Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മരുഭൂമിയിലെ പനിനീര്‍ പുഷ്പം എങ്ങനെ വീട്ടില്‍ വളര്‍ത്താം?

പൂത്തുനില്‍ക്കുന്ന ഒറ്റച്ചെടി തന്നെ കാണുന്നവരില്‍ ആനന്ദമുണ്ടാക്കിയാലോ

മരുഭൂമിയിലെ പനിനീര്‍ പുഷ്പം എങ്ങനെ വീട്ടില്‍ വളര്‍ത്താം?

ഉദ്യാനങ്ങളില്‍ നാം നട്ടുവളര്‍ത്തുന്ന പല പൂച്ചെടികളും കൂട്ടമായി നട്ട് പരിപാലിച്ചാല്‍ മാത്രമേ അതിന് ഭംഗിയുണ്ടാവൂ.കനകാംബരം, കൊങ്ങിണി, നന്ത്യാര്‍വട്ടം, തെച്ചി, ഹെലിക്കോണിയ തുടങ്ങിയവ ഉദാഹരണം.

എന്നാല്‍, പൂത്തുനില്‍ക്കുന്ന ഒറ്റച്ചെടി തന്നെ കാണുന്നവരില്‍ ആനന്ദമുണ്ടാക്കിയാലോ? അത്തരമൊരു പൂച്ചെടി പുഷ്പിച്ചു നില്‍ക്കുന്ന പൂന്തോട്ടം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല.

ഇംഗ്ലീഷില്‍ ഡെസേര്‍ട്ട് റോസ് എന്നു വിളിക്കപ്പെടുന്ന ഇതൊരു വിദേശ പൂച്ചെടിയാണ്‌.എന്നാല്‍ മിക്കവാറും നമ്മുടെ എല്ലാ പൂന്തോട്ടങ്ങളിലും സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇവയെ പൂച്ചെടികളുടെ ഗണത്തിലും ഒപ്പം ബോണ്‍സായ് വര്‍ഗത്തിലും ഉള്‍പ്പെടുത്താം. അതാണ് അഡീനിയം.

ഒട്ടേറെ വൈവിധ്യങ്ങള്‍ നിറങ്ങളിലും ആകൃതിയിലുമുള്ള പൂച്ചെടിയാണ് ഇത്. ഒരു നിര ഇതളുകളുള്ള പരമ്പരാഗത ഇനങ്ങള്‍ക്കു പകരം റോസാപ്പൂവിനോടു കിടപിടിക്കുന്ന നിറത്തിലും ആകൃതിയിലുമുള്ള പൂക്കളുമായി അഡീനിയത്തിന്റെ രണ്ടട്ടി ഇതളുകള്‍(ഡബിള്‍ പെറ്റല്‍), മൂന്നട്ടി ഇതളുകള്‍(ട്രിപ്പിള്‍ പെറ്റല്‍) എന്നിവ വിപണിയില്‍ ഇന്ന് സുലഭമാണ്. ആദ്യകാലത്ത് ലഭ്യമായിരുന്നത് പിങ്ക് പൂക്കളുള്ള ഇനം മാത്രമായിരുന്നു. എന്നാല്‍ വയലറ്റ്, മഞ്ഞ, ചുവപ്പ്, വെള്ള എന്നിങ്ങനെ ഒട്ടേറെ നിറങ്ങളിലുമുള്ള ഇനങ്ങള്‍ ലഭ്യമാണ്. വര്‍ഷത്തില്‍ പലതവണ പുഷ്പിക്കുമെന്നതാണ് അഡീനിയത്തിന്റെ പ്രധാനഗുണം. അതുകൊണ്ടുതന്നെ ചട്ടികളില്‍ സംരക്ഷിച്ചു വളര്‍ത്താന്‍ ഏറ്റവും യോജിച്ച അലങ്കാരച്ചെടിയാണ് അഡീനിയം.

എളുപ്പത്തില്‍ ബോണ്‍സായ് ആകൃതി രൂപപ്പെടുത്താന്‍ യോജിച്ചതാണ് അഡീനിയം.രണ്ടോ മൂന്നോ ചെടികള്‍ ഒരുമിച്ചു വളര്‍ത്തി അന്യോന്യം തണ്ടുകള്‍ പിണച്ചെടുത്ത് ഇഷ്ടമുള്ള ആകൃതിയില്‍ ഒരുക്കിയെടുത്താണ് ബോണ്‍സായ് തയ്യാറാക്കുന്നത്. വെള്ളാരം കല്ലുകള്‍ക്കിടയില്‍ അഡീനിയം നട്ടുവളര്‍ത്തിയെടുത്ത് ഡ്രൈ ഗാര്‍ഡന്‍ തയ്യാറാക്കാം. ഇംഗ്ലീഷില്‍ 'ഡെസേര്‍ട്ട് റോസ്' എന്നാണ്് ഇതിനു വിളിപ്പേര്.

നിറയെ ജലം ശേഖരിക്കുന്ന തരത്തിലുള്ള തണ്ടുകളുള്ള അഡീനിയത്തിന്റെ പ്രാകൃതയിനങ്ങളെല്ലാം വരണ്ട കാലാവസ്ഥയിലാണ് സ്വാഭാവികമായും കാണപ്പെടാറ്.

വളര്‍ത്തിയെടുക്കാം

ആദ്യകാലത്ത് വിത്തുവിതച്ച് മുളപ്പിച്ചെടുത്താണ് തൈകള്‍ വളര്‍ത്തിയെടുത്തിരുന്നത്. എന്നാല്‍ ക്രമേണ ഇവയില്‍ പലതും പൂക്കളുടെ നിറത്തില്‍ മാതൃസസ്യത്തില്‍നിന്നു വ്യത്യാസം കാണിച്ചതിനാല്‍ തനതിനങ്ങള്‍ നിലനിര്‍ത്താന്‍ ഗ്രാഫ്റ്റിങ്ങിലേക്ക് മാറി. ഇപ്പോള്‍ ഗ്രാഫ്റ്റ് ചെയ്ത ചെടികളാണ് നടാന്‍ ഉപയോഗിക്കുന്നത്. അവ വേഗത്തില്‍ പൂവിടുമെന്നതു മാത്രമല്ല, മാതൃസസ്യത്തിന്റെ സ്വഭാവം കൃത്യമായി പകര്‍ത്തുകയും ചെയ്യുന്നു. 'അറബിക്കം' എന്നയിനം വേഗത്തില്‍ ബോണ്‍സായ് ആകൃതിയാകുന്നതാണ്.

നടീല്‍രീതിയും പരിപാലിക്കലും

അഡീനിയം വളര്‍ത്താന്‍ നല്ലത് പ്ലാസ്റ്റിക് ചട്ടിയാണ്. 10-12 ഇഞ്ച് വലുപ്പമുള്ള പ്ലാസ്റ്റിക് ചട്ടി, ആഴം കുറവുള്ള പ്ലാസ്റ്റിക് ബൗള്‍, ബോണ്‍സായ് ചട്ടി എന്നിവയെല്ലാം ഇതിനായി ഉപയോഗിക്കാം.

ഒരു ചട്ടി മണല്‍ അല്ലെങ്കില്‍ പെര്‍ലൈറ്റ്, ഒരുചട്ടി ചകിരിച്ചോറ്, അരച്ചട്ടി ചുവന്ന മണ്ണ് എന്നിവയും വളമായി ഉണങ്ങിയ ആട്ടിന്‍കാട്ടം അല്ലെങ്കില്‍ ചാണകപ്പൊടി, 100 ഗ്രാം വേപ്പിന്‍പിണ്ണാക്ക്, 1001 ഗ്രാം എല്ലുപൊടി, 50 ഗ്രാം കുമ്മായം എന്നിങ്ങനെ കലര്‍ത്തിയ നടീല്‍മിശ്രിതമാണ് ചെടി വളര്‍ത്താന്‍ അനുയോജ്യം.

പോട്ടിങ്ങ് മിശ്രിതം നിറച്ച വിത്തുപയോഗിച്ചോ ഗ്രാഫ്റ്റിങ് വഴിയോ വളര്‍ത്തിയെടുത്ത ചെടിയുടെ ഗോളാകൃതിയിലുള്ള താഴ്ഭാഗം മിശ്രിതത്തിനു മുകളില്‍ കാണുന്ന വിധത്തില്‍ ചെടി നടാം.

നീര്‍വാര്‍ച്ച ഉറപ്പു വരുത്തണം, കൊമ്പുകോതലും

വിത്തു മുളപ്പിച്ചെടുക്കുന്ന തൈകള്‍ക്ക് 6-7 മാസം പ്രായമാവുമ്പോള്‍ കൊമ്പു കോതല്‍ അത്യാവശ്യമാണ് എന്നാല്‍ ഗ്രാഫ്റ്റിങ് രീതിയില്‍ വളര്‍ത്തിയെടുക്കുന്നതിന് ആദ്യ ഒരു വര്‍ഷം കൊമ്പുകോതല്‍ ആവശ്യമില്ല. ചുവട്ടില്‍നിന്ന് 4-5 ഇഞ്ച് മുകളിലായാണ് മുറിക്കേണ്ടത്. ബോണ്‍സായ് ആകൃതിയും കുള്ളന്‍ പ്രകൃതവും നിലനിര്‍ത്താനും സമൃദ്ധമായി പുഷ്പിക്കാനും അഡീനിയത്തിനു കൊമ്പുകോതല്‍ അഥവാ പ്രൂണിങ് അത്യാവശ്യമാണ്.

വിത്തുവഴി വളര്‍ത്തിയെടുത്ത ചെടിയുടെ തലപ്പ് ചെറുപ്രായത്തില്‍ തന്നെ മുറിച്ചു നീക്കിയാല്‍ തണ്ടിന്റെ താഴ്ഭാഗം എളുപ്പത്തില്‍ ഗോളാകൃതിയിലാകും.

ഗ്രാഫ്റ്റ് ചെയ്ത ചെടിയുടെ പൂവിട്ടു കഴിഞ്ഞ തണ്ടുകളാണ് കോതേണ്ടത്. കടുത്ത മഴക്കാലം കഴിഞ്ഞുള്ള കാലാവസ്ഥയാണ് അഡീനിയം കൊമ്പുകോതാന്‍ ഏറ്റവും യോജിച്ച സമയം. കൊമ്പുകോതിയ ചെടി അനുകൂല കാലാവസ്ഥയില്‍ ഉല്‍പാദിപ്പിക്കുന്ന തളിര്‍പ്പുകളാണ് നന്നായി പൂക്കുന്നത്. കൊമ്പു കോതിക്കഴിഞ്ഞാല്‍ മുറിച്ച ഭാഗത്ത് കുമിള്‍ നാശിനി കലക്കി തേച്ചു പിടിപ്പിക്കണം. അല്ലെങ്കില്‍ കുമിള്‍ ബാധ വരാന്‍ സാധ്യതയുണ്ട്. ദിവസത്തില്‍ നാലഞ്ചു മണിക്കൂറെങ്കിലും നേരിട്ട് വെയില്‍ കിട്ടുന്നിടത്താണ് അഡീനിയം പരിപാലിക്കേണ്ടത്. വേനല്‍ക്കാലത്ത് ദിവസവും ഒരു നേരം നേരിയ തോതില്‍ നനയ്ക്കണം.

ദിവസവുമുള്ള നന ചെടിയില്‍ പൂക്കളുടെ ആയുസ്സ് കൂട്ടാന്‍ സഹായിക്കും.മഴക്കാലത്തു നേരിട്ട് മഴവെള്ളം ചെടിയില്‍ വീഴാത്തയിടങ്ങളില്‍ സംരക്ഷിക്കണം. നടീല്‍ മിശ്രിതം  ഉണങ്ങുന്നതായി കണ്ടാല്‍ നനയ്ക്കണം.

ചെടികളുടെ ആരോഗ്യമുള്ള വളര്‍ച്ചയ്ക്ക് ഉണക്കിപ്പൊടിച്ച ആട്ടിന്‍കാഷ്ഠം, കപ്പലണ്ടിപിണ്ണാക്കും വേപ്പിന്‍പിണ്ണാക്കും പുളിപ്പിച്ചെടുത്തതിന്റെ തെളി നേര്‍പ്പിച്ചത്, ഗോമൂത്രം 20 ഇരട്ടി വെള്ളംചേര്‍ത്ത് നേര്‍പ്പിച്ചത്, എന്‍.പി.കെ. 18:18:18 എന്നിവയെല്ലാം വളമായി ഉപയോഗിക്കാം. മിശ്രിതത്തില്‍ എല്ലുപൊടി കലര്‍ത്തി നല്‍കുന്നത് നന്നായി പൂക്കാനും കായ്ക്കാനും ഉപകരിക്കും. 2-3 വര്‍ഷത്തിലൊരിക്കല്‍ ചട്ടിയിലെ പഴയ മിശ്രിതം  മാറ്റി പുതിയതു നിറച്ച് ചെടി വീണ്ടും നടാം.

സംരക്ഷിക്കാം

ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടിനിര്‍ത്തരുത് എന്നതാണ് സംരക്ഷണത്തിന്റെ ബാലപാഠം. ചെടി നടുന്ന മിശ്രിതത്തില്‍ ഇന്‍ഡോഫില്‍ കുമിള്‍ നാശിനി (മൂന്നു ഗ്രാം / ലീറ്റര്‍ വെള്ളത്തില്‍) കലര്‍ത്തുന്നത് വേരുചീയല്‍ രോഗത്തില്‍നിന്ന് അഡീനിയത്തെ സംരക്ഷിക്കും. മഴക്കാലത്ത് ഇതേ കുമിള്‍നാശിനി രണ്ടാഴ്ചയിലൊരിക്കല്‍ ചെടിയില്‍ തളിച്ച് കുമിള്‍ബാധ ഒഴിവാക്കാം.

പൂമൊട്ടുകളുടെ ആകൃതി മാറി വിരിയാതെ കൊഴിയുന്നതും ഒപ്പം ഇലകള്‍ മഞ്ഞളിച്ച് പൊഴിയുന്നതും ചെറുപ്രാണികള്‍ വഴി ഉണ്ടാകുന്ന കീടബാധയുടെ ലക്ഷണമാണ്. രണ്ടാഴ്ചയിലൊരിക്കല്‍ 'കോണ്ടാഫ്'കുമിള്‍നാശിനി രണ്ടുമില്ലി ലിറ്റര്‍ ഒരു ലിറ്റര വെള്ളത്തില്‍ കലക്കി തളിക്കാം. 'ടാറ്റാമിഡാ' കീടനാശിനിയും ഇങ്ങനെ ഉപയോഗിക്കാം. തണ്ടുതുരപ്പന്‍പുഴുവിന്റെ ശല്യം അകറ്റാന്‍ ചട്ടിയിലെ മിശ്രിതം വൃത്തിയായി സൂക്ഷിക്കുന്നതിനാല്‍ സാധ്യമാവും. ഇലകള്‍ വാടി തണ്ട് ക്ഷീണിച്ചു നില്‍ക്കുന്നതാണ് തണ്ടുതുരപ്പന്‍പുഴുവിന്റെ ആക്രമണത്തിന്റെ ലക്ഷണങ്ങള്‍ കാണുന്ന കമ്പുകള്‍ മുറിച്ചുമാറ്റി കുമിള്‍ നാശിനി പുരട്ടി സംരക്ഷിക്കാം.

2.91666666667
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top