অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പൈനാപ്പിള്‍

ആമുഖം

കാലഘട്ടത്തിന്‍റെ വെല്ലുവിളികളില്‍ ഫലഭൂയിഷ്ടതയുടെ മാറ്റ് കുറയ്ക്കുന്നുണ്ടെങ്കിലും, വിപണി മേഖലയെ കരുത്തോടെ താങ്ങുന്നതില്‍ മുഖ്യ പങ്ക് പഴവര്‍ഗ്ഗങ്ങള്‍ക്കുമുണ്ട്. ഇവയില്‍, അതിഥിയെപ്പോലെ എത്തിയതാണെങ്കിലും ലാഭ നഷ്ടങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്താതെ കേരള കര്‍ഷകര്‍ക്ക് മിത്രമായി നിലനില്‍ക്കുന്ന പഴവര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പൈനാപ്പിള്‍. ലളിതവും ലാഭാകരവുമാണ് ഈ ഉഷ്ണ മേഖലാ ഫലത്തിന്‍റെ ഉത്പ്പാദനവും വിപണനവും എന്ന് കരുതിയാല്‍ തെറ്റി. ഏറെ കരുതലും അതിലേറെ ക്രമീകരണവും ആവശ്യമുള്ള ഈ സങ്കീര്‍ണ്ണ പ്രക്രിയകളിലേക്ക്....

ഇനങ്ങള്‍

ക്യു, ക്യുന്‍, മൌറീഷ്യസ്, എന്നിങ്ങനെ മൂന്നു ഇനങ്ങളാണ് കൃഷിക്ക് അനുയോജ്യമായിട്ടുള്ളത്, ഇതില്‍ ക്യുനും, മൌറീഷ്യസും, ഫ്രഷ്‌ ഫ്രൂട്ടായിട്ടും, ക്യുകാനിംഗിനുമായാണ് ഉപയോഗിക്കുന്നത്‌. കൂടാതെ, അമൃത എന്ന പുതിയ ഇനവും കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നു കൃഷിക്കായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ലോക കമ്പോളത്തില്‍ ഏററവും പ്രസിദ്ധമായതും കാനിംഗിനും യോജിച്ച എംഡി 2 എന്ന ഇനവും ഇവിടെ കൃഷി ചെയ്യാം. എന്നാല്‍ കുറഞ്ഞകാലം കൊണ്ട് കൂടുതല്‍ ആദായം കിട്ടുമെന്നുള്ളതുകൊണ്ട്, ഇന്ന് മിക്കവാറും മൌറീഷ്യസ് ഇനം മാത്രമാണ് വന്‍ തോതില്‍ കൃഷി ചെയ്യുന്നതും, വിപണനം നടത്തുന്നതും. അടുത്തകാലത്തായി വാഴക്കുളം പൈനാപ്പിള്‍ എന്ന പേരില്‍ ഇതിനു ഭൂസൂചിക രജിസ്ട്രേഷന്‍ ലഭിച്ചതുകൊണ്ട് ഇതിന്റെ കയറ്റുമതി പ്രാധാന്യം വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

മണ്ണും കാലാവസ്ഥയും

നല്ല നീര്‍വീഴ്ചയുള്ളതും, അല്പം അമ്ലതയും, നല്ല ജൈവ വളക്കൂറുള്ളതുമായ മണല്‍ കലര്‍ന്ന മണ്ണാണ് ഉത്തമം. വെള്ളക്കെട്ടുള്ള സ്ഥലം നല്ലതല്ല. സമുദ്രനിരപ്പില്‍ നിന്നും 1,500 മീറ്റര്‍ ഉയരത്തില്‍ വരെ പൈനാപ്പിള്‍ കൃഷി ചെയ്യാം. 15-30 c ആണ് അനുയോജ്യം. നല്ല വിളവിന് സൂര്യപ്രകാശം അത്യാവശ്യമാണ്.

നിലം ഒരുക്കലും നടീലും

മഴയെ ആശ്രയിച്ചുള്ള പ്രധാന നടീല്‍ സമയങ്ങള്‍ ഏപ്രില്‍- മെയും, ഓഗസ്റ്റ്‌ സെപ്റ്റംബറും ആണ്. ജലസേചന സൌകര്യ മുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും നടാം. എങ്കിലും ജൂണ്‍ ജൂലൈയിലെ അതിവൃഷ്ടി സമയംനടീലിനു പറ്റിയതല്ല. മലയോരങ്ങളില്‍ തനിവിളയായും, റബ്ബര്‍, തെങ്ങ് തോട്ടങ്ങളില്‍ ഇടവിളയായും, നെല്‍പാടങ്ങളില്‍ നീര്‍ച്ചാലുകള്‍ നല്കിയും പൈനാപ്പിള്‍ കൃഷി ചെയ്യാം. കാലവര്‍ഷത്തിനു മുന്‍പായി കിട്ടുന്ന ഒന്നോ രണ്ടോ മഴയോടു കൂടി കൃഷിസ്ഥലം നന്നായി ഉഴുതുമറിക്കുക. നീര്‍ച്ചാലുകള്‍ നല്‍കിയും വാരമെടുത്തും നല്ല നീര്‍വാര്‍ച്ച ഉറപ്പുവരുത്താ വുന്നതാണ്. മലയോരങ്ങളില്‍ കോണ്ടൂര്‍ ലൈനുകളില്‍ വാരമെടുക്കാ വുന്നതാണ്. നെല്‍പാടങ്ങളില്‍ ആഴത്തില്‍ നീര്‍ച്ചാലുകളെടുത്ത് വാരത്തില്‍ പൈനാപ്പിള്‍ നടാം. ചെടിയുടെ ചുവട്ടില്‍ നിന്നു പൊട്ടിത്തഴച്ചു വരുന്ന കന്നുകളും, ചക്കയുടെ അടിയില്‍ നിന്നു വരുന്ന സ്ലിപ്പുകളും, ചക്കയുടെ മുകളിലുള്ളമകുടവും, തണ്ട് മുറിച്ചു മുളപ്പിച്ചവയും, ടിഷ്യൂകള്‍ച്ചര്‍ തൈകളും നടാന്‍ ഉപയോഗിക്കുമെങ്കിലും ചുവട്ടില്‍ നിന്നുംവരുന്ന കന്നുകള്‍ അഥവാ കാനികള്‍ ഏററവും നേരത്തേ കായ്ഫലം തരും എന്നുള്ളത് കൊണ്ട് ഇവയാണ് സാധാരണയായി നടുന്നത്. കീടരോഗങ്ങളില്ലാത്ത നല്ല കരുത്തുള്ള

കാനികള്‍ നടുവാന്‍ തെരെഞ്ഞെടുക്കേ ണ്ടതാണ്. നടുവാനുള്ള കാനികള്‍ അവയുടെ വലുപ്പം അനുസരിച്ച് വലുത്, ഇടത്തരം, ചെറുത് എന്നിങ്ങനെതരം തിരിച്ചുനടുന്നതാണ് ഏററവും ഉത്തമം. കാനികള്‍ ഒന്ന് രണ്ടാഴച് തണലില്‍ ഇട്ട് പാകം വരുത്തിയ ശേഷമാണ് നടാന്‍ ഉപയോഗിക്കുന്നത്‌. രണ്ടു വരിയായിട്ടാണ് കന്നുകള്‍ നടേണ്ടത്‌. 10 cm ആഴത്തില്‍ നടണം. നടുമ്പോള്‍ കൂമ്പിലും, ഇലകള്‍ക്കിടയിലും, മണ്ണ് വീഴാതെ സൂക്ഷിക്കണം. രണ്ടു വരികളിലായി കാനികള്‍ ത്രികോണ രീതിയിലാണ് നടേണ്ടത്. വിവിധ രീതികളില്‍ കാനി നടുമ്പോള്‍ വരിയില്‍ കാനികള്‍ തമ്മിലും, വരികള്‍ തമ്മിലും, ഈരണ്ട് വരികള്‍ തമ്മിലുള്ള അകലവും ഇതിനായി ഒരു ഹെക്ടറിലേക്ക് വേണ്ട കാനികളുടെ എണ്ണവും ഇനി പറയുന്നു.
തനിവിളയായി കൃഷി ചെയ്യുമ്പോള്‍ 30 X 45 X 90 cm അകലത്തില്‍ നടാന്‍ ഏതാണ്ട് 40,000 കാനികള്‍ വേണം. റബ്ബര്‍, തെങ്ങ് തോട്ടങ്ങളില്‍ ഇടവിളയായി കൃഷി ചെയ്യാന്‍ 30 X 45 X 150 cm അകലത്തില്‍ നടുമ്പോള്‍ ഏതാണ്ട് 20,000 - 25,000 കാനികള്‍ വേണം. നെല്‍ വയലുകളില്‍ ചാലുകള്‍ കീറി വാരമെടുത്ത് നടുമ്പോള്‍ 30 X 45 X 150 cm അകലത്തില്‍ ഏതാണ്ട് 25,000 - 30,000 കാനികള്‍ വേണ്ടിവരും. കൂടാതെ അതിസന്ദ്രത നടീല്‍ (high density planting) രീതിയില്‍ 50,000 - 60,000 കാനികള്‍ വരെ നടുന്നപതിവുണ്ട്.

വളപ്രയോഗം

വളപ്രയോഗത്തിനോട് നന്നായി പ്രതികരിക്കുന്ന വിളയാണ് പൈനാപ്പിള്‍. നിലമൊരുക്കുമ്പോള്‍ ഒരു ഹെക്ടറിന് 25 ടണ്‍ എന്ന തോതില്‍ ചാണകമോ, കമ്പോസ്റ്റോ ചേര്‍ത്ത് കൊടുക്കണം. കൂടാതെ രാസവളങ്ങള്‍ കാനി ഒന്നിന് എന്‍:പി:കെ: 8:4:8: ഗ്രാം എന്ന തോതില്‍ ഓരോ വര്‍ഷവും നല്‍കണം. തനിവിളയ്ക്ക് ഒരു ഹെക്ടറില്‍ 4,000 ചെടികള്‍ക്ക് 320:160:320 കി.ഗ്രാം എന്‍:പി:കെ വേണ്ടി വരും. ഭാവഹം (P) അടിവളമായും, പാക്യജനകം (N), ക്ഷാരം (K) എന്നിവ, മേല്‍ വളമായും ഏതാണ്ട് രണ്ട് മാസം ഇടവിട്ട്‌ മണ്ണില്‍ ആവശ്യത്തിന് നനവുള്ളപ്പോള്‍ നല്‍കുകയാണ് ഉത്തമം. സാധാരണ അടിവളമായി കാനി ഒന്നിന് 20 ഗ്രാം ഫാക്ടംഫോസും, 5 ഗ്രാം പൊട്ടാഷും മണ്ണില്‍ ചേര്‍ത്ത് നല്‍കുകയാണ് പതിവ്. വേനല്‍ക്കാലത്ത് 2% യൂറിയായും, 1.5% പൊട്ടാഷും ചേര്‍ന്ന ലായനി തളിച്ചു കൊടുക്കുകയോ, കാനി ഒന്നിന് 40 മില്ലി ലിറ്റര്‍ എന്ന തോതില്‍ ഒഴിച്ചു കൊടുക്കുകയോ ചെയ്യാം.

ജലസേചനം

വേനല്‍ക്കാലത്ത് മൂന്ന് ആഴ്ച കൂടുമ്പോള്‍ നനച്ചുകൊടുക്കുന്നത് കൂടുതല്‍ വലുപ്പമുള്ള ചക്കകള്‍ ഉണ്ടാകാന്‍ സഹായിക്കും. ഹോസ് ഉപയോഗിച്ചോ, സ്പ്രിംഗ്ളര്‍ ഉപയോഗിച്ചോ ജലസേചാനമാകാം.

കളനിയന്ത്രണം

കൈതച്ചെടിയുടെ മുള്ളുകള്‍ മൂലം കളകള്‍ പറിച്ചുമാറ്റുന്നത് ഏററവും ശ്രമകരമാണ്. പ്രായോഗിക മാര്‍ഗം കളനാശിനി ഉപയോഗിക്കുകയാണ്.

കളകള്‍ മുളക്കാതിരിക്കാന്‍ വേണ്ടി 3 കി.ഗ്രാം ഡൈയൂറോണ്‍ അല്ലെങ്കില്‍ 2.5 കി.ഗ്രാം ബ്രോമാസീല്‍ 600 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒരു ഹെക്ടറില്‍ തളിക്കണം. വീണ്ടും കളകള്‍ മുളക്കുകയാണെങ്കില്‍ ഇതിന്റെ പകുതി അളവില്‍ ഒന്നുകൂടി തളിച്ചാല്‍ മതിയാകും. കളനാശിനി തളിക്കുമ്പോള്‍ മണ്ണില്‍ ഈര്‍പ്പം ഉണ്ടായിരിക്കണം. വരികള്‍ക്കിടയിലുള്ള കളകളെ നശിപ്പിക്കുവാന്‍ ഗ്ലൈഫോസെറ്റ് 41% Sl (റൗണ്ട് അപ്പ്‌) 2 3 കി.ഗ്രാം 600 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാവുന്നതാണ്. കളനാശിനികളില്‍ ഡ്രൈയൂറോണ്‍ ഒഴികെ മറ്റൊന്നും അല്പം പോലും ചെടികളില്‍ വീഴാതെ സൂക്ഷിക്കണം. കളനാശിനികള്‍ ഉപയോഗിച്ച് കളകളെ നശിപ്പിക്കുമ്പോള്‍ അവിടവിടെ ബാക്കി നില്‍ക്കുന്ന കളകള്‍ പറിച്ചു കളയേണ്ടതാണ്.

ഹോര്‍മോണ്‍ പ്രയോഗം

ഒരു തോട്ടത്തിലെ എല്ലാ ചെടികളും ഒരേ സമയത്ത് പുഷ്പ്പിച്ച് ഒരുമിച്ച് വിളവെടുക്കുന്നതിന് ഹോര്‍മോണ്‍ പ്രയോഗം ആവശ്യമാണ്. ചെടികള്‍ ഏതാണ്ട് 7 മാസം പ്രായമെത്തി 40- ഓളം ഇലകളുള്ളപ്പോഴാണ് ഹോര്‍മോണ്‍ പ്രയോഗിക്കുന്നത്. 2- ക്ലോറോ ഈതൈല്‍ ഫോസ്ഫോണിക് ആസിഡ് അടങ്ങിയ എഥിഫോണ്‍ 25 പി.പി.എം., യൂറിയ 2% കാത്സ്യം കാര്‍ബണേറ്റ് 0.04% അടങ്ങിയ ലായനി 50 മില്ലി ലിറ്റര്‍ വീതം കാനി ഒന്നിന് കൂമ്പില്‍ ഒഴിച്ചു കൊടുക്കണം. ഇങ്ങനെ 1000 ചെടികള്‍ക്ക് വേണ്ടി വരുന്ന ലായനി ഉണ്ടാക്കാന്‍ 50 ലിറ്റര്‍ വെള്ളത്തില്‍ 1.25 മില്ലി ലിറ്റര്‍ എഥിഫോണ്‍ (3.2 മില്ലി ലിറ്റര്‍ എത്രല്‍ 39%, അല്ലെങ്കില്‍ 12.5 മില്ലി ലിറ്റര്‍ എത്രല്‍ 
10% ) കൂടാതെ ഒരു കി.ഗ്രാം യുറിയ, 20 ഗ്രാം കാത്സ്യം കാര്‍ബണേറ്റ് (ചുണ്ണാമ്പ്) എന്നിവ ലയിപ്പിക്കണം. എഥിഫോണ്‍ ഒഴിച്ചു കഴിഞ്ഞ യുടന്‍ മഴ പെയ്താല്‍ വീണ്ടും ഒഴിക്കേണ്ടാതാണ്.

കീടങ്ങള്‍

മീലിമുട്ട, സ്കെയില്‍ ഇന്സെക്ട് എന്നിവയാണ് പ്രധാന കീടങ്ങള്‍. ചെടിയുടെ വേര്, കട, ഇലകള്‍, ചക്ക, എന്നീ ഭാഗങ്ങളെല്ലാം മീലിമുട്ട ആക്രമിക്കാറുണ്ട്. കീടബാധയുള്ള ഇലകള്‍ മഞ്ഞളിച്ച് വാടി പോകുന്നു. ക്യുനാല്‍ഫോസ് അല്ലെങ്കില്‍ ക്ലോര്‍പൈറിഫോസ് (ഹില്ബാന്‍) 2 മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ഒരു ഹെക്ടറില്‍ 500 ലിറ്റര്‍ ലായനി തളിച്ച് ഇവയെ നിയന്ത്രിക്കാം.

രോഗങ്ങള്‍

അഴുകല്‍, കൂമ്പുചീയല്‍, ഇലപ്പുള്ളി രോഗം ഇങ്ങനെ പല കുമിള്‍രോഗങ്ങളും ചെടിയെ ബാധിക്കാറുണ്ട്. നീര്‍വാര്‍ച്ച കുറഞ്ഞ പ്രദേശങ്ങളിലാണ് രോഗം കൂടുതല്‍ കണ്ടുവരുന്നത്‌. ആയതിനാല്‍ നല്ല നീര്‍വാര്‍ച്ച ഉറപ്പുവരുത്തേണ്ടത് രോഗനിയന്ത്രണത്തിന് അത്യാവശ്യമാണ്. ഡൈധേന്‍ എം-45 (ഇന്‍ഡോഫില്‍) 2-3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എല്ലാ തോതില്‍ഒരു ഹെക്ടറില്‍ 500 ലിറ്റര്‍ ലായനി തളിച്ചും, രോഗം കൂടുതല്‍ ബാധിച്ച സ്ഥാനങ്ങളില്‍ ചെടിയുടെ ചുവട്ടിലുള്ള മണ്ണ് കുതിരും വിധം ഒഴിച്ചു കൊടുത്തും, രോഗം ബാധിച്ച ചെടികളെ നിശ്ശേഷം നശിപ്പിച്ചും ഈ രോഗങ്ങളെ നിയന്ത്രിക്കാവുന്നതാണ്. തുടര്‍ച്ചയായി പൈനാപ്പിള്‍ കൃഷിക്കെടുക്കുന്ന സ്ഥലങ്ങളില്‍ നിമാവിരയുടെ ആക്രമണവും കണ്ടുവരുന്നുണ്ട്. കാര്‍ബോസള്‍ഫാന്‍ 6% ജി ഒരു ഹെക്ടറിന് 17 കി.ഗ്രാം എന്ന തോതില്‍ മണ്ണില്‍ ചേര്‍ത്തുകൊടുത്ത് ഇവയെ നിയന്ത്രിക്കാം. പൈനാപ്പിള്‍ മീലി ബഗ് വില്‍റ്റ് അസ്സോസിയേറ്റഡ് (PMWA) വൈറസ്‌ രോഗവും ചില സ്ഥലങ്ങളില്‍ കണ്ടുവരുന്നുണ്ട്. ഇലകള്‍ ചുവപ്പുനിറമായി വളഞ്ഞു പോകുന്നു. മീലിമുട്ടയാണ് ഈ രോഗം പരത്തുന്നത്. മീലിമുട്ടയെ നിയന്ത്രിച്ചാല്‍ ഈ രോഗം വിളവിനെ കാര്യമായി ബാധിക്കില്ല. എങ്കിലും വൈറസ്‌ ബാധിച്ച ചെടികള്‍ നശിപ്പിക്കുന്നത് രോഗനിയന്ത്രണത്തിന് സഹായകമാണ്.

മറ്റു പരിചരണങ്ങള്‍

വേനല്‍ക്കാലത്ത് ചക്ക ചീഞ്ഞു നില്‍ക്കാറുണ്ട്. അവയുടെ ഒരു വശം സൂര്യപ്രകാശത്തിന്‍റെ ആഘാതത്താല്‍ നശിച്ച് ഉപയോഗശൂന്യമായി തീരുന്നു. ഇത് തടയാന്‍ ചക്കയുടെ മേല്‍ ചപ്പുചവറുകള്‍ ഇട്ട് ഭാഗീകമായി മൂടുന്നതും, അതെ ചെടിയുടെ ഇലകള്‍കൊണ്ട് തന്നെ പൊതിഞ്ഞു കെട്ടുന്നതും നല്ലാതാണ്. ചെടികള്‍ ചാഞ്ഞ് പോകുമ്പോള്‍ മണ്ണ് അണച്ച് കൊടുക്കുന്നതും വളരെ ഫലപ്രദമാണ്. ചെടി കുലയ്ക്കുവാന്‍ തുടങ്ങുന്നതോടെ ചുവട്ടില്‍ നിന്നും പുതിയ കന്നുകള്‍ പൊട്ടി വരാന്‍ തുടങ്ങും. ഇവയില്‍ ഏറ്റവും നല്ല ഒന്നോ രണ്ടോ കന്നുകള്‍ മാത്രം നിര്‍ത്തി ബാക്കി അടര്‍ത്തി കളയേണ്ടതാണ്. ചക്ക പൊട്ടിവരുമ്പോള്‍ മകുടത്തിന്‍റെ കൂമ്പ് മാത്രം നുള്ളി കളയുന്നതും സ്ലിപ്പുകള്‍ അടര്‍ത്തി കളയുന്നതും കൂടുതല്‍ വലുപ്പമുള്ള ചക്കയുണ്ടാവാന്‍സഹായകമാണ്.

വിളവെടുപ്പ്

മൌറീഷ്യസ് പൈനാപ്പിള്‍ ചെടിയില്‍ 7 മാസം കഴിയുമ്പോള്‍ ഹോര്‍മോണ്‍ പ്രയോഗം നടത്താം. ഹോര്‍മോണ്‍ പ്രയോഗം കഴിഞ്ഞാല്‍ 30-40 ദിവസം കൊണ്ട് കുലവരാന്‍ തുടങ്ങും 120-140 ദിവസം കൊണ്ട് ചക്കവെട്ടുകയും ചെയ്യാം. ഇങ്ങനെ നട്ടു ഒരു വര്‍ഷത്തിനകം തന്നെ വിളവെടുപ്പ് നടത്തം. പൈനാപ്പിള്‍ ഉത്പാദനം പരിചരണമുറകളെയും നട്ട കാനികളുടെ എണ്ണത്തെയും ആശ്രയിച്ചിരിക്കും. തനി വിളയായി 40,0000 കാനികള്‍ നടുമ്പോള്‍ ഒരു ഹെക്ടറില്‍ നിന്നും 40-50 ടണ്‍ വിളവു ലഭിക്കും. റബ്ബര്‍ തെങ്ങ് തോട്ടങ്ങളില്‍ ഇടവിളയായി 20,000 - 25,0000 കാനികള്‍ നടുമ്പോള്‍ 25-35 ടണ്‍ ചക്ക ലഭിക്കും. നെല്‍ വയലുകളില്‍ നിന്നും ഇതേ രീതിയില്‍, ചിലപ്പോള്‍ ഇതില്‍ കൂടുതല്‍ വിളവു ലഭിക്കും.

കുറ്റിവിള

ആദ്യവര്‍ഷം ചക്ക വെട്ടിയെടുത്തുകഴിഞ്ഞാല്‍ പിന്നീട് രണ്ടു വര്‍ഷം കൂടി ഇവ കുറ്റിവിളയായി നിലനിര്‍ത്തി പരിചരിച്ചാല്‍ നല്ല വിളവു ലഭിക്കും. വിളവെടുപ്പ് കഴിഞ്ഞ് നടച്ചാലുകളിലേക്ക് നീണ്ടു നില്‍ക്കുന്ന ഇലകള്‍ മുറിച്ചുകളഞ്ഞു മണ്ണില്‍ വളം ചേര്‍ത്ത് അണച്ചുകൊടുക്കണം.

വളപ്രയോഗം ആദ്യ വര്‍ഷത്തില്‍ ചെയ്തതു പോലെ തന്നെയാണ്. ഓരോ ചെടിയില്‍ നിന്നും വളരെ കന്നുകള്‍ പൊട്ടി വരുമെങ്കിലും അവയില്‍ ഏററവും നല്ല ഒന്നോ രണ്ടോ കന്നുകള്‍ മാത്രം നിലനിര്‍ത്തുക. 4--5 മാസം കഴിയുമ്പോള്‍ അഥവാ പൊട്ടി തഴച്ചുവരുന്നകാണികളില്‍ 4--0-ഓളം ഇല വരുമ്പോള്‍ വീണ്ടും ഹോര്‍മോണ്‍ പ്രയോഗം നടത്താം. ഹോര്‍മോണ്‍ പ്രയോഗം നടത്തി 120-140 ദിവസം കഴിയുമ്പോഴേക്കും ചക്ക വെട്ടി എടുക്കാം. ഇങ്ങനെ വര്‍ഷംതോറും മൂന്നോ, നാലോ തവണ ചക്ക വെട്ടി എടുക്കാവുന്നതാണ്. 
ചക്കയുടെ വലുപ്പം ഓരോ വര്‍ഷം കഴിയുന്തോറും ചെറുതായി വരും. തന്മൂലം 3 വര്‍ഷം കഴിയുമ്പോള്‍ ആവര്‍ത്തന കൃഷി നടത്തണം.

ഉപയോഗം

പൈനാപ്പിള്‍ 10-13 C ല്‍ 20 ദിവസം വരെ സൂക്ഷിക്കാവുന്നതാണ്. പൈനാപ്പിള്‍ പ്രധാനമായും മൂന്നു രീതിയിലാണ് ഉപയോഗിക്കുന്നത്‌, നേരിട്ടും, ക്യാന്‍ ചെയ്തും, ജ്യൂസായും. ഉത്പാദിപ്പിക്കുന്ന പൈനാപ്പിളില്‍ അധികമുള്ള പഴങ്ങള്‍ സംസ്കാരിച്ചെടുത്താല്‍ നമുക്ക് വര്‍ഷം മുഴുവന്‍ അത് ഉപയോഗിക്കാന്‍ പറ്റും. വീട്ടമ്മമാര്‍ക്ക് ഒഴിവുസമയത്ത് സ്ക്വാഷ്, ജാം, ജെല്ലി, അച്ചാറുകള്‍, ഹല്‍വ, കാന്‍ഡി എന്നിവ തയാറാക്കാവുന്നതാണ്‌. ഇതില്‍ ധാരാളം കാത്സ്യവും, പൊട്ടാസ്യവും, കോപ്പറും, നാരുകളും, ജീവകം സീയും, ബി-1 ഉം, ബി-6 ഉം ഉണ്ട്. 

പൈനാപ്പിളിന്‍റെ ഔഷധഗുണങ്ങള്‍ക്ക് നിദാനം ബ്രോമാലെയ്ന്‍ എന്ന എന്‍സൈം ആണ്. ഇത് ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുകയും ശരീരത്തിലെ വിവിധ കേടുപാടുകളെ നീക്കി സദാ ഉന്മേഷം നല്‍കുകയും ചെയ്യുന്നു. നീര്‍വീക്കം ശമിപ്പിക്കുവാനുള്ള ഇതിന്‍റെ കഴിവുകൊണ്ട് വാതം, കഫം എന്നിവയ്ക്ക് ഫലപ്രദമായി ഉപയോഗിക്കാം. അതുപോലെതന്നെ സന്ധിവാതത്തിനും, ഹൃദ്രോഗങ്ങളെ പ്രതിരോധിക്കുവാനും, മസ്തിഷ്കത്തിന്‍റെ ഉണര്‍വിനും ഇത് സഹായിക്കുന്നു.

വെല്ലുവിളികള്‍

കേരളത്തിലെ കൃഷിമേഖല പൊതുവേയും, പൈനാപ്പിള്‍ മേഖല പ്രത്യേകിച്ചും, പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. പൊതുവെ കൃഷിയോടുള്ള താല്പര്യക്കുറവ്, തൊഴിലാളികളുടെ ദൌര്‍ലഭ്യം, വിപണിയിലെ അസ്ഥിരത, ഉയര്‍ന്ന കൂലി, യൂണിറ്റ് പോഷകത്തിന്‍റെ ഉയര്‍ന്ന വില, പൈനാപ്പിളിന്‍റെ വലുപ്പത്തിനനുസരിച്ചുള്ള A,B,C ഗ്രേഡിംഗ്, ഗ്രേഡുകള്‍ തമ്മിലുള്ള വന്‍ വിലവ്യത്യാസം ഇങ്ങനെ പല കാരണങ്ങള്‍ ഇതിനുണ്ട്. പൈനാപ്പിള്‍ മേഖലയില്‍ ഏറി വരുന്ന ഒരു പ്രവണത സ്വന്തം സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ തുലോം ചുരുക്കം എന്നുള്ളതാണ്. വന്‍തോതിലുള്ള പാട്ട കൃഷിയാണ് കൂടുതലും. അതായത് പൈനാപ്പിള്‍ കൃഷി ഒരു അഗ്രി ബിസിനസ്സായി മാറിക്കഴിഞ്ഞി രിക്കുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള പാട്ട കൃഷിയില്‍ ലാഭ-നഷ്ടം വളരെ നിര്‍ണായകമാണ്‌. 
പൈനാപ്പിള്‍ കൃഷിയിറക്കുന്നതിന് ആദ്യവര്‍ഷം ഹെക്ടര്‍ ഒന്നിന് ഏകദേശം 2 ലക്ഷത്തോളം രൂപ ചിലവാകും, പിന്നീടുള്ള വര്‍ഷങ്ങളില്‍ ഏകദേശം ഒരു ലക്ഷത്തില്‍ കൂടുതല്‍ ചെലവ് പ്രതീക്ഷിക്കാം. ചെടി ഒന്നിന് 6-7 രൂപയോളം ചെലവ് വരുന്നു. അതായത് 8-10 രൂപയില്‍ കൂടുതല്‍ എങ്കിലും ചക്ക ഒന്നിന് ലഭിച്ചാലേ കൃഷി ലാഭാകരമാകുകയുള്ളൂ. പൈനാപ്പിളിന് 20-25 രൂപ വരെ വന്ന സമയങ്ങള്‍ ഉണ്ട്.

അതുപോലെ വിതരണം ചെയ്യാന്‍ സാധിക്കാത്ത സമയങ്ങളും വന്നിട്ടുണ്ട്. 10-15 രൂപയെങ്കിലും വിലയുണ്ടെങ്കില്‍ ആദ്യവര്‍ഷത്തില്‍ തന്നെ ലാഭം കൊയ്തുതുടങ്ങാം. ഏററവും കൂടുതല്‍ A ചക്ക വിളയിപ്പിച്ചാലെ പൈനാപ്പിള്‍ കൃഷിയില്‍ സുസ്ഥിരലാഭം കിട്ടുകയുള്ളൂ.

വാഴക്കുളം പൈനാപ്പിള്‍ ഗവേഷണ കേന്ദ്രം

പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് ഗവേഷണ വികസന സഹായത്തിനായി വാഴക്കുളത്ത് കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ പൈനാപ്പിള്‍ ഗവേഷണ കേന്ദ്രം ആരംഭിച്ചു. അന്നുമുതല്‍ ഈ ഗവേഷണകേന്ദ്രം ഭാരതത്തിലാകമാനവും പ്രത്യേകിച്ച് കേരളത്തിലെ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് ഒരത്താണിയായി നിലകൊള്ളുന്നു. 
പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് കൃഷി സാങ്കേതിക ഉപദേശങ്ങള്‍ നല്‍കുക, പൈനാപ്പിള്‍ മേഖലയില്‍ മേന്മയേറിയ സാങ്കേതിക വിദ്യയും, ഉത്പന്നങ്ങളും, സേവനങ്ങളും ലഭ്യമാക്കുക, പൈനാപ്പിളിലും കേരളത്തിലെ മറ്റു പഴവര്‍‍ഗങ്ങളിലും അടിസ്ഥാനപരവും, പ്രായോഗികവുമായ ഗവേഷണം നടത്തുക എന്നിവയാണ് ഗവേഷണ കേന്ദ്രത്തിന്‍റെ കാര്യനിയോഗങ്ങള്‍.

നേട്ടങ്ങള്‍

റബ്ബറിന്‍റെയും തെങ്ങിന്‍റെയും ഇടവിളയായി പൈനാപ്പിള്‍ കൃഷി ചെയ്യുമ്പോഴുള്ള ഇടയകലം കൊടുക്കല്‍, സാന്ദ്രത, ജൈവവള പ്രയോഗം തുടങ്ങി, പൈനാപ്പിള്‍ കൃഷിയുടെ വിവിധ വശങ്ങളെക്കുറിച്ച് ഈ കേന്ദ്രം ‍.ഗവേഷണം നടത്തിയിട്ടുണ്ട്. കൂടാതെ പുതിയ ഇനങ്ങളുടെ ഉത്പാദനം നടത്തുകയും, ഈ സ്ഥാപനത്തിന്‍റെ നിരന്തര പരിവേഷണത്തിന്‍റെയും, ഗവേഷണത്തിന്‍റെയും ഫലമായി വാഴക്കുളം പ്രദേശത്ത് പൈനാപ്പിള്‍ കൃഷിയെ ദോഷകരമായി ബാധിക്കുന്ന മീലി ബഗ് വാട്ടവുമായി ബന്ധപ്പെട്ട PMWA വൈറസ്‌ ഉണ്ടെന്നു കണ്ടെത്തുകയും ചെയ്തു. ഈ ഗവേഷണ സ്ഥാപനത്തിന്‍റെ പഠനഫലമായി മൌറീഷ്യസ് എന്ന ജനപ്രീതി നേടിയ ഇനത്തിന്‍റെ ഉത്പാദനത്തിന് ചില മാര്‍ഗ്ഗരേഖകള്‍ ശുപാര്‍ശ ചെയ്തു. ഈ ശുപാര്‍ശകളെല്ലാം പൈനാപ്പിള്‍ കര്‍ഷകരിലേക്ക്‌ എത്തിച്ചിട്ടുണ്ട്. ടിഷ്യൂ കള്‍ച്ചര്‍ വഴി വിവിധ ഇനം പൈനാപ്പിള്‍ ഉണ്ടാക്കാനുള്ള പ്രായോഗിക പദ്ധതി കണ്ടുപിടിച്ചു. പലയിനം ടിഷ്യു കള്‍ച്ചര്‍ പൈനാപ്പിളും, വാഴയും, പാഷന്‍ ഫ്രൂട്ട് വേരുപിടിപ്പിച്ചതും, തൈകളും വന്‍തോതില്‍ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഇവ വിപണനത്തിനായി ഈ കേന്ദ്രത്തില്‍ ലഭ്യമാണ്.

കടപ്പാട് : darsanemagazine.com© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate