অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പെഴ്സിമണ്‍ ദൈവികഫലം

പെഴ്സിമണ്‍

കാഴ്ചയ്ക്ക് തക്കാളിയോട് ഏറെ സാദൃശ്യമുള്ള മധുരഫലം-അതാണ് പെഴ്സിമൺ. ജപ്പാൻ, ചൈന, ബർമ്മ, ഹിമാലയസാനുക്കൾ എന്നിവിടങ്ങളിലാണ് പെഴ്സിമൺ ജന്മം കൊണ്ടത്. ഇന്ത്യയിൽ ഇതിന്റെ കൃഷി ആദ്യം തുടങ്ങിയത് നീലഗിരിയിലാണ്. യൂറോപ്യൻകുടിയേറ്റക്കാരാണ് ഈ ഫലവൃക്ഷം ഇന്ത്യൻ മണ്ണിലെത്തിച്ചത്. ഇപ്പോൾഇത് ജമ്മു-കാഷ്മീർ, തമിഴ്നാട്ടിലെ കൂർഗ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വളരുന്നു. "ഡയോപെറോസ്' എന്ന ജനു- സിൽ പെട്ടതാണ് ഈ ഫലവൃക്ഷം. "ഡയോസ്' "പൈറോസ്' എന്ന രണ്ട് ഗ്രീക്കുപദങ്ങൾ ചേർന്നതാണ് Diospyros എന്ന ജനുസ്. ദൈവികഫലം എന്നാണ് ഈ വാക്കിനർഥം, ചീനർ ഈ പഴത്തെ ജാപ്പാനീസ് പെഴ്സിമൺ എന്നാണുവിളിക്കുക. സസ്യനാമം- ഡയോപൈറോസ് കാക്കി.

പരിചയം

ഇല പൊഴിക്കും മരമാണ് പെഴ്സിമൺ. പരമാവധി ഒമ്പതുമീറ്റർ വരെ ഉയരത്തിൽ വളരും. രണ്ടായിരത്തിലേറെ വർഷമായി ചൈനയിൽ ഈ പഴം ഉപയോഗത്തിലുണ്ട്. മരത്തിൽ മഞ്ഞകലർന്ന പച്ചിലകൾ പ്രായമാകുമ്പോൾ ഇലകൾ തിളക്കമുള്ള കടുംപച്ചയാകും. എന്നാൽ ശരത്കാലമാകുമ്പോൾ ഇലകൾക്ക് നാടകീയമായ നിറമാറ്റം സംഭവിക്കും. അവ മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ വ്യത്യസ്ത വർണങ്ങളണിയും. ആപ്പിൾ മരത്തോട് സമാനമാണ് ഇതിന്റെ രൂപം. മേയ്- ജൂൺ ആണ് പൂക്കാലം. മിതോഷ്ണ കാലാവസ്ഥ മുതൽ സാമാന്യം തണുത്ത കാലാവസ്ഥവരെയാണ് പെഴ്സിമൺ മരത്തിന് വളരാൻ ഇഷ്ടം. ഉഷ്ണമേഖലാ സമതല പ്രദേശങ്ങളിൽ ഇതിൽ കായ് പിടിക്കാൻ സാധ്യത കുറവാണ്. എന്നാൽ ഹൈറേഞ്ചിലെ തണുത്ത മേഖലകളിൽ കായ്ക്കും. സാമാന്യം തണുപ്പും ചൂടു കുറഞ്ഞ വേനൽക്കാലവുമുള്ള പ്രദേശങ്ങളിലാണ് പെഴ്സിമൺ നന്നായി വളരുക. ഊഷ്മാവ് "0' ഡിഗ്രി സെന്റീഗ്രഡിൽ താഴ്ന്നാലും ഇതിന് പ്രശ്നമില്ല. എന്നാൽ ചൂടു കൂടുന്നത് ഇഷ്ടമല്ല. ചൂടു കൂടിയാൽ തടി പൊള്ളിയിളകുന്നതു കാണാം. ഉഷ്ണമേഖലാ സമതലങ്ങളിലാകട്ടെ ഇത് കായ്ക്കുകയുമില്ല. ഒന്നിലേറെ പ്രധാന ശിഖരങ്ങളോടെ, താഴേക്കു തൂങ്ങിയ ഇലകളുമായി അലസമായി നിൽക്കുന്ന പെഴ്സിമൺ ഉത്തമ അലങ്കാരവൃക്ഷം കൂടെയാണ്. ഇത് രണ്ടുതരമുണ്ട്. തീക്ഷണരസമുള്ളതും തീക്ഷ്ണത കുറഞ്ഞതും. പഴത്തിലടങ്ങിയിരിക്കുന്ന ടാനിൻ ആണ് ഈ രുചിവ്യത്യാസത്തിനു കാരണം. തീക്ഷണതയേറിയ ഇനമാണ് താനെനാഷി. തീക്ഷ്ണത കുറഞ്ഞ ഇനമാണ് ഫുയോ. ഇതാണ് ഒരു പക്ഷെ ലോകത്തിൽ ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്ന പെഴ്സിമൺ ഇനവും. ഉയർന്ന തോതിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ അഥവാ പ്രോ- വൈറ്റമിൻ - എ യുടെ സാന്നിധ്യമാണ് പെഴ്സിമൺ പഴത്തെ പോഷകസമൃദ്ധമാക്കിയിരിക്കുന്നത്. ചൈനയിൽ മാത്രം പെഴ്സിമൺ പഴത്തിന്റെ രണ്ടായിരത്തോളം ഇനങ്ങൾ പ്രചാരത്തിലുണ്ട്. ജപ്പാനിൽ എണ്ണൂറോളം ഇനങ്ങൾ ഉണ്ടെങ്കിലും നൂറിൽ താഴെ മാത്രമേ പ്രധാനമായിട്ട് കരുതുന്നുള്ളൂ. ഫുയും, ജിറോ, ഗോഷോ,സുറുഗ, ഹാച്ചിയ, അയുഷുമിഷിരാസു, യോക്കോനോ എന്നിവ ഇവയിൽ ചിലതാണ്. ഇന്ത്യയിൽ കൂനൂരുള്ള, പഴവർഗ ഗവേഷണകേന്ദ്രത്തിൽ "ദയ് ദയ് മാറു' എന്നഇനം നന്നായി വളർന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അത്യാകർഷകവും ഏറെ മധുരതരവുമായ വലിയ പഴങ്ങള്‍ക്ക് കടും ചുവപ്പ് നിറമാണ്.

പ്രജനനവും കൃഷിയും

ഇടത്തരം വളക്കൂറുള്ള ഏതുമണ്ണിലും പെഴ്സിമൺ വളരും. ഒട്ടിച്ചുണ്ടാക്കുന്ന പുതിയ തെകളാണ് നട്ടുവളർത്തേണ്ടത്. ആഴത്തിൽ കിളച്ച് ജൈവവളങ്ങൾ ചേർത്തൊരുക്കിയ കൃഷിസ്ഥലത്ത് 4.5 x 1.5 മീറ്റർ അകലത്തിൽ തൈകൾ നടാം. ഓരേക്കറിൽ ഇങ്ങനെ 400 തൈകൾ വരെനടുന്നു. ഇവ 10-15 വർഷത്തെ വളർച്ചയാകുമ്പോഴേക്കും നല്ലകരുത്തും ഫലോത്പാദനശേഷിയുമുള്ള 85 മരങ്ങളായി എണ്ണത്തിൽ കുറച്ചെടുക്കണം. ബാക്കിയുള്ളവ നീക്കം ചെയ്യണമെന്നർഥം. പൂർണവളർച്ചയെത്തിയ മരത്തിന് ജൈവവളങ്ങൾക്കുപുറമെ രാസവളപ്രയോഗവും നടത്തുന്ന പതിവുണ്ട്. രാസവളമിശ്രിതമാണ് ഇതിനുപയോഗിക്കുക. ജപ്പാനിലും മറ്റും ഒരു മരത്തിന് ഒരു വർഷം 45 കിലോഗ്രാം വരെ രാസവളമിശ്രിതം രണ്ടു തവണയായി വിഭജിച്ചു നൽകാറുണ്ട്. എന്നാൽ നൈട്രജൻ മാത്രം അടങ്ങിയ വളങ്ങൾ കൂടുതലായി നൽകുന്നത്, കായ്പൊഴിച്ചിലിനിടയാക്കും. പെഴ്സിമണിന് പ്രൂണിംഗ്(കൊമ്പുകോതൽ) നിർബന്ധമാണ്. മരത്തിന് നിയതമായ രൂപംകിട്ടാനും ശിഖരങ്ങൾക്ക് ദൃഢത ലഭിക്കാനും ഇതു കൂടിയേ കഴിയൂ. എല്ലാ വർഷവും പുതുതായുണ്ടാകുന്ന വളർച്ചയുടെ ഒരുഭാഗം നീക്കുന്നത് നന്ന്. വളർച്ചയുടെ തോതു നോക്കി മരങ്ങളെ പാതി ഉയരത്തിലേക്ക് നിയന്ത്രിച്ചു വളർത്തണം. വരൾച്ച ചെറുക്കാൻ പെഴ്സിമണ് സ്വതഃസിദ്ധമായ കഴിവുണ്ടെങ്കിലും ശരിയായി നനച്ചു വളർത്തുന്ന മരങ്ങളിൽ വലിപ്പവും മേന്മയുമേറിയ കായ്കകളുണ്ടാകുക പതിവാണ്. ആഴ്ചയിൽരണ്ടോ മൂന്നോ തവണ നിർബന്ധമായും നനയ്ക്കുക. തോട്ടമടിസ്ഥാനത്തിൽ വളർത്തുമ്പോൾ തുള്ളിനന നടത്തുകയാണ് അഭികാമ്യം.

വിളവ്

മിക്ക ഇനങ്ങളും ഒട്ടു തൈകളാണെങ്കിൽ നട്ട് 3-4 വർഷമാകുമ്പോഴേക്കും കായ്ക്കാൻ തുടങ്ങും. ചിലത് 5-6 വർഷം വരെ എടുക്കും. വളർച്ചയുടെ വിവിധഘട്ടങ്ങളിൽ ഇതിൽ നിന്ന് 40മുതൽ 250 വരെ കിലോ കായ്കൾ കിട്ടും. തീക്ഷ്ണരസമുള്ള ഇന്ങ്ങൾ പൂർണമായും വിളഞ്ഞിട്ടുമാത്രമേ വിളവെടുക്കാറുള്ളു. ഇവ മുളക്കൂടകളിലും മറ്റുംവച്ചു പഴുപ്പിച്ചിട്ട് വിപണിയിൽ എത്തിക്കുന്നു. വിദേശ രാജ്യങ്ങളിൽ വിളവെടുപ്പിനു മൂന്നുദിവസം മുമ്പ് ജിഞ്ചറെല്ലിക്ക് ആസിഡ് പോലുള്ള ഹോർമോണുകൾ തളിച്ച് കായുടെ മൂപ്പ് വൈകിപ്പിക്കാറുണ്ട്. ഇത്തരം കായ്ക്കൾ കൂടുതൽനാൾ സൂക്ഷിച്ചു വയ്ക്കാൻ കഴിയും. സാധാരണ ഊഷ്മാവിൽ പഴുത്ത പഴങ്ങൾ നാലു ദിവസം വരെ കേടാകാതെയിരിക്കും. പഴങ്ങൾ ഓരോന്നായി പേപ്പറിൽ വെവ്വേറെ പൊതിഞ്ഞു സൂക്ഷിക്കുന്ന പതിവുമുണ്ട്. ഇന്ത്യയിൽ ഇതാണ് രീതി. മൂന്നു ദിവസം കൊണ്ട് ഇവ ഭക്ഷ്യയോഗ്യമാകും.

മേന്മകൾ

നന്നായി പഴുത്ത പെഴ്സിമൺ പഴം പാതി മുറിച്ച് ഒരു സ്പ്പൂൺ കൊണ്ടു തന്നെ കോരി കഴിക്കാം. ചിലർ ഇതിലേക്ക് അൽപം നാരങ്ങാ നീരോ പഞ്ചസാരയോ തൂകിയിട്ടാവും കഴിക്കുക. പഴക്കാമ്പ് സലാഡ്, ഐസ്ക്രീം, യോഗർട്ട്, കേക്ക്, പാൻകേക്ക്, ജിഞ്ചർ ബഡ്, കുക്കീസ്, ഡസേർട്ട്, പുഡിംഗ്, ജാം, മാർമലെയിഡ് എന്നിവയോടൊപ്പം ചേർത്താൽ മാറ്റു കൂടും. ഇന്താനേഷ്യയിൽ പഴുത്ത പെഴ്സിമൺ ഫലങ്ങൾ, ആവിയിൽ പുഴുങ്ങി, പരത്തി വെയിലത്തുണക്കി അത്തിപ്പഴം പോലെയാക്കിയിട്ടാണ് ഉപയോഗിക്കുക. പഴം ഉപയോഗിച്ച് വീഞ്ഞ്, ബിയൽ എന്നിവയും തയാറാക്കുന്നു. ഇതിന്റെ വറുത്ത അരി (വിത്ത് ) പൊടിച്ച് കാപ്പി പോലെയുള്ള പാനീയങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നു. പെഴ്സിമണിലെ പോഷകസമൃദ്ധിയാണ് അതിന് ദൈവത്തിന്റെ ആഹാരം എന്ന ഓമനപ്പേര് നേടിക്കൊടുത്തത്.  മാംസ്യം, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, എന്നിവയ്ക്ക് പുറമെ കാത്സ്യം,ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നീമൂലകങ്ങളും കരോട്ടിൻ, തയാമിൻ, റിബോഫ്ളാവിൻ, നിയാസിൻ, അസ്കോർബിക് ആസിഡ് എന്നീ ജീവകങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. അധികം പഴുക്കാത്ത പെഴ്സിമൺ പഴത്തിൽ നിന്ന് ലഭിക്കുന്ന ടാനിൻ, സാക്കെ എന്ന മദ്യം തയാറാക്കുന്നതിനുപയോഗിക്കുന്നുണ്ട്. ടാനിൻ, ചായം നിർമിക്കാനും മരത്തടി സംരക്ഷിക്കാനും പ്രയോജനപ്പെടുത്തുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത വന്യ പെഴ്സിമൺ കായ്കൾ ചതച്ച് വെള്ളത്തിൽ നേർപ്പിച്ചെടുത്തത്കീടനശീനകരണത്തിന് സഹായിക്കുന്നു. മരത്തടി ഫാൻസി ഉപകരണങ്ങൾ തയാറാക്കാൻ ഉപയോഗിക്കുന്നു. പാകമാകാത്ത കായുടെ നീര്, പനി, ചുമ എന്നിവ അകറ്റാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായകമാണ്.

സുരേഷ് മുതുകുളം

മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, എഫ്.ഐ.ബി

ഫോൺ: സുരേഷ്- 9446306909

കടപ്പാട്: കര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 5/30/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate