ഇപ്പോൾ ജൈവസൂചികാ പദവി നേടാനുള്ള പ്രയത്‌നത്തിലാണ് മലപ്പുറത്തിന്റെ സ്വന്തം മുളക്.   കൊണ്ടാട്ടം ഉണ്ടാക്കാൻ വ്യാപകമായി ഉപയോഗിച്ചുവരുന്നതാണ് ഇത്. വിളവിന്റെ തുടക്കത്തിൽ എരിവ് കുറവും വലിപ്പം കൂടുതലും ആയിരിക്കും. വിളവെടുപ്പിന്റെ അവസാനമാകുമ്പോഴേക്കും വലിപ്പം കുറഞ്ഞ് എരിവ് കൂടുന്നു. കിലോയ്ക്ക് 250 രൂപവരെ കർഷകർക്ക് ലഭിക്കുന്നുണ്ട്. മുളക് കൃഷിചെയ്ത് മാത്രം ഒട്ടേറെ കൃഷിഭൂമി വാങ്ങിക്കൂട്ടിയ അനവധിപ്പേരുണ്ടിവിടെ.മലപ്പുറത്തിന്റെ സ്വന്തം മുളക്

നടീൽ

വിത്ത് മുളപ്പിച്ചെടുക്കാനാണ് പാട് കാരണം കൃത്യമായ നനയും ഊഷ്മാവും നിലനിർത്തിയാൽ മാത്രമേ വിത്ത് ശരിയായി മുളച്ച് പൊന്തൂ. വിത്ത് നിലത്ത് പാകുന്നതിന് മുമ്പ് ഒരു കോട്ടൺ തുണിയിൽ കെട്ടി രാവിലെയും വൈകിട്ടും നനച്ചുവെക്കണം. ചൂട് കൂടുതലാണെങ്കിൽ വിത്ത് രണ്ടുനേരവും നനച്ചുവെക്കാം. ഒരാഴ്ച ഇങ്ങനെ നനച്ച് വെച്ചാൽ വിത്ത് മുളച്ചുവരും 8-10 ദിവസമാകുമ്പോേഴക്കും അത് നിലത്ത് വിതയ്ക്കാൻ പാകമാവും.

പുതയിടൽ

പണ്ടുകാലത്ത് നെല്ലിമരത്തിന്റെ ഇലകൊണ്ടാണ് വിത്തുകൾ മുളയ്ക്കാൻ പുതയിടാറ് വിത്തുകൾ മണ്ണിൽ നിന്ന് പൊങ്ങിപ്പോരാതിരിക്കാനാണ് ചെറിയഇലകൾകൊണ്ട് പുതയിടുന്നത്. വിത്തുകൾ പാകിയ നഴ്‌സറിക്ക് ചുറ്റും ജീവികൾ കടന്നു കയറാത്തരീതിയിൽ മറയ്ക്കണം. മുളപ്പിച്ചെടുത്തതൈകൾ പത്തുദിവസം പ്രായമായാൽ കിളച്ച് അടിവളം ചേർത്തൊരുക്കിയ തവാരണകളിലേക്ക് മാറ്റിനടാം.

നിലമൊരുക്കൽ

നല്ലജൈവപുഷ്ടിയുള്ളമണ്ണാണ് മുളക് കൃഷിക്ക്  ഉത്തമം. കേരത്തിലെ ഭൂപ്രകൃതിയനുസരിച്ച് 1500 മീറ്റർവരെ ഇത് കൃഷിചെയ്യാം എന്നാൽ 400-1000 മീറ്ററിലാണ് വിളവ് കൂടുതൽകിട്ടുന്നതായിക്കണ്ടുവരുന്നത്. നടുന്ന മണ്ണ് നല്ല നീർവാർച്ചയുള്ളതും നല്ലവായു സഞ്ചാരം നിലനിൽക്കുതുമായിരിക്കണം. മാത്രമല്ല മണ്ണിന്റെ അമ്ല-ക്ഷാര നിലവാരം ആറിനും ഏഴിനുമിടയിലായാൽ നന്ന്. അമ്ലഗുണം കൂടിയമണ്ണിൽ ഡോളമൈറ്റോ കുമ്മായമോ വിതറി അത് കുറയ്ക്കാം. നടുന്നതിനുമുമ്പ് കൃഷിയിടം നന്നായി  ഉഴുത് മറിക്കണം അതിനുശേഷം അതിൽ സെന്റൊിന് 30-40 കിലോ തോതിൽ കാലിവളമോ കംപോസ്‌റ്റോ ചേർത്തിളക്കി നിരപ്പാക്കണം . അങ്ങനെ വളംചേർത്ത് നിരപ്പാക്കിയ നിലത്ത് ഒരടിയുയരത്തിൽ തടം കോരിയെടുക്കാം.   നീളത്തിലോ കുറുകെയോ ചാലെടുത്താണ് മുളപ്പിച്ച തൈകൾ നടേണ്ടത്. തൈകൾ തമ്മിൽ കുറഞ്ഞത് 25 സെ.മീ. അകലം അത്യാവശ്യമാണ്. ഇടവപ്പാതിയിൽ മഴയെ ആശ്രയിച്ചാണ് കൃഷി.  മേട മാസത്തിലെ ആദ്യവാരങ്ങളിലാണ് തൈകൾ നടാറ്  വളർച്ചയുടെ ആദ്യകാലങ്ങളിൽ ചാറൽ മഴ നല്ലതാണ്. വരിയും നിരയുമായാണ് തടങ്ങളെടുക്കേണ്ടത്. തടങ്ങൾ തമ്മിൽ കുറഞ്ഞത് കാൽമീറ്റർ അകലവും തടത്തിന്റെ ഉയർച്ച കുറഞ്ഞത് കാൽ മീറ്ററെങ്കിലും ഉണ്ടായിരിക്കണം. ചരിഞ്ഞസ്ഥലങ്ങളിലാണ് കൃഷിയിറക്കുതെങ്കിൽ 30 സെമീ അകലത്തിൽ തടമെടുക്കാം. ഇവിടങ്ങളിൽ താഴ്ചയുമുള്ള തടങ്ങളെടുത്താകണം നടുന്നത്. ഒരു ഹെക്ടറിൽ കുറഞ്ഞത് ആയിരം ചെടികൾ നടാം. ഒരു ഹെക്ടറിൽ നിന്ന് 20 ടൺവരെ ഉത്പാദനം ലഭിക്കും.
പയറും വെണ്ടയും കൂർക്കയുമാണ് കർഷകർ മുളകിനൊപ്പം നടുന്നത് മുളകിന്റെ വളത്തിലും കൃഷിപ്പണിയിലും ഇത് വിളയുമെന്നതിനാൽ ഇരട്ടിലാഭം ഉറപ്പ്.

കീടവും രോഗവും

സാധാരണ മുളകുചെടികൾക്കുണ്ടാകുന്ന എല്ലാരോഗങ്ങളും ബാധിച്ചുകാണുന്നുണ്ടെങ്കിലും കീടപ്രതിരോധശേഷി കൂടുതലാണ്. സ്യൂഡോമോണസ് 2 ഗ്രാം ഒരു ലിറ്റർവെള്ളത്തിൽ എന്നതോതിൽ തളിച്ചാൽ ഇലകരിച്ചിൽ നിയന്ത്രിക്കാം. മണ്ഡരികൾ, ഇലപ്പേൻ, ത്രിപ്‌സ് എന്നിവ നിയന്ത്രിക്കാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതമോ ഗോമൂത്രം കാന്താരി മിശ്രിതമോ തളിച്ചുകൊടുത്താൽ മതിയാകും.
കൊണ്ടാട്ടമുണ്ടാക്കാം
പഴുത്ത എടയൂർമുളക് നെടുകെകീറി അതിൽ ഉപ്പ് നിറച്ച് വെളിച്ചെണ്ണയിൽ പൊരിച്ചെടുത്താൽ അത് മാത്രം മതി ചോറുണ്ണാൻ അത്രയും സ്വാദിഷ്ടമായ എടയൂർ മുളക് കൊണ്ട് കൊണ്ടാട്ടം ഉണ്ടാക്കാം.
എടയൂർമുളക് -100 എണ്ണം
തൈര്- 500 മില്ലി
ഉപ്പ് -750 ഗ്രാം
തയ്യാറാക്കുന്നവിധം
ഓരോ മുളകിന്റെയും മധ്യഭാഗം കത്തികൊണ്ട് കീറി തൈരും ഉപ്പുംചേർത്ത് തയ്യാറാക്കിയ ലായനിയിൽ മുക്കിവെക്കുക. പിറ്റേന്ന് മുളക് ഊറ്റിയെടുത്ത് വെയിലത്തുണക്കുക പിന്നീട് വൈകിട്ട് തൈര് ലായനിയിൽ മുളക് മുക്കിവെക്കുക. അടുത്തദിവസം വിണ്ടും വെയിലത്തുണക്കണം ഇങ്ങനെ തൈര്‌ലായനിമൊത്തം മുളകിൽപിടിക്കുന്നതുവരെ തുടരണം പിന്നീട് ഉണങ്ങിയ മുളക് ടിന്നിലടച്ച് സൂക്ഷിക്കാം.
കടപ്പാട് :  പ്രമോദ്കുമാർ വി.സി.
pramodpurath@gmail.com

അവസാനം പരിഷ്കരിച്ചത് : 5/31/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate