Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പാനീയ ചവര്‍ണ വിളകള്‍

വിവിധ തരത്തിലുള്ള പാനീയ ചവര്‍ണ വിളകള്‍

അടയ്ക്ക


ശാസ്ത്രനാമം:: അരെക്ക കറ്റെച്ചു :

വൈവിധ്യമാര്‍ന്ന മണ്ണ് - കാലാവസ്ഥാ മേഖലകളില്‍ അടയ്ക്ക വളരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 1000 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍ നനയ്ക്കാന്‍ സൗകര്യമുണ്ടെങ്കിലും മഴയെ ആശ്രയിച്ചും ഇത് വളരും. ചെമ്മണ്ണ്, ചുവന്ന ലോം മണ്ണ്, ഏക്കല്‍ മണ്ണ് എന്നീ മണ്ണിനങ്ങള്‍ അടയക്കയ്ക്ക് പഥ്യമാണ്.

ഇനങ്ങള്‍

മംഗള, സുമംഗള, ശ്രീമംഗള, മൊഹിതനഗര്‍

കൃഷിസ്ഥലം

നല്ല താഴ്ചയും നീര്‍വാര്‍ച്ചയുമുള്ള സ്ഥലമാണ് അടയ്ക്ക വളര്‍ത്താന്‍ നന്ന്. യഥേഷ്ടം നനയ്ക്കാന്‍ സൗകര്യമുണ്ടായിരിക്കണം.

മാതൃവൃക്ഷം

നേരത്തെ കായ്ക്കുക, സ്ഥിരമായി കായ് പിടിയ്ക്കുക, ഇടത്തരം ഉയരം എന്നിവയാണ് നല്ല മാതൃവൃക്ഷത്തിന്‍റെ ഗുണങ്ങള്‍.

വിത്തടയ്ക്ക

ഇടയ്ക്കുള്ള കുലകളില്‍ നന്നായി വിളഞ്ഞു പഴുത്ത കുലകളില്‍ നിന്നു വിത്തടയ്ക്ക ശേഖരിക്കണം. പൂര്‍ണ്ണവളര്‍ച്ചയെത്താത്തതും ഭാരക്കുറവുളളതും രൂപവ്യൈതമുള്ളതുമായ കായ്കള്‍ ഒഴിവാക്കണം.

നഴ്സറി

വിളവെടുത്തയുടന്‍ വിത്തടയ്ക്ക തെരെഞ്ഞടുത്ത് നഴ്സറിയില്‍ പാകുക. ഞെട്ടറ്റം മുകളിലാക്കി 5 സെ.മീ ഇടയകലം നല്‍കി വേണം പാകാന്‍. വിത്തടയക്ക മണല്‍ കൊണ്ടു പാകി ദിവസവും നനയക്കുക.

2-3 ഇലകളുള്ള 90 ദിവസത്തെ വളര്‍ച്ചയായ അടയ്ക്കാത്തൈ രണ്ടാം നഴ്സറിയിലേയ്ക്ക് മാറ്റി നടണം. 150 സെ.മീ വീതിയും സൗകര്യപ്രദമായ നീളവുമുള്ള തടങ്ങള്‍ തയ്യാറാക്കിയിരിക്കണം. ഇതില്‍ ഹെക്ടറിന് 5 ടണ്‍ എന്നതോതില്‍ കാലിവളം അടിവളമായി ചേര്‍ക്കുക. 30*30 സെ.മീ അകലത്തില്‍ വേണം തൈകള്‍ നടാന്‍. തൈകള്‍ക്കിടയില്‍ വാഴ നട്ടോ കൃതിമമായോ തണല്‍ നല്‍കാം. തണലിനു വേണ്ടി വളര്‍ത്തുന്പോള്‍ വാഴ 2.7*3.6 മീറ്റര്‍ അകലം നല്‍കി വേണം നടാന്‍. വേനല്‍ക്കാലത്ത് നനയ്ക്കുകയും വര്‍ഷകാലത്ത് നീര്‍വാര്‍ച്ചാ സൗകര്യം ഉണ്ടാക്കുകയും വേണം. കളയെടുപ്പും പുതയിടലും തുടരുക.

തൈകളുടെ തെരെഞ്ഞടുപ്പ്

പ്രധാന കൃഷിസ്ഥത്തേക്ക് 12-18 മാസം വളര്‍ച്ചയായ നല്ല തൈകളെ ഒരു സെലക്ഷന്‍ ഇന്‍ഡക്സിന്‍റെ അടിസ്ഥാനത്തില്‍ വേണം തെരെഞ്ഞടുക്കാന്‍ ഇലകളുടെ എണ്ണത്തെ 40 കൊണ്ട് ഗുണിയ്ക്കുകയും അതില്‍ നിന്ന് തൈയ്യുടെ ഉയരം കുറയ്ക്കുകയുമാണ് ഇതിനു ചെയ്യേണ്ടത്. ഉയരം സെലക്ഷന്‍ ഇന്‍ഡക്സ് മൂല്യമുള്ള തൈകള്‍ വേണം തെരെഞ്ഞടുക്കാന്‍.

ഉദാഹരണം

തൈ ഉയരം = 90 സെ.മീ

ഇലകളുടെ എണ്ണം -= 5

സെലക്ഷന്‍ ഇന്‍ഡക്സ് (5*40) - 90 = 110

നടീല്‍

തോട്ടത്തിന്‍റെ തെക്കു- പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ തൈകള്‍ക്ക് വെയില്‍ തട്ടാതിരിക്കാന്‍ തണല്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കണം.

വടക്കു- തെക്കു ദിശയിലായി 2.7മീ*2.7മീ : അകലത്തില്‍ എടുത്ത കുഴികളില്‍ തൈകള്‍ നടുക.

60*60*60 സെ.മീ വലിപ്പമുള്ള കുഴികളില്‍ വളക്കുറുള്ള മേല്‍മണ്ണ് ചുവട്ടില്‍ നിന്ന് 15 സെ.മീ ഉയരത്തില്‍ വരെ നിറയ്ക്കുക. കുഴിയുടെ മധ്യഭാഗത്തായി തൈ നട്ട് മണ്ണ് ചുറ്റും അമര്‍ത്തുക. നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ മേയ് - ജൂണിലാണ് തൈ നടേണ്ടത്. ചെളിമണ്ണുള്ള സ്ഥലങ്ങളില്‍ ആഗസ്റ്റ് - സെപ്റ്റംബറില്‍ വേണം ഇതു നടാന്‍. ആദ്യത്തെ 4-5 വര്‍ഷക്കാലം അടയ്ക്കാത്തൈകള്‍ക്കിടയ്ക്കുള്ള വരികളില്‍ വാഴ നട്ട് തണല്‍ നല്‍കാം.

വളം

നട്ട് ആദ്യവര്‍ഷം മുതല്‍ തന്നെ ഒരു തൈയ്ക്ക് 12 കി.ഗ്രാം എന്ന തോതില്‍ പച്ചിലയോ കന്പോസ്റ്റോ ചേര്‍ക്കണം. സെപറ്റംബര്‍ - ഒക്റ്റോബറിലാണ് ഇത് ചെയ്യേണ്ടത്.

പ്രായപൂര്‍ത്തിയായ വൃക്ഷങ്ങള്‍ക്ക് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ 100:40:140 ഗ്രാം/ വൃക്ഷം എന്ന തോതില്‍ നല്‍കണം.

ഇതില്‍ 1/3 ഭാഗം നട്ട് ആദ്യവര്‍ഷവും 2/3 ഭാഗം രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും മുതല്‍ മുഴുവന്‍ അളവും നല്‍കാം. നനച്ചു വളര്‍ത്തുന്ന സ്ഥലങ്ങളില്‍ രാസവളങ്ങള്‍ രണ്ടു തുല്യ അളവുകളായി വിഭജിച്ച് ആദ്യ ഗഡു സെപ്റ്റംബര്‍ - ഒക്ടോബറിലും. രണ്ടാം ഗഡു ഫെബ്രുവരിയിലും ചേര്‍ക്കണം. മഴയെ ആശ്രയിച്ചു കൃഷിചെയ്യുന്പോള്‍ രണ്ടാം ഗഡു വളം മാര്‍ച്ച്- ഏപ്രിലില്‍ വേനല്‍ മഴ കിട്ടുന്നതോടെ വേണം നല്‍കാന്‍, സെപ്റ്റംബര്‍ - ഒക്ടോബറില്‍ മരത്തിനു ചുറ്റും 15-20 സെ.മീ താഴ്ചയില്‍ 0.75-1 മീറ്റര്‍ വരെ അകലത്തില്‍ എടുക്കുന്ന തടങ്ങളില്‍ വേണം വളം ചേര്‍ക്കാന്‍. രണ്ടാം ഗഡു വളം കളയെടുപ്പിനു ശേഷം മരത്തിന്‍റെ തടത്തില്‍ ചേര്‍ത്ത് മണ്ണില്‍ രണേ്ടാ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ മരമൊന്നിന് അര കി. ഗ്രാം കുമ്മായം മാര്‍ച്ച് - ഏപ്രിലില്‍ നല്‍കാം.

നനയും നീര്‍വാര്‍ച്ചയും

മണ്ണിന്‍റെ തരമനുസരിച്ച് 3-5 ദിവസം വിട്ടുള്ള ഇടവേളകളില്‍ വേനല്‍ക്ക് നനയ്ക്കണം. വിസ്തൃതമായ അടയ്ക്കാത്തോട്ടങ്ങളുള്ള പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നവംബര്‍- ഡിസംബറില്‍ ഏഴോ, ഏട്ടോ ദിവസത്തിലൊരിക്കലോ, ജനുവരി - ഫെബ്രുവരിയില്‍ ആറുദിവസത്തിലൊരിക്കലോ മാര്‍ച്ച് - ഏപ്രില്‍ മേയില്‍ മൂന്ന് മുതല്‍ അഞ്ചു ദിവസത്തിലൊരിക്കലോ നനയ്ക്കല്‍ തുടരണം.

ഓരോ നനയിലും മരമൊന്നിന് 175 ലിറ്റര്‍ എന്ന തോതില്‍ ജലം നല്‍കണം. ജലദൗര്‍ലഭ്യമുള്ള സ്ഥലങ്ങളില്‍ തുള്ളിനന നടത്തുകയാണ് അഭികാമ്യം. തോട്ടത്തില്‍ പുതയിടുന്നത് മണ്ണിലെ നനവ് നിലനിര്‍ത്താന്‍ നല്ലതാണ്.

വെള്ളക്കെട്ടിന് സാധ്യതയുള്ള അവസരങ്ങളില്‍ 25-30 സെ.മി താഴ്ചയില്‍ ചാലുകളെടുത്ത് നീര്‍വാര്‍ച്ച സൗകര്യം ചെയ്തു കൊടുക്കണം.

കൃഷിപ്പണികള്‍

ഒക്ടോബര്‍-നവംബറില്‍ മഴ മാറുന്നതോടെ തോട്ടത്തില്‍ ചെറുതായി മണ്ണിളക്കല്‍ നടത്തി കളകളില്‍ നിന്ന് വിമുക്തമാക്കുക. ചരിഞ്ഞ സ്ഥലങ്ങളില്‍ വരന്പുകള്‍ തിരിച്ച് മണ്ണൊലിപ്പ് തടയുക. സൈറ്റലോസാന്തസ്, കലപ്പഗോണിയം തുടങ്ങിയ പച്ചിലവള വിത്തുകള്‍ ഏപ്രില്‍-മേയില്‍ വിതച്ച് സെപ്റ്റംബര്‍ - ഒക്ടോബറില്‍ മരങ്ങള്‍ക്കു നല്‍കണം.

ഇടവിള

ചേന, കൈതചക്ക, കുരുമുളക്, വെറ്റില, വാഴ, ഗിനിപ്പുല്ല്, കൊക്കോ, ഇഞ്ചി, ഏലം തുടങ്ങിയ വിളകള്‍ അടയ്ക്കാത്തോട്ടത്തില്‍ ഇടവിളയായി വളര്‍ത്താം. കൊക്കോ ആണ് നടുന്നതെങ്കില്‍ 2.7*5.4 മീറ്റര്‍ ഇടയകലം നല്‍കണം. എന്തായാലും എല്ലാ വിളകളും വെവ്വേറെ നനയക്കുകയും വളം നല്‍കിയും വേണം വളര്‍ത്താന്‍.

സസ്യസംരക്ഷണം

കീടങ്ങള്‍

മണ്ഡരി

ഓറഞ്ച് നിറമുള്ള മണ്ഡരികളെ നിയന്ത്രിക്കുവാന്‍ 0.05% വീര്യമുള്ള ഡൈമെത്തോയേറ്റ് രോഗബാധയുള്ള കുലകളില്‍ തളിക്കണം.

സ്പിന്‍ഡില്‍ ചാഴി (കാര്‍വലോയിയ അരക്കെ)

അടയ്ക്കാ മരത്തിന്‍റെ ഓലകളിലും തണ്ടിലുമൊക്കെ സ്പിന്‍ഡില്‍ ചാഴി ഉപദ്രവം ചെയ്യുന്നു. ചാഴി പറ്റിയ ഇലകള്‍ നിറംമാറ്റം കാണിക്കും. അടയ്ക്കാ മരത്തിന്‍റ മണ്ടയില്‍ കാര്‍ബാറില്‍ 50 പ്രയോഗിക്കുക. ഇലയടുക്കുകളില്‍ മരുന്ന് പതിയണം. കീടശല്യം വീണ്ടും തുടരുന്നുവെങ്കില്‍ 30-35 ഫോറേറ്റ് 2ജി എന്ന കീടനാശിനി 10 ഗ്രാം വീതം കിഴികെട്ടി ഏറ്റവും മുകളിലുള്ള രണ്ടുവരി ഓലക്കവിളകളില്‍ മരുന്നു നിര്‍ബന്ധമായും പതിയണം.

പൂങ്കുലപ്പുഴ (ബാറ്റകെഡ്ര സ്പീഷീസ്)

പൂങ്കുലയില്‍ നിന്ന് പൂവ് ബലമായി തുറന്ന് മാലത്തയോണ്‍ 50 ഇ സി (100 ലിറ്റര്‍ വെള്ളത്തില്‍ 250 മില്ലി മരുന്ന്) തളിക്കുക. പുഴുവിന്‍റെ ഉപദ്രവത്തിന് സാഹചര്യമൊരുക്കുന്ന ഒച്ചുകളെ മെറ്റാല്‍ ഡിഹൈഡ് ബെയിറ്റ് ഉപയോഗിച്ച് നിയന്ത്രിക്കുകയും വേണം.

വേരുതീനിപ്പുഴു (ലൂക്കോഫോളിസ് ബര്‍മ്മെസ്റ്ററി)

മരത്തിന്‍റെ ചുവട്ടില്‍ തടത്തിലുള്ള മണ്ണ് 10-15 സെ.മീ താഴ്ചയില്‍ കിളച്ചിളക്കുക. മണ്ണില്‍ 0.04% വീര്യമുള്ള ക്ലോര്‍പൈറിഫോസ് ലായനി രണ്ടു തവണ ഒഴിച്ചു കുതിര്‍ക്കുക. ഒന്ന് മേയില്‍ തെക്കു - പടിഞ്ഞാറന്‍ കാലവര്‍ഷത്തിനു തൊട്ട് മുന്‍പും അടുത്തത് സെപ്റ്റംബര്‍ - ഒക്ടോബറില്‍ മഴ തീരുന്നതോടനുബന്ധിച്ചും തുടര്‍ച്ചയായി രണേ്ടാ മൂന്നോ വര്‍ഷം മരുന്നു പ്രയോഗം തുടര്‍ന്നാല്‍ മാത്രമേ പൂര്‍ണ്ണമായ കീടനിയന്ത്രണം ഉറപ്പാക്കുകയുള്ളു. ഫോറേറ്റ് 10 ജി എന്ന മരുന്ന് മണ്ണില്‍ പ്രയോഗിച്ചും വേരുതീനിപ്പുഴുക്കളെ നിയന്ത്രിക്കാം.

രോഗങ്ങള്‍

മാഹാളി (ഫൈറ്റോഫ്തോറ പാമിവോ)

1% വീര്യമുള്ള ബോര്‍ഡോമിശ്രിതം ഒരു വര്‍ഷം മൂന്ന് പ്രാവശ്യമായി എല്ലാ കുലകളിലും തളിയ്ക്കുക, ഒന്ന് തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷത്തിനു തൊട്ടു മുന്‍പും ബാക്കി 40 ദിവസം ഇടവിട്ട് രണ്ടു തവണ കളായും. മഴ നീണ്ടുനില്‍ക്കുന്നുവെങ്കില്‍ മൂന്നാമതൊരു മരുന്നുതളി കുടെ നല്‍കുക. മിശ്രിതത്തോടൊപ്പം റോസിന്‍ സോഡ കൂടെ ചേര്‍ത്താല്‍ മരുന്ന് ഒട്ടിപ്പിടിച്ച് ഒലിച്ചുപോകാതെ നിലനില്‍ക്കും. രോഗബാധയേറ്റ എല്ലാ കായ്കളും നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുക.

കുന്പുചീയല്‍ (ഫൈറ്റോഫ്തോറ പാമിവോറ)

രോഗബാധയേറ്റ നടുനാന്പും ഓലകളും നീക്കം ചെയ്യുക. രോഗത്തിന്‍റെ തുടക്കത്തിലാണെങ്കില്‍ രോഗബാധയുള്ള അഴുകിയ ഭാഗങ്ങള്‍ ചെത്തിമാറ്റി അവിടെ ബോര്‍ഡോ കുഴന്പ് പുരട്ടുക. കമുകിന്‍ തലപ്പില്‍ 1 ബോര്‍ഡോമിശ്രിതവും തളിയ്ക്കാം.

ചുവടഴുകല്‍ (ഗാനോഡെര്‍മ ലൂസിഡം)

രോഗബാധയുള്ള മരങ്ങള്‍ ചുവട്ടില്‍ നിന്ന് ഒരു മീറ്റര്‍ മാറി 60 സെ.മീ താഴ്ചയിലും 30 സെ.മി വീതിയിലും കുഴികള്‍ കുഴിച്ച് ഒറ്റപ്പെടുത്തുക. ചുവട്ടില്‍ കാപ്റ്റാന്‍ (0.3), കാലിക്സിന്‍ (0.1) കോപ്പര്‍ ഓക്സിക്ലോറൈഡ് (0.3) ഇവയിലൊരു കുമിള്‍ നശിനി ഒഴിച്ചു കുതിര്‍ക്കാം.

ഗുരുതരമായി രോഗംബാധിച്ച എല്ലാ അടയ്ക്കാ മരങ്ങളും മുറിച്ചു നീക്കി നശിപ്പിക്കുക.

പുതിയ തൈകള്‍ നടും മുന്‍പു 1% വീര്യമുള്ള ബോര്‍ഡോമിശ്രിതം ഉപയോഗിച്ച് മണ്ണു കുതിര്‍ക്കുക.

തോട്ടത്തിനരികില്‍ ഡെലോണിക്സ് റീജിയ, പൊങ്കാമിയ ഗ്ഗാബ്ര എന്നീ ആതിഥേയ സസ്യങ്ങള്‍ വളരാന്‍ അനുവദിക്കരുത്.

2 കി.ഗ്രാം വീതം വേപ്പിന്‍ പിണ്ണാക്ക് നല്‍കുക

രോഗബാധയുള്ളതും ഇല്ലാത്തതുമായ മരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വെള്ളം കയറ്റി നന ഒഴിവാക്കുക.

ഓല മഞ്ഞളിപ്പ്

1. ശുപാര്‍ശ ചെയ്തിട്ടുള്ള അളവില്‍ രാസവളങ്ങള്‍ നല്‍കുക

2. ഇതിനു പുറമെ ഓല മഞ്ഞളിപ്പ് കാണുന്ന തോട്ടങ്ങളില്‍ 160 ഗ്രാം റോക്ക് ഫോസ്ഫറസ് ചേര്‍ക്കുക.

3.ഒരു മരത്തിന് ഒരു വര്‍ഷം 12 കി. ഗ്രാം എന്ന തോതില്‍ ജൈവവളം (പച്ചില വളമോ, കന്പോസ്റ്റോ) നല്‍കുക.

4. വേനല്‍ മാസങ്ങളില്‍ നിര്‍ബന്ധമായും നനയ്ക്കുക.

5. തോട്ടത്തില്‍ വെള്ളം കെട്ടാന്‍ ഇടയാക്കാതിരിക്കുക .

6. തോട്ടത്തില്‍ ആവരണ വിളകള്‍ ക്യഷി ചെയ്യുക

7. കുറച്ചു മരങ്ങള്‍ക്കാണ് തുടക്കത്തില്‍ മഞ്ഞളിപ്പെടുങ്കില്‍ അവയെ യഥാ സമയം നീക്കാനായാല്‍, വേഗം പിന്നീട് പടരുന്നതു തടയാം.

ബാന്‍ഡ് രോഗം

മണ്ണിന്‍റെ ഘടന മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുക. വേണ്ടത്ര നീര്‍വാര്‍ചാസൗകര്യം നല്‍കുക. സ്പിന്‍ഡില്‍ ചാഴി, മീലിമൂട്ട, ശല്‍ക്കപ്രാണി, മണ്ഡരി എന്നിവയെക്കതിരെ നിയന്ത്രണനടപടികള്‍ സ്വീകരിക്കുക. തുരിശും നീറ്റുകക്കയും തുല്യയളവില്‍ പൊടിച്ചു ചേര്‍ത്തെടുത്ത മിശ്രിതം ഒരു മരത്തിന് 225 ഗ്രാം എന്ന തോതില്‍ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം രോഗബാധിതമായ മരത്തിന് ചുവട്ടില്‍ ചേര്‍ക്കുക. മരമൊന്നിന് 25 ഗ്രാം എന്ന തോതില്‍ ബോറാക്സ് നല്‍കുന്നതും നന്ന്.

തൈ അഴുകല്‍

നഴ്സറി.യിലും തോട്ടത്തിലും നീര്‍വാര്‍ച്ചാസൗകര്യം മെച്ചപ്പെടുത്തുക. നാന്പും തൈകളുടെ ചുറ്റും 1 വീര്യമുള്ള ബോര്‍ഡോ മിശ്രിതം ഉപയോഗിക്കുക.

പൂങ്കുല ഉണക്കം

ഉണങ്ങിയ പൂങ്കുല ഉടനെ മാറ്റുക. പെണ്‍പൂക്കള്‍ രൂപപ്പെട്ടാലുടനെ സിനെബ് (4 ഗ്രാം/ലിറ്റര്‍ വെള്ളം) അല്ലെങ്കില്‍ മാങ്കോസെബ് (3 ഗ്രാം/ ലിറ്റര്‍ വെള്ളം) എന്നിവയിലൊന്ന് തളിയ്ക്കുക, ആവര്‍ത്തിക്കുക. 50 പി പി എം ഗാഢതയില്‍ ഓറിയോഫഞ്ചിന്‍ സോള്‍ പ്രയോഗിക്കുന്നതും രോഗനിയന്ത്രണത്തിന് നല്ലതാണ്.

ചെന്നീരൊലിപ്പ്

10 - 15 വര്‍ഷം പ്രായമായ മരങ്ങളിലാണ് ചെന്നീരൊലിപ്പിന് കുടുതല്‍ സാധ്യത. മരത്തിന്‍റെ ചുവടു ഭാഗത്താണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമാകുക. രോഗം മുര്‍ഛിക്കുന്പോള്‍ തടിയിലുണ്ടാകുന്ന വിളളലുകളില്‍ നിന്നും ബ്രൗണ്‍ നിറത്തിലുള്ള ഒരു തരം ദ്രാവകം ഊറി വരുന്നു.

തോട്ടത്തിലെ നീര്‍വാര്‍ച്ചാ സൗകര്യം മെച്ചപ്പെടുത്തിയും ട്രൈഡ്മോര്‍ഫ് (15%) 125 മില്ലി വേരിലൂടെ നല്‍കിയും രോഗം നിയന്ത്രിയ്ക്കാം.

സൂര്യാഘാതം

തെക്കുപടിഞ്ഞാറന്‍ വെയിലില്‍ നിന്ന് അടയ്ക്കാമരങ്ങളെ രക്ഷിക്കേണ്ടതുണ്ട്. ഇതിന് പനന്പാള കൊണ്ട് തന്നെ തടി പൊതിഞ്ഞുകെട്ടാം, തടിയില്‍ വെള്ള പൂശാം. തോട്ടത്തിന്‍റെ തെക്കുഭാഗത്തും പടിഞ്ഞാറു ഭാഗത്തും ഉയരത്തില്‍ വളരുന്ന തണല്‍ മരങ്ങള്‍ നട്ടുവളര്‍ത്തുക.

അടയ്ക്കാ വിണ്ടുകീറല്‍

ഇത് ഒരു രോഗമല്ല, അടയ്ക്കാമരത്തിന്‍റെ ഒരു ശാരീരിക വൈകല്യമാണ് 10-25 വര്‍ഷം പ്രായപരിധിയിലുള്ള മരങ്ങളിലാണ് ഇതിന് സാധ്യത കൂടുതല്‍. മുക്കാല്‍ ഭാഗം വിളവായ അടയ്ക്ക മഞ്ഞനിറം വരുന്നു. കായ്കള്‍ അഗ്ര ഭാഗത്തു വച്ച് വിണ്ടുകീറുന്നു. ക്രമേണ ഇത്തരം കായ്കള്‍ പൊഴിയുന്നു. മണ്ണില്‍ ഈര്‍പ്പത്തിന്‍റെ അളവ് കൂടുന്നതും കുറയുന്നതും ഒരുപോലെ രോഗഹേതുവാണ്.

നീര്‍വാര്‍ച്ച മെച്ചമാക്കുക, ബോറാക്സ് 2 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക എന്നിവ രോഗനിയന്ത്രണ വിധികളാണ്.

അടയ്ക്കാ പൊളിയ്ക്കല്‍ യന്ത്രം

കാസര്‍കോഡ് സി പി സി ആര്‍ ഐ ല്‍ ലഘുവായ ഒരു അടയ്ക്കാ പൊളിയക്കല്‍ യന്ത്രം വികസിപ്പിച്ചിട്ടുണ്ട്. ഈ അടയ്ക്കാ പൊളിയ്ക്കല്‍ യന്ത്രം വികസിപ്പിച്ചിട്ടുണ്ട്. ഈ യന്ത്രമുപയോഗിച്ച് 60 കി ഗ്രാം ഉണങ്ങിയ അടയ്ക്കയും 30 കി.ഗ്രാം പച്ച അടയ്ക്കയും പൊളിക്കാന്‍ കഴിയും 250 രുപയാണ് യന്ത്രത്തിന്‍റെ വില.

തെങ്ങ്

കേരളത്തിന്‍റെ കല്പവൃക്ഷം

തെങ്ങുപോലെ ആദായമുള്ള ഒരു വൃക്ഷമില്ല. ഒരു തെങ്ങ് നട്ടാല്‍ കറഞ്ഞത് 100 വര്‍ഷം തികച്ചും ആദായം കിട്ടും. തെങ്ങിന്‍റെ എല്ലാ ഭാഗവും ഉപയോഗപ്രദമാണ്. അതുകൊണ്ടാണ് തെങ്ങിന് \'കല്പവൃക്ഷം\' എന്ന പേര് കിട്ടിയത്. തേങ്ങയുടെ ഔഷധ വീര്യവും അത്ഭുതകരം തന്നെ. പൗരാണിക ആചാര്യന്മാര്‍ നാളീകേരത്തെ കുറിച്ച് പറഞ്ഞത് \'സര്‍വ്വേ ഫലാനാം കേരം പ്രധാനം\' എന്നാണ്. ഭുമിയില്‍ വളരുന്ന വൃക്ഷങ്ങളില്‍ വച്ച് മനുഷ്യ ശബ്ദവും സാമീപ്യവും ഇത്രത്തോളം അനുഭവിച്ചറിയാന്‍ കഴിവുള്ള മറ്റൊന്നില്ല. കുട്ടികള്‍ കളിച്ച് തിമിര്‍ക്കുന്നിടത്തും മനുഷ്യസാമീപ്യം ഉള്ളിടത്തും തെങ്ങ് നന്നായി വളരും. കൂടുതല്‍ വിളവും തരും. തെങ്ങ് \'ചതിയ്ക്കില്ലൊരുനാളും\' എന്നു പറയുന്നതും എത്രയോ അര്‍ത്ഥവത്താണ്.

കേരളത്തില്‍ കാര്‍ഷിക വരുമാനത്തിന്‍റെ മൂന്നിലൊന്നും ആകെ വരുമാനത്തിന്‍റെ പത്തിലൊന്നും തെങ്ങില്‍ നിന്നാണ്. കേര കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട 10 ലക്ഷം പേര്‍ നിത്യവൃത്തി കഴിയ്ക്കുന്നു. കേരളത്തിന്‍റെ - കാര്‍ഷിക - സാന്പത്തിക - തൊഴില്‍ മേഖലകളില്‍ ഇത്രമാത്രം സ്വാധീനം ചെലുത്തുന്ന മറ്റ് വിളകളില്ല. സംഗതികള്‍ ഇതൊക്കെയെങ്കിലും കേരളത്തിന് കേരകൃഷിയിലും നാളീകേരോത്പാദനത്തിലും ഇനിയും വളരെ ദൂരെ മുന്നോട്ട് പോകാന്‍ കഴിയും എന്നതാണ് പരമാര്‍ത്ഥം. ഇവിടെയാണ് ശാസ്ത്രീയമായ കേരകൃഷിയുടെ പ്രസക്തി.

ആരു നല്ല തൈ തെരഞ്ഞെടുക്കുന്നതിലും പരിചരിക്കുന്നതിലും തെല്ല് ശാസ്ത്രത്തിന്‍റെ പിന്‍ബലം കൂടിയുണെ്ടങ്കില്‍ വിളവേറും എന്ന കാര്യം ഉറപ്പാക്കാം.

മണ്ണ്

നല്ല വളക്കൂറും ജലസംഗ്രഹണശേഷിയുമുള്ള പശിമരാശി മണ്ണാണ് തെങ്ങിന് നന്ന്. ശ്രദ്ധിച്ച് വളര്‍ത്താമെങ്കില്‍ മണല്‍ മണ്ണിലും തെങ്ങ് നന്നായി വളരും. ജൈവവളവും കളിമണ്ണും ചേര്‍ത്ത് ഇത്തരം മണ്ണിന്‍റെ ജലസംഗ്രഹണ ശേഷി വര്‍ദ്ധിപ്പിക്കണമെന്നുമാത്രം. ചെമ്മണ്ണും കരിമണ്ണും ചെങ്കല്‍മണ്ണും ഒക്കെ കേരകൃഷിയ്ക്ക് യോജിച്ചവതന്നെ.

ഇനങ്ങള്‍ അനേകം

വെസ്റ്റ് കോസ്റ്റ് ടാള്‍, ലക്ഷദ്വീപ് ഓഡിനറി, ആന്തമാന്‍ ഓഡിനറി, ഫിലീപ്പീന്‍സ്, കൊച്ചിന്‍ ചൈന, കാപ്പാടം, കോമാടന്‍.

കൂടാതെ കേരഗംഗ, അനന്തഗംഗ, ലക്ഷഗംഗ, കേരശ്രീ, ചന്ദ്രസങ്കര, കേരസങ്കര, ചന്ദ്രലക്ഷ തുടങ്ങിയ സങ്കരയിനങ്ങളും.

അമ്മതെങ്ങ്

ചില നല്ല സ്വഭാവങ്ങള്‍ പ്രകടമാക്കുന്ന തെങ്ങില്‍ നിന്നും വേണം പാകാനുള്ള വിത്ത് തേങ്ങ തെരഞ്ഞെടുക്കുവാന്‍. ഇത്തരം തെങ്ങിന് \'അമ്മതെങ്ങ്\' എന്നു പറയാം. ഇതിന് ചില ലക്ഷണങ്ങളുണ്ട്.

ഒരു വര്‍ഷം 80- ല്‍ കുറയാതെ നാളീകേരം അമ്മതെങ്ങില്‍ നിന്നും കിട്ടണം.

30 മുതല്‍ 40 വരെ വിരിഞ്ഞ കുലകളുണ്ടാകണം.

എപ്പോഴും 12 കുലകളുണ്ടായിരികക്കണം.

തേങ്ങയൊന്നിന് 150 ഗ്രാമില്‍ കൂടുതല്‍ കൊപ്ര കിട്ടണം.

തൊണ്ട് പൊളിച്ചാല്‍ 600 ഗ്രാമില്‍ കുറയാതെ തൂക്കമുണ്ടാകണം.

അധികം വളക്കൂറുള്ള ധാരാളം വെള്ളം കിട്ടുന്ന സ്ഥലത്ത് വളരുന്ന തെങ്ങ് ഒഴിവാക്കണം.

വിത്തുതേങ്ങ

ഫെബ്രുവരി - മെയ് മാസമാണ് കേരളത്തിലെ വിത്തുതേങ്ങാ സംഭരണകാലം.

1 - 12 മാസം വരെ വിളഞ്ഞതാവണം വിത്ത് തേങ്ങ. ഇത് കുലയോടെ വെട്ടി വീഴ്ത്തരുത്. ബലമുള്ള കയറില്‍ കെട്ടിയിറക്കണം. ഒരു കുലയിലെ എല്ലാ തേങ്ങയും വിത്തിനായി ഉപയോഗിക്കുവാന്‍ കഴിഞ്ഞു എന്ന് വരില്ല. ലക്ഷണമൊത്ത നാളീകേരം മാത്രമേ വിത്തിനുപയോഗിക്കാവു.

വിത്തു തേങ്ങയ്ക്ക് ഇരിപ്പിടം

വിത്തു തേങ്ങ പ്രത്യേകം നഴ്സറിയില്‍ പാകണം. മണല്‍ മണ്ണ് നന്ന്. വെള്ളക്കെട്ട് പാടില്ല. അധിക തണല്‍ വേണ്ട. നഴ്സറിയില്‍ നാലുവരി വിത്തു തേങ്ങ പാകാന്‍ 1.50 മീറ്റര്‍ വീതിയും സൗകര്യപ്രദമായ നീളവും ഉള്ള തടങ്ങള്‍ തയ്യാറാക്കണം. തടങ്ങള്‍ക്കിടയില്‍ 75 സെ.മീ. വീതിയില്‍ നടപ്പാത ഇടണം.

വെള്ളം വറ്റിയ തേങ്ങ പാകരുത്. വരികള്‍ തമ്മില്‍ 30 സെന്‍റീമീറ്ററും തേങ്ങ തമമ്മില്‍ 30 സെന്‍റീമീറ്ററും ഇടയകലം നല്കി, മേയ് - ജൂണില്‍ പാകാം. വിത്തു തേങ്ങ പാകുന്പോള്‍ മുകളറ്റം വെളിയില്‍ കാണണം.

നഴ്സറി സംരക്ഷണം

. മഴയിലല്ലെങ്കില്‍ ആഴ്ചയില്‍ ഒന്നോ രണേ്ടാ പ്രാവശ്യം നനയ്ക്കണം. കളകള്‍ അപ്പോള്‍ നീക്കണം. ചിതല്‍ ശല്യമുണ്ടായാല്‍ തേങ്ങയടെ ചുറ്റുമുള്ള മണ്ണ് 15 സെന്‍റീമീറ്റര്‍ ആഴത്തില്‍ മാറ്റി, കാര്‍ബാറില്‍/ ക്ളോര്‍പൈറിഫോസ് തുടങ്ങിയ ഏതെങ്കിലും ഒരു കീടനാശിനിപ്പൊടി തൂകണം.

ഇത് നല്ല തൈ

പാകി ആറുമാസത്തിനകം മുളയ്ക്കാത്ത തേങ്ങ, നഴ്സറിയില്‍ നിന്നു നീക്കുക. നല്ല തെങ്ങിന്‍ തൈയ്ക്ക് ഇനിപ്പറയുന്ന ഗുണങ്ങള്‍ കൃഷിശാസ്ത്രം നിഷ്കര്‍ഷിക്കുന്നു.

* 9 -12 മാസം പ്രായം

* ചുരുങ്ങിയത് ആറു ഓല

* 10 സെ. മീറ്ററലധികം കണ്ണാടികനം.

* നേരത്തെ കണക്കോലകള്‍ വിരിഞ്ഞ് ഓലക്കാലുകള്‍ വേര്‍പ്പെടുന്ന സ്വഭാവം

* നല്ല പച്ചനിറമുള്ള ഓലകള്‍ വിരിഞ്ഞു നില്‍ക്കുക.

നഴ്സറിയില്‍ നിന്ന് ഇളക്കുന്ന തൈകള്‍ ഏറെ കാലതാമസം വരാതെ നടണം.

കൃഷിക്കളമൊരുങ്ങുന്നു

നല്ല വളക്കൂറും വെള്ളക്കെട്ടില്ലാത്തതുമായ പറന്പില്‍ തെങ്ങ് നന്നായി വളരും. പ്രായമായ ഒരു തെങ്ങിന്‍റെ ഭൂരിപക്ഷം വേരും മണ്‍നിരപ്പില്‍ നിന്ന് 120 സെന്‍റീ മീറ്റര്‍ വരെ താഴ്ചയിലെത്താറുണ്ട്. ആതിനാല്‍ വേരുകളുടെ ശരിയായ വളര്‍ച്ചയ്ക്ക് മണ്ണിന് 150 സെന്‍റീമീറ്റര്‍ എങ്കിലും താഴ്ചയുള്ളത് നന്ന്.

പുതുകൃഷിയാണെങ്കില്‍ കൃഷിയ്ക്ക് സ്ഥലമൊരുക്കണം. ചരിവുള്ള സ്ഥലത്ത് തട്ടുതിരിച്ച് വേണം തൈ നടാന്‍. അടിയുറച്ച മണ്ണില്‍ തൈ നടുന്നതിന് ആറുമാസം മുന്‍പ് തൈക്കുഴിയെടുത്തിട്ട്, കുഴിയൊന്നിന് 2 കിലോ കറിയുപ്പ് വീതമിട്ടാല്‍ മണ്ണയഞ്ഞുകിട്ടും.

നാലു രീതിയില്‍ തെങ്ങിന്‍ തൈ നടാം

രീതിഇടയകലം (മീറ്റര്‍)

തൈകള്‍ - ഉദ്ദേശ എണ്ണം

(ഹെക്ടറില്‍ )

ത്രികോണ രീതി 7.6 198
സമചതുരം 7.6 -9 170 - 120
ഒറ്റവേലി

തൈകള്‍ തമ്മില്‍ 5 മീറ്റര്‍

വരികള്‍ തമ്മില്‍ 9 മീറ്റര്‍

220
ഇരട്ടവേലി ഒരു ജോഡി വരികള്‍ തമ്മിലും വരിയില്‍ തൈകള്‍ തമ്മിലും 5 മീറ്റര്‍ അകലവും രണ്ടുജോഡി വരികള്‍ തമ്മില്‍ 9 മീറ്ററും അകലം 280


നടീല്‍ കാലം

മേയ് - ജൂണ്‍ ആണ് തൈ നടീലിന് അനുയോജ്യമായ കാലം, മഴ തുടങ്ങുന്നതോടെ തൈ നടണം. അങ്ങനെയെങ്കില്‍ തൈകള്‍ വേഗത്തില്‍ വേരുപിടിച്ച് മഴക്കാലത്തേയ്ക്ക് കരുത്തോടെ വളരും.

ഇളം തൈയ്ക്ക് പ്രത്യേക രക്ഷ

ആദ്യത്തെ 5 വര്‍ഷം തൈയ്ക്ക് പ്രത്യേകം രക്ഷ നലല്‍കിയേ തീരൂ. ഈ പ്രായത്തില്‍ ശ്രദ്ധ കുറഞ്ഞാല്‍ വളര്‍ച്ചയും കുറയും. നാട്ടിന്‍ പുറത്ത് തൈകളെ കന്നുകാലികളില്‍ നിന്ന് രക്ഷിയ്ക്കുകയാണ് പ്രധാന ജോലി. തൈ കാറ്റത്തുലയാതെ കുറ്റിയില്‍ കെട്ടി നിര്‍ത്തുക, മഴയ്ക്ക് തൈക്കുഴിയില്‍ വെള്ളം ഈര്‍ന്ന് കെട്ടി നില്ക്കാന്‍ ഇടയാക്കാതിരിക്കുക, തൈയുടെ കടയ്ക്കല്‍ അടഞ്ഞുകൂടുന്ന മണ്ണ് മാറ്റുക. വേനല്‍കാലത്ത് നനയ്ക്കുക, തുടങ്ങിയവയാണ് രക്ഷാവിധികള്‍ .

നട്ട് മുന്നു മാസം കഴിഞ്ഞ് ആദ്യത്തെ വളപ്രയോഗം നടത്താം. കായ് ഫലം തരുന്ന ഓരോ തെങ്ങിനും നല്കുന്ന വളത്തിന്‍റെ 1/10 ഭാഗം അപ്പോള്‍ നല്‍കിയാല്‍ മതി. ഒരു വയസ്സ് തികയുന്പോള്‍ വളപ്രയോഗം 1/3 ആക്കാം. രണ്ടാം വര്‍ഷം 2/3 ആയി ഉയര്‍ത്താം. മുന്നാം വര്‍ഷം മുതലാണ് മുഴുവന്‍ വളവും ചേര്‍ക്കാവുന്നത്.

തൈ തെങ്ങുള്‍ക്ക് രാസവളം രണ്ട് തുല്യ അളവുകളായി വീതിച്ച് നല്കുന്നതാണ് അഭികാമ്യം. കാലവര്‍ഷാരാംഭത്തില്‍ ശുപാര്‍ശ ചെയ്ത രാസവളത്തിന്‍റെ മുന്നില്‍ ഒരു ഭാഗം കുഴിയില്‍ തൈയ്ക്കും ചുറ്റും ഇട്ട മണ്ണില്‍ ഇളക്കി ചേര്‍ക്കണം. രണ്ടാമത്തെ വളപ്രയോഗം ആഗസ്റ്റ് - സെപ്തംബര്‍ മാസമാണ് ചെയ്യേണ്ടത്. ഈ സമയത്ത് 10 കിലോ ജൈവവളം കൂട്ടിചേര്‍ത്ത് കുഴിയുടെ ഉള്‍ഭാഗം അരിഞ്ഞിറക്കി ഭാഗികമായി മുടണം. അതിന് ശേഷം ശേഷിച്ച രാസവളം ചേര്‍ക്കാം. കുഴിയുടെ ആഴം കുറയുകയും തൈകള്‍ വളര്‍ന്ന് വരുന്നതോടെ കുഴിയ്ക്ക് വലിപ്പം കൂടുകയും ചെയ്യും. നാലഞ്ചുവര്‍ഷം ഇങ്ങനെ ചെയ്യുന്പോള്‍ തൈക്കുഴി, വളര്‍ച്ചയെത്തിയ ഒരു തെങ്ങിനാവശ്യമായ തടം ആയി തീരും.

വിളവര്‍ദ്ധനവിന് വളപ്രയോഗം

ജീവിതകാലം മുഴുവന്‍ തെങ്ങിന്‍റെ ഉത്പാദനശേഷി നിലനിര്‍ത്താനും ഉത്പാദനം വര്‍ദ്ധിപ്പിക്കാനും വളപ്രയോഗം നിര്‍ബന്ധമാണ്.

പ്രായമായ തെങ്ങുകള്‍ക്ക് രാസവള പ്രയോഗം നടത്താന്‍ സഹായിക്കുന്ന അളവുകള്‍ നോക്കൂ.

1. പൊതുശുപാര്‍ശ

എ) ശരാശരി പരിപാലനം

ബി) മികച്ച പരിപാലനം

(ഒരു തെങ്ങിന് ഒരു വര്‍ഷം ഇത്രകിലോഗ്രാം)

നൈട്രജന്‍ ഫോസ്ഫറസ് പൊട്ടാഷ്

0.34 0.17 0.68

0.50 0.32 1.20

2. കുട്ടനാടന്‍ പാടങ്ങള്‍ 0.25 0.35 0.90
3. ചെമ്മണ്ണ് 0.68 0.23 0.90

4. സങ്കരയിനം തെങ്ങുകള്‍

എ) ജലസേചനം നല്‍കിയുള്ള കൃഷി

ബി) മഴ ആശ്രയിച്ചുള്ള കൃഷി

 

1.00 0.50 2.00

 

0.50 0.32 1.2


മഴ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍ രണ്ടു സമയത്താണ് രാസവളം ചേര്‍ക്കേണ്ടത്. ആകെ വളത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം കാലവര്‍ഷാരംഭത്തില്‍ ഏപ്രില്‍ - ജൂണിലും ബാക്കി മുന്നില്‍ രണ്ട് ഭാഗം സെപത്ംബര്‍ - ഒക്ടോബര്‍ മാസത്തിലും നല്‍കണം. എന്നാല്‍ ജലസേചന സൗകര്യമുള്ള തെങ്ങിന്‍ തോപ്പുകളില്‍ മുന്നോ നാലോ തവണകളായി (ഏപ്രില്‍ - മേയ് - ആഗസ്റ്റ് - സെപ്റ്റംബര്‍ - ഡിസംബര്‍ - ഫെബ്രുവരി - മാര്‍ച്ച്) ചേര്‍ക്കുന്നതാണ് നല്ലത്.

വളപ്രയോഗത്തിനുള്ള സമയ-വിവരപ്പട്ടിക ഇനിപ്പറയുന്നത് ശ്രദ്ധിക്കുക

വളംമാസം
കുമ്മായം/ സോളമെറ്റ് (1 കിലോ) ഏപ്രില്‍ - മേയ്
രാസവളം (മുന്നില്‍ ഒരു ഭാഗം) മേയ്
ജൈവവളങ്ങള്‍ ജൂലായ് - ആഗസ്റ്റ്
മഗ്നീഷ്യം സള്‍ഫേറ്റ് (അരകിലോ) ആഗസ്റ്റ് - സെപ്റ്റംബര്‍
രാസവളം (മുന്നില്‍ രണ്ടു ഭാഗം)
സെപ്റ്റംബര്‍


ഒരു തെങ്ങിന്‍റെ വേരില്‍ ഏതാണ്ട് 82 ശതമാനവും കടയ്ക്കലല്‍ നിന്ന് 2 മീറ്ററിനുള്ളിലായിട്ടാണ് സ്ഥിതി ചെയ്യുന്നുത്. വളപ്രയോഗം ചെയ്യേണ്ടതും ഈ ഭാഗത്താണ്. തെങ്ങിന്‍ തടിയോട് ചേര്‍ത്ത് വളമിടരുത്. വളം മണ്ണുമായി ശരിയായി കൂട്ടികലര്‍ത്തണം. കുമ്മായം/ ഡോളമൈറ്റ് ഇവയും രാസവളങ്ങളും ഒരേ സമയത്ത് ചേര്‍ക്കരുത്.

ജൈവവള പ്രയോഗത്തിനും തുല്യപ്രാധാന്യമുണ്ട്. അനുയോജ്യ സമയം ജൂലായ് - ആഗസ്റ്റ് മാസം. തെങ്ങിന്‍ തടിയില്‍ നിന്ന് 2 മീറ്റര്‍ വ്യാസ്യാര്‍ധത്തിലും 25 സെ. മീറ്റര്‍ ആഴത്തിലും തടം തുറന്ന് അതില്‍ ജൈവവളം വിതറണം. ജൈവവളം ലഭ്യതയ്ക്കനുസരിച്ച് 25 മുതല്‍ 50 കിലോ വരെയാകാം. ചാണകം, കന്പോസ്റ്റ്, പിണ്ണാക്ക്, പച്ചില ഇവയാണ് പ്രധാന ജൈവവളങ്ങള്‍.

പച്ചില വളച്ചെടികള്‍

തെങ്ങിന്‍തോപ്പില്‍ കൃഷിചെയ്യാന്‍ പറ്റിയ പച്ചില വളച്ചെടികളാണ് കാട്ടു ചണന്പ്, കിലുക്കി, ഡെയിഞ്ച, വന്‍പയര്‍, കലപ്പഗോണിയം തുടങ്ങിയവ. മഴ തുടങ്ങുന്നതിനു തൊട്ടുമുന്‍പ് ഇവയുടെ വിത്തു വിതറണം. ചെടികള്‍ പൂക്കുവാന്‍ തുടങ്ങിയാല്‍ ആഗസ്റ്റ് - സെപ്റ്റംബര്‍ മാസം ഇവ മണ്ണില്‍ ഉഴുതു ചേര്‍ക്കുകയോ, പിഴുത് തെങ്ങിന്‍ തടത്തില്‍ ഇടുകയോ ചെയ്യണം.

തെങ്ങിന്‍ തോപ്പിന്‍റെ അതിരുകളില്‍ വച്ചുപിടിപ്പിക്കുവാന്‍ ഏറ്റവും യോജിച്ച പച്ചില വളച്ചെടിയാണ് ശീമക്കൊന്ന. ആദ്യവര്‍ഷം തന്നെ ഇതിന്‍റെ ഇല വെട്ടിയെടുക്കാം. ഒരു വര്‍ഷം രണ്ടുമൂന്നു തവണ തെങ്ങിനിടാന്‍ പച്ചില കിട്ടും. ശീമക്കൊന്നക്കന്പുകള്‍ നടാന്‍ ഏറ്റവും അനുകൂല കാലം മെയ് - ജൂണ്‍ മാസമാണ്.

തെങ്ങിന് നന

ദീര്‍ഘകാലവിളയായ തെങ്ങിന് നന ആത്യാവശ്യമാണ്. നനയ്ക്കുന്നതു കൊണ്ടുമാത്രം വേനല്‍വിള ഇരട്ടിയാക്കാം.

മണ്ണിന്‍റെ സ്വഭാവമനുസരിച്ച് ഒരു തെങ്ങിനു നനയ്ക്കേണ്ടതിന്‍റെ അളവ് :

മണല്‍ മണ്ണ്മണല്‍ കലര്‍ന്ന എക്കല്‍എക്കല്‍ മണ്ണ്ചെളിമണ്ണ്
വെളളത്തിന്‍റെ അളവ് (ലിറ്റര്‍ തെങ്ങൊന്നിന്) 600 900 1300 1600
നനകള്‍ തമ്മിലുളള ഇടവേള (ദിവസം) 3-4 5 7-8 9

കൊത്തും കിളയും

തെങ്ങിന്‍റെ വളര്‍ച്ചയെയും ഉത്പാദനത്തെയും കൊത്തും കിളയും വളരെ സ്വാധീനിക്കുന്നു. ഇത് വാര്‍ഷിക നാളികേരോത്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കും എന്നും കണ്ടിരിക്കുന്നു. മണല്‍പ്രദേശത്ത് കനത്ത മഴ കഴിയുന്നതോടെ ആഗസ്റ്റ് - സെപ്റ്റംബറില്‍ കൂനകൂട്ടുകയും മഴയ്ക്കു ശേഷം ഡിസംബറില്‍ കൂനകള്‍ തട്ടി നിരത്തുകയും ചെയ്യും. എന്നാല്‍ കടുപ്പമുളള ചെങ്കല്‍മണ്ണില്‍ ഇതിനുപകരം നിലം ഉഴുതിടുന്നതാണു പതിവ്. എന്നാല്‍ കൊത്തും കിളയും അമിതമാകരുത്. ഇടയിളക്കല്‍ കളനിയന്ത്രണത്തിനുമുപകരിക്കുന്നു.

തൊണ്ട് - തണ്ണീര്‍ ബങ്ക്

തൊണ്ടിന് അതിന്‍റെ ഭാരത്തിന്‍റെ ആറിരട്ടി വെളളം ഉള്‍ക്കൊളളുവാന്‍ കഴിയും. പോരെങ്കില്‍ തൊണ്ടില്‍ പൊട്ടാഷും ഉണ്ട്. തെങ്ങിന്‍തോപ്പില്‍ തൊണ്ടുകുഴിച്ചിട്ടാല്‍ ഈര്‍പ്പം നിലനിര്‍ത്താനും ഉത്പാദനം വര്‍ദ്ധിപ്പിക്കുവാനും കഴിയും. ഒരിയ്ക്കല്‍ തൊണ്ടു കുഴിച്ചിട്ടാല്‍ അതിന്‍റെ ഗുണം അഞ്ചാറു വര്‍ഷം നിലനില്‍ക്കും.

തൊണ്ട് കുഴിച്ചിടുന്ന വിധം നോക്കാം. രണ്ടു വരി തെങ്ങുകള്‍ക്കിടയില്‍ അരമീറ്റര്‍ ആഴത്തിലും ഒന്നര മീറ്റര്‍ വീതിയിലും ചാലുകളെടുക്കണം. ഈ ചാലുകളില്‍ ഉള്‍വശം മുകളില്‍ വരത്തക്കവിധം തൊണ്ട് നിരത്തണം. ഇതിനുശേഷം ചെറിയ കനത്തില്‍ മണ്ണിട്ടു മൂടുകയും ചെയ്യണം. അരമീറ്റര്‍ ആഴത്തിലുളള ഒരു ചാലില്‍ അഞ്ചോ ആറോ അടുക്ക് തൊണ്ട് ഇപ്രകാരം നിരത്താം. ഒരു തെങ്ങിന് ഏകദേശം 600 തൊണ്ട് എന്ന കണക്കിനാണ് കുഴിച്ചിടേണ്ടത്.

ഇടവിളകള്‍

തെങ്ങിന്‍തോപ്പില്‍ ഇടവിളകളള്‍ കൃഷി ചെയ്യുന്ന സന്പ്രദായത്തിന് വളരെ പഴക്കമുണ്ട്. ഹ്രസ്വകാല വിളകളും ദീര്‍ഘകാല വിളകളും ഇങ്ങനെ കൃഷി ചെയ്യാം. സാധാരണ തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളകള്‍ക്കാവശ്യമായ സ്ഥലവും സൂര്യപ്രകാശവും സുലഭമാണ്.

ഹ്രസ്വകാല വിളകള്‍:
വാഴ, മരച്ചീനി, കാച്ചില്‍, ചേന്പ്, ഇഞ്ചി, മഞ്ഞള്‍, മധുരക്കിഴങ്ങ്, പയറുവര്‍ഗ്ഗങ്ങള്‍

ദീര്‍ഘകാല വിളകള്‍:
കുരുമുളക്, കൊക്കോ, കൈതച്ചക്ക, തീറ്റപ്പുല്ല്.

സുഗന്ധ വിളകള്‍:
ഗ്രാന്പു, ജാതി, എലവര്‍ഗ്ഗം

ഒന്നില്‍ കൂടുതല്‍ ഇടവിളകള്‍ ഒരേ സമയം തെങ്ങിന്‍തോപ്പില്‍ കൃഷി ചെയ്യുന്ന \'ബഹുനില കൃഷിസന്പ്രദായവും\' ഇന്ന് പ്രചാരം നേടിയിരിക്കുന്നു. ഓരോ തെങ്ങിലും കുരുമുളക് പടര്‍ത്തുക, രണ്ടുവരി തെങ്ങുകള്‍ക്കിടയിലായി ഒന്നോ, രണേ്ടാ വരി കൊക്കോ നടുക, അവയ്ക്കടുത്തായി ഇഞ്ചി, മരച്ചീനി, കൈതച്ചക്ക ഇവയിലേതെങ്കിലും ഒന്നു നടുക. അങ്ങനെ തെങ്ങിന്‍തോപ്പ് നിറച്ച് ഒന്ന് മറ്റൊന്നിനെ ഒരു വിധത്തിലും ബാധിയ്ക്കാത്ത വിധം വിളകള്‍ നടാവുന്നതാണ്. തെങ്ങിന്‍ തോപ്പിലെ മണ്ണ്, സൂര്യപ്രകാശം ഇവയെ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ ഇതു നിമിത്തം സാധിക്കും. കര്‍ഷകന് ഇടവേളകളില്‍ ആദായം കിട്ടുകയും ചെയ്യും.

കല്‍പ്പ വൃക്ഷത്തിന് സംരക്ഷണം

വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ തെങ്ങിനെ ഉപദ്രവിക്കുന്ന ശത്രുകീടങ്ങളുടെ എണ്ണം അറിഞ്ഞാല്‍ നാം അത്ഭുതപ്പെടും-അഞ്ഞൂറ്റി നാല്‍പ്പത്തി ഏഴ്. ലോകത്ത് എവിടെയൊക്കെ കേര കൃഷിയുണ്ടോ അവിടെയാകമാനം ഇവ വ്യാപിച്ചിരിക്കുന്നു എന്നതാണ് പരമാര്‍ത്ഥം. ഇതില്‍ ഇന്ത്യയിലെ നോട്ടപ്പുള്ളികള്‍ 65 ആണ്. ഇവയില്‍ തന്നെ പ്രധാനപ്പെട്ടതും നമ്മുടെ നാട്ടിലെ കേരകൃഷിക്ക് സ്ഥിരെ ശല്യക്കാരായി തീര്‍ന്നിട്ടുള്ളതും കൊന്പന്‍ചെല്ലി, ചെന്പന്‍ചെല്ലി, ഓലതീനിപ്പുഴു, കോക്ചേഫര്‍വണ്ട്, പുങ്കുലച്ചാഴി, മീലിമുട്ട, മണ്ടരി, എലിയപ്പോലെ കരണ്ടു തിന്നുന്ന ജീവികള്‍ മുതലായവയാണ്, 

മേല്പ്പറഞ്ഞ ഓരോ ശത്രു കീടവും തെങ്ങിന് വരുത്തി വയ്ക്കുന്ന നാശം ചെറുതല്ല. അതുകൊണ്ടു തന്നെ ഇവയുടെ യഥാസമയമുള്ള നിയന്ത്രണവും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. സംയോജിത കീടനിയന്ത്രണം എന്ന ആശയത്തിനാണ് ഏറെ പ്രസക്തി. ഓരോ സീസണിലൂം ഉണ്ടാകുന്ന കീടങ്ങളടെ പ്രത്യേകതകളും പ്രവര്‍ത്തന ശൈലിയും അറിഞ്ഞിരിക്കുക, ശുചിത്വമുള്ള കൃഷി സന്പ്രദായം അനുവര്‍ത്തിക്കുക, ജൈവ കീടനിയന്ത്രണ വിധികള്‍ നടപ്പാക്കുക, രാസകീടനാശിനികളുടെ അമിതോപയോഗം കുറയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് കേരവൃക്ഷത്തിന്‍റെ കീടനിയന്ത്രണത്തില്‍ വലിയ പങ്കുണ്ട്.

ശത്രുകീടങ്ങളെ പരിചയപ്പെടാം 

കൊന്പന്‍ചെല്ലി

കേരവൃക്ഷത്തിന്‍റെ ഒരു മുഖ്യ ശത്രു. തെങ്ങ് എവിടെയുണ്ടോ അവിടെയെല്ലാം കറുത്ത വണ്ട് അഥവാ കൊന്പന്‍ ചെല്ലിയുണ്ട്. വിടരാത്ത നാന്പോലയും പൂങ്കുലയും തുളച്ച് മുറിവുണ്ടാക്കുക എന്നതാണ് കൊന്പന്‍ചെല്ലിയുടെ പ്രവര്‍ത്തന ശൈലി. ചെല്ലി കുത്തിയ നാന്പോല വിടര്‍ന്ന് വരുന്പോള്‍ കത്രിക കൊണ്ട് മുറിച്ചതുപോലെ കാണും. നാന്പോല തുളച്ചുണ്ടായ ദ്വാരവും അതിനു ചുറ്റും ചവച്ചു തുപ്പിയ നാരും ഉണ്ടാവും. ചെല്ലിക്കുത്തേറ്റ പൂങ്കുലകള്‍ കാണും. ഓലകള്‍ക്കുണ്ടാകുന്ന കേടുപാട് തെങ്ങിന്‍റെ ആരോഗ്യത്തേയും കായ്ഫലത്തേയും കുറയ്ക്കുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് കൊന്പന്‍ചെല്ലിയുടെ ഉപദ്രവകാലം. ചെല്ലിയെ യഥാസമയം നിയന്ത്രിക്കാനായാല്‍ തന്നെ ഒരു തെങ്ങില്‍ നിന്ന് 5-8 വരെ നാളികേരം ലഭിക്കുമെന്നാണ് കണക്ക്.

നിയന്ത്രണം 

വിവിധ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സമന്വയിപ്പിച്ച് കൊണ്ടുള്ള ഒരു സംയോജിത കീടനിയന്ത്രണ പരിപാടിയാണ് ഇവിടെ വേണ്ടത്.

തെങ്ങിന്‍റെ അവശിഷ്ടങ്ങള്‍, കൂനിക്കൂടിക്കിടക്കുന്ന ജൈവ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ ചെല്ലി വംശവര്‍ദ്ധനവ് നടത്തുന്ന താവളങ്ങളാണ്, അതിനാല്‍ ഇവ ഒഴിവാക്കുക, വൃത്തിയാക്കിയിടുക.

ചെല്ലിക്കോല്‍ ഉപയോഗിച്ച് ചെല്ലിയെ കുത്തിയെടുത്ത് നശിപ്പിക്കുക. ചെല്ലിയുണ്ടാക്കിയ സുഷിരം 20 ഗ്രാം സെവിഡോള്‍, 3 ഗ്രാം മാങ്കോസെബ്, ഒരു കിലോ മണല്‍ എന്നിവ ചേര്‍ത്ത മിശ്രിതം വച്ച് നിറയ്ക്കുക.

തെങ്ങിന്‍റെ തലപ്പത്തുള്ള രണ്ടു മൂന്ന് നാന്പോലകളിലെ കവിളുകളില്‍ ഇനിപ്പറയുന്നവയില്‍ ഒരു മിശ്രിതം നിറയ്ക്കുക.

25 ഗ്രാം സെവിഡോള്‍ ഒപ്പം 200 ഗ്രാം മണല്‍

3 പാറ്റാ ഗുളികകള്‍ ഒപ്പം മണല്‍

ഒരു വര്‍ഷം മൂന്ന് പ്രാവശ്യം ഇതു ചെയ്യണം. ഏപ്രില്‍-മേയ്, സെപ്റ്റംബര്‍-ഒക്ടോബര്‍, ഡിസംബര്‍-ജനുവരി.

ചാണകം, കന്പോസ്റ്റ് തുടങ്ങിയവ കുടിക്കിടക്കുന്ന സ്ഥലത്ത് 0.01 % വീര്യത്തില്‍ കാര്‍ബാറില്‍ എന്ന കീടനാശിനി തളിക്കുക. (1 ഗ്രാം മരുന്ന് 5 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍)

\'ബാക്കുലോ വൈറസ്\' എന്നു പേരായ വൈറസിനെ ഉപയോഗിച്ച് കൊന്പന്‍ചെല്ലിയെ നിയന്ത്രിക്കാം. ഇതിന് വൈറസ് അണുക്കള്‍ അടങ്ങുന്ന ലായനിയില്‍ വണ്ടുകളെ കുറച്ചുനേരം വിട്ട് രോഗാണുക്കളെ വാഹകരാക്കിയ ശേഷം തോട്ടത്തില്‍ പറത്തി വിടാം. ഒരി ഹെക്ടര്‍ തെങ്ങിന്‍ തോപ്പില്‍ ഇത്തരം പത്തോ പതിനഞ്ചോ വണ്ടുകളെ പറത്തി വിടേണ്ടി വരും

\'മെറ്റാറൈസം അനൈസോപ്ലിയേ\' എന്നു പേരായ കുമിള്‍, ചെല്ലിയുടെ അപൂര്‍ണ്ണ വളര്‍ച്ചാദശകളെ നശിപ്പിക്കുവാന്‍ സഹായകമാണ്. ഇത് ചെല്ലി മുട്ടയിടുന്ന സ്ഥലത്താണ് പ്രയോഗിക്കേണ്ടത്.

ഫിറമോണ്‍ കെണികള്‍ ഉപയേഗിച്ചും ചെല്ലിയെ നശിപ്പിക്കാം. ഒരു ഹെക്ടറിലേക്ക് 5 കെണി വേണ്ടി വരും. പ്ലാസ്റ്റിക്ക് തൊട്ടിയില്‍ ഒന്നര മില്ലി എന്‍ഡേള്‍ഫാന്‍ 35 ഇ.സി. എന്ന കീടനാശിനിയും രണ്ടു ലിറ്റര്‍ വെള്ളവും കലര്‍ത്തിയ മിശ്രിതം തെങ്ങില്‍ കെട്ടിത്തൂക്കിയിടണം. പറന്നു വരുന്ന ചെല്ലി ഇതില്‍ വീണു ചാകൂം. 

ചെന്പന്‍ചെല്ലി 

തെങ്ങിന്‍ തടിയില്‍ ദ്വാരമുണ്ടാക്കി അതിനുള്ളിലിരുന്ന് കാര്‍ന്ന് തിന്നുന്ന പ്രാണിയാണ് ചെന്പന്‍ചെല്ലി. ചെല്ലിയുടെ നിരവധി പുഴുക്കള്‍ ഒരേ സമയം ഉള്‍ഭാഗത്തിരുന്നു കാര്‍ന്ന് തിന്നുന്നത് നിമിത്തം തെങ്ങിന്‍റെ മണ്ട തന്നെ മറിഞ്ഞു പോകാനും സാധ്യതയുണ്ട്. അല്പ്പം ശ്രദ്ധിച്ചാല്‍ തെങ്ങില്‍ ചെന്പന്‍ ചെല്ലിയുടെ സാന്നിധ്യം മനസ്സിലാക്കാം.

തടിയില്‍ വൃത്താകൃതിയില്‍ ദ്വാരങ്ങള്‍ ഉണ്ടായിരിക്കുക. അവയില്‍ നിന്ന് തവിട്ട് നിറത്തിലുള്ള ദ്രാവകം ഊറി വരുക, നാന്പോലകള്‍ വാടുക, ഇടഭാഗത്തുള്ള ഒന്നോ രണേ്ടാ ഓല മഞ്ഞളിച്ച് കാണുക, ഇത്തരം ഓലകള്‍ പിടിച്ചു വലിച്ചാല്‍ ഊരിപ്പോരുക, ചവച്ചരച്ച് തള്ളിയ നീര് തടിയിലെ ദ്വാരത്തിലൂടെ പുറത്തു വരുക, പുഴുക്കള്‍ തടിയുടെ ഉള്ളിലിരിന്ന് കാര്‍ന്ന് തിന്നുന്ന ശബ്ദം കേള്‍ക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ചെന്പന്‍ചെല്ലി ഉണ്ട് എന്നതിന്‍റെ സൂചകങ്ങള്‍. 

നിയന്ത്രണം 

തെങ്ങും തെങ്ങിന്‍തോപ്പും ശുചിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം. യഥാസമയം തെങ്ങിന്‍ മണ്ട വൃത്തിയാക്കുക, കൊല്ലികുത്തിയ അവശിഷ്ടങ്ങള്‍ തോട്ടത്തില്‍ നിന്ന് നീക്കുക തുടങ്ങിയവ ചെയ്യണം. 

തെങ്ങിന്‍തടിയില്‍ മുറിവുണ്ടാകാതെ നോക്കണം. കാരണം മുറിവുകളില്‍ മുട്ടയിട്ട് പെരുകാന്‍ ചെല്ലിക്കിഷ്ടമാണ്. 

ചെല്ലികയറിയ തെങ്ങിനെ കീടനാശിനി പ്രായോഗം വഴി രക്ഷിക്കാം. ഇതിന് 1 % കാര്‍ബാറില്‍ (20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) എന്ന വീര്യത്തില്‍ കീടനാശിനി തയ്യാറാക്കി തടിയില്‍ കുത്തിവയ്ക്കണം. ഒരു തെങ്ങിന് ഏകദേശം ഒരു ലിറ്റര്‍ ലായനി വേണം. തടിയില്‍ കാണുന്ന ദ്വാരങ്ങള്‍ എല്ലാം അടച്ച് കിടബാധയുള്ള ഭാഗത്തു നിന്ന് അല്പം മുകളിലായി 45 ഡിഗ്രി ചരിവില്‍ 10 സെ.മി. ആഴത്തില്‍ ദ്വാരമുണ്ടാക്കി ചോര്‍പ്പ് കടത്തി വച്ച് അതില്‍ കൂടി മരുന്ന് ലായനി ഒഴിച്ച് കൊടുക്കണം. ഒരാഴ്ചക്കുശേഷം തെങ്ങ് പരിശോധിച്ച് ആവശ്യമെന്ന് കണ്ടാല്‍ ഒരിക്കല്‍ കൂടി മരുന്ന് പ്രയോഗിക്കണം. 

തോട്ടത്തില്‍ പറന്നു നടക്കുന്ന ചെല്ലികളെ ഫിറമോണ്‍ കെണികള്‍ ഉപയോഗിച്ചു പിടിക്കാം. 5-7 ലിറ്റര്‍ വരെ ഉള്‍വ്യാപ്തിയുള്ള പ്ലാസിറ്റിക്ക് തൊട്ടികള്‍ ഇതിനുപയോഗിക്കാം. ഇതിന്‍റെ മുകള്‍ വക്കിന് താഴെ 5 സെ.മി. നീളവും രണ്ടര സെ.മി. വീതിയും നല്‍കി തുല്യ അകലത്തില്‍ നാലു വാതിലുകള്‍ ഉണ്ടാക്കി ബക്കറ്റിന്‍റെ പുറം ഭാഗം ചണച്ചാക്ക് ഒട്ടിച്ചെടുക്കുക. ബക്കറ്റിന്‍റെ മൂടിയുടെ നടുഭാഗത്ത് ചെറിയ ഒരു ദ്വാരമുണ്ടാക്കി നൂല്‍ക്കന്പി കൊണ്ട് ഫിറമോണ്‍ കെണി തൂക്കിയിടുക. ഒരു ലിറ്റര്‍ വെള്ളത്തില്‍ 100 മില്ലി കള്ള്, 2 ഗ്രാം യീസ്റ്റ്, 5 മില്ലി അസറ്റിക്ക് ആസിഡ് തുടങ്ങിയവ ചേര്‍ത്ത മിശ്രിതത്തില്‍ 10 ഗ്രാം കാര്‍ബാറില്‍ കൂടെ ചേര്‍ത്ത് ബക്കറ്റിലൊഴിക്കണം. കള്ളിന് പകരം 100 ഗ്രാം പൈനാപ്പിളോ മുന്തിരിങ്ങയോ കരിന്പോ ഉപയോഗിച്ചാലും മതി. പുളിച്ച മണം അറിഞ്ഞെത്തുന്ന ചെല്ലികള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. തറയില്‍ നിന്നും ഒന്നര മീറ്റര്‍ ഉയരത്തില്‍ തെങ്ങിന്‍ തടിയില്‍ വേണം കെണികള്‍ തൂക്കാന്‍. ഒന്നര ആഴ്ച കഴിഞ്ഞ് കെണിയിലെ മിശ്രിതം മാറ്റി പുതിയതൊഴിക്കണം. തൈതെങ്ങില്‍ കെണി ഉപയോഗിക്കരുത്.

തെങ്ങോലപ്പുഴു 

വേനല്‍ക്കാലത്ത് തെങ്ങുകളില്‍ കുടുതലായി കാണുന്ന ഒരു ശത്രുകീടമാണ് ഓലപ്പുഴു. കടലോരപ്രദേസത്ത് വളരുന്ന തെങ്ങിലാണ് ഇത് ഏറെ കാണുന്നത്.

ഓലയുടെ അടിഭാഗത്ത്, പുഴു സ്വയമുണ്ടാക്കുന്ന നൂലും വിസര്‍ജ്ജ്യവസ്തുക്കളും ഓലയുടെ പൊടിഞ്ഞ ഭാഗങ്ങളും കൂടുകെട്ടും. എന്നിട്ട് അവിടിരുന്ന് ഹരുടകം തിന്ന് തീര്‍ക്കും. ക്രമേണ ഓലയുടെ പുറം ഭാഗം ഉണങ്ങിക്കരിയും.

ഗുരുതരമായി പുഴു ബാധയേറ്റ ഓല വെട്ടി തീയിട്ടു നശിപ്പിക്കണം.

ബാക്കിയുള്ള ഓലകളില്‍ \'ഡൈക്കലോര്‍ വോസ്\' എന്ന കീടനാശിനി 0.02% (2 മില്ലി 10 ലിറ്റര്‍ വെള്ളത്തില്‍) വീര്യത്തില്‍ തയ്യാറാക്കി ഓലയുടെ അടിവശത്തെ കൂടുകള്‍ നനയും വിധം തളിക്കണം.

മരുന്നു തളിച്ച് മൂന്നാഴ്ച കഴിഞ്ഞാല്‍ പുഴുവിനെ നശിപ്പിക്കാന്‍ കഴിവുള്ള പ്രാണികളെ ഉപയോഗിക്കാം. പുഴുവിനെ വ്യത്യസ്ത വളര്‍ച്ചാ ദശകളെ ബാധിക്കുന്ന പരജീവികളുണ്ട്. പുഴുവിനെ ബാധിക്കുന്ന\'ഗോണിയോസസ് നെഫൊന്‍റിഡിസ്\' എന്ന ബത്തലിഡ് പരജീവി, സമാധി ദശയ്ക്ക് തൊട്ട് മുന്‍പുളള പുഴുവിനെ ബാധിക്കുന്ന \'ഇലാസ്മസ് നെഫൊന്‍റിഡിസ്\' എന്ന ഇലാസ്മസ് പരജീവി, സമാധി ദശയെ തന്നെ ബാധിക്കുന്ന \'ബ്രാക്കിമേറിയ നൊസട്ടോയ്\' എന്ന ചാല്‍സിഡ് പരജീവി എന്നിവയാണ് തെങ്ങോലപ്പുഴുവിനെ ഫലവത്താടി നശിപ്പിക്കാന്‍ കഴിവുള്ള പരജീവികള്‍. കീടത്തിന്‍റെ എണ്ണം പരിശോധിച്ചതിനു ശേഷം അവയുടെ എണ്ണത്തിനാനുപാതികമായി വേണം പരജീവികളെ തെങ്ങിന്‍ തോപ്പില്‍ തുറന്നു വിടാന്‍.
കേന്ദ്ര തോട്ടവിള ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കായംകുളത്തെ പ്രാദേശിക സ്റ്റേഷന്‍, കൃഷി വകുപ്പിന്‍റെ കീഴിലുള്ള പാരാസൈറ്റ് ബ്രീഡിങ്ങ് സ്റ്റേഷനുകള്‍ എന്നിവിടെ നിന്നാണ് കര്‍ഷകര്‍ക്ക് ഈ പരജീവികളെ ലഭിക്കുന്നത്.

വേരുതീനിപ്പുഴു

തെങ്ങിന്‍റെ വേരുകളെ ഉപദ്രവിക്കുന്നവയാണ് വേരുതീനിപ്പുഴുക്കള്‍. യഥാസമയം നിയന്ത്രിച്ചില്ലെങ്കില്‍ തെങ്ങിന്‍റെ ഓല മഞ്ഞളിക്കുകയും വളര്‍ത്ത മുരടിക്കുകയും ഉത്പാദനം കുറയുകയും ചെയ്യും. തെങ്ങിന്‍ ചുവട്ടിലെ മണ്ണ് മാറ്റി നോക്കിയാല്‍ ഈ പുഴുവിനെ കാണാന്‍ കഴിയും.

തെങ്ങിന്‍ തോപ്പിലെ വാഴ, മരച്ചീനി, ചേന തുടങ്ങിയ ഇടവിളകളിലും പുഴു ചേക്കാറുണ്ട്.

നിയന്ത്രണം 

മഴയ്ക്ക് മുന്‍പും പിന്‍പും മണ്ണ് ആഴത്തിലിളക്കി പുഴുവിനെ പുറത്ത് കൊണ്ട് വന്ന് നശിപ്പിക്കാം.

പുഴുവിനെ വണ്ട് കൂടുതലായി വരുന്നത് മെയ്-ജൂണ്‍ മാസമാണ്. ഈ സമയത്ത് ഇവയെ പിടിച്ച് നശിപ്പിക്കണം. ഇതിന് വിളക്ക് കെണികളുമുപയോഗിക്കാം

പുഴുബാധ രൂക്ഷമായ തേട്ടങ്ങളില്‍ \'ഫോറേറ്റ് 10 ജി\' എന്ന കീടനാശിനി, തെങ്ങൊന്നിന് 100 ഗ്രാം എന്ന അളവില്‍ മെയ്-ജൂണ്‍ മാസവും സെപ്റ്റംബര്‍-ഒക്ടോബറിലും തടത്തില്‍ വിതറി കിളച്ചു ചേര്‍ക്കണം

പൂങ്കുലച്ചാഴി 

മച്ചിങ്ങ പൊഴിച്ചില്‍, പൊഴിഞ്ഞ മച്ചിങ്ങയുടെ മോടില്‍ കാണുന്ന തവിട്ടു നിറമുള്ള വരകള്‍ എന്നിവയാണ് പൂങ്കുലച്ചാഴിയുടെ ഉപദ്രവ ലക്ഷണങ്ങള്‍. ചാഴിക്കുത്തിയിട്ടും പൊഴിയാതെ വളരുന്ന തേങ്ങയില്‍ വിള്ളലും കാക്കപ്പൊന്നും കാണാം, ഇത്തരം തേങ്ങ പേടാകാനും സാധ്യതയുണ്ട്. ജൂണ്‍ മുതല്‍ ജനുവരി വരെയാണ് പൂങ്കുലച്ചാഴിയുടെ ഉപദ്രവം വര്‍ധിക്കുന്നത്.

നിയന്ത്രണം 

0.1% വീര്യത്തില്‍ കാര്‍ബാറില്‍ തിളയ്ക്കുകയാണ് നിയന്ത്രണത്തിമുള്ള വഴി. പേര, കൊക്കോ, കശുമാവ് തുടങ്ങിയവരിലും പൂങ്കുലച്ചാഴി എത്താറുണ്ട്. അതിനാല്‍ ഇവയില്‍ കൂടി മരുന്ന് തളി നടത്തുന്നത് കീടനിയന്ത്രണത്തിനുപകരിക്കും.

രോഗങ്ങള്‍ - അറിയുക, നിയന്ത്രിക്കുക 

നമ്മുടെ നാട്ടില്‍ തെങ്ങിനുണ്ടാകുന്ന പ്രധാന രോഗങ്ങള്‍ കാറ്റു വീഴ്ച, ഓല ചീയല്‍, കൂന്പുചീയല്‍, ചെന്നീരൊലിപ്പ് തുടങ്ങിയവയാണ്.

കാറ്റു വീഴ്ച

ഒരു നൂറ്റാണ്ട് പിന്നിട്ട് വളരെ പഴക്കമുള്ള രോഗമാണ് കാറ്റു വീഴ്ച. തിരുനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ വളരെ വ്യാപകമായും വടക്കന്‍ ജില്ലകളില്‍ അങ്ങിങ്ങായും കാറ്റു വീഴ്ച കാണുന്നു. കേര കൃഷിക്ക് വളരെയധികം സാന്പത്തിക നഷ്ടമുണ്ടാക്കുന്ന രോഗം കൂടിയാണിത്.

രോഗ ലക്ഷണം 

ഓലക്കാലുകള്‍ വാരിയെല്ലുകള്‍ പോലെ അകത്തേക്ക് വളയുക, ഓലകളില്‍ മഞ്ഞളിപ്പുണ്ടാകുക, ഓലക്കാലിന്‍റെ അരികുണങ്ങുക മുതലായവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം ഗുരുതരമാകുന്പോള്‍ തെങ്ങിന്‍റെ മണ്ടയും ശോഷിക്കുന്നു.

\'ഫൈറ്റോപ്ലാസ്മ\' എന്നു പേരായ സൂക്ഷ്മാണുക്കളാണ് കാറ്റു വീഴ്ചക്ക് കാരണം എന്നത് സംബന്ധിച്ച് പഠനങ്ങളില്‍ തെളിഞ്ഞതായി റിപ്പോര്‍ട്ടു ചെയ്യുന്നു, ഇവയെ വ്യാപിപ്പിക്കുന്നത് ഷഡ്പദജീവികളാണ്.

നിയന്ത്രണം 

ഫലവത്തും പൂര്‍ണ്ണവുമായ രോഗ നിയന്ത്രണങ്ങള്‍ ഒന്നും തന്നെ കാറ്റു വീഴ്ചയ്ക്ക് എതിരായി നിലവിലില്ല എന്നതാണ് ഏറ്റവും വിഷമകരമായ വസ്തുത. അതുപോലെ തന്നെ തെങ്ങിനു കാറ്റു വീഴ്ച ബാധിക്കാതിരിക്കാന്‍ വ്യക്തമായ മുന്‍കരുതലും സ്വീകരിക്കാനില്ല. എങ്കിലും രോഗമില്ലാത്ത പ്രദേശങ്ങളില്‍ രോഗം ബാധിച്ചു കാണുന്ന തൈകളുണ്ടെങ്കില്‍ അവയെ നശിപ്പിച്ചു കളയണം.

എന്നാല്‍ രോഗത്തിന്‍റെ തുടക്കത്തില്‍ തന്നെ തെങ്ങു നന്നായി പരിചരിച്ചാല്‍ രോഗം രൂക്ഷമാകാതിരിക്കുകയും ഉത്പ്പാദനക്ഷമത കുറയാതിരിക്കുകയ്യും ചെയ്യും. ഇതിനായി ശുപാര്‍ശ ചെയ്യുന്ന പരിചരണ മുറകള്‍ ഇനിപ്പറയുന്നു.

രോഗബാധിതമായ കേരവൃക്ഷങ്ങള്‍ക്കുളള സന്തുലിതമായ വളപ്രയോഗം - ഒരു തെങ്ങിന് വര്‍ഷം തോറും 50 കിലോ ജെവവളം നല്‍കണം. കൂടാതെ 1.1 കിലോ യൂറിയ, 1.7 കിലോ മസൂറീഫോസ്, 1.7 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ രണ്ടു പ്രവാശ്യമായി നല്‍കണം. ഇതിന്‍റെ മൂന്നിലൊരു ഭാഗം ഏപ്രില്‍- മേയിലും മുന്നില്‍ രണ്ടു ഭാഗം സെപ്റ്റമബര്‍- ഒക്ടോബറിലും ചേര്‍ക്കണം. പുറമേ ഒരു കിലോ മഗ്നീഷ്യം സള്‍ഫേറ്റ് തെങ്ങിന് വര്‍ഷം തോറും രണ്ടാമത്തെ രാസവള പ്രയോഗത്തോടൊപ്പം നല്‍കണം.

രൂക്ഷമായി രോഗം പിടിച്ച് ഉത്പ്പാദനം തീരെ കുറഞ്ഞ ആദായമില്ലാത്ത തെങ്ങ് മുറിച്ചു മാറ്റി, മികച്ച അടിത്തൈ വയ്ക്കുകയാണ് നല്ലത്.

വേനല്‍ക്കാലത്ത് നന്നായി നനയ്ക്കുക. ഒരു തെങ്ങിന് ഒരാഴ്ച 250 ലിറ്റര്‍ വെളളം നല്‍കണം.

ഏപ്രില്‍- മെയില്‍ പച്ചിലവളച്ചെടികള്‍ വിതച്ച് സെപ്റ്റംബര്‍ -ഒക്റ്റോബറില്‍ തടത്തില്‍ ചേര്‍ക്കണം

തെങ്ങിനിടയില്‍ അനുയോജ്യമായ ഇടവിളകള്‍ കൃഷി ചെയ്യുക.

ഓലചീയല്‍, കൊന്പന്‍ചെല്ലി, ചെന്പന്‍ചെല്ലി തുടങ്ങിയവയ്ക്കെതിരെ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുക.

ഓലചീയല്‍ 

നാന്പോലയില്‍ തവിട്ട് നിറമുളള ചെറിയ പൊട്ടുകള്‍ കാണുന്നതാണ് ഓലചീയലിന്‍റെ പ്രാരംഭലക്ഷണം. ക്രമേണ ഇവ ഒന്നുചേര്‍ന്ന് ഓലചായുന്നു. ഇത്തരം ഓല വിരിയുന്പോള്‍ ചീഞ്ഞഭാഗങ്ങള്‍ ഉണങ്ങി കാറ്റില്‍ പറന്ന് പോകുന്നത് കൊണ്ട് വിശറിയുടെ ആകൃതിയില്‍ ഓല നില്‍ക്കുന്ന് കാണം. നന്പോലയുടെ അഴുകിയ ഭാഗങ്ങള്‍ ഒട്ടിച്ചേര്‍ന്ന് ഓലക്കാലുകള്‍ വിടരാതെ ചീയുന്നതായും ചിലപ്പോള്‍ കണ്ടിട്ടുണ്ട്.

സാധാരണയായി കാറ്റുവീശ്ച ബാധിച്ച തെങ്ങില്‍ ഓലചീയല്‍ രോഗവും കാണാം. ഇത് ഒരു കുമിള്‍ രോഗമാണ്. ഓലചീയല്‍ തെങ്ങിന്‍റെ ഉല്‍പ്പാദനക്ഷമത കുറയ്ക്കും.

നിയന്ത്രണം 

കുന്പോലയുടെയും അതിന് തൊട്ടടുത്ത രണ്ട് ഓലകളുടെയും ചീഞ്ഞ ഭാഗങ്ങള്‍ മുറിച്ച് മാറ്റുക.

ഡൈത്തേന്‍ എം 45 എന്ന കുമിള്‍ നാശിനി 3 ഗ്രാം 300 മില്ലി വെളളത്തില്‍ കലക്കി, നന്പോലയുടെ ചുവട്ടിലൊഴിക്കുക.

ഫോറേറ്റ് 10- ജി എന്ന കീടനാശിനി 20 ഗ്രാം, 200 ഗ്രാം ആറ്റുമണലില്‍ കലര്‍ത്തി കുന്പോലയുടെ ചുവട്ടിന് ചുറ്റും ഇടുക. ഇത് ഏപ്രില്‍- മേയിലും ഒക്റ്റോബര്‍- നവംബറിലും ചെയ്യണം.

രോഗബാധയുളള പ്രദേശത്ത്, രോഗബാധയില്ലാത്ത തെങ്ങുകള്‍ക്ക് കൂടി പ്രതിരോധ നടപടി എന്ന നിലയ്ക്ക് ഇത് ചെയ്യുന്നത് നല്ലതാണ്.

കൂന്പു ചീയല്‍

തുടക്കത്തില്‍ തന്നെ ശരിയായ പ്രതിവിധി സ്വീകരിച്ചില്ലെങ്കില്‍ തെങ്ങിനെ നശിപ്പിക്കുവാന്‍ കഴിവുളള ഒരു കുമിള്‍ രോഗമാണ് കൂന്പു ചീയല്‍.

നാന്പോല ഇളം മഞ്ഞനിറമായി വാടിത്തുടങ്ങുന്നതാണ് കൂന്പു ചീയല്‍ രോഗത്തിന്‍റെ പ്രഥമ ലക്ഷണം. തുടര്‍ന്ന് ചുറ്റുമുളള ഓലയ്ക്ക് മഞ്ഞനിറമാകുന്നു. നന്പോലയുടെ ചുവട്ടില്‍ നിന്ന് ചീഞ്ഞ് തുടങ്ങുന്നു. അത് ഒടിഞ്ഞ് തൂങ്ങുന്നു. ഇതോടൊപ്പം മണ്ടയഴുകി ദൂര്‍ഗന്ധം ഉണ്ടാകുകയ്യും ചെയ്യും. ഓലകള്‍ കൊഴിയുകയ്യും അവസാനം തെങ്ങിന്‍ മണ്ട മറിയുകയ്യും ചെയ്യുന്നു.

മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പനില വര്‍ദ്ധിക്കുകയ്യും ചൂട് കുറയുകയ്യും ചെയ്യുന്പോള്‍ കൂന്പ്ചീയല്‍ പടരുന്നു.

നിയന്ത്രണം 

തുടക്കത്തില്‍ തന്നെ നിയന്ത്രണ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തെങ്ങ് നശിക്കാനിടയാകും. മണ്ടയിലെ കേടുവന്ന ഭാഗങ്ങള്‍ മുറിച്ച് മാറ്റി നന്നായി വൃത്തിയാക്കിയിട്ട് 10 ശതമാനം വീര്യമുളള ബോര്‍ഡോ കുഴന്പോ പുരട്ടണം. മരുന്ന് പുരട്ടിയ ഭാഗത്ത് മഴ കൊളളാതിരിക്കാന്‍ പ്ലാസ്റ്റിക്ക് സഞ്ചിയോ മണ്‍ചട്ടിയോ കൊണ്ടുമൂടണം. അത് പോലെ തന്നെ മുറിച്ച് മാറ്റിയ ഭാഗങ്ങള്‍ തീയിട്ട് നശിപ്പിക്കുകയ്യും വേണം.

ചുറ്റുമുളള തെങ്ങുകള്‍ക്ക് ഒരു പ്രതിരോധ നടപടി എന്ന നിലയ്ക്ക് 1 ശതമാനം വീര്യമുളള ബോര്‍ഡോ മിശ്രിതം തളിയ്ക്കണം.

ചെന്നീരൊലിപ്പ് 

തെങ്ങിന്‍ തടിയുടെ ചുവട് ഭാഗത്ത് വിളളലുകളില്‍ക്കൂടെ തവിട്ട് നിറം കലര്‍ന്ന ചുവന്ന ദ്രാവകം ഒലിച്ചിറങ്ങുന്നതാണ് ചെന്നീരൊലിപ്പിന്‍റെ മുഖ്യലക്ഷണം. ഇത് കുമിള്‍ രോഗമാണ്.

വിളളലുകളിലൂടെ ഒലിച്ചിറങ്ങുന്ന ദ്രാവകം തടിയുടെ പുറത്ത് പറ്റിപ്പിടിച്ചിരിക്കുന്നു. ക്രമേണ പട്ടയുടെ അടിഭാഗം ചീയുകയ്യും ചെയ്യും. രോഗം ഗുരുതരമായാല്‍ പുറം മടലുകള്‍ മഞ്ഞ നിറമായി വാടിയുണങ്ങും. തെങ്ങിന്‍റെ ഉല്‍പ്പാദനശേഷിയും ആനുപാതികമായി കുറയും.

നിയന്ത്രണം 

രോഗം ബാധിച്ച ഭാഗം ചെത്തിമാറ്റുക.

മുറിവില്‍ 4% വീര്യമിളള കാലിക്സിന്‍ (4 മില്ലി കാലിക്സിന്‍ 100 മില്ലി വെളളത്തില്‍) എന്ന തോതില്‍ കലര്‍ത്തി പുരട്ടുക.

മൂന്ന് ദിവസം കഴിഞ്ഞ് ഇതേ മുറിവില്‍ ചൂടാക്കിയ താര്‍ പുരട്ടുക.

50 കിലോ ജൈവവളം ഓരോ തെങ്ങിനും നല്‍കുക.

കൂടാതെ തെങ്ങൊന്നിന് 5 കിലോ വേപ്പിന്‍ പിണ്ണാക്ക് ഇട്ടു കൊടുക്കുക.

25 മില്ലി കാലിക്സിന്‍ 25 ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തി തെങ്ങിന്‍ തടത്തിലെ മണ്ണില്‍ നാലു മാസത്തിലൊരിക്കല്‍ ഒഴിച്ച് കൊടുക്കുന്നതും രോഗനിയന്ത്രണത്തിനുപകരിക്കും.

കാറ്റുവീഴ്ച ബാധിച്ച തെങ്ങുകളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാം

കാറ്റുവീഴ്ച രോഗം മൂലം തെങ്ങിന്‍റെ ആരോഗ്യവും വിളവും കുറയുന്നതായി ഏവര്‍ക്കുമറിയാം. എന്നാല്‍ കാറ്റുവീഴ്ച ബാധിച്ച തെങ്ങുകള്‍ക്ക് ശരിയായ പരിചരണം നല്‍കുന്നതില്‍ കാണിക്കുന്ന അനാസ്ഥയാണ് രോഗ വ്യവസ്ഥയെ ഗുരുതരമാക്കുന്നത്. പലരും തെങ്ങിനുണ്ടാകുന്ന ഒട്ടേറെ കീടരോഗബാധയുടെ ലക്ഷണങ്ങള്‍ കാറ്റുവീഴ്ചരോഗം മൂലമാണെന്ന് ധരിച്ചിട്ടുളളതായി കാണുന്നു. കാറ്റുവീഴ്ച രോഗത്തെക്കുറിച്ചുളള ഒരു ലഘുവിവരണം ഇനിപ്പറയുന്നു.

എവിടെയൊക്കെ ഈ രോഗം കാണപ്പെടുന്നു?

കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ കൂടുതലായുണ്ടെങ്കിലും മറ്റെല്ലാ ജില്ലകളിലും കാറ്റുവീഴ്ച രോഗം കാണുന്നുണ്ട്. കൂടാതെ തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ രോഗം കണ്ടു വരുന്നു.

പ്രധാന രോഗ ലക്ഷണങ്ങള്‍

ഓലക്കാലുകള്‍ ഇരുവശത്തും നിന്നും വാരിയെല്ലുകള്‍ പോലെ ഉളളിലേയ്ക്ക് വളയുക, മഞ്ഞളിപ്പ്, ഓലക്കാലുകളുടെ അരിക് കരിയുക എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. ചെറു പ്രായത്തിലുളള തെങ്ങുകളിലും തെങ്ങിന്‍തൈകളിലും ഓലക്കാലുകള്‍ വളയുന്നതാണ് പ്രധാന ലക്ഷണം.

അനുബന്ധ ലക്ഷണങ്ങള്‍

ഗുണനിലവാരം കുറഞ്ഞ \'റബ്ബറി കൊപ്ര\' ഇടയോലകളുടെ മഞ്ഞളിപ്പ്, ഓലത്തുന്പുകള്‍ ഒടിഞ്ഞു തൂങ്ങുക, പൂങ്കുകരിച്ചില്‍ എന്നിവയാണ് ഈ രോഗവുമായി ബന്ധപ്പെട്ടു കാണുന്ന മറ്റ് ലക്ഷണങ്ങള്‍.

രോഗകാരണം

\'ഫൈറ്റോപ്ലാസ്മ\' എന്ന സൂക്ഷ്ാണുവാണ് രോഗഹേതു. ഇത് \'മൈക്കോപ്ലാസ്മ\' പോലെയുളള ജീവി എന്നാണ് നേരെത്തെ അറിയപ്പെട്ടിരുന്നത്. 1993 ലെ അന്താരാഷ്ട്ര സമ്മേളനത്തില്‍ വച്ച് ഇതിന്‍റെ പേര് ഫൈറ്റോപ്ലാസ്മ യെന്നാക്കി മാറ്റി. വൈറസിന്‍റയും ബാക്ടീരിയയുടെയും ഇടയിലുളള ഒരു സൂക്ഷ്മ ജീവിയാണിത്.

രോഗവാഹകര്‍

ഓലക്കാലുകളുടെ അടിഭാഗത്തു കാണപ്പെടുന്ന റേന്തപത്രികള്‍ , പുല്‍ച്ചാടികള്‍ എന്നിവ രോഗം പരത്തുന്നതായി തെളിയിച്ചിട്ടുണ്ട്.

ഓലചീയലും കാറ്റുവീഴ്ചലും

കാറ്റു വീഴ്ചയുളള 65--70 ശതമാനം തെങ്ങുകളിലും ഓലചീയല്‍ രോഗം കാണപ്പെടുന്നു. ഓലചീയലാണ് കാറ്റ് വീഴ്ചയുളള തെങ്ങുകളുടെ ആരോഗ്യവും ഉല്‍പാദനവും ഗണ്യമായി കുറയ്ക്കുന്നത്.

കാറ്റുവീഴ്ച ബാധിത പ്രദേശങ്ങളിലെ പ്രശ്നങ്ങള്‍

കാറ്റുവീഴ്ച രോഗം കൂടുതലായുളള ആലപ്പുഴ ജില്ലയില്‍ നടത്തിയ റിപ്പോര്‍ട്ടു ചെയ്തിട്ടുളള വിവരങ്ങള്‍ തെങ്ങ്് കൃഷിയിലെ ചില അടിസ്ഥാന പ്രശ്നങ്ങള്‍ വിശകലനം ചെയ്യുന്നതിന് സഹായിക്കും.

തെങ്ങുകള്‍ തമ്മിലുളള ഇടയകലം ഒട്ടും തന്നെ പാലിക്കപ്പെടുന്നില്ല

ശാസ്ത്രിയ ശുപാര്‍ശ പ്രകാരം 7.5*7.5 മീറ്റര്‍ അകലത്തിലാണ് തെങ്ങ് നടേണ്ടത്. അപ്രകാരം ഒരു ഹെക്ടറില്‍ 175-180 തെങ്ങുകള്‍ നടാവുന്നിടത്ത് 220-247 വരെ തെങ്ങുകള്‍ തമ്മില്‍ 6.3 മീറ്റര്‍ അകലം മാത്രമേ പാലിക്കപ്പെടുന്നുളളൂ. ഇതിനു പുറമെ പുരയിടങ്ങളില്‍ മറ്റ് വിളകളും വൃക്ഷങ്ങളും പരമാവധി ഉപയോഗപ്പെടുത്താനോ, തെങ്ങുകള്‍ക്കും മറ്റ് ഇടവിളകള്‍ക്കും നല്ല രീതിയില്‍ വിളവ് നല്‍കാനോ ഈ സാഹചര്യം അനുയോജ്യമല്ല. അതിനാല്‍ ശാസ്ത്രീയ രീതിയില്‍ ഉപയോഗപ്രദമായ പരമാവധി വിളവുകള്‍ ക്രമീകരിക്കേണ്ടത് ഓരോ വിളയില്‍ നിന്നും പരമാവധി ഉല്‍പാദനം ലഭിക്കുവാന്‍ അത്യന്താപേക്ഷിതമാണ്.

തെങ്ങുകളുടെ ജനിതകമേന്മ ഉറപ്പാക്കുന്നില്ല

നിലവിലുളള 10-20 ശതമാനത്തോളം തെങ്ങുകള്‍ 10-15 വര്‍ഷങ്ങള്‍ക്ക് ശേഷവും കായ്ഫലം നല്‍കാത്തവയും ഓലകളുടെ എണ്ണം ശരാശരി 15-20 എണ്ണത്തിലും താഴെയുമാണെന്നാണ് സര്‍വെയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ലഭ്യമായ തൈകള്‍ എല്ലാം തന്നെ നടാന്‍ ശ്രമിക്കാതെ വിശ്വാസയോഗ്യമായ ഇടങ്ങളില്‍ നിന്ന് മെച്ചപ്പെട്ട മാതൃവൃക്ഷങ്ങള്‍ തെരെഞ്ഞെടുത്ത് അവയുടെ വിത്തുതേങ്ങ ശാസ്ത്രീയമായി പാകികിളര്‍പ്പിച്ച് മേല്‍ത്തരം തൈകള്‍ മാത്രം നടുക. കാറ്റുവീഴ്ച ബാധിച്ച പ്രദേശങ്ങളില്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തതും മെച്ചപ്പെട്ട വിളവ് നല്‍കുന്നതുമായ തെങ്ങുകള്‍ കണ്ടെത്തിയും വിത്തു തേങ്ങ ശേഖരിക്കാം.

പുരയിട കൃഷിയുടെ കാഴ്ചപ്പാട് മാറുന്നു

ഒരു കൈത്തൊഴില്‍ എന്ന തത്വത്തില്‍ നിന്നും ചെറുകിട പുരയിടകൃഷി മാറിക്കൊണ്ടിരിക്കുന്നു. കുറച്ചു തെങ്ങുകള്‍ മാത്രമുളളവര്‍ പോലും അവയുടെ തടം തുറക്കാനോ, നനയ്ക്കാനോ, പുതയിടാനോ, പച്ചിലവളവിത്തുകള്‍ വിതയ്ക്കാനോ, വളം ചേര്‍ക്കാനോ താല്‍പ്പര്യപ്പെടുന്നില്ല. നമ്മെ സ്നേഹിക്കുകയ്യും രക്ഷിക്കുകയ്യും ചെയ്യുന്ന പ്രകൃതിയുടെ വരദാനമായ തെങ്ങിന് അല്‍പ്പം ശ്രദ്ധയും പരിചരണവും നല്‍കുന്നതില്‍ കുട്ടികളും വീട്ടമ്മമാരും കുടുംബനാഥനോടൊപ്പം പങ്കാളികളാകണം. തെങ്ങിന്‍ തോപ്പില്‍ പച്ചക്കറിവിളകള്‍, കുരുമുളക്, ഫലവൃക്ഷങ്ങള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, വാഴ തുടങ്ങിയവയൊക്കെ ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്. അവയ്ക്കുളള പരിചരണങ്ങള്‍ പ്രത്യേകം നല്‍കണമെന്ന് മാത്രം.

ജൈവ പുനഃചംക്രമണത്തിന്‍റെ കുറവ്

മണ്ണില്‍ ജൈവാംശത്തിന്‍റെ കുറവ് കാറ്റുവീഴ്ച രോഗം കൂടുതല്‍ രൂക്ഷമാകുവാന്‍ കാരണമാകുന്നു. തെങ്ങില്‍ നിന്നും മറ്റു വിളകളില്‍ നിന്നും ലഭ്യമാകുന്ന ജൈവാവശിഷ്ടങ്ങള്‍ അവിടെത്തന്നെ പുനരുപയോഗിക്കുന്നത് മണ്ണ് പുഷ്ടിപ്പെടാനും വിളവ് വര്‍ദ്ധിക്കാനും സഹായിക്കും. തെങ്ങിന്‍റെ ഓല, മടല്‍, ക്ലാഞ്ഞില്‍, തൊണ്ട് മുതലായവ മണ്ണിലേക്കുതന്നെ തിരിച്ച് നല്‍കാവുന്നതാണ്. ഓലയും മറ്റും മണ്ണിരകന്പോസ്റ്റാക്കി മാറ്റാം, കരിയില മറ്റു ജൈവാവശിഷ്ടങ്ങള്‍ എന്നിവ കന്പോസ്റ്റാക്കുകയോ, പുതിയതിടാനായി ഉപയോഗിക്കുകയോ ചെയ്യാം. കാലി വളര്‍ത്തല്‍ ഉണ്ടെങ്കില്‍ ചാണകവും ഗോമൂത്രവും ജൈവവളമായി ഉപയോഗിക്കാം. സൂര്യപ്രകാശം, മണ്ണ്, ജലം എന്നിവ പരമാവധി ഉപയോഗിക്കാനായി ശരിയായ അകലത്തില്‍ നട്ട തെങ്ങുകള്‍ക്കിടയില്‍ ഇടവിളകൃഷി സന്പ്രദായം അനുവര്‍ത്തിച്ച് അവയില്‍ നിന്നുളള ജൈവാവശിഷ്ടങ്ങള്‍ കൂടി ഉപയോഗപ്പെടുത്താവുന്നതാണ്.

പരിചരണക്കുറവ്

മറ്റേതൊരു വിളയെയും പോലെ വെളളവും വളവും പരിചരണവും തെങ്ങിനും ആവശ്യമാണ്. കാറ്റുവീഴ്ച ബാധിത പ്രദേശങ്ങളില്‍ ഇവയുടെ അഭാവം വളരെ കൂടുതല്‍ കണ്ടു വരുന്നു. അതിനാല്‍ തെങ്ങിന്‍റെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷണവും മറ്റ് പരിചരണങ്ങളും ശുപാര്‍ശ പ്രകാരം നല്‍കേണ്ടതാണ്. നല്ല നടീല്‍ വസ്തു ഉപയോഗിക്കുന്നതോടൊപ്പം ശരിയായ പരിചരണവും വേണ്ട സമയത്ത് നല്‍കുകയാണ് പരമാവധി വിളവ് ലഭിക്കുവാന്‍ അത്യാവശ്യമായിട്ടുളളത്. ദീര്‍ഘമായ വിളയായതിനാലും. എല്ലാ മാസവും കുലയും ഓലയും ഉണ്ടാകുന്നതിനാലും ശരിയായ പരിചരണം തെങ്ങിന് ആവശ്യമാണെന്ന കാര്യത്തില്‍ സംശയമില്ലല്ലോ.

കീട-രോഗബാധകളുടെ രൂക്ഷത

കീടരോഗ നിയന്ത്രണ കാര്യത്തില്‍ വളരെയധികം അവഗണിക്കപ്പെടുന്ന ഒരു വിളയാണ് തെങ്ങ്. തെങ്ങില്‍ കയറി മരുന്ന് ചെയ്യാനുളള തൊഴിലാളികളുടെ അഭാവം, വര്‍ദ്ധിച്ച കൂലി ചെലവ്, കീടരോഗാക്രമണം തിരിച്ചറിയാനുളള അറിവില്ലായ്മ എന്നിവയൊക്കെ ഇതിനുളള പ്രായോഗിക പ്രശ്നങ്ങളായി പ്രധാന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഓലചീയല്‍, മണ്ടപ്പുഴു (ചെന്പന്‍ ചെല്ലി), കൊന്പന്‍ ചെല്ലി തുടങ്ങിയവയെ യഥാസമയം നിയന്ത്രിക്കാത്തതും നശിച്ച തെങ്ങുകള്‍ നീക്കം ചെയ്യാത്തതും അക്രമണം രൂക്ഷമാകാനും മറ്റു കൃഷിയിടങ്ങളിലേയ്ക്ക് വ്യാപിക്കാനും കാരണമാകുന്നു. അതിനാല്‍ തെങ്ങിന്‍റെ സസ്യസംരക്ഷണത്തെപ്പറ്റിയുളള അറിവും പ്രായോഗിക പരിശീലനവും നല്‍കുന്നതിന് കൂട്ടായ ശ്രമങ്ങള്‍ അത്യാവശ്യമാണ്.

കാറ്റുവീഴ്ച ബാധിച്ച തെങ്ങുകള്‍ക്ക് ശരിയായ പരിചരണ മുറകള്‍ അനുവര്‍ത്തിച്ചാല്‍ ഇപ്പോള്‍ ലഭിക്കുന്നതിന്‍റെ 3-4 മടങ്ങ് വരെ വിളവ് വര്‍ദ്ധിപ്പിക്കാമെന്ന് ഗവേഷണങ്ങളും കര്‍ഷകരുടെ പുരയിടങ്ങളില്‍ നടപ്പാക്കിയ പ്രദര്‍ശനത്തോട്ടങ്ങളും തെളിയിച്ചിട്ടുണ്ട്. കേന്ദ്ര തോട്ടവിള ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് 1960 കളില്‍ തന്നെ കാറ്റുവീഴ്ചബാധിത പ്രദേശങ്ങലില്‍ അനുവര്‍ത്തിക്കേണ്ട പരിചരണ മുറകള്‍ ശുപാര്‍ശ ചെയ്യുകയ്യും അവ കൃഷിയിടങ്ങളില്‍ ബോധ്യമാക്കിയിട്ടുളളതുമാണ്. എന്നാല്‍ പല കാരണങ്ങളാല്‍ അവ കൃഷിയിടങ്ങളില്‍ പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കാറ്റുവീഴ്ച രോഗത്തിന് ശുപാര്‍ശ ചെയ്യുന്ന സംയോജിത പരിചരണ മുറകള്‍ ഇനിപ്പറയുന്നു.

ഗുണമേന്മയുളള തെങ്ങിന്‍തൈകള്‍ നടാനുപയോഗിക്കുക

തെങ്ങിന്‍റെ ആരോഗ്യവും ഉയര്‍ന്ന വിളവും ഉറപ്പാക്കാനും കീട-രോഗങ്ങളെ ചെറുക്കാനും ഇതാവശ്യമാണ്. തൈകള്‍ക്ക് വേണ്ട രീതിയിലുളള പരിചരണം നല്‍കുക.

ഓലചീയല്‍ രോഗവും കീടാക്രമണവും നിയന്ത്രിക്കുക

ഓലചീയല്‍ ബാധിച്ച നന്പോലയുടെയും അതിനടുത്തുളള ഓലകളുടെയും ചീഞ്ഞ ഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷം 300 മില്ലിലിറ്ററില്‍ വെളളത്തില്‍ 2 മില്ലീലിറ്ററില്‍ കോണ്ടാഫ് അല്ലെങ്കില്‍ 3 ഗ്രാം ഡൈത്തേന്‍ എം- 45 കലര്‍ത്തിയ ലായനി നന്പോലകളില്‍ ഒഴിക്കുക. അതിന് ശേഷം 200 ഗ്രാം ആറ്റുമണലില്‍ (ഒരു ചിരട്ട) 20 ഗ്രാം ഫോറേറ്റ് അല്ലെങ്കില്‍ 100 ഗ്രാം മരോട്ടപ്പിണ്ണാക്കോ കലര്‍ത്തി നന്പോലക്കവിളില്‍ ഇടുന്നത് കീടങ്ങളില്‍ നിന്നും സംരക്ഷണം നല്‍കും. ഏപ്രില്‍- മേയ്, ഒക്ടോബര്‍- നവംബര്‍ എന്നിങ്ങനെ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം ഇതനുവര്‍ത്തിക്കണം.

ജൈവവളം ആവശ്യത്തിന് നല്‍കുക

തെങ്ങൊന്നിന് സെപ്തംബര്‍-- ഒക്ടോബര്‍ മാസങ്ങളില്‍ തടം തുറന്ന് 50 കിലോഗ്രാം ജൈവവളം ചേര്‍ക്കേണ്ടതാണ്. ചാണകം, കന്പോസ്റ്റ്, മറ്റ് ജൈവവളങ്ങള്‍, പച്ചിലകള്‍ എന്നിവ ഇതിനായി ഉപയോഗിക്കാം.

തെങ്ങിന്‍ തടത്തില്‍ പച്ചില വളച്ചെടിയുടെ വിത്ത് ഏപ്രില്‍- മേയ് മാസങ്ങളില്‍ വിതച്ച് സെപ്റ്റംബര്‍ ഒക്ടോബര്‍ മാസത്തോടെ പിഴുത് മണ്ണില്‍ ചേര്‍ക്കാം. മണ്ണും ജലവും സംരക്ഷിക്കുന്നത് കൂടാതെ കളകള്‍ വളാരാതിരിക്കാനും പച്ചിലവള പ്രയോഗം സഹായിക്കുന്നു. വന്‍പയര്‍, ചണന്പ്, മുളളില്ലാതൊട്ടാവാടി, കൊഴിഞ്ഞില്‍, കിലുക്കി തുടങ്ങിയവയൊക്കെ ഇപ്രകാരം ഉപയോഗിക്കാം

രാസവളം രണ്ടു ഗഡുക്കളായി നല്‍കുക

500 ഗ്രാം പാക്യജനകം 300 ഗ്രാം ഭാവഹം 1000 ഗ്രാം ക്ഷാരം എന്ന തോതില്‍ ആണ്. രാസവള പ്രയോഗം നടത്തേണ്ടത്. ഇതിനായി 1.1 കിലോഗ്രാം യൂറിയ 1.5 കിലോഗ്രാം മസ്സൂറി ഫോസ്, 1.7 കിലോഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നല്‍കാം, കൂടാതെ 1 കിലോഗ്രാം മഗ്നീഷ്യം സള്‍ഫേറ്റ് കൂടി നല്‍കണം. ശുപാര്‍ശയുടെ 1/3 ഭാഗം ഏപ്രില്‍- മേയിലും , 2/3 ഭാഗം സെപ്തംബര്‍ - ഒക്ടോബറിലും നല്‍കണം.

തെങ്ങിന്‍ തടങ്ങളില്‍ പുതയിടുക

വിവിധ ഇടവിളകള്‍ കൃഷി ചെയ്യുകയ്യും അവയില്‍ നിന്നുളള ജൈവാവശിഷ്ടങ്ങള്‍ പുനഃചംക്രമണം നടത്തുകയും ചെയ്യുക. 4 ദിവസത്തിലൊരിക്കല്‍ 200 -250 ലിറ്റര്‍ വെളളം എന്ന തോതില്‍ ജലസേചനം നടത്തുക തുടങ്ങിയവയും വിളവ് വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നു.

ഓലക്കാലുകള്‍ വിടരാതിരിക്കുക, ഉളളില്‍ കന്പോ ചിരട്ടയോ കാണാതിരിക്കുക, ഒരേ കുലയില്‍ തന്നെ ശരിയായ വലിപ്പത്തിലുളളതും വലിപ്പമില്ലാത്തതുമായ നാളികേരം ഉണ്ടാകുക തുടങ്ങിയ ലക്ഷണങ്ങള്‍ ബോറോണ്‍ എന്ന മൂലകത്തിന്‍റെ കുറവ് കൊണ്ടാണ് ഉണ്ടാകുന്നത്. ഇത് നിയന്ത്രിക്കുവാന്‍ 300 ഗ്രാം ബോറക്സ് രണ്ടു പ്രാവശ്യമായി തൈകള്‍ക്കും, 500 ഗ്രാം ബോറാക്സ് രണ്ടു പ്രാവശ്യമായി കായ്ക്കുന്നവയ്ക്കും നല്‍കേണ്ടതാണ്. ഇത് രാസവളത്തോടൊപ്പം മണ്ണില്‍ ഈര്‍പ്പമുളളപ്പോള്‍ നല്‍കാം. മറ്റു കീട-രോഗങ്ങള്‍ക്കും ആവശ്യാനുസരണം നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ കൈകൊള്ളണം.

രോഗം വളരെ രൂക്ഷമായി കായ്ഫലമൊന്നുമില്ലാതെ നില്‍ക്കുന്ന തെങ്ങുകള്‍ മുറിച്ചു മാറ്റൂന്നത് രോഗബാധ കൂടുതല്‍ പടരാതിരിക്കാനും സാന്പത്തിക നഷ്ടം ഒഴിവാക്കാനും സഹായിക്കും.

നാളികേരം നമ്മുടെ പൈതൃകം

തെങ്ങില്ലാത്ത കേരളം. അതിനിനി അധികകാലം കാത്തിരിക്കണമെന്നില്ല. നാളികേരവില ഈ മട്ടില്‍ തുടരുകയാണെങ്കില്‍ സെക്രട്ടറിയേറ്റ് നടയിലെന്നല്ല പാര്‍ലമെന്‍റിന്‍റെ നടുത്തളത്തില്‍ ഉടച്ചാലും നാളികേരത്തിനു രക്ഷയില്ലെങ്കില്‍ വേറെയെന്തുവഴി?

കൊച്ചുകേരളത്തിന്‍റെ കൃഷിഭൂമിയുടെ 39% തെങ്ങുകൃഷിക്കാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. അതായത് ദേശീയോത്പാദനത്തിന്‍റെ പകുതി. ഇത്രയേറെ പ്രധാനപ്പെട്ട വിളയായിരുന്നിട്ടും കേരകര്‍ഷകന് ദുരിതങ്ങള്‍ തന്നെ. എന്നാണ് ഇതിന് ഒരറുതി?

തെങ്ങുകൃഷി വേണെ്ടന്നു വയ്ക്കാം. അപ്പോള്‍ത്തന്നെ വിനോദ സഞ്ചാരത്തിന് വിശാലമായ കടപ്പുറങ്ങളും കായലോരങ്ങളും നമുക്കുകിട്ടും. തെങ്ങുകൃഷിയെ ആശ്രയിച്ചു കഴിയുന്ന മുപ്പതുലക്ഷത്തിലധികം കുടുംബങ്ങളോ? അവര്‍ മുണ്ടുമുറുക്കിയുടുക്കട്ടെ.

വിലയിടിവുതന്നെയാണ് കേരകര്‍ഷകന്‍റെ എന്നത്തേയും പ്രധാനപ്രശ്നം. എന്തുകൊണ്ടിങ്ങനെയെന്ന് ചോദിച്ചാല്‍ ഉത്തരം റെഡി. വിപണികളുടെ ബലതന്ത്രങ്ങളില്‍ കുരുങ്ങിയല്ലേ നാളികേരത്തിന്‍റെ ചുവടുതെറ്റുന്നത്. ആവശ്യം ലഭ്യതയെ മറികടക്കുന്പോള്‍ വില ഉയരും. ലഭ്യത ആവശ്യത്തിലധികമാകുന്പോള്‍ വില കുറയും. ഇതെല്ലാം മനസിലാക്കാന്‍ വലിയ സാന്പത്തിക ശാസ്ത്രജ്ഞാനമൊന്നും വേണ്ട. ഒരു ചോദ്യം മാത്രം ബാക്കിയാകുന്നു. എന്താണിതിനൊരു പരിഹാരം.

നിവേദനങ്ങള്‍ക്കും പരിവേദനങ്ങള്‍ക്കുമൊടുവിലിതാ പതിവിന്‍പടി താങ്ങുവില പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. നാളികേരത്തിന്‍റെ വിലയിടിഞ്ഞാലുടന്‍ ഒരേയൊരു പോംവഴിയേ ഗവണ്‍മെന്‍റിനുളളു. താങ്ങുവിലയും കൊപ്ര സംഭരണവും. 2500 ആണ് ഇത്തവണ വില പ്രഖ്യാപിച്ചിരിക്കുന്നത്.

കൊപ്ര സംഭരണമാണെങ്കില്‍ ഇതെഴുതുന്ന സമയം വരെ ആരംഭിച്ചിട്ടില്ല. കഴിഞ്ഞ കൊല്ലം 70000 ടണ്‍ കൊപ്ര സംഭരിച്ച നാഫെഡിനും കേരഫെഡിനും പറയാനുളളത് നഷ്ടക്കച്ചവടക്കിന്‍റെ കണക്കുകള്‍. നഷ്ടം നികത്താതെ ഇക്കുറി സംഭരണത്തിനില്ലെന്നാണ് അവരുടെ നിലപാട്. കൊപ്ര സംഭരണം കര്‍ഷകര്‍ക്ക് ഏറെയൊന്നും ഗുണം ചെയ്യുന്നില്ലെന്നാണ് മുന്നനുഭവങ്ങള്‍. നാളികേരത്തിനു വിലകെട്ടാന്‍ കൊപ്രയ്ക്കല്ല വെളിച്ചെണ്ണയ്ക്കാണ് താങ്ങുവില വേണ്ടത്. കാരണം നാളികേരവില ബന്ധപ്പെട്ടിരിക്കുന്നത് വെളിച്ചെണ്ണവിലയുമായിട്ടാണ്. കൊപ്രസംഭരണം വഴി കര്‍ഷകരേക്കാള്‍ കച്ചവടക്കാര്‍ക്കാണ് പ്രയോജനം. വെളിച്ചെണ്ണയുടെ വിലയ്ക്ക് വാങ്ങുന്ന നാളികേരം വെട്ടിയുണക്കി കന്പോളവിലയേക്കാള്‍ ഉയര്‍ന്നവിലയ്ക്ക് സംഭരണകേന്ദ്രങ്ങളില്‍ വിറ്റ് ലാഭമുണ്ടാക്കാന്‍ കച്ചവടക്കാര്‍ക്കുകഴിയും. ഒരു ക്വിന്‍റല്‍ വെളിച്ചെണ്ണയുടെ 62.5 ശതമാനവുമാണ് കൊപ്രയുടെ കന്പോളവിലയായി കണക്കാക്കുന്നത്.

നാളികേരവില ഉയരണമെങ്കില്‍ വെളിച്ചെണ്ണ സംഭരണമാണ് ആവശ്യം. ഇത് നന്നായറിയുന്നവര്‍തന്നെയാണ് ഗവണ്‍മെന്‍റിലും കേരഫെഡിലും ഒക്കെയുളളത്. പക്ഷേ, അവര്‍ സംഭരിക്കില്ല. അതിനുകാരണം വേറെ. വെളിച്ചെണ്ണ സംഭരിക്കുകയും റേഷന്‍കടകളിലൂടെ പാമോയിലിനുപകരം വെളിച്ചെണ്ണ വിതരണം ചെയ്യുകയും ചെയ്താല്‍ നാളികേരവില ഉയരുമെന്നതില്‍ തര്‍ക്കമില്ല. പിന്നെന്തു കൊണ്ടിത് ചെയ്യുന്നില്ല. ഉത്തരം ലളിതം. പാമോയിലിന്‍റെ മണമുളള അഴിമതികള്‍.

ഇങ്ങനെ ചെയ്യുന്നതിലൂടെ ആരാണ് നേട്ടം കൊയ്യുന്നത്. ബോംബെ ഓയില്‍ ഇന്‍ഡസ്ട്രീസ്, ഇന്ദു ഓയില്‍ മില്‍സ്, കമാനി ഓയില്‍ ഇന്‍ഡസ്ട്രീസ്, അഹമ്മദ് ഓയില്‍ മില്‍സ്, മാങ് ഓയില്‍ മില്‍സ് എന്നിവരും കല്‍ക്കട്ടയിലെ കെ.വി.എ.അമര്‍ ട്രേഡിംഗ് കന്പനിയും. കൊപ്രസംഭരണമെന്നാല്‍ ഇവര്‍ക്കെല്ലാം കീശവീര്‍പ്പിക്കാനുളള കളമൊരുക്കലാകുന്നു. കര്‍ഷകര്‍ക്ക് എക്കാലവും അധികാരികള്‍ വച്ചുനീട്ടുന്നത് ഈ ജനവിരുദ്ധനയമാണ്.

വ്യാവസായികവും ഭക്ഷ്യപരവുമായ ആവശ്യമാണ് ഇന്ന് നാളികേരത്തിനുളളത്. ഒരു കാലത്ത് വെളിച്ചെണ്ണയുടെ 15 ശതമാനത്തോളം സോപ്പുനിര്‍മ്മാതാക്കളാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇന്നത് രണ്ടു ശതമാനമായി കുറഞ്ഞു. ഹെയര്‍ ഓയില്‍, ഹെയര്‍ ക്രീം എന്നിവയുടെ നിര്‍മ്മാണത്തിലും വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നു. ഇത് ഉദാരവല്ക്കരണത്തിന്‍റെ കാലമല്ലേ. ഇറക്കുമതിക്ക് തടസ്സങ്ങളില്ല. വിദേശങ്ങളിലാണെങ്കില്‍ വെളിച്ചെണ്ണയ്ക്ക് പകരം നില്ക്കാന്‍ ഫാറ്റി ആസിഡുകളും ക്രൂഡ് പാം സ്റ്റെറിനുകളും സുലഭം. കുറഞ്ഞ വില. പിന്നെന്തിന് വ്യവസായികള്‍ കൊച്ചിയില്‍ വന്ന് വെളിച്ചെണ്ണ വാങ്ങണം.

കേരകര്‍ഷകന്‍റെ നെഞ്ചിടിപ്പാരു കേള്‍ക്കാന്‍? കര്‍ഷകരക്ഷയ്ക്കെന്ന് ആണയിടുന്ന കക്ഷിരാഷ്ട്രീയക്കാരുടെ ഒച്ചപ്പാടുകള്‍ ചടങ്ങിനെന്നോണം മുഴങ്ങി പെട്ടെന്ന് നിലച്ചുപോവുകയാണ്. കൊടിയുടെ നിറങ്ങളും പണക്കൊഴുപ്പും അധികാരഗര്‍വുകളും ചേര്‍ന്നുള്ള കളികളില്‍ ഇരയാവുന്നത് പാവം കേരകര്‍ഷകന്‍. അതുകൊണ്ടിനി വേണ്ടത് രാമാര്‍ഗം സ്വയം കണ്ടെത്തുകയാണ്.

കേരളീയന്‍റെ വെളിച്ചെണ്ണ ഉപയോഗത്തെക്കുറിച്ച് ചിന്തിക്കാനും ചര്‍ച്ച ചെയ്യാനും നാം ഏറെ വൈകി. ഇവിടെ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയുടെ പകുതി മാത്രമേ കേരളീയര്‍ ഉപയോഗിക്കുന്നുള്ളൂ എന്നതാണ് പരിതാപകരം. അതുതന്നെ അടുത്തകാലത്ത് ചുരുങ്ങിവരികയാണ്. ഇതിനു പിന്നിലും ബോംബെ വ്യവസായലോബി തന്നെ. പുതുപുത്തന്‍ വര്‍ണപ്പരസ്യങ്ങളുമായി എത്തുന്ന സോയാബീന്‍, സൂര്യകാന്തി എണ്ണകള്‍ വെളിച്ചെണ്ണയ്ക്കു പകരം വിപണി കൈയടക്കുന്നു. 86000 ടണ്‍ പാമോയിലാണ് മലയാളികള്ഡ ഒരാണ്ടില്‍ കുടിച്ചു തീര്‍ക്കുന്നത്. വെളിച്ചെണ്ണയുടെ ഉപയോഗം 75000 ടണ്‍ മാത്രം. സൂര്യകാന്തി, സോയാബീന്‍ എണ്ണകള്‍ക്ക് ഇതിന്‍റെ ഇരട്ടിയോളമുണ്ട് കന്പോളം.

ഒന്നോര്‍ക്കുക. ഇന്ത്യയില്‍ വെളിച്ചണ്ണ ഭക്ഷ്യാവശ്യത്തിനുപയോഗിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. ഈ സാഹചര്യത്തിലാണ് നാളികേരത്തിന്‍റെ ശവക്കുഴി തോണ്ടുന്നതില്‍ മലയാളി കൂടി പങ്കാളിയാവുന്നത്.

വെളിച്ചെണ്ണ ഉപയോഗം രക്തത്തിലെ കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുമെന്നും അതുവഴി ഹൃദ്രോഗസാധ്യത ഏറുമെന്നുള്ള പ്രചാരണത്തിന്‍റെ പിന്‍ബലത്തോടെയാണ് സസ്യയെണ്ണകള്‍ കേരളത്തിന്‍റെ വിപണിയില്‍ കയറിക്കൂടി സ്ഥാനമുറപ്പിച്ചത്. ഈ ആരോപണങ്ങളുടെ പൊള്ളത്തരം പിന്നീടു നടന്ന പരീക്ഷണങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യയില്‍ ഇന്നുപയോഗിക്കുന്ന സസ്യയെണ്ണ 52 ലക്ഷം ടണ്ണാണ്. അതില്‍ വെളിച്ചെണ്ണയുടെ പങ്ക് ആറു ശതമാനം മാത്രമാണ്. ആകെ ഉത്പാദിപ്പിക്കുന്ന 26000 ടണ്‍ വെളിച്ചെണ്ണയില്‍ 16000 ടണ്ണിനു മാത്രമേ ഇന്ന് സ്ഥിരം വിപണിയുള്ളൂ. ശേഷിക്കുന്നത് വിലയെ ആശ്രയിച്ചാണ് വിറ്റഴിക്കപ്പെടുന്നത്.

വെളിച്ചെണ്ണയ്ക്ക് വില കുറയുന്നതില്‍ വ്യവസായലോബിക്ക് ആഹ്ലാദമേയുള്ളൂ. കുറഞ്ഞ് ചെലവില്‍ വെളിച്ചെണ്ണ വാങ്ങി കൂടിയ വിലയ്ക്ക് കേരളത്തില്‍തന്നെ കച്ചവടം നടത്താം.

പുതിയ ലേബലില്‍ സുഗന്ധദ്രവ്യങ്ങളുടെ ചേരുവയോടെ വെളിച്ചെണ്ണ തന്നെയാണ് വിപണിയിലെത്തുന്നതെന്ന് ആരറിയുന്നു. ലേപനാവശ്യങ്ങള്‍ക്കുമാത്രം വെളിച്ചെണ്ണ ഉപയോഗിക്കുന്ന അന്യസംസ്ഥാനങ്ങളിലുള്ളവരേയും മുന്നില്‍ക്കണ്ടാണ് ഈ ലാഭക്കച്ചവടം നടക്കുന്നത്. പാരച്യൂട്ട്, കൊക്കോകെയര്‍ എന്നിങ്ങനെയുള്ള ലേബലുകളില്‍ ആകര്‍ഷിക്കപ്പെടുന്ന അധികവും മലയാളികളും. തലമറന്നുള്ള എണ്ണതേയ്ക്കലാണിത്. അങ്ങനെയാണ് നാളികേരം സ്വന്തം വളപ്പില്‍ത്തന്നെ അന്യമാകുന്നത്.

കുറഞ്ഞ ചെലവില്‍ കിട്ടുന്ന പോഷകമൂല്യമുള്ള ഇളനീര്‍പോലും അടുത്തകാലത്താണ് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തിത്തുടങ്ങിയത്. കരിക്ക് ഇപ്പോള്‍ കന്പോളങ്ങളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്

ഓലയും മടലും കന്പോസ്റ്റാക്കാം

തെങ്ങോലയും തെങ്ങിന്‍റെ മറ്റ് അവശിഷ്ടങ്ങളും കന്പോസ്റ്റാക്കാനുള്ള സാങ്കേതികവിദ്യ കാസര്‍കോട് തോട്ടവിള ഗവേഷണകേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്തു. തെങ്ങിന്‍റെ ജൈവ അവശിഷ്ടങ്ങളില്‍ അഴുകാന്‍ പ്രയാസമുള്ള ലിഗ്നിന്‍ എന്ന പദാര്‍ഥം ധാരാളം അടങ്ങിയതിനാല്‍ പ്രകൃത്യാ ജീര്‍ണിക്കുന്നതിനു വളരെ കാലതാമസമുണ്ട്. എന്നാല്‍ ഇവയെ വളരെ എളുപ്പത്തില്‍ ഫലപ്രദമായും കന്പോസ്റ്റാക്കുന്നതിന് ആഫ്രിക്കന്‍ നൈറ്റ് കോളര്‍ എന്ന ഇനം മണ്ണിരയ്ക്കു കഴിയും ഇതിനോട് സാമ്യമുള്ള പ്രത്യേക ഇനം മണ്ണിരയെയാണ് കാസര്‍കോട് കേന്ദ്രത്തില്‍ വേര്‍തിരിച്ചെടുത്തത്.

ചാണകവും അഴുകിയ ഇലകളും ചേര്‍ന്ന മിശ്രിതത്തില്‍ ഈ മണ്ണിരകളെ വളര്‍ത്തി എളുപ്പത്തില്‍ വംശവര്‍ധന നടത്താം. കര്‍ഷകര്‍ക്കു തുടക്കത്തില്‍ ആവശ്യമായ മണ്ണിരകള്‍ മിതമായ നിരക്കില്‍ കാസര്‍കോട് തോട്ടഗവേഷണ കേന്ദ്രത്തില്‍നിന്നു കിട്ടും. ഈ മണ്ണിരയെ ഉപയോഗിച്ച് തെങ്ങോലകളെ എങ്ങനെ മണ്ണിരക്കന്പോസ്റ്റാക്കാമെന്നു നോക്കാം.

തെങ്ങിന്‍തോപ്പില്‍ത്തന്നെ വീണു കിടന്നു പഴകിയ ഓലകളാണ് മണ്ണിരക്കന്പോസ്റ്റുണ്ടാക്കാന്‍ പറ്റിയത്. ഓലകള്‍ മുറിച്ചു ചെറുതാക്കാതെ അതേപടി ഉപയോഗിക്കാം. തെങ്ങിന്‍തോപ്പില്‍ത്തന്നെ സിമന്‍റ് ടാങ്കുകളിലോ പ്രത്യേക ഷെഡുകളിലോ തെങ്ങിന്‍ തോട്ടത്തില്‍ത്തന്നെ തയാറാക്കിയ കുഴികളിലോ കന്പോസ്റ്റുണ്ടാക്കാം. കുഴികളുടെ ആഴം ഒരു മീറ്ററിലധികമാകരുത്. ഏതു രീതിയിലായാലും അധികജലം വാര്‍ന്നു പോകുന്നതിനു സൗകര്യമുണ്ടാകണം.

കന്പോസ്റ്റുണ്ടാക്കാനെടുത്ത ഓലകളുടെ തൂക്കത്തിന്‍റെ പത്തിലൊരു ഭാഗം ചാണകം വെള്ളത്തില്‍ കലര്‍ത്തി ഓലകളില്‍ തളിച്ച് രണ്ടാഴ്ചയോളം വയ്ക്കണം. അതിനു ശേഷം ഒരു ടണ്‍ ഓലയ്ക്ക് ഒരു കിലോഗ്രാം എന്ന തോതില്‍ മണ്ണിരകള്‍ ചേര്‍ക്കണം. മണ്ണിരക്കന്പോസ്റ്റുണ്ടാക്കുന്നിടത്തു സൂര്യപ്രകാശം നേരിട്ടു വീഴാത്ത വിധം തണല്‍ ക്രമീകരിക്കണം. ആവശ്യത്തിന് ഈര്‍പ്പം നിലനിര്‍ത്തുന്നതിന് ഇടയ്ക്കിടെ വെള്ളം തളിച്ചു കൊടുക്കുകയും വേണം. നനഞ്ഞ ചാക്കുകളോ വാഴയിലകളോ പഴകിയ വൈക്കോലോ, ഓലകള്‍ തന്നെയോ പുതുതായി മേലേ ഉപയോഗിക്കാം. ഈര്‍പ്പം നിലനിര്‍ത്താനും നേരിട്ടു സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാനും പക്ഷികള്‍, എലി എന്നിവയില്‍ നിന്നുള്ള സംരക്ഷണത്തിനും പുതയിടല്‍ ഉപകരിക്കും.

ഏതാണ്ട് 60-75 ദിവസങ്ങള്‍ക്കകം തരി രൂപത്തിലുള്ള കന്പോസ്റ്റ് ലഭിക്കുന്നു. ഉപയോഗിച്ച ഓലകളുടെ ഭാരത്തിന്‍റെ 70% കന്പോസ്റ്റ് ലഭിക്കും. എന്നാല്‍ ഓലയുടെ പഴക്കത്തിനനുസരിച്ച് കന്പോസ്റ്റിന്‍റെ തോതു വ്യത്യാസപ്പെടും. കന്പോസ്റ്റ് മാറ്റാന്‍ ഉദ്ദേശിക്കുന്നതിന് ഒരാഴ്ച മുന്പ് നന നിര്‍ത്തണം. മണ്ണിരകളെല്ലാം ഈര്‍പ്പമുള്ള അടിഭാഗത്തേക്കു പൊയ്ക്കൊള്ളും. മുകള്‍ഭാഗത്തുനിന്ന് കന്പോസ്റ്റ് മാറ്റി ഉണക്കി അരിച്ചെടുക്കാം. അടിഭാഗത്തു കൂട്ടം കൂടിയിരിക്കുന്ന മണ്ണിരകളെ കന്പോസ്റ്റ് ഉണ്ടാക്കുന്നതിനായി വീണ്ടും ഉപയോഗിക്കാം.

കന്പോസ്റ്റില്‍ 1.8% പാക്യജനകം, 0.21% ഭാവഹം, 0.16% ക്ഷാരം എന്ന തോതില്‍ സസ്യപോഷകങ്ങളുണ്ട്. സസ്യാവശിഷ്ടത്തിലുള്ള പോഷകമൂലകങ്ങളുടെ അളവനുസരിച്ച് കന്പോസ്റ്റിലെ പോഷകമൂലകങ്ങളുടെ അളവിലും ഏറ്റക്കുറവുണ്ടാകും. പയര്‍വര്‍ഗത്തില്‍പ്പെട്ട പച്ചിലവളച്ചെടികളും വാഴയുടെ ജൈവാവശിഷ്ടങ്ങളും മറ്റും തെങ്ങോലയ്ക്കൊപ്പം ചേര്‍ത്ത് കന്പോസ്റ്റുണ്ടാക്കിയാല്‍ പോഷകമൂലകങ്ങളുടെ തോതു കൂട്ടാം.

മച്ചിങ്ങപൊഴിച്ചില്‍ എന്തുകൊണ്ട് ?

ഒരു ചൊട്ടയിലെ 60% വരെ മച്ചിങ്ങ പൊഴിയുന്നത് സാധാരണം. ഇതില്‍ കൂടിയാല്‍ പ്രതിവിധി തേടണം.

തെങ്ങില്‍ മച്ചിങ്ങ പൊഴിച്ചില്‍ സാധാരണമാണ്. ഒരു ചൊട്ടയില്‍ ഉണ്ടാകുന്ന മൊത്തം മച്ചിങ്ങയുടെ 60% പൊഴിഞ്ഞു പോകുമെന്നാണ് കണക്കാക്കിയിട്ടുള്ളത് ശേഷിച്ച 40% ആണ് വലിപ്പം വച്ച് തേങ്ങായാകുന്നത്.

അതുകൊണ്ടു സാധാരണയില്‍ കവിഞ്ഞ മച്ചിങ്ങ പൊഴിച്ചില്‍ കാണുന്ന പക്ഷമേ പ്രതിവിധികള്‍ തേടേണ്ടതുള്ളൂ.

മച്ചിങ്ങ പൊഴിച്ചിലിന് പല കാരണങ്ങളും ചൂണ്ടിക്കാട്ടാം. രൂക്ഷമായ വരള്‍ച്ച അതില്‍ പ്രധാനമാണ്. ലഘുമൂലകങ്ങള്‍ കുറയുന്നതും കീടരോഗബാധയും പൊഴിച്ചിലിനു കാരണമാകാം. ഗുണനിലവാരം കുറഞ്ഞ തൈകള്‍ നട്ടാലും തെങ്ങില്‍ പ്രതീക്ഷിച്ച വിധം കായ്ഫലം കിട്ടാതെ വരും.

ഇവയ്ക്കെല്ലാം പുറമെ ഹോര്‍മോണുകളുടെ അസന്തുലനവും മച്ചിങ്ങ പൊഴിച്ചിലിന് കാരണമാകാറുണ്ട്. ഹോര്‍മോണുകളില്‍ ഓക്സിജന്‍ എന്ന പദാര്‍ഥത്തിന്‍റെ സംയോജനം മച്ചിങ്ങ പിടിക്കുവാന്‍ ആവശ്യമാണ്. അതല്ലെങ്കില്‍ മച്ചിങ്ങ പൊഴിച്ചില്‍ രൂക്ഷമാകാന്‍ ഇടയുണെ്ടന്നു തെളിഞ്ഞിട്ടുണ്ട്.

പ്ലാനോഫിക്സ് എന്ന ഹോര്‍മോണ്‍ പ്രയോഗിച്ചു മച്ചിങ്ങ അമിതമായി പൊഴിയുന്നതു തടയാനാകുമെന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട് ഇതിനായി ഒരു ലിറ്റര്‍ വെള്ളത്തില്‍ മില്ലി പ്ലാനോഫിക്സ് ചേര്‍ത്ത് ലായനി ഉണ്ടാക്കണം ഇതിന് ഉപയോഗിക്കുന്ന വെള്ളം നൂറു ശതമാനം പരിശുദ്ധമാണെന്ന് ഉറപ്പു വരുത്തുകയും വേണം.

ചൊട്ട വിരിഞ്ഞ് 30 ദിവസം കഴിഞ്ഞാണ് ലായനി അതില്‍ തളിക്കേണ്ടത്. ഒരു വട്ടമേ ഇതു തളിക്കേണ്ടതുള്ളൂ. അതിന് 100 മി. ലി. ലായനി മതി. പ്ലാനോഫിക്സ് തളിച്ച ചൊട്ടകളില്‍ 50% മച്ചിങ്ങയും പൊഴിയുകയില്ലെന്നാണ് തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയിലെ ഒരു പഠനം തെളിയിച്ചിട്ടുള്ളത്.

ഓരോ വര്‍ഷവും ഓരോ തെങ്ങിനും 200 ഗ്രാം സിങ്ക് സള്‍ഫേറ്റ് ചേര്‍ക്കുന്നതും ഇത് അഞ്ചു വര്‍ഷം തുടര്‍ച്ചയായി നല്‍കുന്നതും അമിതമായ മച്ചിങ്ങ പൊഴിച്ചില്‍ തടയുമെന്നു കണ്ടിട്ടുണ്ട്.

മച്ചിങ്ങ പൊഴിച്ചിലിനു മറ്റൊരു കാരണം ഒരുതരം കുമിളാണ്. തെങ്ങിനിടയില്‍ പലതരം ഇടവിളകള്‍ കൃഷി ചെയ്യുന്പോഴാണ് കുമിള്‍രോഗം രൂക്ഷമാകുന്നത്. ഏതെങ്കിലും കുമിള്‍നാശിനി തളിച്ച് ഈ രോഗം തടുക്കാന്‍ കഴിയും. ഫൈറ്റൊലന്‍ എന്ന കീടനാശിനി ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു ഗ്രാം എന്ന കണക്കില്‍ ചേര്‍ത്ത് ഇതിനുള്ള മരുന്നുണ്ടാക്കാം.

തെങ്ങന് ഓരോ ദിവസവും 150-200 ലിറ്റര്‍ വെള്ളം വേണമെന്നാണ് കണക്കാക്കിയിട്ടുള്ളത്. അതുകൊണ്ടാണ് വേനല്‍ക്കാലത്ത് തെങ്ങിന് നനയ്ക്കണമെന്നു നിര്‍ദേശിച്ചിട്ടുള്ളത്. നനയ്ക്കാന്‍ സൗകര്യമില്ലെങ്കില്‍ പറന്പില്‍ വേനല്‍മാസങ്ങളില്‍ പുതയിട്ടു വെള്ളം നഷ്ടപ്പെടാതിരിക്കാനും ശ്രദ്ധിക്കണം.

വിത്തുതേങ്ങ ശേഖരിക്കലും നടീലും

വിത്തുഗുണം പത്തുഗുണം എന്നാണല്ലോ ചൊല്ല്. ഒരു മനുഷ്യായുസ്സോളം വിള തരുന്ന തെങ്ങിന്‍റെ കാര്യത്തില്‍ ഇത് പ്രത്യേകം ഓര്‍മ്മിക്കേണ്ട കാര്യമാണ്. നന്നായി പരിചരണം നല്‍കുന്ന തെങ്ങില്‍ ഏകദേശം 5 മുതല്‍ 8 വര്‍ഷം വരെ സമയം കൊണ്ടുമാത്രമേ ആദ്യത്തെ കുലയുണ്ടാകുകയുള്ളൂ. പിന്നീടുള്ള 5 മുതല്‍ 7 വര്‍ഷം വരെയുള്ള സമയം കൊണ്ടു മാത്രമേ വിളവ് ആദായകരമായ നിലവാരത്തിലെത്തുകയുള്ളൂ. അതായത് ഒരു കൃഷിക്കാരന് അദ്ദേഹം നട്ട തെങ്ങിന്‍റെ ഉത്പാദനക്ഷമത മനസ്സിലാക്കുവാന്‍ ഏകദേശം 10 മുതല്‍ 15 വര്‍ഷം വരെ വേണ്ടി വരുന്നു. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ നടുന്നതിനുള്ള തൈകള്‍ തെരഞ്ഞെടുക്കുന്പോള്‍ ഗുണമേന്മയുള്ളവയാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

തെങ്ങ് ഒരു പരപരാഗണ വിളയാണ്. ഒരേ സ്ഥലത്തു തന്നെ വിവിധ ഗുണങ്ങള്‍ പ്രകടിപ്പിക്കുന്ന തെങ്ങുകള്‍ നില്‍ക്കുന്നതിനാല്‍ മാതൃവൃക്ഷത്തിന്‍റെ ഗുണങ്ങള്‍ അതില്‍ നിന്നെടുക്കുന്ന വിത്തുതേങ്ങയ്ക്കുണ്ടാകുമെന്ന് ഉറപ്പിക്കാനാവില്ല. നടാനായി വിത്തുതേങ്ങ തിരഞ്ഞെടുക്കുന്പോഴും പാകി മുളപ്പിച്ച് തൈകളാക്കുന്പോഴും ചില അടിസ്ഥാന തത്വങ്ങള്‍ പാലിക്കേണ്ടതുണ്ട്.

മാതൃവൃക്ഷം തെരഞ്ഞെടുക്കുന്പോള്‍ മുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിലെ ഭൂരിഭാഗം വരുന്ന തെങ്ങുകളും കാറ്റുവീഴ്ചയെപ്പോലുള്ള മാരകങ്ങളായ രോഗങ്ങളുടെ പിടിയിലാണ്. അതുകൊണ്ട് രോഗബാധിത പ്രദേശങ്ങളെ ഒഴിവാക്കി വേണം മാതൃവൃക്ഷങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. സ്ഥിരമായി കായ്ക്കുന്നവയും വര്‍ഷത്തില്‍ 80 തേങ്ങയില്‍ കൂടുതല്‍ വിളവ് തരുന്നവയുമായിരിക്കണം. ഒരു തേങ്ങയില്‍ നിന്നുള്ള കൊപ്രക്ക് 150 ഗ്രാമെങ്കിലും തൂക്കമുണ്ടായിരിക്കണം. മാതൃവൃക്ഷത്തില്‍ പൂര്‍ണമായി വിരിഞ്ഞ 30 ഓലകളില്‍ കുറയാതെ ഉണ്ടായിരിക്കേണ്ടതാണ്. പൂങ്കുലകളില്‍ പെണ്‍പൂക്കള്‍ ധാരാളമായി കാണണം. കുറഞ്ഞത് 12 കുലകളെങ്കിലും മാതൃവൃക്ഷത്തിലുണ്ടാവണം. ക്ലാഞ്ഞിലുകള്‍ ചെറുതും ഉറപ്പും ബലവുമുള്ളതായിരിക്കണം 20 മുതല്‍ 50 വര്‍ഷം വരെ പ്രായമുള്ള തെങ്ങുകള്‍ മാതൃവൃക്ഷങ്ങളായി തെരഞ്ഞെടുക്കാം. വീടിനു വളരെയടുത്ത് വളരുന്ന തെങ്ങകള്‍, കാലിത്തൊഴുത്തിനടുത്തും, വളക്കുഴിക്കടുത്തും വളരുന്നവ, കുളങ്ങള്‍, ബണ്ടുകള്‍ എന്നിവയ്ക്കടുത്തായി വളരുന്ന തെങ്ങുകള്‍ മുതലായവ ഒഴിവാക്കപ്പെടേണ്ടതാണ്. ഇവയില്‍ നിന്നെടുത്ത വിത്തുതേങ്ങകള്‍ സാധാരണ സാഹചര്യങ്ങളില്‍ വളരുന്പോള്‍ മാതൃവൃക്ഷത്തിന്‍റെ ഗുണങ്ങള്‍ കാണിച്ചെന്നിരിക്കുകയില്ല. അതുപോലെ തന്നെ ഇടത്തരം വലിപ്പമുള്ള ഉരുണ്ടതോ നീണ്ട് ഉരുണ്ട ആകൃതിയുള്ളതോ ആയ തേങ്ങകള്‍ കായ്ക്കുന്ന തെങ്ങ് മാതൃ വൃക്ഷമായി തെരഞ്ഞെടുക്കാം.

ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവാണ് വിത്തുതേങ്ങ സംഭരിക്കന്‍ ഏറ്റവും അനുയോജ്യം. ഈ സമയത്ത് തേങ്ങയ്ക്ക് സാധാരണയില്‍ അപേക്ഷിച്ച് വലിപ്പം കൂടുതലും കൊപ്രയ്ക്ക് തൂക്കം കൂടുതലും ഉണ്ടായിരിക്കും. മാത്രമല്ല കേരളത്തില്‍ മണ്‍സൂണ്‍ മഴ അതിനുശേഷം ലഭിക്കുന്നതിനാല്‍ തേങ്ങ പാകുവാനും സാധിക്കുന്നു. വിത്തുതേങ്ങ ഒരു വര്‍ഷം വരെ തെങ്ങില്‍ നിന്നുതന്നെ പാകമെത്തിയതായിരിക്കണം. തേങ്ങയില്‍ കൈവിരല്‍ തട്ടുന്പോള്‍ നല്ല മുഴക്കമുള്ള ശബ്ദമുണ്ടാകണം. ഭാരം കുറവായിരിക്കണം. കുലുക്കി നോക്കിയാല്‍ വെള്ളമുണ്ടായിരിക്കണം. തൊണ്ട് ചെറുതായി വെട്ടിനോക്കിയാല്‍ ചകിരിക്ക് ബ്രൗണ്‍ നിറം കാണണം. ഇത്തരത്തിലുള്ള തേങ്ങകള്‍ വിത്തുതേങ്ങയ്ക്കായി പരിഗണിക്കാവുന്നതാണ്.

വിത്തുതേങ്ങയ്ക്ക് കേടുണ്ടാകാത്ത വിധമായിരിക്കണം വിളവെടുക്കേണ്ടത്. തേങ്ങക്കുലകള്‍ കയറില്‍ കെട്ടിയിറക്കുന്നതാണ് ഉത്തമം. കുലകളില്‍ നിന്നും വേര്‍തിരിച്ച തേങ്ങകള്‍ തൊണ്ടിലെ ഈര്‍പ്പം നീക്കുന്നതിനും തേങ്ങയിലെ വെള്ളം നിലനിര്‍ത്തുന്നതിനുമായി തണലില്‍ കൂട്ടിയിട്ട് വാടിയശേഷം തണലില്‍ തന്നെ മൂന്നിഞ്ച് കനത്തില്‍ മണല്‍ നിരത്തി അതിനുമുകളിലായി മുന്നട്ടയായി കുത്തനെ നിരത്തേണ്ടതാണ്. ഇങ്ങനെ മൂന്ന് മാസം വരെ വിത്തുതേങ്ങ സൂക്ഷിക്കേണ്ടതാണ്. ഓലകള്‍ കൊണ്ട് മറച്ച് അധിക ചൂടില്‍ നിന്നും ഇതിന് സംരക്ഷണം നല്‍കേണ്ടതാണ്. ഇടയ്ക്കിടയ്ക്ക് വെള്ളം തിളിച്ചുകൊടുത്താല്‍ തൊണ്ടുണങ്ങുന്നത് തേങ്ങയിലെ വെള്ളം വറ്റുന്നത് തടയാന്‍ സാധിക്കും. നല്ല വായുസഞ്ചാരമുള്ള ഷെഡ്ഡുകളിലും വിത്തുതേങ്ങ സൂക്ഷിക്കാം.

ഇടവപ്പാതിക്കുമുന്പായി വിത്തുതേങ്ങ പാകി തുടങ്ങാം. ജൂണ്‍ മാസം അവസാനത്തോടുകൂടി പാകല്‍ പൂര്‍ത്തിയാക്കേണ്ടതാണ്. പാകുന്നതിനുമുന്പായി ചിലകാര്യങ്ങളും കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. മണല്‍ കലര്‍ന്ന പ്രദേശമാണ് തേങ്ങ പാകുന്നതിന് നല്ലത്. നല്ല നീര്‍ വാര്‍ച്ചയുള്ളതും ജലസേചനസൗകര്യങ്ങളുള്ളതുമായ സ്ഥലം തിരഞ്ഞെടുക്കണം. തേങ്ങ പാകുന്നതിനായി നാലടി വീതിയും 25 സെന്‍റീമീറ്റര്‍ നീളമുള്ള തടങ്ങള്‍ എടുക്കണം. ചിതലിന്‍റെ ശല്യമുള്ള സ്ഥലങ്ങളില്‍ അനുയോജ്യമായ കീടനാശിനികള്‍ മണ്ണില്‍ ചേര്‍ത്തുകൊടുക്കാവുന്നതാണ്. ഇത്തരത്തിലുള്ള ഒരു തടത്തില്‍ 100 തേങ്ങ പാകുവാന്‍ സാധിക്കും. 25 തേങ്ങകള്‍ വീതമുള്ള നാലുവരികളായാണ് തേങ്ങ പാകേണ്ടത്. തേങ്ങ ചരിച്ചും കുത്തനെയും പാകാറുണ്ട്. തൊണ്ട് കുറച്ച് വെളിയില്‍ വരത്തക്കവിധത്തില്‍ വേണം തേങ്ങ പാകേണ്ടത്. മൂന്ന് ദിവസത്തിലൊരിക്കല്‍ ജലസേചനം നടത്തണം. 3-4 ലിറ്റര്‍ വെള്ളമെങ്കിലും ഒരു തേങ്ങയ്ക്ക് കിട്ടത്തക്ക വിധം വേണം ജലസേചനം നടത്തേണ്ടത്. മണ്‍സൂണ്‍ കഴിയുന്നതോടു കൂടി നേഴ്സറിക്കാവശ്യമായ തണല്‍ നല്‍കേണ്ടതാണ്. മൂന്ന് ദിവസത്തിലൊരിക്കല്‍ ബെഡ്ഡുകളില്‍ കീട-രോഗബാധകളുണേ്ടായെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. നഴ്സറി തടങ്ങളില്‍ കളകള്‍ വളരാതെ ശ്രദ്ധിക്കണം. നന്നായി പരിചരണം ലഭിക്കുന്ന നഴ്സറികളില്‍ 8 മുതല്‍ 10 ആഴ്ചകള്‍ കൊണ്ട് തേങ്ങമുളയ്ക്കുവാന്‍ തുടങ്ങും. 6 മാസം കൊണ്ട് എല്ലാ നല്ല തേങ്ങകളും മുളച്ചുകഴിഞ്ഞിരിക്കും. മുളയ്ക്കാത്ത തേങ്ങകള്‍ ഉടന്‍ തന്നെ ബെഡ്ഡില്‍ നിന്ന് ഇളക്കി മാറ്റേണ്ടതാണ്. ഇത് ഡിസംബര്‍ അവസാനത്തോടുകൂടി പൂര്‍ത്തീകരിച്ചിരിക്കണം. മുളപൊട്ടി തൈകള്‍ക്ക് 6-7 മാസം പ്രായമാകുന്പോള്‍ നല്ല തൈകളെ തിരിച്ചറിയാന്‍ സാധിക്കും. മുഴുവനായി വിടര്‍ന്ന 4 ഓലകളെങ്കിലും ഉണ്ടായിരിക്കണം. കടവണ്ണം (കണ്ണാടിവണ്ണം) 7-8 സെന്‍റീമീറ്ററില്‍ കുറയാന്‍ പാടില്ല. ഇത്തരത്തിലുള്ള തൈകള്‍ നിലനിര്‍ത്തിയശേഷം ബാക്കിയുള്ളവ പിഴുത് വെട്ടിക്കളയേണ്ടതാണ്. 9 മാസം വളര്‍ച്ചയെത്തിയ തൈകള്‍ നടാനായി എടാക്കാം. മഴയുടെ ആരംഭത്തില്‍ ജൂലായ് മാസത്തോടുകൂടി തൈകള്‍ പുരയിടങ്ങളില്‍ നടാവുന്നതാണ്.

തെങ്ങോലപ്പുഴുവിന്‍റെ ആക്രമണം തടയാം

തെങ്ങിന്‍റെ പ്രധാന ശത്രുകീടങ്ങളിലൊന്നാണ് തെങ്ങോലപ്പുഴു. വേനല്‍ക്കാലമാകുന്നതോടെ ഇതിന്‍റെ ഉപദ്രവം വര്‍ധിക്കുന്നു. ഇലതീനിപ്പുഴു, കറുത്ത തലയന്‍പുഴു എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. കായലോരങ്ങളിലും കടല്‍ത്തീരങ്ങളിലുമാണ് ഇതിന്‍റെ ഉപദ്രവം വന്‍തോതില്‍ കാണുക. മറ്റു പ്രദേശങ്ങളിലുമുണ്ടാകാറുണ്ട്.

തെങ്ങോലകളില്‍ തീ വീണതു പോലെ അടിയോലകള്‍ കരിഞ്ഞു നില്‍ക്കുന്നതു കാണാം. സാധാരണ ഗതിയില്‍ ഇടി വീണതാണെന്ന് കൃഷിക്കാര്‍ തെറ്റിദ്ധരിക്കാറുണ്ട്. വര്‍ഷം മുഴുവന്‍ ഈ പുഴുക്കള്‍ ഉപദ്രവം ചെയ്യാറുണ്ടെങ്കിലും ഉണക്കുകാലമായ മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ അനുകൂല കാലാവസ്ഥയായതിനാല്‍ വംശവര്‍ധനവ് കൂടുതല്‍ ഉണ്ടാകുകയും പുഴുവിന്‍റെ ഉപദ്രവം കൂടുകയും ചെയ്യും.

ശലഭങ്ങള്‍ക്ക് ചാരനിറമാണ്. മുന്‍ചിറകുകള്‍ അല്‍പം വലുതും അവയില്‍ അവിടവിടെ കറുത്ത ശല്‍കങ്ങളും ഉണ്ടായിരിക്കും. തെങ്ങിന് നാശം ചെയ്യുന്നത് പുഴുക്കളാണ്. ഈ പുഴുക്കള്‍ ഓലക്കാലുകളുടെ അടിയില്‍ ജീവിക്കുന്നു. സ്വന്തം വിസര്‍ജ്യങ്ങള്‍ ഉപയോഗിച്ച് ഇവ ഗ്യാലറികള്‍ പോലുള്ള വാസസ്ഥലങ്ങള്‍ നിര്‍മിക്കുന്നു. അവയ്ക്കുള്ളിലാണ് ജീവിതം.

ഓലയുടെ അടിഭാഗത്തുള്ള പച്ചയായ ഭാഗം കാര്‍ന്നുതിന്ന ശേഷം നേര്‍ത്ത സ്തരം പോലുള്ള ഭാഗം അവശേഷിപ്പിക്കുന്നു. ആക്രമണ ഫലമായി ഓലകള്‍ക്ക് തവിട്ടു കലര്‍ന്ന ചാരനിറം ഉണ്ടാകുകയും ക്രമേണ പുഴുക്കള്‍ കാര്‍ന്നുതിന്ന ഭാഗം ഉണങ്ങുകയും ചെയ്യുന്നു. കൂടുതല്‍ ഓലകളില്‍ പുഴുശല്യം ഉണ്ടാകുന്പോള്‍ തെങ്ങിന്‍റെ മണ്ട മൊത്തമായി തീ വീണു കരിഞ്ഞതുപോലെ കാണുന്നതാണ്. വിളവിലും സാരമായ കുറവുണ്ടാകും. ചിലപ്പോള്‍ പ്രായം കുറഞ്ഞ തെങ്ങുകള്‍ പൂര്‍ണമായി നശിക്കുവാനും ഇടയാകുന്നു.

ഏകദേശം 45 ദിവസത്തോളം പുഴു ആ ദശയില്‍ തുടരുന്നു. പൂര്‍ണവളര്‍ച്ചയെത്തിയ പുഴുക്കള്‍ക്ക് ഇളം പച്ചനിറവും തലയ്ക്ക് ഇരുണ്ട പച്ച നിറവുമാണ്. ഏകദേശം 15 മില്ലീമീറ്റര്‍ നീളമുണ്ടാകും. ചുവപ്പു കലര്‍ന്ന തവിട്ടു നിറത്തോടുകൂടിയ വര പോലുള്ള അടയാളം ഒരെണ്ണം മുതുകിലും രണ്ടെണ്ണം വീതം വശങ്ങളിലും കാണുന്നു. ഈ വരകള്‍ മറ്റു പുഴുക്കളില്‍ നിന്നും ഇവയെ തിരിച്ചറിയുവാന്‍ സഹായിക്കുന്നു.

പുഴുവിന്‍റെ ആക്രമണം കാണുന്ന ഓലകള്‍ വെട്ടിയെടുത്ത് പുഴുക്കളോടൊപ്പം തന്നെ നശിപ്പിക്കുകയെന്നതാണ് ആദ്യ നിയന്ത്രണ നടപടി. പുഴുക്കള്‍ ഉണ്ടാക്കിയ ഗ്യാലറികള്‍ കാണുന്ന എല്ലാ ഓലകളും വെട്ടിയെടുത്ത് തീയിടണം. കീടത്തിന്‍റെ സംഖ്യാബലം കുറയ്ക്കുവാന്‍ ഇത് സഹായിക്കും. കൂടാതെ വീണ്ടും കൂടുതലായി ഉണ്ടാകാവുന്ന ആക്രമണം കുറയ്ക്കുവാനും സഹായിക്കും.

എതിര്‍പ്രാണികളെ ഉപയോഗിച്ചും ഇവയെ നിയന്ത്രിക്കുവാന്‍ കഴിയും. തെങ്ങോലപ്പുഴുവിന് പ്രകൃതിയില്‍ തന്നെ ധാരാളം ശത്രുക്കളുണ്ട്. ഇവയില്‍ പരീക്ഷണശാലയില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന ചിലയിനം പ്രാണികളുണ്ട്. ബ്രാക്കോണിഡ്, എലാസ്മിഡ്, ബത്തിലിഡ്, യുലോഫിഡ് എന്നിവയാണ് പ്രധാനപ്പെട്ടവ. യുലോഫിഡ് സമാധിദശയെയാണ് ആക്രമിക്കുന്നത്. ബ്രാക്കോണിഡ്, എലാസ്മിഡ്, ബത്തിലിഡ് എന്നീ പരാദങ്ങള്‍ പുഴുക്കളെ ആക്രമിച്ച് നശിപ്പിക്കുന്നു.

കൃഷിവകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷനില്‍ നിന്നും ഗ്ലാസ്ട്യൂബുകളില്‍ ലഭിക്കുന്ന ഇവയെ ആക്രമണവിധേയമായ തെങ്ങുകളുടെ മണ്ടയില്‍ ഓലമടലുകള്‍ തെങ്ങിന്‍റെ തടിയുമായി ചേരുന്ന ഭാഗത്ത് നിക്ഷേപിക്കുകയാണെങ്കില്‍ അവിടെ നിന്നും അവ ക്രമേണ നീങ്ങി പുഴുക്കളെയോ സമാധിദശയെയോ തേടിപ്പിടിച്ച് ആക്രമിക്കും. നാശം വന്‍തോതില്‍ കാണുന്നുവെങ്കില്‍ ഇടവിട്ടുള്ള തെങ്ങുകളില്‍ ഇവയെ നിക്ഷേപിക്കണം.

രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ചുള്ള കീടനിയന്ത്രണമാണ് അടുത്തത്. ആക്രമണം കൂടുതലാണെങ്കില്‍ കീടനാശിനി കലക്കി ഓലയില്‍ തളിക്കണം. 0.05 ശതമാനം വീര്യമുള്ള മാലത്തിയോണ്‍, 0.05 ശതമാനം വീര്യമുള്ള ക്വിനാല്‍ഫോസ് ഇവയിലേതെങ്കിലുമൊന്ന് വെള്ളത്തില്‍ കലക്കി ഓലയുടെ അടിവശത്ത് തളിക്കണം.

മുകളില്‍ പ്രസ്താവിച്ച നിയന്ത്രണ നടപടികള്‍ പ്രത്യേകം പ്രത്യേകം സ്വീകരിക്കുന്നതിലും ഫലപ്രദം സംയോജിത കീടനിയന്ത്രണം നടപ്പിലാക്കുന്നതാണ്. അതിനായി ആദ്യം കീടബാധയുള്ള തെങ്ങുകളിലെ അടിയോലകള്‍ വെട്ടി തീയിടണം. ഉപദ്രവത്തിന്‍റെ ആരംഭദശയില്‍ എതിര്‍പ്രാണികളെ ഉപയോഗിച്ച് നിയന്ത്രിക്കാവുന്നതാണ്. ആക്രമണം രൂക്ഷമാണെങ്കില്‍ രാസനിയന്ത്രണം സ്വീകരിക്കണം. മരുന്നുതളിക്കുന്പോള്‍ ഓലയുടെ അടിഭാഗത്ത് നല്ലവണ്ണം വീഴാന്‍ ശ്രദ്ധിക്കണം.

ഇളനീര്‍ പ്രകൃതിയൊരുക്കിയ ശീതളപാനീയം

പ്രകൃതി അതിന്‍റെ എല്ലാ നന്മയും നൈര്‍മല്യവും രമ്യമായി ഇണക്കി ച്ചേര്‍ത്ത് തയ്യാറാക്കിയ നൂറുശതമാനം പരിശുദ്ധമായ ഒരു ശീതള പാനീയമാണ് ഇളനീര്‍. പ്രകൃതി നിര്‍മ്മിതമായ ഈ മധുരപാനീയത്തിന്‍റെ മഹത്വം എത്ര പറഞ്ഞാലും അധികമാകുകയില്ല. അത്രമാത്രം പോഷകസന്പന്നവും നിരവധി രോഗങ്ങള്‍ക്ക് സിദ്ധൗഷധവുമാണിത്. ശരീരത്തിന് ആവശ്യമുള്ള ജീവകങ്ങളും ധാതുലവണങ്ങളും മാംസ്യവുമൊക്കെ ഇളനീരില്‍ വേണ്ടുവോളം അടങ്ങിയിരിക്കുന്നു. ശരീരത്തിന് തണുപ്പേകാനും ഞൊടിയിടയില്‍ ഉന്മേഷവും ഓജസ്സുംപ്രദാനം ചെയ്യാനും ഇളനീരോളം പോന്ന മറ്റൊരു നൈസര്‍ഗിക പാനീയമില്ല തന്നെ.

കഥ ഇതൊക്കെയെങ്കിലും ഇളനീരിന് കേരത്തറവാടായ കേരളത്തില്‍ ഇനിയും അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചിട്ടില്ല എന്നുവേണം പറയാന്‍. ബോംബെ, കല്‍ക്കത്ത, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളില്‍ ഇളനീരിന് ഇതിനോടകം വന്‍പിച്ച പ്രചാരം ലഭിച്ചുകഴിഞ്ഞു. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇപ്പോഴും നല്ലൊരു ശതമാനം പേരും ദാഹശമനി എന്ന നിലയ്ക്ക് ഇളനീരിനുപകരം മറ്റ് കൃത്രിമ മധുരപാനീയങ്ങളെ അന്ധമായി ആശ്രയിക്കുകയാണ് പതിവ്. ഇതുകൊണ്ട് മൂന്ന് ദോഷങ്ങളാണ് പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്നത് - ഒന്ന് നമ്മുടെ സന്പദ്ഘടനയുടെ നട്ടെല്ല് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന കേരകൃഷിക്ക് ഇളനീരുപയോഗത്തിലൂടെ ലഭിക്കാവുന്ന പ്രോത്സാഹനം കിട്ടുന്നില്ല; ഇനിയൊന്ന് ധനനഷ്ടം; വിപണി പിടിച്ചടക്കുവാന്‍ മോഹിപ്പിക്കുന്ന പരസ്യങ്ങളുമായെത്തുന്ന കൃത്രിമകോളകള്‍ക്കൊന്നിനും വില കുറവല്ല; മറ്റൊന്ന് കൃത്രിമ പദാര്‍ത്ഥങ്ങളും എസ്സന്‍സുകളും മറ്റും ചേര്‍ത്ത് തയ്യാറാക്കുന്ന കോളകള്‍ കുടിക്കുന്പോഴുണ്ടാ കുന്ന ആരോഗ്യപ്രശ്നങ്ങള്‍.

ഇളനീര്‍ ഇടാന്‍ അനുവദിക്കുകയില്ല...

തെങ്ങിന്‍പൂങ്കുലയില്‍ പരാഗണം നടന്ന് 7-9 മാസം പ്രായമെത്തുന്പോഴാണല്ലോ ഇളനീരിനുവേണ്ടി കരിക്ക് പറിച്ചെടുക്കാവുന്നത്. ഈയവസരത്തില്‍ ചിരട്ടയുടെ ഉള്‍ഭാഗത്ത് മധുരജലവും സ്വാദിഷ്ടമായ ഇളംകാന്പുമുണ്ടായിരിക്കും. എന്നാല്‍ ഈയവസരത്തില്‍ നമ്മുടെ നാട്ടില്‍ യാതൊരു കാരണവശാലും ഇളനീരിടാന്‍ അനുവദിക്കുകയില്ല. ഈ വൈമുഖ്യത്തില്‍ തെല്ല് പാരന്പര്യത്തിന്‍റെ അംശം കൂടെ കലര്‍ന്നിരിക്കുന്നുവെന്നു വേണം കരുതാന്‍. കരിക്ക് വെട്ടി വിറ്റ് ഉപജീവനം കഴിക്കേണ്ടണ്ട ആവശ്യമില്ല എന്ന ദുരഭിമാനവും ഇതിനുപിന്നിലില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മറ്റൊന്ന് കരിക്ക് വെട്ടി വില്‍ക്കുന്നത് തെങ്ങിന്‍റെ വിളവിനെ പ്രതികൂലമായി ബാധിക്കുമെന്ന ധാരണയാണ്. എന്നാല്‍ ഇതും പരമാര്‍ത്ഥമല്ല. ഇതെക്കുറിച്ച് വസ്തുനിഷ്ഠമായ ഗവേഷണപഠനങ്ങളൊന്നും നടന്നിട്ടില്ലെങ്കിലും ഇടയ്ക്ക് കുറച്ച് കരിക്ക് വെട്ടുന്നത് നാളികേരോത്പാദനം വര്‍ധിക്കുവാന്‍ സഹായിക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

പണ്ടത്തെ കാരണവന്മാര്‍ ഒരവസരത്തിലും തെങ്ങില്‍ നിന്ന് കരിക്കിടാന്‍ അനുവദിച്ചിരുന്നില്ല എന്നു കാണാം. കാരണവന്മാരുടെ കയ്യില്‍ വരേണ്ടുന്ന കാര്‍ഷികവരുമാനത്തിന് ഇടയ്ക്കുവെച്ചൊരു കുറവ് സംഭവിക്കേണ്ടണ്ട എന്ന് കരുതിയാവാം അന്നത് നിരുത്സാഹപ്പെടുത്തിയിരുന്നത്. അത്യപൂര്‍വ സന്ദര്‍ഭങ്ങളില്‍ വീട്ടില്‍ വിശേഷപ്പെട്ട പ്രമുഖവ്യക്തികള്‍ വരുന്പോഴോ അല്ലെങ്കില്‍ വിശേഷ സന്ദര്‍ഭങ്ങളിലോ മാത്രമേ കരിക്കിടാറുള്ളൂ. ഇന്നും ഈ സ്ഥിതിയ്ക്ക് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല.

കരിക്കിന്‍റെ വളര്‍ച്ചാകാലം നോക്കിയാല്‍ ഒരു തേങ്ങ വിളയുന്ന സമയത്തിന് രണ്ട് കരിക്കിന് വളരാന്‍ കഴിയും. കരിക്കിന് വിപണിയില്‍ നല്ല വിലയും കിട്ടും. എങ്കിലും മലയാളികള്‍ക്ക് വിളഞ്ഞ നാളികേരത്തോടുതന്നെയാണ് പ്രിയം.

ഔഷധമേന്മ

വളരെയധികം ഔഷധഗുണമുള്ള ഒരു പാനീയമാണ് ഇളനീര്‍. അതുകൊണ്ടുതന്നെ ഇത് പലതരം ആയൂര്‍വേദ ഔഷധങ്ങളുടെ ഒരു മുഖ്യ ചേരുവയുമാണ്. പലതരം രോഗങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ കരിക്കിന്‍വെള്ളം കുടിക്കുവാന്‍ നിര്‍ദേശിക്കുന്നതും ഈ പാനീയത്തിന്‍റെ മഹത്വം ഒന്നുകൊണ്ടു മാത്രമാണ്. വളറിളക്കം, ഛര്‍ദി, അതിസാരം തുടങ്ങിയ രോഗങ്ങള്‍ വരുന്പോള്‍ ശരീരത്തിന് സംഭവിക്കുന്ന ജലാംശക്കുറവ് നികത്താനും രോഗിക്ക് ക്ഷീണവും തളര്‍ച്ചയും മാറിക്കിട്ടാനും ഇളനീര് വളരെ ഉത്തമമാണ്. ശരീരത്തില്‍ രക്തശുദ്ധീകരണം ഉറപ്പാക്കാനും ഇളനീരിന് കഴിയും. ചിക്കന്‍പോക്സ്, മുണ്ടിനീര്, പൊങ്ങന്‍ പനി മുതലായ രോഗങ്ങള്‍ക്കും ഇളനീര്‍ ആശ്വാസം നല്‍കുന്നു.

എന്തൊക്കെ അടങ്ങിയിരിക്കുന്നു ?

സാധാരണയായി നല്ല വലിപ്പമുള്ള ഒരു കരിക്കില്‍ ശരാശരി 300-400 മില്ലീലിറ്റര്‍ ഇളനീരുണ്ടാകും. ഇതില്‍ ഏകദേശം 30ഗ്രാം പഞ്ചസാരയും രണ്ടു ഗ്രാം പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. ഇതിനുപുറമെ ആര്‍ജിനൈര്‍, അലനൈന്‍, സിസ്റ്റിന്‍, സെറിന്‍ എന്നീ പ്രോട്ടീനുകളുണ്ട്. ഇത് പശുവിന്‍പാലിലുള്ളതിനെക്കാള്‍ കൂടുതലായി ഇളനീരിലടങ്ങിയിരിക്കുന്നു. കൂടാതെ ജീവകം ബി, സി, ധാതുലവണങ്ങള്‍, വളര്‍ച്ചയെ സഹായിക്കുന്ന ഹോര്‍മോണുകള്‍ തുടങ്ങിയവയുമുണ്ട്. ഇങ്ങനെ നോക്കുന്പോള്‍ ഇളനീരിനെ ഒരാരോഗ്യടോണിക്കായി കണക്കാക്കുന്നതില്‍ തെറ്റില്ല.

ഇളനീരിന്‍റെ മേന്മകള്‍ പറയുന്പോള്‍ ഉള്ളിലെ ഇളംകാന്പിന്‍റെ മികവ് നമുക്ക് മറക്കാന്‍ കഴിയില്ല. ഇളംകാന്പ് അന്നജത്തിന്‍റെയും മറ്റ് പോഷകപദാര്‍ഥങ്ങളുടെയും ഒരു സ്രോതസ്സാണ്. എന്നാല്‍ ഇതില്‍ കൊഴുപ്പിന്‍റെ അളവ് കുറവാണുതാനും. അതിനാല്‍ കൊഴുപ്പ് ഒഴിവാക്കേണ്ടവര്‍ക്കും ഇത് സധ്യൈം ഉപയോഗിക്കാം. ഇതിനു പുറമെ ഇളംകാന്പുപയോഗിച്ച് തയ്യാറാക്കുന്ന പുഡ്ഡിങ്, കോക്കനട്ട് സാലഡ്, ഐസ്ക്രീം, സര്‍ബത്ത് തുടങ്ങിയ മധുരപദാര്‍ത്ഥങ്ങളും ആസ്വാദ്യകരമാണ്.

ഇളനീരിന് യോജിച്ച ഇനങ്ങള്‍

കേരത്തറവാടായ കേരളത്തില്‍ വളരുന്ന ഏതാണ്ട് എല്ലായിനം നാളികേരവും കരിക്കായി ഉപയോഗിക്കാന്‍ യോജിച്ചതു തന്നെ. എന്നാല്‍ ഇനത്തിന്‍റെ വ്യത്യാസമനുസരിച്ച് കരിക്കിന്‍ വെള്ളത്തിലടങ്ങിയിരിക്കുന്ന പോഷകഘടകങ്ങളുടെ അളവിന് വൈവിധ്യം സംഭവിക്കുന്നു. കരിക്കിന്‍ വെള്ളത്തിന്‍റെ അളവിലും വ്യത്യാസം വരാം. രുചിയും ഗുണവുമുള്ള ഒന്നരലിറ്റര്‍ വരെ വെള്ളം അടങ്ങിയിട്ടുള്ള ഇനങ്ങളുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെങ്ങിനങ്ങളുടെ ഒരു വലിയ ജനിതകശേഖരം തന്നെയുള്ള കാസര്‍ഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തില്‍ ഇതെ സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഏഴുമാസം മൂപ്പെത്തിയ കരിക്കിന്‍ വെള്ളത്തിന്‍റെ രുചി, അളവ്, ജൈവരാസഘടന എന്നിവയെ അടിസ്ഥാനമാക്കി വിവിധ ഇനങ്ങളില്‍ ഇവിടെ പരീക്ഷണങ്ങള്‍ നടത്തുന്നു. ഈ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ,ചാവക്കാട് ഡ്വാര്‍ഫ് ഓറഞ്ച്, എന്ന ഉയരം കുറഞ്ഞ ഇനം തെങ്ങ് ഇളനീരിന് പ്രത്യേകം ശുപാര്‍ശചെയ്തിട്ടുണ്ട്.

കരിക്കിന്‍ വെള്ളത്തിന്‍റെ അളവ് കൂടുതലായി കണ്ടത് ന്യുഗിനിയന്‍ ഇനമായ \'കാര്‍ക്കര്‍\' ആണ്; ഒരു കരിക്കില്‍ 795 മില്ലിലിറ്റര്‍ വെള്ളം. കര്‍ണാടകയില്‍ വളരുന്ന \'ടിപ്ടൂര്‍\' എന്ന ഉയരം കൂടീയ ഇനത്തിലാണ് സോഡിയത്തിന്‍റെ അംശം കൂടുതലുള്ളതായി ബോധ്യമായത്; 100 മില്ലിലിറ്റര്‍ വെള്ളത്തിന് 2.8 മില്ലി ഗ്രാം സോഡിയം ഇതിലുള്ളതായി കണ്ടു. പൊട്ടാസ്യത്തിന്‍റെ അളവ് കൂടുതലുള്ളതായി കണ്ടത് ബ്ലാഞ്ചിഷ്യസ് എന്ന ഇനത്തിലായിരുന്നു. ഗംഗാബോന്തം, മലയന്‍ ഡ്വാര്‍ഫ് ഓറഞ്ച്, കാമറൂണ്‍ ഡ്വാര്‍ഫ് റെഡ്, ശ്രീലങ്കന്‍ ഇനമായ കിങ് കോക്കനട്ട് എന്നിവയും കരിക്കിന് അനുയോജ്യമായവയാണ്.

ഉത്തമമായ സ്പോര്‍ട്സ് ഡ്രിങ്ക്്്

ഇളനീര്‍ എത്രയും ഉത്തമമായ ഒരു സ്പോര്‍ട്സ് ഡ്രിങ്കായി ഉപയോഗിക്കാമെന്ന് ആധുനികപഠനങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. ഇപ്പോള്‍ ലോകമാകമാനമുള്ള കളിക്കാര്‍ക്കു വേണ്ടി 1000 ദശലക്ഷം ഡോളര്‍ വിലവരുന്ന പലതരം സ്പോര്‍ട്സ് ഡ്രിങ്കുകള്‍ വിപണിയിലെത്തുന്നു എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഈ സ്പോര്‍ട്സ് ഡ്രിങ്കുകള്‍ക്കെല്ലാം പകരക്കാരനാകാന്‍ നമ്മുടെ ഇളനീരിന് കഴിയുമെന്ന് തെളിഞ്ഞിരിക്കുന്നു. ഭക്ഷ്യകാര്‍ഷികസംഘടന (എഫ്.എ.ഒ) ആണ് ഇപ്പോള്‍ ഇളനീര്‍ ശാസ്ത്രീയമായി കുപ്പികളിലാക്കി വിപണനം ചെയ്യാനുള്ള ഒരു നൂതന സംവിധാനത്തിന് പേറ്റന്‍റ് നേടിയിരിക്കുന്നത്. ജൈവികമായി പരിശുദ്ധവും സ്വാദിഷ്ടവും ലവണങ്ങളാലും പഞ്ചാസാരയാലും ജീവകങ്ങളാലും സന്പുഷ്ടവുമായ ഇളനീരിന് അത്ലറ്റുകള്‍ക്കിടയില്‍ വന്‍ഡിമാന്‍റുണ്ടാകുമെന്ന് എഫ്. എ. ഒ. കണക്കാക്കുന്നു.

അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഡസ്ട്രീസ് ആന്‍റ് പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്മെന്‍റ് സര്‍വ്വിസ് (എ. ജി. എസ്. ഐ.) എന്ന പ്രസ്ഥാനത്തിന്‍റെ തലവനായ മോര്‍ട്ടണ്‍ സാറ്റിനാണ് ഈ പുതിയ പദ്ധതിയുടെ ഉപജ്ഞാതാവ്.

\'ആറുമുതല്‍ 9 മാസം വരെ മൂപ്പൂള്ള ഒരു നാളികേരത്തില്‍ ഏതാണ്ട് 750 മില്ലിലിറ്റര്‍ വരെ വെള്ളമുണ്ടാവും ... നമ്മുടെ ശരീരത്തിലെ രക്തത്തിന്‍റെ അതേ ഇലക്ട്രോളിറ്റിക് നിലവാരം തന്നെയാണ് ഇളനീരിനുള്ളത് ... മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ പ്രകൃതി നല്‍കുന്ന ജീവജലം...\'

മോര്‍ട്ടണ്‍ അഭിപ്രായപ്പെടുന്നു.

1941 - 45 കാലയളവില്‍ നടന്ന പസഫിക് യുദ്ധത്തില്‍ മുറിവേറ്റു വീണ പടയാളികള്‍ക്ക് ഇളനീര്‍ നല്‍കിയാണ് അവരുടെ ശരീരത്തിലെ ലവണതുലന നില സമരസപ്പെടുത്തിയതും അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകോണ്ടുവന്നതും.

സ്പോര്‍ട്സ് ഡ്രിങ്ക് വിപണി ഒരു മാസ്മരലോകമാണ്. ഇവിടെ അനുയോജ്യമായ സ്ഥാനം ഇളനീരിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിന് ഉപോത്ബലകമായ ഒരു താരതമ്യം ഇനിപ്പറയുന്നു.

ഘടകം

സ്പോര്‍ട്സ് ഡ്രിങ്ക് (മില്ലിഗ്രാം/100 മില്ലീലിറ്റര്‍)

നാളികേര ജലം (മില്ലിഗ്രാം/100 മില്ലീലിറ്റര്‍)

പൊട്ടാസ്യം

11.7

294

സോഡിയം

41

25

ക്ലോറൈഡ്

39

118

മഗ്നീഷ്യം

7

10

പഞ്ചസാര

6

5

ഒരു മണിക്കൂര്‍ കഠിനമായി കായികാധ്വാനം ചെയ്താല്‍ ശരീരത്തിലെ 4/3 ഭാഗം ജലാംശം വിയര്‍പ്പായി നഷ്ടപ്പെടുമെന്നാണ് കണക്ക്. ഈ വിയര്‍പ്പ് വെറും ജലനഷ്ടമായി മാത്രം കാണരുത്. ഇതോടൊപ്പം ധാരാളം ലവണങ്ങളും ശരീരത്തിന് നഷ്ടമാകുന്നു. പ്രത്യേകിച്ച് സോഡിയം, പൊട്ടാസ്യം, കാര്‍ബോഹൈഡ്രേറ്റ്, പഞ്ചസാര മുതലായവ. ഇവ ക്രമാതീതമായാല്‍ ക്ഷീണവും തളര്‍ച്ചയും ബോധക്ഷയവും മൊക്കെയുണ്ടാകും. അതുകൊണ്ടാണ് ഇത്തരം ഘട്ടങ്ങളില്‍ വെറും വെള്ളം മാത്രം കുടിച്ചാല്‍ പോര; ലവണരസമടങ്ങിയിട്ടുള്ള പാനീയം (ഐസോടോണിക് ഡ്രിങ്ക്) തന്നെ കുടിക്കണമെന്ന് പറയുന്നത്.

കേരളക്കരയിലെ കേരവൃക്ഷങ്ങളില്‍ ഈ ,ഐസോടോണിക് ഡ്രിങ്ക്, നിറയെ വിളയുന്പോള്‍ നാമെന്തിന് മറ്റ് കൃത്രിമ പാനീയങ്ങള്‍ തേടി അലയണം. സംസ്ഥാന സര്‍ക്കാര്‍ ഇളനീരിന്‍റെ ഉപയോഗം വ്യാപിപ്പിക്കുവാന്‍ നടത്തുന്ന തീവ്രശ്രമങ്ങളുടെ ഭാഗമായി ഇപ്പോള്‍ ഇളനീര്‍ പാര്‍ലറുകള്‍, എന്ന ആശയം പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. ഇത് തീര്‍ച്ചയായും ഈ മേഖലയ്ക്ക് കരുത്ത് പകരാന്‍ പര്യാപ്തമാണ്.

തെങ്ങിന്‍റെ ചെന്നീരൊലിപ്പ് തടയാന്‍ മാര്‍ഗങ്ങളേറെ

തെങ്ങ് കൃഷി ചെയ്യുന്ന എല്ലാ രാജ്യങ്ങളിലും കാണുന്ന പ്രധാന രോഗമാണ് ചെന്നീരൊലിപ്പ്. (ടൃേലമാ യഹലലറശിഴ). 1960-ല്‍ ശ്രീലങ്കയിലാണ് ആദ്യമായി ഈ രോഗം കണ്ട്ത്. ഇന്ത്യയില്‍ തെങ്ങുകൃഷിയുള്ള മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഈ രോഗം കണ്ടു വരുന്നു. 1999-ല്‍ ലക്ഷദ്വീപ് ഓര്‍ഡിനറി ഇനം തെങ്ങില്‍ രോഗം കാണുകയുണ്ടായി.

എല്ലാത്തരം മണ്ണിലും വളരുന്ന തെങ്ങുകളില്‍ ചെന്നീരൊലിപ്പ് കണ്ടുവരുന്നു. കടല്‍ത്തീരങ്ങള്‍, കായലോരങ്ങള്‍, ചെങ്കല്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വളരുന്ന തെങ്ങുകളിലാണ് ഈ രോഗം കൂടുതലായി കാണുന്നത്. എല്ലാ പ്രായത്തിലുള്ള തെങ്ങുകളെയും ഈ രോഗം ബാധിക്കുന്നു. പേരില്‍നിന്നു തന്നെ രോഗലക്ഷണം ഏകദേശം മനസിലാക്കാം. തെങ്ങിന്‍തടിയിലുള്ള വിള്ളലുകളില്‍ നിന്ന് കടുംചുവപ്പു കലര്‍ന്ന തവിട്ടുനിറത്തിലുള്ള ദ്രാവകം ഒലിച്ചിറങ്ങുന്നതാണ് ആദ്യ രോഗലക്ഷണം. ക്രമേണ, ഇങ്ങനെ പല വിള്ളലുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന കറ ഉണങ്ങി തുരുന്പു പിടിച്ചപോലെ കറുത്ത് കരുവാളിച്ച് വലിയ പാടുകളായി മാറുന്നു. താമസിയാതെ സാവധാനം മുകളിലേക്ക് വ്യാപിക്കുന്നു.

ചെന്നീരൊലിപ്പുള്ള ഭാഗത്തെ തൊലി ചെത്തിനോക്കിയാല്‍, ഉള്‍ഭാഗം ചീയുന്നതു കാരണം മഞ്ഞകലര്‍ന്ന തവിട്ടുനിറത്തിലുള്ള പാടുകള്‍ കാണാം. തടിയുടെ പുറംതൊലിയിലുള്ള പാടുകളെക്കാള്‍ വലുതായിരിക്കും ഉള്‍ഭാഗത്തെ ചീയല്‍ മൂലമുണ്ടാകുന്ന പാടുകള്‍. ചീയല്‍ വര്‍ധിച്ച് രോഗം രൂക്ഷമാകുന്നതോടെ തടിയുടെ ഉള്‍ഭാഗം കറുത്ത നാരുപോലെയാകുന്നു. അപ്പോള്‍ തെങ്ങിന്‍ മണ്ടയിലും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. പുറം മടലുകള്‍ മഞ്ഞളിച്ച് ഒടിഞ്ഞ് തൂങ്ങുകയും ഉണങ്ങുകയും ചെയ്യുന്നു. ക്രമേണ തെങ്ങിന്‍മണ്ട ശോഷിക്കുകയും കായ്ഫലം നന്നേ കുറയുകയും ചെയ്യും. തൈത്തെങ്ങുകളില്‍ രോഗം ബാധിക്കുന്പോള്‍ പ്രായമായ തെങ്ങുകളേക്കാള്‍ വേഗത്തിലായിരിക്കും ഉള്‍ഭാഗത്തെ ചീയല്‍ പടരുന്നത്. അങ്ങനെ മൃദുവായ ഭാഗങ്ങള്‍ വളരെ വേഗം ചീയുന്നതുകാരണം ഉള്‍ഭാഗം ദ്രാവകം നിറഞ്ഞ ഒരറപോലെയായിത്തീരുന്നു. ഈ ഭാഗം കുത്തിപ്പൊട്ടിക്കുകയാണെങ്കില്‍ ദ്രാവകം പുറത്തേക്ക് വെള്ളംപോലെ ഒലിക്കുന്നതു കാണാം. ഈ ലക്ഷണം അപൂര്‍വമായി പ്രായമായ തെങ്ങുകളിലും, തണുപ്പു കൂടുതലുള്ള പ്രദേശങ്ങളിലും കണ്ടുവരുന്നു.

തിലാവിയോപ്പസിസ് പാരഡോക്സ എന്ന കുമിളാണ് രോഗഹേതു. തെങ്ങിന്‍ തടിയില്‍ കാണുന്ന മുറിവുകളില്‍ക്കൂടിയും വളര്‍ച്ച മൂലമുണ്ടാകുന്ന വിള്ളലുകളില്‍ക്കൂടിയുമാണ് ഈ കുമിള്‍ തടിയില്‍ പ്രവേശിപ്പിച്ച് രോഗമുണ്ടാക്കുന്നത്. നീണ്ട വരള്‍ച്ചയ്ക്കുശേഷം. പെട്ടെന്ന് മഴയുണ്ടാകുന്നതും, ജൈവവളങ്ങളുടെ ഉപയോഗം കുറച്ച് ആവശ്യത്തിലധികം രാസവളപ്രയോഗം നടത്തുന്നതും തടിയില്‍ കൂടുതല്‍ വിള്ളലുകള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. വളരെ കട്ടിയുള്ള ചെങ്കല്‍ പ്രദേശങ്ങളില്‍ വേരുകള്‍ക്ക് സാധാരണ രീതിയില്‍ വളരാന്‍ സാധിക്കാതെ വരിക, വെള്ളംകെട്ടി നില്‍ക്കുക എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ചെന്നീരൊലിപ്പു രോഗം വരാനുള്ള സാധ്യത കൂട്ടുന്നു.

രോഗ നിയന്ത്രണം.

രോഗബാധയുള്ള തോട്ടങ്ങളില്‍ നീര്‍വാര്‍ച്ച ക്രമീകരിക്കുക, വേനല്‍ക്കാലത്ത് ആവശ്യാനുസരണം ജലസേചനം നടത്തുക വഴി വിള്ളലുകളുണ്ടാകുന്നത് കുറയ്ക്കാവുന്നതാണ്. മണ്ണില്‍ ജൈവാംശം നിലനിര്‍ത്തുന്നതിനായി മരമൊന്നിന് 50 കിലോഗ്രാം ജൈവവളങ്ങള്‍ നല്‍കേണ്ടതാവശ്യമാണ്. രോഗംബാധിച്ച ഭാഗങ്ങള്‍ ചെത്തി നീക്കിയതിനുശേഷം മുറിവില്‍ ബോര്‍ഡോ കുഴന്പോ, ചൂടാക്കിയ കോള്‍ടാറോ പുരട്ടുവാനാണ് ഈ അടുത്തകാലം വരെയും നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍, ട്രൈഡിമോര്‍ഫ് (കാലിക്സിന്‍) എന്ന കുമിള്‍ നാശിനി ഉപയോഗിച്ച് ഈ രോഗം പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു.

ആരംഭദശയില്‍തന്നെ നിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിച്ചാല്‍ ഈ രോഗത്തെ പൂര്‍ണമായും നിയന്ത്രിക്കാം. രോഗബാധിത ഭാഗങ്ങള്‍ ചെത്തിമാറ്റിയതിനു ശേഷം, അഞ്ച് ശതമാനം വീര്യത്തില്‍ തയ്യാറാക്കിയ കാലിക്സിന്‍ (അഞ്ച് മില്ലിലിറ്റര്‍ കാലിക്സിന്‍, 100 മില്ലി ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍) മുറിവില്‍ പുരട്ടണം. രണ്ടുദിവസത്തിനുശേഷം ഉരുക്കിയ ടാര്‍ ഈ ഭാഗത്ത് തേയ്ക്കാം.

എന്നാല്‍, പത്തു - പതിനഞ്ച് വര്‍ഷത്തില്‍ താഴെ പ്രായമുള്ള തെങ്ങുകളില്‍ ചൂടാക്കിയ ടാര്‍ പുരട്ടിയാല്‍ ആ ഭാഗത്തെ കോശങ്ങള്‍ വെന്തുപോകുന്നതിനാല്‍ കൂടുതല്‍ കറ ഒലിക്കാന്‍ കാരണമാകും. ഇത് ഗുണത്തിലേറെ ദോഷം ചെയ്യും. അഞ്ചു ശതമാനം വീര്യമുള്ള കാലിക്സിന്‍ വേരിലൂടെ കൊടുക്കുന്നതും ഏറ്റവും ഫലപ്രദമാണ്. വേരില്‍ക്കൂടി അഞ്ച് ശതമാനം വീര്യമുള്ള കാലിക്സിന്‍ തെങ്ങൊന്നിന് 100 മില്ലിലിറ്റര്‍ വീതം വര്‍ഷത്തില്‍ മൂന്ന് തവണ (ജനുവരി, ജൂണ്‍, ഒക്ടോബര്‍) നല്‍കണം. കൂടാതെ, വര്‍ഷത്തില്‍ ഒരിക്കല്‍ തെങ്ങൊന്നിന് അഞ്ചുകിലോഗ്രാം വേപ്പിന്‍പിണ്ണാക്ക് തെങ്ങിന്‍തടത്തില്‍ മറ്റുവളത്തോടൊപ്പം ഇട്ടുകൊടുക്കുന്നതും ഫലപ്രദമായിരിക്കും.

വേപ്പിന്‍പിണ്ണാക്ക് രോഗകാരിയായ കുമിളിന്‍റെ വളര്‍ച്ചയെ നിരുത്സാഹപ്പെടുത്തുന്നതോടൊപ്പം ട്രൈക്കോഡെര്‍മ പോലുള്ള എതിര്‍ കുമിളുകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

വെറ്റില


ശാസ്ത്രനാമം : പൈപ്പര്‍ ബെറ്റില്‍

ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയുള്ള ഉഷ്ണമേഖലാ കാലാവസ്ഥയാണ് വെറ്റിലക്കൊടിയ്ക്കു നല്ലത്. ഉയര്‍ന്ന കരപ്പാടങ്ങളിലും താഴ്ന്ന സ്ഥലങ്ങളിലും ഇതു വളര്‍ത്താം. കേരളത്തില്‍ വെറ്റില അടയ്ക്കാത്തോട്ടങ്ങളിലും തെങ്ങിന്‍ തോപ്പുകളിലും ഇടവിളയായാണ് വളര്‍ത്തുന്നത്. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണില്‍ ഇത് നന്നായി വളരും. വെള്ളക്കെട്ടുള്ള ഉപ്പുരസമോ, ക്ഷാരാംശമോ സ്വഭാവമുള്ള മണ്ണ് വെറ്റിലക്ക്യഷിയ്ക്കു നന്നല്ല. ചെമ്മണ്‍ പ്രദേശങ്ങളിലും വെറ്റില നന്നായി വളരും. ശരിയായ തണലും നനയും വിജയകരമായ കൃഷിക്ക് അവശ്യം വേണം. വാര്‍ഷിക മഴ 200-450 സെ. മീറ്റര്‍ ആണ്. ഏറ്റവും കുറഞ്ഞത് 10 സെറ്റീഗ്രേഡ് മുതല്‍ പരമാവധി 40 സെന്‍റീഗ്രേഡ് വരെ ഇത് സഹിക്കും. ഊഷ്മാവ് തീരെ താഴ്ന്നാല്‍ ഇലകള്‍ കൊഴിയും. അതുപോലെ തന്നെ ചൂടു കാറ്റും ഉപദ്രവകാരിയാണ്.

ഇനങ്ങള്‍

തുളസി., വെണ്മണി, അരിക്കൊടി, കല്‍ക്കൊടി, കരിലാഞ്ചി, കര്‍പ്പൂരം, ചീലാന്തി കര്‍പ്പൂരം, കുറ്റക്കൊടിനന്തന്‍, പെരുംകൊടി, അമരവിള പ്രമുട്ടന്‍

കൃഷികാലം

രണ്ടു പ്രധാന കൃഷികാലങ്ങളാണ് വെറ്റിലയക്ക്. മേയ്- ജൂണില്‍ ക്യഷിയിറക്കുന്ന ഇടവക്കൊടിയും ആഗസ്റ്റ് - സെപ്റ്റംബറില്‍ കൃഷിയിറക്കുന്ന തുലാക്കൊടിയും

കൃഷിയിടമൊരുക്കല്‍

നല്ല തണലും നനയ്ക്കാന്‍ സൗകര്യമുള്ള സ്ഥലമാണ് വെറ്റിലകൃഷിയ്ക്ക് നന്ന്. കൃഷി സ്ഥലം നന്നായി കിളച്ച് 10-15 മീറ്റര്‍ നീളവും 75 സെ.മീ വീതിയും 75 സെ.മീ താഴ്ചയുള്ള വാരങ്ങള്‍ ഒരു മീറ്റര്‍ അകലത്തില്‍ തയ്യാറാക്കുക. നന്നായി അഴുകിപ്പൊടിഞ്ഞ ജൈവവളവും പച്ചിലകളും മേല്‍മണ്ണും ചാരവുമായി കലര്‍ത്തി വാരങ്ങളില്‍ ചേര്‍ക്കുക. ഹെക്ടറിന് 20-50 ടണ്‍ എന്ന തോതില്‍ ജൈവവളം ചേര്‍ക്കുന്നത് മണ്ണിന്‍റെ ഘടന മെച്ചമാക്കാന്‍ സഹായിക്കും വെറ്റിലയുടെ സുഗമമായ വേരോട്ടത്തിനും ഇതു കൂടിയെ കഴിയും.

നടീല്‍

2-3 വര്‍ഷം പ്രായമായ കൊടിയുടെ മുകള്‍ ഭാഗമാണ് പുതുകൃഷിയ്ക്കുപയോഗിക്കുന്നത്. ഒരു മീറ്റര്‍ നീളവും മൂന്നു മുട്ടുകളുമുള്ള വള്ളിക്കഷണങ്ങളാണ് നടാനെടുക്കുന്നത്. ഒരു ഹെക്ടര്‍ സ്ഥലത്തു നടാന്‍ 20000-25000 കഷണങ്ങള്‍ വേണ്ടി വരും. നടുന്നതിനു മുന്‍പ് വാരങ്ങള്‍ നനയ്ക്കണം. വാരത്തില്‍ 20 സെ. മീ അകലത്തില്‍ എടുക്കുന്ന കുഴിയിലാണ് കഷ്ണങ്ങള്‍ നടേണ്ടത്. നടുന്പോള്‍ ഒരു മുട്ട് മണ്ണിനടിയിലും രണ്ടാമത്തെ മുട്ട് മണ്‍നിരപ്പിനു മുകളിലുമായി വരണം. വള്ളിയ്ക്കു ചുറ്റും മണ്ണമര്‍ത്തുന്നത് പെട്ടെന്ന് മുളപൊട്ടാന്‍ ഇടയാകും. നട്ട വള്ളികള്‍ക്ക് തണല്‍ നല്‍കണം. ഓലയുപയോഗിച്ച് തണല്‍ കുത്തിയാല്‍ മതി. വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളില്‍ വെള്ളം ചെറുതായി തളിച്ചു കൊടുക്കുന്നതാണു നന്ന്. മഴ തീരെയില്ലാത്ത സമയത്ത് ദിവസം 4 നേരം നനയ്ക്കണം. തോട്ടം കളകള്‍ വളരാതെയും ഇടയ്ക്ക് ഇടയിളക്കിയും വൃത്തിയായി സൂക്ഷിക്കണം.

വളം

രണ്ടാഴ്ച ഇടവിട്ട് ഉണങ്ങിയ ഇലകളും ചാരവും കുഴികളില്‍ ചേര്‍ക്കുകയും ചാണകക്കുഴന്പ്് ചുവട്ടില്‍ തളിയ്ക്കുകയും വേണം. നട്ട് നാലു മാസക്കാലവും ഈ പരിചരണം വിളവെടുപ്പു വരെ തുടരാം. ശീമക്കൊന്നയില, മാവില എന്നിവ ഓരോ മാസം ഇടവിട്ടു ചേര്‍ക്കുന്നതും വള്ളികള്‍ക്ക് നല്ലതാണ്.

വിളവെടുപ്പ്

3 മുതല്‍ 6 മാസത്തെ വളര്‍ച്ച കൊണ്ട് വള്ളി 150-180 സെ.മീ. വരെ ഉയരത്തില്‍ വളരും. ഈയവസരത്തില്‍ വള്ളിയില്‍ ശിഖരങ്ങളുണ്ടാകാന്‍ തുടങ്ങും. ഇലകള്‍ ഞെട്ടോടുകൂടി വലത്തേ തള്ളവിരല്‍ കൊണ്ട് നീക്കണം. ഒരിക്കല്‍ വിളവെടുപ്പ് തുടങ്ങിയാല്‍ അത് എല്ലാ ദിവസവും ആഴ്ചയും തുടരണം. വിളവെടുപ്പിനിടയ്ക്ക് 15 ദിവസം മുതല്‍ 1 മാസം വരെ ഇടവേളയാകാം. ഓരോ തവണ വിളവെടുക്കുന്പോഴും, വളം ചേര്‍ക്കണം.

വള്ളി താഴ്ത്തിക്കെട്ടല്‍

സാധാരണ ഗതിയില്‍, ഒരു വര്‍ഷം കൊണ്ട് വള്ളി മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ വളരും. ഈ ഉയരമെത്തിക്കഴിഞ്ഞാല്‍ വള്ളിയ്ക്ക് സാധാരണ വലിപ്പമുള്ള വെറ്റിലകള്‍ ഉല്പാദിപ്പിക്കാന്‍ കഴിവു കുറയും. അപ്പോഴാണ് വള്ളി താഴ്ത്തിക്കെട്ടേണ്ടത്. തറ നിരപ്പിലേക്ക് വര്‍ഷത്തിലൊരിക്കല്‍ താഴ്ത്തിക്കെട്ടണം. ആഗസ്റ്റ് - സെപ്റ്റംബര്‍ മാസമാണ് വള്ളി താഴ്ത്തിക്കെട്ടേണ്ട സമയം. താഴ്ത്തിക്കെട്ടും മുന്‍പ് വള്ളിയുടെ ചുവടറ്റത്തുള്ള എല്ലാ ഇലകളും 15 സെ.മീ. ഉയരത്തില്‍ നുള്ളി മാറ്റണം. വള്ളി ചുവടറ്റത്തു നിന്നു മുകളിലേക്ക് അഴിച്ച് ശ്രദ്ധാപൂര്‍വ്വം ചുരുട്ടി മുകളില്‍ നിന്ന് 2.5 മുതല്‍ 5 സെ.മീറ്റര്‍ നീളം വിട്ട് തറ നിരപ്പില്‍ കിടത്തണം. ഈ ഭാഗത്ത് സെ.മീറ്റര്‍ കനത്തില്‍ മണ്ണിടുകയും വേണം. ചെറിയ തോതില്‍ നനയ്ക്കലും വളപ്രയോഗവും ഇതോടൊപ്പം ആകാം.

സസ്യസംരക്ഷണം

പ്രധാന ശത്രുകീടങ്ങള്‍ തളിര്‍വെറ്റിലയും തണ്ടും നീരൂറ്റികുടിച്ചു നശിപ്പിക്കുന്ന മിറിഡ് ബഗ് (ഡൈസ്ഫിങ്റ്റസ് പൊളിറ്റസ്), ശല്‍ക്ക പ്രാണികള്‍, മീലിമൂട്ടുകള്‍ എന്നിവയാണ്. ഇവയ്ക്കെതിരെ രാസകീടനാശിനി പ്രയോഗം ശുപാര്‍ശ ചെയ്യുന്നില്ല. മിറിഡ് ബഗ്ഗിനെതിരെ 1.5% വീര്യമുള്ള മീനെണ്ണസോപ്പാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ശല്‍ക്ക പ്രാണികള്‍, മീലിമൂട്ടുകള്‍ എന്നിവയ്ക്കെതിരെ 0.025 % ക്വിനാല്‍ ഫോസ് പ്രയോഗിക്കണം. ശല്‍ക്കപ്രാണികള്‍ക്കെതിരെയുള്ള മരുന്നുതളി വെറ്റിലക്കൊടിയുടെ തണ്ടില്‍ തന്നെ ഒതുക്കണം. മരുന്നു തളിച്ച് 15 ദിവസം കഴിഞ്ഞേ ഇല നുള്ളാവൂ. ഇലകള്‍ ഉപയോഗിക്കുന്നതോ വിപണനം ചെയ്യുന്നതോ വെള്ളത്തില്‍ നന്നായി കഴുകിയതിനു ശേഷം മാത്രം മതി.

രോഗങ്ങളുടെ കൂട്ടത്തില്‍ സാന്തോമൊണാസ് ബെറ്റ്ലിക്കോള എന്ന ബാക്ടീരിയ വരുത്തുന്ന ഇലപ്പുള്ളിയാണ് ദക്ഷിണകേരളത്തില്‍ പ്രധാനം ഈര്‍പ്പം നിറഞ്ഞ കുത്തുകളായി ഇലകളില്‍ പ്രത്യക്ഷപ്പെടുന്ന പുള്ളികള്‍ ക്രമേണ വലുതായി മധ്യഭാഗത്ത് കടുത്ത ബ്രൗണ്‍ നിറമുള്ളതായി മാറുന്നു. പുള്ളിയുടെ അടിഭാഗത്തു നിന്ന് ബാക്ടീരിയല്‍ സ്രവം പുറപ്പെടുന്നതായി കാണാം. ഗുരുതരാവസ്ഥയില്‍ ഇലകള്‍ കൊഴിയുകയും കൊടിത്തണ്ടിന് ക്ഷതം സംഭവിച്ച് അത് വാടാന്‍ തുടങ്ങുകയും ചെയ്യുന്നു. കരിലാഞ്ചി, കര്‍പ്പൂരം, തുളസി തുടങ്ങിയ വെറ്റിലയിനങ്ങള്‍ക്ക് പെട്ടെന്ന് രോഗം പിടിപെടാനിടയുണ്ട്. അതിനാല്‍ അവ നടാതിരിക്കുക.

1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കുന്നത് രോഗനിയന്ത്രണത്തിനുപകരിക്കും.

വെററിലക്കൊടിയില്‍ ഒച്ചിന്‍റെ ആക്രമണം

വെററിലക്കൊടിയുടെ ഇളംവേരുകളും തൊലിയും തിന്ന്നശിപ്പിക്കുന്ന ഒരുതരം ഒച്ചുകളുണ്ട്. ആക്രമണ ഹേതുവായ കൊടിയുടെ വളര്‍ച്ച കുറഞ്ഞ് ഇവയുടെ ഉല്‍പ്പാദനവും മന്ദീഭവിക്കുന്നു.

ഒച്ചിന്‍റെ ആക്രമണത്തെ ഫലപ്രദമായി നേരിടാന്‍ അവയെ ശേഖരിച്ച് നശിപ്പിച്ച് കളയുകയോ മാര്‍ഗമുളളൂ. ശേഖരണത്തിനും നശീകരണത്തിന്മുളള ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുത്തട്ടെ.

ഗോതന്പ് തടവില്‍ 2 ശതമാനം മെററാല്‍ഡിഹൈഡ് (മോളസൈഡ്) ചേര്‍ത്ത മിശ്രിതം കൊടികള്‍ക്ക് ചുററും വിതറാം. ഈ മിശ്രിതത്തില്‍ ആകര്‍ഷിതരായെത്തി ഭക്ഷിക്കുന്ന ഒച്ചുകള്‍ ചത്ത്പൊയ്കൊളളും.

100 ഗ്രാം പുളിപ്പിച്ച കളളും 2 ഗ്രാം യ്സ്ററും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം പ്ലാസ്ററിക് ടിന്നുകളിലാക്കി കൊടിയുടെ ചുവടോടു ചോര്‍ത്ത് മണ്ണില്‍ കുഴിച്ചിട്ടാല്‍ ഒച്ചുകളെ ശേഖരിച്ച് നശിപ്പിക്കാന്‍ കഴിയും.

അധിക വിളയ്ക്ക് ചുവന്ന അരയിനം

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയും കേരളത്തിലും ചുവന്നയിനം അരിക്ക് ആവശ്യം ഏറിവരുന്നു. അത്കൊണ്ട് തന്നെ കര്‍ഷകരുടെ ശ്രദ്ധയും ഇപ്പോള്‍ ഈ ഇനത്തിന്‍റെ ശ്രദ്ധയിലാണ്.

അധികവിള തരുന്ന ററി. പി. എസ്.-1, ററി. കെ. എം.-9, എ. എസ്. ഡി.-17 എന്നീ ചുവപ്പിനങ്ങളാണ് കന്യാകുമാരിക്ക് പററിയത്. അല്പം വരള്‍ച്ചയുളള മണ്ണിലും നന്നായി വളരുന്ന ഇവയുടെ കൃഷിയ്ക്ക് യോജിച്ച സമയം മേയ-ജൂണ്‍, ആഗസ്ററ്-സെപ്ററംബര്‍ കാലയളവാണ്.

ഐ ആര്‍ ന്‍റെയും കാട്ടിസാന്പയുടെയും സങ്കര വര്‍ഗ്ഗമാണ് ററി. പി. എസ്-1, 110-115 ദിവസങ്ങള്‍ കൊണ്ട് ഇത് പരിപൂര്‍ണ വളര്‍ച്ചയെത്തും ചുവന്ന് ഉരുണ്ട ചെറിയ മണികളാണ് ററി. പി. എസ്. ല്‍ നിന്നും ലഭിക്കുന്നത് ഇത് അതിജീവിക്കുമെന്നു മാത്രമല്ല പുല്‍ച്ചാടിയുടെ ആക്രമണത്തില്‍ നിന്നും ഇലകളിലെ പുളളിരോഗമുള്‍പ്പെടെ മററ് രോഗങ്ങളില്‍ നിന്നും വിമുക്തവുമാണ്.

ചെറിയ ഉരുണ്ട മണികള്‍ തന്നെയാണ് ററി. കെ. എം. 7 ന്‍റെയും ഐ. ആര്‍.-8 ന്‍റെയും സങ്കരമായ ററി. കെ. എം. 9 ല്‍ നിന്നും ലഭിക്കുക. വരള്‍ച്ചെയെ ചെറുത്ത് നില്‍ക്കുന്ന ഈയിനവും 110-115 ദിവസത്തെ മാത്രം വളര്‍ച്ചയുളളതാണ്. ഇരട്ട സങ്കരവര്‍ഗമാണ് എ. എസ്. ഡി. 17-95 മുതല്‍ 100 ദിവസം വരെ സമയത്തില്‍ ഈയിനം വളര്‍ച്ച പൂര്‍ത്തിയാക്കുന്നു. മററുളളവ പോലെ തന്നെ ചുവന്നുരുണ്ട ചെറിയ മണികളും രോഗപ്രതിരോധശേഷിയും ഇതിന്‍റെയും പ്രത്യേകതയാണ്.

ഹെക്ടറിന് 5600 കി ഗ്രാം മുതല്‍ 9000 കി ഗ്രാം വരെയാണ് മേല്‍പ്പറഞ്ഞ ഇനങ്ങളുടെ ഉല്‍പ്പാദനശേഷി.

കമുക്

തെങ്ങില്‍ കാറ്റുവീഴ്ച പോലെ കമുകില്‍ പടര്‍ന്നുപിടിച്ചിട്ടുള്ള ഒരു മാരകരോഗമാണ് മഞ്ഞളിപ്പ്. കാറ്റുവീഴ്ച കേരളത്തിലെ വടക്കന്‍ ജില്ലകളിലേക്കു പടര്‍ന്നിട്ടില്ലെങ്കിലും മഞ്ഞളിപ്പ് കേരളത്തിലും കര്‍ണാടകയിലും വ്യാപകമാണ്.

മഞ്ഞളിപ്പുരോഗത്തെപ്പറ്റി കാസര്‍കോട്ടുള്ള കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം പല പഠനങ്ങളും നടത്തിയിട്ടുണ്ട്. പുതുമണ്ണില്‍ നട്ട കമുകിന്‍ തൈകള്‍ക്ക് ഏഴു വര്‍ഷം പ്രായമായപ്പോള്‍ മഞ്ഞളിപ്പു ബാധിക്കുകയും നാലു വര്‍ഷം കൊണ്ട് ഈ രോഗം 80% വൃക്ഷങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. രോഗം ബാധിച്ച കമുകുകളില്‍ 2-3 വര്‍ഷം കൊണ്ട് വിളവിലുണ്ടായ കുറവ് 50 ശതമാനത്തിലധികമാണ്.

മഞ്ഞളിപ്പുരോഗത്തിന്‍റെ ആദ്യലക്ഷണം പ്രായം കൂടിയ ഏറ്റവും പുറമെയുള്ള ഓലക്കാലുകളുടെ അറ്റത്തുനിന്നു മഞ്ഞളിപ്പു തുടങ്ങുന്നതാണ്. ഓരോ കമുകിലും ഒന്നോ രണ്ടോ ഓലകള്‍ക്കോ മുഴുവന്‍ ഓലകള്‍ക്കോ ഈ രോഗം ബാധിക്കാം. മഞ്ഞളിച്ച ഓലകളുടെ അറ്റം ഉണങ്ങി മാര്‍ദ്ദവം നഷ്ടപ്പെട്ട് കൂര്‍ത്ത് വളയാത്ത മട്ടാകും. പിന്നീട് ഓലകള്‍ മണ്ടയടപ്പുപോലെ തിങ്ങിക്കൂടും. ഒടുവില്‍ കുലകളുണ്ടാകാതെ കമുകിന്‍റെ മണ്ട മറിഞ്ഞുപോകുന്നു.

വേരുപടലത്തിലും രോഗലക്ഷണങ്ങള്‍ കാണാം. രോഗം പിടിപെട്ട കമുകിന് പാര്‍ശ്വവേരുകള്‍ കുറവായിരിക്കും. ഇത്തരം കമുകുകളില്‍നിന്നു ധാരാളം അടയ്ക്ക കൊഴിഞ്ഞുപോകും. മാത്രമല്ല, അടയക്കയുടെ കാന്പിന് നിറവ്യത്യാസവുമുണ്ടാകും.

മഞ്ഞളിപ്പുരോഗത്തിനു പല കാരങ്ങളുമുണ്ട്. രോഗം പിടിപെട്ട കമുകില്‍ നിന്നു കുമിളുകള്‍, ബാക്ടീരിയ മുതലായവയെ വേര്‍തിരിച്ചെടുത്തിട്ടുണ്ടെങ്കിലും ഇവ കുത്തിവച്ച മറ്റു കമുകുകളില്‍ രോഗലക്ഷണം കാണുകയുണ്ടായില്ല. അടുത്ത കാലത്തു കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തില്‍ നടത്തിയ പഠനങ്ങളില്‍ മൈക്കൊപ്ലാസ്മപോലുള്ള സൂക്ഷ്മജീവാണുക്കള്‍ രോഗകാരണമാകാം എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഈ രോഗം പടര്‍ത്തുന്നതിന് പ്രോട്ടിസ്റ്റ് മൊയിസ്റ്റ എന്ന പേരിലറിയപ്പെടുന്ന നീരൂറ്റിക്കുടിക്കുന്ന ഒരു തരം തുള്ളന്മാര്‍ (കീടങ്ങള്‍) കാരണമാകാനും സാദ്ധ്യതയുണ്ട്.

മഞ്ഞളിപ്പുരോഗം ബാധിച്ച ഓലകളില്‍ മഞ്ഞനിറവും പച്ചനിറവും കൂടിച്ചേരുന്ന ഭാഗം വ്യക്തമായി വേര്‍തിരിക്കപ്പെട്ടിരിക്കും. എന്നാല്‍ മറ്റു കാരണങ്ങളാല്‍ മഞ്ഞളിപ്പുണ്ടായാല്‍ ഈ വേര്‍തിരിവു കണ്ടെന്നു വരില്ല. കീടബാധ, വെള്ളക്കെട്ട്, മണ്ണിലെ പാക്യജനകം (നൈട്രജന്‍), ഭാവഹം (ഫോസ്ഫറസ്), മഗ്നീഷ്യം എന്നിവയുടെ കുറവ് എന്നിവയെല്ലാം കൊണ്ട് കമുകിന് മഞ്ഞളിപ്പുണ്ടാകാം.

രോഗമില്ലാത്ത തോട്ടത്തില്‍ പ്രാരംഭലക്ഷണം കാട്ടുന്ന കമുകുകള്‍ വെട്ടി നീക്കം ചെയ്യുന്നത് രോഗം പടരാതിരിക്കാന്‍ സഹായിക്കും.

സൂചിക്കുത്തുകളിട്ട ചെറിയ പൊളിത്തീന്‍ കൂടുകളില്‍ രണ്ടു ഗ്രാം ഫൊറേറ്റ് എന്ന കീടനാശിനിയിട്ട് കമുകിന്‍റെ മുകള്‍ ഭാഗത്തെ 1-2 ഓലക്കവിളുകളില്‍ നിക്ഷേപിക്കുന്നതു രോഗവ്യാപനം തടയാന്‍ സഹായിക്കുമെന്നു ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

രോഗപ്രതിരോധശക്തിയുള്ള കമുകിനങ്ങള്‍ വികസിപ്പിച്ചെടുക്കുകയാണ് മഞ്ഞളിപ്പുരോഗത്തിനുള്ള ശാശ്വത പരിഹാരം.

കമുകിനും എലിശല്യം

മനുഷ്യനൂം കാര്‍ഷികവിളകള്‍ക്കും എലികള്‍ പലതരത്തില്‍ ഉപദ്രവം ചെയ്യുന്നുണ്ട്. നെല്ല്, തെങ്ങ്, കൊക്കോ, മരിച്ചീനി, കരിന്പ്, കടല, നിലക്കടല മുതലായ വിളകള്‍ക്കെല്ലാം ഇവ വന്‍തോതില്‍ നാശം വരുത്തുന്നു. നാം സൂക്ഷിച്ചുവെക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ നല്ലൊരു ഭാഗം എലികള്‍ തിന്നൊടുക്കുന്നു. എലികളുടെ രോമവും വിസര്‍ജ്ജ്യവസ്തുക്കളും കലരുന്ന ധാന്യങ്ങള്‍ ഭക്ഷിക്കുന്നതു വഴി പലരോഗങ്ങളും പിടിപെടുന്നു. മാത്രമല്ല പ്ലേഗ്, എലിപ്പനി തുടങ്ങിയ മാരകരോഗങ്ങള്‍ ഇവ പരത്തുകയും ചെയ്യുന്നു.

സാധാരണയായി കമുകില്‍ എലികളുടെ ആക്രമണം കുറവാണ്. എന്നാല്‍ അടുത്തകാലത്തായി കാസറഗോഡ് ജില്ലയിലെ ചില കമുകിന്‍തോട്ടങ്ങളില്‍ എലിശല്യം രൂക്ഷമായി കണ്ട് വരുന്നു.

ഇളം പ്രായത്തിലുള്ളതു മുതല്‍ മൂപ്പെത്തിയ അടയ്ക്കകള്‍ വരെ ഇവയുടെ ആക്രമണത്തിന് വിധേയമാകുന്നു. മൊത്തിനു (മോടിനു) തൊട്ടുതാഴെയായി താഴോട്ടാണ് എലികള്‍ കരണ്ടു തിന്നുന്നതായി കണ്ടത്. അടയ്ക്കയുടെ പുറം തൊലി കാര്‍ന്നു തിന്നുന്പോള്‍ തന്നെ ചിലത് കുലയില്‍ നിന്നും അടര്‍ന്നു വീഴാനിടയാകുന്നു. എന്നാല്‍ മിക്കവയിലും കൂടുതല്‍ ആഴത്തില്‍ ആക്രമണം കാണുന്നുണ്ട്. മൂന്നര സെന്‍റീമീറററോളം വീതിയില്‍ കരണ്ടു തിന്നുന്നതായിട്ടാണ് കണ്ടുവരുന്നത്. ചില അടയ്ക്കകളുടെ 75 ശതമാനം വരെ തിന്നിരിക്കുന്നതായി കാണാന്‍ സാധിച്ചു. പല കമുകുകളിലും മൂപ്പെത്താറായതും പകുതി മൂപ്പുള്ളതുമായ കുലകളിലാണ് ആക്രമണം രൂക്ഷമായി ഉണ്ടായിരുന്നത്. കുലകളിലെ 50-75 ശതമാനം അടയ്ക്കകളും എലി കടിച്ചിടുന്നതായി കണ്ടു. ഇപ്രകാരം താഴെ വീഴുന്ന അടയ്ക്കകള്‍ വില്‍ക്കാനോ കൊട്ടടയ്ക്കയുണ്ടാക്കാനോ സാധ്യമല്ല. ഇളം പ്രായത്തിലുള്ള അടയ്ക്കകളില്‍ എലികളുടെ ആക്രമണം പലപ്പോഴും കാണാറുണ്ടെങ്കിലും ആദ്യമായിട്ടാണ് ഈ പ്രദേശത്ത് മൂപ്പെത്തിയ അടയ്ക്കകള്‍ എലി തിന്നുന്നതായി ശ്രദ്ധയില്‍പെട്ടത്. കമുകുകളില്‍ എലിയുടെ ആക്രമണമുണ്ടായിരുന്ന സ്ഥലങ്ങളില്‍ തൊട്ടടുത്തുള്ള തെങ്ങുകളില്‍ ഇവയുടെ ഉപദ്രവം ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

വീടുകളില്‍ സാധാരണ കാണുന്ന ചെറിയതരം എലികളാണ് ഇതിന് കാരണക്കാര്‍. കമുകിന്‍റെ മണ്ടയില്‍ ഇവ പലപ്പോഴും സ്ഥിര താമസമാക്കാറുണ്ട്. നീണ്ടു മെലിഞ്ഞ ശരീരഘടനയും കുറഞ്ഞഭാരവും ദീര്‍ഘദൂരം ചാടാനുള്ള കഴിവും ഇവയ്ക്ക് കമുകിന്‍റെ മണ്ടയില്‍ കയറുവാന്‍ സഹായകമാണ്. എലികള്‍ കമുകിന്‍റെ ചുവട്ടിലും പറന്പുകളിലും തുരന്ന് മാളങ്ങള്‍ ഉണ്ടാക്കുന്നത് വളരെ സാധാരണമാണ്. ഇളം തൈകള്‍ പലപ്പോഴും ഇപ്രകാരം ആക്രമണത്തിനു വിധേയമാകാറുണ്ട്.

വലഞറുക്കന്‍ (വാന്‍ഡുലേറിയ) എന്ന ഇനം എലികളും കമുകിന്‍റെ മണ്ടയിലും പറന്പുകളിലെ പുല്ലുകള്‍ക്കിടയിലും കൂടുകെട്ടി താമസിക്കുകയും പൂക്കുലകള്‍ അരിഞ്ഞു നാശമുണ്ടാക്കുകയും ചെയ്യാറുണ്ട്.

ഉണക്കിവെയ്ക്കുന്ന അടയ്ക്കകളും പലപ്പോഴും എലികള്‍ നശിപ്പിക്കാറുണ്ട്. പുറംതൊലിയും ചിലപ്പോള്‍ അടയ്ക്ക മുഴുവനായും കടിച്ചുകളയുക, ദൂരസ്ഥലങ്ങളില്‍ കൊണ്ടുപോയി സൂക്ഷിച്ചുവെയ്ക്കുക തുടങ്ങിയവയും ഇവയുടെ വികൃതികളാണ്.

എലികളെ നിയന്ത്രിക്കുന്നതിന് കെണികള്‍ ഉപയോഗിച്ചു പിടിച്ചു കൊല്ലുക എന്നതാണ് ഏററവും ലളിതവും പ്രചാരത്തിലുള്ളതുമായ മാര്‍ഗമെങ്കിലും സംയോജിത സമീപനമാണ് ഫലപ്രദം. എലിക്കെണി കൂടാതെ എലിവില്ല്, എലിപ്പത്തായം, എലിപ്പെട്ടി തുടങ്ങിയവയും എലികളെ പിടിക്കാന്‍ ഉപയോഗിക്കാറുണ്ട്. കമുകിന്‍റെ മണ്ടയില്‍ വിഷം വെച്ചും എലിയെ നിയന്ത്രിക്കാം. ഏററവും ഫലപ്രദമായ ഒരുവിഷമാണ് വാര്‍ഫാറിന്‍. ഇത് ശരീരത്തില്‍ ചെന്നാല്‍ ആന്തരിക രക്തസ്രാവമുണ്ടായി എലി ചത്തുപോകുന്നു. പലപേരുകളിലും വാര്‍ഫാറിന്‍ വാങ്ങാന്‍ കിട്ടും. മാര്‍ക്കററില്‍ വാങ്ങാന്‍കിട്ടുന്ന പേസ്ററ് പോലുള്ള ഒരു വിഷമാണ് റാറേറാള്‍. ഇത് ചോറ്, മീന്‍, പഴം, മരിച്ചിനി മുതലായ ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ത്ത് ചിരട്ടയിലോ അനുയോജ്യമായ മററു പാത്രങ്ങളിലോ മരത്തിന്‍റെ മുകളിലോ എലി നടക്കുന്ന പാതകളിലോ വെയ്ക്കുക. ഭക്ഷ്യവസ്തുക്കളോടൊപ്പം വിഷം തിന്നുന്ന എലി ചത്തുപോകുന്നതാണ്. തിന്നാന്‍ സാധ്യതയുള്ള അടയ്ക്കയുടെ മുകളില്‍ അല്‍പം റാറേറാള്‍ പുരട്ടുന്നതും ഫലപ്രദമാണ്. തോട്ടത്തിലുള്ള എലിമാളങ്ങള്‍ മനസ്സിലാക്കി അവിടെയും വിഷംവെച്ച് എലിയെ നിയന്ത്രിക്കാം.

ഫലപ്രദമായ എലിനിയന്ത്രണത്തിന് വിവിധ സാഹചര്യങ്ങളില്‍ കണ്ടുവരുന്ന എലികളുടെ സ്വഭാവവും ആക്രമണരീതീയുടെ പ്രത്യേകതയും കണക്കിലെടുത്ത് യോജിച്ച പദ്ധതികള്‍ തയ്യാറാക്കുകയും ഒരുപ്രദേശത്തെ എല്ലാകര്‍ഷകരും കൂട്ടായ്മയോടെ അവ നടപ്പിലാക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.


 2.91860465116
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top