অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പൂന്തോട്ടത്തിനഴക്

പൂന്തോട്ടത്തിനഴക്

ചെടികൾ തലകീഴായും വളർത്താം

കേൾക്കുമ്പോൾ തലതിരിഞ്ഞ ആശയമെന്നു തോന്നുമെങ്കിലും പല ചെടികളും തലകീഴായി വളർത്താം. നമ്മൾ നട്ടുവളർത്തുന്ന ചെടിയുടെ വേരിന്റെയും തണ്ടിന്റെയും വളർച്ച പലഘട്ടങ്ങളെ ആശ്രയിച്ചാണ്. ഭൂമിയുടെ ഗുരുത്വാകർഷണദിശയിലേക്ക് അതായത്, മണ്ണിൽ കുത്തനെ താഴേക്കാണ് വേരുകൾ വളരുക. താഴേക്ക് വളർന്നിറങ്ങുന്ന വേരുകൾ മണ്ണിലെ ജലാംശത്തിന്റെ ലഭ്യതയനുസരിച്ച് ചാഞ്ഞും ചെരിഞ്ഞും ഗുരുത്വാകർഷണത്തിൽനിന്നു വഴിമാറിയും വളരാറുണ്ട്. തുള്ളിനന നൽകുന്ന ചെടിയുടെ വേരുകൾ കൂടുതലായി മണ്ണിനു തൊട്ടുതാഴെയായി പടർന്നുകിടക്കുന്നതും മരത്തിന്റെ വേരുകൾ അടുത്തുള്ള ജലസ്രോതസിലേക്കു വളരുന്നതും ഈ സവിശേഷതകൊണ്ടാണ്.

ചെടിയുടെ തണ്ടുകൾ ഭൂമിയുടെ ഗുരുത്വാകർഷണത്തിന്റെ എതിർദിശയിലേക്ക് അഥവാ മുകളിലേക്ക് നിവർന്നുനിന്നാണ് സാധാരണ വളരുക. എന്നാൽ വളരാൻ നേരിട്ടു സൂര്യപ്രകാശം ആവശ്യമായ ചെടികൾ സൂര്യപ്രകാശം വേണ്ടത്ര ലഭ്യമല്ലാത്ത ഇടങ്ങളിൽ കൂടുതൽ വെളിച്ചം കിട്ടുന്നിടത്തേക്ക് ചാഞ്ഞുവളരുന്നതായി കാണാം. അങ്ങനെയെങ്കിൽ ചെടി തലകീഴായി വളർത്തിയാൽ എന്തു സംഭവിക്കും?

ചട്ടിയിൽ നട്ട ചെടി തലകീഴായ തൂക്കിയിടുമ്പോൾ ചട്ടിയുടെ മുകളിൽനിന്നാണ് നനയ്ക്കുന്നത്. വേരുകൾ ചട്ടിയുടെ താഴെഭാഗത്തായിരിക്കും വളർന്നുവരിക. മുകളിൽനിന്നു നനജലം മിശ്രിതത്തിലൂടെ ഊർന്നിറങ്ങി വേരുകൾക്ക് ലഭ്യമാകും. വേരുകളാകട്ടെ, ഗുരുത്വാകർഷണ ദിശയിലേക്ക് അതായത് താഴേക്ക് വളരാതെ വെള്ളം ലഭിക്കുന്ന മുകളിലേക്ക് പടർന്നു വളർന്നുവരും.

എന്നാൽ തണ്ടുകളുടെ വളർച്ചാരീതി ചെടിയുടെ സ്വഭാവമനുസരിച്ചും സൂര്യപ്രകാശത്തിന്റെ ലഭ്യതയനുസരിച്ചുമായിരിക്കും. കരുത്തുറ്റ തണ്ടുകളുള്ളവയടക്കം എല്ലാത്തരം ചെടിയുടെയും അഗ്രഭാഗം വശങ്ങളിലേക്കു വളയുന്നത് പ്രത്യേകതയാണ്. തണ്ടിന് അധികം നീളം വയ്ക്കാതെ ശാഖകൾ കൂടുതലായി ഉണ്ടായിവരും. ഒരുവശത്തുനിന്നുമാത്രം സൂര്യപ്രകാശം ലഭിക്കുന്ന അവസ്ഥയിൽ തണ്ടുകൾ ആ ഭാഗത്തേക്ക് അധികമായി ചാഞ്ഞു വളരും.

നിവർന്നു വളർന്നിരുന്ന ചെടി തലകീഴായി തൂക്കിയിടുമ്പോൾ ആദ്യഘട്ടത്തിൽ വളർച്ച സാവധാനത്തിലായിരിക്കും. പൂച്ചെടിയാണെങ്കിൽ പൂവിടുന്നത് കുറയും. സാഹചര്യവുമായി ഇണങ്ങിക്കഴിയുമ്പോൾ എല്ലാം സാധാരണ നിലയിലാകും. വൃക്ഷത്തൈ ഉൾപ്പെടെ ഏതുതരം ചെടിയും തലകീഴായി വളർത്തി പരീക്ഷിക്കാം. ഇത്തരം രീതിയിൽ പരിപാലിക്കുമ്പോൾ കൗതുകമുണർത്തുന്ന പല സവിശേഷതകളും ചെടികളിൽ കാണാം. സ്ട്രോബെറി, ടുമാറ്റോ, മുളക്, വഴുതന തുടങ്ങിയ പഴം-പച്ചക്കറിച്ചെടികളും വള്ളിയിനം അലങ്കാരച്ചെടികളും ഉൾപ്പെടെ പല ചെടികളും തലകീഴായി വളർത്താം. തൂക്കുചട്ടികളിൽ ചെടി വളർത്തുന്നതുപോലെ തൂക്കുചട്ടി തലകീഴായിട്ടിട്ട് ചെടി പരിമിതമായ സൗകര്യത്തിൽ വളർത്താമെന്ന മെച്ചമുണ്ട്. തലകീഴായി വളർത്തുന്ന ചെടി ആവശ്യത്തിനനുസരിച്ചുമാത്രം നനയ്ക്കുക. നേരിട്ട് സൂര്യപ്രകാശം ആവശ്യമുള്ളവ അത്തരം അന്തരീക്ഷത്തിൽ തന്നെ പരിപാലിക്കാൻ ശ്രദ്ധിക്കണം.

പ്രത്യേക തരം പ്ലാസ്റ്റിക് ചട്ടികൾ

തലകീഴായി ചെടി വളർത്തുന്നതിന് പ്രത്യേക തരം പ്ലാസ്റ്റിക് ചട്ടികൾ ഇന്നു വിപണിയിൽ ലഭ്യമാണ്. താഴെഭാഗത്ത് ദ്വാരങ്ങളോടുകൂടിയ ഈ ചട്ടിക്കൊപ്പം തലകീഴായിടുമ്പോൾ മിശ്രിതം താഴേക്കുവീഴാതിരിക്കാൻ നടുവിൽ ദ്വാരമുള്ള പ്ലാസ്റ്റിക് മൂടി, അതിനകത്തായി വയ്ക്കാൻ നേർത്ത കണ്ണിയോടുകൂടിയ നൈലോൺ വല, ചട്ടിയുടെ ഏറ്റവും അടിയിലായി വയ്ക്കാൻ ചെറിയ മൺപാത്രം എന്നിവയെല്ലാം ഉൾപ്പെടും.

ചട്ടി നിറയ്ക്കുന്നതിന്റെ ആദ്യപടിയായി മൺപാത്രം ചട്ടിയുടെ അടിഭാഗത്ത് നടുവിൽ കമഴ്ത്തിവയ്ക്കുക. മൺപാത്രം ദ്വാരങ്ങൾ ഉള്ളഭാഗത്താണ് വയ്ക്കേണ്ടത്. എങ്കിൽ മാത്രമേ പ്ലാസ്റ്റിക് ചട്ടി തലകീഴായി തൂക്കിയിടുമ്പോൾ ദ്വാരങ്ങൾ വഴി നൽകുന്ന നനജലം മൺപാത്രത്തിൽ ശേഖരിച്ച് മിശ്രിതത്തിലേക്ക് ആവശ്യാനുസരണം ഊർന്നിറങ്ങുകയുള്ളൂ. മൺപാത്രം മുഴുവനായി മൂടുന്ന വിധത്തിൽ മിശ്രിതം വയ്ക്കണം.

ഇത്തരം തൂക്കുചട്ടിയിലേക്ക് ഭാരം കുറഞ്ഞ മിശ്രിതമാണ് നല്ലത്. ഇതിനായി കുതിർത്തെടുത്ത ചകിരിച്ചോറ്, വെർമിക്കുലേറ്റ് ഇവ ഒരേ അളവിൽ കലർത്തിയെടുത്തതിൽ വളമായി മണ്ണിരക്കമ്പോസ്റ്റ് ചേർത്തതും മതിയാകും. അടുത്തപടിയായി തലകീഴായി വളർത്തുവാൻ തിരഞ്ഞെടുത്ത ചെടി വേരുകൾക്ക് കേടുപറ്റാതെ നട്ടിരിക്കുന്ന മിശ്രിതമുൾപ്പെടെ എടുക്കുക. ചെടിയുടെ വേരുമാത്രം പൊതിഞ്ഞു നിൽക്കുന്ന വിധത്തിൽ മാത്രം മിശ്രിതം നിലനിർത്തി പുറമെയുള്ളത് നീക്കണം.

ചട്ടിയിലേക്ക് ചെടി ഇറക്കിവച്ചശേഷം ചുറ്റും ഭാരം കുറഞ്ഞ മിശ്രിതം നന്നായി നിറച്ചു കൊടുക്കണം. മിശ്രിതത്തിനുമുകളിൽ ഒരുവശം പിളർന്നിട്ടുള്ള നൈലോൺ വല ഉറപ്പിക്കണം. നൈലോൺ വലയ്ക്ക് മുകളിൽ പരന്ന പ്ലാസ്റ്റിക് മൂടി ചട്ടിയുടെ വക്കിനു തൊട്ടുതാഴെയുള്ള ഗ്രൂവിൽ ഇറക്കിവച്ച് ബലപ്പെടുത്തണം. ഈ വിധത്തിൽ ചെടി നട്ട് തൂക്കുചട്ടി തയാറാക്കിയെടുക്കാം. ചട്ടിയുടെ താഴെയുള്ള ഹുക്കിൽ ബലമുള്ള വള്ളിയുപയോഗിച്ച് ആവശ്യാനുസരണം ഉയരത്തിൽ തലകീഴായി സ്ഥിരമായി തൂക്കിയിടാം.

തൂക്കിയിട്ട ചട്ടിയുടെ മുകൾഭാഗത്തുള്ള ദ്വാരങ്ങൾ വഴിയാണ് മിശ്രിതത്തിലേക്ക് നനയും വളവും നൽകേണ്ടത്. ദ്രവരൂപത്തിലുള്ള വളമാണ് യോജിച്ചത്. ഇതിനായി നേർപ്പിച്ച വെർമിവാഷ്, വെള്ളത്തിൽ ലയിപ്പിച്ചെടുത്ത എൻപികെ തുടങ്ങിയവ മതിയാകും. എൻപികെ നന്നായി നേർപ്പിച്ചത് ഇലകളിലേക്ക് തുള്ളിനനയായും നൽകാം.

ബക്കറ്റിലും തലകീഴായി വളർത്താം

പെയ്ന്റ് വരുന്ന ബക്കറ്റിലും ചെടികൾ തലകീഴായി വളർത്താം. ആദ്യപടിയായി പെയ്ന്റ് മുഴുവനായി നീക്കം ചെയ്ത് ബക്കറ്റ് നന്നായി വൃത്തിയാക്കിയെടുക്കണം. ബക്കറ്റിന്റെ താഴെ ഭാഗത്ത് ഒത്തനടുവിൽ വൃത്താകൃതിയിൽ ദ്വാരം വെട്ടി തയാറാക്കണം. നടുവാൻ ഉദ്ദേശിക്കുന്ന ചെടിയുടെ വേരുഭാഗം മുഴുവനായി ബക്കറ്റിനുള്ളിലേക്ക് ഇറക്കുവാൻ യോജിച്ച വലുപ്പമുള്ള ദ്വാരമായിരിക്കണം.

അടുത്തപടിയായി തിരഞ്ഞെടുത്ത ചെടിയുടെ വേരുകൾക്ക് ചുറ്റുമുള്ള മണ്ണ് മുഴുവനായി കഴുകി നീക്കം ചെയ്യണം. വേര് മുഴുവനായി ബക്കറ്റിനുള്ളിലേക്ക് ഇറക്കിവയ്ക്കുക. തല കീഴായി ഞാത്തിയിടുമ്പോൾ ചെടി ബക്കറ്റിൽനിന്നും പുറത്തേക്ക് ഇറങ്ങാതിരിക്കുവാൻ ഈടുനിൽക്കുന്ന ഫോം അല്ലെങ്കിൽ നേർത്ത കണ്ണിയോടുകൂടിയ നൈലോൺ നെറ്റ് ഉപയോഗിച്ച് വേരിനുചുറ്റുമായി ദ്വാരത്തിന്റെ ബാക്കി ഭാഗം അടയ്ക്കണം.

അടുത്തതായി ബക്കറ്റ് മുഴുവനായി ഭാരം കുറഞ്ഞ നടീൽ മിശ്രിതം നിറയ്ക്കാം. ആവശ്യത്തിനു വലുപ്പമുള്ള ബക്കറ്റാണെങ്കിൽ താഴെഭാഗത്ത് തലകീഴായി ചെടി വളർത്തുന്നതിനൊപ്പം മിശ്രിതത്തിനുമുകളിൽ മറ്റൊരു ചെടി കൂടി നട്ട് പരിപാലിക്കുവാൻ സാധിക്കും. ചെടി നട്ടശേഷം ബക്കറ്റ് ബലമുള്ള വള്ളിയിൽ തൂക്കിയിടാം. ബക്കറ്റിനുമുകളിലൂടെ മിശ്രിതത്തിൽ നനജലവും വളവും ചെടിക്ക് ആവശ്യാനുസരണം നൽകുവാൻ സാധിക്കും.

ലേഖകൻ: പ്രഫ. ജേക്കബ് വർഗീസ് കുന്തറ, അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, തൃക്കാക്കര, കൊച്ചി—21

ഫോൺ: 94470 02211

വീട്ടിൽ വളർത്താം ജാപ്പനീസ് ഗാർഡൻ

ബോൺസായ് പോലെ ജപ്പാനിലെ പരമ്പരാഗത ചെടിപരിപാലനരീതിയാണു കൊക്കെഡാമ. പ്രത്യേക രീതിയിൽ ഒരുക്കിയെടുത്ത ചെടികൾ ഞാത്തിയിട്ടു വളർത്തുമ്പോൾ കൊക്കെഡാമ എന്ന സ്ട്രിങ് ഗാർഡൻ തയാർ.

പരിപാലനം ലളിതം

ജപ്പാൻകാരുടെ പ്രത്യേക രീതിയിലുള്ള ചെടിപരിപാലനം ലോകപ്രസിദ്ധമാണ്. അതിനു മികച്ച ഉദാഹരണമാണു ബോൺസായ്. ചെടികളും മരങ്ങളും കുള്ളൻ പ്രകൃതത്തിലാക്കി ആഴം കുറഞ്ഞ പാത്രത്തിൽ വളർത്തുന്ന ബോൺസായ് കേരളത്തിലും പ്രചാരത്തിലുണ്ട്. ബോൺസായ് പോലെ ചെടികളുടെ വളർച്ച സാവധാനമാക്കി മെരുക്കിയെടുക്കുന്ന മറ്റൊരു പരിപാലനരീതിയാണ് കൊക്കെഡാമ. പ്രത്യേകം തയാറാക്കിയ മിശ്രിതവും പീറ്റ്മോസും ഉപയോഗിച്ചു വേരുകൾ പൊതിഞ്ഞാണ് കൊക്കെഡാമയിൽ ചെടികൾ വളർത്തുക. ജാപ്പനീസ് ഭാഷയിൽ കൊക്കെഡാമയുടെ അർഥം മോസ് ബോൾ എന്നാണ്. ഇൗ രീതിയിൽ ഒരുക്കിയെടുത്ത ചെടികൾ ഞാത്തിയിട്ടു വളർത്തുമ്പോൾ കൊക്കെഡാമ എന്ന സ്ട്രിങ് ഗാർഡൻ രൂപം കൊള്ളുന്നു.

ബോൺസായ് പരിപാലനത്തിന് പ്രത്യേകം പരിശീലനം ആവശ്യമാണ്. നല്ല ക്ഷമയും വേണം. എന്നാൽ കൊക്കെഡാമ ഒരിക്കൽ ഒരുക്കിയാൽ പിന്നീട് ചെടികൾ അനായാസം വളർത്താം. ഏത് അലങ്കാരച്ചെടിയും കൊക്കെഡാമയ്ക്ക് ഉപയോഗിക്കാം. ഒരാഴ്ച നനയ്ക്കാൻ മറന്നെന്നിരിക്കട്ടെ, ചെടിക്കൊന്നും സംഭവിക്കില്ല. ബോൺസായ്ക്കൊപ്പം കൊക്കെഡാമയും ജപ്പാനിലെ പരമ്പരാഗത ചെടിപരിപാലനരീതിയാണ്.

ചേരുവകൾ എന്തൊക്കെ

അലങ്കാരച്ചെടി: അധികം ഉയരവും വലുപ്പവും വയ്ക്കാത്ത, ചെറിയ വേരുകളോടുകൂടിയ എല്ലാ അലങ്കാരച്ചെടികളും പാതി തണൽ ഉള്ളിടത്ത് കൊക്കെഡാമ തയാറാക്കാൻ ഉപയോഗിക്കാം. ബേർഡ്സ് നെസ്റ്റ്ഫേൺ, ബോസ്റ്റൺ ഫേൺ, മെയ്ഡൻ ഹെർഫേൺ, ടേബിൾ ഫേൺ തുടങ്ങിയ പന്നൽ ഇനങ്ങൾ, ടില്ലാൻഡിയ നിയോറിഗേലിയ, ബിൽ ബേർജിയ എന്നീ ബ്രൊമീലിയഡ് ചെടികൾ, ഡിഫൻ ബെക്കിയ, മിനി ഫിലോഡെൻഡ്രോൺ, എലഫന്റ് ഇയർ, ലക്കിബാംബു, ഗോൾഡൻ ഡ്രസീന ഇനം, അലോ, സെഡം, ക്രാസുല തുടങ്ങിയ സക്കുലൻറ് ഇനങ്ങൾ, ഫിറ്റോണിയ, റിബൺഗ്രാസ്, പൻഡാനസ് എന്നിവ കൂടാതെ ഹോയ്, സ്പൈഡർപ്ലാന്റ്, ലിപ്സ്റ്റിക് ചെടി തുടങ്ങിയ വള്ളിയിനങ്ങൾ എല്ലാം ഈ രീതിയിൽ പരിപാലിക്കാൻ നന്ന്.

പീറ്റ്മോസ്, ഉണങ്ങിയ ചകിരിനാര്, പെർലൈറ്റ് അല്ലെങ്കിൽ വെർമിക്കുലേറ്റ്, ചകിരിച്ചോറ് ചേർത്ത കംപോസ്റ്റ്, ചുവന്ന മണ്ണ്, മാർബിൾ ചിപ്സ്, ചാക്കുനൂല്, നൈലോൺ നൂല് എന്നിവയാണ് ഇതിനു വേണ്ട മറ്റ് അസംസ്കൃത വസ്തുക്കൾ.

ജപ്പാനിലെ പരമ്പരാഗത കൊക്കഡാമ സ്ട്രിങ് ഗാർഡൻ രീതിയിൽ തയാറാക്കിയ ചെടി. (Image Courtesy - Facebook)

തയാറാക്കുന്ന വിധം

ആദ്യപടിയായി ആറിഞ്ച് വായ്‌വട്ടമുള്ള കുഴിയൻ പാത്രം എടുക്കുക. ഇതിന്റെ അടിഭാഗത്ത് കൊക്കെഡാമയുടെ പുറംഭാഗം ചുറ്റിപ്പൊതിയുന്നതിനായി നീളമുള്ള ചാക്കുനൂലുകൾ പല ദിശയിലേക്കാക്കി വയ്ക്കുക. ഇതിനു മുകളിൽ ഒരടുക്ക് കുതിർത്ത പീറ്റ്മോസ്, അതിനു മുകളിലായി ഒരടുക്ക് ഉണങ്ങിയ ചകിരിനാരും വയ്ക്കണം.

അടുത്ത പടിയായി നടീൽ മിശ്രിതം തയാറാക്കാം. നടീൽമിശ്രിതത്തിൽ വളമായി കംപോസ്റ്റാണ് ഉപയോഗിക്കുക. രണ്ടുഭാഗം ചകിരിച്ചോറു ചേർത്ത കംപോസ്റ്റ്, രണ്ടുഭാഗം വെർമിക്കുലേറ്റ് അല്ലെങ്കിൽ പെർലൈറ്റ്, ഒരു ഭാഗം ചുവന്ന മണ്ണ് ഇവ നന്നായി കലർത്തിയെടുക്കുക. ഇതിലേക്ക് ഒരു പിടി മാർബിൾ ചിപ്സും ചേർക്കാം. ചെടിയുടെ വേരുകൾക്കു കൂടുതൽ വായുസഞ്ചാരം കിട്ടാനും നന്നായി വളരാനുമാണ് മാർബിൾ ചിപ്സ് മിശ്രിതത്തിൽ ഉൾപ്പെടുത്തുന്നത്. ആവശ്യത്തിനു വെള്ളവും ചേർത്ത് മിശ്രിതം നന്നായി കുഴച്ചു ഗോളാകൃതിയിലാക്കിയെടുക്കണം. ഇങ്ങനെ തയാറാക്കിയ മിശ്രിതം അടർന്നുപോകാതെ നോക്കണം.

അടുത്തതായി ഇതിലേക്കു നടാനുള്ള ചെടി ഒരുക്കിയെടുക്കാം. ചട്ടിയിൽനിന്നു മിശ്രിതമുൾപ്പെടെ ചെടി പുറത്തേക്കു വേർപെടുത്തിയെടുക്കണം. വേരുഭാഗത്തെ മണ്ണ് വേരുകൾക്കു ക്ഷതംവരാത്ത വിധത്തിൽ ശ്രദ്ധാപൂർവം നീക്കുക. പഴകിയതും അധികനീളമുള്ളതുമായ വേരുകൾ ആവശ്യാനുസരണം മുറിച്ചുമാറ്റാം. വേരുഭാഗം, മുഴുവനായി കുതിർത്തെടുത്ത പീറ്റ്മോസ് ഉപയോഗിച്ച് പൊതിയണം. ഇതിനുശേഷം ഗോളാകൃതിയിൽ തയാറാക്കിയ മിശ്രിതം നെടുകെ രണ്ടായി പിളർന്ന് ഇതിനുള്ളിലേക്ക് പീറ്റ് മോസിൽ പൊതിഞ്ഞ ചെടിയുടെ വേരുഭാഗം ഇറക്കിവയ്ക്കാം. വേര് ഇറക്കിവച്ചശേഷം മിശ്രിതം വീണ്ടും വേരിനു ചുറ്റും ഗോളാകൃതിയിൽത്തന്നെ പൊതിഞ്ഞ് ഉറപ്പിക്കണം. ഈവിധത്തിൽ ചെടി നടുമ്പോൾ നേരത്തെ കുഴിയൻ പാത്രത്തിൽ അടുക്കായി തയാറാക്കിയ പീറ്റ്മോസിന്റെയും ചകിരിനാരിന്റെയും മുകളിൽ വയ്ക്കാം.

അടുത്ത പടിയായി പാത്രത്തിലുള്ള ചകിരിനാരും പീറ്റ്മോസും ഉപയോഗിച്ച് മിശ്രിതബോൾ മുഴുവനായി പൊതിഞ്ഞെടുക്കണം. ബോളിന്റെ എല്ലാ ഭാഗത്തും പീറ്റ്മോസ് തികയുന്നില്ലെങ്കിൽ ആവശ്യാനുസരണം വച്ചുകൊടുത്ത് മുഴുവനായി പീറ്റ്മോസ്കൊണ്ട് പൊതിയണം. ബോളിലേക്ക് പീറ്റ്മോസ് ചേർത്തുറപ്പിക്കുവാൻ പാത്രത്തിൽവച്ചുതന്നെ ചാക്കുനൂലു ചുറ്റി പൊതിഞ്ഞ് ബലപ്പെടുത്താം. വേണമെങ്കിൽ ഇതിനായി വേറെയും ചാക്കുനൂല് ഉപയോഗിക്കാം. ചാക്കുനൂലിനൊപ്പം നേർത്ത നൈലോൺ നൂലും ചുറ്റിപ്പൊതിയാൻ പ്രയോജനപ്പെടുത്താം.

മോസിന്റെ ഭാഗങ്ങൾ പുറത്തേക്ക് അനാകർഷകമായി തള്ളിനിൽക്കാത്ത വിധത്തിൽ വേണം നൂൽ ചുറ്റാൻ. ഇതിനുശേഷം മോസ്ബോൾ വെള്ളത്തിൽ 3—4 മിനിറ്റ് മുഴുവനായി മുക്കി കുതിർത്തെടുക്കണം. ഇത്തരത്തിൽ ചെടി നട്ടു തയാറാക്കിയ മോസ്ബോൾ ആകർഷകമായ ട്രേയിൽവച്ച് മേശയോ ടീപോയ്യോ അലങ്കരിക്കാം. അല്ലെങ്കിൽ വണ്ണമുള്ള നൈലോൺ നൂൽ മോസ്ബോളിന്റെ വശങ്ങളിൽ കെട്ടിയുറപ്പിച്ച് ചെടി തൂക്കിയിടാം. ഈ വിധത്തിൽ അഞ്ചു കൊക്കെഡാമ ചെടികൾ തൂക്കിയിട്ടാണ് സ്ട്രിങ് ഗാർഡൻ തയാറാക്കുന്നത്.

പരിപാലനരീതി

ജപ്പാനിൽ ലളിതമായ പരിചരണം മാത്രം ആവശ്യമുള്ള ബോൺസായ് രീതിയായാണ് കൊക്കെഡാമയുടെ പ്രചാരം. പാതി തണൽ കിട്ടുന്ന വീടിന്റെ വരാന്തയിലും ജനലിന്റെ അരികിലും ജനൽപ്പടിയിലുമെല്ലാം കൊക്കെഡാമ പരിപാലിക്കാം. കാലാവസ്ഥയനുസരിച്ച് ആഴ്ചയിലൊരിക്കൽ പാത്രത്തിലെടുത്ത വെള്ളത്തിൽ മോസ്ബോൾ മുഴുവനായി മുങ്ങുന്നവിധത്തിൽ വേരുകൾ നനയ്ക്കാം.
ഇങ്ങനെ മുക്കുമ്പോൾ ബോളിനുള്ളിൽനിന്നു കുമിളകൾ മുഴുവനായി പുറത്തേക്കു വന്നുതീർന്നാൽ ബോൾ വെള്ളത്തിൽനിന്നു പുറത്തെടുക്കണം. അനാകർഷകമായി വളർന്നുപോകുന്ന ശാഖകൾ ആവശ്യാനുസരണം മുറിച്ച് ചെടിക്ക് നല്ല ആകൃതി നൽകണം. ചെടിയുടെ വളർച്ചയ്ക്കായി രണ്ടാഴ്ചയിലൊരിക്കൽ വെള്ളത്തിൽ ലയിപ്പിച്ചെടുത്ത എൻപികെ 19:19:19 രാസവളം രണ്ടു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ലായനിയായി ഇലകളിൽ തളിച്ചുനൽകാം. കൊക്കെഡാമയിലുള്ള പീറ്റ്മോസ് കുറേക്കാലം ഈർപ്പം സൂക്ഷിച്ചുവയ്ക്കുമെന്നതുകൊണ്ട് നന വളരെ ശ്രദ്ധിച്ചുമാത്രം മതിയാകും. കൊക്കെഡാമയിൽ പരിപാലിക്കുന്ന ചെടിയുടെ വളർച്ച സാവധാനമാക്കാൻ നനയും വളവും പരിമിത രീതിയിലായിരിക്കണം.

ലേഖകൻ: ജേക്കബ് വർഗീസ് കുന്തറ, അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, തൃക്കാക്കര, കൊച്ചി -21. ഫോൺ: 94470 02211. email:jacobkunthara123@gmail.com

കൂടുതൽ വിവരങ്ങൾക്ക്: 98474 53583

കൊതുകിനെ തുരത്തുന്ന പൂച്ചെടികൾ

 

കൊതുകിനെ തുരത്താൻ കൃത്രിമ രാസപദാർഥങ്ങൾ ഉപയോഗിക്കുന്നതു മനുഷ്യരിൽ പലതരം ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകാം. ജമന്തി, കൊങ്ങിണി, മെലലൂക്ക, ഇഞ്ചിപ്പുല്ല് തുടങ്ങിയ ചെടികൾക്കു കൊതുക് ഉൾപ്പെടെ പല കീടങ്ങളെയും തുരത്താൻ കഴിയും. അതായതു വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ ഇത്തരം ചെടികൾ നട്ടു വളർത്തിയാൽ രണ്ടുണ്ട് ഗുണം. ഒന്ന് ഇവയിൽ പലതും ഗൃഹവൈദ്യത്തിനും പാചകത്തിനും ഉപകരിക്കുന്നവയാണ്. രണ്ടാതായി പൂന്തോട്ടത്തിൽ ഇവ അഴകു വിടർത്തുന്നതിനൊപ്പം കൊതുക് ഉൾപ്പെടെയുള്ള പ്രാണികളെയും കീടങ്ങളെയും തുരത്താനും ഉപകരിക്കുന്നു. ഇത്തരം ചില ചെടികളെ പരിചയപ്പെടാം.

ജമന്തി

മാരിഗോൾഡ് എന്ന് ഇംഗ്ലിഷിൽ അറിയപ്പെടുന്ന ഇൗ വാർഷിക പൂച്ചെടി നമ്മുടെ കാലാവസ്ഥയിൽ മഴക്കാലം കഴിഞ്ഞാൽ ഉദ്യാനത്തിൽ പൂത്തടം തയാറാക്കാൻ ഉപയോഗിച്ചുവരുന്നു. ജമന്തിയുടെ മഞ്ഞയും ഓറഞ്ചും നിറമുള്ള പൂക്കൾ കോർത്തുണ്ടാക്കിയ മാല അലങ്കാരത്തിനും പൂജാദികർമ്മങ്ങൾക്കും ധാരാളമായി ഉപയോഗിക്കുന്നു. വീടിനോടു ചേർന്നു നന്നായി വെയിലുള്ളിടത്ത് ജമന്തിച്ചെടിയുടെ പൂത്തടം ഒരുക്കിയാൽ ഉദ്യാനത്തിന്റെ അഴക് വർധിക്കും. വീടും പരിസരവും കൊതുകുൾപ്പെടെയുള്ള പ്രാണികളിൽനിന്നു മുക്തമാകുകയും ചെയ്യും. കൃഷിയിടങ്ങളിൽ ശാസ്ത്രീയ കീടനിയന്ത്രണത്തിനു ജമന്തി നട്ടുപരിപാലിക്കുന്ന രീതി ഇന്നു പ്രചാരത്തിലുണ്ട്. കടുത്ത മഴക്കാലവും വേനൽക്കാലവുമൊഴിച്ചുള്ള കാലാവസ്ഥയിൽ ജമന്തി നമ്മുടെ നാട്ടിൽ നന്നായി വളരുകയും പുഷ്പിക്കുകയും ചെയ്യും. വിത്തുവഴി വളർത്തിയെടുക്കുന്ന ചെടി 45—50 ദിവസത്തിനുള്ളിൽ പൂവിട്ടുതുടങ്ങും. പൂക്കളാണു കീടങ്ങളെ അകറ്റിനിർത്തുന്നതിൽ മുന്നിൽ. പൂവിടാറായ ചെടിയുടെ കൂമ്പ് നുള്ളിക്കളയുന്നത് കൂടുതൽ ശാഖകളും പൂക്കളും ഉൽപാദിപ്പിക്കാൻ സഹായിക്കും. അനുകൂലാവസ്ഥയിൽ പൂക്കൾ ചെടിയിൽ രണ്ടു മാസത്തോളം കേടാകാതെ നിൽക്കുമെന്ന മെച്ചവുമുണ്ട്.

മെലലൂക്ക

സ്വർണനിറത്തിൽ നിറയെ കുഞ്ഞൻ ഇലകളും ഇടതൂർന്ന ശാഖകളും ഉപശാഖകളുമുള്ള ‘ഗോൾഡൻ ബോട്ടിൽ ബ്രഷ്ട്രീ’ എന്ന് അറിയപ്പെടുന്ന മെലലൂക്ക ഉദ്യാനത്തിലെ അലങ്കാരവൃക്ഷമാണ്. അത്ര ഉയരംവയ്ക്കാത്ത ഈ ചെറുമരത്തിന്റെ ഇലയുൾപ്പെടെയുള്ള എല്ലാ ഭാഗത്തിനും യൂക്കാലിപ്റ്റസ് തൈലത്തിന്റെ സുഗന്ധമുണ്ട്. മെലലൂക്കയുടെ ഞാന്നുകിടക്കുന്ന ഇലനിബിഡമായ ഉപശാഖകളാണ് ഈ മരത്തിന്റെ അഴക്. ചിലയിനങ്ങളിൽ ഇലകൾ പ്രായമെത്തുമ്പോൾ മഞ്ഞനിറം മാറി പച്ചയാകും. ഇലകളിൽ അടങ്ങിയിട്ടുള്ള തൈലം കീടനാശിനി സ്വഭാവമുള്ളതാണ്. ഈ തൈലമാണ് കൊതുകുൾപ്പെടെ ഒട്ടുമിക്ക പ്രാണികളെയും ചെടിയിൽനിന്നും പരിസരത്തുനിന്നും അകറ്റിനിർത്തുന്നത്. എന്നാൽ തേനീച്ചകൾക്കും പൂമ്പാറ്റകൾക്കും പ്രിയങ്കരമാണ് മെലലൂക്ക.

ഉദ്യാനത്തിൽ അതിരായും മതിലിനോടു ചേർന്നും നിരയായും നട്ടാൽ പൂന്തോട്ടവും വീടുൾപ്പെടെ പരിസരവും കൊതുക് ഇല്ലാത്ത ഇടമാക്കുവാൻ സാധിക്കും. നന്നായി സൂര്യപ്രകാശം ലഭിക്കുന്നിടത്തു മാത്രമേ ചെടിക്ക് സ്വർണവർണം കിട്ടുകയുള്ളൂ. ബോട്ടിൽ ബ്രഷ് മരം പോലെ തണ്ടു മുറിച്ചുനട്ട് മെലലൂക്കയും വളർത്തിയെടുക്കാം. വേഗത്തിൽ വളരുന്ന ഈ മരം നമ്മുടെ നാട്ടിൽ വിരളമായേ പുഷ്പിക്കാറുള്ളൂ.

ഇഞ്ചിപ്പുല്ല്

.

പുൽത്തൈലവും അതു വാറ്റിയെടുക്കാൻ ഉപയോഗിക്കുന്ന ഇഞ്ചിപ്പുല്ലും മലയാളിക്ക് സുപരിചിതം. കേരളത്തിന്റെ പല ഭാഗങ്ങളിലും പുൽത്തൈലത്തിനായി വ്യാവസായികാടിസ്ഥാനത്തിൽ ഇഞ്ചിപ്പുല്ല് കൃഷി ചെയ്തുവരുന്നുണ്ട്. വേഗത്തിൽ വളർന്നുവന്ന് കൂട്ടമായിത്തീരുന്ന ഇഞ്ചിപ്പുല്ല് അഥവാ ലെമൺഗ്രാസിന്റെ ഇലകളിലാണ് സുഗന്ധതൈലം അധികമുള്ളത്. പുൽത്തൈലം ചേർന്ന ലോഷനുകൾ തറയും കുളിമുറിയും രോഗാണുവിമുക്തമാക്കാൻ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഈ തൈലത്തിലുള്ള മിക്ക രാസപദാർഥങ്ങളും കൊതുക് ഉൾപ്പെടെ പലതരം കീടങ്ങളെയും തുരത്തിപ്പായിക്കാൻ കഴിവുള്ളവയാണ്.

തവിട്ടുകലർന്ന പച്ചനിറമുള്ള ഇലകളും ചെടിയിൽനിന്നും ഉയർന്നുനിൽക്കുന്ന പൂങ്കുലയും ഇഞ്ചിപ്പുല്ലിന്റെ സവിശേഷതയാണ്. മതിലിനരികിലും ഉദ്യാനത്തിന്റെ നോട്ടം കിട്ടാത്ത മൂലകളിലും അലങ്കാരക്കുളത്തിനോടു ചേർന്നും മരത്തണലിലുമെല്ലാം നിരയായോ കൂട്ടമായോ ഈ പുല്ല് നട്ടു പരിപാലിക്കാം. തലപ്പ് നീക്കി വേരുൾപ്പെടെയുള്ള ചുവടുഭാഗമാണ് നടീൽവസ്തു. ആവശ്യത്തിനു വളർച്ചയായാൽ തലപ്പു വെട്ടി ക്രമീകരിച്ച് ഉയരം കുറഞ്ഞമതിലുപോലെ രൂപപ്പെടുത്താം. ചുവട്ടിൽനിന്നു തൈകൾ ഉണ്ടായിവന്ന് കൂട്ടമായിത്തീരുന്ന ഇഞ്ചിപ്പുല്ല് നടുമ്പോൾ ഒരടി അകലം നൽകിയാൽ മതി.

പുതിന

മിന്റ് എന്നും അറിയപ്പെടുന്ന പുതിന നമ്മുടെ നാട്ടിൽ സുഗന്ധവ്യഞ്ജനമായി ഉപയോഗമുള്ള ലഘുസസ്യമാണ്. പുതിനയുടെ സുഗന്ധം ചട്നിക്കും ചായയ്ക്കും ബോഡിലോഷനിലുമെല്ലാം നറുമണം നൽകാൻ ഉപയോഗിക്കുകവഴി ലോകമെമ്പാടും പ്രസിദ്ധം. പുതിനതൈലം അടങ്ങിയ ‘മെന്തോൾ ഫ്രഷ്’, മൗത്ത് വാഷ്, ചൂയിങ്ഗം, മിഠായി തുടങ്ങി എത്രയോ ഉൽപന്നങ്ങൾ പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും ഇഷ്ടമാണ്. ഗൃഹവൈദ്യത്തിൽ തലവേദനസംഹാരിയായും ദഹനക്കേടിനു പ്രതിവിധിയായും ചുമനിവാരിണിയായുമെല്ലാം പുതിനയ്ക്ക് നല്ല ഡിമാൻഡാണ്.

ഇലകളിൽ ധാരാളമായുള്ള സുഗന്ധ തൈലം മിക്ക പ്രാണികളെയും ചെടിയുടെ പരിസരത്തുനിന്ന് അകറ്റിനിർത്തുന്നു. എന്നാൽ പുതിനച്ചെടി പൂവിട്ടാൽ പൂക്കൾ നിറയെ തേനും അതു നുകരാനായി തേനീച്ചകളും എത്തുകയായി. പൂവിടാത്ത തലപ്പുപയോഗിച്ച് പുതിന അനായാസം വളർത്തിയെടുക്കാം. ചകിരിച്ചോറും ആറ്റുമണലും വളമായി ചാണകപ്പൊടിയും കലർത്തി കുതിർത്തെടുത്ത മിശ്രിതം നഴ്സറി കവറിൽ നിറച്ചതിൽ തലപ്പു നടാം. തലപ്പു നട്ട കവർ തണലത്തുവച്ചു സംരക്ഷിക്കണം. മിശ്രിതം ഉണങ്ങുമ്പോൾ മാത്രം നനയ്ക്കുക. ചെടി വളർന്നുവന്ന് ആവശ്യത്തിനു വലുപ്പമായാൽ തൂക്കുചട്ടിയിലേക്കോ നിലത്തേക്കോ മാറ്റിനടാം. രണ്ടു മൂന്നു ചെടികൾ ഒന്നിച്ചു നട്ടാൽ മാത്രമേ വളർന്നുവന്ന് ചട്ടി നിറയുകയുള്ളൂ. പൂർണ വളർച്ചയെത്തിയ ചെടി തണ്ടിന്റെ മുട്ടുകളിൽനിന്നു വേരുകൾ ഉൽപാദിപ്പിച്ച് പടർന്നുവന്ന് കൂട്ടമാകും. ഭാഗികമായി വെയിൽ കിട്ടുന്നിടങ്ങളിൽപോലും ഈ ലഘുസസ്യം നന്നായി വളരും. എന്നാൽ വളർത്തുന്നിടത്ത് അധിക ഈർപ്പം നിൽക്കാതെ ശ്രദ്ധിക്കണം.

കൊങ്ങിണി

മഞ്ഞ, ചുവപ്പ്, ഓറഞ്ച്, പിങ്ക്, വെള്ള പൂക്കളുള്ള കൊങ്ങിണി (അരിപ്പൂച്ചെടി) ഉദ്യാനം മോടിയാക്കാൻ പലരും ഉപയോഗിച്ചുവരുന്നു. കൂട്ടമായി വളരുന്ന ഇവയെ അതിർവേലിയായും വളർത്തുന്നുണ്ട്. മതിലിന്റെ മുകളിൽനിന്നു ഞാത്തിവളർത്താനും ഇതു നന്ന്. മറ്റ് അലങ്കാരച്ചെടികളെ അപേക്ഷിച്ച് ഇതിൽ കീടശല്യം വളരെക്കുറവാണ്. ഇതിൽ അടങ്ങിയ ക്യാരിയോ ഫില്ലിൻ, യൂക്കാലിപ്റ്റോൾ, ഹ്യൂമിലിൻ തുടങ്ങിയ രാസപദാർഥങ്ങളാണ് ചെടിയെ കീടങ്ങളിൽനിന്നു സംരക്ഷിക്കുന്നത്. വെയിലത്ത് ഇവയിൽ പലതും ചെടിയിൽനിന്ന് ആവിയായി ചുറ്റുപാടും പരക്കുകയും കൊതുകുൾപ്പെടെ പലതരം പ്രാണികളെ അകറ്റിനിർത്തുകയും ചെയ്യും.

മലേറിയ രോഗം പടരുന്നതു നിയന്ത്രിക്കുന്നതിനായി ആഫ്രിക്കൻ രാജ്യങ്ങളിൽ കൊതുകുകളെ നിർമാർജനം ചെയ്യാൻ ചെലവു കുറഞ്ഞ ഉപാധിയായി കൊങ്ങിണി നട്ടുവളർത്തുന്നു. നന്നായി സൂര്യപ്രകാശം കിട്ടുന്നിടത്തുമാത്രമേ ഈ ചെടി പൂവിടുകയുള്ളൂ. പൂക്കളിലാണ് കീടനാശിനി സ്വഭാവമുള്ള ഇൗ പദാർഥങ്ങൾ അധികമുള്ളത്. കമ്പു മുറിച്ചു നട്ട് അനായാസം വളർത്തിയെടുക്കാം. നന്നായി പൂവിടാൻ കമ്പുകോതൽ ആവശ്യമാണ്. വേനൽക്കാലത്തുപോലും അധികം നനയ്ക്കേണ്ടതില്ല. കൊങ്ങിണി ഉപയോഗിച്ചു തയാറാക്കിയ ജൈവവേലി ഉദ്യാനത്തിന്റെ അഴകു വർധിപ്പിക്കുന്നതിനൊപ്പം കൊതുകിനെതിരെ പ്രതിരോധവുമാണ്. വേനൽപ്പച്ചയുടെ അലങ്കാരയിനം, തുളസി ഇവയും കൊതുകിനെ തുരത്തും.

ലേഖകൻ: ജേക്കബ് വർഗീസ് കുന്തറ, അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാത കോളജ്, തൃക്കാക്കര, കൊച്ചി—21
ഫോൺ: 94470 02211

പൂന്തോട്ടത്തിനഴക്; പൂപ്പാത്രവും അലങ്കരിക്കാം

സ്വീകരണമുറിയിലെ പൂപ്പാത്രം മോടിയാക്കാൻ പ്ലാസ്റ്റിക് പൂക്കൾക്കു പകരം പുതുമ വിടാത്ത യഥാർഥ പൂക്കൾ ആയാലോ? ജീവൻ തുടിക്കുന്ന പൂക്കൾ ഉന്മേഷം പകരുന്നതിനൊപ്പം കണ്ണിനു കുളിർമയും നൽകും. ഇവയ്ക്കായി പൂക്കട അന്വേഷിച്ചുപോകേണ്ടതില്ല. തിരഞ്ഞെടുത്ത ഏതാനും ചില അലങ്കാരച്ചെടികൾ ഉദ്യാനത്തിൽ നട്ടുപരിപാലിച്ചാൽ പൂക്കളും ഇലകളും ആവശ്യാനുസരണം മുറിച്ചെടുത്ത് പൂപ്പാത്രം നിറയ്ക്കാനായി ഉപയോഗിക്കാം. വീടിനുള്ളിൽ പൂച്ചെടികൾക്കു വളരാനുള്ള അന്തരീക്ഷമില്ല. എന്നാൽ പല പൂച്ചെടികളുടെയും പൂവും ഇലയുമെല്ലാം വീട്ടകം മോടിയാക്കാൻ യഥേഷ്ടം പ്രയോജനപ്പെടുത്താം.

ഒരാഴ്ചയോളം വാടാതെ, നിറം മങ്ങാതെ നിൽക്കുന്ന പൂക്കളും ഇലകളുമാണ് പൂപ്പാത്രം നിറയ്ക്കാൻ പറ്റിയത്. പൂപ്പാത്രത്തിൽ വയ്ക്കുന്നതിനു മുൻപും പിന്നീടും അൽപം ശ്രദ്ധ നൽകിയാൽ ഇത്തരം പൂക്കളുടെയും ഇലകളുടെയും ആയുസ് കൂട്ടാം. പൂവും ഇലയും ശേഖരിക്കുന്നതിനു മുൻപ് ചെടി നന്നായി നനയ്ക്കണം. പാതി വിരിഞ്ഞ പൂക്കളും പൂങ്കുലയും ശേഖരിക്കാൻ ശ്രദ്ധിക്കുക. ഇവ മുറിച്ചെടുത്തശേഷം പൂപ്പാത്രത്തിൽ വയ്ക്കുന്നതിനു മുൻപായി അതിനുള്ളിലെടുത്ത വെള്ളത്തിൽ ഒരു നുള്ള് പഞ്ചസാര അല്ലെങ്കിൽ ആസ്പിരിൻ ഗുളികയുടെ ചെറിയൊരു കഷണം ഇട്ട് കലർത്തണം. 3—4 ദിവസത്തിലൊരിക്കൽ ഫ്ളവർവേസിലെ വെള്ളം മാറ്റി പഞ്ചസാരയോ ആസ്പിരിനോ ചേർത്ത നല്ല വെള്ളം നിറച്ചുകൊടുക്കണം. പൂത്തണ്ടിന്റെ മുറിഭാഗം കുറച്ചു നീളത്തിൽ മുറിച്ചുനീക്കി പുതുക്കണം. പഴങ്ങൾ നിറച്ച പാത്രത്തിന്റെ അടുത്തോ നേരിട്ട് വെയിലോ ചൂടോ കിട്ടുന്നിടത്തോ പൂപ്പാത്രം വയ്ക്കരുത്. പൂക്കൾക്കു തിളക്കമാർന്ന നിറവും ഫ്ളവർവേസിൽ അവയ്ക്കു നീണ്ട ആയുസ്സും ഉറപ്പാക്കാൻ ചെടികൾക്ക് ജൈവവളങ്ങൾ ഉപയോഗിക്കാം.

ബാംബൂ ജിൻജർ

നേർത്ത മുളംതണ്ടിന്റെ ആകൃതിയിൽ തണ്ടുകളോടുകൂടിയ ഈ അലങ്കാര ഇഞ്ചിയിനം 8—10 അടിവരെ ഉയരത്തിൽ വളരും. മുളപോലെ നേർത്ത്, നീളമുള്ള ഇലകളും ബാംബൂ ജിൻജറിന്റെ പ്രത്യേകതയാണ്. ഉദ്യാനത്തിന്റെ അനാകർഷകമായ ഇടങ്ങളിലും തണൽ കിട്ടുന്നിടങ്ങളിലും ഈ അലങ്കാരയിനം കൂട്ടമായി പരിപാലിക്കാം. മേയ്—സെപ്റ്റംബർ കാലത്താണ് ബാംബൂ ജിൻജർ നമ്മുടെ കാലാവസ്ഥയിൽ പൂവിടുക. ചുവപ്പുനിറമുള്ള പൂങ്കുല കാണാൻ നല്ല ഭംഗിയാണ്. പൂങ്കുലയ്ക്കൊപ്പം മുളയുടെ ആകൃതിയുള്ള തണ്ടുകളും പൂപ്പാത്രത്തിലേക്ക് ഉപയോഗിക്കാം. മണ്ണിനടിയിൽ പടർന്നുവളരുന്ന കിഴങ്ങിൽനിന്നാണ് ചെടി മുകളിലേക്ക് തണ്ടുകളും പൂങ്കുലയുമെല്ലാം ഉൽപാദിപ്പിക്കുക. കിഴങ്ങും തണ്ടുമാണ് ബാംബൂ ജിൻജറിന്റെ നടീൽവസ്തു. നടാനായി കിഴങ്ങ് തിരഞ്ഞെടുക്കുമ്പോൾ അതിൽ നല്ലൊരു മുളകൂടി ഉണ്ടെങ്കിൽ ചെടി വേഗത്തിൽ വളർന്നുവരും. നന്നായി വളർച്ചയെത്തിയ തണ്ട് ഒരടി നീളത്തിൽ മുറിച്ചെടുത്ത് ഈർപ്പമുള്ള മണലിനുമേൽ കിടത്തിയിടണം. മണലിൽ നേരിയ ഈർപ്പം നിലനിർത്താം. ഒന്നുരണ്ട് ആഴ്ചയ്ക്കുള്ളിൽ മുട്ടുകളിൽനിന്നു തൈകൾ ഉണ്ടായിവരും. തൈ വളർന്നുവന്ന തണ്ടുഭാഗം വേരുൾപ്പെടെ മുറിച്ചെടുത്തു നടാനായി ഉപയോഗിക്കാം.

റെഡ് ജിൻജർ

മലേഷ്യൻ സ്വദേശിയായ ഈ പൂച്ചെടിയും അലങ്കാര ഇഞ്ചിയിനത്തിൽപ്പെടുന്നു. കടും ചുവപ്പുനിറത്തിലുള്ള വർണ ഇലകളാണ് പൂങ്കുലയുടെ അഴക്. പൂക്കൾക്ക് പൂപ്പാത്രത്തിൽ ഒരാഴ്ചയോളം ആയുസ്സു കിട്ടും. വർണ ഇലകൾ പൂംതണ്ടിൽ അടുക്കായി ചേർന്നിരിക്കുന്ന അവസ്ഥയിൽ വേണം ചെടിയിൽനിന്നു പൂങ്കുല ശേഖരിക്കാൻ. 3—4 അടി ഉയരത്തിൽ വളരുന്ന റെഡ് ജിൻജർ കൂട്ടമായി നടാനും അതിർവേലി തിരിക്കാനുമെല്ലാം നന്ന്. വെയിൽ കിട്ടുന്നിടത്താണ് ഈ ഇഞ്ചിയിനം നന്നായി പുഷ്പിക്കുക. നമ്മുടെ കാലാവസ്ഥയിൽ വർഷം മുഴുവൻ പൂവിടുമെങ്കിലും മഴക്കാലത്താണ് ചെടിയിൽ അധികമായി പൂക്കൾ കാണപ്പെടുക. പ്രായമായ പൂങ്കുലയിൽ ചെറിയ വെള്ളപ്പൂക്കൾ വിരിയും. ഇവയിൽ പരാഗണം നടന്ന് ചെടി വിത്തും ഉൽപാദിപ്പിക്കും. അനുകൂല കാലാവസ്ഥയിൽ വിത്ത് ചെടിയിൽ ആയിരിക്കുമ്പോൾത്തന്നെ മുളച്ച് തൈകൾ പൂക്കൾക്കിടയിൽ കാണാം. ഈവിധത്തിൽ ഉണ്ടായിവരുന്ന തൈകളും മണ്ണിനടിയിലുള്ള കിഴങ്ങും റെഡ് ജിൻജർ നട്ടുവളർത്താനായി ഉപയോഗിക്കാം. കിഴങ്ങുവഴി ഈയിനം വേഗത്തിൽ വളർത്തിയെടുക്കാം. പൂങ്കുലയിൽനിന്നുള്ള തൈകൾ തുടക്കത്തിൽ സാവധാനത്തിലായിരിക്കും വളരുക.

ജർബറ

നീളമുള്ള പൂംതണ്ടിന്റെ അറ്റത്ത് വിവിധ വർണങ്ങളിൽ നിറയെ ഇതളുകളുമായി ഉദയസൂര്യനെപ്പോലെ നിൽക്കുന്ന ജർബറ മനോഹരമായ കാഴ്ചയാണ്. ഒറ്റപ്പൂവുകൊണ്ടുപോലും പൂപ്പാത്രം അലങ്കരിക്കാം. പൂപ്പാത്രത്തിലേക്കായി വലിയ പൂക്കൾ ഉണ്ടാകുന്ന ഹൈബ്രിഡ് ഇനങ്ങളാണ് ഉദ്യാനത്തിൽ നട്ടുവളർത്തേണ്ടത്. ഇതിനായി ടിഷ്യുകൾച്ചർ തൈകൾ വിപണിയിൽ ലഭ്യമാണ്. 3—4 ഇലകളോടുകൂടി, ആവശ്യത്തിനു വലുപ്പമെത്തിയ തൈകൾ നട്ടാൽ ഏതാനും മാസങ്ങൾക്കുള്ളിൽ പൂവിട്ടുതുടങ്ങും. ഉച്ചവരെ വെയിൽ കിട്ടുന്ന ഉദ്യാനഭാഗങ്ങളിൽ ഹൈബ്രിഡ് ഇനങ്ങൾ ചട്ടികളിൽ പരിപാലിക്കാം. ജൈവവളങ്ങൾ ദ്രവരൂപത്തിൽ ജർബറയ്ക്ക് നൽകുന്നത് ചെടിയെ ചെറുപ്രാണികളുടെ ആക്രമണത്തിൽനിന്നു രക്ഷിക്കും. കീടബാധവഴി ചെടിയുടെ ഇലകളും പൂമൊട്ടുകളും മുരടിച്ചുപോകും. വേനൽക്കാലത്ത് അധികമായി കാണുന്ന ഈ കീടബാധ ഒബറോൺ കീടനാശിനി (ഒരു മില്ലി/ലീറ്റർ വെള്ളം) 2—3 തവണ ചെടിയിൽ തളിച്ച് നിയന്ത്രിക്കാം. പൂന്തണ്ട് ചെടിയിൽനിന്നു മുറിച്ചെടുക്കുന്നതിനു പകരം രണ്ടു വശങ്ങളിലേക്ക് ആട്ടി കൈകൊണ്ടു പൊട്ടിച്ചെടുക്കുകയാണ് ചെയ്യാറ്.

ഹെലിക്കോണിയ സെൻറ് വിൻസൻറ് റെഡ്

അലങ്കാര ഹെലിക്കോണിയ ഇനങ്ങളിൽ ലാൻഡ്സ്കേപ്പിങ്ങിൽ കൂട്ടമായി വളർത്താൻ ഏറ്റവും യോജിച്ചതാണ് ഈ ചെടി. വിരിഞ്ഞുവരുമ്പോൾ കടും ചുവപ്പുനിറത്തിലുള്ള പൂങ്കുല പിന്നീട് പ്രായമാകുമ്പോൾ ഓറഞ്ച് നിറമാകും. പാതി തണലുള്ളിടത്തും വെയിലത്തും നന്നായി വളരുന്ന ഇതിന്റെ പൂങ്കുല ഇലപ്പരപ്പിനു മുകളിലായാണ് ഉണ്ടായിവരിക. വർഷം മുഴുവൻ പൂവിടുന്ന ഈ പൂച്ചെടിയുടെ പൂങ്കുല ഫ്ളവർവേസിൽ 2—3 അടി ഉയരത്തിൽ വളരുന്ന ഈയിനത്തിന്റെ പുതിയ നാമ്പോടുകൂടിയ കിഴങ്ങാണ് സാധാരണയായി നടാൻ ഉപയോഗിക്കുക. നഴ്സറികവറിൽ നട്ടുവളർത്തിയ കിഴങ്ങ് ഉദ്യാനത്തിലേക്കു മാറ്റി നടുന്നതാണ് നല്ലത്. പൂവിട്ടുകഴിഞ്ഞ തണ്ട് വീണ്ടും പൂവിടില്ല. ഇത്തരം തണ്ടുകൾ കാലാകാലങ്ങളിൽ മുറിച്ചു നീക്കം ചെയ്യണം. ഇത് ചെടിയുടെ ഭംഗി വർധിപ്പിക്കുന്നതിനൊപ്പം പുതിയ തണ്ടുകൾ ഉണ്ടായിവരുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ഫിലോഡെൻഡ്രോൺ സനഡു

ചേമ്പുവർഗത്തിലെ അലങ്കാര ഇലച്ചെടിയായ ഈയിനം സനഡു എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്. ഭാഗിക തണലുള്ള വരാന്തയിലും മരത്തണലിലുമെല്ലാം ചട്ടിയിൽ വളർത്തുവാൻ യോജിച്ചത്. മറ്റ് ഫിലോഡെൻഡ്രോൺ ഇനങ്ങളിൽനിന്നു വ്യത്യസ്തമായി കുറ്റിച്ചെടിയുടെ പ്രകൃതമാണ് സനഡുവിനുള്ളത്. ടിഷ്യുകൾച്ചർ തൈകളും തലപ്പുമാണ് നടീൽവസ്തുവായി ഉപയോഗിക്കുക. വേഗത്തിൽ വളരുന്ന സ്വഭാവമുള്ള സനഡുവിന്റെ വീതിയും കുതകളുമുള്ള ഇലകൾ പൂപ്പാത്രത്തിൽ പൂക്കൾക്കൊപ്പം ഉപയോഗിക്കാം. ഇലയുടെ സവിശേഷ ആകൃതിയും നിറവും വേഗത്തിൽ വാടാത്ത സ്വഭാവവുമാണ് സനഡുവിന് ഫ്ളവർവേസിൽ സ്ഥാനം നൽകുന്നത്. അമിതമായ ചൂടും നട്ടിരിക്കുന്നിടത്തെ അധിക ജലാംശവും ചെടിയെ നശിപ്പിക്കും.

വിലാസം: ജേക്കബ് വർഗീസ് കുന്തറ, അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരത മാതാ കോളജ്, തൃക്കാക്കര, കൊച്ചി—21. Ph: 94470 02211.

മഴയത്തും മലർവാടി മനോഹരമാക്കാം

പൂന്തോട്ട സംരക്ഷണം മഴക്കാലത്തിനു മുൻപും മഴക്കാലത്തും.

കോരിച്ചൊരിയുന്ന മഴയും നിറയെ പൂവിട്ടു നിൽക്കുന്ന ഉദ്യാനവും നമ്മൾ ഒരുപോലെ ഇഷ്ടപ്പെടുന്നു. എന്നാൽ മഴക്കാലത്തു പൂന്തോട്ടം ഭംഗി ചോരാതെ നിലനിർത്തുക എളുപ്പമല്ല.

വർഷകാലത്തെ ഉയർന്ന ഈർപ്പാവസ്ഥയും സൂര്യപ്രകാശത്തിന്റെ ലഭ്യതക്കുറവുമെല്ലാം പൂച്ചെടികളിൽ പലതരം രോഗങ്ങൾക്കു കാരണമാകാം.

ഉദ്യാനത്തിൽ പരിപാലിക്കുന്ന മിക്ക ചെടികളും വിദേശികളാണ്. അവയ്ക്കൊന്നും നമ്മുടെ മഴക്കാലം പിടിക്കില്ല. അഡീനിയത്തിനും ആന്തൂറിയത്തിനും ഇല മഞ്ഞളിപ്പ്, റോസിന് ഇലപ്പുള്ളി രോഗം, ഓർക്കിഡിന് വേരുചീയൽ എന്നിവയൊക്കെ ഈ സമയത്തുണ്ടാകാം.

മഴ തുടങ്ങുന്നതിനു മുൻപേ വേണ്ട മുൻകരുതലെടുക്കുകയും വർഷകാലത്തു വേണ്ട സംരക്ഷണം നൽകുകയും ചെയ്താൽ ഇത്തരം ചെടികളെ മഴക്കാലം കടത്തിയെടുക്കാം.

മഴയെത്തും മുൻപേ കമ്പുകോതിയും മരുന്നു തളിച്ചും ചെടികളെ മഴക്കാലരോഗങ്ങളിൽനിന്നു രക്ഷിക്കാം. കമ്പുകോതൽ(പ്രൂണിങ്) വഴി ചെടിയിൽ ധാരാളം ശാഖകൾ ഉണ്ടാകാനും നിറയെ പൂവിടാനും അവസരമൊരുക്കാം. ശാഖകൾക്കിടയിൽ കൂടുതൽ വായുസഞ്ചാരം നൽകിയും ചെടികളെ രോഗങ്ങളിൽനിന്നു സംരക്ഷിക്കാം.

മരങ്ങൾ ഉൾപ്പെടെ മിക്ക ചെടികളും നട്ടുപിടിപ്പിക്കാൻ മഴക്കാലമാണു പറ്റിയത്. സസ്യവേരുകളുടെ ആരോഗ്യമുള്ള വളർച്ചയ്ക്കു മണ്ണിലെയും വായുവിലെയും ഈർപ്പവും തണുപ്പുമെല്ലാം നന്ന്. എന്നാൽ നിലത്തും ചട്ടിയിലും വളർത്തുന്ന ചെടികൾക്കു ചുറ്റും മഴവെള്ളം തങ്ങിനിൽക്കാതെ നന്നായി വാർന്നുപോകുന്ന വിധത്തിൽ വേണം നട്ടിരിക്കുന്നിടം ക്രമീകരിക്കാൻ.

പൂത്തടങ്ങൾ തറനിരപ്പിനേക്കാൾ ഉയരത്തിൽ തയാറാക്കി നീർവാർച്ച ഉറപ്പാക്കണം. മഴക്കാലത്തു സൂര്യപ്രകാശ ലഭ്യത കുറവായതുകൊണ്ട് അകത്തളച്ചെടികൾ കൂടുതൽ വെളിച്ചം കിട്ടുന്ന ഭാഗത്തേക്കു മാറ്റി നടണം. ബലം കുറഞ്ഞതും ഉയരമുള്ള തണ്ടുകളുള്ളതുമായ ചെടികൾ മഴയ്ക്കൊപ്പമുള്ള ശക്തമായ കാറ്റിൽ ഒടിഞ്ഞുവീഴാതിരിക്കാൻ താങ്ങു നൽകണം.

മഴക്കാലത്ത് ചാണകം, കടലപ്പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങൾ വിഘടിച്ച് ചെടിയുടെ വേരുകൾക്കു ലഭ്യമാകാൻ വൈകുമെന്നതുകൊണ്ട് ഇത്തരം വളങ്ങൾ ഈ സമയത്ത് ഒഴിവാക്കുന്നതാണ് ഉചിതം.

അഡീനിയത്തിന് ഇല മഞ്ഞളിപ്പ്

മലയാളിക്കു സുപരിചിതമാണ് ബോൺസായ് ആകൃതിയുള്ള ഈ മറുനാടൻ പൂച്ചെടി. ആണ്ടുവട്ടം പൂവിടുന്ന അഡീനിയം മഴക്കാലത്ത് കേടുവന്നു നശിച്ചുപോകാനിടയുണ്ട്. അഡീനിയം നട്ട് ഒരു വർഷത്തിനുമേൽ വളർച്ചയായാൽ ബോൺസായി രൂപത്തിലാകാനും ഒപ്പം നന്നായി ശിഖരമിട്ടു പൂവിടാനും തുടങ്ങും.

പ്രൂണിങ് ഈ ചെടിക്കും പ്രധാനം. വർഷത്തിലൊരിക്കൽ, മഴയ്ക്കു തൊട്ടുമുൻപ് പ്രൂൺ ചെയ്യുന്നതാണു നല്ലത്. ഒറ്റത്തണ്ടു മാത്രമായി വളരുന്ന ചെടിയുടെ നാലിഞ്ച് ചുവടുഭാഗം നിർത്തി തലപ്പ് മുറിച്ചു നീക്കണം.

മുറിഭാഗത്തു കുമിൾ നാശിനി പുരട്ടി അണുബാധയിൽനിന്നു സംരക്ഷിക്കാം. മഴക്കാലത്ത് അഡീനിയത്തിൽ ഇല മഞ്ഞളിപ്പും കടചീയലും കാണാറുണ്ട്. വർഷകാലം ആരംഭിക്കുന്നതിനു മുൻപും മഴക്കാലത്തു മാസത്തിലൊരിക്കലും ഒരു ഗ്രാം ‘അഡ്മയർ’ കീടനാശിനിയും, ഒരു മില്ലി ‘കോണ്ടാഫ്’ കുമിൾനാശിനിയും ഒരു ലീറ്റർ വെള്ളത്തിൽ ലായനിയായി വിപണിയിൽ ലഭിക്കുന്ന ഏതെങ്കിലും ‘പ്ലാന്റ് സ്റ്റിക്കർ’ (ഒരു മില്ലി) ചേർത്ത് ചെടി മുഴുവനായി തളിച്ചു സംരക്ഷിക്കാം.

 

റോസിനു പ്രൂണിങ്

ബഡ് ചെയ്ത റോസാച്ചെടികളാണ് ഇന്ന് നടീൽവസ്തുവായി ലഭിക്കുന്നത്. നന്നായി പരിപാലിച്ചില്ലെങ്കിൽ വേഗത്തിൽ കേടുവരുന്ന ഇവയ്ക്കു മഴക്കാലത്ത് അധിക ശ്രദ്ധയും ശുശ്രൂഷയും ആവശ്യമാണ്.

സമൃദ്ധമായി പൂവിട്ടുനിൽക്കുന്ന റോസിന്റെ പരിചരണത്തിൽ വളരെ പ്രധാനമാണ് കമ്പുകോതൽ (പ്രൂണിങ്). മേയ് മാസത്തിൽ മഴയ്ക്കു മുൻപ് റോസ് ആവശ്യാനുസരണം പ്രൂൺ ചെയ്യുന്നതു പിന്നീട് നന്നായി പൂവിടാനും ഒപ്പം മഴക്കാലത്തുണ്ടാകാനിടയുള്ള ഇലപ്പുള്ളി രോഗം തടയാനും ഉപകരിക്കും. ചെടിയുടെ കമ്പുകൾ അരയടി നീളത്തിൽ നിർത്തി തലപ്പു നീക്കം ചെയ്യണം.

അകത്തേക്കു വളരുന്ന ശാഖകൾ പൂവിടുന്നവയല്ല. ഇവ അപ്പപ്പോൾ നീക്കം ചെയ്യണം. ചില സങ്കരയിനങ്ങളിൽ ഇലകൾ കൂട്ടമായുണ്ടായി പൂവിടാകമ്പുകൾ അഥവാ ‘ബൈന്റ് ഷൂട്ടു’കൾ കാണാം. ഇവയും മുറിച്ചുകളയണം.

കമ്പു കോതിയ ചെടിയുടെ ചട്ടിയിലെ മിശ്രിതം മാറ്റി പുതിയ വളം ചേർത്തുണ്ടാക്കിയ മിശ്രിതം നിറച്ചതിലേക്കു ചെടി മാറ്റി നടണം. മഴക്കാലത്തു റോസിൽ കാണുന്ന കറുത്ത പുള്ളിരോഗം തടയുന്നതിനു മഴ തുടങ്ങും മുൻപും പിന്നീടും മാസത്തിലൊരിക്കൽ ‘സ്യൂഡോമോണാസ്’ ലായനി തളിച്ചു കൊടുക്കാം (5 മില്ലി ലായനി/ഒരു ലിറ്റർ വെള്ളം). സ്യൂഡോമോണാസ് ലഭ്യമല്ലെങ്കിൽ പകരം ‘കോണ്ടാഫ്’ എന്ന രാസ കുമിൾനാശിനി (ഒരു മില്ലി/ ഒരു ലിറ്റർ വെള്ളം)യാകാം.

പുൽത്തകിടിയിൽ കുമിൾരോഗം

മഴക്കാലത്ത് പുൽത്തകിടിയുടെ ഭംഗിക്കു കോട്ടം വരുത്തുന്നത് കുമിൾ അല്ലെങ്കിൽ പായൽ (ആൽഗ) ഉണ്ടാക്കുന്ന രോഗമാണ്. വൃത്താകൃതിയിൽ പുല്ല് ഉണങ്ങിനിൽക്കുന്നതു കുമിൾരോഗലക്ഷണമാണ്.

വേണ്ടത്ര ശ്രദ്ധ നൽകിയില്ലെങ്കിൽ വൃത്തത്തിന്റെ വ്യാപ്തി വർധിക്കുകയും പുൽത്തകിടിയുടെ മറ്റു ഭാഗങ്ങളിൽ പുതിയ വൃത്തങ്ങൾ രൂപപ്പെടുകയും ചെയ്യും. മഴക്കാലത്തു പുൽത്തകിടി നന്നായി കനം കുറച്ചു വെട്ടിനിർത്തിയാൽ കുമിൾരോഗത്തെ ഒരു പരിധിവരെ തടയാം.

രോഗം കണ്ടാൽ ‘കോണ്ടാഫ്’ എന്ന കുമിൾനാശിനി പ്ലാന്റ്സ്റ്റിക്കറും ചേർത്ത് ലക്ഷണമുള്ള ഭാഗത്ത് 2-3 തവണ തളിച്ചു നിയന്ത്രിക്കാം.

പുൽത്തകിടി തയാറാക്കുമ്പോൾ ആവശ്യത്തിനു ചരിവ് നൽകിയില്ലെങ്കിൽ മഴക്കാലത്തു വെള്ളം കെട്ടിനിന്ന് കറുത്ത മിനുസമുള്ള പായൽ വളർന്നുവരും. പായൽശല്യം കാണുന്ന ഭാഗത്ത് പുല്ലു വളരാതെ നിലം ഉറച്ചു കാണപ്പെടും. ഇതിനു പ്രതിവിധിയായി ആ ഭാഗത്തു മാത്രം നേരിയ അളവിൽ കുമ്മായം വിതറിക്കൊടുത്തതിനുശേഷം മണ്ണ് നന്നായി ഇളക്കി വായൂസഞ്ചാരം നൽകണം.

ഓർക്കിഡിലും കുമിൾബാധ

ഒരു ഓർക്കിഡ് ചെടിയെങ്കിലുമില്ലാത്ത വീടോ പൂന്തോട്ടമോ ഇന്നു കേരളത്തിൽ വിരളമാണ്. പക്ഷേ, നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ ഇതിന്റെ പുതിയ ഇനങ്ങൾ മഴക്കാലം കടന്നു കിട്ടാൻ ബുദ്ധിമുട്ടാണ്.

മഴക്കാലത്തെ അധിക ഈർപ്പാവസ്ഥയിൽ ബാക്ടീരിയ അല്ലെങ്കിൽ കുമിൾ ഉണ്ടാക്കുന്ന രോഗം വന്നു ചെടി നശിക്കാൻ സാധ്യതയേറെയാണ്. മഴ തുടങ്ങുന്നതിനു തൊട്ടു മുൻപുമുതൽ മഴക്കാലം തീരുന്നതുവരെ മാസത്തിലൊരിക്കൽ ‘സ്യൂഡോമോണാസ്’ ലായനി ചെടി മുഴുവനായി തളിച്ചുകൊടുക്കണം.

കൂടാതെ, ചെടികൾ തമ്മിൽ ആവശ്യത്തിന് അകലം നൽകി നല്ല വായുസഞ്ചാരം ഉറപ്പാക്കണം. ചട്ടിയിലെ മിശ്രിതത്തിൽ ചകിരിച്ചോറോ (കൊക്കോപീറ്റ്) തേങ്ങയുടെ പൊതിമടലിന്റെ കഷണങ്ങളോ ഉണ്ടെങ്കിൽ മഴയെത്തും മുൻപേ അവ മുഴുവനായി നീക്കം ചെയ്ത് ഓർക്കിഡിന്റെ വേരുഭാഗത്തെ ഈർപ്പാവസ്ഥ കുറച്ചു നിർത്തണം. ഫലനോപ്സിസ്, ഓൺസീഡിയം ഓർക്കിഡ് ഇനങ്ങൾ ചട്ടിയിൽ നടാതെ പഴയ തടിക്കഷണത്തിൽ വേരുഭാഗം മാത്രം ചേർത്തുവച്ചു കെട്ടി വളർത്തുന്നതു നന്ന്. മഴക്കാലത്ത് ഓർക്കിഡുകൾ മഴ നനയാത്ത ഇടങ്ങളിൽ വച്ചു പരിപാലിക്കണം.

നട്ടിരിക്കുന്നിടത്തു പായൽ ഏറെ കണ്ടാൽ അൽപം കുമ്മായം വിതറി അത് ഒഴിവാക്കണം. പായൽശല്യമേറിയാൽ ഓർക്കിഡ് വേരുകൾക്ക് ആവശ്യത്തിനു വായു ലഭ്യമാകാതെ നശിച്ചുപോകും. ഈ അവസ്ഥയിൽ നന്നായി ഉണങ്ങിയ ഓടിന്റെയും കരിയുടെയും കഷണങ്ങൾ നിറച്ച മിശ്രിതത്തിലേക്ക് ചെടി മാറ്റി നടണം.

പ്രഫ. ജേക്കബ് വർഗീസ് കുന്തറ അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, തൃക്കാക്കര, കൊച്ചി - 21. ഫോൺ: 9447002211 Email: jacobkunthara123@gmail.com

ജൂൺ മാസത്തിലെ ഉദ്യാന സംരക്ഷണം

 

റോസ്: നിലത്തു വളരുന്ന റോസിന് ചുവട്ടിൽനിന്ന് 25 സെ.മീ. അകലെ വൃത്താകൃതിയിൽ ചാലെടുത്ത് വളം ചേർക്കാം. ഒരു ചുവടിന് അര കിലോ വീതം കാലിവളം അല്ലെങ്കിൽ കമ്പോസ്റ്റ്. ഒപ്പം യൂറിയ — 220 ഗ്രാം, സൂപ്പർ ഫോസ്ഫേറ്റ് — 300 ഗ്രാം, എല്ലുപൊടി — 250 ഗ്രാം, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് — 250 ഗ്രാം എന്ന തോതിൽ തയാറാക്കിയ വളക്കൂട്ടിൻറെ 30 ഗ്രാം മൂന്നാഴ്ച ഇടവിട്ട് രണ്ടു തവണ ചേർക്കാം. ചട്ടിയിൽ വളരുന്ന റോസിനും ഇതേ തോതിൽ വളം ചേർക്കാം. ഇലപ്പൊട്ടു നിയന്ത്രിക്കാൻ ബ്ലിട്ടോക്സ് മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു തളിക്കുക. കുരുടിപ്പുണ്ടാക്കുന്ന ചെറുപ്രാണികളെ നിയന്ത്രിക്കാൻ കോൺഫിഡോർ (അര മി.ലീ. ഒരു ലീറ്റർ വെള്ളത്തിൽ) ഫലപ്രദം.

ആന്തൂറിയം:

റീ പോട്ടിങ് നടത്താം. ചുവന്ന മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ തുല്യയളവിൽ ചേർത്തുണ്ടാക്കുന്ന പോട്ടിങ് മിശ്രിതമാണ് മെച്ചം. രണ്ടാഴ്ച കഴിഞ്ഞ് വളം ചേർക്കാം. എല്ലുപൊടി, മണ്ണിര കമ്പോസ്റ്റ്, വേപ്പിൻപിണ്ണാക്ക്, പച്ചച്ചാണക സ്ലറി, കടലപ്പിണ്ണാക്ക് അഞ്ചു ദിവസം കുതിർത്തു കിട്ടുന്ന തെളി എന്നിവ നല്ല ജൈവവളങ്ങൾ. 10 ദിവസം ഇടവിട്ട് 17—17—17 വളം 10 ഗ്രാം വീതം ഓരോ ചുവടിനും ചേർക്കാം. കട്ടി കൂടിയ വളങ്ങളായ യൂറിയ, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ആന്തൂറിയത്തിന് ചേരില്ല. വേരുചീയൽ രോഗത്തിനെതിരേ ഫൈറ്റോലാൻ രണ്ടു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ചുവട്ടിൽ ഒഴിക്കുകയും ഇലകളിൽ തളിക്കുകയും ചെയ്യുക.

ഓർക്കിഡ്:

നിലത്തു വളരുന്ന ഓർക്കിഡുകൾ ജൈവവളം ഇഷ്ടപ്പെടുന്നു. പച്ചച്ചാണകം, കടലപ്പിണ്ണാക്ക് എന്നിവ ഇവയ്ക്കു നന്ന്. ഒരു കിലോ പച്ചച്ചാണകം അഞ്ചു ലീറ്റർ വെള്ളത്തിൽ കലക്കി ഒരു ച.മീറ്റർ സ്ഥലത്ത് ഒഴിക്കാം. കരുത്ത് കുറവാണെങ്കിൽ 17—171—7 വളം നേരിയ അളവിൽ വെള്ളത്തിൽ കലക്കി ഒഴിക്കുക. ചട്ടികളിൽ വളരുന്നവയ്ക്ക് പച്ചച്ചാണകസ്ലറി അരിച്ചെടുത്ത് തളിക്കാം. ഇതു ബാക്ടീരിയകളെ നിയന്ത്രിക്കും. ചെറിയ അളവിൽ രാസവള ലായനിയും തളിക്കാം. കായികവളർച്ചയുടെ കാലത്ത് 17—17—17 വളം 10 ഗ്രാം യൂറിയ 7.5 ഗ്രാം കലർത്തിയതിൽനിന്ന് മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ആഴ്ചയിൽ രണ്ടു തവണ തളിക്കാം. പുഷ്പിക്കുന്ന കാലഘട്ടത്തിൽ 17—17—17 വളം 10 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ് 10 ഗ്രാം, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് മൂന്നു ഗ്രാം എന്നിവ കലർത്തിയ മിശ്രിതത്തിൽനിന്ന് മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ആഴ്ചയിൽ രണ്ടു തവണ തളിക്കുക. സ്യൂഡോമോണാസ് 15 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ഇടയ്ക്കിടെ തളിക്കുക.

ഉദ്യാനത്തിനു ഭംഗിയേകും നാടൻ പൂമരങ്ങൾ

ഉദ്യാനത്തിനു ഭംഗിയേകാൻ ചെറു പൂച്ചെടികൾ മാത്രമല്ല പൂമരങ്ങളും വേണം. പക്ഷികളുടെയും ചെറുജീവികളുടെയും താവളം കൂടിയായ പൂമരങ്ങളെ ആരാണ് ഇഷ്‌ടപ്പെടാത്തത്. മാറാരോഗങ്ങളിൽ നിന്നും മാനസിക പിരിമുറുക്കത്തിൽനിന്നും ആശ്വാസം നൽകുന്ന ഗാർഡൻ തെറപ്പിയിലും അലങ്കാര വൃക്ഷങ്ങൾക്കു നല്ല പ്രാധാന്യമുണ്ട്. ആദ്യത്തെ ഒന്നു രണ്ട് വർഷം അൽപം ശ്രദ്ധിച്ചാൽ മതി, ഇവ ആകർഷകമായ ആകൃതിയിൽ കാലങ്ങളോളം നിലനിന്നുകൊള്ളും. പടിഞ്ഞാറും തെക്കും ഭാഗങ്ങളിൽ നടുന്ന മരങ്ങൾ വീടിനു തണൽ നൽകി വീടിനുള്ളിലെ ചൂടു കുറയ്‌ക്കുന്നു. നന്നായി വളർച്ചയെത്തിയ വലിയ മരം എത്രയോ മലിനീകരണ വാതകങ്ങളെയും പൊടിപടലത്തെയുമാണ് വലിച്ചെടുത്ത് അന്തരീക്ഷം ശുദ്ധമാക്കുന്നത്.

അതിരുകളിൽ നിരയായി നട്ടുവളർത്തുന്ന പൂമരങ്ങൾ വീട്ടിലേക്കുള്ള അനാവശ്യ എത്തിനോട്ടങ്ങളും തടയും. നാടൻ പൂമരങ്ങൾ നട്ടുവളർത്തുമ്പോൾ നമ്മൾ ആവാസവ്യവസ്‌ഥയുടെ പുനർനിർമാണത്തിലും പങ്കാളികളാകുന്നു. പക്ഷികൾ ചേക്കേറാനും കൂടുകൂട്ടാനും ഇഷ്‌ടപ്പെടുന്നത് നാടൻമരങ്ങളിലാണ്. വലിയ ഇലകളുള്ള, കാലവ്യത്യാസമില്ലാതെ പൂവിടുന്ന, നിത്യഹരിതവും വളർന്നു വരുമ്പോൾ ആകർഷകമായ ആകൃതിയുള്ളതുമായ മരങ്ങൾ ഉദ്യാനത്തിലേക്കു തിരഞ്ഞെടുക്കാം. കടുത്ത വേനലിൽ ഒഴികെ ഏതു സമയത്തും മരം നടാം. രണ്ടടി സമചതുരത്തിലുള്ള കുഴിയിൽ ജൈവവളമായി വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും കലർത്തിയ മിശ്രിതം നിറയ്‌ക്കണം. കുഴിയുടെ നടുവിൽ പിള്ളക്കുഴി എടുത്ത് അതിൽ തൈ നടാം. 4-5 മണിക്കൂർ നന്നായി വെയിൽ കിട്ടുന്നിടത്താണ് പൂമരങ്ങൾ നട്ടുപരിപാലിക്കേണ്ടത്.

ചെമ്പകം

വിസ്‌താരമുള്ള പുൽത്തകിടിയുടെ നടുവിൽ സുഗന്ധമുള്ള പൂക്കളും പിരമിഡിന്റെ ആകൃതിയുള്ളതുമായ ചെമ്പകം വേറിട്ടൊരു ഭംഗിയാണ്. 30 മീറ്ററിലധികം ഉയരത്തിൽ വളരുന്ന ചെമ്പകം അമ്പലവളപ്പുകളിലും കാവുകളിലും കാണാം. നിത്യഹരിത പ്രകൃതമുള്ള ഈ പൂമരത്തിന്റെ തായ്‌ത്തടി കുത്തനെ നിവർന്നു വളരുന്നു. മഞ്ഞയോ ഇളം മഞ്ഞയോ നിറമുള്ള പൂക്കൾ ആകർഷകമാണ്. സുന്ദരികൾ മന്ദഹസിച്ചാൽ ചെമ്പകം പൂക്കുമെന്നു കവിഭാവന. ഏപ്രിൽ, മേയ് മാസങ്ങളിലാണ് ഈ മരം നന്നായി പുഷ്‌പിക്കുക. തണ്ടിന്റെ അറ്റത്തും ഇലമുട്ടുകളിലും ഒറ്റയ്‌ക്കാണ് പൂക്കൾ ഉണ്ടായി വരിക. ഇംഗ്ലിഷിൽ ജോയ് പെർഫ്യൂം ട്രീ എന്നു പേരുള്ള ഈ മരത്തിന്റെ പൂക്കളിൽനിന്നു പലതരം സുഗന്ധതൈലങ്ങൾ വാണിജ്യാടിസ്‌ഥാനത്തിൽ വേർതിരിച്ചെടുക്കുന്നുണ്ട്. വിത്തുവഴിയാണ് വംശവർധന. വിത്തുകൾക്കു മുളയ്‌ക്കാനുള്ള ശേഷി വേഗത്തിൽ നഷ്‌ടപ്പെടുമെന്നതുകൊണ്ട് മരത്തിൽനിന്നു ശേരിച്ചാൽ വൈകാതെ നടണം.

പവിഴമല്ലി

സന്മനസുള്ളവർക്ക് സമാധാനം എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലെ പവിഴമല്ലി പൂത്തുലഞ്ഞ നീലമാനം എന്ന ഗാനത്തിലും സുഗതകുമാരിയുടെ പവിഴമല്ലി എന്ന കവിതയിലും ഈ പൂമരത്തെ വാനോളം പുകഴ്‌ത്തുന്നു. ഇംഗ്ലിഷിൽ കോറൽ ജാസ്‌മിൻ എന്നു പേരുള്ള ഈ നാട്ടുമരം ഹിന്ദുക്കൾക്കു പുണ്യവൃക്ഷമാണ്. പശ്‌ചിമ ബംഗാളിന്റെ ഔദ്യോഗിക പുഷ്‌പമാണ്. നനുത്ത സുഗന്ധമുള്ള പൂക്കൾ രാത്രിയിലാണ് വിരിയുക. പവിഴമല്ലിയുടെ ഉപശാകൾ ഞാന്നു വളരുന്നു. ഇലകളുടെ അരിക് അറക്കവാളിന്റെ പല്ലുപോലെ കാണുന്നു. പൂവിന്റെ കുഴൽപോലുള്ള താഴെ ഭാഗത്തിന് ഓറഞ്ച് നിറമാണ്. പൂക്കൾ കുലകളായിട്ട് തണ്ടുകളുടെ അറ്റത്തും ഇലകളുടെ മുട്ടുകളിലുമാണ് ഉണ്ടായി വരുന്നത്. വേഗത്തിൽ കൊഴിയുന്ന പവിഴമല്ലിപ്പൂക്കൾ പരവതാനി വിരിച്ച പൂമും വീടിന് അഴകാണ്. വിത്തുവഴിയാണ് വംശവർധന. കമ്പു മുറിച്ചു നട്ടും വളർത്താം. പൂവിടാത്തതും അധികം മൂപ്പെത്താത്തതുമായ കമ്പുകളാണ് നടുന്നത്. നടുന്നതിനു മുൻപായി മുറിഭാഗത്ത് കുഴമ്പുരൂപത്തിലാക്കിയ ചിരട്ടക്കരി തേച്ചാൽ കമ്പ് വേഗത്തിൽ തളിർപ്പുകൾ ഉൽപാദിപ്പിക്കും. മരത്തിന്റെ പട്ട ഉണക്കിപ്പൊടിച്ചെടുത്തത് വാത ചികിത്സയ്‌ക്കു നന്ന്. ഈ പൂവിട്ടു തയാറാക്കിയ എണ്ണ, മുടികൊഴിച്ചിലും നരയും മാറ്റും.

അശോകം

ഭാരതീയ സങ്കൽപത്തിൽ ശ്രേഷ്‌ഠമായ വൃക്ഷം. നിർവാണ സിദ്ധാന്തത്തിെൻറയും ബുദ്ധമതത്തിന്റെയും സ്‌ഥാപകനായ ശാക്യമുനി ജനിച്ചത് അശോകമരച്ചുവട്ടിലായിരുന്നത്രെ. സുന്ദരികൾ ചിലങ്കയിട്ട പാദങ്ങൾകൊണ്ടു ചവിട്ടിയാൽ അശോകം പൂക്കുമെന്നു കവിമതം. ദുഃഖം അഥവാ ശോകം ഇല്ലാതാക്കുന്നതുകൊണ്ടാണ് ഈ മരത്തിന് അശോകം എന്ന പേര് കിട്ടിയതത്രെ. പഞ്ചവടിയിലും ദ്വൈതവനത്തിലും ഇന്ദ്രപ്രസ്‌ഥത്തിലും അശോകം ഉണ്ടായിരുന്നതായി പുരാണം. സീതാന്വേഷണവേളയിൽ ശ്രീരാമൻ അശോകമരത്തോട് സീതയെക്കുറിച്ച് അന്വേഷിച്ചതായി രാമായണത്തിൽ വിവരിച്ചിട്ടുണ്ട്. 6-9 മീറ്റർവരെ ഉയരം വയ്‌ക്കുന്ന മരം ശാകളും ഉപശാകളുമായി പടർന്നു വളരുന്നു.

നല്ല വലുപ്പമുള്ള ഇലകൾക്ക് പൂർണവളർച്ചയെത്തുമ്പോൾ കടും പച്ചനിറമാണ്. എന്നാൽ തളിരിലകൾക്കാകട്ടെ, ഇളം തവിട്ടുനിറവും. ജനുവരി മുതൽ പൂവിടുന്ന അശോകം വേനൽക്കാലം മുഴുവൻ പുഷ്‌പിണിയായി കാണപ്പെടും. ഇളംപ്രായത്തിലുള്ള പൂക്കൾക്ക് സ്വർണനിറവും പ്രായമെത്തുമ്പോൾ കടുംചുവപ്പു നിറവുമാണ്. പൂവിന്റെ ചുവടുഭാഗത്തിന് കുഴലിന്റെ ആകൃതി. മേയ്-ജൂൺ മാസത്തിൽ സ്വാഭാവിക വംശവർധന നടത്തുന്ന അശോകത്തിന്റെ വിത്താണ് നടീൽവസ്‌തു. വിത്തു നട്ടാൽ 2-3 മാസമെടുക്കും തൈകൾ ഉണ്ടായിവരാൻ. തണ്ടു മുറിച്ചുനട്ടും അശോകം വളർത്തിയെടുക്കാം.

ജലക്കുറവിൽ പൂന്തോട്ടമൊരുക്കാൻ പ്രത്യേക ചട്ടിയും ചകിരിച്ചോർമണ്ണും

വീടിന് അഴകും മനസിനു കുളിർമയും പൂന്തോട്ടം നൽകുന്നു. എന്നാൽ നല്ലൊരു പൂന്തോട്ടം വെച്ചുപിടിപ്പിക്കാൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ജലദൗർലഭ്യം മാറാറുണ്ട്. ജലക്ഷാമത്തെ പ്രതിരോധിക്കുന്നതിനു പ്രത്യേകമായി തയാറാക്കിയ ചെടിച്ചട്ടികൾ ഇന്നു ലഭ്യമാണ്. ഒരാഴ്ച വരെ ജലം ശേഖരിച്ചു നിർത്തുവാൻ ഇത്തരം ചട്ടികൾക്കാകും. അതായത് ഒരാഴ്ച വീടുവിട്ടു നിൽക്കേണ്ടി വന്നാലും ഓമനിച്ചു വളർത്തുന്ന ചെടികൾക്ക് കുഴപ്പമൊന്നും സംഭവിക്കില്ലെന്നു സാരം.

ചട്ടിയെ രണ്ടായി തിരിച്ച്, താഴെ വെള്ളം നിറച്ച് മുകളിൽ മണ്ണിട്ട് അതിലാണ് ചെടി നടുന്നത്. ചെടിയുടെ വശത്തുകൂടിയുള്ള പൈപ്പിലൂടെ വെള്ളം നിറയ്ക്കാം. താഴെതട്ടിലെ ജലം ബാഷ്പീകരിച്ചാണ് ചെടിക്ക് വെള്ളം കിട്ടുന്നത്. ചട്ടി സുതാര്യമായതിനാൽ ചട്ടിയിലെ വെള്ളത്തിന്റെ അളവു കാണാനുമാകും.

ഇതിനോടു സാമ്യമുള്ള ജലസംഭരണ ചട്ടിയാണു മറ്റൊരു മാർഗം. ജലക്ഷാമമുള്ള പ്രദേശങ്ങളില്‍ ഇന്നു പലരും ഇത്തരം ചട്ടികൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. താഴത്തെ തട്ടിൽ ശേഖരിച്ച വെള്ളം രണ്ടോ മൂന്നോ തിരികളിലൂടെ മണ്ണിലേക്കു വലിച്ചെടുക്കുന്ന സംവിധാനമാണ് ഇതിലുള്ളത്.

മണ്ണു ചേർത്ത ചകിരിച്ചോറാണ് മറ്റൊരാകർഷണം. കൊക്കൊ സോയിൽ എന്നറിയപ്പെടുന്ന പ്രത്യേക മണ്ണിന്റെ 25 കിലോഗ്രാം ചാക്കിന് 350 മുതൽ 480 രൂപയും ഒരു കിലോ മാത്രം മതിയാകുന്നവർക്ക് കിലോയ്ക്ക് 40 മുതൽ 60 രൂപ വരെയുമാണ് വില.

ഗ്രൗണ്ട് കവർ ചെടികൾ പുൽത്തകിടിക്കു ബദൽ

ഉദ്യാനത്തിലെ പുൽത്തകിടി നന്നായി പരിപാലിച്ചില്ലെങ്കിൽ കളയും ചിതലും കയറി എളുപ്പം നശിച്ചുപോകും. പുൽത്തകിടിക്കു പകരം ലളിതമായ പരിചരണം മാത്രം ആവശ്യമുള്ള ഗ്രൗണ്ട് കവർചെടികൾ പ്രയോജനപ്പെടുത്താം. ഇവയ്ക്കു ചിതലിന്റെയോ കളകളുടെയോ ശല്യമുണ്ടാകില്ല.

പൂന്തോട്ടത്തിൽ ചെടികൾ ഇല്ലാത്ത സ്ഥലങ്ങളുണ്ടാവുമല്ലോ. നേരിട്ടു സൂര്യപ്രകാശം കിട്ടുന്നതോ ഭാഗികമായി തണലുള്ളതോ ആയ ഇത്തരം ഭാഗങ്ങൾ മോടിയാക്കാൻ ഗ്രൗണ്ട് കവർ ചെടികൾ നട്ടുവളർത്താം. നിലത്തോ, പ്രത്യേക പ്ലാന്റർ ബോക്സിലോ നട്ടു പരിപാലിക്കുന്ന മരങ്ങളുടെ ചുവട്ടിലെ നിലം നിറയ്ക്കാനും ഗ്രൗണ്ട് കവർ ചെടികൾ ഉപയോഗപ്പെടുത്താം.

ഗ്രൗണ്ട് കവർ ചെടികളും അലങ്കാരവള്ളിച്ചെടികളും പടർന്നുവളരുന്നവയാണ്. എന്നാൽ സസ്യപ്രകൃതിയിൽ ഇവ തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. വള്ളിച്ചെടികളിൽനിന്നു വ്യത്യസ്തമായി ഗ്രൗണ്ട്കവർ ചെടികളിൽ, മണ്ണിനു തൊട്ടുമുകളിലോ തൊട്ടുതാഴെയോ പടർന്നുവളരുന്ന തണ്ടുകളുടെ മുട്ടുകളിൽനിന്നു വേരുകൾ ധാരാളമായി ഉണ്ടായിവരും. ഈ വേരുകൾ ഇവയെ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്നു. നിലത്തു പടർന്നുവളരുന്ന ചെടിയുടെ കടഭാഗം കാലപ്പഴക്കംകൊണ്ടു കേടായാലും ബാക്കിഭാഗങ്ങൾ നന്നായി വളർന്നുകൊള്ളും.

 

നല്ല വിസ്തൃതിയുള്ളിടത്തേക്കു യോജിച്ച ഇനങ്ങൾ: അലങ്കാര നിലക്കടല, ഡെസോട്ടിസ്, ജാക്കുമോൻഷിയ, വഡേലിയ, പത്തുമണിച്ചെടി. ഇവയെല്ലാം പൂവിടുന്ന ഇനങ്ങളാണ്. 4—5 മണിക്കൂർ നല്ല വെയിൽ കിട്ടുന്നിടത്തേക്ക് ഇവ നന്ന്. മാർബിൾ ചെടി, സിൻഗോണിയം, മധുരക്കിഴങ്ങിന്റെ അലങ്കാരയിനങ്ങളായ മാർജിനേറ്റ, ബ്ലാക്കി, ട്രൈകളർ എല്ലാം പകുതി തണലുള്ളിടത്തു യോജിച്ചവയാണ്.

ചെറിയ വിസ്തൃതിയുള്ളിടത്തേക്കു യോജിച്ച ഇനങ്ങൾ: മിനിയേച്ചർ പൻഡാനസ്, റിയോ ഇനങ്ങൾ, സ്പാത്തിഫില്ലം, ഒഫിയോപോഗൺ, ക്ലോറോഫൈറ്റം, കോറിയോപ്സിസ്. ഇവയിൽ സ്പാത്തിഫില്ലം, കോറിയോപ്സിസ് ഇനങ്ങൾ പൂവിടുന്നവയാണ്.

വളർച്ചാരീതി അനുസരിച്ചു ഗ്രൗണ്ട് കവർ ചെടികൾ രണ്ടു തരമുണ്ട്. കോറിയോപ്സിസ്, റിയോ, സ്പാത്തിഫില്ലം, പൻഡാനസ് ഇവയുടെ പടർന്നുവളരുന്ന തണ്ട് മണ്ണിനടിയിലാണ് കാണുക. ഈ തണ്ടുകളുടെ മുട്ടുകളിൽനിന്നാണ് ഇലകളും പൂക്കളും ഉണ്ടായിവരിക. എന്നാൽ അലങ്കാര നിലക്കടല, മാർബിൾ ചെടി, അലങ്കാര മധുരക്കിഴങ്ങ്, പത്തുമണിച്ചെടി തുടങ്ങിയവയുടെ തണ്ടുകൾ മണ്ണിനു മുകളിലാണു പടർന്നുവളരുക. ഈ തണ്ടുകളുടെ മുട്ടുകളിൽനിന്നുമാണ് ചെടി ഇലകളും വേരുകളും ഉൽപാദിപ്പിക്കുക. ഇവയെല്ലാം വേഗം പടർന്നുവളരുന്നവയാണ്. ഗ്രൗണ്ട് കവർ ചെടികൾക്കു പൊതുവേ മുകളിലേക്കു നിവർന്നുവളരുന്ന തണ്ടുകൾ കാണാറില്ല. നിത്യഹരിത പ്രകൃതമുള്ള ഇവയുടെ കമ്പുകൾ മറയുംവിധം ഇടതൂർന്നാണ് ഇലകൾ ഉണ്ടാകുക.

 

നടീൽവസ്തു, നടീൽരീതി

മണ്ണിനു മുകളിൽ പടർന്നുവളരുന്ന തണ്ടുകളുള്ള ഗ്രൗണ്ട് കവർ ഇനങ്ങളിൽ തണ്ടിന്റെ ഭാഗമാണ് നട്ടുവളർത്താൻ സാധാരണ ഉപയോഗിക്കുക. വേരോടുകൂടിയതും രണ്ടു മുട്ടുകളെങ്കിലുമുള്ള തണ്ടുഭാഗമാണ് യോജിച്ചത്. മണ്ണിനടിയിൽ പടർന്നുവളരുന്ന തണ്ടുകളുള്ളവ പൂർണവളർച്ചയെത്തുമ്പോൾ മാതൃസസ്യത്തിനു ചുറ്റും മണ്ണിനടിയിൽ പുതിയ തണ്ടുകൾ വളർന്നുവന്ന് അവയിൽനിന്നു ധാരാളം തൈകൾ ഉണ്ടായിവരും. ഈ തൈകൾ വേണ്ടത്ര വലുപ്പമെത്തിയാൽ വേർപെടുത്തിയെടുത്ത് നടീൽവസ്തുവായി ഉപയോഗിക്കാം.

ഗ്രൗണ്ട് കവർ ചെടികൾ നടുന്നതിനു മുൻപായി, നടാൻ ഉദ്ദേശിക്കുന്നിടം അരയടി ആഴത്തിൽ കുത്തിയിളക്കി കട്ടകൾ, കളച്ചെടികൾ എന്നിവ വേരുൾപ്പെടെ നീക്കം ചെയ്യണം. നനജലം മണ്ണിൽ ഏറെ നേരം തങ്ങിനിൽക്കുന്നതിനായി ചകിരിച്ചോറ് ചേർക്കാം. അടിവളമായി എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും കലർത്തിയ ജൈവവളം മതിയാകും. 100 ചതുരശ്രയടി സ്ഥലത്തിനു മണ്ണിന്റെ വളക്കൂറ് അനുസരിച്ച് കുറഞ്ഞത് അഞ്ചു കിലോ വളം ആവശ്യമായി വരും. കൂടുതൽ വിസ്തൃതിയിൽ ഗ്രൗണ്ട് കവർ ചെടികൾ നടുമ്പോൾ വേരുകൾക്കു മാത്രം നനജലം ആവശ്യാനുസരണം ലഭിക്കുന്നവിധത്തിൽ തുള്ളിനന സംവിധാനം പ്രയോജനപ്പെടുത്താം.

നിലത്തു പടർന്നുവളരുന്ന ചെടികൾ കനത്ത മഴക്കാലമൊഴികെ ഏതു സമയത്തും നടാം. നടുമ്പോൾ ചെടികൾ തമ്മിലുള്ള അകലം തീരുമാനിക്കുക അവ എത്രവേഗം വളർന്നുവന്ന് ഒരു കൂട്ടമായിത്തീരുമെന്നതു കണക്കാക്കിയാണ്. അലങ്കാര നിലക്കടല, ഡെസോർട്ടിസ് തുടങ്ങിയവ വേഗം പടർന്നുവളരും. ഇവ നടുമ്പോൾ ഒമ്പതിഞ്ച് അകലം നൽകിയാൽ മതി. സാവധാനം പടർന്നുവളരുന്ന ജാക്കുമോൻഷിയ, പൻഡാനസ്, റിയോ, ഒഫിയോപോഗൺ തുടങ്ങിയവയ്ക്ക് ആറ് ഇഞ്ച് അകലവും. അകലം അധികമായാൽ ഇവ വളർന്നുവന്നു തിങ്ങിനിറയാൻ കൂടുതൽ സമയമെടുക്കും. അതിനിടെ കളകൾ വളർന്നുവരാനിടയുണ്ട്. തണ്ടും തൈകളുമാണ് നടീൽവസ്തുവെങ്കിൽ നേരിട്ടു നിലത്തുനടാതെ നഴ്സറി കവറിൽ നട്ട് വേരുപിടിപ്പിച്ചശേഷം നടാനെടുക്കാം.

പരിപാലനം

തൈകളോ, തണ്ടോ നട്ട് ചെടി വളർന്നു തുടങ്ങിയാൽ കരുത്തുറ്റ വളർച്ചയ്ക്കായി രാസവളമായ ഫാക്ടംഫോസ് നൽകണം. ചെടികൾ വളർന്നു നന്നായി തിങ്ങിനിറഞ്ഞുകഴിഞ്ഞാൽ കാലിവളം, സ്റ്റെറാമീൽ തുടങ്ങിയ ജൈവവളങ്ങൾ മതി. പൂവിടുന്ന ഇനങ്ങളിൽ പൂക്കൾ നന്നായി ഉണ്ടാകാൻ വല്ലപ്പോഴും 18:18:18 കൂട്ടുവളം കൊടുക്കാം.

 

നേരിട്ടു സൂര്യപ്രകാശം ആവശ്യമുള്ള ഗ്രൗണ്ട് കവർ ഇനങ്ങൾ, തണൽ അധികമായാൽ ഇലകളുടെ എണ്ണം കുറഞ്ഞും തണ്ടുകൾ അധികം നീളംവച്ചും അനാകർഷകമാകും. നിലത്തു പടർന്നുവളരുന്ന ചിലയിനങ്ങളിൽ മുകളിലേക്കു വളരുന്ന ശിഖരങ്ങൾ അപൂർവമായി കാണാറുണ്ട്. അനാകർഷകമായ ഇത്തരം ശാഖകൾ കാണുമ്പോൾത്തന്നെ നീക്കണം. വളർത്താനുദ്ദേശിക്കുന്ന ഭാഗത്തിന്റെ അതിരിനപ്പുറത്തേക്ക് വളർന്നുപോകുന്ന തണ്ടുകളും നീക്കം ചെയ്യണം. അലങ്കാര നിലക്കടല ചെടിയിൽ ചിലപ്പോൾ ഇല മഞ്ഞളിപ്പു കാണാറുണ്ട്. ഇതിനു പരിഹാരമായി മഗ്നീഷ്യം സൾഫേറ്റ് (2 ഗ്രാം / ലീറ്റർ വെള്ളം) തളിച്ചുകൊടുത്താൽ മതി.


ലളിതമായ പരിചരണത്തിൽ നന്നായി വളരുന്ന ഗ്രൗണ്ട് കവർ ഇനങ്ങൾക്കിടയിൽ കളച്ചെടികളുടെ കടന്നുകയറ്റം ശ്രദ്ധിക്കണം. പാഴ്ചെടികൾ അപ്പപ്പോൾ നീക്കം ചെയ്യണം. അല്ലെങ്കിൽ ഇവ വേഗം വളർന്നുവന്ന് ഗ്രൗണ്ട് കവർ ചെടികളെ നശിപ്പിച്ചുകളയും.

പച്ചപ്പു മാത്രമുള്ള പുൽത്തകിടിക്കു പകരം പച്ചപ്പിനിടയിൽ മഞ്ഞപ്പൂക്കൾ വിരിയുന്ന അലങ്കാര നിലക്കടലയോ പിങ്ക് പൂക്കളുള്ള ഡെസോട്ടിസോ പൂന്തോട്ടത്തെ എത്ര കണ്ട് ആകർഷകമാക്കുമെന്ന് നമ്മൾക്ക് മനസ്സിലാക്കാം.

ലേഖകന്റെ വിലാസം: അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാത കോളജ്, തൃക്കാക്കര, കൊച്ചി -21. ഫോൺ: 94470 02211. ഈമെയിൽ: jacobkunthara123@gmail.com

അഴകേറും ചെടിച്ചെട്ടികൾ

 

വീടിൻറെയും ഫ്ളാറ്റിൻറെയും അകത്തളങ്ങളിൽ ചെടി നട്ടു വളർത്താൻ പല രൂപങ്ങളിൽ ഭംഗിയേറിയ ചട്ടികളും മറ്റു സംവിധാനങ്ങളും വിപണിയിൽ സുലഭം.

ബോക്സ്—1

നഗരത്തിലായാലും ഗ്രാമത്തിലായാലും ഫ്ളാറ്റുകളിലും അൽപം സ്ഥലം മാത്രമുള്ള വീടുകളിലും വാടകവീടുകളിലും താമസിക്കുന്നവർക്ക് ഉദ്യാനമെന്നാൽ ചട്ടിയിൽ പരിപാലിക്കുന്ന ചെടികളാണ്. വീടിനുള്ളിൽ പച്ചപ്പ് ഒരുക്കാനും ചട്ടിയിൽ വളർത്തുന്ന ചെടികളാണ് ഏക പോംവഴി. ചെടിച്ചട്ടികൾ വരാന്തയിലും ബാൽക്കണിയിലും ഹാൻഡ് റെയിലിലും മുറിക്കുള്ളിലുമെല്ലാം സ്ഥാനം പിടിക്കുകയാണ്. അതുകൊണ്ടുതന്നെ ചെടിച്ചെട്ടികളുടെ രൂപഭാവങ്ങൾ മാറുകയാണ്. ഭാരമുള്ളതും താഴെ വീണാൽ പൊട്ടിപ്പോകുന്നതുമായ മൺചട്ടികൾക്കു പകരം പ്ലാസ്റ്റിക്, ഫൈബർ നിർമിത ചട്ടികളാണ് ഇന്നു വീട് മോടിയാക്കാൻ ഉപയോഗിക്കുന്നത്.

മുൻപ് ലഭ്യമായിരുന്നത് ചില ജ്യോമെട്രിക് ആകൃതികളിലുള്ള മൺചട്ടികൾ മാത്രമായിരുന്നു. എന്നാൽ ഇന്ന് പല രൂപങ്ങളിലും നിറങ്ങളിലുമുള്ള ചട്ടികൾ ലഭ്യമാണ്. കൂടുതൽ ചെടികൾ കൂട്ടമായി നട്ടുവളർത്താൻ പ്ലാന്റർ ട്രേകളും ടേബിൾടോപ് ഗാർഡൻ, ബോൺസായ് എന്നിവയ്ക്കു പറ്റിയ, പരന്നതും ആഴം കുറഞ്ഞതുമായ സിറാമിക് പാത്രങ്ങളും വിപണിയിലുണ്ട്. ഏതുതരം ചെടിയാണോ നടാൻ ഉദ്ദേശിക്കുന്നത് അതിനു യോജിച്ച ചട്ടികൾ തിരഞ്ഞെടുക്കാൻ ഇന്ന് അവസരമുണ്ട്.

ഒരിക്കൽ വെള്ളം നിറച്ചാൽ വേരുകൾക്ക് ആവശ്യാനുസരണം നന ലഭിക്കുന്ന തരം സെൽഫ് വാട്ടറിങ് ചട്ടികൾ ഉപയോഗിച്ചാൽ ദിവസേന ചെടി നനയ്ക്കുന്നതിൻറെ മെനക്കേട് ഒഴിവാക്കാം. നിലത്തു നട്ടുവളർത്തുന്ന ചെടിയിൽനിന്നു വ്യത്യസ്തമായി ചട്ടിയിൽ പരിപാലിക്കുന്ന ചെടി ആവശ്യാനുസരണം ഇഷ്ടമുള്ളിടത്തേക്കു മാറ്റി വയ്ക്കാമെന്ന മെച്ചമുണ്ട്. കടുത്ത മഴയും വെയിലും ഏൽക്കാതെ ചെടിയെ സംരക്ഷിക്കാമെന്നതു മറ്റൊരു ഗുണം. പ്ലാസ്റ്റിക്, ഫൈബർ ചട്ടികൾ ഉപയോഗിച്ചാൽ മിശ്രിതത്തിൽനിന്ന് ഈർപ്പം വേഗത്തിൽ നഷ്ടപ്പെടാത്തതുകൊണ്ട് കൂടെക്കൂടെ നനയ്ക്കേണ്ടതില്ല.

ചെടിയുടെ ഉയരത്തിന്റെ പകുതിയോളം വായ്‌വട്ടമുള്ള ചട്ടിയാണ് നടാനായി തിരഞ്ഞെടുക്കേണ്ടത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ രണ്ടടി ഉയരം വയ്ക്കുന്ന ചെടിക്ക് ഒരടി വായ്‌വട്ടമുള്ള ചട്ടിവേണം. നല്ല ഉയരത്തിൽ വളരുന്ന ടേബിൾപാം, ഫിംഗർപാം തുടങ്ങിയ പനകൾ, ഫൈക്കസ് ഇനങ്ങൾ എന്നിവ നടാൻ പെട്ടെന്നു മറിഞ്ഞുവീഴാത്ത തരം ചതുരാകൃതിയിലുള്ള ചുവടുഭാഗമുള്ളതോ ചതുരാകൃതിയിലുള്ളതോ ആയ ചട്ടികളാണ് യോജിച്ചത്.

വീട്ടിൽ ഉപയോഗമില്ലാതെയിരിക്കുന്ന സിറാമിക് അല്ലെങ്കിൽ ചൈനാക്ലേ പാത്രങ്ങളിലും ചെടി നടാം. താഴ്ഭാഗത്ത് സുഷിരങ്ങൾ ഇല്ലാത്ത ഇത്തരം പാത്രങ്ങൾ ചെടി വളർത്താനായി ഉപയോഗിക്കുന്നതിനുമുൻപ് മിശ്രിതത്തിലെ അധിക നനജലം പാത്രത്തിന്റെ അടിഭാഗത്ത് ശേഖരിക്കാനായി പ്രത്യേകം ഒരുക്കിയെടുക്കണം. ഇതിനായി അടിഭാഗത്ത് ഏതാനും ചെറിയ വെള്ളാരംകല്ലുകൾ നിരത്തുക. ഇതിനു മുകളിൽ, മിശ്രിതം താഴേക്ക് ഊർന്നുവീഴാത്തവിധത്തിൽ കണ്ണിയടുപ്പമുള്ള പ്ലാസ്റ്റിക് അല്ലെങ്കിൽ അലുമിനിയം നെറ്റ് വയ്ക്കണം. ഈ നെറ്റിനു മുകളിൽ ആവശ്യാനുസരണം മിശ്രിതം നിറച്ച് ചെടി നടാം.

ബോക്സ് 2

അകത്തളത്തിലെ ചെടികൾ

മുറിയുടെ നിറത്തിനും വലുപ്പത്തിനും അനുസൃതമായ ചട്ടികൾ ഇന്നു തിരഞ്ഞെടുക്കാനായി വിപണിയിലുണ്ട്. ചെടിച്ചെട്ടി വയ്ക്കാൻ ഉദ്ദേശിക്കുന്നിടത്തെ സൂര്യപ്രകാശത്തിന്റെ ലഭ്യതയനുസരിച്ചുവേണം അതിലേക്കു ചെടി തിരഞ്ഞെടുക്കാൻ. നന്നായി ചാഞ്ഞ് വെയിൽ കിട്ടുന്ന വരാന്തയിലും ബാൽക്കണിയിലും പല നിറത്തിൽ ഇലകളുള്ളവയും പൂവിടുന്ന ആന്തൂറിയം, ഓർക്കിഡ്, ആഫ്രിക്കൻ വയലറ്റ്, സ്പാത്തിഫില്ലം എന്നിവയും നന്ന്. സൂര്യപ്രകാശം തീരെക്കുറവായ മുറിക്കുള്ളിൽ പച്ചനിറത്തിൽ ഇലകളുള്ളവയാണ് പറ്റിയത്.

ചട്ടി തിരഞ്ഞെടുക്കുമ്പോൾ ചെടിയുടെ വളർച്ചാരീതി കൂടി നോക്കണം. അഗ്ലോനിമ ചെടിക്ക് എട്ടിഞ്ച് വലുപ്പമുള്ള ചട്ടി മതി. ഏകദേശം ഇതേ ഉയരത്തിൽ വളരുന്നതും ചുവട്ടിൽനിന്നു തൈകൾ ഉൽപാദിപ്പിക്കുന്നതുമായ സ്പാത്തിഫില്ലത്തിന് ഒരടി വലുപ്പമുള്ള ചട്ടിയാണു വേണ്ടത്. സ്ഥലസൗകര്യം കുറഞ്ഞ വരാന്തയിലും ബാൽക്കണിയിലും ചട്ടികൾ നിലത്തു നിരത്തുന്നതിനു പകരം ഒന്നിനു മുകളിൽ ഒന്നായി ചട്ടികൾ വയ്ക്കാൻ പറ്റിയതും ആകർഷകമായ ആകൃതിയുള്ളതുമായ സ്റ്റാൻഡുകൾ ഉപയോഗിക്കാം. നന്നായി കാറ്റു വീശാനിടയുള്ള വരാന്തയിലും ബാൽക്കണിയിലും ഉയരം കുറഞ്ഞു പരന്ന ചട്ടികൾ വേണം ഉപയോഗിക്കാൻ.

ഭാരം കുറഞ്ഞതും അധിക സമയം ഈർപ്പം തങ്ങിനിൽക്കുന്നതുമായ മിശ്രിതമാണ് ചട്ടി നിറയ്ക്കാനായി തയാറാക്കേണ്ടത്. ഇതിനായി ചകിരിച്ചോറും പെർലൈറ്റും ഒരേ അളവിൽ കലർത്തിയെടുത്തതിൽ വളമായി മണ്ണിരക്കമ്പോസ്റ്റു ചേർത്താൽ മതി. ചട്ടിയിൽനിന്ന് അധിക നനജലം വാർന്നുവീണ് നിലം വൃത്തികേടാകാതിരിക്കാൻ സ്പിൽട്രേ കൂടി യുള്ള ചട്ടികളും ഇന്നു വിപണിയിലുണ്ട്. ചട്ടികൾ കൂട്ടമായി വയ്ക്കുമ്പോൾ ഉയരം കൂടിയ ചട്ടികൾ പുറകിലും ഉയരം കുറഞ്ഞവ മുൻപിലും വേണം നിരത്താൻ. ചട്ടിയിലെ മിശ്രിതം മറയുന്ന വിധത്തിൽ വെള്ളാരംകല്ലുകൾ നിരത്തി കൂടുതൽ ആകർഷകമാക്കാം.

ബോക്സ്–3

തൂക്കുചട്ടികളിൽ ചെടികൾ

പാതി തണൽ കിട്ടുന്ന വരാന്തയിലും ബാൽക്കണിയിലും നിലത്ത് ചെടിച്ചട്ടികൾ നിരത്തി സ്ഥലസൗകര്യം കളയാതെ തൂക്കുചട്ടികളിൽ ചെടികൾ വളർത്താം. നല്ല ഉയരമുള്ള വരാന്തയിലും വലുപ്പമുള്ള ഭിത്തിയിലുമൊക്കെ തൂക്കിയിട്ട ചട്ടികളിൽ വളർത്തിയ ചെടികൾ വീടിനെ കൂടുതൽ ആകർഷകമാക്കും. ഉയരമുള്ള വരാന്തയുടെ ഉയരം കുറഞ്ഞതായി തോന്നിപ്പിക്കാൻ നല്ല വഴിയാണ് തൂക്കുചട്ടികളിലെ ചെടിവളർത്തൽ. നല്ല വായ്‌വട്ടമുള്ളതും ആഴം കുറഞ്ഞതുമായ ചട്ടികളാണ് തൂക്കിയിടാൻ യോജിച്ചത്. പല വലുപ്പത്തിലും ആകൃതിയിലും നിറത്തിലുമുള്ള ചട്ടികൾ ലഭ്യമാണ്. ഏതു തരം ചട്ടി തിരഞ്ഞെടുത്താലും അധിക നനജലം വാർന്നുപോകാൻ ദ്വാരങ്ങൾ ഉണ്ടായിരിക്കണം.

ചട്ടിയിൽ മിശ്രിതം നിറച്ച് ചെടി നട്ടശേഷമുള്ള ഭാരത്തിന്റെ ഏകദേശം ഇരട്ടിയോളം വരും മിശ്രിതം നന്നായി നനച്ചു കഴിയുമ്പോൾ. അതുകൊണ്ട് ചകിരിച്ചോറ്, വെർമിക്കുലേറ്റ് എന്നിവ ഒരേ അളവിൽ കലർത്തിയെടുത്ത, ഭാരം കുറഞ്ഞ മിശ്രിതംകൊണ്ടു വേണം തൂക്കുചട്ടി നിറയ്ക്കാൻ. തൂക്കുചട്ടിയിലെ പരിമിതമായ സൗകര്യത്തിലാണ് ചെടികൾ വളരുക. അതുകൊണ്ടുതന്നെ നനയും വളവും ആവശ്യാനുസരണം മാത്രം നൽകണം. മിനിയേച്ചർ മണിപ്ലാന്റ്, ഹോയ, സ്പൈഡർ പ്ലാന്റ്, സിൻഗോണിയം, ഫിറ്റോണിയ, ലിപ്സ്റ്റിക് ചെടി, സെബ്രീന, കോമലീന എന്നിവ തൂക്കുചട്ടിയിലേക്കു യോജിച്ച, ഞാന്നുവളരുന്ന ചെടികളാണ്.

ബോക്സ്–4

ഹാൻഡ് റെയിലിലെ ചെടികൾ

ബാൽക്കണിയുടെയും വരാന്തയുടെയും ഹാൻഡ് റെയിലിൽ ചട്ടികളിൽ ചെടി വയ്ക്കുന്നത് മുൻപൊക്കെ വളരെ പ്രയാസമുള്ള കാര്യമായിരുന്നു. ഇന്ന് ഇതിനായി പ്രത്യേക ചട്ടികളും മറ്റു സംവിധാനങ്ങളും ലഭ്യമായതുകൊണ്ട് പലരും ഓർക്കിഡ്, ആന്തൂറിയം എന്നീ പൂച്ചെടികളും മറ്റ് അലങ്കാരച്ചെടികളും ഹാൻഡ് റെയിലിലാണ് വളർത്തുന്നത്. ഹാൻഡ് റെയിലിലെ ചെടികൾ മറ്റ് അകത്തളച്ചെടികളെപ്പോലെ മുറിക്കുള്ളിലേക്ക് ശുദ്ധവായു പ്രദാനം ചെയ്യുമെന്നതിനു പുറമേ, പൊടിയും കാർബൺകണികയുൾപ്പെടെയുള്ള അന്തരീക്ഷ മലിനീകരണ വസ്തുക്കളെ തടുത്തുനിർത്തുകയും ചെയ്യും. തൂക്കുചട്ടികളിലെപ്പോലെ ഭാരം കുറഞ്ഞ മിശ്രിതമാണ് ഇവിടെയും ചെടി നടാനായി ഉപയോഗിക്കേണ്ടത്. ഓർക്കിഡ് വളർത്താൻ കരിയുടെയും ഓടിന്റെയും കഷണങ്ങൾ ചെറിയ നെറ്റ്പോട്ടിൽ നിറച്ച് അതിൽ ചെടി നട്ടശേഷം ഹാൻഡ് റെയിലിൽ സ്ഥാപിച്ച ട്രേകളിൽ ഇറക്കിവച്ച് വളർത്താം.

ഭിത്തിയിലും ചെടികൾ

ഭിത്തിയിൽ പ്രത്യേകം തയാറാക്കിയ വെർട്ടിക്കൽ ഗാർഡനിൽ ചെടികൾ നട്ടുപരിപാലിക്കുന്ന രീതി നമ്മുടെ നാട്ടിൽ പ്രചാരത്തിലായിവരുന്നു. കൂടുതൽ സ്ഥലസൗകര്യമുള്ള ഭിത്തിയിലാണ് വെർട്ടിക്കൽ ഗാർഡൻ ഇണങ്ങുന്നത്. കുറഞ്ഞ ചെലവിൽ ഭിത്തിയിൽ ചെടികൾ തൂക്കിയിടാനായി ഭാരം കുറഞ്ഞ പ്ലാസ്റ്റിക് ചട്ടികൾ ഇന്നു ലഭ്യമാണ്. തൂക്കുചട്ടിയിലെന്നപോലെ താഴേക്കു ഞാന്നുവളരുന്ന ചെടികളാണ് ഭിത്തിയിലേക്കു യോജിച്ചത്. കൂടാതെ, സക്കുലന്റ് ഇനങ്ങളായ പെപ്പറോമിയ, സെഡം, ക്രാസുല, മാമിലേറിയ തുടങ്ങിയവയ്ക്കു നന അധികം ആവശ്യമില്ലാത്തതുകൊണ്ട് വെള്ളം വീണ് ഭിത്തി വൃത്തികേടാകുന്ന പ്രശ്നമില്ല. ചട്ടിയിൽ നട്ട ചെടി ഭിത്തിയിൽ ഉറപ്പിച്ച ചട്ടിയിൽ മുഴുവനായി ഇറങ്ങുന്നവിധത്തിൽ വേണം വയ്ക്കാൻ. ഇങ്ങനെ ചെടി വളർത്തിയാൽ ചെടി നട്ട ചട്ടി ആവശ്യാനുസരണം പുറത്തെടുത്തു പരിചരിക്കാമെന്ന മെച്ചവുമുണ്ട്.

വലുപ്പമേറിയ ചില്ലുകുപ്പിയിലും ചെടി നട്ട് ഭിത്തി അലങ്കരിക്കാം. ഇതിനായി ഗ്ലാസ് മുറിക്കുന്നിടത്തു കൊണ്ടുപോയി കുപ്പി മൂന്നായി കുറുകെ മുറിച്ചെടുക്കുക. ഇതിൽ താഴത്തെ കപ്പുപോലുള്ള ഭാഗത്ത് ചെടി നടാം. കമ്പ് വെള്ളത്തിൽ ഇറക്കിവച്ചാൽ കേടാകാതെ സ്വമേധയാ വേരുകൾ ഉൽപാദിപ്പിക്കുന്ന പ്രകൃതമുള്ള ഡ്രസീന ഇനങ്ങൾ, മണിപ്ലാന്റ് ഇവയെല്ലാം ഇത്തരം കുപ്പിയിൽ ഇട്ടു വളർത്താം. കുപ്പിയുടെ കഴുത്തുപോലുള്ളതിൽ, വെള്ളത്തിൽ കുതിർത്തെടുത്ത ജെല്ലി മുക്കാൽഭാഗത്തോളം നിറയ്ക്കണം. ഇതിൽ ചെടിയുടെ താഴ്ഭാഗം ഇറക്കിവയ്ക്കാം. ജെല്ലി നിറച്ച വെള്ളത്തിൽ കൊതുകു വളരില്ല. ചെടി വേരുകൾ ഉൽപാദിപ്പിച്ചാൽ 1—2 നുള്ള് എൻപികെ വളം വല്ലപ്പോഴും ഇട്ടുകൊടുക്കാം. ഭിത്തിയിൽ ഉറപ്പിച്ച ഗ്ലാസ് പ്ലേറ്റിൽ കുപ്പിയുടെ ഭാഗങ്ങൾ ഒന്നിനുമുകളിൽ ഒന്നായി ഗ്ലാസ് ഒട്ടിക്കുന്ന പശ ഉപയോഗിച്ച് ആകർഷകമായി ഒട്ടിച്ചുവയ്ക്കാം. ലേഖകൻ: ജേക്കബ് വർഗീസ്, കുന്തറ, അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, തൃക്കാക്കര, കൊച്ചി—21 ഫോൺ: 94470 02211 Email: jacobkunthara123@gmail.com

വെർട്ടിക്കൽ ഗാർഡൻ ; വിസ്മയമായി ഒരു മഴപൂന്തോട്ടം

കുത്തനെ വളരുന്ന പൂന്തോട്ടമാണ് ലണ്ടനിലെ മഴപൂന്തോട്ടം. ലംബമായി വളരുന്ന ചെടികൾക്ക് വെള്ളം ലഭിക്കുന്നത് പൂന്തോട്ടത്തിനു പിന്നിലൊളിച്ചിരിക്കുന്ന മഴവെള്ളസംഭരണിയിൽ നിന്നാണ്.

ലണ്ടനിലെ ടൂലി സ്ട്രീറ്റിലാണ് ഈ വ്യത്യസ്തമായ പൂന്തോട്ടമുള്ളത്. ലംബമായ പൂന്തോട്ടത്തിനു പിന്നിൽ സജ്ജീകരിച്ചിരിക്കുന്ന മഴവെള്ള സംഭരണി ചെടികൾക്ക് ജലസേചനം നടത്തുന്ന വിധത്തിലാണ് ഈ മഴപൂന്തോട്ടം ഒരുക്കിയിരിക്കുന്നത്.

ട്രീബോക്സിൻെറ മഴപൂന്തോട്ടം എന്ന ആശയം ആദ്യമായി തുടങ്ങിയത് 2013ലെ Drain London sustainable urban drainage program ൽ ആയിരുന്നുവെന്നും ഇപ്പോൾ ഇതിൻെറ വ്യാപ്തി 98 ft ആണെന്നും ട്രീബോക്സ് മാനേജിങ് ഡയറക്ടർ അർമാൻഡൊ റെയ്ഷ് പറഞ്ഞു.

ടെറേറിയം ചില്ലുകൂട്ടിലെ പൂന്തോട്ടം

ചില്ലുഭരണിക്കുള്ളിലെ ടെറേറിയം എന്ന കുഞ്ഞൻ ഉദ്യാനം കണ്ടാൽ ആരും പറഞ്ഞുപോകും, ‘ചെറുതു തന്നെ മനോഹരം’. പ്രത്യേക കരവിരുതിൽ വളരെ ക്ഷമയോടെ ഒരുക്കിയെടുക്കുന്ന ഈ ഉദ്യാനത്തിൽ കലയും ശാസ്ത്രവും ഒരുമിക്കുന്നു. ചില്ലുകൂടാരത്തിൽ വളരുന്ന ചെടികളുടെ രൂപഭംഗിയും ഒപ്പമുള്ള മറ്റു വസ്തുക്കളുടെ നിറവും ആകൃതിയുമെല്ലാം ചേർന്നാണ് ടെറേറിയത്തെ മനോഹരമാക്കുന്നത്.

ചെടി നട്ടുവളർത്താൻ സ്ഥലസൗകര്യമില്ലാത്തവർക്ക് വീടിനുള്ളിൽ ടെറേറിയം ഒരുക്കാം. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്ന പഴമൊഴി ടെറേറിയത്തിൽ 100 ശതമാനം അർഥവത്താകുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ കൊടും ശൈത്യകാലത്ത് ചെടികളും മരങ്ങളും മഞ്ഞുമൂടി കിടക്കുന്ന സമയത്ത് ആകെ കാണാവുന്ന പച്ചത്തുരുത്തുകളാണ് ചില്ലുകൂട്ടിലെ കുഞ്ഞൻ ഉദ്യാനങ്ങൾ.

അടച്ചതും തുറന്നതും

രണ്ടു തരം ടെറേറിയമാണുള്ളത്. മൂടിയുള്ള ചില്ലുഭരണിയിൽ മുഴുവനായി അടച്ചുവച്ചു സംരക്ഷിക്കുന്നതും പാതി തുറന്ന പാത്രത്തിൽ ഒരുക്കുന്നതും. പൂർണമായും അടച്ചുവയ്ക്കുന്ന ടെറേറിയത്തിനുള്ളിൽ ചൂടും ഈർപ്പവും ഏറുമെന്നതുകൊണ്ട് ഇവയുടെ പരിപാലനം അത്ര എളുപ്പമല്ല. പാതി തുറന്നവയിൽ അധികമായി ഈർപ്പം തങ്ങിനിൽക്കില്ല. പുറത്തെ അന്തരീക്ഷത്തിലേക്കു വായുസഞ്ചാരം സുഗമമായതുകൊണ്ട് ഉള്ളിൽ ചൂടും അധികമാകില്ല. പൂർണമായി അടച്ച ടെറേറിയത്തിൽ കള്ളിച്ചെടികൾ വളർത്താനാവില്ലെന്ന പരിമിതിയുമുണ്ട്.

ടെറേറിയത്തിനു പറ്റിയ ചെടികൾ

ഒതുങ്ങിയ സസ്യപ്രകൃതിയുള്ളതും ഉയരത്തിൽ വളരാത്തതും അത്രകണ്ട് നനയും ശുശ്രൂഷയും വേണ്ടാത്തതുമായ അലങ്കാരച്ചെടികളാണ് അനുയോജ്യം. ഫിറ്റോണിയ, സിങ്കോണിയം, പന്നൽ ചെടികളായ വാങ്കിങ് ഫേൺ, ടേബിൾഫേൺ, ബോസ്റ്റൺ ഫേൺ, സക്കുലൻറ് ഇനങ്ങളായ അലോ, അഗേവ്, സാൻസിവീറിയ, ക്രിപ്റ്റാന്തസ്, ടില്ലാൻസിയ, പെപ്പറോമിയ, പൈലിയ, ലക്കിബാംബു, അക്വേറിയം ചെടികളായ ലിംനോഫില്ല, ലഡ്വീജിയ, റൊട്ടാല, അലങ്കാര കള്ളിയിനങ്ങളായ ഒപ്പൻഷിയ, മാരിലേറിയ, ഫെറോകാക്റ്റസ്, റിപ്സാലിസ് എന്നിവ ടെറേറിയത്തിൽ വളർത്താം. ടെറേറിയം വയ്ക്കുന്നിടത്തെ സൂര്യപ്രകാശലഭ്യത അനുസരിച്ചുവേണം ചെടിയിനങ്ങൾ തിരഞ്ഞെടുക്കാൻ. തീരെ വെളിച്ചം കുറഞ്ഞിടത്ത് പൂർണമായും പച്ചനിറത്തിൽ ഇലകളോ തണ്ടുകളോ ഉള്ളവ ഉപയോഗിക്കാം. ഫിറ്റോണിയ, ക്രിപ്റ്റാന്തസ്, സാൻസിവീറിയ തുടങ്ങിയവയുടെ ഇലകൾക്ക് ഒന്നിൽ കൂടുതൽ നിറങ്ങൾ ഉണ്ട്. ഇവ കൂടുതൽ സൂര്യപ്രകാശം കിട്ടുന്നിടത്തേക്ക് യോജിക്കും.

തയാറാക്കുന്ന വിധം

മറ്റ് ഉദ്യാനങ്ങളിലെന്നപോലെ ടെറേറിയത്തിലെ ഉദ്യാനത്തിനും ലാൻഡ്സ്കേപിങ് ആവശ്യമാണ്. ടെറേറിയത്തിന്റെ പ്രധാനപ്പെട്ട രണ്ടു ഘടകങ്ങളാണ് ചെടിയിനങ്ങളും ചില്ലുഭരണിയും. നന്നായി വെളിച്ചം കയറുന്നതും പ്രത്യേകിച്ച് നിറമൊന്നുമില്ലാത്തതും പുറം ഭാഗത്ത് ചിത്രങ്ങളോ മറ്റ് പ്രിന്റുകളോ ഇല്ലാത്തതുമായ ഭരണി തിരഞ്ഞെടുക്കാം.

ടെറേറിയത്തിലെ ലാൻഡ്സ്കേപിങ്ങിന് കാടിന്റെയോ മരുഭൂമിയുടെയോ പ്രതീതി നൽകാനാവും. കാടിന്റെ പ്രതീതി ലഭിക്കാൻ ചെടികൾ സാമാന്യം തിക്കി നിറച്ചു നടണം. മരുഭൂമിയുടെ പ്രതീതിക്ക് തിരഞ്ഞെടുത്ത കള്ളിയിനങ്ങളോ സക്കുലൻറ് ഇനങ്ങളോ നടാം. ടെറേറിയത്തിൽ നടുന്ന ചെടികൾക്ക് എത്രമാത്രം വെള്ളം ആവശ്യമുണ്ടെന്നതു കണക്കാക്കിവേണം ഈ ഉദ്യാനത്തിലേക്കു നടീൽമിശ്രിതമൊരുക്കാൻ.

കൂടുതൽ ഈർപ്പം ആവശ്യമുള്ള പന്നൽ ഇനങ്ങൾ, പെപ്പറോമിയ, പൈലിയ, സിങ്കോണിയം തുടങ്ങിയവ, അക്വേറിയം ഇനങ്ങൾ എന്നിവയ്ക്ക് ഏറെ ചകിരിച്ചോറ് (കൊക്കോപീറ്റ്) ചേർത്തുണ്ടാക്കിയ മിശ്രിതമാണ് യോജിച്ചത്. രണ്ടു ഭാഗം ചകിരിച്ചോറ്, ഒരു ഭാഗം വീതം ആറ്റുമണൽ അല്ലെങ്കിൽ പെർലൈറ്റ്, മണ്ണിരവളം ഇവ കലർത്തി ഇത്തരം മിശ്രിതം തയാറാക്കാം. കുറച്ചു മാത്രം ഈർപ്പം ആവശ്യമുള്ള സക്കുലൻറ്, കള്ളിയിനങ്ങൾക്ക് നന്നായി വെള്ളം വാർന്നുപോകുന്ന തരം മിശ്രിതമാണു വേണ്ടത്.

ഇതിൽ ആറ്റുമണൽ അല്ലെങ്കിൽ പെർലൈറ്റ് ഏറെ ഉപയോഗിക്കാം. രണ്ടു ഭാഗം ആറ്റുമണൽ അല്ലെങ്കിൽ പെർലൈറ്റ്, ഒരു ഭാഗം വീതം ചകിരിച്ചോറ്, മണ്ണിരവളം ഇവ ചേർത്ത് ഈ മിശ്രിതം കൂട്ടിയെടുക്കാം.ചെടിയുടെ വേരിന്റെ നീളമനുസരിച്ചാണ് മിശ്രിതത്തിന്റെ ആഴം തീരുമാനിക്കേണ്ടത്. ചുവട്ടിൽ കിഴങ്ങുള്ള സ്പൈഡർ പ്ലാൻറ്, അലങ്കാര ശതാവരി, സിങ്കോണിയം ഇവയ്ക്കെല്ലാം നല്ല ആഴത്തിലുള്ള മിശ്രിതം ചില്ലുഭരണിയിൽ നിറയ്ക്കണം. എന്നാൽ കള്ളിയിനങ്ങൾ, സക്കുലൻറ് ചെടികൾ, പന്നൽ ഇനങ്ങൾ ഇവയ്ക്കെല്ലാം ആഴം കുറഞ്ഞ മിശ്രിതം മതി. ടെറേറിയത്തിൽ ഉപയോഗിക്കുന്ന നടീൽമിശ്രിതവും അനുബന്ധ വസ്തുക്കളും നന്നായി ഉണക്കി, ആവശ്യമെങ്കിൽ കുമിൾനാശിനിയിൽ കഴുകിയെടുത്ത് അണുവിമുക്തമാക്കണം.

നന്നായി വൃത്തിയാക്കിയ ചില്ലുഭരണിയുടെ ഏറ്റവും അടിഭാഗത്ത് വെള്ളാരംകല്ലുകളോ മാർബിൾ ചിപ്പുകളോ ഒന്ന് രണ്ട് അടുക്കായി നിരത്തണം. ഇതിനു മുകളിൽ മരക്കരിയുടെ ചെറിയ കഷണങ്ങൾ നിരത്താം. മിശ്രിതത്തിലുണ്ടാകാവുന്ന വിഷവാതകങ്ങളെയും വിഷവസ്തുക്കളെയും ഒരുപരിധിവരെ മരക്കരി ആഗിരണം ചെയ്ത് ചെടികളുടെ നല്ല വളർച്ചയ്ക്കു സഹായിക്കും. മരക്കരിയുടെ മുകളിലാണ് നടീൽ മിശ്രിതം നിറയ്ക്കേണ്ടത്.

വിപണിയിൽ നഴ്സറി കവറിൽ ലഭിക്കുന്ന ചെടിയുടെ വേരുഭാഗത്തെ മണ്ണ് ശ്രദ്ധാപൂർവം നീക്കിയശേഷം ആവശ്യമെങ്കിൽ വേരിന്റെ നീളം മുറിച്ചുനീക്കി കുറയ്ക്കാം. കുമിൾനാശിനി ലായനിയിൽ വേരുൾപ്പെടെ ചെടി മുഴുവനായി കഴുകി അണുവിമുക്തമാക്കണം. അടുത്തപടിയായി ചെടി മിശ്രിതത്തിലേക്ക് നടാം. നടുമ്പോൾ ചെടിയുടെ വേരുഭാഗം നന്നായി ഉറപ്പിക്കാനും ചെടി നിവർത്തിനിർത്താനും മിശ്രിതത്തിനു മുകളിൽ അലങ്കാരവസ്തുക്കൾ നിരത്താനുമെല്ലാം ഫോർസെപ്സ്, കനം കുറഞ്ഞ കമ്പിക്കഷണം ഇവയെല്ലാം പ്രയോജനപ്പെടുത്താം. ചെടികൾ നട്ടശേഷം ബാക്കിയുള്ള ഭാഗം മാർബിൾ കല്ലുകൾ, ഗ്ലാസ് ബോളുകൾ, ഡ്രിഫ്റ്റ് വുഡ്, നന്നായി കഴുകി വൃത്തിയാക്കിയെടുത്ത കടൽത്തീരത്തെ ഉപ്പില്ലാത്ത മണൽ, വിപണിയിൽ കിട്ടുന്ന പല നിറങ്ങളിലുള്ള മണൽ ഇവയെല്ലാം ഉപയോഗിച്ച് അലങ്കരിക്കാം. കാടിന്റെ പ്രതീതി ഉണ്ടാക്കാൻ മോസ് സസ്യങ്ങൾകൊണ്ട് നിലംനിറയ്ക്കാം. ചെടികൾ നട്ടശേഷം ആവശ്യമെങ്കിൽ മിശ്രിതം നന്നായി നനച്ചുകൊടുക്കണം.

പരിപാലനം

ചെടി നട്ടിരിക്കുന്ന മിശ്രിതം പുറത്തുനിന്നു നന്നായി കാണാം. മിശ്രിതത്തിലെ ഈർപ്പത്തിന്റെ അളവ് കുറയുന്നതനുസരിച്ച് മിശ്രിതം നനച്ചുകൊടുക്കണം. ഹാൻഡ് സ്പ്രേയർ ഉപയോഗിച്ചു മാത്രമേ മിശ്രിതം നനയ്ക്കാവൂ. നനജലം ചെടിയിൽ വീഴാതെ നോക്കണം. ചകിരിച്ചോറ് ചേർത്ത മിശ്രിതത്തിന് കടും തവിട്ടുനിറമാണെങ്കിൽ ഈർപ്പം ആവശ്യത്തിനുണ്ടെന്നും ഇളം തവിട്ടുനിറമാണെങ്കിൽ ഈർപ്പം കുറവെന്നും മനസ്സിലാക്കണം. ചെടികളുടെ വളർച്ച സാവധാനം മതിയെന്നതിനാൽ കാര്യമായി വളം നൽകേണ്ടതില്ല. എങ്കിലും വല്ലപ്പോഴും വെള്ളത്തിൽ പൂർണമായി ലയിക്കുന്ന എൻപികെ 19:19:19 രണ്ടു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ലായനിയായി തളിക്കാം.

പഴകിയ ഇലകൾ കാണുമ്പോൾത്തന്നെ നീക്കം ചെയ്തും ഗ്ലാസ് ഭരണിയുടെ പുറംഭാഗം നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചും ടെറേറിയം ഭംഗിയായി സൂക്ഷിക്കാം. ഇലയുടെ അറ്റം കരിയുന്നത് ടെറേറിയത്തിനുള്ളിലെ ചൂട് കൂടുന്നതിന്റെ ലക്ഷണമാണ്. പൂർണമായി അടച്ചു സംരക്ഷിക്കുന്ന ടെറേറിയത്തിന്റെ അടപ്പ് ആഴ്ചയിലൊരിക്കൽ കുറച്ചുസമയത്തേക്ക് ഊരിമാറ്റി പുറത്തെ അന്തരീക്ഷവുമായി വായുസഞ്ചാരത്തിനു സൗകര്യം നൽകണം. ഭിത്തിക്കുള്ളിൽ തങ്ങി നിൽക്കുന്ന ഈർപ്പം പഞ്ഞി ഉപയോഗിച്ച് നീക്കുകയും വേണം. പരിപാലനത്തിനിടെ ചില്ലുഭരണി പൊട്ടിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

വിവരങ്ങൾക്ക്: ഫോൺ: 94965 78503, 98953 11777 അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, തൃക്കാക്കര, കൊച്ചി—21 ഫോൺ: 94470 02211 Email: jacobkunthara123@gmail.com

ഇലച്ചെടികളിലെ പുതുമുഖങ്ങൾ

 

പരമ്പരാഗതയിനങ്ങളുടെ സ്ഥാനത്തേക്കു പുതിയ നിറക്കൂട്ടുകളുമായി നവീനയിനങ്ങൾ കണ്ടുമടുത്ത പരമ്പരാഗത ഇലച്ചെടികളുടെ ഇടയിലേക്ക് പുതുനിറങ്ങളുമായി നൂതനയിനങ്ങൾ. ഒറ്റ നോട്ടത്തിൽ പ്ലാസ്റ്റിക് ചെടികളെന്നു തോന്നുമാറ് മനോഹരമാണ് ഇവയെല്ലാം. മരത്തണലിലും നടുമുറ്റത്തും വെർട്ടിക്കൽ ഗാർഡനിലുമെല്ലാം നിറക്കൂട്ട് ഒരുക്കാൻ യോജ്യം. ഇലച്ചെടികളുടെ ഭംഗി ഇലകളുടെ ആകർഷകമായ വർണക്കലർപ്പും ആകൃതിയുമാണെങ്കിൽ ഇവ രണ്ടും ഈയിനങ്ങൾക്കുണ്ട്. പലതും പാതി തണലുള്ളിടത്തു യോജിച്ചതും എല്ലാംതന്നെ ടിഷ്യൂകൾച്ചർ രീതിയിൽ വളർത്തിയെടുത്തതുമാണ്. മഴയത്തും വെയിലത്തും ഒരേ ഭംഗി നൽകി ഉദ്യാനം മോടിയാക്കാൻ പറ്റിയ ഇത്തരം ഇലച്ചെടികളെ പരിചയപ്പെടാം.

സിങ്കോണിയം : മങ്ങിയ പച്ചയും വെള്ളയും നിറത്തിൽ ഇലകളും പടർന്നുകയറുന്ന പ്രകൃതവുമുള്ള സിങ്കോണിയത്തിൻറെ സ്ഥാനത്തേക്ക് കുറ്റിച്ചെടിയുടെ സ്വഭാവവും കുത്തിനിറച്ചതുപോലെ, നിറയെ ആകർഷകമായ ഇലകളുമായി സങ്കരയിനങ്ങൾ വരുന്നു. മരത്തണലിൽ കൂട്ടമായി നട്ടുവളർത്താൻ ഇളം മഞ്ഞയും പച്ചയും കലർന്ന ഇലകളുള്ളവയും വെർട്ടിക്കൽ ഗാർഡൻ മോടിയാക്കാൻ തവിട്ട് ഇലകളുള്ളവയും വെള്ളയും പച്ചയും ഇടകലർന്ന ഇലകളുള്ളവയും കൂടാതെ, ചട്ടി നിറഞ്ഞു തിങ്ങിവളരുന്ന മിനിയേച്ചർ ഇനങ്ങളും ഇന്നു ലഭ്യമാണ്. കുഞ്ഞൻ ഇലകളുള്ള മിനിയേച്വർ ഇനങ്ങൾ ടെറേറിയം ഒരുക്കാനും നന്ന്. ചുവട്ടിൽനിന്നു സ്വാഭാവികമായി തൈകൾ ഉൽപാദിപ്പിച്ച് കൂട്ടമായി മാറുന്ന സിങ്കോണിയത്തിൻറെ തൈകൾ വേർപെടുത്തിയെടുത്തു നടാം. ഭാഗികമായി തണലുള്ളിടമാണ് സിങ്കോണിയത്തിനു പറ്റിയത്.

ഡ്രസീന: വെയിലത്തും പാതി തണലുള്ളിടത്തും വളർത്താൻ പറ്റിയ ഡ്രസീന മലയാളിക്കു സുപരിചിതം. വേറിട്ട നിറവും ആകർഷകമായ സസ്യപ്രകൃതിയുമായി ഇതിൻറെ നവീനയിനങ്ങൾ ചട്ടിയിലും നിലത്തും ഒരുപോലെ പരിപാലിക്കാം. ഗോൾഡൻ ലീഫ് ഇനത്തിന്റെ ഇലകൾ തിളങ്ങുന്ന മഞ്ഞ നിറത്തിൽ ചെറിയ പച്ചപ്പുള്ളികളുള്ളവയാണ്. ഒതുങ്ങിയ സസ്യസ്വഭാവമുള്ള ഈ സുന്ദരിക്കു പാതി തണലാണ് ഇഷ്ടം. ശാഖകൾ കുത്തനെ ഉയരത്തിലേക്കല്ല, വശങ്ങളിലേക്കു ചാഞ്ഞാണ് വളരുക. നട്ടിരിക്കുന്നിടത്ത് ഈർപ്പം അധികമായാൽ ചെടി കേടാകുമെന്നതുകൊണ്ട് നേരിട്ട് മഴകൊള്ളുന്നിടത്തു നടരുത്. വലിയ ചട്ടിയിൽ 2—3 ചെടികൾ ഒരുമിച്വു നട്ടാൽ ഇലകൾ തിങ്ങി ചട്ടി വേഗത്തിൽ നിറഞ്ഞുനിൽക്കും.

മുഴുവനായി ഇളംമഞ്ഞ നിറത്തിൽ വീതിയുള്ള ഇലകളുമായി ലൈം ലൈറ്റ് ഇനവും നമ്മുടെ നാട്ടിൽ എത്തിയിട്ടുണ്ട്. ഒട്ടുംതന്നെ ഉയരത്തിൽ വളരാത്ത ഈയിനം പാതി തണലുള്ളിടത്തു കൂട്ടമായി നടുമ്പോഴാണ് കൂടുതൽ ഭംഗി. ഇലകൾ പ്രായമാകുമ്പോഴും തണൽ അധികമാകുമ്പോഴും മഞ്ഞനിറം മാറി ഇളം പച്ചനിറമാകും. വീടിനുള്ളിൽ ശുദ്ധവായു കിട്ടാൻ ഏറ്റവും യോജിച്ച ചെടികളിലൊന്നാണ് ഡ്രസീന. വല്ലപ്പോഴും നടുവിലുള്ള ഇളംകൂമ്പ് ശ്രദ്ധാപൂർവം നീക്കി ചെടിവളർച്ച ക്രമീകരിക്കണം. ഡ്രസീനയുടെ അലങ്കാരയിനങ്ങൾ തലപ്പു മുറിച്ചു നട്ടാണ് വളർത്തിയെടുക്കുക.

യൂജീനിയ: ഓസ്ട്രേലിയൻ സ്വദേശിയും ഗ്രാമ്പൂ കുടുംബത്തിലെ അംഗവുമായ യൂജീനിയ അതിരു തിരിക്കാനുള്ള കുറ്റിച്ചെടിയിനങ്ങളിലെ നവാഗതനാണ്. പുതുതായി ഉണ്ടായിവരുന്ന ഇലകൾക്കും തണ്ടിനുമുള്ള ഇളം ഓറഞ്ച് കലർന്ന ചുവപ്പുനിറമാണ് ചെടിയെ ആകർഷകമാക്കുന്നത്. ലില്ലിപില്ലി എന്ന് ഇംഗ്ലിഷിൽ വിളിപ്പേരുള്ള ഈ അലങ്കാരച്വെടിയുടെ പ്രായമായ ഇലകൾക്കു കടുംപച്ച നിറമാണ്.

നിത്യഹരിത പ്രകൃതമുള്ള യൂജീനിയയുടെ കമ്പ് മുറിച്ചു നട്ട് വളർത്തിയെടുക്കാം. കമ്പു കോതി നിർത്തിയില്ലെങ്കിൽ വളർന്നു ചെറിയ മരമായി മാറും. ചട്ടിയിൽ നട്ടുവളർത്താൻ ഒരടിയെങ്കിലും വലുപ്പമുള്ള ചട്ടിയാണ് വേണ്ടത്. സ്വമേധയാ ശാഖകൾ ഉൽപാദിപ്പിക്കുന്ന ഈ ഇലച്ചെടിയുടെ കമ്പു കോതിയാൽ നിറയെ ചുവന്ന ശാഖകൾ ഉണ്ടായിവരും. കമ്പു കോതിക്കൊടുത്ത് ഏത് ആകൃതിയിലും ഒരുക്കിയെടുക്കാമെന്നത് യൂജീനിയയുടെ സവിശേഷത. നേരിട്ടു വെയിലുള്ളിടത്ത് വളർത്തിയാൽ മാത്രമേ യൂജീനിയയ്ക്ക് ആകർഷകമായ ആകാരഭംഗി കിട്ടുകയുള്ളൂ.

ബ്രൊമീലിയാഡ്: ഉദ്യാനച്വെടികളിൽ വർഷകാലത്ത് ഏറ്റവും പ്രിയമുള്ളവയാണ് അലങ്കാര ബ്രൊമീലിയാഡ് ഇനങ്ങൾ. പൈനാപ്പിൾ കുടുംബത്തിൽപ്പെടുന്ന ഇവയിലെ നിയോറിഗേലിയ, ക്രിപ്റ്റാന്തസ് ഇനങ്ങൾ വീടും പൂന്തോട്ടവും അലങ്കരിക്കാൻ നന്ന്. വെർട്ടിക്കൽ ഗാർഡനിലും പാതിതണലുള്ളിടത്ത് നിലം നിറയ്ക്കാനും ഇവ യോജ്യം. ടിഷ്യുകൾച്ചർ രീതിയിൽ തയാറാക്കുന്ന തൈകൾ വിപണിയിൽ കിട്ടും. നിയോറിഗേലിയ ഇനം പ്രായമെത്തിയാൽ ചുവട്ടിൽനിന്നു തൈകൾ ഉൽപാദിപ്പിക്കും. ഇവയും നല്ല നടീൽവസ്തുവാണ്. കടും ചുവപ്പ്, തവിട്ട്, മഞ്ഞ കലർന്ന പച്ചനിറങ്ങളിൽ ഇലകളുമായി നിൽക്കുന്ന ക്രിപ്റ്റാന്തസ് കണ്ടാൽ ചെടി ഒറ്റനോട്ടത്തിൽ ചെറു പൈനാപ്പിൾ ചെടിയായി തോന്നും. സാവധാനം വളരുന്ന ഈ അലങ്കാരയിനത്തിനു മിതമായ നന മതി. വെയിൽ അധികമായാൽ നിറം മങ്ങും.

എല്ലാ വശങ്ങളിലേക്കും അടുക്കായി ക്രമീകരിച്ച കട്ടിയുള്ള വർണ ഇലകളാണ് നിയോറിഗേലിയയുടെ ഭംഗി. ഇളം ഇലകൾക്ക് ക്യൂട്ടക്സ് പുരട്ടിയതുപോലുള്ള മെറൂൺ നിറമായിരിക്കും. പൂർണവളർച്ചയാകുമ്പോൾ ഇലകൾക്ക് വെള്ള വരകളോടുകൂടിയ ഇളം പച്ച നിറം കൈവരും. ചട്ടിയിലും നിലത്തും ഒരുപോലെ പരിപാലിക്കാവുന്ന ഈയിനം ചുവട്ടിൽനിന്നു ചെടികൾ ഉൽപാദിപ്പിച്ച് കാലക്രമേണ കൂട്ടമായിത്തീരും.

ഗോൾഡൻ ബോസ്റ്റൺ ഫേൺ: അലങ്കാരപ്പന്നൽ ചെടികളിലെ നൂതനയിനമാണിത്. കടും പച്ചനിറത്തിൽ ഇലകളുള്ള പരമ്പരാഗത ബോസ്റ്റൺ ഫേണിന്റെ വകഭേദമാണ് ഗോൾഡൻ ഇനം. മഞ്ഞനിറത്തിൽ നീളമുള്ള തൂവലിന്റെ ആകൃതിയിലുള്ള ഇലകൾ കുറുകിയ തണ്ടിന്റെ എല്ലാ വശത്തേക്കും അംഗപ്പൊരുത്തത്തോടെ കാണപ്പെടുന്നു. പാതി തണലുള്ളിടത്ത് പരിപാലിക്കാൻ പറ്റിയ ഈ പന്നൽ ചെടി വളർന്നു വരുമ്പോൾ ചുറ്റും തൈകൾ ഉൽപാദിപ്പിച്ച് കൂട്ടമായിത്തീരും. വെർട്ടിക്കൽ ഗാർഡൻ ഒരുക്കാനും തൂക്കുചട്ടിയിൽ വളർത്താനും ഇതു നന്ന്.

വേഗത്തിൽ പടർന്നുവളരുന്ന ഈ ഇലച്ചെടി നട്ടിരിക്കുന്നിടത്ത് തണൽ അധികമായാൽ നിറംമങ്ങി അനാകർഷകമാകും. വേരുകൾ ആഴത്തിൽ ഇറങ്ങാതെ കുറുകിയ തണ്ടിന്റെ ചുവട്ടിൽ പുറ്റുപോലെ ഉള്ളതുകൊണ്ട് ആഴം കുറഞ്ഞ് പരന്ന ചട്ടിയിലും ബോസ്റ്റൺ ഫേൺ പരിപാലിക്കാം. വിലാസം: അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, തൃക്കാക്കര, കൊച്ചി—21 ഫോൺ: 94470 02211 Email: jacobkunthara123@gmail.com

ഉദ്യാനത്തിനഴകായ് ചെടിക്കൂട്ടങ്ങൾ

 

പൂന്തോട്ടത്തിന്റെ രൂപഘടനയിൽ മലയാളി എന്നും മാറ്റം ഇഷ്ടപ്പെടുന്നു. ഇന്ന് ഏറ്റവും പ്രചാരത്തിലുള്ള ഇൻഫോർമൽ ഗാർഡന്റെ രൂപഘടനയിൽ ജ്യോമെട്രിക് ആകൃതികള്‍ക്കു സ്ഥാനമില്ല. ചെടികൾ നിരയായും നടാറില്ല. പകരം പ്രത്യേക ആകൃതിയിൽ കൂട്ടമായാണ് നടുക.

നവീന ഉദ്യാനത്തിന്റെ മുഖ്യ ആകർ‌ഷണമാണ് ഇപ്പോൾ ഇൗ കുറ്റിച്ചെടിക്കൂട്ടങ്ങൾ. ഒറ്റയ്ക്കുനില്‍ക്കുന്ന ചെത്തിക്കോ ഹെലിക്കോണിയയ്ക്കോ പകരം കൂട്ടമായി വളര്‍ത്തുമ്പോഴാണ് ഇവയ്ക്കു കൂടുതൽ ഭംഗി.

ചെറുതോ വല‌ുതോ ആവട്ടെ, പൂന്തോട്ടത്തിന്റെ വിസ്തൃതിക്ക് യോജിക്കുന്ന വിധത്തിൽ ചെടികളുടെ കൂട്ടം( ഗ്രൂപ്പ് പ്ലാന്റിങ് ) ‌രൂപഘടനയിൽ ഉൾപ്പെടുത്താം. മതിലിനോടു ചേർന്ന് ഒരു നിരയായി കുറ്റിച്ചെടികൾ നടുന്നതിനു പകരം പല കൂട്ടമായി അല്ലെങ്കിൽ പല വ‌രികളായി പല തരം ചെടികൾ ഒരുമിച്ചു നടുന്നത് കൂടുതൽ ആകർഷകമാകും.

കുറ്റിച്ചെടികള്‍ക്കു പകരം വാർഷിക പൂച്ചെടികൾ നട്ടൊരുക്കുന്ന ഇത്തരം പൂത്തടത്തിന് ആയുസ്സ് കുറവാണ്. കുറ്റിച്ചെടികളാണെങ്കിൽ കാലങ്ങളോളം ഭംഗി കെടാതെ നിൽക്കും. ഏതൊരു ഉദ്യാനത്തിന്റെയും മുഖ്യ ആകർഷണം പൂവിട്ടുനില്‍ക്കുന്ന കുറ്റിച്ചെടികളാണ്.

പല നിറത്തിൽ ഇലകളുള്ളവയാണെങ്കിൽ ഭംഗിയേറും. ഇത്തരം ഇലച്ചെടികൾ മരങ്ങളുടെ ചുവട്ടിൽ കൂട്ടമായി നട്ടു പരിപാലിച്ചാൽ മരത്തിന്റെ ഭംഗിയേറുമെന്നതിനൊപ്പം അതിനു ചുവട്ടിൽ നല്ല ഇൗർപ്പം ലഭിക്കുകയും ചെയ്യും.

നിത്യഹരിത പ്രകൃതമുള്ള കുറ്റിച്ചെടികളാണ് ചെടിക്കൂട്ടം ഒരുക്കാൻ ഉപയോഗിക്കുക. ഒരേ രീതിയിൽ നനയും സൂര്യപ്രകാശവും വേണ്ട ചെടികൾ ഒരുമിച്ചു നടാം.

ഗ്രൂപ്പ് പ്ലാന്റിങിന് പലതരം

വേണ്ട ചെടികൾ തിരെഞ്ഞെടുക്കുമ്പോൾ ഇവയുടെ ഉയരം, പൂക്കളുടെയും ഇലകളുടെയും നിറം എന്നിവയെല്ലാം കണക്കിലെടുക്കണം. ഉദാഹരണത്തിന്, പുൽത്തകിടിക്കുള്ളിൽ ചെടികള്‍ ഉപ‌യോഗിച്ചു തയാറാക്കുന്ന കൂട്ടത്തിനായി (െഎലൻഡ്) 2-3 ഇനങ്ങൾ ഉപയോഗിക്കാം. ഒത്ത നടുവിൽ ഉയരം കൂടിയ ഇനത്തിന്റെ ഒരു കൂട്ടം, ചുറ്റുമായി ഉയരം കുറഞ്ഞവയുടെ ഒന്നു രണ്ടു നിര. ഇൗ രീതിയില്‍ പല ചെടികൾ ഉപയോഗിച്ച് നിറക്കൂട്ട് ഒരുക്കാം. നേരിട്ടു വെയിൽ കിട്ടുന്നിടത്തും പാതി തണലുള്ളിടത്തും വെവ്വേറെ ചെടികളാണ് നടേണ്ടത്.

യോജിച്ച ചെടികൾ

നേരിട്ട് വെയിൽ കിട്ടുന്നിടം : മിനി നന്ദ്യാർവട്ടം, ചെത്തി, നാടൻ പിങ്ക് ചെത്തി, സിലോൺ മുല്ല, എറാന്തിമം, ഹെലിക്കോണിയ സെന്റ് വിൻസന്റ് ഇനം, കശ്മീരി റോസ്, വേരിഗേറ്റഡ് ലില്ലി, സ്പ‌ൈഡർ ലില്ലി, സെഫിറാന്തസ് ലില്ലി. ബ്ലാക്ക്ല ്ലില്ലി, മഞ്ഞയും ഒാറഞ്ചും പൂക്കളുള്ള കൊങ്ങിണി, ജട്രോഫ, മെലാസ്റ്റോമ, സോങ് ഒാഫ് ഇന്ത്യ, ബോൾ അരേലിയ, ഗോൾഡൻ അരേലിയ, എക്സ്കോയ്ക്കോറിയ, യൂജീനിയ, ഹമീലിയ, വെള്ള മുസാൻഡ, റിയോ, ക്ലോറോഫൈറ്റം, മഞ്ഞ പൻഡാനസ്.

തണലുള്ളിടം: ഡ്രനീന സിടിസി റെഡ്, ഡ്രസീന കോളറോമ, ആൽപീനിയ വേരിഗേറ്റ, വേരിഗേറ്റഡ് സ്പാത്തിഫില്ലം, മിനി ആന്തൂറിയം ,സ്പൈറൽ ജിന്‍ജർ ,ലേഡീസ് ഫിംഗർ പാം, അഗ്ലോനിമ, മരാന്റ, വേരിഗേറ്റഡ് ഷഫ്ലീറ, സിൻഗോണിയം ഇനങ്ങൾ, ഗോൾഡന്‍ ബോസ്റ്റൺ ഫോൺ, ലിമോണിയം.

ഇവയിൽ റിയോ, മിനി നന്ദ്യാർവട്ടം, മിനിച്ചെത്തി, മഞ്ഞ പൻഡാനസ്, കശ്മീരി റോസ്, സെഫിറാന്തസ് ലില്ലി, കൊങ്ങിണി, ബോൾ അരേലിയ, ക്ലോറോഫൈറ്റ‌ം, വേരിഗേറ്റഡ് സ്പാത്തിഫില്ലം. മരാന്റ സിൻഗോണിയം , ഗോള്‍ഡൻ ബോസ്റ്റൺഫേൺ എന്നിവ ഒരടിയിൽ താഴെയെ ഉയരം വയ്ക്കുകയുള്ളൂ.

മുൻനിരയായി നടാനും പല ചെടികൾ ഉപയോഗിച്ച് െഎലൻഡ് തയാറാക്കുമ്പോൾ പുറംപാളിയായി നടാനും ഇവ നന്ന്. നാടൻ പിങ്ക് ചെത്തി , സിലോണ്‍മുല്ല, എറാന്തിമം, സ്യൂഡറാന്തിമം, ഹെലിക്കോണിയ ഇനം, വേരിഗേറ്റഡ് സ്പൈഡർ ലില്ലിയിനങ്ങൾ, മെല്ലാസ്റ്റോമ, സോങ് ഒാഫ് ഇന്ത്യ, ഗോൾഡൻ അരേലിയ, എക്സ്കോയ്കേയിറ, യൂജീനിയ, ഹമീലിയ, വെള്ള മുസാൻഡ, ഡ്രസീന ഇനങ്ങൾ സ്പൈറൽ ജിൻജർ, ലേഡീസ് ഫിംഗർ പാം, ഷഫ്ളീറ എന്നിവയെല്ലാം രണ്ടടിയോ അതിൽക്കൂടുതലോ ഉയരം വയ്ക്കും. ഇവ പിൻനിരയിലേക്കും െഎലൻഡിന്റെ നടുവിലുള്ള ഭാഗം നിറയ്ക്കാനും നന്ന്.

തയാറാക്കുന്ന വിധം

ചെടികൾ ഉപയോഗിച്ച് പ്രത്യേക ആകൃതിയിൽ പുല്‍ത്തകിടിയിലോ മരത്തിന്റെ ചുവട്ടിലോ കൂട്ടം തയാറക്കുമ്പോൾ ചെടിയുടെ വലുപ്പമനുസരിച്ച് 40-50 എണ്ണം ആവശ്യമായി വരും. അതതിടത്തു യോജിക്കുന്ന ആകൃതിയിലാണ് ചെടികൾ നടേണ്ടത്.

മതിലിന്റെ മൂലയിൽ കോൺ ആകൃതിയിലാണ് ചെടികൾ നടേണ്ടത്. മതിലിന്റെ മൂലയിൽ കോൺ ആകൃതിയോ L ആകൃതിയോ യോജിക്കും. വൃക്ഷത്തിന്റെ തണലിൽ പ്രത്യേക ആകൃതി ഒരുക്കാൻ നനയ്ക്കാനായി ഉപയോഗിക്കുന്ന ഹോസ് പ്രയോജനപ്പെടുത്താം.

ഹോസ് വൃക്ഷത്തിന്റെ ചുറ്റുമായി ഇടുക. ഇങ്ങനെ ലഭിക്കുന്ന ആകൃതിയിൽ ചെടികൾ കൂട്ടമായി നടാം. സൂര്യപ്രകാശമുള്ളിടത്തെ പ്ലാന്റർ ബോക്സുകളിൽ പൂവിടുന്ന ചെടികൾ നടണം. ഒരടിയോളം വീതിയുള്ള ബോക്സിൽ ഒരേതരം ചെടി നിറച്ചു നടന്നുതാണ് നല്ലത്.

ഒരടിക്കുമേൽ വീതിയുള്ളതിൽ പിൻനിരയിൽ ഉയരം കൂടിയ ഇനവും മുൻനിരയിൽ ഉയരം കുറഞ്ഞയിനവും നടാം. ചെടിക്കൂട്ടം തയാറാക്കുമ്പോൾ എവിടെ നിന്നാണ് അധികം നോട്ടം കിട്ടുന്നതെന്നു മനസ്സിലാക്കി അവിടേക്ക് അഭിമുഖമായി വേണം കുറഞ്ഞവ മുന്നിലും ഉയരം കൂടിയവ പിന്നിലുമായി നടേണ്ടത്.

നടാൻ നന്നായി വളര്‍ച്ചയെത്തിയതും വേണ്ടത്ര ശിഖരങ്ങൾ ഉള്ളതുമായ കുറ്റിച്ചെടികൾ തിരഞ്ഞെടുക്കുക. ചുവട്ടിൽനിന്നു സ്വമേധയാ തൈകൾ ഉല്‍പാദിപ്പിക്കുന്ന ഹെലിക്കോണിയ, റിയോ , സ്പാത്തിഫില്ലം, ലില്ലിയിനങ്ങൾ , ആൽ‍പീനിയ, റിബൺ ഗ്രാസ് എന്നിവ ഒരടി അകലമിട്ട് നടാം. മറ്റ് നടുമ്പോൾ നടുമ്പോള്‍ അരയടി അകലം മതി. ‍ ചെടിക്കൂട്ടമൊരുക്കാൻ തിരഞ്ഞെടുത്ത സ്ഥലത്ത് വെള്ളം ഒട്ടും തങ്ങിനിൽക്കതെ നന്നായി വാർന്നുപോകുന്നുണ്ടെന്ന് ഉറപ്പാക്കാം. പ്ലാന്റര്‍ ബ‌ോക്സിൽ ഇതിനായി ആവശ്യത്തിനു ദ്വാരങ്ങൾ നൽകണം.

ന‌ടുന്നതിനുമുമ്പ്, നടാൻ ഉദ്ദേശിക്കുന്നിടത്തെ മേൽമണ്ണ് അരയടി കനത്തിൽ നീക്കം ചെയ്യാം. വിപണിയിൽനിന്നു വാങ്ങിയ ചെടി കവർ മാറ്റിയശേഷം, നട്ടിരിക്കുന്ന മിശ്രിതത്തിന്റെ താഴെ ‌ഭാഗത്തുനിന്ന് അല്‍പം മണ്ണ് പൊട്ടിച്ചു നീക്കം ചെയ്യണം.

ഇത് വേരുകൾ വേഗത്തിൽ വളർന്നുവരാൻ സഹായിക്കും. കവർ നീക്കിയ ചെടികൾ ആവശ്യത്തിന് അകലം നല്കി മണ്ണുമാറ്റിയ ഇടത്തേക്ക് ഇറക്കി വയ്ക്കാം .ചെടികൾക്ക് ചുറ്റും നടീൽ മിശ്രിതം നിറച്ച് നന്നായി ഉയറപ്പിച്ച് നടണം. നടീൽമിശ്രിതമായി രണ്ടു ഭാഗം ചകിരിച്ചോറ് ഒരു ഭാഗം വീതം വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി ഇവ കലർത്തിയതു മതി‌. നട്ടശേഷം ആവശ്യാനുസരണം നനയ്ക്കണം.

പരിപാലനം ചെടിക്കൂട്ടങ്ങളുടെ വിടവുകളിൽ കളച്ചെടികൾ വളർന്നുവരാം. കാണുമ്പോൾത്തന്നെ അവ നീക്കം ചെയ്യണം. കായികവളർച്ചയ്ക്ക് വളമായി 18:18:18 നല്ലതാണ്. മാസത്തിലൊരിക്കൽ ഇൗ വളം നല്‍കാം. ചാണകപ്പൊടി, സ്റ്റെറാമീൻ ഇവയും ഉപയോഗിക്കാം.

മഴക്കാലത്തിനു മുൻപ് ചെടികൾ കമ്പു കോതി ഉയരം ക്രമീകരിക്കണം. ചെടിക്കൂട്ടത്തിനു പ്രത്യേക ആകൃതി നൽകാനും കമ്പുകോതൽ സഹായകമാണ്. മിനിയേച്ചർ ചെത്തിയിൽ കാണാറുള്ള ഇല മഞ്ഞളിപ്പിന് പ്രതിവിധിയായി മഗ്നീഷ്യവും ഇരുമ്പും അടങ്ങിയ സൂക്ഷ്മ രാസവളക്കൂട്ട് ഉപയോഗിക്കാം. മിനി നന്ദ്യാവർട്ടത്തിലെ പുഴുശല്യം ഒഴിവാക്കാൻ സെവിൻ കീടനാശിനി 2 ഗ്രം / ഒരു ലീറ്റർ വെള്ളത്തിൽ ലായനിയായി 2-3 തവണ തളിച്ചു കൊടുത്താൽ മതി.

പ്രഫ. ജേക്കബ് വർഗീസ് കുന്തറ അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം ഭാരതമാതാ കോളേജ് തൃക്കാക്കര കൊച്ചി - 21 ഫോൺ : 9447002211

കടപ്പാട്-മാതൃഭൂമി

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate