Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സാമ്പാറിന് രുചിയേകും സാമ്പാര്‍ വെള്ളരി

കൂടുതല്‍ വിവരങ്ങള്‍

സാമ്പാര്‍ വെള്ളരി

കേരള കാർഷിക സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ വെള്ളായണി കാർഷിക കോളേജിലെ പച്ചക്കറിശാസ്ത്ര വിഭാഗത്തിൽ നിന്നും പുറത്തിറക്കിയ അത്യുല്പാദനശേഷിയുള്ള കുലിനറി മെലൺ അഥവാ സാമ്പാർ വെള്ളരി ഇനമാണ് "കെ.എ.യു. വിശാൽ'. ഏതാണ്ട് നാല്പതോളം വൈവിധ്യമാർന്ന സാമ്പാർ വെള്ളരി ഇനങ്ങളിൽ നടത്തിയ പഠനത്തിൽ നിന്നും നിർദ്ധാരണം വഴി ഉരുതിരിച്ചെടുത്ത പുതിയ ഇനമാണിത്.

തിരുവനന്തപുരം ജില്ലയിലും പ്രാന്തപ്രദേശങ്ങളിലും കൃഷിചെയ്തു വരുന്ന പ്രധാന വെള്ളരി വർഗ പച്ചക്കറിയാണ് സാമ്പാർവെള്ളരി. മദ്ധ്യകേരളത്തിൽ പ്രചാരത്തിലുള്ള കണിവെള്ളരി (ഓറിയന്റൽ പിക്ക്ളിങ്ങ് മെലൺ)യിൽനിന്ന് വ്യത്യസ്തമാണ് സാമ്പാർ വെള്ളരി. സാമ്പാർ വെള്ളരിയുടെ ശാസ്ത്രനാമം കുക്കുമിസ് മെലോവെറൈറ്റി അസിടുലസ് എന്നും കണിവെള്ളരിയുടേത് കുക്കുമിസ് മെലോ വെറൈറ്റി കൊണോമോൺ എന്നുമാണ്. സാമ്പാർ വെള്ളരിയുടെ കായ്കൾ മൂപ്പെത്തുന്നതിന് മുമ്പ് നല്ല വലിപ്പമുള്ളപ്പോഴാണ് വിളവെടുക്കുന്നത്. കായ്ക്കൾ ക്രീം നിറത്തിൽ പച്ചവരകളോടു കൂടിയായിരിക്കും. കണിവെള്ളരിയുടെ കായ്കൾ വിളഞ്ഞ് സ്വർണനിറമാകുമ്പോഴാണല്ലോ വിളവെടുക്കുന്നത്. കണിവെള്ളരിയെ അപേക്ഷിച്ച് സാമ്പാർ വെള്ളരിയുടെ സൂക്ഷിപ്പുകാലം കുറവാണ്. നാടനിനങ്ങളാണ് സാമ്പാർ വെള്ളരിയിൽ കൃഷിചെയ്തു വന്നിരുന്നത്.

ജനുവരി-മാർച്ച്, മേയ്-ഓഗസ്റ്റ്,സെപ്റ്റംബർ-ഡിസംബർ എന്നീ മൂന്ന് കൃഷിക്കാലങ്ങളിലും സാമ്പാർ വെള്ളരി കൃഷിചെയ്യാം. നടാനായി ഹെക്ടറിന് 0.5-0.75 കി.ഗ്രാം അല്ലെങ്കിൽ സെന്റിന് 3 ഗ്രാം എന്ന തോതിൽ വിത്ത് ആവശ്യമാണ്. നടീൽ അകലം 2x1.5 മീറ്ററാണ്. ഒരു സെന്റിൽ 13 കുഴികൾ എടുക്കാം.

വിത്തു പരിചരണം

20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ശേഷം വിത്ത് രണ്ടു മണിക്കൂർ മുക്കി വയ്ക്കുക. നിലം നന്നായി കിളച്ചൊരുക്കി 50 സെ.മീ. വ്യാസവും 30-45 സെ.മീ താഴ്ചയുമുള്ള കുഴികൾ നിർദ്ദിഷ്ട അകലത്തിൽ എടുക്കുക. കുഴിയൊന്നിന് 10 കി. ഗ്രാം ജൈവവളം ചേർത്തതിന് ശേഷം വിത്ത് പാകാം. ഓരോ കുഴിയിലും 4-5 വിത്ത് വീതം 2 സെ.മീ. ആഴത്തിൽ പാകേണ്ടതാണ്. മൂന്നില പ്രായമാകുമ്പോൾ രണ്ടോ മൂന്നോ തെകൾ മാത്രം നിലനിർത്തി മറ്റുള്ളവ പിഴുതു മാറ്റണം. ജലസേചനം കളനിയന്ത്രണം പന്തലിടീൽ എന്നീ കൃഷിപ്പണികൾ യഥാസമയം ചെയ്തുകൊടുക്കണം. പടർന്നുവളരുന്നതിന് വേണ്ടി ഉണങ്ങിയ മരച്ചില്ലകളും ഓലയും നിലത്ത് നിരത്തിക്കൊടുക്കണം.

ജൈവകൃഷി

ജൈവകൃഷി അവലംബിക്കുമ്പോൾ ഓരോ സെന്റിനും അടിവളമായി 50 കിലോ ജൈവവളം നൽകുക. 30 കിലോഗ്രാം ജൈവവളം വള്ളി വീശുമ്പോഴും പൂവിടുമ്പോഴും നൽകുക. പൂവിട്ടു തുടങ്ങിയാൽ ഒരു കിലോഗ്രാം പച്ചച്ചാണകം ഒരുലിറ്റർ വെള്ളത്തിൽ കലക്കിയെടുത്ത ലായനി 15 ദിവസം ഇടവേളയിൽ തളിച്ചു കൊടുക്കണം. കീടരോഗബാധകളെ ജൈവരീതിയിൽ നിയന്ത്രിക്കുക.

വിളവെടുപ്പ്

വിത്തുപാകി 35 ദിവസങ്ങൾ കൊണ്ട് ആദ്യത്തെ പെൺപൂവ് വിരിയും. 51-)൦ ദിവസം വിളവെടുപ്പ് ആരംഭിക്കാം. ചെറുമഞ്ഞ നിറത്തിൽ പച്ചവരകളോടുകൂടിയ സാമ്പാർ വെള്ളരിയുടെ കായ്കൾ മൂപ്പെത്തുന്നതിന് മുൻപ് പരമാവധി വലിപ്പമുള്ളപ്പോൾ വിളവെടുക്കാം. മൂപ്പേറിയാൽ കായ്കളുടെ നിറം ഇളം മഞ്ഞ നിറത്തിൽ മങ്ങിയ പച്ചവരകൾ ഉള്ളതായി മാറും. കായ്കൾക്ക് ശരാശരി 44 സെ.മീ നീളവും, 34.50 സെ.മീ. ചുറ്റളവും, 2 കിലോ ഭാരവും കാണും. ഒരു ചെടിയിൽ നിന്ന് 6 കി.ഗ്രാം മുതൽ 7 കി.ഗ്രാം വരെ വിളവ് ലഭിക്കത്തക്ക രീതിയിൽ മൂന്നോ നാലോ കായ്കൾ ലഭിക്കും. 70-75 ദിവസമാണ് വിളയുടെ കാലാവധി. സാമാന്യം വലിപ്പവും സിലിണ്ടറിന്റെ ആകൃതിയുമുള്ള ഈ ഇനത്തിന്റെ കായ്ക്കൾക്ക് സ്വീകാര്യത ഏറെയാണ്. ഒരു ഹെക്ടറിൽ നിന്ന് 33 ടൺ വിളവ് ലഭിക്കും. സാധാരണ ഊഷ്മാവിൽ ഒരാഴ്ചയോളം കായ്ക്കളുടെ ഗുണമേന്മ കുറയാതെ സൂക്ഷിക്കാം.

കടപ്പാട്: കേരളകര്‍ഷകന്‍

3.05128205128
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top