Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സുഗന്ധവിളകളിലെ പ്രധാന രോഗങ്ങളും കീടങ്ങളും

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

ഏലം

ഏലപ്പേന്‍ (Thrips)

ഏലക്കൃഷിക്ക് ഏറ്റവും ഭീഷണിയായി കാണപ്പെടുന്ന ശത്രുവാണിത്. മഴക്കാലം ഒഴികെയുള്ള സമയങ്ങളില്‍ ഈ കീടത്തിന്‍റെ വംശവര്‍ധന ക്രമാതീതമാകുന്നു. ഏലപ്പേന്‍ വര്‍ഷം മുഴുവനും ചെടിയില്‍ കാണപ്പെടുന്നു. ചാരനിറവും തവിട്ടുനിറവും കലര്‍ന്ന ഒരു ചെറിയ പ്രാണിയാണിത്‌. മുട്ടയിടുന്നതില്‍ കൃത്യത പാലിക്കാത്ത ഈ പ്രാണി ഏറ്റവും കുറഞ്ഞത് അഞ്ചും കൂടിയ തോതില്‍ 30 വരെയും മുട്ടകള്‍ ഇടും. ചെടിയുടെ വേര് ഒഴികെയുള്ള എല്ലാ ഭാഗങ്ങളിലും മുട്ടകള്‍ ഇടുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ മുട്ടകള്‍ വിരിയും. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞിന്‍റെ ആദ്യത്തെ രണ്ട് ദശകളാണ് പ്രധാന ആക്രമണകാരികള്‍. മുട്ട മുതല്‍ പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുന്നതിന് ഒരു മാസമെടുക്കും. ചെടിയുടെ എല്ലാ ഭാഗങ്ങളിലും നിന്ന് ഏലപ്പേനുകള്‍ നീര് ഊറ്റിക്കുടിക്കുന്നു. വംശവര്‍ധനയ്ക്ക് ഇണചേരല്‍ ആവശ്യമില്ലാത്തതിനാല്‍ പെട്ടെന്ന് ഇവ പെരുകുന്നു. ഇണ ചേര്‍ന്ന ശേഷമുള്ള മുട്ടയിടീലും അസാധാരണമല്ല.

ആക്രമണലക്ഷണങ്ങള്‍

ഏലപ്പേനും കുഞ്ഞുങ്ങളും ഏലച്ചെടിയുടെ നാമ്പിലകള്‍, ഇലപ്പോളകള്‍, ശരം, പൂങ്കുലകള്‍ എന്നീ ഭാഗങ്ങളിലെ കോശങ്ങള്‍ പൊട്ടിച്ച് നീര് ഊറ്റിക്കുടിക്കുന്നു. കായ്കള്‍ ചൊറിപിടിച്ച രൂപത്തിലാവുകയും ഏലത്തരി പൊഴിഞ്ഞുപോവുകയും ചെയ്യുന്നു. പൂക്കള്‍ ആക്രമണവിധേയമാകുമ്പോള്‍ അവ ഉണങ്ങിവീഴുന്നു. ശരങ്ങളില്‍ പേന്‍ ആക്രമിക്കുമ്പോള്‍ പൂക്കളുടെയും കായ്കളുടെയും എണ്ണത്തില്‍ കുറവുണ്ടാകുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

 • ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഏലത്തോട്ടം നിരീക്ഷിച്ച് വാടിത്തൂങ്ങി നില്‍ക്കുന്ന ഇലകളും ഇലപ്പോളകളും നശിപ്പിക്കുക. മഞ്ഞള്‍, ചേമ്പ് തുടങ്ങിയവ ഏലത്തോട്ടത്തിനരികില്‍ നട്ടുവളര്‍ത്തുന്നത് ഒഴിവാക്കുക.
 • ക്രൈസോപെര്‍ല കാര്‍ണിയ എന്ന മിത്ര പ്രാണിയെ ഏലത്തോട്ടത്തില്‍ യഥേഷ്ടം വിടുകയും സംരക്ഷിക്കുകയും ചെയ്യുക.
 • മലബാര്‍ ഇനത്തില്‍ ഇലപ്പേനിന്‍റെ ആക്രമണം മറ്റിനങ്ങളേക്കാള്‍ കുറവായി കാണുന്നു.
 • കീടനിയന്ത്രണത്തിനുള്ള മരുന്ന് തളിക്കല്‍ ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെ നാലുതവണയും, ഓഗസ്റ്റ്‌ മുതല്‍ നവംബര്‍ വരെ മൂന്നുതവണയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒരു തവണയില്‍ കൂടുതല്‍ മരുന്ന് പ്രയോഗിക്കേണ്ടി വരുമ്പോള്‍ അവ മാറി മാറി ഉപയോഗിക്കണം.
 • രണ്ടര ശതമാനം വീര്യത്തില്‍ മീനെണ്ണ സോപ്പ്, രണ്ടര ശതമാനം പുകയിലസത്ത് എന്നിവയുടെ മിശ്രിതം ഏലപ്പേനിന്‍റെ നിയന്ത്രണത്തിനുപകരിക്കും. രണ്ട് ശതമാനം വീര്യത്തില്‍ തയ്യാറാക്കിയ വേപ്പെണ്ണ എമല്‍ഷന്‍, വെളുത്തുള്ളി മിശ്രിതവും ഏലപ്പേനിന്‍റെ നിയന്ത്രണത്തിനുപയോഗിക്കാം. ജൈവകീടനാശിനി/രാസകീടനാശിനി പ്രയോഗിച്ച ശേഷവും അവശേഷിക്കുന്ന ഏലപ്പേനുകള്‍ പ്രശ്നകീടമായി മാറുന്നതായി കണ്ടാല്‍ വെര്‍ട്ടിസീലിയം ലെക്കാനി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത് തളിക്കാം.

ഒട്ടനവധി രാസകീടനാശിനികള്‍ ഏലപ്പേനിന്‍റെ നിയന്ത്രണത്തിന് ഫലം ചെയ്യുന്നു. ഒരു ലിറ്റര്‍ വെള്ളത്തിന് ക്വിനാല്‍ഫോസ് 25 ഇ.സി. ഒന്നേകാല്‍ മില്ലി ലിറ്റര്‍ എന്ന തോതിലും, ഒരു ലിറ്റര്‍ വെള്ളത്തിന് ഫോസലാന്‍ 35 ഇ.സി. രണ്ട് മില്ലിലിറ്റര്‍ എന്ന തോതിലും തളിക്കാവുന്നതാണ്.

എന്നാല്‍, ഈ കീടനാശിനികളുടെ ഉപയോഗം കൊണ്ട് ഏലക്കായ്കളില്‍ അവശിഷ്ടവിഷം ഉണ്ടാകാതിരിക്കാന്‍ കീടനാശിനി പ്രയോഗം കഴിഞ്ഞ് നിര്‍ദേശിച്ചിട്ടുള്ള കാത്തിരിപ്പ് കാലം വിളവെടുപ്പിനു മുമ്പ് പാലിക്കണം. രാസകീടനാശിനി പ്രയോഗിച്ചുകഴിഞ്ഞ് ജീവാണു കീടനാശിനിയായ വെര്‍ട്ടിസീലിയം ലെക്കാനി തളിക്കുന്നതിന് ഒരാഴ്ചത്തെ ഇടവേള കൊടുക്കണം.

ഏലത്തിന്‍റെ അഴുകല്‍ രോഗം

ഫൈറ്റോഫ്തോറ നിക്കോട്ടിയാനെ എന്ന കുമിളാണ് രോഗഹേതു. ചെടിയുടെ എല്ലാ ഭാഗങ്ങളിലും രോഗം ബാധിക്കുന്നു. പുതുതായി ഉണ്ടാകുന്ന ഇലകളില്‍ കടുംപച്ച നിറത്തില്‍ നനഞ്ഞ പാടുകള്‍ കണ്ടുതുടങ്ങുന്നു. ക്രമേണ പാടുകള്‍ ജീര്‍ണ്ണിച്ചു ഉണങ്ങുകയും പുതുനാമ്പിന് വിടരാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്നു. ഇലയുടെ അഗ്രത്തിലും അരികിലും ഇടവിട്ട്‌ കാണപ്പെടുന്ന കടുംപച്ച നിറത്തിലുള്ള നനവുള്ള പാടുകള്‍ മൂന്നുനാല് ദിവസംകൊണ്ട് ഇളംപച്ച നിറം പൂണ്ട് ഇലപ്പരപ്പില്‍ മുഴുവന്‍ പടരുകയും ക്രമേണ ആ ഭാഗങ്ങള്‍ ജീര്‍ണ്ണിച്ചു ഉണങ്ങിച്ചുരുണ്ട് നുറുങ്ങുകയും ചെയ്യുന്നു. തണ്ടിനെ പൊതിയുന്ന ഇളംപോളകളുടെ ചുവടുഭാഗം തവിട്ടുനിറത്തില്‍ നനവുള്ള അരികുകളോടുകൂടി കാണപ്പെടുന്നു. കൂടാതെ തണ്ടിന്‍റെ അടിവശം അഴുകി നശിക്കുകയും ചെറിയ ഇളക്കം തട്ടുമ്പോള്‍ ഒടിഞ്ഞുപോവുകയും ചെയ്യുന്നു. മണ്ണിനടിയിലുള്ള മൂലകാണ്ഡം മൃദുവായി അഴുകി നശിക്കുന്നു. പൂങ്കുലകളിലും കായകളിലും നനഞ്ഞ പാടുകള്‍ പ്രത്യക്ഷപ്പെട്ട് മഞ്ഞളിച്ച് ക്രമേണ തവിട്ടുനിറം പൂണ്ട് അഴുകി ഉണങ്ങി നശിക്കുന്നു. അഴുകി നശിക്കുന്ന ചെടികളുടെ ഈ ഭാഗങ്ങളിലെല്ലാം ദുര്‍ഗന്ധം ഉണ്ടാകുന്നു. അസുഖം കായ്കളിലാണ് രൂക്ഷമാകുന്നത്.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

കാലവര്‍ഷത്തിനു തൊട്ടുമുമ്പായി രോഗം ബാധിച്ച ചെടിയുടെ ഭാഗങ്ങള്‍ മുറിച്ചുമാറ്റി നശിപ്പിക്കുക.

കാലവര്‍ഷത്തിനു തൊട്ടുമുമ്പ് ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം സ്റ്റിക്കര്‍ ചേര്‍ത്ത് ഇലയിലും തണ്ടിലും പൂങ്കുലകളിലും നല്ലവണ്ണം പതിക്കത്തക്കവിധം തളിക്കുക. നവംബര്‍, ഡിസംബര്‍ മാസംവരെ ഇടവിട്ട്‌ മൂന്നുതവണ തളിക്കണം.

ഏലത്തിന്‍റെ മോസേക്ക് രോഗം അഥവാ കറ്റെ രോഗം

ഏലച്ചെടികളെ ബാധിക്കുന്ന ഒരു മാരകരോഗമാണിത്.

രോഗലക്ഷണങ്ങള്‍

രോഗം ബാധിച്ച ചെടികളുടെ ഇലകളില്‍ ഹരിതകഹീനത കൊണ്ടുള്ള വിളര്‍ച്ചയും മോട്ടിലിങ്ങും ഉണ്ടാകുന്നു. കൂടാതെ ഇലകളില്‍ തുടര്‍ച്ചയില്ലാത്ത ഇളംപച്ച വരകളും കാണുന്നു.രോഗം മൂര്‍ച്ചിക്കുമ്പോള്‍ ഈ ലക്ഷണങ്ങള്‍ തണ്ടിലും കാണപ്പെടുന്നു. ഇലകള്‍ക്ക് വീതി കുറഞ്ഞ് ചെടിയുടെ വളര്‍ച്ച മുരടിക്കുന്നു. രോഗഹേതുവായ വൈറസിനെ ചെടികളില്‍നിന്ന് ചെടികളിലേക്ക് പരത്തുന്നത് ‘വാഴ ഏഫ്രിടു’കളായ പെന്റലോണിയ നൈഗ്രോ നെര്‍വോസ ആണ്. അസുഖം ബാധിച്ച നടീല്‍ വസ്തുക്കള്‍ ഉപയോഗിക്കുന്നത് രോഗം പടരുന്നതിന് കാരണമാകുന്നു. ഏലത്തിന്‍റെ എല്ലാ ഇനങ്ങളും ഈ രോഗത്തിന് വിധേയത്വം കാണിക്കുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

 • അസുഖം ബാധിച്ച ചെടികള്‍ പിഴുതെടുത്ത് നശിപ്പിക്കണം. രോഗബാധയെല്‍ക്കാത്ത, ആരോഗ്യമുള്ള നടീല്‍വസ്തു കൃഷിചെയ്യാന്‍ തെരഞ്ഞെടുക്കുക. ഇതിനായി വിത്തില്‍നിന്ന് ഉത്പാദിപ്പിച്ചെടുത്ത നല്ല തൈകള്‍ ഉപയോഗിക്കാം.
 • രോഗം പരത്തുന്ന ഏഫ്രിഡിന്‍റെ നിയന്ത്രണത്തിന് ഏലപ്പേനിനെ നിയന്ത്രിക്കാന്‍ നിര്‍ദേശിച്ച ജൈവകീടനാശിനി ഫലപ്രദമാണ്.
 • ടാഗ്ഫോള്‍ഡര്‍ എന്ന ജൈവകീടനാശിനി 5 മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുന്നത് ഏഫ്രിട് നിയന്ത്രണത്തിന് ഫലം ചെയ്യും.

കുരുമുളക്

പൊള്ള് വണ്ട് (Pollu beetle)

കുരുമുളകിന്‍റെ പ്രധാന ശത്രുകീടമാണിത്. രണ്ടര മില്ലിമീറ്റര്‍ നീളമുള്ളതും മഞ്ഞ ഉരസും തിളങ്ങുന്ന നീലനിറത്തില്‍ മുന്‍ചിറകുമുള്ള ചെറുവണ്ടാണിത്.

ആക്രമണലക്ഷണങ്ങള്‍

പുതുമഴയോടുകൂടി കുരുമുളക് ചെടി തളിരിടുന്നു. തളിരുകളില്‍ പെണ് വണ്ടുകള്‍ മുട്ടയിടും. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴു ഇളംതണ്ട് തുളച്ച് ഉള്‍ഭാഗം തിന്നുന്നതിന്‍റെ ഫലമായി നാമ്പുകള്‍ ഉണങ്ങി നശിക്കുന്നു. കണ്ണികളിലും തലകളിലും കാണപ്പെടുന്ന പുഴുക്കള്‍ ഇല കാര്‍ന്നുതിന്നുന്നു. ഹരിതകം നഷ്ടപ്പെട്ട് ഇലയുടെ ഭാഗങ്ങള്‍ ഉണങ്ങി കാറ്റത്ത് പറക്കുന്നതോടെ ആ ഭാഗങ്ങളില്‍ ദ്വാരങ്ങള്‍ ഉണ്ടാകും.

കുരുമുളക്പൊടി തിരിയിട്ടു കഴിഞ്ഞാല്‍ വണ്ട്‌ തിരിയില്‍ വിള്ളലുകള്‍ ഉണ്ടാക്കി അതില്‍ മുട്ടയിടുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴു ഇളംതിരിയുടെ മൃദുവായ ഉള്‍ഭാഗം തിന്നുന്നതിന്‍റെ ഫലമായി ഈ ഭാഗങ്ങള്‍ ഉണങ്ങി മുറിത്തിരി ഉണ്ടാകുന്നതിന് കാരണമാകും. തിരി ഉറയ്ക്കുന്നതോടെ പുഴു തിരിയുടെ പുറന്തൊലി കാര്‍ന്നുതിന്നുന്നു. ഇത് തിരിയുടെ മണിപിടുത്തത്തെ സാരമായി ബാധിക്കുന്നു.

തിരികളില്‍ മുളകുമണികള്‍ ഉണ്ടാകുമ്പോള്‍ വണ്ട്‌ അവയില്‍ ചെറുദ്വാരങ്ങള്‍ ഉണ്ടാക്കി അതിലോ, മണികള്‍ തിരിയോട് പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗത്തോ, ഒന്നോ രണ്ടോ മുട്ടകള്‍ ഇടുന്നു. ഒരു പെണ് വണ്ട്‌ അത് ജീവിച്ചിരിക്കുമ്പോള്‍ ആകെ നൂറോളം മുട്ടകള്‍ ഇടും. 5 മുതല്‍ 8 ദിവസത്തിനകം മുട്ടകള്‍ വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ മണികള്‍ തുളച്ച് ഉള്‍ഭാഗം തിന്നു പൊള്ളയാക്കുന്നു. ഒരു മണി പൊള്ളയായി കഴിഞ്ഞാല്‍ പുഴു തൊട്ടടുത്ത മണിയിലേക്ക് കടക്കും. ഒരു പുഴു നാലോ അഞ്ചോ മണികള്‍ നശിപ്പിക്കുന്നു. പുഴുവിന്‍റെ ദശ 20 മുതല്‍ 32 വരെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. സമാധിദശ മണ്ണിനുള്ളില്‍ 5-7.5 സെന്റിമീറ്റര്‍ താഴ്ചയില്‍ മണ്ണുകൊണ്ട് ഉണ്ടാക്കിയ കട്ടിയുള്ള കൂടിനുള്ളിലാണ്. സമാധിദശ ഒരാഴ്ചയോളം നീണ്ടുനില്‍ക്കും.

ആക്രമണവിധേയമായ മണികള്‍ പൊള്ളയായി കറുത്ത് ഉണങ്ങി കാണപ്പെടുന്നു. ഈ മണികള്‍ വിരല്‍കൊണ്ട് അമര്‍ത്തിയാല്‍ പൊട്ടിപ്പോകും. മൂത്ത മണികള്‍ തുളയ്ക്കാന്‍ പ്രയാസം അനുഭവപ്പെടുമ്പോള്‍ പുഴുക്കള്‍ മണിയുടെ പുറംതൊലി തിന്നു ജീവിക്കും. വണ്ടുകള്‍ ഇലകള്‍ കാര്‍ന്നും ഇലയുടെ ഭാഗങ്ങള്‍ തിന്ന് ദ്വാരമുണ്ടാക്കിയും തിരികളുടെയും മണികളുടെയും തൊലി കാര്‍ന്നുതിന്നും ജീവിക്കുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

 • കുരുമുളക് വള്ളിയില്‍ (കൊടിയില്‍) കാണപ്പെടുന്ന ചില വേട്ടക്കാരന്‍ ചിലന്തികളും വലകെട്ടി ജീവിക്കുന്ന ചിലന്തികളും പൊള്ളുവണ്ടിന്‍റെ നിയന്ത്രണത്തില്‍ കാര്യമായ പങ്കുവഹിക്കുന്നു.
 • വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം 2 ശതമാനം വീര്യത്തില്‍ തയ്യാറാക്കി കുരുമുളക്പൊടി തിരിയിടുന്ന അവസരത്തിലും കുരുമുളക് മണികള്‍ തിരിയില്‍ പിടിക്കുന്ന സമയത്തും മണികള്‍ പാകമാകുന്ന അവസരത്തിലും തളിക്കുക.
 • വേപ്പ് അധിഷ്ഠിതമായ ജൈവകീടനാശിനികളില്‍ ഏതെങ്കിലുമൊന്ന് 0.6 ശതമാനം വീര്യത്തില്‍ തളിക്കുന്നത് കീടനിയന്ത്രണത്തിന് ഉപകരിക്കും.
 • ജൈവകീടനാശിനി പ്രയോഗിച്ച് കഴിഞ്ഞ് അവശേഷിക്കുന്ന വണ്ടുകള്‍ പ്രശ്നമായി മാറുമെന്നു കണ്ടാല്‍ ‘ബിവേറിയ ബാസിയാന’ അല്ലെങ്കില്‍ ‘മെറ്റാറൈസിയം അനൈസോപ്ലിയെ’ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത് തളിക്കാം. ലായനിരൂപത്തില്‍ ഈ മരുന്നുകള്‍ ലഭിക്കുകയാണെങ്കില്‍ 5 മില്ലിലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത് ഉപയോഗിക്കാം.

ഇളം തണ്ടുതുരപ്പന്‍ പുഴു

ചിറക്‌ വിടര്‍ത്തിവച്ചിരിക്കുന്ന അവസരത്തില്‍ ഒന്നേകാല്‍ സെന്റിമീറ്ററോളം വലുപ്പത്തില്‍ കാണുന്ന ഒരു ശലഭത്തിന്‍റെ പുഴുവാണിത്. ശലഭത്തിന്‍റെ മുന്‍ചിറകിന്‍റെ പകുതിഭാഗം കറുത്തും ബാക്കി അഗ്രഭാഗം ഓറഞ്ച് കലര്‍ന്ന ചുവപ്പുനിറത്തിലുമാണ്. പിന്‍ചിറക് ചാരനിറത്തില്‍ കാണപ്പെടുന്നു.

ആക്രമണലക്ഷണങ്ങള്‍

പുഴുക്കള്‍ ഇളംതണ്ടുകള്‍ തുരക്കുന്നതിന്‍റെ ഫലമായി അവ ഉണങ്ങിപ്പോകുന്നു. ഇതുമൂലം കൊടിയുടെ വളര്‍ച്ച മുരടിക്കുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

പൊള്ളുവണ്ടിനെതിരേ സ്വീകരിക്കുന്ന നിയന്ത്രനമാര്‍ഗ്ഗങ്ങള്‍ തണ്ടുതുരപ്പന്‍ പുഴുവിന്‍റെ നിയന്ത്രണത്തിനും ഫലപ്രദമാണ്.

കുരുമുളകിലെ മീലിമുട്ടകള്‍ (Mealy bugs)

മീലിമുട്ടകള്‍ കുരുമുളക് ചെടിയുടെ വായവഭാഗങ്ങളിലും വേരുകളിലും ഇരുന്ന് നീര് ഊറ്റിക്കുടിച്ച് കേട് വരുത്തുന്നു. കുരുമുളക് മണികളിലും തണ്ടിലും ഇലകളിലും ഇലഞെട്ടുകളിലും പറ്റിപ്പിടിച്ചിരുന്നു നീര് ഊറ്റിക്കുടിക്കുന്ന മീലിമുട്ടകളെ നിയന്ത്രിക്കാന്‍ പൊള്ളുവണ്ടിന്‍റെ നിയന്ത്രണത്തിന് നിര്‍ദേശിച്ച ജൈവകീടനാശിനികളുടെ ഉപയോഗം ഫലം ചെയ്യും. എന്നാല്‍ മണ്ണിനടിയില്‍ വേരുകളില്‍ പറ്റിപ്പിടിച്ചിരുന്നു നീര് ഊറ്റിക്കുടിക്കുന്നവയെ നിയന്ത്രിക്കാന്‍ കുരുമുളക് തടത്തിലെ മണ്ണ് നല്ലതുപോലെ നനയുന്ന രീതിയില്‍ കീടനാശിനി ഒഴിക്കണം. ഇതിലേക്ക് മണ്ണിന്‍റെ സ്വഭാവമനുസരിച്ച് അഞ്ചു മുതല്‍ പത്ത് ലിറ്റര്‍ വരെ കീടനാശിനി ലായനി വേണ്ടിവരും. കീടനാശിനി ലായനി തയ്യാര്‍ ചെയ്യാന്‍ 10 ലിറ്റര്‍ വെള്ളത്തില്‍ ഒരു ലിറ്റര്‍ ഗോമൂത്രം ചേര്‍ത്തതില്‍ 22 മില്ലിലിറ്റര്‍ ക്വിനാല്‍ഫോസ് 25 ഇ.സി ചേര്‍ക്കുക. തുടര്‍ന്ന് ഒരാഴ്ചക്ക് ശേഷം ബിവേറിയ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്തുണ്ടാക്കിയ ലായനി വള്ളിച്ചുവട്ടില്‍ മണ്ണ് നനയുന്ന രീതിയില്‍ ഒഴിച്ചു നനയ്ക്കുക.

ദ്രുതവാട്ടം (Quick wilt) അഥവാ ഫൈറ്റോഫ്തോറ ഫൂട്ട്റൂട്

കുരുമുളക് കൃഷിയെ ബാധിക്കുന്ന ഒരു മാരകരോഗമാണിത്. രോഗം ബാധിച്ച വള്ളികള്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് നശിച്ചുപോകും. കുരുമുളക് കൃഷിയുള്ള എല്ലാ സ്ഥലങ്ങളിലും ഈ രോഗം പടര്‍ന്നുപിടിച്ചിരിക്കുകയാണ്. രോഗം ബാധിച്ചു നശിച്ച തണ്ടുകള്‍, ഇലകള്‍ എന്നിവയില്‍നിന്നോ, മണ്ണില്‍ കാണപ്പെടുന്ന കുമിളിന്‍റെ സ്പോറുകളില്‍ നിന്നോ, രോഗം ബാധിച്ച കമുക്, തെങ്ങ് റബ്ബര്‍ മുതലായ മരങ്ങളില്‍ നിന്നോ ചെടികളില്‍ രോഗം പകരുന്നു. കാറ്റില്‍ക്കൂടി പറന്നെത്തുന്ന രോഗകാരിയായ കുമിളിന്‍റെ (ഫൈറ്റോഫ്തോറ) സ്പോറുകള്‍ വള്ളിയില്‍ പറ്റിപ്പിടിക്കുന്നു. ഇവ മുളച്ച് വളര്‍ന്ന് വള്ളിക്കുള്ളില്‍ വെള്ളവും ആഹാരസാധനങ്ങളും കടന്നുപോകുന്ന നാളികളില്‍ പ്രവേശിക്കുന്നു. അതുവഴി മറ്റ് ഭാഗങ്ങളിലും എത്തുന്നു. ഇലകളില്‍ നനവുള്ള പാടുകള്‍ കണ്ടുതുടങ്ങുന്നു. രണ്ടുമൂന്ന് ദിവസം കൊണ്ട് ഈ പാടുകള്‍ ഇരുണ്ട് തവിട്ടുനിറത്തിലാകുന്നു. ഇവ ക്രമേണ വലുതായി ഒരുമിച്ച് ചേര്‍ന്ന് മുഴുവന്‍ ഇലയും ഉണങ്ങുന്നു.

തണ്ടില്‍ കാണുന്ന പാടുകള്‍ ഒരുമിച്ച് ചേര്‍ന്ന് തണ്ട് ഉണങ്ങുന്നു. ഇലകള്‍ പൊഴിയുന്നു. രോഗം ബാധിച്ച വള്ളികള്‍ 15 ദിവസത്തിനകം പൂര്‍ണ്ണമായും ഉണങ്ങും. രോഗം ബാധിച്ച തണ്ട് ചീഞ്ഞുതുടങ്ങുന്നതോടെ പുറംതൊലി ഉണങ്ങിപ്പൊളിഞ്ഞു അവയ്ക്കുള്ളിലെ നാരുകള്‍ ഇളകുകയും പശപോലൊരു ദ്രാവകം ഒലിച്ചുവരുകയും ചെയ്യും. തണ്ടിന്‍റെ പുറംതൊലി ഉണങ്ങിപ്പൊളിയുമ്പോള്‍ അവയ്ക്കുള്ളിലെ നാരുകള്‍ പിരിഞ്ഞ് കാണപ്പെടുന്നു. കൂടാതെ തവിട്ടുനിറത്തിലുള്ള പൊടികളും നാരുകള്‍ക്കിടയില്‍ കാണാം. തണ്ട് ഉണങ്ങി വരുന്നതോടെ കണ്ണികള്‍ മുട്ടില്‍നിന്ന് അടര്‍ന്ന് വീഴും. ചില കൊടികള്‍ പൂര്‍ണ്ണമായും നശിക്കാതെ രോഗം ബാധിച്ച തണ്ടുകള്‍ മാത്രം നശിക്കുന്നതായും കാണാറുണ്ട്. തിരികളും കറുത്തനിറം ബാധിച്ച് ധാരാളമായി പൊഴിയാറുണ്ട്. തണുപ്പ് കൂടുതലുള്ള സ്ഥലങ്ങളില്‍ മുളകുകൊടിയുടെ വേരില്‍ക്കൂടിയുള്ള ആക്രമണം സാധാരണമാണ്. വേരുകള്‍ അഴുകി നശിക്കുന്നതോടെ കൊടി പൂര്‍ണ്ണമായും ഉണങ്ങും. കുരുമുളകിനെ ബാധിക്കുന്ന ഈ രോഗം ഫൈറ്റോഫ്തോറ ഫൂട്ട്റൂട്ട് എന്നും അറിയപ്പെടുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

കാലവര്‍ഷാരംഭത്തില്‍തന്നെ നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതാണ്. ചെടിക്ക് ചുറ്റും 50 സെന്റിമീറ്റര്‍ വിസ്താരത്തില്‍ തടം എടുക്കുക. തടത്തില്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം അല്ലെങ്കില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് ഗ്രാം ഫൈറ്റലാന്‍ എന്ന തോതില്‍ തയ്യാറാക്കിയ ലായനി ഒഴിച്ചു നനയ്ക്കുക. തടത്തിലെ മണ്ണ് നല്ലതുപോലെ നനയുന്നതിന് മണ്ണിന്‍റെ സ്വഭാവമനുസരിച്ച് അഞ്ചു മുതല്‍ 10 ലിറ്റര്‍ വരെ ലായനി വേണ്ടിവരും. വള്ളിയുടെ തൊട്ടുചുവട്ടിലെ മണ്ണ് മാറ്റിയശേഷം വള്ളിച്ചുവട്ടില്‍നിന്നും മുകളിലേക്ക് നാല്‍പ്പതുസെന്റിമീറ്റര്‍ പൊക്കം വരെയുള്ള ഭാഗത്ത് ബോര്‍ഡോക്കുഴമ്പ് പുരട്ടുക. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം ഒഴിച്ചു തടം നനയ്ക്കുകയും ചെയ്യുക. മഴ നീണ്ടുനില്‍ക്കുന്ന കാലങ്ങളില്‍ ബോര്‍ഡോമിശ്രിതം തളിക്കുന്നതും ബോര്‍ഡോമിശ്രിതം അല്ലെങ്കില്‍ ഫൈറ്റലാന്‍ ഒഴിച്ച് തടം നനയ്ക്കുന്നതും ഒക്ടോബര്‍ മാസത്തില്‍ വീണ്ടും ആവര്‍ത്തിക്കണം.

ട്രൈക്കോടെര്‍മ വിറിടെ കള്‍ച്ചര്‍ ദ്രുതവാട്ടത്തിനെതിരേ ഉപയോഗിക്കാം. ഈ ജൈവകുമിള്‍നാശിനിയുടെ കള്‍ച്ചര്‍ ഒരു കിലോഗ്രാം ഭാഗികമായി ഉണക്കിയ, 10 ശതമാനം ഈര്‍പ്പമുള്ള, 100 കിലോഗ്രാം ചാണകപ്പൊടിയില്‍ ചെറിയ കൂനകൂട്ടി ഈര്‍പ്പം നഷ്ടപ്പെടാത്ത രീതിയില്‍ നനഞ്ഞ ചാക്ക് കൊണ്ട് തണലുള്ള സ്ഥലത്ത് മൂടിയിടുക. ഒരാഴ്ച്ച കഴിഞ്ഞ് ഇളക്കി വീണ്ടും ചെറിയ കൂനകൂട്ടി നനഞ്ഞ ചാക്ക് കൊണ്ട് മൂടിയിടുക. വീണ്ടും ഒരാഴ്ച്ച കഴിഞ്ഞ് ഈ മിശ്രിതം കൊടി ഒന്നിന് 5 കിലോഗ്രാം എന്ന തോതില്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ മഴ ലഭിക്കുന്ന മുറയ്ക്ക് തടത്തില്‍ ചേര്‍ത്തുകൊടുക്കുക.

പൊള്ളുരോഗം

കൊള്ളെറ്റോട്രിക്കം ഗ്ലിയോസ് പോറിയോയിടെസ് എന്ന കുമിളാണ് രോഗകാരി.

രോഗലക്ഷണങ്ങള്‍

മുളകുകൊടിയുടെ ഇലകളിലും തണ്ടുകളിലും മണികളിലും രോഗം പിടിപെടുന്നു. രോഗം ബാധിച്ച ഇലകളില്‍ ആദ്യമായി ഇളംതവിട്ടുനിറത്തിലുള്ള  ചെറിയ പൊട്ടുകള്‍ പ്രത്യക്ഷപ്പെടുന്നു. ഈ പാടുകള്‍ ക്രമേണ വലുതായി മധ്യഭാഗം ചാരനിറം കലര്‍ന്ന ഇരുണ്ട തവിട്ടുനിറത്തിലാകുന്നു. രോഗം ഇളംതണ്ടുകളെയും ബാധിക്കുന്നു. തണ്ടില്‍ മഞ്ഞനിറത്തില്‍ കാണുന്ന പൊട്ടുകള്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കറുപ്പായി തീരുകയും താഴോട്ട് വ്യാപിച്ച് തണ്ട് ഉണങ്ങുന്നതിനിടയാകുകയും ചെയ്യും.

കുരുമുളക് തിരിയുടെ ഞെട്ടില്‍ കറുപ്പ് നിറം ബാധിച്ച് തിരികൊഴിച്ചിലിനു കാരണമാകുന്നു. രോഗം ബാധിച്ച പിഞ്ചുമണികള്‍ കറുത്ത് ചുക്കിച്ചുളിഞ്ഞുപോകുന്നു. മണികള്‍ക്ക് പകുതി മൂപ്പായതിനു ശേഷമാണ് രോഗം പിടിപെടുന്നതെങ്കില്‍ മണികളുടെ തൊലി കറുക്കുകയും വിണ്ടുകീറുകയും ചെയ്യും. രോഗം ബാധിച്ച കുരുമുളക് മണികള്‍ ഉണങ്ങി ഭാരം കുറഞ്ഞ് പൊള്ളയായിത്തീരുന്നു. തിരിയുടെ ഏതെങ്കിലും ഭാഗത്ത് രോഗം പിടിപെട്ടാല്‍ അതിനുതാഴോട്ടുള്ള ഭാഗം ഉണങ്ങിപ്പോകുന്നതായി കാണാം.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

ദ്രുതവാട്ടത്തിനെതിരായി മരുന്നുതളി നടത്തുന്ന തോട്ടങ്ങളില്‍ പൊള്ള് രോഗത്തെ നിയന്ത്രിക്കുന്നതിനായി പ്രത്യേകം മരുന്ന് തളിക്കേണ്ട ആവശ്യമില്ല. തോട്ടത്തിലെ തണല്‍ ക്രമീകരിക്കണം. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം പൂവിടുന്ന സമയത്തും മണി പിടിക്കുന്ന അവസരത്തിലും തളിക്കുന്നത് രോഗനിയന്ത്രണത്തിന് ഫലപ്രദമാണ്.

ഇഞ്ചി, മഞ്ഞള്‍

തണ്ടുതുരപ്പന്‍ (Shoot borer)

തണ്ടുതുരപ്പന്‍ ശലഭത്തിന്‍റെ നാല് ചിറകുകളും മഞ്ഞനിറത്തിലുള്ളതാണ്. ചിറകുകളില്‍ ധാരാളം കറുത്ത പൊട്ടുകള്‍ ഉണ്ട്. പെണ് ശലഭം മുട്ടയിട്ട് വിരിഞ്ഞിറങ്ങുന്ന പുഴുക്കളാണ് ആക്രമണകാരികള്‍. പുഴുക്കള്‍ തണ്ടിനുള്ളില്‍ തുരന്നുകയറി ഉള്‍ഭാഗം തിന്നുന്നതിന്‍റെ ഫലമായി നാമ്പ് ഉണങ്ങുന്നു. കേടുബാധിച്ച നാമ്പുകള്‍ വലിച്ചാല്‍ എളുപ്പത്തില്‍ ഊരിവരുന്നതായി കാണാം.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

സന്ധ്യ മയങ്ങുന്നതോടെ തോട്ടത്തില്‍ അരമണിക്കൂര്‍ നേരം നിന്നുകത്തുന്ന രീതിയില്‍ പന്തം കൊളുത്തി നിര്‍ത്തുന്നത് ശലഭങ്ങളെ ആകര്‍ഷിച്ച് നശിപ്പിക്കുവാന്‍ സഹായിക്കും.കേടുബാധിച്ച നാമ്പുകള്‍ കൈകൊണ്ട് എടുത്തുമാറ്റി നശിപ്പിക്കുക.

ക്വിനാല്‍ഫോസ് 25 ഇ.സി രണ്ട് മില്ലിലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക. ഒരാഴ്ചയ്ക്ക് ശേഷം ബിവേറിയ ബാസിയാന 20 ഗ്രാം/5 മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തയ്യാറാക്കിയ ഓരോ ലിറ്റര്‍ ലായനിയിലും ആവണക്കെണ്ണ 5 മില്ലി ലിറ്ററും പൊടിച്ച ശര്‍ക്കര 10 ഗ്രാമും കൂടി യോജിപ്പിച്ച് തളിക്കുക.

മൂലകാണ്ട ശല്‍ക്കകീടങ്ങള്‍

ഇഞ്ചി, മഞ്ഞള്‍ എന്നിവയുടെ കിഴങ്ങുകളില്‍ ശല്ക്കകീടങ്ങള്‍ പറ്റിപ്പിടിച്ചിരുന്നു നീര് വലിച്ചുകുടിക്കുന്നതിന്‍റെ ഫലമായി അവ ചുക്കിച്ചുളിഞ്ഞുപോകുന്നു. ശല്‍ക്കകീടങ്ങളുടെ ശരീരം വെളുത്ത കട്ടിയുള്ള തൊലി കൊണ്ട് ആവരണം ചെയ്യപ്പെട്ടു കാണുന്നു. വിളവെടുപ്പിന് ശേഷം സംഭരിച്ചുവയ്ക്കുന്ന ഇഞ്ചിയും മഞ്ഞളുമാണ് സാധാരണയായി ആക്രമണത്തിന് വിധേയമാകുന്നത്.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

കിഴങ്ങുകള്‍ നല്ലതുപോലെ ബ്രഷ് ചെയ്ത് ശല്‍ക്കകീടങ്ങളെ മാറ്റണം. കീടവിമുക്തമായ വിത്ത് കൃഷിക്കായി തെരഞ്ഞെടുക്കുക. വിത്തിഞ്ചിയും വിത്തുമഞ്ഞളും നടുന്നതിന് മുമ്പ് വേര്‍ട്ടിസീലിയം ലെക്കാനി 20 ഗ്രാം/5 മില്ലിലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തുണ്ടാക്കിയ ലായനിയില്‍ അരമണിക്കൂര്‍ നേരം മുക്കിവയ്ക്കുക.

മൃദുചീയല്‍ രോഗം

ഇഞ്ചിയെ ബാധിക്കുന്ന ഒരു മാരകരോഗമാണിത്. പിത്തിയം അഫാനിടെര്‍മാറ്റം എന്ന കുമിളാണ് രോഗകാരി. ഇലകള്‍ മഞ്ഞളിക്കുന്നതാണ് ആദ്യലക്ഷണം. ഇലകളില്‍ ആരംഭിക്കുന്ന മഞ്ഞളിപ്പ് ഇലപ്പോളകളിലേക്കും വ്യാപിക്കുന്നു. ഇതേത്തുടര്‍ന്ന് ഇലകള്‍ വാടി ഉണങ്ങുന്നു. ചെടിയുടെ മണ്ണിനുമുകളിലുള്ള ഭാഗവും ഭൂകാണ്ടവും യോജിക്കുന്നിടം മൃദുവായിത്തീരുകയും അഴുകുകയും ചെയ്യുന്നു. തണ്ടുകള്‍ കൈകൊണ്ട് വലിച്ചാല്‍ എളുപ്പത്തില്‍ വേര്‍പ്പെടുന്നു. ഭൂകാന്‍ഡങ്ങളിലേക്കും അഴുകല്‍ വ്യാപിക്കുന്നു. വേരുകളും അഴുകി നശിക്കുന്നു. രോഗകാരിയായ കുമിള്‍ മണ്ണില്‍ക്കൂടിയും രോഗബാധിത വിത്തില്‍ക്കൂടിയുമാണ് പടരുന്നത്.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

നല്ല നീര്‍ വാര്ച്ചയും വായുസഞ്ചാരവുമുള്ള സ്ഥലംമാത്രം ഇഞ്ചികൃഷി ചെയ്യാന്‍ തെരഞ്ഞെടുക്കുക. രോഗബാധയില്ലാത്ത സ്ഥലങ്ങളില്‍ നിന്നും നല്ല വിത്തുകള്‍ ശേഖരിക്കുക. നടുന്നതിന് മുമ്പ് വിത്ത് മൂന്നുഗ്രാം കോപ്പര്‍ ഓക്സിക്ലോറൈട് ഒരു ലിറ്റര്‍ വെള്ളത്തില്‍ ഉണ്ടാക്കിയ ലായനിയില്‍ അരമണിക്കൂര്‍ നേരം മുക്കിവയ്ക്കുക. രോഗബാധിതമായ ചെടികള്‍ കാണുമ്പോള്‍ത്തന്നെ നശിപ്പിക്കുക. ചെടിച്ചുവടുകള്‍ ഒരു ശതമാനം വീര്യത്തില്‍ തയ്യാറാക്കിയ ബോര്‍ഡോമിശ്രിതം ഒഴിച്ച് നനയ്ക്കണം. ഇഞ്ചിത്തടത്തില്‍ ട്രൈക്കോടെര്‍മ ജീവാണു കുമിള്‍നാശിനി, വേപ്പിന്‍ പിണ്ണാക്കും ചാണകവും ചേര്‍ത്ത് കൂട്ടിക്കലര്‍ത്തി തടത്തില്‍ ചേര്‍ത്ത് കൊടുക്കുന്നത് രോഗനിയന്ത്രണത്തിന് സഹായകരമാണ്. 10 കിലോഗ്രാം വേപ്പിന്‍ പിണ്ണാക്ക് പൊടിച്ച് 90 കിലോഗ്രാം ചാണകപ്പൊടിയുമായി കൂട്ടിയിളക്കുക. ഇതില്‍ ഒരു കിലോഗ്രാം ട്രൈക്കോടെര്‍മ ജീവാണു കുമിള്‍നാശിനി കൂടി യോജിപ്പിക്കുക. ഇത് നനഞ്ഞ ചണചാക്ക് കൊണ്ട് മൂടിവയ്ക്കുക. അഞ്ചുദിവസത്തിനുശേഷം മിശ്രിതം ഒന്നുകൂടി ഇളക്കി നനഞ്ഞ ചാക്ക് കൊണ്ട് വീണ്ടും മൂന്നുദിവസം മൂടിവയ്ക്കുക. ട്രൈക്കോടെര്‍മയുടെ വളര്‍ച്ച മാധ്യമത്തില്‍ കാണാവുന്നതാണ്. ഇത് എടുത്ത് ഇഞ്ചിത്തടത്തില്‍ ചേര്‍ത്തുകൊടുക്കുക.

വാനില

ആഫ്രിക്കന്‍ ഒച്ച്‌

പപ്പായ, വഴുതന, വെണ്ട, ശീതകാല പച്ചക്കറികള്‍, ഓര്‍ക്കിഡുകള്‍, അടയ്ക്ക തൈകള്‍, റബര്‍ തൈകള്‍, കാപ്പിച്ചെടികള്‍, വാനില തുടങ്ങി ഒട്ടനവധി വിളകളെ ആക്രമിക്കുന്നു.

വാനില ചെടികളില്‍ ഇവയുടെ ആക്രമണം രൂക്ഷമാകാറുണ്ട്. ഇലകള്‍, തണ്ടുകള്‍, പൂവ്, കായ് ഇവയെല്ലാം തിന്നു നശിപ്പിക്കും. ഒച്ച്‌ 50 മുതല്‍ 200 വരെ മുട്ടകള്‍ മണ്ണില്‍ ഇടുന്നു. മുട്ടകള്‍ക്ക് മഞ്ഞനിറമാണ്. മുട്ടകളില്‍ നിന്നും വിരിഞ്ഞിറങ്ങുന്ന ഒച്ചുകുഞ്ഞുങ്ങള്‍ ചെടിയുടെ ഭാഗങ്ങളില്‍നിന്ന് ഒരുവര്‍ഷം കൊണ്ട് പൂര്‍ണ്ണവളര്‍ച്ചയെത്തും. പ്രായപൂര്‍ത്തിയായ ഒച്ചുകള്‍ 3-5 വര്‍ഷം വരെ ജീവിച്ചിരിക്കും.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

 • ഒച്ചുകളെ ശേഖരിച്ച് തീയിലിട്ട് നശിപ്പിക്കുക.
 • മാലിന്യങ്ങള്‍ കൂമ്പാരം കൂട്ടിയിടുന്നത് ഒഴിവാക്കുക.
 • ഒച്ചുകളെ കെണിയില്‍ അകപ്പെടുത്തുന്നതിനു പപ്പായ തണ്ടും ഇലകളും ചെറുകഷണങ്ങളാക്കി ഉപയോഗപ്പെടുത്താം. കാബേജ് ഇലകളും ഉപയോഗിക്കാം.
 • നനവുള്ള ചാക്ക് അവിടവിടെ വിരിച്ചിട്ടശേഷം അതിനുമുകളില്‍ പപ്പായതണ്ട്, ഇല ഇവ മുറിച്ചിട്ട് നിരത്തി ഒച്ചുകളെ ആകര്‍ഷിക്കാം. കെണിയില്‍ വന്നെത്തുന്ന ഒച്ചുകളെ എടുത്ത് തീയിലിട്ട് കൊല്ലാം.
 • തേങ്ങാവെള്ളം, യീസ്റ്റ്, പഞ്ചസാര എന്നിവ ചേര്‍ത്ത് പുളിപ്പിച്ചെടുത്ത ലായനി കൊണ്ട് ചണചാക്ക് നനച്ച് അതില്‍ പപ്പായത്തണ്ട്, ഇലകള്‍ എന്നിവ മുറിച്ചിട്ട് നിരത്തി കെണി തയ്യാറാക്കാം.
 • ബീയര്‍ പരന്ന പാത്രത്തിലൊഴിച്ച് അതില്‍ പപ്പായതണ്ട്, പപ്പായ ഇല, കാബേജ് ഇല ഇവയിലെതെങ്കിലുമൊന്നു മുറിച്ചിട്ടും കെണികള്‍ തയ്യാറാക്കാം.
 • വിവിധ കെണികള്‍ സംവിധാനം ചെയ്ത് സന്ധ്യ മയങ്ങുമ്പോള്‍ കൃഷിസ്ഥലത്ത് വയ്ക്കണം. പുലരുന്നതിനു മുമ്പേ കെണിക്കുള്ളില്‍ കുടുങ്ങുന്ന ഒച്ചുകളെ ശേഖരിച്ച് തീയിലിട്ട് നശിപ്പിക്കണം.
 • ഒച്ചിന്‍റെ ഉപദ്രവം കാണുന്ന സ്ഥലങ്ങളില്‍ കുമ്മായം, ബ്ലീച്ചിംഗ് പൌഡര്‍ എന്നിവ വിതറാവുന്നതാണ്.
 • അരിത്തവിടും മെറ്റാല്‍ഡിഹൈഡ് 5 ശതമാനം പെല്ലറ്റും കൂട്ടിക്കലര്‍ത്തി ഒച്ച്‌ വരുന്ന പാതയില്‍ വയ്ക്കാം.
 • കെണി വിളയായി ബന്തി നട്ടുപിടിപ്പിച്ച് അതില്‍ ആകര്‍ഷിക്കപ്പെടുന്ന ഒച്ചുകളെ ശേഖരിച്ച് തീയിലിട്ട് നശിപ്പിക്കാം.
 • ഒച്ചുനിയന്ത്രണത്തിന് സഹകരണ അടിസ്ഥാനത്തിലുള്ള കൂട്ടായ ശ്രമം വേണം.

വേരുതീനിപ്പുഴു (വേരുപുഴു)

‘കോക്ക്ചേഫര്‍’ വിഭാഗത്തില്‍പ്പെട്ട ചില വണ്ടുകളുടെ പുഴുക്കളാണ് ആക്രമണകാരികള്‍. ഇതില്‍ പ്രധാനി ‘ഹോളോട്രിക്കിയ’ കോക്ക്ചേഫര്‍ വണ്ടിന്‍റെ പുഴുവാണ്‌. പുഴുക്കള്‍ വാനില ചെടിയുടെ വേരുകള്‍ തിന്നുന്നതുമൂലം വേരുകള്‍ നശിച്ച് ചെടികള്‍ ഉണങ്ങുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

വിളക്കുകെണികളില്‍ ആകര്‍ഷിച്ച് നശിപ്പിക്കുക. ബിവേറിയ ബാസിയാന, മെറ്റാറൈസിയം അനൈസോപ്ലിയെ എന്നിവ മാറിമാറി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്തുണ്ടാക്കിയ ലായനി ചെടിച്ചുവട്ടില്‍ വേരു നനയുന്ന രീതിയില്‍ ഒഴിച്ചുകൊടുക്കുക. ഈ രീതി വേരുപുഴുക്കളെ നിയന്ത്രിക്കാന്‍ സഹായിക്കും.

ഇലതീനിപ്പുഴുക്കള്‍

ചില നിശാശലഭങ്ങളുടെ പുഴുക്കള്‍ വാനില ചെടിയുടെ ഇലകള്‍ തിന്ന് നശിപ്പിക്കാറുണ്ട്. ഇതില്‍ കമ്പിളിപ്പുഴുക്കളും മൃദുലശരീരമുള്ള പുഴുക്കളും ഉള്‍പ്പെടുന്നു.

കഴിയുന്നത്ര പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കണം. ‘നുവാന്‍’ എന്ന കീടനാശിനി ഒരു മില്ലിലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത് തളിക്കണം.

വാട്ടരോഗം

ഫൂസേറിയം ഒക്സിസ്പോറം എന്ന കുമിള്‍ ബാധമൂലം ചെടിയുടെ വേരും തണ്ടും അഴുകി ഉണങ്ങി നശിക്കുന്നു.

രോഗം ബാധിച്ച് നശിക്കുന്നതും നശിച്ചതുമായ ചെടികള്‍ പിഴുതുമാറ്റി നശിപ്പിക്കണം. ചെടിയുടെ ചുറ്റും വളര്‍ന്നുനില്‍ക്കുന്ന കളകള്‍ നിയന്ത്രിക്കണം. മഴക്കാലത്തിന് തൊട്ടുമുമ്പ് ചെടിച്ചുവട്ടില്‍ കരിയില വിരിച്ചിട്ട് പുതയിടണം. വേരുകള്‍ക്ക് മുറിവുണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തയ്യാറാക്കി ചെടിച്ചുവട്ടില്‍ വേരുകള്‍ നനയുന്ന രീതിയില്‍ ഒഴിക്കണം.

ഫൈറ്റോഫ്തോറ രോഗങ്ങള്‍

വള്ളിത്തലപ്പ് അഴുകി നശിക്കുക, തണ്ടും കായ്കളും അഴുകി നശിക്കുക, കായ്കള്‍ മൂപ്പെത്താതെ പൊഴിയുക, എന്നീ രോഗങ്ങള്‍ കണ്ടുവരാറുണ്ട്. ഈ രോഗങ്ങള്‍ ഫൈറ്റോഫ്തോറ എന്ന കുമിള്‍ബാധമൂലം ഉണ്ടാകുന്നതാണ്.

രോഗം ബാധിച്ച ചെടിയുടെ ഭാഗങ്ങള്‍ എടുത്തുമാറ്റി നശിപ്പിക്കണം. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കണം.

ഗ്രാമ്പൂ

തണ്ടുതുരപ്പന്‍

സാഹിയഡ്രസസ് മലബാറിക്കസ് എന്ന ശലഭത്തിന്‍റെ പുഴു ആണ് ആക്രമണകാരി. പുഴുക്കള്‍ പ്രധാന തടി തുരന്നു തിന്നുന്നതിന്‍റെ ഫലമായി പുഴുക്കള്‍ തുരന്നുണ്ടാക്കിയ തടിയുടെ ഭാഗത്തിനു മേല്‍പ്പോട്ടു പെട്ടെന്ന് ഉണങ്ങുന്നു. ഈ പുഴുവിന്‍റെ ആക്രമണത്തിന് വിധേയമായ മരങ്ങള്‍ ഉണങ്ങിപ്പോകുന്നതിനിടയാകുന്നു.

മരങ്ങള്‍ പതിവായി നിരീക്ഷിക്കണം. ക്വിനാല്‍ഫോസ് 25 ഇ.സി. എന്ന കീടനാശിനി പുഴു തുരന്നുണ്ടാക്കിയ ദ്വാരത്തില്‍ക്കൂടി ഒരു സിറിഞ്ചിന്‍റെ സഹായത്താല്‍ കുത്തിവയ്ക്കണം. 4 മില്ലിലിറ്റര്‍ ക്വിനാല്‍ഫോസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത് കുത്തിവയ്ക്കാനുള്ള ലായനി തയ്യാറാക്കാം.

ശല്‍ക്കകീടങ്ങളും മീലിമുട്ടകളും

മീലിമുട്ടകള്‍ ഇളംതണ്ടുകളില്‍ കൂട്ടം കൂടി ഇരുന്ന് കാണപ്പെടുന്നു. നീര് ഊറ്റിക്കുടിക്കുന്നതിന്‍റെ ഫലമായി കൊമ്പുണക്കം ഉണ്ടാകും. ശല്‍ക്കകീടങ്ങള്‍ ഇലകളുടെ അടിവശത്തും ഇളംതണ്ടുകളിലുമാണ് കേന്ദ്രീകരിച്ചു കാണുന്നത്. ഈ പ്രാണികളുടെ ഉപദ്രവം നഴ്സറികളിലും ചെറുചെടികളിലും പലപ്പോഴും കൂടിയതോതില്‍ കാണപ്പടുന്നു. കേട് അധികരിച്ചു കാണുന്ന ഭാഗങ്ങള്‍ മുറിച്ചുമാറ്റി നശിപ്പിക്കുക. റോഗര്‍ 30 ഇ.സി. ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ യോജിപ്പിച്ച് തളിക്കുക. ഒരാഴ്ച്ച കഴിഞ്ഞ് വേര്‍ട്ടിസീലിയം ലെക്കാനി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ ലായനി തയ്യാര്‍ ചെയ്ത് തളിച്ച് കീടനിയന്ത്രണം ഒന്നുകൂടി ഉറപ്പുവരുത്തുക.

തൈ ഉണക്കം

തൈ ഉണക്കം സാധാരണയായി നഴ്സറിചെടികളെ ബാധിക്കുന്നു. രോഗം ബാധിച്ച ചെടികളുടെ ഇലകള്‍ക്ക് ഈര്‍പ്പനഷ്ടം ഉണ്ടായി കൊഴിയുന്നു. വേരുകള്‍ക്കും ചെടിയുടെ മണ്ണിനു തൊട്ടുമുകളിലുമുള്ള ഭാഗങ്ങളിലും നിറവ്യത്യാസം ഉണ്ടായി അഴുകുന്നു.

സിലിഡ്രോക്ലാഡിയം, ഫൂസേറിയം കൊള്ളെറ്റോട്രിക്കം, റൈസക്റ്റോണിയ തുടങ്ങിയ കുമിളുകളെ രോഗം ബാധിച്ച ചെടികളില്‍ നിന്നും വേര്‍തിരിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ പ്രധാന രോഗകാരിയെ ഇനിയും തിരിച്ചറിയേണ്ടതായിട്ടുണ്ട്.

കേട് ബാധിച്ച ചെടികളെ അപ്പോഴപ്പോള്‍ മാറ്റി നശിപ്പിക്കണം. മൂന്നുഗ്രാം കോപ്പര്‍ ഓക്സിക്ലോറൈഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്തുണ്ടാക്കിയ ലായനി തളിക്കുകയും ചെടിച്ചുവട്ടില്‍ വേരുകള്‍ നനയുന്ന രീതിയില്‍ ഒഴിക്കുകയും ചെയ്യണം.

ഇലപ്പുള്ളി, കൊമ്പുണക്കം, പൂകൊഴിച്ചില്‍

ഈ രോഗങ്ങള്‍ കൊള്ളെറ്റോട്രിക്കം ഗ്ലിയോസ്പോറിയോയിഡസ് എന്ന കുമിളിന്‍റെ ആക്രമണം മൂലം ഉണ്ടാകുന്നു. ഇലകളില്‍ പല വലിപ്പത്തിലും രൂപത്തിലുമുള്ള പുള്ളികള്‍ ഉണ്ടാകുന്നു. രോഗം രൂക്ഷമാകുമ്പോള്‍ ഇലകള്‍ തൂങ്ങി ഉണങ്ങി കാണപ്പെടും. നഴ്സറിച്ചെടികള്‍ അഗ്രഭാഗത്തുനിന്ന് ഉണക്കം ബാധിച്ച് ക്രമേണ മുഴുവനായും ഉണങ്ങി നശിക്കുന്നു.

ഇലകളില്‍ ആരംഭിച്ച് അസുഖം ഇലഞെട്ടില്‍ക്കൂടി കൊമ്പുകളെയും ബാധിക്കുന്നു. കേട് ബാധിച്ച കൊമ്പുകളില്‍നിന്ന് ഇലകൊഴിയുന്നു. ചിലപ്പോള്‍ കൊമ്പ് അഗ്രത്ത് ഒരില മാത്രം അവശേഷിച്ചിരിക്കുന്നതായി കാണാം. രോഗം ബാധിച്ച കൊമ്പുകളില്‍ നിന്നും പൂമൊട്ടിലേക്ക് രോഗം പടരുന്നതോടെ പൂമൊട്ടുകള്‍ കൊഴിയുന്നു. തുടര്‍ച്ചയായ കനത്ത മഴയുള്ള കാലങ്ങളില്‍ രോഗം അധികരിച്ച് കാണുന്നു. ഒന്ന് ഒന്നര മാസം ഇടവേളയില്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കുന്നത് കൊണ്ട് രോഗശമനം കൈവരിക്കാവുന്നതാണ്.

ജാതി

കറുത്ത ശല്‍ക്കകീടം (Black scale)

ഈ ശല്‍ക്കകീടം ഇളംതണ്ടുകളിലും ഇലകളിലും പ്രത്യേകിച്ച് നഴ്സറിച്ചെടികളിലും ഇളം പ്രായത്തിലുള്ള ചെടികളിലും കൂട്ടംകൂടിയിരുന്ന് നീര് ഊറ്റിക്കുടിക്കുന്നു. ആക്രമണം രൂക്ഷമാകുമ്പോള്‍ ഇളംതണ്ടുകള്‍ വാടിക്കരിയുന്നു.

വെളുത്ത ശല്‍ക്കകീടം (White scale)

ഇലകളുടെ അടിഭാഗത്ത് കൂട്ടംകൂടിയിരുന്നു പ്രത്യേകിച്ചും നഴ്സറിച്ചെടികളില്‍ നീര് കുടിക്കുന്നു. ഇതിന്‍റെ ഫലമായി ഇലകളില്‍ മഞ്ഞവരയും പൊട്ടുകളും കാണപ്പെടുന്നു. ആക്രമണം രൂക്ഷമാകുമ്പോള്‍ ഇലകള്‍ കരിഞ്ഞുണങ്ങുന്നു.

ഷീല്‍ഡ് ശല്‍ക്കകീടം (Shield scale)

ക്രീം കലര്‍ന്ന തവിട്ടുനിറത്തിലുള്ള ഈ ശല്‍ക്കകീടം ഇളംതണ്ടുകളിലും ഇലകളിലും കാണപ്പെടുന്നു. നഴ്സറിച്ചെടികളിലാണ് അധികമായി കാണാറുള്ളത്. ആക്രമണത്തിന് വിധേയമായ ഇലകളും ഇളംകൊമ്പുകളും ഉണങ്ങിനശിക്കുന്നു.

രൂക്ഷമായ ആക്രമണത്തിന് വിധേയമായ കൊമ്പുകള്‍ മുറിച്ചുമാറ്റി തീയിലിടുക. വേര്‍ട്ടിസീലിയം ലെക്കാനി 20 ഗ്രാം/5 മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത് തളിക്കുകയും വേണം.

കൊമ്പുണക്കം

ഇളംകൊമ്പുകള്‍ അഗ്രത്തില്‍ തുടങ്ങി താഴേക്ക് ഉണങ്ങി നശിക്കുന്നു. ഉണങ്ങിവരുന്ന കൊമ്പുകള്‍ ശക്തിയുള്ള ഒരു മുകുളത്തിന് തൊട്ടുമേല്‍വച്ച് മുറിച്ചുമാറ്റണം. മുറിച്ചുമാറ്റിയ ഭാഗത്ത് ബോര്‍ഡോക്കുഴമ്പ് തേച്ചുപിടിപ്പിക്കണം.

കായ് അഴുകല്‍ രോഗം

ജാതിയില്‍ കാണുന്ന ഈ രോഗം ഫൈറ്റോഫ്തോറ കുമിളും ഡിപ്ലോഡിയ നാറ്റെലെന്‍സിസ് കുമിളുമാണ് ഉണ്ടാക്കുന്നത്.

ചെറുകായ്കള്‍ പൊട്ടിപ്പൊളിയുക, കായ്കള്‍ കൊഴിയുക തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഈ കുമിളുകളുടെ ബാധമൂലം ഉണ്ടാകുന്നു. കേരളത്തില്‍ ജാതിത്തോട്ടങ്ങളില്‍ ഇത് ഒരു പ്രശ്നരോഗമാണ്. ചില മരങ്ങളില്‍ ഈ രോഗലക്ഷണങ്ങള്‍ കുമിള്‍ബാധയുടെ അഭാവത്തിലും ഉണ്ടാകാറുണ്ട്. രോഗലക്ഷണം കാണിക്കുന്ന കായ്കള്‍ കൊഴിഞ്ഞുവീഴുന്നു. ഫിസിയോളജിക്കല്‍ കാരണങ്ങളാലും ഈ മാതിരി ലക്ഷണങ്ങള്‍ കാണാറുണ്ട്. കായ് അഴുകല്‍ ആരംഭിക്കുന്നത് കായ് ഞെട്ടില്‍ നിന്നുമാണ്. അവിടെ നിന്ന് കറുപ്പ് നിറത്തില്‍ അഴുകലായി കായില്‍ കാണപ്പെടുന്നു. രോഗം രൂക്ഷമാകുമ്പോള്‍ അഴുകല്‍ ജാതിപത്രിയിലും കാണാം.

കേട് ബാധിച്ച കായ്കള്‍ തോട്ടത്തില്‍നിന്നും മാറ്റി നശിപ്പിക്കണം. രോഗനിയന്ത്രണത്തിന് ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കണം. ഇത് കായ്കള്‍ പകുതി പ്രായമെത്തുമ്പോള്‍ നിര്‍ബന്ധമായി ചെയ്യേണ്ടതാണ്. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ വളപ്രയോഗം നടത്തി ചെടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.

കറുവപ്പട്ട

കറുവപ്പട്ട ചിത്രശലഭം

ഒരു വലിയ ചിത്രശലഭത്തിന്‍റെ പുഴു ആണ് ആക്രമണകാരി. ശലഭത്തിന്‍റെ ചിറകുകള്‍ക്ക് ഇരുണ്ട തവിട്ടുനിറമാണ്. കൈലാസ ക്ലൈറ്റിയ എന്ന ചിത്രശലഭം മുട്ടയിട്ട് വിരിയുന്ന പുഴു പുതുനാമ്പുകള്‍ തിന്നുന്നു. പിന്നീടങ്ങോട്ട് ഇലയുടെ ഭാഗങ്ങള്‍ ഞരമ്പുകള്‍ ഒഴിവാക്കിക്കൊണ്ട് തിന്നുന്നു. കുഞ്ഞുപുഴുക്കള്‍ കടുംപച്ച അല്ലെങ്കില്‍ കറുപ്പ് നിറത്തില്‍ വെല്‍വെറ്റ് പോലെ കാണപ്പെടും. പൂര്‍ണവളര്‍ച്ചയില്‍ പുഴു മഞ്ഞനിറത്തില്‍ ഇരുണ്ട വരകളോടുകൂടി കാണുന്നു.

ചെടിയില്‍ കാണപ്പെടുന്ന പുഴുക്കളേയും സമാധിദശകളേയും ശേഖരിച്ച് നശിപ്പിക്കണം. ക്വിനാല്‍ഫോസ് 25 ഇ.സി. 2 മില്ലിലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ച് പുഴുക്കളെ നിയന്ത്രിക്കാം.

കറുവ ഗാള്‍ മണ്ടരി (Cinnamon gall mite)

നഗ്നനേത്രങ്ങള്‍ക്ക് എളുപ്പത്തില്‍ ദൃശ്യമാകാത്തത്ര ചെറു മണ്ടരികള്‍ നീരുകുടിക്കുന്നതിന്‍റെ ഫലമായി തളിരിലകളുടെ അടിവശത്ത് ഇലഞെട്ടുകള്‍, തളിര്‍നാമ്പുകള്‍ എന്നിവിടങ്ങളിലെല്ലാം പ്രത്യേക ആകൃതിയൊന്നുമില്ലാത്ത മുഴകള്‍ ഉണ്ടാകുന്നു. പതിവായി ഇലകളുടെ അടിവശം നിരീക്ഷണത്തിന് വിധേയമാക്കി മണ്ഡരി ആക്രമണം വിലയിരുത്തണം. വെര്‍ട്ടിസീലിയം ലെക്കാനി 20 ഗ്രാം/ അഞ്ചു മില്ലിലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്തുണ്ടാക്കിയ ഓരോ ലിറ്റര്‍ ലായനിയിലും പത്തുഗ്രാം ശര്‍ക്കര ഇളക്കി യോജിപ്പിച്ച് ഇലകളുടെ അടിവശത്ത് പതിക്കുന്ന രീതിയില്‍ തളിക്കണം. ആക്രമണം അധികരിച്ച് കാണുന്ന കൊമ്പുകള്‍ മുറിച്ച് മാറ്റണം.

നിമാവിര

നിമാവിരകള്‍ വേരുകളില്‍നിന്നും നീരുവലിച്ച് കുടിക്കുന്നതിന്‍റെ ഫലമായി ചെടികള്‍ വളര്‍ച്ച മുരടിച്ച് മഞ്ഞളിച്ച് കാണപ്പെടുന്നു. ‘റൂട്ട്നോട്ട്’ നിമാവിരകളാണിവ. ആക്രമണഫലമായി വേരുകളില്‍ വിവിധ വലുപ്പത്തിലുള്ള മുഴകള്‍ ഉണ്ടാകുന്നു.

ചെടികള്‍ നടുന്നതിന് മുമ്പ് മണ്ണ് സൂര്യതാപീകരണത്തിന് വിധേയമാക്കണം. ചെടികള്‍ക്ക് നല്‍കുന്ന ജൈവവളത്തോടൊപ്പം വേപ്പിന്‍പിണ്ണാക്ക് കൂടി ചേര്‍ക്കണം. നിമാവിര ബാധിച്ച് കാണുമ്പോള്‍ ചെടിച്ചുവട്ടിലെ മണ്ണ് 20 ഗ്രാം പീസിലോമൈസിസ് ലൈലസിനസ് അല്ലെങ്കില്‍ ബിവേറിയ ബാസിയാന ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്തുണ്ടാക്കിയ ലായനി വേര് നനയുന്ന രീതിയില്‍ ചെടിച്ചുവട്ടില്‍ ഒഴിക്കണം.

ഫൈറ്റോഫ്തോറ കൊമ്പുണക്കം

ചെടികള്‍ പെട്ടെന്ന് ഉണങ്ങുന്നു. ചെടിയുടെ തടിയില്‍ തൊലിച്ചുവട്ടില്‍നിന്നും മുകള്‍ഭാഗത്തേക്ക് വിണ്ടുകീറി കാണപ്പെടുന്നു. വേരുകളും ഉണങ്ങുന്നു. ചെടി ഒന്നാകെ ഉണങ്ങി നശിക്കുന്നതിന് കാരണമാകുന്നു. കൃഷിയിടത്തില്‍ നീര്‍ വാര്‍ച്ച ഉറപ്പുവരുത്തേണ്ടതാണ്. കോപ്പര്‍ ഓക്സിക്ലോറൈഡ് 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്തുണ്ടാക്കിയ ലായനി ചെടിച്ചുവട്ടില്‍ ഒഴിച്ചു നനയ്ക്കുകയും തണ്ടിലും ഇലയിലും പതിക്കുന്ന രീതിയില്‍ തളിക്കുകയും വേണം.

കടപ്പാട്: കര്‍ഷകമിത്രം, സമ്പൂര്‍ണ്ണ കാര്‍ഷികഗൈഡ്

2.84615384615
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top