Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ശീതകാല പച്ചക്കറികള്‍

ഉരുളക്കിഴങ്ങ്, കാബേജ്, കാരറ്റ്, ബീറ്റ്‌റൂട്ട്, ബീന്‍സ് എന്നീ ശീതകാല പച്ചക്കറികള്‍ നമ്മുടെ ഭക്ഷണത്തിലെ അവിഭാജ്യഘടകമാണ്.

ആമുഖം

കേരളത്തില്‍ ഇടുക്കി, വയനാട് ജില്ലകളില്‍ സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ശീതകാല പച്ചക്കറികളുടെ കൃഷിക്ക് യോജിച്ച സമയം. ചൂടിനെ ചെറുക്കാന്‍ കഴിവുള്ള ശീതകാല പച്ചക്കറി ഇനങ്ങളും ഗവേഷണ ഫലമായി പുറത്തിറക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ പരിമിതമായ തോതില്‍ ഇവ സമതലപ്രദേശങ്ങളിലും വളര്‍ത്താവുന്നതാണ്.
ശീതകാല പച്ചക്കറികളുടെ വിത്തുല്പാദനം നമ്മുടെ നാട്ടില്‍ സാധ്യമല്ലാത്തതിനാല്‍ ഓരോ സീസണിലും വിത്ത് വാങ്ങേണ്ടിവരും. ഊട്ടി, ഗൂഡല്ലൂര്‍ എന്നീ സ്ഥലങ്ങളില്‍ നിരവധി വിത്തുവിതരണ ഏജന്‍സികള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. നമ്മുടെ നാട്ടിലേക്ക് യോജിച്ച ഇനങ്ങളുടെ വിത്തുകള്‍ ചോദിച്ചുവാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കാബേജ്

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പഠനങ്ങളില്‍ ഇടുക്കി, വയനാട് ജില്ലകളിലേക്ക് യോജിച്ച ഇനങ്ങള്‍ കണെ്ടത്തുകയുണ്ടായി. സെപ്റ്റംബര്‍ എന്ന കാബേജ് ഇനം ഇവിടങ്ങളില്‍ കൃഷി ചെയ്യാന്‍ ഏറ്റവും യോജിച്ചതാണെന്ന് തെളിയുകയുണ്ടായി. ഹെക്ടറിന് 30 ടണ്‍ വിളവ് നല്‍കാന്‍ കഴിവുള്ളതാണ് ഈ ഇനം. ഹരിറാണി, ശ്രീഗണേഷ് എന്നീ കാബേജ് ഇനങ്ങളും നമ്മുടെ നാട്ടിലേയ്ക്ക് യോജിച്ചവയാണ്.

കോളിഫ്‌ളവര്‍

കോളിഫ്‌ളവര്‍ ഇനങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ വേണം. പഞ്ചാബ് ജയന്റ്, ഫൂലെ സിന്തറ്റിക് എന്നീ കോളിഫ്‌ളവര്‍ ഇനങ്ങള്‍ നല്ല വിളവു തരുന്നവയാണ്. ഒക്‌ടോബര്‍ മാസത്തില്‍ പറിച്ചുനടണമെന്നുമാത്രം.
കാബേജ്, കോളിഫ്‌ളവര്‍ എന്നിവ കൂടാതെ ഇലക്കറിവിളയായ ചൈനീസ് കാബേജ്, തണേ്ടാടുകൂടി കറിവക്കാവുന്ന നോള്‍കോള്‍ എന്നിവയും തണുപ്പുള്ള സ്ഥലങ്ങളില്‍ കൃഷി ചെയ്യാവുന്നതാണ്.
വിത്തുകള്‍ തടങ്ങളില്‍ പാകി ഒക്‌ടോബര്‍ മാസത്തില്‍ തൈകള്‍ പറിച്ചുനടുകയാണ് വേണ്ടത്. നിലം നന്നായി കിളച്ചിളക്കി സെന്റിന് 100 കി.ഗ്രാം ഉണങ്ങിയ കാലിവളവും 1/2 കി.ഗ്രാം യൂറിയ, 2 കി.ഗ്രാം മസൂറി ഫോസ്, 250 ഗ്രാം പൊട്ടാഷ് എന്നിവയും ചേര്‍ക്കണം. 60 സെ.മീ. അകലത്തില്‍ ആഴം കുറഞ്ഞ ചാലുകളെടുത്ത് ഓരോ ചാലിലും 45 സെ.മീ. അകലത്തില്‍ തൈകള്‍ നടാം. ഒന്നിടവിട്ട ദിവസങ്ങളില്‍ നനക്കേണ്ടതാണ്. രണ്ടാഴ്ചയിലൊരിക്കല്‍ പാക്യജനകവും ക്ഷാരവും ചേര്‍ത്ത വളങ്ങള്‍ നല്‍കേണ്ടതാണ്. ഇതു കൂടാതെ ചാലുകളില്‍ ചാണകവെള്ളം ഒഴിക്കുന്നത് വളരെ നല്ലതാണെന്ന് കണ്ടിട്ടുണ്ട്. കാബേജ്, കോളിഫ്‌ളവര്‍ എന്നിവ കൃത്യസമയത്തു തന്നെ വിളവെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കാരറ്റ്, മുള്ളങ്കി, ബീറ്റ്‌റൂട്ട്

കേരളത്തിലെ തണുപ്പുള്ള പ്രദേശങ്ങളിലേയ്ക്ക് യോജിച്ച കാരറ്റ്, മുള്ളങ്കി, ബീറ്റ്‌റൂട്ട് എന്നിവയുടെ ഇനങ്ങളും ഇന്ന് ലഭ്യമാണ്. നാന്റസ്, സിനോ എന്നീ കാരറ്റ് ഇനങ്ങളും, പൂസചേത്കീ, മാഹി കോ11 എന്നീ മുള്ളങ്കി ഇനങ്ങളും മികച്ച വിളവു തരുന്നവയാണ്. ഡി.ഡി. റെഡ്, ക്രിംസണ്‍ ഗ്‌ളോബ് എന്നീ ബീറ്റ്‌റൂട്ട് ഇനങ്ങളും കേരളത്തിലേക്ക് യോജിച്ചവയാണ്. ഈ കിഴങ്ങുവര്‍ഗ്ഗ വിളകളുടെ വിത്ത് നേരിട്ടു പാകി വളര്‍ത്തുകയാണ് വേണ്ടത്. ഒരിക്കലും പറിച്ചു നടാന്‍ പാടില്ല. നല്ല ഇളക്കമുള്ള മണ്ണാണ് ഇവയുടെ കൃഷിക്ക് ഏറ്റവും നല്ലത്.

ഉരുളക്കിഴങ്ങ്

ഇടുക്കി ജില്ലയിലെ വട്ടവട, കാന്തല്ലൂര്‍ എന്നിവിടങ്ങളില്‍ വിപുലമായി ഉരുളക്കിഴങ്ങ് കൃഷി ചെയ്തുവരുന്നുണ്ട്. ചെടിയുടെ ആദ്യകാല വളര്‍ച്ചയ്ക്ക് 22 മുതല്‍ 34ീഇ വരെയുള്ള താപനിലയാണ് വേണ്ടത്. പക്ഷേ കിഴങ്ങു വളരുന്ന സമയത്ത് 18 മുതല്‍ 20ീഇ വരെയുള്ള താപനില വേണമെന്നുമാത്രം. നടാന്‍ വേണ്ട കിഴങ്ങുകള്‍ ഊട്ടി, മേട്ടുപാളയം എന്നിവിടങ്ങളില്‍ നിന്നാണ് കര്‍ഷകര്‍ കൊണ്ടുവരുന്നത്. രോഗകീട ബാധയില്ലാത്ത കിഴങ്ങുകള്‍ നടാന്‍ ശ്രദ്ധിക്കേണ്ടതാണ്. സിംലയിലെ കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ സ്ഥാപനത്തില്‍ വികസിപ്പിച്ചെടുത്ത കൂഫ്രി ജ്യോതി, കുഫ്രി ചന്ദ്രമുഖി എന്നീ ഇനങ്ങള്‍ക്ക് അത്യുല്പാദനശേഷിയും രോഗപ്രതിരോധശേഷിയുമുണ്ട്. ഉരുളക്കിഴങ്ങിന്റെ വിത്തിനായി ഊട്ടിയിലെ കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്.
ഉരുളക്കിഴങ്ങിന്റെ കൃഷിപ്പണികള്‍ ആഗസ്സ്  സെപ്തംബര്‍ മാസത്തില്‍ തുടങ്ങണം. 34 തവണ നിലം നന്നായി കിളച്ചിളക്കി, കട്ടയുടച്ച് രണ്ടടി അകലത്തില്‍ ചെറിയ വരമ്പുകള്‍ തയ്യാറാക്കിയ ശേഷം സെന്റൊന്നിന് അടിവളമായി 100 കി.ഗ്രാം ചാണകം, 700 ഗ്രാം യൂറിയ, 1 കി.ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 700 ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ക്കണം. ഏകദേശം 60 സെ.മീ. അകലത്തിലുള്ള വരികളിലായി 30 സെ.മീ. ഇടവിട്ട് 4050 ഗ്രാം തൂക്കം വരുന്ന ഇടത്തരം വിത്താണ് നടാന്‍ തെരഞ്ഞെടുക്കേണ്ടത്. ഒരു സെന്റിന് ഏതാണ്ട് 8 കി.ഗ്രാം വിത്തുകിഴങ്ങ് വേണ്ടിവരും. നടുന്നതിനു മുമ്പായി വിത്തുകിഴങ്ങുകള്‍ 0.1% വീര്യമുള്ള കാര്‍ബെണ്ടാസിം ലായനിയില്‍ അരമണിക്കൂര്‍ മുക്കി വയ്ക്കുന്നത് നല്ലതാണ്. നട്ടതിനു ശേഷം മണ്ണില്‍ നനവില്ലെങ്കില്‍ ആഴ്ചയിലൊരിക്കല്‍ നനച്ചുകൊടുക്കേണ്ടതാണ്.
നടീല്‍ കഴിഞ്ഞ് ഏകദേശം 30 ദിവസമായാല്‍ കളകള്‍ നീക്കി സെന്റ് ഒന്നിന് 700 ഗ്രാം വീതം യൂറിയ വിതറിയശേഷം മണ്ണ് കയറ്റിക്കൊടുക്കണം. ഒരു മാസം കഴിയുമ്പോള്‍ ഒരു തവണ കൂടി മണ്ണ് കയറ്റേണ്ടതാണ്. ഓരോ തവണ മണ്ണ് കയറ്റുമ്പോഴും കിഴങ്ങുകള്‍ മണ്ണിനു പുറമേ വരാതെ ശ്രദ്ധിക്കേണ്ടതാണ്. വെയിലേറ്റ് പച്ചനിറമുള്ള കിഴങ്ങുകള്‍ ഉണ്ടാവുന്നത് തടയാന്‍ വേണ്ടിയാണിത്.
ഇനത്തില്‍ മൂപ്പനുസരിച്ച് മൂന്നുനാലു മാസമെത്തുമ്പോള്‍ വിളവെടുക്കാവുന്നതാണ്. ചെടികള്‍ മഞ്ഞളിച്ച് ഉണങ്ങാന്‍ തുടങ്ങുമ്പോള്‍ ജലസേചനം നിര്‍ത്തണം. മണ്ണുണങ്ങിക്കഴിയുമ്പോള്‍ ശ്രദ്ധയോടെ മണ്ണു കിളച്ചിളക്കി വിളവെടുക്കാവുന്നതാണ്. തണ്ടും മണ്ണും നീക്കിയശേഷം കിഴങ്ങ് തണലില്‍ കുറച്ചു ദിവസം ഉണക്കിയ ശേഷം സൂക്ഷിച്ചുവെയ്ക്കാം. ഒരു സെന്റില്‍ നിന്ന് ശരാശരി 100 കി. ഗ്രാം ഉരുളക്കിഴങ്ങ് പ്രതീക്ഷിക്കാവുന്നതാണ്.

ബീന്‍സ്

ശീതകാല പച്ചക്കറികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബീന്‍സ്. ബീന്‍സിന് ശൈത്യകാലാവസ്ഥയാണ് യോജ്യമെങ്കിലും കൂടുതല്‍ തണുപ്പ് ആവശ്യമില്ല. മിക്കവാറും എല്ലാത്തരം മണ്ണിലും ബീന്‍സ് വളരും. സാധാരണ പയര്‍ കൃഷി ചെയ്യുന്ന പോലെ തന്നെയാണ് ബീന്‍സിന്റെ കൃഷിരീതിയും. പടരുന്ന ഇനങ്ങളും കുറ്റിയായി വളരുന്ന ഇനങ്ങളൂമുണ്ട്. അര്‍ക്കന്‍, അര്‍ക്കകോമള്‍ എന്നീ കുറ്റി ഇനങ്ങള്‍ മികച്ച വിളവു നല്‍കാന്‍ കഴിവുള്ള ഇനങ്ങളാണ്.
നിലം കിളച്ചൊരുക്കി കട്ടയുടച്ചു പരുവപ്പെടുത്തിയ ശേഷം 30 സെ.മീ. അകലത്തില്‍ ചെറിയ വാരങ്ങള്‍ എടുക്കുക. അതില്‍ 15 സെ.മീ. അകലത്തിലായി കുറ്റി ഇനങ്ങളുടെ വിത്ത് പാകാവുന്നതാണ്.
ബീന്‍സിന്റെ കൃഷി രീതി പോലെയാണ് പട്ടാണി എന്നറിയപ്പെടുന്ന പീസിന്റെ കൃഷിയും. തണുപ്പ് വളരെ കൂടുതലുള്ള പ്രദേശങ്ങളില്‍ മാത്രമേ ഇത് കൃഷി ചെയ്യാന്‍ സാധിക്കൂ.

വെളുത്തുള്ളി

ഉരുളക്കിഴങ്ങുപോലെതന്നെ ഇടുക്കിയിലെ കാന്തല്ലൂര്‍, വട്ടവട ഭാഗങ്ങളില്‍ വ്യാപകമായി കൃഷി ചെയ്യുന്ന ഒന്നാണ് വെളുത്തുള്ളി. നാടന്‍ ഇനങ്ങളെ ആശ്രയിച്ചാണ് ഇപ്പോഴും ഇവിടെ കൃഷി തുടര്‍ന്നുവരുന്നത്. തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാലയില്‍നിന്നും പുറത്തിറക്കിയ ഊട്ടി1 എന്ന ഇനം മികച്ച വിളവ് നല്‍കാന്‍ കഴിവുള്ളതാണ്. മുള പൊട്ടിത്തുടങ്ങിയ ചെറിയ അല്ലികളാണ് നടാന്‍ ഉപയോഗിക്കുന്നത്. നിലം നന്നായി കിളച്ചിളക്കി കട്ടയുടച്ച് പരുവപ്പെടുത്തിയശേഷം ഏതാണ്ട് അരയടി അകലത്തിലായി വെളുത്തുള്ളി നടാം.
വിത്തിന്റെ ലഭ്യതക്കുറവാണ് ശീതകാല പച്ചക്കറിക്കൃഷിയുടെ ഒരു പ്രധാന പ്രശ്‌നം. വിത്തുല്‍പാദനത്തിന് കൂടുതല്‍ തണുപ്പ്  ആവശ്യമായതിനാല്‍ കേരളത്തില്‍ ഇവയുടെ വിത്തുല്‍പാദനം സാധ്യമല്ല. ഇടുക്കി, വയനാട് ജില്ലകളില്‍പ്പോലും കോളിഫ്‌ളവര്‍, കാബേജ് എന്നിവയുടെ വിത്തുല്‍പാദനം ബുദ്ധിമുട്ടാണ്. അതിനാല്‍ ദേശീയ വിത്തുല്‍പാദന കേന്ദ്രം, തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഊട്ടിയിലെ മേഖലാ ഗവേഷണ കേന്ദ്രം, ബാംഗ്‌ളൂരിലെ ഇന്‍ഡോ അമേരിക്കന്‍ ഹൈബ്രിഡ് സീഡ് കമ്പനി, മഹാരാഷ്ട്ര ഹൈബ്രിഡ് സീഡ് കമ്പനി, Welcome seeds, Pioneer seeds എന്നീ സ്ഥാപനങ്ങളില്‍നിന്നും വിത്ത് ലഭ്യമാകും. ഇവയില്‍ Indo American hybrid seed company bpw Mahyco യും കേരളത്തില്‍ ഇതിനകം വിത്തുവിതരണം ആരംഭിച്ചിട്ടുണ്ട്. കൃഷി ഭവന്‍ വഴിയോ മറ്റു ഏജന്‍സികള്‍ വഴിയോ ഇവയുടെ വിത്ത് കൃത്യസമയത്ത് കര്‍ഷകര്‍ക്ക് എത്തിച്ചാല്‍ ശീതകാല പച്ചക്കറിക്കൃഷി ഇടുക്കി, വയനാട്, നെല്ലിയാംപതി എന്നിവിടങ്ങളില്‍ വ്യാപിപ്പിക്കാന്‍ സാധിക്കും.

തയ്യാറാക്കിയത്: ഷാനവാസ് കാരിമറ്റം ( മാധ്യമ പ്രവര്‍ത്തകന്‍, കാര്‍ഷിക ഗവേഷകന്‍)

3.19047619048
Shanavas Karimattam Dec 21, 2017 10:13 PM

ഹരിറാണി കാബേജ് ഇനങ്ങള്‍ മഹാരാഷ്ട്ര ഹൈബ്രീഡ് സീഡ് കമ്പനിയില്‍ നിന്നും വിതരണം ചെയ്യുന്നുണ്ട്. ഇവ കേരളത്തിലുള്ളവര്‍ക്ക് ഓണ്‍ലൈനായി വാങ്ങാവുന്നതാണ്.

അരുണ്‍ലാല്‍ Dec 21, 2017 10:06 PM

ഹരിറാണി, ശ്രീഗണേഷ് എന്നീ കാബേജ് ഇനങ്ങള്‍ എവിടെ കിട്ടും...

സുമി Dec 18, 2017 10:33 PM

ഉരുള കിഴങ്ങ് കൃഷിയെ കുറിച്ച് ഒന്നു വിശദീകരിക്കാമോ...?

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top