অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പയര്‍കൃഷി മണ്ണിനും വയറിനും

പയര്‍കൃഷി മണ്ണിനും വയറിനും

മണ്ണിനും വയറിനും പയര്‍ ഉത്തമം

മാംസ്യ സമ്പുഷ്ടമായ പച്ചക്കറിയാണ് പയറു വർഗങ്ങൾ. ഇതിൽതന്നെ അച്ചിങ്ങപ്പയറിന് പ്രചാരമേറെയാണ്. മണ്ണ് വളക്കൂറുള്ളതാക്കാൻ പയർ വിളകൾ മണ്ണിൽ സ്ഥിരമായി കൃഷി ചെയ്യണം. പയർവിളകളുടെ വേരിൽ നൈട്രജൻ (പാക്യജനകം) സംഭരിച്ച് മണ്ണിനു നൽകുന്ന ബാക്ടീരിയയുണ്ട്. മണ്ണിനെപ്പോലെ നമ്മുടെ വയറിനും പയർ ഗുണകരമാണ്.

ഏതു കാലത്തും പയർ കൃഷിചെയ്യാം. ഇനങ്ങളും ഏറെയുണ്ട്. കേരള കാർഷിക സർവകലാശാല, കൃഷി വകുപ്പ്, വിഎഫ്പിസികെ എന്നിവിടങ്ങളിൽ വിത്ത് ലഭ്യമാണ്. നാടൻ ഇനങ്ങൾ ചില കർഷകർക്കിടയിൽ പ്രചരിച്ചു വരുന്നുണ്ട്. പൊട്ടൻകോട് ലോക്കൽ എന്ന പഴയന്നൂർ പയറിനം ഏറെ പ്രിയപ്പെട്ടതാണ്. കഞ്ഞിക്കുഴി പയർ, കനകമണി, കൃഷ്ണമണി, ശാരിക, ലോല, മാലിക, വൈജയന്തി അനശ്വര കൈരളി, വരുൺ, ഭാഗ്യലക്ഷ്മി, പൂസാകോമൾ, അർക്ക,ഗരിമ, വെള്ളായണിജ്യോതിക, ഹൃദ്യ, ശ്രയ ഇങ്ങനെ ഇനങ്ങൾ ഏറെയുണ്ട്.

കനത്തമഴ പയർ കൃഷിക്ക് യോജിച്ചതല്ല. കൊടിയ വരൾച്ചയിലും പയർകൃഷി പ്രശ്നമാകും. നല്ല നീർവാർച്ചയുള്ള മണ്ണിൽ നനച്ചാൽ നല്ല വിളവു കിട്ടും. മണ്ണിൽ കുമ്മായം ചേർത്ത് പുളിപ്പുകുറച്ചാൽ വളർച്ച വേഗത്തിലാകും.

പറമ്പിലും നെൽപ്പാടത്തും തനിവിള, ഇടവിള എന്നിങ്ങനെയും പയർ കൃഷി ചെയ്യാം. ലോല പയറിൽ ഹെക്ടറിന് ഇരുപതു ടൺ വിളവു ലഭിക്കും. പയർചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാൻ പാടില്ല. കരിവള്ളി രോഗം വരാതിരിക്കാൻ ജാഗ്രത ആവശ്യമാണ്. വൈജയന്തി, ചുവന്നുനീണ്ട വള്ളിപ്പയറിനമാണ്. 12 ടൺ വിളവ് ലഭിക്കും. മുഞ്ഞ ശല്യം കുറവാണ്.

മാലികയുടെ വിത്തിന് തവിട്ടുനിറമാണ്. നല്ലവള്ളിപ്പയറിനമാണിത്. തെക്കൻ കേരളത്തിനിണങ്ങിയ പയറിനമാണ് മാലിക. വള്ളിപ്പയറിനമാണ് ശാരിക. പച്ചനിറമുള്ള പയറിന്റെ അഗ്രഭാഗത്ത് വയലറ്റു നിറമുണ്ട്. വിത്തിന് കറുപ്പു നിറമാണ്. ഉണക്കപ്പയറായും ഒടിപ്പയറായും നല്ലതാണ്. പട്ടാമ്പി-1 എന്ന"കനകമണി' എല്ലായ്പ്പോഴും നടാം. പയറിന് ഇരുപതു സെന്റീമീറ്റർ നീളം വരും.

പച്ചക്കറിയായി കുറ്റിപ്പയറുകൃഷി ചെയ്യാൻ ഒരു ഹെക്ടറിൽ 20 മുതൽ 25 കിലോഗ്രാം വിത്താവശ്യമാണ്. വള്ളിപ്പയറിനങ്ങൾക്ക് നാലു മുതൽ അഞ്ചു കിലോഗ്രാം വിത്തു മതി. പയർ നടുന്ന തടം ചുട്ടുകരിക്കുന്നത് നല്ലതാണ്. തടങ്ങളിൽ അര കിലോ മുതൽ ഒരു കിലോ വരെ കുമ്മായമിടണം.

ഫൈറ്റോലാൻ നാലു ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കുതിർക്കുന്നത് നല്ലതാണ്. ജൈവ രീതിയിൽ പയർ നടുന്നയവസരത്തിൽ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്തുതയാറാക്കിയ ലായനി തടത്തിൽ ഒഴിക്കണം. ഇലയിൽ തളിക്കണം. വള്ളിപ്പയർ പന്തലിട്ട് പടർത്താൽ ശ്രദ്ധിക്കണം. മണ്ണിലെ പുളിരസം കുറയ്ക്കാൻ ഒരു സെന്ററിന് ഒരു കിലോഗ്രാം എന്നയളവിൽ കുമ്മായം ചേർക്കണം.

പയറിലെ പ്രധാന കീടങ്ങളെ പിടിച്ചു നശിപ്പിക്കണം. വേപ്പെണ്ണ എമൽഷൻ, വെളുത്തുള്ളി- കാന്താരി മിശ്രിതം, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, പഞ്ചഗവ്യം, ഫിഷ് അമിനോ ആസിഡ്, എഗ് അമിനോ ആസിഡ് ഇവയ്ക്കു പുറമേ മണ്ണിര കമ്പോസ്റ്റ്, വെർമിവാഷ് ഇവയെല്ലാം ചുവട്ടിൽ പ്രയോഗിക്കാം. ഗ്രോ ബാഗുകളിലും ചെടിച്ചട്ടികളിലും നടീൽ മിശ്രിതം നിറച്ച് പയർ നടാം. പയറില നല്ല ഇലക്കറിയാണ്.

കടപ്പാട്: എം.എ.സുധീര്‍ ബാബു

 

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate