Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മഴമറയിലും തണ്ണിമത്തന്‍ കൃഷിയാവാം

കൂടുതല്‍ വിവരങ്ങള്‍

ആമുഖം

സംരക്ഷിത കൃഷിരീതിയായ മഴമറയിൽ പച്ചക്കറികൃഷി ചെയ്യുന്ന നിരവധി കർഷകർ ഇന്ന് കേരളത്തിലുണ്ട്. വെണ്ട, തക്കാളി, പയർ, പാവൽ, ചീര, ശീതകാലവിളകൾ, തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. എന്നാൽ മഴമറയ്ക്കുള്ളിൽ ഒരു പുതുവിളയായി തണ്ണിമത്തൻ വിജയകരമായി കൃഷി ചെയ്യുകയാണ് വെള്ളായണി കാർഷിക കോളേജിലെ പച്ചക്കറി വിഭാഗം. വിദേശരാജ്യങ്ങളിലെ പോളിഹൗസുകളിൽ പ്രചാരത്തിലുള്ള പന്തൽ കൃഷിരീതിയാണ് ഇവിടെ അനുവർത്തിച്ചത്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ ചെടികൾ നടുന്നതിനും ഉത്പാദനം പതിൻമടങ്ങ് വർദ്ധിപ്പിക്കുന്നതിനും ഈ കൃഷിരീതി ഉപകരിക്കും. ഡോ.ശ്രീലതാകുമാരിയുടെ നേതൃത്വത്തിലായിരുന്നു കൃത്യതാ കൃഷിരീതിയിൽ തണ്ണിമത്തൻ വിളയിച്ചത്. വലിപ്പം കുറഞ്ഞ കായ്കൾ ഉള്ള ഇനങ്ങളാണ് പന്തൽ കൃഷിക്ക് അനുയോജ്യം അത്തരത്തിലുള്ള ഐസ് ബോക്സ് ജനങ്ങൾക്ക് ഇന്ന് വിപണിയിൽ പ്രിയം. കായ്കൾക്ക് ശരാശരി ഒന്നര കിലോഗ്രാം വരുന്ന പ്രാചി എന്ന സങ്കരയിനമാണ് കൃഷി ചെയ്തത്. ഒരു ചെടിയിൽ നിന്നും 3 മുതൽ 5 കായ്കൾ വരെ ലഭിക്കാം. കട്ടികുറഞ്ഞ പുറന്തോടും കടും ചുവപ്പു നിറമുള്ള മാംസളഭാഗവും നല്ല മധുരവുമുള്ള കായ്ക്കളാണ് പ്രാചിയുടെ സവിശേഷത.

കൃഷിരീതി

ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് തണ്ണിമത്തന്റെ പ്രധാനകൃഷിക്കാലം. എന്നാൽ മഴമറയ്ക്കുള്ളിൽ വർഷം മുഴുവൻ കൃഷി ചെയ്യാൻ സാധിക്കും. മണ്ണ് നന്നായി ഉഴുതുമറിച്ച് ജൈവവളവും ജീവാണുവളങ്ങളും ചേർക്കണം. മണ്ണിലെ പുളിപ്പ് ക്രമീകരിക്കാൻ സെന്റിന് രണ്ടു കി.ഗ്രാം എന്ന തോതിൽ കുമ്മായം നൽകണം. കുമ്മായം ചേർത്ത് ഒരാഴ്ചയ്ക്കു ശേഷമേ ജൈവവളം ചേർക്കാവൂ. മഴമറയ്ക്കുള്ളിൽ കൃത്യതാ കൃഷി അവലംബിക്കുമ്പോൾ ഉയരമുള്ള തടങ്ങളിൽ ആണ് കൃഷി ചെയ്യേണ്ടത്. ഏകദേശം ഒരു മീറ്റർ വീതിയും ഒരടി ഉയരവും തടങ്ങൾക്ക് വേണം. തണ്ണിമത്തൻ സാധാരണ നിലത്ത് പടർത്തി വളർത്തുമ്പോൾ രണ്ടു വരികൾ തമ്മിൽ 3 മീറ്ററും രണ്ടു കുഴികൾ തമ്മിൽ 2 മീറ്ററുമാണ് ശുപാർശ ചെയ്തിട്ടുള്ള അകലം. ഇത്തരത്തിൽ 200 ചതുരശ്രമീറ്ററിൽ 33 കുഴികളുണ്ടാവും. എന്നാൽ പന്തലിലാകട്ടെ കുറഞ്ഞ അകലം മതിയാകും. വരികൾ തമ്മിൽ 1.5 മീറ്ററും ചെടികൾ തമ്മിൽ 60 സെന്റിമീറ്ററും. ഏകദേശം 222 ചെടികൾ 200 ചതുരശ്രമീറ്ററിൽ നടാം.

കണികാ ജലസേചനവും പുതയിടീലും കൃത്യതാ കൃഷിയുടെ പ്രധാനഘടകങ്ങളാണ്. പുത നൽകുന്നത് മണ്ണിലെ ജലാംശം സംരക്ഷിക്കുന്നതിനും കളനിയന്ത്രണത്തിനും സഹായിക്കും. 30-60 മൈക്രോൺ വരെ കട്ടിയുള്ള പ്ലാസ്റ്റിക്ക് ഷീറ്റുകൾ പച്ചക്കറികൃഷിക്ക് വിപണിയിൽ ലഭ്യമാണ്. ഓരോ തടത്തിലും ഡ്രിപ്പ് ലൈനുകൾ വലിച്ചതിനു ശേഷം വേണം പുത നൽകാൻ. ഓരോ ചെടിക്കും ഒരു എമിറ്റർ എന്ന രീതിയിൽ ഡ്രിപ് ലൈന്‍  ക്രമീകരിക്കണം. പോളിത്തീൻ ഷീറ്റിൽ 5 സെ.മീ വ്യാസത്തിലുള്ള ദ്വാരങ്ങൾ 60 സെ.മീ അകലത്തിൽ എടുത്ത് അതിൽ ചെടികൾ നടാം.

പ്രോട്രേകളിൽ വളർത്തിയ രണ്ടാഴ്ച പ്രായമായ തൈകൾ നടാനുപയോഗിക്കാം. 200 ചതുരശ്രമീറ്ററിൽ നടാൻ 10 ഗ്രാം വിത്ത് മതിയാകും. പാവലും പടവലവും പടർത്തുന്ന പോലെ തണ്ണിമത്തനും പന്തലിലേക്ക് പടർത്താം. പ്ലാസ്റ്റിക്ക് കയർ ഉപയോഗിച്ച് ചെടികളെ പന്തലിലേക്ക് കയറ്റിവിടാം ചുവടുഭാഗത്തെ പാർശ്വശാഖകൾ മുറിച്ചു മാറ്റുന്നത് വളർച്ച ത്വരിതപ്പെടുത്താൻ സഹായിക്കും. കായ്ക്കൾ ഏകദേശം ക്രിക്കറ്റ് ബോൾ വലുപ്പത്തിലാകുമ്പോൾ നെറ്റ് ബാഗിലാക്കി പ്ലാസ്റ്റിക് ചരടുപയോഗിച്ച് പന്തലിൽ കെട്ടിയിടുന്നത് കായ്കള്‍ അടർന്നു വീഴാതെ താങ്ങുനല്‍കും.

വളപ്രയോഗം

മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിലാണ് വളപ്രയോഗം. ചെടികൾക്കാവശ്യമായ വളം വെള്ളത്തിലൂടെ നൽകുന്നു. ഫെർട്ടിഗേഷൻ രീതിയോട് നന്നായി പ്രതികരിക്കുന്ന വിളയാണ് തണ്ണിമത്തൻ. കൃത്യമായ ഇടവേളകളിൽ വെള്ളത്തിൽ ലയിക്കുന്നു. വളങ്ങൾ ചെടിച്ചുവട്ടിൽ ഡ്രിപ്പുകളിലൂടെ നൽകുകയാണ് ചെയ്യുന്നത്. 200 ചതുരശ്രമീറ്ററിന് 1.4 കി.ഗ്രാം നൈട്രജൻ, 1 കി.ഗ്രാം ഫോസ്ഫറസ്, 2.4 കി.ഗ്രാം പൊട്ടാഷ് എന്നിവ ലഭ്യമാകുന്ന തരത്തിൽ വളങ്ങൾ നൽകാം. ഇതിനായി വെള്ളത്തിൽ ലയിക്കുന്ന 19:19:19, പൊട്ടാസ്യം നൈട്രേറ്റ്, യൂറിയ, മോണോ അമോണിയം ഫോസ്ഫേറ്റ് എന്നിവ ഉപയോഗിക്കാം. മൂന്നു ദിവസം കൂടുമ്പോഴാണ് വളം നൽകുക. ചെടികൾക്ക് ദിവസേന ശരാശരി രണ്ടു ലിറ്റർ വീതം ജലസേചനം നൽകുന്നത് നല്ലതാണ്. ചെടിയുടെ ഇലകൾ വാടി നിൽക്കുന്നതാണ് ആദ്യ ലക്ഷണം. പിന്നീട് തണ്ടു വാടാൻ തുടങ്ങും. ഇതേ അവസ്ഥയിൽ ദിവസങ്ങളോളം നിൽക്കുകയോ കുറച്ചു ദിവസത്തിനുള്ളിൽ തന്നെ നശിച്ചു പോകുകയോ ചെയ്യാം. തൈകൾ നടുന്നതിനു മുമ്പ് ട്രൈക്കോഡെർമ ചേർത്ത് സമ്പുഷ്ടീകരിച്ച ജൈവവളം മണ്ണിൽ ചേർക്കുന്നത് രോഗം നിയന്ത്രിക്കാൻ സഹായിക്കും. ഇലതീനിപ്പുഴുക്കളും ശല്യക്കാരാകാറുണ്ട്. ഗോമൂത്രം, കാന്താരിമുളക് മിശ്രിതം എന്നിവ തളിച്ചും അവയെ നിയന്ത്രിക്കാം. കൃത്യമായ പരിചരണവും ശ്രദ്ധയുമുണ്ടെങ്കിൽ ലാഭകരമായ ഒരു വിളയായി തണ്ണിമത്തൻ കൃഷിചെയ്യാം.

കടപ്പാട്: കൃഷിയങ്കണം

3.04
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top