Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മധുര വിപ്ലവത്തിന് ആദായപ്പഴങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്

ആമുഖം

പുരാതന കാലം മുതലേ കേരളവും മലയാള ജനതയും ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.’ദൈവത്തിന്‍റെ സ്വന്തം നാട്’എന്ന വിഖ്യാതി നേടാന്‍ തക്കവിധം ഈ മണ്ണും ജനസമൂഹവും അനുഗ്രഹീതമായി.മലയാളിയുടെ അതിജീവനശേഷി മറ്റേതൊരു ജനതയെക്കാളും ബഹുദൂരം മുന്നിലാണെന്ന് ഈ ജനസമൂഹത്തിന്റെ പിന്നാംപുറങ്ങളിലേക്ക് ഒരെത്തിനോട്ടം നടത്തിയാല്‍ മനസ്സിലാകും.

കൃഷി എന്ന മഹത്തായ അതിജീവന മേഖലയില്‍ പഴമയുടെയും പുതുമയുടെയും സമന്വയത്തിന് വലിയ സ്ഥാനമുണ്ടെന്ന് ഉറപ്പിക്കുന്നതാണ് അടുത്തകാലത്ത് മറുനാടന്‍ പഴങ്ങള്‍ക്കു ലഭിച്ചിട്ടുള്ള വലിയ സ്വീകാര്യത.ഇവയില്‍ പലതും കേരളമണ്ണില്‍ ആഴത്തില്‍ വേരോടാന്‍ കാരണമായതോ,ഏതു വിളയും തന്‍റെ തൊടിയില്‍ വളര്‍ത്താന്‍ തയ്യാറാകുന്ന മലയാളിയുടെ സാഹസികതയും.ഇതിന്‍റെ പരിണിതഫലമാണ് ഇന്ന് കേരളത്തില്‍ പലയിടത്തും ഇതര സംസ്ഥാനങ്ങളിലും വിജയകരമായി വെരോടിയിട്ടുള്ള പുത്തന്‍ ഫലവൃക്ഷങ്ങളുടെ തോട്ടങ്ങളും അവയുടെ വിപണനകേന്ദ്രങ്ങളും.

മനുഷ്യന്‍റെ ജീവിതവും സംസ്കാരവുമായി അഭേദ്യബന്ധമുള്ള കാര്‍ഷികവിഭവമാണ് പഴങ്ങള്‍.ആരോഗ്യമുള്ള ഒരു മനുഷ്യന്‍ ശരാശരി 100ഗ്രാം പഴങ്ങള്‍ നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുന്നു.ജീവിത ശൈലി രോഗങ്ങള്‍ സാധാരണമായ ഈ കാലത്ത് ഭാരതീയ വൈദ്യശാസ്ത്ര സമിതിയുടെ ശുപാര്‍ശ ഭക്ഷണ ശീലത്തില്‍ നടപ്പാക്കണമെങ്കില്‍ നമ്മുടെ വീട്ടുവളപ്പില്‍ ഫലവൃക്ഷങ്ങള്‍ സമൃദ്ധമായി വിലയണം.

മലയാളിയുടെ വീട്ടുമുറ്റത്ത് ഒരു കാലത്ത് പേരയും ചാമ്പയും പപ്പായയും മാങ്ങയുമൊക്കെ സമൃദ്ധമായി വിളഞ്ഞിരുന്നു.ഈ പഴങ്ങള്‍ക്കു വേണ്ടി കുട്ടികളും മുതിര്ന്നവര്‍പോലും ആവേശത്തോടെ തൊടിയിലിരങ്ങിയിരുന്നത്പണ്ട് സാധാരണ കാഴ്ച്ചയായിരുന്നു.സവിശേഷമായ കാലാവസ്ഥാവൈവിധ്യത്തില്‍ ഒട്ടേറെ ഫലവൃക്ഷങ്ങള്‍ വളര്‍ന്നിരുന്ന മലയാളി മണ്ണിലേക്ക് അതിഥികളായി എത്തിയ മറുനാടന്‍,വിദേശപഴങ്ങള്‍ക്കു ലഭിച്ച സ്വീകാര്യത ആരെയും  അത്ഭുതപെടുതുന്നതാണ്.

കേരളത്തിന്‍റെ ഹരിത ശോഭയും വിളവൈവിധ്യവും ഫലസമൃതിയുമൊക്കെ ഏതൊരു സഞ്ചരിയെയും വിസ്മയം കൊള്ളിച്ചിട്ടുണ്ട്.കണ്ണുകളെയും ഹൃദയത്തേയും കുളിരണിയിക്കുന്ന ഹരിതശോഭ എവിടേയും ദൃശ്യമാകുന്നു.എന്നതാണ് ഈ ദേശത്തിന്‍റെ ഏറ്റവും വലിയ സവിശേഷതയും.കേരളത്തിന്‍റെ വിളവൈവിധ്യത്തിനും ഫലസമൃദ്ധിക്കും പിന്നില്‍ ഏതു വിളയേയും പരിപാലനരീതികളേയും ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന മലയാളിയുടെ സമീപനമാനുള്ളത്.ഇതിന്‍റെ തുടര്‍ച്ചയെന്നോണം അടുത്തകാലത്തായി ഏതാനും മധുരക്കനികള്‍ കൂടി വിരുന്നുകാരായിഎത്തി.ഇവരില്‍ പ്രധാനികളായ റംബുട്ടാന്‍,ദുരിയാന്‍,മാങ്കോസ്റ്റിന്‍,പുലാസാന്‍,ലോങ്ങന്‍,ലോന്ങ്കോങ്ങ് എന്നിവ കേരളത്തിന്‍റെ ഫലസമൃദ്ധിയുടെ നിറസന്നിധ്യമായി.ശ്രദ്ധാര്‍ഹമായരൂപഭംഗിയും കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണകൂട്ടുകളും ഭക്ഷ്യയോഗ്യമായ കമ്പിനുള്ളില്‍ നാവിലെ രസമുകുളങ്ങളെ ഉത്തേജിപ്പിക്കുന്ന മാധുര്യവും തനതു സ്വാധുമൊക്കെ ഒളിപ്പിച്ചുവെച്ച ഇത്തരം മറുനാടന്‍,വിദേശപഴങ്ങളുടെ കൃഷിയും വിപണനവും കേരളത്തിന്‍റെ സമ്പദ്ഘടനയെ മെച്ചപെടുത്തുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നു.ഇത്തരം പുതുപുത്തന്‍ മറുനാടന്‍ പഴങ്ങളില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ റംബുട്ടാന്‍ പഴങ്ങളുടെ കൃഷി രീതിയും സാദ്ധ്യതകളുമാവട്ടെ ഇത്തവണത്തെ കൈബുസ്തകത്തിന്റെ മുഖ്യപ്രതിപാദ്യം.

കേരളത്തിലെ കാര്‍ഷികരംഗം പലകാരണങ്ങള്‍കൊണ്ടും തിരിച്ചടി നേരിടുമ്പോള്‍ പാരമ്പര്യമായി പിന്തുടരുന്ന കൃഷികളില്‍നിന്നും കൃഷിരീതികളില്‍നിന്നും ഒന്നു വഴിമാറി ചിന്തിക്കാന്‍ കാലമായി.കേരളത്തിന്‍റെ മാറിവരുന്ന തൊഴില്‍ സംസ്കാരത്തിന് ആനുപാതികമായി കൃഷി രീതിയിലും മാറ്റം അനിവാര്യമാണ്.ലഭ്യമായ അനുകൂല ഘടകങ്ങളുടെയും വിശാലമായ വിപണിയുടെയും ഉപഭോക്താവിന്‍റെ ക്രയവിക്രയശേഷിയുടെയും പശ്ചാതലത്തില്‍ കേരളത്തിന്‌ അവലംബിക്കവുന്നതും സമയബന്ധിതമായി നടപ്പകവുന്നതുമായ നൂതന കാര്‍ഷിക വിപണന തന്ത്രങ്ങള്‍ ഒട്ടേറെയാണ്.ഇവയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ് മറുനാടന്‍ പഴങ്ങളുടെ വിപുലമായ കൃഷിയും വിപണനവും.

സാമൂതിരിയുടെ വാക്കു കടമെടുത്തുകൊണ്ട് കേരളത്തിനു സ്വന്തമായ ‘ഞാറ്റുവേല’യുടെ അനന്തസാധ്യതകളിലേക്ക് പറിച്ചു നടപ്പെട്ട് ,ഗുണത്തിലും ഉല്‍പ്പാദനതിലും മുന്തിയ പ്രകടനവും അതിലൂടെ ഉയര്‍ന്ന വരുമാനവും ഉറപ്പുനല്‍കുന്ന ഒരുപിടി മറുനാടന്‍ ഫലവൃക്ഷങ്ങളുടെ കൃഷി കേരളത്തിന്‍റെ സമ്പത്ത്ഘടനക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നതില്‍ സംശയമില്ല.ഭാരതം ആദ്യ ഘട്ടത്തില്‍ വര്‍ധിച്ചുവരുന്ന ജനസമൂഹത്തിന്റെ വിശപ്പടക്കാന്‍ ഹരിതവിപ്ലവവും കൂടുതല്‍ ആരോഗ്യമുള്ള ജനതകായി ധവലവിപ്ലവവും പിന്നീട് തോഴില്‍,വരുമാന സുസ്ഥിതിക്കായി വ്യാവസായിക വിപ്ലവവും സൃഷ്ട്ടിച്ച് അതതു കാലഘട്ടത്തെ സമ്പന്നവും ഐശ്വര്യപൂര്‍ന്നവുമാക്കിയത്പോലെ കേരളം ഇപ്പോള്‍ ഒരു മധുരവിപ്ലവത്തിനു തുടക്കം കുറിക്കുകയാണ്.

റംബുട്ടാന്‍

മലയാളിയുടെ മനസ്സിലും മണ്ണിലും റംബുട്ടാന്‍ ചുവടുറപ്പിച്ചിട്ട് ഏറെ നാളായിട്ടില്ല.തെക്കുകിഴക്കന്‍ ഏഷ്യാരാജ്യങ്ങളില്‍ ജനപ്രീതി നേടിയ റംബുട്ടാന്‍ നിത്യ ഹരിത വൃക്ഷമാണ്.വീട്ടുവളപ്പിലും തോട്ടങ്ങളിലും നട്ടുവളര്‍ത്താന്‍ യോഗ്യമായ ഈ ഫലവൃക്ഷം 8 മുതല്‍ 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരാറുണ്ട്.ഇത് വിവിതതരം വിറ്റാമിനുകള്‍,ധാതുക്കള്‍,കാര്‍ബോഹൈഡ്രറ്റുകള്‍,മറ്റ് സസ്യജന്യസംയുക്തങ്ങള്‍ എന്നിവയാല്‍ സമൃദ്ധമാണ്.പുറംതോടിലും പള്പ്പിലും അടങ്ങിയിരിക്കുന്ന നിരവധി ആന്‍റി-ഓക്സിഡന്റുകള്‍ശരീര കോശങ്ങളെ കാന്‍സറില്‍ നിന്നും മറ്റ് ജീവിത ശൈലി രോഗങ്ങളില്‍ നിന്നും  സരക്ഷിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

സസ്യശാസ്ത്രം

സാപ്പിന്‍ഡസി സസ്യകുടുംബത്തിലെ അംഗമായ റംബുട്ടാന്‍ നെഫേലിയം ലപ്പെസിയം (Nephelium lappaceum)എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപെടുന്നു. റംബുട്ട് എന്ന മലയന്‍ പദത്തില്‍ നിന്നാണ് റംബുട്ടാന്‍ എന്ന വാക്കിന്‍റെ ഉത്ഭവം.രോമാവൃതം എന്നാണിതിന്റെ അര്‍ഥം.ഫലങ്ങള്‍ ഉരുണ്ടതോ മുട്ടയുടെ ആക്രിതിയിലുല്ലതോ ആകാം.അഞ്ചു മുതല്‍ ഇരുപത് പഴങ്ങള്‍ വരെ ഒരു കുലയില്‍ ഉണ്ടാകുന്നത് സാധാരണയാണ്.തുകല്‍പോലെ കട്ടിയുള്ള പുറം തൊലി രണ്ടു നിറങ്ങളില്‍ കാണപെടുന്നു കടും ചുവപ്പും മഞ്ഞയും നിറങ്ങളില്‍ പഴങ്ങള്‍ കുലകളായി വിന്യസിച്ചിരിക്കുന്നത് കാഴ്ച്ചക്ക് വളരെ മനോഹരമാണ്.ഓരോ പഴത്തിലും തവിട്ടുനിറത്തിലുള്ള ഒരു വിത്ത് ഉണ്ടാകും.ഇത് ഭക്ഷ്യയോഗ്യമല്ല.

കാലാവസ്ഥയും മണ്ണും.

ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നന്നായി വളരുന്ന റംബുട്ടാന്‍ കേരളത്തിന്‍റെ കാലാവസ്ഥക്ക് യോജ്യമാണ്. റംബുട്ടാന്‍ മരങ്ങള്‍ ഏറ്റവും നന്നായി വളരുന്ന ഫലങ്ങള്‍ നല്‍കുന്നത് 20 മുതല്‍ 35 വരെ ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ്.എന്നാല്‍ ചെറിയ തോതിലുള്ള താപവ്യതിയാനം വളര്‍ച്ചയെ കാര്യമായി ബാധിക്കാറില്.വര്‍ഷത്തില്‍ 150 മുതല്‍ 250 സെ.മീ വരെ മഴയും ആവശ്യമാണ്.എല്ലാതരം മണ്ണിലും വളരുമെങ്ങിലും നല്ല നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണാണ് നല്ല വളര്‍ച്ചക്കും മികച്ച വിളവിനും യോജ്യം.അന്തരീക്ഷ ആര്‍ദ്രത(ഹ്യുമിഡിറ്റി)60ശതമാനത്തിനും 90 ശതമാനത്തിനും ഇടയിലാകുന്നത് നന്ന്‍.മണ്ണിന്‍റെ അമ്ല-ക്ഷാരനില (പി.എച് മൂല്യം)4.5 നും 6 നും ഇടയ്ക്കായിരിക്കണം.ക്ഷാരസ്വഭാവം കൂടിയ മണ്ണ്‍ റംബുട്ടാനു യോജ്യമല്ല.ഉപ്പുരസമുള്ള മണ്ണിലും റംബുട്ടാന്‍ വളരാറില്ല.മണ്ണിന്‍റെ ഉയര്‍ന്ന തോതിലുള്ള ജൈവാംശം മരങ്ങളെ പുഷ്ട്ടിയോടെ വളരാന്‍ സഹായിക്കുന്നു.വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ കൃഷി പാടില്ല.നല്ല സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ ചെരിവുള്ള സ്ഥലങ്ങളില്‍ മികച്ച വിളവു കിട്ടും.

പ്രധാന ഇനങ്ങള്‍.

ഹോംഗ്രോണ്‍ വിപണനം ചെയ്യുന്ന പ്രധാന വാണിജ്യ ഇനങ്ങള്‍ N18, റോങ്ങ്റീന്‍,ബിന്‍ജായ്,സ്കൂള്‍ ബോയ്‌,മലവാന സ്പെഷല്‍ എന്നിവയാണ്.കിങ്ങ്,E 35 എന്നിവ വീട്ടുവളപ്പില്‍ യോജിച്ച ഇനങ്ങള്‍.

ഹോംഗ്രോണ്‍ റംബുട്ടാന്‍ തൈകള്‍ -സവിശേഷത

മണ്ണിലെ ഉയര്‍ന്ന തോതിലുള്ള ജൈവംശമാണ് റംബുട്ടാന്‍ കൃഷി വിജയിക്കാന്‍ വേണ്ട പ്രധാന ഘടകം.അതുകൊണ്ട് തന്നെ മികച്ച വിളവുള്ള മരങ്ങളുടെ വേരുകളോട് ചേര്‍ന്നുള്ള സൂഷ്മജീവികളെ കണ്ടെത്തി അവ ധാരാളമായി നഴ്സറിചെടികള്‍ക്കു ലഭ്യമാക്കുന്ന നൂതന സാങ്കേതിക വിദ്യയിലൂടെ ഉരുത്തിരിച്ചെടുത്ത ഹോംഗ്രോണ്‍ റംബുട്ടാന്‍ തൈകള്‍ ഏറ്റവും കരുതുള്ളവയും,കൃഷിയിടത്തില്‍ നന്നായി വളര്‍ന്ന്‍ ഫലം നല്കുന്നവയുമാണ്.ഉപകാരികളായ ഒട്ടേറെ സൂഷ്മ ജീവികളുടെ കൂട്ടുകെട്ട്(Beneficial Micribial Consortium)ഫലവൃക്ഷങ്ങളെ പ്രകൃതി സൗഹൃദ ജൈവകൃഷി രീതിക്ക് ഉപയുക്തമാകുന്നു.

പ്രജനനവും കൃഷിരീതികളും

റംബുട്ടാന്‍ മരങ്ങളില്‍ ആണ്‍പെണ് വ്യത്യാസമുള്ളതിനാല്‍ വിത്ത് മുളച്ചുണ്ടാകുന്ന തൈകള്‍ കൃഷിക്ക് ഉപയോഗിക്കരുത്.പകരം മുകുളനം (budding)വഴി ഉരുത്തിരിച്ചെടുത്ത ഉയര്‍ന്ന ഗുണമേന്മയുള്ള തൈകളാണ് ഉപയോഗിക്കേണ്ടത്.ഇത്തരം തൈകള്‍ നട്ട് മൂന്നാം വര്‍ഷം മുതല്‍ പുഷ്പ്പിക്കുകയും നല്ല പരിചരണം നല്‍കിയാല്‍ ആറു മുതല്‍ എട്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉയര്‍ന്ന വിലവുനല്കുകയും ചെയ്യും.

മികച്ച വിളവിനും വളര്‍ച്ചക്കും മരങ്ങള്‍ തമ്മില്‍ 40 അടി അകലം നല്‍കുന്നതാണ് കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ നല്ലത്.ഇപ്രകാരം ഒരു ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യാന്‍ 30 മുതല്‍ 35 വരെ തൈകള്‍ മതി.ഒരു മീറ്റര്‍ സമച്ചതുരത്തിലെടുത്ത കുഴിയില്‍ മേല്‍മണ്ണ്‍,ട്രൈക്കോഡര്‍മ സമ്പുഷ്ട ചാണകകൂട്ട്,ഒരു കിലോ റോക്ക് ഫോസ്ഫേറ്റ് എന്നിവ യിജിപ്പിച്ചു നിറക്കാം.തറനിരപ്പില്‍ നിന്ന് ഒരടി ഉയരത്തില്‍ മൂന്നടി വ്യാസത്തില്‍ കൂനകൂട്ടി തൈ നടാം.തുടര്‍ന്ന് തൈകള്‍ നടാന്‍ പാകത്തില്‍ പിള്ളക്കുഴി തയ്യാറാക്കി അതില്‍ ഒരു പിടി ചാണക കൂട്ടും ഒരു പിടി റോക്ക് ഫോസ്ഫേറ്റും തൂകിയതിനുശേഷം പോളിത്തീന്‍ കവറിനുള്ളിലെ മണ്ണുടയാതെ,വളരെ ശ്രദ്ധയോടെ കവര്‍ നീക്കി തൈകള്‍ നടാം.ചെടിക്കു ചുറ്റുമായി മൂന്നടി ചുറ്റളവില്‍ വൃത്താകൃതിയില്‍ തടമെടുക്കുന്നത് നനക്കുന്നതിനും തുടര്‍ന്ന് വളമിടുന്നതിനും സൗകര്യപ്രധമാണ്.ചെടികള്‍ക്ക് ആറു മാസത്തിനു ശേഷം വളപ്രയോഗം നടത്താം.വരണ്ട കാലാവസ്ഥയില്‍ ചെടികള്‍ നന്നായി നനക്കണം.

കീടങ്ങള്‍ പെരുകി ഫലവൃക്ഷങ്ങളെ രോഗതുരമാക്കുന്നതില്‍ കളകള്‍ക്ക് നല്ല പങ്കുണ്ട്.അതിനാല്‍ കളകള്‍ യഥാസമയം നീക്കം ചെയ്ത് തോട്ടം വൃത്തിയായി സൂക്ഷിക്കണം.

ഉയരത്തില്‍ വളരാനുള്ള പ്രവണതയുല്ലതിനാല്‍ ചെറുപ്രായത്തില്‍ തന്നെ റംബുട്ടാന്‍ മരങ്ങളെ രൂപപെടുത്തി(training)എടുക്കേണ്ടത്ഉണ്ട്.ചെടികള്‍ ഏകദേശം നാല് അടിയെത്തുമ്പോള്‍ ശാഖകള്‍ കരുത്തോടെ മുളക്കാന്‍ രണ്ടര മുതല്‍ മൂന്ന് അടിവരെ ഉയരത്തില്‍ ഉയരത്തില്‍ മുരിച്ച് നിര്‍ത്തണം.മൂന്നോ നാലോ കരുത്തുള്ള മുളകള്‍ പല ദിശകളിലേക്ക് വളര്‍ന്നു വരുന്നതിനായി ബാക്കിയുള്ള മുളകള്‍ നുള്ളി നീക്കണം.ഇവ ഓരോന്നും വളര്‍ന്ന്‍ രണ്ടടി വരുന്ന മുറക്ക് ശാഖകളുടെ അഗ്രഭാഗത്ത് മുളശാഖകള്‍ വളരാന്‍ സാഹചര്യമൊരുക്കണം.ഇത്തരം ശാഖകള്‍ ഒന്നരയടി ആകുമ്പോള്‍ ഒരടിക്കുവെച്ച് മുറിക്കണം.തുടര്‍ന്നു വളരുന്ന ശാഖകള്‍ മരത്തെ ഒരു കുടപോലെ വളര്‍ന്നു പന്തലിക്കാന്‍ സഹായിക്കും.രണ്ടു വര്‍ഷം കൊണ്ട് ഈ രൂപപെടുത്തല്‍ പ്രക്രിയ പൂര്‍ത്തിയാക്കാം.

വളമിടീല്‍,നന

വളപ്രയോഗത്തോട്‌ നന്നായി പ്രതികരിക്കുന്ന ഫലവൃക്ഷമാണ്‌ റംബുട്ടാന്‍.തൈകള്‍ നട്ട് ആദ്യ നാമ്പുകള്‍ വന്ന് ഇല മൂത്തതിനുശേഷം വേണം വളമിടാന്‍.അഞ്ചു കിലോ കാലിവളം അല്ലെങ്കില്‍ കമ്പോസ്റ്റ് വിതറി മണ്ണ്‍ കൂട്ടികൊടുകുന്നത് നല്ലതാണു.ഒപ്പം ധാരാളം ഉണങ്ങിയ ഇലകള്‍ ഇട്ട് പുതയിടുന്നതും ഉപകാരികളായ സൂഷ്മ ജീവികളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്ന ജീവാമൃതം പോലുള്ള ലായനികള്‍ അതിനു മുകളില്‍ ഒഴിച്ചുകൊടുക്കുന്നതും വളര്‍ച്ചക്ക് നന്ന്‍.എല്ലാ മാസവും ചെടികള്‍ക്ക് ജീവാമൃതം കൊടുക്കുന്നതു വളര്‍ച്ചയെ ഒരു പരിധിവരെ അതിജീവിക്കാന്‍ അവയെ സഹായിക്കും.കാലിവളം ട്രൈക്കൊടര്‍മ സംബുഷ്ട്ടമായി നല്‍കുന്നതും ഏറെ പ്രയോജനം ചെയ്യും.

വര്‍ഷത്തില്‍ മൂന്ന് തവണ എല്പികെ 18 കോംപ്ലക്സ് നൂറു ഗ്രാം വീതം നല്‍കിയാല്‍ ചെടികള്‍ കൂടുതല്‍ കരുത്തോടെ വളരുകയും ശാഖകളും ഉപശാഖകളും വളര്‍ന്ന് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അഗ്രശാഖകളെ പൂപിടിതത്തിനു സജ്ജമാക്കുകയും ചെയ്യും.

ചെടികള്‍ നട്ട് ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ മണ്ണില്‍ വേണ്ടത്ര ജലാംശം ഇല്ലെങ്ങില്‍ നന്നായി നനക്കണം.തടങ്ങളില്‍ ഉണങ്ങിയ ഇലകൊണ്ട് പുതയിടുന്നതും കൊള്ളാം.വരണ്ട കാലാവസ്ഥയില്‍ ഏതു പ്രായത്തിലുള്ള മരങ്ങളും നനക്കേണ്ടിവരും.പൂക്കള്‍ വിരിയുന്ന സമയത്തും കായ് പിടിതത്തിന്റെ തുടക്കത്തിലും ചെടികള്‍ക്ക് വേണ്ടത്ര ജലം ലഭിച്ചില്ലെങ്കില്‍ പൂക്കള്‍ കൊഴിഞ്ഞുപോകാനിടയുണ്ട്.

ആറു വര്‍ഷത്തിനുമേല്‍ പ്രായമുള്ള മരങ്ങള്‍ക്ക് ഒരു കിലോ NPK18 കോംപ്ലക്സ്,30 കിലോ ചാണകപൊടി/കമ്പോസ്റ്റ് എന്നിവ നല്‍കണം.വിളവെടുപ്പിനെ തുടര്‍ന്നുള്ള കമ്പുകോതലിനുശേഷം ആണ് വളം ഇടേണ്ടത്.ഇപ്രകാരം ഓഗസ്റ്റ്/സെപ്തംബര്‍ മാസങ്ങളില്‍ നൈട്രജന്‍ കലര്‍ന്ന സംയുക്ത വളങ്ങള്‍ നല്‍കുന്നത് തുടര്‍ന്ന് വരുന്ന വര്‍ഷങ്ങളില്‍,കരുത്തേറിയ പൂങ്കുലകള്‍ ഉണ്ടാകുന്നതിനെ സഹായിക്കുന്ന ശാഖകള്‍ ഉണ്ടാക്കാന്‍ വഴിയൊരുക്കും.

കമ്പുകോതലിനുശേഷം വളര്‍ന്നു വരുന്ന ചെറു ശാഖകളിലാണ്‌ പൂങ്കുലകള്‍ ഉണ്ടാകുന്നത്.ഇത്തരം ശാഖകള്‍ വളര്‍ന്ന് ഇലകള്‍ മൂപ്പെത്തിയത്തിനു ശേഷമാണു അവയുടെ അഗ്രഭാഗങ്ങളില്‍ പൂങ്കുലകള്‍ ഉണ്ടാകുന്നത്.എന്നാല്‍ അസമയത്ത് പെയ്യുന്ന മഴയും മണ്ണിലെ നൈട്രജന്റെ ഉയര്‍ന്ന അളവുംമൂലം ചില വര്‍ഷങ്ങളില്‍ പൂങ്കുലകള്‍ക്കുപകരം ഇല തളിര്‍പ്പുകള്‍ ഉണ്ടാകാറുണ്ട്.അപ്പോള്‍ പൂപ്പിടുത്തം തടസപെടും.ഒന്നിടവിട്ട വര്‍ഷങ്ങളില്‍ വൃക്ഷത്തിനു മൂന്ന് മീറ്റര്‍ ചുറ്റളവിലായി രണ്ടു കിലോ വരെ ഡോലോമൈട്റ്റ് നല്‍കുന്നത് വളരെ ഫലപ്രദമായി കണ്ടുവരുന്നു.പരാഗണം നടന്ന് രണ്ടു മാസങ്ങള്‍ക്ക് ശേഷം പ്രായമനുസരിച്ച് 300 മുതല്‍ 1000 ഗ്രാം വരെ മ്യുറിയേറ്റ് ഓഫ്‌ പൊട്ടാഷ് നല്‍കുന്നത് മേന്മയുള്ള പഴങ്ങള്‍ ഉണ്ടാകാന്‍ സഹായകരമാണ്.വിളവെടുപ്പിന് ഒരു മാസം മുമ്പും ഇതേ അളവില്‍ പൊട്ടാഷ് നല്‍കാം.

പൂവിടലും പരാഗണവും

ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണ് കേരളത്തില്‍ റംബുട്ടാന്‍ പൂക്കാലം.കൊമ്പുകോതലിനെതുടര്‍ന്നുള്ള വളപ്രയോഗത്തിലൂടെ ശാഖകള്‍ വളര്‍ന്നു പന്തലിച്ച് ഇലകള്‍ നല്ല മൂപ്പെത്തിയത്തിനു ശേഷം ഡിസംബര്‍ - ജനുവരി മാസങ്ങളിലെ വരണ്ട കാലാവസ്ഥയില്‍,സജ്ജമായ അഗ്രശാഖകളിലാണ്‌ പൂങ്കുലകള്‍ ഉണ്ടാകുന്നത്.ചെടികള്‍ക്കു വരണ്ട കാലാവസ്ഥ വേണ്ടത്ര ലഭിച്ചില്ലെങ്കില്‍ അവ തളിര്‍ക്കുകയും പൂപിടിത്തം തടസപെടുകയും ചെയ്യും.ഈ മാസങ്ങളിലെ തുടര്‍ച്ചയായ മഴ ചെടികളെ തളിരണിയിക്കുകയും പുഷ്പ്പിക്കലിനെ കാര്യമായി ബാധിക്കുകയും ചെയ്യാറുണ്ട്.

കരുത്തുറ്റ അഗ്രശാഖകളില്‍ ഉണ്ടാകുന്ന പൂങ്കുലകള്‍ വികാസം പ്രാപിച്ച് ധാരാളം പൂക്കള്‍ വിടരാന്‍ മണ്ണില്‍ നല്ല തോതില്‍ ജലാംശം വേണം.ഒരു പൂങ്കുലയില്‍ ഏകദേശം 2000 പൂക്കള്‍ ഉണ്ടാകാറുണ്ട്.ഇവയെല്ലാംതന്നെ ഘടനയില്‍ ദ്വിലിംഗ പുഷ്പ്പങ്ങള്‍ രണ്ടു തരത്തിലുണ്ട്.ഒരു പൂങ്കുലയിലെ 95 ശതമാനത്തിലധികം പൂക്കള്‍ ഘടനയില്‍ ദ്വിലിംഗ പുഷ്പ്പങ്ങളാനെങ്കിലും ധര്മത്തില്‍ പെന്പൂക്കളാണ്.ഒരു ചെറിയ ശതമാനം പൂക്കള്‍ ഘടനയില്‍ ദ്വിലിംഗ പുഷപ്പങ്ങളും ധര്‍മ്മത്തില്‍ ആണ്‍പൂക്കളുമാണ്‌.ഇത്തരം ആണ്‍പൂക്കളുടെ ശതമാനം ഇനമനുസരിച് ഏറിയും കുറഞ്ഞുമിരിക്കും.എന്നാല്‍ ആണ്‍പൂക്കളുടെ അഭാവം ചിലവര്‍ഷങ്ങളില്‍ കായ്പിടുത്തത്തെ ബാധിക്കാറുണ്ട്. ആണ്‍പൂക്കളുടെ ശതമാനം കൂട്ടി,പരാഗണവും കായ്പിടുത്തവും വര്‍ധിപ്പിച്ച് മുന്തിയ വിളവുനേടാന്‍ സഹായിക്കുന്ന ചില സാങ്കേതിക വിദ്യകള്‍ ഹോംഗ്രോണിന്‍റെ ഗവേഷണ വിഭാഗം ഉരുത്തിരിചിട്ടുണ്ട്.

വളരെ ചെറിയ അനാകര്‍ഷങ്ങളായ പൂക്കള്‍ പൂങ്കുലയില്‍ വിന്യസിച്ച് അവയെ എങ്ങനെയും പരാഗണത്തിന് സജ്ജമാക്കാന്‍ പ്രകൃതി കുറച്ചൊന്നുമല്ല സഹായിക്കുന്നത്.പൂക്കള്‍ അനാകര്‍ഷകമെങ്കിലും ഇവയ്ക്ക് ചെറിയ സുഗന്ധമുണ്ട്.ഇതും പൂന്തേനുമാണ് പരാഗണം  നടത്തുന്ന തേനീച്ചകളെ ഇവയിലേക്ക് ആകര്‍ഷിക്കുന്നത്.പെണ്‍പൂക്കളുടെ ധര്‍മം നിര്‍വഹിക്കുന്ന ദ്വിലിംഗ പുഷ്പ്പങ്ങളില്‍ ശുഷ്ക്കമായ ആറു കേസരങ്ങളും രണ്ട് അണ്ഡ കൊഷങ്ങലുള്ളതില്‍ ഒന്നു മാത്രമേ ബൂജസങ്കലനം നടന്ന്‍ ഫലപ്രാപ്തിയില്‍ എത്തുകയുള്ളൂ.പരാഗണസ്ഥലം രണ്ടായി പിളര്‍ന്നു കാണുന്നതിനാല്‍ പെണ്‍പൂക്കളെ തിരിച്ചറിയാന്‍ എളുപ്പമാണ്.

ആണ്‍ പൂക്കളുടെ ധര്‍മം നിര്‍വഹിക്കുന്ന ദ്വിലിംഗ പുഷ്പ്പങ്ങളില്‍ ആറു കേസരങ്ങളും വളരെ ശുഷ്കിച്ച അണ്‍ഡാശയവും കാണുന്നു.കേസരങ്ങള്‍പൊട്ടിപരാഗരേണുക്കള്‍ പുറത്തുവന്നു പരാഗണം സാധ്യമാക്കുന്നു.എന്നാല്‍ ഇത്തരം പൂക്കള്‍ എണ്ണത്തില്‍ താരതമ്യേന കുറവായതിനാല്‍  റംബുട്ടാന്‍ പൂക്കളില്‍ പരാഗണം ഇപ്പോഴും വെല്ലുവിളിയാണ്.ചില ഇനങ്ങളില്‍ വിശേഷിച്ചും.

പരാഗണം നടന്നു കായ്കള്‍ വികാസം കൊള്ളാന്‍ ഏകദേശം മൂന്നാഴ്ച്ച വേണ്ടി വരും.വീണ്ടും മൂന്നാഴ്ച്ച കൂടി കഴിഞ്ഞാല്‍ വളര്‍ന്നു വരുന്ന ഫലങ്ങളെ സംരക്ഷിച്ചു ഗുണമേന്മയുള്ളതാക്കാന്‍ ചില മാര്‍ഗങ്ങള്‍ അവലംബിക്കാവുന്നതാണ്.പൂ വിരിയുന്ന അവസരത്തില്‍ തന്നെ,ചെറിയ മരങ്ങള്‍ക്ക് 25 ഗ്രാമും ബോറാക്സ് മണ്ണില്‍ ചേര്‍ത്തു കൊടുക്കണം.കായ്കള്‍ പയര്‍ മണിയുടെ വലുപ്പമാകുമ്പോഴേക്കും സ്യുഡോമോണാസ് 10 മി.ലീ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു സ്പ്രേ ചെയ്യുന്നത് ഇരട്ടി ഗുണം ചെയ്യും.രോഗകാരികളായ സൂഷ്മജീവികളെ  സ്യുഡോമോണാസ് നശിപ്പിക്കുന്നതോടൊപ്പം സസ്യജന്യ ഹോര്‍മോണുകള്‍ കായ്കള്‍ക്ക് ലഭാമാക്കുക കൂടി ചെയ്താല്‍ ഫലങ്ങള്‍ക്ക് ഗുണമേന്മയെറും.മൂന്നാഴ്ച്ച ഇടവേളയില്‍ സ്യുഡോമോണാസ് സ്പ്രേ ചെയ്താല്‍ വളരെ നല്ലത്.

വെള്ളത്തില്‍ ലയിക്കുന്ന സര്‍ഫര്‍ ഒരു ഗ്രാം സ്പ്രേ ചെയ്യുന്നതും കായ്പോഴിച്ചിലിനെ നിയന്ത്രിക്കും.സള്‍ഫേറ്റ് ഓഫ്‌ പൊട്ടാഷ് മൂന്ന് ഗ്രാം സ്പ്രേ ചെയ്യുന്നത് കൈകള്‍ക്ക് വലുപ്പം നല്‍കും.ഒരു മാസം ഇടവിട്ട് ഇപ്രകാരം നാലു പ്രാവശ്യം സ്പ്രേ ചെയ്യുന്നത് വളരെ ഫലപ്രദമാന്നെന്ന് കണ്ടു വരുന്നു.

റംബുട്ടാന്‍ മരങ്ങളില്‍ ആണ്‍പൂക്കളുടെ എണ്ണം കൂട്ടി കൂടുതല്‍ വിളവു നേടുന്നതെങ്ങനെ

തോട്ടത്തില്‍ വച്ചുപിടിപ്പിക്കുന്ന റംബുട്ടാന്‍ മരങ്ങളില്‍ രണ്ടു തരത്തിലുള്ള പൂക്കളുണ്ടാകുന്നു.ഇവയില്‍ 95 ശതമാനത്തിലധികവും പെണ്‍പൂക്കളാണ്.വളരെ ചെറിയ ശതമാനം മത്രമേ ആണ്‍പൂക്കളായ്ഉള്ളൂ.ഘടനയായി പൂക്കളുടെ ധര്‍മം നിര്‍വഹിക്കുന്ന ഏതാനും പൂക്കളെ ആണ്‍പൂക്കളാക്കി മാറ്റി,ഉയര്‍ന്നതോതില്‍ പരാഗണം നടത്തി മികച്ച വിളവ് നേടാവുന്നതാണ്.ഇതിനായി ഒരു പൂങ്കുലയിലെ പത്ത് ശതമാനത്തില്‍ താഴെ മാത്രം പൂക്കള്‍ വിരിയുമ്പോള്‍ അവയില്‍ ഒരു മി.ലി സൂപ്പര്‍ഫിക്സ് രണ്ടു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് രാവിലെ ഒന്പതിനുമുന്പ് തളിക്കണം.ഒരു മരത്തിലെ അഞ്ചു ശതമാനം പൂങ്കുലകളില്‍ മാത്രം സൂപ്പര്‍ഫിക്സ് തളിച്ചാല്‍ മതി.

സസ്യ സംരക്ഷണം

വളരെ നന്നായി പരിപാലിക്കുന്ന റംബുട്ടാന്‍ മരങ്ങള്‍ക്ക് കാര്യമായ രോഗ-കീട ബാധകളൊന്നും കാണാറില്ല.തോട്ടങ്ങളില്‍ മരങ്ങള്‍ തമ്മില്‍ 40 അടി അകലം നല്കുന്നതുതന്നെ മികച്ച സസ്യസംരക്ഷണ മാര്‍ഗമാണ്.കമ്പുണങ്ങലും ഇലതീനിപുഴുക്കള്‍,മീലിമുട്ട,ശല്ക്കകീടങ്ങള്‍ എന്നിവയുടെ ആക്രമണങ്ങളുമാണ് റംബുട്ടാന്‍ മരങ്ങള്‍ക്ക് ഭീഷണിയാകുന്നത്.

തണ്ടുതുരപ്പന്‍പുഴുക്കളുടെ ആക്രമണഫലമാണ്‌ കബുനക്കം.കീടബാധയേറ്റ ശാഖകള്‍ മുറിച്ചു നീക്കി തീയിടുന്നതു ഫലപ്രദം.മുറിപ്പാടുകളില്‍ ഏതെങ്കിലും കുമിള്‍നാശിനിപൊടി കുഴമ്പുരൂപത്തില്‍ തേക്കേണ്ടതാണ്.ഇലതീനി പുഴുക്കളെ നിയന്ത്രിക്കുന്നതിനു വെപ്പധിഷ്ട്ടിത ഉല്‍പ്പന്നങ്ങള്‍ തളിക്കാം.മൂന്ന് മില്ലി മുട്ടയുടെ ആക്രമണത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനു 10 മില്ലി വെര്‍ട്ടിസിലിയം തളിക്കാം.ഉറുമ്പുകളുടെ സാന്നിധ്യം ഇല്ലാതാക്കുകയും വേണം.

വിളവെടുപ്പും കബുകോതലും

പരാഗണം നടന്നു ,കായ് പിടിച്ച്ചതിനുശേഷം 15 മുതല്‍ 18 ആഴ്ച്ചകള്‍ക്കുള്ളില്‍ പഴങ്ങള്‍ വിളവെടുക്കാം. റംബുട്ടാന്‍ ചുവപ്പിനങ്ങള്‍ ആദ്യം ഇളം മഞ്ഞ നിറത്തിലും പാകമാകുമ്പോള്‍ കടും ചുവപ്പുനിറത്തിലും കാണപ്പെടുംഈ സമയത്താണ് പഴങ്ങള്‍ വിലവെടുക്കേണ്ടത്.അവസാനഘട്ട വിളവെടുപ്പിനോടൊപ്പം തന്നെ കബുകോതലുംനടത്തുന്നതിനായി വിളവെടുത്ത ശിഖരങ്ങളുടെ അഗ്രഭാഗത്ത്‌ നിന്ന് അരയടിയോളം താഴ്ത്തി മുരിച്ചുനീകിയാല്‍ മതി.ഇപ്രകാരം ശാഖകളെ കൂടുതല്‍ കരുത്തോടെ വളര്‍ത്തി തുടര്‍ന്നുള്ള സീസണില്‍ പൂപിടുത്തത്തിനു സജ്ജമാക്കി.നല്ല വിളവിന് വഴിയൊരുക്കാം.ഉണങ്ങിയ ശാഖകളും കായ്ക്കാന്‍ സാധ്യതയില്ലാത്ത ലോലമായ ശാഖകളും(water suckers)മുരിച്ചുമാറ്റണം.

ചക്കയുടെ ലോകോത്തര ഇനങ്ങള്‍

നമുക്കു സുപരിചിതവും മധുരവും സുഗന്ധവും രുചിയും പാകത്തിന് ചേര്‍ന്നതുമായ പഴമാണ് ചക്ക.ഇഷ്യയാണ്‌ ജന്മദേശമെങ്കിലും ഉഷ്ണമേഖല കാലാവസ്ഥയുള്ള ഏതു പ്രദേശത്തും പ്ലാവുകള്‍ ഉണ്ട്.

പഴമായും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായുമാണ് ചക്കയുടെ ഉപയോഗം.പ്ലാവിന്‍റെ ഏറ്റവും വിപുലമായ ജനിതക ശേഖരം കേരളത്തിലാനുള്ളതെങ്കിലും ലോകോത്തര നിലവാരമുള്ള മികച്ച ഇനങ്ങള്‍ ഉപയോഗപെടുത്തി വിയറ്റ്നാം,തായ്‌ലന്‍ഡ്‌,മലേഷ്യ,ഫിലിപ്പീന്‍സ് തുടങ്ങിയ തെക്ക് കിഴക്കന്‍ ഏഷ്യ രാജ്യങ്ങള്‍ പ്ലാവുകൃഷിയില്‍ നമ്മെ വളരെ പിന്നിലാക്കി ബഹുദൂരം മുബോട്ട് പോകുന്നു.ചക്കയുടെ മൂല്യവധിത ഉല്‍പ്പന്നങ്ങളില്‍ ഏറ്റവും മുഖ്യമായ ചിപ്സ് വ്യാവസായികമായി തയ്യാറാക്കാന്‍ പറ്റിയഒരിനം പോലും നമ്മുക്കിപ്പോഴുമില്ല.ചക്ക ചിപ്സ് നിര്‍മാണം വന്‍കിട വ്യവസായമാക്കുന്നതിനു ഇവിടെ തടസം ഒരേ ഇനം ചക്ക വന്‍തോതില്‍ ലഭ്യമല്ലാത്തതാണ്.വിദേശ രാജ്യങ്ങളില്‍ ഉള്ളതുപോലെ ഒരേ ഇനത്തില്‍ വലിയ തോട്ടങ്ങളെപറ്റി നമ്മുക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല.

കേരളത്തിലുടനീളം പതിനായിരകണക്കിന് പ്ലാവുകലുണ്ട്.ഓരോന്നും ഓരോ ഇനമാണെന്ന് പറയാം.പല ഇനങ്ങളില്‍നിന്നു ഏകീകൃത നിലവാരമുള്ള മേല്‍ത്തരം ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കാന്‍ ബുദ്ധിമുട്ടുണ്ട്.അതുകൊണ്ടുതന്നെ കേരളത്തില്‍ ഉണ്ടാകുന്ന ചക്കയുടെ നല്ല പങ്കും പാഴാകുന്നു.ഈ സാഹചര്യത്തിലാണ് നമ്മുടെ നാട്ടില്‍ ലോകോത്തര നിലവാരമുള്ള പ്ലാവിനങ്ങള്‍ തോട്ടമാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിന് പ്രസക്തിയേറുന്നത്.മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നതിന് യോജ്യമെന്നുകണ്ടെത്തിയ ഏതാനും ലോകോത്തര ഇനങ്ങളെ പരിചയപെടാം.

വിജയത്തിന്‍റെ താക്കോല്‍ തൈകളുടെ മികവ്

മറുനാടന്‍ പഴങ്ങളുടെ കൃഷി കേരളത്തിനു പരിചയപെടുത്തിയ ഹോംഗ്രോണ്‍ ബയോടെക് സാരഥി ജോസ് ജേക്കബുമായി അഭിമുഖം

?വാണിജ്യാടിസ്ഥാനത്തിലുള്ള റംബുട്ടാന്‍ കൃഷി എന്ന ആശയത്തിലേക്ക് എങ്ങനെയാണ് കടന്നുവന്നത്.

എന്‍റെ തരവാടിനോട് ചേര്‍ന്ന് വളരുന്ന എഴുപതിലധികം വര്‍ഷം പ്രായമുള്ള ഒരു വലിയ നാടന്‍ റംബുട്ടാന്‍ മരം വിശേഷിച്ച് ഒരു പരിചരണവുമില്ലാതെ എല്ലാ വര്‍ഷവും കൃത്യമായി ഫലങ്ങള്‍ തരുന്നത് ശ്രദ്ധയില്‍പെട്ടു.ഇതേ തുടര്‍ന്നാണ് റംബുട്ടാന്‍ന്‍റെ ലോകോത്തര ഇനങ്ങള്‍ കേരളത്തിലും വന്‍തോതില്‍ വിജയകരമായി കൃഷി ചെയ്യാനാകുമോയെന്നു പരീക്ഷിക്കാന്‍ തീരുമാനിച്ചത്.ഇന്ത്യയിലുംവിദേശരാജ്യങ്ങളിലുമുള്ള റംബുട്ടാന്‍ ഇനങ്ങളെ സൂഷ്മമായി പഠിച്ചതിന്റെ വെളിച്ചത്തില്‍ കണ്ടെത്തിയതാണ് N.18 എന്ന മേല്‍ത്തരം ഇനം.

?ഈ സംരംഭത്തിന് ആദ്യ വെല്ലുവിളി എന്തായിരുന്നു.

ഞങ്ങളുടെ റബര്‍ തോട്ടം വെട്ടിമാറ്റി അവിടെ വാണിജ്യാടിസ്ഥാനത്തിലുള്ള റംബുട്ടാന്‍ കൃഷി എന്ന ആശയം മുന്നോട്ടു വച്ചപ്പോള്‍ ആരും അതിനെ പ്രോത്സാഹിപ്പിച്ചില്ല.റബറിന് കിലോയ്ക്ക് 225 രൂപ വിലയുണ്ടാര്‍ന്നപ്പോള്‍ റബര്‍ മരങ്ങള്‍ വെട്ടി മാറ്റി റംബുട്ടാന്‍ വക്കുന്നത് ബുദ്ധിയല്ല എന്നായിരുന്നു പൊതു അഭിപ്രായം.നാണ്യവിളകള്‍ നല്‍കുന്ന സാമ്പത്തിക സുരക്ഷിതത്വം ഉപേക്ഷിച്ച് മുന്‍ പരിജയമില്ലാത്ത പഴവര്ഗകൃഷിയിലേക്ക് ചുവടുമാറാന്‍ മറ്റു കര്‍ഷകരും തയ്യാറല്ലായിരുന്നു.

?ആദ്യം പിന്തുണ നല്‍കിയത് ആരാണ്.

ഹോംഗ്രോനിന്റെ മറ്റൊരു സാരഥിയായ റെന്നി ജേക്കബാണ്‌.അദേഹം 2008 ല്‍ തന്‍റെ നാലേക്കറോളം വരുന്ന റബര്‍ തോട്ടത്തിലെ എല്ലാ മരങ്ങളും മുറിച്ചു നീക്കി N.18 ഇനം റംബുട്ടാന്‍ തൈകള്‍ വച്ചത് സാഹസിക കാല്‍വെപ്പായിരുന്നു.ജേക്കബ് ചാലിശ്ശേരി മംഗലാപുരത്ത് 70 ഏക്കറില്‍ റംബുട്ടാന്‍ നട്ടത് റംബുട്ടാന്‍ കൃഷിയുടെ ചരിത്രത്തില്‍ നാഴികക്കല്ലാണ്.തൊടുപുഴ ഉടുമ്പന്നൂരിലുള്ള മാത്യു പൊരിയത്ത് നാടന്‍ റംബുട്ടാന്‍ മരങ്ങള്‍ മുറിച്ചു മാറ്റി N18 ഇനം തൈകള്‍ നട്ടതും ശ്രദ്ധേയം.ഈരാറ്റുപേട്ട വല്യച്ചന്‍ മലയോടു ചേര്‍ന്ന് ആറേക്കര്‍ സ്ഥലത്ത് ജോഷി വെള്ളുകുന്നേല്‍ ഹോംഗ്രോണ്‍ തൈകള്‍ നട്ടുണ്ടാകിയ തോട്ടം ഇപ്പോള്‍ നല്ല ഫലം നല്‍കുന്നു.വാണിജ്യകൃഷിക്ക് ധൈര്യം കാണിച്ച വനിതകളില്‍ പ്രധാനിയാണ്‌ സന്ധ്യ കുര്യന്‍.2010 ല്‍ നാലേക്കര്‍ സ്ഥലത്തെ റബര്‍ മരങ്ങള്‍ മുറിച്ചു മാറ്റി കൃഷി ചെയ്ത റംബുട്ടാന്‍ തോട്ടം ഇന്ന് നല്ല വരുമാനമാണ് നല്‍കുന്നത്.

?തൈകള്‍ തയ്യാറാക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുന്നതെന്തൊക്കെ.

രോഗ-കീട വിമുക്തമായ നാടന്‍ മരങ്ങളില്‍ നിന്നായിരിക്കണം റൂട്ട്സ്റ്റൊക്കിനുള്ള വിത്തുകള്‍ ശേഖരിക്കേണ്ടത്.സൂക്ഷിപ്പുകാലം ഒട്ടുംതന്നെ ഇല്ലാത്ത വിത്തുകളാന്നെങ്കില്‍(RECALCITRANT SEEDS).രണ്ടാഴ്ചക്കകം മുളയ്ക്കുന്ന വിത്തുകള്‍ മാത്രം തിരഞ്ഞെടുത്ത്,ശ്രദ്ധാപൂര്‍വ്വം പോളിത്തീന്‍ കൂടകളില്‍ വളര്‍ത്തണം റംബുട്ടാന്‍ പോലുള്ള പഴവര്‍ഗങ്ങള്‍ നമ്മുടെ നാട്ടില്‍ ഉത്ഭവിച്ചതല്ലാതതിനാല്‍ കൂടകളില്‍ നിറയ്ക്കുന്ന മിശ്രിതവും കൃത്യതയോടെ തയ്യാറാക്കണം.

എല്ലാ വര്‍ഷവും തുടര്‍ച്ചയായി നല്ല വിളവു നല്‍കുകയും നല്ല ആരോഗ്യത്തോടെ വളരുകയും ചെയ്യുന്ന മരങ്ങളെ മാത്രമേമുകുളത്തിനായി ഉപയോഗിക്കുന്ന മതൃവൃക്ഷമായി തിരഞ്ഞെടുക്കാവു.മുകുളനം നടത്തിയ ചെടികള്‍ വേനലും മഴയും മഞ്ഞുമൊക്കെ അതിജീവിച്,ശക്തിയോടെ കിളിര്‍ത്തുവന്നെങ്കില്‍ മാത്രമേ കരുത്തുള്ള തൈകള്‍ ലഭിക്കുകയുള്ളൂ.ഇപ്രകാരം ദൃഡീകരിച്ചു തയ്യാറാക്കുന്ന നടീല്‍ വസ്തുക്കള്‍ മാത്രമേ കൃഷിയിടത്തില്‍ നന്നായി വളര്‍ന്ന്‍ മികച്ച കായ്ഫലം നല്‍കുകയുള്ളൂ.കൃഷിക്കായി അതാതുപ്രദേശത്ത് യോജിച്ച വിളകളും ഇനങ്ങളും തിരഞ്ഞെടുക്കുകയെന്നതും വളരെ പ്രധാനമാണ്.

?ഹോംഗ്രോണ്‍ തൈകള്‍ തിരിച്ചറിയാന്‍ എന്താണ് മാര്‍ഗം.

ഗുണനിലവാരമില്ലാത്ത തൈകള്‍ ഹോംഗ്രോണ്‍ തൈകള്‍ എന്ന് തെറ്റിദ്ധരിപിച്ചു പല സ്ഥലങ്ങളിലും വിതരണം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.ഹോംഗ്രോണ്‍ തൈകള്‍ തിരിച്ചറിയാന്‍ ഹോളോഗ്രാം പതിപ്പിച്ച സെക്യൂരിറ്റി ടാഗോട്കൂടിയാണ് ഞങ്ങള്‍ തൈകള്‍ വിപണനത്തിനെത്തിക്കുന്നത്.

വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി

വിയറ്റ്‌നാമില്‍ വാനിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന മികച്ച ഇനമാണിത്.പേരു സൂചിപ്പിക്കുന്നത് പോലെ,വളരെ പെട്ടന്ന് വളര്‍ന്നു കായ്ഫലം നല്കുമെന്നതാണ് ഇതിന്‍റെ പ്രധാന മേന്മ.വിയറ്റ്‌നാമില്‍ തോട്ടമടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന പ്രധാന ഇനവും ഇതുതന്നെ.പ്ലാവിന്‍റെ സാധാരണ ഇനങ്ങളില്‍ തടി മൂത്ത് മൂന്ന്-നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ചക്കയുണ്ടാകുമ്പോള്‍ ഈ സവിശേഷയിനം തടി മൂക്കുന്നതിനു മുമ്പുതന്നെ കായ്ക്കുന്നു.മറ്റ് പ്ലാവിനങ്ങളെ അപേക്ഷിച്ച് ഇതിന്‍റെ ഇലക്ക് കനവും വലുപ്പവും പച്ച നിറവും കൂടും.സാധാരണ പ്ലാവിനങ്ങള്‍ 30 അടി അകലത്തില്‍ നടുമ്പോള്‍ അധികം പടര്‍ന്നു പന്തലികാത്ത ഈ ഇനം 20 അടി അകലത്തില്‍ നടാം.അതിനാല്‍ നിബിഡകൃഷിക്ക് (ഹൈടെന്‍സിറ്റി പ്ലാന്റിങ്ങ്)യോജിച്ചതാണ്.ചുളകള്‍ക്ക് നല്ല മഞ്ഞനിറവും കട്ടിയുമുണ്ട്.പഴമാ യി കഴിക്കാനും മൂല്യവദ്ധിതഉല്‍പ്പനങ്ങള്‍ ഉണ്ടാക്കാനും ഏറെ യോജിച്ചത്.

ജെ.33

മലേഷ്യന്‍ ഇനം.ചക്കകള്‍ തൂക്കത്തിലും വലുപ്പത്തിലും മറ്റിനങ്ങളുടെതിനെക്കാള്‍ മുന്നില്‍.മഞ്ഞ നിറത്തില്‍ വലുപ്പവും ദൃഡതയുമുള്ള ചുളകള്‍.പഴമായി കഴിക്കാനും മൂല്യവര്‍ധിത ഉലപ്പന്നങ്ങലുണ്ടാക്കാനും യോജിച്ചതായതിനാല്‍ രാജ്യാന്തര വിപണിയില്‍ ഏറെ പ്രിയമുള്ള ഇനം.ചുളകളുടെ എണ്ണത്തിലും ജെ 33 ഏറെ മുന്നില്‍ തന്നെ.

ജാക്ക് ഡ്യാങ്ങ് സൂര്യ

വാനിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ പറ്റിയത്.മുകുളനം വഴി ഉരുത്തിരിച്ചെടുക്കുന്ന മരങ്ങള്‍ വളരെ ഒതുങ്ങി വളരുന്നതിനാല്‍ അകലം കുറച്ചു നടാം.ഇത്തരം വലുപ്പമുള്ള ചക്കകള്‍ ധാരാളമുണ്ടാകുന്നു.ഇടത്തരം വലുപ്പമുള്ള ചുളകള്‍ക്ക് നല്ല ചുവപ്പ് നിറവുമുണ്ട്.ടേബിള്‍ സ്നാക്കായി ഉപയോഗപെടുത്താന്‍ ഏറ്റവും നല്ലത്.

കൃഷിയില്‍ ശ്രദ്ധിക്കേണ്ടത്

പ്ലാവ് ശാസ്ത്രീയമായി കൃഷി ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.തറനിരപ്പില്‍നിന്നു മൂന്നടി ഉയരത്തിനുമേല്‍ മാത്രം ശാഖകള്‍ അനുവദിക്കുക.തായ്‌ത്തണ്ടില്‍തന്നെ ചക്കകള്‍ ഉണ്ടാകും.പിന്നീടു വരുന്ന ശാഖകള്‍ വളര്‍ന്നു പന്തലിക്കുമ്പോള്‍ ഒരു കുടപോലെ രൂപഭംഗി വരുത്തി ഏറെ സ്ഥലം നഷ്ട്ടപെടുത്താതെ ധാരാളം ഫലങ്ങള്‍ ഉത്പാദിപ്പിക്കാന്‍ മരങ്ങളെ സജ്ജമാക്കാം.ആവശ്യമില്ലാത്ത കൊമ്പുകള്‍ കോതുന്നത് വായുവും വെള്ളവും യഥെഷ്ട്ടം ലഭ്യമാകാനിടയാകും.ഒന്നു മുതല്‍ മൂന്ന് വര്‍ഷം വരെ പ്രായമായ പ്ലാവിന് വര്‍ഷം തോറുംനാല് തവണ വീതം 125 ഗ്രാം യൂറിയയും 150 ഗ്രാം രാജ്ഫോസും 25 ഗ്രാം പൊട്ടാഷും നല്‍കേണ്ടതാണ്.കൂടാതെ പത്തോ,ഇരുപതോ കിലോ കാലിവളം അല്ലെങ്കില്‍ കമ്പോസ്റ്റും നല്‍കണം.പിന്നീട് ഓരോ വര്‍ഷവും പത്തുകിലോ വീതം കാലിവളം കൂടുതലായി നല്‍കണം.അഞ്ചാം വര്‍ഷം മുതല്‍ 50 കിലോ കാലിവളം അല്ലെങ്കില്‍ കമ്പോസ്റ്റ്,ഒന്നരകിലോ യൂറിയ,750 ഗ്രാം പൊട്ടാഷ് എന്നിവയും നല്‍കണം.ഇവയെല്ലാം പാലിച്ചാല്‍ മികച്ച വിളവു പ്രതീക്ഷിക്കാം.ഒരു ഏക്കര്‍ പ്ലാവില്‍ തോട്ടത്തില്‍ നിന്ന് 25 ടണ്‍ മുതല്‍ 50 ടണ്‍ ചക്ക ലഭിക്കുമെന്നത് നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതുണ്ട്.മെയ്‌ മുതല്‍ ഓഗസ്റ്റ്‌ വരെ കാലയളവില്‍ ഒരു മീറ്റര്‍ സമച്ചതുരത്തിലെടുത്ത കുഴികളില്‍ മേല്‍മണ്ണും ട്രൈക്കോഡര്‍മസമ്പുഷ്ട വളകൂട്ടും കലര്‍ത്തി നിറച്ചു തൈകള്‍ നടാം.

വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ വേനല്‍ക്കാലത്ത് നനയ്ക്കണം.തടത്തില്‍ പുതയിടുന്നത് മണ്ണിനെ ജലാംശമുള്ളതാക്കും.വളര്‍ന്നു വരുന്ന ചക്കകള്‍ അടിവശം തുറന്ന രീതിയില്‍ പത്രക്കടലാസ് ഉപയോഗിച്ച് പൊതിഞ്ഞു സൂക്ഷിക്കുന്നത് വളരെ നന്ന്.കാര്യമായ കീട,രോഗബാധ ഇല്ലാത്തതിനാല്‍ കൃഷി അനായാസം ചെയ്യാം.

“പനസം സര്‍വോത്തമം തല്‍ഫലം സര്‍വഗുണദായകം” എന്നാണ് ചക്കയെ അറിഞ്ഞ പഴമക്കാരുടെ സാക്ഷ്യപത്രം.ലോകത്തിലെ ഏറ്റവും വലിയ ഫലം തരുന്നത് പ്ലാവ്.സമൃദ്ധമായ ഇലച്ചാര്‍ത്ത് തണല്‍ തരും.അടുപ്പെരിക്കാന്‍ ഒന്നാന്തരം വിറകു തരും.വര്‍ഷംതോറും ധാരാളം ചക്ക തരും.ആടുമാടുകള്‍ക്ക് വയര്‍ നിറയ്ക്കാന്‍ തീറ്റ തരും.ഇപ്പോഴിതാ,ഏക്കറില്‍ ആയിരങ്ങള്‍ വരുമാനവും.

മാങ്കോസ്റ്റിന്‍

ഉഷ്ണമേഖല പ്രദേശങ്ങളില്‍ യോജിച്ച ഫലവൃക്ഷമാണ് മാങ്കോസ്റ്റിന്‍.കുടംപുളിയുടെ അടുത്ത ബന്ധുവായ മാങ്കോസ്റ്റിന്‍ 1881 ലാണ് സിലോണ്‍ വഴി ഇന്ത്യയില്‍ വന്നെതിയതെന്നു കരുതപെടുന്നു.കടുംവയലറ്റ് നിറമുള്ള ഫലങ്ങളുടെ നെറുകയില്‍ കിരീടം വെച്ചതുപോലുള്ള ദളപുടങ്ങളാണ് ഇതിന്‍റെ മുഖമുദ്ര.തൂമഞ്ഞുപോലെ വെളുത്ത മൃതുവായ അകക്കാമ്പാണ് ഭക്ഷ്യയോഗ്യമായ ഭാഗം.ധാരാളം വിറ്റാമിനുകളുടെയും ധാതുക്കളുടെയും നീരോക്സീകരകങ്ങളുടെയും പോഷകക്കലവറയാണ് ഈ പഴം.കാന്‍ഡി,ജാം,പ്രിസര്‍വ്,ടോപിങ്ങ്,ഐസ്ക്രീം,ജൂസ്,വൈന്‍ തുടങ്ങിയവ തയ്യാറാക്കാന്‍ നന്ന്‍.വീട്ടുവളപ്പില്‍ ഒരു മാങ്കോസ്റ്റിന്‍ ഉള്ളത് കുടുംബത്തിലുള്ളവരുടെയെല്ലാം ആരോഗ്യ പരിപാലനത്തിന് ഉപകരിക്കും.ഇതിന്‍റെ പുറംതോട് ഔഷധനിര്‍മാണത്തില്‍ ധാരാളമായി ഉപയിഗിച്ചുവരുന്നു.ഈ ഔഷധങ്ങള്‍ ശരീരസൗന്ദര്യസംരക്ഷണത്തിനാണ് ഉപയോഗിക്കുന്നത്. മാങ്കോസ്റ്റിന്‍ ജൂസും ഇതര ഉല്‍പ്പന്നങ്ങളും കാന്‍സര്‍ ചികിത്സയില്‍ പ്രയോജനപെടുത്താമെന്നുഅമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ പഠനങ്ങള്‍ സാക്ഷ്യപെടുത്തുന്നു.

ക്ലോസിയേസി സസ്യകുടുംബത്തിലെ അംഗമായ മാങ്കോസ്റ്റിന്‍,ഗാര്‍സിനിയ മാങ്കോസ്റ്റാന എന്ന ശാസ്ത്രീയ നാമത്തിലാണ് അറിയപെടുന്നത്.ഗാര്‍സിനിയ ഹോംബ്രോണിയാനയും ഗാര്‍സീനിയ മാലക്കെന്‍സിസും തമ്മിലുള്ള പ്രകൃതിദത്ത സങ്കരമാണ് മാങ്കോസ്റ്റിന്‍ എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.അതുകൊണ്ട്തന്നെ മാങ്കോസ്റ്റിന്‍ പ്രത്യുല്‍പാതനശേഷിയില്ലാത്ത ഹൈബ്രിഡ്‌ ആണെന്ന് പറയാം.പൂക്കളെ സൂക്ഷമമായി നിരീക്ഷിച്ചാല്‍ അതില്‍ കേസരങ്ങള്‍ വികാസം പ്രാപിക്കാതെ ശുഷ്ക്കമായിരിക്കുന്നത് കാണാം.ഈ കേസരങ്ങള്‍ പരാഗരേണുക്കള്‍ഉല്‍പ്പാദിപ്പിക്കനാവാത്തതിനാല്‍ മാങ്കോസ്റ്റിന്‍ പുഷ്പ്പങ്ങള്‍ പെണ്‍പൂക്കളുടെ ധര്‍മം നിര്‍വഹിക്കുന്നു.പരാഗണവും അതിനോടനുബന്ധിച്ചുള്ള ബീജസങ്കലനവും വഴിയല്ലാതെ വിത്തുകള്‍ മുലച്ചുണ്ടാകുന്ന തൈകളെല്ലാം മാതൃവൃക്ഷത്തിന്റെ തനിപകര്‍പ്പുകളാണ്.അതിനാല്‍ മാങ്കോസ്റ്റിന്‍ മരങ്ങളില്‍ ജനിതക വൈവിധ്യം പ്രകടമല്ല.എന്നാല്‍ ഗുണമേന്മയുള്ള തൈകള്‍ ഉല്‍പാദിപ്പിക്കാനുള്ള  ആദ്യപടി,50 വര്‍ഷത്തിനുമേല്‍ പ്രായമുള്ള മാതൃവൃക്ഷങ്ങള്‍ തിരഞ്ഞെടുക്കുകയാണ്.അത്രയും പ്രായമുള്ളതും തുടര്‍ച്ചയായി ധാരാളം ഫലങ്ങള്‍ നല്‍കുന്നതുമായ മാതൃവൃക്ഷങ്ങളില്‍ നിന്ന് മാത്രം വിത്തുകള്‍ശേഖരിക്കണം.ഗ്രാഫ്റ്റ് ചെയ്തും തൈകള്‍ ഉല്‍പാദിപ്പിക്കാം.എന്നാല്‍ ഇത്തരം തൈകള്‍ വളര്‍ച്ച ശക്തിയും ആയുര്‍ദൈര്‍ഘ്യവും കുറഞ്ഞവയും തുടര്‍ച്ചയായി ഫലങ്ങള്‍ നല്കാത്തവയുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. മാങ്കോസ്റ്റിനു പാര്‍ശ്വമുകുളങ്ങള്‍ ഇല്ലാത്തതിനാല്‍ മുകുളനം സാധ്യമല്ല.

സമുദ്രനിരപ്പു മുതല്‍ 2500 അടിവരെ ഉയരമുള്ള സ്ഥലങ്ങളില്‍ മാങ്കോസ്റ്റിന്‍ മരങ്ങള്‍ കായ്ഫലം നല്‍കുമെങ്കിലും  വാണിജ്യാടിസ്ഥാനത്തില്‍ ഗുണമേന്മയേറിയ ഫലങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിനു ഉയര്‍ന്ന പ്രദേശങ്ങള്‍ കണ്ടെത്തി കൃഷി ചെയ്യുന്നതാണ്‌ നല്ലത്.സമുദ്രനിരപ്പില്‍ നിന്ന് 800 മുതല്‍ 2500 അടിവരെ ഉയരത്തിലുള്ള പ്രദേശങ്ങളില്‍ മാങ്കോസ്റ്റിന്‍ കൃഷി ചെയ്താല്‍ മേല്‍ത്തരം ഫലങ്ങള്‍ ലഭിക്കുന്നതാണ്.ഇപ്രകാരമുള്ള ഉയര്‍ന്ന പ്രദേശങ്ങള്‍ ഇടുക്കി,വയനാട് എന്നീ ജില്ലകളില്‍ സ്വാഭാവികമായതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ മാങ്കോസ്റ്റിന്‍ കൃഷി ചെയ്യുന്നത് നന്ന്‍.നല്ല മണ്ണായമുള്ള ചെരിവുള്ള,പ്രദേശങ്ങളില്‍ മണ്ണിനു നീര്‍വാര്‍ച്ചയുല്ലതിനാല്‍ മേല്‍ത്തരം ഫലങ്ങള്‍ ഇവിടെ നിന്ന് പ്രതീക്ഷിക്കാം.പഴങ്ങളുടെ ഗുണനിലവാരം കുറയ്ക്കുന്ന മഞ്ഞക്കറ (ഗാംബോജ്)ഇവയില്‍ താരതമ്യേന കുറവായിരിക്കും.താഴ്ന്ന പ്രദേശങ്ങളിലാണ്‌ കൃഷിയെങ്കില്‍ വെള്ളം വാര്ന്നുപോകാന്‍ ചാലുകള്‍ കീറി,മരങ്ങളുടെ തടങ്ങള്‍ കൂനകൂട്ടി പരിപാലിക്കുന്നത് മഞ്ഞക്കറയുടെസാന്നിധ്യം ഒരു പരിധിവരെ കുറയ്ക്കാന്‍സഹായിക്കും.

വയനാട്ടിലെ കാപ്പിതോട്ടങ്ങളില്‍ ഏറ്റവും മികച്ച ഇടവിളയാണ് മാങ്കോസ്റ്റിന്‍.കാപ്പിതോട്ടങ്ങളില്‍ ഇടവിളയായി മാങ്കോസ്റ്റിന്‍ കൃഷി ചെയ്യുമ്പോള്‍,മരങ്ങള്‍ തമ്മില്‍ 40 അടി അകലം നല്‍കേണ്ടതാണ്.

സമതലങ്ങളില്‍ മെയ്‌-ജൂണ്‍ മാസങ്ങളില്‍ വിളവെടുക്കുമ്പോള്‍ വയനാട്ടില്‍ വിളവെടുപ്പ് സെപ്റ്റംബര്‍-ഒക്ടോബര്‍ വരെ നീണ്ടുപോകാറുണ്ട്.ആറു മാസത്തോളം നീണ്ടുനില്‍ക്കുന്ന പഴ ലഭ്യത,കര്‍ഷകരുടെ ഉള്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭിക്കാന്‍ ഇടയാക്കും.

സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ ഒക്ടോബര്‍ വിളവെടുപ്പിനു തയ്യാറാക്കണമെങ്കില്‍ വേനല്‍ക്കാലത്ത് മരങ്ങള്‍ നന്നായി നനക്കണം.കാലവര്‍ഷാരംഭത്തോടെ ഒരു മീറ്റര്‍ സമചതുരത്തില്‍ കുഴിയെടുത്ത് മേല്‍ മണ്ണില്‍ 30 കിലോ എങ്കിലും ട്രൈക്കോഡര്‍മ സമ്പുഷ്ട്ടകാലിവളം,ഒരു കിലോ വീതം സൂപ്പര്‍ ഫോസ്ഫേറ്റ്,വേപ്പിന്‍പിണ്ണാക്ക് എന്നിവയുമായി യോജിപ്പിച് കുഴി നിറയ്ക്കണം.രണ്ടാഴ്ചക്കുശേഷം ഒരു കിലോ ഡോളോമൈറ്റ് ചേര്‍ത്ത് ഇളക്കാം.

നാലു വര്‍ഷം പ്രായമായ വലിയ തൈകള്‍ നടുന്നതാണ്‌ ഏറ്റവും പെട്ടെന്ന് പുഷ്പ്പിക്കുന്നതിനു നല്ലത്.തായ്‌ത്തടി ബലപ്പെടുവോളം ചെടികള്‍ക്കു താങ്ങ് നല്‍കേണ്ടതുണ്ട്.തൈകള്‍ നട്ട് നാലു മാസങ്ങള്‍ക്കു ശേഷം ആദ്യ വളപ്രയോഗം നടത്താം.ആരംഭത്തില്‍ 500 ഗ്രാം 18:18:18 വളം തടത്തിനു ചുറ്റും വിതറി അഞ്ചു കിലോ കമ്പോസ്റ്റ് നല്‍കണം.പിന്നീട് ഓരോ വര്‍ഷവും 250 ഗ്രാം വീതം കൂട്ടി എട്ടു വര്‍ഷം ആകുമ്പോള്‍ ഒന്നേകാല്‍ കിലോ വീതം 18:18:18 വളം വര്‍ഷത്തില്‍ രണ്ടു തവണയായി നല്‍കണം.സംയുക്ത വളങ്ങള്‍ നല്‍കുന്നതോടൊപ്പം ഓരോ പ്രാവശ്യവും കാലിവളം,അല്ലെങ്കില്‍ കമ്പോസ്റ്റ് 10 കിലോ തോതില്‍ കൂട്ടി എട്ടാം വര്‍ഷം മുതല്‍ 50 കിലോ വീതം ഓരോ ചെടിക്കും നല്‍കണം.അതോടൊപ്പം എല്ലാ വര്‍ഷവും ഒരു കിലോ വീതം ഡോളോമൈറ്റ് നല്‍കേണ്ടതാണ്.കായ്കളുടെ വളര്‍ച്ചാ ഘട്ടത്തില്‍ 500 ഗ്രാം മ്യുറിയേറ്റ്ഓഫ്‌ പൊട്ടാഷ് നല്‍കി നന്നായി നനയ്ക്കുന്നത് ഗുണമേന്മയുള്ള പഴങ്ങള്‍ ലഭിക്കാന്‍ സഹായിക്കും.

വരണ്ട കാലാവസ്ഥയില്‍ ചെടികളുടെ ഇലകളില്‍ നേരിട്ട് സൂര്യ പ്രകാശം പതിച്ചാല്‍ ഇലകള്‍ പൊള്ളി കരിഞ്ഞു പോകും.ഇത് തടയാന്‍ ചെടികള്‍ക്കു തണല്‍ നല്‍കേണ്ടതാണ്. മാങ്കോസ്റ്റിന്‍ സ്വാഭാവികമായി വളരുന്നത് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ മഴക്കാടുകളില്‍ രണ്ടാം ശ്രേണി മരങ്ങളായിട്ടായതിനാല്‍ അതേ സൂക്ഷ്മകാലാവസ്ഥ കൃഷിയിടങ്ങളിലും നല്‍കുന്നപക്ഷം ചെടിക്കു നല്ല വളര്‍ച്ചയുണ്ടാകും.ഉയര്‍ന്ന വിളവുംകിട്ടും.ഇതിനായി 40 അടിക്കു മുകളിലുള്ള മരങ്ങള്‍ നല്‍കുന്ന തണലില്‍ 30-40% സൂര്യപ്രകാശം അരിച്ചിറങ്ങി മാങ്കോസ്റ്റിന്‍ മരങ്ങള്‍ക്കുലഭ്യമാക്കുന്ന വിധം തോട്ടമൊരുക്കുക.വയനാട്.ഇടുക്കി എന്നീ ഹൈരേഞ്ചു മേഖലകളില്‍ ഈ രീതിയില്‍ കൃഷി വളരെ വിജയകരമായി ചെയ്യാനാകും.

നല്ല നീര്‍വാര്‍ച്ചയും ധാരാളം ജൈവാംശവും 5 നും 6നും ഇടയ്ക്ക് അമ്ല-ക്ഷാരനിലയുമുള്ള മണ്ണാണ് മാങ്കോസ്റ്റിന്‍ കൃഷിക്ക് യോജ്യം. മാങ്കോസ്റ്റിന്‍ ചെടികളുടെ ആഹാരം വലിച്ചെടുക്കുന്ന വേരുകള്‍ ഉപരിതലത്തില്‍ തന്നെ വളരുന്നതിനാല്‍ മണ്ണ് ഇളക്കാന്‍ പാടില്ല.നല്ല ജൈവാംശമുള്ള മണ്ണ് തുടര്‍ച്ചയായി ഇട്ടുകൊടുക്കുന്നതു വളര്‍ച്ച വേഗത്തിലാക്കും.കൊന്നപോലെ പയര്‍വര്‍ഗത്തില്‍പ്പെട്ട സസ്യങ്ങളുടെ ഇലകള്‍ വാട്ടിയതിനുശേഷം പുതയിട്ട് അതിനു മുകളില്‍ ജീവാമൃതം പോലുള്ള ലായനികള്‍ ഓരോ മാസവും ഒഴിച്ചാല്‍ മണ്ണില്‍ ഉപകാരികളായ സൂക്ഷ്മജീവികള്‍ പെരുകും.അങ്ങനെ ചെടികള്‍ രോഗപ്രതിരോധശേഷി ആര്‍ജിച്ചു കൂടുതല്‍ കരുത്തോടെ വളരും.ക്രമരഹിതമായ കായ്പിടിത്തമാണ് മാങ്കോസ്റ്റിന്‍ കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.ചെറിയ രീതിയില്‍ കമ്പുകോതല്‍ നടത്തി മരത്തിനു വേണ്ടത്ര സൂര്യപ്രകാശവും വായുവും ലഭ്യമാക്കുക വഴി ഈ വെല്ലുവിളി അതിജീവിക്കാം.പന്ത്രണ്ട് അടി ഉയരത്തില്‍ തായ്‌ത്തടിയുടെ അഗ്രഭാഗം മുറിച്ചു നീക്കി പാര്‍ശ്വശാഖകളെ വളരാന്‍ അനുവദിച് മരത്തെ ഇന്‍വേര്‍ട്ടട് പരാബോളയുടെആകൃതിയില്‍ രൂപപെടുത്തുന്നതാണ് മാങ്കോസ്റ്റിന്‍ കൃഷിയിലെ നൂതന തന്ത്രങ്ങലിലൊന്ന്.ചുവട്ടില്‍ നിന്ന് ഒരു മീറ്റര്‍ അകലത്തില്‍ ശാഖകള്‍ വളരാന്‍ അനുവദിക്കാതെ നിലനിര്‍ത്തുക.പ്രധാന തണ്ടില്‍ നിന്നു ശാഖകള്‍ തമ്മിലുള്ള അകലം 1.5 അടിയായി നിജപെടുത്തുക എന്നിവയും മരങ്ങളെ മികച്ച രീതിയില്‍  രൂപപെടുതുന്നതിന് സഹായകരമാണ്.

മരമേലാപ് പന്ത്രണ്ട് അടി വ്യാസത്തില്‍ കുടയാക്കൃതിയില്‍ രൂപപെടുത്തി ധാരാളം ശാഖകളെ കായ്പിടുത്തത്തിനു സജ്ജമാക്കുന്നതിന് തായ്‌ലാന്‍ഡില്‍ സാധാരണമാണ്.മരങ്ങള്‍ പുഷ്പ്പിക്കുന്ന വരണ്ട മാസങ്ങളില്‍ കായ്പിടുത്തം വര്‍ധിപ്പിക്കുന്നതിന് മരമേലാപ്പ് മുഴുവന്‍ നനച് അന്തരീഷ ഈര്‍പ്പം കൂട്ടാന്‍ മരത്തിന്റെ പ്രധാന ശാഖയുടെ അഗ്രം വരെ മൈക്രോ സ്പ്രിങ്ക്ലര്‍ ചേര്‍ത്തു വച്ച് വെള്ളം തളിക്കുന്ന രീതിയില്‍ അനുവര്‍ത്തിക്കാറുണ്ട്.ഇതോടൊപ്പം സാധാരണ നിലയിലുള്ള നന തുടരുകയും വേണം.

ദുരിയാന്‍

ലോകത്തിലെ  തന്നെ ഏറ്റവും വിഷിഷ്ട്ടവും വിലയേറിയതുമായ പഴമെന്നു ദുരിയാന്‍  വിശേഷിപ്പിക്കപെടുന്നു.മലേഷ്യ,തായ്‌ലാന്‍ഡ്‌,ഇന്തോനേഷ്യ,വിയറ്റ്നാം,ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായി കൃഷി ചെയ്തുവരുന്ന ദുരിയാന്‍   ഏറ്റവും കൂടുതല്‍ പ്രചാരം നേടിയ ട്രോപ്പിക്കല്‍ പഴങ്ങളില്‍ ഒന്നാണ്.ഇതിന്‍റെ ഭക്ഷ്യയോഗ്യമായ ഉള്‍ക്കാമ്പിനു അനന്യസാധാരണമായ ഗന്ധമാണ്.ഒരു പക്ഷെ സ്വാദുകൊണ്ടും ഗന്ധം കൊണ്ടും ഇത്രയേറെ ആരാധകരെയും ഒപ്പം വിരോധികളെയും ഉണ്ടാകിയിട്ടുള്ള മറ്റൊരു പഴം ഇല്ലെന്നുതന്നെ പറയാം.എന്നാല്‍ ഒരിക്കലെങ്കിലും ദുരിയാന്‍   ആസ്വദിച്ച ഒരാള്‍ക്കും അതിന്‍റെ സവിശേഷ സ്വാദ് ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല.

ധാരാളം ജൈവാംശവും നല്ല നീര്‍വാര്ച്ചയുമുള്ള ഏതു തരം മണ്ണിലും ദുരിയാന്‍   നന്നായി വളരുന്നു.ഇലകള്‍ക്ക് നിത്യഹരിത സ്വഭാവം.വര്‍ഷത്തില്‍ 2000 മി.ലി എങ്കിലും മഴയും 22മുതല്‍ 35 ഡിഗ്രീ സെല്‍ഷ്യസ് താപനിലയും അന്തരീക്ഷത്തിലെ ഉയര്‍ന്ന ആര്‍ദ്രതയും ദുരിയാന്‍   വളര്‍ച്ചക്ക് അനുകൂല ഘടകങ്ങള്‍.നല്ല സൂര്യപ്രകാശവും വായുസഞ്ചാരവുമുള്ള സ്ഥലങ്ങള്‍ കൃഷിക്കായി തിരഞ്ഞെടുക്കുകയും ചെയ്യണം.

മുകുളനവും ഗ്രാഫ്റ്റിങ്ങും വഴി ഗുണമേന്മയുള്ള തൈകള്‍ ഉല്‍പാതിപ്പിക്കാം.എന്നാല്‍ കൂടകളില്‍ നിറയ്ക്കുന്ന മിശ്രിതം ദുരിയാന്‍  ചെടികള്‍ തോട്ടത്തില്‍ വളര്‍ന്നു വികാസം പ്രാപിക്കാന്‍ നിര്‍ണ്ണായകമാണ്.മിശ്രിതത്തില്‍ ഉപകാരികളായ സൂക്ഷമജീവികളുടെ കൂട്ടുകെട്ട് വളരെ പ്രധാനം.

തൈകള്‍ ക്രിസ്മസ് ട്രീയുടേതുപോലെ കോണാകൃതിയിലും പ്രധാന തടിയില്‍ നിന്ന് എല്ലാ ദിശകളിലേക്കും ശിഖരങ്ങള്‍ വിടര്‍ത്തി പടര്‍ന്നുപന്തലിച്ചു വളരുന്നത്‌ മനോഹരമായ കാഴ്ചയാണ്.അസാധാരണ ശാഖാവിന്യാസമാണ് ദുരിയാന്‍ മരങ്ങളുടെ മറ്റൊരു സവിശേഷത.പ്രധാന തണ്ടില്‍നിന്നു വിവിത വശങ്ങളിലേക്ക്പ്രധാന ശാഖകള്‍ പുരപ്പെടുമെങ്കിലും ചെടിയില്‍ എന്നാല്‍ ഒരു പ്രധാന ശാഖ മാത്രമേ അനുവധിക്കാവൂ.ഇത്തരം പ്രധാന ശാഖകളിലാണ്‌ പൂങ്കുലകള്‍ ഉണ്ടാകുന്നത്.ഈ ശാഖകളെ കരുത്തോടെ വളര്‍ത്താന്‍ ശ്രദ്ധിക്കണം.

മരങ്ങള്‍ തമ്മില്‍ 30 അടി അകലം നല്‍കണം.ഒരു ചതുരശ്രമീറ്റര്‍ വലുപ്പമുള്ള കുഴികളെടുത്ത് അതില്‍ മേല്‍മണ്ണും ട്രൈക്കോഡര്‍മ-സമ്പുഷ്ട്ടജൈവവളങ്ങളും നിറച്ച് അനുയോജ്യമായ അളവില്‍ പിള്ളക്കുഴിയെടുത്ത് തൈനടാം.ആവശ്യമെങ്കില്‍ നാലു മാസങ്ങള്‍ക്കു ശേഷം സംയുക്ത വളങ്ങള്‍(NPK18 കോംപ്ലക്സ്)100 ഗ്രാം മണ്ണില്‍ തൂകി തൈകളുടെ വളര്‍ച്ചയെ ത്വരിതപെടുത്താം. ദുരിയാന്‍ മരങ്ങള്‍ക്ക് സാധാരണയായി 80 മുതല്‍ 150 വര്‍ഷങ്ങള്‍ വരെയാണ് ആയുസ്സ്.മികച്ച പരിപാലനം നല്കിയാല്‍ നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കുള്ളില്‍ മരങ്ങള്‍ പുഷ്പ്പിച്ചുതുടങ്ങും ആറു മുതല്‍ 15 വര്‍ഷം വരെ മധ്യകാലമായും 25 വര്‍ഷങ്ങള്‍ക്കു ശേഷം അമൂല്യ കാലമായും കണക്കാക്കുന്നു.പ്രായമേറുംതോറും കായ്കളുടെ എണ്ണം കൂടുകയും പഴത്തിന്‍റെ ഗുണമേന്മ വര്‍ദ്ധിക്കുകയും ചെയ്യുന്നു.അതിനാല്‍ വളരെ പ്രായമേറിയ മരങ്ങളില്‍ നിന്നുള്ള ഫലങ്ങള്‍ക്ക് വിലയേറും.

വിറ്റാമിനുകളുടേയും,ധാതുക്കളുടെയും കലവറ തന്നെയാണ് ദുരിയാന്‍.ഫൈറ്റോ-ഈസ്ട്രജന്‍ എന്ന പ്രത്യേകതരം ഹോര്‍മോണ്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് സ്ത്രീകളില്‍ ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.വന്‍കുടലിന്റെ അര്‍ബുദ സാധ്യത പ്രതിരോതിക്കാന്‍ ദുരിയാനു കഴിവുണ്ടെന്നും ശാസ്ത്രലോകം പറയുന്നു.മറ്റു പഴങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതില്‍ മാംസ്യവും അന്നജവും കൂടുതലാണെന്ന് കാണാം.നൂറു ശതമാനവും കൊളസ്ട്രോള്‍ വിമുക്തവുമാണ്.

ദുരിയാന്‍ കൃഷി ചെയ്യുന്നവര്‍ ഇതിന്‍റെ ലോകോത്തര ഇനങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ ശ്രദ്ധിക്കണം.മുസാങ്ങ് കിങ്ങ്,മോന്തോങ്ങ്,റെഡ് പ്രോണ്‍,സുല്‍ത്താന്‍ (D-24),D-99 എന്നിവ മികച്ച ഇനങ്ങളാണ്.

പുലാസാന്‍

വിദേശത്തുനിന്നു വിരുന്നുവന്ന്‍ കേരളത്തിന്റെ വീട്ടുകാരിയായ പഴവര്‍ഗമാണ് പുലാസാന്‍.കാഴ്ചയില്‍ റംബുട്ടാനോട് ഏറെ സാമ്യം.ശാസ്ത്രനാമം നെഫീലിയം മ്യുട്ടബൈല്‍.മൃതുവായ മുള്ളുകള്‍ നിറഞ്ഞതാണ്‌ കായ്കള്‍.ഭക്ഷ്യയോഗ്യമായ ഉള്‍ക്കാമ്പ് മധുരോധാരവും നീരുനിരഞ്ഞതുമാണ്.ഉള്ളില്‍ ചെറിയ വിത്തുണ്ട്.വിത്തില്‍ നിന്ന് കാമ്പ് എളുപ്പം വേര്‍പെടുത്തിയെടുക്കാം.മാംസളഭാഗം നേരിട്ട് കഴിക്കാം.ഐസ്ക്രീമുകളിലും പുഡിങ്ങുകളിലും രുചി വര്‍ധകമായും ഉപയോഗിക്കാം.ശരീരത്തിലെ കൊഴുപ്പുകുറക്കാന്‍കഴിവുള്ളതിനാല്‍ ദുര്‍മ്മേദ സുല്ലവര്‍ക്ക് നന്ന്‍. പുലാസാന്‍ കഴിക്കുന്നത് ചരമ സംരക്ഷണത്തിനും നന്ന്.

പുലാസാന്‍ നട്ടു വളര്‍ത്താന്‍ വിത്ത്‌ കിളിര്‍പ്പിച്ച് തൈകള്‍ ഉപയോഗിക്കാമെങ്കിലും ബഡ് ചെയ്ത തൈകള്‍ നടുന്നതാണ്‌ നല്ലത്.വിത്തുതൈകള്‍ ആണ്‍മരങ്ങളാകാന്‍ സാധ്യത കൂടും.വളരേ നേരത്തെ കായ്പിടിക്കുന്നതിനാലും മാതൃസസ്യത്തിന്റെ തനിമ നിലനിര്‍ത്തുന്നതിനാലും ഒട്ടുതൈകളാണ് നടേണ്ടത്. റംബുട്ടാനേക്കാളും കുറച്ചു സ്ഥലം മതി.കാഴ്ചക്കു വളരെ മനോഹരമായ പുലാസാന്‍ അലങ്കാര വൃക്ഷമായികൂടി തൊടിയിലും വീട്ടുവളപ്പിലും വളര്‍ത്താവുന്നതാണ്.

വേനല്‍ക്കാലത്ത്പകല്‍ നല്ല ചൂടും രാത്രി മഞ്ഞുമുള്ള കാലാവസ്ഥയില്‍ പുലാസാന്‍റെ ശാഖാഗ്രങ്ങളില്‍ കുലകളായി പൂക്കള്‍ വിരിഞ്ഞു തുടങും.ജനുവരി-ഫെബ്രുവരി മാസങ്ങളാണ് പൂക്കാലം.ആണ്‍മരങ്ങളും പെണ്‍മരങ്ങളുമുണ്ട്.പരാഗണം നടന്നിട്ടും പൊട്ടുകായ്കള്‍ ഉണ്ടാകുന്ന പ്രവണത തടയാന്‍ പൊട്ടാസ്യം നൈട്രേറ്റ് പ്രയോഗിക്കാവുന്നതാണ്.പൂവ് വിരിയുന്ന സമയത്തും കായ്പിടുത്തത്തിന്റെ വിവിധ ഘട്ടങ്ങളിലും ഒരു മാസത്തെ ഇടവേളകളില്‍ അഞ്ചു ഗ്രാം പൊട്ടാസ്യം നൈട്രേറ്റ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു തളിക്കുന്നത് ഫലപ്രധമായികണ്ടുവരുന്നു.

പൂവിടലും കായ്പിടുത്തവും പലപ്പോഴും ക്രമത്തിലാകാത്തതും പൊട്ടുകായ്കള്‍ഉണ്ടാകുന്നതും മൂലം പുലാസാന്‍ കൃഷി വാണിജ്യാടിസ്ഥാനത്തില്‍ നന്നല്ല. പുലാസാന്‍അധികം ചൂട് താങ്ങാനാവില്ല.അന്തരീക്ഷത്തിലെ ഉയര്‍ന്ന ആര്‍ദ്രതയും കുറഞ്ഞത് 200 സെ.മീ.എങ്കിലും വാര്‍ഷിക മഴയും ഇതിന്‍റെ വളര്‍ച്ചക്കും വികാസത്തിനും അത്യാവശ്യമാണ്.നല്ല നീര്‍വാര്‍ച്ചയുള്ള വികാസത്തിനും അത്യാവശ്യമാണ്.നല്ല നീര്‍വാര്‍ച്ചയുള്ള 5നും 6 നും ഇടയ്ക്ക് അമ്ല-ക്ഷാരനിലയുള്ള,നല്ല ജൈവാംശമുള്ള പശിമരാശി മണ്ണാണ് പുലാസാന്‍ ഉത്തമം.മണ്ണില്‍ മൈക്കോറൈസ പോലുള്ള സൂക്ഷ്മജീവികളുടെ ഉയര്‍ന്ന അളവും ഇതിന്‍റെ വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണ്.നല്ല നനയും സമൃദ്ധമായ സൂര്യപ്രകാശവും ഒഴിച്ചുകൂടാനാവില്ല.

ഒരു മീറ്റര്‍ സമച്ചതുരത്തിലെടുത്ത കുഴിയില്‍ മേല്‍മണ്ണ്,10മുതല്‍ 20കിലോ ഉണങ്ങിയ ചാണകപൊടി,അല്ലെങ്കില്‍ കമ്പോസ്റ്റ്,ഒരു കിലോ മേല്‍ത്തരം വേപ്പിന്‍പിണ്ണാക്ക് എന്നിവ യോജിപ്പിച്ച് നിറക്കാം.കുഴിക്കു നടുവില്‍ ഒരു പിള്ളക്കുഴിയെടുത്ത് കൂടയില്‍ വളരുന്ന ഒട്ടുതൈ മണ്ണുടയാതെ കവര്‍ വളരെ ശ്രദ്ധയോടെ നീക്കം ചെയ്ത് നടാവുന്നതാണ്.ചെറിയ കമ്പുകള്‍ നാട്ടി തൈകള്‍ കാറ്റിലുലയാതെ നോക്കണം.ഒട്ടുസന്ധിയില്‍ നിന്നല്ലാതെ വളരുന്ന മുകുളങ്ങള്‍ നീക്കം ചെയ്യാന്‍ യഥാ സമയം ശ്രദ്ധിക്കണം.ചെടികളുടെ ശരിയായ വളര്‍ച്ചക്ക് ധാരാളം ജൈവവളങ്ങള്‍ ആവശ്യമാണ്.വളച്ചയുടെ ആദ്യ ഘട്ടങ്ങളില്‍ സൂര്യ പ്രകാശം നേരിട്ട് ഏല്ക്കുന്നത് തടയുന്നതിനായി തണല്‍ നല്‍കേണ്ടതാണ്.സൂര്യപ്രകാശം ഇലകളില്‍ നേരിട്ട് പതിച്ചാല്‍ ഇലപൊള്ളലുണ്ടാകാന്‍ സാധ്യതയുണ്ട്.പൊതുവേ രോഗ,കീടങ്ങളൊന്നും ബാധിക്കാറില്ല.കായ്കളില്‍ ചിലപ്പോള്‍ മീലിമുട്ടയുടെ ആക്രമണം ഉണ്ടാകാറുണ്ട്.വെര്‍ട്ടിസിലിയം ലിറ്ററിന് 10 മില്ലി എന്ന തോതില്‍ തളിക്കുന്നത് ഫലപ്രധമാണ്.

ചെമ്പടാക്ക്

ഇന്തൊനീഷ്യയിലെ ബോര്‍ണിയോ ദ്വീപസമൂഹത്തിലെ വനാന്തരങ്ങളില്‍ ജന്മം കൊണ്ട ചെമ്പടാക്ക് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെല്ലാം തന്നെ വാണിജ്യാടിസ്ഥാനത്തില്‍കൃഷി ചെയ്തു വരുന്നു.നമ്മുടെ ചക്കപ്പഴത്തിന്‍റെ കുടുംബത്തിന്‍റെ മറ്റൊരംഗമായ ചെമ്പടാക്കിന് ചക്കയോട് സാമ്യമുണ്ടെങ്കിലും തനതായ സ്വാദും മാധുര്യവും കൊണ്ട് ചക്കയേക്കാള്‍ ഒരു പടി മുന്നിലാണ് ഇതിന്‍റെ സ്ഥാനം.കടുംപച്ചനിറത്തിലുള്ള ഇലകളും തണ്ടുകളും രോമാവൃതമാണ്‌ എന്നത് പ്ലാവില്‍നിന്ന്‍ ചെമ്പടാക്കിനെ വ്യത്യസ്തമാക്കുന്നു.ആര്‍ട്ടോകാര്‍പ്പസ് ഇന്ടിഗര്‍ എന്നശാസ്ത്രലോകത്തില്‍ അറിയപ്പെടുന്ന ചെമ്പടാക്ക് നമ്മുടെ കാലാവസ്ഥയില്‍,അധിവേഗം വളര്‍ന്നു ഫലങ്ങള്‍ നല്‍കുന്നതായി കാണുന്നു.ധാരാളം ചക്കകള്‍ പ്രധാന തണ്ടിലും വണ്ണം കൂടിയ ശാഖകളിലും നിറഞ്ഞു നില്‍ക്കുന്നത് കാണാന്‍ വളരേ മനോഹരമാണ്.ഒരു കിലോ മുതല്‍ രണ്ടര കിലോ വരെ തൂക്കമുള്ള ചക്കകള്‍ നന്നായി മൂത്തതിനു ശേഷം നന്നായി പഴുക്കാന്‍ വായുസഞ്ചാരമുള്ള  മുറിയില്‍ കേട്ടിതൂക്കുന്നത് നന്ന്.

ചെമ്പടാക്ക്നട്ടുപിടിപ്പിക്കാന്‍ തിരഞ്ഞെടുക്കുന്ന കൃഷിയിടങ്ങള്‍ക്കു നല്ല നീര്‍വാര്‍ച്ച ഉണ്ടായിരിക്കണം.ഒപ്പം നല്ല സൂര്യപ്രകാശവും ലഭിച്ചിരിക്കണം.പ്ലാവ് വളരുന്ന ഏതുതരം മണ്ണിലും ചെമ്പടാക്ക് കൃഷി ചെയ്യാം.തൈകള്‍ നട്ട് ആദ്യ രണ്ടു വര്‍ഷങ്ങളില്‍ പ്രത്യേക പരിപാലനം ആവശ്യമാണ്‌.മണ്ണില്‍ വേണ്ടത്ര ജലാംശം ഉണ്ടായിരിക്കണം.വരണ്ട മാസങ്ങളില്‍ നന്നായി നനക്കുകയും മണ്ണില്‍ ജലാംശം നിലനിര്‍ത്താന്‍ ഉണങ്ങിയ ഇലകള്‍കൊണ്ട് പുതയിടുകയും ചെയ്യുന്നത് നല്ലതാണ്.മഴക്കാലാരംഭത്തിനു മുമ്പ് ഒരു ശതമാനം വീര്യമുള്ള ബോഡോമിശ്രിതം തളിക്കുന്നത് കുമിള്‍രോഗത്തിനെതിരെ ഫലപ്രദമായ പ്രധിവിധിയാണ്.തുടര്‍ന്ന് ആദ്യ രണ്ടുവര്‍ഷങ്ങളില്‍ എല്ലാ മാസവും ഫലപ്രദമായ ഒരു കുമിള്‍നാശിനി തളിക്കുന്നതും മികച്ച സസ്യസംരക്ഷണ മാര്‍ഗമാണ്.

പ്ലാവിനു ശുപാര്‍ശ ചെയ്തിരിക്കുന്ന വളപ്രയോഗരീതി ചെമ്പടാക്കിനും അനുവര്‍ത്തിക്കാം.സംയുക്ത വളങ്ങളുടെയും ജൈവവലങ്ങളുടെയും സാന്നിധ്യം ചെടികളെ പുഷ്ട്ടിയോടെ വളര്‍ത്തുകയും ധാരാളം ഫലങ്ങള്‍ നല്‍കാന്‍ പ്രാപ്തമാക്കുകയും ചെയ്യും.കാലിവളം എപ്പോഴും ട്രൈക്കോഡര്‍മ സംബുഷ്ട്ടമാക്കി ഉപയോഗിക്കുന്നപക്ഷം മണ്ണിലൂടെ പകരുന്ന കുമിള്‍രോഗങ്ങളെ ഫലപ്രദമായി തടയാനും ചെടികളെ രോഗപ്രതിരോധശേഷിഉള്ളതാക്കി,നല്ല ആരോഗ്യത്തോടെ വളര്‍ത്താനും സാധിക്കും.

മിറക്കിള്‍ ഫ്രൂട്ട്

ആഫ്രിക്കന്‍ വനാന്തരങ്ങളില്‍നിന്ന് പതിനാറാം നൂറ്റാണ്ടില്‍ കണ്ടെത്തിയ മിറക്കിള്‍ ഫ്രൂട്ട് സിന്‍സിപാലം ഡള്‍സിഫിക്കം എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നു.നമുക്കു സുപരിചിതമായ സപ്പോട്ടയുടെ കുടുംബത്തില്‍നിന്നുള്ള സസ്യമാണിത്.അവിടുത്തെ ഗോത്രവര്‍ഗക്കാര്‍ ഭക്ഷണത്തിനുമുമ്പ് ഏതാനും മിറക്കിള്‍ ഫ്രൂട്ട് നുണഞ്ഞത് ഷെവലിയാര്‍ സെഡ് മാര്‍ക്കേയ്സ് എന്ന സസ്യ ശാസ്ത്രന്ജ്ജനില്‍ കൗതുകമുണര്‍ത്തുകയും അദേഹം പിന്നീട് ഇതിനെ ശാസ്ത്രലോകത്തിനു പരിചയപെടുത്തുകയും ചെയ്തു.അമേരിക്കന്‍ ഗവേഷകര്‍ 1970 കളില്‍ തന്നെ ഈ ഫലത്തെകുറിച് പഠനങ്ങള്‍ നടത്തുകയും ഒരു മിറക്കിള്‍ ഫ്രൂട്ട് നാവിലലിയിച്ചതിനു ശേഷം പുളിയുള്ള ഭക്ഷണസാധനങ്ങള്‍ കഴിച്ചാല്‍ നല്ല മധുരം അനുഭവപെടുന്നതിനു പിന്നില്‍ ഈ പഴത്തില്‍ അടങ്ങിയിരിക്കുന്ന മിറാക്കുലിന്‍ എന്ന ഗ്ലൈക്കോപ്രോട്ടീന്‍ ആണെന്ന് കണ്ടെത്തുകയും ചെയ്തു.

കീമോതെറപ്പിക്ക് വിധേയരാകുന്ന കാന്‍സര്‍ രോഗികള്‍ക്ക് ഭക്ഷണം കൂടുതല്‍ ആസ്വാദ്യമാക്കാനുള്ള കഴിവും ഈ അത്ഭുതഫലത്തിനുണ്ട്.കൂടാതെ,വിറ്റാമിന്‍ സി യുടെ ഉയര്‍ന്ന തോതിലുള്ള അളവ് മിറക്കിള്‍ ഫ്രൂട്ടിനെ നിരോക്സീകാരകങ്ങള്‍ കൂടുതലുള്ള പഴങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു.പുളിയുള്ള ശീതളപാനീയങ്ങള്‍ ഒട്ടും പഞ്ചസാര ചേര്‍ക്കാതെതന്നെ മധുരോദാരമാക്കി പ്രമേഹരോഗികള്‍ക്ക് രുചികരമാക്കാന്‍ ഒരു മിറക്കിള്‍ ഫ്രൂട്ട് നുണഞ്ഞതിനുശേഷം അത്കുടിച്ചാല്‍ മതി.ഉദ്യാനസസ്യമായും ഇതിനെ വളര്‍ത്താം.സാവധാനം വളരുന്ന ചെടികള്‍ക്കു പ്രകൃതി നല്‍കിയ ഇലച്ചാര്‍ത്ത് ഏതൊരു ഉദ്യാനത്തെയും മനോഹരമാക്കും,അമ്ലാംശം കൂടിയ മണ്ണിലേ ചെടികള്‍ നന്നായി വളരുകയുള്ളൂ എന്നു മാത്രം.രോഗ-കീടബാധകളൊന്നും ഇ ചെടിഒയില്‍ കാണാറില്ല.കാര്യമായ വളപ്രയോഗത്തിന്ന്റെ ആവശ്യവുമില്ല.ചെടികള്‍ പൂക്കുമ്പോള്‍ ധാരാളം ചെറുപ്രാണികള്‍ ഇവയുടെ തേന്‍ ആസ്വദിക്കാന്‍ എത്തുന്നത് പരാഗണത്തെ ഏറെ സഹായിക്കുന്നു.

മിറക്കിള്‍ ഫ്രൂട്ട് വളരെ ആകര്‍ഷകമായി വളരുകയും രണ്ടാം വര്‍ഷം മുതല്‍ പുഷ്പ്പിച്ച് വര്‍ഷത്തിലുടനീളം ധാരാളം ഫലങ്ങള്‍ നല്‍കുകയും ചെയ്യും.അനായാസമായി കൃഷി ചെയ്യാവുന്ന ഈ ചെടികള്‍ അകത്തളങ്ങള്‍ക്ക് ചാരുത നല്‍കും. മിറക്കിള്‍ ഫ്രൂട്ട് ചെടി ധാരാളം ഫലങ്ങള്‍ നല്‍കുന്നതോടൊപ്പം മനസ്സിന് കുളിര്‍മയും സന്തോഷവും നല്‍കുകയും ജീവിതത്തെ മധുരോദാരമാക്കുകയും ഒപ്പം നമ്മുടെ രസമുകുളങ്ങളെ ത്രസിപ്പിക്കുകയും ചെയ്യും.

മില്‍ക് ഫ്രൂട്ട്

സപ്പോട്ടയുടെ കുടുംബത്തിലെ തന്നെ അംഗം.ഈയടുത്ത കാലത്ത് വളരെ ശ്രദ്ധിക്കപെട്ട പഴമാണിത് ക്രൈസോഫില്ലം കെയ്നിറ്റോ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മില്‍ക് ഫ്രൂട്ട് അല്ലെങ്കില്‍ സ്റ്റാര്‍ ആപ്പിള്‍.വെസ്റ്റ്‌ ഇന്‍ഡീസില്‍ ജന്മം കൊണ്ട മില്‍ക് ഫ്രൂട്ട് വളരെ മനോഹരമായ ഇലചാര്‍ത്തോട്കൂടിയ ചെറുമരമാണ്.ഉദ്യാനത്തില്‍ നട്ടുവളര്‍ത്തുന്ന ഒരു മില്‍ക് ഫ്രൂട്ട് ചെടി ആരെയും ആകര്‍ഷിച്ചുകൊണ്ട് ധാരാളം ഫലങ്ങള്‍ നല്‍കും.ഇളം പച്ചയും പര്‍പ്പിളും നിറത്തില്‍ നൂറു ഗ്രാമോളം ഭാരമുള്ള പഴങ്ങള്‍ തണുപ്പിച്ചതിനു ശേഷം നടുവേ മുറിച് ഒരു സ്പൂണ്‍ കൊണ്ട് കഴിക്കുന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യമാണ്.പഴങ്ങള്‍ ധാരാളം ആന്‍റി ഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും ധാതുക്കളുടെയുമൊക്കെ പോഷകക്കലവറ തന്നെ.

ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ മഴക്കാലാരംഭത്തോടെ നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് നട്ട് വേണ്ടത്ര പരിചരണം നല്‍കിയാല്‍ രണ്ടാം വര്‍ഷം മുതല്‍ പുഷ്പ്പിച് കായ്പിടുത്തത്തിനു സജ്ജമാക്കും.വര്‍ഷംതോറും ചെറിയ തോതില്‍ സംയുക്തവളങ്ങളും(NPK കോംപ്ലക്സ്),ധാരാളം ജൈവവളങ്ങളും നല്‍കിയാല്‍ ചെരുമരങ്ങള്‍ ആര്‍ത്തു വളര്‍ന്ന് ധാരാളം ഫലങ്ങള്‍ നല്‍കും.

കടപ്പാട്:മലയാള മനോരമ കര്‍ഷകശ്രീ

3.07142857143
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top