Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പുത്തന്‍ പഴങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

കാരപ്പഴം അഥവാ സിലോണ്‍ ഒലിവ്

കേരളത്തില്‍ അവിടവിയായി മാത്രം കാണപ്പെടുന്ന നിത്യഹരിത വൃക്ഷമാണ് കാരക്കമരം.. ഇലായിഒകാര്‍പ്പസ് സെറാറ്റസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ മരം ഇലായി ഓകാര്‍പ്പസി സസ്യകുടുംബത്തില്‍ പ്പെടുന്നു.

കേരളത്തിലെ കാലാവസ്ഥയില്‍ വെള്ളകെട്ടില്ലാത്ത എല്ലാത്തരം മണ്ണിലും കാരക്കമരം നന്നായി വളരും. പൂവിട്ട് കായ് വരണമെങ്കില്‍ ധാരാളം സൂര്യപ്രകാശം മരത്തിനാവശ്യമാണ്. സാധാരണയായി വിത്തു കിളിര്‍പ്പിച്ചാണ് പുതിയ തൈകള്‍ ഉണ്ടാക്കുന്നത് . നാടന്‍ ഇനം മാത്രമാണ് ഇപ്പോള്‍ സുലഭം. ഏതാണ്ട് പത്തിലപ്രായമെത്തിയ തൈകള്‍ ഒരടി നീളവും വീതിയും താഴ്ചയുമുള്ള കുഴികളില്‍ കാലിവളം അടിവളമായി ചേര്‍ത്തു നടാവുന്നതാണ്. തൈപിടിക്കുന്നതുവരെ ഒന്നിടവിട്ട ദിവസങ്ങളില്‍ നന ആവശ്യമാണ്. അതിനുശേഷം കാര്യമായ പരിചരണമില്ലാതെ തന്നെ ചെടി വളരും. രോഗകീടങ്ങള്‍ ഒന്നും തന്നെ സാധാരണയായി ഈ മരത്തെ ആക്രമിക്കാറില്ല. അതുകൊണ്ട് 100ശതമാനം ജൈവരീതിയില്‍ കാരപ്പഴം ഉല്‍പ്പാദിപ്പിക്കാം. തൈനട്ട് ഏതാണ്ട് നാലു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കാരമരത്തിന്‍റെ ചില്ലകളില്‍ വളരെ ചെറിയ വെളുത്തപൂവുകളാല്‍ നിറയുന്നു. പൂന്തോട്ടങ്ങളുടെ അരികില്‍ ഒരു അലങ്കാരവൃക്ഷമായും നടാവുന്ന കാരക്കമരത്തിന്‍റെ ഇലച്ചാര്‍ത്തുകള്‍ നിറയുന്ന കാഴ്ച വളരെ സുന്ദരമാണ്. പഴുത്താലും കായ്കള്‍ക്ക് പച്ചനിറമായിരിക്കും.  മൃദുലമായതും മാധുര്യമേറിയതും ഭക്ഷ്യയോഗ്യവുമായ കായ്കള്‍ കാഴ്ചയില്‍ ഒലിവ് പഴം പോലെ തോന്നിക്കുന്നതിനാലും ഈ മരത്തിന്‍റെ ജനനം ശ്രീലങ്കയില്‍ ആയതിനാലും കാരക്കമരത്തിനെ ഇംഗ്ലീഷില്‍ സിലോണ്‍ ഒലിവ് എന്നാണ് വിളിക്കുന്നത്. മാംസളപഴത്തിനുള്ളില്‍ തവിട്ട് നിറത്തിലുള്ള ഒരു വലിയ വിത്തുണ്ടായിരിക്കും. ഈ വിത്തില്‍ നിന്നാണ് പുതിയ തൈ ഉണ്ടാക്കുന്നത്. വിളഞ്ഞ കാരയ്ക്ക ഉപ്പ് ചേര്‍ത്ത് പുഴുങ്ങി ഭക്ഷിക്കാനും അച്ചാര്‍ ഉണ്ടാക്കാനും ബഹുകേമം. പഞ്ചസാരയും അന്നജവും വിവിധ ധാതുക്കളും കാരയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വയറിളക്കത്തിനെതിരായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധം കൂടിയാണ് കാരയ്ക്ക.

വിരുന്നുവന്ന വെല്‍വെറ്റ് ആപ്പിള്‍

ധാരാളം വിദേശപഴങ്ങള്‍ ഇപ്പോള്‍ നമ്മുടെ മണ്ണിലും നന്നായി വളരുന്നു. ഇത്തരത്തില്‍ വിരുന്നുകാരനായിവന്ന് വീട്ടുകാരനാവാന്‍ തയ്യാറെടുക്കുന്ന ഫലസസ്യമാണ് വെല്‍വെറ്റ് ആപ്പിള്‍. വെല്‍വെറ്റ് പോലെയുള്ള നേര്‍ത്ത പുറംതോലാണ് പഴത്തിന് ഈ പേര് നേടിക്കൊടുത്തത്. ഫിലിപ്പീന്‍സ് സ്വദേശിയാണ്. ഉഷ്ണമേഖലകള്‍ക്ക് ഇണങ്ങിയതായതിനാല്‍ കേരളത്തിലും വളരും. സാവധാന വളര്‍ച്ചയാണിതിന്‍റെ പ്രത്യേകത. ഏറ്റവും കുറഞ്ഞത് 18 മീറ്റര്‍ ഉയരത്തില്‍ വളരും. ദീര്‍ഘവൃത്താകൃതിയോ മുട്ടയുടെ ആകൃതിയോ ഒക്കെയാണ് പഴത്തിന്. കായ്കള്‍ ഒരു ഞെട്ടില്‍ ഇരട്ട വീതമായുണ്ടാകുകയാണ് പതിവ്. പഴത്തിന് പാല്‍ക്കട്ടിയുടെ ഗന്ധമുണ്ട്. എന്നാല്‍, എന്നാല്‍, തോല് നീക്കിക്കഴിഞ്ഞാല്‍ നന്നായി പഴുത്ത ആപ്പിളിന്‍റെ സുഗന്ധമാണ്. അധികം ചാറില്ലാത്ത പഴം, മധുരമുണ്ട്. ആപ്പിളിന്‍റെയും വാഴപ്പഴത്തിന്‍റെയും സമ്മിശ്ര സ്വാദ്. 8-10 സെ. മീറ്റര്‍ വലിപ്പം കാണും.വിത്ത്പാകി വളര്‍ത്തുന്ന തൈകള്‍ കായ്പിടിക്കാന്‍ ആറേഴു വര്‍ഷം വേണം. എന്നാല്‍, ഒട്ടിച്ചോ മുകുളനം നടത്തിയോ കിട്ടുന്ന തൈകള്‍ക്ക് കായ്പിടിക്കാന്‍ 3-4 വര്‍ഷം മതി. പോഷകസമൃദ്ധമാണ് വെല്‍വെറ്റ് ആപ്പിള്‍. ജീവകങ്ങള്‍, ധാതുലവണങ്ങള്‍, ഭക്ഷ്യയോഗ്യമായ നാര്, മാംസ്യം, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പുസത്ത്, ജീവകം എ, സി, ബി എന്നിവയാല്‍ സമ്പന്നം. പഴത്തിലെ പൊട്ടാസ്യത്തിന്‍റെ സാന്നിധ്യം രക്തസമ്മര്‍ദം കുറച്ച് ശരീരത്തിലെ രക്തയോട്ടം അനായാസമാക്കുന്നു. ഇരുമ്പുസത്ത് അരുണരക്താണുക്കളുടെ വര്‍ധനയ്ക്ക് സഹായകം. ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശ്വസനവ്യവസ്ഥയുടെ സുഗമമായ പ്രവര്‍ത്തനത്തിനും ദഹനം സുഖകരമാക്കാനും ത്വക് രോഗ ചികിത്സയിലുമെല്ലാം വെല്‍വെറ്റ് ആപ്പിള്‍ ഉപകാരിയാണ്. കാര്യമായ രോഗ-കീടബാധകളൊന്നും ഇതിനെ അലട്ടുന്നില്ല. ജൈവവളങ്ങളോടൊപ്പം വളര്‍ച്ച ത്വരപ്പെടുത്താന്‍ 18-18-18, 19-19-19 തുടങ്ങിയ ഏതെങ്കിലും ഒരു രാസവളമിശ്രിതം തടത്തില്‍ വിതറി ചുവട്ടില്‍ പുതയിടാം. വളര്‍ച്ച നോക്കിയിട്ട് ആവശ്യമെങ്കില്‍ കൊമ്പുകോതുക. മാര്‍ച്ച്-ഏപ്രില്‍ പൂക്കാലവും  ജൂലായ്-ആഗസ്റ്റ് പഴങ്ങളുടെ കാലവും ആണ്. പഴം പരമാവധി അഞ്ചുദിവസം വരെ കേടാകാതെ സൂക്ഷിക്കാം. പഴത്തിന്‍റെ കാമ്പ് അതേപടി കഴിക്കാം. ഐസ്‌ക്രീം, സര്‍ബത്ത് എന്നിവയില്‍ ചേരുവയാണ്. അകക്കാമ്പ് ഉണക്കിയത് ഫ്രൂട്ട്സലാഡിലും ചേര്‍ക്കാം. ഗൃഹോദ്യാനങ്ങള്‍ക്ക് ഒരേസമയം അലങ്കാരവൃക്ഷമായും ഫലവൃക്ഷമായും വളരും വെല്‍വെറ്റ് ആപ്പിള്‍.

മനോഹരം മരമുന്തിരി

ബ്രസീലില്‍നിന്നാണ് \'മരമുന്തിരി\' എന്ന \'ജബോട്ടിക്കാബ\' കേരളത്തിലെത്തിയ ത്. ധാരാളം ചെറുശാഖകളുമായി വളരുന്ന ഇവ പേരയുടെ ബന്ധുവാണ്. \'മൈസീരിയ ക്ലോറിഫോറ\' എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ജബോട്ടിക്കാബയുടെ ശിഖരങ്ങളില്‍ വിരിയുന്ന കായ്കള്‍ക്ക് മുന്തിരിപ്പഴങ്ങളുടെ രൂപവും രുചിയുമാണ്. ഇരുപതടിയോളം ഉയരത്തില്‍ വളരുന്ന മരമുന്തിരിക്ക് ശക്തമായ വേരുപടലമുണ്ടാകും. തടിക്ക് ഉറപ്പേറും. നല്ല വെയില്‍ ലഭിക്കുന്ന സ്ഥലമാണ് കൃഷിക്ക് അനുയോജ്യം. കായ്കള്‍ ഉണ്ടാകാന്‍ എട്ടു വര്‍ഷത്തോളം എടുക്കും. വര്‍ഷത്തില്‍ പലതവണ കായ്ക്കും. പഴങ്ങള്‍ ഒരു മാസംകൊണ്ട് വിളഞ്ഞ് പാകമാകും. വെള്ള നിറത്തിലുള്ള പള്‍പ്പിന് മാധുര്യമേറും. ഒപ്പം ചെറിയ വിത്തുമുണ്ടാകും. ഇവ മണലില്‍ വിതച്ച് കിളിര്‍പ്പിച്ച് ജൈവവളങ്ങള്‍ ചേര്‍ത്ത് കൂടകളില്‍ രണ്ടുവര്‍ഷം വളര്‍ത്തി അനുയോജ്യമായ സ്ഥലത്ത് കൃഷിചെയ്യാം. വെള്ളക്കെട്ടുള്ള സ്ഥലം നടാന്‍ യോജിച്ചതല്ല. പ്രകൃതി തന്നെ മനോഹര രൂപം നല്‍കിയ ജബോട്ടിക്കാബ അലങ്കാരത്തിനായും വളര്‍ത്താം.

ബ്രസീലിലെ ജബോത്തിക്കാബ എന്ന മുന്തിരിമരം

തെക്കൻ ബ്രസീലിൽ വളരുന്ന മിർട്ടേസേ വർഗത്തിൽ പെട്ട ഒരു ഫലവൃക്ഷമാണ് ജബോത്തിക്കാബ (" മിർസിയേരിയ കൗളിഫ്ലോറ "). തടിയോടു പറ്റിച്ചേർന്നു സമൃദ്ധമായുണ്ടാകുന്ന മുന്തിരിപ്പഴം പോലുള്ള അതിന്റെ ഫലത്തിനു വേണ്ടിയാണ് ഈ വൃക്ഷം കൃഷി ചെയ്യുന്നത്. "ബ്രസീലിലെ മുന്തിരിമരം" എന്ന പേരും ഇതിനുണ്ട്. ഇതേവർഗ്ഗത്തിൽ പെട്ട ഇതേപേരിൽ തന്നെ അറിയപ്പെടുന്ന സമാനജാതി വൃക്ഷങ്ങൾ ബ്രസീൽ, അർജന്റീന, പരാഗ്വേ, ബൊളീവിയ എന്നീ രാജ്യങ്ങളിൽ വളരുന്നു. മാന്തളിൽ ഛായ കലർന്ന കറുപ്പു നിറമുള്ള ഇതിന്റെ പഴത്തിന്റെ ഉൾഭാഗം വെളുത്താണ്; പഴം അതേപടി തിന്നുന്നതിനു പുറമേ, ജെല്ലികൾ, പാനീയങ്ങൾ വീഞ്ഞ് എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്.

കായ്ച്ചുനിൽക്കുന്ന ഒരു ജബോത്തിക്കാബ മരം

പോർത്തുഗീസ് ഭാഷയിൽ 'ജബൂത്തികാബീര' എന്നു പേരുള്ള ഈ ചെടിയുടെ ഇലകൾക്ക് തൈയ്യായിരിക്കുമ്പോൾ ചെമ്പുനിറവും മൂപ്പെത്തിയാൽ പച്ചനിറവുമാണ്. വളരെ സാവധാനം വളരുന്ന ഈ ചെടി ഈർപ്പവും നേരിയ പുളിപ്പും ഉള്ള മണ്ണിൽ നന്നായി വളരുന്നു. എങ്കിലും ഏതു സാഹചര്യവുമായി ഇണങ്ങാൻ കഴിയുന്ന  ഈ ചെടി മണൽ തിങ്ങി ക്ഷാരാംശം കലർന്ന തീരപ്രദേശങ്ങളിൽ പോലും, ശ്രദ്ധിച്ചാൽ വളർത്താൻ കഴിയും. വെളുത്ത നിറമുള്ള ഇതിന്റെ പൂക്കൾ മരത്തടിയോടു ചേർന്നാണ് ഉണ്ടാകുന്നത്. സ്വാഭാവികാവസ്ഥയിൽ ഇത് വർഷത്തിൽ ഒന്നോ രണ്ടോ വട്ടം മാത്രം പൂവിടുന്നു. എന്നാൽ, തുടർച്ചയായി ജലസേചനം ലഭിച്ചാൽ ഇത് പലവട്ടം പുഷ്പിച്ച് ആണ്ടു മുഴുവനും ഫലം നൽകുന്നു.

മൂന്നോ നാലോ സെന്റീമീറ്റർ വ്യാസമുള്ള പഴങ്ങൾക്കുള്ളിൽ ഒന്നു മുതൽ നാലു വരെ വിത്തുകൾ ഉണ്ടാകാം. പഴങ്ങൾ മരത്തൊലിയോടു പറ്റിച്ചേർന്ന് തിങ്ങി കാണപ്പെടുന്നതിനാൽ, കായ്ച്ചു നിൽക്കുന്ന മരം വിശേഷപ്പെട്ട കാഴ്ചയാണ്. പഴത്തിന് കട്ടികൂടി പരുഷരുചിയുള്ള തൊലിയും ഉള്ളിൽ വഴുവഴുപ്പും മധുരരുചിയുമായി, വെളുപ്പോ റോസ് നിറമോ ഉള്ള മാംസളഭാഗവും ഉണ്ട്. ബ്രസീലിലിലെ ചന്തകളിൽ സുലഭമായി കാണപ്പെടുന്ന ഈ പഴം മിക്കവാറും പഴമായി തന്നെ തിന്നുകയാണ് പതിവ്; മറ്റു പല നാടുകളിലും മുന്തിരിപ്പഴത്തിനുള്ള പ്രചാരം അതിന് ബ്രസീലിൽ ഉണ്ട്. പറിച്ചെടുത്ത പഴം മൂന്നു നാലു ദിവസത്തിനുള്ളിൽ നുരക്കാൻ തുടങ്ങുന്നതിനാൽ മിച്ചം വരുന്ന പഴങ്ങൾ ജാം, അച്ചാറുകൾ, വീഞ്ഞ്, മറ്റു പാനീയങ്ങൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. പഴം ഏറെക്കാലം സൂക്ഷിക്കാൻ ബുദ്ധിമുട്ടായതിനാൽ, അത് തനിരൂപത്തിൽ കൃഷിപ്രദേശങ്ങൾക്കു പുറത്തുള്ള ചന്തകളിൽ വിരളമായേ കാണാറുള്ളു. പഴത്തിന്റെ ഉണക്കിയ തൊലികൊണ്ടുണ്ടാക്കുന്ന കഷായം ശ്വാസകോശരോഗങ്ങൾ, വലിവ്, അതിസാരം എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കാറുണ്ട്. തൊണ്ടവേദന മാറാൻ അത് കവിൾക്കൊള്ളുന്നതും പതിവാണ്.

ജബോത്തിക്കാബയുടെ ഇലകൾ

പഴത്തിൽ നീർവീക്കത്തിന്റേയും അർബുദത്തിന്റേയും ചികിത്സകളിൽ പ്രയോജനപ്പെട്ടേക്കാവുന്ന സംയുക്തങ്ങൾ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഈ പഴത്തിൽ മാത്രം കാണപ്പെടുന്ന ജബോത്തിക്കാബിൻ എന്ന വസ്തു അവയിൽ ഒന്നാണ്. ബ്രസീലിൽ ഈ ചെടിയുടെ വിവിധ ജാതികൾ ഒരേ പേരിൽ തന്നെ അറിയപ്പെടുന്നു. എല്ലാ ജബോത്തിക്കാബ ഇനങ്ങളും മിതോഷ്ണമേഖലയിൽ വളരുന്നവയാണെങ്കിലും ഹ്രസ്വമായ മഞ്ഞുവീഴ്ചയെ മിക്കയിനങ്ങൾക്കും അതിജീവിക്കാനാവും. ഉത്തരാർത്ഥഗോളത്തിൽ ഇതിന്റെ വൻതോതിലുള്ള കൃഷിക്കു താപനിലയേക്കാൾ തടസമായിരിക്കുന്നത്, വളർച്ചയുടെ വേഗക്കുറവും പഴം സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടുമാണ്. ഒട്ടുമരങ്ങൾ കായ്ക്കാൻ അഞ്ചുവർഷത്തോളം മതി; എന്നാൽ വിത്തുനട്ടുണ്ടാക്കുന്ന മരങ്ങൾ കായ്ക്കാൻ പത്തിരുപതു വർഷം വേണ്ടി വരുന്നു. മൂപ്പെത്താത്ത ചെടികളുടെ വലിപ്പക്കുറവ് അവയെ കൃഷിമേഖലയ്ക്കു പുറത്ത് ബോൺസായ് ചെടിയായും അലങ്കാരച്ചെടിയായും പ്രചരിപ്പിച്ചിട്ടുണ്ട്. തൈവാനിലും കരീബിയൻ നാടുകളിലും ബൊൺസായ് കലയിൽ ഈ ചെടി ഉപയോഗിക്കപ്പെടുന്നു.

പേരയ്ക്കയുടെ രുചിയുള്ള കാബൂസി

പേരയുടെ അടുത്തബന്ധുവായ ബ്രസീലിയന്‍ ചെടിയാണ് കാബൂസി. പറക്കും തളികയുടെ രൂപമുള്ള ചെറുകായ്കള്‍ ഉണ്ടാകുന്ന കാബൂസി കാഴ്ചയില്‍ കൗതുകം ജനിപ്പിക്കും. പേരക്കയുടെ തനതുരുചിയുള്ള കായ്കള്‍ പച്ചയ്ക്കും പഴുത്തും കഴിക്കാം. കേരളത്തിലെ കാലാവസ്ഥയിലും കാബൂസി വളരും. വിത്തുകള്‍ മുളപ്പിച്ചെടുക്കുന്ന തൈകളാണ് നടീല്‍വസ്തു. വെള്ളക്കെട്ടില്ലാത്ത, സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം നടാന്‍ തിരഞ്ഞെടുക്കണം.വേനല്‍ക്കാലത്ത് ജലസേചനം അനിവാര്യമാണ്. അധികം ഉയരംവെക്കാതെ ധരാളം ശാഖകള്‍ വളരുന്ന സ്വഭാവമാണ് കാബൂസിച്ചെടിക്കുള്ളത്. വര്‍ഷം മുഴുവന്‍ കായ്ക്കുമെങ്കിലും വേനല്‍ക്കാലമാണ് പ്രധാന പഴക്കാലം. ബ്രസീലിയന്‍ മലയാളികള്‍ വഴി നാട്ടിലെത്തിയ കാബൂസിച്ചെടികള്‍ നാട്ടില്‍ ഫലംതന്നുതുടങ്ങിയിട്ടുണ്ട്.

റംബുട്ടാൻ കൃഷി

കേരളത്തിൽ പ്രചാരം നേടിയ ഫലവർഗച്ചെടിയാണ് റംബുട്ടാൻ. മലയാളത്തിൽ മുള്ളൻപഴം എന്ന പേരിലും ഇതറിയപ്പെടുന്നു. ജൂലൈ മുതൽ ഒക്ടോബർ വരെ കായ്ഫലം തരും. തോടിനുള്ളിലെ ദശയാണ് ഭക്ഷ്യയോഗ്യമായ ഭാഗം. മലേഷ്യയാണ് റംബുട്ടാന്റെ ജന്മദേശം. കായ്കൾ ചുവപ്പ് അല്ലെങ്കിൽ മഞ്ഞ എന്നിങ്ങനെ രണ്ടിനങ്ങളുണ്ട്. തണ്ടിന്റെ അറ്റത്തു കുലകളായി കായ്കൾ ഉണ്ടാകുന്നു. കായ്ക്ക് മുഴുത്ത നെല്ലിക്കയോളം വലുപ്പം വരും. കായ്കൾക്കുള്ളിൽ ഒരു വിത്തുണ്ടാകും. എങ്കിലും ഗ്രാഫ്റ്റു ചെയ്തെടുത്ത തൈകളാണു നടുക. കാരണം ആൺ പെൺ മരങ്ങൾ റംബുട്ടാന്റെ പ്രത്യേകതയാണ്.

വിത്തു മുളപ്പിച്ചെടുക്കുന്ന തൈകൾ കായ്ക്കുന്ന പെൺമരമെന്ന് ഉറപ്പില്ലാത്തതിനാൽ ഗ്രാഫ്റ്റുതൈകൾ തന്നെയാണു നടാനെടുക്കേണ്ടത്. ഇതിനായി കുരുവിട്ടു മുളപ്പിച്ച തൈകൾക്ക് ഒരു വർഷം വളർച്ചയാകുമ്പോൾ വശം ചേർത്തൊട്ടിക്കൽ നടത്താം. അനേകം ശിഖരങ്ങളോടെ പടർന്നു വളരുന്ന ഒരു ചെടിയാണിത്. രണ്ടു രണ്ടര മീറ്റർ വരെ ഉയരത്തിൽ വളരും. തൈ നടേണ്ടത് 7 മീറ്റർ അകലം നൽകി 50x50x50 സെ.മീ. വലുപ്പത്തിൽ കുഴികളെടുത്താകണം. ഗ്രാഫ്റ്റുതൈകൾ മൂന്നോ നാലോ വർഷംകൊണ്ട് കായ്ച്ചു തുടങ്ങും. റംബുട്ടാന്റെ തൈകൾ പ്രമുഖ നഴ്സറികളിൽ നിന്നും വാങ്ങുക.

ബ്രസീലില്‍ നിന്നെത്തിയ അറസാ

അപൂര്‍വസസ്യജാലങ്ങളുടെ കേദാരമാണ് ബ്രസീലിലെ ആമസോണ്‍ തീരം. വിദേശമലയാളികള്‍വഴി ബ്രസീലില്‍നിന്ന് നാട്ടിലെത്തിയ ഫലസസ്യമാണ് അറസാ. പേരയുടെ ബന്ധുവായ അറസാ ജന്‍ജിനിയ സ്റ്റിപിറ്റിയ എന്ന സസ്യനാമത്തില്‍ അറിയപ്പെടുന്നു. ആറടിയോളം ഉയരത്തില്‍ താഴേക്കൊതുങ്ങിയ ചെറുശാഖകളുമായാണ് വളര്‍ച്ച.

ഈ നിത്യഹരിതച്ചെടിയുടെ തളിരിലകള്‍ക്ക് മങ്ങിയ ചെമ്പുനിറമാണ്. ഇലക്കവിളുകളില്‍ ഉണ്ടാകുന്ന ഗോളാകൃതിയിലുള്ള ചെറുകായ്കള്‍ പഴുക്കുമ്പോള്‍ മഞ്ഞനിറമാകും. ഉള്‍ക്കാമ്പിലെ മാംസളഭാഗത്തിന് മധുരവും പുളിയും കലര്‍ന്ന രുചിയാണ്.നേരിട്ടോ ജ്യൂസാക്കിയോ ഇത് ഉപയോഗിക്കാം. പഴങ്ങള്‍ക്കുള്ളില്‍ കാണുന്ന ചെറുവിത്തുകളാണ് നടീല്‍വസ്തു. ചെറുകൂടകളില്‍ പാകി കിളിര്‍പ്പിച്ചെടുത്ത തൈകള്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് രണ്ടടി താഴ്ചയുള്ള കുഴിയെടുത്ത് ജൈവവളങ്ങള്‍ ചേര്‍ത്ത് കൃഷിചെയ്യാം.
കൃത്യമായ പരിചരണമുണ്ടായാല്‍ അറസാ രണ്ടുവര്‍ഷംകൊണ്ട് ഫലം നല്‍കിത്തുടങ്ങും. നാട്ടിലെ ഉഷ്ണമേഖലാ കാലാവസ്ഥ അനുയോജ്യമായതിനാല്‍ വര്‍ഷത്തില്‍ പലതവണ ഇവയില്‍ കായ്കള്‍ ഉണ്ടാകും.

മിറാക്കില്‍ ഫ്രൂട്ട് മരം

കാന്‍സര്‍ രോഗികള്‍ക്ക് ഭക്ഷണത്തോടുള്ള അപ്രിയത മാറ്റാന്‍ പശ്ചിമ ആഫ്രിക്കയില്‍ ജനിച്ച മിറാക്കില്‍ ഫ്രൂട്ട്.കീമോ തെറാപ്പി കഴിഞ്ഞവര്‍ക്ക് ഭക്ഷണം കഴിച്ചാല്‍ രുചിയില്ലാത്ത അവസ്ഥക്ക് പരിഹാരമായി മാറുകയാണ് അപൂര്‍വ പഴം. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ മിറാക്കില്‍ ഫ്രൂട്ട് ചെടി അടുത്ത വട്ടം കായ്ക്കുന്നത് കാത്തിരിക്കുയായാണ് ഇവിടെയുള്ളവര്‍. മിറാക്കില്‍ ഫ്രൂട്ട് എന്ന കൊച്ചു ചെടി പിലിക്കോട്ടെ ഉത്തരമേഖലാ കേന്ദ്രത്തിലെ പൂന്തോട്ടത്തിലെത്തിയിട്ട് മൂന്നു വര്‍ഷം പൂര്‍ത്തിയാവുന്നതേയുള്ളൂ. സ്വീറ്റ് ബെറി എന്ന പേരിലും അറിയപ്പെടുന്ന മിറാക്കില്‍ ഫ്രൂട്ടിന്റെ പ്രത്യേകതയും രുചിയും മനസിലാക്കിയാലെ ഇതിന്റെ മാസ്മരികത അറിയാനൊക്കൂ.

സിന്‍സിപാലം ഡില്‍സിഫിക്ക എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന സപ്പോട്ട വര്‍ഗത്തില്‍പെടുന്ന ഈ പഴം പാകമാവുമ്പോള്‍ ചുവന്ന നിറമാണ്. കോഫീബീന്‍ വലുപ്പമുള്ള പഴം വായിലിട്ട് അലിയിച്ചു കഴിച്ചു കഴിഞ്ഞ ശേഷം ചെറുനാരങ്ങാ ഉള്‍പ്പെടെ എത്ര കടുത്ത പുളിരസമുള്ളതോ, കയ്പുള്ളതോ ആയവ കഴിച്ചാലും അര മണിക്കൂര്‍ നേരത്തേക്ക് വായിലെ മധുരം പോവില്ല. ഇതാണ് മിറാക്കില്‍ ഫ്രൂട്ട് എന്ന പേര് കൈവരാന്‍ കാരണവുമായതെന്നാണ് പറയുന്നത്. മിറാക്കുലിന്‍ എന്ന പ്രോട്ടീന്‍ അടങ്ങിയതിനാലാണ് വായില്‍ രുചിവ്യത്യാസമില്ലാത്തതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. ഇവയുടെ പൂക്കള്‍ വെളുത്ത നിറത്തിലും പഴം കടും ചുവപ്പ് നിറത്തിലുമാണ്. ചെടികള്‍ക്ക് മൂന്ന് മുതല്‍ നാലു മീറ്റര്‍ ഉയരമേ ഉണ്ടാവൂ. കീമോ കഴിഞ്ഞവര്‍ക്ക് മാത്രമല്ല ഡയബറ്റിസ് രോഗികള്‍ക്കും ഇതിലുള്ള പ്രോട്ടീന്‍ ഗുണം ചെയ്യുമെന്നു കൂടി കണ്ടെത്തിയിട്ടുണ്ട്. ഒരു പഴത്തില്‍ സാധാരണ ഒരു വിത്ത് മാത്രമേ ഉണ്ടാവാറുള്ളുവെന്നും കമ്പ്‌നട്ടും വിത്ത് വഴിയും വളര്‍ത്തിയെടുക്കാമെന്നും പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഫാം ഓഫീസര്‍ എം.രേഖ പറഞ്ഞു.

പഴങ്ങളിലെ പുതിയ അതിഥിയായ റൊളീനിയ

 

 

 

 

 

 

 

 

 

 

നമ്മുടെ നാട്ടിലെസീതപ്പഴത്തിന്‍റെ ബ്രസീലിയന്‍ ബന്ധുവാണ് റൊളീനിയ മധുരമേറിയ വലിയ കായ്കളുംപുറത്തെ ശല്‍ക്കങ്ങള്‍പോലെയുള്ള തൊലിയും ഇതിനെ വ്യത്യസ്തമാക്കുന്നു.സീതപ്പഴച്ചെടിയേക്കാള്‍ ഉയരത്തില്‍ ധാരാളം ശാഖകളോടെ വളരുന്ന റൊളീനിയ മൂന്നുവര്‍ഷത്തിനുള്ളില്‍ പുഷ്പിച്ച് കായ്കള്‍ ഉണ്ടായിത്തുടങ്ങും.വര്‍ഷത്തില്‍ പലതവണ ഫലം തരുന്ന പതിവും ഇവയ്ക്കുണ്ട്.റൊളീനിയ പഴങ്ങളില്‍നിന്ന് ശേഖരിക്കുന്ന വിത്തുകള്‍ കിളിര്‍പ്പിച്ചെടുക്കുന്ന തൈകള്‍ നട്ടുവളര്‍ത്താം. വെള്ളക്കെട്ടില്ലാത്തസൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് കൃഷിക്ക് അനുയോജ്യം. ആവശ്യത്തിനുള്ളഉയരത്തില്‍ മുകള്‍ഭാഗം മുറിച്ച് റൊളീനിയ മരം പരമാവധി ശിഖരങ്ങള്‍ വളര്‍ത്താന്‍ശ്രദ്ധിക്കുക. ഇങ്ങനെ വളര്‍ത്തിയാല്‍ പഴങ്ങള്‍ നിലത്തുനിന്നുതന്നെശേഖരിക്കാം. കേരളത്തിലെ പഴത്തോട്ടങ്ങളിലും റൊളീനിയ ഫലമണിഞ്ഞുതുടങ്ങി.

സുഗന്ധം പരത്തും കെപ്പല്‍

ഒട്ടേറെ ഫലസസ്യങ്ങളുടെ നാടായ ഇന്‍ഡൊനീഷ്യയില്‍ അപൂര്‍വമായിക്കാണുന്ന പഴവര്‍ഗസസ്യമാണ് കെപ്പല്‍. ഇവയുടെ പഴങ്ങള്‍ കഴിച്ചശേഷം മനുഷ്യശരീരത്തുനിന്നും ഉണ്ടാകുന്ന വിയര്‍പ്പിനും മറ്റും സുഗന്ധദ്രവ്യങ്ങളുടെ മണം അനുഭവപ്പെടുമെന്നതിനാല്‍ പെര്‍ഫ്യൂം ഫ്രൂട്ട് എന്നും കെപ്പല്‍ പഴം അറിയപ്പെടുന്നു. 25 മീറ്റേറോളം ഉയരെ മുകള്‍ഭാഗത്ത് ശിഖരങ്ങളായികാണപ്പെടുന്ന നിത്യഹരിത സസ്യമാണ് കെപ്പല്‍. തായ്ത്തടിയിലും വലിയ ശാഖകളിലും ഗോളാകൃതിയുള്ള കായ്കള്‍ കൂട്ടത്തോടെ വിരിയുന്നു. പുറംതൊലി മഞ്ഞനിറമാകുന്നതോടെ പഴങ്ങള്‍ ശേഖരിച്ച് നേരിട്ടു കഴിക്കാം. മാമ്പഴങ്ങള്‍ക്ക് സമാനമായ രുചിയാണിതിന്. വൃക്കസംബന്ധമായ രോഗങ്ങള്‍ക്ക് ഇത് പ്രതിവിധിയായി കരുതുന്നു. കെപ്പല്‍പ്പഴങ്ങളില്‍നിന്ന് എടുക്കുന്ന ചെറു വിത്തുകളാണ് നടീല്‍വസ്തു. ഇവ മരമായി വളര്‍ന്നു ഫലംതരാന്‍ എട്ടുവര്‍ഷമെങ്കിലും എടുക്കും. ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിലെ പഴവര്‍ഗ സ്‌നേഹികളായ കര്‍ഷകര്‍ കെപ്പല്‍ ഇപ്പോള്‍ തോട്ടത്തില്‍ വളര്‍ത്തുന്നു. കേരളത്തിലും ഇപ്പോള്‍ ഇവ വളര്‍ന്നു തുടങ്ങിയിട്ടുണ്ട്.

അമേരിക്കന്‍ പഴം ഐസ്‌ക്രീം ബീന്‍

സൗത്ത് അമേരിക്കയിലെ നദീതടങ്ങളില്‍ വളരുന്ന ഒരു സസ്യമാണ് ഐസ്‌ക്രീം ബീന്‍. അറുപതടിയോളം ഉയരത്തില്‍ ശാഖകളോടെയാണ് വളര്‍ച്ച. താഴേയ്‌ക്കൊതുങ്ങിയ കൊമ്പുകളില്‍ ഉണ്ടാകുന്ന കായ്കള്‍ വാളന്‍ പുളിപോലെ ശാഖകളില്‍ കാണാം. പഴുത്ത കായ്കള്‍ക്കുള്ളില്‍ വെള്ള നിറത്തിലുള്ള പള്‍പ്പ് ഉണ്ടാകും. ഭക്ഷ്യയോഗ്യമായ ഇവയ്ക്ക് ഐസ്‌ക്രീമിന്റെ രുചിയാണ്. സെന്‍ട്രല്‍, സൗത്ത് അമേരിക്കയില്‍ കൊക്കോ, കാപ്പിത്തോട്ടങ്ങള്‍ക്കരികില്‍ വേലി പോലെ ഐസ്‌ക്രീം ബീന്‍ വളര്‍ത്തുത് കാണാം. ഐസ്‌ക്രീം ബീനിന്റെ ചെറിയ കായ്കളുണ്ടാകുന്ന പാസെ ഇനവും കണ്ടുവരുന്നു.

കേരളത്തിലെ കാലാവസ്ഥയിലും വളരാനും കായ്ഫലം തരാനും കഴിയുന്ന ഇവയുടെ വിത്തുകള്‍ നടീല്‍ വസ്തുവായി ഉപയോഗിക്കാം. ചെറുകൂടകളില്‍ മണ്ണും ചകിരിച്ചോറും ചേര്‍ത്ത് നിറച്ച് വിത്തുകള്‍ പാകി മുളപ്പിച്ചെടുക്കാം. ഇല സാമീപ്യമുള്ള സൂര്യ പ്രപകാശം ലഭിക്കുന്ന മണ്ണാണ് കൃഷിക്ക് യോജ്യം. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇവ കായ്ഫലം തന്നു തുടങ്ങും.

ഓസ്‌ട്രേലിയന്‍ സ്വദേശിയായ ലില്ലി പില്ലി

പൂക്കളുടെ മനോഹാരിതകൊണ്ട് പ്രശസ്തമാണ് ലില്ലിച്ചെടികളെങ്കില്‍ പകിട്ടാര്‍ന്ന പഴങ്ങളുടെ രാജ്ഞിയാണ് ലില്ലിപില്ലി സസ്യം. ഓസ്‌ട്രേലിയന്‍ സ്വദേശിയായ ഇത് തണുപ്പുള്ള കാലാവസ്ഥ കൂടുതല്‍ ഇഷ്ടപ്പെടുന്നു. 20 അടി ഉയരമുള്ള ചെറു സസ്യമായാണ് ലില്ലിപില്ലി കാണപ്പെടുന്നത്. അപൂര്‍വമായി 40 അടിവരെ വളരാറുണ്ട്. ചെറുശിശിഖിരങ്ങള്‍, ഇലകള്‍ എന്നിവയുള്ള ലില്ലിപില്ലിക്ക് പൂക്കളുണ്ടാകുന്നത് ശൈത്യകാലത്താണ്. വേനലില്‍ ഇളംറോസ് നിറത്തിലുള്ള പഴങ്ങള്‍ നിറയെ അണിയിച്ച് പ്രകൃതി ഇതിനെ മനോഹരിയാക്കുന്നു. ജലാംശമുള്ള നേരിയ മധുരമുള്ള പഴങ്ങള്‍ നേരിട്ടു കഴിക്കാം. ധാരാളം പക്ഷികള്‍ ഇക്കാലത്ത് പഴങ്ങള്‍ കഴിക്കാനെത്തുന്നു. പഴങ്ങളില്‍നിന്ന് ശേഖരിക്കുന്ന വിത്തുകള്‍ പെട്ടെന്നുതന്നെ മണ്ണില്‍ വിതച്ച് കിളിര്‍പ്പിച്ച് എടുക്കണം. കാരണം വിത്തുകളുടെ മുളയ്ക്കാനുള്ള ശേഷി പെട്ടെന്ന് നശിച്ചുപോകും.തൈകള്‍ നീര്‍വാര്‍ച്ചയുള്ള വെയില്‍ കുറഞ്ഞ സ്ഥലത്ത് നടണം. ജലസേചനം ആവശ്യമാണ്. ജൈവങ്ങള്‍ ചേര്‍ക്കണം. വിദേശ പഴവര്‍ഗങ്ങളില്‍ തത്പരരായ കര്‍ഷകര്‍ കേരളത്തിലെ തോട്ടങ്ങളില്‍ ഇത് എത്തിച്ച് നട്ടുവളര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്.

എലിഫന്‍റ് ആപ്പിള്‍ എന്ന തണല്‍ മരം

തോട്ടങ്ങളില്‍ അലങ്കാരവൃക്ഷമായി വളര്‍ത്താന്‍ യോജിച്ച സസ്യമാണ് 'എലിഫന്റ് ആപ്പിള്‍'. അന്‍പതടിയോളം ഉയരത്തില്‍ ചുവട്ടില്‍ നിന്നുതന്നെ ശാഖകളുടെ കൂട്ടമായി ഇത് വളരാറുണ്ട്. എല്ലാത്തരം മണ്ണിലും കാലാവസ്ഥയിലുമൊക്കെ അതിജീവിച്ചുവളരുന്ന പ്രകൃതം. കാര്യമായ പരിചരണം ആവശ്യമില്ലാതെ ഇവ വളര്‍ന്ന് കായ്ഫലം തരും.വലിയ പന്തുകള്‍ പോലെയുള്ള കായ്കള്‍ മരം നിറയെ തൂങ്ങിക്കിടക്കും. എലിഫന്റ് ആപ്പിളിന്റെ കായ്കള്‍ ഭക്ഷ്യയോഗ്യമല്ലെങ്കിലും ചില രാജ്യങ്ങളില്‍ ഉപയോഗിക്കാറുണ്ട്. പുല്‍തകിടികളും പാര്‍ക്കുകളും നിര്‍മിക്കുമ്പോള്‍ തണലിനായും ഭംഗിക്കുവേണ്ടിയും എലിഫന്റ് ആപ്പിള്‍ നട്ടുവളര്‍ത്താം.

ചേലുള്ള മൂട്ടിപ്പഴം

കേരളത്തിലെ വനമേഖലകളില്‍ കാണപ്പെടുന്ന അപൂര്‍വസസ്യമാണ് മൂട്ടിപ്പഴം. പൂക്കളുടെ മനോഹാരിതയും കായ്കളുടെ ഭംഗിയുംകൊണ്ട് മൂട്ടിമരം എല്ലാപേരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നു. നിത്യഹരിതമായ ഇലപ്പടര്‍പ്പോടെ വളരുന്ന ചെറുവൃക്ഷമാണ് മൂട്ടി. സസ്യനാമം ബക്കോറിയ കോര്‍ട്ടലിന്‍സിസ്. ജനവരി മാസത്തോടെ പ്രകൃതിയണിയിച്ച പട്ടുപോലെ മൂട്ടിമരത്തിന്‍റെ തായ്ത്തടി നിറയെ ഇളം ചുവപ്പു പൂക്കള്‍ വിരിയും തുടര്‍ന്ന് ചെറുകുലകളായി കായ്കളുടെ കൂട്ടം മൂട്ടിമരം നിറയെ കാണാം. ഇവ പഴുക്കുമ്പോള്‍ മങ്ങിയ ചുവപ്പുനിറമാകും. പഴങ്ങള്‍ക്കുള്ളിലെ പള്‍പ്പ് ഭക്ഷിക്കാം. മധുരവും പുളിയും കലര്‍ന്നതാണ് രുചി. പഴങ്ങള്‍ക്കുള്ളിലെ ചെറുവിത്തുകളാണ് നടീല്‍വസ്തു. ഇവ മണലില്‍ പാകിക്കിളിര്‍പ്പിച്ച് തൈകള്‍ നടാം. വെള്ളക്കെട്ടില്ലാത്ത ഏതുമണ്ണിലും മൂട്ടിമരം വളര്‍ത്താം. നല്ലൊരു തണല്‍വൃക്ഷം കൂടിയാണിത്.

മധുരമൂറും മരാങ്ങ്

നമ്മുടെ നാട്ടിലെ ആഞ്ഞിലിയുടെയും കടപ്‌ളാവിന്‍റെയും അടുത്തബന്ധുവായ മരാങ്ങ് ഉഷ്ണമേഖലാ രാജ്യങ്ങളായ ഇന്‍ഡൊനീഷ്യയിലും മലേഷ്യയിലുമെല്ലാം കാണപ്പെടുന്നു. ഇരുപത്തിയഞ്ച് മീറ്ററോളം ഉയരത്തില്‍ ശാഖകളോടെ മരാങ്ങ് വളരും. കടപ്‌ളാവിന് സമാനമായ വലിയ ഇലകളാണ് ഇതിനുള്ളത്. ആഞ്ഞിലിച്ചക്കകള്‍ പോലെയുള്ള കായ്കള്‍ ഉണ്ടാകുന്നത് ശാഖാഗ്രങ്ങളിലാണ്. പുറത്ത് ചെറിയ മുള്ളുകള്‍ ഉള്ള ഇവ പഴുക്കുമ്പോള്‍ മഞ്ഞനിറമായിത്തീരും. മരാങ്ങ് പഴത്തിനുള്ളിലെ മാധുര്യമേറിയ ചുളകള്‍ക്ക് വെള്ളനിറമാണ്. ഇവ നേരിട്ടുകഴിക്കാം. ഇവയുടെ ചെറുവിത്തുകള്‍ വറുത്ത് ഭക്ഷിക്കുകയുമാകാം. മരാങ്ങ് വിത്തുകള്‍ മുളപ്പിച്ചെടുത്ത തൈകള്‍ കൃഷിചെയ്യാനും ഉപയോഗിക്കാം. കടപ്‌ളാവ് വളരുന്ന എല്ലാ സ്ഥലങ്ങളിലും ഇവ വളരും. കേരളത്തിലെ പഴത്തോട്ടങ്ങളില്‍ ഇപ്പോള്‍ മരാങ്ങും സ്ഥാനംപിടിച്ചുതുടങ്ങിയിട്ടുണ്ട്.

അരിയാപൊരിയൻ മരം

5 മീറ്റർ വരെ പൊക്കം വയ്ക്കുന്ന ഒരു ചെറിയ മരമാണ് അരിയാപൊരിയൻ. (ശാസ്ത്രീയനാമം: Antidesma bunius). ചെറുതാളി, നൂലിത്താളി, നീലത്താളി, മയിൽക്കൊമ്പി എന്നെല്ലാം പേരുകളുണ്ട്. 900 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. പലവിധ ഔഷധഗുണവുള്ള ഈ ചെടി രക്തസമ്മർദ്ദത്തിന് ഉപയോഗിക്കുന്നുണ്ട്

വെസ്റ്റ്ഇന്ത്യൻ ചെറിപ്പഴം

വീട്ടുവളപ്പിൽ ഫലവർഗ്ഗസസ്യമായും അലങ്കാരച്ചെടിയായും നട്ടു വളർത്താവുന്ന ചെറുസസ്യമാണ് വെസ്റ്റ്ഇന്ത്യൻ ചെറി (Malpighia emarginata). പടർന്നു പന്തലിച്ച് ശാഖകളോടെ വളരുന്ന ഇവയുടെ ഇലകൾ ചെറുതാണ്. നിറയെ ചെറിയ ചെറിയ കായ്കൾ ഉണ്ടാകുന്ന സ്വഭാവം. പഴങ്ങൾക്ക് ചുവപ്പുനിറവും ആപ്പിളിന്റെ രൂപവുമാണ്. ഇവ നേരിട്ട് കഴിക്കാം. അച്ചാർ, വൈൻ എന്നിവയുണ്ടാക്കാനും ഉത്തമമാണ് ഇത്. മറ്റുചെറിപ്പഴങ്ങൾ സംസ്‌ക്കരിച്ച് ഉപയോഗിക്കുമ്പോൾ വെസ്റ്റ്ഇന്ത്യൻ ചെറി നേരിട്ടു കഴിക്കാമെന്ന പ്രത്യേകതയുമുണ്ട്. ഇരുമ്പ് ഉൾപ്പെടെ ധാരാളം പോഷകങ്ങളുടെ കലവറയാണിത്. ചെറുശാഖകളിൽനിന്ന് പതിവെച്ച് വേരുപിടിപ്പിച്ച തൈകൾ നട്ടുവളർത്താൻ ഉപയോഗിക്കാം. ജൈവ വളങ്ങൾ ചേർക്കുന്നതും ജലസേചനം നൽകുന്നതും സമൃദ്ധമായി ഫലങ്ങളുണ്ടാകാൻ സഹായിക്കും

താരമായി പർപ്പിൾ പാഷൻഫ്രൂട്ട്

 

സ്വർണനിറത്തിലെ ഗോൾഡൻ പാഷൻഫ്രൂട്ടിനെ വെല്ലാൻ പർപ്പിൾ വർണത്തിലെ മനോഹരമായ പാഷൻ ഫ്രൂട്ട്. . പർപ്പിൾ പാഷൻ ഫ്രൂട്ടിന്‍റെ ഗുണവും മധുരവും ഈ അതിഥിയെ കേരളീയർക്കു പ്രീയപ്പെട്ടതാക്കുന്നു. ഔഷധസമ്പൂർണമായ ഫലം, ദഹശമിനി എന്നീ നിലകളിൽ മുന്നിലാണ് ഗോൾ ഡൻ പാഷൻ ഫ്രൂട്ടും. എന്നാൽ ഈ സ്വർണക്കനിയെയും ഏറെ പിന്നിലാക്കുന്നതാണ് പർപ്പിൾ പാഷൻ ഫ്രൂട്ട് എന്ന് കൃഷി വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതിൽ മധുരം കൂടുതലുണ്ട്. വിത്തുകളും താരതമ്യേന ഏറെയാണ്. ബീറ്റകരോട്ടിൻ, പൊട്ടാസ്യം, ഫൈബർ, വിറ്റാമിൻ സി, കാൽസ്യം, മഗ്നീഷ്യം എന്നിവയും കൂടുതലുണ്ട്.

ഹൃദയാഘാതം, രക്‌തസമ്മർദ്ദം, ജന്നി, തളർവാതം, പ്രമേഹം, സന്ധിവേദന എന്നീ രോഗങ്ങളെ ചെറുക്കുവാൻ കഴിവുള്ളതാണ് പർപ്പിൾ പാഷൻ ഫ്രൂട്ട്. ആസ്തമ ലക്ഷണങ്ങൾ നിയന്ത്രിക്കുവാനും, നല്ല ഉറക്കത്തിനും പർപ്പിൾ പഴങ്ങൾ സഹായകമാണ്. പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന ഫിനോലിക് ആസിഡും ഫ്ളവനോയിഡും ഹൃദയത്തെ സംരക്ഷിക്കും. പർപ്പിൾ പാഷൻ ഫ്രൂട്ടിലെ പ്ലാന്‍റ് സ്റ്റെറോൾസ് ചീത്ത കൊളസ്ട്രോൾ കുറയ്ച്ച് ഹൃദയാഘാത്തെ തടയും.

പ്രമേഹത്തിനു പാഷൻ ഫ്രൂട്ട് ഇലകൾ അത്യുത്തമം. പത്തു ഗ്ലാസ് വെള്ളത്തിൽ രണ്ടിലയിട്ട് തിളപ്പിച്ചു കുടിച്ചാൽ പ്രമേഹം നിയന്ത്രിക്കാൻ കഴിയും. രാവിലെ തയാറാക്കുന്ന വെള്ളം രാത്രി ഉറങ്ങും മുമ്പ് കുടിച്ചു തീർക്കാവുന്നതാണ്. ക്ഷീണവും തളർച്ചയും മാറ്റുവാനും ഉണർവുണ്ടാക്കാനും ഇലയിട്ടു തിളപ്പിച്ച വെള്ളം ഉത്തമമാണ്. പഴത്തിന്‍റെ തോട് ആസ്തമയ്ക്കും മുട്ടുവേദനയ്ക്കും നല്ലതാണ്. തോട് ഉണക്കി പൊടിച്ച് പാലിൽ ചേർത്ത് ഉപയോഗിക്കാം. 

ബ്രസീലാണ് പാഷൻ ഫ്രൂട്ടിന്‍റെ ജന്മനാട്. ‘പാസിഫ്ളോറ എടുളിസ്’ എന്നു ശാസ്ത്രനാമം. ചൂടുകാലാവസ്‌ഥയാണ് ചെടിക്കുയോജിച്ചത്. ആദ്യം പച്ചനിറവും പഴുക്കുമ്പോൾ മഞ്ഞ നിറവുമാണ് ഗോൾഡൻ പാഷൻ ഫ്രൂട്ടിനു ഉള്ളതെങ്കിൽ പർപ്പിൾ ഫ്രൂട്ടിൽ പഴുക്കുമ്പോൾ പർപ്പിൾ നിറംപടരും. വിത്തു കിളിർപ്പിച്ച് ആവശ്യമായ തൈ എടുക്കാവുന്നതാണ്. മണ്ണിൽ വെറുതേ വിത്തു നടുന്നതിനേക്കാൾ നല്ലത് വെയിലിലും മഞ്ഞിലും വച്ച ശേഷം നടുന്നതാണ് . ഒന്നോ രണ്ടോ മാസം പഴകിയ വിത്തുകളാണ് നല്ലത്.(രണ്ടു മാസം കഴിയാൻ പാടില്ല) സാധാരണ വിത്തുകൾ മുളയ്ക്കുന്ന തിനെക്കാൾ സമയമെടുക്കും പാഷൻഫ്രൂട്ട് വിത്തു മുളയ്ക്കാൻ. 10–15 ദിവസം കൊണ്ടേ മുളപൊട്ടൂ.കഴമ്പ് ഉൾപ്പെടെയുള്ള വിത്ത് പരന്ന പാത്രത്തിൽ വച്ച് ഇളം വെയിലത്ത് രണ്ടോ മൂന്നോ ദിവസം ഉണക്കിയശേഷം ഒരു ദിവസം മഞ്ഞത്ത് വയ്ക്കുന്നു. അതിനുശേഷം ഒരു ദിവസം കൂടി ഇളം വെയിലിൽ ഉണക്കിയശേഷമാണ് നടീലിനു തയാറാക്കുന്നുത്. ഇത്തരം വിത്തിൽ നിന്നും മുളയ്ക്കുന്ന തൈ കുറച്ചു കൂടി കരുത്തുള്ളതായിരിക്കും. മുറ്റത്തും തൊടിയിലും പന്തലിട്ട് പടർത്തുകയോ ടെറസിലേക്കു പടർത്തുകയോ ചെയ്യാം. ടെറസിലെ പാഷൻ ഫ്രൂട്ട് പന്തൽ ഒന്നാന്തരം ഒരു കുളിർപന്തൽ കൂടിയാണ്. 
വെള്ളയും വയലറ്റും നിറം കലർന്ന അതിമനോഹരമായ പുഷ്പങ്ങളാണ് പാഷൻ ഫ്രൂട്ടിനുള്ളത്. ഗോൾഡനും പർപ്പിളും ഒരു പോലെയുള്ള പൂവാണ്. പരഗ്വയിലെ ദേശീയ പുഷ്പമാണ് ഈ പൂവ്. നല്ല പഴുത്ത പഴം രണ്ടായി മുറിച്ച് ഉള്ളിലെ മിശ്രിതം എടുത്ത് രുചിയേറിയ ജ്യൂസ് തയാറാക്കാവുന്നതാണ്. തണുത്ത വെള്ളവും പഞ്ചസാരയും ചേർ ത്തിളക്കി പാഷൻഫ്രൂട്ട് പാനീയം തയാറാക്കാം. വെള്ളവും പഞ്ചാസാരയും ചേർത്ത് മിക്സിയിൽ ഒന്നിച്ചടിക്കാം. രുചിയേറിയ ജ്യൂസ് തയാറാക്കാം. കുരുമാറ്റാൻ അരിപ്പയിൽ അരിച്ചെടുക്കാം. പാഷൻ ഫ്രൂട്ടു കൊണ്ട് സ്ക്വാഷും തയാറാക്കാം.

കടപ്പാട് : www.infomagic.com

3.06172839506
Jolly Jun 18, 2020 05:17 PM

Very informative

Shebin Feb 10, 2020 08:13 AM

തൈകൾ എവിടെ കിട്ടും

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top