অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പഴവര്‍ഗ്ഗങ്ങള്‍

ഐസ്‌ക്രീമിലെ രുചിയിനി മുറ്റത്ത് വിളയിക്കാം

ഐസ്‌ക്രീം, മിഠായി എന്നിവയിലൂടെ നമുക്ക്  സുപരിചിതമാണ് സ്‌ട്രോബറി. സ്‌ട്രോബറിയുടെ രുചി കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. വിദേശീയനായ സ്‌ട്രോബെറിയെ ഇന്ത്യയിലേക്കു കൊണ്ടു വന്നത് യൂറോപ്യന്മാരാണ്. കടുത്ത ചൂടും മഴയും സ്‌ട്രോബറി കൃഷിക്ക് ചേര്‍ന്നതല്ല. ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമായ സ്‌ട്രോബറികള്‍ ഇപ്പോള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പൂനെ കേന്ദ്രീകരിച്ചു സ്‌ട്രോബെറിയിനങ്ങളും ചൂടു തരണം ചെയ്യുമെങ്കിലും അതിവര്‍ഷം പൊതുവെ ഹാനികരമായിട്ടാണു കണ്ടു വരുന്നത്.റോസിന്റെവംശത്തില്‍പ്പെട്ട സ്‌ട്രോബെറി തറയില്‍ പറ്റിയാണ് വളരുന്നത്. പല ഇനങ്ങള്‍ ഉണ്ടെങ്കിലും ഫ്രഗേറിയ അമമാസ എന്നയിനമാണ് സാധാരണയായി കൃഷി ചെയ്യുന്നത.്

ചുവപ്പില്‍ നിറഞ്ഞ മധുരം

കൂര്‍ക്കയുടെ ഇലയുടെ അകൃതിയില്‍ മൂന്നു പത്രങ്ങളോടു കൂടിയതാണ് ഇല. ഇലയുടെ മുകളില്‍ മൃദുവായ രോമങ്ങള്‍ ധാരാളമുണ്ടാകും. പകലിന്റെ ദൈര്‍ഘ്യം കുറയുമ്പോഴാണ് സാധാരണ സ്‌ട്രോബെറി പൂക്കാറുളളത്. സീസണില്‍ പതിനഞ്ചു മുതല്‍ മുപ്പതു വരെ പഴങ്ങള്‍ ലഭിക്കും. ചിലയിനങ്ങളില്‍ ആദ്യം ഉണ്ടാകുന്ന പൂക്കള്‍ കൊഴിച്ചു കളയുന്നത് കനത്ത വിളവ് ഉണ്ടാക്കാന്‍ സഹായകമാണ്. പൂ വിരിഞ്ഞ് ദിവസത്തിനുളളില്‍ അത്യാകര്‍ഷകമായ ചുവപ്പു നിറത്തോടു കൂടിയ സ്‌ട്രോബെറി പഴുത്തു പാകമാകുന്നു. അന്തരീക്ഷത്തിലെ താപനില കൂടുന്നതനുസരിച്ചു പാകമാകാനുളള സമയവും കുറഞ്ഞു വരും. മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ സ്‌ട്രോബെറി വള്ളി വീശി വളരുന്നു. മധുരക്കിഴങ്ങു പോലെ വളരുന്ന ഈ അവസരത്തില്‍ ഓരോ മുട്ടില്‍ നിന്നും വേരിറങ്ങി കൊച്ചു ചെടികള്‍ ഉണ്ടാകുന്നു. ഇത്തരം ചെടികളെ ഉടന്‍ തന്നെ പറിച്ചു മാറ്റണം. ജൂണ്‍മാസത്തില്‍ മഴ തുടങ്ങി പറിച്ചു നടുന്ന ചെടികള്‍ ഓഗസ്റ്റ്- സെപ്റ്റംബറോടു കൂടി പുഷ്പിക്കുന്നതായിട്ടാണ് കണ്ടുവരുന്നത്.


ഹൈറേഞ്ചില്‍ വളര്‍ത്താന്‍ ഉത്തമം

അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടന്ന പ്രാഥമിക നിരീക്ഷണങ്ങളില്‍ നിന്നു ചാന്റലര്‍, പിജോറ, ഫേണ്‍ എന്നീയിനങ്ങള്‍ ഹൈറേഞ്ചിലെ കാലാവസ്ഥയില്‍ നന്നായി വളരുമെന്നു കണ്ടിട്ടുണ്ട്. ഇവയില്‍ ചാന്റലര്‍ എന്ന ഇനം പോളി ഹൗസിലും മെച്ചപ്പെട്ട വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മണല്‍ കൂടിയ മണ്ണാണ് സ്‌ട്രോബെറിക്ക് ഏറ്റവും അനുയോജ്യം. നീര്‍വാര്‍ച്ചയുള്ള മണ്ണിലായിരിക്കും സ്‌ട്രോബറി നടേണ്ടത്. മണ്ണു നന്നായി കിളച്ചൊരുക്കി ഒരു മീറ്റര്‍ വീതിയിലും അനുയോജ്യമായ നീളത്തിലും വരമ്പ് തയാറാക്കുക. ഇതില്‍ 60 സെ. മീ അകലത്തില്‍ രണ്ടു വരികളായി സ്‌ട്രോബെറി നടാം. സാധാരണയായി സ്‌ട്രോബെറി വളളിത്തലകള്‍ ഉപയോഗിച്ചാണ് നടുന്നത.് എന്നാല്‍ ടിഷ്യൂകള്‍ച്ചര്‍ വഴിയും പ്രജനനം സാധ്യമാണ്. പാകമായ സ്‌ട്രോബെറി മണ്ണില്‍ തട്ടിയാല്‍ പെട്ടെന്നു തന്നെ ചീഞ്ഞു പോകുന്നതിനാല്‍ ഉണങ്ങിയ വാഴയില കൊണ്ടോ കരിയില ഉപയോഗിച്ചോ പുതയിടണം. പോളിഹൗസില്‍ കൃഷി ചെയ്യുമ്പോള്‍ പുതയിടാന്‍ പോളിത്തീന്‍ ഷീറ്റുകള്‍ ഉപയോഗിക്കാം.

നോനി വെറുമൊരു പഴമല്ല

ഒരു പഴം… പറഞ്ഞാല്‍ തീരാത്ത ഔഷധ ഗുണങ്ങള്‍… നോനിയെ ഇങ്ങനെ വിശേഷിപ്പിക്കാം. എന്നാല്‍ പഴുത്താന്‍ അത്ര നല്ല ഗന്ധമല്ല ഈ പഴത്തിന്. അസഹ്യമായ ഗന്ധം കാരണം നോനി അവഗണനയേറ്റു കഴിയുകയായിരുന്നു. ഗുണങ്ങള്‍ മനസിലാക്കിയതോടെ നമ്മുടെ നാട്ടില്‍ പല സ്ഥലങ്ങളിലും നോനി കൃഷി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. നോനിപ്പഴത്തില്‍ നിന്നു തയാറാക്കുന്ന പാനീയങ്ങള്‍ക്ക് നല്ല ഡിമാന്റും വിലയുമുണ്ടിപ്പോള്‍.

എത്ര റഞ്ഞാലും തീരാത്ത
ഔഷധ ഗുണങ്ങള്‍

ആയുര്‍വേദ -സിദ്ധ – യുനാനി മരുന്നുകളുടേയും ഒരു പ്രധാന ചേരുവയാണ് ഈ

സസ്യം. മൊറിന്‍ഡാ സിട്രിഫോളിയ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന നോനിയുടെ ജന്മദേശം തെക്ക് കിഴക്കേ ഏഷ്യയാണ്. വേര്, തണ്ട്, ഇല, പൂവ്, കായ് എന്നീ ഭാഗങ്ങളെല്ലാം ഉപയോഗപ്രദമാണ്. ഇന്ത്യന്‍ മള്‍ബറി, കാക്കപ്പഴം, മഞ്ഞണാത്തി,കടപ്ലാവ് എന്നീ പേരുകളിലും നോനി അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ്, കുമിള്‍, ക്യാന്‍സര്‍, പ്രമേഹം, അലര്‍ജി, നേത്ര രോഗങ്ങള്‍, മസ്തിഷ്‌ക രോഗങ്ങള്‍, വൃക്കരോഗം, ഹൃദ് രോഗങ്ങള്‍, ശ്വാസകേശരോഗങ്ങള്‍, കൊളസ്‌ട്രോള്‍, തൈറോയിഡ് രോഗങ്ങള്‍, സൊറിയാസിസ്, രക്താദി സമ്മര്‍ദ്ദം, ആസ്തമ, തളര്‍ച്ച, വിളര്‍ച്ച, അപസ്മാരം, അസ്ഥിരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ക്ഷയം, ട്യൂമറുകള്‍, ത്വക്ക് രോഗങ്ങള്‍, സ്ത്രീകളുടെ സാധാരണ ആരോഗ്യ പ്രശ്‌നങ്ങള്‍, ആര്‍ത്തവ പ്രശ്‌നങ്ങള്‍, വന്ധ്യത, എന്നിവയെ നിയന്ത്രിച്ച് പല രോഗങ്ങളേയും ശമിപ്പിക്കുന്നതിനുള്ള ഔഷധ ഗുണം നോനി പഴത്തിനുണ്ട്. ചെടിയുടെ വിവിധ അവശിഷ്ടങ്ങള്‍ ജൈവ കീട നിയന്ത്രണ ഉപാധിയും ജൈവ വളങ്ങളായും സസ്യ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഉത്തേജക ഹോര്‍മോണുകളായും ഇത് പ്രവര്‍ത്തിച്ച് വരുന്നു.

തെങ്ങിന് ഇടവിളയായി നോനി

തെങ്ങിന് ഇടവിളയായിട്ടാണ് കേരളത്തില്‍ നോനി കൃഷി ചെയ്യുന്നത്. കാസര്‍കോഡ് ജില്ലയിലാണിപ്പോള്‍ പ്രധാനമായും കൃഷിയുള്ളത്. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ മരുന്ന് കമ്പനികള്‍ക്ക് വേണ്ടിയാണ് ഇവിടെ കൃഷി. 10 അടി ഉയരത്തില്‍ വളരുന്ന മരാണ് നോനിയുടേത്, ചിലപ്പോള്‍ 20 അടിവരെ ആകാം. കൊക്കോ, ചാമ്പക്ക തുടങ്ങിയവയെപ്പോലെ നിറയെ പച്ച ഇലകള്‍ കാണാം. പുഴ-കടല്‍ തീരങ്ങളിലെ തെങ്ങിന്‍തോപ്പുകളില്‍ ഇടവിളയായി ഈ ചെടി സമൃദ്ധമായി വളരും. നട്ട് ആറാംമാസം മുതല്‍ കായ്ച്ചുതുടങ്ങും. മൂന്നാം വര്‍ഷം മുതല്‍ നല്ല വിളവെടുപ്പ് ലഭിക്കും. 20 മുതല്‍ 40 വര്‍ഷം വരെ ചെടികള്‍ക്ക് ആയുസുണ്ട്. വര്‍ഷത്തില്‍ എല്ലാമാസവും 4 മുതല്‍ 8 കിലോഗ്രാം വരെ പഴം ലഭിക്കും. ലവണാംശമുള്ള മണ്ണിലും വരള്‍ച്ച പ്രദേശങ്ങളിലും ഇതിനു അതിജീവിക്കാനാവും. വളരുമ്പോള്‍ പച്ചനിറമുള്ള നോനിയുടെ കായ മഞ്ഞ നിറമാകും, മൂക്കുമ്പോള്‍ വെളുത്ത് ചെടിയില്‍ നിന്ന് കൊഴിഞ്ഞു വീഴുകയും ചെയ്യും. പാകമെത്തിയ നോനിക്ക് ഉരുളക്കിഴങ്ങിന്റെ വലിപ്പവും ഗുണ്ടിന്റെ ആകൃതിയുമായിരിക്കും. ചെറിയൊരു ശീമചക്കയോട് സാമ്യമുള്ളതാണ് നോനിപ്പഴം.

പാനീയങ്ങള്‍ നിരവധി

അസഹ്യമായ ഗന്ധമുള്ളതിനാല്‍ നേരിട്ട് നോനിപ്പഴം അധികം ഉപയോഗിക്കാറില്ല. ഇതിനാല്‍ പ്രത്യേക തരം പാനീയങ്ങള്‍ തയാറാക്കിയാണ് ഉപയോഗം. അമേരിക്കയിലും മറ്റും വലിയ പ്രചാരമാണ് നോനിയില്‍ നിന്നു തയാറാക്കുന്ന പാനീയങ്ങള്‍ക്ക്. ചായ, സോപ്പ്, സൗന്ദര്യ വര്‍ദ്ധകങ്ങള്‍, വാര്‍ധക്യ നിയന്ത്രണ പാനീയങ്ങള്‍ എന്നിവ ഈ പഴത്തില്‍ നിന്നു തയാറാക്കുന്നു. തീരപ്രദേശങ്ങളില്‍ വലിയ പരിപാലനമില്ലാതെ ജൈവ കൃഷി രീതിയില്‍ ഇതു കൃഷി ചെയ്യാവുന്നതാണ്.

അമ്പാഴം തണലിട്ട ഇടവഴിയില്‍

നാട്ടുവഴിയുടെ ഓരങ്ങളില്‍ തണലും രുചികരമായ പഴവും തന്നിരുന്ന അമ്പാഴം പുതിയ തലമുറയ്ക്ക് അപരിചതമാണ്. പുളിയും മധുരവും കലര്‍ന്ന അമ്പഴം ഏറെ രുചിയേറിയ പഴമാണ്. അച്ചാര്‍, ചമ്മന്തി, മീന്‍കറി എന്നിവയ്ക്ക് തയാറാക്കാന്‍ അമ്പഴം ഉപയോഗിക്കാം. പച്ച അമ്പഴം കൊണ്ട് തയാറാക്കുന്ന അച്ചാര്‍ ഏറെ രുചികരമാണ്. ഇപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍പ്പോഴും അമ്പഴം കാണാനില്ല.

നടുന്ന രീതി

പഴത്തിലെ കുരുവും കമ്പും നട്ട് അമ്പഴം വളര്‍ത്താം. വലിയ മരമായി മാറുമെന്നതിനാല്‍ നഗരത്തിലും മറ്റും ഇതു വളര്‍ത്തുക പ്രയാസമാണ്. ഇതിനുള്ള

പ്രതിവിധിയാണ് മധുര അമ്പഴം. ചെറിയ സ്ഥലത്തേക്കും ഫ്‌ളാറ്റിലേക്കും ഏറ്റവും പറ്റിയ ഒരു കോംപാക്റ്റ് ചെടിയാണ് മധുര അമ്പഴം. നാടന്‍ അമ്പഴത്തിന്റെ പുളിയില്ലെന്നു മാത്രമല്ല, നല്ല മധുരവുമുണ്ട്. നാലഞ്ചു കൊല്ലം ചട്ടിയില്‍ വച്ച് വളര്‍ത്താം. വര്‍ഷം മുഴുവനും കായ്ഫലമുണ്ടാകും. വലുപ്പമുള്ള കായ കുലയായിട്ടാണുണ്ടാവുക. കായില്‍ നാരു വരുന്നതിനു മുമ്പ് അതായത്, കടുംപച്ച നിറമാകുന്നതിനു മുമ്പ് പറിക്കണം.

പഴുപ്പിച്ചും പച്ചയ്ക്കും

എത്ര പഴുത്താലും ചെറിയൊരു പുളി അമ്പഴത്തിനുണ്ടാകും. പച്ചയ്ക്ക് കഴിക്കുകയാണെങ്കില്‍ പല്ല് പുളിച്ചൊരു വഴിക്കാവും. ഇതിനാല്‍ പച്ച അമ്പഴം എപ്പോഴും അച്ചാര്‍ ഇടാനും ചമ്മന്തി തയാറാക്കാനുമൊക്കെയാണ് ഉപയോഗിക്കുക. മലേഷ്യ, ഇന്ത്യോനേഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലും അമ്പഴമുണ്ട്.

ഏറ്റവും വലിയ പഴത്തിന്റെ കഥ

ഭൂമിയിലെ ഏറ്റവും വലിയ പഴമാണ് നമ്മുടെ ചക്ക. കേരളത്തില്‍ ഒരു വര്‍ഷം 310 ദശലക്ഷത്തോളം ചക്ക ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും നശിക്കുകയാണ്. എല്ലാ തരത്തിലും കല്‍പ്പ വൃക്ഷമാണ് പ്ലാവ്. ഇതില്‍ വിളയുന്ന ചക്കയും ഇങ്ങനെ തന്നെ. മുള്ളു നിറഞ്ഞ ചക്ക പഴുപ്പിച്ച് ചുള പറച്ചാണ് കഴിക്കുക. മധുരം കിനിയുന്ന ചക്കയുടെ രുചി അനുഭവിച്ച് അറിയുക തന്നെവേണം. പച്ച ചക്ക വിവിധ തരത്തില്‍ കറിവെച്ചും നാം കഴിക്കുന്നു. ചക്കക്കുരു, മടല്‍ എന്നിവയെല്ലാം ഭക്ഷ്യ യോഗ്യമാണ്. അടുത്തകാലം വരെ ചക്കയെ ആരും വലിയ കാര്യമായി എടുത്തിരുന്നില്ല.

രോഗങ്ങള്‍ പ്രതിരോധിക്കാന്‍

എയ്ഡ്‌സ് വൈറസിനെയും കാന്‍സറിനെയും പ്രതിരോധിക്കാനുള്ള കഴിവുണ്ട് ചക്കയ്‌ക്കെന്ന് മനസിലാക്കിയതോടെ കാലം തെളിഞ്ഞു. പച്ച ചക്ക പ്രമേഹത്തെ നിയന്ത്രിക്കുമെന്ന് അടുത്തിടെയാണ്  വൈദ്യശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഇതോടെ ചക്കയുടെ പത്രാസ് കൂടിക്കൊണ്ടിരിക്കുന്നു. മൂല്യവര്‍ധിത ഉത്പങ്ങള്‍ നിര്‍മ്മിച്ചു ചക്കയുടെ പാഴായി പോകല്‍ തടയാം. ഒരു വിധത്തില്‍ അല്ലെങ്കില്‍മറ്റൊരു വിധത്തില്‍ സമസ്തഭാഗവും ഉപയോഗിക്കാന്‍ പറ്റിയ പ്ലാവുപോലെ മറ്റൊരു മരവുമില്ല.


നടുന്ന രീതി

മൂത്തു പഴുത്ത ചക്കയുടെ കുരു മുളപ്പിച്ചാണ് നടുക. കുരു പ്ലാസ്റ്റിക്ക് കവറിലോ മറ്റോയിട്ട് മുളപ്പിക്കാം. മഴ ശക്തമായാല്‍ നടാം. തുടക്കത്തില്‍ ചെറിയ പരിചണം നല്‍കിയാല്‍ മതി. പിന്നീട് വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും പ്ലാവ് വളരും. ഫര്‍ണിച്ചറും മറ്റും നിര്‍മിക്കാന്‍ നല്ലതാണ് പ്ലാവിന്റെ തടി. വരിക്കച്ചക്ക, പഴം ചക്ക എന്നിങ്ങനെ രണ്ടു വിഭാഗമാണുള്ളത്. വരിക്കച്ചക്കയില്‍ തന്നെ നിരവധി വിഭാഗങ്ങളുണ്ട്. വെള്ളം വാര്‍ന്നു പോകുന്ന സ്ഥലത്താണ് പ്ലാവ് നടാന്‍ നല്ലത്. ചക്കക്കുരുവിനും നിരവധി ഗുണങ്ങളാണുള്ളത്. ചക്കക്കുരുവും വെള്ളരിക്കയും ചേര്‍ത്ത കറി മലയാളിക്ക് പ്രിയങ്കരമാണ്. പഴുത്ത ചക്ക കൊണ്ടു നിരവധി വിഭവങ്ങളും നമ്മള്‍ തയാറാക്കാറുണ്ട്.

ജൈവരീതിയില്‍ വാഴ കൃഷി

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന പഴമാണ് വാഴപ്പഴം. നേന്ത്രന്‍, മൈസൂര്‍, കദളി, പൂവന്‍, റോബസ്റ്റ തുടങ്ങി നിരവധി ഇനം വാഴകളാണ് നമ്മുടെ നാട്ടിലുള്ളത്. അടുക്കളത്തോട്ടത്തിലും വാഴകള്‍ സ്ഥിര സാന്നിധ്യമാണ്. കൂട്ടത്തില്‍ നേന്ത്രനാണ് കൂടുതല്‍ ജനപ്രിയം. നിരവധി വിറ്റാമിനുകള്‍ അടങ്ങിയ നേന്ത്രപ്പഴം ശാരീരിക ക്ഷമത വര്‍ധിപ്പിക്കാന്‍ ഉത്തമമാണ്. പൊട്ടാസ്യം, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, സ്റ്ററാര്‍ച്ച്, ഫൈബര്‍, കാര്‍ബോപൈസ്രേറ്റ് എന്നിവയാണ് വാഴയില്‍ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട് ഘടകങ്ങള്‍.

നടുന്ന രീതി

ഏഷ്യന്‍ വന്‍കരയില്‍ ഏതാണ്ട് എല്ലായിടത്തും വാഴക്കൃഷിയുണ്ട്. വാഴയുടെ കന്നാണ് നടാന്‍ ഉപയോഗിക്കുക. സ്യൂഡോമോണസും പച്ചച്ചാണകവും കലക്കിയ ലായനില്‍ മുക്കി കന്ന് അഞ്ച് ദിവസം തണലത്ത് വയ്ക്കണം. രണ്ടടി സമചതുരത്തിലുള്ള കുഴിയില്‍ 500 ഗ്രാം കുമ്മായമിട്ട് കന്നു ചരിച്ചുവച്ച് അല്‍പ്പം മണ്ണിട്ട് മൂടുക. 200 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് കുഴിയിലിട്ട ശേഷം വൈക്കോല്‍, കരിയില എന്നിവ കൊണ്ട് പുതയിടണം. 15- 20 ദിവസം കൊണ്ട് കന്നുകള്‍ മുളച്ച് പൊന്തും. ഡെല്‍മയിട്ട് സമ്പുഷ്ടമാക്കിയ ചാണകപ്പൊടി രണ്ടു കിലോ വീതം കന്നിന്റെ ചുവട്ടിലിടുക. തുടര്‍ന്ന് കുഴി മൂന്നിഞ്ച് കനത്തില്‍ മണ്ണിടുക.

വളപ്രയോഗം

പിന്നീട് തുടര്‍ച്ചയായി 20 ദിവസം കൂടുമ്പോള്‍ ജൈവവളം കൊടുക്കും. പച്ചച്ചാണകവും കടലപ്പിണ്ണാക്കും ചേര്‍ത്ത് പുളിപ്പിച്ച ലായനി ഓരോ ലിറ്റര്‍ 20 ദിവസം കൂടുമ്പോള്‍ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്നു. ഇത് ആറു മാസം വരെ തുടരാം. ശീമക്കൊന്നയിലയും പപ്പായ ഇലയും വെള്ളത്തിലിട്ട് അഴുകിയ ശേഷം നീരു പിഴിഞ്ഞ് തളിക്കുന്നതും നല്ലതാണ്. ജൈവ രീതിയില്‍ കൃഷി ചെയ്താല്‍ 26 കിലോഗ്രാം വരെ തൂക്കമുള്ള കുലകള്‍ ലഭിച്ചിട്ടുണ്ട്. ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ നട്ടാല്‍ 30 കിലോ വരെ തൂക്കമുള്ള കുല ലഭിക്കാം. മത്തന്‍, ചേന, കാപ്‌സിക്കം, പയര്‍, വെള്ളരി, മുളക്, വഴുതന തുടങ്ങി എല്ലാ പച്ചക്കറികള്‍ ഇടവിളയായി കൃഷി ചെയ്യാം.

പഴങ്ങളുടെ റാണി, പപ്പായ

അടുക്കളയുടെ സമീപവും നിറയെ കായകളായി നില്‍ക്കുന്ന പപ്പായ ആളൊരു ഭയങ്കരിയാണ്. ഔഷധ ഗുണങ്ങളാല്‍ സമൃദ്ധമായ പപ്പായയെ പഴങ്ങളുടെ റാണിയെന്നാണ് വിളിക്കുന്നത്. വലിയ പരിചണമൊന്നും നല്‍കിയില്ലെങ്കിലും നിറയെ ഫലം തരും പപ്പായ. കപ്ലങ്ങ, കറുമൂസ, കറൂത്ത തുടങ്ങിയ പേരുകളിലും പപ്പായ അറിയപ്പെടുന്നു.

നിരവധി ഗുണങ്ങള്‍

ധാരാളം നാരുകള്‍ അടങ്ങിരിക്കുന്നതിനാല്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇതുമൂലമുള്ള ഹൃദയസ്തംഭനം തടയാനും പപ്പായ പതിവായി കഴിക്കുന്നത് സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയതിനാല്‍ രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാനും കഴിയും. ജീവകയും എയുടെ കുറവുമൂലമുണ്ടാകുന്ന അന്ധതയ്ക്കും പപ്പായ പ്രതിവിധിയാണ്. സൗന്ദര്യ സംരക്ഷണത്തിനും പപ്പായ മികച്ചതാണ്. നിത്യേന പപ്പായ കഴിക്കുന്നതും മുഖത്ത് തേക്കുന്നതും ത്വക്കിലെ നശിച്ച കോശങ്ങളെ നീക്കം ചെയ്ത് തിളക്കവും മൃദുത്വവും നല്‍കി യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കുട്ടികളില്‍ ഇടക്കിടയ്ക്ക് വരുന്ന ജലദോഷം, ചുമ, പനി എന്നിവയ്‌ക്കെതിരേയും പപ്പായ ഫലപ്രദമായി ഉപയോഗിക്കാം. മുറിവുകളില്‍ പപ്പായ കഷ്ണങ്ങള്‍ വയ്ക്കുന്നത് ഉണങ്ങാന്‍ സഹായിക്കും. വാതം, ശ്വാസംമുട്ടല്‍, കാന്‍സര്‍, എല്ലുതേയ്മാനം തുടങ്ങിയവയ്ക്കും ഗുണകരമാണ് പപ്പായ. സ്ത്രീകളില്‍ കാണുന്ന ആര്‍ത്തവ വ്യതിയാനങ്ങള്‍ ക്രമപ്പെടുത്താനും ഇവയ്ക്ക് കഴിയുന്നു.


പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പയിന്‍ എന്ന എന്‍സൈം ആഹാരത്തിലെ പ്രോട്ടീനെ ദഹിപ്പിക്കാനും ദഹനത്തെ ത്വരിതപ്പെടുത്താനും സഹായിക്കും. പപ്പായയുടെ വിത്തുകള്‍ക്കു വിരയിളക്കാനുള്ള കഴിവ് മറ്റൊരു പ്രത്യേകതയാണ്. വിത്തുകള്‍ നീക്കം ചെയ്തു കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മുടി വളരാനും താരന്റെ ശല്യം കുറയാനും പപ്പായ സഹായിക്കും. ഇതിനൊക്കെ പുറമെ വിവിധ തരം കറികളുമൊരുക്കാം.

നടുന്ന രീതി

കുരുമുളപ്പിച്ച് തൈയുണ്ടാക്കി നടാം. പ്രത്യേകം തടമെടുത്ത് ജൈവവളം ചേര്‍ത്താണ് തൈ നടേണ്ടത്. തൈ നട്ട് ആദ്യ ദിവസങ്ങളില്‍ നനയ്ക്കണം. ആദ്യകാലത്ത് ഇലതീനി പുഴുക്കളില്‍ നിന്നും ചെടിയെ സംരക്ഷിക്കണം. എന്നാല്‍ വളര്‍ന്നു തുടങ്ങിയാല്‍ പിന്നെ പപ്പായയ്ക്ക് വലിയ ചരിചരണമൊന്നും വേണ്ട. അടുക്കളത്തോട്ടത്തിന് അരികില്‍ നടുന്നതാണ് നല്ലത്.

മുറ്റത്തും വിളയും മുന്തരി

തണുപ്പുകാലാവസ്ഥയില്‍ മാത്രം ചെയ്തിരുന്ന മുന്തിരി കൃഷി ഇന്നു കേരളത്തിലും വ്യാപകമാവുകയാണ്. പ്രത്യേക ശ്രദ്ധകൊടുത്ത് പരിപാലിച്ചാല്‍ നമ്മുടെ വീട്ടു വളപ്പിലും മുന്തിരി കൃഷി ചെയ്യാം. വീട്ടുമുറ്റത്തും മട്ടുപ്പാവിലും വിജയകരമായി മുന്തി കൃഷി ചെയ്ത നിരവധി പേരുടെ കഥകള്‍ നമ്മള്‍ കേട്ടു കഴിഞ്ഞു. പതിറ്റാണ്ടുകള്‍ ആയുസുള്ള ഒരു പന്തല്‍വിളയാണ് മുന്തിരി.

നടുന്ന രീതി

വേരുപിടിപ്പിച്ച മുന്തിരിവള്ളി പന്തലില്‍ എത്തുന്നതുവരെ ഒറ്റത്തണ്ടായി കഴിവതും നേര്‍രേഖയില്‍ തന്നെ നിലനിര്‍ത്തണം. വളവുള്ള പക്ഷം ഒരു താങ്ങുകാല്‍ ബലമായി കെട്ടി നേര്‍രേഖയിലാക്കാന്‍ ശ്രമിക്കണം. ഈ തണ്ട് അഞ്ചര-ആറ് അടി ഉയരത്തില്‍ എത്തുമ്പോള്‍ ബലമുള്ള ഒരു സ്ഥിരം പന്തലില്‍ യഥേഷ്ടം പടര്‍ത്തുക. രണ്ടാം വര്‍ഷം പന്തലില്‍ ഏറ്റവും ആരോഗ്യമുള്ള രണ്ടു ശിഖരങ്ങള്‍ നിലനിര്‍ത്തി ശേഷമുള്ളത് പൂര്‍ണമായും നീക്കം ചെയ്യുക. തുടര്‍ന്ന് ഈ രണ്ട് ശാഖകളെ യഥേഷ്ടം വളരാന്‍ അനുവദിക്കുക. മൂന്നാം വര്‍ഷം ഈ ചില്ലകള്‍ മൂന്നടി നീളത്തില്‍ വെട്ടിനിര്‍ത്തണം. ആഗസ്ത് – സെപ്തംബര്‍ മാസത്തില്‍ പൂര്‍ണമായി ഇലകള്‍ മുറിച്ചു മാറ്റി മൂന്ന് അടി നീളം നിലനിര്‍ത്തി ചില്ലകള്‍ മുറിക്കണം. സൂക്ഷ്മ മൂലകം ഒരു മാസം ഇടവിട്ട രണ്ടു തവണ നല്‍കണം. കോതിയ കൊമ്പില്‍ വരുന്ന തളിരുകളില്‍ കായ് പിടിക്കും.

വളപ്രയോഗം

മാര്‍ക്കറ്റില്‍ ലഭിക്കുന്ന പഴങ്ങളില്‍ ഏറ്റവും കൂടുതല്‍ വിഷം പ്രയോഗിച്ചിരിക്കുന്നതു മുന്തിരിയിലാണ്. ഇതിനാല്‍ ജൈവവളം മാത്രം ഉപയോഗിച്ച് വിളയിച്ച മുന്തിരിക്ക് വലിയ ഡിമാന്‍ഡാണുള്ളത്. എല്ലാതരം ജൈവവളങ്ങളും മുന്തിരിക്ക് പഥ്യമാണ്. ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, പച്ചിലക്കമ്പോസ്റ്റ്, എല്ലുപൊടി തുടങ്ങിയവ രണ്ടു മാസം കൂടുമ്പോള്‍ വളമായി നല്‍കാണം. വളപ്രയോഗ സമയത്ത് നന്നായി നനച്ചുകൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആഗസ്ത് മാസം പ്രൂണിങ് നടത്തുമ്പോള്‍ പൂര്‍ണമായും ജലസേചനം നിര്‍ത്തുക. ഒരു മാസത്തിനു ശേഷം വീണ്ടും നനകൊടുത്ത് വളപ്രയോഗം നടത്തുക. കൊമ്പുകോതല്‍ നടത്തിയ ശേഷം മുറിപ്പാടുകളില്‍ ബോര്‍ഡോ കുഴമ്പോ കോപ്പര്‍ ഓക്‌സിക്ലോറൈഡോ തേയ്ക്കണം.

ബേപ്പൂര്‍ സുല്‍ത്താന്റെ മാങ്കോസ്റ്റീന്‍

ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലൂടെയാണ് മാങ്കോസ്റ്റീന്‍ മരം മലയാളിക്ക് പരിചിതമായത്. മങ്കോസ്റ്റീന്‍ മരത്തിന് ചുവട്ടില്‍ ഗ്രാമഫോണില്‍ നിന്നു സോജ രാജകുമാരി കേട്ടിരിക്കുന്ന ബഷീര്‍ ചിത്രം നമ്മുടെ മനസിലുണ്ടാകും. മധുരം കിനിയുന്ന മാങ്കോസ്റ്റീനിപ്പോള്‍ കേരളത്തില്‍ നന്നായി വളരുന്ന മരമായി മാറിയിട്ടുണ്ട്. വീട്ടു വളപ്പില്‍ നട്ടുവളര്‍ത്താവുന്ന മരമാണിത്.

പോഷക കലവറ

ഇന്ത്യോനേഷന്‍ സ്വദേശിയാണ് മാംങ്കോസ്റ്റീന്‍. വിവിധ ഇനത്തിലുള്ള മാങ്കോസ്റ്റീനുകള്‍ ലഭ്യമാണ്. സ്വാദു നിറഞ്ഞ ഈ പഴം പോഷകക്കലവറകൂടിയാണ്. ജീവകങ്ങള്‍, ധാതുക്കള്‍, അന്നജം എന്നിവ വേണ്ടുവോളം. ഫ്രൂട്ട്‌സലാഡ്, മധുരവിഭങ്ങള്‍, ഐസ്‌ക്രീം എന്നിവയില്‍ മംഗോസ്റ്റിന്‍ ചേരുവയാക്കാം. സ്‌ക്വാഷിനും തണുപ്പിച്ചെടുക്കുന്ന വിഭവങ്ങളിലും ഉപയോഗിക്കുകയും ചെയ്യാം. വയറിളക്കം, വയറുകടി, കോളറ തുടങ്ങിയ രോഗങ്ങള്‍ പിടിപ്പെട്ടാല്‍

മാംഗോസ്റ്റിന്‍ കഴിക്കുന്നത് നല്ലതാണ്. ദഹനസഹായിയായ ഇത് വിശപ്പുണ്ടാക്കും.

നിരവധി ഗുണങ്ങള്‍

തുണിത്തരങ്ങള്‍ക്കും നിറം പിടിപ്പിക്കുക, തുകല്‍ ഊറയ്ക്കിടുക തുടങ്ങിയ വ്യവസായാവശ്യങ്ങള്‍ക്കും മംഗോസ്റ്റിന്‍ പ്രയോജനപ്പെടുത്തിവരുന്നു. കായ്കളുടെ പുറന്തോടില്‍ സമൃദ്ധമായുളള ടാനിനാണ് ഇതിനുപയോഗിക്കുന്നത്. ഈര്‍പ്പവും ചൂടും കൂടിയതും നന്നായി മഴ ലഭിക്കുന്നതുമായ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മംഗോസ്റ്റിന്‍ വിജയകരമായി കൃഷിചെയ്യാം. കേരളത്തിലെ നദീതീരങ്ങള്‍ മംഗോസ്റ്റിനു യോജിക്കും. കടുത്ത വേനല്‍, കാറ്റ് എന്നിവ ചെടിക്ക് ഭീഷണിയാണ്. എട്ടു-പത്ത് വര്‍ഷമാകുമ്പോഴേക്കും കായ്ക്കാന്‍ തുടങ്ങും.

നടുന്ന രീതി

വിത്ത് മുളപ്പിച്ചും കമ്പു മുറിച്ചു നട്ടും ഗ്രാഫ്റ്റ് നട്ടും മംഗോസ്റ്റിന്‍ വച്ചു പിടിപ്പിക്കാം. പഴുത്തു പാകമായ പഴത്തിനുളളിലെ വിത്താണ് നടേണ്ടത്. വേരുപിടിപ്പിച്ച കമ്പുകള്‍ നട്ടാല്‍ നേരത്തേ കായ്ച്ചുതുടങ്ങും. ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ നടുകയാണെങ്കിലും വേഗം വിളവ് ലഭിക്കും. കാലവര്‍ഷാരംഭത്തോടെ തൈകള്‍ നടാം. സാധാരണ തൈകള്‍ക്കു 10 മീറ്ററും ഗ്രാഫ്റ്റ് തൈകള്‍ക്ക് 5 മീറ്ററും അകലം നല്‍കണം. വേനല്‍ക്കാലത്ത് തണല്‍ നല്‍കുകയും നനയ്ക്കുകയും പുതയിടുകയും വേണം. വളമിടീലും വിളവു നിര്‍ണയിക്കുന്ന ഘകമാണ്. അധികം ആഴത്തിലല്ലാതെ ചെടിക്കു ചുറ്റും തടമെടുത്ത് വളമിടുകയും വേണം.

ബറാബ-പഴക്കൂടയിലെ പുതിയതാരം

സമീപകാലത്ത് ബറാബ എന്ന പേരില്‍ കേരളത്തില്‍ പ്രചാരം നേടിയ പഴമാണ് ചെറിമാങ്കോസ്റ്റീന്‍ അഥവാ ലെമണ്‍ ഡ്രോപ്പ് മാങ്കോസ്റ്റീന്‍. ഗാഴ്‌സീനിയ ഇന്റര്‍മീഡിയ എന്ന സസ്യനാമം. കുടംപുളി, മാങ്കോസ്റ്റീന്‍ എന്നിവ ഉള്‍പ്പെടുന്ന കുടുംബത്തിലെ അംഗമാണ് ബറാബ. മറ്റു ഗാഴ്‌സീനിയ ഇനങ്ങളില്‍ കാണുതുപോലുള്ള മഞ്ഞനിറത്തിലെ കറ ഇതിലും കാണാം. നവംബര്‍-ജനുവരിയാണ് ബറാബയുടെ പൂക്കാലം. പൂക്കള്‍ക്ക് തൂവെള്ള നിറവും നല്ല സുഗന്ധവുമുണ്ട്. മഞ്ഞയോ ഓറഞ്ചോ നിറവും ചെറുനാരങ്ങയുടെ വലിപ്പമുള്ള പഴത്തില്‍ രണ്ട് വിത്തുകളുമുണ്ടാകും. പുറംതോട് നീക്കിയാല്‍ വിത്ത് പൊതിഞ്ഞിരിക്കു വെളുത്ത നിറത്തിലുള്ള മാംസളഭാഗമാണ് ഭക്ഷ്യയോഗ്യം. പഴങ്ങള്‍ക്ക് മധുരം അല്ലെങ്കില്‍ പുളിപ്പ് കലര്‍ന്ന രസമാണ്. സ്വാദിഷ്ടവും പോഷകപ്രദവുമായ ഈ പഴത്തില്‍ ജീവകം സി ധാരാളം അടിങ്ങിയിട്ടുണ്ട്. വിത്തുമുളപ്പിച്ച തൈകളാണ് നടാന്‍ ഉപയോഗിക്കുത്. തൈകള്‍ മൂന്നു നാലു വര്‍ഷം കൊണ്ട് കായ്കള്‍ ലഭിച്ചു തുടങ്ങും.

മധുരവും ആരോഗ്യവും നിറഞ്ഞ കമ്പിളി നാരകം

 

ഫുട്‌ബോളിന്റെ വലുപ്പത്തില്‍ മരം നിറയെ കായ്ച്ചു നില്‍ക്കുന്ന കമ്പിളി നാരകങ്ങള്‍ കേരളത്തിലെ ഗ്രാമീണ കാഴ്ചയാണ്. നിരവധി വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയ കമ്പിളി നാരകം വിവിധ പേരുകളിലാണ് ഒരോ സ്ഥലത്തും അറിയപ്പെടുന്നത്. മാതളനാരങ്ങ, ബംബിളി നാരകം, പ്യൂമലൊ എന്നുമിതിന് പേരുണ്ട്. വൈറ്റമിന്‍ സി, ജലാംശം, ട്രോട്ടീന്‍, കൊഴുപ്പ്, അജം, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തപുഷ്ടി ഉണ്ടാക്കുവാന്‍ ഉപകരിക്കുന്ന കമ്പിളി നാരങ്ങ ദാഹത്തിനും ക്ഷീണത്തിനും നല്ലതാണ്.

മരമായി വളരും

മരമായിട്ടാണ് കമ്പിളി നാരകം വളരുക. ചുവപ്പ്, വെള്ള നിറങ്ങളിലാണ് സാധാരണയിതു കാണപ്പെടുക. നാരങ്ങളുടെ ഉള്‍ക്കാമ്പിനെ നിറത്തിന് അനുസരിച്ചാണ് പേര്. ചുവപ്പ് നിറമുള്ളതാണ് സാധാരണ കാണപ്പെടുന്നത്. പുളിയും മധുരവും ചവര്‍പ്പും കലര്‍ന്ന രുചിയാണ് ഉള്‍ക്കാമ്പിന്. കട്ടിയുള്ള പുറം തോട് പാകമാകുമ്പോള്‍ ഇളം മഞ്ഞ നിറമാകും. പുറംതോട് പൊളിച്ച് ഉള്‍ഭാഗം എടുക്കാം. ഉള്‍ഭാഗം നന്നായി പഴുത്ത കായ്കള്‍ക്ക് സാമാന്യം നല്ല മധുരവുമുണ്ടാകും. ജ്യൂസിനും സ്‌ക്വാഷിനും നന്ന്. കമ്പിളി നാരങ്ങയുടെ പുറംതൊലി നീക്കുമ്പോള്‍ പ്രത്യേക മണം ഉണ്ടാകും.

നടുന്ന രീതി

റുട്ടേസിയ സസ്യകുലത്തില്‍പ്പെട്ടതാണ് കമ്പിളി നാരകം. സിട്രിസ് ഗ്രാന്‍ഡിസ് എന്നാണ് ശാസ്ത്രനാമം. കേരളത്തിലെ മണ്ണും കാലാവസ്ഥയും ഇവ വളരാന്‍ യോജിച്ചതാണ്. വിത്തുപാകി മുളപ്പിച്ച തൈകളും വേരുപിടിപ്പിച്ച കമ്പുകളും നടാം. ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ അടിവളമായി ചേര്‍ത്ത് കുഴികളില്‍ തൈ നടണം. വേനലില്‍ നനയ്ക്കുകയും പുതയിടുകയും വേണം.

തേനൂറുന്ന മാമ്പഴക്കാലം

കൊതിയൂറുന്നൊരു മാമ്പഴക്കാലം മുതിര്‍ന്നവരുടെ ഓര്‍മകളില്‍ സമൃദ്ധമാണ്. മാവിന്‍ ചുവട്ടില്‍ ഊഞ്ഞാലിട്ടും കളിവീടുണ്ടാക്കിയും അവധി ആഘോഷമാക്കിയ കഥകള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാം, പക്ഷെ മാമ്പഴത്തിന്റെ രുചിയോ…? അത് അനുഭവിച്ചു തന്നെ അറിയണം… മധുരം കിനിയുന്ന നിരവധി മാങ്ങകളാണ് നമ്മുടെ നാട്ടിലുള്ളത്. പഴങ്ങളുടെ രാജാവായിട്ടാണ് മാമ്പഴത്തെ പരിഗണിക്കുന്നത്.

നിരവധി ഇനങ്ങള്‍

പ്രാദേശിക അടിസ്ഥാനത്തില്‍ സ്ഥലനാമങ്ങള്‍ക്ക് അനുസരണമായി ഒട്ടനവധി നാടന്‍ മാവിനങ്ങളുണ്ട്. കോഴിക്കോടും തൃശൂരുമുള്ള കാസര്‍ഗോഡ് മുണ്ടപ്പഴം, വടകര ചേരനും പാലക്കാട്ട് ഗന്ധമാലയുമെല്ലാം ഈ ശ്രേണിയില്‍പ്പെടുന്നു.

നിറത്തിന്റെയുംഗന്ധത്തിന്റെയും സ്വാദിന്റെയും അടിസ്ഥാനത്തിലാണ് ഇവയ്ക്ക് പേരുകള്‍ നല്‍കിയിട്ടുളളത്. തമിഴ്‌നാട്ടിലെ നീലം, പശ്ചിമബംഗാളിലെ ഹിമസാഗര്‍, ആന്ധ്രയിലെ ബനീഷന്‍ എന്നിവ ഇന്ത്യയിലെമ്പാടും പേരെടുത്ത മാമ്പഴങ്ങളാണ്. കേരളത്തിന്റെ പരമ്പരാഗത മാമ്പഴങ്ങളായ കിളിച്ചുണ്ടന്‍, മൂവാണ്ടന്‍, പുളിശ്ശേരി മാങ്ങ, അച്ചാറു മാങ്ങ എന്നിവയെല്ലാം പണ്ടുമുതലേ പ്രശസ്തം.

വീട്ടുമുറ്റത്ത് നടാം

പരിമിതിയുണ്ടെങ്കിലും വീട്ടു മുറ്റത്ത് നല്ലയിനം മാവ് നട്ടുവളര്‍ത്തുക ആരുടെയും ആഗ്രഹമാണ്. അധികം സ്ഥലം അപഹരിക്കാത്ത വ്യത്യസ്ത രുചിഭേദങ്ങളുള്ള നീലം, അല്‍ഫോസ, ബേങ്കപ്പള്ളി, മല്ലിക, മല്‍ഗോവ, സുവര്‍ണ്ണ രേഖ, സിന്ധു തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട മാവുകള്‍ വീട്ടുമുറ്റത്ത് വളര്‍ത്താന്‍ അനുയോജ്യമാണ്. ലോകത്ത് ഉത്പാദിപ്പിക്കുന്ന മാമ്പഴങ്ങളുടെ ഭൂരിഭാഗവും ഇന്ത്യന്‍ മണ്ണില്‍ വളരുന്നു. ഏതാണ്ട് ആയിരത്തോളം മാമ്പഴങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. ഒട്ടു തൈകളാണ് നടാന്‍ മിക്കവരും തെരഞ്ഞെടുക്കുന്നത്. വേഗത്തില്‍ കായ്ക്കുന്നു, അധികം വലുതാകില്ല എന്നിവ ഒട്ടുതൈകളുടെ പ്രത്യേകതയാണ്. എന്നാല്‍ രുചിയുടെ കാര്യത്തില്‍ നാടന്‍ ഇനങ്ങളുടെ അടുത്ത് എത്താന്‍ ഇവയ്ക്കാകില്ല.

നടുന്ന രീതി

മഴക്കാലം തുടങ്ങുമ്പോഴാണ് മാവിന്‍ തൈ നടാന്‍ അനുയോജ്യം. നല്ല വെളിച്ചം കിട്ടുന്ന സ്ഥലത്ത് ഒരു മീറ്റര്‍ ചതുരത്തിലും ആഴത്തിലുമുള്ള കുഴിയില്‍ മേല്‍മണ്ണും ജൈവ വളവും ചേര്‍ത്ത് നിറച്ച് തൈ നടാം. വിശ്വസനീയമായ ഏജന്‍സികളില്‍ നിന്നു വേണം തൈകള്‍ വാങ്ങാം. തൈകള്‍ നട്ടിരിക്കുന്ന പോളിത്തീന്‍ കവറുകള്‍ കീറി നീക്കം ചെയ്ത ശേഷം വേണം കുഴിയില്‍ ഇറക്കിവയ്ക്കാന്‍. ഒട്ടുഭാഗം മണ്ണില്‍ മൂടാതെ വേണം നടാന്‍. പുതു തൈകള്‍ കിളിര്‍ത്ത് വരുതുവരെ നനച്ചു കൊടുക്കണം. നല്ലയിനം മാവും തൈകള്‍ മൂന്നാം വര്‍ഷം മുതല്‍ കായ്ച്ചു തുടങ്ങും. സ്‌ക്വാഷ്, ജാം, ഹല്‍വ, പാല്‍ഷൈഖ്, അച്ചാര്‍ തുടങ്ങി നിരവധി വിഭവങ്ങളാണ് നമ്മള്‍ മാങ്ങയില്‍ നിന്ന് ഉണ്ടാക്കുന്നത്.

റംമ്പൂട്ടാനാണ് താരം

കേരളത്തിലെ ഹൈറേഞ്ച് മേഖലയില്‍ അതിവേഗം പ്രചരിക്കുന്ന ഫലവര്‍ഗമാണ് റംബമ്പൂട്ടാന്‍. ഇന്ത്യാനേഷ്യന്‍ സ്വദേശിയാണെങ്കിലും മലയാള നാടിന്റെ മനസിനെ കീഴടക്കന്‍ റംമ്പൂട്ടാന് അതിവേഗം കഴിഞ്ഞു. ഹെയറി ലിച്ചി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ പഴത്തിന്റെ ശാസ്ത്രനാമം നെഫേലിയം ലെപ്പേസിയമെന്നാണ്. മൃദുവായ ഇളം മഞ്ഞയോ പച്ചയോ നിറം കലര്‍ന്ന മുളളുകളാണ് പഴത്തിന്റെ തൊലി മുഴുവന്‍. തൊലി പൊളിച്ചാല്‍ കുരുവിനു ചുറ്റും മാംസളമായ ഭാഗം കാണാം. ഇതാണ് ഭക്ഷ്യയോഗം.

നടുന്ന രീതി

ഇടത്തരം പൊക്കത്തില്‍ വളരുന്ന ചെടിയാണിത്. വിത്ത് പാകി, തൈകള്‍ കിളിര്‍പ്പിച്ചെടുത്തും എയര്‍ ലെയറിംഗ് രീതി മുഖേനയും റംമ്പൂട്ടാന്റെ വംശവര്‍ദ്ധനവ് നടത്തിവരുന്നുണ്ട്. ചെറുവിരല്‍ വണ്ണമുളള ചില്ലകളില്‍ ലെയറിംഗ് ചെയ്യാം. മഴ തുടങ്ങുന്ന അവസരത്തിലാണ് ഇത് ചെയ്യേണ്ടത്. ചെറുവിരല്‍ കനത്തിലുളള കമ്പുകള്‍ തെരഞ്ഞെടുത്ത്, അതിന്റെ അറ്റത്തു നിന്നും 45 സെന്റിമീറ്റര്‍ താഴെയായിട്ടാണ് ലെയറിംഗ് നടത്തേണ്ടത്.

രണ്ടര സെന്റീമീറ്റര്‍ നീളത്തിലായി കമ്പില്‍ നിന്ന് തൊലി നീക്കണം. ഇങ്ങനെ തൊലി നീക്കിയ ഭാഗത്ത് അറക്കപ്പൊടി, മണല്‍, ചകിരിച്ചോറ് എന്നിവ ചേര്‍ത്ത മിശ്രിതം വച്ച് നന്നായി അമര്‍ത്തി പോളീത്തീന്‍ കവറിനാല്‍ ബന്ധിക്കണം. രണ്ടു മാസം കഴിയുന്നതോടെ ഈ ഭാഗത്ത് വേര് തേടി കഴിഞ്ഞിട്ടുണ്ടാകും. നന്നായി വേരു വന്നാല്‍ മുറിച്ചെടുത്ത് നട്ടുപിടിപ്പിക്കാം. വിത്തുകള്‍ നടീല്‍ മിശ്രിതം നിറച്ച് ചട്ടിയില്‍ നടാം. പത്ത മാസമായാല്‍ തൈകള്‍ നടാനെടുക്കാം. മഴ മയത്ത് നടുന്നതാണ് നല്ലത്. ഒന്നിലേറെ തൈകള്‍ അടുപ്പിച്ച് നടുന്നയവസരത്തില്‍ ആവശ്യത്തിന് അകലം നല്‍കണം. ജൈവവളം ചേര്‍ത്ത് നന്നായി നനക്കുന്നത് റംമ്പൂട്ടാന്റെ വിളവ് കൂട്ടും. മൂന്നു- നാലു വര്‍ഷം കൊണ്ടു കായ്ച്ചു തുടങ്ങും.

ഗുണങ്ങള്‍

നൂറു കണക്കിനു വര്‍ഷം മുമ്പ് തന്നെ മലേഷ്യയിലെയും ഇന്തൊനേഷ്യയിലെയും ജനങ്ങള്‍ പ്രമേഹത്തിനും രക്തതസമ്മര്‍ദത്തിനും മരുന്നായി റംമ്പുട്ടാന്‍ ഉപയോഗിച്ചിരുന്നു. പഴത്തില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്‌സും പ്രോട്ടീനും ഉന്മേഷം പകരും. ഗാലിക് ആസിഡ് കാന്‍സറിനെ പ്രതിരോധിക്കും. ഇതിലടങ്ങിയിരിക്കുന്ന കോപ്പര്‍ ശ്വേത അരുണ രക്തകോശങ്ങളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കും. ഫോസ്ഫറസ് കിഡ്‌നിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ശരീരത്തിലെ കലകളുടെയും കോശങ്ങളുടെയും വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. അയണിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങളായ വിളര്‍ച്ച, ക്ഷീണം, ബോധക്ഷയം എന്നിവയെ ചെറുക്കാന്‍ റംമ്പുട്ടാനില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന അയണ്‍ സഹായിക്കും. നാരുകള്‍ കൂടുതലുള്ളതും കലോറി കുറഞ്ഞതുമായ ഈ പഴം വിശപ്പ് ശമിപ്പിക്കും. വണ്ണം കുറയ്ക്കാനും റംമ്പൂട്ടാന്‍ കഴിക്കുന്നത് നല്ലതാണ്. ചര്‍മത്തിലെ ജലാംശം കാത്തുസൂക്ഷിക്കാനും ചര്‍മം കൂടുതല്‍ തിളങ്ങാനും മൃദുലമാകാനും ഇതു സഹായിക്കും. മുടി നന്നായി വളരാനും റംമ്പുട്ടാനെ ആശ്രയിക്കാം. ഇതിന്റെ ഇലകള്‍ നന്നായി അരച്ച് തലയില്‍ തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുടി ഇടതൂര്‍ന്നു വളരാന്‍ ഇതു സഹായിക്കും. ഇപ്പോള്‍ മനസിലായില്ലേ റംമ്പൂട്ടാനെ ഗുണങ്ങള്‍. ഈ മഴക്കാലത്തു തന്നെ വീട്ടില്‍ ഒരു റംമ്പൂട്ടാന്‍ തൈ നട്ടോളൂ.

കടപ്പാട്-http:harithakeralamnews.com© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate