Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പച്ചക്കറിക്കൃഷി

പച്ചക്കറിക്കൃഷിയും കൃഷി രീതികളും

തക്കാളി

 

തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. ശരാശരി 21-23 °C താപ നില ഇതിന്റെ വളർച്ചയ്ക്ക് അനുയോജ്യമാണ്. 18-27 °C വരെ താപനിലയുള്ള പ്രദേശങ്ങളിൽ തക്കാളി വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തു വരുന്നു. സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിലും താപനിലയും ഫലത്തിന്റെ ഉത്പാദനത്തേയും പോഷകമൂല്യത്തേയും വർണരൂപവത്കരണത്തേയും വളരെയധികം സ്വാധീനിക്കാറുണ്ട്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്.

തക്കാളി ഏതാനും വർഷം വരെ വളരുന്ന ചിരസ്ഥായി സസ്യമാണെങ്കിലും കൃഷിചെയ്യുമ്പോൾ വാർഷികസസ്യമായിട്ടാണ് വളർത്തി വരുന്നത്. ഇനഭേദമനുസരിച്ച് തക്കാളിയുടെ തണ്ടിന്റെ സ്വഭാവവും വ്യത്യാസപ്പെടുന്നു. നല്ല ബലമുള്ള കുറുകിയ തണ്ടോടുകൂടിയതും നിവർന്നു വളരാൻ പ്രാപ്തവുമായ ഇനവും, നേർത്ത് ബലം കുറഞ്ഞ നീണ്ട തണ്ടോടുകൂടിയ അർധ ആരോഹി ഇനവും ഉണ്ടാകാറുണ്ട്. ബലം കുറഞ്ഞ അർധ ആരോഹി ഇനത്തിൽ നിന്നാണ് കൂടുതൽ വിളവു ലഭിക്കുക. ഇതിന്റെ തണ്ടിന് താങ്ങുകൾ (ഊന്നുകൾ) നല്കി നിവർത്തി നിറുത്തുകയാണു പതിവ്. ഇതിന്റെ തണ്ടിലാകമാനം തിളക്കമുള്ള ചുവപ്പുകലർന്ന മഞ്ഞനിറത്തിലുള്ള ഗ്രന്ഥീയരോമങ്ങളും ഗ്രന്ഥീയമല്ലാത്ത കൂർത്ത രോമങ്ങളുമുണ്ടായിരിക്കും.

കൃഷി രീതിയും വളപ്രയോഗവും

നല്ലനീര്‍വാര്‍ച്ചയും വളക്കൂറും ഉളള മണ്ണാണ് തക്കാളികൃഷിക്കു പറ്റിയത്. പുളിരസമുളള മണ്ണ് അത്ര നന്നല്ല. പുളിമണ്ണില്‍ വളരുന്ന തക്കാളിക്ക് ബാക്ടീരിയമൂലമുണ്ടാകുന്ന വാട്ടം പിടിപെടാനുളള സാധ്യത കൂടുതലാണ്.
ചെടിച്ചട്ടികളില്‍ , ചാക്കുകളില്‍ , ഗ്രോബാഗുകളില്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തക്കാളി നടാം. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ്‌ ഉത്തമം.

സെപ്തംബര്‍-ഒക്ടോബര്‍ മാസമാണ് കേരളത്തില്‍ തക്കാളികൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം.നന്നായി മഴപെയ്യുന്ന കാലങ്ങള്‍ ഒട്ടും യോജിച്ചതല്ല. ഒരു സെന്‍റില്‍ കൃഷിചെയ്യുന്നതിന് 2 ഗ്രാം വിത്തുവേണം. വിത്ത് മുളപ്പിച്ചെടുക്കുന്ന തൈകള്‍ 25 ദിവസത്തിനുശേഷം മാറ്റിനടാം. വാരങ്ങള്‍ തമ്മിലും, ചെടികള്‍ തമ്മിലും രണ്ട് അടി ഇടയകലം വേണം.

തക്കാളി വിത്തുകള്‍ പാകി മുളപ്പിക്കുക, വിത്തുകള്‍ ഒരു മണിക്കൂര്‍ രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം. നടുന്നതിന് മുന്‍പ് സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് ഇവ ചേര്‍ക്കാം. കുമ്മായം ചേര്‍ത്ത്  മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ചാക്ക് / ഗ്രോ ബാഗ്‌ ആണെങ്കില്‍ മണ്ണ് / ചാണകപ്പൊടി / ചകിരിചോറ് ഇവ തുല്യ അളവില്‍ ചേര്‍ത്ത് ഇളക്കി നടാം.

രണ്ടടി വലുപ്പവും ഒരടി ആഴവുമുള്ള കുഴിയെടുക്കുക. 50 കിലോഗ്രാം ചാണകം/കമ്പോസ്റ്റോ മേൽമണ്ണുമായി ചേർത്ത് കുഴികളിലിടുക. 4 മുതൽ 5 വിത്ത് വീതം ഒരു കുഴിയിൽ പാകുക. മുളച്ച് രണ്ടാഴ്ച ശേഷം ഒരു തടത്തിൽ നല്ല മൂന്നു തൈകൾ വീതം നിർത്തിയാൽ മതി.

മേൽവളമായി ചാണകമോ കമ്പോസ്റ്റോ 30 കിലോഗ്രാം വീതം അല്ലെങ്കിൽ മണ്ണിര കമ്പോസ്റ്റ് 15 കിലോ രണ്ടു പ്രാവശ്യമായി വള്ളി വീശുമ്പോഴും പൂവിടുമ്പോഴും കൊടുക്കുക. രണ്ടാഴ്ചയിലൊരിക്കൽ ചാണകം 1 കിലോഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി പുഷ്പിക്കുമ്പോൾ കൊടുക്കുക.

ഇനങ്ങള്‍

 • ശക്തി: ബാക്ടീരിയല്‍ വാട്ടത്തെ ചെറുക്കാന്‍ ശേഷിയുള്ള ഇനമാണിത്. ഇടത്തരം വലിപ്പമുള്ള പരന്നുരുണ്ട കായ്കളുള്ള ഈയിനത്തിന് പച്ചനിറമുള്ള ഷോള്‍ഡര്‍ (തോളുകള്‍) ഉണ്ടെന്ന ഒരു പോരായ്മ ഉണ്ട്. കൂടാതെ ഏറെ മൂക്കും മുമ്പെ വിളവെടുത്തില്ലെങ്കില്‍ കായ്കള്‍ വിണ്ടുകീറിപ്പോകുന്നതായി കാണാം.
 • മുക്തി : ഇളം പച്ചനിറമുള്ള കായ്കള്‍, ബാക്ടരീയല്‍ വാട്ടത്തിനെതിരെ പ്രതിരോധശേഷി എന്നിവയാണ് ഈയിനത്തിന്‍റെ പ്രത്യേകതകള്‍.
 • അനഘ: ഇടത്തരം വലിപ്പമുള്ള കായ്കളുള്ള ഈയിനത്തിന് പഴുക്കുമ്പോള്‍ നല്ല ചുവപ്പ് നിറമാണ്. ബാക്ടീരിയല്‍ വാട്ടത്തിനെതിരെ പ്രതിരോധശേഷിയുള്ള അനഘ വീണ്ടുകീറുകയില്ല എന്ന സവിശേഷതയുണ്ട്. അടുക്കളത്തോട്ടത്തിലേക്ക് ഏറെ അനുയോജ്യമായ ഇനമാണിത്.

രോഗങ്ങൾ/രോഗനിയന്ത്രണം

നട്ട മുഴുവന്‍ ചെടികളും പൂവിടാറാകുബോള്‍ വാടുന്നു.  പുളിരസം അഥവാ അമ്ലതം ഉള്ള മണ്ണാണ് പ്രധാന വില്ലന്‍ . പുളിരസമുള്ള മണ്ണില്‍ വളരുന്ന തക്കാളിക്ക്‌ ബാക്‌ടീരിയമൂലമുണ്ടാകുന്ന വാട്ടം പിടിപെടാനുളള സാധ്യത കൂടുതലാണു

വെള്ളീച്ച : വെർട്ടിസീലിയം ലീക്കാനി അല്ലെങ്കിൽ വെളുത്തുള്ളി എമൽഷൻ (2%) തളിച്ചു കൊടുക്കുക. പശ ചേർത്ത മഞ്ഞക്കെണികൾ തോട്ടത്തിൽ സ്ഥാപിക്കുക

വാട്ടരോഗം : തവാരണകളില്‍ വളരുമ്പോഴും മാറ്റി നട്ടതിനുശേഷവും വാട്ടരോഗം കണ്ടുവരുന്നു. ബാക്ടീരിയയാണ് ഈ രോഗത്തിനു കാരണക്കാരന്‍. രോഗം ബാധിച്ചാല്‍ ഒപ്പം കുമിള്‍ ആക്രമണവും കണ്ടുവരുന്നു. വാട്ടരോഗം ബാധിച്ച ചെടികള്‍ മഞ്ഞനിറമായി വാടിപ്പോകുന്നു. ഈ രോഗത്തെ തടയുന്നതിനായി തവാരണകളില്‍ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ അളവിലെടുത്ത് തടം കുതിര്‍ത്തതിനുശേഷം വിത്തു നടാം.  മാറ്റിനടുന്ന തൈകളും ഈ ലായനിയില്‍ മുക്കിയശേഷം നടുന്നത് വാട്ടരോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക, രോഗബാധിതമായ ചെടികളെ എത്രയും വേഗം നീക്കം ചെയ്ത് നശിപ്പിക്കുക എന്നിവയും വാട്ടരോഗത്തെ ചെറുക്കുന്നതിനുള്ള മറ്റു മാര്‍ഗങ്ങളാണ്.

തൈചീയല്‍ : തവാരണകളില്‍ തൈകള്‍ വളരുമ്പോഴാണ് സാധാരണയായി ഈ രോഗം കാണപ്പെടുന്നത്. മണ്ണിനോട് ചേര്‍ന്ന ഭാഗം ചീഞ്ഞ്, ചെടികള്‍ ഇളംമഞ്ഞനിറമായി നശിച്ചുപോകുന്നതാണ് ലക്ഷണം. തവാരണകളില്‍ സ്യൂഡോമോണാസ് ഉപയോഗിച്ചാല്‍ ഇതിനെ തടയാന്‍ സാധിക്കും.

കായ്ചീയല്‍ : കായ്കളില്‍ ചെറിയ പൊട്ടുകള്‍ പോലെയുള്ള അടയാളങ്ങള്‍ കണ്ടുതുടങ്ങുന്നതാണ് ആദ്യലക്ഷണം. ഇവ ക്രമേണ വലുതായി കായ് ചീഞ്ഞുപോകുന്നു. ചീഞ്ഞ കായ്കള്‍ പറിച്ചെടുത്ത് നശിപ്പിക്കുക, എന്നതാണ് പ്രധാന നിയന്ത്രണമാര്‍ഗം.

തണ്ട് തുരപ്പന്‍ : വേപ്പെണ്ണ കാ‍ന്താരി ഉപയോഗിക്കാം , തടത്തില്‍ 25gram വേപ്പിന്‍ പിണ്ണാക്ക് വീതം ഇട്ടു കൊടുക്കാം,,, കൂടുതല്‍ വായനയ്ക്ക് ജോയിന്‍ ചെയ്യുക

കായ്തുരപ്പന്‍ പുഴുവിന്റെ ഉപദ്രവം കണ്ടു തുടങ്ങിയാല്‍ മീനെണ്ണ കലര്‍ത്തിയ സോപ്പുലായനി തളിച്ചാല്‍ ഒരുപരിധി വരെ നിയന്ത്രിച്ചുനിര്‍ത്താം.

കീടങ്ങള്‍

 • ചിത്രകീടം : ഇലകളില്‍ക്കൂടി വളഞ്ഞുപുളഞ്ഞു വെള്ള നിറത്തിലുള്ള വരകള്‍ കാണുന്നതാണ് പ്രഥമ ലക്ഷണം. പിന്നീട് ഇവ കരിഞ്ഞ് ഇലകള്‍ നശിച്ചുപോകുന്നു. ചെറിയ തൈകളിലും വലിയ ചെടികളിലും ഇതിന്‍റെ ആക്രമണം കണ്ടുവരുന്നു. ഇവയെ നിയന്ത്രിക്കാന്‍ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാം.
 • നിമാവിരകള്‍ : തക്കാളിയില്‍ കാണുന്ന മറ്റു പ്രധാനകീടങ്ങളാണ് നിമാവിരകള്‍. നിമാവിരകള്‍ ആക്രമിച്ച ചെടിയുടെ വേരുകളില്‍ ചെറിയ മുഴകള്‍ കാണാം. ഇവ ചെടിയെ നശിപ്പിക്കുന്നു. ഇവയെ നിയന്ത്രിക്കുവാന്‍ തടത്തില്‍ കമ്മ്യൂണിസ്റ്റ് പച്ചയുടെയോ വേപ്പിന്‍റെയോ ഇല ഒരു തടത്തിന് 250 ഗ്രാം എന്ന തോതില്‍ ചേര്‍ത്തുകൊടുക്കാം.  അല്ലെങ്കില്‍ ഒരു കിലോഗ്രാം ഉമിയോ, 500 ഗ്രാം അറക്കപ്പൊടിയോ ചേര്‍ത്താല്‍ മതി. നന്നായി പൊടിച്ച വേപ്പിന്‍പിണ്ണാക്ക് 50 ഗ്രാം തടമൊന്നിന് എന്ന കണക്കില്‍ മണ്ണുമായി ചേര്‍ത്ത് ഇളക്കിക്കൊടുക്കുന്നതും നിമാവിരകളെ നശിപ്പിക്കും. തക്കാളി കൃഷിചെയ്യുന്ന സ്ഥലത്തിനു ചുറ്റും ജമന്തി നട്ടുവളര്‍ത്തുന്നതും നിമാവിരകളെ പ്രതിരോധിക്കുന്നതിനു സഹായിക്കും. തക്കാളികൃഷി കഴിയുമ്പോള്‍ ജമന്തി വേരോടെ പിഴുത് നശിപ്പിക്കുകയും വേണം.
 • ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച :  സാധാരണയായി കാണപ്പെടുന്ന കുരുടിപ്പ് രോഗമുണ്ടാകുന്നത് ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച എന്നിവയുടെ ആക്രമണം മൂലമാണ.് ഇവ ഇലകളില്‍ നിന്ന് നീരുറ്റിക്കുടിക്കുമ്പോഴാണ് കുരുടിപ്പ് രോഗമുണ്ടാകുന്നത്. കൂടാതെ മുഞ്ഞയും ഇലപ്പേനും വൈറസിനെ ഒരു ചെടിയില്‍നിന്ന് മറ്റൊന്നിലേക്ക് പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇവയുടെ ആക്രമണമുണ്ടായാല്‍ ഇലകള്‍ ചുക്കിച്ചുളിഞ്ഞ്, ചുരുണ്ട് വളര്‍ച്ച മുരടിച്ചുപോകുന്നു. ഇവയെ നിയന്ത്രിക്കുന്നതിന് ജൈവകീടനാശിനികളായ കിരിയാത്ത്- സോപ്പ് മിശ്രിതമോ, വെളുത്തുള്ളി - നാറ്റപ്പൂച്ചെടി മിശ്രിതമോ ഉപയോഗിക്കാവുന്നതാണ്. ചെടിയില്‍ നേര്‍പ്പിച്ച കഞ്ഞിവെള്ളം തളിച്ചതിനുശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ചെടി നന്നായി തട്ടിക്കൊടുത്താല്‍ കുറെ കീടങ്ങള്‍ കഞ്ഞിവെള്ളത്തില്‍ ഒട്ടിപ്പിടിച്ച് താഴെ വീണു നശിച്ചുപൊയ്ക്കൊള്ളും. അതിനുശേഷം ജൈവകീടനാശിനികള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലപ്രദമായിരിക്കും.
 • ഇലതീനിപുഴുക്കള്‍/ വണ്ട്‌: എക്കാലക്‌സ്‌ 2 മി.ലി./ ലിറ്റര്‍

സംസ്കരണം വിപണനം

വിളവെടുപ്പ്

തക്കാളി മാറ്റി നട്ട് രണ്ടുമാസത്തിനകം വിളവെടുപ്പ് നടത്താം.

തക്കാളി ഭക്ഷിക്കാന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഉത്തമമാണ്.

ചര്‍മ്മത്തിലെ പ്രശ്നങ്ങളകറ്റാന്‍ സഹായിക്കുകയും, ശോഭ നല്കുകയും ചെയ്യുന്ന ലൈസോപീന്‍ എന്ന തക്കാളിയിലെ ഘടകമാണ് ഇതിന് സഹായിക്കുന്നത്. ഇതിന് പുറമേ ചര്‍മ്മത്തിന് തിളക്കം, ചുളിവുകളകറ്റല്‍ എന്നിവക്കും തക്കാളി ഫലപ്രദമാണ്. തലമുടിയില്‍ ഒരു പ്രകൃതിദത്ത കണ്ടീഷണറായും തക്കാളി ഉപയോഗിക്കാം.

1.ചര്‍മ്മത്തിന് നിറം - ആരോഗ്യകരമായ തക്കാളി കഴിക്കുന്നതിന് പുറമേ ചര്‍മ്മത്തിന് പുറത്തും ഉപയോഗിക്കാം. തക്കാളി നീര് ചര്‍മ്മത്തില്‍ തേക്കുകയോ, കഷ്ണങ്ങളാക്കി ഉരയ്ക്കുകയോ ചെയ്താല്‍ ഏതാനും ദിവസത്തിനകം തിളക്കം ലഭിക്കുന്നതായി കാണാന്‍ സാധിക്കും. തക്കാളിയിലെ വിറ്റാമിന്‍ സിയാണ് ഇതിന് സഹായിക്കുന്നത്.

2. ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം - ചര്‍മ്മസംബന്ധമായ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കുന്നതാണ് തക്കാളിവിത്തില്‍ നിന്നുള്ള എണ്ണ. ശരീരത്തിലെ ദോഷകരങ്ങളായ സ്വതന്ത്രമൂലകങ്ങളെ തുരത്തി പ്രായം കൂടുന്നതിന്‍റെ ലക്ഷണങ്ങളെ തടഞ്ഞ് നിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തക്കാളി എണ്ണയിലുണ്ട്. സോറിയാസിസ്, എക്സിമ എന്നിവയ്ക്ക് ഈ എണ്ണ ഫലപ്രദമാണ്. തകരാറ് സംഭവിച്ച ചര്‍മ്മത്തെ പൂര്‍വ്വസ്ഥിതിയിലാക്കാനും ഇത് സഹായിക്കും.

3. മുഖക്കുരു കുറയ്ക്കാം - വിറ്റാമിന്‍ സി,എ എന്നിവയാല്‍ സമ്പന്നമായ തക്കാളി മുഖക്കുരു പരിഹരിക്കാനുള്ള ഓയിന്‍റ്മെന്‍റുകളിലും, ക്രീമുകളിലും ഉപയോഗിക്കുന്നുണ്ട്. നിങ്ങള്‍ മുഖക്കുരുവിന്‍റെ പ്രശ്നം നേരിടുന്നുവെങ്കില്‍ തക്കാളി നീര് പുരട്ടുന്നത് ഫലപ്രദമാകും.

4. സുര്യപ്രകാശമേറ്റുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം - മൂന്ന് മാസത്തേക്ക് ദിവസം 4-5 ടേബിള്‍സ്പൂണ്‍ വിതം തക്കാളി നീര് ശരീരത്തില്‍ പുരട്ടുന്നത് സൂര്യ പ്രകാശമേറ്റുള്ള പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കുമെന്ന് നിരവധി സൗന്ദര്യ സംരക്ഷണ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. അത്തരം പ്രശ്നങ്ങള്‍ നിങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ പ്രയോഗിച്ച് നോക്കുക.

5. താരന് പ്രതിവിധി - നിരവധി ആളുകള്‍ ശൈത്യകാലത്ത് കൂടുതലായി നേരിടുന്ന ഒരു പ്രശ്നമാണ് താരന്‍. തക്കാളിയുടെ പള്‍പ്പ് തലയോട്ടിയില്‍ തേച്ച പിടിപ്പിക്കുന്നത് ഇതിന് മികച്ച പരിഹാരമാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് ചെയ്യുന്നത് മികച്ച ഫലം നല്കും.

തക്കാളി ഉപയോഗിക്കേണ്ട വിധം

1. ചര്‍മ്മം മൃദുവാക്കാന്‍ തക്കാളി - ചര്‍മ്മത്തിന് മൃദുത്വം ലഭിക്കാന്‍ തക്കാളി ഉപയോഗിച്ച് മസാജ് ചെയ്യുക. രാത്രിയില്‍ ഇത് ചെയ്ത ശേഷം രാവിലെ കഴുകിക്കളയാം. ഫേഷ്യല്‍ ക്രീമുകളിലും സ്ക്രബ്ബുകളിലും തക്കാളി ചേര്‍ത്താല്‍ ചര്‍മ്മത്തിന് മൃദുത്വവും മിനുസവും ലഭിക്കും.

2. ചര്‍മ്മം വൃത്തിയാക്കാന്‍ തക്കാളി ജ്യൂസ് - മുഖചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കാന്‍ ഒരു ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ 3-4 തുള്ളി തക്കാളി ജ്യൂസ് ചേര്‍ത്ത് ഒരു കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് മുഖത്ത് തേച്ചുപിടിപ്പിക്കുക. തുടര്‍ന്ന് മൃദുവായി മസാജ് ചെയ്ത് 10-15 മിനുറ്റ് വിശ്രമിക്കുക. ഇത് പതിവായി ചെയ്താല്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാകും.

3. കുരുക്കളും മുഖക്കുരുവും അകറ്റാം - കുരുക്കളും മുഖക്കുരുവും മാറ്റാന്‍ ഒരു തക്കാളി മുറിച്ച് മുഖത്ത് തേക്കുക. മുഖക്കുരുവുണ്ടെങ്കില്‍ ഒരു തക്കാളി വേവിച്ച് അത് പള്‍പ്പാക്കി ചര്‍മ്മത്തില്‍ തേച്ച് ഒരു മണിക്കൂര്‍ കാത്തിരിക്കുക. തുടര്‍ന്ന് മുഖം കഴുകി തുടയ്ക്കുക. സൂര്യപ്രകാശമേറ്റുള്ള നിറഭേദം മാറ്റാനും കുരുക്കളകറ്റാനും ഇത് ഫലപ്രദമാണ്.

4. ചര്‍മ്മം മിനുങ്ങാന്‍ തക്കാളിയും തേനും - തക്കാളി ജ്യൂസ് തേനുമായി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് തേച്ച് 15 മിനുറ്റിന് ശേഷം പച്ചവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. തിളക്കവും മിനുസവുമുള്ള ചര്‍മ്മം ലഭിക്കുമെന്ന് ഉറപ്പ്.

ഹൈബ്രിഡ് വിത്തിനങ്ങള്‍

ഹൈബ്രിഡ് വിത്തിനങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് തക്കാളിയിലാണ്. മികച്ച വിളവ്, പടര്‍ന്നു കയറി വളരാനുള്ള കഴിവ്, രോഗങ്ങളെ ചെറുത്തുനില്ക്കുന്നതിനുള്ള പ്രതിരോധശേഷി, മികച്ച ഷെല്‍ഫ് ലൈഫ് എന്നിവയാണ് ഈയിനങ്ങളുടെ പ്രത്യേകത. സിന്‍ജെന്റാ, മഹികോ, രാശി, ഈസ്റ്റ്‌വെസ്റ്റ്, നുണ്‍ഹെംസ്, ഇന്‍ഡസ് തുടങ്ങി 15 ലധികം കമ്പനികള്‍ ഹൈബ്രിഡ് തക്കാളിവിത്തുകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇവയില്‍ ചിലത് കേരളത്തില്‍ വളര്‍ത്തുന്നതിന് മികച്ചതാണ്. ഏതിനമായാലും 10 ഗ്രാം വിത്തിന് ശരാശരി 470 മുതല്‍ 500 രൂപ വരെ വിലയാകും.

തക്കാളി നടാൻ വിത്തുകൾക്കായി പ്രത്യേകം അന്വേഷിക്കേണ്ടതില്ല. കടകളിൽ നിന്ന് ലഭിക്കുന്ന നല്ല ആരോഗ്യമുള്ള തക്കാളി കറിവെക്കാൻ ഉപയോഗിക്കുമ്പോൾ അതിന്റെ ഉൾവശത്തെ വിത്തുകൾ ശേഖരിച്ച്, വെള്ളത്തിൽ കഴുകിയെടുത്ത് നേരിട്ട് മണ്ണിൽ വിതച്ചാൽ മതി. ടെറസ്സിലെ ചെടിച്ചട്ടിയിലെ മണ്ണിൽ വിതച്ച വിത്തിന് വെള്ളമൊഴിച്ച് കൊടുക്കണം. വിത്ത് മുളച്ച് മൂന്നോ നാലോ ഇലകൾ വന്ന്, തണ്ടിന് ഉറപ്പ് വന്നുകഴിഞ്ഞാൽ (പത്ത് സെന്റീമീറ്റർ ഉയരം വന്നാൽ) പറിച്ചു നടാൻ പാകമാവും. ടെറസ്സിൽ കൃഷി ചെയ്യുമ്പോൾ ചാണകപ്പൊടിയും മണ്ണിരക്കമ്പോസ്റ്റും കലർത്തിയ മണ്ണ് തറയിൽ വിരിച്ച പ്ലാസ്റ്റിക്ക് ഷീറ്റിലും ചാക്കിലും ചെടിച്ചട്ടിയിലും നിറച്ച് നന്നായി നനച്ചതിനുശേഷം തക്കാളിചെടി പറിച്ചുനടാം. ഒരു ചെടിച്ചട്ടിയിൽ ഒന്ന് വീതവും വലിയ ചാക്കിൽ രണ്ടെണ്ണം വീതവും വേര് പൊട്ടാതെ ചുവടെയുള്ള മണ്ണോട്‌കൂടി നടണം.

ചേന


ഇടവിളയായി തെങ്ങിന്‍ തോപ്പുകളില്‍ വിജയകരമായി കൃഷി ചെയ്യാവുന്ന കിഴങ്ങുവര്ഗ്ഗ വിളയാണ് ചേന. നടുന്നതിനായി ഇടത്തരം വലിപ്പവും ഏകദേശം നാല്‌ കി.ഗ്രാം തൂക്കവുമുള്ള ചേന കഷണങ്ങളായി മുറിച്ച്‌ ചാണകക്കുഴമ്പില്‍ മുക്കി തണലത്തുണക്കി എടുക്കണം. നടുന്നതിന്‌ മുമ്പായി രണ്ടുകി.ഗ്രാം കാലിവളമോ കമ്പോസ്റ്റോ കാല്‍ കിലോ ചാരവും മേല്മ.ണ്ണുമായി ചേര്ത്ത്റ‌ കുഴിയുടെ മുക്കാല്‍ ഭാഗത്തോളം മൂടണം. കുഴിയുടെ നടുവില്‍ വിത്ത്‌ വച്ച്‌ ബാക്കി മണ്ണിട്ട്‌ മൂടി ചെറുതായി ചവിട്ടി ഉറപ്പിച്ചശേഷം പച്ചിലകളോ ചപ്പുചവറുകളോ ഇട്ട്‌ കുഴി മുഴുവനായും മൂടണം. കുഴിയൊന്നിന്‌ 100 ഗ്രാം വേപ്പിന്‍ പിണ്ണാക്കും ഇടാവുന്നതാണ്‌. നട്ട്‌ ഒരുമാസത്തിനകം മുള വരും. ഒരു ചുവട്ടില്നി്ന്ന്‌ ഒന്നിലധികം കിളിര്പ്പ് ‌ വരുന്നുണ്ടെങ്കില്‍ നല്ല പുഷ്ടിയുള്ള ഒന്നുമാത്രം നിര്ത്തി ബാക്കിയുള്ളവ മുറിച്ചു കളയണം. വേനല്ക്കാ ലത്ത്‌ ചെറിയ രീതിയില്‍ നനച്ചു കൊടുക്കുന്നത്‌ നല്ലതാണ്‌. എന്നാല്‍ ചേനച്ചുവട്ടില്‍ വെള്ളം കെട്ടി നില്ക്കാനന്‍ അനുവദിക്കരുത്‌. നടുമ്പോള്‍ മുതല്തടന്നെ പച്ചിലകളോ ചപ്പുചവറുകളോ കൊണ്ട്‌ പുതയിടുന്നത്‌ കളശല്യം ഒഴിവാക്കാനും ഈര്പ്പം നിലനിര്ത്താ നും സഹായിക്കും. കേന്ദ്രതോട്ടവിള ഗവേഷണസ്ഥാപനത്തിലെ കായംകുളം പ്രാദേശിക കേന്ദ്രത്തില്‍ നടത്തിയ പഠനത്തില്നിരന്നും പൂര്ണിമായും ജൈവവളപ്രയോഗം നടത്തി ചേന കൃഷിചെയ്യാമെന്ന്‌ കണ്ടെത്തി. ഓരോ കുഴിയിലും 2 കി.ഗ്രാം ചാണകം, 1 കി.ഗ്രാം മണ്ണിര കമ്പോസ്റ്റ്‌, 50 ഗ്രാം സൂക്ഷ്മാണുവളങ്ങള്‍ എന്നിവയാണ്‌ നല്കി യത്‌. ഗജേന്ദ്ര ഇനത്തിന്‌ ഓരോ മൂടില്നികന്നും ശരാശരി 2 കി.ഗ്രാം വിളവ്‌ ലഭിച്ചു. രോഗമില്ലാത്ത നടീല്‍ വസ്തു ഉപയോഗിക്കുകയും രോഗബാധയേറ്റ ചെടികള്‍ മാറ്റി നശിപ്പിക്കുകയും ചെയ്യുന്നത്‌ കൂടാതെ കാലിവളത്തോടൊപ്പം ട്രൈക്കോ ഡെര്മ യും ചേര്ത്ത് ‌ കൊടുക്കുന്നത്‌ കുമിള്‍ മൂലമുണ്ടാകുന്ന കടചീയല്‍/മൂടുചീയല്‍ രോഗത്തെ ചെറുക്കാന്‍ സഹായിക്കും. നട്ട്‌ 8-9 മാസങ്ങള്‍ കഴിഞ്ഞ്‌ ചെടിയുടെ ഇലകള്‍ മഞ്ഞളിച്ച്‌ തണ്ടുണങ്ങാന്‍ തുടങ്ങുമ്പോള്‍ വിളവെടുക്കാം.

കൃഷി രീതിയും വളപ്രയോഗവും

ചേന നടാനായി 60 സെ.മീ. നീളവും, വീതിയും, 45 സെ.മീ. ആഴവുമുള്ള കുഴികള്‍ 90 സെ.മീ. അകലത്തില്‍ എടുക്കുക. മേല്‍മണ്ണും ചാണകവും ( കുഴിയൊന്നിന് 2 മുതല്‍ 2.5 കി.ഗ്രാം ) നല്ല പോലെ ചേര്‍ത്ത്‌ കുഴിയില്‍ നിറച്ച ശേഷം ഇതില്‍ ഏകദേശം 1 കി.ഗ്രാം തൂക്കം വരുന്നതും ഒരു മുളയെങ്കിലും ഉള്ളതുമായ വിത്ത്‌ നടാം. നടാനുള്ള ചേനക്കഷണങ്ങള്‍ ചാണകവെള്ളത്തില്‍ മുക്കി തണലത്ത് ഉണക്കിയെടുക്കണം. നിമാവിരകളുടെ ആക്രമണം നിയന്ത്രിക്കുന്നതിനായി വിത്തുചേന Bacillus macerans എന്ന ബാക്ടീരിയല്‍ മിശ്രിതവുമായി യോജിപ്പിക്കണം. ( 3 ഗ്രാം/കി.ഗ്രാം വിത്ത്‌ ) നട്ടശേഷം ചപ്പുചവറുകള്‍ കൊണ്ട് പുതയിടണം. ഒരു ഹെക്ടര്‍ സ്ഥലത്ത് നടുന്നതിന് ഏകദേശം 12 ടണ്‍ ചേന വിത്ത്‌ വേണ്ടിവരും ( 12,000 കഷണങ്ങള്‍ ). നട്ട് ഒരു മാസമാകുമ്പോള്‍ ഇവ മുളയ്ക്കാന്‍ തുടങ്ങും.

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ചേനക്കൃഷിക്ക് യോജിച്ചത്. ഇടവിളയായി തെങ്ങിന്‍ തോപ്പുകളില്‍ ചേന വിജയകരമായി കൃഷി ചെയ്യാം. ചേന നടാന്‍ ഏറ്റവും യോജിച്ച സമയം ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളാണ്. ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവര്‍ഗ്ഗവിള ഗവേഷണ കേന്ദ്രത്തില്‍ നിന്നും പുറത്തിറക്കിയ ഉല്‍പ്പാദനശേഷി കൂടിയ ഒരിനമാണ് ശ്രീപത്മ. ഇത് 8 – 9 മാസം കൊണ്ട് വിളവെടുക്കാറാകും.

വഴുതന

ആദായകരമായി കൃഷി ചെയ്യാവുന്ന ഒരു ദീർഘകാല വിളയാണ് വഴുതനങ്ങ. പാവങ്ങളുടെ തക്കാളി എന്നാണ് വഴുതനങ്ങ അറിയപ്പെടുന്നത്”. തമിഴിലും, കേരളത്തിൽ ചിലയിടത്തും “കത്തിരിക്ക” എന്നു പറയുന്നു. മദ്ധ്യകേരളത്തിൽ നീളത്തിൽ ഉള്ളവയെ ‘വഴുതനങ്ങ’ എന്നും ഗോളാകൃതിയിലുള്ളവയെ ‘കത്തിരിക്ക (കത്രിക്ക)’ എന്നും വിളിക്കുന്നു. നാട്ടിന്‍പുറങ്ങളില്‍ പണ്ട് പ്രചാരത്തിലുണ്ടായിരുന്ന ഇനമാണ് നീലവഴുതന. ആറടിയോളം ഉയരത്തില്‍ ശാഖകളോടെ വളരും, മൂന്നുവര്‍ഷംവരെ തുടര്‍ച്ചയായി കായ്കള്‍ ലഭിക്കും എന്നിവയെല്ലാം നാടന്‍ നീലവഴുതനയുടെ പ്രത്യേകതകളാണ്.

വഴുതന എല്ലാകാലത്തും കൃഷിചെയ്യാമെങ്കിലും കാലവര്‍ഷാരംഭമാണ് കൂടുതല്‍ യോജിച്ചത്. അതിന് ഇപ്പോഴേ തയ്യാറാവാം. മികച്ചയിനങ്ങളുടെ ഉണക്കി സൂക്ഷിച്ചിരിക്കുന്ന വിത്തുകള്‍ ജൈവവളവും മേല്‍മണ്ണും മണലും ചേര്‍ത്ത് നിറച്ച കൂടകളില്‍ പാകണം. ദിവസേന ചെറിയതോതില്‍ നന നല്‍കണം.

കൃഷി രീതിയും വളപ്രയോഗവും

മെയ്, ജൂണ്‍ മാസമാണ് വഴുതന കൃഷിക്ക് ഏറ്റവും ഉചിതം. പാകേണ്ട വിത്തുകള്‍ എടുക്കുക,   വിതയ്ക്കുന്ന വിത്തുകള്‍ എല്ലാം മുളക്കില്ല. വളര്‍ന്നു വരുന്നവയില്‍ തന്നെ ആരോഗ്യുള്ളവ മാത്രം എടുക്കുക. ടെറസ്സിലെ ഗ്രോ ബാഗ്‌/ചെടിചട്ടി അല്ലെങ്കില്‍ തറയിൽ വിരിച്ച മണലിലോ വിത്ത് വിതക്കാം. രാവിലെയും വൈകിട്ടും മിതമായി നനക്കാം. വിത്തുകള്‍ നടുന്നതിന് മുന്‍പ് കുറച്ചു നേരം വെള്ളത്തില്‍ /സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. ഒരു വെള്ള തുണിയില്‍ വിത്തുകള്‍ കെട്ടി, മുക്കി വെക്കാം. വിത്തുകള്‍ പാകുബോള്‍ അധികം ആഴത്തില്‍ പോകാതെ ശ്രദ്ധിക്കുക. നനയ്ക്കുമ്പോഴും ശ്രദ്ധിക്കുക, വെള്ളം ഒഴിച്ച് കൊടുക്കാതെ കൈയ്യില്‍ എടുത്തു കുടയുക.വിത്ത് മുളച്ച് നാലോ അഞ്ചോ ഇലകൾ അല്ലെങ്കില്‍ വഴുതന തൈകള്‍ പത്ത് സെന്റീമീറ്റർ ഉയരം വന്നാൽ ഇളക്കിമാറ്റി നടാം.

ആരോഗ്യുള്ളവ മാത്രം എടുക്കുക, വൈകുന്നേരം ആണ് മാറ്റി നടാന്‍ നല്ല സമയം. ടെറസ്സ് കൃഷി എങ്കില്‍ ഗ്രോ ബാഗ്‌/ പ്ലാസ്റ്റിക്‌ ചാക്ക് ഇവ ഉപയോഗിക്കാം. മണ്ണും കമ്പോസ്റ്റും ചാണകപ്പൊടിയും കലർത്തിയ നടീല്‍ മിശ്രിതം ഉപയോഗിക്കാം. നടുബോള്‍ വേറെ വളം ഒന്ന് പാടില്ല. അടിവളായി വേപ്പിന്‍ പിണ്ണാക്ക്, എല്ല് പൊടി ഇവ കൊടുക്കാം. ചെടി വളരുന്നതനുസരിച്ച് ജൈവവളം ഇട്ടു കൊടുക്കാം. സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനി രണ്ടാഴ്ച്ച കൂടുബോള്‍ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ വഴുതന മുളച്ച് തൈകള്‍ വളര്‍ന്നുതുടങ്ങും.

കൃഷി സ്ഥലം നന്നായി കിളച്ച് 70cm അകലത്തില്‍ നടുക. 5kg ചാണകം, 100gm എല്ലുപൊടി, 1kg ആട്ടിന്‍ കാഷ്ടം. എന്നിവ കൂട്ടി കലര്‍ത്തുക.പാകി കിളിര്‍ന്ന 30 ദിവസം പ്രായമായ വിത്തുകള്‍ പറിച്ച്നടാവുന്നതാണ്

നല്ലവെയില്‍ ലഭിക്കുന്ന സ്ഥലത്ത് ഉണക്കിപ്പൊടിച്ച ചാണകമോ ജൈവവളമോ ചേര്‍ത്തെടുത്ത തടമാണ് നടാന്‍ അനുയോജ്യം. തൈകള്‍ കാറ്റില്‍ ഒടിഞ്ഞു പോകാതിരിക്കാന്‍ ചെറിയ കമ്പുനാട്ടി കെട്ടിക്കൊടുക്കണം. ചുവടുപിടിച്ച് വളര്‍ന്നുതുടങ്ങുമ്പോള്‍ ചെടികള്‍ക്ക് മണ്ണ് കൂട്ടിക്കൊടുക്കണം. രണ്ടുമാസംകൊണ്ട് വഴുതനച്ചെടികള്‍ കായ്ഫലം തന്നുതുടങ്ങും.
ഒരടി നീളമുള്ള വലിയ കായ്കളാണ് നാടന്‍ നീലവഴുതനയ്ക്കുണ്ടാവുക. ഒരു മാസത്തിനുള്ളില്‍ ഇവ വിളവെടുത്തുതുടങ്ങാം. ഇലചുരുട്ടിപ്പുഴുവിന്റെ ആക്രമണമുണ്ടായാല്‍ വേപ്പെണ്ണ മിശ്രിതം തളിച്ച് നിയന്ത്രിക്കാം. നല്ല നീർവർച്ച സൗകര്യമുള്ള പശിമാരസിയുള്ള മണ്ണിൽ വഴുതന നല്ലവണ്ണം വളരുന്നു.

ഇനങ്ങള്‍

 • സൂര്യ : വഴുതനയിലെ പ്രധാനരോഗമായ ബാക്ടീരിയല്‍ വാട്ടത്തിനെതിരെ പ്രതിരോധശേഷിയുള്ള ഇനമാണിത്. കായ്കള്‍ ഉരുണ്ട്, ഇടത്തരം വലിപ്പത്തോടുകൂടിയതാണ്. വയലറ്റ് നിറമുള്ള കായ്കള്‍ക്ക് കോഴിമുട്ടയുടെ ആകൃതിയാണ്. കുറ്റിച്ചെടിയായി വളരുന്ന ഇനമാണ്.
 • ശ്വേത : കുറ്റിയായി വളരുന്ന ഈയിനത്തിന് ബാക്ടീരിയല്‍ വാട്ടത്തിനെതിരെ പ്രതിരോധശേഷിയുണ്ട്. വെള്ള നിറത്തോടുകൂടിയ നീണ്ട കായ്കളാണ് ഇതിനുള്ളത്. അടുത്തടുത്ത് നടാന്‍ യോജിച്ചതാണിവ.  എന്നാല്‍ കായുടെ തൊലിക്ക് കട്ടികുറവായതിനാല്‍ പുഴു കായ്ക്കുള്ളിലേക്ക് കയറാനുള്ള സാധ്യത കൂടുതലാണ്.
 • ഹരിത : ബാക്ടീരിയല്‍ വാട്ടം, കായ്ചീയല്‍ തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ പ്രതിരോധശേഷിയുള്ള ഇനമാണിത്. ഇളം പച്ചനിറത്തോടുകൂടിയ നീണ്ട കായ്കള്‍ക്ക് പാകം ചെയ്യുമ്പോള്‍ നല്ല സ്വാദാണ്. എട്ടു മാസം മുതല്‍ രണ്ടു വര്‍ഷം വരെ വിളവെടുക്കാമെന്ന പ്രത്യേകതയും ഈയിനത്തിനുണ്ട്.
 • നീലിമ : സങ്കരയിനം വഴുതനയാണ് നീലിമ. വാട്ടരോഗത്തിനെതിരെ പ്രതിരോധശേഷി, മികച്ച വിളവ്, വയലറ്റ് നിറത്തിലുള്ള കായ്കള്‍ക്ക് ശരാശരി 150 ഗ്രാം തൂക്കം എന്നിവ ഈയിനത്തിന്‍റെ പ്രത്യേകതകളാണ്.

കൂടാതെ പൂസാ പർപ്പിൾ ക്ലസ്റ്റർ, വേങ്ങേരി, മാരാരിക്കുളം , ഇതില്‍ മാരാരിക്കുളം രോഗപ്രതിരോധശേഷി കൂടിയതും ഉയര്‍ന്ന ഉല്‍പ്പാദനം ഉള്ളതും രുചിയേറിയതുമായ ഇനമാണ്.

രോഗങ്ങൾ/രോഗനിയന്ത്രണം

തൈ ചീയല്‍ - രോഗ കാരണം ഫംഗസ്, പ്രതിരോധം/നിയന്ത്രണം - വെള്ളം ചുവട്ടില്‍ കെട്ടി നില്ക്കാന്‍ പാടില്ല , 20gmസ്യൂടോമോനാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കല്‍ക്കി ഇലകളിലും ചുവട്ടിലും ആഴ്ചയില്‍ ഒരിക്കല്‍ ഒഴിച്ച് കൊടുക്കാം

കായ്ചീയല്‍ :കായ്കളില്‍ ചെറിയ പൊട്ടുകള്‍ പോലെയുള്ള അടയാളങ്ങള്‍ കണ്ടുതുടങ്ങുന്നതാണ് ആദ്യലക്ഷണം. ഇവ ക്രമേണ വലുതായി കായ് ചീഞ്ഞുപോകുന്നു. ചീഞ്ഞ കായ്കള്‍ പറിച്ചെടുത്ത് നശിപ്പിക്കുക, എന്നതാണ് പ്രധാന നിയന്ത്രണമാര്‍ഗം.

ബാക്റ്റീരിയല്‍ വാട്ടം - ലക്ഷണം രോഗം ബാധിച്ച ചെടിയുടെ ഇലകള്‍ വാടി പതിയെ ഉണങ്ങി നശിക്കുന്നു. നിയന്ത്രണം- അത്തരം ചെടികള്‍ ഉടന്‍ പിഴുതു നശിപ്പിക്കുക , മട്ടുല്ലവയിലേക്ക് രോഗം പടരാതിക്കാന്‍. സ്യൂടോമോനാസ് ഉപയോഗിക്കാം

കുറ്റില രോഗം (വഴുതന) രോഗകാരണം ഫൈറ്റോപ്ലാസ്മ , രോഗം പരത്തുന്നത് ഇലച്ചാടികള്‍ - വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കാം

കീടങ്ങള്‍

കായ്തുരപ്പനും തണ്ടുതുരപ്പനും : മുകളിലും വശങ്ങളിലും വലവിരിച്ച് സംരക്ഷിക്കുക. പുഴുക്കളേയും കീടബാധയേറ്റ ഭാഗങ്ങളേയും നശിപ്പിക്കുക. ഫെറമോൺ കെണികൾ സ്ഥാപിക്കുക. 2% വീര്യമുള്ള വേപ്പെണ്ണ - വെളുത്തുള്ളി എമൽഷൻ തളിക്കുക. ബാസില്ലസ് തുറിൻജിയൻസിസ് ബാക്ടീരയയുടെ ഡൈപെൽ, ഡെൽഫിൻ, ഹാൾട്ട്, ബയോ ആസ്പ്, ബയോലെപ് എന്നിവയിൽ ലഭ്യമായത് 0.7 മില്ലി/ലിറ്റർ എന്ന തോതിൽ തളിക്കുക. വെട്ടിയുടേയും കശുമാവിന്റേയും ഇലച്ചാറുകൾ തളിക്കുക.

ചിത്രകീടം : വേപ്പെണ്ണ എമല്‍ഷന്‍ മതി

ചുവന്ന മണ്ഡരി : വെള്ളം ശക്തിയായി ചെടികളിൽ ചീറ്റി തളിക്കുക. കഞ്ഞിവെള്ളം ഇലയുടെ അടിയിൽ തളിച്ചുകൊടുക്കുക. ആവണക്ക് - സോപ്പ് എമൽഷൻ അല്ലെങ്കിൽ വേപ്പെണ്ണ - വെളുത്തുള്ളി എമൽഷൻ 2% തളിക്കുക

എപ്പിലാക്ന വണ്ട് / ആമവണ്ട്‌ : ലക്ഷണം- ഇലയുടെ ഹരിതകം തിന്നുന്നു.കരണ്ട് തിന്ന ഭാഗം ഉണങ്ങി പോകുന്നുനിയത്രണം 2% വേപ്പെണ്ണ വെളുത്തുള്ളി സോപ്പ് ലായനി തളിക്കുക

സോപ്പ് - വെളുത്തുള്ളി ആവണക്കെണ്ണ എമൽഷൻ 2% തളിക്കുക. കീടങ്ങളേയും മുട്ടകളേയും പുഴുക്കളേയും ശേഖരിച്ച് നശിപ്പിക്കുക

പച്ചത്തുള്ളന്‍ : വഴുതനയുടെ ഇലകളുടെ അരികില്‍നിന്ന് നീരൂറ്റിക്കുടിച്ച് ഇലകളെ നശിപ്പിക്കുകയാണ് പച്ചത്തുള്ളന്‍ ചെയ്യുന്നത്. ഇവയെ നിയന്ത്രിക്കുന്നതിനായി വെളുത്തുള്ളി-വേപ്പെണ്ണ എമല്‍ഷന്‍, വേപ്പധിഷ്ഠിത ജൈവകീടനാശിനികള്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്.

നിമവിരകൾ : കമ്മ്യൂണിസ്റ്റ് പച്ച, വേപ്പില, വേപ്പിൻപിണ്ണാക്ക്, ഉമി, മരപ്പൊടി എന്നിവ ചതുരശ്ര മീറ്ററിന് 100 ഗ്രാം എന്ന തോതിൽ ചേർത്ത് കൊടുക്കുക. ചെടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്ന റൈസോബാക്ടീരിയ, പാസിലോമൈസെസ് തുടങ്ങിയവ 2 കിലോ ഒരു ഹെക്ടറിന് എന്ന തോതിൽ മണ്ണിൽ ചേർക്കുക.

വിളവെടുപ്പ്

മാറ്റി നട്ട് 40-45 ദിവസത്തിനുശേഷം വിളവെടുപ്പ് തുടങ്ങാവുന്നതാണ്. അധികം മൂപ്പെത്താത്ത കായ്കള്‍ പറിച്ചാല്‍ കറിവയ്ക്കുമ്പോള്‍ രുചിയേറും. രാവിലെ വിളവെടുത്താല്‍ തൂക്കം കുറയില്ല എന്ന മെച്ചമുണ്ട്. മൂന്നുമാസത്തിലധികം വിളവെടുക്കാം.

നിത്യ വഴുതന

പേരില്‍ മാത്രമേ വഴുതന എന്നുള്ളു, വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് നിത്യ വഴുതന. ഇതിന്റെ കായ കൊണ്ട് തോരന്‍, മെഴുക്കുപുരട്ടി/ഉപ്പേരി വെക്കാന്‍ വളരെ നല്ലതാണു. പ്രത്യേകിച്ച് പരിചരണം ഒന്നും വേണ്ടാത്ത ഈ ചെടിയ്ക്ക്‌ കീടങ്ങളുടെ ആക്രമണവും വളരെ കുറവാണ്. ഒരിക്കല്‍ നട്ടാല്‍ അതിന്റെ വിത്തുകള്‍ മണ്ണില്‍ കിടന്നു വീണ്ടും തനിയെ ചെടി വളര്‍ന്നു വരും. പണ്ട് കാലത്ത് വീടുകളില്‍ ഒരുപാടു ഉണ്ടായിരുന്നു ഈ ചെടി , വളരെ എളുപ്പത്തില്‍ വേലികളില്‍ പടര്‍ന്നു പന്തലിക്കും. നട്ടു വളരെ ചുരുങ്ങിയ സമയം കൊണ്ട് കായകള്‍ പറിച്ചെടുക്കാം. കായകള്‍ അധികം മൂക്കുന്നതിനു മുന്‍പേ പറിച്ചെടുക്കുന്നതാണ് നല്ലത്.

ഏതു കാലാവസ്ഥയിലും കൃഷിചെയ്യാവുന്ന നിത്യവഴുതനയുടെ കായ്‌കളില്‍ പോഷകങ്ങള്‍ സമൃദ്ധമായുണ്ട്‌, ഫൈബര്‍, കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി. തുടങ്ങിയ ധാരാളം ഉണ്ട്.

നടീല്‍ രീതി വിത്ത് പാകിയാണ് നിത്യ വഴുതന കൃഷി ചെയ്യുന്നത്, മണ്ണ് നന്നായി കിളച്ചിളക്കി വിത്തിടുക, നന്നായി നനച്ചു കൊടുക്കുക, കാര്യമായ വള പ്രയോഗം ഒന്നും വേണ്ട ഈ ചെടിക്ക്. മണ്ണില്‍ ഫലഭൂയിഷ്ട്ടത തീരെ കുറവാണെങ്കില്‍ ഉണങ്ങിയ ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, ഒക്കെ ഇടാം. കീടങ്ങള്‍ അങ്ങിനെയൊന്നും ആക്രമിച്ചു കണ്ടിട്ടില്ല.

വഴുതനങ്ങയുടെ അത്ഭുത ഗുണങ്ങള്‍

 • ടൈപ്പ് 2 പ്രമേഹം

വഴുതനങ്ങയിലെ ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയുടെ വൈപുല്യം ടൈപ്പ് 2 പ്രമേഹരോഗികളില്‍ ഗ്ലൂക്കോസ് ആഗിരണത്തെ നിയന്ത്രിക്കുകയും രക്തത്തിലെ പഞ്ചസാരയുട അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഫെനോള്‍സും അതിലെ കുറഞ്ഞ ഗ്ലൈസെമിക് ഘടകവും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹരോഗികളുടെ ഒരു ഉത്തമ ആഹാരമായി വഴുതനങ്ങ മാറുന്നു.

 • ഹൃദയാരോഗ്യം

പൊട്ടാസ്യം ശരീരത്തെ ജലാശമുള്ളതാക്കുകയും ദ്രവങ്ങള്‍ നിലനില്‍ക്കുന്നത് തടയുകയും, അത് വഴി കൊറോണറി ഹൃദയ രോഗങ്ങളെ തടയുകയും ചെയ്യുന്നു. ഫൈറ്റോന്യൂട്രിയന്‍റുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഫോലേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി 3, ബി 6, ആന്‍റി ഓക്സിഡന്‍റുകള്‍, ബീറ്റ കരോട്ടിന്‍ എന്നിവ ഹൃദയാഘാത-ഹൃദയസ്തംഭന സാധ്യതകള്‍ കുറയ്ക്കുന്നു. സാച്ചുറേറ്റഡ് ഫാറ്റ്, കൊളസ്ട്രോള്‍, സോഡിയം എന്നിവ സ്വഭാവികമായി തന്നെ കുറഞ്ഞ അളവിലേ വഴുതനങ്ങയിലുള്ളൂ.

 • തലച്ചോറിന് ആരോഗ്യം

ഫൈറ്റോന്യൂട്രിയന്‍റുകള്‍ തലച്ചോറിലെ കോശങ്ങളുടെ പാളികളെ ദോഷകരമായ സ്വതന്ത്രമൂലകങ്ങളില്‍ നിന്നും, ഓക്സിഡേറ്റീവ് സ്ട്രെസ്സ് വഴിയുണ്ടാകുന്ന തകരാറുകളില്‍ നിന്നും സംരക്ഷിക്കുകയും ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ സജീവമാക്കി ഓര്‍മ്മശക്തിയെ ബലപ്പെടുത്തുകയും ചെയ്യും. സ്ട്രെസ്സ് കുറയ്ക്കാന്‍ ബി കോംപ്ലക്സ് വിറ്റാമിനുകളും സഹായിക്കും.

 • ഇരുമ്പ്

ഓക്സിജന്‍ സംവഹനത്തിന് ആവശ്യമായ ന്യൂട്രിയന്‍റായ ഇരുമ്പ് അമിതമായാല്‍ ശരീരത്തിന് ദോഷം ചെയ്യും. സ്ത്രീകളിലെ ആര്‍ത്തവവിരാമത്തിന് ശേഷം ഇരുമ്പിന്‍റെ അളവ് കൂടുന്നത് സാധാരണമാണ്. വഴുതനങ്ങയിലെ നോസിന്‍ എന്ന ഘടകം ശരീരത്തില്‍ അധികമായുള്ള ഇരുമ്പ് പുറന്തള്ളാന്‍ സഹായിക്കും.

 • ഭാരം കുറയ്ക്കാം

ജലം ധാരാളമായി അടങ്ങിയതും, കലോറി കുറഞ്ഞതുമായ വഴുതനങ്ങയിലെ ദഹിക്കുന്ന ഫൈബര്‍ ഏറെ നേരത്തേക്ക് വിശപ്പകറ്റി നിര്‍ത്തുകയും, പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന പ്രവര്‍ത്തനം വേഗത്തിലാക്കുകയും ചെയ്യും. കലോറി ഉയര്‍ന്ന തോതില്‍ ഇല്ലാതാക്കുന്നത് വഴി ശരീരഭാരം കുറയ്ക്കാനും വഴുതനങ്ങ സഹായിക്കും.

 • ദഹനം

വഴുതനങ്ങ, തക്കാളി എന്നിവയുടെ സൂപ്പ് വിശപ്പ് വര്‍ദ്ധിപ്പിക്കുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യും. ഇതിലെ ആന്‍റി ഓക്സിഡന്‍റുകളും, ഫൈബറും മലവിസര്‍ജ്ജനത്തെ നിയന്ത്രിക്കുകയും മലബന്ധം, കുടലിലെ ക്യാന്‍സര്‍ എന്നിവ തടയുകയും മൂലക്കുരുവിന് ശമനം നല്കുകയും ചെയ്യും. കുടലെരിച്ചില്‍, ആമാശയവീക്കം, വയര്‍വേദന എന്നിവയ്ക്കും വഴുതനങ്ങ ശമനം നല്കും. വായുക്ഷോഭമകറ്റാന്‍ വഴുതനങ്ങ, കായം, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് സൂപ്പ് തയ്യാറാക്കി കുടിച്ചാല്‍ മതി.

 • ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍

വഴുതനങ്ങയിലെ വിറ്റാമിന്‍ സിയുടെ ധാരാളിത്തം അതിന് ആന്‍റി ബാക്ടീരിയല്‍, ആന്‍റി വൈറല്‍ കഴിവുകള്‍ നല്കുന്നു.

 • ചര്‍മ്മസംരക്ഷണം

മിനറലുകള്‍, വിറ്റാമിനുകള്‍, ദഹിക്കുന്ന ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് വഴുതനങ്ങ. ഇതിലെ ഉയര്‍ന്ന ജലാംശം ചര്‍മ്മത്തിന്‍റെ വരള്‍ച്ച, അടര്‍ന്ന് പോകല്‍, ചുളിവുകള്‍ എന്നിവയകറ്റാന്‍ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍, ആന്തോസ്യാനിന്‍ എന്നിവ പ്രായാധിക്യത്തെ ചെറുക്കാന്‍ സഹായിക്കും. ചര്‍മ്മത്തിലെ പുള്ളികള്‍ മങ്ങാനും, അരിമ്പാറ മാറ്റാനും, എണ്ണമയമുള്ള ചര്‍മ്മത്തിനും, പാടുകള്‍ മായാനും വഴുതനങ്ങ ഉപയോഗിക്കാം.

 • കേശസംരക്ഷണം
  വഴുതനങ്ങയിലെ മിനറലുകള്‍, വിറ്റാമിനുകള്‍, ഉയര്‍ന്ന ജലാംശം എന്നിവ തലയോട്ടിക്ക് ആഴത്തില്‍ ഉണര്‍വ്വ് നലകുകയും മുടിയുടെ അഗ്രഭാഗം പിളരുന്നത് തടയുകയും, മുടിക്ക് കരുത്തും ആരോഗ്യവും നല്കുകയും ചെയ്യും. ഇതിലെ എന്‍സൈമുകള്‍ മുടിനാരുകള്‍ക്ക് ഉത്തേജനം നല്കുകയും തിളക്കമേകുകയും ചെയ്യും.
 • കഫത്തില്‍ നിന്ന് മുക്തി

വഴുതനങ്ങ തീയില്‍ നേരിട്ട് വറുത്ത് ഉപ്പ് ചേര്‍ത്ത് കഴിക്കുന്നത് കഫം അകറ്റാനും ശ്വസോഛ്വാസം സുഗമമാക്കാനും സഹായിക്കും.

 • നിദ്രാഹാനി തടയാം

ഉറക്കത്തിന് പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ വൈകുന്നേരം ബേക്ക് ചെയ്ത വഴുതനങ്ങ കഴിക്കുക. ഇത് പതിവായി ഉപയോഗിച്ചാല്‍ നിദ്രാഹാനി പരിഹരിക്കാനാവും.

 • മൂലക്കുരുവിന് പ്രതിവിധി

വഴുതനങ്ങയുടെ മുകള്‍ഭാഗം(പച്ചനിറമുള്ളത്) പരമ്പരാഗതമായി മൂലക്കുരുവിനും അര്‍ശസിനും(ഗുദത്തിലെ ഞരമ്പുകള്‍ വീങ്ങുന്ന അവസ്ഥ) ഔഷധമായി ഉപയോഗിച്ച് വരുന്നുണ്ട്.

 • വേദനാസംഹാരി

വഴുതനങ്ങ രണ്ടാക്കി പിളര്‍ന്ന് ഫ്രൈയിങ്ങ് പാനിലിട്ട് ഏതാനും സെക്കന്‍ഡ് ചൂടാക്കി മഞ്ഞള്‍ പൊടി വിതറുക. സന്ധികളിലെ വേദന, നീര്‍ക്കെട്ട്, പരുക്കുകള്‍ മൂലമുള്ള വേദന എന്നിവയ്ക്ക് ഇങ്ങനെ വഴുതനങ്ങ കഴിക്കുന്നത് ഉത്തമമാണ്.

 • ശരീരദുര്‍ഗന്ധം അകറ്റാം

വഴുതനങ്ങയുടെ നീര് കൈകകളിലും പാദത്തിനടിയിലും തേക്കുക. ഇത് വിയര്‍പ്പ് നിയന്ത്രിക്കുകയും ശരീരദുര്‍ഗന്ധത്തില്‍ നിന്ന് മുക്തി നല്കുകയും ചെയ്യും.

 • വഷനാശിനി

കൂണില്‍ നിന്നുള്ള വിഷാംശം നീക്കം ചെയ്യാന്‍ മറുമരുന്നായി വഴുതനങ്ങ ഉപയോഗിക്കാം.

 • ചര്‍മ്മത്തിലെ വിള്ളലുകള്‍

വിണ്ടുകീറിയ പാദങ്ങളും ചര്‍മ്മം പിളര്‍ന്ന വിരലുകളും സുഖപ്പെടുത്താന്‍ പഴുത്ത് മഞ്ഞ നിറമുള്ള വഴുതനങ്ങയും പെട്രോളിയം ജെല്ലിയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ മതി.

 • കുടലിലെ ക്യാന്‍സര്‍ തടയാം

വഴുതനങ്ങയിലെ ഫൈബര്‍ കുടലിലെ ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നു. രാസവസ്തുക്കളും വിഷാംശങ്ങളും ആഗിരണം ചെയ്യുന്നത് വഴിയാണ് ഇത് സാധ്യമാകുന്നത്. വഴുതനങ്ങയിലെ ആന്‍റി ഓക്സിഡന്‍റ് സംയുക്തങ്ങള്‍, ക്ലോറോജെനിക് ആസിഡ് എന്നിവ ശരീരത്തിലെ ദോഷകാരികളായ സ്വതന്ത്രമൂലകങ്ങളെ തടയുകയും ക്യാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നത് തടയുകയും ചെയ്യും. വഴുതനങ്ങയിലെ നോസിന്‍ ആന്‍റി ആന്‍ജിയോജെനിക് കഴിവുകളുള്ളതാണ്. ഇത് ക്യാന്‍സര്‍ സെല്ലുകള്‍ക്ക് സഹായകരമായി രക്തക്കുഴലുകള്‍ വികസിക്കുന്നത് തടയും.

വെണ്ട

കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി വളരുന്ന ഒരു പച്ചക്കറിയാണ് വെണ്ട. ടെറസ്സിലും , മണ്ണിലും നന്നായി വളരും. ടെറസ്സില്‍ ആണെങ്കില്‍ ഗ്രോ ബാഗില്‍ , ചാക്കില്‍ ഒക്കെ വളര്‍ത്താം. വെണ്ടക്കയിൽ ദഹനത്തിന് സഹായകരമായ നാരുകൾ ധാരാളം അടങ്ങിയിക്കുന്നു. കൂടാതെ ജീവകം എ, ജീവകം സി, ജീവകം കെ, കാൽ‌സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, മാംസ്യം, ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നീ ഘടങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു. ഫിബ്രവരി-മാര്‍ച്ച്, ജൂണ്‍-ജൂലായ്, ഒക്ടോബര്‍-നവംബര്‍ എന്നീ മൂന്ന് സീസണുകളില്‍ കൃഷി ആരംഭിക്കാവുന്നതാണ്.

കൃഷി രീതിയും വളപ്രയോഗവും

ഒരു സെന്റ് സ്ഥലത്ത് വെണ്ട കൃഷി ചെയ്യുവാന്‍ 30 മുതല്‍ 35 ഗ്രാം വരെ വിത്ത് മതി. ഇതില്‍ നിന്നും 200 ചെടിവരെ കിട്ടും. നടാനുള്ള സ്ഥലം നന്നായി കിളച്ചശേഷം അല്പം കുമ്മായം ഇട്ടുകൊടുക്കണം. ഇത് മണ്ണിന്റെ പുളിപ്പ് മാറാന്‍ സഹായിക്കും. അടിവളമായി 200 കിലോ ഗ്രാം ചാണകപ്പൊടി നല്‍കാം. അല്പം ഉയരത്തില്‍ വാരമെടുത്ത് വിത്ത് കുതിര്‍ത്തിയശേഷം മണ്ണില്‍ നേരിട്ട് നടാവുന്നതാണ്.

വിത്തുകള്‍ പാകിയാണ് വേണ്ട തൈകള്‍ മുളപ്പിക്കുന്നത്. നടുന്നതിന് മുന്‍പ് വിത്തുകള്‍ അല്‍പ്പ സമയം വെള്ളത്തില്‍ കുതിര്‍ത്തു വെക്കുന്നത് നല്ലതാണ്. സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ആണെങ്കില്‍ കൂടുതല്‍ നല്ലത്. വിത്തുകള്‍ വേഗം മുളക്കാനും രോഗപ്രതിരോധത്തിനും ഇത് നല്ലതാണ്. അടിവളമായി ചാണകപ്പൊടി ,എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് , ഉണങ്ങിയ കരിയില ഇവ ഇടാം. കമ്മ്യുണിസ്റ്റ് പച്ചയുടെ ഇലകള്‍ ഇടുന്നത് നിമാവിരയെ അകറ്റും. വിത്ത് നടുമ്പോള്‍ വരികള്‍ തമ്മില്‍ 60 സെന്റിമീറ്ററും ചെടികള്‍ തമ്മില്‍ 45 സെന്റിമീറ്ററും അകലം വരാന്‍ ശ്രദ്ധിക്കുക. ഗ്രോ ബാഗ്‌ / ചാക്കില്‍ എങ്കില്‍ ഒരു തൈ വീതം നടുക. വിത്തുകള്‍ 3-4 ദിവസം കൊണ്ട് മുളക്കും. ആരോഗ്യമുള്ള തൈകള്‍ നിര്‍ത്തുക. ആദ്യ 2 ആഴ്ച വളങ്ങള്‍ ഒന്നും വേണ്ട. ഇടയ്ക്കിടെ സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) തളിച്ച് കൊടുക്കാം. ചെടികള്‍ക്ക് 3-4 ഇലകള്‍ വന്നാല്‍ ചാണകപ്പൊടി , മണ്ണിര കമ്പോസ്റ്റ് ഒക്കെ ഇട്ടു കൊടുക്കാം. ദ്രവ രൂപത്തിലുള്ള വളങ്ങള്‍ കൊടുക്കാം.

ഒന്നേകാല്‍ കിലോ കപ്പലണ്ടിപ്പിണ്ണാക്ക് 200 ഗ്രാം എല്ലുപൊടി ഒരു കിലോ ചാരം എന്നിവ കൂട്ടിച്ചേര്‍ത്ത മിശ്രിതം ചെടിക്ക് നല്‍കാവുന്നതാണ്. വളം നല്‍കുന്നതിനു മുന്‍പ് ചെടിയും മണ്ണും നനയ്ക്കണം.

അടിവളമായി വേപ്പിന്‍ പിണ്ണാക്കും മേല്‍വളമായി ഗോമൂത്രവും (നേര്‍പ്പിച്ചത്) നല്‍കിയാല്‍ വെണ്ട കൃഷിയെ ബാധിക്കുന്ന ഒട്ടുമിക്ക കൃമി കീടങ്ങളെയും ഒഴിവാക്കാം.

ഇനങ്ങള്‍

സുസ്ഥിര : മൊസേക്ക് രോഗത്തിനെതിരെ പ്രതിരോധ ശേഷിയുണ്ട്. മഴക്കാലത്തെ കൃഷിക്ക് അനുയോജ്യം
സൽക്കീർത്തി : ഇളം പച്ച നിറത്തിൽ നീളമുള്ള കായ്കൾ
കിരൺ : 20-30 സെന്റിമീറ്റർ നീളമുള്ള ഇളം പച്ച നിറത്തിലുള്ള കായ്കൾ, മഴക്കാലത്തെ കൃഷിക്ക് അനുയോജ്യം
അരുണ, സി.ഒ.1 : നല്ല ചുവപ്പ് നിറമുള്ള കായ്കൾ
അർക്ക അനാമിക, വർഷ ഉപഹാർ, അർക്ക അഭയ, അഞ്ജിത എന്നിവ മൊസേക്ക് രോഗത്തിനെതിരെ പ്രതിരോധ ശക്തിയുള്ളവയാണ്.

രോഗങ്ങൾ/രോഗനിയന്ത്രണം

മൊസേക്ക് രോഗമാണ് വെണ്ടയ്ക്ക് സാധാരണയായി കണ്ടുവരുന്ന പ്രധാന രോഗം. ഇലകളിലെ പച്ചപ്പ് നഷ്ടപ്പെട്ട് മഞ്ഞനിറമാവുകയും ഞരമ്പുകള്‍ തടിക്കുകയും ചെയ്യും. കായകള്‍ മഞ്ഞ കലര്‍ന്ന്  ചുരുണ്ടുപോവും. ഇലത്തുള്ളന്‍, വെള്ളീച്ച എന്നിവയാണ് മൊസേക്ക് രോഗത്തിന് കാരണമാവുന്ന വൈറസിന്റെ വാഹകര്‍.

രോഗമുള്ള ചെടികള്‍ കണ്ടാല്‍ പിഴുത് കത്തിച്ചുകളയണം. വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം രണ്ടു ശതമാനം വീര്യത്തില്‍ തളിച്ചുകൊടുക്കാം. വൈറസിന്റെ വാഹകരായ കളകള്‍ പറിച്ചുമാറ്റുക, വേപ്പധിഷ്ടിത കീടനാശിനികള്‍ (ജൈവം) ഉപേയാഗിച്ചും രോഗനിവൃത്തി വരുത്താം.

വേപ്പെണ്ണ, വെളുത്തുള്ളി മിശ്രിതം രണ്ടു ശതമാനം വീര്യത്തിൽ നിംബസിഡിൻ/എക്കോനിം/യൂനിം എന്നീ വേപ്പധിഷ്ഠിത കീടനാശിനികൾ 2 മില്ലിലിറ്റർ എന്ന തോതിൽ തളിച്ചു കൊടുക്കാവുന്നതാണ്. വൈറസിന്റെ വാഹകരായ മറ്റു കളകളെ നശിപ്പിക്കേണ്ടതാണ്. രോഗ പ്രതിരോധ ശേഷിയുള്ള ഇനങ്ങൾ (അർക്ക അനാമിക, അർക്ക അഭയ) കൃഷി ചെയ്യുന്നതാണ് ഉത്തമം. രോഗം ബാധിക്കാത്ത നല്ല ആരോഗ്യമുള്ള ചെടികളിൽ നിന്നു മാത്രം വിത്ത് ശേഖരിക്കുക.

കീടങ്ങള്‍

തണ്ടുതുരപ്പന്‍, കായ്തുരപ്പന്‍, വേരിനെ ആക്രമിക്കുന്ന നിമ വിരകള്‍, നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍, ഇലചുരുട്ടിപ്പുഴു എന്നിവയാണ് വെണ്ട കൃഷിയെ ബാധിക്കുന്ന പ്രധാന കീടങ്ങള്‍.

കായ്തുരപ്പന്‍, തണ്ടുതുരപ്പന്‍ : കായയുടെ ഇളംതണ്ടുകളിലും കായകളിലും തുളച്ചുകയറി ഉള്‍ഭാഗം തിന്ന് കേടാക്കുന്ന പുഴുക്കളാണ് കായ്തുരപ്പന്‍, തണ്ടുതുരപ്പന്‍ എന്നീ പേരുകളിലറിയപ്പെടുന്നത്. വിത്ത് നട്ട് രണ്ടാഴ്ച കഴിയുമ്പോള്‍ വേപ്പിന്‍ പിണ്ണാക്ക് മണ്ണില്‍ ചേര്‍ത്ത് കൊടുക്കുക കീടാക്രമണരൂക്ഷത കുറയ്ക്കുന്നതിനു ഇത് സഹായിക്കും. കീടബാധയേറ്റ തണ്ടും കായ്കളും മുറിച്ചുമാറ്റുക. ആക്രമണം കണ്ടുതുടങ്ങുമ്പോൾ വേപ്പിൻകുരു സത്ത് 5% തളിക്കുക. വിപണിയിൽ ലഭ്യമായ വേപ്പധിഷ്ഠിത കീടനാശിനികളും ഉപയോഗിക്കാവുന്നതാണ്.,  അടിവളമായി അല്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത് കൊടുക്കുക എന്നിവയാണ് ഇതിന്റെ പ്രതിവിധി. ആക്രമണം തുടങ്ങുമ്പോള്‍ വേപ്പിന്‍ കുരു സത്ത് അഞ്ച് ശതമാനം വീര്യത്തില്‍ തളിക്കുക. ബൂവേറിയ പോലുള്ള ജൈവകീടനാശിനികള്‍ ഉപയോഗിക്കാവുന്നതാണ്.

നീരൂറ്റും കീടങ്ങൾ(മുഞ്ഞ, വെള്ളീച്ച, പച്ചത്തുള്ളന്‍ ) : ഇവ ഇലയുടെ അടിവശത്ത് പറ്റിപിടിച്ചിരുന്ന് നീരൂറ്റി കുടിക്കുന്നു. ഇലകള്‍ മഞ്ഞളിച്ച് ഉണങ്ങിപ്പോവും. വെള്ളീച്ച വൈറസ് രോഗവാഹകരാണ്.

 • മൊസൈക്ക് രോഗ പ്രതിരോധ ശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യുക
 • തോട്ടത്തിൽ മഞ്ഞക്കെണികൾ സ്ഥാപിച്ച് വെള്ളീച്ച, മുഞ്ഞ എന്നിവയെ കുടുക്കി നശിപ്പിക്കുക.
 • വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം 2%, വേപ്പെണ്ണ എമൽഷൻ 3% ഇവയിൽ ഏതെങ്കിലും ഒന്ന് തളിക്കുക

ഇല ചുരുട്ടിപ്പുഴു : വെണ്ടയെ ബാധിക്കുന്ന മറ്റൊരു കീടം ഇല ചുരുട്ടിപ്പുഴുവാണ്. വെള്ളച്ചിറകിന്റെ മുന്നില്‍ പച്ചപ്പൊട്ടുകളുള്ള ശലഭങ്ങളുടെ മുട്ട വിരിഞ്ഞാണ് ഇല ചുരുട്ടിപ്പുഴുകള്‍ ഉണ്ടാകുന്നത്. ഇത് പച്ചിലകള്‍ തിന്ന് നശിപ്പിക്കുകയും കായ് തുരക്കുകയും ചെയ്യുന്നു. വേപ്പ് അടിസ്ഥാനമാക്കി വരുന്ന ജൈവ കീടനാശിനികള്‍ ആണ് ഇതിന്  ഫലപ്രദം. ചുരുണ്ട ഇലകള്‍ പറിച്ചു നശിപ്പിച്ചു കളയുകയും വേപ്പിന്‍ കുരു സത്ത് തളിക്കുകയും ചെയ്താല്‍ ഇതിനെ നിയന്ത്രിക്കാം. മഞ്ഞക്കെണികള്‍ ഒരുക്കിയും ഇലച്ചുരുട്ടിപ്പുഴുവിന്റെ വ്യാപനം തടയാം.

 • ഇല ചുരുളുകൾ പറിച്ചു നശിപ്പിക്കുക
 • വേപ്പിൻകുരു സത്ത് 5% തളിക്കുക. വിപണിയിൽ ലഭ്യമായ വേപ്പധിഷ്ഠിത കീടനാശിനികളും ഉപയോഗിക്കാവുന്നതാണ്
 • ബിവേറിയ ബാസ്സിയാന ഉപയോഗിക്കാം (ബയോഗാർഡ് 5 മില്ലീ ലിറ്റർ)

നിമ വിര : വിത്ത് മുളച്ച് രണ്ടാഴ്ച പ്രായം കഴിഞ്ഞാല്‍ ഒന്നാകെ വാടിപ്പോകുന്നതാണ് ലക്ഷണം. വാടിപ്പോയ ചെടി പറിച്ച് അതിന്റെ തണ്ട് കീറിനോക്കിയാല്‍ വെളുത്തപ്പുഴുക്കളെ കാണാം. ഇതാണ് ബോറന്‍ പുഴു. ഇതിനെ പ്രതിരോധിക്കാന്‍ മണ്ണ് തയ്യാറാക്കുമ്പോള്‍ അടിവളമായി സെന്റൊന്നിന് അഞ്ച് കിലോ വേപ്പിന്‍പിണ്ണാക്ക് പൊടിച്ച് ചേര്‍ക്കണം. തൈപറിച്ചു നടുകയാണെങ്കില്‍ നടുന്ന കുഴിയില്‍ അല്പം വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചിട്ടാലും മതി. നിമ വിര കയറിയാല്‍ ആദ്യം ചെടി മുരടിക്കുകയും പിന്നീട് വാടിപ്പോവുകയും ചെയ്യും. മുരടിക്കാന്‍ തുടങ്ങുന്ന ചെടി സൂക്ഷിച്ചു നോക്കിയാല്‍ തണ്ടിന് ചെറിയ വീക്കം തോന്നാം. ബ്ലേഡുകൊണ്ട് തൈ ചെറുതായി കീറി പുഴുവിനെ ഒഴിവാക്കിയാല്‍ തൈ രക്ഷപ്പെടും.

 • 4 കിലോ വേപ്പിൻ പിണ്ണാക്കോ ആവണക്കിൻ പിണ്ണാക്കോ ഒരു സെന്റിൽ ചേർത്തു കൊടുക്കുകയും ചെടിയുടെ ഇടയിൽ കെണിവിളയായി ബന്ദിപ്പൂക്കൾ നട്ടു വളർത്തുകയും ചെയ്യുക.
 • വേപ്പില/കമ്മ്യൂണിസ്റ്റ് പച്ചില (ചെടിക്ക് 250 ഗ്രാം എന്ന തോതിൽ) നടുന്നതിന് ഒരാഴ്ച മുമ്പ് തടങ്ങളിലിട്ട് ദിവസേന വെള്ളമൊഴിക്കുക. ഇതിന്റെ ഫലം വേനൽക്കാലത്ത് വിത കഴിഞ്ഞ് 75 ദിവസം വരെ നീണ്ടു നിൽക്കും.
 • ബാസിലസ് മാസിറൻസ് 3% ഉപയോഗിക്കുക. വിത്തുപരിചരണം നടത്തുക. ആക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ വിത്തുപരിചരണത്തിനു പുറമേ ഇതിന്റെ 3% ലായനി വിതച്ച് 30 ദിവസങ്ങൾക്കു ശേഷം മണ്ണിലൊഴിച്ചു കൊടുക്കേണ്ടതാണ്.

വിളവെടുപ്പ്

വിത്തു പാകി, 30-45 ദിവസമെത്തുമ്പോള്‍ വിളവെടുപ്പ് ആരംഭിക്കാം. ഒന്നിടവിട്ട ദിവസങ്ങളില്‍ കായ്കള്‍ പറിച്ചെടുക്കാം. പൂര്‍ണ വളര്‍ച്ചയെത്തിയതും എന്നാല്‍ വളര്‍ച്ചമുറ്റി നാരുവയ്ക്കാത്തതുമായ കായ്കള്‍ പറിച്ചെടുക്കാന്‍ ശ്രദ്ധിക്കണം. പൂവിരിഞ്ഞ് 4-6 ദിവസങ്ങള്‍കൊണ്ട് കായ്കള്‍ക്ക് ശരിയായ വലുപ്പം വയ്ക്കും. ഏകദേശം ആറു ദിവസമെത്തുമ്പോള്‍ കായില്‍ നാരുവയ്ക്കാന്‍ തുടങ്ങുകയും ഏതാണ്ട് 9 ദിവസമാകുമ്പോള്‍ കായില്‍ പൂര്‍ണമായും നാരുണ്ടാകുകയും ചെയ്യും. അതുകൊണ്ട് ഇനം, കൃഷിക്കാലം എന്നിവ കൃത്യമായി മനസ്സിലാക്കി ശരിയായ സമയത്ത് വിളവെടുപ്പ് നടത്തേണ്ടത് ആവശ്യമാണ്. ഹെക്ടറൊന്നിന് ഏകദേശം 10-15 ടണ്‍ വിളവ് ലഭിക്കും.

വിത്തുശേഖരണം

രോഗ-കീടബാധയില്ലാത്ത, ആരോഗ്യമുള്ള ചെടികളില്‍നിന്നാണ് വിത്ത് ശേഖരിക്കേണ്ടത്. ആദ്യത്തെ രണ്ടുമൂന്നു കായ്കള്‍ ഇളംപ്രായത്തില്‍ കറിയാവശ്യത്തിനായി ഉപയോഗിക്കാം. പിന്നീടുള്ളവ നന്നായി മൂത്തുപഴുക്കുന്നതുവരെ ചെടിയില്‍ത്തന്നെ നിര്‍ത്തുക. കായ്പൊട്ടി വിത്ത് തെറിച്ചുപോകുന്നതിനുമുമ്പ് വിത്ത് ശേഖരിക്കണം. കായ്കള്‍ വെയിലത്തുവച്ചുണക്കി വിത്ത് വേര്‍തിരിച്ചെടുക്കാം. കനം കുറഞ്ഞതും വെള്ളയായതുമായ വിത്തുകള്‍ എടുക്കേണ്ടതില്ല. ബാക്കിയുള്ളവ നന്നായി ഉണക്കി Fസൂക്ഷിക്കാവുന്നതാണ്. വിള തീരാറാകുമ്പോള്‍ ഉണ്ടാകുന്ന നാലഞ്ചു കായ്കള്‍ വിത്തെടുക്കാന്‍ പറ്റിയതല്ല. വിത്തുല്‍പ്പാദനത്തിനായി മാത്രം കൃഷിചെയ്യുകയാണെങ്കില്‍ ഒരു ഹെക്ടര്‍ സ്ഥലത്തുനിന്നു ഏകദേശം 1500 കി.ഗ്രാം വിത്തു ലഭിക്കും.

കടപ്പാട് : ഹരിത കേരളം

 

3.0
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top