অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പോഷകമിശ്രിതം-'സമ്പൂര്‍ണ'

പോഷകമിശ്രിതം-'സമ്പൂര്‍ണ'

പോഷകമിശ്രിതം –‘സമ്പൂര്‍ണ’

തുടർച്ചയായി പച്ചക്കറികൃഷിചെയ്യുന്ന ഇടങ്ങളിൽ മണ്ണ് പരിശോധനാധിഷ്ഠിതമായി കുമ്മായ രാസവള പ്രയോഗങ്ങൾ ചെയ്യാത്തതിനാൽ, വർദ്ധിച്ച അമ്ലത്വവും, കാത്സ്യം, മഗ്നീഷ്യം, ബോറോൺ തുടങ്ങിയ മൂലകങ്ങളുടെ അഭാവവും ഉള്ളതായി സംസ്ഥാനത്തുടനീളം അടുത്ത കാലത്ത് നടത്തിയ പഠനങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്.

സാധാരണയായി ചെടികളുടെ വളർച്ചക്ക് 17 മൂലകങ്ങളാണ് അനിവാര്യമായിട്ടുള്ളത്. ഇവയിൽ കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നിവ പ്രകൃതിയിൽനിന്ന് (അന്തരീക്ഷത്തിൽ നിന്നും വെള്ളത്തിൽ നിന്നും) ലഭിക്കുമ്പോൾ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ പ്രാഥമിക മൂലകങ്ങളാണ് പ്രധാനമായും വളങ്ങളായി നൽകപ്പെടുന്നത്. ദ്വിതീയ മൂലകങ്ങളായ കാത്സ്യം, മെഗ്നീഷ്യം എന്നിവ കുമ്മായം, ഡോളമെറ്റ് എന്നിവയുടെ ഉപയോഗം വഴിയും സൾഫർ, ഫാക്ടംഫോസ് പോലുള്ള സംയുക്ത വളങ്ങളിലൂടെയും ലഭിക്കുന്നു. എന്നാൽ സൂക്ഷ്മപോഷകങ്ങളായി ഇരുമ്പ്, ചെമ്പ്, സിങ്ക്, മാംഗനീസ്, ബോറോൺ എന്നിവ ചെടികൾക്ക് സാധാരണയായി വളത്തിന്റെ രൂപത്തിൽ ലഭിക്കാറില്ല. ജൈവ വളങ്ങളാണ് ഇവയുടെ പ്രധാന സ്രോതസ്സ്. തുടർച്ചയായി കടുംകൃഷി ചെയ്യുന്നതും നേർവള പ്രയോഗവും ജൈവവളങ്ങളുടെ ഉപയോഗമില്ലായ്മയും മണ്ണിൽ ദ്വിതീയ -സൂക്ഷ്മ മൂലകങ്ങളുടെ അഭാവത്തിന് കാരണമായി. ഇവയുടെ അപര്യാപ്തത ചെടികളുടെ ശരിയായ വളർച്ചക്കും ഉദ്പാദനക്ഷമതക്കും തടസ്സമാകുന്നു. ഇതിനൊരു പരിഹാരമായി കുറഞ്ഞ അളവിൽ ഇലകളിൽ തളിക്കുക വഴി കാര്യക്ഷമമായി ഉപയോഗിക്കപ്പെടുന്ന പോഷകമൂലക മിശ്രിതങ്ങൾ വിവിധ വിളകൾക്കായി കാർഷിക ഗവേഷണസ്ഥാപനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.

കേരള കാർഷിക സർവ്വകലാശാലയുടെ പട്ടാമ്പിയിലെ മധ്യമേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം പച്ചക്കറികളുടെ ഉത്പാദന മികവിനായി തയ്യാറാക്കിയ ദ്വിതീയ-സൂക്ഷ്മ മൂലകമിശ്രിതമാണ് "സമ്പൂർണ', ഇതിൽ പൊട്ടാസ്യം (8%) മഗ്നീഷ്യം (2.0-3.0%), സൾഫർ (5%), സിങ്ക് (4.5-5.5%) ബോറോൺ (2.5-3.5%), ചെമ്പ് (0.3-0.45%) മാംഗനീസ് (<0.2%) എന്നീ മൂലകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ മിശ്രിതം 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലയിപ്പിച്ച്, അരിച്ച് സ്പയറിലേക്ക് പകർന്ന് പച്ചക്കറിവിളകളുടെ ഇലകളിൽ തളിക്കാം. വിത്ത് (വെണ്ട, പയർ തുടങ്ങിയവ) നട്ട് 30, 45, 60 ദിവസങ്ങൾക്ക് ശേഷവും, പാകി മുളപ്പിച്ച തൈകൾ (മുളക്, വഴുതന തുടങ്ങിയവ) മാറ്റി നട്ട് 15, 30, 45 ദിവസങ്ങൾക്ക് ശേഷവും, മൂന്ന് തവണകളായി ഈ മിശ്രിതം തളിക്കാവുന്നതാണ്. മിതമായ അളവിൽ കൃത്യമായ സമയത്ത് മൂലകങ്ങൾ വിളകൾക്ക് ലഭ്യമാക്കാൻ പത്രപോഷണം വഴി സാധിക്കും.

ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാനകേന്ദ്രം, ചിങ്ങോലി പഞ്ചായത്തിൽ നടത്തിയ "പയറു കൃഷിയിൽ മൂലകമിശ്രിതത്തിന്റെ ഉപയോഗം' എന്ന മുൻ നിരപ്രദർശന പരിപാടിയിൽ, ശാസ്ത്രീയമായി ശുപാർശചെയ്ത വളപ്രയോഗത്തോടൊപ്പം "സമ്പൂർണ' പ്രയോഗിച്ചപ്പോൾ, വള്ളിപയറിലെ വിളവ് വർദ്ധിപ്പിക്കാൻ സാധിച്ചു. ചെടികളുടെ വളർച്ചയ്ക്കൊപ്പം കായ്ക്കളുടെ നീളം, ഭാരം, എണ്ണം എന്നിവ കൂടിയത് വഴി 26% വിളവർദ്ധനവ് ലഭിച്ചു. സാധാരണ കൃഷിയിൽ പ്രകടമാകാറുള്ള പോഷകങ്ങളുടെ അപര്യാപ്തത ലക്ഷണങ്ങൾ ഉണ്ടായില്ല. പ്രാഥമിക മൂലക (നെടജൻ, ഫോസ്ഫറസ്, പൊട്ടാസ്യം) വളപ്രയോഗം മാത്രം അവലംബിച്ചപ്പോൾ 1.58ആയിരുന്ന വരവ്-ചെലവ് അനുപാതം, മിശ്രിതംകൂടി ഉൾപ്പെടുത്തിയപ്പോൾ 1.99 ആയി വർദ്ധിച്ചു. ഈ മിശ്രിതം പല തവണകളായി തളിക്കുക വഴി പയറിൽ നിന്ന് നല്ല വിളവും (ഒരു സെന്റിൽ നിന്നും 60 കിലോവരെ) ഉയർന്ന ലാഭവും ലഭിച്ചതായി പങ്കാളികളായ കർഷകർ അഭിപ്രായപ്പെട്ടു. വളരെ കുറഞ്ഞ അളവിൽ ഉപയോഗിക്കുന്നതും കാര്യക്ഷമത കൂടാനായി ഇലകളിൽ തളിക്കുന്നതും (പത്രപോഷണം) മണ്ണിന്റെ ആരോഗ്യശോഷണത്തിനോ പരിസ്ഥിതിമലിനീകരണത്തിനോ കാരണമാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. മണ്ണ് പരിശോധനപ്രകാരമുള്ള സംയോജിത വളപ്രയോഗരീതിയിൽ ഇത്തരം മൂലക മിശ്രിതങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ കൃഷി പ്രകൃതി സൗഹാർദ്ദവും ലാഭകരവുമായിരിക്കുമെന്ന് ഈ മുൻനിര പ്രദർശന പരിപാടിയുടെ സമാപനത്തോടൊപ്പം നടത്തിയ അവലോകനയോഗത്തിൽ പങ്കാളികളായ കർഷകർ സാക്ഷ്യപ്പെടുത്തി.

കേരളത്തിലെ മണ്ണിൽ കാണപ്പെടുന്ന പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ബോറോൺ എന്നീ മൂലകങ്ങളുടെ അഭാവം കുറഞ്ഞ ചെലവിൽ കാര്യക്ഷമമായി പരിഹരിക്കാൻ കഴിയുന്നു എന്നത് വിപണിയിൽ ലഭിക്കുന്ന മറ്റ് മൂലകമിശ്രിതങ്ങളിൽ നിന്നും "സമ്പൂർണ'യെ വ്യത്യസ്തമാക്കുന്നു. കേരള കാർഷിക സർവ്വകലാശാലക്ക് കീഴിലുള്ള വിവിധ ഗവേഷണ കേന്ദ്രങ്ങളും ജില്ലാ കൃഷി വിജ്ഞാനകേന്ദ്രങ്ങളും ഇത് വിപണനം ചെയ്യുന്നുണ്ട്. കായംകുളത്ത് പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിൽ (ഫോൺ: 0479 2449268) നിന്നും "സമ്പൂർണ', 100 ഗ്രാം പാക്കറ്റുകളായി മിതമായ നിര ക്കിൽ കർഷകർക്ക് ലഭ്യമാണ്

കടപ്പാട്: കേരളകര്‍ഷകന്‍

 

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate