ഒരുപിടി അവിലിന്റെ ലാളിത്യത്തില്‍ നിന്ന് മലര്‍പ്പൊടിക്കാരന്റെ സ്വപ്നത്തിലെന്നപോലെ രാജകീയ ജീവിതത്തിലേക്ക് കടക്കുകയാണ് ഓമനമൃഗങ്ങളുടെ ജീവിത നിലവാരം. മറ്റു പല രാജ്യങ്ങളിലു മെന്നപോലെ ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും വീട്ടുകാവലിനും വിനോദത്തിനുമപ്പുറം ഓമനമൃഗങ്ങള്‍ വീട്ടിലെ ഒരംഗത്തെപ്പോലെയാണ് വളരുന്നത്. വീട്ടില്‍ മാത്രമല്ല, യാത്രയിലും വിനോദങ്ങളില്‍പോലും ഓമനകളെ ഒപ്പം കൂട്ടുന്ന പതിവ് തുടങ്ങിയതോടെ ഈ മേഖലയിലെ വിപണി വളര്‍ച്ചാനിരക്ക് രണ്ടക്കത്തിലെത്തിയിരിക്കുന്നു. ഓമനമൃഗങ്ങളുടെ ഉപയോഗത്തിനായി മാത്രം ആയിരക്കണക്കിന് ഉത്പന്നങ്ങള്‍ വിലയിലും ഗുണത്തിലും വ്യത്യസ്ത പുലര്‍ത്തിക്കൊണ്ട് പെറ്റ്‌സ് വിപണി അടക്കി വാഴുന്നു.
നായ്ക്കളും, പൂച്ചകളും, ഓമനപ്പക്ഷികളും അടക്കിവാഴുന്ന പെറ്റ്‌സ് ലോകത്തിനായി സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസപിറ്റലുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ഗ്രൂമിംഗ് സെന്ററുകള്‍, ഡേ കെയറുകള്‍, ബോര്‍ഡിംഗുകള്‍ തുടങ്ങിയവ കേരളത്തിലും സജീവമായിരിക്കുന്നു. കേവലം പട്ടി വില്‍പ്പന നടത്തുന്ന കെന്നലുകള്‍ ഇന്ന് വെല്‍നെസ് കേന്ദ്രങ്ങളായി പരിണമിക്കുന്നു. അവര്‍ നായ്ക്കള്‍ക്ക് ബ്രീഡിംഗ്, കുട്ടികളുടെ വില്‍പ്പന തുടങ്ങിയ സൗകര്യങ്ങള്‍ക്കൊപ്പം പരിശീലനം നല്‍കാനും ഹോം സ്റ്റേ ആയി പ്രവര്‍ത്തിക്കാനുമൊക്കെ തയാറെടുക്കുന്നു. യജമാനന്‍ ദൂരെയാകുന്ന അവസരങ്ങളില്‍ പോലും കുടുംബത്തിന്റെ അന്തരീക്ഷം നല്‍കുന്നവയാണ് ഇത്തരം ഹോം സ്റ്റേ സൗകര്യങ്ങള്‍. ഡോഗ് റിസോര്‍ട്ടുകള്‍, പാര്‍ക്കുകള്‍ തുടങ്ങി മനുഷ്യര്‍ അനുഭവിക്കുന്ന സൗകര്യങ്ങളൊക്കെ ഓമനമൃഗങ്ങള്‍ക്കും ലഭിച്ചു തുടങ്ങുന്നു. വിനോദ യാത്രകളില്‍ ഒപ്പം കൂട്ടുന്നവിധം കുടുംബാംഗത്തെപ്പോലെ വളര്‍ന്നതിനാല്‍ വിനോദ സ ഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും യാത്രാ വാഹന ങ്ങളി ലും വരെ ഇവര്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കുന്നു. ഇതിനെല്ലാം ഒപ്പം ഒരു വീട്ടില്‍ ഓമന മൃഗത്തിന് ഉപയോഗിക്കാവുന്ന അനുബന്ധ ഉപകരണങ്ങളുടെയും സൗകര്യങ്ങളുടെയും ഒരു വലിയ വിപണി പെറ്റ് ഷോപ്പുകളില്‍ ഒരുങ്ങിയിരിക്കുന്നു.
നായ്ക്കള്‍ക്കുള്ള കൂടിന്റെ സ്ഥാനം വീട്ടുമുറ്റത്തു നിന്ന് വീടിനുള്ളിലേക്ക് മാറ്റപ്പെടുന്നതോടെ റെഡിമെയ്ഡ് കൂടുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെ യെന്ന് എറണാകുളം സൗത്ത് കളമശേരിയില്‍ ഭാരതി പെറ്റ്‌സ് വേള്‍ഡ് നടത്തുന്ന കണ്ണന്‍ പറയുന്നു. ബീഗിള്‍, ഷിറ്റ്‌സൂ, മാള്‍ ട്ടീസ് തുടങ്ങിയ ന്യൂജനറേഷന്‍ കുഞ്ഞന്‍ നായ്ക്കള്‍ ഫ്‌ളാറ്റുകളില്‍ സ്ഥാനം നേടിയതോടെ അവര്‍ക്കിണങ്ങുന്ന കൂടുകള്‍ തേ ടി ഉടമകളെത്തുന്നു. മൂന്നടി മുതല്‍ അഞ്ചടിവരെ ഇനത്തിനനുസരിച്ച് നീളമുള്ള കൂടുകളുടെ വില രണ്ടായിരത്തില്‍ തുടങ്ങി ഗുണമേന്മയനുസരിച്ച് പതിനയ്യായിരം വരെ വരുന്നു. യാത്രയില്‍ കൊണ്ടുപോകാന്‍ പറ്റുന്ന, അഴിച്ചു മാറ്റാനും കൂട്ടിപ്പിടിപ്പിക്കുവാനും കഴിയുന്ന കൂടുകളുണ്ട്. കൂടാതെ വീടിനുള്ളിലും യാത്രയിലും കൊണ്ടുപോകാവുന്ന ഡോഗ് സിറ്ററുകള്‍, സീറ്റ് ബെല്‍റ്റുകള്‍, റെയിന്‍കോട്ടുകള്‍, പുതുതായി കൊണ്ടുവരുന്ന നായ്ക്ക ള്‍ക്ക് ക്വാരന്റൈ കെന്നലുകള്‍, യാത്രയ്ക്കായി വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ ഡോഗ് ഗ്രില്ലുകള്‍, ട്രാവലിംഗ് ബോക്‌സ്, കാരിയറുകള്‍, വാം കോട്ട് എന്നിവയും ലഭ്യമാണ്. സ്വന്തം സാധനങ്ങള്‍ പുറത്തു തൂക്കി നടക്കാന്‍ ബാക്ക് പാക്കുകളും, നീന്തല്‍ വിദഗ്ധരെങ്കില്‍ ലൈഫ് ജാക്കറ്റുകളും ഇന്ന് നായ്ക്കള്‍ക്ക് വിപണി നല്‍കുന്നു. ലോഹനിര്‍മിതമായ പെറ്റ് കരിയേഴ്‌സും, കെന്നലുകളും ഉടമയ്ക്കും ഓമന മൃഗത്തിനും സൗകര്യപ്രദമായിരിക്കണമെന്ന് കൊച്ചിന്‍ പെറ്റ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. സൂരജ് പറയുന്നു. ഇഷ്ടമനുസരിച്ച് മടക്കാവുന്ന ഹോള്‍ഡബിള്‍ കൂടുകള്‍, കുഞ്ഞന്‍ ബ്രീഡുകള്‍ക്ക് ഇന്ന് ഏറെ ജനപ്രിയമായിരിക്കുന്നു. യാത്രയുടെ സമയത്ത് പ്രത്യേകിച്ച് ആകാശയാത്രയുടെ സമയത്ത് ഫൈബര്‍ കൂടുകളാണ് നിര്‍ബന്ധം.1200 മുതല്‍ 15,000 വരെ വിലവരുന്ന കൂടുകള്‍ വിപണിയില്‍ ലഭ്യം.
കിടക്കകളും പുതപ്പുകളുമാണ് നായ്ക്കള്‍ക്കായി പെറ്റ് വിപണി അടുത്തതായി ഒരുക്കിയിരിക്കുന്നത്. കൂടാതെ പ്രത്യേക ഫര്‍ണ്ണീച്ചറുകളും ആവശ്യമെങ്കില്‍ ലഭ്യം. മൃദുവായ, ഭാരം കുറഞ്ഞ ശരീരതാപം സൂക്ഷിക്കുന്ന, എളുപ്പത്തില്‍ വൃത്തിയാക്കാവുന്ന, കഴുകാവുന്ന കിടക്കകള്‍ക്കാണ് പ്രിയം. കിടക്ക സ്വന്തമായി ലഭിക്കുന്നത് നായ്ക്കള്‍ക്ക് ഏറെ സുരക്ഷിതബോധം നല്‍കുന്നു. പരന്ന ആകൃതിയിലും, വട്ടത്തിലുമുള്ള കിടക്കകള്‍ക്കും, തലയിണകള്‍ക്കും 600 രൂപമുതല്‍ 14,000 രൂപവരെ വിലയുണ്ട്. ഗുണവും വലിപ്പവും അനുസരിച്ച് വിലയിലും വ്യതിയാനങ്ങളുണ്ട്. വിരിപ്പ് ജനുസരിച്ചാണ്. പോക്കറ്റിന്റെ വലിപ്പമനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുന്ന വൈവിധ്യമുണ്ട് വിപണിയില്‍.
തീറ്റപ്പാത്രങ്ങളും, വെള്ളപ്പാത്രങ്ങളും പ്രത്യേകമായി തന്നെ ഷോപ്പുകളില്‍ ലഭ്യമാണ്. എളുപ്പത്തില്‍ വൃത്തിയാക്കാവുന്ന, നായ്ക്കള്‍ക്ക് കളിക്കാന്‍ ഉപയോഗിക്കാന്‍ പറ്റാത്ത തെന്നിപ്പോവാത്ത ഉറപ്പിച്ചുവയ്ക്കാവുന്ന ഇത്തരം പാത്രങ്ങള്‍ സ്റ്റെയിന്‍ ലെസ് സ്റ്റീല്‍, സെറാമിക് പ്ലാസ്റ്റി ക് മെറ്റീരിയല്‍കൊണ്ട് നിര്‍മിച്ചവയാണ്. നായയുടെ സൗകര്യമനുസരിച്ച് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യാവുന്ന സ്റ്റാന്‍ഡില്‍ ഉറപ്പിച്ച തീറ്റപ്പാത്രങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. ഓരോ നായയ്ക്കും സ്വന്തമായൊരു പാത്രം വേണമെന്ന് നിര്‍ബന്ധം. കുട്ടികള്‍ക്കായി പ്രത്യേക പാത്രങ്ങളുണ്ട്. ഫൈ ബര്‍, പ്ലാസ്റ്റിക്, സ്റ്റീല്‍, സെ റാമിക് പാത്രങ്ങള്‍ വലിപ്പമനുസരിച്ച് പല വിലകളില്‍ ലഭ്യമാണ്. പ്രത്യേകമായി വെള്ളപ്പാത്രവുമുണ്ട്.
ഓമന മൃഗങ്ങള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍
പെറ്റ് ഷോപ്പുകളിലെ ഏറ്റവും ജനപ്രിയ സാധനങ്ങളിലൊന്നാണ് ഓമന മൃഗങ്ങള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍. ഇത് അവരുടെ കളിസമയം കൂടുതല്‍ സന്തോഷപ്രദമാക്കുന്നു. നായ്ക്കളെ ഉത്സാഹഭരിതരാക്കാനും, ഊര്‍ജസ്വലരാക്കാനും കളിപ്പാട്ടങ്ങള്‍ സഹായിക്കുന്നു. വ്യായാമത്തിനും, വിനോദത്തിനും വ്യക്തി വികാസത്തിനുമൊക്കെ സഹായിക്കുന്ന കളിപ്പാട്ടങ്ങള്‍ പലതും അവയുടെ സഹജ സ്വഭാവങ്ങള്‍ ഉണര്‍ത്താന്‍ സഹായിക്കുന്നു. നാടന്‍ മുതല്‍ ഇറക്കുമതി ചെയ്യപ്പെടുന്ന വിലയേറിയ കളിപ്പാട്ടങ്ങള്‍വരെ വിപണിയിലുണ്ട്. 60 രൂപ മുതല്‍ 3000 രൂപവരെ വില വ്യതിയാനമുണ്ട്. പരിശീലനത്തിനുപയോഗിക്കുന്ന കളിപ്പാട്ടങ്ങള്‍ കൂടാതെ വായക്കും, താടിയെല്ലിനും വ്യായാമം നല്‍കുകയും അവരെ മണിക്കൂറോളം ബിസിയായി നിര്‍ത്തുകയും ചെയ്യുന്നു. നായയ്ക്ക് ദോഷമുണ്ടാക്കുന്നതോ വിഴുങ്ങാന്‍ കഴിയുന്നതോ ആയവ ഉപയോഗിക്കരുത്. റബ്ബര്‍, കയര്‍, വിനൈല്‍, നൈലോണ്‍ കളിപ്പാട്ടങ്ങളുമുണ്ട്. ഇവയെല്ലാം രൂപത്തിലും വലിപ്പത്തിലും ഉപയോഗത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. റബര്‍ പന്തുകള്‍, മ്യൂസിക് ബോളുകള്‍, ഹാര്‍ഡ് ടോയ്‌സ,് ക്ലിക്കര്‍ പരിശീലന ടോയ് ബോറ കളിപ്പാട്ടം, റോപ് കളിപ്പാട്ടം തുടങ്ങി ശബ്ദമുള്ളവ, ഇല്ലാത്തവ, നിറമുള്ളവ, പ്രകാശമുള്ളവ തുടങ്ങി നിരവധി രൂപഭാവങ്ങളില്‍ ഇവ ലഭ്യമാണ്. എല്ലാ നായ്ക്കളും കളിയും, ഗെയിമുകളും, വടംവലിയും, ചവയ്ക്കലും, നക്കലും ഒക്കെ ഇഷ്ടപ്പെടുന്നു. ഇവയൊക്കെ തൃപ്തിപ്പെടുത്താന്‍ സഹായിക്കുന്ന കളിപ്പാട്ടങ്ങളുണ്ട്.
നായ്ക്കള്‍ക്കായുള്ള മാഗസിനുകളും, സിഡികളും പല ഷോപ്പുകളിലും ലഭ്യമാണ്. കൂടാതെ അലങ്കാര വസ്ത്രങ്ങള്‍, ഷര്‍ട്ടുകള്‍, കുട്ടിക്കുപ്പായങ്ങള്‍, സോക്‌സ്, ഷൂസുകള്‍ എന്നിവയുമുണ്ട്. പല വലിപ്പത്തിലും നിറത്തിലുമുള്ള ഇവ അണിഞ്ഞാണ് ഉടമയോടൊപ്പം പല നായ്ക്കളും പൊതുപരിപടിയില്‍ പങ്കെടുക്കാറുള്ളത്. ഒപ്പം സ്വന്തം ബര്‍ത്ത് ഡേ ആഘോഷിക്കാനും പുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് ഒരുങ്ങുന്നവരുമുണ്ട്. നായ്ക്കളും, പൂച്ചകളും മഴ നനയാതിരിക്കാന്‍ പ്രത്യേക റെയിന്‍കോട്ടുകളുമുണ്ട്. ഇതിന് രണ്ടായിരം രൂപവരെ വിലവരും.
ഓരോ നായ ജനുസിന്റെയും രോമാവരണത്തിന്റെ പ്രത്യേകതയനുസരിച്ച് അവര്‍ക്ക് കൃത്യമായി ഗ്രൂമിംഗ് നല്‍കേണ്ടി വരും. ഓരോ രോമാവരണത്തിനും അനുയോജ്യമായ ഗ്രൂമിംഗ് സംരക്ഷണം നല്‍കാനുള്ള ഗ്രൂമിംഗ് ഉപകരണങ്ങളുടെ ശേഖരണമാണ് പെറ്റ് ഷോപ്പുകളിലെ വലിയൊരു ഭാഗം കൈയടക്കിയിരിക്കുന്നത്. നീളം കൂടിയ, നീളം കുറഞ്ഞ, തീരെ രോമം കുറഞ്ഞ ഇനങ്ങള്‍ക്കൊക്കെ പ്രത്യേക ബ്രഷുകളും, ചീപ്പുകളും ആവശ്യമാണ്. 70 രൂപ മുതല്‍ 2500 രൂപവരെ വിലയുള്ളവയാണ് ഇവ. ഡബിള്‍ സൈഡഡ് ബ്രഷുകള്‍, സ്ലിക്കര്‍ ബ്രഷുകള്‍, ബ്രിസില്‍ ബ്രഷുകള്‍, ഫൈന്‍ ടൂത്ത്ഡ് ചിപ്പുകള്‍, പിന്‍ബ്രഷ്, കറി ബ്രഷ്, റബര്‍ ബ്രഷ്, വുഡ് ബ്രഷ് തുടങ്ങി നിരവധി ഇനം ബ്രഷുകള്‍. ഒപ്പം ചീപ്പുകള്‍ മാത്രം പതിനാറോളം ഇനത്തില്‍പ്പെട്ടവ. നീളമുള്ള രോമക്കാര്‍ക്ക് സ്റ്റീല്‍ ബ്രഷുകളും, രോമം കുറഞ്ഞവയ്ക്ക് വുഡ് ബ്രഷുകളും. റബര്‍ ബ്രഷുകള്‍ മസാജിംഗിന് നല്ലത്. നായയുടെ സൗന്ദര്യം രോമത്തിലായതിനാല്‍ ഗ്രൂമിംഗ് ഉപകരണങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. കൂടാതെ നെയില്‍ കട്ടര്‍ പോലുള്ള ഉപകരണങ്ങളുമുണ്ട്.
സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഷാംപു, സോപ്പ്, ബ്രഷ്, പേസ്റ്റ്, ബാത്ത് ടവ്വല്‍, ഡി ഓഡറന്റുകള്‍, പൗഡറുകള്‍, കാത്സ്യം, വിറ്റാമിന്‍ സപ്ലിമെന്റുകള്‍, കൂട് കഴുകുന്ന ലായനികള്‍, മണം മാറ്റാനുള്ള മരുന്നുകള്‍ തുടങ്ങി അഴകു കൂട്ടാനും ചര്‍മ്മരോമ ഭംഗി കൂട്ടാനും, ആരോഗ്യ സംരക്ഷണ സപ്ലിമെന്റുകളും എണ്ണിയാലൊടുങ്ങാത്ത ഇനങ്ങളിലാണ് പെറ്റ് ഷോപ്പുകളില്‍ നാടനായും, വിദേശിയായും തിളങ്ങുന്നത്. 120 മുതല്‍ 1200 രൂപവരെ വിലവരുന്ന ഐറ്റങ്ങള്‍. വായ്‌നാറ്റം അകറ്റാന്‍ ഓറല്‍ കെയര്‍ ലിക്വിഡുകള്‍, മുഖവും കണ്ണും, ചെവിയും തുടയ്ക്കാന്‍ വൈപ്പുകള്‍, കറയും ദുര്‍ഗന്ധവും മാറ്റുന്ന മരുന്നുകള്‍, അനാവശ്യം ചവച്ചരയ്ക്കുന്ന സ്വഭാവം മാറ്റുന്ന മരുന്നുകള്‍ തുടങ്ങി നിരവധി പ്രത്യേക മരുന്നുകള്‍ അടങ്ങിയവയും അല്ലാത്തതുമായ ഷാംപു വിപണിയിലുണ്ട്. താരന്‍, ചെള്ള്, എന്നിവയകറ്റുന്നതും മരുന്നുകള്‍ ഇല്ലാത്ത സാധാരണ ഇനവുമുണ്ട്. വിറ്റാമിന്‍, ലിവര്‍, ദഹനപ്രശ്‌നങ്ങള്‍ മുട്ടിന്റെ പ്രശ്‌നങ്ങള്‍, ചര്‍മ്മ രോമ ഭംഗി കൂട്ടുന്നവ തുടങ്ങി നിരവധി സൗന്ദര്യ, ആരോഗ്യ വര്‍ധക വസ്തുക്കള്‍ പ്രത്യേകിച്ച് വിദേശ, സ്വദേശ ഇനങ്ങള്‍. പെറ്റ് ഷോപ്പുകളിലെ ജനപ്രിയ ഇനവും വില്‍പ്പനയില്‍ മുന്‍പില്‍ നില്‍ക്കുന്നതും ഓമന മൃഗങ്ങള്‍ക്കുള്ള റെഡിമെയ്ഡ് ഫുഡുകളാണ്. നിരവധി വരുന്ന നാടന്‍ വിദേശ കമ്പനികള്‍ ആകര്‍ഷകമായ പാക്കുകളിലും വൈവിധ്യത്തിലും ഇറക്കുന്ന ഇവയെ ജലാംശം കുറഞ്ഞ ഡ്രൈ ഫുഡ് ഇനത്തില്‍പ്പെടുത്താം. കൂടാതെ ഓരോ ജനുസിനും പ്രായത്തിനും, ശാരീരികാവസ്ഥയ്ക്കും, രോഗാവസ്ഥയ്ക്കും ഇണങ്ങുന്നവ, ജൈവ പ്രകൃതി ഉത്പന്നങ്ങളെന്ന് അവകാശപ്പെടുന്നവ, വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഇനങ്ങള്‍, ഇനം, ജനുസ്, പ്രായം, രോമാവരണത്തിന്റെ പ്രത്യേകത, രോഗാവസ്ഥ, ഗര്‍ഭാവസ്ഥ, മുലയൂട്ടല്‍, കുട്ടികളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ ഓരോ അവസ്ഥയ്ക്കും യോജിച്ച തീറ്റയിനങ്ങള്‍ വൃക്ക, ലിവര്‍, ഹാര്‍ട്ട്, ചര്‍മ്മം, അലര്‍ജി, പൊണ്ണത്തടി, ദഹന പ്രശ്‌നം, മുട്ടിന്റെ പ്രശ്‌നങ്ങള്‍ ഇവയ്‌ക്കൊക്കെ യോജിച്ച തീറ്റകളുണ്ട്. ഗുണമേന്മയനുസരിച്ച് സൂപ്പര്‍ പ്രീമിയം, പ്രീമിയം, ഇക്കണോമി, റെഗുലര്‍ എന്നിങ്ങനെ ഇവയെ തരംതിരിക്കാം. സൂപ്പര്‍ പ്രീമിയം വില 500-700 രൂപവരെ കിലോഗ്രാമിന് വരുമ്പോള്‍ റെഗുലറിന് 150-200 രൂപയാണ് വിപണി വില. ചിക്കന്‍, മട്ടന്‍, ലാംബ്, വെജ്, നോണ്‍വെജ് തുടങ്ങിയ ഫ്‌ളേവറുകള്‍.
പെറ്റ് സ്‌നാക്കുകളും, ട്രീറ്റുകളും ഓമനമൃഗ പരിപാലനത്തിലെ ഏറ്റവും പ്രധാന ഭാഗമാണ്. യജമാനനില്‍ നിന്ന് പ്രതീക്ഷിക്കുന്ന 'സംതിങ് സ്‌പെഷല്‍' ആണിവ. പ്രത്യേകിച്ച് കളിയുടെയും, പരിശീലനത്തിന്റെയും ഇടവേളകളില്‍. കളിസമയത്ത് നല്ല പെരുമാറ്റത്തിനും പരിശീലന സമയത്ത് നല്ല അനുസരണത്തിനുമുള്ള പ്രത്യേക സമ്മാനങ്ങള്‍. ജന്തുജന്യ ഉപോത്പന്നങ്ങളാണ് മിക്ക ട്രീറ്റുകളും. 80 രൂപ മുതല്‍ 600 രൂപവരെ വില വ്യത്യാസം ഇനങ്ങള്‍ക്കുണ്ട്.
നായ്ക്കളെപ്പോലെ തന്നെ വളരുന്ന വിപണിയാണ് പൂച്ചകളുടേയും, വളര്‍ത്തുപക്ഷികളുടേതു മെന്ന് തൃശൂരിലെ ഹല്ലോ പെറ്റ്‌സ് ഉടമകള്‍ പറയുന്നു. വിദേശ ഇനം പൂച്ചകളും, പക്ഷികളും കേരളത്തിലും എണ്ണത്തില്‍ കൂടിയതോടെ നായ്ക്കള്‍ക്കുള്ള എല്ലാ സാമഗ്രികളും ഇവയ്ക്കും ലഭ്യമാണ്.
നിയന്ത്രിക്കാം, വടിയെടുക്കാതെ
വീട്ടിലും, വീടിനു പുറത്തും, പോകുന്ന സ്ഥലങ്ങളിലും പരിശീലന സമയത്തുമൊക്കെ നായ്ക്കളെ നിയന്ത്രിക്കാനുള്ള ഉപകരണങ്ങളുടെ വലിയ വൈവിധ്യമാര്‍ന്ന ശേഖരണമാണ് വിപണിയിലുള്ളത്. കോളറുകള്‍, ലീഷുകള്‍, ചോക്ക് ചെയിനുകള്‍, ചോക്ക് കോളറുകള്‍, ഹാര്‍നസുകള്‍, ഹാള്‍ട്ടറുകള്‍, മസിലുകള്‍, ബോഡി ബെല്‍റ്റുകള്‍, തിരിച്ചറിയല്‍ ടാഗുകള്‍ തുടങ്ങി നിരവധി നിയന്ത്രണ ഉപാധികള്‍. കോപ്പര്‍, നൈലോണ്‍, സ്റ്റീല്‍ തുടങ്ങിയവകൊണ്ട് നിര്‍മിച്ച ഇവയ്ക്ക് ഗുണമേന്മയുടെ അടിസ്ഥാനത്തില്‍ 45 രൂപ മുതല്‍ 1200 രൂപവരെ വിലയുണ്ട്. കോളറില്‍ തൂക്കുന്ന ഐഡന്റിറ്റി ടാഗില്‍ ഉടമയുടെ പേരും ഫോണ്‍ നമ്പരും കുറിക്കാം.
മുഖത്ത് കെട്ടുന്ന ങൗ്വ്വഹല െഅനാവശ്യ സാധനങ്ങള്‍ തിന്നുന്നതും, കടിയ്ക്കുന്നതും, പരിശോധന സമയത്തും സഹായിക്കും. തെരഞ്ഞെടുക്കുന്ന നിയന്ത്രണ ഉപാധി ഉടമയ്ക്കും, അരുമയ്ക്കും സന്ദര്‍ഭത്തിനും ചേര്‍ന്നതായിരിക്കണമെന്നുമാത്രം. പരിശീലന സമയത്തുപയോഗിക്കുന്ന വാക്കിംഗ് സ്റ്റിക്കും വിപണിയിലുണ്ട്. നായ്ക്കളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന സാമഗ്രികള്‍ ശരിയായ വലിപ്പത്തിലുള്ളതും ഉചിതമായ മെറ്റീരിയല്‍കൊണ്ട് നിര്‍മിച്ചതുമായിരിക്കണം. നായയുടെ ശരീരത്തിനും, നെഞ്ചിനും ചുറ്റുമായി ഉപയോഗിക്കുന്ന ഹാര്‍നസും മുഖത്ത് കീഴ്ത്താടിയില്‍ ചേര്‍ക്കുന്ന ഹാള്‍ട്ടറുകളും നായ്ക്കള്‍ക്ക് കോളറിന്റെ സമ്മര്‍ദ്ദം ഒഴിവാക്കുന്നു. പരിശീലന സമയത്തും, പുറമേയുള്ള നടപ്പിന്റെ സമയത്തും വെറ്ററിനറി ആശുപത്രി സന്ദര്‍ശനകാലത്തുമൊക്കെ ഇത്തരം സാമഗ്രികള്‍ ആവശ്യമാണ്.
ഡോ. സാബിന്‍ ജോര്‍ജ്ജ്
അസിസ്റ്റന്റ് പ്രഫസര്‍, വെറ്ററിനറി കോളജ്, മണ്ണുത്തി, തൃശൂര്‍.
വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്
1.ഭാരതി പെറ്റ്‌സ് വേള്‍ഡ്, സൗത്ത് കളമശേരി - 9746737343
2.ഹല്ലോ പെറ്റ്‌സ്, തൃശൂര്‍- 9744887767
3.കൊച്ചിന്‍ പെറ്റ് ഹോസ്പിറ്റല്‍- 0484-403255
email: drsabinlpm@yahoo.com
Ph: Dr. Sabin- 9446203839
കുടംപുളിയുടെ ഔഷധമൂല്യങ്ങളെക്കുറിച്ച് അറിയാത്തവര്‍ ചുരുക്കമാണ്. അമേരിക്കയിലെ ഡോ. ജോണ്‍ ലോവന്‍സ്‌റ്റെയ്ന്‍ 2012 ല്‍ നടത്തിയ പഠനത്തില്‍ കുടംപുളിയിലെ ഹൈഡ്രോക്‌സി സിട്രിക് ആസിഡ് പൊണ്ണത്തടി കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ വര്‍ധിച്ചതോതില്‍ അടങ്ങിയിരിക്കുന്ന സാന്‍തോണ്‍സും അനുബന്ധഘടകങ്ങളും ഞരമ്പുകളെ സംരക്ഷിക്കുന്നു. അള്‍സര്‍, മലേറിയ, കാന്‍സര്‍ തുടങ്ങി നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. ആന്റി ഓക്‌സിഡന്റുകളുടെ കലവറയുമാണ് കുടംപുളി. തണുപ്പുകാലത്തെ ഉദരരോഗങ്ങള്‍ക്ക് ഔഷധവുമാണ്. ആനചികിത്സയിലും കുടംപുളി ഉപയോഗിക്കുന്നു. ഉഴവുമൃഗങ്ങള്‍ക്ക് കുടംപുളിക്കുരു എണ്ണയും പൊടിയും കൊടുക്കുന്ന പതിവുണ്ട്. ആയുര്‍വേദ ഔഷധക്കൂട്ടിലും ഇതുപയോഗിക്കുന്നു.
ഇതൊക്കെയാണെങ്കിലും കുടംപുളി സംസ്‌കരണം പലപ്പോഴും ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പുഷ്പിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് കുടംപുളി വിളവെടുപ്പിനു പാകമെത്തുന്നത്. പഴുത്ത പുളി ശേഖരിച്ച് വിത്തുമാറ്റി വെയിലത്തുണക്കി പുകയേല്‍പിച്ചാണ് സംസ്‌കരിക്കുന്നത്.
നല്ല മഴക്കാലത്ത് വിളവെടുപ്പെത്തുന്നതാണ് കുടംപുളി സംസ്‌കരണത്തില്‍ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. പുളിയുണക്കാന്‍ വെയിലില്ലാതെ വരുന്നതും വിറകുപയോഗിച്ച് ചൂടുനല്‍കി സംസ്‌കരിക്കാന്‍ ആവശ്യത്തിന് വിറകു ലഭിക്കാത്തതും ലഭിച്ചാല്‍ തന്നെ ഇതിന് അധിക സമയം വേണ്ടിവരുന്നതുമെല്ലാം കുടംപുളി സംസ്‌കരണത്തില്‍ നിന്ന് കര്‍ഷകരെ അകറ്റുന്നു. അല്ലെങ്കില്‍ ഇത് ബുദ്ധിമുട്ടേറിയതാക്കുന്നു.
പുതിയമാര്‍ഗം
പഴുത്തപുളി ശേഖരിച്ച് കഴുകി കുരുവും ഞെട്ടും മാറ്റുക. വെള്ളം വാര്‍ന്നു പോയതിനു ശേഷം അടപ്പുള്ള ജാറുകളില്‍ മലര്‍ത്തി അടുക്കുന്നു. ഇതിനു മീതേ കല്ലുപ്പോ, ഇന്തുപ്പോ വിതറാം. ഓരോ അടുക്കിനു മേലെയും ഉപ് വരുന്നതിനാല്‍ കീടബാധയുണ്ടാവില്ല. ജാറു നിറച്ച് അടച്ചുവയ്ക്കുക. പ്ലാസ്‌മോസിസ് പ്രവര്‍ത്തനത്തിലൂടെ പഴത്തിലെ ജലാംശം പുറത്തു വരുന്നു. ഈ ലായനിയില്‍ കുടംപുളി 100-120 ദിവസം സൂക്ഷിക്കുന്നു. ഡിസംബര്‍ ജനുവരി മാസത്തില്‍ പുളി പുറത്തെടുത്ത് തണലില്‍ പോളിത്തീന്‍ ഷീറ്റില്‍ വിതറി ഉണക്കി സൂക്ഷിക്കാം. ഇങ്ങനെ സംസ്‌കരിക്കുന്ന പുളിക്ക് ഗുണമേന്മയും അധികമായിരിക്കും. തവിട്ടുനിറമായിരിക്കും. വര്‍ഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുകയുമാകാം.
പുളി സംസ്‌കരിച്ച ശേഷം മിച്ചം വരുന്ന ലായനി അരിച്ച് കുപ്പികളിലാക്കി ശേഖരിച്ചു വച്ചാല്‍ കറികളില്‍ പുളിക്കുപകരം ചേര്‍ക്കുകയുമാകാം. ഈ ലായനി 10 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തെങ്ങിന്‍തടത്തില്‍ ഒഴിച്ചുകൊടുക്കുന്നത് ഏറെ ഫലപ്രദമാണ്.
കുടംപുളി സിറപ്പ്
കുടംപുളി കുരുവിന്റെ പുറമേയുള്ള മാംസള ആവരണത്തില്‍ നിന്നും വേര്‍തിരിക്കുന്ന സിറപ്പ് രുചികരവും ഔഷധഗുണവുമുള്ള ശീതളപാനീയമായി ഉപയോഗിക്കാവുന്നതാണ്. കര്‍ഷകരായ പി. എ ജോസഫിന്റെയും പി. എം ജോസിന്റെയും നേതൃത്വത്തില്‍ തൃശൂര്‍ പുതുക്കാട് ഇത്തരത്തില്‍ കുടംപുളി സംസ്‌കരിക്കുന്നുണ്ട്. ആവശ്യക്കാര്‍ ബന്ധപ്പെട്ടാല്‍ നല്‍കാന്‍ തയാറുമാണ് ഇവര്‍.
ഫോണ്‍
ഫാ. ജിമ്മി കല്ലിങ്കല്‍കുടിയില്‍
മന:ശാസ്ത്രഗവേഷക
വിദ്യാര്‍ഥി,
വികാരി, ഔര്‍ ലേഡി ഓഫ്
മൗണ്ട് കാര്‍മല്‍ ചര്‍ച്ച്
നോര്‍ത്ത് പുതുക്കാട്, തൃശൂര്‍.
ഫോണ്‍- 94478 78829.
വിവെന്‍സി
കൃഷി ഓഫീസര്‍, താന്നിയം
ഫോണ്‍: 94467 63113.
പി. എ. ജോസഫ് - 9745306948
പി.എം. ജോസ്- 98478 99920.
ചക്രവര്‍ത്തിയെ മുഖം കാണിക്കുന്നവര്‍ ഗ്രാമ്പൂ ചവച്ച് ഉച്ഛ്വാസവായു സുഗന്ധ പൂരിതമാക്കിയതിനുശേഷമേ കാണാവൂ. മൂന്നാം നൂറ്റാണ്ടില്‍ തന്നെ ചൈനയിലെ ഹാന്‍ രാജവംശത്തിന്റെ കാലത്ത് നിലവിലിരുന്ന അലിഖിത നിയമമാണിത്. ഇതു പാലിക്കാത്തവരെ അക്കാലത്ത് മരണശിഷയ്ക്കാണ് വിധേയരാക്കിയിരുന്നത്. സാധാരണക്കാര്‍ക്കും പ്രധാനികള്‍ക്കും പ്രമാണിമാര്‍ക്കുമെല്ലാം ഈ നിയമം ബാധകമായിരുന്നു.
ഇന്ന് ഒരുവേള അവിശ്വസനീയമായി തോന്നാമെങ്കിലും ഗ്രാമ്പുമൊട്ടുകളുടെ അനിര്‍വചനീയമായ വേറിട്ട സുഗന്ധം അക്കാലത്ത് ലോകമെമ്പാടും ആരാധകവൃന്ദങ്ങളെ സൃഷ്ടിച്ചു എന്നു മാത്രമല്ല നിരവധി കടല്‍യുദ്ധങ്ങള്‍ക്കും ഇടയാക്കി എന്നതുചരിത്രം. മൊളുക്കാസ് ദ്വീപുകളില്‍ ജന്മം കൊണ്ട സവിശേഷസിദ്ധികളുള്ള ഈ സുഗന്ധവിള ഏതാണ്ട് രണ്ടായിരം വര്‍ഷം മുമ്പ് അവിടെ നിന്ന് ചൈനയിലേക്കെത്തുകയായിരുന്നു. ഇന്തോനേഷ്യയിലെ മൊളുക്കാസ് ദ്വീപുകളിലായിരുന്നു ഹരിതസമൃദ്ധമായ ഗ്രാമ്പൂവനങ്ങള്‍. ഏതു വീട്ടിലും പുതുതായി ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ ഒപ്പം ഒരു ഗ്രാമ്പൂത്തൈ നടണം എന്ന വ്യവസ്ഥ മൊളുക്കാസ് ദ്വീപുകളില്‍ കര്‍ശനമായി പാലിച്ചിരുന്നു. അറബ് വ്യാപാരികള്‍ മുഖേന നാലാം നൂറ്റാണ്ടില്‍ വാണിജ്യവിഭവമായി എത്തുന്നതുവരെ യുറോപ്യന്മാര്‍ക്ക് കരയാമ്പുവിനെക്കുറിച്ച് അറിയുമായിരുന്നില്ല. ഗ്രാമ്പു വ്യാപാരം അറബികള്‍ കുത്തകയായി വച്ചിരിക്കുകയായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ അറബ് വ്യാപാരികളുടെ ഗ്രാമ്പുവ്യാപാരക്കുത്തക തകര്‍ക്കുന്നതുവരെ ഇതുതുടര്‍ന്നു. പിന്നീടുള്ള ഒരു നൂറ്റാണ്ട് പോര്‍ച്ചുഗീസുകാര്‍ക്കായിരുന്നു ഗ്രാമ്പുവിന്റെ വ്യാപാരക്കുത്തക. ഡച്ചുകാരുടെ കടന്നുകയറ്റം വരെ ഇതു തുടര്‍ന്നു. പതിനാറും പതിനേഴും നൂറ്റാണ്ടുകളാകുമ്പോഴേക്കും ഗ്രാമ്പുവിന്റെ വ്യാപാരവും ലഭ്യതയും സാമാന്യ ജനങ്ങള്‍ക്കിടയിലേക്കും വ്യാപിച്ചു. ദഹനക്കേട്, ഛര്‍ദ്ദി തുടങ്ങിയ അസ്വസ്ഥതകള്‍ക്ക് പരിഹാരമായും ചുമ, പല്ലുവേദന തുടങ്ങിയവയ്ക്ക് ഫലപ്രദമായ ഔഷധമായും ഗ്രാമ്പൂവിന്റെ ഉപയോഗം വളരെ പ്രചരിച്ചിരുന്നു. രക്തരൂക്ഷിതമായ യുദ്ധങ്ങള്‍ മുതല്‍ തങ്ങളുടെ അധീനതയ്ക്കു പുറത്തു വളരുന്ന ഗ്രാമ്പുമരങ്ങള്‍ നിഷ്‌കരുണം തീയിട്ടു നശിപ്പിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ അക്കാലത്ത് സര്‍വസാധാരണവുമായിരുന്നു.
മുന്‍നിര ഉത്പാദകര്‍
ഇന്തോനേഷ്യ, മഡഗാസ്‌കര്‍, ബ്രസീല്‍, കോമറോസ്, ടാന്‍സാനിയ/സാന്‍സിബര്‍, ശ്രീലങ്ക, ലാറ്റിന്‍ അമേരിക്ക, യൂറോപ്പ്, ഇന്ത്യ, പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളാണ് ഗ്രാമ്പുകൃഷിയില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഇന്തോനേഷ്യയാണ് ലോകത്ത് ഏറ്റവുമധികം ഗ്രാമ്പു ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും. സ്വന്തം ഗ്രാമ്പു ഉത്പാദനത്തിന്റെ 90 ശതമാനവും അവര്‍ തന്നെ ഉപയോഗിച്ചുവരുന്നു.
ഇന്ത്യയില്‍ ഗ്രാമ്പു ഉത്പാദനത്തിന്റെ കേന്ദ്രങ്ങള്‍ കേരളവും തമിഴ്‌നാടും കര്‍ണാടകവുമാണ്. 1800 എ.ഡിയില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് തമിഴ്‌നാട്ടിലെ കുറ്റാലത്ത് ഗ്രാമ്പുകൃഷിക്ക് തുടക്കമിടുന്നത്. നീലഗിരി, തിരുനെല്‍വേലി, കന്യാകുമാരി, രാമനാഥപുരം ജില്ലകളില്‍ ഗ്രാമ്പു വിപുലമായി കൃഷി ചെയ്യുന്നു. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലും കര്‍ണാടകത്തില്‍ ദക്ഷിണ കന്നഡയിലുമാണ് ഗ്രാമ്പു കൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് 1000 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍ ഗ്രാമ്പു നന്നായി വളരും. നല്ല ആഴവും വളക്കൂറും നീര്‍വാര്‍ച്ചയുമുള്ള എക്കല്‍മണ്ണാണ് പഥ്യം. വിത്തുപാകി മുളപ്പിച്ച് തൈകള്‍ തയാറാക്കിയാണ് കൃഷി. വിളഞ്ഞു പാകമായ കായ്കളില്‍ നിന്നുള്ള വിത്തുകളേ തൈകള്‍ ഉണ്ടാകാന്‍ ഉപയോഗിക്കൂ. സ്ഥിരമായി കായ്ക്കുന്ന, മികച്ച വിളവു തരുന്ന മാതൃമരങ്ങളില്‍ നിന്ന് കായ്കള്‍ ശേഖരിച്ച് വെള്ളത്തിലിട്ട് പുറന്തൊലി നീക്കണം. ഇവ തണലില്‍ തടങ്ങളില്‍ പാകി മുളപ്പിക്കുന്നു. 12-18 മാസം പ്രായമായ തൈകളാണ് ഇളക്കി നടാന്‍ നന്ന്. 45 സെന്റീമീറ്റര്‍ വീതം നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ മേല്‍മണ്ണും കമ്പോസ്റ്റും നിറച്ച് തൈ നടാം. മേയ്-ജൂണ്‍, സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസമാണ് നടാന്‍ നന്ന്. നന നിര്‍ബന്ധം. തണല്‍ നല്‍കണം.
ജൈവവളം മരമൊന്നിന് ഒരു വര്‍ഷം 15 കിലോഗ്രാം എന്നതാണ് തോത്. കൂടാതെ ആദ്യവര്‍ഷം 25 ഗ്രാം യൂറിയ, 55 ഗ്രാം സൂപ്പര്‍ഫോസ്‌ഫേറ്റ്, 40 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ക്കണം. രണ്ടാം ഗഡുവായി സെപ്റ്റബര്‍-ഒക്‌ടോബര്‍ മാസം 20 ഗ്രാം യൂറിയ, 55 ഗ്രാം സൂപ്പര്‍ഫോസ്‌ഫേറ്റ്, 40 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും നല്‍കണം. രണ്ടാം വര്‍ഷം രാസവളങ്ങള്‍ ഇരട്ടിക്കണം. ഇത് ക്രമമായി വര്‍ധിപ്പിച്ച് 15 വര്‍ഷം പ്രായമാകുമ്പോള്‍ 330 ഗ്രാം യൂറിയ 750 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 600 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന ക്രമത്തിലാക്കണം.
സാവധാന വളര്‍ച്ചാസ്വഭാവമാണ് ഗ്രാമ്പുവിന്. ഇടയിളക്കലും കളയെടുപ്പും ആവശ്യാനുസരണം നടത്തണം. രോഗം ബാധിച്ച് ഉണങ്ങുന്ന കമ്പുകള്‍ മുറിച്ചു നീക്കി ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കണം.
വിളവ്, വിളവെടുപ്പ്
ഗ്രാമ്പുമൊട്ടുകള്‍ക്ക് പിങ്ക് നിറഭേദം വരുന്നതാണ് (ഇളംചുവപ്പ്) വിളവെടുക്കാറായി എന്നതിന്റെ സൂചകം. ഓരോ പൂഞെട്ടും പ്രത്യേകം പറിച്ചെടുക്കണം. പൂമൊട്ടിന്റെ മൂപ്പനുസരിച്ചാണ് വിപണിവില എന്നോര്‍ക്കുക. വിടര്‍ന്ന പൂവിന് വില കുറയും. പറിച്ചെടുത്ത പൂമൊട്ടുകള്‍ ഇലയും തണ്ടും നീക്കി വൃത്തിയാക്കണം. തുടര്‍ന്ന് പായിലോ ചാക്കിലോ നിരത്തി ഒരാഴ്ചയോളം വെയില്‍ കൊള്ളിക്കാം. നന്നായി പാകമായ ഗ്രാമ്പു മൊട്ടിന് തിളക്കമുള്ള തവിട്ടു നിറവും ചെറിയ പരുപരുപ്പും കാണും. ഒരു മരത്തില്‍ നിന്ന് ഏകദേശം രണ്ടര മുതല്‍ പത്തുകിലോവരെ ഉണങ്ങിയ ഗ്രാമ്പു കിട്ടും.
ഉത്പന്നങ്ങള്‍
ഗ്രാമ്പുവിന്റെ മൊട്ട്, പൂങ്കുലഞെട്ട്, ഇലകള്‍ എന്നിവ വാറ്റിയെടുക്കുന്ന ഗ്രാമ്പുതൈലവും ഒലിയോറെസിനുമാണ് പ്രധാന ഉത്പന്നങ്ങള്‍, നന്നായി വളര്‍ത്തിയെടുത്ത ഗ്രാമ്പുമൊട്ടില്‍ 21 ശതമാനം വരെ തൈലം ഉണ്ടാകും. ഇതിലെ പ്രധാനഘടകമാണ് യൂജിനോള്‍. തൈലത്തില്‍ 85-90 ശതമാനം വരെ യൂജിനോള്‍ അടങ്ങിയിരിക്കുന്നു.
ഉണങ്ങിയ പൂമൊട്ടുകള്‍ പൊടിച്ച് ലായകം ചേര്‍ത്ത് ബാഷ്പീകരിച്ചാണ് ഒലിയോറെസിന്‍ എടുക്കുന്നത്. 18-22 ശതമാനം ഒലിയോറെസിന്‍ ലഭിക്കും.
സസ്യസംരക്ഷണം തണ്ടുതുരപ്പന്‍ പുഴു
ഗ്രാമ്പുവിന്റെ പ്രധാന ശത്രു. പുഴു തണ്ടും തടിയും തുരന്ന് സുഷിരങ്ങളുണ്ടാക്കും. ക്രമേണ ചെടിയുണങ്ങും. സെവിന്‍ 50 ശതമാനം എന്ന കീടനാശിനി നാലു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക. സുഷിരങ്ങളില്‍ കീടനാശിനി കുഴമ്പുരൂപത്തിലാക്കി പുരട്ടുക.
കൊമ്പുണക്കം
പ്രധാന കുമിള്‍ രോഗം. ഇളം തണ്ടും ഇലകളും ഉണങ്ങും. ഉണങ്ങിയ തണ്ടുകള്‍ നീക്കി ഒരു ശതമാനം ബോര്‍ഡോ മിശ്രിതം തളിക്കുക.
ഗ്രാമ്പു-മേന്മകള്‍
* പല്ലുവേദനയകറ്റാന്‍ ഉപയോഗിക്കുന്നു.
* ശ്വാസകോശ പ്രശ്‌നങ്ങള്‍ക്കും ശ്വാസവിമ്മിഷ്ടത്തിനും പരിഹാരം.
* സന്ധിവാതം പോലുള്ള രോഗാവസ്ഥകള്‍ക്ക് ഗ്രാമ്പു തൈലം പ്രതിവിധിയാണ്.
* മുറിവുകളുടെയും ചതവുകളുടെയും ചികിത്സയില്‍ ഉത്തമം.
* ദഹനസഹായി
* അര്‍ബുദ പ്രതിരോധശേഷി; പ്രത്യേകിച്ച് ശ്വാസകോശ അര്‍ബുദത്തിന്റെ പ്രാഥമികാവസ്ഥയില്‍
* കരളിന് സംരക്ഷണം നല്‍കുന്നു.
* പ്രമേഹ നിയന്ത്രകം
* രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.
അമ്പനാട് ഗ്രാമ്പൂ വിശേഷങ്ങള്‍
കൊല്ലം ജില്ലയിലെ അമ്പനാട് ഗ്രാമ്പൂകൃഷിക്ക് പേരുകേട്ട പ്രദേശമാണ്. കൊല്ലം ജില്ലയുടെ കിഴക്കന്‍ മലപ്രദേശമാണ് പ്രകൃതിരമണീയമായ അമ്പനാട്. സമുദ്രനിരപ്പില്‍ നിന്ന് 300 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശം. മിനി മൂന്നാര്‍ എന്നും ഓമനപ്പേരുണ്ട്. അമ്പനാട് പ്രദേശത്തു മാത്രം ഇരുപതിനായിരത്തിലധികം ഗ്രാമ്പൂമരങ്ങളുണ്ട്. തൊട്ടടുത്ത കല്ലാര്‍ പ്രദേശത്ത് ഏതാണ്ട് പതിനായിരത്തോളവും ഡിസംബര്‍ മുതല്‍ മാര്‍ച്ചുവരെ നീളുന്ന മാസങ്ങളിലാണ് ഗ്രാമ്പൂമരങ്ങളില്‍ പൂമൊട്ടുകള്‍ രൂപപ്പെടുന്നതും തുറക്കുന്നതിനു മുമ്പ് അവ വിളവെടുക്കേണ്ടതും. ഗ്രാമ്പുമൊട്ടുകള്‍ പച്ചനിറം മാറി ഇളംപിങ്ക് നറമാകുന്ന നിര്‍ണായകഘട്ടമാണിത്.
തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന തൊഴിലാളികളാണ് മൊട്ടുനുള്ളല്‍ എന്ന ശ്രമകരമായ ദൗദ്യം ഇവിടെ ചെയ്യുന്നത്. പന്ത്രണ്ടു മീറ്ററും അതിനു മുകളിലും ഉയരമുള്ള മരങ്ങളില്‍ നിന്ന് കൈകൊണ്ടു തന്നെ ശ്രദ്ധാപൂര്‍വം മൊട്ടുകള്‍ നുള്ളിയെടുത്തേ തീരൂ. കൂട്ടത്തോടെയായിരിക്കുന്ന മൊട്ടുകള്‍ ഞെട്ടും മറ്റും നീക്കി വൃത്തിയാക്കണം. തുടര്‍ന്ന് ഇവ ചോക്ലേറ്റ് നിറം കിട്ടാന്‍ വേണ്ടി വെയിലത്തുണക്കുന്നു. നല്ല വിളവെടുപ്പിന് 10 കോടി രൂപ വിലക്കുള്ള ഗ്രാമ്പു ഒറ്റത്തവണ തന്നെ കിട്ടാറു പതിവുണ്ട്. വിപണിവിലയിലെ വ്യത്യാസമനുസരിച്ച് ഇതിന് ചെറിയ ഏറ്റക്കുറച്ചിലുകളുണ്ടാകാം. മരങ്ങളുടെ വിളവ് മൊത്തമായി ലേലത്തിനു കൊടുക്കുകയാണു പതിവ്. ഒരു മരത്തില്‍ നിന്നുതന്നെ 60 കിലോ വരെ പച്ചഗ്രാമ്പു കിട്ടും. ഉണക്കുമ്പോള്‍ ഇതിന്റ തൂക്കം മൂന്നിലൊന്നായി കുറയും. വിളവെടുപ്പിനോടനുബന്ധിച്ച് ഒടിഞ്ഞു വീഴുന്ന തണ്ടുകളും ഇലകളും ടൂത്ത് പേസ്റ്റ് നിര്‍മാണത വ്യവസായത്തിലെ അസംസ്‌കൃത പദാര്‍ത്ഥമാണ്. എങ്കിലും നല്ലൊരു പങ്ക് ഇലയും യൂജിനോള്‍ എന്ന സുഗന്ധതൈലം വേര്‍തിരിച്ചെടുക്കാനാണ് ഉപയോഗിക്കുന്നത്.
സുരേഷ് മുതുകുളം
പ്രിന്‍സിപ്പല്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (റിട്ട.)
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
തിരുവനന്തപുരം
മലനാട്ടിൽ ഏലവും കുരുമുളകും കർഷകരെ ചതിച്ചപ്പോൾ വെള്ളാരംകുന്നിലെ യുവകർഷകൻ സജി തോമസിന് പനിനീർപ്പൂക്കൾ രക്ഷയായി. കുമളി വെള്ളാരംകുന്ന് പറന്പകത്ത് സജി തോമസ് (40) വീടിനോടു ചേർന്ന ഹൈടെക് പോളി ഹൗസിൽനിന്ന് ദിവസവും മുറിച്ചെടുക്കുന്നത് ആയിരം റോസാപ്പൂമൊട്ടുകളാണ്. അഞ്ചു നിറങ്ങളിലുള്ള റോസമൊട്ടുകളും പൂക്കളും പത്തും ഇരുപതും വീതം കെട്ടുകളിലാക്കി കട്ടപ്പന, കുമളി എന്നിവിടങ്ങളിലെ പൂക്കടകളിലെത്തിക്കും. റോസപ്പൂ വിൽക്കാൻ കടയും കന്പോളവുമില്ലെന്ന ആശങ്ക സജിയെ രണ്ടു വർഷമായി അലട്ടിയിട്ടേയില്ല. പൂക്കടകളിൽ ഒരു മൊട്ടിന് അഞ്ചു രൂപ ഉറപ്പ്. വീട്ടിൽ വിൽക്കുന്നത് ആറു രൂപയ്ക്ക്. സീസണിൽ എട്ടും പത്തും രൂപവരെ വില കിട്ടാറുണ്ട്.
ഏലത്തിനും കുരുമുളകിനും വിലസ്ഥിരതയില്ലെന്നായതോടെ രണ്ടും കൽപിച്ച് രണ്ടു വർഷം മുൻപാണ് സജി റോസച്ചെടികളെ ആശ്രയിക്കാൻ തീരുമാനിച്ചത്. മികച്ചയിനം റോസച്ചെടികൾ ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന ബംഗളുരൂവിൽനിന്നാണ് വാങ്ങിയത്. തൈ ഒന്നിന് ഒൻപതു രൂപ വിലയായി.
പോളിഹൗസ് നിർമിച്ച് അതിനകത്ത് കൃഷി ചെയ്യുക എന്നത് പരന്പരാഗതമായി ഏലം കൃഷി ചെയ്തു വന്നിരുന്ന സജി തോമസിന് പുതിയൊരനുഭവമായിരുന്നു. തന്നെയുമല്ല, വെള്ളാരംകുന്നിൽ പോളിഹൗസ് കൃഷി അക്കാലത്ത് വിരളവും. റോസാത്തോട്ടമുണ്ടാക്കിയാൽ കൈയിൽ മുള്ളു കൊള്ളുമെന്നും കൈ നീറുമെന്നും ചിലരൊക്കെ പറഞ്ഞെങ്കിലും രണ്ടും കൽപിച്ചാണ് സജി ഈ സംരംഭത്തിലേക്കിറങ്ങിയത്, സംസ്ഥാന ഹോർട്ടി കൾച്ചർ മിഷന്‍റെ ധനസഹായ ത്തോടെ 1000 ചതുരശ്രമീറ്റർ വലുപ്പത്തിലുള്ള പോളി ഹൗസാണ് നിർമിച്ച് ആദ്യം കൃഷി ചെയ്തത്. കുമളി കൃഷിഭവനിൽനിന്നുള്ള സഹായവും പ്രോത്സാഹനവും കിട്ടിയതോടെ സജിയുടെ ഹൈടെക് റോസ്ഗാർഡൻ യാഥാർഥ്യമായി. വെള്ളവും വളവും കൃത്യമായ അളവിൽ നൽകി. ഹൈറേഞ്ചിലെ തണുപ്പും ഈർപ്പവും റോസ കൃഷിക്ക് ഏറെ അനുകൂലമാണുതാനും.
നട്ടു മൂന്നാം മാസം പൂമൊട്ടുകൾ വിൽപനയ്ക്ക് പറിച്ചെടുക്കാനായി. ബംഗളുരു പൂക്കളുടെ അതേ വലിപ്പവും നിറവുമുള്ള പൂക്കൾതന്നെ. വിൽക്കാനും വാങ്ങാനും ഒരു തടസവുമുണ്ടായില്ല. കട്ടപ്പനയിലും കുമളിയിലുമൊക്കെ പൂക്കടക്കാർ സന്തോഷത്തോടെ സ്വന്തം നാട്ടിലെ പൂമൊട്ടുകൾ കൈനീട്ടി വാങ്ങി. പള്ളികളിലും അലങ്കാര സ്ഥാപനങ്ങളിലും നിന്ന് ഓർഡറുകൾ ഏറെ വന്നു. പൂക്കൃഷി കൈനിറയെ കാശുകിട്ടുന്നതും ഹൃദയം കുളിർപ്പിക്കുന്നതുമായ ജോലിയായി അനുഭവപ്പെട്ടതോടെ കഴിഞ്ഞവർഷം മറ്റൊരു പോളിഹൗസ് കൂടി പണിത് പൂന്തോട്ടം വിപുലമാക്കി. ആകെ 15 ലക്ഷം രൂപ പൂന്തോട്ടം നിർമിക്കാൻ മുടക്കിയെങ്കിലും യാതൊരു നഷ്ടവുമുണ്ടായിട്ടില്ലെന്ന് സജി അനുഭവങ്ങൾ നിരത്തി പറഞ്ഞു. വേനൽക്കാലത്താണ് കൂടുതൽ പൂക്കൾ വിരിയുക. മഞ്ഞുകാലത്ത് അൽപം കുറയും. രണ്ട് ഇലകൾ ഉൾപ്പെടെ മൊട്ടുകൾ തണ്ടിൽനിന്നു കത്രിച്ചെടുക്കുന്നതിനാൽ അതേ ആഴ്ചയിൽ ശിഖരങ്ങൾ പൊട്ടി വീണ്ടും തളിർപ്പെടുത്തുകൊള്ളും.
മണ്ണിളക്കി തടമെടുത്ത് അരയടി അകലത്തിലാണ് റോസത്തൈ കൾ നട്ടത്. പൂക്കൾ പറിക്കാനും വളമിടാനും കള പറിക്കാനും അൽപം അകലം വേണ്ടതുണ്ട്.
ചാണകപ്പൊടി ഉൾപ്പെടെ ജൈവവളത്തിനൊപ്പം അൽപം മിശ്രിതങ്ങൾ കൂടി നൽകും. ഇലകളിലും പൂക്കളിലും പൂപ്പൽ ബാധയ്ക്ക് സാധ്യത കണ്ടാൽ ജൈവകീടനാശിനി പ്രയോഗിക്കും.
സജിക്കൊപ്പം ലിജിയും മക്കളായ ടോമും ഡയാനയും തോട്ടത്തിൽ എപ്പോഴും സജീവമായുണ്ട്. ചെടികളുടെ പരിപാലനത്തിലും പൂവെടുപ്പിനുമായി രണ്ടു ജോലിക്കാരുമുണ്ട്.
മൊട്ടുകൾ വിരിഞ്ഞു പോകാതിരിക്കാൻ പ്രത്യേക വലയിട്ട് സംരക്ഷിക്കും. ശേഖരിക്കുന്ന പൂമൊട്ടുകൾ ഇനം തിരിച്ച് പാക്ക് ചെയ്ത് വിപണനത്തിനായി കെട്ടവയ്ക്കും. റോസ്, മഞ്ഞ, വെള്ള, ചുവപ്പ് തുടങ്ങി വിവിധ ഇനങ്ങളിലും നിറങ്ങളിലുമുള്ള പൂക്കൾ സജിയുടെ പൂന്തോട്ടത്തിലുണ്ട്. മഞ്ഞയ്ക്കും ചുവപ്പിനും ഏതു സമയത്തും ആവശ്യക്കാരുണ്ടാകും. അലങ്കാരത്തിനും ബൊക്കെ നിർമാണത്തിനുമാണ് റോസ മൊട്ടുകൾക്കും പൂക്കൾക്കും ആവശ്യക്കാരേറെയും എത്തുക. രാവിലെ ആറിന് മൊട്ടുകൾ അറുത്തെടുത്ത് കെട്ടുകളാക്കി പത്തിനു മുന്പ് കടകളിൽ എത്തിക്കും. അതാതു ദിവസം മുറിക്കുന്നതിനാൽ പൂക്കൾക്ക് പ്രത്യേക ആകർഷകത്വമുണ്ടാകും. ഒരെണ്ണം പോലും ചതഞ്ഞും മുറിഞ്ഞും നഷ്ടം വരികയുമില്ല.
റോസാപ്പൂകൃഷി നല്ല മാർ ക്കറ്റുള്ള കൃഷിയാണെന്നാണ് സജിയുടെ അനുഭവം. ചില സീസണിൽ ഒരു പൂവിന് 13 രൂപവരെ വില കിട്ടിയിട്ടുണ്ട്. എത്ര പൂക്കളുണ്ടെങ്കിലും വിറ്റുപോകുമെന്ന ഉറപ്പുമുണ്ട്. സജി തോമസ് ഫോണ്‍: 9656755839.
റെജി ജോസഫ്
കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്ന ഇന്ത്യൻ തേനീച്ച അഥവാ ഞൊടിയൽ തേനീച്ചയ്ക്ക് പൊതുവെ വളർച്ചക്കാലം (ഓഗസ്റ്റ്-ഡിസംബർ), തേൻ കാലം (ജനുവരി-മേയ്), ക്ഷാമകാലം (ജൂണ്‍-ഓഗസ്റ്റ്) എന്നീ ഘട്ടങ്ങളാണുള്ളത്. പ്രകൃതിദത്ത പ്രജനന കാലമായ വളർച്ചാകാലത്ത് റാണി ഈച്ചയ്ക്ക് പ്രതിദിനം 750-1000 മുട്ടയിടാനുള്ള മികവുണ്ട്. സുഗമമായ പുഴുവളർത്തലിന് ധാരാളം പൂന്പൊടി ആവശ്യമായതിനാൽ വളർച്ചാകാലത്ത് തെങ്ങിൻതോപ്പിൽ തേനീക്കൂടുകൾ മാറ്റി സ്ഥാപിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. തെങ്ങിന്‍റെ ഒരു പൂങ്കുലയിൽ നിന്നുമാത്രം 272 ദശലക്ഷം പൂന്പൊടി ലഭിക്കുന്നു എന്നാണ് കണക്കാക്കിയിരിക്കുന്നത്. ആരോഗ്യമുള്ള ഒരു തെങ്ങിൽ പ്രതിവർഷം ഇത്തരത്തിലുള്ള 12 ൽഅധികം പൂങ്കുലകളുണ്ടാകും.
തേൻകാലം സമാഗതമായതോടെ വർധിച്ച തോതിൽ തേൻ സംഭരിക്കാൻ തനീച്ചകർഷകർ ഏറെ മുന്നൊരുക്കങ്ങൾ ചെയ്യേണ്ടതുണ്ട്. തേനെടുക്കാൻ തയാർ ചെയ്യുന്ന തേനീച്ചക്കൂടുകളിൽ ഏകീകരണം (യൂണിറ്റിംഗ്) ഉറപ്പാക്കുകയാണ് ആദ്യനടപടി. അതായത് ഒരു എപ്പിയറിലെ എല്ലാ കൂടുകളും ഏകദേശം ഒരേ ശക്തിയുള്ളതാക്കണം. ശോഷിച്ച കോളനികളിൽ ശക്തിയുള്ള കോളനികളിൽ നിന്നും സമാധിയായ അടകൾ മാറ്റി ഇട്ടുകൊടുത്താണ് ഏകീകരണം ഉറപ്പാക്കുന്നത്. ഈ സമയത്ത് കൂടുകൾക്ക് ആവശ്യാനുസരണം 1:1 അനുപാതത്തിലുള്ള പഞ്ചസാരലായനി നൽകേണ്ടതാണ്. അഞ്ചു ദിവസം ഇടവിട്ട് കൃത്യമായി കൂടു പരിശോധിച്ച് രോഗ- കീടബാധയില്ല എന്ന് ഉറപ്പു വരുത്തണം. കൂടുകളിൽ നിന്നും പുതിയ റാണി അറകൾ മാറ്റി എന്ന് ഉറപ്പു വരുത്തുകയും വേണം. ഇത് പെട്ടെന്നുണ്ടാകുന്ന കൂട്ടം പിരിയലിൽ നിന്നും കോളനികളെ സംരക്ഷിക്കും.
വാണിജ്യാടിസ്ഥാനത്തിൽ വിജയകരമായും ആദായകരമായും തേനീച്ചവളർത്താൻ വളർച്ചക്കാലത്തിന്‍റെ തുടക്കത്തിൽ തന്നെ പുതിയ റാണിയെ വിരിയിച്ചെടുത്തു എന്ന് ഉറപ്പാക്കുന്നത് ഉത്തമമാണ്. തേനീച്ച കോളനികളെ റബർ തോട്ടങ്ങളിൽ മാറ്റി സ്ഥാപിക്കുകയാണ് അടുത്ത നടപടി. കേരളത്തിലെ തേനീച്ചയുടെ പ്രാധാന തേൻ സ്രോതസ് റബർ മരങ്ങളാണ്. 5.5 ലക്ഷം ഹെക്ടർ സ്ഥലത്തു വ്യാപിച്ചു കിടക്കുന്ന റബർ തോട്ടങ്ങളിൽ തേനീച്ച ക്കൂടുകൾ മാറ്റി സ്ഥാപിക്കുകയാണ് വേണ്ടത്. ഒരു ഹെക്ടർ റബർ തോട്ടത്തിൽ 10 ഇന്ത്യൻ തേനീച്ചക്കോളനികൾ സ്ഥാപിക്കാം.
വൈകുന്നേരങ്ങളിൽ കൂട്ടിലെ എല്ലാ വേലക്കാരി തേനീച്ചകളും തിരിച്ചെത്തി എന്ന് ഉറപ്പു വരുത്തിയശേഷം കൂട് അടച്ച് ലോറികളിൽ സുരക്ഷിതമായി കയറ്റിവേണം അനുയോജ്യമായ റബർ തോട്ടങ്ങളിൽ സ്ഥാപിക്കാൻ. 10 വർഷത്തിലധികം പ്രായമുള്ള റബർ തോട്ടങ്ങളാണ് മധു ധാരാളം ചൊരിയുന്നത്.
റബർ തോട്ടങ്ങളിലെ സ്വാഭാവിക ഇലപൊഴിച്ചിലിനെത്തു ടർന്ന് പുതിയ ഇലകൾ വളരുന്നതോടെയാണ് തേൻകാലം ആരംഭിക്കുക. വടക്കൻ ജില്ലകളിൽ ഡിസംബർ-ജനുവരിയിൽ ആരംഭിക്കുമെങ്കിലും മധ്യ-തെക്കൻ ജില്ലകളിൽ ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് തേൻ ചൊരിയൽ സജീവമാവുക.
പുതിയ തളിരിലകൾ വന്ന് പകുതി മൂപ്പെത്തുന്പോൾ അവയുടെ ഇലഞെട്ടിലുള്ള മൂന്ന് ഗ്രന്ഥികളിൽ നിന്ന് തേൻ ഉൗറി ചേർന്ന് ഒരു തുള്ളിയായി മാറും. ഇവയെ പുഷ്പേതര ഗ്രന്ഥിയെ ന്നാണ് അറിയപ്പെടുന്നത്. പ്രകൃതിയിൽ ഏറ്റവും കൂടുതൽ തേൻ ചൊരിയുന്ന ചെടികളിലൊന്നാണ് റബർ മരങ്ങൾ. രാവിലെ ആറു മുതൽ ഒന്പതു വരെയും വൈകുന്നേരം 4-6 വരെയുമാണ് തേൻ പ്രവാഹം. ചെറുതേനീച്ചകൾ ഉൾപ്പെടെയുള്ള എല്ലാ ജനുസുകളും ഈ തേൻ ശേഖരിക്കുമെന്നതാണ് സവിശേഷത. ഇലകൾ മൂപ്പെത്തുന്നതോടെ തേൻ ഉത്പാദനം കുറയുകയും മധു ഗ്രന്ഥികൾ ഉണങ്ങിപ്പോവുകയും ചെയ്യും.
മുന്തിയ തോതിൽ തേൻ സംഭരിക്കാൻ വർധിച്ചതോതിലുള്ള വേലക്കാരി ഈച്ചകളുടെ സാ ന്നിധ്യം ആവശ്യമാണ്. വേലക്കാരി തേനീച്ചയുടെ എണ്ണമനുസരിച്ചായിരിക്കും ലഭിക്കുന്ന തേനിന്‍റെ അളവും. ഇതിനായി വേലക്കാരി ഈച്ചകളെ വിരിയിപ്പിച്ച് അടിത്തട്ടിനുമുകളിൽ തേൻ തട്ടുസ്ഥാപിക്കുകയാണ് പ്രധാനം. ഇത്തരത്തിൽ ഒന്നു മുതൽ അഞ്ചുവരെ തേൻ തട്ടുകൾ തയാർ ചെയ്യുന്ന കർഷകരുണ്ട്.
ഒരു കൂട്ടിൽ നിന്നും 1-2 കിലോ ഗ്രാം തേൻ ലഭിച്ചിരുന്നിടത്ത് 15-20 കിലോഗ്രാം തേൻ ലഭ്യമാക്കാനുള്ള സാങ്കേതിക വിദ്യ കേരള കാർഷിക സർവകലാശാലയുടെ വെള്ളായണി തേനീച്ച പരാഗണ ഗവേഷണ കേന്ദ്രം രൂപപ്പെടുത്തിയിട്ടുണ്ട്. അനുകൂല കാലാവസ്ഥയിൽ ഒരു വർഷം ഒരു ഇന്ത്യൻ തേനീച്ചക്കൂട്ടിൽ നിന്നും 25 കിലോഗ്രാം തേൻ ശേഖരിക്കുന്ന കർഷകരുണ്ട്. വേലക്കാരി തേനീച്ചയുടെ എണ്ണം കൂട്ടാൻ അടിത്തട്ടിൽ (പുറം അറ) നിന്നു മുട്ടയും പുഴുവുമില്ലാത്ത വലതുവശത്തുള്ള ഒരു അട തെരഞ്ഞെടുത്ത് ചട്ടത്തിൽനിന്നും വേർപെടുത്തി 1-1/4 ഇഞ്ചു വീതിയിൽ നീളത്തിൽ മുറിക്കുക. മുട്ടയുടെയും പുഴുവിന്‍റെയും സാന്നി ധ്യം ഭാഗികമായി ഉണ്ടെങ്കിൽ ജലം സ്പ്രേ ചെയ്ത് നീക്കം ചെയ്യേണ്ടതാണ്.
മുറിച്ച അടയുടെ കഷണം ചട്ടത്തിന്‍റെ അടിഭാഗത്തു റബർബാ ൻഡോ വാഴനാരോ ഉപയോഗിച്ചു കെട്ടി ഉറപ്പിച്ചശേഷം മുകൾ തട്ടിൽ വെച്ചുകൊടുക്കുക. അടിത്തട്ടിലെ വേലക്കാരി തേനീച്ചകൾ മുകളിൽ സ്ഥാപിച്ചിരിക്കുന്ന തേൻ തട്ടിൽ പ്രവേശിച്ച് അതിവേഗം അടകെട്ടി നിറയ്ക്കും.
ഒരു തേൻ തട്ട് പൂർത്തിയായാൽ ഉടനെ തന്നെ രണ്ടാമത്തെ തേൻ തട്ടും ഇതേരീതിയിൽ സ്ഥാപിക്കുക. രണ്ടാമത്തെ തേൻ തട്ട് സ്ഥാപിക്കുന്പോൾ പുഴു അറയുടെ തൊട്ടു മുകളിലായി വേണം വയ്ക്കാൻ. രണ്ടാമത്തെ തട്ടിലും പുഴു അറയുടെ നിർമാണം പൂർത്തിയായാൽ മൂന്നാമത്തെ തട്ടും പുഴു അറയുടെ തൊട്ടുമുകളിലായി സ്ഥാപിക്കാവുന്നതാണ്. റബർ തേട്ടത്തിലെ വിവിധ ഭാഗത്തായി കൂടുകൾ സ്ഥാപിക്കുന്നത് വേലക്കാരി ഈച്ചകൾക്ക് അതിവേഗം തേൻതട്ടിൽ തേൻ നിറയ്ക്കാൻ സഹായിക്കും.
തേനീച്ചകർഷകർ തേൻ ശേഖരിക്കുന്പോൾ തേൻ തട്ടുകളിൽ നിന്നും മാത്രം തേൻനെടുക്കാൻ പ്രത്യേകം ശ്രമിക്കണം. തേൻ നിറഞ്ഞ് അറകൾ 75 ശതമാനവും മെഴുകുകൊണ്ട് അടച്ചതായിരുന്നാൽ തേനിന്‍റെ ഗുണമേ· ഏറെ വർധിക്കും; തേനിന് നല്ല വിലയും കിട്ടും.
മെഴുകു കൊണ്ടു തേനീച്ചകൾ മൂടിയ തേനറകൾ തേനട കത്തികൊണ്ട് ചെത്തി മാറ്റിയശേഷം തേനെടുക്കൽ യന്ത്രം ഉപയോഗിച്ചുവേണം തേൻ ശേഖരിക്കാൻ. തേൻ മാറ്റിശേഷം ഒഴിഞ്ഞ അടകൾ തിരിച്ച് അതേ കൂടുകളിൽ തന്നെ സ്ഥാപിച്ചാൽ വേലക്കാരി ഈച്ചകൾ വേഗത്തിൽ വീണ്ടും അതേ അറകളിൽ തേൻ നിറയ്ക്കും 5-7 ദിവസം ഇടവിട്ട് 6-8 പ്രാവശ്യം ഇത്തരത്തിൽ തേൻ ശേഖരിക്കാനാവും.
ശേഖരിച്ച തേൻ ഇഴയടുപ്പമുള്ള അരിപ്പയിൽ അരിച്ചശേഷം ഐഎസ്ഐ ട്രേഡിലുള്ള സ്റ്റീൽ സംഭരണികളിൽ സൂക്ഷിക്കണം. തേൻകാലം കഴിയുന്ന മുറയ്ക്ക് തേൻ സംസ്കരിച്ച് സൂക്ഷിച്ചാൽ വർഷങ്ങളോളം തേൻ കേടുകൂടാതെയിരിക്കും. റബർ ചെടികളിൽ നിന്നും ചൊരിയുന്ന പ്രകൃതിദത്തമായ തേൻ സംഭരിക്കാൻ നമക്കു കഴിയട്ടെ.
ഡോ. സ്റ്റീഫൻ ദേവനേശൻ
മുൻ ഡീൻ & തേനീച്ചപരാഗണ ഗവേഷണ കേന്ദ്രം മേധാവി
കേരള കാർഷിക സർവകലാശാല
ഫോണ്‍ : 9847063300
ഡോ. കെ.എസ്. പ്രമീള
തേനീച്ച പരാഗണ ഗവേഷണ കേന്ദ്രം മുൻ മേധാവി
കേരള കാർഷിക സർവകലാശാല
ഫോണ്‍: 8547190984
കൃഷിയിലെ ആസൂത്രണമികവാണ് ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ തോപ്പില്‍ ജോര്‍ജ് ജോസഫിനെ വ്യത്യസ്തനാക്കുന്നത്. ആരോഗ്യം നിലനില്‍ക്കണമെങ്കില്‍ വിഷരഹിത ഭക്ഷണം ആവശ്യമാണെന്ന തിരിച്ചറിവാണ് തന്റെ കൃഷി ഈ രീതിയില്‍ ആസൂത്രണം ചെയ്യാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഫ്രൂട്ട് ഗാര്‍ഡനിംഗിലൂടെ തന്റെ ആശയം പ്രചരിപ്പിക്കുകയാണ് ജോര്‍ജ് ജോസഫ്. വേറിട്ട കൃഷിപരിചരണ രീതിയിലൂടെ കാര്‍ഷിക മേഖലയിലെ വെല്ലുവിളികളെ കരുത്തോടെ അഭിമുഖീകരിച്ച പാലാക്കാരനാണ് ജോര്‍ജ്. താമസിക്കുന്ന കൃഷിയിടത്തിന് അനുയോജ്യമായ വിളകള്‍ തെരഞ്ഞെടുത്തു. അനുകൂലമായ കാലാവസ്ഥയെ വേണ്ട രീതിയില്‍ പ്രയോജനപ്പടുത്തി. ഇതുകൊണ്ട് കൃഷിയില്‍ ആരോഗ്യപൂര്‍ണമായ ജീവിതം കരുപ്പിടിപ്പിക്കുവാനും ഇദ്ദേഹത്തിനു സാധിച്ചു.
ഇരുപതിലധികം ഇനങ്ങളി ല്‍പ്പെട്ട പഴവര്‍ഗച്ചെടികളുണ്ട് ജോര്‍ജിന്റെ ഫാമില്‍. ഭൂരിഭാഗവും വിദേശ ഇനങ്ങള്‍. വര്‍ഷം മുഴുവനും ഫലവര്‍ഗങ്ങള്‍ നിറഞ്ഞു കിടക്കുന്ന തോപ്പില്‍ ഫാം കാണാന്‍ നിരവധി വിനോദസഞ്ചാരികളും എത്തുന്നു. പാലായില്‍ നിന്ന് കാന്തല്ലൂരില്‍ കായികാധ്യാപകനായി ജോര്‍ജ് എത്തുന്നത് മുപ്പതു കൊല്ലം മുമ്പാണ്. വിനോദം എന്ന രീതിയിലായിരുന്നു ആദ്യം കൃഷി. ഭാര്യ, അധ്യാപികയായ ജെസി യും ഒഴിവുസമയങ്ങളില്‍ സഹായിക്കാനായി എത്തും. പഴവര്‍ഗങ്ങളോടുള്ള കമ്പമാണ് ഈ കൃഷിയിലേക്ക് തിരിയാന്‍ പ്രേരകമായത്. ഈ താത്പര്യം മനസിലാക്കി, സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ ഉദ്യോഗസ്ഥനായ സഹോദരന്‍ ജേക്കബാണ് വിദേശ ഇനങ്ങള്‍ ജോര്‍ജിന് എത്തിക്കുന്നത്. വിദേശ യാത്രയ്ക്കിടയില്‍ കാണുന്ന പഴവര്‍ഗച്ചെടികളുടെ തൈകളും വിത്തുകളും ജേക്കബ് ശേഖരിച്ച് ജോര്‍ജിന് നല്‍കും.
ആപ്പിളും ബ്ലാക്ക്‌ബെറിയും
യൂറോപ്പിനോട് സാമ്യമുള്ളതാണ് കാന്തല്ലൂരിലെ കാലാവസ്ഥ. അതിനാല്‍ യൂറോപ്യന്‍ പഴങ്ങളാണ് ഈ കൃഷിയിടത്തില്‍ അധികവും. ജനുവരി മുതല്‍ ഫലം നല്‍കുന്ന അഞ്ചിലേറെ ആപ്പിള്‍ ഇനങ്ങളാണ് ഇതില്‍ പ്രധാനം. ഇവയോടൊപ്പം യൂറോപ്പിന് പ്രിയങ്കരമായ ബ്ലാക്ക്‌ബെറി പഴങ്ങളും ഫാമിനെ ആകര്‍ഷകമാക്കുന്നു. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളെ മുന്നില്‍ കണ്ടാണ് ഫാം രൂപകല്പന. കാന്തല്ലൂരിലെത്തുന്ന സഞ്ചാരികളെല്ലാം തന്നെ തോപ്പില്‍ ഫാം സന്ദര്‍ശിച്ചിരിക്കും. ചിട്ടയോടുകൂടി ഓരോചെടിയും നട്ടുപരിചരിക്കുന്നു. തോട്ടത്തിലൂടെ സഞ്ചരിക്കാന്‍ വഴിയും ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ആവശ്യമുള്ള പഴങ്ങള്‍ ആവശ്യാനുസരണം പറിച്ചെടുക്കാം. മാര്‍ക്കറ്റ് വിലയെക്കാള്‍ കുറഞ്ഞവില നല്‍കിയാല്‍മതി. ഫാം സന്ദര്‍ശിക്കുന്നവര്‍ക്ക് താമസിക്കുന്നതിനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനുമായി തോട്ടത്തില്‍ രണ്ട് ഫാം ഹൗസുകളുമുണ്ട്. ഇരുപതു രൂപയാണ് ഫാം സന്ദര്‍ശനത്തിനുള്ള ഫീസ്.
തോട്ടത്തിലെ ബ്ലാക്ക്‌ബെറി
തണുപ്പുംകോടയും ഉള്ള പ്രദേശങ്ങളില്‍ വളരുന്ന കുറ്റിച്ചെടിയാണ് ബ്ലാക്ക്‌ബെറി. ഉയരം കൂടുതലുള്ള മലനിരകളില്‍ നന്നായി വളരും, കൂടുതല്‍ ഫലങ്ങളുണ്ടാകും. പരിചരണം കൂടുതലായി ആവശ്യമില്ല. അമേരിക്കയിലും യൂറോപ്പിലുമെല്ലാം കീര്‍ത്തികേട്ട ബ്ലാക്ക്‌ബെറിയുടെ നാല് തൈകളില്‍ നിന്ന് നാനൂറിലേറെ തൈകളുണ്ടാക്കി നട്ടിരിക്കുന്നു. കിലോയ്ക്ക് ആയിരം രൂപ വിലവരുന്ന ഈ പഴത്തിന് ആവശ്യക്കാരേറെയുണ്ട്.
കൃഷിരീതി
ഫലവര്‍ഗങ്ങളുടെ കൂട്ടത്തില്‍ വിറ്റാമിനുകളും ധാതുലവണങ്ങളും ആന്റിഓക്‌സിഡന്റുകളും സമൃദ്ധമായിട്ടുള്ള പഴമാണ് ബ്ലാക്ക്‌ബെറി. ചെറിയ തടങ്ങളെടുത്തോ വാരം കോരിയോ ചെടികള്‍ നടാം. വേരില്‍ മുളച്ചുവരുന്ന തൈകളാണ് നടാന്‍ ഉപയോഗിക്കുന്നത്. ആറടിയോളം വരുന്ന ശിഖരങ്ങള്‍ നിലത്ത് മുട്ടിച്ച് മുളപ്പിച്ചെടുക്കാം. മൂന്നാം മാസം പുഷ്പിച്ച് തുടങ്ങുന്ന ഈ ചെടിക്ക് അടിവളമായി ചാണകമാണ് നല്‍കുന്നത്. രോഗ- കീടബാധകള്‍ കുറവുള്ള ബ്ലാക്ക്‌ബെറിക്ക് ഒരു വര്‍ഷത്തെ ആയുസാണുള്ളത്. പല ഘട്ടങ്ങളിലായി പുഷ്പിച്ച് ആറുമാസത്തോളം ഫലം നല്‍കും. കമ്പുകള്‍ കരിഞ്ഞു തുടങ്ങുമ്പോള്‍ കടചേര്‍ത്ത് മുറിക്കുന്നു. തുടര്‍ന്ന് വളപ്രയോഗം നടത്തുന്നതോടെ പുതിയ തളിരുകള്‍ വന്നു തുടങ്ങും. വേരുകളില്‍ നിന്നു പൊട്ടി മുളയ്ക്കു്ന തൈകളാണ് കര്‍ഷകര്‍ക്ക് നടാനായി നല്‍കുന്നത്. ഒരു ചെടിയില്‍ നിന്ന് കുറഞ്ഞത് മുപ്പതു പഴംലഭിക്കും. 80 പഴം ഉണ്ടെങ്കില്‍ ഒരു കിലോയായി. പഴമായും വൈനുണ്ടാക്കിയും തണുപ്പിച്ച പാലില്‍ ചേര്‍ത്ത് ഷെയ്ക്ക് അടിച്ചും ബ്ലാക്ക്‌ബെറി കഴിക്കാം.
മെക്‌സിക്കന്‍ പാഷന്‍ ഫ്രൂട്ട്
ഇന്ന് ലഭ്യമായ പാഷന്‍ ഫ്രൂട്ടുകളില്‍ ഏറ്റവും കൂടുതല്‍ മധുരവും ഗുണങ്ങളുമുള്ള ഒന്നാണിത്. തണുപ്പു കൂടിയ ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഇവ കൂടുതലായി വളരുന്നത്. പന്തലില്‍ പടര്‍ത്തി വളര്‍ത്താവുന്ന മെക്‌സിക്കന്‍ പാഷന്‍ ഫ്രൂട്ട് അഞ്ചു വര്‍ഷം വരെ നല്ല വിളവു നല്‍കും. ചാണകവും കമ്പോസ്റ്റും അടിവളമായി നല്‍കിയാണ് തൈകള്‍ നടുന്നത്. സാധാരണ പാഷന്‍ഫ്രൂട്ടിന്റെ കൃഷിരീതി തന്നെ പിന്തുടര്‍ന്നാല്‍മതി. നല്ലൊരു ചെടിയില്‍ നിന്ന് ഇരുപത്തിയഞ്ച് കിലോവരെ പഴം ഒരു വര്‍ഷം ലഭിക്കും. വലിയ മാര്‍ക്കറ്റുകളില്‍ കിലോയ്ക്ക് അഞ്ഞൂറുരൂപ വരെ വിലയുള്ള മെക്‌സിക്കന്‍ പാഷന്‍ ഫ്രൂട്ടിന് അറുപതു രൂപയാണ് ജോര്‍ജ് വാങ്ങുന്നത്.
നല്ലപോലെ മൂത്തുപഴുത്ത ഫലങ്ങളില്‍ നിന്നുശേഖരിക്കുന്ന വിത്തുകളാണ് തൈകളുടെ ഉത്പാദനത്തിന് ഉപയോഗിക്കുന്നത്. പ്രായമായ തണ്ടും നടീലിനായി ഉപയോഗിക്കാം. കൂടുതല്‍ വിളവുണ്ടാകുവാന്‍ വിത്തു തൈകള്‍ തന്നെ നടണം. രക്തത്തിന്റെ കൗണ്ട് വര്‍ധനവിനും ക്ഷീണമകറ്റാനും ഉത്തമമായ പഴവര്‍ഗമാണ് പാഷന്‍ ഫ്രൂട്ട്.
ചെറിമോയ
ആത്തയുടെ വര്‍ഗത്തില്‍പ്പെട്ട ഒരു വിദേശ പഴവര്‍ഗച്ചെടിയാണ് ചെറിമോയ. തണുപ്പുകാലാവസ്ഥയില്‍ നന്നായി വളരും. ജാതിപോലെ പന്തലിച്ചാണ് നില്‍ക്കുക. തൈകള്‍ നട്ട് അഞ്ചു വര്‍ഷത്തിനുള്ളില്‍ പുഷ്പിക്കും. അനുകൂല കാലാവസ്ഥയില്‍ നൂറു മുതല്‍ ഇരുനൂറ്റിഅമ്പതുവരെ ഫലങ്ങള്‍ ഒരു മരത്തിലുണ്ടാകും. അഞ്ചുകിലോ വരെ തൂക്കംവരുന്ന പഴമാണ് ചെറിമോയ. ആയിരം രൂപയാണ് ഒരു പഴത്തിന്റെ വില. കേരളത്തിലെ അനുകൂല കാലാവസ്ഥയില്‍ ഒക്‌ടോബറില്‍ പുഷ്പിച്ചു തുടങ്ങും ഫെബ്രുവരി അവസാനം വരെ വിളവെടുക്കാം.
കൃഷിരീതി
ഒരടി ആഴമുള്ള കുഴികളെടുത്ത് ചാണകവും കമ്പോസ്റ്റും നിറച്ച് മേല്‍മണ്ണിട്ടു മൂടിയ ശേഷമാണ് തൈകള്‍ നടേണ്ടത്. വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ ചൂടുകൂടുതല്‍ ഏല്‍ക്കാതിരിക്കാന്‍ തണല്‍ നല്‍കണം. വരള്‍ച്ചാസമയത്ത് നനയും അത്യാവശ്യമാണ്. വര്‍ഷത്തില്‍ ഒരു തവണ ജൈവവളം നല്‍കിയാല്‍ മതി. ഗുണമേന്മയുള്ള തൈകളാണെങ്കില്‍ മൂന്നു വര്‍ഷം കഴിയുമ്പോള്‍ പുഷ്പിച്ചു തുടങ്ങും. ഇരുപതു വര്‍ഷം വരെ മികച്ച വിളവു ലഭിക്കും.
ഗ്രീന്‍ കെയില്‍
പച്ചക്കറി വിഭാഗത്തില്‍പ്പെട്ട ഒരു ഇലവര്‍ഗച്ചെടിയാണ് ഗ്രീന്‍കെയില്‍. കാന്‍സറിനെ തടയാന്‍ സഹായിക്കുന്ന ഔഷധഗുണമുള്ള ഇലച്ചെടി. വിദേശിയാണെങ്കിലും തണുപ്പുള്ള പ്രദേശങ്ങളില്‍ നന്നായി വളരും. സലാഡിന് ഉപയോഗിക്കുന്ന ഈ ചെറുസസ്യം കാബേജ് കൃഷിചെയ്യുന്ന രീതിയിലാണ് കൃഷി ചെയ്യുന്നത്. ഗ്രീന്‍ കെയിലിന്റെ ഇലകള്‍ ആവിയില്‍ പുഴുങ്ങിക്കഴിച്ചാല്‍ കാന്‍സറിനെ നിയന്ത്രിക്കുവാന്‍ സാധിക്കും. ഗ്രീന്‍കെയിലിന്റെ ഔഷധഗുണങ്ങള്‍ മനസിലാക്കിയശേഷമാണ് ജോര്‍ജ് ജോസഫ് ഇരുപതോളം തൈകള്‍ പരീക്ഷണമെന്ന നിലയില്‍ കൃഷി ചെയ്തിരിക്കുന്നത്.
വ്യത്യസ്ത വിളകള്‍ കൃഷി ചെയ്ത് ഫാം സന്ദര്‍ശകര്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ പകരുകയാണ് ഈ കായികാധ്യാപകന്‍. കുട്ടികളെ പരിശീലിപ്പിക്കുന്നതുപോലെ, ക്ഷമയോടെ ഓരോ കാര്യങ്ങളും കൃത്യമായി ചെയ്യുന്നതുകൊണ്ട് ഈ ഫാമില്‍ ഏതു സമയത്തും മൂന്നിലേറെ പഴവര്‍ഗങ്ങളുണ്ടാകും. മൊത്തമായി കച്ചവടം ചെയ്യുന്ന രീതിയില്ലാത്തതിനാല്‍ പഴുത്തു കിടക്കുന്ന പഴങ്ങള്‍ കിളികളും അണ്ണാനുമെല്ലാം ഭക്ഷിക്കുന്നു. പ്രകൃതിയെ സ്‌നേഹിച്ചും സംരക്ഷിച്ചും കൃഷി ചെയ്യുമ്പോള്‍ കുടുംബത്തിന് ഐശ്വര്യം ഉണ്ടാകുമെന്നാണ് ഇദ്ദേഹത്തിന്റെ അനുഭവപാഠം. ഫോണ്‍: ജോര്‍ജ് ജോസഫ്- 94950 21741.
നെല്ലി ചെങ്ങമനാട്
കടപ്പാട് : ദീപിക
അവസാനം പരിഷ്കരിച്ചത് : 6/5/2020