Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / കാര്‍ഷിക രീതി മേഖല അടിസ്ഥാനത്തില്‍ / കാർഷിക കേരളം അറിയണം ഹോളണ്ടന്ന നെതർലാൻറ്സിന്റെ അതിശയം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കാർഷിക കേരളം അറിയണം ഹോളണ്ടന്ന നെതർലാൻറ്സിന്റെ അതിശയം

കേരളത്തിന്റെ വലിപ്പമാണ് ഹോളണ്ട് എന്നു വിളിക്കുന്ന നെതർലാന്റ്‌സിന്

കേരളത്തിന്റെ വലിപ്പമാണ് ഹോളണ്ട് എന്നു വിളിക്കുന്ന നെതർലാന്റ്‌സിന്. നമ്മുടെ പകുതിയോളം ജനസംഖ്യയും. കാർഷികകയറ്റുമതിയുടെ മൂല്യത്തിൽ ലോകത്ത് രണ്ടാംസ്ഥാനത്താണ് ഹോളണ്ട്. ഇവരുടെ മുന്നിൽ അമേരിക്കൻ ഐക്യനാടുകൾ മാത്രമാണ് ഉള്ളത്. ഹോളണ്ടിനേക്കാൾ 237 മടങ്ങ് വലിപ്പമുള്ള അമേരിക്കയുമായി ഇത്തരമൊരു താരതമ്യം അനാവശ്യമാണുതാനും. ഹോളണ്ടിൽ വെറും നാലുശതമാനം ആൾക്കാർ ആണ് കാർഷികമേഖലയിൽ ജോലിചെയ്യുന്നത് എന്നാൽ ആ രാജ്യത്തെ കയറ്റുമതിമൂല്യത്തിന്റെ 21 ശതമാനവും കൃഷിയിൽ നിന്നുമാണ്. എങ്ങനെയാണ് ഡച്ചുകാർ കൃഷിയിൽ ഇത്ര മികവുപുലർത്തുന്നത്.

ഒന്നോരണ്ടോ ദിവസം കൊണ്ട് ഉണ്ടാക്കിയെടുത്ത മികവല്ല ഡച്ചുകകാരുടേത്. വർഷങ്ങളായി നിരന്തരം തുടരുന്ന ഗവേഷണങ്ങൾ, കൃത്യമായ ശാസ്ത്രീയകൃഷിരീതികൾ എന്നിവയുടെയെല്ലാം ഫലമായി ഉണ്ടായ വിജയമാണത്. ഇരുപത് വർഷം മുൻപ് ഡച്ചുകാർ കാർഷികകാര്യത്തിൽ ഒരുദേശീയപ്രതിജ്ഞയെടുത്തു. പകുതിവിഭവം ഉപയോഗിച്ച് വിളവ് ഇരട്ടിപ്പിക്കുക എന്നതായിരുന്നു അത്. അതിനായി വരുത്തിയ ഏറ്റവും വലിയ വ്യത്യാസങ്ങളിലൊന്ന് കൃഷി ഗ്രീൻ ഹൗസുകളിലാക്കി എന്നതാണ്. ഇതുവഴി കൃഷിയ്ക്കുള്ള ജലഉപഭോഗം 90 ശതമാനം കുറഞ്ഞു. ഗ്രീൻഹൗസുകളിൽ കീടനാശിനികളേ വേണ്ടെന്നുമായി. ഇന്ന് കാർഷികഗവേഷണത്തിലും സാങ്കേതികവിദ്യയിലും ഡച്ചുകാരെ വെല്ലാൻ ആരുമില്ല. 2009 -നു ശേഷം കാലിവളർത്തലിലും പക്ഷിവളർത്തലിലുമെല്ലാം ആന്റിബയോട്ടിക്കുകളുടെ ഉപയോഗം 60 ശതമാനത്തോളം അവർ കുറച്ചു.

നെതർലാന്റ്‌സിലെ കാർഷികഗവേഷണങ്ങളുടെയെല്ലാം ചുക്കാൻപിടിക്കുന്ന വെയ്‌ജനിഞ്ചൻ ഗവേഷണസർവ്വകലാശാലയാണ്. 100 രാജ്യങ്ങളിൽനിന്നും 12000 വിദ്യാർത്ഥികൾ പഠിക്കുന്ന ഇത് ലോകത്തേറ്റവും മികച്ച കാർഷിക-വനം ഗവേഷണസർവ്വകലാശാലയായികരുതപ്പെടുന്നു. ഭക്ഷ്യവൈവിധ്യഗവേഷണത്തിന്റെയും കേന്ദ്രമായ ഇവിടെ.ധാരാളം കാർഷികാനുബന്ധിത സ്റ്റാർട്ട്അപ്പുകൾ ഉണ്ട്. ഇവിടത്തെ വിദ്യാർത്ഥികളിൽ 45 ശതമാാത്തോളം ആൾക്കാർ വിദേശത്തുനിന്നുമുള്ളവരാണ്. ഇവരിൽത്തന്നെ ആഫ്രിക്കയിലെ പലദരിദ്രരാഷ്ട്രങ്ങളിൽ നിന്നുള്ളവരുമുണ്ട് പഠനം കഴിഞ്ഞ് ഇറങ്ങിയവരാവട്ടെ ലോകത്തെ വിവിധരാജ്യങ്ങളിൽ മന്ത്രാലയങ്ങളോട് സഹകരിച്ച് പലവിധപദ്ധതികൾ നടപ്പിലാക്കിവരുന്നു.

മുളകും തക്കാളിയും ഗ്രീൻഹൗസുകളിലാണ് പ്രധാനമായും വളർത്തുന്നത്. ഗാൽവനൈസ്‌ഡ് സ്റ്റീൽ കൊണ്ടുണ്ടാക്കുന്ന ഗ്രീൻഹൗസുകൾക്ക് 25 വർഷത്തോളം ആയുസുണ്ട്. സൂര്യപ്രകാശത്തിന്റെ അപര്യാപ്തത പരിഹരിക്കാനായി പലപ്പോഴും കൃത്രിമവെളിച്ചം ഉപയോഗിക്കാറുണ്ട്. നെതർലാന്റിൽ പണിക്കൂലി വളരെക്കൂടുതലാണ്. പലപ്പോഴും പഠനത്തോടൊപ്പം ഇടവേളകളിൽ ജോലിചെയ്യുന്ന വിദ്യാർത്ഥികൾ കൃഷിമേഖലയിൽ ജോലിചെയ്യുന്നു. ചെടികൾക്ക് വളരാനുള്ള വള്ളികൾ കെട്ടിക്കൊടുക്കൽ, കമ്പുകൾ മുറിക്കൽ, വിളവെടുക്കൽ തുടങ്ങിയവയാണ് ഇവർ ചെയ്യുന്ന ജോലികൾ. കീടങ്ങളെ പശയിൽ ഒട്ടിച്ചുകെണിയിലാക്കാനുള്ള വിദ്യയോടൊപ്പം മിത്രകീടങ്ങളെയും ഉപയോഗിക്കുന്നുണ്ട്. മിത്രകീടങ്ങളെ ഉപയോഗിക്കുന്നതുവഴി ഒരേക്കറിൽ ഏതാണ്ട് മൂന്നരലക്ഷം രൂപയുടെ ലാഭമാണ് ഉണ്ടാവുന്നത്. വിളവർദ്ധനയ്ക്കായി ഗ്രീൻഹൗസിലെ അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് കൂട്ടിനൽകാറുണ്ട്. ഭൂമിക്കടിയിൽ നിന്നും ഉണ്ടാകുന്ന താപം ഉപയോഗിച്ച് ഇവിടത്തെ ഗ്രീൻഹൗസുകളിലെ താപനില ക്രമീകരിക്കാറുമുണ്ട്.

മിത്രകീടങ്ങളുടെ ഉപയോഗമാണ് കൃഷിയിൽ ഒരു കുതിച്ചുചാട്ടം ഉണ്ടാക്കിയത്. ലേഡിബഗ്ഗുകളുടെ ലാർവയെ ഉണ്ടാക്കി അവ ഉപയോഗിച്ച് സസ്യങ്ങളുടെ നീരൂറ്റി കുടിക്കുന്ന ആഫിഡുകളെ ഇല്ലായ്മ ചെയ്യുന്നു. ഇങ്ങനെ ലാർവകൾ ഉണ്ടാക്കുന്ന ഒരു കമ്പനി അവയെ 96 രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. പരാഗണത്തിന് വ്യാപകമായി തേനീച്ചകളെ ഉപയോഗിക്കുന്നു. തേനീച്ചകൾക്ക് കൃത്രിമവെളിച്ചത്തിൽ സമയബോധം നഷ്ടമാവാതിരിക്കാൻ വെളിച്ചം ഉപയോഗിക്കുന്ന സമയവും ക്രമപ്പെടുത്തുന്നു. തേനീച്ചകളെ പരാഗണത്തിന് ഉപയോഗിക്കുന്നതുവഴി 20-30 ശതമാനം കാർഷികവർദ്ധനയാണ് ഉണ്ടാവുന്നതായി കണ്ടത്.

വിത്ത് ഉൽപ്പാദനത്തിലും കയറ്റുമതിയിലും നെതർലാന്റ്‌സ് വളരെ മുൻപിലാണ്. 2016 -ൽ ഇവിടെനിന്നും കയറ്റുമതി ചെയ്തവിത്തുകളുടെ മൂല്യം മാത്രം 12000 കോടി രൂപവരും. ഉന്നതവിളവ് തരുന്ന ഇവയിൽ പലതും കീടബാധയെപ്രതിരോധിക്കുന്നവയുമാണ്. കാർഷികസാങ്കേതികവിദ്യയും മറ്റുരാജ്യങ്ങളിൽ നടപ്പിലാക്കാൻ നെതർലാന്റ്‌സ് സഹകരിക്കുന്നുണ്ട്. പൂർണ്ണതോതിലുള്ള സാങ്കേതികവിദ്യ ഉപയോഗിക്കാൻ പലതരത്തിലും തടസ്സങ്ങൾ ഉള്ളസ്ഥലങ്ങളിൽ ഗ്രീൻഹൗസുകൾ ഉൾപ്പെടെയുള്ളവ നടപ്പിലാക്കുമ്പോൾ കീടബാധയും വരൾച്ചയും മൂലം വിളവുകുറയുന്ന വിളകളിൽ മൂന്നിരട്ടിവരെ ഉൽപ്പാദനവർദ്ധന ഉണ്ടാവുന്നു. സോയിൽകെയേഴ്‌സ് എന്നൊരു ഡച്ച് കമ്പനി ഫോണിലെ ആപ്പിനൊപ്പം പ്രവർത്തിക്കുന്ന ഒരു ഉപകരണം ഉപയോഗിച്ച് മണിന്റെ ഘടന പരിശോധിച്ച് ഫലം നെതർലാന്റ്‌സിലെ ഡാറ്റബേസിലേക്ക് അയയ്ക്കുകയും  പത്തുമിനിറ്റുകൊണ്ട് എന്തെല്ലാം പോഷകങ്ങളാണ് ആ മണ്ണിൽ വിളയ്ക്ക് വേണ്ടതെന്നും റിപ്പോർട്ടു നൽകുന്നു.

ലോകത്തെ പക്ഷിമാംസസംസ്കരണമേഖലയിലെ യന്ത്രങ്ങളുടെ 80 ശതമാനവും നെതർലാന്റ്സിൽ ഉണ്ടാക്കുന്നവയാണ്, ചീസുനിർമ്മാണത്തിലെ യന്ത്രങ്ങളിലുടെയും ഭൂരിഭാഗവും ഇവരുടെ തന്നെ. മികച്ച കാര്യക്ഷമതയും നിലനിൽക്കത്തക്ക നിർമ്മാണരീതികളും കൊണ്ട് നെതർലാന്റ്സിലെ കാർഷിക ഉൽപ്പാദനക്ഷമത യൂറോപ്യൻ യൂണിയന്റെ ഉൽപ്പാദനക്ഷമതയേക്കാൾ അഞ്ചുമടങ്ങ് കൂടുതലാണ്.

കുട്ടനാടിനെപ്പോലെ നെതർലാന്റ്സിന്റെ നാലിലൊന്നും സമുദ്രനിരപ്പിനുതാഴെയാണ്, ജനസംഖ്യയുടെ 21 ശതമാനവും ഇവിടെയാണ് ജീവിക്കുന്നതും. ലോകജനസംഖ്യ വർദ്ധിക്കുകയും കൃഷിയോഗ്യമായ സ്ഥലങ്ങൾ കുറയുകയും കാലാവസ്ഥാവ്യതിയാനം പോലുള്ള പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യുമ്പോൾ ലോകത്തെ ഭക്ഷ്യസുരക്ഷയ്ക്കായി നെതർലാന്റ്സ് നടത്തുന്ന മാതൃകകൾ പലതരത്തിലും അനുകരിക്കാവുന്നതാണ്.

2.81818181818
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top