অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വാണിജ്യപച്ചക്കറികള്‍


വീട്ടുവളപ്പിലെപച്ചക്കറിക്കൃഷിയില്‍ നിന്നും അടുക്കളത്തോട്ടത്തിലെ കൃഷിയില്‍ നിന്നും ഏറെവ്യത്യസ്തമാണ് വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറിക്കൃഷി. വിപണിയുടെആവശ്യങ്ങളെ കണ്ടറിഞ്ഞുള്ള കൃഷിയാണിത്.0

ആമുഖം

പച്ചക്കറികൃഷി - അറിഞ്ഞിരിക്കേണ്ടത്

  • സ്ഥലം തിരഞ്ഞെടുക്കല്‍

സ്ഥലപരിമിതി മൂലം കിട്ടുന്ന സ്ഥലം ഉപയോഗിക്കുകയാണ് പലരും ചെയ്യുന്നത്.അതുകൊണ്ടുതന്നെ, പച്ചക്കറികൃഷിക്കായി ഏറ്റവും അനുയോജ്യമായ സ്ഥലംതിരഞ്ഞെടുക്കുകയെന്നത് പലപ്പോഴും പ്രായോഗികമല്ല. കൃഷിയെ പ്രതികൂലമായിബാധിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയെന്നതാണ് ഇതിനുള്ളപോംവഴി. നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസായ സ്ഥലമാണ് പച്ചക്കറികൃഷിക്കുയോജിച്ചത്. കുറച്ചൊക്കെ തണലുള്ള സ്ഥലമാണെങ്കില്‍ തണലില്‍ വളരുന്നതരത്തിലുള്ള ചേന, ചേമ്പ്, സാമ്പാര്‍ച്ചീര തുടങ്ങിയവ കൃഷിചെയ്യാം. നല്ലഇളക്കമുള്ള പശിമരാശിയുള്ള മണ്ണാണ് പച്ചക്കറികൃഷിക്ക് അനുയോജ്യം.മണല്‍മണ്ണാണെങ്കില്‍ കൂടുതല്‍ ജൈവവളം ചേര്‍ത്ത് ജലസംഭരണശേഷിയും വളക്കൂറുംവര്‍ധിപ്പിക്കാവുന്നതാണ്.
കൃഷിസ്ഥലത്തിനു അടുത്തുതന്നെ ജലസേചനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്നല്ലത്. മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കണം.വില്‍പ്പനയ്ക്കായി പച്ചക്കറികള്‍ കൃഷിചെയ്യുമ്പോള്‍ തോട്ടങ്ങള്‍വിപണനകേന്ദ്രത്തില്‍നിന്നു വളരെ ദൂരെയാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

  • നിലമൊരുക്കല്‍

നാലഞ്ചു തവണ ഉഴുതോ കിളച്ചിളക്കിയോ പൊടിമണ്ണാക്കി, സ്ഥലംനിരപ്പാക്കിയെടുക്കണം. കളകളും മറ്റു ചെടികളുടെ അവശിഷ്ടങ്ങളും മാറ്റിവൃത്തിയാക്കണം. ഇങ്ങനെ തയാറാക്കിയ കൃഷിയിടം കൃഷിയിറക്കുന്നതിനു മുമ്പായിരണ്ടാഴ്ചയോളം വെയില്‍ കൊണ്ടുണങ്ങുന്നതിനായി ഇടുന്നത് നല്ലതാണ്. അതിനുശേഷംകൃഷിചെയ്യുന്ന വിളയ്ക്കനുസരിച്ച് ചാലുകളോ വാരങ്ങളോ വരമ്പുകളോ കുഴികളോനിര്‍ദിഷ്ട അകലങ്ങളിലെടുക്കാം. തയാറാക്കിയ കൃഷിയിടത്തില്‍ സെന്‍റിന് ഏകദേശം 100 കി.ഗ്രാം എന്ന തോതില്‍ ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ കമ്പോസ്റ്റോചേര്‍ത്ത് മണ്ണുമായി നന്നായി ഇളക്കിക്കൊടുക്കണം.

  • കൃഷിയിറക്കല്‍

വെണ്ട, പയര്‍, അമര, കൊത്തമര, ബീന്‍സ്, വെള്ളരിവര്‍ഗ പച്ചക്കറികള്‍, കാരറ്റ്, റാഡിഷ് തുടങ്ങിയവ നേരിട്ട് വിത്തുപാകിയാണ് കൃഷിചെയ്യുന്നത്.എന്നാല്‍ വഴുതന, തക്കാളി, മുളക്, കാബേജ്, കോളിഫ്ളവര്‍ തുടങ്ങിയവതവാരണകളില്‍ വിത്തുപാകി തൈകളുണ്ടാക്കി പറിച്ചു നട്ടാണ് കൃഷിചെയ്യുന്നത്.
ഒന്നൊന്നര മീറ്റര്‍ വീതിയും ആവശ്യത്തിനു നീളവുമുള്ള വാരങ്ങളെടുത്ത്, അതില്‍അല്‍പ്പം ഉണങ്ങിയ ചാണകപ്പൊടിയും (ആവശ്യമെങ്കില്‍ മണലും) ചേര്‍ത്തിളക്കിതവാരണകള്‍ നിര്‍മിക്കാം. ഇങ്ങനെ തയാറാക്കിയ വാരങ്ങളില്‍ 8-10 സെ.മീഅകലത്തിലെടുത്ത ചെറിയ വരികളില്‍ വിത്തു പാകാം. വിത്ത് അല്‍പ്പംമണ്ണിട്ടുമൂടി ചെറുതായി നനച്ചുകൊടുക്കണം. വിത്തുപാകിയശേഷം വാരത്തിനുമുകളില്‍ നേരിയ കനത്തില്‍ വൈക്കോലോ മറ്റോകൊണ്ട് പുതയിടുന്നത് നല്ലതാണ്.ഈര്‍പ്പം നിലനിര്‍ത്താനും വെള്ളമൊഴിക്കുമ്പോള്‍ വിത്ത്ചിതറിപ്പോകാതിരിക്കുന്നതിനും ഇതു സഹായിക്കും.
വിത്ത് മുളയ്ക്കുന്നതുവരെ രാവിലെയും വൈകിട്ടും നേരിയ തോതില്‍നനച്ചുകൊടുക്കണം. വിത്ത് മുളയ്ക്കാന്‍ തുടങ്ങിയാല്‍ വൈക്കോല്‍കൊണ്ടുള്ള പുതമാറ്റാം. തവാരണയില്‍ കൂടുതല്‍ വെള്ളമൊഴിച്ച് ഈര്‍പ്പംകൂടിപ്പോകാതിരിക്കാനും ശ്രദ്ധിക്കണം. നനവ് ഏറിയാല്‍ തൈചീയല്‍ രോഗത്തിന്കാരണമാകും. തൈചീയല്‍ കണ്ടാല്‍ ബോര്‍ഡോമിശ്രിതമോ ഡൈത്തേന്‍, ഫോള്‍ട്ടാഫ്, കാപ്റ്റാന്‍ തുടങ്ങിയ ഏതെങ്കിലും മരുന്നോ (ഒരു ലിറ്റര്‍ വെള്ളത്തില്‍ 2 ഗ്രാം എന്ന കണക്കില്‍) കലക്കി തവാരണയില്‍ ഒഴിച്ചുകൊടുക്കണം. മാത്രമല്ല, പിന്നീട്, നനയുടെ കാര്യത്തില്‍ ശ്രദ്ധിക്കുകയും വേണം.
3-4 ആഴ്ച പ്രായമായ (12-15 സെ.മീ ഉയരത്തിലുള്ള) തൈകള്‍ തവാരണകളില്‍നിന്ന്കൃഷിയിടത്തിലേക്ക് പറിച്ചുനടാം. പറിച്ചുനടുന്നതിനു മുമ്പായി തവാരണകളിലെതൈകള്‍ക്ക് കരുത്ത് വര്‍ധിപ്പിക്കുന്ന രീതി സ്വീകരിക്കുന്നത് നല്ലതാണ്.പറിച്ചുനടുന്നതിനു കുറച്ചുദിവസം മുമ്പ് നന ഒന്നിടവിട്ട ദിവസമാക്കുക.പിന്നീടത്, രണ്ടു ദിവസം ഇടവിട്ടും മൂന്നു ദിവസം ഇടവിട്ടും ആക്കുക.
തൈകള്‍ കഴിയുന്നതും വൈകുന്നേരങ്ങളില്‍ പറിച്ചുനടുന്നതാണ് നല്ലത്.നട്ടുകഴിഞ്ഞ് ഉടന്‍ നനയ്ക്കുകയും ഓരോ ചെടിക്കും തണല്‍ കൊടുക്കുകയും വേണം.നിര്‍ദിഷ്ട അകലത്തില്‍ ഓരോ തൈ വീതം നടണം. ഒരാഴ്ച കഴിഞ്ഞ്, തൈകള്‍ഉണങ്ങിപ്പോയാല്‍ അവ പിഴുതുമാറ്റി പുതിയവ നടാം. ചെടികളില്‍ നന്നായി വേരുപിടിക്കുന്നതുവരെ ദിവസേന നനയ്ക്കണം.

  • വളപ്രയോഗം

മറ്റു വിളകളിലെന്നപോലെ പച്ചക്കറികള്‍ക്കും ജൈവവളങ്ങളും രാസവളങ്ങളുംആവശ്യമാണ്. ജൈവവസ്തുക്കള്‍ മാത്രമുപയോഗിച്ച് പച്ചക്കറികൃഷി ചെയ്യുന്നരീതിക്ക് ഇക്കാലത്ത് പ്രചാരമേറി വരികയാണ്. ആരോഗ്യത്തിന് ഏറ്റവും നല്ലത്അതാണുതാനും. എന്നാല്‍, ജൈവവളങ്ങള്‍ മാത്രമുപയോഗിച്ച് വിപുലമായ രീതിയില്‍പച്ചക്കറികൃഷി നടത്തുക എന്നത് അത്ര പ്രായോഗികമല്ല. അത്തരം കൃഷിയില്‍ചെടിക്ക് വേഗത്തില്‍ വലിച്ചെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള രാസവളങ്ങള്‍നല്‍കിയേ തീരൂ. രാസകീടനാശിനികള്‍ കഴിവതും ഒഴിവാക്കുകയെന്നതാണ് ഇത്തരത്തില്‍കൃഷിചെയ്യുന്ന പച്ചക്കറികള്‍ ആരോഗ്യകരമാക്കാനുള്ള വഴി.
ഉണങ്ങിപ്പൊടിഞ്ഞ ചാണകം, കമ്പോസ്റ്റ്, ആട്ടിന്‍കാഷ്ഠം, കോഴിക്കാഷ്ഠംതുടങ്ങിയ ജൈവവളങ്ങള്‍ കൃഷിയിറക്കുന്നതിനു മുമ്പായി അടിവളമായി ചേര്‍ക്കണം.ഓരോ ചെടിക്കും ഓരോ കൈപ്പിടി എന്ന തോതില്‍ വേപ്പിന്‍പിണ്ണാക്കോകടലപ്പിണ്ണാക്കോ ചേര്‍ക്കുന്നതും നല്ലതാണ്. പച്ചിലവളവുംഉപയോഗിക്കാവുന്നതാണ്.
രാസവളങ്ങളുടെ അളവ്, മണ്ണിന്‍റെ ഫലപുഷ്ടി, ഇനം എന്നിവയെ ആശ്രയിച്ചാണ്നിശ്ചയിക്കുന്നത്. ആകെ ആവശ്യമായ രാസവളങ്ങളില്‍ ഫോസ്ഫറസ് പ്രധാനമായ വളങ്ങള്‍മുഴുവനും നൈട്രജന്‍- പൊട്ടാഷ് വളങ്ങള്‍ പകുതി വീതവും കൃഷിയിറക്കുന്നതിനുമുമ്പ് അടിവളമായി മണ്ണില്‍ ചേര്‍ത്ത് ഇളക്കിക്കൊടുക്കണം. ബാക്കിയുള്ളനൈട്രജന്‍ - പൊട്ടാഷ് വളങ്ങള്‍ പല പ്രാവശ്യമായി ചെടികള്‍ക്ക് മേല്‍വളമെന്നരീതിയില്‍ കൊടുത്താല്‍ മതി. ഇത്തരം വളങ്ങള്‍ വെള്ളത്തില്‍ പെട്ടെന്നുലയിക്കുന്നതിനാല്‍ മണ്ണില്‍നിന്നും താഴേക്ക് ഊര്‍ന്നിറങ്ങുന്ന വെള്ളത്തില്‍കൂടിയും മറ്റും നഷ്ടപ്പെടാനിടയുണ്ട്. അതുകൊണ്ട്, പല പ്രാവശ്യമായി വളംനല്‍കുന്നതാണ് നല്ലതാണ്.

  • മറ്റ് കൃഷിപ്പണികള്‍

വിളയുടെ സ്വഭാവമനുസരിച്ച് മറ്റ് കൃഷിപ്പണികളില്‍ നേരിയവ്യത്യാസമുണ്ടാകാം. കളയെടുക്കല്‍, മണ്ണ് കൂട്ടിക്കൊടുക്കല്‍, ഇടയിളക്കല്‍, ജലസേചനം എന്നിവ യഥാസമയം ചെയ്യേണ്ടതുണ്ട്. പടര്‍ന്നുവളരുന്ന തരത്തിലുള്ളപച്ചക്കറികള്‍ക്ക് പന്തല്‍ നിര്‍മിക്കുകയോ കയര്‍ കെട്ടിക്കൊടുക്കുകയോചെയ്യണം. കി
ഴങ്ങുവര്‍ഗ വിളകള്‍ക്ക് മണ്ണ് കൂട്ടിക്കൊടുക്കുന്നത് പ്രധാനമാണ്.

  • സസ്യസംരക്ഷണം

പച്ചക്കറികൃഷിയില്‍ സസ്യസംരക്ഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.വിത്തുമുതല്‍ തവാരണ തുടങ്ങി വിളവെടുക്കുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളില്‍പച്ചക്കറിവിളകളെ പല തരത്തിലുള്ള രോഗങ്ങളും കീടങ്ങളും ബാധിക്കുന്നു. ഇവയെപ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ കൃത്യസമയത്ത് ചെയ്യേണ്ടതുണ്ട്.
പച്ചക്കറികൃഷിയില്‍ കഴിവതും കൃത്രിമകീടനാശിനികള്‍ ഉപയോഗിക്കാതിരിക്കാന്‍ശ്രദ്ധിക്കണം. അടുക്കളത്തോട്ടത്തിലോ മട്ടുപ്പാവിലോ വളര്‍ത്തുന്നപച്ചക്കറികള്‍ ദിവസേന നിരീക്ഷിക്കുന്നത് ഒട്ടുമിക്ക രോഗങ്ങളും കീടങ്ങളുംഒഴിവാക്കുന്നതിനു സഹായിക്കും. രോഗബാധയോ കീടങ്ങളെയോ കണ്ടാല്‍ കേടുവന്നഭാഗങ്ങള്‍ നീക്കംചെയ്തു നശിപ്പിക്കാം. എന്നാല്‍, കൂടുതല്‍ സ്ഥലത്ത്പച്ചക്കറി കൃഷിചെയ്യുന്നുണ്ടെങ്കില്‍ രാസകീടനാശിനികള്‍ഉപയോഗിക്കേണ്ടതായിവരും. താരതമ്യേന വിഷാംശവും അവശിഷ്ടവിഷവീര്യവും കുറഞ്ഞമാലത്തിയോണ്‍, സൈത്തിയോണ്‍ തുടങ്ങിയ കീടനാശിനികളാണ് നല്ലത്. ഫ്യുരിഡാന്‍പോലെയുള്ള തരിരൂപത്തിലുള്ള കീടനാശിനികള്‍ ഒരു കാരണവശാലും ചെടികള്‍പുഷ്പിച്ചശേഷം ഉപയോഗിക്കരുത്.
വിളവെടുക്കുന്ന പ്രായമായാല്‍, കായ്കള്‍ പറിച്ചെടുത്തശേഷം വേണം ചെടിയില്‍കീടനാശിനികള്‍ തളിക്കേണ്ടത്. അതുപോലെതന്നെ, കീടനാശിനി തളിച്ചാല്‍ 10-14 ദിവസം കഴിഞ്ഞേ അടുത്ത വിളവെടുപ്പ് നടത്താവൂ.
ഓരോ തരം കീടനാശിനികള്‍ക്കും അതിലെ അവശിഷ്ടവിഷവീര്യം വ്യത്യസ്തമായിരിക്കും.ചില കീടനാശിനികള്‍ തളിച്ചാല്‍ അവയുടെ വിഷവീര്യം പെട്ടെന്നു വിഘടിച്ചുപോകും.എന്നാല്‍, മറ്റു ചിലതിനാകട്ടെ, വിഷവീര്യം ഏറെനാള്‍ നിലനില്‍ക്കും.അതിനാല്‍, പച്ചക്കറികളില്‍ അവശിഷ്ടവീര്യം കുറഞ്ഞ കീടനാശിനികള്‍ വേണംതിരഞ്ഞെടുക്കാന്‍. കീടനാശിനി തളിച്ചാല്‍, അവയുടെ വിഷവീര്യം വിഘടിച്ച്മനുഷ്യര്‍ക്ക് നിരുപദ്രവകരമായ അളവിലേക്ക് കുറയുന്നതുവരെ കാത്തിരുന്നശേഷമേവീണ്ടും വിളവെടുപ്പ് നടത്താവൂ. ഈ കാലത്തെ 'കാത്തിരിപ്പുകാലം' എന്നാണ്വിളിക്കുന്നത്.

തക്കാളി

ലൈക്കോപെര്‍സിക്കന്‍എസ്കുലെന്‍റം എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന തക്കാളിയുടെ ജന്മദേശംതെക്കേ അമേരിക്കയിലെ പെറു ആണ്. ഉഷ്ണകാലവിളയാണിത്.20-25ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള കാലാവസ്ഥയാണ് തക്കാളിക്കൃഷിക്ക് അനുയോജ്യം.താപനില ഏറിയാലും കുറഞ്ഞാലും അത് വളര്‍ച്ചയെയും വിളവിനെയും ബാധിക്കും.കനത്ത മഴയും തുടര്‍ച്ചയായ അന്തരീക്ഷ ഈര്‍പ്പവും കൃഷിക്ക് അനുയോജ്യമല്ല.അതുകൊണ്ടുതന്നെ, മഴക്കാലത്ത് തക്കാളിക്കൃഷി വിജയിക്കുന്നതിനുള്ള സാധ്യതകുറവാണ്. സെപ്റ്റംബര്‍-ഡിസംബര്‍, ജനുവരി-മാര്‍ച്ച്കാലങ്ങളിലാണ് കേരളത്തില്‍ തക്കാളി കൃഷി ചെയ്യാന്‍ ഏറ്റവും അനുയോജ്യം. നല്ലനീര്‍വാര്‍ച്ചയും ജലസംഭരണശേഷിയും ആഴവുമുള്ള പശിമരാശി മണ്ണാണ് അനുകൂലം.മണ്ണിന്‍റെ അമ്ല-ക്ഷാര നില (പി.എച്ച്)6നും-6.5നും ഇടയിലാകുന്നതാണ് നല്ലത്.

ഇനങ്ങള്‍

അധികവിളവ്, രോഗപ്രതിരോധശേഷി, അധിക ചൂടിനെ ചെറുക്കാനുള്ള കഴിവ്, സംസ്കരണത്തിനുള്ള പ്രത്യേക ഗുണഗണങ്ങള്‍ തുടങ്ങിയ ഘടകങ്ങളെമുന്‍നിര്‍ത്തിയാണ് തക്കാളിയിലെ ഇനങ്ങളെ വികസിപ്പിച്ചെടുക്കുന്നത്.കേരളത്തില്‍ കൃഷിചെയ്യുന്ന പ്രധാനപ്പെട്ട തക്കാളിയിനങ്ങള്‍ ഇവയാണ്

  • ശക്തി: കേരളത്തില്‍ കൃഷിചെയ്യാന്‍ യോജിച്ച ഈ ഇനം കേരള കാര്‍ഷികസര്‍വകലാശാലയില്‍ വികസിപ്പിച്ചെടുത്തതാണ്. ബാക്ടീരിയാവാട്ടം എന്നരോഗത്തിനെതിരെ പ്രതിരോധശക്തിയുള്ള ഈ ഇനം50-60ഗ്രാം തൂക്കം വരുന്ന ഉരുണ്ട കായ്കള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഒരു ഹെക്ടര്‍ സ്ഥലത്ത് നിന്നും ശരാശരി32ടണ്‍ വിളവുതരുന്ന ഈ ഇനം മറ്റു പല സംസ്ഥാനങ്ങളിലും മികച്ചതായി ഫലം നല്‍കുന്നതായി കണ്ടിട്ടുണ്ട്. വിത്ത് പാകിക്കഴിഞ്ഞ് ഏകദേശം97 ദിവസംകൊണ്ട് വിളവെടുക്കാന്‍ സാധിക്കും.
  • മുക്തി: കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത, ബാക്ടീരിയാവാട്ടത്തെ ചെറുത്തുനില്‍ക്കാന്‍ കഴിവുള്ള മറ്റൊരു ഇനമാണിത്.വെള്ളനിറമുള്ള ഉരുണ്ട കായ്കള്‍ ഈ ഇനത്തിന്‍റെ പ്രത്യേകതയാണ്. മൂത്തുപഴുക്കുമ്പോള്‍ നല്ല ചുവപ്പു നിറമായിരിക്കും.95-100ദിവസത്തെ മൂപ്പുള്ള ഈ ഇനം മറ്റു സംസ്ഥാനങ്ങളിലും വിജയകരമായി കൃഷിചെയ്തു വരുന്നു. ഹെക്ടറിന് ശരാശരി12ടണ്‍ വിളവ് ലഭിക്കും.
  • കോ-1: കോയമ്പത്തൂരിലെ തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത ഈ ഇനം ഹെക്ടറിന് ശരാശരി25ടണ്‍ വിളവ് തരാന്‍ ശേഷിയുള്ളവയാണ്.135ദിവസത്തെ മൂപ്പാണ് ഈ ഇനത്തിനുള്ളത്.
  • കോ-2: റഷ്യയില്‍നിന്നും കൊണ്ടുവന്ന തക്കാളിയിനത്തില്‍നിന്നും നിര്‍ധാരണം വഴിവികസിപ്പിച്ചെടുത്ത ഈ ഇനത്തിന്‍റെയും ഉറവിടം തമിഴ്നാട് കാര്‍ഷികസര്‍വകലാശാലയാണ്. അല്‍പ്പം പരന്ന ആകൃതിയുള്ള കായ്കള്‍ക്ക്4-5കുഴിഞ്ഞ ചാലുകളുണ്ടാകും.140ദിവസംകൊണ്ട് മൂപ്പെത്തുന്ന ഈ ഇനം ഹെക്ടറൊന്നിന്28-30ടണ്‍ വിളവ് തരുന്നു.
  • കോ-3: മാരുതം എന്നും വിളിക്കുന്ന ഈ ഇനത്തിന് താങ്ങു നല്‍കേണ്ട ആവശ്യമില്ല.പടര്‍ന്നു വളരാത്തതിനാല്‍ അടുത്തടുത്ത് നടുകയുമാവാം. കുലകളായി കായ്കള്‍ഉണ്ടാകുന്ന ഈ ഇനത്തിന് ഹെക്ടര്‍ ഒന്നിന്40ടണ്‍ വിളവ് തരാനുള്ള കഴിവുണ്ട്.100-105ദിവസംകൊണ്ട് വിളവെടുക്കാം.
  • അര്‍ക്ക വികാസ്: പടര്‍ന്നുവളരുന്ന ഈ ഇനത്തിന് താങ്ങ് നല്‍കേണ്ടതുണ്ട്.കായ്കള്‍ വലുതും കടുംചുവപ്പുനിറത്തിലുള്ളതുമാണ്. ഇവയ്ക്ക് വിപണിയില്‍ഡിമാന്‍ഡ് കൂടുതലാണ്. ജലദൗര്‍ലഭ്യത്തെ ഒരു പരിധിവരെചെറുത്തുനില്‍ക്കുന്നതിനുള്ള കഴിവുണ്ട്.110-115ദിവസത്തെ മൂപ്പുള്ള ഈ ഇനത്തില്‍ ഒരു ഹെക്ടറില്‍നിന്നും ശരാശരി 38ടണ്‍ വിളവ് ലഭിക്കും.
  • അര്‍ക്ക സൗരഭ്: ബാംഗ്ലൂരിലെ ഇന്ത്യന്‍ ഹോര്‍ട്ടികള്‍ച്ചര്‍ഗവേഷണകേന്ദ്രത്തില്‍ വികസിപ്പിച്ച ഇനമാണിത്. മിതമായി മാത്രം പടരുന്നഇവയ്ക്ക് കടുംചുവപ്പ് കായ്കളുണ്ടാകും. കായുടെ അഗ്രഭാഗം ചെറിയമൊട്ടുപോലെകൂര്‍ത്തിരിക്കും. ഹെക്ടറിന് ശരാശരി35ടണ്‍ വിളവ് തരുന്ന ഈ ഇനത്തിന്105-110ദിവസത്തെ മൂപ്പുണ്ട്.
  • അര്‍ക്ക അഹൂതി, അര്‍ക്ക ആശിഷ്, അര്‍ക്ക മേഘാലി എന്നിവയും ഇവിടെവികസിപ്പിച്ചെടുത്ത തക്കാളിയിനങ്ങളാണ്. ഇവയ്ക്ക് ബാക്ടീരിയവാട്ടത്തെപ്രതിരോധിക്കുന്നതിനുള്ള കഴിവുണ്ട്. ഈയിടെയായി സങ്കരയിനങ്ങള്‍ക്ക് കൂടുതല്‍പ്രിയമേറിവരികയാണ്. പെട്ടെന്നു വിളവുതരുന്നതിനുള്ള കഴിവ്, അത്യുല്‍പ്പാദനശേഷി, ഒരേ ആകൃതിയും വലുപ്പവുമുള്ള കായ്കള്‍, മെച്ചപ്പെട്ടഗുണമേന്മ, കൂടുതല്‍ കാമ്പുള്ള കായ്കള്‍ തുടങ്ങിയ പ്രത്യേകതകളാണ്സങ്കരയിനങ്ങളെ പ്രിയപ്പെട്ടതാക്കുന്നത്.

കൃഷിരീതി

വിത്ത് പാകി തൈകളുണ്ടാക്കി പറിച്ചുനട്ടാണ് തക്കാളി കൃഷിചെയ്യുന്നത്. ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷിചെയ്യുന്നതിനായി350-400ഗ്രാം (ഏക്കറിന്125-150ഗ്രാം) വിത്ത് വേണ്ടിവരും. ഒരേക്കര്‍ സ്ഥലത്ത് കൃഷിചെയ്യാനായി തൈകള്‍ വളര്‍ത്തുന്ന വിധം താഴെപ്പറയുന്നു.
ഏകദേശം75സെ.മീ. വീതിയും 5 മീറ്റര്‍ നീളവും25-30സെ.മീ. ഉയരവുമുള്ള പത്ത് വാരങ്ങളുണ്ടാക്കണം. ഓരോ വാരത്തിലും ഏകദേശം50കി.ഗ്രാം ഉണങ്ങിപ്പൊടിഞ്ഞ ചാണകവും, മണ്ണ്, മണല്‍ എന്നിവ1:1:1അനുപാതത്തില്‍ ചേര്‍ത്തിളക്കുക. കൂടാതെ, 10ഗ്രാം ഫ്യൂരിഡാന്‍ തരി ഓരോ വാരത്തിലും വിതറണം. വിത്ത് പാകുന്നതിനു മുമ്പ്കാപ്റ്റാന്‍ എന്ന കുമിള്‍നാശിനി (ഒരു ലിറ്റര്‍ വെള്ളത്തില്‍2ഗ്രാം എന്ന കണക്കില്‍) വാരങ്ങളിലൊഴിച്ച് മണ്ണ് നന്നായി നനച്ച്, പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിടണം. വിത്ത് പാകുന്നതിനു മുമ്പ് ഷീറ്റ്മാറ്റാവുന്നതാണ്. ഇങ്ങനെ തയാറാക്കിയ വാരങ്ങളില്‍ കുറുകെ 7.5സെ.മീ.(3ഇഞ്ച്) അകലത്തില്‍ ചെറിയ ചാലുകള്‍ കമ്പുകൊണ്ട് വരഞ്ഞ് അതില്‍ നേരിയകനത്തില്‍ വിത്തുപാകി, പൊടിമണ്ണിട്ട് മൂടുക. വിത്ത് പാകിക്കഴിഞ്ഞ്വാരങ്ങളില്‍ വൈക്കോലോ ഉണക്കപ്പുല്ലോകൊണ്ട് പുതയിട്ട് ദിവസവും രാവിലെനനയ്ക്കണം. വിത്ത് മുളയ്ക്കാന്‍ തുടങ്ങുമ്പോള്‍ പുത മാറ്റാം.വേനല്‍ക്കാലത്താണെങ്കില്‍ ആദ്യത്തെ രണ്ടാഴ്ച അല്‍പ്പം തണല്‍ കൊടുക്കുകയുംവൈകിട്ട് ഒരിക്കല്‍ക്കൂടി നനയ്ക്കുകയും വേണം. നാലാമത്തെ ആഴ്ചമുതല്‍ നനകുറച്ചുകൊണ്ടുവന്ന് തൈകള്‍ക്ക് കരുത്ത് നല്‍കുന്നതിന് ശ്രദ്ധിക്കണം.
സങ്കരയിനങ്ങള്‍ സാധാരണയായി പോട്ടിങ് മിശ്രിതം നിറച്ച മണ്‍ചട്ടികളിലാണ് വളര്‍ത്തുന്നത്. ഇതിനു പകരമായി 10-12സെ.മീ. വലിപ്പമുള്ള ചെറിയ പോളിത്തീന്‍ കവറുകളില്‍ പോട്ടിങ് മിശ്രിതംനിറയ്ക്കാം. ഓരോ കവറിലും ഓരോ വിത്ത് വീതം മാത്രം പാകാന്‍ ശ്രദ്ധിക്കുക.പോളിത്തീന്‍ കവറുകള്‍ കൃഷിയിടത്തിലേക്ക് കൊണ്ടുപോയി ശ്രദ്ധാപൂര്‍വംബ്ലേഡ്കൊണ്ട് കീറിമാറ്റി കേടുവരാതെ തൈകള്‍ എടുത്ത് നടാവുന്നതാണ്. ഈരീതിയില്‍ ഒരേക്കറിന്30-40ഗ്രാം വിത്ത് മതിയാകും. തവാരണയിലെ തൈകള്‍ക്ക്8-10 സെ.മീ. ഉയരമാകുമ്പോള്‍ പ്രധാന കൃഷിസ്ഥലത്ത് നടാന്‍ പാകമാകും.
അസോസ്പൈറില്ലം എന്ന ജീവാണുവളം ചേര്‍ത്തശേഷം വിത്ത് പാകിയാല്‍ നല്ല കരുത്തുള്ള തൈകള്‍ ലഭിക്കും.100ഗ്രാം വിത്തിന്50ഗ്രാം ജീവാണുവളം വേണ്ടിവരും. ആദ്യമായി വിത്ത് അല്‍പ്പം കഞ്ഞിവെള്ളംതളിച്ച് നനച്ച് കുഴയ്ക്കുക. അതിനുമേല്‍ ജീവാണുവളം വിതറി, ഒരു കമ്പുകൊണ്ട്നന്നായി ഇളക്കി യോജിപ്പിക്കുക. വളം പുരട്ടിയ വിത്ത് അരമണിക്കൂര്‍തണലില്‍വച്ചശേഷം സാധാരണപോലെ പാകാവുന്നതാണ്.

നിലമൊരുക്കലും നടീലും

നല്ല ആഴത്തില്‍ കിളച്ചിളക്കി, കട്ടകളുടച്ച് കളകള്‍ നീക്കം ചെയ്തശേഷം ഒരു ഹെക്ടറിന്20-25ടണ്‍ ഉണങ്ങിപ്പൊടിഞ്ഞ ചാണകമോ കമ്പോസ്റ്റോ ചേര്‍ത്തുവേണം സ്ഥലം ഒരുക്കുന്നത്.60സെ.മീ അകലത്തില്‍ എടുത്ത ചാലുകളില്‍60സെ.മീ. ഇടവിട്ട് തൈകള്‍ നടാവുന്നതാണ്. മഴക്കാലമാണെങ്കില്‍ നിശ്ചിതഅകലത്തില്‍ എടുത്ത വരമ്പുകളില്‍ തൈ നടേണ്ടതാണ്. ഇനത്തിന്‍റെ വളര്‍ച്ചാരീതി, മണ്ണിന്‍റെ ഘടനയും വളക്കൂറും, കാലാവസ്ഥ ഇവയുടെ അടിസ്ഥാനത്തില്‍ അകലത്തില്‍മാറ്റങ്ങള്‍ വരുത്താവുന്നതാണ്. വേനല്‍ക്കാലത്താണെങ്കില്‍ തൈകള്‍വൈകുന്നേരം നടുന്നതാണ് നല്ലത്. ഓരോ ചെടിക്കും തണല്‍ കിട്ടുന്നുണ്ടെന്ന്ഉറപ്പുവരുത്തുകയും ചെയ്യണം. ചെടികള്‍ക്കു വേരു പിടിക്കുന്നതുവരെ തണല്‍നല്‍കണം.

വളപ്രയോഗം

ഒരു ഹെക്ടര്‍ സ്ഥലത്തെ തക്കാളികൃഷിക്ക് ശരാശരി75കി.ഗ്രാം നൈട്രജന്‍, 40കി.ഗ്രാം ഫോസ്ഫറസ്, 25കി.ഗ്രാം പൊട്ടാഷ് എന്നിവ ആവശ്യമായി വരും. ഇതില്‍ പകുതിഭാഗം യൂറിയ, പൊട്ടാഷ് എന്നിവയും മുഴുവന്‍ ഫോസ്ഫറസും നിലമൊരുക്കിക്കഴിഞ്ഞ്, തൈകള്‍നടുന്നതിനു മുമ്പായി മണ്ണില്‍ ചേര്‍ക്കണം. ബാക്കിയുള്ള യൂറിയ, പൊട്ടാഷ്വളങ്ങള്‍ പകുതി വീതം രണ്ടു തവണയായി തൈകള്‍ നട്ട്20-25ദിവസം കഴിഞ്ഞും ഒരു മാസം കഴിഞ്ഞും നല്‍കാം. സങ്കരയിനങ്ങള്‍ക്ക് കൂടുതല്‍ വളങ്ങള്‍ നല്‍കേണ്ടതുണ്ട്.

മറ്റ് കൃഷിപ്പണികള്‍

രാസവളം ചേര്‍ക്കുന്നതിനു മുമ്പായി ഇടയിളക്കി കളകള്‍ നീക്കം ചെയ്യുകയുംവളപ്രയോഗത്തിനുശേഷം ചെടികള്‍ക്ക് ചുറ്റും മണ്ണ് കൂട്ടിക്കൊടുക്കുകയുംചെയ്യണം. കാലാവസ്ഥ, മണ്ണിന്‍റെ സ്വഭാവം ഇവയ്ക്കനുസൃതമായി  യഥാസമയം ജലസേചനംനടത്തണം. വേനല്‍ക്കാലത്ത് രണ്ടോ മൂന്നോ ദിവസം ഇടവിട്ട് നനയ്ക്കണം.എന്നാല്‍, ചെടികളില്‍ കായ്കളുണ്ടാകാന്‍ തുടങ്ങിയാല്‍ ഒന്നിടവിട്ട്നനയ്ക്കുന്നതാണ് നല്ലത്. പടര്‍ന്നുവരുന്ന തരത്തിലുള്ള ഇനങ്ങളാണെങ്കില്‍ ഓരോചെടിക്കും കുറ്റിവച്ചു കെട്ടി താങ്ങുകൊടുക്കുകയും വേണം.

സസ്യസംരക്ഷണം

തക്കാളിയില്‍ കണ്ടുവരുന്ന പ്രധാന കീടം കായ്തുരപ്പന്‍ പുഴു ആണ്. മീനെണ്ണഎമല്‍ഷനോ മീനെണ്ണ കലര്‍ന്ന ബാര്‍സോപ്പോ വെള്ളത്തില്‍ കലക്കി തളിച്ച് ഈകീടത്തെ നിയന്ത്രിക്കാവുന്നതാണ്.
കേരളത്തില്‍ തക്കാളിയില്‍ സാധാരണ കണ്ടുവരുന്ന രോഗങ്ങള്‍ ബാക്ടീരിയാവാട്ടം, ഇലപ്പുള്ളിരോഗം എന്നിവയാണ്. തൈപ്രായത്തില്‍ തുടങ്ങിവിളവെടുക്കുന്നതുവരെയുള്ള ഏതു സമയത്തും ബാക്ടീരിയാവാട്ടം തക്കാളിയെബാധിക്കാം. വാടിനില്‍ക്കുന്ന ചെടിയുടെ തണ്ട് മുറിച്ച് വൃത്തിയുള്ള ഒരുചില്ലുകുപ്പിയിലെ വെള്ളത്തില്‍ മുറിഭാഗം മുക്കിവച്ചാല്‍മുറിപ്പാടില്‍നിന്നും വെള്ളനിറത്തില്‍ പുകപോലെ ഒരു വസ്തു നീളത്തില്‍താഴ്ന്നിറങ്ങുന്നതു കാണാം. ബാക്ടിരീയാവാട്ടത്തിന്‍റെ ലക്ഷണമാണത്. ഇതിനുഫലപ്രദമായ പ്രതിവിധികള്‍ അധികമില്ല. രോഗംവരുന്ന ചെടികളെ അപ്പപ്പോള്‍പിഴുതുമാറ്റി നശിപ്പിച്ചാല്‍ രോഗം പടരാതിരിക്കാന്‍ സഹായിക്കും. ശക്തിഎന്നയിനത്തിനു രോഗപ്രതിരോധശക്തിയുണ്ട്. ഇലകരിച്ചില്‍രോഗത്തെനിയന്ത്രിക്കാന്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കുന്നത്ഫലപ്രദമാണ്.

വിളവെടുപ്പും വിളവും

വിളവെടുക്കാനുള്ള കാലയളവ് തക്കാളിയുടെ ഇനം, കൃഷിരീതി, കാലാവസ്ഥ, മണ്ണിന്‍റെ പ്രത്യേകതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. തക്കാളിയുടെപച്ചനിറം മാറി മഞ്ഞ ആയിവരുന്ന സമയത്ത് അവ പറിച്ചെടുത്ത് പെട്ടിയില്‍അടുക്കി വില്‍പ്പനയ്ക്കായി അയയ്ക്കാവുന്നതാണ്. ഒന്നുരണ്ട്ദിവസത്തിനുള്ളില്‍ ഉപയോഗിക്കാനോ തൊട്ടടുത്തുള്ള മാര്‍ക്കറ്റില്‍വില്‍പ്പനയ്ക്കോ ആണെങ്കില്‍ മുഴുവനായി പഴുത്ത കായ്കളും എടുക്കാം. ഒരുഹെക്ടര്‍ സ്ഥലത്തുനിന്നും ശരാശരി30-35ടണ്‍ വിളവ് ലഭിക്കും. സങ്കരയിനങ്ങളാണെങ്കില്‍ 60-80 ടണ്‍ വിളവ് പ്രതീക്ഷിക്കാവുന്നതാണ്.

വിത്തുശേഖരണം

തക്കാളി കൃഷിചെയ്യുമ്പോള്‍ ആ വിളയില്‍ നിന്നുതന്നെ നമുക്കാവശ്യമായ വിത്ത് ശേഖരിക്കാവുന്നതാണ്. രോഗ-കീടബാധയില്ലാത്തതുംആരോഗ്യത്തോടെ വളരുന്നതും നല്ല കായ്പിടിത്തമുള്ളതുമായ ചെടികളില്‍നിന്നുമാണ്വിത്ത് ശേഖരിക്കേണ്ടത്. ആദ്യത്തെ നാലഞ്ചു വിളവെടുപ്പില്‍നിന്നുംകിട്ടുന്ന, നന്നായി മൂത്തുപഴുത്ത, വലുപ്പമുള്ള കായ്കളില്‍നിന്നുമാണ്വിത്തെടുക്കേണ്ടത്.
വിത്തെടുക്കാനായി തിരഞ്ഞെടുത്ത കായ്കള്‍ മുറിച്ച് അവയില്‍നിന്നും വിത്തടക്കമുള്ള ചാറ് ഒരു പാത്രത്തിലേക്ക് ശേഖരിക്കുക. അതു രണ്ടു-മൂന്നുദിവസം പുളിക്കുന്നതിനായി വയ്ക്കണം. വേനല്‍ക്കാലത്ത് രണ്ടു ദിവസംകൊണ്ടുപുളിച്ചുകിട്ടും. ആസിഡ് ചേര്‍ത്തും ചാറ് പുളിപ്പിച്ചെടുക്കാം.പുളിച്ചുകഴിഞ്ഞാല്‍, ചാറില്‍നിന്നും വിത്തുകള്‍ വേര്‍പെട്ടുപോരും. അതില്‍കനം കൂടിയ വിത്തുകള്‍ പാത്രത്തില്‍ അടിഞ്ഞുകൂടും. ഇങ്ങനെ പാത്രത്തിന്‍റെഅടിഭാഗത്തു അടിയുന്ന വിത്തുകള്‍ നല്ലതുപോലെ കഴുകി, തുണിയില്‍ നിരത്തിഉണക്കിയെടുക്കാവുന്നതാണ്. ആദ്യം തണലിലും പിന്നീട് വെയിലത്തും വച്ചാണ്ഉണക്കിയെടുക്കേണ്ടത്. ഉണങ്ങിയ വിത്ത് പേപ്പര്‍ കവറുകളിലാക്കിസൂക്ഷിച്ചുവയ്ക്കാം.
വിത്തുല്‍പ്പാദനത്തിനു മാത്രമായി കൃഷിചെയ്യുകയാണെങ്കില്‍ ഒരു ഹെക്ടറില്‍നിന്നും100-120 കി.ഗ്രാം വരെ വിത്ത് ലഭിക്കുന്നതാണ്.

വഴുതന

സൊളാസേസീ സസ്യകുടുംബത്തിലെ മറ്റൊരു അംഗമായ വഴുതനയുടെ ജന്മദേശം ഇന്ത്യയാണ്. വഴുതനയുടെ ശാസ്ത്രനാമം സൊളാനം മെലോന്‍ജിന എന്നാണ്.

കാലാവസ്ഥയും മണ്ണും

വഴുതനയുടെ ശരിയായ വളര്‍ച്ചയ്ക്കും വിളവിനും 25-30 ഡിഗ്രി സെല്‍ഷ്യസ്താപനിലയാണ് ഏറ്റവും അനുയോജ്യം. നല്ല ആഴവും പശിമരാശിയുമുള്ള മണ്ണാണ്വഴുതനക്കൃഷിക്ക് ഉത്തമം. മണ്ണിന്‍റെ അമ്ല- ക്ഷാര നില 5.5നും 6 നും ഇടയില്‍ആകുന്നതാണ് നല്ലത്.

ഇനങ്ങള്‍

വഴുതനയില്‍ കായുടെ വലുപ്പം, നിറം എന്നിവയില്‍ ഓരോ സ്ഥലത്തെയും ഇനങ്ങള്‍തമ്മില്‍ ഒട്ടെറെ വ്യത്യാസങ്ങളുണ്ട്. നമ്മുടെ സ്ഥലത്ത് ഏറ്റവുമധികംഡിമാന്‍ഡുള്ള ഇനമേതാണെന്നു കണ്ടെത്തി അതു കൃഷിക്കായി തിരഞ്ഞെടുക്കണം.
കേരളത്തില്‍ വഴുതനക്കൃഷിക്ക് പ്രതികൂലമായി കാണുന്ന പ്രധാന ഘടകംബാക്ടീരിയാവാട്ടം എന്ന രോഗമാണ്. അതിനാല്‍, ഈ രോഗത്തെ ചെറുത്തുനില്‍ക്കാന്‍കഴിയുന്ന ഇനങ്ങള്‍ കൃഷിചെയ്യാന്‍ ശ്രദ്ധിക്കണം. ഇന്ത്യയില്‍ വിവിധകേന്ദ്രങ്ങളിലായി വികസിപ്പിച്ചെടുത്തിട്ടുള്ള പ്രധാന ഇനങ്ങള്‍ ഇവയാണ്.

  • സൂര്യ: തമിഴ്നാട്ടിലെ അണ്ണാമലൈയില്‍നിന്നും ശേഖരിച്ച എസ്.എം-6 എന്നശേഖരത്തില്‍നിന്നും നിര്‍ധാരണം വഴി കേരള കാര്‍ഷിക സര്‍വകലാശാലവികസിപ്പിച്ചെടുത്ത വഴുതനയിനമാണ് സൂര്യ അഥവാ കേരസൂര്യ. ഇതിന്ബാക്ടീരിയാവാട്ടത്തെ ചെറുത്തുനില്‍ക്കുന്നതിനുള്ള കഴിവുണ്ട്. കായ്കള്‍ക്ക്അണ്ഡാകൃതിയാണുള്ളത്. 50 ഗ്രാമോളം തൂക്കം വരുന്ന ഇവയ്ക്ക് പര്‍പ്പിള്‍നിറമാണ്. ഓരോ ചെടിയില്‍നിന്നും 700-1300 ഗ്രാം വരെ വിളവ് പ്രതീക്ഷിക്കാം.
  • ശ്വേത: കേരള കാര്‍ഷിക സര്‍വകലാശാല ഹോര്‍ട്ടിക്കള്‍ച്ചര്‍കോളജില്‍നിന്നും പുറത്തിറക്കിയ വാട്ടരോഗത്തെ ചെറുക്കാന്‍ ശേഷിയുള്ള ഇനമാണ്ശ്വേത. വെള്ളനിറത്തില്‍ കുലകളായി ഉണ്ടാകുന്ന ഇടത്തരം വലുപ്പമുള്ള കായ്കള്‍ ഈഇനത്തിന്‍റെ പ്രത്യേകതയാണ്. ചെടികളാകട്ടെ, വലുപ്പം കുറഞ്ഞ് കുറ്റിയായിവളരുന്ന തരത്തിലുള്ളതാണ്. ഹെക്ടറിന് ശരാശരി 30 ടണ്‍ വിളവ് ലഭിക്കും.
  • നീലിമ: കേരളത്തില്‍ വികസിപ്പിച്ചെടുത്തതും ഇവിടുത്തെ കൃഷിക്കായിശുപാര്‍ശ ചെയ്യപ്പെടുന്നതുമായ സങ്കരയിനമാണ് നീലിമ. ഇതിന്‍റെ ചെടികള്‍ക്ക്മുള്ളുകളില്ല. തണ്ടിനും ഇലയ്ക്കും നീല/വയലറ്റ് കലര്‍ന്ന പച്ചനിറമാണ്.പൂവിനു നീലനിറമായിരിക്കും. മിനുമിനുത്ത, തിളങ്ങുന്ന അണ്ഡാകൃതിയിലുള്ള വലിയവയലറ്റു കായ്കള്‍ക്ക് ശരാശരി 175 ഗ്രാം തൂക്കമുണ്ടാകും. ചെടി നട്ട് ഏകദേശം 45 ദിവസമെത്തുമ്പോള്‍ പുഷ്പിക്കുകയും 65 ദിവസംകൊണ്ട് ആദ്യ വിളവെടുപ്പിന്പാകമാകുകയും ചെയ്യും. ചെടികള്‍ 75 സെ.മീ. അകലത്തില്‍ നടാം. ചെടിയൊന്നിന്ശരാശരി നാലു കിലോ വിളവ് ലഭിക്കും. ബാക്ടീരിയാവാട്ടത്തിനെതിരെപ്രതിരോധശക്തിയുള്ള ഇനമാണിത്.
  • ഹരിത: അടുക്കളത്തോട്ടത്തില്‍ വീട്ടാവശ്യത്തിനും വിപുലമായ രീതിയില്‍വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതിനും യോജിച്ച ഇനമാണിത്. ഇതിനുംവാട്ടരോഗത്തെ ചെറുക്കുന്നതിനുള്ള ശേഷിയുണ്ട്. വിളദൈര്‍ഘ്യം കൂടിയ ഇനമാണ്ഹരിത. ഒന്നേകാല്‍ മീറ്ററോളം ഉയരത്തില്‍ വളരുന്ന ഇവയുടെ ചെടികള്‍ക്ക്മുള്ളുകളില്ല. പച്ചനിറമുള്ള തണ്ടും ഇലയും വെള്ള നിറമുള്ള പൂക്കളും നീണ്ടുതടിച്ച ഇളംപച്ച കായ്കളുമാണ് ഇവയുടെ പ്രത്യേകതകള്‍. കായ്കള്‍ക്ക് ശരാശരി 18 സെ.മീ. നീളവും 120 ഗ്രാം തൂക്കവുമുണ്ടാകും. ചെടിയൊന്നിന് ആറുകിലോ വരെ വിളവ്കിട്ടും.
  • അര്‍ക്ക നീലകണ്ഠ്, അര്‍ക്കനിധി, അര്‍ക്കഷീല്‍, അര്‍ക്ക് കുസുമാകര്‍, അര്‍ക്ക ഷിരിഷ്, അര്‍ക്ക കേശവ് , ഗുലാബി, ശ്യാമള, ഭാഗ്യമതി തുടങ്ങിയവയുംഇത്തരത്തില്‍ ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ഇനങ്ങളാണ്. ഇതു കൂടാതെസങ്കരയിനങ്ങളായ പുസ അന്‍മോള്‍, അര്‍ക്ക നവനീത്, സുഫല്‍ തുടങ്ങിയവയുംഇന്ത്യയില്‍ വ്യാപകമായി കൃഷിചെയ്തുവരുന്നു.

കൃഷിരീതി

മേയ്-ഓഗസ്റ്റ്, സെപ്റ്റംബര്‍-ഡിസംബര്‍ മാസങ്ങളാണ് കേരളത്തില്‍വഴുതനകൃഷിക്ക് ഏറ്റവും അനുയോജ്യം. തവാരണയില്‍ വിത്തുപാകി തൈകള്‍ഉല്‍പ്പാദിപ്പിച്ച് പറിച്ചുനട്ടാണ് വഴുതന കൃഷിചെയ്യുന്നത്. തൈകള്‍ഉല്‍പ്പാദിപ്പിക്കുന്നവിധം തക്കാളിയിലേതുപോലെതന്നെയാണ്. ഒരു ഹെക്ടര്‍സ്ഥലത്ത്  കൃഷിചെയ്യാനായി 400-500 ഗ്രാം വിത്ത് വേണ്ടിവരും. ഒരാഴ്ചകൊണ്ട്വിത്തുമുളയ്ക്കുകയും 40-45 ദിവസമെത്തുമ്പോള്‍ തൈകള്‍ പറിച്ചുനടാവുന്നവിധത്തിലെത്തുകയും ചെയ്യും.

നിലമൊരുക്കലും നടീലും

തക്കാളിയുടെ കൃഷിരീതി തന്നെയാണ് വഴുതനയുടേതും. എന്നാല്‍, വഴുതനഅല്‍പ്പംകൂടി അകലം കൊടുത്ത് നടണം. വരികള്‍ തമ്മില്‍ 75 സെ.മീറ്ററും വരിയിലെചെടികള്‍ തമ്മില്‍ 60 സെ.മീറ്ററും അകലം കൊടുക്കണം. വളപ്രയോഗവും മറ്റുകൃഷിപ്പണികളും തക്കാളിയുടേതു തന്നെ.

സസ്യസംരക്ഷണം

കായും തണ്ടും തുരക്കുന്ന പുഴുക്കളാണ് വഴുതനയുടെ പ്രധാന ശത്രുക്കള്‍.മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴു അഗ്രഭാഗത്തുള്ള ഇളംതണ്ടിലൂടെ കയറിനാമ്പിന്‍റെ ഉള്‍ഭാഗം തിന്നുകയും നാമ്പ് വാടിപ്പോകുകയും ചെയ്യുന്നു.കായില്‍ ചെറിയ ദ്വാരങ്ങളുണ്ടാക്കി അതിനുള്ളില്‍ കടന്ന് കായ്കള്‍നശിപ്പിച്ചുകളയുന്നു. തുടക്കത്തില്‍ പുഴു ബാധിച്ചതായി കാണുന്ന നാമ്പുകളുംകായ്കളും പുഴുവടക്കം ശേഖരിച്ച് നശിപ്പിച്ചുകളയണം. മീനെണ്ണ എമല്‍ഷനോ മീനെണ്ണകലര്‍ന്ന ബാര്‍സോപ്പോ വെള്ളത്തില്‍ കലക്കി തളിക്കുന്നതും ഒരു പരിധിവരെ ഈകീടത്തെ അകറ്റിനിര്‍ത്താന്‍ സഹായിക്കും.
അര്‍ധഗോളാകൃതിയും തവിട്ടുനിറവും കറുത്ത പുള്ളിക്കുത്തുകളുമുള്ള എപ്പിലാക്നവണ്ട്, ഇലചുരുട്ടിപ്പുഴു എന്നിവയും വഴുതനയെ ആക്രമിക്കാറുണ്ട്. സെവിന്‍ (ഒരുലിറ്റര്‍ വെള്ളത്തില്‍ 3 ഗ്രാം), മാലത്തിയോണ്‍(ഒരു ലിറ്റര്‍ വെള്ളത്തില്‍ 2 മി.ലി) എന്നീ മരുന്നുകള്‍ ഇവയ്ക്കെതിരെ പ്രയോഗിക്കാവുന്നതാണ്.
വഴുതനയില്‍ കണ്ടുവരുന്ന പ്രധാന രോഗങ്ങള്‍ ബാക്ടീരിയാവാട്ടം, ചെടിമുരടിക്കല്‍ തുടങ്ങിയവയാണ്. ചെടിയുടെ വളര്‍ച്ച മുരടിച്ച് അടുത്തടുത്ത്ഇടതൂര്‍ന്ന് നന്നേ ചെറിയ ഇലകളുണ്ടായി കായ്ഫലം തരാനുള്ള കഴിവ്നഷ്ടപ്പെടുത്തുന്ന രോഗമാണ് ചെടിമുരടിക്കല്‍. ഇതിനു കാരണം മൈക്കോപ്ലാസ്മഎന്ന രോഗാണുവാണ്. ഫലപ്രദമായ നിയന്ത്രണമാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍, മറ്റുചെടികളിലേക്ക് രോഗം പകരുന്നതിനു മുമ്പ് രോഗം ബാധിച്ച ചെടികള്‍ പിഴുതുമാറ്റിനശിപ്പിക്കണം.

വിളവെടുപ്പ്

ചെടികള്‍ നട്ട് 55-60 ദിവസമാകുമ്പോള്‍ വിളവെടുപ്പ് ആരംഭിക്കാം. ഏതാണ്ട് 5 ദിവസം ഇടവിട്ട് വിളവെടുപ്പ് നടത്തുന്നതാണ് നല്ലത്. ഇനത്തിന്‍റെയുംകാലാവസ്ഥയുടെയും മണ്ണിന്‍റെയും പ്രത്യേകതകള്‍ അനുസരിച്ച് 20-35 ടണ്‍ വരെവിളവ് പ്രതീക്ഷിക്കാം. കുറ്റിവിള രീതി വഴുതനയില്‍ പരീക്ഷിക്കാവുന്നതാണ്.പ്രധാന വിളവെടുപ്പ് കഴിഞ്ഞാല്‍, ചെടി ചുവട്ടില്‍നിന്നു മുറിച്ച് കുറ്റിയായിനിര്‍ത്തുന്നു. വീണ്ടും നന്നായി വെള്ളവും വളവും നല്‍കിയാല്‍ ഇവ വളര്‍ന്ന്നല്ല വിളവ് നല്‍കുന്നതാണ്.

വിത്തുശേഖരണം

രോഗ-കീടമുക്തമായതും നല്ല ആരോഗ്യത്തോടെ വളരുന്നതും നല്ല വിളവുതരുന്നതുമായചെടികളില്‍നിന്നാണ് വിത്ത് ശേഖരിക്കേണ്ടത്. കായ്കള്‍ നന്നായിമൂത്തുപഴുത്ത്, മഞ്ഞനിറത്തിലാകുമ്പോള്‍ വിത്തിനായി പറിച്ചെടുക്കാം. പഴുത്തകായ്കള്‍ മുറിച്ച് അല്ലെങ്കില്‍ ചതച്ചശേഷം വെള്ളത്തില്‍ മുക്കിവയ്ക്കുക.അടിയില്‍ അടിഞ്ഞുകൂടുന്ന വിത്തെടുത്ത് ആദ്യം തണലിലും പിന്നീട് വെയിലിലുംഉണക്കിയെടുത്ത് സൂക്ഷിക്കാവുന്നതാണ്.

മുളക്

സൊളാനേസീ കുടുംബത്തില്‍പ്പെട്ടമുളകില്‍ വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. മുളകിന് എരിവുനല്‍കുന്നത് കാപ്സിസിന്‍ എന്ന ആല്‍ക്കലോയ്ഡാണ്. മുളകിന്‍റെ ഉള്ളിലുള്ളതണ്ടോടുചേര്‍ന്ന ഭാഗത്തും വിത്തിലുമാണ് എരിവ് കൂടുതലുള്ളത്. മുളകുവാറ്റിയെടുക്കുന്ന ഒളിയോറെസിന്‍ എന്ന സത്തിനും കാപ്സിസിന്‍ എന്നരാസവസ്തുവിനും വിദേശവിപണികളില്‍ ഏറെ പ്രിയമുണ്ടെന്നത് ഇവയുടെ കയറ്റുമതിസാധ്യത വര്‍ധിപ്പിക്കുന്നു. മുളക് പ്രധാനമായും മൂന്നു തരത്തിലുണ്ട്.

  • പച്ചമുളക് - ഉണക്കമുളക്: കാപ്സിക്കം ആനം വെറൈറ്റി ആനം എന്നാണിതിന്‍റെശാസ്ത്രനാമം. ഇതിന്‍റെ കായ്കള്‍ക്ക് ഞെട്ടിനേക്കാള്‍ നീളമുണ്ടായിരിക്കും.കായ്കള്‍ മിക്കവാറും ചെടിയില്‍നിന്നും താഴേക്ക്തൂങ്ങിക്കിടക്കുന്നവയായിരിക്കും. കറികളില്‍ ഉപയോഗിക്കുന്നതിനു പുറമേകൊണ്ടാട്ടം ഉണ്ടാക്കുന്നതിനും പച്ചമുളക് ഉപയോഗിക്കുന്നു. കേരളത്തില്‍കറികളില്‍ ഉപയോഗിക്കുന്നതിനാണ് പച്ചമുളക് പ്രധാനമായും കൃഷിചെയ്യുന്നത്.
  • മൈസൂര്‍ മുളക്: ഏകദേശം ഉരുണ്ട വഴുതനയുടെ വലിപ്പത്തില്‍ തീരെ എരിവുകുറഞ്ഞ ഇത്തരം മുളക് പച്ചക്കറിയായാണ് ഉപയോഗിക്കുന്നത്. സലാഡുകളിലും സ്റ്റഫ്ചെയ്യുന്നതിനും ഇത്തരം മുളക് ഉപയോഗിച്ചുവരുന്നു. കാപ്സിക്കം ആനം വെറൈറ്റിഗ്രോസ്സം എന്നാണിതിന്‍റെ ശാസ്ത്രനാമം. സലാഡിന്‍റെ ആവശ്യത്തിനായിഉപയോഗിക്കുന്ന എരിവില്ലാത്ത ഈ ഇനത്തെ സലാഡ് പപ്രിക്ക എന്നാണ്വിളിക്കുന്നത്. ഇതു കൂടാതെ പപ്രിക അഥവാ സ്പൈസ് പപ്രിക എന്നൊരു ഇനവുമുണ്ട്.തീരെ എരിവില്ലാത്ത ഇവയുടെ കായ്കള്‍ക്ക് കടുംചുവപ്പുനിറമായിരിക്കും. ഇവയുടെമൂത്തു പഴുത്ത കായ് ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന പൊടി മറ്റുഭക്ഷ്യവസ്തുക്കള്‍ക്ക് നിറം കൊടുക്കാനായി ഉപയോഗിക്കുന്നു. ഇവയ്ക്ക്വിദേശവിപണിയില്‍ ഏറെ പ്രിയമുള്ളതിനാല്‍ ഇവയുടെ കയറ്റുമതിയില്‍നിന്നു നല്ലആദായം നേടാന്‍ കഴിയും.
  • കാന്താരിമുളക്: കാപ്സിക്കം ഫ്റൂട്ടിസന്‍സ് എന്ന ശാസ്ത്രനാമമുള്ള ഈമുളക് നമ്മുടെ വീട്ടുവളപ്പുകളില്‍ വളരെ സാധാരണയായി കൃഷിചെയ്തുവരുന്നു.താരതമ്യേന വളരെ നീണ്ട വിളവുകാലവും കൂടുതല്‍ കായ്കളും ഇതിന്‍റെപ്രത്യേകതകള്‍ ആണ്. സാധാരണയായി, കായേക്കാള്‍ ഞെട്ടിന് നീളംകൂടുതലായിരിക്കും. കാന്താരിമുളക് ചെടിയില്‍ മുകളിലേക്ക് കുത്തനെയാണ്വളരുന്നത്. വളരെ തീവ്രമായ എരിവുള്ള കാന്താരിമുളക് കറിയാവശ്യത്തിനു പുറമേഅച്ചാറുകളും മറ്റും ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു.

കാലാവസ്ഥയും മണ്ണും

മുളക് ഒരു ഉഷ്ണകാലവിളയാണ്. പച്ചമുളക്, കാന്താരിമുളക് എന്നിവ 20-30 ഡിഗ്രി താപനിലയില്‍ നന്നായി വളരുന്നു. എന്നാല്‍, മൈസൂര്‍ മുളകിന് അല്‍പ്പംതണുപ്പ് ആവശ്യമാണ്. 17-23 ഡിഗ്രി താപനിലയാണ് അതിന്‍റെ വളര്‍ച്ചയ്ക്കുംഉയര്‍ന്ന വിളവിനും ഉത്തമം. നല്ല വളക്കൂറും ആഴവും ഇളക്കവും പശിമരാശിയുമുള്ളമണ്ണാണ് മുളകുകൃഷിക്ക് ഏറ്റവും അനുയോജ്യം. അമ്ല- ക്ഷാര നില 6-5നും 7നുംഇടയില്‍ ആകുന്നതാണ് നല്ലത്.
ഇന്ത്യയില്‍ പൊതുവേ പറഞ്ഞാല്‍, മുളകു കൃഷിചെയ്യുന്നത് പ്രധാനമായുംഉണക്കമുളകിനായാണ്. പഴുക്കുന്നതിനു മുമ്പ് കറിയാവശ്യത്തിനും ഉപയോഗിക്കാം.ഇത്തരം മുളകിന്‍റെ ഇനങ്ങളെ രണ്ടായി തിരിക്കാം- നീളന്‍ മുളക് തരുന്ന സാംബഇനങ്ങളും ഉരുണ്ട ആകൃതിയില്‍ കായ്കള്‍ ഉണ്ടാകുന്ന ഗുണ്ട് ഇനങ്ങളും. ഉരുണ്ടഇനങ്ങളില്‍ ആന്ധ്രജ്യോതി, കോ-2 എന്നിവയാണ് പ്രധാനപ്പെട്ടവ. ഇലപ്പേനിനെതിരെപ്രതിരോധശക്തിയുള്ള ആന്ധ്രജ്യോതി എന്നയിനത്തില്‍നിന്നു ഹെക്ടറിന് 1700 കി.ഗ്രാം വരെ ഉണക്കമുളക് ലഭിക്കും. പച്ചമുളകായി വിളവെടുത്താല്‍ 3500 കി.ഗ്രാം വിളവു ലഭിക്കും. തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയകോ-2 എന്നയിനത്തിന്‍റെ കായ്കള്‍ക്ക് നല്ല എരിവും വിത്തും ഉണ്ട്. 200-210 ദിവസത്തെ മൂപ്പുള്ള ഈ ഇനത്തിന് ഹെക്ടറൊന്നിന് 2100 കി.ഗ്രാം ഉണക്കമുളകോ 7400 കി. ഗ്രാം പച്ചമുളകോ നല്‍കാന്‍ ശേഷിയുണ്ട്. പാന്ത് സി-2, പി.കെ.എം-1, മുസല്‍വാടി തുടങ്ങി മറ്റനവധി മുളകിനങ്ങളും അത്യുല്‍പ്പാദനശേഷിയുള്ളവയാണ്.കെ.എ.യു., ക്ലസ്റ്റര്‍, ജ്വാലാമുഖി, ജ്വാലാസഖി തുടങ്ങിയവ കേരള സര്‍വകലാശാലവികസിപ്പിച്ചെടുത്ത ഇനങ്ങളാണ്. വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളജ്പുറത്തിറക്കിയ പച്ചമുളകിനമാണ് ഉജ്ജ്വല. ഇതിന്‍റെ കുലകുലയായി, നിവര്‍ന്നുനില്‍ക്കുന്ന നീളമുള്ള മുളകിന് നല്ല എരിവുണ്ട്.കടുംപച്ചനിറത്തിലുള്ള മുളക് പഴുക്കുമ്പോള്‍ കടുംചുവപ്പുനിറമാകും. ഇതിന്ബാക്ടീരിയാവാട്ടത്തെ പ്രതിരോധിക്കുന്നതിനുള്ള കഴിവുണ്ട്.
മൈസൂര്‍ മുളകിന്‍റെ പ്രധാനപ്പെട്ട ഇനങ്ങള്‍ അര്‍ക്കബസന്ത്, അര്‍ക്കമോഹിനി, അര്‍ക്കഗൗരവ് എന്നിവയാണ്. കൂടാതെ ഭാരത് എന്ന സങ്കരയിനവും കാലിഫോര്‍ണിയവണ്ടര്‍, യോളോ വണ്ടര്‍, ചൈനീസ് ജയന്‍റ് എന്നിവയും ഇന്ത്യയിലെ കാലാവസ്ഥയില്‍കൃഷിചെയ്യാന്‍ യോജിച്ചവയാണ്.
കാന്താരിമുളകില്‍ പ്രത്യേകിച്ച് ഇനങ്ങളില്ല. വെള്ളക്കാന്താരി, പച്ചക്കാന്താരി, നീലക്കാന്താരി എന്നിങ്ങനെ കായുടെ നിറം, വലുപ്പംഎന്നിവയില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ചിലതുണ്ട് എന്നുമാത്രം.

കൃഷിരീതി

മേയ്-ഓഗസ്റ്റ്, സെപ്റ്റംബര്‍ -ഡിസംബര്‍ മാസങ്ങളാണ് മുളകുകൃഷിക്ക്ഏറ്റവും യോജിച്ചത്. കേരളത്തില്‍ ഹൈറേഞ്ച് പ്രദേശങ്ങളില്‍ മൈസൂര്‍ മുളക്നന്നായി വളരും. ഹൈറേഞ്ചില്‍ ഇവ ഓഗസ്റ്റ്-ജനുവരി മാസങ്ങളില്‍ കൃഷിചെയ്യാം.തവാരണയില്‍ വിത്തുപാകി തൈകള്‍ പറിച്ചുനട്ടാണ് മുളക് കൃഷിചെയ്യുന്നത്.തക്കാളി, വഴുതന എന്നിവയെ അപേക്ഷിച്ച് മുളക് വളരെ അടുപ്പിച്ചാണ് നടുന്നത്.അതിനാല്‍,  കൂടുതല്‍ തൈകള്‍ ആവശ്യമായി വരും. തക്കാളിയേക്കാള്‍ ഒന്നര-രണ്ടുമടങ്ങ് വാരങ്ങളും വേണ്ടി വരും. ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷിചെയ്യാന്‍ ഏകദേശംഒരു കി.ഗ്രാം വിത്ത് മതിയാകും. 40-45 ദിവസംകൊണ്ട് തൈകള്‍ പറിച്ചുനടാന്‍പാകമാകും.

നിലമൊരുക്കലും നടീലും

കളയെടുത്ത് ഉഴുതുമറിച്ച സ്ഥലത്ത് കട്ടകളുടച്ച് ജൈവവളം ചേര്‍ത്ത്ഒന്നുകൂടി കിളച്ചിളക്കി സ്ഥലമൊരുക്കാം. ഏകദേശം 45 സെ.മീ. അകലത്തില്‍ എടുത്തചാലുകളില്‍ 45 സെ.മീ. ഇടവിട്ട് തൈകള്‍ നടാവുന്നതാണ്. മഴക്കാലത്താണെങ്കില്‍വരമ്പുകളില്‍ നടുന്നതാണ് നല്ലത്.

വളപ്രയോഗവും മറ്റു കൃഷിപ്പണികളും

വളപ്രയോഗവും കൃഷിപ്പണികളും തക്കാളിയിലേതുപോലെയാണ്. എന്നാല്‍, ഇവയ്ക്ക് താങ്ങു കൊടുക്കേണ്ട ആവശ്യമില്ല.

സസ്യസംരക്ഷണം

വേരിനെ ബാധിക്കുന്ന നിമാവിരകളെയും ഇലയില്‍ കാണുന്ന ഇലപ്പേനുകളെയുംനിയന്ത്രിക്കാനായി തൈകള്‍ നട്ട് രണ്ടാഴ്ച കഴിയുമ്പോള്‍ ഹെക്ടറൊന്നിന് 10-20 കി.ഗ്രാം വീതം ഫ്യുരിഡാന്‍ വിതറുന്നത് നല്ലതാണ്. മറ്റു സമയങ്ങളില്‍പ്രത്യേകിച്ചും ചെടി മൊട്ടിട്ടു കഴിഞ്ഞാല്‍ ഒരിക്കലും ഇത്തരം കീടനാശിനികള്‍ഉപയോഗിക്കരുത്. നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാനായിറോഗര്‍(ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു മില്ലിലിറ്റര്‍ എന്ന കണക്കില്‍)തളിച്ചുകൊടുക്കാം. മഴക്കാലത്ത് കായ്ചീയല്‍ രോഗം കണ്ടാല്‍ ഒരു ശതമാനംവീര്യമുള്ള ബോര്‍ഡോമിശ്രിതം ഒരു മാസം ഇടവിട്ട് തളിച്ചുകൊടുക്കണം.ഇലമഞ്ഞളിപ്പു (മൊസേക്ക്)രോഗമോ കുരുടിക്കല്‍ രോഗമോ കണ്ടാല്‍ അത്തരം ചെടികള്‍പിഴുതുമാറ്റി നശിപ്പിക്കേണ്ടതാണ്.

വിളവെടുപ്പ്

ഉണക്കമുളകിന്‍റെ ആവശ്യത്തിനാണെങ്കില്‍ നല്ലതുപോലെ മൂത്തുപഴുത്ത കായ്കള്‍മാത്രമേ പറിക്കാവൂ. ഇവ വെയിലത്ത് നിരത്തി നന്നായി ഉണക്കിയെടുക്കണം.ഉണക്കാന്‍ താമസിക്കുകയോ പറിച്ചെടുത്ത മുളക് കൂട്ടിയിടുകയോ ചെയ്താല്‍ അവചീഞ്ഞുപോകാനിടയുണ്ട്. പച്ചമുളകിന്‍റെ ആവശ്യത്തിനാണെങ്കില്‍ മൂപ്പെത്തിയപച്ചമുളക് പറിച്ചെടുക്കാം. മൂപ്പെത്താത്ത പിഞ്ചുകായ്കള്‍ക്ക് കേടു പറ്റാതെപറിച്ചെടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പച്ചമുളകാണെങ്കില്‍ ഹെക്ടറിന് 9000-10,000 കി.ഗ്രാം വരെ വിളവ് കിട്ടുന്നു. ഉണക്കമുളകാണെങ്കില്‍ 1800-2000 കി.ഗ്രാം വരെ വിളവ് പ്രതീക്ഷിക്കാം. മൈസൂര്‍മുളക് നല്ലതുപോലെമൂപ്പെത്തുമ്പോള്‍ പഴുക്കുന്നതിനു മുമ്പ് പറിച്ചെടുക്കണം. 150-160 ദിവസംകൊണ്ട് 15 ടണ്ണോളം വിളവ് കിട്ടും.

വിത്തുശേഖരണം

നല്ല വിളവ് തരുന്ന ചെടികളില്‍നിന്നും മൂത്തുപഴുത്ത മുളകു പറിച്ചെടുത്ത്നന്നായി ഉണക്കിയെടുക്കുക. ഇങ്ങനെ ഉണങ്ങിയ മുളകില്‍നിന്നും ശ്രദ്ധയോടെവിത്ത് വേര്‍തിരിച്ചെടുത്ത് ഒന്നുകൂടി ഉണക്കിയശേഷം സൂക്ഷിക്കാവുന്നതാണ്.വിത്തിനായി കൃഷിചെയ്യുകയാണെങ്കില്‍ ഒരു ഹെക്ടറില്‍നിന്ന് 100-150 കി.ഗ്രാംവിത്ത് ലഭിക്കും.

വെണ്ട

അടുക്കളത്തോട്ടങ്ങളിലുംവാണിജ്യാടിസ്ഥാനത്തിലും കേരളത്തില്‍ ധാരാളമായി കൃഷിചെയ്തുവരുന്ന ഉഷ്ണകാലപച്ചക്കറിവിളയാണ് വെണ്ട. കറിയാവശ്യത്തിനു പുറമേ കായ്കള്‍ അരിഞ്ഞുണക്കിയുംസൂക്ഷിക്കാറുണ്ട്. കാല്‍സ്യം, ഇരുമ്പ്, അയഡിന്‍ എന്നിവയുടെ കലവറയുംകൂടിയാണ് വെണ്ട. ആഫ്രിക്ക ജന്മദേശമായുള്ള വെണ്ടയുടെ ശാസ്ത്രനാമംഅബല്‍മോസ്കസ് എസ്കൂലെന്‍റസ് എന്നാണ്. ചെമ്പരത്തിയും മറ്റും ഉള്‍പ്പെട്ടമാല്‍വേസീ സസ്യകുടുംബത്തിലെ അംഗമാണ് വെണ്ട. മഴക്കാലത്തും വേനല്‍ക്കാലത്തുംകൃഷിചെയ്യാന്‍ ഒരുപോലെ യോജിച്ച വിളയാണിത്.

കാലാവസ്ഥയും മണ്ണും

18-35 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് വെണ്ടക്കൃഷിക്ക് അനുയോജ്യം. വിത്തുമുളയ്ക്കാന്‍ ഉത്തമമായ താപനില 20 ഡിഗ്രിയാണ്. നല്ല ആഴവും ഇളക്കവുംനീര്‍വാര്‍ച്ചയുമുള്ള മണ്ണില്‍ വെണ്ട നന്നായി വളരും. അനുയോജ്യമായഅമ്ല-ക്ഷാരനില 6 നും 6.8 നും ഇടയിലാണ്.

ഇനങ്ങള്‍

അത്യുല്‍പ്പാദനശേഷിയുള്ള പല വെണ്ടയിനങ്ങളും ഇന്നു ലഭ്യമാണ്.വെണ്ടക്കൃഷിയെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ് ഇലമഞ്ഞളിപ്പ് രോഗം. അതിനാല്‍, ഈ രോഗത്തിനെതിരെ പ്രതിരോധശക്തിയുള്ള ഇനങ്ങളെ വികസിപ്പിച്ചെടുക്കാനുള്ളഗവേഷണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പുസമഖ്മലി, സെലക്ഷന്‍-2 തുടങ്ങിയഇനങ്ങള്‍ കേരളത്തില്‍ കൃഷിചെയ്യാന്‍ അനുയോജ്യമായവയാണ്. വെള്ളായണി കാര്‍ഷികകോളേജില്‍ വികസിപ്പിച്ചെടുത്ത വെണ്ടയിനമാണ് കിരണ്‍. അരുണ, സല്‍ക്കീര്‍ത്തിഎന്നിവ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തവയാണ്.

  • സല്‍ക്കീര്‍ത്തി: കേരളത്തില്‍ മഴക്കാലത്തെ കൃഷിക്കു യോജിച്ചഅത്യുല്‍പ്പാദനശേഷിയുള്ള ഇനമാണ് സല്‍ക്കീര്‍ത്തി. ഏകദേശം 30 സെ.മീനീളംവരുന്ന ഇളം പച്ചനിറത്തിലുള്ള കായ്കള്‍ ഇതിന്‍റെ പ്രത്യേകതയാണ്. വിത്തുപാകി ഒന്നര മാസമാകുമ്പോള്‍ ആദ്യവിളവെടുപ്പ് നടത്താം. വിളദൈര്‍ഘ്യം 110-120 ദിവസമാണ്. ഹെക്ടറൊന്നിന് 16 ടണ്‍ വിളവു പ്രതീക്ഷിക്കാം.
  • അരുണ: മഴക്കാലത്തെ കൃഷിക്കു യോജിച്ച ഇനമാണ് അരുണ. ചെടിയുടെ തണ്ടിനുംഇലഞെട്ടിനും നേരിയ ചുവപ്പുനിറമുണ്ടാകും. ചുവപ്പുനിറത്തിലുള്ള നീണ്ടകായ്കളാണ് അരുണയുടെ പ്രത്യേകത. ഹെക്ടറൊന്നിന് ശരാശരി 15 ടണ്‍ വിളവ്ലഭിക്കും.
  • കോ-2: എ.ഇ.120, പുസ സവാനി എന്നീ ഇനങ്ങളുടെ സങ്കരയിനമാണിത്. ഇവ 22-25 സെ.മീ. നീളവും പച്ചനിറത്തിലുള്ളതുമായ കായ്കള്‍ ഉല്‍പ്പാദിപ്പിക്കുന്നു.ഹെക്ടറൊന്നിന് 16 ടണ്‍ വരെ വിളവ് പ്രതീക്ഷിക്കാമെങ്കിലും ഇലമഞ്ഞളിപ്പ് രോഗംവളരെ വേഗത്തില്‍ പിടിപെടാം. അതുകൊണ്ടുതന്നെ വേനല്‍ക്കാലകൃഷിക്ക്അനുയോജ്യമല്ല.
  • കോ-3: പര്‍ബാനി ക്രാന്തി, എം.ഡി.യു-1 എന്നീ ഇനങ്ങളുടെ സങ്കരമായ ഈവെണ്ടയിനത്തിന് ഒരു പരിധിവരെ ഇലമഞ്ഞളിപ്പുരോഗത്തെ പ്രതിരോധിക്കാന്‍സാധിക്കും. ഹെക്ടറൊന്നിന് 18 ടണ്‍ വരെ വിളവ് പ്രതീക്ഷിക്കാവുന്നതാണ്.

കൃഷിരീതി

വിത്ത് നേരിട്ടുപാകിയാണ് വെണ്ട കൃഷിചെയ്യുന്നത്. മേയ്-ജൂണ്‍, സെപ്റ്റംബര്‍-ഒക്ടോബര്‍, ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളാണ് കേരളത്തില്‍വെണ്ടകൃഷിക്ക് യോജിച്ചത്.

നിലമൊരുക്കലും നടീലും

നല്ലതുപോലെ കിളച്ചിളക്കി കട്ടകളുടച്ച് കളകള്‍ മാറ്റിയ സ്ഥലത്ത് കാലിവളംചേര്‍ത്ത് ഇളക്കിയശേഷം ഉദ്ദേശം രണ്ടടി അകലത്തില്‍ ചാലുകളും വരമ്പുകളുംഎടുക്കുക. മഴക്കാലത്ത് വരമ്പിലും വേനല്‍ക്കാലത്ത് ചാലുകളിലുമാണ് വിത്തുപാകേണ്ടത്. മഴക്കാലത്ത് പൊതുവേ ചെടിയുടെ വളര്‍ച്ച കൂടുതലായതിനാല്‍, ചെടികള്‍ തമ്മില്‍ കൂടുതല്‍ അകലമുണ്ടായിരിക്കണം. വരമ്പുകളില്‍ ഒന്നരയടിയോളംഅകലത്തില്‍ വിത്തു പാകാം. വേനല്‍ക്കാലത്ത് വിത്തുകള്‍ തമ്മിലുള്ള അകലംഒരടി മതിയാകും. അതുപോലെ വിത്തു പാകുന്നതിനു മുമ്പ് 24 മണിക്കൂര്‍ സമയംവിത്ത് വെള്ളത്തിലിട്ടു കുതിര്‍ത്തശേഷം നടുന്നത് വേനല്‍ക്കാലത്ത് വിത്ത്എളുപ്പത്തില്‍ മുളയ്ക്കുന്നതിനു സഹായിക്കും. മഴക്കാലത്തെ കൃഷിക്ക്ഹെക്ടറൊന്നിന് എട്ടര കി.ഗ്രാം വിത്തും വേനല്‍ക്കാലത്ത് 7 കി.ഗ്രാം വിത്തുംആവശ്യമായി വരും.
വേനല്‍ക്കാലത്ത് മണ്ണിന് ഈര്‍പ്പമില്ലെങ്കില്‍ വിത്തു പാകുന്നതിനു മുമ്പുനനയ്ക്കേണ്ടതാണ്. കൂടാതെ, ആദ്യത്തെ ഒരു മാസം ജലസേചനത്തില്‍ നല്ല ശ്രദ്ധആവശ്യമാണ്. മണ്ണിലെ ഈര്‍പ്പം കുറയുന്നത് വിത്തുമുളയ്ക്കലിനെ ബാധിക്കും.മാത്രമല്ല, മുളച്ച ചെടികളുടെ വളര്‍ച്ച മുരടിച്ചുപോകുന്നതിനും ഇടയാക്കും.വളര്‍ച്ച മുരടിച്ച ചെടികള്‍ വളരെ ചെറുപ്രായത്തില്‍ത്തന്നെ പൂവിടുകയുംശരിയായ കായ്ഫലം തരാതിരിക്കുകയും ചെയ്യാം.

വളപ്രയോഗം

നിലമൊരുക്കുമ്പോള്‍ ഹെക്ടറൊന്നിന് 12 ടണ്‍ കാലിവളവും 125 കി.ഗ്രാംഅമോണിയം സള്‍ഫേറ്റ്, 50 കി.ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്, 50 കി.ഗ്രാംപൊട്ടാഷ് എന്നീ രാസവളങ്ങള്‍ ചേര്‍ക്കണം. വിത്തു പാകി, ഒരു മാസംകഴിയുമ്പോള്‍ ഹെക്ടറൊന്നിന് 125 കി.ഗ്രാം അമോണിയം സള്‍ഫേറ്റ് മേല്‍വളമായുംനല്‍കേണ്ടതാണ്.

മറ്റു കൃഷിപ്പണികള്‍

ഇടയിളക്കലും കളയെടുക്കലും മണ്ണു കൂട്ടിക്കൊടുക്കലുമാണ് വെണ്ടയിലെ പ്രധാനകൃഷിപ്പണികള്‍. ഇതു വിത്തുപാകി ഒരു മാസം കഴിയുമ്പോള്‍, മേല്‍വളംചേര്‍ക്കുന്നതോടനുബന്ധിച്ച് ചെയ്യാവുന്നതാണ്. വീണ്ടും ഒരു മാസം കൂടികഴിയുമ്പോള്‍ കളയെടുപ്പും മണ്ണു കയറ്റിക്കൊടുക്കലും ഒന്നുകൂടിനടത്തേണ്ടിവരും. വേനല്‍ക്കാലത്ത് അഞ്ചു ദിവസത്തിലൊരിക്കല്‍ എന്ന തോതില്‍ജലസേചനം ആവശ്യമാണ്.

സസ്യസംരക്ഷണം

വെണ്ടയെ ബാധിക്കുന്ന പ്രധാന കീടങ്ങള്‍ പച്ചത്തുള്ളന്‍, തണ്ടും കായുംതുരക്കുന്ന പുഴു, ഇലചുരുട്ടിപ്പുഴു, ചുവന്ന ചാഴി ഇവയാണ്. ഇലചുരുട്ടിപ്പുഴു, തണ്ടുതുരപ്പന്‍ എന്നിവയ്ക്കെതിരെ സെവിന്‍ (50%) 3 ഗ്രാം പൊടി ഒരു ലിറ്റര്‍വെള്ളത്തില്‍ എന്ന തോതില്‍ 15-20 ദിവസം ഇടവിട്ട് തളിച്ചാല്‍ മതിയാകും.വീട്ടുവളപ്പിലെ കൃഷിയാണെങ്കില്‍, പുഴുക്കുത്തു വീണ കായ്കളും വാടിയ കൂമ്പുംഎടുത്ത് പുഴുവിനെയടക്കം നശിപ്പിക്കാവുന്നതാണ്. വേപ്പെണ്ണ എമല്‍ഷനോവേപ്പിന്‍കുരുസത്തോ തളിച്ച് ഇത്തരം കീടങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍സാധിക്കും. ജാസിഡ്, ഏഫിഡുകള്‍, ചുവന്ന ചാഴി ഇവയ്ക്കെതിരെ റോഗര്‍ (ഒരുലിറ്റര്‍ വെള്ളത്തില്‍ ഒന്നര മില്ലിലിറ്റര്‍ മരുന്ന്) തളിച്ചാല്‍ മതിയാകും.വേരിനെ ആക്രമിക്കുന്ന നിമാവിരകളെ തടയുവാന്‍ ഒരു ചെടിക്ക് 500 ഗ്രാം എന്നകണക്കില്‍ അറക്കപ്പൊടിയോ 25 ഗ്രാം വേപ്പിന്‍പിണ്ണാക്കോ വിത്തു പാകുന്നതിന്ഒരാഴ്ച മുമ്പ് മണ്ണില്‍ ചേര്‍ത്ത് ദിവസേന നനച്ചാല്‍ മതി. വേരില്‍ മുഴകള്‍ഉണ്ടാകുന്നതാണ് നിമാവിരകളുടെ ആക്രമണത്തിന്‍റെ ലക്ഷണം.
വിത്തു മുളയ്ക്കാന്‍ തുടങ്ങുമ്പോള്‍, മണ്ണില്‍ ഹെക്ടറൊന്നിന് 15 കി.ഗ്രാംഎന്ന തോതില്‍ ഫ്യുരിഡാന്‍ വിതറി നനയ്ക്കുന്നത് ഒരു പരിധിവരെ പലകീടങ്ങളില്‍നിന്നും ചെടിയെ സംരക്ഷിക്കുന്നതിനു സഹായിക്കും. തൈപ്രായത്തില്‍മാത്രമേ ഫ്യുരിഡാന്‍ പോലുള്ളവ ഉപയോഗിക്കാവൂ എന്ന കാര്യം പ്രത്യേകംശ്രദ്ധിക്കണം.
ഇലമഞ്ഞളിപ്പു രോഗമാണ് വെണ്ടയെ ബാധിക്കുന്ന പ്രധാന രോഗം. ഇലയുടെ ഞരമ്പുകള്‍മാത്രം മഞ്ഞളിച്ചുപോകുന്ന ഈ രോഗം വൈറസ് ബാധമൂലം ഉണ്ടാകുന്നതാണ്. രോഗംപരത്തുന്നത് വെള്ളീച്ചയാണ്. രോഗബാധിതമായ ചെടികളെ അപ്പോഴപ്പോള്‍പിഴുതുമാറ്റി നശിപ്പിക്കുക എന്നതാണ് പ്രധാന പ്രതിരോധമാര്‍ഗം. കൂടാതെ, രോഗപ്രതിരോധശക്തിയുള്ള അര്‍ക്ക അഭയ്, അര്‍ക്ക അനാമിക, പര്‍ബാനി ക്രാന്തിതുടങ്ങിയ ഇനങ്ങള്‍ കൃഷിചെയ്യാനായി തിരഞ്ഞെടുക്കാം.
മഞ്ഞുകാലത്ത് ഇലയില്‍ പൗഡര്‍ പൂശിയപോലെ കാണുകയും തുടര്‍ന്ന് ഇലകള്‍മുഴുവനായി കരിഞ്ഞുപോകുകയും ചെയ്യുന്ന പൗഡറി മില്‍ഡ്യൂ എന്ന രോഗവുംവെണ്ടയില്‍ സാധാരണയായി കണ്ടുവരുന്നു. കരാത്തേന്‍, സള്‍ഫേക്സ് തുടങ്ങിയവഇതിനെതിരെ ഉപയോഗിക്കാവുന്ന മരുന്നുകളാണ്.

വിളവെടുപ്പ്

വിത്തു പാകി, 30-45 ദിവസമെത്തുമ്പോള്‍ വിളവെടുപ്പ് ആരംഭിക്കാം.ഒന്നിടവിട്ട ദിവസങ്ങളില്‍ കായ്കള്‍ പറിച്ചെടുക്കാം. പൂര്‍ണവളര്‍ച്ചയെത്തിയതും എന്നാല്‍ വളര്‍ച്ചമുറ്റി നാരുവയ്ക്കാത്തതുമായ കായ്കള്‍പറിച്ചെടുക്കാന്‍ ശ്രദ്ധിക്കണം. പൂവിരിഞ്ഞ് 4-6 ദിവസങ്ങള്‍കൊണ്ട്കായ്കള്‍ക്ക് ശരിയായ വലുപ്പം വയ്ക്കും. ഏകദേശം ആറു ദിവസമെത്തുമ്പോള്‍കായില്‍ നാരുവയ്ക്കാന്‍ തുടങ്ങുകയും ഏതാണ്ട് 9 ദിവസമാകുമ്പോള്‍ കായില്‍പൂര്‍ണമായും നാരുണ്ടാകുകയും ചെയ്യും. അതുകൊണ്ട് ഇനം, കൃഷിക്കാലം എന്നിവകൃത്യമായി മനസ്സിലാക്കി ശരിയായ സമയത്ത് വിളവെടുപ്പ് നടത്തേണ്ടത് ആവശ്യമാണ്.ഹെക്ടറൊന്നിന് ഏകദേശം 10-15 ടണ്‍ വിളവ് ലഭിക്കും.

വിത്തുശേഖരണം

രോഗ-കീടബാധയില്ലാത്ത, ആരോഗ്യമുള്ള ചെടികളില്‍നിന്നാണ് വിത്ത്ശേഖരിക്കേണ്ടത്. ആദ്യത്തെ രണ്ടുമൂന്നു കായ്കള്‍ ഇളംപ്രായത്തില്‍കറിയാവശ്യത്തിനായി ഉപയോഗിക്കാം. പിന്നീടുള്ളവ നന്നായിമൂത്തുപഴുക്കുന്നതുവരെ ചെടിയില്‍ത്തന്നെ നിര്‍ത്തുക. കായ്പൊട്ടി വിത്ത്തെറിച്ചുപോകുന്നതിനുമുമ്പ് വിത്ത് ശേഖരിക്കണം. കായ്കള്‍വെയിലത്തുവച്ചുണക്കി വിത്ത് വേര്‍തിരിച്ചെടുക്കാം. കനം കുറഞ്ഞതുംവെള്ളയായതുമായ വിത്തുകള്‍ എടുക്കേണ്ടതില്ല. ബാക്കിയുള്ളവ നന്നായി ഉണക്കിസൂക്ഷിക്കാവുന്നതാണ്. വിള തീരാറാകുമ്പോള്‍ ഉണ്ടാകുന്ന നാലഞ്ചു കായ്കള്‍വിത്തെടുക്കാന്‍ പറ്റിയതല്ല. വിത്തുല്‍പ്പാദനത്തിനായി മാത്രംകൃഷിചെയ്യുകയാണെങ്കില്‍ ഒരു ഹെക്ടര്‍ സ്ഥലത്തുനിന്നു ഏകദേശം 1500 കി.ഗ്രാംവിത്തു ലഭിക്കും.

വെള്ളരി

കേരളത്തില്‍ സാധാരണയായികണിവെള്ളരി, മുള്ളന്‍ വെള്ളരി, പൊട്ടുവെള്ളരി എന്നിവയാണ് കൃഷിചെയ്യുന്നത്.പൊതുവേ ഇതിനെയെല്ലാം വെള്ളരി എന്നു പറയുമെങ്കിലും സസ്യശാസ്ത്രപരമായി ശരിയായവെള്ളരി മുള്ളന്‍വെള്ളരി അഥവാ കക്കിരിയാണ്. കുക്കുമിസ് സറ്റൈവസ് എന്നശാസ്ത്രനാമമുള്ള ഇവയുടെ കായ്കളില്‍ ചെറിയ മുള്ളുകള്‍ ഉണ്ടാകും. ഇലയുടെഅരികുകള്‍ക്ക് വ്യക്തമായ കോണ്‍ ആകൃതിയുണ്ടാകും. കറിയാവശ്യത്തിനൊപ്പംവേവിക്കാതെ പച്ചയായി തിന്നുന്നതും നല്ലതാണ്. അതുപോലെ ഇളംകായ്കള്‍വട്ടത്തില്‍ കനം കുറച്ചരിഞ്ഞ് സാലഡിലും ഉപയോഗിക്കാം. വെള്ളരിയുടെ ജന്മദേശംഇന്ത്യയാണെന്നു കരുതപ്പെടുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള കണിവെള്ളരിയുടെ ശാസ്ത്രനാമംകുക്കുമിസ് മെലോ വെറൈറ്റി കൊണോമണ്‍ എന്നാണ്. ഇളംപ്രായത്തില്‍ കായ്കള്‍ക്ക്പച്ചനിറമാണെങ്കിലും പാകമാകുമ്പോള്‍ ആകര്‍ഷണീയമായ ഓറഞ്ച് കലര്‍ന്നമഞ്ഞനിറമായിരിക്കും. കായ്കള്‍ പാകം ചെയ്യാനും അച്ചാറുണ്ടാക്കാനുംഉപയോഗിച്ചുവരുന്നു. മൂത്തുപഴുത്ത കായ്കള്‍ കേടുകൂടാതെ ദീര്‍ഘനാള്‍സൂക്ഷിച്ചുവയ്ക്കാമെന്നതും ഇതിന്‍റെ പ്രത്യേകതയാണ്.
കുക്കുമിസ് മെലോ വെറൈറ്റി മൊമോര്‍ഡിക്ക എന്ന ശാസ്ത്രനാമമുള്ള പൊട്ടുവെള്ളരിപ്രധാനമായും കേരളത്തിന്‍റെ തെക്കന്‍ ജില്ലകളിലും തമിഴ്നാട്ടിലുമാണ്കൃഷിചെയ്യുന്നത്. കണിവെള്ളരിയെ അപേക്ഷിച്ച് കുറച്ചുകൂടി വലുപ്പമുള്ളകായ്കള്‍ മൂത്തുപഴുക്കാറാകുമ്പോള്‍ ചെടിയില്‍വച്ചുതന്നെ അതിന്‍റെ പുറംതൊലിപൊട്ടി വിള്ളലുകള്‍ വീഴുന്നു. അതിനാല്‍, മൂത്ത കായ്കള്‍സൂക്ഷിച്ചുവയ്ക്കാന്‍ സാധിക്കില്ല.

കാലാവസ്ഥയും മണ്ണും

ഉഷ്ണകാലവിളയായ മുള്ളന്‍വെള്ളരിയുടെ വളര്‍ച്ചയ്ക്ക് 18-20 ഡിഗ്രിസെല്‍ഷ്യസ് താപനിലയാണ് അനുയോജ്യം. കണിവെള്ളരിക്കും പൊട്ടുവെള്ളരിക്കുംകുറേക്കൂടി അധിക താപനിലയും ആകാം. അന്തരീക്ഷത്തിലെ ഈര്‍പ്പം കുറഞ്ഞ,്അല്‍പ്പം വരണ്ട കാലാവസ്ഥയാണ് നല്ലത്. മഴക്കാലവും അന്തരീക്ഷത്തിലെ ഉയര്‍ന്നഈര്‍പ്പവും വെള്ളരിയില്‍ പലവിധ രോഗകീടബാധകള്‍ക്കും കാരണമാകും. നല്ലനീര്‍വാര്‍ച്ചയും വളക്കൂറുമുള്ള പശിമരാശി മണ്ണാണ് വെള്ളരികൃഷിക്ക്അനുയോജ്യം. വേനല്‍ക്കാലത്ത് പുഴയോരങ്ങളില്‍ വെള്ളരി വളരെ വ്യാപകമായികൃഷിചെയ്തുവരുന്നു.

ഇനങ്ങള്‍

കണിവെള്ളരിയില്‍പ്പെടുന്ന അത്യുല്‍പ്പാദനശേഷിയുള്ള ഒന്നാണ് മുടിക്കോട്ലോക്കല്‍ എന്നയിനം. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ ഈയിനം വിത്തുപാകി 56 ദിവസമെത്തുമ്പോള്‍ ആദ്യവിളവെടുപ്പിന് പാകമാകും. 28 സെ.മീ നീളംവരുന്ന കായ്കള്‍ക്ക് ശരാശരി ഒന്നര കി.ഗ്രാം തൂക്കമുണ്ടാകും. ചെടിയൊന്നിന്ആറ് കായ്കള്‍വരെ പ്രതീക്ഷിക്കാം.

  • സൗഭാഗ്യ: വീട്ടുവളപ്പിലെ കൃഷിക്കും വിപുലമായ കൃഷിക്കും അനുയോജ്യമായവെള്ളരിയിനമാണിത്.  ഇടത്തരം വലുപ്പത്തിലുള്ള കായ്കളാണ് ഇതിന്‍റെ പ്രത്യേകത.ഇളംപ്രായത്തില്‍ പച്ചനിറത്തിലുള്ള കായ്കളില്‍ നീളത്തില്‍ മഞ്ഞ വരകള്‍കാണാം. കായ്കള്‍ മൂത്തുപഴുക്കുന്നതോടെ മനോഹരമായ ഓറഞ്ച്-മഞ്ഞനിറമാകും.വിത്തു പാകി 55-60 ദിവസംകൊണ്ട് ആദ്യവിളവെടുപ്പ് നടത്താം. ഹെക്ടറൊന്നിന്ശരാശരി 21 ടണ്‍ വിളവു ലഭിക്കും. കേരള കാര്‍ഷിക സര്‍വകലാശാല ഈയിടെപുറത്തിറക്കിയ കണിവെള്ളരിയിനമാണിത്.
  • മുള്ളന്‍ വെള്ളരിയുടെ ചില ഇനങ്ങളാണ് ജാപ്പനീസ് ലോംഗ് ഗ്രീന്‍, സ്ട്രെയ്റ്റ് എയ്റ്റ്, പൂനകീര തുടങ്ങിയവ. ഇവ കൂടാതെ, പുസ സന്‍യോഗ് എന്നസങ്കരയിനവും കൃഷിക്ക് ഏറെ അനുയോജ്യമാണ്. തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലവികസിപ്പിച്ചെടുത്ത പൊട്ടുവെള്ളരിയുടെ അത്യുല്‍പ്പാദനശേഷിയുള്ള ഇനമാണ്കോ-1. ഇതിന്‍റെ കായ്കള്‍ക്ക് 2-3 കി.ഗ്രാം തൂക്കം വരും. ബാംഗ്ലൂരിലെഹോര്‍ട്ടികള്‍ച്ചര്‍ ഗവേഷണ സ്ഥാപനം പുറത്തിറക്കിയ ലോംഗ് മെലണ്‍ ഇനമാണ്അര്‍ക്ക ശീതള്‍.

കൃഷിരീതി

വെള്ളരിവര്‍ഗത്തില്‍പ്പെടുന്ന എല്ലാ പച്ചക്കറികളും നേരിട്ടു വിത്തുപാകിയാണ് കൃഷിചെയ്യുന്നത്. സെപ്റ്റംബര്‍-ഡിസംബര്‍, ജനുവരി-മാര്‍ച്ച്മാസങ്ങളാണ് കൃഷിക്ക് അനുയോജ്യം. വേനല്‍ക്കാലത്ത് വയലുകളില്‍ വെള്ളരികൃഷിചെയ്യാറുണ്ട്. ഇതിനായി പോളിത്തീന്‍ കവറുകളില്‍ വിത്ത്നട്ടുവളര്‍ത്താവുന്നതാണ്.

നിലമൊരുക്കലും നടീലും

വരികള്‍ തമ്മില്‍ 2 മീറ്റര്‍ അകലവും വരിയില്‍ ചെടികള്‍ തമ്മില്‍ ഒന്നരമീറ്റര്‍ അകലവും കൊടുത്താണ് കുഴികള്‍ എടുക്കേണ്ടത്. ഏകദേശം 60 സെ.മീ.വ്യാസവും 30-45 സെ.മീ. ആഴവുമുള്ള കുഴികളെടുത്ത്, ഉണങ്ങിപ്പൊടിഞ്ഞ ജൈവവളവുംമേല്‍മണ്ണും കലര്‍ത്തി കുഴിമൂടിയശേഷം 4-5 വിത്തുവീതം ഓരോ കുഴിയിലുംപാകാവുന്നതാണ്. ചെടി വളര്‍ന്നുതുടങ്ങുമ്പോള്‍ ഓരോ കുഴിയിലും മൂന്നു ചെടിവീതം നിര്‍ത്തി ബാക്കിയുള്ളവ പിഴുതുമാറ്റണം. ഒരു ഹെക്ടര്‍ സ്ഥലത്തെകൃഷിക്ക് 500-750 കി.ഗ്രാം വിത്ത് വേണ്ടിവരും.

വളപ്രയോഗം

വെള്ളരി കൃഷിചെയ്യുമ്പോള്‍ ജൈവവളങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.കൂടുതല്‍ ജൈവവളങ്ങള്‍ ഉപയോഗിച്ചാല്‍ കണിവെള്ളരി ദീര്‍ഘനാള്‍സൂക്ഷിച്ചുവയ്ക്കാനാവും. വിത്തു പാകുന്നതിനു മുമ്പായി ഹെക്ടറൊന്നിന് 20-25 ടണ്‍ ജൈവവളവും 80 കി.ഗ്രാം യൂറിയ, 140 കി.ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്, 45 കി.ഗ്രാം പൊട്ടാഷ് എന്നീ രാസവളങ്ങളും അടിവളമായി ചേര്‍ക്കണം. ചെടിവള്ളിവീശാന്‍ തുടങ്ങുമ്പോഴും ഹെക്ടറൊന്നിന് 40 കി.ഗ്രാം വീതം യൂറിയമേല്‍വളമായി ചേര്‍ക്കുകയും വേണം.

മറ്റു കൃഷിപ്പണികള്‍

ചെടികള്‍ പുഷ്പിക്കുന്നതുവരെ ആഴ്ചയില്‍ രണ്ടു തവണ നനയ്ക്കേണ്ടിവരും.പൂവിട്ടുതുടങ്ങിയാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നനയ്ക്കേണ്ടതാണ്. ചെടിപടരാന്‍ തുടങ്ങുമ്പോള്‍ നിലത്ത് ചില്ലക്കമ്പുകളോ കരിയിലയോ മറ്റോ വിരിച്ച്പടരാന്‍ സൗകര്യം ചെയ്യേണ്ടതുണ്ട്. ഇടയിളക്കല്‍, കളയെടുക്കല്‍ ഇവയും യഥാസമയംചെയ്യണം.

സസ്യസംരക്ഷണം

വെള്ളരിയില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന കീടങ്ങള്‍ കായീച്ചയുംഎപ്പിലാക്ന വണ്ടുമാണ്. കായീച്ചയുടെ ആക്രമണമുണ്ടായാല്‍ഇളംപ്രായത്തില്‍ത്തന്നെ വേഗത്തില്‍ കായ് ചീഞ്ഞുപോകും. ഇത്തരംകായ്ക്കുള്ളില്‍ ചെറിയ പുഴുക്കളെയും കാണാം. വിത്തുപാകുന്നതിനു മുമ്പ് ഓരോകുഴിയിലും 10 ശതമാനം ബി.എച്ച്.സി പൊടി വിതറി മണ്ണുമായി കലര്‍ത്തുന്നത്മണ്ണില്‍ സമാധിദശയിലുള്ള കായീച്ചകളെ നശിപ്പിക്കാനാകും. എന്നാല്‍, ബി.എച്ച്.സി. ഒരിക്കലും വെള്ളരിയില്‍ നേരിട്ടു തളിക്കാന്‍ പാടില്ല.വീട്ടുവളപ്പുകളില്‍, പോളിത്തീന്‍ കവറോ പേപ്പര്‍കവറോ തുണിയുടെ ഉറകളോഉപയോഗിച്ച് കായ് വിരിഞ്ഞയുടനെ തന്നെ പൊതിഞ്ഞു സൂക്ഷിക്കാവുന്നതാണ്.കൂടുതല്‍ സ്ഥലത്ത് കൃഷിയുണ്ടെങ്കില്‍ രണ്ടാഴ്ച ഇടവിട്ട് മാലത്തിയോണ്‍ 0.2 ശതമാനം വീര്യമുള്ള ലായനി തളിച്ചാല്‍ മതി. ഇതില്‍ ലിറ്ററൊന്നിന് 10 ഗ്രാംഎന്ന തോതില്‍ ശര്‍ക്കരയോ പഞ്ചസാരയോ ചേര്‍ക്കുകയും ഇലയുടെ അടിഭാഗത്ത്നല്ലതുപോലെ മരുന്നു തളിക്കുകയും വേണം.
എപ്പിലാക്ന വണ്ടുകളെയും മഞ്ഞനിറത്തില്‍ നിറയെ രോമങ്ങളുള്ള അതിന്‍റെപുഴുക്കളെയും ഇലയുടെ അടിവശത്തു മഞ്ഞനിറത്തില്‍ കാണുന്ന മുട്ടകളെയും എടുത്തുനശിപ്പിക്കുന്നതുവഴി ഈ കീടത്തിന്‍റെ ആക്രമണത്തെ ഒരുപരിധിവരെനിയന്ത്രിക്കാവുന്നതാണ്. വെള്ളരിയെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍ ഡൗണിമില്‍ഡ്യൂ, പൗഡറി മില്‍ഡ്യൂ എന്നിവയാണ്. ഡൗണി മില്‍ഡ്യൂ ബാധിച്ചാല്‍ഇലകളില്‍ മഞ്ഞനിറത്തിലുള്ള ചെറിയ പൊട്ടുകള്‍ കാണപ്പെടും. ഇലയുടെ അടിയില്‍തവിട്ടുനിറത്തിലുള്ള പൊടിയും കാണാം. മാങ്കോസെബ് (0.2%) തളിക്കുന്നതുവഴിഇതിനെ തടയാന്‍ കഴിയും. ഇലയില്‍ പൗഡര്‍ പൂശിയതുപോലെ കാണപ്പെടുകയും ക്രമേണ ഇലമഞ്ഞളിച്ച് കരിയുകയും ചെയ്യുന്നതാണ് പൗഡറിമില്‍ഡ്യുവിന്‍റെ ലക്ഷണം. രോഗംബാധിച്ച ചെടികള്‍ ശേഖരിച്ച് കത്തിച്ചുകളയുകയും 0.5% വീര്യത്തില്‍ നൈട്രോഫിനോള്‍ എന്ന മരുന്നു തളിക്കുകയും ചെയ്യുന്നത് ഈ രോഗത്തെ തടയാന്‍സഹായിക്കും.

വിളവെടുപ്പ്

വെള്ളരിയില്‍, വിത്തുപാകി 45-55 ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യവിളവെടുപ്പ്നടത്താവുന്നതാണ്. മുള്ളന്‍ വെള്ളരി ഇളംപ്രായത്തിലാണ് വിളവെടുക്കേണ്ടത്.വിളവെടുക്കാന്‍ താമസിച്ചാല്‍ പിന്നീടുള്ള പെണ്‍പൂക്കളുടെ ഉല്‍പ്പാദനത്തെയുംകായുടെ വളര്‍ച്ചയെയും വിളവിനെയും പ്രതികൂലമായി ബാധിക്കും. 5-7 ദിവസംഇടവിട്ട് വിളവെടുപ്പ് നടത്താം. ഹെക്ടറൊന്നിന് 8-10 ടണ്‍ വിളവ് ലഭിക്കും.എന്നാല്‍, കണിവെള്ളരിക്ക മൂത്തശേഷമാണ് വിളവെടുപ്പ് നടത്തുന്നത്.ദീര്‍ഘനാള്‍ സൂക്ഷിച്ചുവയ്ക്കാനാണെങ്കില്‍ നന്നായി മൂത്തുപഴുത്തവ മാത്രമേഎടുക്കാവൂ.

വിത്തുശേഖരണം

നല്ലതുപോലെ മൂത്തുപഴുത്ത കായ്കളാണ് വിത്തുശേഖരിക്കാന്‍ ഉപയോഗിക്കേണ്ടത്.കായ്ക്കുള്ളിലെ വിത്തും അതിനോടു ചേര്‍ന്ന ഭാഗങ്ങളും ഒരു പാത്രത്തില്‍ഒരുദിവസം പുളിക്കാനായി വച്ചശേഷം പിറ്റേന്ന് പാത്രത്തില്‍ അടിയുന്ന വിത്ത്ശേഖരിച്ച് നന്നായി കഴുകി ഉണക്കി സൂക്ഷിക്കാം.

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate