Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പാഷന്‍ഫ്രൂട്ടിനോട് പാഷനാകാം

കൂടുതല്‍ വിവരങ്ങള്‍

പാഷന്‍ഫ്രൂട്ട്

പാഷൻഫ്രൂട്ട് എന്ന ബ്രസീലിയൻ പഴം ഇന്ന് നമ്മുടെ പഴക്കൂടകളിലെ റാണിക്കൊപ്പമെത്തിയിരിക്കുന്നു. ഉയർന്ന പോഷകമൂല്യം, മനം കവരുന്ന മണം, കുറഞ്ഞ പരിപാലനച്ചെലവ്, പ്രായഭേദമെന്യേ ചെയ്യാവുന്ന കൃഷിപ്പണികൾ, വിപണിയിലെ സ്വീകാര്യത ഇവയൊക്കെയാണ് പാഷൻഫ്രൂട്ടിനെ പ്രിയതരമാക്കുന്നത്. ഇന്ത്യയിൽ പശ്ചിമഘട്ടനിരകളിൽ ഈ പഴവള്ളിച്ചെടി സാധാരണയാണ്. മിസോറാം, നാഗാലാൻഡ്, മണിപ്പുർ, ഹിമാചൽപ്രദേശ്, കൂർഗ്, നീലഗിരി തുടങ്ങി നമ്മുടെ വയനാടൻ മലനിരകളിൽ വരെ പാഷൻഫ്രൂട്ടിനെ കാണാനാകും. പാഷൻഫ്രൂട്ട് സത്ത് സോഡിയം, മഗ്നീഷ്യം, സൾഫർ, ക്ലോറൈഡ് തുടങ്ങിയവയുടെ അമൂല്യ കലവറയാണ്. ഇത് ഈ പഴവള്ളിച്ചെടിയുടെ സ്വീകാര്യത ഊട്ടിയുറപ്പിക്കുന്നു.

പാഷൻഫ്രൂട്ട് - നമ്മുടെ വിള

കേരളം സ്വതവേ പാഷൻഫ്രൂട്ട് കൃഷിക്ക് അനുയോജ്യമാണ്. ഫലഭൂയിഷ്ടവും ആവശ്യത്തിന് ഈർപ്പവും നീർവാഴ്ചയുമുള്ള ഏതു മണ്ണും ഈ പഴച്ചെടി ഇഷ്ടപ്പെടും. മഞ്ഞ, പർപ്പിൾ എന്നീ നിറങ്ങളിലുള്ളതും ഇവയുടെ സങ്കരയിനമായ കാവേരിയുമാണ് കൃഷി ചെയ്യുന്നതിന് സാധാരണയായി ഉപയോഗിക്കാറ്.

താരതമ്യേന ഉയരം കൂടിയ പ്രദേശങ്ങളിൽ കൃഷിചെയ്യുന്നതിന് പർപ്പിൾ ഇനമാണ് യോജിച്ചത്. വലിപ്പത്തിൽ പിന്നിലെങ്കിലും മണത്തിലും ഗുണത്തിലും മുന്നിലാണ് പർപ്പിൾ പഴങ്ങൾ. ഇവയുടെ വിത്തുകൾക്ക് കറുപ്പാണ് നിറം. ഈയിനത്തിന് രോഗ-കീടബാധകൾ മറ്റിനങ്ങളെ അപേക്ഷിച്ച് ഇത്തിരി കൂടുതലാണെന്ന് പറയപ്പെടുന്നു. താഴ്ന്ന പ്രദേശത്തേക്ക് യോജിച്ചത് മഞ്ഞനിറമുള്ള ഇനമാണ്. പുളിരസം കുറച്ചു കൂടുതലുണ്ടിവയ്ക്ക്. വിത്തുകൾക്ക് ബ്രൌൺ നിറമാണ്. മൂപ്പെത്തിയ കായൊന്നിന് ശരാശരി 60 ഗ്രാം തൂക്കമുണ്ടാകും. രോഗ - കീടബാധ താരതമ്യേന കുറവാണ്.

“കാവേരിയാണ് താരം''

കർണാടകയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച് സ്റ്റേഷൻ വികസിപ്പിച്ചെടുത്ത ഈ സങ്കരയിനത്തിന് മികച്ച വാണിജ്യ - കൃഷിസാധ്യതകളാണുള്ളത്. പർപ്പിൾ ഇനത്തിന്റെ നിറവും മണവും ഗുണവുമുള്ളപ്പോൾ മഞ്ഞ ഇനത്തിന്റെ രോഗ പ്രതിരോധ ശേഷിയും വലുപ്പവും ഒത്തുചേർന്നിട്ടുണ്ട് കാവേരിയിൽ. കായൊന്നിന് 110 ഗ്രാം വരെ തൂക്കമുണ്ടാകും. മേൽത്തരം മൂത്തു പഴുത്ത പഴത്തിന്റെ വിത്തിൽ നിന്നുള്ള തൈകൾ, ആരോഗ്യമുള്ള വള്ളികൾ, ഗ്രാഫ്റ്റ് ചെയ്തെടുത്ത തൈകൾ എന്നിവയെല്ലാം നടീൽ വസ്തുക്കളാക്കാം. വിത്തു മുളച്ചുണ്ടാകുന്ന ചെടികളും അവയിൽ ഗ്രാഫ്റ്റ് ചെയ്തെടുത്ത ചെടികളും മികച്ച വളർച്ചാ നിരക്കും ഉത്പാദനക്ഷമതയും കാണിക്കാറുണ്ട്.

മേൽത്തരം ചെടിയുടെ മൂത്തു പഴുത്ത പഴത്തിൽ നിന്നുള്ള വിത്തുകൾ ശേഖരിച്ച് മേൽമണ്ണ്, മണൽ, കമ്പോസ്റ്റ് അല്ലെങ്കിൽ ഉണങ്ങിയ ചാണകപ്പൊടി എന്നിവ 2:1:1 എന്ന അനുപാതത്തിൽ തയാറാക്കിയ തവാരണയിൽ നട്ടു മുളപ്പിക്കാം. നാലില പരുവത്തിൽ ഇവയെ ചെറിയ പോളിബാഗുകളിലേക്കു മാറ്റി നടാം. മൂന്നു മാസം കഴിയുമ്പോൾ ഈ ചെടികൾ പ്രധാന കൃഷിയിടത്തിലേക്കു നടുന്നതിനു തയാറാകും. വള്ളികൾ നടീൽ വസ്തുക്കളായി സ്വീകരിക്കുമ്പോൾ ഇടത്തരം മൂപ്പുള്ള വള്ളികളെ 30 -35 സെന്റീ മീറ്റർ നീളത്തിൽ മുറിച്ച് 3-4 മുട്ടോടുകൂടി നടുന്നതിനായി ഉപയോഗിക്കാം. ഒരു ഹെക്ടറിൽ 1600 ചെടികൾ വരെ നടാവുന്നതാണ്, 45*45*45 സെന്റീമീറ്റർ വലിപ്പമുള്ള കുഴികളെടുത്ത് മേൽമണ്ണ്, ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവയുടെ മിശ്രിതം നിറച്ചു വേണം ചെടി നടേണ്ടത്. 3x2 മീറ്റർ എന്ന അകലം ചെടികൾ തമ്മിൽ പാലിക്കുന്നതാണ് ഉചിതം. മേയ് - ജൂൺ മാസത്തിൽ കാലവർഷത്തിന് ചുവടുപിടിച്ച് ചെടികൾ നടുന്നതാണ് നന്ന്.

പന്തലിലാണ് കാര്യം

അനുകൂല പരിതസ്ഥിതിയിൽ നല്ല കായിക വളർച്ച കാണിക്കുന്ന പാഷൻഫ്രൂട്ട് ചെടിക്ക് ഉറപ്പുള്ള പന്തൽ ഉണ്ടാകേണ്ടതുണ്ട്. സൂര്യപ്രകാശം കൂടുതലുള്ള ഭാഗത്തേക്ക് വളരുന്നതിന് ചെടികൾ താത്പര്യം പ്രകടിപ്പിക്കുമെന്നതിനാൽ അത് പരിഗണിച്ച് നടീലും പന്തലും ക്രമീകരിക്കുന്നത് നന്നാവും. പ്രധാന പന്തലിന്റെ വശങ്ങളിൽ മുകളിലേക്ക് ഉറപ്പുള്ള വല വലിച്ചു കെട്ടിയാൽ ഇതിലേക്ക് വള്ളികൾ ആർത്തുകയറുകയും നല്ല കായ്ഫലം നൽകുകയും ചെയ്യും.

കാലിവളവും മണ്ണിരക്കമ്പോസ്റ്റും പിണ്ണാക്കുകളും വളമായി നൽകുകയാണ് പതിവു രീതി. മേമ്പൊടിക്ക് അൽപ്പം രാസവളം നൽകുന്നത് മികച്ച ഫലം നൽകും. ജൈവവളക്കൂട്ട് മിശ്രിതം എല്ലാ വർഷവും 15-20 കിലോ പലതവണകളായി നൽകുന്നതാണ് നല്ലത്. വേപ്പിൻപിണ്ണാക്ക് കുറഞ്ഞ അളവിൽ ചുവട്ടിൽ നൽകുന്നത് നിമാ വിരകളെ അകറ്റുന്നതിന് പര്യാപ്തമാക്കും.

ഔസേപ്പച്ചനും പാഷനായി

കോട്ടയം ജില്ലയിലെ മികച്ച ജൈവ കർഷകനായ മുണ്ടക്കയം പറത്താനം മടിക്കാങ്കൽ എം.എം.ജോസഫ് എന്ന എഴുപത്തിമൂന്നുകാരനായ ഔസേപ്പച്ചനും സകുടുംബം പാഷൻ ഫ്രൂട്ടിനെ സ്വീകരിച്ചുകഴിഞ്ഞു.

പ്രായമായവർക്ക് ചെയ്യാവുന്ന കൃഷിപ്പണികൾ മാത്രമാണ് പാഷൻഫ്രൂട്ട് കൃഷിയിലുള്ളതെന്ന് ഔസേപ്പച്ചൻ പറയും. പന്തൽ ഒരുക്കാൻ മാത്രമേ മകൻ വിനോദിന്റെയും കൊച്ചുമക്കളുടെയും സഹായം വേണ്ടിവന്നുള്ളു. ബാക്കി പണികളും വിളവെടുപ്പും വിപണനവുമെല്ലാം ഭാര്യ ചിന്നമ്മയെയും കൂട്ടി ചെയ്യാനാണ് ഔസേപ്പച്ചനിഷ്ടം.

തേനീച്ചയ്ക്ക് ഇടവിള

പൂക്കളുടെ എണ്ണത്തില്‍ രാജ്ഞിമാരാണ് പാഷൻഫ്രൂട്ട് ചെടികൾ. പൂക്കളാകട്ടെ തേനും പൂമ്പൊടിയും കൊണ്ട് സമൃദ്ധവും. ഇതാണ് തേനീച്ചയെ ഈ ചെടിയുടെ ഇഷ്ടക്കാരനാക്കുന്നത്. പരാഗണം ത്വരിതപ്പെടുത്തി മികച്ച വിളവും ഒപ്പം മേൽത്തരം തേനും പൂമ്പൊടിയും ഉറപ്പാക്കുന്നതിന് പാഷൻഫ്രൂട്ടിനൊപ്പം തേനീച്ച വളർത്തുന്നതിലൂടെ കഴിയും. ഔസേപ്പച്ചൻ തന്റെ കൃഷിയിടത്തിൽ ചെറുതേനീച്ചയുടെയും വൻതേനീച്ചയുടെയും നൂറിലധികം കോളനികൾ സ്ഥാപിച്ചു കഴിഞ്ഞു. പാഷൻ ഫ്രൂട്ട് കൃഷി ചെയ്താൽ നല്ല തേനും പഴവും ഉറപ്പെന്ന് ഔസേപ്പച്ചൻ.

വിപണിക്കും പാഷൻ

പാഷൻ ഫ്രൂട്ടിന്റെ മണം, ഗുണം, മൂല്യ വർധിത ഉത്പന്ന നിർമാണത്തിനുള്ള സാധ്യത എന്നിവയൊക്കെ ഈ പഴവർഗവിളയ്ക്ക് വിപണിയിൽ സ്ഥിരവില ഉറപ്പാക്കുന്നു. സൂപ്പർമാർക്കറ്റുകളിൽ കിലോയ്ക്ക് നൂറിനുമേലെയാണ് വില. സാധാരണക്കാരന്റെ നാട്ടുചന്തയിലുമുണ്ട് എൺപതിൽ താഴാത്ത വിലപ്പെരുപ്പം. ഇത് കാർഷികോത്പന്നങ്ങളുടെ വിലയിറക്കത്തിന്റെ ഇക്കാലത്ത് കർഷകന് പ്രതീക്ഷയേകുന്നുവെന്നത് സത്യം!

കടപ്പാട്: എ.ജെ.അലക്സ് റോയ്

അസിസ്റ്റന്റ്റ് കൃഷി ഓഫീസര്‍, കൃഷിഭവന്‍, എലിക്കുളം

കോട്ടയം

3.0
Noushad Jul 26, 2019 05:17 PM

എന്റെ പാഷൻ ഫ്രൂട്ടിൽ ഏതോ പ്രാണി കൊത്തി എല്ലാ കായികളിലും ഇതു തന്നെ അവസ്ഥ എന്താണ് ഇതിന്റെ കാരണം എന്ത് ചെയ്യ്താൽ മാറും

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top