অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വരൂ, ജീവസ്സുറ്റൊരു പൂന്തോട്ടമൊരുക്കാം

വരൂ, ജീവസ്സുറ്റൊരു പൂന്തോട്ടമൊരുക്കാം

ആമുഖം

വീടിനോട് ചേർന്ന് ഒരു ഉദ്യാനം വേണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്? മറ്റ് പലകാര്യങ്ങളിലുമെന്ന പോലെ, തുടങ്ങിക്കിട്ടാനുള്ള ബുദ്ധിമുട്ടാണോ നിങ്ങളെ പിന്തിരിപ്പിക്കുന്നത്? അതോ പൂന്തോട്ടത്തിന്റെ ഘടനയെക്കുറിച്ചും ചെടികളെക്കുറിച്ചും അറിവ് പോരാ എന്ന് തോന്നലാണോ? ഉള്ളിൽ അൽപ്പം കലാബോധവും ചെടികളോട് സ്നേഹവും അറിയാനുള്ള മോഹവും ഉണ്ടെങ്കിൽ ആർക്കും ഒരു ഉദ്യാനം ഉണ്ടാക്കാവുന്നതേയുള്ളൂ.

ചിത്രംവരയുടെ അടിസ്ഥാനതത്വങ്ങൾ തന്നെയാണ് ഉദ്യാനനിർമ്മാണത്തിലും അനുവർത്തിക്കുന്നത്. ലയഭംഗി (harmony), തുലനം (balance), അനുപാതം (proportion), ആവർത്തനം (repetition), താളം (rhythm) എന്നിങ്ങനെ എല്ലാം ചിത്രം വരയുടെ തത്വങ്ങൾ തന്നെ. പൂർത്തിയായ ഒരു ഉദ്യാനം ജീവസുറ്റ ഒരു പെയിന്റിംഗ് പോലെ ആകണമെന്ന് സാരം.

കൂടുതൽ അറിയാനായി ഇത് സംബന്ധിച്ച ലേഖനങ്ങൾ വായിക്കുകയും പൂന്തോട്ടങ്ങൾ സന്ദർശിക്കുകയും ചെയ്യുന്നത് നന്നായിരിക്കും. നമ്മുടെ നാട്ടിൽ നിറഞ്ഞു നിൽക്കുന്ന നഴ്സറികളും, അവയിൽ ദിനംപ്രതി എത്തിച്ചേരുന്ന പുതിയ ചെടികളും നമുക്ക് പ്രേരണയാവുകയും ചെയ്യും

പ്ലാൻ തയാറാക്കുന്നതിന്‍റെ ഘട്ടങ്ങൾ

  • ആദ്യമായി ഉദ്യാനം നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഒരു കരട് പ്ലാൻ തയാറാക്കണം. സ്ഥല പ്രകാശത്തിന്റെ ഏറ്റക്കുറച്ചിലുകൾ അതിർത്തിക്ക് തൊട്ടപ്പുറത്തുള്ള മരങ്ങൾ, ഉയരമുള്ള കെട്ടിടങ്ങൾ എന്നിവയും കണക്കിലെടുക്കണം.
  • നിലനിർത്തേണ്ട ഘടകങ്ങൾ ഏതൊക്കെ എന്ന് തീരുമാനിച്ച ശേഷം ബാക്കി ലഭ്യമായ ഇടങ്ങളിൽ പല വലിപ്പത്തിലുള്ള വലയങ്ങൾ വരയ്ക്കുക, നടാനുള്ള സ്ഥലത്തിന്റെ ലഭ്യതയും വലിപ്പവുമാണ് ഇവ സൂചിപ്പിക്കുന്നത്. ഇതിനെ ബബിൾ ഡയഗ്രം (Bubble diagram) എന്ന് പറയുന്നു.
  • ഇങ്ങനെ അടയാളപ്പെടുത്തിയ വലയങ്ങൾക്കകത്ത് പുതുതായി ഉൾപ്പെടുത്താനുദ്ദേശിക്കുന്ന ഉദ്യാനഘടകങ്ങൾ എഴുതിച്ചേർക്കുക.
  • പ്ലാനിന്റെ അവസാന ഘട്ടത്തിൽ താഴെ പറയുന്ന വിവരങ്ങൾ ഉണ്ടായിരിക്കണം.

-ദിശാ സൂചിക (വടക്കിനെ സൂചിപ്പിക്കുന്ന അടയാളം വലതുവശത്ത് മുകളിലായി ചേർക്കണം)

-ജലസേചനത്തിനും ജലനിർഗമനത്തിനുമുള്ള പൈപ്പുകൾ വൈദ്യുതി ലൈൻ എന്നിവയുടെ സ്ഥാനം

-വേണ്ടിവരുന്ന ചെടികളുടെ പട്ടിക (ഇനം, എണ്ണം, വലിപ്പം, ലഭ്യതയുള്ള ഇടം, ഉദ്ദേശവില എന്നിവ ഉൾപ്പെടുത്താം)

സ്വയം ചെയ്യാൻ പറ്റാത്ത കാര്യങ്ങളിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സഹായവും തേടാം. പല നഴ്സസറികളോടും ചേർന്ന് ഉദ്യാന നിർമ്മാണം ചെയ്തുകൊടുക്കുന്നവരും കാണും.

മണ്ണിന്റെയും മനുഷ്യരുടെയും ആരോഗ്യകാര്യത്തെക്കുറിച്ചുകൂടി അൽപ്പം മണ്ണ് പരിശോധന നടത്തി അമ്ല- ക്ഷാരഗുണം (പിഎച്ച് 5.5-നും 6.5-നും ഇടയിലായാൽ നന്ന്), ലവണാംശം (ഒട്ടുമില്ലെങ്കിൽ അത്രയും നന്ന്) എന്നിവ നിർണയിക്കുക. വെള്ളവും ഇടയ്ക്ക് ഇതു പോലെ പരിശോധിക്കണം.

അനായാസം നടക്കാൻ പറ്റുന്നപാതയും നടവഴികളും ഒരുക്കാൻ ശ്രദ്ധിക്കുക. അതോടൊപ്പം ഒരു അടുക്കളത്തോട്ടം കൂടിയായാൽ ആരോഗ്യത്തിലേയ്ക്ക് ഒന്നുകൂടി അടുക്കാം.

അവസാനമായി ഇതുകൂടി ഓർക്കുക - ഒരു പ്ലാൻ വരയ്ക്കുന്ന ഘട്ടത്തിൽ അതിന് രണ്ടുവശങ്ങളേ കാണുകയുള്ളു –നീളവും വീതിയും. അത് ഉദ്യാനമായി മാറുമ്പോൾ ത്രിമാനരൂപം കൈവരുന്നു. കണക്കിലെടുക്കേണ്ട മറ്റൊരു മാനം കൂടിയുണ്ട് -കാലം. നട്ട ചെടികളുടെ വലിപ്പത്തിനും സ്വഭാവത്തിനും കാലാന്തരേണ എന്തു സംഭവിക്കുമെന്നുകൂടി കണക്കിലെടുക്കണം. കാലത്തെ അതിജീവിക്കാൻ പറ്റിയില്ലെങ്കിലും ദീർഘകാലം ആസ്വദിക്കാൻ പറ്റിയ ഒരു ഇടമായി ഉദ്യാനത്തെ മാറ്റാൻ ഇതുകൊണ്ട് സാധിക്കും.

പൂന്തോട്ടത്തിനായി ഒരു കലണ്ടർ

മാറിവരുന്ന കാലാവസ്ഥാ സാഹചര്യമനുസരിച്ച് ചെടികളിൽ കാണുന്ന വ്യതിയാനങ്ങൾ നമുക്ക് പരിചിതമാണ്. അവ പൂക്കുന്നതും കായ്ക്കുന്നതും ഇലപൊഴിക്കുന്നതും രോഗകീടങ്ങൾക്ക് വിധേയമാകുന്നതുമൊക്കെ, ഒരു പരിധി വരെ, അന്തരീക്ഷ സ്ഥിതിയെയും കാലാവസ്ഥയേയും ആശ്രയിച്ചിരിക്കുന്നു. ഇതനുസരിച്ച് അൽപ്പം മുൻകരുതൽ കൈക്കൊള്ളുകയാണെങ്കിൽ ഉദ്യാനത്തിന്‍റെ ഭംഗി നിലനിർത്താൻ പ്രയാസമുണ്ടാവില്ല.

ജനുവരി (ധനു മകരം)

മഴ തീരെ മാറി. രാത്രികൾക്ക് തണുപ്പ് കൂടുതലാണ്. ഭംഗിയുള്ള ഒരുപാട് പൂക്കൾക്ക് ഈ മാസം വേദിയൊരുങ്ങുന്നു. അതിനാൽത്തന്നെ പുഷ്പ പ്രദർശനങ്ങളും തുടങ്ങുകയായി. ഉദ്യാനമത്സരത്തിൽ പങ്കെടുക്കുന്നവർക്ക് അവസാന മിനുക്കുപണികൾക്ക് തുടക്കം കുറിക്കാം. പൂന്തോട്ടത്തിൽ റോസാച്ചെടിയുണ്ടെങ്കിൽ മാസാരംഭത്തിലെങ്കിലും (പൂൺ ചെയ്യണം ഫെബ്രുവരി മധ്യത്തോടെ (വാലന്റെൻസ് ഡേ) പൂക്കൾ ലഭിക്കാൻ. തെക്കുവശത്തുനിന്നുള്ള വെയിലിന്റെ കാഠിന്യം കണക്കിലെടുത്ത് പൂന്തോട്ടത്തിലും വീട്ടിനകത്തുമുള്ള ചെടികളുടെ കാര്യത്തിലും ശ്രദ്ധവേണം. വീടിന് തെക്കുവശത്തുള്ള തറയോടു ചേർന്ന് പൂച്ചെടികൾ നടാം. ഉദ്യാനത്തിൽ വെർട്ടിക്കൽ ഗാർഡൻ ഉണ്ടെങ്കിൽ അതിന് ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ കാര്യത്തിലും വേണം ശ്രദ്ധ. പുൽത്തകിടിയിൽ രാവിലെ ജലാംശം തങ്ങി നിൽക്കുമെന്നതിനാൽ വെയിൽ തെളിഞ്ഞിട്ടു മതി വെട്ടുന്നത് (mowing). നടപ്പാതകൾ വൃത്തിയാക്കുക, കുറ്റിച്ചെടികൾ വെട്ടി നിർത്തുക, ഉണങ്ങിയ തണ്ടുകളും പൂക്കളും ആമ്പൽ കുളത്തിലെ പായലും നീക്കം ചെയ്യുക -പുതുവർഷത്തെ ഉത്സാഹത്തോടെ വരവേൽക്കാൻ ഇതൊക്കെ സഹായിക്കും.

ഫെബ്രുവരി (മകരം കുംഭം)

സ്നേഹം കൈമാറുന്ന മാസമായാണല്ലോ ഫെബ്രുവരിയെ കണക്കാക്കുന്നത്. ഉദ്യാനത്തിൽ വിടർന്നു നിൽക്കുന്ന പൂക്കളിൽ ഇത് നേരിട്ട് ദർശിക്കാം. വെയിലിന്റെ കാഠിന്യം ക്രമേണ കൂടിവരുന്നതുകാരണം മഴ മറകളിലെ പോളിത്തീൻ ഷീറ്റ് നീക്കം ചെയ്ത് തണൽ വലകൾ ഉറപ്പിക്കാം.

വേനൽക്കാല പൂച്ചെടികളുടെ (ബാൾസം, മല്ലിക, കോഴിപ്പൂവ്, വാടാമല്ലി, കോസ്മോസ് തുടങ്ങിയവ) വിത്ത് പാകാനും സമയമായി. ഫെലനോപ്സിസ് (Phalaenopsis) ഓര്‍ക്കിഡുകള്‍ ഇപ്പോള്‍ മൊട്ടിട്ട്‌ തുടങ്ങും. പൂക്കള്‍ പൂര്‍ണമായും വിരിയുന്നതുവരെ ചട്ടികളുടെ  സ്ഥാനവും ദിശയും മാറ്റാതിരുന്നാൽ ലക്ഷണമൊത്ത പൂങ്കുലകൾ കിട്ടും. പുൽത്തകിടിയിൽ ഉപയോഗിച്ച പുല്ലിനത്തിന്‍റെ സ്വഭാവമനുസരിച്ച് നിശ്ചിത ഇടവേളകളിൽ തന്നെ വെട്ടണം. ഓരോ സമയത്തും നിലവിലുള്ള ഉയരത്തിന്റെ മൂന്നിലൊന്നിൽ കൂടുതൽ വെട്ടിമാറ്റരുത് എന്ന നിയമം പാലിക്കുക.

ജലസേചനത്തിനുള്ള വെള്ളം പരിശോധിക്കുക, തണൽപുരകളുടെ തെക്കുവശത്ത് തണൽവല ഉറപ്പിക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്യുക.

മാർച്ച് (കുംഭം മീനം)

അന്തരീക്ഷ താപനില ഉയർന്നു വരുന്ന ഈ കാലത്താണ് പല പൂമരങ്ങളും പൂത്തു തുടങ്ങുന്നത്. കണിക്കൊന്ന ഇപ്പോൾ തന്നെ പലയിടത്തും പൂത്തുലഞ്ഞു നിൽക്കുന്നുണ്ടാകും.

കൂടിയ താപനിലയും ഈർപ്പവും കാരണം പുൽത്തകിടിയിൽ ചിതലിന്റെ ശല്യം വർധിക്കാനിടയുണ്ട്. നന്നായി നനക്കുകയാണെങ്കിൽ ഒരു പരിധിവരെ ഇത് നിയന്ത്രിക്കാം. അല്ലാത്തപക്ഷം ജൈവ ചിതൽ നാശിനി (മെറ്റാറൈസിയം) ഉപയോഗിക്കാം.

പുതിയ പുൽത്തകിടി വച്ചുപിടിപ്പിക്കാൻ ഉദേശിക്കുന്നവർ ഇപ്പോൾതന്നെ പ്രാരംഭപ്രവർത്തനങ്ങൾ ചെയ്തുതുടങ്ങുക. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തെരഞ്ഞടുക്കുക. 15-20 സെന്റിമീറ്റർ ആഴത്തിൽ (മണ്ണിന്റെ തരമനുസരിച്ച്) കിളച്ചിടുക. നന്നായി നനയ്ക്കുക, മുളച്ചുപൊന്തുന്ന കളകൾ നശിപ്പിക്കുക, ഒരുമാസമെങ്കിലും ഇത് തുടരുക. ഉയർന്ന താപനില കൂടുതൽ ബാധിക്കുന്ന ആന്തൂറിയം തുടങ്ങിയ ചെടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പൂച്ചെടികളുടെ മുളച്ച വിത്തുകൾ പറിച്ചുനടാം.

ഏപ്രിൽ (മീനം മേടം)

മലയാള പുതുവർഷത്തെ കസവുനിറമാർന്ന പൂക്കളാൽ എതിരേൽക്കാൻ കാത്തുനിൽക്കുകയാണ് കണിക്കൊന്നകൾ. മഞ്ഞയും പിങ്കും ചുവപ്പും നിറമുള്ള പൂക്കളുമായി മറ്റ് പൂമരങ്ങളും കൂട്ടിനുണ്ട്. അമിത ജലസേചനം പൂക്കളുടെ നിറത്തിനും ആയുസിനും ഹാനികരമാണെന്നു മനസിലാക്കുക. പുൽത്തകിടിക്കുള്ള സ്ഥലം തയാറാക്കൽ തുടരാം. മണ്ണിൽ വെയിലേൽക്കാനും കളകൾ നശിപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. മാസാവസാനത്തോടെ പുൽത്തകിടി വച്ചു പിടിപ്പിക്കുകയുമാവാം. തണൽ ആവശ്യമുള്ള ചെടികൾക്ക് ആവശ്യത്തിന് തണൽ കൊടുക്കുന്ന കാര്യത്തിൽ ശ്രദ്ധ വേണം. ചിലയിനം ഹെലിക്കോണിയകൾക്ക് അൽപ്പം തണൽ വേണ്ടിവരും, തണൽപുരകളിൽ തെക്കുവശത്ത് ഇട്ട തണൽ വലകൾ മാറ്റാം.

മെയ് (മേടം ഇടവം)

വേനൽചൂടിന്റെ കാഠിന്യം കണക്കിലെടുത്ത് തണൽ നിയന്ത്രിക്കണം. പുതയിടൽ, ജലസേചനം എന്നീ കാര്യങ്ങളിൽ ശ്രദ്ധിക്കണം. തണൽവല ഉപയോഗിച്ച് താപനില നിയന്ത്രിക്കാൻ പറ്റില്ല എന്നും

ഓർക്കുക. തയാറാക്കിയ സ്ഥലത്ത് മാസാവസാനത്തോടെ പുൽത്തകിടി വച്ചു പിടിക്കാം. കിളച്ചിട്ട സ്ഥലം പാതിയോളം നികത്തിയ ശേഷം മേൽമണ്ണും, മണലും, ജൈവവളവും ഉപയോഗിച്ച് നിരപ്പാക്കണം. നടുവാൻ സോഡിംഗ് (sodding) രീതിയാണ് പ്രയോഗിക്കുന്നതെങ്കിൽ സോഡ് (sod -നഴ്സറികളിൽ നിന്നും ലഭിക്കുന്ന, സാധാരണയായി ഒരു ചതുരശ്രയടി വലിപ്പമുള്ള പുല്ലിന്റെ ഷീറ്റ്) കളകളുടെയും ചിതലിന്റെയും ആധിക്യം പ്രതീക്ഷിച്ചു തന്നെ കൈകാര്യം ചെയ്യണം. ഈ ഘട്ടത്തിൽ രാസ ചിതൽ നാശിനിയാണ് കൂടുതൽ ഫലപ്രദം. ഒരു ലിറ്റർ വെള്ള ത്തിൽ 10 മില്ലിലിറ്റർ ക്ലോര്‍പൈറിഫോസ് (Chlorpyriphose) ചേർത്ത്, നടാൻ വേണ്ടി തയാറാക്കിയ സ്ഥലത്ത് ഒഴിച്ചുകൊടുക്കണം. ഡിബ്ലിംഗ് (dibbling) ഇലയും വേരുകളും ചേർന്ന തണ്ടുകൾ വേർപെടുത്തി നടുന്ന രീതി) രീതിയിൽ കളകളും ചിതലും കയറിവരാനുള്ള സാധ്യത ഒഴിവാക്കാം. മഴയുടെ വരവ് കണക്കിലെടുത്ത് വെള്ളം വാർന്നു പോകാനുള്ള സൗകര്യം ചെയ്ത് കൊടുക്കുക, ഓവുചാലുകൾ വൃത്തിയാക്കുക, മരങ്ങളുടെ ശിഖരങ്ങളും മറ്റും മുറിച്ചു ചെയ്യാം. മഴക്കാലത്തോടെ ചെടികൾ മാറ്റുക തുടങ്ങിയവ ഇപ്പോൾ സംഭരിച്ചുവയ്ക്കുകയുമാവാം.

ജൂൺ (ഇടവം മിഥുനം)

പൂന്തോട്ടത്തിൽ പുതിയ ചെടികൾ നടാനുള്ള സമയമാണിത്. അതോടൊപ്പം തന്നെ മഴയത്തും കാറ്റത്തും ഒടിഞ്ഞുവീഴാൻ സാധ്യതയുള്ള മരങ്ങളുടെ കാര്യവും ശ്രദ്ധിക്കണം. കീടരോഗങ്ങളുടെ ആക്രമണം കൂടും. ജൈവ കീട-കുമിൾനാശിനികളും മറ്റും ഉപയോഗിച്ചുതന്നെ നിയന്ത്രണം സാധ്യമാക്കാൻ ശ്രമിക്കുക.

പോളിത്തീൻ ഷീറ്റ് ഉപയോഗിച്ച ഗ്രീൻ ഹൗസുകൾ (പോളി ഹൗസ്, മഴ മറ തുടങ്ങിയവ) കുമ്മായം ഉപയോഗിച്ച് കഴുകി വൃത്തിയാക്കി സുതാര്യത ഉറപ്പുവരുത്തുക, വായു സഞ്ചാരത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കണം. ഓർക്കിഡ്, ആന്തൂറിയം തുടങ്ങിയ ചെടികളുടെ രോഗകീടങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ആന്തൂറിയം ചെടികൾ, ഇലകളുടെ വലിപ്പമനുസരിച്ച് 4 മുതൽ 6 വരെ ഇലകൾ നിർത്തി ബാക്കിയുള്ളവ വെട്ടിമാറ്റി എതെങ്കിലും കുമിൾനാശിനി തളിച്ചുകൊടുക്കുക. മൂന്നു മാസത്തിലൊരിക്കലെങ്കിലും ഇങ്ങനെ ചെയ്യണം, മഴക്കാലത്ത്

പ്രത്യേകിച്ചും. ആമ്പൽകുളം, നടവഴികൾ, പൂച്ചെടികൾ എന്നിവയിലെ പായൽ യഥാസമയം നീക്കംചെയ്യണം. പുൽത്തകിടിയിൽ കളകൾ കരുത്തോടെ വളരുന്ന കാലമാണ്. അവയെ വേരടക്കം പറിച്ചു മാറ്റുക. ഗ്രീൻഹൗസുകളുടെ വടക്കുവശത്തു നിന്നായിരിക്കും കൂടുതൽ വെയിലേൽക്കുന്നത്. ആവശ്യമനുസരിച്ച് തണൽ വല ഉപയോഗിക്കുക.

ജൂലൈ (മിഥുനം കർക്കിടകം)

മഴ കനത്തു വരുന്ന സമയമായതുകൊണ്ട് പല ചെടികളുടെയും പരിപാലനത്തിൽ കൂടുതൽ ജാഗ്രത വേണം. വാടുന്ന ഇലകളും പൂക്കളും മറ്റും അഴുകുന്നതിനുമുൻപേ നീക്കം ചെയ്യണം. ഓർക്കിഡ് ചെടികളിൽ ഒച്ചിന്റെ ശല്യം വർധിക്കാൻ ഇടയുണ്ട്. തുടക്കത്തിൽ തന്നെ രാത്രികാലങ്ങളിൽ ടോർച്ചിന്റെ വെളിച്ചത്തിൽ എടുത്തു നശിപ്പിക്കുന്നതു തന്നെ എറ്റവും നല്ല മാർഗം.

ആന്തൂറിയം ചെടികൾക്ക് ആവശ്യത്തിന് വെളിച്ചവും വായു സഞ്ചാരവും ഉറപ്പു വരുത്തുക. മിക്ക ഇലച്ചെടികൾക്കും കൂടി ഇത് ബാധകമാണ്. ഗ്രീൻഹൗസിന്റെ വടക്കുവശത്തു നിന്നും വരുന്ന സൂര്യപ്രകാശത്തിന്റെ അളവ് കണക്കിലെടുത്ത് വേണ്ട പരിഹാരമാർഗങ്ങൾ ചെയ്യുക. തറയും ശുചിയായി നില നിർത്താൻ സഹായിക്കുക.

ഓഗസ്റ്റ് (കർക്കിടകം ചിങ്ങം)

മഴ തുടരുന്ന ഈ മാസത്തിലും ഉദ്യാനം കൂടുതൽ ശ്രദ്ധ ആവശ്യപ്പെടുന്നു. ഉദ്യാനം വ്യത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. ഓണത്തോടടുക്കുമ്പോൾ പൂക്കളുടെ വൈവിധ്യവും ഏറിവരുന്നതു കാണാം. ചെടിച്ചട്ടികൾ, നടപ്പാതകൾ എന്നിവയിലെ പായൽ നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം. പുൽത്തകിടിയിലെ നീർവാർച്ച ഉറപ്പുവരുത്തുക. ഇലകൾ മഞ്ഞളിക്കുന്നതും പായൽ അടിയുന്നതും വെള്ളക്കെട്ടിന്‍റെ ലക്ഷണമാണ്. വെള്ളം വാർത്തകളഞ്ഞശേഷം കുമ്മായം വിതറിക്കൊടുക്കുക.

ആന്തൂറിയത്തിൽ ബാക്ടീരിയൽ വാട്ടം ശ്രദ്ധിക്കണം. മൂപ്പ് കൂടിയ ഇലകളും വാടിയ പൂക്കളും നീക്കം ചെയ്ത് വായു സഞ്ചാരം മെച്ചപ്പെടുത്തുക. വാൻഡ, മൊക്കാറ തുടങ്ങിയ ഓർക്കിഡുകൾക്ക് നേരിട്ട് മഴയേറ്റാൽ കൂമ്പിൽ വെള്ളം തങ്ങി നിന്ന് അഴുകിപ്പോകാനിടയുണ്ട്. വീടിനകത്തോ ചെടികൾ വടക്കു വശത്തുള്ള ജനാലക്കരികെവച്ചും വൈദ്യുതി വെളിച്ചം നല്‍കിയും പ്രകാശത്തിന്റെ അളവ് കൂട്ടാം.

സെപ്റ്റംബര്‍ (ചിങ്ങം-കന്നി)

മഴമാറി വെയില്‍ പരക്കാന്‍ സാധ്യതയുള്ള ഈ മാസത്തില്‍ രോഗ-കീടങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. സൂര്യൻ ദക്ഷിണായനത്തിലേക്ക് നീങ്ങുന്ന ഈ മാസം ഉദ്യാനത്തിൽ പുതിയ ചെടികളെ പരിചയപ്പെടുത്താനുളള കാലം കൂടിയാണ്. ചട്ടിയാലും മണ്ണിലും നട്ടിരിക്കുന്ന ചെടികളിലെയും പുല്‍ത്തകിടികളിലെയും നീര്‍ വാര്‍ച്ച പരിശോധിക്കണം. മഴ നന്നായി തോര്‍ന്നശേഷം മാത്രം പുല്ല് വെട്ടുക. ഓണക്കാലവും കടന്ന് കന്നിവെയില്‍ പരക്കുന്നത് പൂന്തോട്ടത്തിന് പുതുജീവന്‍ നല്‍കും. അടുത്തമാസം തൊട്ടുള്ള രാത്രികളിലെ താഴ്ന്നുവരുന്ന താപനില കൂടി പരിഗണിച്ച് അനുയോജ്യമായ വൈവിധ്യമുള്ള പൂക്കളുടെ വിത്തുകള്‍ ശേഖരിച്ച് തുടങ്ങാം. പെറ്റൂനിയ (Petuniya), ഡയാന്തസ് (Dianthes), ഫ്ലോക്സ് (Phlox), സാല്‍വിയ (Salviya) തുടങ്ങിയ ചെടികള്‍ ഉള്‍പ്പെടുത്താം.

ഒക്ടോബര്‍ (കന്നി-തുലാം)

മാസത്തിന്‍റെ തുടക്കത്തില്‍ മഴ അല്‍പ്പം കുറയാനിടയുണ്ടെങ്കിലും, മഴ കൂടുതൽ ലഭിക്കുന്ന മാസമാണ് ഒക്ടോബർ. അതിനാൽ വർഷ കാലത്തെ മുൻകരുതലും പരിചരണവും എല്ലാ ചെടികളുടെ കാര്യത്തിലും ഉണ്ടാകണം. സമതലങ്ങളിലെ പൂന്തോട്ടങ്ങളിലും ശൈത്യകാല പൂച്ചെടികളുടെ വിത്തുകൾ നട്ടുതുടങ്ങാം. മുളച്ചു വരുന്ന ചെടികൾ മൂന്നോ നാലോ ആഴ്ചകൾ കഴിയുമ്പോൾ ചട്ടികളിലോ മണ്ണിലോ പറിച്ചുനടാം.

പൂന്തോട്ടത്തിൽ ഗ്ലാഡിയോലസ് (Cladiolus) തുടങ്ങിയ കിഴങ്ങു വർഗ പൂച്ചെടികൾ നടാൻ പറ്റിയ മാസമാണിത്. മഴയത്തും നന്നായി വളർന്ന് മഴ തോർന്ന അന്തരീക്ഷത്തിൽ അവ പൂവിട്ടുനിൽക്കും. കിഴങ്ങ് നട്ട് വളർത്തുന്ന ചെടികളെല്ലാം, കൂടുതൽ മണൽ ചേർത്ത് ചട്ടികളിലോ തവാരണകളിലോ നടാൻ ശ്രദ്ധിക്കുക. വീടിന്റെ തെക്കുവശത്തെ ചുവരിനോട് ചേർന്ന്, ഇനിയുള്ള അഞ്ചാറുമാസക്കാലം സൂര്യപ്രകാശം ലഭിക്കും. വീടിനകത്തും പുറത്ത് ചുവരിനോട് ചേർന്നും ഉള്ള ചെടികൾ അതനുസരിച്ച് ക്രമീകരിക്കുക.

നവംബർ (തുലാം വൃശ്ചികം)

മഴക്കാലം തുടരുന്നതു കാരണം നീര്‍വാര്‍ച്ച, രോഗകീടനിയന്ത്രണം, വായുസഞ്ചാര ക്രമീകരണം, ശുചിത്വം എന്നീ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുക.

ചിലയിടങ്ങളില്‍, മാസം പകുതി കഴിയുന്നതോടുകൂടി ശക്തിയായി കാറ്റ് വീശാനിടയുണ്ട്. ചെടികള്‍ക്ക് താങ്ങുകൊടുക്കുക, ബലംകുറഞ്ഞ ശാഖകള്‍ വെട്ടിക്കളയുക തുടങ്ങിയ കാര്യങ്ങൾ ഈ മാസം ചെയ്യാം. ശൈത്യകാല പൂച്ചെടികൾ വളർന്നു വരുമ്പോൾ ആവശ്യമായ പരിചരണം നൽകുക. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് ആവശ്യമുള്ള റോസാപ്പൂക്കൾക്ക്, ചെടികൾ മാസാരംഭത്തിൽതന്നെ പ്രൂൺ ചെയ്യണം.

ഡിസംബർ (വൃശ്ചികം-ധനു)

മഴ കുറഞ്ഞുവരുന്നു. രാത്രികാല തണുപ്പ് -പ്രത്യേകിച്ച് മലമ്പ്രദേശങ്ങളിൽ -ഏറിവരുന്നു. വാലന്റെൻസ്ഡേ ലക്ഷ്യമാക്കിയ റോസ് പ്രൂണിംഗ് ഈ മാസം ഒടുവിൽ നടത്താം.

പോയിൻസെറ്റിയ (Poinsettia) തുടങ്ങിയ ചെടികൾക്ക് ഈ കാലത്ത് ഏറെ പ്രിയമാണ് ലോകമെങ്ങും-പ്രത്യേകിച്ച് ശൈത്യരാജ്യങ്ങളിൽ. ഇവിടെയും ഈ കാലയളവിൽ അവ നന്നായി വളരും. ആന്തൂറിയം ചെടികളിലെ പൂക്കൾക്കുണ്ടാകുന്ന നിറവ്യത്യാസം മാധ്യമത്തിലെ അമ്ലരസം ഏറിയതു കൊണ്ടാകാം. കുമ്മായം ചേർത്തുകൊടുത്ത് ഇത് പരിഹരിക്കാം. ഫെലനോപ്സിസ്, സിംബീഡിയം (Cymbidium) തുടങ്ങിയ ഓർക്കിഡുകൾക്ക് പൂവിടാനുള്ള സാഹചര്യം ഡിസംബറിലെ തണുത്ത രാവുകൾ ഒരുക്കുന്നു.

പുതിയ പുഷ്പതാരങ്ങള്‍

ഫാഷൻ ലോകത്തേക്കാളും വേഗത്തിൽ മാറ്റങ്ങൾ സംഭവിക്കുന്ന പ്രവർത്തന മേഖലയാണ് അലങ്കാര പുഷ്പങ്ങളുടേത്. ഇന്നത്തെ പുഷ്പറാണിമാർ അതിവേഗം പിന്നണിയിലേക്കൊതുങ്ങുകയും ശ്രദ്ധേയമായ അഴകളവുകളുള്ള പുതിയ പൂക്കൾ മിന്നും താരങ്ങളായി മാറി അനായാസം വിപണി കൈയടക്കുകയും ചെയ്യുന്ന കാഴ്ച ഇവിടെ പുതുമയല്ല. ഇത്തരത്തിൽ ഇടക്കാലത്ത് പുഷ്പവിപണിയിലേക്ക് നടന്നു കയറുകയും രംഗം കൈയടക്കുകയും ചെയ്ത ചില അലങ്കാര പുഷ്പസുന്ദരിമാരെ പരിചയപ്പെടാം.

  • പ്രോട്ടിയാസ് -വെട്ടു പൂക്കളിൽ നവാതിഥി
  • കംഗാരു പാമ്പ് -ഓസ്ട്രേലിയൻ സുന്ദരി
  • ഇഞ്ചി സുന്ദരികൾ
  • ഉദ്യാനത്തിലെ അതിശയ പൂവള്ളി
  • മഞ്ഞൾ പ്രഭ തൂകും പൂക്കൾ

    പ്രോട്ടിയാസ് - വെട്ടു പൂക്കളിൽ നവാതിഥി

വർത്തമാനകാല പുഷ്പശ്രേണിയിലെ ഒരു പുതിയ അതിഥിയാണ് പ്രോട്ടിയ. സ്വന്തം ഇഷ്ടപ്രകാരം തന്റെ രൂപം മാറ്റാൻ കഴിയുമായിരുന്ന ഗ്രീക്ക് ദേവനായ പ്രോട്ടിയസിന്റെ ഓർമയ്ക്കാണ് ഈ പൂവിന് പ്രോട്ടിയ (Protea) എന്ന പേരു നൽകിയത്. ഓസ്ട്രേലിയ, ദക്ഷിണാ(ഫിക്ക, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ സന്തതിയാണ് ഈ പൂച്ചെടി. പ്രോട്ടിയയിൽ തന്നെ കിംഗ് പ്രോട്ടിയ, ക്വീൻ പ്രോട്ടിയ, പിങ്ക് ഐസ്, പിങ്ക് മിങ്ക് ഇങ്ങനെ

പ്രമുഖ ഇനങ്ങളും ഉണ്ട്. പ്രോട്ടിയ പുഷ്പങ്ങൾ ഏറ്റവും വലിയ പ്രത്യേകത അവ 10-14  ദിവസം വരെ വാടാതെയും പുതുമ നഷ്ടപ്പെടാതെയും നിലനിൽക്കും എന്നതാണ്. തുറസായ സൂര്യപ്രകാശം ലഭിക്കുന്ന, വായു സഞ്ചാരമുള്ള സ്ഥലങ്ങളിൽ വളരാനാണ് പ്രോട്ടിയക്കിഷ്ടം. പ്രോട്ടിയ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്ന രാജ്യങ്ങളിൽ അത് വളരാനിഷ്ടപ്പെടുന്ന മൺതരം അടിസ്ഥാനമാക്കി അവയെ നാലു തരങ്ങളായി തിരിച്ചിരിക്കുന്നു. ഇതിലാദ്യത്തേത് മണൽ സ്നേഹികൾ (sand lovers), അമ്ലതയുള്ള മണൽ മണ്ണിൽ വളരുന്ന ഇനങ്ങളാണിവ. ഇവയ്ക്ക് കുമ്മായവും എല്ലുപൊടിയും ഒന്നും വേണ്ട. അമോണിയ വളം ചതുരശ്ര മീറ്ററിന് 5 ഗ്രാം എന്ന തോതിൽ നൽകി അല്പം നൈട്രജൻ ലഭ്യമാക്കണം എന്നു മാത്രം. ഇനിയൊരു വിഭാഗമാണ് കളിമൺ സ്നേഹികൾ (clay lovers). ഇവയ്ക്ക് നൈട്രേറ്റ്, ഫോസ്ഫേറ്റ് വളങ്ങൾ വേണ്ട; ഇലപ്പുത മതി. മൂന്നാമത്തെ വിഭാഗം കുമ്മായസ്നേഹികൾ (lime lover) ആണ്. ക്ഷാരമണ്ണാണ് ഇവയ്ക്കിഷ്ടം. ഈയിനങ്ങൾ എവിടെയും വളർത്താം. ജീർണിച്ച സസ്യപദാർത്ഥ ങ്ങൾ ഇഷ്ടപ്പെടുന്നവയാണ് പീറ്റ് സ്നേഹികൾ (peat lovers). മണ്ണിൽ ധാരാളം ജൈവാംശം ചേർത്ത് വേണം ഇവ വളർത്താൻ. കടുപ്പം കുറഞ്ഞ തണ്ട് (സോഫ്റ്റ് വുഡ് കട്ടിംഗ്) മുറിച്ചു നടുകയാണ് പ്രോട്ടിയയുടെ പ്രജനനത്തിന് സുഗമമായ മാർഗം. (പധാന ശിഖരത്തിൽനിന്ന് രണ്ടര-മൂന്ന് ഇഞ്ചു നീളത്തിൽ കഷണം മുറിച്ച്, വേരു പിടിപ്പിക്കലിന് സഹായകമായ ഹോർമോൺ പൊടിയിൽ അഗ്രഭാഗം മുക്കി, മണൽ കലർന്ന മാധ്യമത്തിൽ നട്ടാൽ ആറു മുതൽ പത്താഴ്ച കൊണ്ട് വേരു പിടിച്ചു കിട്ടും. വളരുന്നതനുസരിച്ച് കമ്പോസ്റ്റ്, മത്സ്യവളം, രക്തവളം (ബ്ലഡ് മീൽ) തുടങ്ങിയവ നൽകാം. ചെടി യഥാസമയം ശിഖരം മുറിച്ചു വളർത്തണം. വിപണിക്ക് ഏറെ പ്രിയമുള്ള അലങ്കാരപൂവാണ് പ്രോട്ടിയ. പൂത്തണ്ട് 20-30 സെ.മീ നീളത്തിൽ നില നിർത്തി വേണം പൂവ് മുറിച്ചെടുക്കാൻ. ബൊക്കെ തയാറാക്കാനാണ് പൂക്കൾ അധികവും ഉപയോഗിക്കുക. പൂക്കൾ ഉണക്കി ഡ്രൈ ഫ്ളവർ അറേഞ്ച്മെന്റിന് ഉപയോഗിക്കാറുണ്ട്.

    വെട്ടുപൂക്കളിലെ ഓസ്ട്രേലിയൻ സുന്ദരി-കംഗാരു പോസ്

ഓസ്ട്രേലിയായുടെ ദേശീയ മൃഗമായ കംഗാരുവിന്റെ പാദത്തോട് അപാരമായ സാമ്യം. കണ്ണഞ്ചുന്ന വർണച്ചേല്, തെളിഞ്ഞ നിറം, വെൽവെറ്റ് പോലുള്ള പൂക്കൾ. കാര്യമായ സുഗന്ധമില്ല എന്നു പറയാം. മണമില്ലെങ്കിലെന്ത്? നിറവും രൂപസവിശേഷതയും വെൽവെറ്റ് സ്വഭാവവും നിമിത്തം അലങ്കാര പുഷ്പവിപണിയിലെ പുതിയ താരമാണ് 'കംഗാരു പോസ്' (Kangaroo paws) എന്ന പുഷ്പസുന്ദരി.

    ഇഞ്ചി സുന്ദരിമാർ

ബാംബു ജിഞ്ചർ, പീക്കോക്ക് ജിഞ്ചർ. പാതി തണലും വെള്ളം കെട്ടാത്ത ജൈവ വളക്കൂറുള്ള മണ്ണും ഇഷ്ടപ്പെടുന്ന ഉദ്യാനസുന്ദരിമാരാണിവർ. 'ആൽപീനിയ ലുട്ടിയോകാർപ്' എന്നാണ് ബാംബു ജിഞ്ചറിന്റെ സസ്യനാമം. പരമാവധി 1.5 മീറ്റര്‍ മാത്രം ഉയരത്തില്‍ വളരുന്ന ചെടി. ചുവട്ടിലെ കിഴങ്ങില്‍നിന്ന് നിവര്‍ന്നു വളരുന്ന തണ്ടില്‍ ഇലകള്‍ ക്രമീകരിച്ചിരിക്കുന്നു. ഇലകളുടെ ചുവടുഭാഗം പരന്നതും അഗ്രം കൂര്‍ത്തതുമാണ്. ഇലകളുടെ അടിഭാഗത്തിനു കടുത്ത ചുവപ്പ് കലര്‍ന്ന പര്‍പ്പിള്‍ നിറം. ഇത്തരം ചെറു ശിഖിരങ്ങളുടെ അഗ്രഭാഗത്തായാണ് മൂന്നു മുതൽ അഞ്ചു വരെ പൂക്കൾ ഉണ്ടാകുന്നത്. ഓരോ പൂവിനോടു ചേർന്നും കടുത്ത തവിട്ടു നിറത്തിൽ മുതൽ ചുവന്ന നിറം വരെയുള്ള ഇലകൾ പോലെയുള്ള ഭാഗം (ബ്രാക്റ്റ്) പുത്തണ്ടിനോടു ചേർന്ന് പറ്റിപ്പിടിപ്പിച്ചിരിക്കുന്നത് കാണാം. പൂവോരോന്നിനും പിങ്ക്-ചുവപ്പു നിറമുള്ള പുറം ഇതളുകൾ കാണാം. ഇത് പൂവിനോടു പറ്റിച്ചേർന്നിരിക്കും. കൂടാതെ വെളുത്ത ഇതളുകളും ഏതാണ്ട് പകുതിയോളം ചേർന്നിരിക്കുന്നതായി കാണാം. പൂവിന്റെ വശ്യമായ കേസരങ്ങൾ ഒരുമിച്ച് ഒന്നു ചേർന്ന് അധരം (ചുണ്ട്) പോലെയാകുന്നു. ഇത് വർണപ്പകിട്ടുള്ളതാണ്.

    ബാംബു ജിഞ്ചര്‍

ഫിലിപ്പിന്‍സിന്‍റെ സന്തതിയാണ് ബാംബു ജിഞ്ചര്‍. ചെടിച്ചുവട്ടില്‍ വളരുന്ന ചെറുകന്നുകള്‍, വിത്ത്, ടിഷ്യൂ കള്‍ച്ചര്‍ തൈകള്‍ എന്നിവ വഴിയാണ് ബാംബു ജിഞ്ചറില്‍ പുതുകൃഷി നടത്തുന്നത്. വലിയ ചട്ടികളിലാണ് വളര്‍ത്തുന്നതെങ്കില്‍ മണ്ണും മണലും ചാണകപ്പൊടിയും 2:1:1 എന്ന അനുപാതത്തില്‍ എടുക്കണം. ഈ മിശ്രിതം തടങ്ങളിലും ചേര്‍ക്കാം. വസന്തകാലവും വേനല്‍ക്കാലവുമാണ് ഇതിന്‍റെ പ്രധാന പൂക്കാലങ്ങള്‍. നല്ല ചുവന്ന നിറത്തില്‍ വിടരുന്ന പൂക്കള്‍ വളരെ ആകര്‍ഷകമാണ്.

    പീക്കോക്ക് ജിഞ്ചർ

തെക്കുകിഴക്കൻ ഏഷ്യയുടെ സന്തതിയാണ് പീക്കോക്ക് ജിഞ്ചർ. വെള്ളി കലർന്ന പച്ച നിറവും മെറൂൺ നിറവുമുള്ള ഇലകളിലെ ഡിസൈനുകൾക്ക് മയിൽപ്പീലിയുടെ രൂപവർണ വിന്യാസത്തോടുള്ള സാദൃശ്യം നിമിത്തമാണ് ഈ ചെടിക്ക് 'പീക്കോക്ക് ജിഞ്ചർ' എന്ന പേരു കിട്ടിയത്. ഇഞ്ചിക്കുടുംബത്തിലെ അംഗം തന്നെയാണിതും. ഇലകൾക്ക് അണ്ഡാകൃതിയാണ്. ചെറു വയലറ്റ് മുതൽ പർപ്പിൾ വരെ നിറമുള്ളതുമായ നാലിതളുകൾ. പൂക്കൾ അത്ര ആകർഷകമല്ല. എങ്കിലും മയിൽപീലികളോട് സമാനമായ ഇലകൾക്കു നടുവിൽ ഈ പൂക്കൾ വിടർന്നു നിൽക്കുന്നത് വ്യത്യസ്തഭംഗി പ്രദാനം ചെയ്യുന്നു.

കിഴങ്ങുകൾ മൺനിരപ്പിന് അരയിഞ്ച് താഴ്ത്തി നട്ട് പുതിയ തൈ വളർത്തിയെടുക്കാം. ഉഷ്ണമേഖലാ പ്രദേശങ്ങൾക്കനുയോജ്യമായ ചെടിയാണിത്. വേനലിന്റെ തുടക്കത്തിൽ തന്നെ പൂവിടുന്ന പീക്കോക്ക് ജിഞ്ചർ തുടർന്ന് മാസങ്ങളോളം പൂ ചൂടി നിൽക്കും. ചെറിയ ചട്ടികളിൽ പോട്ടിംഗ് മിശ്രിതം നിറച്ച് നട്ടു വളർത്തിയാൽ ജനാല പടി മേൽ അലങ്കാരത്തിന് വയ്ക്കാൻ യോജിച്ച ചെറുചെടി കൂടെയാണിത്. 'കാംഫെറിയ ലവോട്ടിക്ക' എന്നാണ് ഇതിന്റെ സസ്യനാമം. ആകർഷകമായ നിരവധി ഇനങ്ങളുണ്ട്. ‘സാറ്റിന്‍ ചെക്സ’ ആണ് ഇതിലൊന്ന്. ചട്ടികളില്‍ വളര്‍ത്തി ഗൃഹാന്തര്‍ ഭാഗങ്ങള്‍ക്ക് മനോഹാരിത നല്കാനുപയോഗിക്കാം.

    മൈസൂർ ക്ളോക്ക് വൈൻ-അതിശയ പൂവള്ളി

വള്ളിച്ചെടികളുടെ പുസ്തകമായ 'Vines of the World' എന്ന പ്രസിദ്ധമായ ഗ്രന്ഥ ത്തിൽ ലോകത്തെ ഏറ്റവും സുന്ദരമായ വള്ളിച്ചെടി എന്നാണ് 'മൈസൂർ ബ്ലോക്ക് വൈൻ' അറിയപ്പെടുന്നത്. നാടകീയമായ നിറവും രൂപവും പ്രകൃതവുമുള്ള പൂങ്കുലകളുമായി വളരുന്ന ഈ വള്ളിച്ചെടി കമാനങ്ങളിൽ നിന്നും മറ്റും താഴേക്ക് ഞാത്തി വളർത്താം. പൂങ്കുലകൾക്ക് കടും മഞ്ഞയും മെറൂനും ബ്രൌണും നിറങ്ങൾ കൊണ്ടൊരു വർണ പ്രപഞ്ചം. സസ്യനാമം 'തുമ്പേർജിയ മൈസൂറെൻസിസ്. ദക്ഷിണേന്ത്യയിലെ ഉഷ്ണമേഖലാ മലനിരകളുടെ സന്തതിയാണ് 'മൈസൂർ ബ്ലോക്ക് വൈൻ.' കരുത്തോടെ ഊർജസ്വലമായി വളരുന്ന ഈ ചെടി അനുകൂലമായ ഈർപ്പാംശവും ചൂടും കലർന്ന ഉഷ്ണകാലാവസ്ഥയിൽ 6 മുതൽ 10

മീറ്റർ വരെ ഉയരത്തിൽ പിടിച്ചു വളരും. താഴേക്ക് തൂങ്ങി വളരുന്ന പൂങ്കുലകളിൽ ഒരു മീറ്ററോ അതിലേറെയോ നീളത്തിലാണ് പൂക്കൾ വിടരുക. ഓരോ പൂവിനും 7.5 സെ.മീറ്ററോളം വലുപ്പം വരും. കടുംമഞ്ഞ നിറം ഉൾഭാഗത്തും ചുവപ്പു കലർന്ന ബ്രൌൺ/ബർഗണ്ടി നിറം പുറം ഭാഗത്തുമായിട്ടാണ് ഇവയുടെ വർണഭംഗി. ധാരാളം തേൻ ചുരത്തുന്നതിനാൽ തേൻകിളികളും ശലഭങ്ങളും ഈ പൂക്കളെ വിട്ടു പോകാറേയില്ല. നിത്യഹരിത വള്ളിച്ചെടിയാണിത്. കനം കുറഞ്ഞെങ്കിലും ദൃഢമായ തണ്ടിൽ കടുത്ത പച്ചനിറവും അതേസമയം തിളക്കവും അരികുകൾ പല്ലുപോലെ കോറിയതുമായ ഇലകളുണ്ട്. സൂര്യപ്രകാശത്തിലും ഭാഗികമായ തണലത്തും വളരും. പകൽ ചൂടും വെളിച്ചവും രാത്രിയിൽ തണുപ്പുമുള്ള കാലാവസ്ഥയാണ് മൈസൂർ ക്ലോക്ക് വൈനിനു നല്ലത്. ക്രമമായി കൊമ്പുകോതി അനാവശ്യ ശിഖരവളർച്ച ഒഴിവാക്കണം. രണ്ടു കഷണങ്ങളാക്കി മുറിച്ചോ പതിവച്ചോ പുതിയ തൈകൾ വളർത്താം. മാർച്ച് മുതൽ മേയ് വരെയാണ് ഈ വള്ളിച്ചെടി ഏറ്റവുമധികം പുഷ്പിക്കുക. ഇത് വളർത്തി, കമാനങ്ങളിലും വളഞ്ഞ വാതിലുകളിലും താങ്ങുകളിലും

വൃക്ഷശിഖരങ്ങളിലും പടർത്തിയാൽ, അവയെല്ലാം വളർന്നു മൂടി പൂത്തൊങ്ങലുകൾ തികഞ്ഞ വർണവൈവിധ്യത്തോടെ ഊയലാടുന്നത് നയനമനോഹരമായ ദൃശ്യമാണ്.

    മഞ്ഞൾ പ്രഭ ചൊരിയും പൂക്കൾ

വരൂ, ജീവസ്സുറ്റൊരു പൂന്തോട്ടമൊരുക്കാംസുഗന്ധവ്യഞ്ജനം എന്നു പേരെടുത്ത മഞ്ഞളിന് നിരവധി അലങ്കാര പുഷ്പ ഇനങ്ങളും ഉണ്ട് എന്ന് അധികം പേർക്കുമറിയില്ല. ഏത് അലങ്കാര പുഷ്പത്തോടും, (കട്ട് ഫ്ളവർ) ഒപ്പം കിടപിടിക്കാൻ കഴിവുളള പൂക്കൾ വിടർത്തുന്ന ഇനങ്ങൾ മഞ്ഞൾ കൂട്ടത്തിലുണ്ട് എന്നറിയുക. വർണഭാവവും സവിശേഷ രൂപവുമുള്ള പൂക്കൾ വിടർത്തുന്ന ഇനങ്ങൾ നോക്കാം.

  1. കുർക്കുമ അമജിനോസ -പൂവിന് പിങ്ക്നിറം. അഗ്രം കൂർത്ത ഇലകളുടെ അരികുകളിൽ ബ്രൌൺ കലർന്ന ചുവപ്പു വരകൾ കാണാം.
  2. കുർക്കുമ അലിസ്മാറ്റിഫോളിയ -പിങ്ക് പൂക്കൾ. ചുവപ്പ്, റോസ്, ബ്രൗൺ നിറങ്ങളിലും പൂ വിടർത്തും.
  3. കുർക്കുമ ഔറിൻഷിയാക്ക -പച്ച, വെള്ള, ബ്രൌണ്‍, കടും ചുവപ്പ്, ചുവപ്പ്, റോസ് എന്നിങ്ങനെ വിവിധ നിറമുള്ള പൂക്കൾ. പച്ചിലകൾക്ക് തിളക്കമുണ്ട്.
  4. കുർക്കുമ റോസിയാന -കോൺ ആകൃതിയിലുള്ള പൂവിന് പ്രകാശമാനമായ ഓറഞ്ചോ മഞ്ഞയോ നിറം.
  5. കുർക്കുമ ആസ്ട്രലേഷിക്ക-ചോർപ്പിന്റെ ആകൃതിയാണ് പൂങ്കുലയ്ക്ക്. മഞ്ഞ നിറമുള്ള പൂവ്.
  6. കുർക്കുമ കോർഡേറ്റ -മെഴുകു പുരട്ടിയ പിങ്ക് നിറമുള്ള പൂക്കൾ.
  7. കുർക്കുമ എലേറ്റ -വീതിയുള്ള ഇലകളും ടോര്‍ച്ചിന്‍റെ ആകൃതിയില്‍ മനോഹരമായ പൂക്കളും.
  8. കുര്‍ക്കുമ ഓര്‍ണീറ്റ-ഇതളിന്‍റെ താഴ്ഭാഗത്ത് വെളുപ്പും മുകള്‍ഭാഗത്ത് നല്ല പിങ്ക് നിറവും. ഇലകളും ആകര്‍ഷകമാണ്.
  9. കുര്‍ക്കുമ റാസ്പ്ബെറി -കടും പർപ്പിൾ നിറമുള്ള പൂക്കൾ. സാധാരണ മഞ്ഞൾ പോലെ തന്നെയാണ് അലങ്കാര മഞ്ഞളിന്റെയും കൃഷി. നീർവാർച്ചയും വളപ്പറ്റും ഭാഗികമായ തണലുമുള്ള സാഹചര്യമാണ് ഇഷ്ടപ്പെടുന്നത്. മേൽമണ്ണ്, പരുക്കൻ മണൽ, ഇലപ്പൊടി/ ചാണകപ്പൊടി എന്നിവ 1:1:1 എന്ന അനുപാതത്തിൽ കലർത്തിയ മിശ്രിതം നിറച്ച ചട്ടിയിൽ നടാം. തണലിടങ്ങളാണ് അലങ്കാര മഞ്ഞൾ ചെടികൾക്കു നല്ലത്. നന്നായി പരിചരിച്ചാൽ മഞ്ഞൾ ചെടിയിൽ മൂന്നു മാസം വരെ പൂക്കൾ പുതുമ നഷ്ടപ്പെടാതെ നിൽക്കും. ചട്ടിയിൽ ഒതുക്കി വളർത്തിയ ചെടികൾ ഗൃഹാന്തർഭാഗങ്ങൾ, ഷോപ്പിംഗ് മാൾ, ഓഫീസുകൾ, ആശുപത്രികൾ, സിനിമാശാലകൾ, വിദ്യാലയങ്ങൾ, ഫ്ളാറ്റുകൾ, കൺവൻഷൻ സെന്ററുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ വയ്ക്കാൻ ഉത്തമമാണ്. മുറിച്ചെടുത്താൽ ചില ഇനം മഞ്ഞൾ പൂങ്കുലകൾ 10 ദിവസം വരെ പുതുമ മങ്ങാതെ നിൽക്കുകയും ചെയ്യും.

ഇങ്ങനെ നിരവധി പുതിയ പുഷ്പസുന്ദരിമാർ പുഷ്പവിപണി കീഴടക്കാൻ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

കടപ്പാട്: കര്‍ഷകമിത്രം

 

അവസാനം പരിഷ്കരിച്ചത് : 3/3/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate