Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മോഹിനികള്‍ മുള്‍ച്ചെടികള്‍

കൂടുതല്‍ വിവരങ്ങള്‍

മോഹിനികള്‍ മുള്‍ച്ചെടികള്‍

കുടില്‍ മുതല്‍ കൊട്ടാരം വരെ അകത്തളങ്ങള്‍ക്ക് ഹരിതാഭ പകരാന്‍ ശേഷിയുള്ള അത്ഭുതസസ്യങ്ങളാണ് കള്ളിചെടികളും സക്കുലന്റ്സും. നിറയെ മുള്ളുകളോട് കൂടിയതും കാണ്ഡത്തില്‍ വെള്ളം ശേഖരിച്ച് ആകര്‍ഷണീയമായ രൂപത്തിലും വലിപ്പത്തിലും പ്രകൃതിയില്‍ കാണപ്പെടുന്നതുമായ ‘cactacea’ കുടുംബാംഗങ്ങളാണ്‌ കള്ളിമുള്‍ച്ചെടികള്‍. എന്നാല്‍ ഇവയുടെ വൈവിധ്യമാര്‍ന്നതും അഴകേറിയതുമായ ധാരാളം ഇനങ്ങള്‍ അകത്തളങ്ങള്‍ക്ക് പുത്തനുണര്‍വ് നല്‍കും. അധിക പരിപാലനം, ചെലവ് എന്നിവ ആവശ്യമില്ലാത്ത ഇവ വീടിനും ഓഫീസിനും സ്വാഭാവികമായ അഴക പകരും. കള്ളിമുള്‍ച്ചെടി ഒരു സക്കുലന്റ് ആണെങ്കിലും എല്ലാ സക്കുലൻസും കള്ളിമുൾച്ചെടികളല്ല.

വെള്ള, ചുവപ്പ്, പർപ്പിൾ, പച്ച,മഞ്ഞ, ബർഗണ്ടി, സിൽവർ എന്നീ ഒറ്റ നിറങ്ങളിലും ചെറിയ വരകളോടു കൂടിയതുമായ ഇനങ്ങൾ സാധാരണയായി അകത്തളങ്ങൾക്ക് അലങ്കാരമാക്കാം. ഇതിൽ തന്നെ അലോവേര, സീഡം, ക്രിസ്മസ് കാക്ടസ്, ഡോങ്കീസ് ടെയിൽ, ഹാവോർത്തിയ ഇനങ്ങൾ, ഫൈൻ ആന്റ് ചിക്സ്, പെൻസിൽ കാക്റ്റസ്, സെമ്പർവിയം, മീൻമുള്ള് ചെടി, കാസ്റ്റുല, ഒപ്പ്ടൂണിയ, മാമ്മിലേറിയ, ബാരൽ കാക്ടസ് എന്നിവ നമ്മുടെ നഴ്സറികളിൽ സുലഭമാണ്. ഹാവാർത്തിയയുടെ തന്നെ പത്തോളം ഇനങ്ങളിൽ ഏറ്റവും മനോഹരിയായ സീബ്രാ കാക്ടസ് ഉദ്യാനപ്രേമികൾക്കു പ്രിയങ്കരമാണ്. ഈ ഇനങ്ങളെ കൂടാതെ ഗ്രാഫ്റ്റഡ് കാക്റ്റസും വിപണി കീഴടക്കിയ കാലമാണിത്. വളരെ വേഗത്തിൽ വളരുന്നതും എന്നാൽ കാണാൻ ഭംഗിയില്ലാത്തതുമായ പച്ച കാക്ട്സ് ആണ് ഗ്രാഫ്റ്റിംഗിൽ റൂട്ട് സ്റ്റോക്കായി ഉപയോഗിക്കുന്നത്. സയോണായി കടും ചുവപ്പ്, പിങ്ക്, ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള മൂണ്‍ കാക്ടസ് ഉപയോഗിക്കാം. ഗ്രാഫ്റ്റ് ചെയ്ത ചെടി അതിശക്തമായ വെയിലിൽ വെക്കരുത്. റൂബി ബാൾ, യെല്ലോ, പീനട്ട് കാക്ലസ് എന്നീപേരുകളിൽ കാഴ്ചക്കാരുടെ മനം കവരുന്ന ഗ്രാഫ്റ്റുകൾ നാം ഏറെ ഇഷ്ടപ്പെടും. (ഗാഫ്റ്റഡ് കാക്സിന്റെ റൂട്ട് സ്റ്റോക്കായ പച്ച കാക്ട്ടസ് ചിലപ്പോൾ കോർക്കു പോലെയായി നശിച്ചു പോകുന്നതായി കാണാറുണ്ട്. അങ്ങനെയുണ്ടാകുന്ന പക്ഷം കളറുളള കാക്ട്ടസ് അതിൽ നിന്നും മാറ്റി പുതിയ സ്റ്റോക്കിൽ ഗ്രാഫ്റ്റ് ചെയ്ത് വേറൊരു ചെടിയാക്കി മാറ്റാവുന്നതാണ്.

വെള്ളത്തിന്‍റെയും പ്രകാശത്തിന്‍റെയും ഏറ്റക്കുറച്ചിലാണ് കള്ളിമുൾച്ചെടിയുടെ ആരോഗ്യവും ആയുസും തീരുമാനിക്കുന്ന രണ്ട് പ്രധാന ഘടകങ്ങൾ. ഇൻഡോർ ശേഖരത്തിലേക്ക് ഈ ചെടികളെ ചേർക്കാനുദ്ദേശിക്കുന്നവർ മുറിയിലെ സൂര്യപ്രകാശത്തിന്‍റെ ലഭ്യത, വാതിൽ, ജനൽ, വെന്റിലേഷൻ എന്നിവയോട് ചേർന്ന് ചെടി വെക്കുന്നതിനുള്ള സാധ്യത എന്നിവ കണക്കിലെടുത്ത് വേണം ഏതിനം വളർത്തണമെന്ന് തീരുമാനിക്കാൻ. ഒപ്പ്ടൂണിയ മാമ്മിലേറിയ, ഹാവാർത്തിയ, അലോവേറ, ബാരല്‍ കാക്റ്റസ് തുടങ്ങിയവ വളരെ ചെറിയ പ്രകാശം ലഭിക്കുന്ന സ്ഥലത്തും വയ്ക്കാം. ഹെൻ ആന്റ് ചിക്സ്, ഡോന്കീസ് ടെയില്‍, ക്രസ്റ്റുല, പെന്‍സില്‍ കാക്ട്ടസ് തുടങ്ങിയവയ്ക്ക് ദിവസവും 3 മണിക്കൂറെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമായതിനാൽ ഇവ ജനലിനോട് ചേർന്നുള്ള സ്ഥലത്ത്  വെക്കുകയും, രാവിലെ മുതൽ ഉച്ചവരെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന വിധം ജനലിന്‍റെ

പുറത്തെ പടിയിൽ എടുത്തു വെക്കുകയും ചെയ്യേണ്ടതാണ്. (ഗാഫ്റ്റുകൾ വീടിനകത്ത് ഏതു ചെറിയ പ്രകാശത്തിലും നന്നായി വളരും.

കാക്റ്റെ & സക്കുലന്റിന് വേറിട്ട ഭംഗി നൽകുന്നത് അവ നടുന്ന ചട്ടികളാണ്. ചില്ല്, സെറാമിക്, ശില്പങ്ങളുടെ രൂപത്തിലുള്ള ടെറാക്കോട്ട പാത്രങ്ങൾ, പല രൂപത്തിലുള്ള ഫൈബർ ചട്ടികൾ, കപ്പുകൾ എന്നിവ വിപണിയിൽ സുലഭമാണ്. കൂടാതെ നമ്മുടെ വീട്ടിലുള്ള പഴയ ചായക്കപ്പുകൾ, ഗ്ലാസുകൾ, തേങ്ങയുടെ ചിരട്ട എന്നിവയിൽ ഇവ നട്ടാലുണ്ടാകുന്ന അതുല്യഭംഗി പറഞ്ഞറിയിക്കാൻ കഴിയില്ല.

വെള്ളം തീരെ കെട്ടിനില്‍ക്കാത്ത പോട്ടിംഗ് മിശ്രിതമായ മണ്ണ്, ചാണകപ്പൊടി മിശ്രിതം (2:1)/ മണ്ണ് മാത്രമായോ ഇവ നടാന്‍ ഉപയോഗിക്കാം. ഗ്ലാസ്‌ കണ്ടെയ്നറുകളില്‍ താഴെ കളറുള്ള മണ്ണ് നിറച്ചതിനുശേഷം മുകളില്‍ മേല്‍പ്പറഞ്ഞ മിശ്രിതത്തില്‍ ഈ ചെടി നടാവുന്നതാണ്. ചെടി നട്ടതിനുശേഷം പലനിറത്തിലുള്ള കല്ലുകള്‍ ഇട്ടുകൊടുക്കുന്നത് അവയ്ക്ക് ഭംഗി കൂട്ടും. വളരെ കുറച്ച് വെള്ളം മാത്രം ആവശ്യമുള്ള  ചെടികളെന്ന നിലയിൽ വെള്ളം നനയ്ക്കുമ്പോൾ വളരെയധികം (ശദ്ധിക്കണം. ഹാന്‍ഡ്‌സ്പ്രേയർ ഉപയോഗിച്ച് 10 ദിവസത്തിലൊരിക്കൽ വളളം തളിക്കുക മാത്രമേ ചെയ്യാവു. അഥവാ വെള്ളം കൂടിയെന്നു തോന്നിയാൽ ടിഷ്യൂ പേപ്പറിട്ട് അധികജലം ഒപ്പിയെടുക്കാൻ ശ്രദ്ധിക്കണം. വളങ്ങളൊന്നും തന്നെ ഇവയ്ക്ക് ഉപയോഗിക്കേണ്ട ആവശ്യമില്ല.

പ്രത്യേകം കണ്ടെയ്നറിൽ വളർത്തുന്നതിനോടൊപ്പം തന്നെ പലതരം അലങ്കാരങ്ങളിൽ കാക്റ്റസും സക്കുലന്റുകളും ക്രമീകരിക്കുന്ന രീതിയും ഇന്ന് വ്യാപകമാണ്. വ്യത്യസ്ത നിറങ്ങളുള്ള സക്കുലന്റുകൾ ഒരുമിച്ച് നട്ട് ഡിഷ് ഗാർഡൻ ഉണ്ടാക്കിയാൽ മേശപ്പുറം അലങ്കരിക്കുന്നതിനായി ഉപയോഗിക്കാം. പലയിനം സക്കുലന്റ് ഉപയോഗിച്ച് ഹൃദയാകൃതിയിലുള്ള റീത്ത്, ബാൾ, ഗോളം എന്നിവ വളർത്തി സൂക്ഷിച്ചാൽ പൂക്കൾക്ക് പകരമായി വാലന്ടൈന്‍സ് ഡെ, വിവാഹം തുടങ്ങിയ വിശേഷാവസരങ്ങളിൽ നമുക്ക് വ്യത്യസ്തരാകാം. അവയെ വീണ്ടും ഉപയോഗിക്കാമെന്നതിനാൽ പ്രകൃതിസൗഹൃദപരമായ ഒരു പ്രവർത്തി ചെയ്യുന്നതിന്റെ സാഫല്യവും നമുക്ക് ലഭിക്കും. കൂടാതെ കണ്ണാടി ഭരണിക്കുളളിലെ കുഞ്ഞൻ പൂന്തോട്ടമായ ടെറെറിയത്തിൽ ഇവ വളർത്തി നമ്മുടെ അകത്തളത്തിന്റെ മോടി കൂട്ടാം. അകത്തളത്തിന്റെ പ്രൗഡി നമ്മുടെയെല്ലാം സ്വപ്നമാണ്. അതിനാൽ മറ്റ് അലങ്കാരങ്ങളോടൊപ്പം ഒരു ഗ്രാഫ്റ്റഡ് കാക്റ്റസ്, ടെറേറിയം, വിവിധ കണ്ടെയിനറുകളിലുള്ള കാക്ടസ്/സക്കുലന്റ്സ് നട്ടാൽ അത് നമ്മുടെ വീടിനും, ഓഫീസിനും നൽകുന്ന അതുല്യമായ അഴക് കാഴ്ചക്കാരെ വിസ്മയിപ്പിക്കുമെന്നതിൽ സംശയമില്ല.

സീനിയർ ക്യഷിഓഫീസർ,

ഗവൺമെന്റ് കോക്കനട്ട്

നഴ്സറി, വൈറ്റില,

എറണാകുളം,

ഫോൺ: 0484 2700179.

കടപ്പാട്: കേരളകര്‍ഷകന്‍

 

2.89743589744
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top