Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പച്ചക്കറിയിനങ്ങളും പഴവര്‍ഗ്ഗങ്ങളും

കൂടുതല്‍ വിവരങ്ങള്‍

വീട്ടുമുറ്റത്ത്‌ ഒരു പച്ചക്കറി തോട്ടം


ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ എല്ലാം മാരകമായ വിഷമാണ്.ഒരു കേടുംഇല്ലാത്ത വെണ്ടക്കയും,വഴുതനയും ഒക്കെ കടകളില്‍ കാണുമ്പോള്‍നമ്മള്‍ ഉടനെ വാങ്ങും.അല്പം കേടുള്ളത് വാങ്ങില്ല.കേടില്ലാതെ നല്ല തുടുത്തിരിക്കുന്ന വേണ്ടക്കയിലും വഴുതനയിലും ഒരു പുഴുവെങ്ങാനും കടിച്ചുപോയാല്‍ അത് ചത്തുപോകും.കാരണം അതില്‍ മാരക വിഷം അടിച്ചിരിക്കുകയാണ്.അതുകൊണ്ട് കൂടുതല്‍ ഭംഗി നോക്കാതെ അല്പം പുഴുകടിച്ചതായാലും അത് വാങ്ങുന്നതാണ് നമ്മുടെ ആരോഗ്യത്തിന് നല്ലത്.

നമ്മുടെ വീട്ടു മുറ്റത്ത്‌ ഉള്ള സ്ഥലത്ത് കുറച്ചു വെണ്ട,വഴുതന,കോവല്‍,തക്കാളി,മുളക്,പയര്‍,തുടങ്ങിയവ നട്ടു പിടിപ്പിച്ചാല്‍,വീട്ടില്‍ ഉപയോഗിക്കുന്ന പച്ചക്കറികളുടെ വേസ്റ്റും ,ചാരവും,പച്ചിലകളും,ചാണകം കിട്ടുമെങ്കില്‍ അതും ഇട്ടുകൊടുത്താല്‍ വിഷമില്ലാത്ത ജൈവ പച്ചകറികള്‍ വീട്ടില്‍ ഉണ്ടാക്കാം.

എത്ര ജോലിതിരക്കുണ്ടെങ്കിലും രാവിലെയും,വൈകിട്ടും,അരമണിക്കൂര്‍ നേരത്തെ ഉണര്‍ന്നാല്‍ ഇതൊക്കെ ചെയ്യാവുന്നതാണ്.മനസ്സിന് സന്തോഷവും,ശരീരത്തിന് ആരോഗ്യവും കിട്ടും..

മട്ടുപ്പാവിലെ പച്ചക്കറി കൃഷി

വേണ്ടത്ര സ്ഥലം ലഭ്യമല്ലാത്ത നഗരങ്ങളില്‍ വീടിന്‍റെ മട്ടുപ്പാവിലെ സ്ഥലം കൃഷിക്കായി ഉപയോഗിക്കാം. പഴയ പ്ലാസ്റ്റിക് ചാക്കുകള്‍, ചെടി ചട്ടികള്‍, ഗ്രോബാഗുകള്‍ എന്നിവയിലെല്ലാം കൃഷി നടത്താം. ഇവയില്‍ നിറയ്ക്കേണ്ടത് പ്രത്യേകം തയ്യാറാക്കിയ നടീല്‍ മിശ്രിതമാണ്. മേല്‍മണ്ണ്, മണല്‍, ചാണകപ്പൊടി/കമ്പോസ്റ്റ്, എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക്, ചകിരിച്ചോര്‍ എന്നിവ മിക്സ് ചെയ്ത് നടീല്‍ മിശ്രിതം തയ്യാറാക്കാം. എല്ല് പൊടി നല്ല കായ് ഫലം തരുന്നതിനും, വേപ്പിന്‍ പിണ്ണാക്ക് നിമാവിരകളെയും മറ്റ് കീടങ്ങളെയും നശിപ്പിക്കുന്നതിനും, ചകിരിച്ചോര്‍ നന്നായി വേരു പിടിക്കാനും സഹായിക്കും. ആഗ്രോ സൊസൈറ്റികളില്‍ നിന്നും ഗ്രോ-ബാഗുകളും നടീല്‍ മിശ്രിതവും വിലയ്ക്കു വാങ്ങാനും കിട്ടും.

ചാക്കിന്‍റെ അടി ഭാഗത്തായി മൂന്നോ നാലോ സുഷിരങ്ങളിടണം. ഗ്രോ-ബാഗില്‍ സുഷിരങ്ങള്‍ ഉണ്ടായിരിക്കും. ഈ സുഷിരങ്ങള്‍ ചകിരിയോ ചരലോ ഉപയോഗിച്ച് പാതി അടയ്ക്കണം എന്നിട്ട് രണ്ടിഞ്ച് കനത്തില്‍ മണല്‍ നിരത്തുക അതിന്‍ മീതെ സഞ്ചിയുടെ വാവട്ടത്തിന്‍ ഒന്നര ഇഞ്ച് താഴെ വരെ നടീല്‍ മിശ്രിതം നിറയ്ക്കാം. ചാക്കിന്‍റെ മൂലകള്‍ അകത്തേക്ക് കയറ്റി വെച്ച് വേണം മിശ്രിതം നിറയ്ക്കാന്‍.
കൈ വരിയോട് ചേര്‍ത്തും, അടിയില്‍ ചുമര്‍ വരുന്ന ഭാഗത്തും ചാക്കുകള്‍ വയ്ക്കാം. ഇഷ്ടികയോ പൊട്ടിയ ഓടിന്‍റെ കഷണങ്ങളോ ഉപയോഗിച്ച് തറയില്‍ നിന്ന് അല്‍പം ഉയര്‍ത്തി വേണം ചാക്കുകള്‍ വയ്ക്കേണ്ടത്. പടര്‍ന്ന് കയറുന്ന പച്ചക്കറികളാണ് നടാന്‍ ഉദ്ദേശിക്കുന്ന്തെങ്കില്‍ പന്തലിടാനുള്ള സൌകര്യം കൂടി നോക്കി വേണം ചാക്കുകള്‍ ക്രമീകരിക്കാന്‍.

ഒരു ചാക്കില്‍ തന്നെ ഒന്നിലധികം വിളകള്‍ കൃഷി ചെയ്യാം. പെട്ടെന്ന് വിളവെടുക്കാവുന്ന ചീരയോ, കുറ്റിപ്പയറോ വഴുതനയോ മുളകോ കൃഷി ചെയ്യുന്ന ചാക്കില്‍ തന്നെ നടാവുന്നതാണ്. വൈകുന്നേരമാണ് തൈ നടാന്‍ പറ്റിയ സമയം. വിത്ത് രണ്ട് സെന്‍റീ മീറ്ററിലധികം താഴ്ത്തി നടരുത്. വേനലില്‍ തൈകള്‍ക്ക് തണല്‍ നല്‍കുകയും വേണം. 

ടെറസ്സിലെ കൃഷിയ്ക്ക് തുള്ളി നനയാണ് അഭികാമ്യം. പ്ലാസ്റ്റിക് കവറുകളിലോ ബോട്ടിലുകളിലോ അടിയില്‍ ചെറിയ സുഷിരങ്ങളിട്ട് വെള്ളം നിറച്ച് ചെടിയുടെ ചുവട്ടില്‍ വച്ചാല്‍ ചിലവു കുറഞ്ഞ ട്രിപ്പ് ഇറിഗേഷനായി. ഒരിക്കലും ചാക്കില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങുന്ന വിധത്തില്‍ വെള്ളം ഒഴിക്കരുത്. വെള്ളത്തിനൊപ്പം വളം കൂടി ഒലിച്ചു പോകാന്‍ അത് കാരണമാകും. ഒരേ ചാക്കില്‍ തുടര്‍ച്ചയായി നാലോ അഞ്ചോ തവണ കൃഷി ചെയ്യാം. ഒരോ തവണയും പച്ചക്കറി നടുന്നതിനു മുന്പു നന്നായി ജൈവ വളം ചേര്‍ത്ത് മണ്ണിളക്കണമെന്നു മാത്രം. നടീല്‍ മിശ്രിതത്തിനൊപ്പം 50ഗ്രാം അസോസ് പൈറില്ലം ചേര്‍ക്കുന്നത് വളര്‍ച്ച വേഗത്തിലാക്കും.

രാസവളങ്ങളും രാസകീടനാശിനികളും മട്ടുപ്പാവിലെ കൃഷിയില്‍ ഒഴിവാക്കുക. വീട്ടിലെ ജൈവ മാലിന്യങ്ങളില്‍ നിന്നുണ്ടാക്കിയ കമ്പോസ്റ്റും, ചാണകപ്പൊടിയും, കോഴി കാഷ്ടവും ഒക്കെ ക്രമമായ ഇടവേളകളില്‍ ഇട്ടു കൊടുത്താല്‍ മതി നല്ല വിളവു ലഭിക്കും.

മട്ടുപ്പാവിലെ കൃഷിക്കു ചുറ്റും മറ്റു ചെടികൾ ഇല്ലാത്തതിനാലും തറ നിരപ്പില്‍ നിന്നും വളരെ ഉയരത്തിലായതിനാലും കീടങ്ങളുടെ ശല്യം കുറവായിരിക്കും. രാവിലെയോ വൈകുന്നേരമോ തോട്ടത്തിലൂടെ ഒരു കറക്കം ശീലമാക്കിയാല്‍ പുഴുക്കളേയും മറ്റും കണ്ടെത്തി നശിപ്പിക്കാം. മൂഞ്ഞയും വെള്ളീച്ചയും പോലെയുള്ള നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ശല്യം രൂക്ഷമായാല്‍ പുകയില കഷായം ഉണ്ടാക്കി തളിച്ചു കൊടുക്കണം.

പുകയില കഷായം ഉണ്ടാക്കുന്ന വിധം

250 ഗ്രാം പുകയില ചെറുതായി അരിഞ്ഞ് രണ്ട് ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. ഒരു ദിവസത്തിനു ശേഷം പുകയില കഷണങ്ങള്‍ പിഴിഞ്ഞ് ചണ്ടി മാറ്റി സത്ത് അരിച്ചെടുക്കുക. 75ഗ്രാം ബാര്‍ സോപ്പ് ചെറിയ ചീളുകളായി അരിഞ്ഞെടുത്ത് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് സോപ്പു ലായനി ഉണ്ടാക്കുക. സോപ്പുലായനി പുകയില കഷായവുമായി ചേര്‍ത്ത് നന്നായി ഇളക്കുക. ഈ ലായനി ആറിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം

വിളകളുടെ തിരഞ്ഞെടുപ്പ്


കൃഷി സ്ഥലമൊരുക്കി കഴിഞ്ഞാല്‍ അവിടെ കൃഷി ചെയ്യേണ്ട പച്ചക്കറി ഇനങ്ങള്‍ കാലാവസ്ഥയ്ക്ക് അനുസരിച്ചു വേണം തിരഞ്ഞെടുക്കേണ്ടത്.
ഇതിന്‍റെ വിവരം താഴെ കൊടുത്തിരിക്കുന്നു.

സീസണ്‍ 1 (ജൂണ്‍ - ഒക്ടോബർ)

സീസണ്‍ 2 (നവംബര്‍ - മേയ്)

വെണ്ട

ചുവപ്പ് ചീര

വഴുതന

മത്തന്‍

പാവല്‍

ബീൻസ്

തക്കാളി

പടവലം

മുളക്

അമര

കോവല്‍

ഇഞ്ചി

വെള്ളരി

വെള്ളരി

പയർ

പയർ

പച്ച ചീരജല ലഭ്യത കൂടുതല്‍ ഉണ്ടെങ്കില്‍ മഴക്കാല വിളകളും വേനല്‍ക്കാലത്തിന്‍റെ ആരംഭത്തില്‍ കൃഷി ചെയ്യാവുന്നതാണ്.  എന്നാല്‍ മഴക്കാലത്ത് കൃഷി അല്‍പം ശ്രമകരമാണ്. കീടങ്ങളുടെ ആക്രമണം കൂടുതല്‍ ഉണ്ടാകുന്നതും മഴക്കാലത്താണ്.
നേരിട്ട് വിത്ത് പാകിയും തൈകള്‍ നട്ടും പച്ചക്കറികള്‍ വളര്‍ത്താം. വെണ്ട, പയർ, പാവല്‍,വെള്ളരി, പടവലം തുടങ്ങിയവ വിത്തു നേരിട്ട് പാകി വളര്‍ത്തുന്നവയാണ്. കൃഷിയിടത്തില്‍ ഒന്നര സെന്‍റി മീറ്റര്‍ ആഴത്തില്‍ രണ്ടോ മൂന്നോ വിത്ത് പാകുക. വിത്ത് മുളച്ച് ഒരാഴ്ച്ച കഴിയുമ്പോള്‍ ഒരു നല്ല തൈ നിര്‍ത്തിയിട്ട് ബാക്കിയുള്ളവ പിഴുതു കളയുക.

തക്കാളി, ചീര, വഴുതിന, മുളക് തുടങ്ങിയവയുടെ വിത്തുകള്‍ ചട്ടിയിലോ ഗ്രോ-ബാഗുകളിലോ പാകി മുളപ്പിച്ച് ഏകദേശം ഒരു മാസം പ്രായമാകുമ്പോള്‍ ഇളക്കി നടാം. വിത്തു പാകുന്നതിനു  മുൻപ് ചട്ടിയില്‍ ഒരു കിലോ കമ്പോസ്റ്റും ചകിരി ചോറും മണ്ണും മണലുമായി കലർത്തി നിറച്ചാല്‍ നല്ല ആരോഗ്യമുള്ള തൈകള്‍ ലഭിക്കും.

  • വിത്തുകളും തൈകളും പുറത്ത് നിന്നു വാങ്ങുമ്പോള്‍ ഗുണമേന്മ ഉറപ്പു വരുത്തി തന്നെ വാങ്ങണം. രോഗ പ്രതിരോധ ശക്തിയുള്ള വിത്തുകളും തൈകളും കാര്‍ഷിക കോളേജില്‍ നിന്നോ ആഗ്രോ സൊസൈറ്റികളില്‍ നിന്നോ ലഭിക്കും.
  • ഒരേ കുടുംബത്തില്‍പ്പെട്ട വിളകള്‍ അടുത്തടുത്ത് കൃഷി ചെയ്താല്‍(ഉദാ: തക്കാളി,വഴുതന, മുളക്) രോഗ കീട ബാധകള്‍ അവയെ പെട്ടെന്ന് കീഴ്പ്പെടുത്തും.
  • ഒരേ സ്ഥലത്ത് ഒന്നിലധികം തവണ ഒരേ വിള കൃഷി ചെയ്യുന്നത് വിളവ് കുറയ്ക്കും. ഓരോ ചെടിക്കും മണ്ണില്‍ നിന്നു വേണ്ട പോഷകങ്ങള്‍ വ്യത്യസ്ഥമായിരിക്കുന്നതിനാല്‍ വിളകള്‍ മാറ്റി മാറ്റി കൃഷി ചെയ്യുന്നതാണ് നല്ലത്.
  • ചീര നടുമ്പോള്‍ പച്ച ചീരയും ചുവന്ന ചീരയും ഇടകലർത്തി നടുന്നത് ഇലപ്പുള്ളി രോഗത്തെ തടയാന്‍ സഹായിക്കും. അതു പോലെ വീശി നനയ്ക്കുന്നത് ഒഴിവാക്കി വെള്ളം ചുവട്ടില്‍ ഒഴിച്ചു കൊടുത്താല്‍ ഇലപ്പുള്ളി രോഗം പടരുന്നതും തടയാം.

പലപ്പോഴും കീടനാശിനികളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തു എന്തെന്നോ അതിന്‍റെ വീര്യം എത്ര കാലം ആ പച്ചക്കറിയില്‍ നില നില്‍ക്കുമെന്നോ കര്‍ഷകനു അറിയില്ലായിരിക്കും. അവനെ സംബന്ധിച്ചിടത്തോളം ശക്തമായ കീടങ്ങളുടെ ആക്രമങ്ങളില്‍ നിന്നു തന്‍റെ വിളയെ രക്ഷിക്കാനുള്ള ഒരു ഉപാധി മാത്രമാണ് ഈ കീടനാശിനി പ്രയോഗം. കീടങ്ങളെ തുരത്താന്‍ ജൈവ കീടനാശിനികളും, മിത്രകീടങ്ങളും, പല തരം കെണികളും ഉപയോഗിക്കാനാകും എന്നാല്‍ ഇവയെക്കുറിച്ച് പലരും അജ്ഞരാണ് മാത്രവുമല്ല ശക്തിയേറിയ വിഷങ്ങള്‍ തരുന്ന രീതിയിലുള്ള കീടങ്ങളുടെ നാശം ഇവ ഉപയോഗിക്കുമ്പോള്‍ കിട്ടണമെന്നുമില്ല. എങ്കിലും ശരിയായ ഉപയോഗം വഴി കീടങ്ങളെ വിളയില്‍ നിന്നു അകറ്റി നിര്‍ത്താന്‍ ഇത്തരം പ്രയോഗങ്ങള്‍ കര്‍ഷകനെ സഹായിക്കും മാത്രവുമല്ല ജൈവ പച്ചക്കറിക്കു മാര്‍ക്കറ്റില്‍ ഉള്ള ഡിമാൻഡ് കൂടിയ വിലയ്ക്കു അതു വിറ്റഴിക്കാനും സഹായിക്കും.
ഇന്നാട്ടിലെയും അന്യ നാട്ടിലെയും കര്‍ഷകരെയെല്ലാം ബോധവല്‍ക്കരണം നടത്തി വിഷമില്ലാത്ത പച്ചക്കറി കഴിക്കാമെന്നുള്ള അതിമോഹത്തിനേക്കാള്‍ നല്ലത് അവനവനു വേണ്ടുന്ന പച്ചക്കറികള്‍ സ്വയം കൃഷി ചെയ്തു ഉണ്ടാക്കുന്നതാണ്. 5 സെന്‍റു പുരയിടമോ ഒരു തുറസ്സായ ടെറസ്സോ കൃഷിക്കു വേണ്ടി മാറ്റി വെയ്ക്കാനാകുമെങ്കില്‍ ഒരു കുടുംബ്ത്തിനു വേണ്ട പച്ചക്കറി നമുക്ക് അവിടെ വിളയിക്കാം. ഒരു കോഴിക്കൂട് കൂടി തയ്യാറാക്കാന്‍ സ്ഥലമുണ്ടെങ്കില്‍ ആന്‍റിബയോട്ടിക്കുകളും ഹോര്‍മോണുമില്ലാത്ത മാംസ്യവും നമുക്കു ഉണ്ടാക്കാം. ഇനി വേണ്ടത് സമയമാണ്. എന്തൊക്കെ ചെയ്തു തീര്‍ക്കാന്‍ ഉണ്ടെങ്കിലും നമുക്ക് എല്ലാവര്‍ക്കും ഇരുപത്തിനാലു മണിക്കൂര്‍ മാത്രമാണ് ഒരു ദിവസം കിട്ടുക. അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഓരോ വ്യക്തിയുടെയും വിജയം. രോഗങ്ങള്‍ വന്ന് ആശുപത്രികള്‍ കയറി ഇറങ്ങുന്ന സമയത്തിന്‍റെ കണക്കെടുത്തു താരതമ്യം ചെയ്താല്‍ ദിവസവും അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ കൃഷിക്കായി മാറ്റി വെയ്ക്കുന്നത് ഒട്ടും നഷ്ട്ട്മല്ലെന്ന് കണ്ടെത്താം.
ഒരു മനുഷ്യന്‍റെ ആരോഗ്യം നില നിര്‍ത്തുവാന്‍ ഒരു ദിവസം ഏതാണ്ടു മുന്നൂറ് ഗ്രാം പച്ചക്കറികള്‍ കഴിക്കണമെന്നാണ് ശാസ്ത്രം പറയുന്നത്. ഇതില്‍ മൂന്നിലൊന്നു ഇലക്കറി വര്‍ഗങ്ങള്‍ (ഉദാ: ചീര, മുരിങ്ങയില) മൂന്നിലൊന്നു കിഴങ്ങു വര്‍ഗങ്ങള്‍ (ഉദാ: കപ്പ,ചേമ്പ്) മൂന്നിലൊന്നു പഴ വര്‍ഗ്ഗ പച്ചക്കറികള്‍ (ഉദാ: തക്കാളി,പപ്പായ) ഇവ നിര്‍ബന്ധമായും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ഈ പറഞ്ഞ പച്ചക്കറികളൊക്കെ നമുക്ക് വീട്ടു വളപ്പിൽ കൃഷി ചെയ്തു ഉണ്ടാക്കാന്‍ കഴിയുന്നവയാണെന്നു മനസ്സിലായിക്കാണുമല്ലോ. നമ്മള്‍ ഇന്നു കടയില്‍ നിന്നു വാങ്ങുന്ന പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ വിഷം കറിവേപ്പിലയിലും പച്ച മുളകിലുമാണ്. ഇവയും വളരെയെളുപ്പത്തില്‍ നമ്മുടെ ചുറ്റുവട്ടത്ത് വളര്‍ത്തിയെടുക്കാനാകും. നമ്മുടെ പ്രിയപ്പെട്ടവര്‍ക്കു ഒരു രോഗം വന്നാല്‍ അതു ഭേദമാക്കുവാന്‍ ഏതറ്റം വരെ പോകാനും, എത്ര പണം വേണമെങ്കിലും ചിലവാക്കാനും നമ്മള്‍ എല്ലാവരും തയ്യാറാണ്. അതേ ആര്‍ജവത്തോടെ അവര്‍ക്കു വരാന്‍ പോകുന്ന രോഗങ്ങളെ തടയുവാനും നമ്മള്‍ മുന്നിട്ടിറങ്ങണം. കേരളത്തില്‍ ഒരു വര്‍ഷം ഏതാണ്ട് 30 ലക്ഷം ടണ്‍ പച്ചക്കറി വേണ്ടിടത്ത് 10ലക്ഷം ടണ്‍ മാത്രമാണ് ആഭ്യന്തര ഉല്‍പാദനം. പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടുവാന്‍ നമ്മള്‍ ഇനിയും ഏറെ ദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.

ടെറസ്സിലെ കൃഷി ഒരു സമ്പൂര്‍ണ ലേഖനം

വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവല്‍, പടവലം, മത്തന്‍, പയര്‍, ചീര, മുള്ളങ്കി, മുളക് മുതലായവ എളുപ്പത്തില്‍ ടെറസ്സില്‍ കൃഷി ചെയ്യാം.

തുടര്‍ച്ചയായ മഴയുള്ള സമയം ടെറസ്സ് കൃഷിയ്ക്കു് അനുയോജ്യമല്ല. വെള്ളം നിറഞ്ഞ് വഴുതുന്ന സിമന്റ്‌ മേല്‍ക്കൂര അപകടങ്ങള്‍ക്കു സാദ്ധ്യതയുണ്ടാക്കാം. കൂടാതെ, ശക്തമായ മഴയില്‍ മണ്ണിലെ ലവണാംശങ്ങള്‍ നഷ്ടപ്പെട്ടു് വളക്കൂറ് കുറഞ്ഞുപോകാം. ശക്തമായ മഴക്കാലം അവസാനിച്ച് ടെറസ്സ് മെല്ലെ ഉണങ്ങിവരുന്ന ആഴ്ച്ചകളാണു് കൃഷി തുടങ്ങാന്‍ ഏറ്റവും നല്ലതു്. കേരളത്തിനെ സംബന്ധിച്ച്, ഓണക്കാലം കഴിഞ്ഞ് (സെപ്റ്റംബര്‍ മദ്ധ്യത്തില്‍) കൃഷി തുടങ്ങിയാല്‍ അതിനുശേഷം ഇടക്കിടെ പെയ്യുന്ന മഴയും തുടര്‍ന്നു വരുന്ന തുലാവര്‍ഷവും കൃഷിക്ക് നല്ലതാണ്. മേയ് അവസാനം കാലവര്‍ഷം ആരംഭിക്കുന്നതിന് അല്പദിവസം മുന്‍പ് കൃഷി അവസാനിപ്പിച്ച് ടെറസ്സ് വൃത്തിയാക്കാം. ഉപയോഗിച്ച മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് പോളിത്തീന്‍ ഷീറ്റ് കൊണ്ട് മഴനനയാതെ മൂടിയാല്‍ അടുത്ത കൃഷിക്ക് അതേമണ്ണ് ഇളക്കിയെടുത്ത് ഉപയോഗിക്കാം.

തീരെ ചെരിവില്ലാതെ പരന്നതോ, അല്പം ചെരിവുള്ളതോ ആയ കോണ്‍ക്രീറ്റ് മേല്‍ക്കൂരകളാണു് ടെറസ്സിലെ കൃഷിക്ക് അനുയോജ്യം. കൃഷി ചെയ്യുന്നവരുടെ ദേഹസുരക്ഷ ഉറപ്പാക്കാന്‍ ടെറസ്സിന്റെ വശങ്ങളില്‍ ഉയര്‍ത്തിക്കെട്ടിയ ഇഷ്ടികമതിലിന് അരമീറ്റര്‍ ഉയരമെങ്കിലും ഉണ്ടാവുന്നതു് നല്ലതാണു്. കൃഷിക്ക് ആവശ്യമായ മണ്ണ്, വെള്ളം, വിത്ത്, വളം, വള്ളികള്‍ പടരാനുള്ള കമ്പുകള്‍ തുടങ്ങിയവ മേല്‍ത്തട്ടില്‍ എത്തിക്കാന്‍ സാമാന്യം ഉറപ്പുള്ള പടികളോ കോണിയോ സജ്ജമായിരിക്കണം. പൈപ്പ് ഉപയോഗിച്ച് ജലസേചനം ചെയ്യാനുദ്ദേശിക്കുമ്പോള്‍ വീട്ടിലെ ജലസംഭരണി ടെറസ്സിന്റെ തലത്തില്‍നിന്നും (സ്ലാബ്) രണ്ടോ മൂന്നോ മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. ടെറസ്സിനെ തൊട്ട് മരക്കൊമ്പുകളോ പോസ്റ്റുകളോ ഇല്ലാതിരിക്കുന്നതു് എലികളുടേയും മറ്റു ക്ഷുദ്രജീവികളുടേയും ശല്യം കുറയ്ക്കും.

നമ്മുടെ ജലസേചനശീലമനുസരിച്ച് നാം സാധാരണ ചെലവാക്കാറുള്ളതില്‍ കുറവു വെള്ളമേ ഇത്തരം കൃഷിയ്ക്കു് ആവശ്യമുള്ളൂ. കഴിയുമെങ്കില്‍ തുള്ളിനന തുടങ്ങിയ രീതികള്‍ ഏര്‍പ്പെടുത്താവുന്നതാണു്. എന്നിരുന്നാലും, ആണ്ടു മുഴുവന്‍ തുടരുന്ന ജലലഭ്യത ഉറപ്പാക്കണം. വേനല്‍ മൂക്കുമ്പോള്‍ കുടിക്കാന്‍ പോലും വെള്ളം തികയാത്ത പ്രദേശങ്ങളില്‍ ഇക്കാര്യം മുമ്പേ പരിഗണിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ വീട്ടിലെ അടുക്കളയിലും വാഷ് ബേസിനുകളിലും മറ്റും ഉപയോഗിച്ച് പുറത്തൊഴുക്കിക്കളയുന്ന വെള്ളം ലഘുവായ ശുദ്ധീകരനപ്രക്രിയകളിലൂടെ വീണ്ടെടുത്ത് ജലസേചനത്തിനുപയോഗിക്കുന്ന രീതികളും ശ്രമിക്കാവുന്നതാണു്.

കോണ്‍ക്രീറ്റ് മട്ടുപ്പാവില്‍ നേരിട്ട് മണ്ണ് നിരത്തി വളം ചേര്‍ത്ത് വെള്ളമൊഴിച്ച് കൃഷി ചെയ്യുമ്പോള്‍ കാഴ്ചയില്‍ വൃത്തി കുറയും. മേല്‍ക്കൂരയില്‍ വളരുന്ന ചെടിയുടെ വേരുകളും മണ്ണില്‍നിന്നു് ഊര്‍ന്നിറങ്ങുന്ന അമ്ലാംശമുള്ള ധാതുലവണങ്ങളും കോണ്‍ക്രീറ്റിനു് ബലക്ഷയം ഉണ്ടാക്കി സ്ലാബില്‍ ചോര്‍ച്ചവരുത്താന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് നേരിട്ടുള്ള കൃഷി ഒഴിവാക്കുന്നതാണു നല്ലതു്. മണ്ണ് നിരത്തി കൃഷി ചെയ്യുന്നതും നല്ലതല്ല. നാലുവശത്തും ഇഷ്ടിക ചരിച്ച് വെച്ച് അടിയില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് ഒന്നോ രണ്ടോ അട്ടിയില്‍ വിടവില്ലാതെ വിരിച്ച് അതിനു മുകളില്‍ ഇഷ്ടിക ഉയരത്തില്‍മാത്രം മണ്ണിട്ട് കൃഷി ചെയ്യാം. തൊടിയിലെ മണ്ണിന്റെ കൂടെ ചാണകം ഉണക്കിപ്പൊടിച്ചത്, ചകരിച്ചോറ്, അറക്കപ്പൊടി, ആറ്റുമണല്‍, മണ്ണിരക്കമ്പോസ്റ്റ്, കരിയിലകള്‍ എന്നിവയും ചേര്‍ത്ത് കൃഷി ചെയ്യാനുള്ള അടിത്തട്ട് തയ്യാറാക്കാം. ടെറസ്സിന്റെ വശങ്ങളിലായാല്‍ മൂന്ന് വശങ്ങളില്‍ ഇഷ്ടിക അതിരിട്ട്, പോളിത്തീന്‍ ഷീറ്റ് വിരിച്ച് കൃഷി ചെയ്യാം. എങ്ങനെ കൃഷിചെയ്താലും ടെറസ്സും മണ്ണും നേരിട്ട് സമ്പര്‍ക്കം വരുന്നത് പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.

പോളിത്തീന്‍ കവറിലും ചാക്കിലും മണ്ണ് നിറച്ച് കൃഷി ചെയ്യാം. ചാക്ക് പുറത്തോട്ട് മടക്കി ഏതാണ്ട് ഒരടി കനത്തില്‍ മണ്ണ് നിറച്ചാല്‍ മതിയാവും. വെള്ളം പുറത്തേക്ക് ഒഴുകാനായി ഏതാനും സുഷിരങ്ങള്‍ ആവശ്യമാണ്. സുതാര്യമായ പോളിത്തീന്‍ കവറില്‍ കൃഷി ചെയ്യരുത്. വേരുകള്‍ക്ക് സൂര്യപ്രകാശം തട്ടുന്നത് ചെടിയുടെ വളര്‍ച്ചയെ തകരാറിലാക്കും. ചെടിനട്ടതിനു ശേഷം വളര്‍ച്ചക്കനുസരിച്ച് വളവും മണ്ണും പിന്നീട് ചേര്‍ക്കേണ്ടി വരുന്നതിനാല്‍ ആദ്യമേ കൂടുതല്‍ മണ്ണ് നിറക്കേണ്ടതില്ല. ടെറസ്സില്‍ ഇഷ്ടംപോലെ സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ വളര്‍ച്ചക്കനുസരിച്ച് ചെടികള്‍ തമ്മിലുള്ള അകലം ക്രമീകരിക്കാം.

ടെറസ്സില്‍ മൂന്ന് തരത്തില്‍ മണ്ണ് പാകപ്പെടുത്തി കൃഷിക്കുവേണ്ട പ്രതലം തയ്യാറാക്കം,

നിലത്ത് പോളിത്തീന്‍ ഷീറ്റ് വിരിച്ച് വശങ്ങളില്‍ ഇഷ്ടിക ചരിച്ച് വെച്ച് അതിരിട്ട്, അതില്‍ ഏതാണ്ട് മുക്കാല്‍ ഇഷ്ടിക ഉയരത്തില്‍ മണ്ണും വളവും ചേര്‍ന്ന മിശ്രിതം നിറക്കുക. ഏറ്റവും അടിയില്‍ ഉണങ്ങിയ ഇലകള്‍ നിരത്തുന്നത് നന്നായിരിക്കും.
വലിപ്പം കൂടിയ ചെടിച്ചട്ടിയില്‍ മുക്കാല്‍ഭാഗം മണ്ണ് നിറക്കാം. ഈ ചെടിച്ചട്ടി മുകള്‍ഭാഗം ചെറുതായി ഉരുണ്ട് വക്കിന് ഡിസൈന്‍ ഉള്ളത് ആയാല്‍ വിളവെടുപ്പിനുശേഷം മണ്ണും ചെടിയും മാറ്റാന്‍ പ്രയാസമായിരിക്കും. ചിലപ്പോള്‍ ചട്ടി പൊട്ടിയെന്നും വരാം. അതിനാല്‍ ഡിസൈന്‍ ഇല്ലാത്ത ലളിതമായ ചെടിച്ചട്ടികളില്‍ കൃഷി ചെയ്യുന്നതാവും നല്ലത്.
പോളിത്തീന്‍ കവറുകളില്‍ നടുമ്പോള്‍ ഒരു സീസണില്‍ മാത്രമേ ഒരു കവര്‍ ഉപയോഗിക്കാനാവുകയുള്ളു. ചെടികള്‍ നടാനായി കടയില്‍നിന്നും വാങ്ങുന്ന കവര്‍ ചെറുതായതിനാല്‍ കൂടുതല്‍ വിളവ് ലഭിക്കാറില്ല. പകരം സിമന്റ് ചാക്ക്(കടലാസ് അല്ല), കടയില്‍ നിന്ന് അരിയും മറ്റു സാധനങ്ങളും കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് ചാക്ക് എന്നിവ ഉപയോഗിക്കുന്നത് നന്നായിരിക്കും. പണം കൊടുത്താല്‍ കാലിയായ സഞ്ചികള്‍ പലചരക്ക് കടയില്‍ നിന്ന് ലഭിക്കും. ഏത് തരം ബാഗ് ആയാലും അവ കഴുകി ഉണക്കിയിട്ട് വേണം കൃഷി ചെയ്യാന്‍. പത്ത് കിലോഗ്രാം അരിയുടെ ബാഗില്‍ ഒരു വെണ്ടയോ, വഴുതനയോ നടാം. ഈ ബാഗുകള്‍ തുറന്ന് പകുതിക്ക് വെച്ച് പുറത്തോട്ട് മടക്കി, അടിവശം പരത്തിയിട്ട് മുക്കാല്‍ ഭാഗം ഉയരത്തില്‍ മണ്ണ് നിറക്കാം.
പച്ചക്കറി നടാനായി മണ്ണ് നിറക്കുമ്പോള്‍ അടിയില്‍ കരിയിലയോ പച്ചക്കറി അവശിഷ്ടങ്ങളോ നിക്ഷേപിക്കാം. പറമ്പിലുള്ള മണ്ണിന്റെ കൂടെ ആറ്റുമണല്‍(പൂഴി), അറക്കപ്പൊടി, ചകരിച്ചോറ്, കാലിവളം ഉണക്കിപ്പൊടിച്ചത് (ചാണകം), കമ്പോസ്റ്റ്, മത്സ്യാവശിഷ്ടങ്ങള്‍ ആദിയായവ ലഭ്യതയനുസരിച്ച് മിക്‌സ് ചെയ്ത മിശൃതം കൃഷി ചെയ്യാനായി നിറക്കണം. ഇതില്‍ ഉണങ്ങിയ ചാണകം കൂടുതല്‍ ചേര്‍ക്കുന്നത് പച്ചക്കറിയുടെ വളര്‍ച്ചക്ക് നല്ലതാണ്. ടെറസ്സില്‍ പരമാവധി സൂര്യപ്രകാശം ലഭ്യമാകുന്ന ഇടങ്ങളിലാണ് കൃഷിവിളകള്‍ നടേണ്ടത്.

നടാനുള്ള പച്ചക്കറി വിത്തുകള്‍ മുന്‍വര്‍ഷങ്ങളിലുള്ള ചെടികളില്‍ നിന്ന് നമ്മള്‍ ശേഖരിച്ചതോ മറ്റുള്ളവരില്‍ നിന്ന് വാങ്ങിയതോ ആവാം. ശേഖരിച്ചവയില്‍ ചിലയിനങ്ങള്‍ ഈര്‍പ്പംതട്ടി കേടുവരികയോ ചില കാലത്ത് മുളക്കാത്തവയോ ആവാതിരിക്കാന്‍ ശ്രദ്ധിക്കണം. വിലകൊടുത്തു വാങ്ങുന്നവ ഗുണമേന്മ ഉറപ്പാക്കിയ ഇടങ്ങളില്‍ നിന്ന് ആവണം. പിന്നെ തക്കാളി, മുളക്, പയര്‍, കയ്പ, മത്തന്‍, വെള്ളരി എന്നിവ കടയില്‍ നിന്ന് കറിവെക്കാന്‍ വാങ്ങിയ പച്ചക്കറികളില്‍ മൂപ്പെത്തിയ നല്ല ഇനങ്ങള്‍ ഉണ്ടെങ്കില്‍ വിത്ത് ശേഖരിക്കാം.

പച്ചക്കറി വിത്തുകള്‍ രണ്ട് രീതിയിലാണ് നടേണ്ടത്. ചിലത് നേരിട്ട് മണ്ണില്‍ നടാം; ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന. മറ്റുചില വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചശേഷം മണ്ണില്‍ നടാം; ഉദാ: വെണ്ട, പയറ്, വെള്ളരി, പാവല്‍, പടവലം, താലോരി, മത്തന്‍, കുമ്പളം.

നേരിട്ട് മണ്ണില്‍ നടുന്നവ, മണ്ണ് പാകപ്പെടുത്തിയ തടത്തില്‍ വിതറിയാല്‍ മതിയാവും. ചീരവിത്തുകള്‍ പോലുള്ളവ അല്പം ഉണങ്ങിയ മണലുമായി കലര്‍ത്തിയിട്ട് മണ്ണില്‍ വിതറിയാല്‍ മുളച്ചുവരുന്ന തൈകള്‍ തമ്മില്‍ അകലം ഉണ്ടാവും. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റര്‍ കനത്തില്‍ മണ്ണിട്ട് മൂടിയശേഷം നന്നായി ‘സ്‌പ്രേ ചെയ്ത്’ നനക്കണം. ഈ വിത്തുകളെള്ളാം അല്പസമയം കഴിഞ്ഞ് ഉറുമ്പുകള്‍ അടിച്ചുമാറ്റി കടത്തുന്നത് ശ്രദ്ധിച്ച് അവയെ തടയണം. ദിവസേന രാവിലെയും വൈകിട്ടും നനച്ചാല്‍ ഏതാനും ദിവസംകൊണ്ട് തൈകള്‍ മുളക്കും. അവ പിന്നീട് പറിച്ചുമാറ്റി അകലത്തില്‍ നടാം.

മുളപ്പിച്ച് നടേണ്ട വിത്തുകള്‍ ഓരോന്നും പ്രത്യേകമായി 12മണിക്കൂര്‍ സമയം വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. പിന്നീട് ദ്വാരമുള്ള ഒരു ചിരട്ടയില്‍ കോട്ടണ്‍തുണി നാലായി മടക്കിയതിനു മുകളില്‍ വിത്തുകള്‍ ഇട്ടതിനുശേഷം തുണിയുടെ അറ്റം വിത്തിനു മുകളിലേക്ക് മടക്കിയിട്ട് വെള്ളം നനച്ച് അവയുടെ മുകളില്‍ ചെറിയ ഒരു കല്ല്‌വെച്ച്, തണലത്ത് വെക്കുക. അധികമുള്ള വെള്ളം ചിരട്ടയുടെ അടിയിലുള്ള ദ്വാരം വഴി പുറത്തുപോകും. ഓരോ ഇനം വിത്തും പ്രത്യേകം ചിരട്ടകളില്‍ വെച്ച് മുളപ്പിക്കണം. ദിവസേന രാവിലെ നനച്ചാല്‍ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകള്‍ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ചെടിച്ചട്ടിയിലോ നടാം. ഇതില്‍ പാവല്‍, പടവലം, താലോരി, മത്തന്‍ തുടങ്ങിയ വള്ളിച്ചെടികളുടെ വിത്തുകള്‍ ദിവസേന നനച്ചാലും, മുളക്കാന്‍ ഒരാഴ്ചയിലധികം ദിവസങ്ങള്‍ വേണ്ടി വരും. അവക്ക് വേഗത്തില്‍ മുള വരാന്‍ നനഞ്ഞ വിത്തിന്റെ മുളവരേണ്ട കൂര്‍ത്ത അറ്റത്ത് നഖംകൊണ്ട് തോടിന്റെ അഗ്രം അടര്‍ത്തിമാറ്റിയാല്‍ മതിയാവും. അങ്ങനെ ചെയ്താല്‍ എളുപ്പത്തില്‍ വേര് വരും.

ഇങ്ങനെ മുളപ്പിച്ച വേര് പിടിച്ച വിത്തുകള്‍ നനഞ്ഞ മണ്ണില്‍ നടണം. അധികം ആഴത്തില്‍ നട്ടാല്‍ അവ മണ്ണിനു മുകളില്‍ വളരാതെ നശിക്കാനിടയാവും. ചെടിച്ചട്ടിയിലും ചാക്കിലും ഓരോ വിത്ത് വീതവും തറയിലെ മണ്ണില്‍ നിശ്ചിത അകലത്തിലും വിത്തുകള്‍ നടാം. വിത്തിട്ടതിനുശേഷം ആ വിത്തിന്റെ കനത്തില്‍ മാത്രം മണ്ണ് വിത്തിനു മുകളില്‍ ഇട്ടാല്‍ മതി. രാവിലെയും വൈകുന്നേരവും നനക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ തൈകള്‍ പറിച്ചുമാറ്റി നടുമ്പോള്‍ മൂന്ന് ദിവസം അവ വെയിലേല്‍ക്കാതെ ശ്രദ്ധിച്ച് ജലസേചനം നടത്തണം.

ടെറസ്സ്‌കൃഷിയില്‍ രാവിലെയും വൈകിട്ടുമുള്ള ജലസേചനം അനിവാര്യമാണ്. രണ്ട് ദിവസം നനക്കുന്നത് നിര്‍ത്തിയാല്‍ എല്ല ചെടികളും ഉണങ്ങി നശിക്കാനിടയാവും. ഒരു നേരം നനക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത് ലഭ്യമായ നേരത്ത് ധാരാളം വെള്ളം ഒഴിച്ച് ചെടി ഉണങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ കൃഷി ചെയ്യുന്നവര്‍ വീട് അടച്ചുപൂട്ടി രണ്ട് ദിവസം ടൂര്‍ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെടി നടുന്നത് ടെറസ്സിലാവുമ്പോള്‍ അവയെ എല്ലാദിവസവും പരിചരിക്കണം. ചുരുങ്ങിയത് രണ്ട്‌ നേരമെങ്കിലും കര്‍ഷകന്‍ ടെറസ്സില്‍ കയറണം. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവയുടെ സമീപത്ത് വന്ന്, വെള്ളമൊഴിച്ച്, വളംചേര്‍ത്ത്, കീടങ്ങളെ നശിപ്പിച്ച്, പാകമായ പച്ചക്കറികള്‍ പറിച്ചെടുത്ത് അങ്ങനെ അവയോടൊപ്പം ഇത്തിരിനേരം ചെലവഴിക്കണം.

രാസവളങ്ങളും വിറക് കത്തിച്ച ചാരവും പച്ചക്കറികൃഷിക്ക് വളരെ കുറച്ച് മാത്രമേ ഉപയോഗിക്കാവൂ. ടെറസ്സിലാവുമ്പോഴും അവയുടെ ഉപയോഗം വളരെ കുറക്കുക. ചെടികള്‍ നടാനായി മണ്ണ് തയ്യാറാക്കുമ്പോള്‍തന്നെ ധാരാളം കാലിവളവും കമ്പോസ്റ്റും ഉപയോഗിക്കണം. അതോടൊപ്പം നിലക്കടലപിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, കോഴിക്കാഷ്ടം, വേപ്പിന്‍പിണ്ണാക്ക്, മത്സ്യാവശിഷ്ടങ്ങള്‍ എന്നിവയൊക്കെ ഇടയ്ക്കിടെ ചേര്‍ത്താല്‍ സസ്യങ്ങള്‍ നന്നായി വളരും. ഒടുവില്‍ പറഞ്ഞവ ചെടിയുടെ ചുവട്ടില്‍നിന്നും അഞ്ച് സെന്റീമീറ്റര്‍ അകലെയായി മാത്രം ചേര്‍ക്കുകയും പൂര്‍ണ്ണമായി മണ്ണിനടിയില്‍ ആയിരിക്കുകയും വേണം. വേപ്പിന്‍പിണ്ണാക്ക് ചെടി നടുമ്പോള്‍ മണ്ണിനടിയില്‍ വളരെകുറച്ച് മാത്രം ചേര്‍ത്താല്‍ മതി. രണ്ട് ആഴ്ചയില്‍ ഒരു തവണയെങ്കിലും വളം ചേര്‍ക്കണം. ഇങ്ങനെ വളപ്രയോഗം നടത്തുമ്പോള്‍ പുതിയ മണ്ണ് ചെടിയുടെ ചുവട്ടില്‍ ഇടുന്നതാണ് നല്ലത്.

ഗ്രോ ബാഗ്‌ എന്നാല്‍ എന്ത് എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. അടുക്കളത്തോട്ടത്തില്‍ ഗ്രോ ബാഗ്‌ എന്തിനു ഉപയോഗിക്കുന്നു എന്നും അറിയാം. ഗ്രോ ബാഗ്‌ ഉപയോഗിച്ചുള്ള കൃഷി ഇപ്പോള്‍ വളരെയധികം കൂടുതലായി ആളുകള്‍ ചെയ്യുന്നു. ഗ്രോ ബാഗുകള്‍ ഏകദേശം 3-4 വര്‍ഷങ്ങള്‍ ഈട് നില്‍ക്കും. അതായത് ഒരിക്കല്‍ വാങ്ങിയാല്‍ അടുത്താല്‍ നാലു വര്‍ഷത്തേക്ക് നമുക്കു ഗ്രോ ബാഗ്‌ ഉപയോഗിക്കാം. മട്ടുപ്പാവ് കൃഷിക്ക് ഏറെ അനുയോജ്യം ആണ് ഗ്രോ ബാഗുകള്‍ . പല വലിപ്പങ്ങളില്‍ ഉള്ള ഗ്രോ ബാഗുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. തീരെ ചെറുത്‌ ഏകദേശം 10-15 രൂപ വരെയും, വലിയത് 20-25 രൂപ വരെയും ഉള്ളവ ഇപ്പോള്‍ വിപണിയില്‍ ലഭ്യം ആണ്. നല്ല ബ്രാന്‍ഡ്‌ നോക്കി വാങ്ങുന്നതാണ് നല്ലത്. സ്റെര്‍ലിംഗ് എന്ന കമ്പനിയുടെ ഗ്രോ ബാഗുകള്‍ വളരെ നല്ലതാണ്

ഗ്രോ ബാഗ്‌

ഗ്രോ ബാഗിന്റെ മെച്ചം എന്താണ് ?, സാധാരണ പ്ലാസ്റ്റിക്‌ ചാക്കുകള്‍ , അല്ലെങ്കില്‍ കവറുകള്‍ പോരെ ?. ചോദ്യം ന്യായമാണ്. സാധരണ പ്ലാസ്റ്റിക്‌ ചാക്കുകള്‍ അല്ലെങ്കില്‍ കവറുകള്‍ ഉപയോഗിച്ച് പലരും കൃഷി ചെയ്തിട്ടുണ്ടാവാം, പക്ഷെ കുറെ കഴിയുമ്പോള്‍ അവ കീറി പോയി, എല്ലാരും കൃഷി തന്നെ മടുക്കും. ഗ്രോ ബാഗുകളുടെ പ്രസക്തി അവിടെയാണ്. അവ നന്നായി ഈട് നില്‍ക്കും.കീറി പോകും എന്ന പേടിയൊന്നും വേണ്ട. ഗ്രോ ബാഗുകളുടെ അക വശം കറുത്ത കളര്‍ ആണ്, ചെടികളുടെ വേരുകളുടെ വളര്‍ച്ചയെ അത് സഹായിക്കും. പുറത്തെ വെളുത്ത നിറം സൂര്യ പ്രകാശം കൂടുതല്‍ ആഗിരണം ചെയ്യിക്കുന്നു. ഗ്രോ ബാഗുകള്‍ അടിവശത്ത് തുളകള്‍ ഇട്ടാണ് വരുന്നത്, അത് കൊണ്ട് വാങ്ങിയ ശേഷം പ്രത്യേകിച്ച് ഇടണ്ട ആവശ്യം ഇല്ല.

ഗ്രോ ബാഗില്‍ എന്ത് നിറയ്ക്കാം, എങ്ങിനെ കൃഷി ചെയ്യാം ?

ഗ്രോ ബാഗ്‌ ആദ്യം അടിവശം കൃത്യമായി മടക്കി അതിന്റെ ഷേപ്പ് ആക്കുക. വളരെ ഈസി ആണ് അത്. ഗ്രോ ബാഗില്‍ മണ്ണ് നിറയ്ക്കുമ്പോള്‍ മുഴുവന്‍ നിറയ്ക്കരുത്. ഒരു മുക്കാല്‍ ഭാഗം മാത്രം നിറയ്ക്കുക, അടുത്ത ഭാഗം ഒഴിച്ചിടുക, വെള്ളവും, വളവും നല്കാന്‍ അത് ആവശ്യമാണ്. മുകള്‍ ഭാഗം കുറച്ചു മടക്കി വെക്കുന്നത് നല്ലതാണ്. ഗ്രോ ബാഗില്‍ മണ്ണ് നിറയ്ക്കാം. മണ്ണ് നന്നായി ഇളക്കി, കല്ലും കട്ടയും കളഞ്ഞു എടുക്കുക. മണ്ണ് കുറച്ചു ദിവസം വെയില് കൊള്ളിക്കുന്നത്‌ നല്ലതാണ്. തക്കാളി നടുമ്പോള്‍ മണ്ണ് വെയില് കൊള്ളിക്കുന്നത്‌ വളരെ നല്ലതാണ്.

ഗ്രോ ബാഗില്‍ എന്തൊക്കെ നടാം

പയര്‍ , പാവല്‍ , ചീര , തക്കാളി , ഇഞ്ചി, കാച്ചില്‍ , ബീന്‍സ് ,കാബേജ് , കോളി ഫ്ലവര്‍ , ക്യാരറ്റ് , പച്ച മുളക്, ചേന ,കാച്ചില്‍ , കപ്പ , വേണ്ട തുടങ്ങി എന്തും ഗ്രോ ബാഗില്‍ നടാം.

ഗ്രോ ബാഗ്‌ മട്ടുപ്പാവില്‍ വെക്കുമ്പോള്‍ , അടിയില്‍ രണ്ടു ഇഷ്ട്ടിക ഇട്ടു വേണം വെക്കാന്‍ , അധികം ഒഴുകി ഇറങ്ങുന്ന വെള്ളം ആ ഇഷ്ട്ടിക ആഗിരണം ചെയ്യും. ടെറസ് കേടു വരുകയില്ല. ഗ്രോ ബാഗില്‍ രാസവളം, രസ കീടനാശിനി ഇവ ഒഴിവാക്കുന്നതാണ് ഉചിതം. ടെറസ് കേടു വരാതെ സൂക്ഷിക്കാന്‍ ഈ പറഞ്ഞ രണ്ടും ഒഴിവാക്കാം. പൂര്‍ണമായ ജൈവ കൃഷി ആണെങ്കില്‍ , താഴെ ഇഷ്ട്ടിക വെച്ച് ആണ് ഗ്രോ ബാഗ്‌ വെക്കുന്നതെങ്കില്‍ നിങ്ങളുടെ മട്ടുപ്പാവിന് ഒരു ദോഷവും വരുകയില്ല.

ചീര പ്ലാസ്റ്റിക്‌ ബോട്ടിലില്‍

ഇതൊരു പരീക്ഷണം ആയിരുന്നു. ചീര പ്ലാസ്റ്റിക്‌ കുപ്പികളില്‍ വളര്‍ത്തി. സംഗതി ക്ലിക്ക് ആയി. രണ്ടു തവണ തണ്ട് മുറിച്ചു, ഇപ്പോളും വളരുന്നുണ്ട്‌ തണ്ട്.

മെച്ചം – ചീരയ്ക്ക് നല്ല വെയില്‍ ആവശ്യം ആണ്, കൃഷി ചെയ്യാന്‍ സ്ഥലം എന്നത് ഒരു വലിയ പ്രശനം ആയവര്‍ക്ക് ട്രൈ ചെയ്യാവുന്ന ഒരു മാര്‍ഗം ആണ് ഇത്. വളരെ ഈസി ആയി വളര്‍ത്താം. വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക്, കുറച്ചെങ്കിലും സ്ഥലം ഉള്ളവര്‍ക്ക് ഒക്കെ ഇതൊന്നു ചെയ്തു നോക്കാം. ഇത്തരം ഒരു പത്തു യുണിറ്റ് ഉണ്ടെങ്കില്‍ ഒരു ചെറിയ കുടുംബത്തിനു സുഖമായി ഉപയോഗിക്കാം. ചീര വിളവായി വരുമ്പോള്‍ തണ്ട് കുറച്ചു നിര്‍ത്തി മുറിച്ചു എടുക്കാം (അധികം താഴ്ത്തി മുറിക്കാതെ, കിളിര്‍പ്പുകള്‍ ഉള്ള ഭാഗം നിര്‍ത്തി മുറിച്ചാല്‍ വീണ്ടും നന്നായി കിളിര്‍ത്തു വരും ). രണ്ടു മൂന്നു തവണ കൂടി വിളവെടുക്കാന്‍ സാധിക്കും. കൃഷി തുടങ്ങാന്‍ താല്പര്യം ഉള്ളവര്‍ക്ക് ഹരീ ശ്രീ കുറിക്കാന്‍ പറ്റിയ സംഭവം ആണ് ചീര. വിജയിക്കാന്‍ സാധ്യത ഏറ്റവം കൂടുതല്‍ ഉണ്ട് ചീരയ്ക്ക്. വര്‍ഷത്തില്‍ എല്ലാ സമയവും (പടു മഴ ഒഴികെയുള്ള) ചീര കൃഷി ചെയ്യാം.

എങ്ങിനെ ? – ഒഴിഞ്ഞ പെപ്സി (കൊളാ, മിനെരല്‍ വാട്ടര്‍ ) കുപ്പികള്‍ ഉപയോഗിക്കാം. രണ്ടു ലിറ്റര്‍ കുപ്പികള്‍ ആണ് കൂടുതല്‍ നല്ലത്. കുപ്പിയുടെ മുകള്‍ ഭാഗം മുറിക്കുക ഇനി കുപ്പിയുടെ അടി ഭാഗത്ത്‌ ചെറിയ 3-4 തുളകള്‍ ഇടാം. അധികം വലുപ്പം വേണ്ട തുളകള്‍ക്ക് , അധികമായി വരുന്ന വെള്ളം ഒലിച്ച് താഴേക്ക്‌ ഇറങ്ങാന്‍ ആണ് ഈ ദ്വാരങ്ങള്‍ . വെള്ളം കെട്ടി നിന്നാല്‍ വേരുകള്‍ ചീഞ്ഞു പോകാന്‍ സാദ്യത ഉണ്ട്. ഇനി ഇതില്‍ മണ്ണ് നിറയ്ക്കാം. ചാണകപ്പൊടി, ചകിരിചോര്‍ (സാദാ അല്ല, പാക്കെറ്റില്‍ വാങ്ങാന്‍ ലഭിക്കുന്നത്) , മണ്ണിര കമ്പോസ്റ്റ് (ലഭ്യം എങ്കില്‍ ) ഒക്കെ ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കി നിറയ്ക്കാം. കുറച്ചു വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചിട്ടാല്‍ വളരെ നല്ലത്. ചാരം ഒരിക്കലും ഇടരുത്, ചെടി അവിഞ്ഞു പോകും. കുപ്പിയുടെ 80-90 ശതമാനം വരെ ഈ നടീല്‍ മിശ്രിതം നിറയ്ക്കാം. മണ്ണ് ഒരിക്കലും ഇടിച്ചു നിറയ്ക്കാന്‍ ശ്രമിക്കരുത്.

ഇനി ഇതില്‍ ചീര തൈ നടാം. അല്ലെങ്കില്‍ 3-4 വിത്തുകള്‍ ഇട്ടു, നല്ല ആരോഗ്യത്തോടെ വരുന്ന ഒരെണ്ണം നിര്‍ത്താം. ഈ രീതിയില്‍ വളര്‍ത്തുമ്പോള്‍ ഒരിക്കലും രാസവളം ഇടരുത്. ചെടി വളരുന്ന മുറയ്ക്ക് കുറച്ചു ചാണകപ്പൊടി നന്നായി പൊടിച്ചു മുകള്‍ ഭാഗത്ത്‌ വിതറി കൊടുക്കാം. നല്ല വെയില്‍ ഉള്ള ഭാഗത്ത്‌ ആണെങ്കില്‍ ചീര നല്ല സുന്ദരിയായി തന്നെ വളരും. ഒന്ന് രണ്ടു ദിവസം കൂടുമ്പോള്‍ കുറച്ചു വെള്ളം ഒഴിച്ച് കൊടുക്കാം. ഒന്നിച്ചു ഒഴിക്കാതെ രാവിലെയും വൈകുന്നേരവും ആയി ജലസേചനം ചെയ്യുന്നത് കൂടുതല്‍ നന്ന്.

ദ്രവ രൂപത്തിലുള്ള വളങ്ങള്‍ ലഭ്യമെങ്കില്‍ പ്രയോഗിക്കാം. ഗോമൂത്രം (നേര്‍പ്പിച്ചത്) വളരെ നന്ന്. ഫിഷ്‌ അമിനോ ആസിഡ് (ഉണ്ടാക്കുന്ന വിധം ഇവിടെയുണ്ട്) നേര്‍പ്പിച്ചത്‌ രണ്ടാഴ്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കാം. ഈ പറയുന്ന ഒന്നും ലഭ്യമല്ലെങ്കില്‍ കടല പിണ്ണാക്ക് പുളിപ്പിച്ചത് ഒഴിച്ച് കൊടുക്കാം. അതിനായി ഒരു പിടി കടല പിണ്ണാക്ക് ഒരു ലിറ്റര്‍ വെള്ളത്തില്‍ 3-4 ദിവസം ഇട്ടു വെക്കുക, അതിന്റെ തെളി എടുത്തു കുറച്ചു വെള്ളം ചേര്‍ത്ത് ഒഴിച്ച് കൊടുക്കാം. ചെടി കുറച്ചു വലുതായ ശേഷം മാത്രം ഇതൊക്കെ പ്രയോഗിക്കാം. സി പോം എന്ന ജൈവ വളവും വളരെ നല്ലതാണ്.

ചീര കൃഷി തികച്ചും ജൈവ രീതിയില്‍ എങ്ങിനെ എളുപ്പത്തില്‍ കൃഷി ചെയ്യാം   

ഇവിടെ ഏറ്റവും കൂടുതല്‍ തവണ പരാമര്‍ശിക്കപ്പെട്ട ഇലക്കറിയാണ്‌ ചീര. മലയാളികള്‍ ഒരുപാടു ഇഷ്ട്ടപ്പെടുന്ന ഒരു പച്ചക്കറിയാണ് ചീര. പല വെറൈറ്റി ചീരകള്‍ ഉണ്ട്, പച്ച, ചുവപ്പ്, പട്ടുചീര, വള്ളിച്ചീര തുടങ്ങിയവ. കൂടുതലായും ചുവപ്പ് കളര്‍ ചീരയാണ് നാം ഉപയോഗിക്കുന്നത്. എന്നാല്‍ പച്ച ചീരയും ഏറെ രുചികരവും കൃഷി ചെയ്യാന്‍ എളുപ്പമുള്ളതും ആണ്. പച്ചച്ചീര ഇലപ്പുളി രോഗം പ്രതിരോധിക്കുന്നതും കീട ആക്രമണങ്ങള്‍ കുറവുള്ളതും ആണ്. മണ്ണിലും, സ്ഥല പരിമിതി ഉള്ളവര്‍ക്ക് ടെറസിലും ഈസി ആയി ചീര കൃഷി ചെയ്യാം. പ്ലാസ്റിക് ബോട്ടിലില്‍ വളര്‍ത്തുന്ന വിധം ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഗ്രോ ബാഗ്‌, പ്ലാസ്റ്റിക്‌ കവറുകള്‍, ചെടിച്ചട്ടി തുടങ്ങിയവയും ചീര കൃഷി ചെയ്യാന്‍ ഉപയോഗപ്പെടുത്താം. വിത്തുകള്‍ക്കായി അടുത്തുള്ള കൃഷി ഭവന്‍ സന്ദര്‍ശിച്ചാല്‍ മതി, തികച്ചും സൌജന്യമായി ചീര വിത്തുകള്‍ അവിടെ നിന്നും ലഭിക്കും.

ചീര കൃഷിയുടെ പ്രധാന മേന്മകള്‍

എളുപ്പത്തില്‍ കൃഷി ചെയ്യാം – ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് ചീര. കടുത്ത മഴ സമയം ഒഴികെ എല്ലാ സമയത്തും ചെയ്യാം. കാര്യമായ പരിചരണം ആവശ്യമില്ല, വള പ്രയോഗം കുറച്ചു മതി. വേനല്‍ക്കാലത്ത് ഇട വിട്ടു നനയ്ക്കണം.

കീട ബാധ കുറവ് – കാര്യമായ കീട ആക്രമണം ഇല്ലാത്ത ഒന്നാണ് ചീര. ഇലപ്പുള്ളി രോഗം, ഇലചുരുട്ടി പുഴുക്കള്‍ ഇവയാണ് പ്രധാന ശത്രുക്കള്‍. കൃത്യമായ പരിചരണം പുഴുക്കളെ കണ്ടു പിടിച്ചു നശിപ്പിക്കാന്‍ സഹായിക്കും. ഇലപ്പുള്ളി രോഗം തടയാന്‍ പച്ച/ചുവപ്പ് ചീരകള്‍ ഇടകലര്‍ത്തി നട്ടാല്‍ മതി. ഇലപ്പുള്ളി രോഗത്തിനെതിരെ പ്രയോഗിക്കാന്‍ ജൈവ കീടനാശിനി ഒരെണ്ണം ഉണ്ട്, ഇവിടെ നിന്നും അത് വായിക്കാം.

മുറിച്ചെടുക്കുക – ചീര മുറിച്ചെടുത്താല്‍ വീണ്ടും വിളവെടുക്കാം. വേരോടെ പിഴുതു എടുക്കാതെ തണ്ട് മുറിച്ചാല്‍ ചീര വീണ്ടും വളരും. കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടായി വീണ്ടും വീണ്ടും വിളവെടുക്കാന്‍ കഴിയും. തണ്ട് മുറിക്കുമ്പോള്‍ 2-3 ഇലകള്‍ എങ്കിലും നിര്‍ത്തണം, ഇല്ലെങ്കില്‍ ശേഷിച്ച തണ്ട് അഴുകി പോകും. 10 ചീര ഇതേ പോലെ നിര്‍ത്തിയാല്‍ നമുക്ക് കൂടുതല്‍ വിളവു എടുക്കാം, വേനല്‍ക്കാലത്ത് നട്ട ചീരകള്‍ ഇതേ പോലെ മുറിച്ചു നിര്‍ത്തിയാല്‍ മഴക്കാലം നമുക്ക് വിളവെടുക്കാം.

ചീര കൊണ്ട് കറികള്‍ – ചീര കൊണ്ട് തോരന്‍ മാത്രമല്ല ഉണ്ടാക്കാന്‍ സാധിക്കുന്നത്‌. അവിയലില്‍ ഇട്ടാല്‍ നല്ല സ്വാദാണ്, ചക്കക്കുരു , പയര്‍ ഇവയും ചേര്‍ത്ത് തോരന്‍ ഉണ്ടാക്കാം.

പച്ചക്കറി കൃഷി കലണ്ടര്‍ – ഏതൊക്കെ വിളകള്‍ എപ്പോഴൊക്കെ കൃഷി ചെയ്യാം

 

പച്ചക്കറി വിള

കാലം

ഇനങ്ങള്‍

ഏറ്റവും നല്ല നടീല്‍ സമയം

1

ചീര

എല്ലാക്കാലത്തും (മഴക്കാലം ഒഴിവാക്കുക)

അരുണ്‍ (ചുവപ്പ്)

മേയ് – ജൂണ്‍ , ആഗസ്റ്റ്‌ – സെപ്റ്റംബര്‍

കണ്ണാറ ലോക്കല്‍ (ചുവപ്പ്), മോഹിനി (പച്ച) , സി ഒ 1,2, & 3 (പച്ച)

ജനുവരി – സെപ്റ്റംബര്‍

2

വെണ്ട

ഫെബ്രുവരി – മാര്‍ച്ച്‌ , ജൂണ്‍ – ജൂലൈ , ഒക്ടോബര്‍ – നവംബര്‍

അര്‍ക്ക അനാമിക

ജൂണ്‍ – ജൂലൈ

സല്‍കീര്‍ത്തി

മെയ് മദ്ധ്യം

3

പയര്‍

വര്‍ഷം മുഴുവനും

വള്ളിപ്പയര്‍ – ലോല , വൈജയന്തി , മാലിക , ശാരിക

ആഗസ്റ്റ്‌ – സെപ്റ്റബര്‍ ,  ജൂണ്‍ – ജൂലൈ

കുറ്റിപ്പയര്‍ – കനകമണി , ഭാഗ്യലക്ഷ്മി

മേയ് – ജൂണ്‍ , ആഗസ്റ്റ്‌ – സെപ്റ്റംബര്‍

മണിപ്പയര്‍ – കൃഷ്ണമണി , ശുഭ്ര

ജനുവരി – ഫെബ്രുവരി , മാര്‍ച്ച് – ഏപ്രില്‍

തടപ്പയര്‍ / കുഴിപ്പയര്‍ – അനശ്വര

മേയ് – ജൂണ്‍ , ആഗസ്റ്റ്‌ – സെപ്റ്റംബര്‍

4

വഴുതന / കത്തിരി

ജനുവരി- ഫെബ്രുവരി, മെയ്‌ – ജൂണ്‍ ,സെപ്റ്റബര്‍ – ഒക്ടോബര്‍

ഹരിത , ശ്വേത , നീലിമ

മെയ്‌ – ജൂണ്‍ ,സെപ്റ്റബര്‍ – ഒക്ടോബര്‍

5

തക്കാളി

ജനുവരി- മാര്‍ച്ച് , സെപ്റ്റബര്‍ -ഡിസംബര്‍

ശക്തി , മുക്തി , അനഘ

സെപ്റ്റബര്‍ -ഡിസംബര്‍

6

മുളക്

മെയ്‌ – ജൂണ്‍ , ആഗസ്റ്റ്‌ – സെപ്റ്റബര്‍ , ഡിസംബര്‍ – ജനുവരി

ഉജ്ജ്വല , മഞ്ജരി , ജ്വാലാമുഖി , അനുഗ്രഹ

മെയ്‌ – ജൂണ്‍

7

കാബേജ്

ആഗസ്റ്റ്‌ – നവംബര്‍

സെപ്റ്റബര്‍ ,കാവേരി ,ഗംഗ ,ശ്രീഗണേഷ് ,ഗോള്‍ഡന്‍ഏക്കര്‍

സെപ്റ്റബര്‍ – ഒക്ടോബര്‍

8

കോളി ഫ്ലവര്‍

ആഗസ്റ്റ്‌ – നവംബര്‍ , ജനുവരി – ഫെബ്രുവരി

ഹിമാനി , സ്വാതി , പൂസാദിപാളി , ഏര്‍ലിപാറ്റ്ന

സെപ്റ്റബര്‍ – ഒക്ടോബര്‍

9

ക്യാരറ്റ്

ആഗസ്റ്റ്‌ – നവംബര്‍ , ജനുവരി – ഫെബ്രുവരി

പൂസാകേസര്‍ , നാന്റിസ് , പൂസാമേഘാവി

സെപ്റ്റബര്‍ – ഒക്ടോബര്‍

10

റാഡിഷ്‌

ജൂണ്‍ – ജനുവരി

അര്‍ക്കാ നിഷാന്ത് , പൂസാചേറ്റ്കി , പൂസാ രശ്മി , പൂസാ ദേശി

ജൂണ്‍

11

ബീറ്റ് റൂട്ട്

ആഗസ്റ്റ്‌ – ജനുവരി

ഡൈറ്റ്രോയിറ്റ് ,ഡാര്‍ക്ക്‌ റെഡ് , ഇംപറേറ്റര്‍

12

ഉരുളക്കിഴങ്ങ്

മാര്‍ച്ച് – ഏപ്രില്‍ , ആഗസ്റ്റ്‌ – ഡിസംബര്‍ , ജനുവരി – ഫെബ്രുവരി

കുഫ്രി ജ്യോതി , കുഫ്രി മുത്തു , കുഫ്രി ദിവാ

13

പാവല്‍

ജനുവരി – മാര്‍ച്ച്‌, ഏപ്രില്‍ – ജൂണ്‍ , ജൂണ്‍ – ആഗസ്റ്റ്‌ , സെപ്റ്റബര്‍ – ഡിസംബര്‍

പ്രീതി

മെയ് – ജൂണ്‍ , ആഗസ്റ്റ്‌ – സെപ്റ്റബര്‍

പ്രിയങ്ക , പ്രിയ

ജനുവരി – മാര്‍ച്ച്‌

14

പടവലം

ജനുവരി – മാര്‍ച്ച്‌, ഏപ്രില്‍ – ജൂണ്‍ , ജൂണ്‍ – ആഗസ്റ്റ്‌ ,  സെപ്റ്റബര്‍ – ഡിസംബര്‍

കൌമുദി

ജനുവരി – മാര്‍ച്ച്‌, ജൂണ്‍ -ജൂലൈ

ബേബി,  ടി എ -19 , മനുശ്രീ

ജനുവരി – മാര്‍ച്ച്‌,  സെപ്റ്റബര്‍ – ഡിസംബര്‍

15

കുമ്പളം

ജനുവരി – മാര്‍ച്ച്‌, ഏപ്രില്‍ – ജൂണ്‍ , ആഗസ്റ്റ്‌ – സെപ്റ്റബര്‍ – ഡിസംബര്‍

കെഎയു ലോക്കല്‍

ജൂണ്‍ – ജൂലൈ , ആഗസ്റ്റ്‌ – സെപ്റ്റബര്‍

ഇന്ദു

ജനുവരി – മാര്‍ച്ച്‌, സെപ്റ്റബര്‍ – ഡിസംബര്‍

16

വെള്ളരി

ജനുവരി – മാര്‍ച്ച്‌, ഏപ്രില്‍ – ജൂണ്‍ , ആഗസ്റ്റ്‌ – സെപ്റ്റബര്‍ – ഡിസംബര്‍

മുടിക്കോട് ലോക്കല്‍

ജൂണ്‍ – ജൂലൈ , ഫെബ്രുവരി – മാര്‍ച്ച്

സൌഭാഗ്യ , അരുണിമ

ജനുവരി – മാര്‍ച്ച്‌, സെപ്റ്റബര്‍ – ഡിസംബര്‍

17

മത്തന്‍

ജനുവരി – മാര്‍ച്ച്‌, ഏപ്രില്‍ – ജൂണ്‍ , ആഗസ്റ്റ്‌ – സെപ്റ്റബര്‍ – ഡിസംബര്‍

അമ്പിളി

ജൂണ്‍ – ജൂലൈ ,ആഗസ്റ്റ്‌ -സെപ്റ്റംബര്‍

സുവര്‍ണ്ണ , അര്‍ക്ക സൂര്യമുഖി

ജനുവരി – മാര്‍ച്ച്‌, സെപ്റ്റബര്‍ – ഡിസംബര്‍

 

ജൈവരീതികള്‍

പുകയിലക്കഷായം: 50 ഗ്രാം പുകയില, 500 മില്ലി ലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ കുതിര്‍ത്തശേഷം പിഴിഞ്ഞെടുത്ത വെള്ളത്തില്‍ 12ഗ്രാം അലക്കുസോപ്പ്‌ ഇളക്കിച്ചേര്‍ക്കുക. ആവശ്യമനുസരിച്ച്‌ അളന്നെടുത്ത്‌ ആറിരട്ടി വെള്ളം ചേര്‍ത്ത്‌ ചെടികളില്‍ തളിക്കാം.
മണ്ണെണ്ണ കുഴമ്പ്‌: ഒരു ലിറ്റര്‍ മണ്ണെണ്ണയില്‍ 50 ഗ്രാം ബാര്‍സോപ്പ്‌ അര ലിറ്റര്‍ വെള്ളത്തില്‍ കലക്കി യോജിപ്പിച്ച്‌ നന്നായി ഇളക്കി 20 ഇരട്ടി വെള്ളം ചേര്‍ത്ത്‌ തളിക്കാം
പഴക്കെണി: വെള്ളരി, പാവല്‍, പടവലം എന്നിവയില്‍ കായീച്ചയുടെ ഉപദ്രവം ഒഴിവാക്കാന്‍ പഴക്കെണി നല്ലതാണ്‌. പഴുത്ത പഴം വട്ടത്തില്‍ മുറിച്ച്‌ ചിരട്ടയില്‍ ഇട്ട്‌ വെള്ളം ഒഴിച്ച്‌ അതില്‍ ഏതാനും തരി ഫുറഡാന്‍ ചേര്‍ക്കുക. ഇങ്ങനെയുള്ള ചിരട്ടക്കെണികള്‍ പാവല്‍, പടവലം എന്നിവയുടെ പന്തലിനു ചുറ്റും തൂക്കിയിട്ടാല്‍ കായിച്ചകള്‍ പഴച്ചാര്‍ കുടിച്ച്‌ ചിരട്ടയില്‍ ചത്തുവീഴും.
കഞ്ഞിവെള്ളം: പയറിനെ കൂട്ടമായി ആക്രമിക്കുന്ന കീടനാശിനികളെ ഒഴിവാക്കാന്‍ നല്ല കൊഴുത്ത കഞ്ഞിവെള്ളം ബ്രഷ്‌ ഉപയോഗിച്ച്‌ ആക്രമണം ഉള്ള ഭാഗങ്ങളില്‍ പുരട്ടിയാല്‍ മതി. പച്ചപപ്പായ പലതായി മുറിച്ച്‌ പാത്രത്തിലെ വെള്ളത്തില്‍ ഇട്ട്‌, ഏതാനും ദിവസം കഴിഞ്ഞ്‌ ഇളക്കിയാല്‍ കുഴമ്പ്‌ രൂപത്തിലാവും. ഇത്‌ ബ്രഷ്‌ ഉപയോഗിച്ച്‌ തളിച്ചാല്‍ പയറിലുള്ള ഇലപ്പേന്‍ ഒഴിവാകും.
കടലാസ്‌ പൊതിയല്‍: കായീച്ചയെ ഒഴിവാക്കാന്‍ പാവക്ക, പടവലം തുടങ്ങിയവ ഉണ്ടായതിന്റെ പിറ്റേദിവസം തന്നെ കടലാസുകൊണ്ട്‌ പൊതിഞ്ഞാല്‍ മതി. വീട്ടില്‍ കറിവെക്കാനുള്ള പച്ചക്കറികള്‍ ലക്ഷ്യമാക്കി കൃഷി ചെയ്യുന്നതിനാലും, ധാരാളം കായകള്‍ ഒന്നിച്ച്‌ കായ്‌ക്കാത്തതിനാലും പത്രക്കടലാസ്‌ കൊണ്ട്‌ പൊതിഞ്ഞ്‌ സംരക്ഷിക്കാം.
വേപ്പിന്‍കുരു സത്ത്‌: 50 ഗ്രാം വേപ്പിന്‍ കുരു പൊടിച്ച്‌ കിഴി കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വെച്ചശേഷം നീരുറ്റിയാല്‍ അഞ്ച്‌ ശതമാനം വീര്യമുള്ള വേപ്പിന്‍ സത്ത്‌ ലഭിക്കും. കായ്‌/തണ്ട്‌ തുരപ്പന്‍ പുഴുക്കള്‍, ഇലതീനിപ്പുഴുക്കള്‍ എന്നിവയെ അകറ്റി നിര്‍ത്താന്‍ ഇത്‌ ഫലപ്രദമാണ്‌.

ഭാവിയുടെ പഴവര്‍ഗം: റമ്പുട്ടാന്‍ ആരോഗ്യത്തിന്റെ താക്കോല്‍

ഭാവിയിലെ പഴവര്‍ഗം എന്നു വിശേഷിപ്പിക്കപ്പെടുന്ന റമ്പുട്ടാന്‍ അടുത്ത കാലത്ത്‌ ദക്ഷിണേന്ത്യയിലും ചുവടുറപ്പിക്കുകയാണ്‌. ഇന്തോനേഷ്യന്‍- മലേഷ്യന്‍ സ്വദേശിയാണ്‌ റമ്പുട്ടാന്‍. റമ്പുട്ട്‌ എന്ന വാക്കിന്റെ അര്‍ത്ഥം രോമം എന്നാണ്‌. പുറത്ത്‌ മുള്ളുകള്‍ പോലെ എഴുന്നു നില്‍ക്കുന്ന രോമങ്ങളുള്ള ഇതിനെ ഹെയറി ലിച്ചി എന്നും വിളിക്കുന്നു. ലിച്ചിപഴത്തിന്റെ അടുത്ത ബന്ധുവാണ്‌ സാപിന്‍ഡേസിയേ കുടുംബത്തില്‍പെടുന്ന റമ്പട്ടാന്‍. കേരളത്തില്‍ 75 വര്‍ഷത്തിലേറെയായി റമ്പൂട്ടാന്‍ കൃഷിയുണ്ടെങ്കിലും മികച്ച ഇനങ്ങള്‍ ലഭ്യമായതോടെ അടുത്തകാലത്താണ്‌ കൃഷി വ്യാപകമായത്‌. കോട്ടയം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ തോട്ടം അടിസ്‌ഥാനത്തില്‍ റമ്പുട്ടാന്‍ കൃഷി ചെയ്‌തു തുടങ്ങിയിട്ടുണ്ട്‌. മഴക്കാലം എത്തുന്നതോടെ പാകമായി തുടങ്ങുന്ന റമ്പുട്ടാന്‍ ആദായകരമായി കൃഷിചെയ്യാവുന്ന പഴവര്‍ഗമാണ്‌. ഭാവിയിലെ പഴവര്‍ഗം എന്ന പേരില്‍ റമ്പുട്ടാനെ പലവര്‍ഗക്കാരും പ്രോത്സാഹിപ്പിക്കുന്നുണ്ട്‌. തായ്‌ലന്റാണ്‌ ഏറ്റവും വലിയ റമ്പുട്ടാന്‍ ഉല്‍പാദകര്‍. തായ്‌ലന്റിനൊപ്പം മലേഷ്യയും ഇന്തോനേഷ്യയും റമ്പുട്ടാന്‍ പഴങ്ങള്‍ വന്‍തോതില്‍ അമേരിക്കയിലേക്കും യൂറോപ്യന്‍ യൂണിയനിലേക്കും കയറ്റിയയക്കുന്നുണ്ട്‌.
റമ്പുട്ടാനില്‍ ആണ്‍മരവും പെണ്‍മരവും വെവ്വേറെയാണ്‌. പെണ്‍മരത്തില്‍ മാത്രമേ കായ്‌കള്‍ ഉണ്ടാവുകയുള്ളു. അതിനാല്‍ പതിവെച്ചതോ ബഡ്‌ ചെയ്‌തതോ ആയ തൈകളാണ്‌ കൃഷിക്കു പയോഗിക്കുന്നത്‌. മഞ്ഞ നിറത്തിലുള്ള മുള്ളുകള്‍ കൊണ്ടു പൊതിഞ്ഞതും ചുവപ്പു നിറത്തിലുള്ള മുള്ളുകള്‍ നിറഞ്ഞതുമായ രണ്ടുതരം റമ്പുട്ടാന്‍ പഴങ്ങള്‍ വിപണിയില്‍ കാണാം. ചുവപ്പു നിറമുള്ള റമ്പുട്ടാനാണ്‌ വിപണിയില്‍ പ്രിയം. മികച്ച പരാഗണം നടക്കാന്‍ തോട്ടത്തില്‍ പല ഇനങ്ങള്‍ ഇടകലര്‍ത്തി നടുന്നതാണ്‌ നല്ലത്‌. നല്ല പോലെ പരിപാലിച്ചു വളര്‍ത്തുന്ന തൈകള്‍ മൂന്നാലുവര്‍ഷം കൊണ്ട്‌ കായ്‌ച്ചുതുടങ്ങും. 15 മീറ്റര്‍ ഉയരത്തില്‍ വരെ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ്‌ റമ്പുട്ടാന്‍. കമ്പുകോതല്‍ നടത്തി ഉയരം നിയന്ത്രിച്ചു നിര്‍ത്തുന്നത്‌ വിളവെടുപ്പിനും വലയിട്ടു മൂടി കിളികളില്‍ നിന്നും മറ്റും സംരക്ഷണ നല്‍കുന്നതിനും നല്ലതാണ്‌. 1500 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളില്‍ റമ്പുട്ടാന്‍ കൃഷിചെയ്യാം. അന്തരീക്ഷ താപനില 13-15 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ പോകുന്ന കാലാവസ്‌ഥ നല്ലതല്ല. ഈര്‍പ്പമുള്ള അന്തരീക്ഷവും ആണ്ടുമുഴുവന്‍ ലഭിക്കുന്ന മഴയും ഇതിന്‌ നല്ലതാണ്‌. മണല്‍ കലര്‍ന്ന മണ്ണിലോ എക്കലിന്റെ അംശമുള്ള കളിമണ്ണിലോ റമ്പുട്ടാന്‍ നന്നായി വളരും. നല്ല ജൈവാംശവും നീര്‍വാര്‍ച്ചയുമുള്ള മണ്ണാണ്‌ ഇതിന്റെ കൃഷിക്കു വേണ്ടത്‌.

മഴക്കാലത്തിന്റെ ആരംഭത്തോടെ 15 മീറ്റര്‍ --7 മീറ്റര്‍ അകലത്തില്‍ തൈകള്‍ നടാം. ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെ തൈകള്‍ നടാം. മൂന്നടി സമചതുരത്തിലുള്ള കുഴികളില്‍ മേല്‍മണ്ണ്‌, ജൈവവളം, എല്ലുപൊടി തുടങ്ങിയവ നിറച്ചതിനുശേഷം തൈകള്‍ നടാം. ബഡ്‌ ചെയ്‌ത ഭാഗം മണ്ണിനു മുകളില്‍ വരത്തക്ക വിധം വേണം തൈകള്‍ നടാന്‍. തൈകള്‍ക്ക്‌ ആവശ്യാനുസരണം നനച്ചു കൊടുക്കണം. വേനല്‌ക്കാലത്തും മരങ്ങള്‍ക്ക്‌ ആവശ്യമെങ്കില്‍ നന നല്‍കണം. തൈകള്‍ക്ക്‌ ചുവട്ടില്‍ പുതയിടുന്നത്‌ മണ്ണിലെ ഈര്‍പ്പം സംരക്ഷിക്കും. തൈകള്‍ക്ക്‌ ആദ്യവര്‍ഷങ്‌ഹളില്‍ തണല്‍ നല്‍കണം. തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു തുടങ്ങിയ കീടങ്ങള്‍ക്കെതിരെ നിയന്ത്രണമാര്‍ഗങ്ങള്‍ സ്വീകരിക്കണം. നട്ട തൈകള്‍ക്ക്‌ പുതനാമ്പുകള്‍ വളര്‍ന്നു തുടങ്ങുന്നതോടെ വളപ്രയോഗം ആരംഭിക്കാം. കാലിവളം, വെര്‍മികമ്പോസ്‌റ്റ്, കടലപ്പിണ്ണാക്ക്‌, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങള്‍ നല്‍കാം. മണ്ണുപരിശോധനയുടെ അടിസ്‌ഥാനത്തില്‍ ആവശ്യമെങ്കില്‍ രാസവളങ്ങളും നല്‍കണം.
ഡിസംബര്‍ - ജനുവരി മാസങ്ങളില്‍ ചെടി പൂത്തു തുടങ്ങും. ഏകദേശം നാലു- അഞ്ച്‌ മാസം കൊണ്ട്‌ ഫലങ്ങള്‍ വിളവെടുപ്പിന്‌ പാകമാകും. പാകമെത്തിയതിനു ശേഷവും ഒരു മാസം വരെ പഴങ്ങള്‍ കേടുകൂടാതെ മരത്തില്‍ നിന്നും പഴങ്ങള്‍ പലഘട്ടങ്ങളിലായി വിളവെടുക്കുന്നതാണ്‌ വിപണനത്തിന്‌ നല്ലത്‌. വിളവെടുത്ത പഴങ്ങള്‍ സാധാരണ അന്തരീക്ഷ താപനിലയില്‍ 4-6 ദിവസങ്ങള്‍ക്കപ്പുറം കേടുകൂടാതെയിരിക്കുകയില്ല. എന്നാല്‍ എട്ട്‌ ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുള്ള താപനിലയില്‍ രണ്ടാഴ്‌ച വരെ കേടുകൂടാതെ സൂക്ഷിക്കാം. ഒരുമരത്തില്‍ നിന്നും ശരാശരി 25-35 കിലോഗ്രാം വിളവു ലഭിക്കും. മുള്ളുപോലുള്ള രോമങ്ങള്‍ക്ക്‌ മൂടിയ തൊലിക്കകത്ത്‌ കാണപ്പെടുന്ന വിത്തിനെ പൊതിഞ്ഞുള്ള മാംസള ഭാഗമാണ്‌ ഭക്ഷ്യയോഗ്യം. പഴമായി നേരിട്ടു ഭക്ഷിക്കുന്നതിനു പുറമെ പഴത്തില്‍ നിന്നുള്ള സിറപ്പായും റമ്പുട്ടാന്‍ പഴത്തിന്‌ ഉപയോഗമുണ്ട്‌. വിത്തില്‍ നിന്നുമെടുക്കുന്ന എണ്ണ സോപ്പ്‌ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്നു. ഭംഗിയേറിയ ഇലകളും പൂക്കളും ആകര്‍ഷകമായ നിറത്തിലുള്ള പഴങ്ങളുമുള്ള റമ്പുട്ടാന്‍ മരം ലാന്‍ഡ്‌ സ്‌കേപ്പിംഗില്‍ പാരിസ്‌ഥിതിക പ്രാധാന്യമുള്ള ഒരു വൃക്ഷമായും വളര്‍ത്തിവരുന്നു. മെയ്‌ മുതല്‍ സെപ്‌തംബര്‍ വരെയുള്ള വിളവെടുപ്പുകാലത്ത്‌ കേരളത്തിലെ നഗരങ്ങളില്‍ റമ്പുട്ടാന്‍ പഴത്തിന്‌ കിലോഗ്രാമിന്‌ 150 രൂപ വിലലഭിക്കുന്നു. കുറഞ്ഞ മുതല്‍ മുടക്കില്‍ വലിയ പരിചരണമില്ലാതെ നല്ല ഫലം തരുന്ന ഒരു പഴവര്‍ഗമാണ്‌ റമ്പുട്ടാന്‍.

അത്തിയുടെ സവിശേഷതകള്‍

മധുരതരമായ പഴങ്ങളാല്‍ സമൃദ്ധമായ അനേകം ചെടികളും സസ്യങ്ങളും ഇന്ന് കഥാവേശഷമായി. അത്തരത്തിലെ പ്രമുഖ ഒരു സസ്യമാണ് അത്തി (FIG).

സസ്യജനുസ്സിലെ ഫൈക്കസ് ജീനസിലാണ് അത്തി ഉള്‍പ്പെടുന്നത്. ശാസ്ത്ര നാമം ഫൈക്കസ് കാരിക്ക (FICUS CARICA).
കാണ്ഡാന്തര്‍ ഭാഗത്ത് കാതലെന്ന ഉറച്ച ഭാഗം ഇല്ലാത്ത SOFT WOOD – ബഹുശാഖിയായി വളരുന്ന അത്തി പത്ത് മീറ്റര്‍ വരെ വളരും. കട്ടിയുള്ള ഇലകളുള്ള വര്‍ണവൃത്തങ്ങള്‍ (Petioles) നീളമുള്ളവയാണ്. ഇലകള്‍ക്കാവട്ടെ പത്തു മുതല്‍ ഇരുപത് സെന്റീ മീറ്റര്‍ വരെ നീളം കാണും.

ഏഷ്യന്‍ വര്‍കരയാണ് അത്തിയുടെ ജന്മദേശം. അനുകൂല സാഹചര്യങ്ങളില്‍ 10 ഡിഗ്രി മുതല്‍ 20 ഡിഗ്രി വരെ ശൈത്യം നേരിടാന്‍ അത്തിക്കാവും. എന്നാല്‍ പൊതുവെ മീത ശീതോഷ്ണ മേഖലയിലാണ് ഇവ സമൃദ്ധമായി കാണപ്പെടുന്നത്. അതായിരിക്കാം ഒരുകാലത്ത് കേരളത്തില്‍ ഇവ സമൃദ്ധമായിരുന്നത്.

കാലാവസ്ഥയുടെ കടുത്ത വ്യതിയാനങ്ങള്‍ അത്തിയുടെയും അന്തകനായി അനുമാനിക്കപ്പെടണം.
വടക്കെ അമേരിക്കക്കാര്‍ വളരെ കാലങ്ങള്‍ക്ക് മുമ്പ് തന്നെ അത്തിയെ വളര്‍ത്തിയിരുന്നുവെങ്കിലും വ്യാവസായിക ലക്ഷ്യത്തോടെ വളര്‍ത്താന്‍ ആരംഭിച്ചിട്ട് അധികം കാലമായില്ല.

അധികം പ്രായമാകാത്ത വൃക്ഷങ്ങളുടെ ഇളം കൊമ്പുകളില്‍ പേരക്കയുടെ ആകൃതിയിലുള്ള ഫലങ്ങള്‍ ധാരാളമായി കാണപ്പെടുന്നു. തണ്ടിന്റെ വശത്ത് നിന്നും ശാഖകള്‍പോലെ പഴങ്ങള്‍ വളരുന്നു. പഴങ്ങളുടെ അകവശം പൊള്ളയായിരിക്കും. ഉള്ളില്‍ അനേകം ചെറുവിത്തുകളും. വളരെ മധുരതരമായ അത്തിപ്പഴം മനുഷ്യര്‍ക്കെന്ന പോലെ പക്ഷികള്‍ക്കും വളരെ പ്രിയങ്കരമാണ്.
പാശ്ചാത്യര്‍ പാകം ചെയ്യാത്ത അത്തിപ്പഴങ്ങള്‍ ഭക്ഷണത്തിന്റെ അവസാനം ഉപയോഗിക്കാറുണ്ട്. ഉണക്കിയെടുത്ത അത്തിപ്പഴത്തിന് വാണിജ്യപ്രാധാന്യമുണ്ട്.

‘ഏത്തം’ എന്ന നാടന്‍ കാര്‍ഷിക ജലസേചന യന്ത്രത്തിന് താങ്ങായി പൂര്‍വ്വീക കേരളം അത്തിമരത്തെ ഉപയോഗിച്ചിരുന്നു. മുറിച്ചു നടുന്ന ശിഖരം വളരെ പെട്ടെന്ന് ഇല വന്ന് പിടിക്കും എന്നതാണ് കര്‍ഷകര്‍ക്ക് ഇതിനെ പ്രിയങ്കരമാക്കിയത്. പക്ഷികള്‍ക്കൊപ്പം കുട്ടികള്‍ ഉപയോഗിക്കുന്ന പഴം എന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും അത്തിപ്പഴത്തിന് നമ്മുടെ പൂര്‍വ്വീകര്‍ നല്‍കിയതായി അറിയില്ല. അതിനാലാവാം ഫലഉല്‍പാദനം എന്ന ലക്ഷ്യത്തോടെ അത്തിയെ വളര്‍ത്തപ്പെടാതിരിക്കാന്‍ കാരണവും.
ഉണക്കി സംസ്‌കരിക്കപ്പെട്ട അത്തിപ്പഴം ഗള്‍ഫ് നാടുകളിലെ വിഭവങ്ങളുടെ കൂട്ടത്തില്‍ മലയാളികള്‍ കേരളത്തില്‍ എത്തിക്കാറുണ്ട്.
ഗ്ലാസ് ഹൗസിനുള്ളിലും അത്തികള്‍ വളര്‍ത്തപ്പെടുന്നുണ്ട്. ഇവയില്‍ നിന്നും വര്‍ഷത്തില്‍ രണ്ടോ അതില്‍ അധികമോ വിളവ് ലഭിക്കും.
മൂപ്പെത്തിയ കമ്പുകള്‍ മുറിച്ച് നട്ട് പുതിയ അത്തിെച്ചടികള്‍ വളര്‍ത്തിയെടുക്കാം.
പുതിയ ശിഖരം വരാനുള്ള മുകുളത്തിന് മുകളില്‍ ചരിച്ച് വെട്ടിയാണ് കമ്പുകള്‍ എടുക്കേണ്ടത്. ഇത്തരത്തില്‍ വളര്‍ത്തി എടുക്കുന്ന ചെടികള്‍ രണ്ടു മുതല്‍ നാലു വരെ വര്‍ഷത്തിനുള്ളില്‍ ഫലം നല്‍കിത്തുടങ്ങും. ധാരാളം ജലം ലഭിക്കുന്നിടം അത്തിയും ഇഷ്ടസ്ഥലമാണ്. എന്നാല്‍ ചിലയിനം അത്തികള്‍ വിത്തില്‍ നിന്ന് മാത്രമെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ. കമ്പുകള്‍ മുറിച്ച് നട്ട് അത്തികള്‍ വളര്‍ത്തുന്നത് വ്യാവസായിക ഉദ്ദേശ്യത്തോടു കൂടിയുള്ളതാണ്.
പ്രകൃതിയുടെ പരാഗണ പ്രക്രിയ നിര്‍വ്വഹിക്കുന്ന കുരങ്ങ്, അണ്ണാന്‍, വവ്വാല്‍, കാക്ക തുടങ്ങിയ അത്തിപ്പഴത്തോടൊപ്പം സ്വാഭാവികമായും അതിന്റെ വിത്തുകളും അകത്താക്കും. പ്രകൃതിയുടെ വികൃതി എന്നോണം വിത്തുകള്‍ ദഹിക്കാതെ കിടക്കും. കാഷ്ടത്തോടൊപ്പം ദഹിക്കാത്ത വിത്തുകളും പുറത്തുവരും. മരങ്ങളെ ആവാസ മേഖലയാക്കിയ ഇവ വിസര്‍ജനം നടത്തുന്നത് ഉയര്‍ന്ന വൃക്ഷങ്ങളിലായിരിക്കും. തെങ്ങ്, പന തുടങ്ങിയവയുടെ പട്ടകള്‍ക്കിടയില്‍ സുരക്ഷിതമായിരിക്കുന്ന വിത്തുകള്‍ മഴയേല്‍ക്കുമ്പോള്‍ മുകളിലിരുന്ന് വളരാന്‍ തുടങ്ങും. കുറെ വളര്‍ന്ന് വരുമ്പോള്‍ ആധാര വൃക്ഷത്തെ വരിഞ്ഞ് മുറുക്കി ചുറ്റുമായി വേരുകള്‍ പുറപ്പെടുവിച്ചും ഇലകളാല്‍ മറച്ച് ആധാര വൃക്ഷത്തിന്റെ ആഹാര പ്രക്രിയക്ക് തുരങ്കം വെച്ചും നശിപ്പിക്കും. അതിന് ശേഷം അവ സ്വതന്ത്രമായി വളരാന്‍ ആരംഭിക്കും.
ഫൈക്കസ് റിലിജിയോസ് എന്ന പേരില്‍ അറിയപ്പെടുന്നതും കേരളത്തിലെ ക്ഷേത്രാങ്കണങ്ങള്‍ക്ക് അലങ്കാരമായതുമായ അരയാലും ഇത്തരത്തില്‍ തന്നെയാണ് കൂടുതലും ജന്മമെടുക്കുന്നത്. ഇന്ത്യയില്‍ വളരുന്ന ഫൈക്കസ് ബെംഗലന്‍സിസ് എന്ന ഇനവും ഈ പ്രത്യേകത പേറുന്നതാണ്. ഇതിന്റെ ഇല ആനകള്‍ക്ക് പ്രിയങ്കരമായ ഒരു ഭക്ഷണ പദാര്‍ത്ഥം കൂടിയാണ്.
ഫൈക്കസ് എലാസ്റ്റിക്ക എന്ന ഇനം അത്തി ഇന്ത്യയിലും ജാവയിലും കാണപ്പെടുന്ന മറ്റൊരിനം തന്നെ.
ഇന്ത്യയില്‍ ധാരാളമായി കണ്ടുവരുന്ന ഫൈക്കസ് ഗ്ലോമറേറ്റ് എന്ന ഇനം അത്തിയുടെ തടി ഉയരമുള്ളതും ശിഖരങ്ങള്‍ മറ്റിനങ്ങളെ അപേക്ഷിച്ച് കനം കുറവുള്ളതുമാണ്. പൊതുവെ അത്തി കനം കുറഞ്ഞതിനാലാവാം പൊത്തുകളെ ആവാസമേഖലകളായി തിരഞ്ഞെടുക്കുന്ന തത്ത തുടങ്ങിയ പക്ഷികള്‍ക്ക് കൂട് വെക്കാന്‍ അത്തി പ്രിയങ്കരമായത്.
ഓഗസ്റ്റ് മാസത്തോടെ അത്തിയുടെ ഇലകള്‍ പൊഴിയുകയും ഏതാനും ദിവസങ്ങള്‍ക്കകം പുതിയ ഇലകളാല്‍ സമൃദ്ധമാവുകയും ചെയ്യും.
അത്തി, ഇത്തി, ആല്‍, അരശ് എന്നീ നാലു മരങ്ങളുടെ തൊലികള്‍ ചേര്‍ന്നതാണ് നാല്‍പാമര പട്ട. ആയുര്‍വേദ നാടന്‍ ചികിത്സാ വിധികളില്‍ വളരെ പ്രാധാന്യമുള്ളവയാണ് ഇത്.  പ്രസവാനന്തരമുള്ള കുളികള്‍ക്ക് നാല്‍പാമര പട്ടയിട്ട് തിളപ്പിച്ച വെള്ളം ഒഴിച്ചു കൂടാനാവാത്തതാണ്. പഴയ തലമുറ മറ്റേതും പോലെ നാല്‍പാമര പട്ടയുടെ പ്രാധാന്യം മനസ്സിലാക്കുകയും അര്‍ഹിക്കുന്ന പരിഗണന നല്‍കുകയും ചെയ്തിരുന്നു.
നാല്‍പാമരാദി എണ്ണയിലെ അതിപ്രധാനമായ ഒരു ഘടകവും കൂടിയാണ് അത്തി.
*****
1 ഏതാനും അത്തിപ്പഴങ്ങള്‍ വെള്ളത്തിലിട്ട് പൊതിഞ്ഞ് വെക്കുക. രാത്രി പ്രസ്തുത വെള്ളവും പഴവും ചേര്‍ത്ത് സ്ഥിരമായി കഴിച്ചു കൊണ്ടിരുന്നാല്‍ നല്ല ശോധന ലഭിക്കുകയും ദഹനശക്തി വര്‍ധിക്കുകയും ചെയ്യും. വയറ്റിലെ വായു സംബന്ധമായ മറ്റു അസുഖങ്ങള്‍ക്കും ഇത് ശമനോപാധിയാണ്.
ഡോ. അക്ബര്‍ കൗസര്‍ (ചന്ദ്രിക വീക്ക്‌ലി, 96 മെയ് 25)
2) അത്തി മരം കത്തിച്ച് വെണ്ണീര്‍ വിതറിയേടത്ത് കൃമി- കീടങ്ങള്‍ ഉണ്ടായിരിക്കുകയില്ലെന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പട്ടതാണ്.

ഗുണങ്ങള്‍:  
കേടുകൂടാതെ ഒരു വര്‍ഷത്തോളം ഉണക്കി സൂക്ഷിക്കാവുന്ന ഒരു പഴമാണ് അത്തിപ്പഴം. അരക്കിലോ അത്തിപ്പഴത്തില്‍ ഏകദേശം 400 ഗ്രാമോളം കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരത്തിന് ആകെ ആവശ്യമുള്ള ഊര്‍ജ്ജത്തിന്റെ അഞ്ചില്‍ നാലുഭാഗമാണിത്. ഗോതമ്പിലോ പാലിലോ ഉള്ളതിലുമേറെ അയണ്‍, സോഡിയം, സള്‍ഫര്‍ എന്നിവയും അത്തിപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. ഈ പഴം ബുദ്ധിജീവികള്‍ക്കും ശരീരംകൊണ്ടു അദ്ധ്വാനം ചെയ്യുന്നവര്‍ക്കും ഒരു പോലെ ഗുണകരമാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. മുലപ്പാലില്‍ അടങ്ങിയ പോഷകങ്ങളേക്കാള്‍ കൂടുതല്‍ അത്തിപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. മഹാത്മാ ഗാന്ധിജി ആഫ്രിക്കയില്‍ താമസിച്ചിരുന്ന കാലത്ത് ദിവസവും 4 ഔണ്‍സ് അത്തിപ്പഴം കഴിച്ചിരുന്നത് ആരോഗ്യം നിലനിര്‍ത്താന്‍ ഏറെ സഹായകമായതായി അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഉണങ്ങിയ അത്തിപ്പഴത്തിന് മധുരം കൂടുതലായതിനാല്‍ വെള്ളത്തിലിട്ടുവച്ചിട്ട്് കഴിക്കുന്നതാണ് നല്ലത്. തടിച്ച കുട്ടികള്‍ക്ക് അത്തിപ്പഴം കൊടുക്കുന്നത് തടികുറയുന്നതിനും ബുദ്ധിവികസിക്കുന്നതിനും ഉത്തമമാണ്. അത്തിപ്പഴം കഴിക്കുന്നത് അമ്മമാര്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകും. ആ പാല്‍കുടിച്ച് വളരുന്ന കുട്ടികള്‍ ബുദ്ധിമാന്മാരുമാകും.

സസ്യസത്തുക്കള്‍ ഉപയോഗിച്ചുള്ള കീടനിയന്ത്രണം.

പുകയില കഷായം

അരക്കിലോ പുകയില ഞെട്ടും തണ്ടും ചെറുതായരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കി വെക്കുക. ഇത് ഞെരടിപ്പിഴിഞ്ഞ് നീരെടുക്കുക. 120 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പു ലായനി പുകയില സത്തിലേക്കൊഴിച്ച് ശക്തിയായി ഇളക്കി ചേര്‍ക്കണം. ഇതിലേക്ക് ഏഴിരട്ടി വെള്ളം ചേര്‍ത്ത് സ്‌പ്രേ ചെയ്താല്‍ മൃദുല ശരീരകാരികളായ എല്ലാ കീടങ്ങളെയും നിയന്ത്രിക്കാം.

വേപ്പിന്‍കുരു സത്ത്

50 ഗ്രാം വേപ്പിന്‍ കുരു പൊടിച്ച് കിഴി കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വെക്കുക. ഇത് നീരുറ്റിയാല്‍ അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍ സത്ത് ലഭിക്കും. കായ്/തണ്ട് തുരപ്പന്‍ പുഴുക്കള്‍, ഇലതീനിപ്പുഴുക്കള്‍ എന്നിവയെ അകറ്റി നിര്‍ത്താന്‍ ഫലപ്രദമാണ്.

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം

60 കി.ലോ ബാര്‍സോപ്പ് അരിഞ്ഞ് അരലിറ്റര്‍ ഇളം ചൂടുവെള്ളത്തില്‍ ലയിപ്പിച്ചതില്‍ 200 മില്ലി വേപ്പെണ്ണ ചേര്‍ത്തിളക്കി പതപ്പിക്കുക. 180 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് 300 എം.എല്‍ വെള്ളവുമായി ചേര്‍ത്ത് അരിച്ച് വേപ്പെണ്ണ എമള്‍ഷനുമായി ചേര്‍ക്കുക. ഇത് ഒമ്പത് മില്ലി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് നീരൂറ്റി കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.

ഗോമൂത്രം കാന്താരി മുളക് മുശ്രിതം

ഒരു മില്ലി ഗോമൂത്രത്തില്‍ പത്ത് ഗ്രാം കാന്താരി മുളക് അരച്ച് അരിച്ചെടുത്ത് പത്ത് എം.എല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പ്രയോഗിച്ചാല്‍ പുഴുക്കളെ പ്രത്യേകിച്ചും ചീരയിലെ കൂടുകെട്ടിപ്പുഴുവിനെ നിയന്ത്രിക്കാം.

നാറ്റപ്പൂച്ചെടി സോപ്പ് മിശ്രിതം

നാറ്റപ്പൂച്ചെടിയുടെ ഇളം ഇലയും തണ്ടും ചതച്ച് ഒരു ലിറ്ററോളം നീരെടുക്കുക. 60 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ യോജിപ്പിച്ചെടുത്ത് ഇതുമായി യോജിപ്പിക്കുക. ഇതിനെ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പയറിലെ ഇലപ്പേനിനെയും മറ്റ് നീരൂറ്റിക്കുടിക്കുന്ന പ്രാണികളെയും നിയന്ത്രിക്കാം.

പാല്‍ക്കായം മഞ്ഞള്‍പ്പൊടി മിശ്രിതം

പത്ത് ഗ്രാം പാല്‍ക്കായം 2.5 ലിറ്റര്‍ വെള്ളത്തില്‍ അലിയിക്കുക. ഇതില്‍ 2 ഗ്രാം സോഡാപൊടിയും (അപ്പസോഡ) എട്ട് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ന്ന മിശ്രിതം കലര്‍ത്തണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്‌പ്രേ ചെയ്യുക. ചീരയിലെ ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിന് ഇത് വളരെ ഫലപ്രദമാണ്.

ജീവാണുക്കളെ ഉപയോഗിച്ചുള്ള കീടരോഗ നിയന്ത്രണം.

മിത്ര കുമിളകളും മിത്ര ബാക്ടീരിയകളും ഉപയോഗിക്കുക വഴി കീടങ്ങളുടെയും രോഗങ്ങളുടെയും ഉപദ്രവം കുറക്കാന്‍ സാധിക്കുന്നു. ഇവ കീടത്തിന്റെയും രോഗാണുക്കളുടെയും ഉള്ളില്‍ കടന്ന് വിഷവസ്തുക്കള്‍ ഉല്‍പാദിപ്പിച്ചും കോശങ്ങള്‍ക്ക് കേടുവരുത്തിയും അവയെ നശിപ്പിക്കുന്നു.

‘ട്രൈക്കോഡര്‍മ്മ’ എന്ന മിത്രകുമിള്‍

മിക്ക രോഗകാരികളായ കുമിളുകളെയും നശിപ്പിക്കുന്ന മിശ്രിത കുമിളുകളാണിത്. പച്ചക്കറിയിലെ വേരു ചീയല്‍ രോഗങ്ങളെ അവ ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം.

ഉണക്കിപ്പൊടിച്ച ചാണകവും വേപ്പിന്‍ പിണ്ണാക്കും 9:1 എന്ന അനുപാതത്തില്‍ കലര്‍ത്തി മിശ്രിതം തയ്യാറാക്കുക. ഇതില്‍ ട്രൈക്കോഡര്‍മ്മ കള്‍ച്ചര്‍ വിതറി ആവശ്യത്തിന് ഈര്‍പ്പം നല്‍കി നല്ലതുപോലെ ഇളക്കി ചേര്‍ക്കുക. ഈ മിശ്രിതം തണലത്ത് ഒരടി ഉയരത്തില്‍ കൂന കൂട്ടി ഈര്‍പ്പമുള്ള ചാക്കോ പോളിത്തീന്‍ ഷീറ്റോ കൊണ്ട് മൂടുക. ഒരാഴ്ചക്ക് ശേഷം മിശ്രിതത്തിന് മുകളിലായി പച്ച നിറത്തിലുള്ള ട്രൈക്കോഡര്‍മ്മയുടെ പൂപ്പല്‍ കാണാം. ഒന്നുകൂടി ഇളക്കി ആവശ്യത്തിന് ഈര്‍പ്പം നല്‍കി വീണ്ടും കൂന കൂട്ടി മൂടിയിടുക. ഇപ്രകാരം തയ്യാറാക്കിയ ജൈവവളമിശ്രിതം ചെടിയുടെ പ്രാരംഭദശയില്‍ തന്നെ ഇട്ടുകൊടുക്കണം. വെള്ളം കെട്ടിനില്‍ക്കുന്നിടത്ത് പ്രയോഗിക്കുന്നതില്‍ ഉദ്ദേശിച്ച ഫലം ചെയ്യില്ല. രാസവളം, കുമ്മായം, ചാരം, കുമിള്‍നാശിനി എന്നിവയോടൊപ്പവും പ്രയോഗിക്കരുത്.

‘സ്യൂഡോമൊണാസ്’ എന്ന മിത്ര ബാക്ടീരിയ

സസ്യങ്ങളെ ബാധിക്കുന്ന രോഗഹേതുക്കളായ കുമിളുകളെയും ബാക്ടീരിയകളെയും നശിപ്പിക്കുവാനുള്ള ബാക്ടീരിയ വര്‍ഗത്തില്‍പെട്ട സൂക്ഷ്മാണുവാണിത്. പൊടി രൂപത്തില്‍ ലഭിക്കുന്ന ഇതിന്റെ കള്‍ച്ചര്‍ 12 ശതമാനം വീര്യത്തില്‍ വിത്തില്‍ പുരട്ടിയും കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ ലായനിയില്‍ വേരുകള്‍ മുക്കിവെച്ച ശേഷം നടുകയോ ചെടിയില്‍ തളിക്കുകയോ ചെടിക്ക് ഒഴിച്ചുകൊടുക്കുകയോ ചെയ്യാവുന്നതാണ്. ഇതുവഴി ചെടിയുടെ ആരോഗ്യം മെച്ചപ്പെട്ട് കൂടുതല്‍ വിളവുതരികയും ഒപ്പം രോഗകീടനിയന്ത്രണം സാധ്യമാവുകയും ചെയ്യുന്നു.

വളര്‍ച്ചാ ത്വരകങ്ങള്‍

ജൈവകൃഷി മൂലം വളര്‍ച്ച കുറയുമെന്ന ധാരണ പലര്‍ക്കുമുണ്ട്. യഥാസമയം ആവശ്യമായ ജൈവവളങ്ങള്‍ നല്‍കുകയും പഞ്ചഗവ്യം, എഗ്ഗ് അമിനോ ആസിഡ്, ഫിഷ് അമിനോ ആസിഡ്, ജൈവസ്‌ളറി പോലുള്ള വളര്‍ച്ചാ ത്വരകങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ ചെടികളുടെ ആരോഗ്യവും വളര്‍ച്ചയും ഉറപ്പാക്കാം.

മുറ്റത്തെ പച്ചക്കറികൃഷി

കിഴങ്ങുവര്‍ഗ്ഗവിളകള്‍
കപ്പ, കൊള്ളിക്കിഴങ്ങ്, മരക്കിഴങ്ങ് എന്നിങ്ങനെ പല പേരുകളില്‍ മരച്ചീനി അറിയപ്പെടുന്നു. കേരളീയരുടെ പ്രതേകിച്ചു കൃഷിക്കാരുടെ ഇടയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു വിളയാണ് ഇത്. കേരളത്തിലെ മിക്ക സ്ഥലങ്ങളും ഈ കൃഷിക്ക് യോജിച്ചതാണ് പക്ഷെ വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങളിലും കടുത്ത മഞ്ഞുള്ളിടങ്ങളിലും മരച്ചീനി കൃഷി ചെയ്യാതിരിക്കുന്നതാണ് നല്ലത്. ചരലടങ്ങിയ മണ്ണാണ് ഏറ്റവും അനുയോജ്യം. സൂര്യ പ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലത്ത് വേണം കൃഷി ചെയ്യാന്‍. വരള്‍ച്ചയെ ചെറുക്കാനുള്ള കഴിവ് മരചീനിക്കുണ്ടെങ്കിലും നാട്ടയുടനെ ആവശ്യത്തിനു നനയ്ക്കുന്നതാണ് നല്ലത്. മണ്ണ് ഇളക്കി കൂനകള്‍ ആക്കിയാണ് സാധാരണ മരച്ചീനി കൃഷി ചെയ്യാറ്‌. കപ്പ തണ്ട് ഒരു ചാണ്‍ നീളത്തിലുള്ള തണ്ടുകളാക്കി വേണം നടാന്‍ ഓരോ തണ്ടും തമ്മില്‍ ഒരു മീറ്റര്‍ എങ്കിലും അകലവും ഉണ്ടാവണം. കംബോസ്റ്റോ കാലി’ വളമോ അടിവളമായി ചേര്‍ക്കാവുന്നതാണ്. രണ്ടാഴ്ച കഴിഞ്ഞും കമ്പുകള്‍ മുളക്കുന്നില്ലെങ്കില്‍ മാറ്റി വേറെ കമ്പ് നടാവുന്നതാണ്. മിക്ക ഇനങ്ങളും 8-10 മാസം കൊണ്ട് കിഴങ്ങുകള്‍ പാകമാവുന്നവയാണ്.

മരചീനിയെ ബാധിക്കുന്ന ഒരു പ്രധാന രോഗം മൊസൈക്ക് ആണ്. രോഗമില്ലാത്ത കമ്പുകള്‍ നടനായി ഉപയോഗിക്കുകയോ രോഗ പ്രതിരോധശേഷി കൂടിയ ഇങ്ങനള്‍ (ഉദാ H-165) കൃഷി ചെയ്തോ ഒരു പരിധി വരെ ഈ രോഗത്തെ ചെറുക്കാം.

ഇനങ്ങള്‍

കല്പക – തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാം. നട്ടു കഴിഞ്ഞു 6-7 മാസം കൊണ്ട് വിളവെടുക്കാം.
ശ്രീ വിശാഖം – മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.
ശ്രീ സഹ്യ- മൊസൈക്ക് രോഗത്തെ തടയാനുള്ള ശേഷി കൂടിയ ഇനം.
ശ്രീ പ്രകാശ്‌
മലയന്‍ -4 – സ്വാദേറിയ ഇനം.
H 97- മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.
H 165- മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.
H 226- മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.

മുറ്റത്തെ പച്ചക്കറികൃഷി

സാധാരണ കേരളത്തില്‍ കൃഷിചെയ്യുന്ന ഒരു കാര്‍ഷിക വിളയാണ് ചേമ്പ് . ഉഷ്ണമേഖലാ സമ ശീതോഷ്ണ മേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ചേമ്പിന് ചൂടും ഈര്‍പ്പവും ഉള്ള കാലാവസ്ഥയാണ് യോജിച്ചത്. മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് 120-150 സെ.മീ. മഴ വളര്‍ച്ചയും വിവിധ ഘട്ടങ്ങളിലായി ലഭിച്ചിരിക്കണം. കിഴങ്ങുകള്‍ ഒരു പോലെ വളരുന്നതിന് നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് അത്യന്താപേക്ഷിതമാണ് .

സാധാരണ കൃഷിചെയ്യുന്ന ചേമ്പിനങ്ങളില്‍ മുഖ്യമായിട്ടുള്ളത് Colocasia എന്നറിയപ്പെടുന്ന സാധാരണ ചേമ്പാണ്. ദേശഭേദങ്ങളനുസരിച്ച് കറുത്ത ചേമ്പ്, കണ്ണന്‍ ചേമ്പ്, വെളുത്ത ചേമ്പ്, മലയാര്യന്‍ ചേമ്പ്, കറുത്തകണ്ണന്‍, വെളുത്തകണ്ണന്‍, താമരക്കണ്ണന്‍, വെട്ടത്തുനാടന്‍, വാഴച്ചേമ്പ്, കരിച്ചേമ്പ് , ശീമച്ചേമ്പ് എന്നിങ്ങനെ അനേകം പേരുകളില്‍ ചേമ്പുകള്‍ കൃഷിചെയ്യുന്നു. ചേമ്പില്‍ അടങ്ങിയിരിക്കുന്ന അന്നജം മറ്റു കിഴങ്ങുകളെ അപേക്ഷിച്ച് പെട്ടെന്നു ദഹിക്കുന്നു എന്നതാണ് പ്രത്യേകത. കൂടാതെ ചേമ്പ് ആഴ്ചയിലൊരിക്കലെങ്കിലും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവില്‍ കുറവുണ്ടാകും എന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചേമ്പില്‍ കൂടുതല്‍ മാംസ്യവും അടങ്ങിയിരിക്കുന്നു.

കാലാവസ്ഥ

മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് മേയ് ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ നവംബര്‍ വരെ.
ജലസേചന കൃഷിക്ക് : വര്‍ഷം മുഴുവനും

ഇനങ്ങള്‍

ശ്രീരശ്മി, ശ്രീപല്ലവി എന്നിവ അതുല്പാദന ശേഷിയുള്ള പുതിയ ഇനങ്ങളാണ്.

വിത്തും നടീലും

25-35 ഗ്രാം ഭാരമുളള വശങ്ങളില്‍ വളരുന്ന കിഴങ്ങുകളാണ് നടാന്‍ അനുയോജ്യം. ഒരു ഹെക്ടറിലേക്ക് വളരുന്ന കിഴങ്ങുകളാണ് നടാന്‍ അനുയോജ്യം. ഒരു ഹെക്ടറിലേക്ക് 1200 കിലോഗ്രാം തൂക്കമുള്ള 37000 വിത്തു ചേമ്പുകള്‍ വേണ്ടി വരും.

20-25 സെന്റീമീറ്റര്‍ ആഴത്തില്‍ ഉഴുതോ കിളച്ചോ നിലം തയാറാക്കി അതില്‍ 45 സെന്റീമീറ്റര്‍ അകലത്തില്‍ വിത്തുചേമ്പുകള്‍ നടണം.

വളപ്രയോഗം

വശങ്ങള്‍ തയ്യാറാക്കുമ്പോള്‍ തന്നെ അടിവളമായി ഹെക്ടറിന് 12 ടണ്‍ എന്ന തോതില്‍ കാലി വളമോ കമ്പോസ്റ്റോ ചേര്‍ക്കണം. ശുപാര്‍ശ ചെയ്തിട്ടുള്ള രാസ വളങ്ങളുടെ തോത് 80:25:100 കിലോഗ്രാം എന്‍:പി:കെ ഹെക്ടറൊന്നിന് എന്ന നിരക്കിലാണ്. വിത്തു ചേമ്പ് മുളപ്പ് ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ ഭാവഹവും പകുതി വീതം പാക്യ ജനകവും പൊട്ടാഷും ആദ്യ വളപ്രയോഗം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം കളയെടുപ്പും മണ്ണ് അടുപ്പിച്ചുകൊടുക്കലും നടത്തുന്നതോടൊപ്പം നല്‍കണം.

ഇടകിളയ്ക്കല്‍

കളയെടുപ്പ്, ചെറുതായി മണ്ണിളക്കല്‍, മണ്ണ് ചുവട്ടില്‍ അടുപ്പിച്ചു കൊടുക്കല്‍ എന്നീ പ്രവര്‍ത്തികള്‍ 30-45 ദിവസങ്ങളിലും 60-75 ദിവസങ്ങളിലും ചെയ്യണം. വിളവെടുപ്പ് ഒരു മാസം മുമ്പ് ഇലകള്‍ വെട്ടി ഒതുക്കുന്നത് കിഴങ്ങുകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും.

ജലസേചനം

നടുമ്പോള്‍ മണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പം ഉണ്ടായിരിക്കണം. ഒരേപോലെ മുളപൊട്ടല്‍ നട്ടുകഴിഞ്ഞും ഒരാഴ്ചയ്ക്കു ശേഷവും നനയ്ക്കണം. മണ്ണിന്റെ സ്വഭാവം അനുസരിച്ച് പിന്നീടുള്ള ജലസേനം 12-15 ദിവസങ്ങള്‍ ഇടവിട്ട് നല്‍കാം. വിളവെടുപ്പിന് 3-4 ആഴ്ച മുന്‍പ് ജലസേചനം നിര്‍ത്തണം. വിളവെടുപ്പുവരെ 9 മുതല്‍ 12 വരെ തവണ നനയ്‌ക്കേണ്ടി വരും. മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് നീണ്ട വരള്‍ചാ കാലത്ത് ആവശ്യമായ ജലസേചനം നടത്തണം.

പുതയിടല്‍

നട്ടുകഴിഞ്ഞ് വാരങ്ങള്‍ പുതയിടുന്നത് ജലസംരക്ഷണത്തിനും കളനിയന്ത്രണത്തിനും സഹായിക്കും.

സസ്യ സംരക്ഷണം

ബ്ലൈറ്റ് രോഗത്തിനെതിരെ സിറാം, മിനബ് മാങ്കോമെബ്, കോപ്പര്‍ ഭാക്‌സിക്ലോറൈഡ് എന്നിവയിലേതെങ്കിലും ഒരു കുമിള്‍ നാശിനി 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി (1 കിലോഗ്രാം / ഹെക്ടര്‍) തളിച്ചു കൊടുക്കണം. ഏഫീഡുകളുടെ ആക്രമണം രൂക്ഷമാണെങ്കില്‍ ഡൈറമെത്തോയെറ്റ് അല്ലെങ്കില്‍ മോണോക്രോട്ടോഫോസ് 0.05 ശതമാനം വീര്യത്തില്‍ സ്‌പ്രേ ചെയ്യണം. ഇലതീനിപ്പുഴുക്കളെ നിയന്ത്രിക്കുന്നതിന് മാലത്തിയോണ്‍, കാര്‍ബാറില്‍, എന്‍ഡോസള്‍ഫാന്‍ എന്നിവയിലേതെങ്കിലും ഒരു കീടനാശിനി ഉപയോഗിക്കണം.

വിളവെടുപ്പ്

നട്ട് 5-6 മാസം കഴിയുമ്പോള്‍ ചേമ്പ് വിളവെടുക്കാം. മാതൃകിഴങ്ങുകളും പാര്‍ശ്വ കിഴങ്ങുകളും വിളവെടുപ്പിനു ശേഷം വേര്‍തിരിക്കണം.

വിത്തു ചേമ്പു സംഭരണം

മാതൃകിഴങ്ങില്‍ നിന്നും വേര്‍പെടുത്തിയ പാര്‍ശ്വ കിഴങ്ങുകളെ തറയില്‍ മണല്‍ നിരത്തി അതില്‍ സൂക്ഷിച്ചാല്‍ അഴുകുന്നത് ഒഴിവാക്കാം.

മുറ്റത്തെ പച്ചക്കറികൃഷി

ഉഷ്ണപ്രദേശങ്ങളില്‍ വളരുന്ന വിളയാണ് കാച്ചില്‍. മഞ്ഞും ഉയര്‍ന്ന താപനിലയും താങ്ങാനുള്ള കഴിവ് ഇതിനില്ല. 300 അന്തരീക്ഷ ഊഷ്മാവും 120 മുതല്‍ 200 സെന്റീമീറ്റര്‍ വരെ മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് അനുയോജ്യം. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ പകല്‍ ദൈര്‍ഘ്യം 12 മണിക്കൂറില്‍ കൂടുതലും അവസാനഘട്ടങ്ങളില്‍ കുറഞ്ഞ പകല്‍ ദൈര്‍ഘ്യവും വിളവിനെ തൃപ്തികരമായി സാധിക്കുന്നു. കാച്ചിലിന് നല്ല ഇളക്കമുള്ളതും ആഴം, നീര്‍വാര്‍ച്ചാ, ഫലഭുയിഷ്ഠത എന്നിവ ഉള്ളതുമായ മണ്ണാണ് യോജിച്ചത്. വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ കാച്ചില്‍ നന്നായി വളരുകയില്ല. തെങ്ങ് , വാഴ എന്നിവയുടെ ഇടവിളയായും കാച്ചില്‍ കൃഷി ചെയ്യാവുന്നതാണ്.

വേനല്‍കാലം അവസാനിക്കുമ്പോള്‍ സാധാരണയായി മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് കാച്ചില്‍ വിത്തുകള്‍ നടുന്നത്. മഴ ലഭിച്ചു തുടങ്ങുന്നതോടെ അവ മുളയ്ക്കുന്നു. നടാന്‍ വൈകുമ്പോള്‍ കാച്ചില്‍ സംഭരണ സ്ഥലത്തുവച്ചു തന്നെ മുളയ്ക്കാറുണ്ട്. അത്തരം കാച്ചില്‍ നടുന്നതിന് യോജിച്ചതല്ല.

Kachilനടില്‍ വസ്തു കിഴങ്ങുതന്നെയാണ്. കിഴങ്ങ് ഏകദേശം 250ഗ്രാം മുതല്‍ 300 ഗ്രാം വരെ ഭാരമുള്ള കഷണങ്ങളാക്കി പച്ചചാണകസ്ലറിയില്‍ മുക്കി ഉണക്കി എടുക്കേണ്ടതാണ്. കൃഷിക്കായി ഉദ്ദേശിക്കുന്ന സ്ഥലം ഉഴുത് പാകപ്പെടുത്തി 45 x 45 x 45 സെന്റീമീറ്റര്‍ അളവില്‍ കുഴികളെടുത്താണ് കാച്ചില്‍ നടുന്നത്. ഏകദേശം ഒന്നേകാല്‍ കിലോഗ്രാം പൊടിച്ച കാലിവളം മേല്‍മണ്ണുമായി ചേര്‍ത്ത് കുഴിയുടെ മുക്കാല്‍ ഭാഗം മൂടുക. ഇങ്ങനെയുള്ള കുഴികളില്‍ നേരത്തേ തയ്യാറാക്കിയ നടീല്‍ വസ്തു നട്ടതിനുശേഷം മണ്ണ് വെട്ടികൂട്ടി ചെറിയ കൂനകളാക്കുക. ചില സ്ഥലങ്ങളില്‍ കൂനകളില്‍ കുഴിയെടുത്തും കാച്ചില്‍ നടാറുണ്ട്. നട്ടതിനുശേഷം കരിയില, ഉണങ്ങിയ തെങ്ങോല എന്നിവകൊണ്ട് പുതയിടുക. ഇങ്ങനെ പുതയിടുന്നതുമൂലം മണ്ണിലെ ഈര്‍പ്പം നിലനില്‍ക്കുകയും മണ്ണൊലിപ്പ് തടയുകയും ചെയ്യാം.

അടിവളമായി 10-15 ടണ്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ക്കണം. ഹെക്ടറിന് 80:60:80 കിലോഗ്രാം നൈട്രജന്‍ : ഫോസ്ഫറസ് : പൊട്ടാഷ് എന്നിവ രണ്ടു തവണയായി നല്‍കണം. ആദ്യവളപ്രയോഗം നട്ട് ഒരാഴ്ച കഴിഞ്ഞ് മുഴുവന്‍ ഫോസ്ഫറസും പകുതി വീതം നൈട്രജനും പൊട്ടാഷും എന്ന കണക്കില്‍ നല്കണം. ബാക്കിയുള്ള നൈട്രജനും പൊട്ടാഷും ഒന്നാം വളപ്രയോഗം കഴിഞ്ഞ് ഒരു മാസത്തിനുശേഷം കളയെടുപ്പും മണ്ണ് അടുപ്പിച്ചുകൊടുക്കുന്നതും ചെയ്യുമ്പോള്‍ നല്കണം.

കൃഷിയിടത്തിലും സംഭരണ കേന്ദ്രത്തിലു നീരുറ്റി കുടിക്കുന്ന ശല്ക്കപ്രാണികള്‍ കീഴങ്ങുകളെ ആക്രമിക്കാറുണ്ട്. മുന്‍കരുതല്‍ എന്ന നിലയില്‍ വിത്തുകിഴങ്ങുകള്‍ 0.05 ശതമാനം വീര്യമുള്ള മോണോക്രോട്ടോഫോസ് കീടനാശിനി ലായനിയില്‍ 10 മിനുട്ട് മുക്കിയശേഷം സൂക്ഷിക്കാവുന്നതാണ്.

ഇലകള്‍ക്ക് സൂര്യപ്രകാശം നന്നായി ലഭിക്കുന്നതിന് വള്ളികള്‍ പടര്‍ത്തണം. മുളച്ച് 15 ദിവസത്തിനുള്ളില്‍ കയര്‍ ഉപയോഗിച്ച് തുറസ്സായ സ്ഥലങ്ങലില്‍ കൃഷിചെയ്യുന്ന കാച്ചില്‍ വള്ളികളെ കൃത്രിമ താങ്ങുകാലുകളിലും ഇടവിളയായി കൃഷിചെയ്യുന്ന കാച്ചില്‍ വള്ളികളെ മരങ്ങളിലും പടര്‍ത്താം. തുറസ്സായ സ്ഥലങ്ങളില്‍ കൃഷിചെയ്യുമ്പോള്‍ ശാഖകള്‍ ഉണ്ടാകുന്നതനുസരിച്ച് വള്ളികള്‍ ശരിയായി പടര്‍ത്തണം. 34 മീറ്റര്‍ ഉയരം വരെ വള്ളികള്‍ പടര്‍ത്താം.

നട്ട് 8-9 മാസം കഴിയുമ്പോള്‍ കാച്ചില്‍ വിളവെടുക്കാം. വള്ളികള്‍ ഉണങ്ങിക്കഴിയുമ്പോള്‍ കിഴങ്ങുകള്‍ക്ക് കേടു വരാതെ വിളവെടുക്കണം.

പ്രധാന ഇനങ്ങള്‍

ശ്രീകീര്‍ത്തി (നാടന്‍)തെങ്ങിനും വാഴയ്ക്കും ഇടവിളയായി നടാന്‍ പറ്റിയ ഇനം.
ശ്രീരൂപ (നാടന്‍)പാചകം ചെയ്യുമ്പോള്‍ ഗുണം കൂടുതലുള്ള ഇനം
ഇന്ദു (നാടന്‍) കുട്ടനാട്ടിലെ തെങ്ങിന് ഇടവിളയായി നടാന്‍ പറ്റിയ ഇനംധ2പ.
ശ്രീ ശില്പ (നാടന്‍)ആദ്യ സങ്കരയിനം.
ആഫ്രിക്കന്‍ കാച്ചില്‍ നൈജീരിയ ജന്മദേശം, അധികം പടരാത്ത, തണ്ടുകളില്‍ വിത്തുണ്ടാകുന്നു
ശ്രീശുഭ (ആഫ്രിക്കന്‍)വരള്‍ച്ചയെ ചെറുക്കാനുള്ള ശേഷി, മൂപ്പ് 9-10 മാസം.
ശ്രീപ്രിയ (ആഫ്രിക്കന്‍)വരള്‍ച്ചയെ ചെറുക്കാനുള്ള ശേഷി
ശ്രീധന്യ (ആഫ്രിക്കന്‍)കുറിയ ഇനം

കാഞ്ഞിരപ്പള്ളിയില്‍ വിഴിക്കിത്തോട് എന്ന ഗ്രാമം ഇന്ന് കാര്‍ഷികമേഖലയ്ക്ക് സുപരിചിതമായത് ഹോംഗ്രോണ്‍ നേഴ്‌സറിയിലൂടെയാണ്. മണിമലയാറിന്റെ തീരത്ത് 20 ഏക്കറോളം വരുന്ന ഈ മലഞ്ചെരുവ് തികച്ചും ആധുനികമായ ഒരു നേഴ്‌സറിക്ക് വഴിമാറുകയായിരുന്നു. തെക്കേ ഇന്ത്യയിലെ തന്നെ മറുനാടന്‍ പഴവര്‍ഗ്ഗങ്ങള്‍ക്കായുള്ള ഏറ്റവും മികച്ച നേഴ്‌സറികളില്‍ ഒന്നാണിത്.

റംബുട്ടാനും, ദൂരിയാനും, മാംഗോസ്റ്റിനും, പുലാസാനുമുള്‍പ്പെടെയുള്ള വിദേശ മധുരിമയ്ക്ക് കേരളത്തില്‍ ആദ്യമായി തോട്ടം ഒരുക്കുവാന്‍ മുന്നിട്ടിറങ്ങിയത് ഹോംഗ്രോണിന്റെ സാരഥിയായ ജോസ് ജേക്കബ് കൊണ്ടൂപറമ്പിലാണ്. പാരമ്പര്യമായി ലഭിച്ച കൃഷി സ്‌നേഹമാണ് ജോസിന്റെ ശ്രദ്ധ വിദേശപഴങ്ങളിലേയ്ക്ക് തിരിച്ചത്. തറവാട്ടു വീടിനോടു ചേര്‍ന്ന് വളരുന്ന 70 ലേറെ വര്‍ഷം പ്രായമായ ഒരു റംബുട്ടാന്‍ മരം പ്രത്യേക പരിചരണങ്ങളൊന്നുമില്ലാതെ എല്ലാ വര്‍ഷവും ധാരാളം പഴം നല്‍കുന്നതും വളര്‍ന്നു പന്തലിച്ച മറ്റൊരു മരം 3 അടി ഉയരത്തില്‍ വട്ടം മുറിച്ചിട്ടും അതില്‍നിന്ന് ധാരാളം ശാഖകള്‍ പുറപ്പെടുവിച്ച് പിന്നീട് നിറയെ കായ്ഫലം തന്നതും വളരെ കൗതുകമായി. ഈ നേര്‍ക്കാഴ്ചകളും അനുഭവങ്ങളുമൊക്കെയാണ് ജോസിനെ ''വാണിജ്യ റംബുട്ടാന്‍ കൃഷി'' എന്ന ആശയത്തിലേയ്ക്ക് വഴിതെളിച്ചത്. തുടര്‍ന്നുള്ള നിരന്തര പരിശ്രമങ്ങളും ഗവേഷണങ്ങളുമൊക്കെ നല്ല ഇനങ്ങള്‍ കണ്ടെ ത്താന്‍ പര്യാപ്തമായി എന്നുമാത്രം. 

റംബുട്ടാന്‍ കൃഷി ആദായകരമെന്ന് തെളിഞ്ഞതോടെ മറ്റു കര്‍ഷകര്‍ക്കുകൂടി പ്രയോജനപ്പെടുംവിധം കൃഷി വ്യാപിപ്പിക്കുവാന്‍ തുടര്‍ന്നു നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജോസിനെ ശ്രദ്ധേയനാക്കി. അങ്ങനെ 16 വര്‍ഷങ്ങള്‍ക്കുമുമ്പ് വളരെ ലളിതമായ രീതിയില്‍ നേഴ്‌സറിക്ക് തുടക്കമിട്ടു. നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡിന്റെയും കൃഷി വകുപ്പിന്റെയും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെയും അംഗീകാരത്തോടും സഹായത്തോടും കൂടി പ്രവര്‍ത്തിക്കുന്ന ഹോംഗ്രോണ്‍ ബയോടെക് ഇന്ന് മലയാളിക്കുമാത്രമല്ല അന്യസംസ്ഥാനങ്ങളിലെ കൃഷിക്കാര്‍ക്കും, കൃഷി ശാസ്ത്രജ്ഞര്‍ക്കും സുപരിചിതമായിരിക്കുന്നു. റംബുട്ടാനിലൂടെയാണ് ഹോംഗ്രോണ്‍ അറിയപ്പെടുന്നതെങ്കിലും സ്വദേശികളും വിദേശികളുമായ ഇരുപതിലധികം ഫലവൃക്ഷങ്ങളുടെ ബഡ്ഡു ചെയ്ത തൈകളും ഇവിടെ ഉത്പാദിപ്പിച്ചു വരുന്നു. രോഗവിമുക്തമായ തൈകള്‍ ഉത്പാദിപ്പിക്കുവാന്‍ ആവശ്യമായ പരീക്ഷണശാലയും, സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തുന്നു. ഹോംഗ്രോണിന്റെ ആര്‍&ഡി വിഭാഗം പഴങ്ങളുടെ നൂതന ഇനങ്ങള്‍ ക െത്തുന്നതിനും ആധുനിക കൃഷിരീതികള്‍ അവലംബിക്കുന്നതിനും കര്‍ഷകരെ മാത്രമല്ല, കൃഷിയെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും മാര്‍ഗ്ഗദീപമാകുന്നു. ദേശീയവും അന്തര്‍ദേശീയവുമായ സെമിനാറുകളിലും പഠനശിബിരങ്ങളിലുമുള്ള ഹോംഗ്രോണിന്റെ പങ്കാളിത്തം മറ്റു സംരംഭങ്ങളില്‍ നിന്നും ഈ സ്ഥാപനത്തെ വ്യത്യസ്തമാക്കുന്നു. പഴവര്‍ഗ്ഗകൃഷിയില്‍ കര്‍ഷകരുടെ കൂട്ടായ്മകളും, ക്ലസ്റ്ററുകളും വിവിധ ജില്ലകളില്‍ രൂപീകരിച്ച് കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണം നല്‍കാനും ഹോംഗ്രോണ്‍ ശ്രദ്ധിക്കുന്നു. കൃഷിവകുപ്പിനു കീഴിലുള്ള കൃഷിഭവനുകളുടെയും മറ്റു ഏജന്‍സികളുടെയും നേതൃത്വത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന കര്‍ഷകര്‍ക്ക് ക്ലാസുകള്‍ നടത്തുന്നു. വിവിധ കോളജുകളിലെ സസ്യശാസ്ത്രവിദ്യാര്‍ത്ഥികള്‍ക്കും, കൃഷി വിദ്യാര്‍ത്ഥികള്‍ക്കും വിദേശപഴങ്ങളെക്കുറിച്ച് പഠിക്കുവാന്‍ ഹോംഗ്രോണ്‍ വേദിയൊരുക്കുന്നു.

മലേഷ്യ, തായ്‌ലാന്‍ഡ്, ഫിലിപ്പൈന്‍സ,് വിയറ്റ്‌നാം, ലാവോസ്, ഇന്‍ഡോനേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, ബ്രൂണേ മുതലായ രാജ്യങ്ങളില്‍ നിന്നും കേരളത്തിന്റെ ഭൂപ്രകൃതിക്കും, കാലാവസ്ഥയ്ക്കും അനുയോജ്യമെന്ന് ക െത്തി തിരഞ്ഞെടുത്ത മേല്‍ത്തരം ഇനങ്ങളാണ് ഹോംഗ്രോ ണ്‍ ബയോടെക് ഉല്പാദിപ്പിച്ച് വിപണനം ചെയ്യുന്നത്. നിലവിലുള്ള ഹോംഗ്രോണ്‍ റംബുട്ടാന്‍ ഇനങ്ങളായ N18, King, E 35, Sunrise, Pretty Queen എന്നിവ കൂടാതെ, HG Malwana, HG Baling, HG Gading, HG School Boy, HG Jeromas മുതലായ ഇനങ്ങളും തയ്യാറായിവരുന്നു. ദുരിയാനില്‍ ഏറ്റവും മികച്ച ഇനങ്ങളായ Mon Thong, Musang King, Sultan എന്നിവയും ഏറെ താമസിയാതെ കര്‍ഷകര്‍ക്കു ലഭ്യമാകും. ചക്കയുടെ ഇനങ്ങളായ തേന്‍ വരിക്ക, റോസ് വരിക്ക, ബാംഗ്ലൂര്‍ റെഡ് എന്നിവയോടൊപ്പം മുന്തിയ ഇനങ്ങളായ HG Dang Suriya, HG J-33 എന്നിവയും തയ്യാറായിവരുന്നു. 

ഹോംഗ്രോണ്‍ ബയോടെക് റിസേര്‍ച്ച് വിഭാഗം നാടിന് അനുയോജ്യമെന്നു ക െത്തിയ ചക്കയോട് സാമ്യമുള്ള ''ചെമ്പടക്കി''ന്റെ ബഡ് ചെയ്ത തൈകള്‍ ഇന്ത്യയില്‍ ആദ്യമായി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കര്‍ഷകര്‍ക്ക് ലഭ്യമാകും. ഫോണ്‍; 8113966600.

ചീഞ്ഞളിയുന്നത് 28,000 കോടി രൂപയുടെ മുതല്‍

പഴങ്ങളിലും പച്ചക്കറികളിലും വിഷം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി... കേരളം പരിഹാരംതേടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ആദ്യസ്ഥാനങ്ങളില്‍ വരുന്നവയാണ് ഇവ മൂന്നും. ഇവയ്ക്കിതാ ഒരു ഒറ്റമൂലിചക്ക. അതെ, ഒരുകാലത്ത് പാവങ്ങളുടെ പട്ടിണിമാറ്റിയിരുന്ന ചക്കതന്നെ.

അറിയാമല്ലോ, ഇന്ന് കേരളത്തിലെ വീട്ടുപരിസരങ്ങളിലും പറമ്പുകളിലും ആര്‍ക്കുംവേണ്ടാതെ ചീഞ്ഞളിയുകയാണ് ചക്ക. 28,000 കോടി രൂപയുടെ അസംസ്‌കൃതവസ്തുവാണ് ഇങ്ങനെ കെട്ടുപോകുന്നത്. വിശ്വസിക്കാന്‍ പ്രയാസമുണ്ടാവും. കണക്കുപറഞ്ഞ് ബോധ്യപ്പെടുത്താം. ചക്കയുടെ മഹത്ത്വം നമുക്ക് അറിയില്ലെന്നതാണ് ഈ വമ്പന്‍ഫലത്തിന്റെ ദുര്യോഗം. അത് തിരിച്ചറിഞ്ഞാല്‍മാത്രംമതി കേരളം രക്ഷപ്പെടാന്‍.

അങ്ങനെ സംഭവിച്ചാല്‍ ചക്ക ഇവിടെ വിപല്‍വം സൃഷ്ടിക്കും. അനേകര്‍ക്ക് തൊഴില്‍നല്‍കും. വിദേശനാണ്യവും കൊണ്ടുവരും. 
വിഷം അശേഷം തളിക്കാത്ത ചക്കയാണല്ലോ ലോകത്തിലെ ഏറ്റവും വലിയ ഫലം. ലക്ഷണമൊത്ത പച്ചക്കറിയും പഴവും. ഉത്തരേന്ത്യക്കാരുടെ അടുക്കളയിലാണ് ചക്കയ്ക്ക് സ്ഥാനമെന്നുമാത്രം. അവിടെ ധനികരുടെ സബ്ജിയാണ് ചക്ക. ഇവിടെ പാവങ്ങള്‍ക്കും ചക്കയോട് അയിത്തം. കാരണങ്ങള്‍ പലതുണ്ട്. അതിലേക്ക് വരുംമുമ്പ് ചക്കയുടെ കേരളത്തിലെ അവസ്ഥയൊന്ന് നോക്കാം.

സര്‍ക്കാറിന്റെ ഫാം ഗൈഡ് പ്രകാരം കേരളത്തില്‍ ഒരു വര്‍ഷം ഉണ്ടാകുന്നത് (ഉത്പാദിപ്പിക്കുന്നതല്ല) 38.4 കോടി ചക്കയാണ്. ഇതില്‍ ഇവിടെ ഉപയോഗിക്കുന്നത് കഷ്ടിച്ച് 25 ശതമാനം മാത്രം. അതായത് 9.6 കോടി ചക്ക. ഉപയോഗിക്കപ്പെടാതെ പോകുന്നത് 28.8 കോടിയും.

ഓരോ വര്‍ഷവും അന്യസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് ഏകദേശം 50,000 ടണ്‍ എന്നാണ് കണക്ക്. ചക്കയുടെ ശരാശരി ഭാരം ഒന്നിന് 10 കി.ഗ്രാം എന്നുകൂട്ടിയാല്‍ 50 ലക്ഷം ചക്ക പുറത്തേക്ക് കൊണ്ടുപോകുന്നുവെന്ന് കണക്കാക്കാം. 

കേരളത്തില്‍ ഇപ്പോള്‍ ചക്ക സീസണാണ്. പലയിടത്തും വിലപോലും വാങ്ങാതെയാണ് ചക്ക കൊടുക്കുന്നത്. ശരാശരിവില കണക്കാക്കിയാല്‍ത്തന്നെ എട്ടുരൂപയ്ക്ക് അപ്പുറമില്ല. ഇവിടെനിന്ന് മുന്നൂറോ നാനൂറോ കിലോമീറ്റര്‍ അകലെ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ഇതെത്തിച്ചാല്‍ ഒന്നിന് മൂന്നൂറുമുതല്‍ നാനൂറുവരെ രൂപ വിലകിട്ടും. ഇവിടെ 50 ലക്ഷം ചക്കയ്ക്ക് പരമാവധി കിട്ടുക നാലുകോടി രൂപയാണ്. ഒരു ചക്കയ്ക്ക് 300 രൂപ വിലവെച്ചാല്‍പോലും ഉത്തരേന്ത്യയില്‍ ഇതിന് കിട്ടുന്നത് 150 കോടി രൂപയും. 146 കോടിയുടെ അന്തരം!

തൊട്ടടുത്ത തമിഴ്‌നാട്ടില്‍ കിലോയ്ക്ക് 25 രൂപയാണ് വില. ആ കണക്കില്‍ നോക്കിയാലും 50,000 ടണ്‍ ചക്കയ്ക്ക് 125 കോടി രൂപ കിട്ടും.
വേണമെങ്കില്‍ വേരിലും കായ്ക്കാന്‍ മടിയില്ലാത്ത ചക്കയ്ക്ക്, വേണമെന്നുവെച്ചാല്‍ നമ്മുടെ നാട്ടിലും നല്ല വില കിട്ടും. എട്ടും പത്തും രൂപയല്ല, ആയിരങ്ങള്‍. ഇച്ഛാശക്തിമാത്രംമതി. ഇവിടെ പാഴാകുന്നത് 28.8 കോടി ചക്കയെന്നാണല്ലോ കണക്ക്. ഒരു ചക്കയ്ക്ക് 1000 രൂപ കിട്ടുന്നുവെന്നു കരുതുക. അങ്ങനെ കണക്കാക്കിയാല്‍ നഷ്ടമാകുന്നത് 28,800 കോടി രൂപയുടെ ചക്ക. ഇനി ചക്കയൊന്നിന് 1000 രൂപ കിട്ടുമോ എന്നാവും സംശയം. ഒരു ചക്കയില്‍നിന്ന് 3000 രൂപവരെ ഉണ്ടാക്കുന്നവര്‍ ഉണ്ടെന്നറിയുമ്പോള്‍ ആ സംശയം മാറും. അതിനുള്ള സൂത്രവിദ്യകള്‍ നാളെ.

ചക്കവണ്ടികള്‍ പായുന്നു,ഉത്തരേന്ത്യയിലേക്ക്

ഹിന്ദിക്കാരുടെ അടുക്കളയില്‍ വെന്തുപാകമാവുകയാണ് നമ്മുടെ ചക്ക. ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ചക്ക പോകുന്നത് കേരളത്തില്‍നിന്നാണ്. ചക്കകള്‍ പല അട്ടികളായി ലോറികളില്‍ അടുക്കി ഏറ്റവും മുകളില്‍ ഐസ് കട്ടകള്‍ വെക്കും. ഐസില്‍നിന്നിറങ്ങുന്ന വെള്ളം ചക്ക കേടാകാതെ സഹായിക്കും. പച്ചക്കറിയായിട്ടാണ് അവിടെ ഇത് ഉപയോഗിക്കുന്നത്.

ഇറച്ചിയുടെ പകരക്കാരനാണ് ഉത്തരേന്ത്യയില്‍ ചക്ക. 'ഡമ്മി മീറ്റ്' എന്ന് ഓമനപ്പേര്. വില കൂടുതലായതിനാല്‍ സമ്പന്നരാണ് ഇതിന്റെ ഗുണഭോക്താക്കളിലേറെയും. അതുകൊണ്ട് ധനികന്റെ സബ്ജിയായും അറിയപ്പെടുന്നു.

ഒരു ചക്ക = 3000 രൂപ

രമ ഉണ്ണിക്കൃഷ്ണന്‍. ആലപ്പുഴജില്ലയിലെ നൂറനാട് സ്വദേശി. പ്രീഡിഗ്രിക്കാരിയായ വീട്ടമ്മ. പക്ഷേ, മാസം 50,000 രൂപ വരുമാനമുണ്ടാക്കുന്നുണ്ടിവര്‍. 

ചക്ക നല്‍കുന്നതാണിത്. ചക്കകൊണ്ട് വിവിധ ഉത്പന്നങ്ങളുണ്ടാക്കി വില്‍ക്കുകയാണിവര്‍. സര്‍വചെലവും കഴിഞ്ഞ് മാസം 50,000 രൂപ ഇതില്‍നിന്നു കിട്ടുന്നു. ആറു സ്ത്രീകള്‍ക്ക് ജോലിയുംനല്‍കുന്നു. യന്ത്രസഹായമില്ലാതെ കൈകൊണ്ടുമാത്രം ഉത്പന്നങ്ങളുണ്ടാക്കി കൈവരിച്ചതാണ് ഈ നേട്ടം. 

കഴിഞ്ഞമാസം ആറന്മുളയില്‍ നടന്ന ചക്കമഹോത്സവത്തില്‍ ഒരു ചെറുചക്കയുടെ പായസം വിറ്റപ്പോള്‍ രമയ്ക്കു കിട്ടിയത് 3,600 രൂപ. ചെലവ് വെറും 500 രൂപയും. 60 ലിറ്റര്‍ പ്രഥമനാണ് ഒരു ചക്കയില്‍നിന്നുണ്ടാക്കിയത്. അടയ്ക്കുപകരം ചക്കപ്പഴം ചേര്‍ത്തുണ്ടാക്കിയ പ്രഥമന്‍ ലിറ്ററിന് 60രൂപവെച്ചുവിറ്റു.

മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കിയാല്‍ ഒരു ചക്കയില്‍നിന്ന് 1,500മുതല്‍ 3,000വരെ രൂപയുണ്ടാക്കാന്‍ പ്രയാസമില്ലെന്ന് രമയുടെ സാക്ഷ്യം.
മുറുക്ക്, പക്കവട, മധുരസേവ, പപ്പടം എന്നിങ്ങനെ പന്ത്രണ്ടു വിഭവങ്ങള്‍ ഇവര്‍ ചക്കയില്‍നിന്നുണ്ടാക്കുന്നുണ്ട്.
രമ ചക്കയുടെ വഴിയിലേക്കു വന്നിട്ട് ഒരുവര്‍ഷമേ ആയിട്ടുള്ളൂ. കായംകുളം കൃഷിവിജ്ഞാന്‍ കേന്ദ്രത്തില്‍(കെ.വി.കെ.)നിന്നു കിട്ടിയ പരിശീലനമാണിതിനിടയാക്കിയത്. മനസ്സുവെച്ചാല്‍ കേരളത്തില്‍ ആര്‍ക്കും ഇതു സാധിക്കാം.

നന്നായി ഉപയോഗിച്ചാല്‍ ചക്കയില്‍നിന്ന് ഒന്നും കളയാനില്ല. പുറത്തെ മുള്ളൊഴികെ മുഴുവന്‍ ഭക്ഷ്യയോഗ്യം. പുറംതോടും കളയേണ്ട. അത് ഒന്നാംതരം കാലിത്തീറ്റ. 

പുഴുക്ക്, അവിയല്‍, തോരന്‍, മെഴുക്കുപുരട്ടി, എരിശ്ശേരി ചക്കകൊണ്ടുണ്ടാക്കാന്‍ നമുക്കറിയുന്ന കറികള്‍ ഏതാണ്ടിവമാത്രം. ചക്കപ്പഴത്തില്‍നിന്ന് ചക്കവരട്ടിയതും കുമ്പിളപ്പവുംകൂടിയായാല്‍ കേരളത്തിന്റെ ചക്കവിഭവങ്ങള്‍ തീര്‍ന്നു. ഈ വിഭവങ്ങളുണ്ടാക്കാന്‍ പരമാവധി വേണ്ടത് ചക്കച്ചുളയും ചക്കക്കുരുവും മാത്രം. ചകിണിയും കൂഞ്ഞിയും ചക്കമടലുമടക്കം എല്ലാം ഉപയോഗിക്കുന്നതാണ് പുതിയ സമീപനം. മൂല്യവര്‍ധിത ഉത്പന്നങ്ങളിലൂടെ മൂല്യം വര്‍ധിപ്പിക്കാമെന്ന കണ്ടെത്തലാണ് ചക്കയെ അമൂല്യമാക്കുന്നത്. 

പത്തനംതിട്ട കാര്‍ഡ്‌കെ.വി.കെ., കായംകുളം കെ.വി.കെ. എന്നീ സ്ഥാപനങ്ങള്‍ ചക്കയില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കാന്‍ പരിശീലനംനല്‍കുന്നുണ്ട്. പത്തനംതിട്ട കെ.വി.കെ.യിലെ സബ്ജക്ട് മാറ്റര്‍ എക്‌സ്പര്‍ട്ട് ഷാനാ ഹര്‍ഷന്‍ പറയുന്നത് നൂറിലേറെ വിഭവങ്ങള്‍ ചക്കയില്‍നിന്നുണ്ടാക്കാമെന്നാണ്. യന്ത്രസഹായത്താല്‍ ചക്ക ഉത്പന്നങ്ങള്‍ കേടുകൂടാതെ നിരവധി മാസങ്ങള്‍ സൂക്ഷിക്കാനുള്ള സാങ്കേതികവൈദഗ്ധ്യവും ഇവര്‍ നല്‍കും.

കായംകുളം കെ.വി.കെ. ചക്കയില്‍നിന്ന് യന്ത്രസഹായമില്ലാതെ മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കാനാണ് പരിശീലിപ്പിക്കുന്നത്. മൂന്നുദിവസത്തെ പരിശീലനംകൊണ്ട് പന്ത്രണ്ടിലേറെ ഉത്പന്നങ്ങളുടെ നിര്‍മാണം പഠിക്കാമെന്നുറപ്പുപറയുന്നു കായംകുളം കെ.വി.കെ.യിലെ സബ്ജക്ട് മാറ്റര്‍ എക്‌സ്പര്‍ട്ട് ജിസ്സി ജോര്‍ജ്. ഇത്തരം ഉത്പന്നങ്ങളുടെ നിര്‍മാണത്തിലൂടെ ഒരു ചക്കയില്‍നിന്ന് ഏറ്റവും ചുരുങ്ങിയത് 1,500 രൂപയെങ്കിലുമുണ്ടാക്കാമെന്നത് പരിശീലനം നേടിയവരുടെ അനുഭവം.

ചക്കയ്ക്കു പേരുകേട്ടതാണ് കേരളമെങ്കിലും ചക്കയില്‍നിന്ന് ആദായമുണ്ടാക്കുന്നതില്‍ ഏറ്റവും പിന്നിലാണു നാം. കേരളത്തോളം ചക്ക ഉത്പാദനമില്ലാത്ത വിദേശരാജ്യങ്ങള്‍ അതിന്റെ സാധ്യത ഉപയോഗിക്കുന്നതു കണ്ടുപഠിക്കണം. ഉദാഹരണം വിയറ്റ്‌നാം. അവര്‍ ലോകത്തെ അറിയപ്പെടുന്ന ചക്കഉപ്പേരി നിര്‍മാതാക്കളാണ്. ആധുനികയന്ത്രസാമഗ്രികളുടെ സഹായത്താലുണ്ടാക്കുന്ന ഉപ്പേരി വന്‍തോതില്‍ കയറ്റുമതിചെയ്യുകയാണ്. വാക്വം െ്രെഫഡ് ചിപ്‌സ് എന്നറിയപ്പെടുന്ന ഇതുണ്ടാക്കുന്ന ഇരുപതു കമ്പനികളാണ് വിയറ്റ്‌നാമിലുള്ളത്. മുന്‍നിരയില്‍ വിനാമിറ്റ് എന്ന കമ്പനി. മലേഷ്യ, ശ്രീലങ്ക, ഇന്‍ഡൊനീഷ്യ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളൊക്കെ ചക്ക ഉത്പന്നങ്ങളുമായി വിദേശവിപണിയിലേക്കു കടന്നുകഴിഞ്ഞു. 

കേരളമാകട്ടെ ചക്ക തട്ടിക്കളിക്കുകയാണ്. ചക്കയുടെ വിലയറിയാതെ വിലയിടിഞ്ഞ വസ്തുക്കളുടെ വിലവര്‍ധനയ്ക്കുവേണ്ടി കരയുകയാണ്. വിഷംതീണ്ടിയ പച്ചക്കറി അയല്‍സംസ്ഥാനങ്ങളില്‍നിന്നു വരുത്തി രോഗം ഇരന്നുവാങ്ങുന്ന മലയാളിക്ക് ചക്കയുടെ ഔഷധമൂല്യംപോലും അറിയില്ല. എന്തേ ചക്കയോട് ഈ അയിത്തം? എന്താണൊരു പ്രതിവിധി?

മാഗിക്ക് പകരമാകുമോ ചക്ക

കേരളത്തില്‍ ബാറുകള്‍ പൂട്ടുകയും ഇന്ത്യയൊട്ടുക്ക് മാഗി നിരോധിക്കുകയും ചെയ്താല്‍ ചക്കയ്‌ക്കെന്താണ്? മദ്യത്തിനും മാഗിക്കും പകരം നില്‍ക്കാന്‍ ചക്കയ്ക്കാവുമോ? പ്രതിസന്ധികളെ സാധ്യതയാക്കാന്‍ തയ്യാറുണ്ടെങ്കില്‍ ചക്കയ്ക്കും ചിലത് ചെയ്യാന്‍കഴിയും. സാഹചര്യം അതിനനുകൂലമാണ്.

ഉച്ചയ്ക്ക് എന്തുകഴിച്ചു എന്നുചോദിച്ചാല്‍ 'ചക്കപ്പുഴുക്ക്' എന്നുപറയാന്‍ കേരളത്തിലെ പുതുതലമുറയ്ക്ക് മടിയായിരിക്കും. അതേകൂട്ടര്‍ കഴിച്ചത് 'മാഗി' എന്ന് പറഞ്ഞിരുന്നത് തെല്ല് അഭിമാനത്തോടെയായിരുന്നു. ചക്കയോട് അത്രയ്ക്ക് പുച്ഛം. 

ചക്കയെ പാവങ്ങളുടെ ഭക്ഷണമായി കൂട്ടിവായിക്കുന്നതാവാം ഈ അയിത്തത്തിന് ഒരു കാരണം. ചക്കയോട് മതിപ്പുണ്ടാക്കുകയാണ് പരിഹാരം. അതിനെന്താണ് വഴി? പുതിയ തലമുറയ്ക്ക് പ്രിയങ്കരമായ ഭക്ഷണങ്ങളിലൂടെ അവരെ ചക്കയിലേക്ക് അടുപ്പിക്കുകതന്നെ. ചക്കപ്പുഴുക്ക് കുറച്ചിലായി കാണുന്നവര്‍ക്ക് ചക്കനൂഡില്‍സ് സ്വീകാര്യമായേക്കാം. അപ്പോള്‍ ചക്കയില്‍നിന്ന് നൂഡില്‍സ് ഉണ്ടാക്കാന്‍ കഴിയുമോ എന്നുനോക്കണം. മാഗിക്കുപകരം ജൈവനൂഡില്‍സ് എന്നുപറഞ്ഞാല്‍ കൊട്ടിഗ്‌ഘോഷിക്കാന്‍ എല്ലാ തലമുറകളുമുണ്ടാവുകയും ചെയ്യും. അതാണല്ലോ ട്രെന്‍ഡ്.അത് നടക്കുമെന്ന് തെളിയിച്ചുകഴിഞ്ഞു. ഇതാ ചക്ക നൂഡില്‍സ്.

പച്ചരിയും പച്ചച്ചക്കച്ചുളയും നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് പൊടിച്ചതില്‍ ജീരകം, അയമോദകം എന്നിവ കലര്‍ത്തി നൂഡില്‍സ് ഉണ്ടാക്കി വിളമ്പിയത് കര്‍ണാടകത്തിലാണ്. കഴിഞ്ഞയാഴ്ച തുംകൂറില്‍ നടന്ന ചക്കമേളയില്‍ ജി.എല്‍. സുനിത കാന്താചാര്യ എന്ന യുവതി അവതരിപ്പിച്ച ചക്കനൂഡില്‍സിന് വലിയ പ്രിയമായിരുന്നു. ഇവിടെയും സാധ്യത തുറന്നുകിടക്കുകയാണ്.

മദ്യം വിലക്കിയ സാഹചര്യവും ചക്കയ്ക്ക് വന്‍ അവസരം തുറക്കുന്നുണ്ട്. വിദേശമദ്യത്തിന് പകരമായി ധാരാളം വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചതാണ് അനുകൂലഘടകം. വൈനുണ്ടാക്കാന്‍ ചക്കയോളം പറ്റിയ മറ്റൊരു പഴവുമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പഴുത്താല്‍ പെട്ടെന്ന് കേടാവുന്ന കൂഴച്ചക്കയാണ് (പഴംചക്ക) ഇതിന് ഏറ്റവും പറ്റിയത്. കൂഴച്ചക്കയുടെ തലവര തെളിയാന്‍ പറ്റിയ സമയം.

കേരളത്തില്‍ ഇതേവരെ വൈനറിക്ക് ലൈസന്‍സ് നല്‍കിയിട്ടില്ല. ഇവിടെ വില്‍ക്കുന്ന വൈന്‍ അത്രയും അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വരുന്നതാണ്. പുതിയ സാഹചര്യത്തില്‍ വൈനറികള്‍ക്ക് ലൈസന്‍സ് നല്‍കിയാല്‍ ചക്കയ്ക്ക് പ്രിയമേറും. പൊതുമേഖലയിലും വൈന്‍ ഉണ്ടാക്കാം. മദ്യനിര്‍മാണം നിലച്ച തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗര്‍ ഫാക്ടറി വെറുതേ കിടക്കുകയാണ്. ഇവിടെ വൈന്‍ നിര്‍മാണത്തിന് പൊതുമേഖലയില്‍ വൈനറി ഉണ്ടാക്കാവുന്നതാണ്. കേരളത്തില്‍ പാഴാക്കുന്ന ചക്ക ഫലപ്രദമായി ഉപയോഗിക്കുകയും പുറത്തുനിന്ന് വൈന്‍ കൊണ്ടുവരുന്നത് ഒഴിവാക്കുകയും ചെയ്യാം.

പത്തുകിലോ തൂക്കമുള്ള ഒരു കൂഴച്ചക്കയില്‍നിന്ന് നാടന്‍രീതിയില്‍പോലും 20 ലിറ്റര്‍ വൈന്‍ ഉണ്ടാക്കാമെന്ന് കായംകുളം കെ.വി.കെ.യിലെ ജിസ്സി ജോര്‍ജ് പറയുന്നു. വൈനിന് വിപണിവില ലിറ്ററിന് 150 മുതല്‍ 20 രൂപവരെ. സാധാരണ വൈനിലടങ്ങിയതിനേക്കാള്‍ ആല്‍ക്കഹോള്‍ അംശം ചക്കയില്‍ കൂടുതലാണെന്നും തെളിഞ്ഞിട്ടുണ്ട്. നാടന്‍രീതിയില്‍ നിര്‍മിച്ചാല്‍പോലും ഒരു ചെറിയ ചക്കയില്‍നിന്ന് 3000 രൂപയുടെ വൈന്‍ ഉത്പാദിപ്പിക്കാമെന്ന് സാരം.

ഇവിടെ മദ്യശാലകളില്‍ കിട്ടുന്നതിലേറെയും മുന്തിരിവൈനാണ്. മുന്തിരിക്ക് വിഷം തളിക്കുമെന്നതിനാല്‍ വൈന്‍ ശുദ്ധമെന്നുറപ്പില്ല. വളമോ കീടനാശിനിയോ ഉപയോഗിക്കാത്തതിനാല്‍ ചക്കയില്‍നിന്ന് കിട്ടുന്ന വൈന്‍ ശുദ്ധമായിരിക്കുമെന്നുമുറപ്പ്. 
******
ഒരുകാലത്ത് കേരളത്തിന്റെ വിശപ്പടക്കിയ ചക്കയ്ക്ക് ഇന്ന് മലയാളിയുടെ അടുക്കളയില്‍ സ്ഥാനമില്ല. കാരണം പലതാണ്. ഇവിടെ ഏറെയും അണുകുടുംബങ്ങള്‍. അവരെ സംബന്ധിച്ച് ചക്ക ഒരുക്കല്‍ പാടാണ്. അരക്കും മറ്റും കൈകളില്‍ പുരളുന്നത് എളുപ്പ പാചകത്തിന് തടസ്സം. ഉയരമുള്ള മരത്തില്‍നിന്ന് പറിച്ചെടുക്കാനുള്ള ബുദ്ധിമുട്ടും ചക്കയെ അടുക്കളയില്‍നിന്ന് അകറ്റുന്നു.

പരിഹാരങ്ങള്‍ പലതുണ്ട്. ചക്കയില്‍ അടങ്ങിയിട്ടുള്ള പോഷകഗുണത്തെപ്പറ്റിയുള്ള അജ്ഞത മാറ്റിയാല്‍ത്തന്നെ ഇതിന് സ്വീകാര്യത വര്‍ധിക്കും. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധാലുവാണ് ആധുനിക മലയാളിയെന്നതുതന്നെ കാരണം. കോഴി, താറാവ് തുടങ്ങിയവയുടെ ഇറച്ചി ധാരാളം കഴിക്കുന്ന മലയാളി തിരിച്ചറിയണം, അവയെ ഇറച്ചിയാക്കാനുള്ള പാടില്ല ചക്ക ഒരുക്കാനെന്ന്. എല്ലാം പാകംചെയ്യാനോ തിന്നാനോ പാകത്തില്‍ കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആധുനിക തലമുറയ്ക്കുമുമ്പില്‍ ചക്കയെയും അതേരീതിയില്‍ അവതരിപ്പിക്കുക. റെഡി റ്റു കുക്ക്, റെഡി റ്റു ഈറ്റ് എന്ന തത്ത്വം ഈ മേഖലയിലും നടപ്പാക്കണം. അതിനുള്ള സാങ്കേതികവിദ്യ ലഭ്യമാണ്. സ്റ്റാര്‍ ഹോട്ടലുകളില്‍ ചക്കവിഭവങ്ങളെയും താരപദവിയോടെ അവതരിപ്പിക്കുന്നതും ചക്കയുടെ തൊട്ടുകൂടായ്മ മാറ്റും. ചക്ക ഭക്ഷ്യമേളകളും പരീക്ഷിക്കാവുന്നതാണ്. 

ശ്രീലങ്കയില്‍ ചക്ക ഒരുക്കി പായ്ക്ക്‌ചെയ്താണ് വില്‍ക്കുന്നത്. 5000 സ്ത്രീകള്‍ ഈ മേഖലയില്‍ അവിടെ ജോലിചെയ്യുന്നു. ഇവിടെയും അത് എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ? ധാരാളം പേര്‍ക്ക് തൊഴിലവസരമുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വെറുതേകിട്ടുന്ന ചക്ക ചുമ്മാ കളയാതെ അത് വ്യവസായസാധ്യതയായി കാണുന്നതിലാണ് ഭരണാധികാരികള്‍ സാമര്‍ഥ്യം കാട്ടേണ്ടത്. 
******
കാന്‍സര്‍ പ്രതിരോധത്തിനും ചക്ക

*സവിശേഷ പോഷകമൂല്യമുള്ള നാടന്‍ ഫലം. ജീവകങ്ങള്‍, ആന്റി ഓക്‌സിഡന്റുകള്‍, നാരുകള്‍, ഫ്ലേവനോയ്ഡ്‌സ്, ഫിനോള്‍ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. 
*മനഃസംഘര്‍ഷം, ലഹരി ഉപയോഗം, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവമൂലം ശരീരത്തില്‍ പെരുകുന്ന വിഷവസ്തുക്കളെ ( ഫ്രീ റാഡിക്കല്‍സ് ) നിര്‍ജീവമാക്കുന്നതിന് ആന്റി ഓക്‌സിഡന്റുകള്‍ സഹായകമാണ്. കാന്‍സറിനെ പ്രതിരോധിക്കാനും ഇതിന് കഴിയും. വാര്‍ധക്യത്തെപ്പോലും നീട്ടാന്‍ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും. രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കും.
*നാരുകള്‍ ഏറെ അടങ്ങിയതിനാല്‍ ദഹനപ്രക്രിയയെ സഹായിക്കും. അമിതമായ കൊഴുപ്പ്, പഞ്ചസാര എന്നിവയെ ആഗിരണം ചെയ്ത് മാറ്റും. മലബന്ധത്തിന് പ്രതിവിധിയാണ്. വന്‍കുടല്‍ കാന്‍സറിന് കാരണമായ വിഷവസ്തുക്കളെ നാരുകള്‍ ശുദ്ധീകരിച്ചുമാറ്റും.
*വിളവെത്തുംമുമ്പുള്ള ചക്കയില്‍ അന്നജം കുറവായിരിക്കും. ഇത് പ്രമേഹക്കാര്‍ക്ക് നന്ന്.
*അന്നജം ഏറെ അടങ്ങിയിട്ടുള്ളതിനാല്‍ നല്ല ഊര്‍ജസ്രോതസ്സാണ്. 90 ശതമാനത്തിലേറെ അന്നജമാണ്. കുട്ടികള്‍ക്ക് ചക്കവിഭവങ്ങള്‍ നല്‍കുന്നത് ഉണര്‍വിനും ഉന്മേഷത്തിനും പ്രസരിപ്പിനും ഉത്തമം.
*ജീവകം എയും സിയും ഇതില്‍ ധാരാളം. ഇത് കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചക്ഷമതയ്ക്കും നന്ന്.
(വിവരങ്ങള്‍ക്ക് കടപ്പാട് : ഡോ. ബി. പദ്മകുമാര്‍, അഡീഷണല്‍ പ്രൊഫസര്‍, മെഡിക്കല്‍ കോളേജ്, ആലപ്പുഴ )

വിറ്റാമിനുകളും ധാതുക്കളും മാംസ്യവും ഊര്‍ജവും ധാരാളമടങ്ങിയ പോഷകസമ്പുഷ്ടമായ കൂണ്‍ പച്ചക്കറി ഇറച്ചി എന്നാണ് അറിയപ്പെടുന്നത്. മഴക്കാലം കൂണുകള്‍ കൂട്ടത്തോടെ മുളച്ചുപൊന്തുന്ന കാലംകൂടിയാണ്. പോഷകസമ്പുഷ്ടവും മനോഹരവുമാണെങ്കിലും എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല.

ലോകത്ത് ഏകദേശം 45,000 കൂണിനങ്ങള്‍ ഉണ്ടെങ്കിലും 2,000 കൂണിനങ്ങള്‍ മാത്രമാണ് ഭക്ഷ്യയോഗ്യമായിട്ടുള്ളത്. കുടയില്‍ ശ്രദ്ധിച്ചാല്‍ തന്നെ വിഷക്കൂണുകളെ തിരിച്ചറിയാം. കുടയില്‍ തഴമ്പോ അരിമ്പാറയോ പോലുള്ള പാടുകള്‍ കാണുന്നുണ്ടെങ്കില്‍ അത്തരം കൂണുകള്‍ ഉപേക്ഷിക്കാം. കുടയുടെ കീഴെയായി കാണുന്ന ഗില്ലുകള്‍ക്ക് വണ്ടിച്ചക്രത്തിന്റെ ഇലയുടെ ആകൃതി കാണുന്നുണ്ടെങ്കിലും കൂണ്‍കൂട്ടത്തെ ഒഴിവാക്കണം. കൂണിന്റെ ചുവടുഭാഗം സാധാരണയില്‍ കവിഞ്ഞ് വീര്‍ത്തിരിക്കുന്നുണ്ടെങ്കിലും വിഷക്കൂണാവാനാണ് സാധ്യത.

ചാണകത്തിലോ ചാണകക്കുഴിക്ക് സമീപമോ മുളച്ചുനില്‍ക്കുന്ന ശരിയായി തിരിച്ചറിയാന്‍ കഴിയാത്ത കൂണുകള്‍ ഭക്ഷ്യയോഗ്യമല്ല.
കൂണ്‍ ഭക്ഷ്യയോഗ്യമാണോയെന്ന് കണ്ടെത്താന്‍ ഇത്തിരി ശാസ്ത്രീയപരിശോധനയും ആകാം. ഇതിനായി പൂര്‍ണവളര്‍ച്ചയെത്തിയ കൂണ്‍ എടുത്ത് കുട തണ്ടില്‍നിന്നും വേര്‍പെടുത്തുക. ഗില്ലുകള്‍ അടിഭാഗത്ത് വരത്തക്കവിധം വെള്ളപ്പേപ്പറിന്റെ മുകളില്‍ കുട കമഴ്ത്തിവെക്കാം. ഇനി ഒരു ജാര്‍ ഉപയോഗിച്ച് മൂടാം. അല്പസമയത്തിനുശേഷം ജാര്‍ മാറ്റി പരിശോധിക്കണം. ഗില്ലുകളില്‍ നിന്ന് വീഴുന്ന സ്‌പോറുകള്‍ പച്ചയോ ചുവപ്പോ നിറമുള്ളതാണെങ്കില്‍ വിഷക്കുമിളാണെന്ന് ഉറപ്പിക്കാം. ഇനിയും സംശയം തീര്‍ന്നില്ലെങ്കില്‍ കൂണ്‍ പാകംചെയ്യുമ്പോള്‍ ഒരു പുതിയ വെള്ളിനാണയം കൂടി ഇടാം. പാചകത്തിനുശേഷം നാണയത്തിന് കറുപ്പുനിറം കാണുന്നുണ്ടെങ്കില്‍ വിഷക്കൂണാകാനുള്ള സാധ്യതയും കൂടുന്നു.

കൃഷി ചെയ്ത് തയ്യാറാക്കുന്ന കൂണുകളെല്ലാം കണ്ണുമടച്ച് കഴിക്കാം. അതേസമയത്ത് മഴയത്ത് മുളച്ചുപൊന്തുന്ന കൂണുകള്‍ കൂടുതല്‍ രുചികരവും പോഷകസമൃദ്ധവുമാണെങ്കിലും വിഷമയമായവ തിരിച്ചറിഞ്ഞ് കഴിച്ചില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകും.

ടെറസില്‍ വളര്‍ത്താന്‍ കുറ്റിവാളരിപ്പയര്‍

പോഷകസമൃദ്ധമായ പയറിനങ്ങളില്‍പ്പെടുന്ന വാളരിപ്പയറിന്റെ ചെറിയ ഇനമായ കുറ്റിവാളരിപ്പയര്‍ ടെറസിലും മുറ്റവരമ്പിലും വളര്‍ത്താന്‍പറ്റിയ ഇനമാണ്. 

ചാക്കിലോ ഗ്രോബാഗിലോ വളര്‍ത്താവുന്ന ഈയിനം എല്ലാകാലത്തും കായ തരുന്നു എന്ന പ്രത്യേകതയുമുണ്ട്. സാധാരണ വാളരിപ്പയര്‍ വലിയമരത്തില്‍ കയറുന്നതുമൂലം കായകള്‍ നഷ്ടപ്പെടുന്ന അവസ്ഥ ഇതിനില്ല. വേനല്‍ക്കാലത്ത് ഉണങ്ങിനശിച്ചുപോകുന്ന സ്വഭാവവുമില്ല.

പത്ത് സെന്റിമീറ്റര്‍വരെ മാത്രം വലിപ്പമുള്ള കായകള്‍ ഒരു കുലയില്‍ ഒന്നുമാത്രമേ കാണൂ. 25 ഗ്രാം വരെയാണ് കായയുടെ തൂക്കം.പാകിമുളപ്പിച്ച തൈകള്‍വേണം നടാന്‍. തണലില്‍ സ്ഥാപിച്ച കപ്പുകളില്‍ വിത്തുപാകി മുളപ്പിക്കാം. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് കൂടുതല്‍ കരുത്തോടെ വളരുന്നത്. മണ്ണില്‍ വളര്‍ത്തുമ്പോള്‍ രണ്ടടിവീതം നീളവും വീതിയും ഒരടി ആഴവുമുള്ള കുഴി തയ്യാറാക്കണം. അതില്‍ കരിയിലയും അടിവളവും നിറച്ച് രണ്ടാഴ്ചയ്ക്കുശേഷം തൈ നടാം. മണ്ണും മണലും ചാണകപ്പൊടിയോ കമ്പോസ്റ്റോ തുല്യ അനുപാതത്തിലും മിശ്രിതമാക്കി ചാക്കില്‍ നിറയ്ക്കാം. ഒരു ചാക്കില്‍ ഒന്നെന്ന തോതില്‍ തൈ വളര്‍ത്താം. ടെറസിലോ മുറ്റവരമ്പിലോ വരിവരിയായി ചാക്കുകള്‍ വെച്ച് വളര്‍ത്തിയാല്‍ അലങ്കാരമായും ആഹാരമായും ഒരേസമയം ഈ ചെടി ഉപകരിക്കും. നാരുകളും മാംസ്യവും ധാരാളമടങ്ങിയ ഈ പച്ചക്കറിയിനം തോരനും കറിയും തയ്യാറാക്കുന്നതിന് ഉചിതമാണ്. (ഫോണ്‍: 9495090799.)

പാഷന്‍ ഫ്രൂട്ടില്‍നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ സ്ക്വാഷ് ഉല്‍പാദിപ്പിച്ച് പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ സെപ്റ്റംബറോടെ വിപണിയിലത്തെിക്കും.
കാസര്‍കോട്, നാടുകാണി ഡിവിഷനുകളിലായുള്ള ചീമേനി എസ്റ്റേറ്റിലെ ഒരുഹെക്ടറോളം സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്ന പാഷന്‍ ഫ്രൂട്ട് ഉപയോഗിച്ച് സ്ക്വാഷ് നിര്‍മിക്കാനാണ് തീരുമാനം. പൂര്‍ണമായും ജൈവ രീതിയില്‍ ഉല്‍പാദിപ്പിക്കുന്ന ഇവ കയറ്റുമതി ചെയ്യാനും ലക്ഷ്യമുണ്ട്. കണ്ണൂര്‍ കൃഷി വികാസ് കേന്ദ്രയുടെ സാങ്കേതിക സഹകരണത്തോടെ ചീമേനി എസ്റ്റേറ്റില്‍ തന്നെയാവും സ്ക്വാഷ് ഉല്‍പാദനം. 500, 700 മില്ലിലിറ്റര്‍ കുപ്പികളില്‍ വിപണിയിലത്തെിക്കാനാണ് ഉദ്ദേശിക്കുന്നത്.
കുരുമാറ്റി നീര് ശേഖരിച്ച് പി.സി.കെ എന്ന ബ്രാന്‍ഡായിട്ടാകും സ്ക്വാഷ് വിപണിയിലിറങ്ങുക.
കശുവണ്ടിയെക്കാള്‍ ലാഭകരമായിരിക്കും പാഷന്‍ ഫ്രൂട്ടെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്. ഒൗഷധഗുണമുള്ള ഇതിന് ആവശ്യക്കാര്‍ ഏറെയാണ്.
എന്നാല്‍, സംസ്ഥാനത്ത് വലിയതോതില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദനമില്ല. പഴങ്ങള്‍ തേടി നിരവധിപേര്‍ എത്തുന്നുണ്ടെന്ന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, ആദ്യഘട്ടത്തില്‍ നേരിട്ട് വില്‍പന നടത്തില്ല. തൈകള്‍ ഉല്‍പാദിപ്പിച്ചും വില്‍ക്കുന്നുണ്ട്. ഒരു മായവും ചേര്‍ക്കാത്തതിനാല്‍ സ്ക്വാഷിന് ആവശ്യക്കാര്‍ ഏറെയായിരിക്കുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. ആസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യതകളുമുള്ളതിനാല്‍ കോര്‍പറേഷന്‍െറ മറ്റ് എസ്റ്റേറ്റുകളിലും കൃഷി വ്യാപിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്.
പന്തലിട്ട് നട്ടുവളര്‍ത്തിയിരിക്കുന്ന ഇവ കാണാന്‍ സഞ്ചാരികളും എത്തുന്നുണ്ട്. നിലവില്‍ സംസ്ഥാനത്ത് നെല്ലിയാമ്പതിയിലെ ഓറഞ്ച് ഫാമില്‍ പാഷന്‍ ഫ്രൂട്ട് വളര്‍ത്തുന്നുണ്ട്. ഇവിടെ സ്കാഷ് നിര്‍മിക്കുന്നുണ്ടെങ്കിലും ആവശ്യക്കാര്‍ ഏറെയായതിനാല്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടികള്‍ച്ചറല്‍ റിസര്‍ച് വികസിപ്പിച്ച ‘കാവേരി’ എന്ന ഉല്‍പാദനക്ഷമത കൂടിയ ഇനമാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇലപ്പുള്ളി, വേരുചീയല്‍ തുടങ്ങി പാഷന്‍ ഫ്രൂട്ടിനെ ബാധിക്കുന്ന രോഗങ്ങളെ ചെറുക്കാന്‍ കഴിവുള്ള ഇനം കൂടിയാണ് ഇത്. ആഫ്രിക്ക, കെനിയ, ആസ്ട്രേലിയ, ഹവായി എന്നിവിടങ്ങളില്‍ പാഷന്‍ ഫ്രൂട്ട് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുണ്ട്. രാജ്യത്തില്‍ പഞ്ചാബ്, ഹരിയാന, നീലഗിരി, ആന്ധ്ര, മേഘാലയ, നാഗാലാന്‍ഡ് തുടങ്ങിയ പ്രദേശങ്ങളിലും പാഷന്‍ ഫ്രൂട്ട് വളര്‍ത്തുന്നുണ്ട്. പഴുക്കുമ്പോള്‍ മഞ്ഞയും പര്‍പ്പിളും നിറമുള്ള രണ്ടിനങ്ങളാണ് പ്രധാനമായും ഉള്ളത്.
മേയ്-ജൂണ്‍ മാസങ്ങളിലും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലുമാണ് ഇത് കായിക്കുന്നത്. നട്ട് ഒരുവര്‍ഷമാകുമ്പോള്‍ കായിക്കും. ഇതിലുള്ള ഘടകങ്ങള്‍ക്ക് ഉറക്കമില്ലായ്മ, മന$സംഘര്‍ഷം എന്നിവയെ കുറക്കാനാകുമെന്ന് കണ്ടത്തെിയിട്ടുണ്ട്. പാഷന്‍ ഫ്രൂട്ട് ജ്യൂസ് പുരാതന കാലം മുതല്‍ ഉറക്കക്കുറവിനുള്ള ഒൗഷധമായി ഉപയോഗിക്കുന്നു.
ഇതില്‍ നിന്നുണ്ടാക്കുന്ന ഒൗഷധങ്ങള്‍ യൂറോപ്പില്‍ വിഷാദരോഗത്തിന്‍െറ ചികിത്സക്ക് ഉപയോഗിച്ചുപോരുന്നുണ്ട്. ഒരുചെടിയില്‍നിന്ന് ഏഴുകിലോയോളം ഫലം ലഭിക്കുമെന്നാണ ് കണക്ക്.

തക്കാളിയുടെ ഉദ്ഭവം ഇന്നത്തെ മെക്സികോ, പെറു എന്നീ രാജ്യങ്ങളാകാം എന്ന് കരുതപ്പെടുന്നു. ‘അസിടെക്’ എന്ന തെക്കേ അമേരിക്കന്‍ സമൂഹം ബി.സി 500ല്‍ കൃഷി ചെയ്തതായി അനുമാനമുണ്ട്. അസിടെക് ജനങ്ങളുടെ ചക്രവര്‍ത്തിയായ മാണ്‍ഡസുമാ, ബി.സി 700കളില്‍ ടെക്സ്കോ ഗോവില്‍ (ഇന്നത്തെ മെക്സികോ സിറ്റി) നിര്‍മിച്ച ചലിക്കുന്ന തോട്ടത്തില്‍ തക്കാളി പഴം കൃഷി ചെയ്യുകയുണ്ടായി. തക്കാളിയുടെ ഇംഗ്ളീഷ് നാമമായ ‘ടൊമാറ്റോടൊമോട്ടി’ എന്ന പദത്തില്‍നിന്നും ഉദ്ഭവിച്ചതാണ്.
1492ാം വര്‍ഷം മെക്സികോയില്‍ നിന്നും കൊളനിയയില്‍ തക്കാളി പ്രത്യക്ഷപ്പെടുകയുണ്ടായി. സ്പാനിഷ് ആക്രമണകാരികള്‍, മെക്സികോ പ്രദേശങ്ങളെ ബി.സി 1515ല്‍ കൈവശപ്പെടുത്തുന്നതിനിടെ ചലിക്കുന്ന തോട്ടത്തില്‍ നിന്നും തക്കാളി വിത്തുകള്‍ അപഹരിച്ചു പോവുകയാണുണ്ടായത്. തന്മൂലം സ്പെയിനും മറ്റ് ഇതര തെക്കേ അമേരിക്കന്‍ നാടുകളും തക്കാളി കൃഷി വ്യാപകമാക്കാന്‍ കാരണമായി. തുടക്കത്തില്‍ തക്കാളിപ്പഴം ഒരലങ്കാര വസ്തുവായിട്ടാണ് ജനം കരുതിയത്. അരമനകളിലും പൂന്തോട്ടങ്ങളിലും സഭകളിലും തക്കാളിപ്പഴം ആകര്‍ഷണീയ ഘടകമായി.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇറ്റലിയായിരുന്നു ആദ്യമായി തക്കാളിയെ എതിരേറ്റത്. തക്കാളി ഉപയോഗിച്ച് ജാം തുടങ്ങിയ വിവിധ ഭക്ഷണ പദാര്‍ഥങ്ങള്‍ നിര്‍മിച്ച് സ്വാദറിഞ്ഞതും ഇറ്റലീയരായിരുന്നു. 1544ാമാണ്ട് റിയോ മാത്യോള എന്ന ഇറ്റാലിയന്‍ വനിത തക്കാളി ഉപയോഗിച്ച് വിവിധ ഭക്ഷണ പദാര്‍ഥങ്ങളെക്കുറിച്ചുള്ള ഒരു ഡയറി തയാറാക്കുകയുണ്ടായി.
തെക്കേ അമേരിക്കന്‍ നാടുകളെ കൂടാതെ മിക്കവാറും യൂറോപ്യന്‍ രാജ്യങ്ങള്‍ തക്കാളി വിഷലിപ്തമായ ഒരു സസ്യമാണെന്ന് കരുതി ഭക്ഷിക്കാതെ ഒരു കൗതുക വസ്തുവായിക്കണ്ടു. 1692ല്‍ ജോസഫ്ഡന്‍ എന്നുപേരായ ജര്‍മന്‍കാരന്‍ തന്‍െറ പുസ്തകത്തില്‍ തക്കാളി ‘ലൈക്ക്കോപ്പീക്കന്‍’ എന്ന വര്‍ഗത്തില്‍പെട്ട വിഷച്ചെടിയാണെന്ന് എഴുതി. അതേസമയം, ഇയാളുടെ നിഗമനം തിരുത്തിക്കുറിച്ചുകൊണ്ട് സത്യം വെളിപ്പെടുത്താന്‍ കാറല്‍ ലിനാഗസ് എന്നയാള്‍ രംഗത്തുവന്നു.
1830ല്‍ തക്കാളി ഭക്ഷ്യയോഗ്യമല്ളെന്നു കരുതി അമേരിക്കന്‍ ജനത തിരസ്കരിക്കുകയാണുണ്ടായത്. ഇതിനൊരു പ്രതിവിധി കണ്ടെത്തിയത് റോബര്‍ട്ട് ഗിബ്ബണ്‍ ജാക്സന്‍ എന്നയാളാണ്. ഇന്ന് തക്കാളി ചേരാത്ത ഭക്ഷണപദാര്‍ഥങ്ങള്‍ അമേരിക്കയില്‍ അപൂര്‍വമാണ്.ലോകമെമ്പാടും ഏതാണ്ട് 7,500 ഇനം തക്കാളിയുണ്ട്. സ്പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലെ മഞ്ഞനിറമാര്‍ന്ന തക്കാളിക്ക് യെല്ളോ ആപ്പ്ള്‍ എന്നും പൊന്‍നിറമുള്ള തക്കാളിക്ക് ഗോള്‍ഡന്‍ ആപ്പ്ള്‍ എന്നും വിളിപ്പേരുണ്ട്.

ഫ്രാന്‍സില്‍ വിളയുന്ന തക്കാളിപ്പഴത്തിന് ഹൃദയത്തിന്‍െറ മാതൃകയാണ്. ഇതിന് ലൗ ആപ്പ്ള്‍ എന്ന് പറയപ്പെടുന്നു.തത്സമയം ചുവപ്പ്, മഞ്ഞ, ഓറഞ്ച്, കറുപ്പ് എന്നീ നിറങ്ങള്‍ കൂടാതെ വെള്ള, കടുംനീല എന്നീ നിറങ്ങളിലും വിളയിക്കപ്പെടുന്നു. 16ാം നൂറ്റാണ്ടിലായിരുന്നു ആദ്യമായി തക്കാളി ഇന്ത്യയില്‍ എത്തിച്ചേര്‍ന്നത്.

ഗ്രോബാഗ് പച്ചക്കറിക്കൃഷി: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീട്ടിലേക്കാവശ്യമായ പച്ചക്കറിയില്‍ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ തുടങ്ങുന്ന ഗ്രോബാഗ് കൃഷിയില്‍ കയ്‌പ്പേറിയ അനുഭവമുള്ളവര്‍ ധാരാളം. മൂന്നുവര്‍ഷംവരെ തുടര്‍ച്ചയായി ഉപയോഗിക്കാമെന്നതും അകത്തെ കറുത്ത ലൈനിങ്ങും ടെറസ്സിലും മുറ്റത്തും മാറ്റിവെക്കാമെന്നതുമൊക്കെ അനുകൂല ഘടകങ്ങളാണ്. എന്നാലും ഈ കൃഷി പലപ്പോഴും ഫലവത്താകുന്നില്ല. മണ്ണും വിത്തും വിളയും വിളവും അറിഞ്ഞുവേണം ഗ്രോബാഗ് പച്ചക്കറിക്കൃഷിയില്‍ കാലെടുത്തുവെക്കാന്‍.

രണ്ട് സീസണ്‍ തുടര്‍ച്ചയായി കൃഷിചെയ്താല്‍ ഗ്രോബാഗിലെ മണ്ണ് മാറ്റണം. സൂര്യതാപീകരണംചെയ്ത മണ്ണും മണലും ട്രൈക്കോഡര്‍മ വളര്‍ത്തിയ ജൈവവളവും ഒരേ അനുപാതത്തില്‍ കലര്‍ത്തി ബാഗിന്റെ മുക്കാല്‍ഭാഗം നിറയ്ക്കാം. ഗ്രോബാഗിന്റെ ഏറ്റവും താഴെ ചകിരിച്ചോര്‍ കമ്പോസ്റ്റോ മലര്‍ത്തി ആടുക്കിയ ചകിരിയോ പാകണം. ഈര്‍പ്പം നിലനിര്‍ത്താന്‍ ചകിരി സഹായിക്കും. നനച്ച മണ്ണുമിശ്രിതത്തിലേക്ക് ഒരുപിടി കുമ്മായമോ ഡോളമൈറ്റോ കലര്‍ത്തണം. രണ്ടാഴ്ച കഴിഞ്ഞാല്‍ മണ്ണൊരുങ്ങിയതായിക്കണ്ട് കൃഷി തുടങ്ങാം. മണ്ണറിയാതെ അല്ലെങ്കില്‍ മണ്ണൊരുങ്ങാതെ വിത്തിട്ടാല്‍ കീടരോഗബാധ ഉറപ്പ്.

വിത്തുഗുണമാണ് പത്തുഗുണം. നല്ല വിത്ത് നടുന്നതോടൊപ്പം മണ്ണില്‍നിന്നുണ്ടാകുന്ന രോഗങ്ങള്‍ തടയുന്നതിനായി സ്യൂഡോമോണസ് പുരട്ടാനും ശ്രദ്ധിച്ചേ മതിയാകൂ. മണ്ണിലാണ് കീടങ്ങളുടെയും കുമിളുകളുടെയും സുഷുപ്താവസ്ഥ. തക്കംപാര്‍ത്തിരിക്കുന്ന അവയെ പ്രതിരോധിക്കുന്നതിനായി തിരഞ്ഞെടുക്കേണ്ട മിത്ര ബാക്ടീരിയയാണ് സ്യൂഡോമോണസ്. ഒരു ഗ്‌ളാസ് വെള്ളത്തില്‍ 25 ഗ്രാം സ്യൂഡോമോണസ് കലര്‍ത്തി ആറുമണിക്കൂര്‍ വിത്ത് കുതിര്‍ക്കാം. ചീരപോലെ മുക്കിവെക്കാതെ നടുന്ന വിത്ത് ഇരട്ടി സ്യൂഡോമോണസും പുളിച്ച കഞ്ഞിവെള്ളവുംകൊണ്ട് നനച്ച് അരമണിക്കൂറിനുശേഷം പാകണം. ഒരിക്കലും വിത്ത് ആഴത്തില്‍ നടരുത്. വിത്തിന്റെ വലിപ്പംതന്നെയാണ് വിത്താഴം.

പറിച്ചുനടുന്ന ചെടിയുടെ വേര് സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ അരമണിക്കൂര്‍ മുക്കിവെച്ച് നടാം. രണ്ടാഴ്ചയിെലാരിക്കല്‍ മണ്ണിര കമ്പോസ്റ്റോ ഉണങ്ങിപ്പൊടിഞ്ഞ കോഴിവളമോ ചാണകപ്പൊടിയോ പുളിച്ച പിണ്ണാക്കോ ചേര്‍ക്കണം. കീടബാധ ഒഴിവാക്കുന്നതിനായി വേപ്പെണ്ണ എമല്‍ഷന്‍ ആഴ്ചയിലൊരിക്കല്‍ തളിക്കണം.

ഓരോ ഇനത്തിനും ഉത്പാദന ക്ഷമതയില്‍ വ്യത്യാസമുണ്ടാകും അതുകൊണ്ടുതന്നെ സന്തുലിത വളപ്രയോഗത്തിലൂടെ വിളവ് കൂട്ടാം. രാസകീടനാശിനികള്‍ പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട് ഓരോ വിളയുടെയും ആവശ്യമായ സമയത്തും ആവശ്യമായ രീതിയിലും വളപ്രയോഗം നടത്തിയാല്‍ ഗ്രോബാഗ് പച്ചക്കറികൃഷിയില്‍ വിജയം സുനിശ്ചിതം.

കലൂരിലെ ഈഡന്‍ ഗാര്‍ഡന്‍സിന്റെ അടുക്കളയില്‍ കുറേ നാളായി പുറത്തുനിന്നുള്ള പച്ചക്കറികള്‍ക്ക് പ്രവേശനമില്ല. മുറ്റത്തിന്റെ ചെറിയ ചുറ്റളവില്‍ വീട്ടമ്മ അന്ന ഈഡന്‍ നട്ടുനനച്ച് വളര്‍ത്തുന്നുണ്ട് ഒട്ടുമിക്ക പച്ചക്കറികളും.
'ഇപ്പോള്‍ സവാളയും ഉള്ളിയും മാത്രമാണ് പുറത്തുനിന്ന് വാങ്ങുന്നത്. പച്ചക്കറിയെല്ലാം ഞങ്ങള്‍ക്ക് ഈ മുറ്റത്ത് നിന്നുതന്നെ കിട്ടും' അന്നയുടെ പച്ചക്കറിത്തോട്ടത്തിന് ഭര്‍ത്താവ് ഹൈബി ഈഡന്‍ എം.എല്‍.എ.യുടെ സര്‍ട്ടിഫിക്കറ്റ്.   
പച്ചക്കറി കൃഷി തുടങ്ങിയിട്ട് മൂന്ന് വര്‍ഷത്തിലേറെയായെങ്കിലും വിളവെടുപ്പൊക്കെ ഗംഭീരമാകുന്നത് ഇപ്പോഴാണ്. വീടിനരികിലെ സ്ഥലത്ത് നൂറ് ബാഗുകളിലായി വളര്‍ത്തിയിരുന്ന കൂര്‍ക്ക വിളവെടുത്തത് കഴിഞ്ഞ ദിവസമാണ്. 64 കിലോ കിട്ടി. പയറും പാവയ്ക്കുമെല്ലാം ഇക്കുറി നല്ല വിളവുതന്നെ നല്‍കി. കാന്താരി, വഴുതന, കാബേജ്, മത്തങ്ങ, വെള്ളരി, മുരിങ്ങാക്കായ, തക്കാളി, പച്ചമുളക്, േചമ്പ്, പപ്പായ, കപ്പ, ചീര എന്നിങ്ങനെ പച്ചക്കറികളുടെ നിര നീളും. ഏറെയും ഗ്രോബാഗില്‍ തന്നെയാണ് വളരുന്നത്. 
അഞ്ചേമുക്കാല്‍ സെന്റ് സ്ഥലത്താണ് വീട്. വീടുകഴിഞ്ഞുള്ള ഓരോ ഇഞ്ച് സ്ഥലവും കൃഷിക്കായി ഉപയോഗിക്കുന്നു. ഒപ്പം നാടന്‍ കോഴികളെയും അലങ്കാര കോഴികളെയും വളര്‍ത്തുന്നുണ്ട്. കോഴിക്കാഷ്ഠവും ചെടികള്‍ക്ക് വളമാകുന്നു. 
ചുവന്ന മണ്ണും ഗ്രാവലും കുമ്മായവും ചകിരിച്ചോറും കപ്പലണ്ടിപ്പിണ്ണാക്കും വേപ്പിന്‍ പിണ്ണാക്കുമെല്ലാം നിശ്ചിത അനുപാതത്തില്‍ യോജിപ്പിച്ചാണ് ഗ്രോബാഗില്‍ നിറയ്ക്കുന്നത്. മുളപ്പിച്ച ചെടികള്‍ പിന്നീട് ഇതിലേക്ക് നടും. കീട നിയന്ത്രണത്തിന് കപ്പലണ്ടി പിണ്ണാക്കും വേപ്പെണ്ണയും തുടങ്ങി ഗോമൂത്രം വരെ  ഉപയോഗിക്കുന്നുണ്ട്. കപ്പലണ്ടി പിണ്ണാക്ക് കലക്കിയതിന്റെ തെളിവെള്ളത്തില്‍ ഗോമൂത്രം ചേര്‍ത്ത് ഒഴിക്കുന്നത്‌ െചടികള്‍ക്ക് നല്ലതാണെന്ന് അന്ന പറയുന്നു. വേപ്പെണ്ണ എല്ലാ ആഴ്ചയിലും ചെടികള്‍ക്ക് തളിക്കും. വെളുത്തുള്ളി അരച്ച് പേസ്റ്റ് രൂപത്തിലാക്കി വെള്ളത്തില്‍ കലക്കി തളിക്കുന്നതും ചെടികളുടെ വളര്‍ച്ചയ്ക്കും കീടനിയന്ത്രണത്തിനും ഗുണം ചെയ്യും. കാന്താരിമുളകും വെളുത്തുള്ളിയും അരച്ച് കഞ്ഞിവെള്ളത്തില്‍ ചേര്‍ത്തും ചെടികള്‍ക്ക് തളിക്കാറുണ്ട്. പൂര്‍ണമായും ജൈവവളങ്ങളും കീടനിയന്ത്രണ മാര്‍ഗങ്ങളുമാണ് ഉപയോഗിക്കുന്നത്. 
എറണാകുളം ഗവ. ലോ കോളേജില്‍ എല്‍.എല്‍.ബി. രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അന്ന. മൂന്നുവയസ്സുകാരി മകള്‍ ക്ലാരയ്ക്കും പഠനത്തിനുമിടയിലുള്ള സമയമാണ് കൃഷിയ്ക്കായി അന്ന മാറ്റിവയ്ക്കുന്നത്. തിരക്കുകള്‍ക്കിടയിലാണെങ്കിലും ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയുമുണ്ടെന്ന് അന്നയുടെ വാക്കുകള്‍.

തിരിനന സംവിധാനമൊരുക്കിയ മട്ടുപ്പാവിലെ പച്ചക്കറി കൃഷി

കോഴിക്കോട്: കുടിവെള്ളത്തിനുപോലും ബുദ്ധിമുട്ടുന്ന വേനല്‍ക്കാലത്ത് കൃഷിക്കായി വെള്ളം കണ്ടത്തെുക അതിലേറെ പ്രയാസം. എന്നാല്‍, ജലവിനിയോഗം പരമാവധി കുറക്കുന്ന തിരിനനയിലൂടെ വേനലിലും മട്ടുപ്പാവിലെ കൃഷിയെ മികച്ച രീതിയില്‍ പരിപാലിക്കാം. ജലദുര്‍വിനിയോഗത്തിനും പ്ളാസ്റ്റിക് മാലിന്യത്തിനും പരിഹാരമാകുന്ന തിരിനന കൃഷി കേരളം മുഴുവന്‍ വ്യാപിക്കുകയാണ്. തിരിനനയുടെ സംരംഭകനായ കോഴിക്കോട് എടച്ചേരി താഴം വീട്ടില്‍ പി. സതീഷ്കുമാര്‍ ഇതിനകം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 40,000ത്തിലധികം തിരികള്‍ നല്‍കിക്കഴിഞ്ഞു. ജില്ലയില്‍ മാത്രം 25,000 തിരികള്‍ മട്ടുപ്പാവ് കൃഷിക്കായി നല്‍കിയിട്ടുണ്ട്.
തിരിനനയിലൂടെ ഗ്രോബാഗില്‍ ദിവസവും ഒരു ലിറ്റര്‍ വെള്ളം ലാഭിക്കാം. നാലു ദിവസത്തോളം വെള്ളം നനക്കാതെതന്നെ ഗ്രോ ബാഗിലെ ചെടിയില്‍ ഈര്‍പ്പം നിലനില്‍ക്കുകയും ചെയ്യും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങി വിവിധ ജില്ലകളിലുള്ള ജലവിനിയോഗ കര്‍മസേനയിലൂടെയാണ് എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന തിരിനന കൃഷി പ്രചരിക്കുന്നത്. സെന്‍റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്‍റ് ആന്‍ഡ് മാനേജ്മെന്‍റ് (സി.ഡബ്ള്യു.ആര്‍.ഡി.എം) ആണ് തിരിനന ജലസേചന രീതി പരിചയപ്പെടുത്തുന്നത്. നേരിട്ടുള്ള നനയിലും തുള്ളിനനയിലും ജലം ഒരുപാട് പാഴായിപ്പോകാറുണ്ട്. ഇത്തരത്തില്‍  നനക്കുന്നതിലെ പോരായ്മകള്‍ പരിഹരിക്കുന്നതാണ് തിരിനന. മട്ടുപ്പാവ് കൃഷിക്കാണ് തിരിനന ഏറ്റവും ഫലപ്രദം. ഓരോ തുള്ളി ജലത്തില്‍നിന്നും കൂടുതല്‍ ഉല്‍പാദനം ലക്ഷ്യമിട്ടുള്ള തിരിനന ഇന്ന് ഭൂരിപക്ഷം വീടുകളിലും വ്യാപകമാണ്. 11 നിലകളിലുള്ള കെട്ടിടത്തിനു മുകളിലെ ടെറസില്‍പോലും വിജയകരമായി തിരിനന കൃഷി ഒരുക്കിയിട്ടുണ്ട് സതീഷ്കുമാര്‍. ചെടികള്‍ക്കാവശ്യമായ വെള്ളം നേരിട്ട് ചെടിയുടെ വേരിലേക്കത്തെിച്ചുള്ള കൃഷിരീതിയാണിത്. ഇതിലൂടെ ആവശ്യമുള്ളത്ര വെള്ളം ചെടിതന്നെ വലിച്ചെടുക്കും. ഗ്ളാസ് വൂള്‍, നൈലോണ്‍ വല എന്നിവ ഉപയോഗിച്ച് 30 സെന്‍റിമീറ്റര്‍ നീളം വരുന്ന തിരി ആദ്യം നിര്‍മിക്കും. ഗ്രോബാഗിന്‍െറ അടിഭാഗത്ത് ഒരു ദ്വാരമുണ്ടാക്കി ഒരു തിരി ഉപയോഗിച്ച് താഴെയുള്ള പ്ളാസ്റ്റിക് കുപ്പിയിലേക്ക് ഇറക്കിവെക്കും. ബാഗിന്‍െറ പകുതിയോളം ഭാഗത്തേക്ക് തിരി ഇറങ്ങണം. രണ്ടു ലിറ്ററിന്‍െറ ശീതളപാനീയത്തിന്‍െറ കുപ്പി ഇതിനായി ഉപയോഗിക്കാം. പി.വി.സി പൈപ്പും ഇതിനായി ഉപയോഗിക്കാം. കുപ്പിയുടെ മുകള്‍ഭാഗത്ത് വെള്ളം നിറക്കാന്‍ ദ്വാരമിടണം. ചെടി വേണ്ടത്ര വെള്ളം വലിച്ചെടുക്കും. ഇതിലൂടെ വെള്ളം ബാഗിലെ മണ്ണിലത്തെുന്നതിനാല്‍ മണ്ണില്‍ എപ്പോഴും ഈര്‍പ്പമുണ്ടായിരിക്കും. ചന്തയില്‍നിന്ന് ലഭിക്കുന്ന വിഷം തളിച്ച കറിവേപ്പിലയും മല്ലിച്ചപ്പുമെല്ലാം തിരിനനയിലൂടെ എളുപ്പത്തില്‍ കൃഷിചെയ്യാം. ഗ്രോ ബാഗിന് പകരം പ്ളാസ്റ്റിക് കുപ്പിയില്‍ തന്നെ ചെടി വളര്‍ത്തുന്നതാണ് തിരിനനയിലൂടെ ഏറ്റവും പുതിയ രീതി. ചെലവും അധ്വാനവും കുറവും ഒപ്പം പ്ളാസ്റ്റിക് കുപ്പികളുടെ പുനരുപയോഗ സാധ്യതയും തിരിനനയിലൂടെ വര്‍ധിക്കുന്നു. ജലവിനിയോഗ കര്‍മസേനയുടെ സേവനമാവശ്യമുള്ളവര്‍ക്ക് 9446695744 നമ്പറില്‍ ബന്ധപ്പെടാം.

ടെറസ്സിലെ കൃഷി - കൃഷിക്കനുയോജ്യമായ ഇനങ്ങള്‍

ചീര
അരുണ്‍, കണ്ണാറ ലോക്കല്‍ (ചുവപ്പ്)
മോഹിനി, ഇഛ1, ഇഛ2, ഇഛ3 (പച്ച)
വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെങ്കിലും ശക്തമായ മഴക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് കീടരോഗബാധ കൂടുതലാണെങ്കിലും കൃഷി ചെയ്യാം. ഏറ്റവും നല്ല നടീല്‍ സമയം ജനുവരി മാസമാണ്.

വെണ്ട
സല്‍കീര്‍ത്തി, അര്‍ക്ക, അനാമിക (പച്ച, നീളമുള്ളത്)
അരുണ ( ചുവപ്പ്, നീളമുള്ളത്)
മഴക്കാല കൃഷിക്ക് നല്ല വിളവ് ലഭിക്കും. വേനല്‍ക്കാലത്ത് മഞ്ഞളിപ്പ് സാധ്യത കൂടുതലാണ്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വിളവ് കുറവാണ്. വിത്തു വിതച്ച് 45ാം ദിവസം ആദ്യ വിളവെടുപ്പ് നടത്താം. അര്‍ക്ക, അനാമികക്ക് ശാഖകളില്ലാത്തതിനാല്‍ അടുത്തടുത്ത് നടാം.

മുളക്
അനുഗ്രഹ (പച്ചനിറം, എരിവ് കുറവ്)
ഉജ്ജ്വല (ചുവപ്പ് നിറം, എരിവു കൂടുതല്‍)
മെയ് മാസമാണ് കൃഷിക്കനുയോജ്യം. തണല്‍സ്ഥലത്ത് നല്ല കരുത്തോടെ വളരുകയും വിളവ് തരുകയും ചെയ്യും.

വഴുതന (കത്തിരി)
ശ്വേത (വെളുത്തത്, ഇടത്തരം നീളം)
ഹരിത (ഇളം പച്ച, നീളമുള്ളത്)
നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്)
രണ്ടു വര്‍ഷം വരെ വിളവെടുക്കാം. മെയ്, ജൂണ്‍ മാസമാണ് ഏറ്റവും ഉചിതം. ഹരിത നടുമ്പോള്‍ ചെടികള്‍ തമ്മിലുള്ള അളവ് കൂടിയാല്‍ പൂവിടുന്നതിന്റെയും കായ് പിടിക്കുന്നതിന്റെയും അളവ് കൂട്ടാം.

പയര്‍
വള്ളിപ്പയര്‍ (ലോല, വൈജയന്തി, ശാരിക, മല്ലിക)
കുറ്റിപ്പയര്‍ (കനകമണി, ഭാഗ്യലക്ഷി)
കുഴിപ്പയര്‍/തടപ്പയര്‍ (അനശ്വര)
വര്‍ഷം മുഴുവന്‍ കൃഷിചെയ്യാന്‍ പറ്റുന്ന പച്ചക്കറിയാണിത്. വള്ളിപ്പയര്‍ നടാന്‍ ഉചിതം ആഗസ്‌റ് സെപ്തംബര്‍. മഴക്കാലത്ത് ചെടി തഴച്ച് വളരുമെങ്കിലും വിളവ് കുറവാണ്.

അമരപ്പയര്‍
ഹിമ (ഇളം പച്ച, നീണ്ടു പരന്നത്)
ഗ്രേസ് (ചുവപ്പ് നിറം, നീണ്ടു പരന്നത്)
ജൂലൈ ആഗസ്‌റ് മാസമാണ് കൃഷിക്കേറ്റവും അനുയോജ്യം.

കോവല്‍

സുലഭ (ഇളം പച്ച, വെളുത്ത വരകളോട് കൂടിയത്) വര്‍ഷം മുഴുവന്‍ കൃഷിചെയ്യാമെങ്കിലും ഏറ്റവും അനുയോജ്യം മെയ് മധ്യത്തോടെ.

പാവല്‍ (കൈപ്പ)
പ്രീതി (വെളുത്തതോ ഇളംപച്ചയോ നിറം)
പ്രിയ (പച്ച, നീണ്ടത്, മുള്ളുകളുള്ളത്)
പ്രിയങ്ക ( വെളുത്തത്, വലിപ്പമുള്ളത്)
വേനല്‍ക്കാല കൃഷി ഒഴിവാക്കുന്നതാണ് നല്ലത്. ആദ്യത്തെ 34 വിളവെടുപ്പിന് പ്രീതിയുടെ വലിപ്പം കുറവാണെങ്കിലും പിന്നീട് നല്ല വലിപ്പം ഉണ്ടാകും. ജനുവരി, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളാണ് കൃഷിക്കനുയോജ്യം.

പടവലം
കൌമുദി (ശരാശരി ഒരു മീറ്റര്‍ വലിപ്പമുള്ള വെളുത്ത കായ്കള്‍)
ബേബി (വെളുത്തതും ഒരടി നീളവും)
മെയ് ജൂണ്‍ സെപ്തംബര്‍ ഡിസംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം.

കുമ്പളം
കെ.എ.യു ലോക്കല്‍ (എളവന് പച്ച നിറം, മൂക്കുമ്പോള്‍ ചാരനിറം. നീണ്ടുരുണ്ടത്)
ഇന്ദു (ഇടത്തരം വലിപ്പം, ഉരുളന്‍ കായ്കള്‍)
ജൂണ്‍, ആഗസ്‌റ്, സെപ്തംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം

മത്തന്‍
അമ്പിളി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)
സുവര്‍ണ (ഇടത്തരം വലിപ്പം, പരന്നത്, ഉള്‍ക്കാമ്പിന് ഓറഞ്ചു നിറം)
ഏപ്രില്‍, ജൂണ്‍, ആഗസ്‌റ്, സെപ്തംബര്‍ മാസങ്ങള്‍ കൃഷിക്കനുയോജ്യം

ചുരക്ക
അര്‍ക്ക ബഹാര്‍ (ഇളംപച്ച, ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്കള്‍, ശരാശരി ഒരു കിലോ തൂക്കം)
സെപ്തംബര്‍, ഒക്ടോബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൃഷിചെയ്യാം.

വെള്ളരി
വര്‍ഷം മുഴുവന്‍ കൃഷിചെയ്യാം. ജൂണ്‍, ആഗസ്‌റ്, ഫെബ്രുവരി, മാര്‍ച്ച് നല്ല നടീല്‍ സമയം.
മുടിക്കോട് ലോക്കല്‍ (വലിപ്പമുള്ളത്, ഇളം പ്രായത്തില്‍ പച്ചനിറം, മുക്കുമ്പോള്‍ സ്വര്‍ണനിറം)
സൌഭാഗ്യ (വലിപ്പം കുറഞ്ഞത്, കടും പച്ച നിറത്തില്‍ ഇളം പച്ച വരകളുള്ളത്)

തക്കാളി
അനഘ (ഇടത്തരം വലിപ്പം)
ശക്തി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)
മുക്തി (പച്ച നിറം)
സെപ്തംബര്‍ ഒക്ടോബര്‍ മാസം നല്ലത് നഴ്‌സറിയില്‍ മുളപ്പിച്ച തൈകള്‍ 20- 30 ദിവസം കഴിഞ്ഞ് പറിച്ചു നടാം.

ടെറസിലെ പച്ച മുളക് കൃഷി രീതിയും പരിപാലനവും

ഇന്ത്യന്‍ പച്ച മുളക് സൗദി സര്‍ക്കാര്‍ നിരോധിച്ച വാര്‍ത്ത‍ നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. അനുവദനീയമായതിലും അധികം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. കയറ്റുമതി ചെയ്യുന്ന ഇനങ്ങളില്‍ ഇതാണ് അവസ്ഥയെങ്കില്‍ നമുക്ക് ലഭിക്കുന്നതിന്റെ നിലവാരം ഊഹിച്ചു നോക്കുക. അധികം ബുദ്ധിമുട്ട് ഒന്നുമില്ലാതെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് പച്ച മുളക്. നമുക്കു എല്ലാ ദിവസവും വേണ്ട ഒരു പച്ചക്കറിയും കൂടിയാണ് പച്ച മുളക്.

പച്ച മുളക് പ്രധാന ഇനങ്ങള്‍

അനുഗ്രഹ – (പച്ചനിറം, എരിവ് കുറവ്)
ഉജ്ജ്വല – (ചുവപ്പ് നിറം, എരിവു കൂടുതല്‍)

മഞ്ജരി , ജ്വാലാമുഖി എന്നിവയും മികച്ചയിനം പച്ച മുളക് ആണ്. മെയ് മാസം ആണ് പച്ച മുളക് കൃഷിക്കു ഏറ്റവും അനുയോജ്യം. മെയ്‌ – ജൂണ്‍ , ആഗസ്റ്റ്‌ – സെപ്റ്റബര്‍ , ഡിസംബര്‍ – ജനുവരി ആണ് കൃഷി ചെയ്യാന്‍ ഏറ്റവും ഉത്തമം.

പച്ച മുളക്

വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക, വിത്ത് ലഭ്യത ആണ് നിങ്ങളുടെ പ്രശ്നം എങ്കില്‍ ഒരു വഴിയുണ്ട്. വീട്ടില്‍ വാങ്ങുന്ന ഉണക്ക മുകളില്‍ നല്ലത് നോക്കി ഒന്നെടുക്കുക, അതിലെ അരികള്‍ പാകാന്‍ ആയി എടുക്കാം. പാകുന്നതിനു മുന്‍പ് അര മണിക്കൂര്‍ വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു വെക്കുന്നത് നല്ലതാണ്. വിത്തുകള്‍ വേഗം മുളച്ചു വരാനും രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും. സ്യൂഡോമോണോസ് പൊടി രൂപത്തിലും ദ്രാവക രൂപത്തിലും വിപണിയില്‍ ലഭ്യമാണ്. ദ്രാവക രൂപത്തിലുള്ളതിനു വില കൂടുതല്‍ ആണ്. വങ്ങുമ്പോള്‍ ഉത്പാദന ഡേറ്റ് നോക്കി വാങ്ങണം, നിശ്ചിത കാലയളവിനുള്ളില്‍ ഇത് ഉപയോഗിച്ചു തീര്‍ക്കേണ്ടാതാണ്. വിത്തില്‍ മുക്കി വെക്കാന്‍ മാത്രമല്ല, തൈകള്‍ പറിച്ചു നടുമ്പോള്‍ വേരുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ മുക്കി നടുന്നതും നല്ലതാണ്. കൂടാതെ രണ്ടാഴ്ച കൂടുമ്പോള്‍ ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം.

വിത്തുകള്‍ പാകിയ ശേഷം മിതമായി നനച്ചു കൊടുക്കണം. രണ്ടു മൂന്നു ആഴ്ച പാകമാകുമ്പോള്‍ പറിച്ചു നടാം. ടെറസ്സില്‍ ആകുമ്പോള്‍ ഗ്രോ ബാഗ്‌ ആണ് നല്ലത്. ഗ്രോ ബാഗ്‌ , ഗ്രോ ബാഗിലെ കൃഷി രീതി, നടീല്‍ മിശ്രിതംഇവ ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. മണ്ണും ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം , ഉണങ്ങിയ കരിയില ഇവ ഉപയോഗിച്ചു ഗ്രോ ബാഗ്‌ കൃഷി തയ്യാറാക്കാം. മണ്ണ് ലഭിക്കാന്‍ പ്രയാസം ആണെങ്കില്‍ചകിരിചോര്‍ ഉപയോഗിക്കാം, അതിന്‍റെ വിവരം ഇവിടെ ചേര്‍ത്തിട്ടുണ്ട്. കൂടാതെ സി പോം എന്ന കയര്‍ബോര്‍ഡിന്റെ ജൈവ വളം, കയര്‍ഫെഡ് ഇറക്കുന്ന ജൈവ വളം ഇവയും ഉപയോഗിക്കാം. നടീല്‍ മിശ്രിതത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് കൂടി ചേര്‍ക്കുന്നത് നല്ലതാണ്.

തൈകള്‍ വളര്‍ന്നു വരുന്ന മുറയ്ക്ക് വളപ്രയോഗം നടത്തുക കൂടാതെ ആവശ്യത്തിനു നനയ്ക്കുക. ” ഗ്രോ ബാഗിലെ വളപ്രയോഗം – ടെറസ് കൃഷിയിലെ വളപ്രയോഗം ” നോക്കുക. പച്ച മുളക് കൃഷിയിലെ പ്രധാന ശത്രു മുരടിപ്പ് രോഗമാണ്. ടെറസ്സില്‍ വളര്‍ത്തിയ പച്ച മുളകുകള്‍ക്ക് മുരടിപ്പ് അധികം ബാധിച്ചു കണ്ടിട്ടില്ല. ഇവിടെ കൊടുക്കുന്നത് എന്റെ പച്ച മുളക് കൃഷിയുടെ ചിത്രങ്ങള്‍ ആണ്. ഒരു രാസ വളവും കീടനാശിനിയും ഇല്ലാതെ നന്നായി കൃഷി ചെയ്യുന്നു. ചെടികള്‍ വളര്‍ന്നു വരുമ്പോള്‍ താങ്ങ് കൊടുക്കണം, അല്ലെങ്കില്‍ മറിഞ്ഞു വീഴും.

ഇഞ്ചി ഗ്രോ ബാഗില്‍ തികച്ചും ജൈവ രീതിയില്‍ എങ്ങിനെ കൃഷി ചെയ്യാം

Ginger In Grow Bag

ഇഞ്ചി വളരെയെളുപ്പത്തില്‍ നമുക്ക് ഗ്രോ ബാഗില്‍ കൃഷി ചെയ്യാം, ഗ്രോ ബാഗിന് പകരം ചെടിച്ചട്ടി, പ്ലാസ്റ്റിക്‌ ചാക്ക് , കവര്‍ ഒക്കെയും ഇതിനായി ഉപയോഗിക്കാം. ഒരു കാര്യം ഓര്‍മ്മ വെക്കുക മണ്ണില്‍ കൃഷി ചെയ്യാന്‍ ബുദ്ധി മുട്ടുള്ളവര്‍ മാത്രം ടെറസ് കൃഷി അവലംബിക്കുന്നതാണ് നല്ലത്. സ്ഥല പരിമിതി, സൂര്യ പ്രകാശം ലഭിക്കാതെ വരിക, തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് അവരുടെ മട്ടുപ്പാവ് / ടെറസ് കൃഷിക്കായി ഉപയോഗപെടുത്താം. ഗ്രോ ബാഗ് എന്താണെന്നു അതിന്റെ മേന്മകളും നമ്മള്‍ വളരെയധികം തവണ ചര്‍ച്ച ചെയ്തതാണ്. ഗ്രോ ബാഗില്‍ എന്തൊക്കെ കൃഷി ചെയ്യാം എന്നും , അവയിലെ നടീല്‍ മിശ്രിതം എന്തൊക്കെയാണെന്നും കുറെയധികം തവണ ഇവിടെ പോസ്റ്റ്‌ ചെയ്തതാണ്.

ഇഞ്ചിയുടെ നടീല്‍ വസ്തു അതിന്റെ ഭൂകാണ്ഡമാണ് , രോഗ കീട വിമുക്തമായ വിത്തിഞ്ഞിയാണ് നടുന്നത്. നീര്‍വാര്‍ച്ചയുള്ള (വെള്ളം കെട്ടി നില്‍ക്കാത്ത) മണ്ണാണ് ഇഞ്ചി കൃഷിക്ക് അനുയോജ്യം. വെള്ളം കെട്ടി നിന്നാല്‍ ചീഞ്ഞു പോകാന്‍ സാധ്യതയുണ്ട്, ഇഞ്ചി കൃഷിയിലെ പ്രധാന വില്ലന്‍ ആണ് ചീയല്‍ രോഗം. കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ കുറച്ചു ഗ്രോ ബാഗുകളില്‍ ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്. നല്ല വിളവാണ് ലഭിച്ചത്, ഇത്തവണയും കുറച്ചു ഇഞ്ചി നട്ടിട്ടുണ്ട് ഗ്രോ ബാഗുകളില്‍. മേല്‍ മണ്ണിനൊപ്പം ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം/ചാണകപ്പൊടി ,വേപ്പിന്‍ പിണ്ണാക്ക്, എല്ല് പൊടി ഇവ ചേര്‍ത്ത് ഇളക്കും. മണ്ണ് നിറച്ച ശേഷം 3-4 ഇഞ്ചി അതില്‍ നടുന്നു, വല്ലപ്പോഴും കുറച്ചു പച്ച ചാണകം കലക്കി ഒഴിച്ച് കൊടുക്കും. വേറെ വളപ്രയോഗം ഒന്നും ചെയ്യാറില്ല.

ഇഞ്ചി കൃഷി ചെയ്യുന്നത് മേയ് മാസം പകുതി കഴിഞ്ഞാണ്, മഴയ ആശ്രയിച്ച കൃഷി രീതിയാണ്‌. സ്യൂഡോമോണാസ് ഇടയ്ക്ക് കൊടുക്കാറുണ്ട്, കലക്കി ഒഴിച്ച് കൊടുക്കും. കാര്യമായ കേട് ബാധയൊന്നും ഗ്രോ ബാഗിലെ ഇഞ്ചി കൃഷിയില്‍ കണ്ടിട്ടില്ല. നിങ്ങള്‍ക്കും പരീക്ഷിച്ചു നോക്കാം, നല്ല വിളവു ലഭിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഏതാണ്ട് ആറു മാസം കൊണ്ട് നമുക്ക് ഇഞ്ചി വിളവെടുക്കാം. കൂടുതല്‍ ജൈവ കൃഷി വാര്‍ത്തകള്‍ക്കും കൃഷി രീതികള്‍ക്കും ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യുക.

പച്ചക്കറി വിളകകള്‍ നടേണ്ട അകലം

പച്ചക്കറി ചെടികള്‍ നടേണ്ട അകലവും ഇനങ്ങളും താഴെ കൊടുത്തിരിക്കുന്നു. ചീര, വെണ്ട, മുളക് , വഴുതന , തക്കാളി , കുറ്റിപ്പയര്‍ , പാവല്‍ , വെള്ളരി , മത്തന്‍ , പടവലം തുടങ്ങിയവ.

പച്ചക്കറി വിളയുടെ പേര്

അകലം

ഇനങ്ങള്‍

1

ചീര

30*20 സെന്റീമീറ്റര്‍

അരുണ്‍ , കണ്ണാറ ലോക്കല്‍ , മോഹിനി , രേണുശ്രീ , കൃഷ്ണ ശ്രീ

2

വെണ്ട

60*30 സെന്റീമീറ്റര്‍

അര്‍ക്ക അനാമിക , കിരണ്‍ , സുസ്ഥിര , അരുണ , അന്ജിത , മഞ്ജിമ

3

മുളക്

45*45 സെന്റീമീറ്റര്‍

വെള്ളായണി അതുല്യ , ഉജ്വല , അനുഗ്രഹ , ജ്വാലാമുഖി , ജ്വാലാ സഖി

4

വഴുതന

75*60 സെന്റീമീറ്റര്‍

സൂര്യ , ശ്വേത , ഹരിത , നീലിമ

5

തക്കാളി

60*60 സെന്റീമീറ്റര്‍

ശക്തി , മുക്തി , അനഘ , വെള്ളായണി വിജയ്‌

6

കുറ്റിപ്പയര്‍

45*30 സെന്റീമീറ്റര്‍

അനശ്വര , ഭാഗ്യലക്ഷ്മി , കനകമണി

7

പാവല്‍

2*2 മീറ്റര്‍

പ്രിയ , പ്രീതി , പ്രിയങ്ക

8

വെള്ളരി

2*1.5 മീറ്റര്‍

മുടിക്കോട് , സൗഭാഗ്യ , അരുണിമ

9

മത്തന്‍

4.5*2 മീറ്റര്‍

അമ്പിളി , സുവര്‍ണ്ണ , സരസ്

10

പടവലം

2*2 മീറ്റര്‍

ബേബി , കൌമുദി , ടി എ 19

ഗ്രോ ബാഗിലെ വളപ്രയോഗം – എന്തൊക്കെ വളം ഉപയോഗിക്കാം

ഗ്രോ ബാഗ്‌ , നടീല്‍ മിശ്രിതം , കൊക്കോ പീറ്റ് ഉപയോഗിച്ചുള്ള കൃഷി രീതി , ഇവയൊക്കെ നേരത്തെ തന്നെ പറഞ്ഞതാണ്‌. ഇനി നമുക്ക് ഗ്രോ ബാഗിലെ വളപ്രയോഗം എങ്ങിനെയെന്ന് നോക്കാം. രാസ വളവും കീടനാശിനിയും ടെറസ്സ് കൃഷിയില്‍ പാടെ ഒഴിവാക്കണം എന്ന് നേരത്തെ സൂചിപ്പിച്ചതാണല്ലോ, ടെറസിനു കേടു വരാതെ സൂക്ഷിക്കാന്‍ ആണ് ഈ മുന്‍കരുതല്‍. ഗ്രോ ബാഗില്‍ നടീല്‍ മിശ്രിതം നിറയ്ക്കുമ്പോള്‍ കുറച്ചു ഉണങ്ങിയ കരിയില കൂടി ചേര്‍ത്ത് നിറയ്ക്കുന്നത് നല്ലതാണ്. കരിയില പതുക്കെ പൊടിഞ്ഞു മണ്ണോടു ചേര്‍ന്ന് ചെടിക്ക് വളമാകും. കൂടാതെ ഉണങ്ങിയ ചാണകപ്പൊടി , ഉണങ്ങിയ ആട്ടിന്‍ കഷ്ട്ടം , കുറച്ചു എല്ലുപൊടി , വേപ്പിന്‍ പിണ്ണാക്ക് ഇവ കൂടി ചേര്‍ക്കാം. ഇവയൊക്കെ ചേര്‍ത്താല്‍ അത്യാവശ്യം നല്ല വളം ആയി. ഇനി ഇടയ്ക്കിടെ ചെടിയുടെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ വേണ്ടവ നല്‍കാം.

കൃഷി തുടങ്ങി ആദ്യ ഒന്ന്-രണ്ടാഴ്ച വള പ്രയോഗം വേണ്ടെന്നു വെക്കാം, അതായതു വിത്ത് മുളച്ചു തൈ ആകുന്ന സമയം. ഈ സമയം കൃത്യമായ ജലസേചനം ഒക്കെ ചെയ്തു ചെടി ആരോഗ്യത്തോടെ വളരാന്‍ അവസരം ഉണ്ടാക്കുക. വേണമെങ്കില്‍ ഈ സമയം ആഴ്ചയില്‍ ഒരു തവണ സ്യുഡോമോണസ് ലായനി ഒഴിച്ച് കൊടുക്കാം (സ്യുഡോമോണസ് ഇരുപത് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍). സ്യുഡോമോണസ് അടുത്തുള്ള വളം വില്‍ക്കുന്ന കടകളില്‍ ലഭ്യമാണ്. സ്യുഡോമോണസ് തപാലില്‍ ലഭിക്കുന്നതാണ്,

ടെറസ് കൃഷി

ഫിഷ്‌ അമിനോ ആസിഡ് പോലെയുള്ള ദ്രവ രൂപത്തിലുള്ള വളങ്ങള്‍ ആഴ്ചയില്‍ ഒരു തവണ ചെടിയുടെ ചുവട്ടില്‍ ഒഴിച്ചും, ഇലകളില്‍ തളിച്ചും കൊടുക്കാം. വീട്ടില്‍ വാങ്ങുന്ന മത്തിയുടെ വേസ്റ്റ് ഉപയോഗിച്ചു വളരെ എളുപ്പത്തില്‍ ഫിഷ്‌ അമിനോ ആസിഡ് അഥവാ മതി പ്രോട്ടിന്‍ തയ്യാറാക്കാം.പ്രയോഗിക്കുമ്പോള്‍ ഏകദേശം ഇരുപത് മുതല്‍ നാല്‍പ്പതു ശതമാനം വരെ ഇരട്ടി വെള്ളം ചേര്‍ത്ത് വേണം ഒഴിച്ച്/തളിച്ച് കൊടുക്കാന്‍

കടല പിണ്ണാക്ക് – ചെടികള്‍ക്ക് ഏറ്റവും ആവശ്യമായിട്ടുള്ളത് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് (എന്‍.പി.കെ) എന്നിവയാണ്. ഇവ ധാരാളം അടങ്ങിയവയാണ് കടല പിണ്ണാക്ക്. പലചരക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കടല പിണ്ണാക്ക് ലഭിക്കും, വില ഏകദേശം കിലോയ്ക്ക് 40 രൂപയാണ്. ഒരു ചെടിക്ക് 25-50 ഗ്രാം ഒരു തവണ കൊടുക്കാം. വെറുതെ മുകളില്‍ ഇടരുത്, ഉറുമ്പ് എടുത്തു കൊണ്ട് പോകും. കൂടെ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് കൂടി ചേര്‍ത്ത് പൊടിച്ചു അല്‍പ്പം മണ്ണ് മാറ്റി ഇടാം, ഇട്ട ശേഷം മണ്ണിട്ട്‌ മൂടാം. ഇങ്ങിനെ രണ്ടാഴ്ച-മൂന്നാഴ്ച കൂടുമ്പോള്‍ കൊടുത്താല്‍ ചെടികള്‍ നല്ല ആരോഗ്യത്തോടെ വളരും. ഉണ്ടാകുന്ന കായകള്‍ക്കു രുചിയും കൂടും.

കടല പിണ്ണാക്ക് ദ്രവ രൂപത്തിലും ചെടികള്‍ക്ക് കൊടുക്കാം, ഇതിനായി കടല പിണ്ണാക്ക് കുറച്ചു വെള്ളത്തില്‍ ഇട്ടു 2-3 ദിവസം വെക്കുക. ശേഷം അതിന്റെ തെളി എടുത്തു നേര്‍പ്പിച്ചു ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം. ഇതേ പോലെ വേപ്പിന്‍ പിണ്ണാക്ക് 2 പിടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 2-3 ദിവസം ഇട്ടു വെച്ചത് ഊറ്റി നേര്‍പ്പിച്ചു ചെടികളില്‍ ഒഴിച്ച്/തളിച്ച് കൊടുക്കാം. കീടബാധക്കെതിരെ ഒരു മുന്‍കരുതല്‍ കൂടി ആകും ഇത്.

സി-പോം – കയര്‍ ബോര്‍ഡില്‍ നിന്നുമുള്ള 100 % പ്രകൃതിദത്തമായ ജൈവവളം വളരെ നല്ലതാണ്, വിലക്കുറവുള്ള ഈ വളം ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു. ചീര ഒക്കെ കൃഷി ചെയ്യാന്‍ ഏറ്റവും ബെസ്റ്റ് ആണ് ഇത്.

ഗ്രോ ബാഗിലെ വിത്ത് പാകലും മുളപ്പിക്കലും.

ഗ്രോ ബാഗില്‍ വിത്ത് പകാമോ ?. ഒരു സുഹൃത്ത്‌ ചോദിച്ച ചോദ്യം ആണ്. അങ്ങിനെയൊരു ചോദ്യത്തിന്റെ ആവശ്യം ഉണ്ടോ ?. തീര്‍ച്ചയായും പാകാം. ചീര, തക്കാളി, വെണ്ട, വഴുതന തുടങ്ങി എല്ലാം പാകി മുളപ്പിച്ചു പറിച്ചു നടാം. ചീര പാകാന്‍ ഏറ്റവും മികച്ച സ്ഥലം ആണ് ഗ്രോ ബാഗ്‌. ഇനി എങ്ങിനെ നടണം/പാകണം എന്ന് വിവരിക്കാം.

ഗ്രോ ബാഗ്‌ എന്താണെന്നും അതിലെ നടീല്‍ മിശ്രിതം എന്താണെന്നും ഒക്കെ പറഞ്ഞുവല്ലോ. . ഗ്രോ ബാഗ്‌ നടീല്‍ മിശ്രിതം നിറച്ചു റെഡി ആക്കുക. മുഴുവന്‍ ഭാഗവും നിറയ്ക്കണ്ട. കുറച്ചു ഇടഞ്ഞ മണ്ണും (അരിച്ചെടുത്തത്), ചാണകം ഭംഗിയായി പൊടിച്ചതും (അല്ലെങ്കില്‍ മണ്ണിര കമ്പോസ്റ്റ്) ചേര്‍ത്ത് ഇളക്കി ഗ്രോ ബാഗിന്റെ മുകള്‍ ഭാഗത്ത്‌ ഇടുക. ഇനി മണ്ണ് ഒന്ന് നനയ്ക്കാം. കുറച്ചു വെള്ളം തളിച്ച് മണ്ണ് നനക്കുക. സ്യുടോമോണസ് കലര്‍ത്തിയ വെള്ളം എങ്കില്‍ കൂടുതല്‍ നല്ലത്. സ്യുടോമോണസിനെ ക്കുറിച്ച് കൂടുതല്‍ ഉടനെ പോസ്റ്റ്‌ ചെയ്യാം. ഇനി നടേണ്ട വിത്തുകള്‍ അധികം ആഴത്തില്‍ ആകാതെ ഇടുക. വിത്തുകള്‍ ഒരുപാടു താണ് പോകരുത്. വെണ്ട, പയര്‍ പോലത്തെ വിത്തുകള്‍ കൃത്യമായ അകലം പാലിച്ചു ഇടുന്നതാണ് നല്ലത്.

ചീര, തക്കാളി , വഴുതന പോലത്തെ ചെറിയ വിത്തുകള്‍ ആകുമ്പോള്‍ , അവ ഇടഞ്ഞ മണ്ണ് ചേര്‍ത്ത് കലര്‍ത്തി വിതറാം. വിത്തുകള്‍ തമ്മില്‍ കുറച്ചു അകലം കിട്ടാന്‍ ഈ വിദ്യ ഉപകരിക്കും. വിത്തുകള്‍ നടുന്നതിന് മുന്‍പ് കുറച്ചു നേരം വെള്ളത്തില്‍ /സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് ഉപകരിക്കും. ചെറിയ വിത്തുകള്‍ ഒരു വെള്ള തുണിയില്‍ കെട്ടി വെള്ളത്തില്‍ /സ്യുടോമോണസ് ലായനിയില്‍ കേട്ടിയിടാം. വിത്തുകള്‍ വേഗം മുളക്കാനും കീടങ്ങളെ പ്രതിരോധിക്കാനും ഇത് ഉപകരിക്കും. നട്ടു കഴിഞ്ഞു കൃത്യമായി ജലസേചനം ചെയ്യണം. ചെറിയ മഗ്ഗില്‍ എടുത്തു തളിച്ച് കൊടുക്കുന്നതാണ് നല്ലത്. വെള്ളം ഒഴിക്കല്‍ ഒരുപാടാകരുത്. രാവിലെയും വൈകിട്ടും നനയ്ക്കാം. ചീര വിത കഴിഞ്ഞു ശ്രദ്ധിക്കണം. ഉറുമ്പ് കൊണ്ട് പോകാന്‍ സാധ്യത ഉണ്ട്. അത് ഒഴിവാക്കാന്‍, അല്‍പ്പം മണ്ണെണ്ണ/ഡീസല്‍ ഒരു തുണിയില്‍ മുക്കി ഗ്രോ ബാഗിന്റെ ചുറ്റും പുരട്ടുക. ഇങ്ങിനെ ചെയ്താല്‍ ഉറുമ്പ് അടുക്കില്ല. വളരെ കുറച്ചു അളവില്‍ എടുത്തു പുരട്ടിയാല്‍ മതി.

വിത്തുകള്‍ മുളച്ചു വരുമ്പോള്‍ വളം ഒന്നും ചേര്‍ക്കരുത്, നമ്മള്‍ ഇട്ട ചാണകപ്പൊടി ഒക്കെ മതി തൈകള്‍ കരുത്തോടെ വളരാന്‍ . രണ്ടാഴ്ച കഴിഞ്ഞു വേണമെങ്കില്‍ ചാണകപ്പൊടി/ മണ്ണിര കമ്പോസ്റ്റ് ഇട്ടു കൊടുക്കാം. മണ്ണിര കമ്പോസ്റ്റ് കിട്ടുന്നില്ല എങ്കില്‍ , നമ്മുടെ പറമ്പിലെ നാടന്‍ മണ്ണിര ഇടുന്ന വേസ്റ്റ് ഉപയോഗിക്കാം. അത് നന്നായി പൊടിച്ചു ഇട്ടു കൊടുക്കുക.

ഗ്രോ ബാഗിലെ നടീല്‍ മിശ്രിതം – ഗ്രോ ബാഗുകളില്‍ എന്ത് നിറയ്ക്കണം

കൃഷി ഭവന്‍ വഴി അഞ്ഞൂറ് രൂപയ്ക്ക് ഇരുപതു ഗ്രോ ബാഗ്‌ സ്കീമില്‍ ലഭിച്ചവര്‍ക്ക്, നടീല്‍ മിശ്രിതം നിറച്ചാണ് ലഭിക്കുക. അവര്‍ക്ക് നടീല്‍ മിശ്രിതം നിറയ്ക്കണ്ട കാര്യം ഒന്നും ഇല്ല.

ഗ്രോ ബാഗിലെ കൃഷി രീതി

ഗ്രോ ബാഗില്‍ ചെടിക്ക് വളരാന്‍ വേണ്ട മണ്ണ് ആണ് നിറയ്ക്കുക.ഗ്രോ ബാഗില്‍ മണ്ണ് മാത്രം മതിയോ ? – നന്നായി പൊടിച്ച ചാണകപ്പൊടി ചേര്‍ക്കാം. പച്ച ചാണകം ഇടരുത്. ചാരം ഒരു കാരണവശാലും ചേര്‍ക്കരുത്. കൂടാതെ ചകിരിച്ചോര്‍ മിക്സ്‌ ചെയ്യുന്നതും നല്ലതാണ്. സാദാരണ ചകിരി അല്ല, അത് ഉപയോഗിക്കരുത്. അതിനു പുളിപ്പ് കൂടുതല്‍ ആണ്. ചെടിക്ക് ദോഷം ചെയ്യും സാദാരണ ചകിരി. പ്രോസെസ്സ് ചെയ്ത ചകിരി പാക്കെറ്റില്‍ വാങ്ങാന്‍ കിട്ടും. അത് വെള്ളത്തില്‍ ഇട്ടു എടുക്കാം.. മണ്ണ്, ചാണകപ്പൊടി, ചകിരിചോര്‍ , ഇവ ഒരേ അനുപാതത്തില്‍ എടുക്കാം. ഒരു തവണത്തെ കൃഷിക്ക് ആവശ്യമായ് വളം അപ്പോള്‍ അതന്നെ അതില്‍ ആയി. കുറച്ചു വെപ്പിന്‍ പിണ്ണാക്ക് കൂടി മിക്സ്‌ ചെയ്താല്‍ നന്ന്. ഗ്രോ ബാഗില്‍ ആദ്യം കുറച്ചു ഈ മിക്സ്‌ ഇടുക (ഏകദേശം പകുതി വരെ), പിന്നെ ഇടയ്ക്ക് ഒരു പിടി വേപ്പിന്‍ പിണ്ണാക്ക് + എല്ല് പൊടി ഇടാം (പുട്ടിന് പീര പോലെ) , വീണ്ടും ബാക്കി മണ്ണ് ഇട്ടു ഗ്രോ ബാഗ്‌ നിറക്കുക. ചെടികള്‍ നടാന്‍ ഗ്രോ ബാഗ്‌ റെഡി ആയി.

ചാണകം അധികം ലഭ്യം അല്ലെങ്കില്‍ അടിയില്‍ മണ്ണ്/ചകിരി ചോറ് മിക്സ്‌ നിറച്ചു മുകള്‍ ഭാഗത്ത്‌ മാത്രം അല്‍പ്പം ഇട്ടു കൊടുക്കാം. മണ്ണിര കൊമ്പോസ്റ്റ് ലഭ്യമെങ്കില്‍ അതും ചേര്‍ക്കാം. കമ്പോസ്റ്റ് മുകള്‍ ഭാഗത്ത്‌ ഇട്ടു മണ്ണ് ഇളക്കുന്നതാണ് നല്ലത്. ഗ്രോ ബാഗില്‍ ചെടികള്‍ നന്നായി വളരും, അവയുടെ വേരുകള്‍ ബാഗ്‌ മുഴുവന്‍ വ്യാപിക്കും. അത് കൊണ്ട് കൃത്യമായി മേല്‍പ്പറഞ്ഞ അടിവളം ഉപയോഗിക്കുന്നത് അല്ലെങ്കില്‍ ചാണകപ്പൊടി മിക്സ്‌ ചെയ്യുന്നത് വളരെ ഉചിതം ആണ്. ചെടി വളര്‍ന്നു കഴിഞ്ഞു മണ്ണ് ഇളക്കി വളം ഇടാന്‍ പോയാല്‍ അവയുടെ വേരുകള്‍ മുറിയന്‍ സാധ്യത ഉണ്ട്.

ചാണകപ്പൊടി ഒക്കെ കിട്ടാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മണ്ണിര കമ്പോസ്റ്റ്, അല്ലെങ്കില്‍ പോട്ടിംഗ് മിക്സ്‌ ഉപയോഗിക്കാം. ഇവയുടെ ലഭ്യത അറിയാന്‍ അടുത്തുള്ള കൃഷി ഭവന്‍ സന്ദര്‍ശിക്കുക. അല്ലങ്കില്‍ നിങ്ങളുടെ അടുത്തുള്ള കൃഷി വിജ്ഞാന കേന്ദ്രം സന്ദര്‍ശിക്കുക.

എവിടെ ലഭിക്കും – വളം ഒക്കെ വില്‍ക്കുന്ന കടകളില്‍ ലഭ്യമാണ് , സ്റെര്‍ലിംഗ് കമ്പനിയുടെ ഫോണ്‍ നമ്പര്‍ താഴെ കൊടുക്കുന്നു , അവരെ വിളിച്ചു ചോദിച്ചാല്‍ നിങ്ങളുടെ അടുത്ത് എവിടെ ഇത് ലഭ്യം എന്ന് പറഞ്ഞു തരും. 04846583152, 04842307874, മൊബൈല്‍ – 91 9349387556

ഗ്രോ ബാഗിന്റെ മെച്ചം എന്താണ് ?, സാധാരണ പ്ലാസ്റ്റിക്‌ ചാക്കുകള്‍ , അല്ലെങ്കില്‍ കവറുകള്‍ പോരെ ?. ചോദ്യം ന്യായമാണ്. സാധരണ പ്ലാസ്റ്റിക്‌ ചാക്കുകള്‍ അല്ലെങ്കില്‍ കവറുകള്‍ ഉപയോഗിച്ച് പലരും കൃഷി ചെയ്തിട്ടുണ്ടാവാം, പക്ഷെ കുറെ കഴിയുമ്പോള്‍ അവ കീറി പോയി, എല്ലാരും കൃഷി തന്നെ മടുക്കും. ഗ്രോ ബാഗുകളുടെ പ്രസക്തി അവിടെയാണ്. അവ നന്നായി ഈട് നില്‍ക്കും.കീറി പോകും എന്ന പേടിയൊന്നും വേണ്ട. ഗ്രോ ബാഗുകളുടെ അക വശം കറുത്ത കളര്‍ ആണ്, ചെടികളുടെ വേരുകളുടെ വളര്‍ച്ചയെ അത് സഹായിക്കും. പുറത്തെ വെളുത്ത നിറം സൂര്യ പ്രകാശം കൂടുതല്‍ ആഗിരണം ചെയ്യിക്കുന്നു. ഗ്രോ ബാഗുകള്‍ അടിവശത്ത് തുളകള്‍ ഇട്ടാണ് വരുന്നത്, അത് കൊണ്ട് വാങ്ങിയ ശേഷം പ്രത്യേകിച്ച് ഇടണ്ട ആവശ്യം ഇല്ല.

ഗ്രോ ബാഗില്‍ എന്ത് നിറയ്ക്കാം, എങ്ങിനെ കൃഷി ചെയ്യാം ?

ഗ്രോ ബാഗ്‌ ആദ്യം അടിവശം കൃത്യമായി മടക്കി അതിന്റെ ഷേപ്പ് ആക്കുക. വളരെ ഈസി ആണ് അത്. ഗ്രോ ബാഗില്‍ മണ്ണ് നിറയ്ക്കുമ്പോള്‍ മുഴുവന്‍ നിറയ്ക്കരുത്. ഒരു മുക്കാല്‍ ഭാഗം മാത്രം നിറയ്ക്കുക, അടുത്ത ഭാഗം ഒഴിച്ചിടുക, വെള്ളവും, വളവും നല്കാന്‍ അത് ആവശ്യമാണ്. മുകള്‍ ഭാഗം കുറച്ചു മടക്കി വെക്കുന്നത് നല്ലതാണ്. ഗ്രോ ബാഗില്‍ മണ്ണ് നിറയ്ക്കാം. മണ്ണ് നന്നായി ഇളക്കി, കല്ലും കട്ടയും കളഞ്ഞു എടുക്കുക. മണ്ണ് കുറച്ചു ദിവസം വെയില് കൊള്ളിക്കുന്നത്‌ നല്ലതാണ്. തക്കാളി നടുമ്പോള്‍ മണ്ണ് വെയില് കൊള്ളിക്കുന്നത്‌ വളരെ നല്ലതാണ്.

ഗ്രോ ബാഗില്‍ എന്തൊക്കെ നടാം

പയര്‍ , പാവല്‍ , ചീര , തക്കാളി , ഇഞ്ചി, കാച്ചില്‍ , ബീന്‍സ് ,കാബേജ് , കോളി ഫ്ലവര്‍ , ക്യാരറ്റ് , പച്ച മുളക്, ചേന ,കാച്ചില്‍ , കപ്പ , വേണ്ട തുടങ്ങി എന്തും ഗ്രോ ബാഗില്‍ നടാം.

ഗ്രോ ബാഗ്‌ മട്ടുപ്പാവില്‍ വെക്കുമ്പോള്‍ , അടിയില്‍ രണ്ടു ഇഷ്ട്ടിക ഇട്ടു വേണം വെക്കാന്‍ , അധികം ഒഴുകി ഇറങ്ങുന്ന വെള്ളം ആ ഇഷ്ട്ടിക ആഗിരണം ചെയ്യും. ടെറസ് കേടു വരുകയില്ല. ഗ്രോ ബാഗില്‍ രാസവളം, രസ കീടനാശിനി ഇവ ഒഴിവാക്കുന്നതാണ് ഉചിതം. ടെറസ് കേടു വരാതെ സൂക്ഷിക്കാന്‍ ഈ പറഞ്ഞ രണ്ടും ഒഴിവാക്കാം. പൂര്‍ണമായ ജൈവ കൃഷി ആണെങ്കില്‍ , താഴെ ഇഷ്ട്ടിക വെച്ച് ആണ് ഗ്രോ ബാഗ്‌ വെക്കുന്നതെങ്കില്‍ നിങ്ങളുടെ മട്ടുപ്പാവിന് ഒരു ദോഷവും വരുകയില്ല.

പുതിയ തെങ്ങിനങ്ങള്‍

കേരളത്തില്‍ ആകെയുള്ള കൃഷിസ്ഥല വിസ്തൃതിയുടെ നല്ലൊരു ശതമാനവും തെങ്ങിന്‍ തോപ്പുകളാണ്. അതുകൊണ്ടുതന്നെ കാര്‍ഷിക കേരളത്തില്‍ കൃഷി ആദായകരമായി മാറുന്നതിന് തെങ്ങിന്‍ തോപ്പുകളില്‍ നിന്നുള്ള ആദായം വര്‍ധിപ്പിക്കേണ്ടതുണ്ട്. നല്ല ഇനം തൈ തെരഞ്ഞെടുത്ത് നട്ട് ശാസ്ത്രീയ പരിചരണങ്ങള്‍ നല്‍കി വളര്‍ത്തിയാല്‍ തെങ്ങ് കൈവിടില്ല എന്നതാണ് പ്രത്യേകം ഓര്‍ക്കേണ്ടത് . സങ്കരയിനം തെങ്ങിന്‍ തൈകളുടെ ഉപയോഗം ആദായം വര്‍ധിപ്പിക്കുന്നതിനിടയാക്കുന്നു . സങ്കരയിനം തെങ്ങുകളും ,നെടിയ ഇനങ്ങളും,കൂറിയ ഇനങ്ങളും കേരളത്തില്‍ കൃഷിക്കനുയോജ്യമായവയാണ്. ഏതാനും പുതിയ ഇനം തെങ്ങുകളെക്കുറിച്ച് ചുവടെ ചേര്‍ക്കുന്നു.

കല്പ ഹരിത

അത്യുല്പ്പാദനശേഷിയുള്ള ഈ നെടിയ ഇനം തെങ്ങുകള്‍ക്ക് മണ്ഡരിയെ പ്രതിരോധിക്കാനും കഴിവുണ്ട്. പ്രതിവര്‍ഷം 118 തേങ്ങ എന്ന കണക്കിലാണ് ഇതിന്‍റെ ഉത്പാദനം. ഒരു തെങ്ങില്‍ നിന്നും പ്രതിവര്‍ഷമുള്ള കൊപ്രയുടെ ശരാശരി തൂക്കം 25.5 കി.ഗ്രാം ആണ്. പ്രധാനമായും മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള ഇനമാണിത്.

കല്പ തരു

ബാള്‍ കൊപ്രയുടെ ഉത്പാദനത്തില്‍ പേരുകേട്ട ഇനമാണ് കല്പ തരു. പ്രതിവര്‍ഷം 116 തേങ്ങ എന്ന കണക്കിലാണ് ഇതിന്‍റെ ഉത്പാദനം. മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് അനുയോജ്യമായ ഇനമാണിത്.

കല്പ ധേനു

ഇളനീരിന്‍റെ ഉത്പാദനത്തില്‍ പേരുകേട്ട ഇനമാണ് കല്പ ധേനു.ഒരു തേങ്ങയില്‍ നിന്നും ശരാശരി 290 മി.ലി. ഇളനീര്‍ ലഭിക്കുന്നു..

കല്പ മിത്ര

ഇളനീരിന്‍റെ ഉത്പാദനത്തി പേരുകേട്ട ഇനമാണ് കല്പ മിത്ര. പ്രതിവര്‍ഷം 80 തേങ്ങ എന്ന തോതിലാണ് ഉത്പാദനം. .ഒരു തേങ്ങയില്‍ നിന്നും ശരാശരി 495 മി.ലി ഇളനീര്‍ ലഭിക്കുന്നു.

കല്പ സങ്കര

കാറ്റുവീഴ്ചയെ പ്രതിരോധിക്കന്‍ കഴിവുള്ള ഈ ഇനം തെങ്ങുകളുടെ പ്രതിവര്‍ഷ ഉത്പാദനം 85 തേങ്ങ എന്ന കണക്കിലാണ്. ഒരു ഹെക്ടറില്‍ നിന്നുള്ള കൊപ്രയുടെ ഉത്പാദനം 2.5 ടണ്‍ ആണ്.

കല്പ സമൃദ്ധി

ഇളനീരിന്‍റെ ഉത്പാദനത്തില്‍ പ്രധാനിയായ ഈ ഇനം തെങ്ങുകളുടെ പ്രതിവര്‍ഷ ഉത്പാദനം 117 തേങ്ങയാണ്. കേരളം, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമായ ഇനമാണിത്.

കേര മധുര

പ്രതിവര്‍ഷം 119 തേങ്ങയാണ് ഇതിന്‍റെ ഉത്പാദനം. ഇളനീരിനും കൊപ്രയ്ക്കും പേരുകേട്ട ഇനമാണ് കേര മധുര. 210 ദിവസമാണ് ഇളനീരിന്‍റെ മൂപ്പ്.

3.02816901408
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top