অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കണ്ണന് നേദിക്കാന്‍ കദളിപ്പഴം

കണ്ണന് നേദിക്കാന്‍ കദളിപ്പഴം

ഗുരുവായൂരിലെ നൈവേദ്യമായ കദളിവാഴയുടെ കൃഷിരീതികളിലൂടെ

ഗുരുവായൂരപ്പന്‍റെ പാദസ്മരണയിൽ ഉണർന്നെഴുന്നേൽക്കുന്നവരാണ് കേരളത്തിലെ, പ്രത്യേകിച്ചും മധ്യകേരളത്തിലെ ഒട്ടുമുക്കാൽ മലയാളികളും. ഭഗവാൻ കൃഷ്ണനെ തൊഴുത് പ്രസാദമായി ലഭിക്കുന്ന കദളിപഴം സേവിക്കുമ്പോൾ ഭക്തരുടെ മനസ്സ് നിറയുന്നു. കണ്ണന്റെ പൂജാപാത്രങ്ങളിൽ ഇഷ്ട്ടനെവേദ്യമായ മധുരമേറിയ കദളിവാഴപ്പഴം എപ്പോഴും ഒരു നിറസാന്നിധ്യമാണ്. കദളിപ്പഴം നിവേദ്യത്തിന് ഉപയോഗിക്കുന്നതു കൂടാതെ ധാരാളം ഔഷധഗുണമേന്മയുള്ള ഒരു ഉത്പ്പന്നവുമാണ്. ആയുർവേദ ചികിത്സയിൽ കദളിയുടെ വാഴമാണത്തിന്റെ നീര് ചെവിയുടെ രോഗങ്ങൾക്കും, കദളിപ്പൂവ് ഡയബറ്റിക്സിനും,പിണ്ടി

ജ്യൂസ് പനിക്കും, വയറിളക്കത്തിനും മരുന്നായി ഉപയോഗിക്കുന്നു. കൂടാതെ പഴത്തിൽ നിന്നും ലഭ്യമാകുന്ന "മ്യൂസിലേജ്' നേത്രരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. ഗുരുവായൂരിലേക്കു വേണ്ട കദളിപ്പഴം ലഭ്യമാക്കാൻ ചിട്ടയായ കൃഷിരീതിയാണ് മറ്റത്തൂർ

ലേബർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകർ അനുവർത്തിക്കുന്നത്. ഇതിനായി കർഷകരുടെ ഗ്രൂപ്പുകൾക്കു രൂപം നൽകിയിട്ടുണ്ട്.

കദളിക്കുലയുടെ വിളവെടുപ്പ് സ്ഥിരമായി ലഭ്യമാക്കാനായി നടീൽ സമയം ക്രമീകരിക്കേണ്ടതുണ്ട്. മഴയെമാത്രം ആശ്രയിച്ച് കൃഷിചെയ്യാൻ സാധിക്കാത്തതിനാൽ ജലസേചന സൗകര്യമുള്ള സ്ഥലങ്ങൾ ഗ്രൂപ്പുകൾ തിരഞ്ഞെടുക്കുക പതിവാണ്. 3 മാസം പ്രായമായ, ആരോഗ്യമുള്ളതും കീs-രോഗബാധിതമല്ലാത്തതുമായ സൂചിക്കന്ന് തോട്ടത്തിൽ നിന്ന് തിരഞ്ഞെടുത്ത് സൊസൈറ്റി കർഷകർക്ക് വിതരണം നടത്തുന്നു. ഒരു കന്നിന് 15 രൂപ മുതൽ 20 രൂപ വരെ കർഷകർ നൽകണം. നടുന്നതിനു മുൻപായി സ്യൂഡോമോണാസ് ലായനിയിൽ കന്ന് മുക്കി രോഗവിമുക്തമാക്കുന്നു. കന്നുകൾ നടുന്നതിനായി 1.8 m x 1.8 m അകലത്തിൽ 75cm x 75cm x 75 cm എന്ന അളവിൽ കുഴികൾ എടുത്ത് 100 -150 ഗ്രാം കുമ്മായമിട്ട്, 7-10 ദിവസം കഴിഞ്ഞ് മേൽമണ്ണും 10 കി.ഗ്രാം ഉണക്കചാണകവും ചേർത്ത് മുക്കാൽഭാഗത്തോളം കുഴിനിറയ്ക്കുന്നു. അതിനുശേഷം നടുക്കായി പിള്ളക്കുഴിയെടുത്ത് കന്നു നട്ട് ഉറപ്പിക്കുന്നു. മറ്റ് വാഴകളെ അപേക്ഷിച്ച് ജലസേചനാവശ്യം കുറവാണെങ്കിലും 4-5 ദിവസം ഇടവിട്ട് നനച്ച് കൊടുക്കേണ്ടതാണ്.

ഗുരുവായൂരപ്പന് സമർപ്പിക്കുന്ന നൈവേദ്യകുലകൾ ജൈവകൃഷിരീതിയിൽ രാസവളപ്രയോഗമോ, രാസകീടനാശിനി പ്രയോഗമോ നടത്താതെ രീതിയിൽ വിളയിക്കാൻ അതീവ ജാഗരൂകരാണ് കർഷകർ. രണ്ട് മാസത്തിലൊരിക്കൽ 5 കി.ഗ്രാം വീതം ഉണക്കചാണകമോ കമ്പോസ്റ്റോ കന്ന് നട്ട് 6 മാസം വരെ നൽകുന്നത് കായ്ഫലം നന്നാവാൻ സഹായിക്കുന്നു. കുലകൾ 9-10 മാസം കൊണ്ട് വെട്ടാൻ പരുവമാകുന്നു. മൂപ്പെത്തിയ കദളിക്കുലകൾ ഗ്രൂപ്പുകളുടെ അറിയിപ്പനുസരിച്ച് ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളിൽ ലേബർ സൊസൈറ്റി കായൊന്നിന് മുൻകൂട്ടി നിശ്ചയിച്ച നിരക്കിൽ ഗ്രൂപ്പുകൾക്ക് കൈമാറുന്നു. ഇന്നത്തെ നിരക്കിൽ ഇതു 2 രൂപ 70 പൈസയാണ്. ഇതു പ്രകാരം 100 വാഴകൃഷി ചെയ്യുന്ന ഒരു കർഷകന് ശരാശരി 60 കായുള്ള കുല ലഭിക്കുകയാണെങ്കിൽ ഒരു വർഷം ഏകദേശം 16200 രൂപയോളം ലഭിക്കുന്നു. രണ്ട് വർഷം തുടർച്ചയായി കദളിവാഴ കൃഷി ചെയ്യുമ്പോൾ പനാമവാട്ടം രോഗം ബാധിക്കുന്നതായി കാണുന്നുണ്ട്. രോഗമൊഴിവാക്കാൻ ഒരു പറമ്പിൽ രണ്ട് പ്രാവശ്യം കൃഷി ചെയ്തു കഴിഞ്ഞാൽ ഈ പറമ്പ് ഉപേക്ഷിച്ച് പുതിയ പറമ്പിൽ കൃഷി ചെയ്യുന്നതാണ് അഭികാമ്യം.കദളിവനം പദ്ധതി കഴിഞ്ഞ 5 വർഷമായി കാര്യക്ഷമമായി മു ന്നോട്ടുകൊണ്ടുപോകാൻ കർഷകരുടെ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞു എന്നത് അഭിനന്ദനീയമാണ്.

"കദളിവനം' പദ്ധതിയിലൂടെ നേടിയ ഈ വിജയം തൃശൂരിലെ കർഷകരുടെ ഒരഭിമാനമാണ്. കരുത്തുറ്റ നേതൃത്വവും, അനുഭവപാഠവും, സംഘാടനവും ഈ വിജയത്തിന്റെ മുഖ്യശക്തിയാണ്. ഈ രീതിയിലുള്ള ഗ്രൂപ്പ് ഫാമിംഗ് മറ്റുള്ളവിളകളുടെ കൃഷിക്കും സംസ്കരണത്തിനും, വിപണനത്തിനും ഒരു മാതൃകയാവുമെന്ന് പ്രതീക്ഷിക്കാം.

പനാമവാട്ടം പ്രതിരോധിക്കാം

കദളിവാഴയെ ബാധിക്കുന്ന കുമിൾരോഗമാണ് ഫുസറിയം വാട്ടം അഥവാ "പനാമവിൽറ്റ്', മണ്ണിൽ വസിക്കുന്ന ഈ കുമിൾ വാഴകൃഷിയെ വളരെ വിനാശകാരിയായി ബാധിക്കാറുണ്ട്. വാഴയുടെ വേരുപടലത്തെ ബാധിക്കുന്ന കുമിൾ വളരെ വേഗത്തിൽ തണ്ടിനെ ബാധിക്കുന്നു. ഇലക്കവിളുകളിലെ തണ്ടിൽ തവിട്ട് നിറമാറ്റമുണ്ടായി ഇലകൾ മഞ്ഞളിച്ച് വാടി നശിക്കുന്നു. നിയന്ത്രണമാർഗമായി രോഗം ബാധിച്ചിട്ടില്ലാത്ത തോട്ടത്തിൽ നിന്ന് ആരോഗ്യമുള്ള കന്ന് തിരഞ്ഞെടുക്കുക. വാഴത്തോട്ടം വൃത്തിയായി സൂക്ഷിക്കുകയും അസുഖം ബാധിച്ച് വാഴയെ നശിപ്പിക്കുകയും ചെയ്യുക. ഇടകൃഷി സമയത്ത് വേരിൽ മുറിവ് ഉണ്ടാകാതെ ശ്രദ്ധിക്കുക. വാഴ ഒന്നിന് VAM (വാം) 20-30 ഗ്രാം ഉണക്ക ചാണകവുമായി ചേർത്ത് കൊടുക്കുക, തുടർന്ന് വാഴയിൽ രോഗലക്ഷണം കാണുകയാണെങ്കിൽ "കാർബണ്ടാസിം' 1-2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വാഴകന്നിന് ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും, ഇലയിലും, ഇലക്കവിളുകളിലും സ്പ്രേ ചെയ്യുകയും വേണം. "സ്യൂഡോമോണസ്' 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഒരു മാസം ഇടവിട്ട് തടത്തിലും, വാഴയിലും സ്പ്രേ ചെയ്യുക. ഈ അസുഖം നിരന്തരമായി കാണുന്ന തോട്ടത്തിൽ കദളിവാഴ കൃഷി ഉപേക്ഷിച്ച് വാട്ടത്തെ പ്രതിരോധിക്കുന്ന പാളയംകോടൻ, റോബസ്റ്റ, നേന്ത്രൻ ഒരുവർഷം കൃഷിചെയ്തതിനു ശേഷം കദളികൃഷി ചെയ്യേണ്ടതാണ്.

കടപ്പാട്: കേരളകര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate