অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പെപ്പറോമിയ

സ്നേഹസമ്മാനം പെപ്പറോമിയ

Radiator Plant/Baby Rubber Plant എന്നീ പേരുകളില്‍ പ്രസിദ്ധമാണ് പെപ്പറോമിയ. വീടിനകം ശ്രദ്ധിക്കാന്‍ സമയക്കുറവുള്ളതും എന്നാല്‍ ചെടികളോട് സ്നേഹമുള്ളതുമായ വ്യക്തികള്‍ക്ക് വളരെ കുറഞ്ഞ പരിപാലനത്തിലും ശ്രദ്ധയിലും വളര്‍ത്താന്‍ പറ്റുന്ന ഒരു അകത്തള സസ്യമാണിത്.  പേര് സൂചിപ്പിക്കുന്ന പോലെ pepper (കുരുമുളക്) ചെടികളുടെ ഇലകളുമായി ഇതിന്‍റെ ഇലകള്‍ക്കേറെ സാമ്യമുണ്ട്. പൈപ്പറെസിയ കുടുംബാംഗമായ ഈ ചെടിയുടെ 1000 ഓളം ഇനങ്ങള്‍ ലോകമെമ്പാടും ലഭ്യമാണ്.

പെപ്പറോമിയഇലകളുടെ നിറത്തിലും രൂപത്തിലും ഇത്രയും വൈവിധ്യം പ്രദർശിപ്പിക്കുന്ന മറ്റൊരു അകത്തളച്ചെടി ഇല്ലായെന്നുതന്നെ പറയാം. മെഴുകിൽ കടഞ്ഞെടുത്ത പോലെ കൃത്യമായ ആകൃതിയിൽ തിളക്കമുള്ളതും ഭംഗിയുള്ളതുമായ ഇലകൾ പെപ്പറോമിയയ്ക്ക് വേറിട്ട രൂപഭംഗി നൽകുന്നു. വളരെ സാവധാനം വളരുന്ന, 50 സെ.മീറ്ററിൽ താഴെ മാത്രം പൊക്കം വയ്ക്കുകയും ചെയ്യുന്ന വളരെ ദൃഢമായ തണ്ടോടുകൂടിയ ഒരു കൊഴുത്ത ചെടിയായതിനാൽ പെപ്പറോമിയ നമ്മുടെ വീടുകളിലും ഓഫീസുകളിലും മേശപ്പുറങ്ങൾ അലങ്കരിക്കാൻ ഏറ്റവും അനുയോജ്യമാണ്. ഇനി നമ്മുടെ ചുറ്റും കാണുന്ന പെപ്പറോമിയ ചെടിയുടെ ഇനങ്ങൾ ഏതെല്ലാമെന്ന് നോക്കാം. നേരെ മുകളിലേക്ക് വളരുന്ന തണ്ടോടുകൂടിയ ഇനങ്ങളും പടരുന്ന തണ്ടുകളോടു കൂടിയ ഇനങ്ങളും സാധാരണമാണ്. കടുംപച്ച നിറം, ഇളംപച്ചയും മഞ്ഞയും കലർന്ന നിറം, ചുവന്ന അരികുകളുള്ള പച്ചനിറം, തണ്ണിമത്തന്റെ പുറം പോലെ പച്ചയിൽ വെള്ള വരകൾ എന്നിങ്ങനെ ഇലകളുള്ള ഇനങ്ങൾ സാധാരണയായി കാണുന്നവയാണ്. ഇവയെ കൂടാതെ കാപ്പറേറ്റ (Caperata) ഇനത്തിൽപെട്ട പെപ്പറോമിയക്ക് കടുംപച്ച, ബർഗണ്ടി നിറങ്ങളിൽ ചുളുങ്ങിയതു പോലുള്ള ഇലകളും കാണപ്പെടുന്നു. ഇവയിലെല്ലാംതന്നെ കുരുമുളകിന്റെ തിരി/എലിയുടെ വാൽ പോലെയുള്ള പൂക്കുല ഉണ്ടാകുന്നത് മനോഹര കാഴ്ചയാണ്.

ഇത്രയൊക്കെ സവിശേഷതകളുള്ള പെപ്പറോമിയ നന്നായി പരിപാലിക്കുന്നതിന് ചില കാര്യങ്ങൾ നാം ഓർക്കേണ്ടതുണ്ട്. അകത്തളങ്ങളിലെ ഓക്സിജൻ ബോംബായ പെപ്പറോമിയയ്ക്ക് നേരിട്ടുള്ള സൂര്യപ്രകാശം തീരെ ഇഷ്ടമല്ലാത്തതിനാൽ ഈ ചെടി ജനാലകളുടെ അരികുകൾ, അടുക്കള, വാഷ് മുകൾ, സ്വീകരണ മുറികൾ, ഓഫീസ് മുറികൾ എന്നിവിടങ്ങളിൽ വെയ്ക്കേണ്ടതാണ്. ഇലകളുടെ നിറങ്ങൾക്ക് ചേർന്നുപോകുന്ന ആറിഞ്ച് വലുപ്പമുള്ള ചട്ടികളിൽ 2 ഭാഗം മണലും ഒരുഭാഗം ചകിരിച്ചോറും നിറച്ച മിശ്രിതത്തിൽ ഈ ചെടി നടാം. പടരുന്ന ഇനങ്ങൾ നടുന്നതിലേക്ക് തൂക്കിയിടാൻ പാകത്തിനു ഭംഗിയുള്ളതും വിവിധ നിറങ്ങളിലുള്ളതുമായ ചട്ടികൾ തെരെഞ്ഞെടുക്കാവുന്നതാണ്. ഹൈഡ്രോപോണിക്സിനും പെപ്പറോമിയ ഒരു യോജിച്ച ചെടിയാണ്. വളരെ കുറവ് ആഹാരം, ജലം എന്നിവയേ ആവശ്യമുള്ളൂ എന്നതിനാൽ ആഴ്ചയിലൊരിക്കൽ ഹാൻഡ്പ്രയർ ഉപയോഗിച്ച് വെള്ളം ചെടിയിൽ സ്പ്രേ ചെയ്യുന്നതാണ് നല്ലത്. ചട്ടിയിൽ അധികം വെള്ളം ഒഴിച്ച് കെട്ടിനിർത്തേണ്ട ആവശ്യമില്ല. ഈ ചെടിക്ക് വളപ്രയോഗം തീരെ ആവശ്യമില്ലായെന്നുതന്നെ പറയാം. ഇലകൾക്ക് കരുത്ത് കുറവു തോന്നിയാൽ ഒരു സ്പൂൺ ജൈവവളം മാസത്തിലൊരിക്കൽ എന്നതോതിൽ നൽകാവുന്നതാണ്. കാര്യമായ പ്രശ്നങ്ങൾ ഒന്നുംതന്നെ കാണിക്കാതെ ഈ സസ്യം ദീർഘകാലം നമ്മോടൊപ്പം ഉണ്ടാകും. എന്നിരുന്നാലും ഇലകളുടെ നിറം / രൂപം എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഇലകളുടെ അടിയിൽ മണ്ഡരികൾ ഉണ്ടാകാനും വേരുകളിൽ ചീയലിന്റെ പ്രശ്നങ്ങൾ ഉണ്ടാകാനും വിദൂര സാദ്ധ്യതകൾ ഉണ്ടെന്നതിനാൽ ചെടിയിലുണ്ടാകുന്ന മാറ്റങ്ങളെ അവഗണിക്കരുത്.

ഇത്രയും കാര്യങ്ങൾ അറിഞ്ഞാൽ നിങ്ങൾക്കും പെപ്പറോമിയയെ അകത്തള ചെടികളുടെ ശേഖരത്തിൽ ഉൾപ്പെടുത്താം. നിങ്ങളുടെ വീട്ടിലെ ഓഫീസിലെ സന്ദർശകർ അത്ഭുതത്തോടെ ഇത് ഒരു കൃത്രിമ പ്ലാസ്റ്റിക് ചെടിയാണോ എന്ന് ചോദിക്കുമ്പോൾ അഭിമാനത്തോടെ “അല്ല' എന്ന് പറയാൻ നിങ്ങൾക്ക് സാധിക്കും. വിവിധതരം ഇലകളുള്ള വാട്ടർ മെലോൺ പെപ്പറോമിയയും, ചു വന്ന അരികുകളുള്ളതും കടുംപച്ച നിറമുള്ളതുമായ ഇലകളോടു കൂടിയ പെപ്പറോമിയകളും, "കാപ്രേറ്റ' ഇനങ്ങളിൽപ്പെട്ട പച്ച ബർഗണ്ടി ഇനങ്ങളും ഇടകലർത്തി നട്ടുണ്ടാക്കിയ "ടെറേറിയ' ത്തിന്റെ അസാമാന്യ ചാരുത പറഞ്ഞറിയിക്കാൻ കഴിയില്ല. നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ച് ടെറേറിയം ഉണ്ടാക്കി നമ്മുടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കുന്നത് ബന്ധങ്ങൾ ഊഷ്മളമാക്കാൻ ഉതകുന്നതാണ്.

കടപ്പാട്: കേരളകര്‍ഷകന്‍© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate