অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മഞ്ഞത്തെത്തും സ്നോബുഷ്‌

മഞ്ഞത്തെത്തും സ്നോബുഷ്‌

സ്നോ ബുഷ്‌

ചെറിയ തൂവെള്ളപ്പൂക്കൾ കൂട്ടമായി വിടരുന്നു, പുതുമയും ഉന്മേഷവും പകർന്നുതരുന്ന ശുഭസുന്ദരവെള്ളനിറം. മോടിയേറിയ, കൗതുകകരമായ ഒരു ദൃശ്യമാണ് ഈ ആരാമസുന്ദരിയിലെ പൂക്കാലം. കാരണം, പൂക്കൾ നിരനിരയായി വിടർന്നു കഴിഞ്ഞാൽ പിന്നെ ചെടികളിലെങ്ങും പച്ചയുടെ ഒരംശം പോലും ഉണ്ടാവില്ല. ഇലകളെല്ലാം കൊഴിഞ്ഞു പോയിരിക്കും. ഉഷ്ണമേഖലാപ്രദേശങ്ങളിലെ തണുപ്പുകാലത്ത് മേനിനിറയെ തൂവെള്ളപ്പൂക്കൾ വിടർത്തുന്ന ഈ ഉദ്യാനസുന്ദരിയാണ് "വൈറ്റ് പോയിൻസൈറ്റിയ' എന്നറിയപ്പെടുന്ന 'സ്നോബുഷ്'. തൂവെള്ള പൂക്കളിൽ നിന്ന് നേരിയ തോതിൽ പരിസരങ്ങളിലേക്ക്പ്രസരിക്കുന്ന സുഗന്ധം ദൂരെ നിന്നു തന്നെ അറിയാൻ കഴിയും. പ്രത്യേകിച്ച് അതിരാവിലെയും സായാഹ്ന വേളകളിലും. ഡിസംബർ മുതൽ ആരംഭിക്കുന്ന പൂക്കാലം തുടർന്ന് മൂന്നു-നാലുമാസം അനുസ്യൂതം തുടരുകയും ചെയ്യും. മധ്യ അമേരിക്കക്കാരിയാണ് ബുഷെങ്കിലും ഇന്ത്യയിലെവിടെയും വളരും. കേരളത്തിൽ പ്രത്യേകിച്ചും. ക്രിസ്മസ് ഫ്ളവർ എന്നു പേരെടുത്ത സാക്ഷാൽ പോയിൻസെറ്റിയയുടെ അടുത്തബന്ധുവാണ് സ്നോബുഷ്. "ലിറ്റിൽ ക്രിസ്മസ് ഫ്ളവർ 'എന്നും ഇതിനുപേരുണ്ട്. മഞ്ഞുപാളി എന്ന അർഥത്തിൽ സ്നോ ഫ്ളോക്ക് എന്നും പറയാറുണ്ട്. പൊതുവേ പോയിൻസെറ്റിയ ചെടികൾക്ക് ക്രിസ്മസ് സ്റ്റാർ എന്നു പേരുണ്ട്. ഒരു പക്ഷെ ക്രിസ്മസ് ആഘോഷവേളകളിൽ പുഷ്പാലങ്കാരങ്ങൾക്ക് ഇതയേറെ ഉപയോഗിക്കുന്ന മറ്റൊരുചെടിയില്ലെന്നും പറയാം. 1825-ൽ ഈ ചെടി ആദ്യമായി അമേരിക്കയിൽ പ്രചരിപ്പിച്ച അന്നത്തെ മന്ത്രിയായിരുന്ന "ജോയൽ റോബർട്ട്സ് പോയിൻസൈറ്റിന്റെ ഓർമയ്ക്കാണ് ഇതിന് പോയിന്‍സൈറ്റിയ എന്ന പേരു നൽകിയത്. പടർന്നു വളരുന്ന കുറ്റിച്ചെടിയാണ് സ്നോബുഷ്. രണ്ടു മീറ്റർവരെ ഉയരം, യൂഫോർബിയ ല്യൂക്കോസെഫാല എന്നാണ് ശാസ്ത്രനാമം.

"ല്യൂക്കോസ്' എന്ന ഗ്രീക്ക് പദത്തിനർഥം വെളുപ്പ്. "കെഫേൽ' എന്നാൽ തല. വെളുത്ത തല അഥവാ വെള്ളപ്പൂക്കൾ നിറഞ്ഞ പൂത്തലപ്പ് എന്നർഥം. നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ചെടിയാണ് സ്നോബുഷ്. മാത്രമല്ല ചൂടുള്ള കാലാവസ്ഥയിലും വരണ്ട പ്രദേശങ്ങളിലും ഇത് നന്നായി വളരും. പുഷ്പിക്കും. വരൾച്ചയെ സഹിക്കാൻ കഴിവുണ്ട്. എന്നാൽ വെള്ളക്കെട്ട് തീരെ ഇഷ്ടമല്ല. “യൂഫോർബിയ' എന്ന ജനുസിൽപ്പെടുന്ന ചെടികളുടെ പൂക്കൾക്കെല്ലാം പൊതുവേ പ്രത്യേക സ്വഭാവമാണ്. ഇവ വലിപ്പത്തിൽ തീരെ ചെറുതായിരിക്കും. കൂട്ടമായി ചെടിയുടെ തലപ്പത്തു വിടർന്നു നിൽക്കും. സസ്യശാസ്ത്രജ്ഞർ ഇത്തരം പൂങ്കുലയ്ക്ക് "സയാത്തിയം' എന്നാണു പറയുക. സ്നോ ബുഷിന്റെ കാര്യത്തിലും ഇതു ശരിയാണ്. മാത്രമല്ല ഈ ചെടികളുടെയെല്ലാം തണ്ടു മുറിച്ചാൽ ഒരു തരം വെളുത്ത കറ ചാടും. മഞ്ഞുകാലത്തും തണുപ്പുകാലത്തുമാണ് ഇവ പൂക്കൾ വിടർത്തുക. ഇലയോടു സാമ്യമുള്ള ബ്രാക്റ്റ്'എന്നു പേരായ സസ്യഭാഗമാണ് ഇവിടെ വെള്ള നിറത്തിൽ പുഷ്പസദ്യശമായി വിടർന്ന് നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതെന്നുമാത്രം. യഥാർഥ പൂക്കളാകട്ടെ തീരെ ചെറുതും സുഗന്ധവാഹിയുമാണ്. ഇലകൾക്ക് ഇളം പച്ചനിറം. അഗ്രം കൂർത്തതും വിപരീത ദിശകളിൽ ക്രമീകരിച്ചതും മൂന്നോ അതിലേറെയോ ഇലകൾചേർന്ന് വളരുന്നതുമാണ്. പുഷ്പിച്ചു കഴിഞ്ഞാൽ ചെടി കുറേശെ ഇലകൾ പൊഴിച്ചു കളയുന്നതു കാണാം. ഈ അവസരത്തിൽ ഉദ്യാനകർഷകർ സ്നോബുഷ് കൊമ്പു കോതി .നിർത്തുന്ന പതിവുണ്ട്. കൊമ്പുകോതൽ ((പൂണിംഗ്) കഴിഞ്ഞാൽ ഉടൻ വളം ചേർക്കണം. ജൈവ വളങ്ങളോ രാസവളമിശ്രിതം നേർപ്പിച്ചതോ ഉപയോഗിക്കാം. നനയ്ക്കാനും മറക്കരുത്.

വളപ്രയോഗരീതി

പിണ്ണാക്ക് ലായനി (കേക്ക് സൊല്യൂഷൻ) ആണ് പ്രമുഖം. ഇതു നിർമിക്കാൻ എള്ളിൻ പിണ്ണാക്ക് ആല്ലെങ്കിൽ ആവണക്കിൻ പിണ്ണാക്ക് അല്ലെങ്കിൽ വേപ്പിൻ പിണ്ണാക്ക് എന്നിവയിലൊന്ന് ഒരു കിലോ 10 ലിറ്റർ വെള്ളത്തിൽ മൂന്നു ദിവസം കുതിർത്തു വയ്ക്കുക. ഈ ലായനി തെളിയൂറ്റി ഒരാഴ്ച ഇടവിട്ട് ചെടി വളരുന്ന ചട്ടിയിലോ തടത്തിലോ ഒഴിക്കുന്നത് ഉത്തമമാണ്. കൂടാതെ നൈട്രജൻ ഫോസ്ഫറസ്', പൊട്ടാസ്യം എന്നിവ അടങ്ങിയ രാസവളമിശ്രിതം 2-3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തെളിയൂറ്റി ഇലകളിൽ തളിക്കാം. ചെടി പുഷ്പിക്കാൻ തുടങ്ങുന്നതുവരെ ഇതു നൽകിയാൽ മതി. തണ്ടു മുറിച്ചു നട്ടാണ്‌ സ്നോബുഷിൽ പുതിയ തയാറാക്കുക. ചെടി പുതുവളർച്ച തുടങ്ങുന്ന വസന്തകാലമാണ് മാർച്ച്, ഏപ്രിൽ, മേയ്മാസങ്ങൾ. പൂമൊട്ടുകൾ വരുന്നതിനു മുമ്പ് അഗ്രഭാഗം മൂന്നു ജോഡി ഇലകളോടെ കഷണമായി മുറിച്ചെടുക്കുക. ഏറ്റവും താഴത്തെ ഇലകൾ നീക്കുക. തണ്ടിന്റെ ചുവടറ്റം വേരുപിടിപ്പിക്കാൻ ഹോർമോൺ പൊടി പുരട്ടുക. മാധ്യമത്തിൽ കുത്തി തണലത്തു വയ്ക്കുക, തണ്ടിന്റെ ചുവട്ടിൽനിന്നും കഷണം മുറിച്ചെടുക്കാം. വേരു പിടിപ്പിക്കൽ ഹോർമോൺ നിർബന്ധമില്ല. ചെടി മുറിക്കുമ്പോൾ ചാടുന്ന കറ കഴുകി നീക്കി കുറച്ചു നേരം വെള്ളത്തിൽ ചുവട് മുക്കിവച്ചിട്ട് നടുന്ന പതിവുമുണ്ട്. ഒരിക്കൽ പുഷ്പിക്കാൻ തുടങ്ങിയാൽ കുറഞ്ഞത് രണ്ടു മാസമെങ്കിലും നയനസമൃദ്ധമായ പൂക്കാലം സമ്മാനിക്കുന്ന സ്നോബുഷ് ഉദ്യാനങ്ങളിൽ മാത്രമല്ല, വഴിയോരങ്ങളും ട്രാഫിക് ഐലൻഡുകളും ഒക്കെ മോടിപിടിപ്പിക്കാനും ഉത്തമമാണ്. ലാൻഡ്സ്കേപ്പിംഗിനും അനുയോജ്യം. കുടുംബപരമായിത്തന്നെ ഇതിന്റെ തണ്ടുകളിൽ കറയുടെ സാന്നിധ്യമുള്ളതിനാലാവണം ഒരു വിധപ്പെട്ട ശത്രുപ്രാണികളൊന്നും സ്നോബുഷിനെ തൊടാനോ ഉപദ്രവിക്കാനോ ധൈര്യം കാട്ടാറുമില്ല.

സീമ സുരേഷ്,

ജോയിന്റ് ഡയറക്ടര്‍ കൃഷിവകുപ്പ്, തിരുവനന്തപുരം

കടപ്പാട്: കര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate