অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ടെറസ്സിലെ കൃഷി

ടെറസ്സില്‍ കൃഷി

 

വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവല്‍, പടവലം, മത്തന്‍, പയര്‍, ചീര, മുള്ളങ്കി, മുളക് മുതലായവ എളുപ്പത്തില്‍ ടെറസ്സില്‍ കൃഷി ചെയ്യാം.
ഓരോ കുടുംബത്തിനും ആവശ്യമുള്ള പച്ചക്കറികള്‍ വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം കൃഷിചെയ്തിരുന്ന കാലമുണ്ടായിരുന്നു. മാറുന്ന ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് എല്ലാം വിപണിയില്‍നിന്ന് വാങ്ങാന്‍ ഇന്ന് മലയാളി ശീലിച്ചുകഴിഞ്ഞു. പൊള്ളുന്ന വില നല്‍കി വിഷലിപ്തമായ പച്ചക്കറി വാങ്ങി ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലരേയും പച്ചക്കറി കൃഷിചെയ്യാന്‍ പ്രേരിപ്പിക്കുന്നുണ്ട്. 
വി.എഫ്.പി.സി.കെ., സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, കൃഷിവകുപ്പ് എന്നിവ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മട്ടുപ്പാവിലെ കൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ട്. വീട്ടാവശ്യത്തിനുള്ള പച്ചക്കറികളുടെ നല്ലൊരുഭാഗം മട്ടുപ്പാവിലെ കൃഷിയിലൂടെ വിളയിച്ചെടുക്കാന്‍ സാധിക്കും. 
ടെറസ്സില്‍ പച്ചക്കറി വളര്‍ത്തുന്നതിനായി പ്ലാസ്റ്റിക്ചാക്ക്, മണ്‍ചട്ടി, പ്ലാസ്റ്റിക് ചട്ടി, ഗ്രോ ബാഗ് തുടങ്ങിയവയെല്ലാം ഉപയോഗിക്കാം. 
മേല്‍മണ്ണ്, മണല്‍, ഉണക്കിപ്പൊടിച്ച ചാണകം എന്നിവ തുല്യ അളവില്‍ ചേര്‍ത്ത് നടീല്‍മിശ്രിതം തയ്യാറാക്കാം. ഇത് ചാക്കുകളിലും ചട്ടികളിലും മുക്കാല്‍ഭാഗം വരെ നിറച്ച് പച്ചക്കറി കൃഷിചെയ്യാം. ചാക്ക്, ഗ്രോ ബാഗ് എന്നിവയുടെ മുകള്‍വശത്തെ കാല്‍ഭാഗം പുറത്തേക്ക് മടക്കിവെക്കേണ്ടതാണ്. മണ്‍മിശ്രിതം നിറച്ച ചാക്കുകള്‍ രണ്ട് ഇഷ്ടികകള്‍ സമാന്തരമായിവെച്ച് അതിന് മുകളില്‍ വെക്കണം. ഇത് ടെറസ്സിനോട് ചേര്‍ന്ന് വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ സഹായിക്കും. ചകിരിച്ചോറ് കമ്പോസ്റ്റ്, ചെറിയ കഷ്ണങ്ങളാക്കിയ തൊണ്ട് എന്നിവ മണ്ണ്മിശ്രിതത്തില്‍ ചേര്‍ത്താല്‍ ജലാംശം പിടിച്ചുനിര്‍ത്താം. അതോടൊപ്പം നടീല്‍ മാധ്യമത്തിന്റെ ഭാരം കുറയ്ക്കുകയും ചെയ്യാം. 
ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് പച്ചക്കറികൃഷിക്ക് ഉത്തമം. വെയില്‍ കുറഞ്ഞ സ്ഥലത്ത് ഇഞ്ചി, മുളക്, ചേന, പയര്‍, വെള്ളരി, പാവല്‍, പടവലം എന്നിവയെല്ലാം നേരിട്ട് വിത്തുപാകി കൃഷിചെയ്യേണ്ട വിളകളാണ്. മുളക്, ചീര, തക്കാളി, വഴുതന തുടങ്ങിയവ തൈകള്‍ പറിച്ചുനട്ടാണ് കൃഷിചെയ്യേണ്ടത്. വിത്ത് പാകിക്കഴിഞ്ഞാല്‍ ആവശ്യത്തിന് നനയ്ക്കണം. നാലില പ്രായമാകുമ്പോള്‍ തൈകള്‍ പറിച്ചുനടാന്‍ പാകമാകും. വൈകുന്നേരമാണ് പറിച്ചുനടീലിന് അനുയോജ്യമായ സമയം. നട്ടശേഷം രണ്ടോ മൂന്നോ ദിവസത്തേക്ക് തണല്‍ ആവശ്യമാണ്. 
ടെറസ്സിലെ ഇരുമ്പുവളയങ്ങളില്‍ മുളയോ മടലോ നാട്ടി കയര്‍ വലിച്ചുകെട്ടി, പടര്‍ന്നുവളരുന്ന പച്ചക്കറികളായ പയര്‍, പാവല്‍, പടവലം എന്നിവയ്ക്ക് പന്തലൊരുക്കാം. വെള്ളരി, മത്തന്‍ തുടങ്ങിയ വിളകള്‍ പടര്‍ന്നുവളരാന്‍ ടെറസ്സില്‍ ഓലവിരിച്ചുകൊടുത്താല്‍ മതിയാകും. 
മട്ടുപ്പാവില്‍ കൃഷിചെയ്യുമ്പോള്‍ ജൈവരീതിയാണ് അനുവര്‍ത്തിക്കേണ്ടത്. ചാണകപ്പൊടി, ചാരം, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക്, മറ്റ് പിണ്ണാക്കുകള്‍ എന്നിവയെല്ലാം ജൈവവളമായി ഉപയോഗിക്കാം. ആഴ്ചതോറും ഓരോ പിടി ജൈവവളം ചാക്കിലെ മണ്ണുമായി ഇളക്കിച്ചേര്‍ത്ത് കൊടുക്കണം. 
ചെടിയുടെ ഇലകളിലും തണ്ടിലും വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം. വളം ചേര്‍ത്തശേഷം നനയ്‌ക്കേണ്ടതാണ്. പച്ചച്ചാണകം, വേപ്പിന്‍ പിണ്ണാക്ക്, കപ്പലണ്ടിപ്പിണ്ണാക്ക് എന്നിവ പുളിപ്പിച്ച് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചശേഷം ചെടികള്‍ക്ക് പത്തുദിവസം കൂടുമ്പോള്‍ നല്‍കുന്നതും നല്ലതാണ്. 
മട്ടുപ്പാവിലെ പച്ചക്കറികള്‍ ദിവസവും നനയ്ക്കണം. പരിമിതമായ അളവിലേ വെള്ളമൊഴിക്കാവൂ. മണ്ണ് നനയാന്‍ ആവശ്യമായ വെള്ളംമാത്രം കപ്പില്‍ എടുത്ത് ഒഴിക്കുന്നതാണ് നല്ലത്. ടെറസ്സിലേക്ക് വെള്ളം ഇറ്റുവീഴുന്ന തരത്തില്‍ ഒഴിക്കരുത്. രാവിലെയും വൈകുന്നേരവും വെള്ളമൊഴിക്കണം. 
രോഗംവന്ന ഇലകളും ചെടികളുമെല്ലാം പറിച്ച് നശിപ്പിക്കണം. തൈകള്‍ വളര്‍ന്നുവരുമ്പോള്‍ മണ്ണിന്റെ നിരപ്പില്‍വെച്ച് അഴുകിപ്പോകുന്നത് സാധാരണയാണ്. അതിനാല്‍ വിത്തുപാകുന്നതിനുമുമ്പ് സ്യൂഡോമോണാസ് എന്ന ജൈവ കുമിള്‍നാശിനി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത് മണ്ണ് കുതിര്‍ക്കുന്നത് കുമിള്‍രോഗത്തെ നിയന്ത്രിക്കും. ഇത് രണ്ടാഴ്ചയിലൊരിക്കല്‍ ചെടികളില്‍ തളിച്ചുകൊടുക്കുന്നത് ഇലകരിച്ചില്‍, ഇലപ്പുള്ളി, വാട്ടരോഗം എന്നിവയെ നിയന്ത്രിക്കും. 
രാസകീടനാശിനികള്‍ക്കുപകരം വേപ്പെണ്ണ എമല്‍ഷന്‍, ഗോമൂത്രം കാന്താരിമുളക് മിശ്രിതം തുടങ്ങിയവ വീട്ടില്‍ത്തന്നെ തയ്യാറാക്കി കീടങ്ങളെ ജൈവരീതിയില്‍ നിയന്ത്രിക്കാം. 60 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച ലായനി ഒരു ലിറ്റര്‍ വേപ്പെണ്ണയില്‍ ചേര്‍ത്തിളക്കുക. ഇത് പത്തിരട്ടി വെള്ളം ചേര്‍ത്ത് പയറിനെ ആക്രമിക്കുന്ന ചിത്രകീടം, പേനുകള്‍ എന്നിവയ്‌ക്കെതിരെ തളിക്കാം. ലായനി ഇരുപത് ഇരട്ടിവെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചുവേണം പാവല്‍, പടവലം മുതലായ വിളകള്‍ക്ക് തളിക്കാന്‍. 
നാലുഗ്രാം പാല്‍ക്കായം ഒരു ലിറ്റര്‍ വെള്ളത്തില്‍ അലിയിച്ച് ഒരു ഗ്രാം സോഡാപ്പൊടിയും നാല് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് തിളപ്പിച്ചാല്‍ ചീരയിലെ ഇലപ്പുള്ളി നിയന്ത്രിക്കാം. ുടുംബാംഗങ്ങളുടെ ദിവസേനയുള്ള ശ്രദ്ധയും പരിചരണവുമുണ്ടെങ്കില്‍ വിഷമുക്തമായ പച്ചക്കറി കൈയെത്തും ദൂരത്ത് വിളയിക്കാമെന്നതില്‍ സംശയമില്ല. 
തുടര്‍ച്ചയായ മഴയുള്ള സമയം ടെറസ്സ് കൃഷിയ്ക്കു് അനുയോജ്യമല്ല. വെള്ളം നിറഞ്ഞ് വഴുതുന്ന സിമന്റ്‌ മേല്‍ക്കൂര അപകടങ്ങള്‍ക്കു സാദ്ധ്യതയുണ്ടാക്കാം. കൂടാതെ, ശക്തമായ മഴയില്‍ മണ്ണിലെ ലവണാംശങ്ങള്‍ നഷ്ടപ്പെട്ടു് വളക്കൂറ് കുറഞ്ഞുപോകാം. ശക്തമായ മഴക്കാലം അവസാനിച്ച് ടെറസ്സ് മെല്ലെ ഉണങ്ങിവരുന്ന ആഴ്ച്ചകളാണു് കൃഷി തുടങ്ങാന്‍ ഏറ്റവും നല്ലതു്. കേരളത്തിനെ സംബന്ധിച്ച്, ഓണക്കാലം കഴിഞ്ഞ് (സെപ്റ്റംബര്‍ മദ്ധ്യത്തില്‍) കൃഷി തുടങ്ങിയാല്‍ അതിനുശേഷം ഇടക്കിടെ പെയ്യുന്ന മഴയും തുടര്‍ന്നു വരുന്ന തുലാവര്‍ഷവും കൃഷിക്ക് നല്ലതാണ്. മേയ് അവസാനം കാലവര്‍ഷം ആരംഭിക്കുന്നതിന് അല്പദിവസം മുന്‍പ് കൃഷി അവസാനിപ്പിച്ച് ടെറസ്സ് വൃത്തിയാക്കാം. ഉപയോഗിച്ച മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് പോളിത്തീന്‍ ഷീറ്റ് കൊണ്ട് മഴനനയാതെ മൂടിയാല്‍ അടുത്ത കൃഷിക്ക് അതേമണ്ണ് ഇളക്കിയെടുത്ത് ഉപയോഗിക്കാം.

തീരെ ചെരിവില്ലാതെ പരന്നതോ, അല്പം ചെരിവുള്ളതോ ആയ കോണ്‍ക്രീറ്റ് മേല്‍ക്കൂരകളാണു് ടെറസ്സിലെ കൃഷിക്ക് അനുയോജ്യം. കൃഷി ചെയ്യുന്നവരുടെ ദേഹസുരക്ഷ ഉറപ്പാക്കാന്‍ ടെറസ്സിന്റെ വശങ്ങളില്‍ ഉയര്‍ത്തിക്കെട്ടിയ ഇഷ്ടികമതിലിന് അരമീറ്റര്‍ ഉയരമെങ്കിലും ഉണ്ടാവുന്നതു് നല്ലതാണു്. കൃഷിക്ക് ആവശ്യമായ മണ്ണ്, വെള്ളം, വിത്ത്, വളം, വള്ളികള്‍ പടരാനുള്ള കമ്പുകള്‍ തുടങ്ങിയവ മേല്‍ത്തട്ടില്‍ എത്തിക്കാന്‍ സാമാന്യം ഉറപ്പുള്ള പടികളോ കോണിയോ സജ്ജമായിരിക്കണം. പൈപ്പ് ഉപയോഗിച്ച് ജലസേചനം ചെയ്യാനുദ്ദേശിക്കുമ്പോള്‍ വീട്ടിലെ ജലസംഭരണി ടെറസ്സിന്റെ തലത്തില്‍നിന്നും (സ്ലാബ്) രണ്ടോ മൂന്നോ മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. ടെറസ്സിനെ തൊട്ട് മരക്കൊമ്പുകളോ പോസ്റ്റുകളോ ഇല്ലാതിരിക്കുന്നതു് എലികളുടേയും മറ്റു ക്ഷുദ്രജീവികളുടേയും ശല്യം കുറയ്ക്കും.

നമ്മുടെ ജലസേചനശീലമനുസരിച്ച് നാം സാധാരണ ചെലവാക്കാറുള്ളതില്‍ കുറവു വെള്ളമേ ഇത്തരം കൃഷിയ്ക്കു് ആവശ്യമുള്ളൂ. കഴിയുമെങ്കില്‍ തുള്ളിനന തുടങ്ങിയ രീതികള്‍ ഏര്‍പ്പെടുത്താവുന്നതാണു്. എന്നിരുന്നാലും, ആണ്ടു മുഴുവന്‍ തുടരുന്ന ജലലഭ്യത ഉറപ്പാക്കണം. വേനല്‍ മൂക്കുമ്പോള്‍ കുടിക്കാന്‍ പോലും വെള്ളം തികയാത്ത പ്രദേശങ്ങളില്‍ ഇക്കാര്യം മുമ്പേ പരിഗണിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ വീട്ടിലെ അടുക്കളയിലും വാഷ് ബേസിനുകളിലും മറ്റും ഉപയോഗിച്ച് പുറത്തൊഴുക്കിക്കളയുന്ന വെള്ളം ലഘുവായ ശുദ്ധീകരനപ്രക്രിയകളിലൂടെ വീണ്ടെടുത്ത് ജലസേചനത്തിനുപയോഗിക്കുന്ന രീതികളും ശ്രമിക്കാവുന്നതാണു്.

കോണ്‍ക്രീറ്റ് മട്ടുപ്പാവില്‍ നേരിട്ട് മണ്ണ് നിരത്തി വളം ചേര്‍ത്ത് വെള്ളമൊഴിച്ച് കൃഷി ചെയ്യുമ്പോള്‍ കാഴ്ചയില്‍ വൃത്തി കുറയും. മേല്‍ക്കൂരയില്‍ വളരുന്ന ചെടിയുടെ വേരുകളും മണ്ണില്‍നിന്നു് ഊര്‍ന്നിറങ്ങുന്ന അമ്ലാംശമുള്ള ധാതുലവണങ്ങളും കോണ്‍ക്രീറ്റിനു് ബലക്ഷയം ഉണ്ടാക്കി സ്ലാബില്‍ ചോര്‍ച്ചവരുത്താന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് നേരിട്ടുള്ള കൃഷി ഒഴിവാക്കുന്നതാണു നല്ലതു്. മണ്ണ് നിരത്തി കൃഷി ചെയ്യുന്നതും നല്ലതല്ല. നാലുവശത്തും ഇഷ്ടിക ചരിച്ച് വെച്ച് അടിയില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് ഒന്നോ രണ്ടോ അട്ടിയില്‍ വിടവില്ലാതെ വിരിച്ച് അതിനു മുകളില്‍ ഇഷ്ടിക ഉയരത്തില്‍മാത്രം മണ്ണിട്ട് കൃഷി ചെയ്യാം. തൊടിയിലെ മണ്ണിന്റെ കൂടെ ചാണകം ഉണക്കിപ്പൊടിച്ചത്, ചകരിച്ചോറ്, അറക്കപ്പൊടി, ആറ്റുമണല്‍, മണ്ണിരക്കമ്പോസ്റ്റ്, കരിയിലകള്‍ എന്നിവയും ചേര്‍ത്ത് കൃഷി ചെയ്യാനുള്ള അടിത്തട്ട് തയ്യാറാക്കാം. ടെറസ്സിന്റെ വശങ്ങളിലായാല്‍ മൂന്ന് വശങ്ങളില്‍ ഇഷ്ടിക അതിരിട്ട്, പോളിത്തീന്‍ ഷീറ്റ് വിരിച്ച് കൃഷി ചെയ്യാം. എങ്ങനെ കൃഷിചെയ്താലും ടെറസ്സും മണ്ണും നേരിട്ട് സമ്പര്‍ക്കം വരുന്നത് പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.

പോളിത്തീന്‍ കവറിലും ചാക്കിലും മണ്ണ് നിറച്ച് കൃഷി ചെയ്യാം. ചാക്ക് പുറത്തോട്ട് മടക്കി ഏതാണ്ട് ഒരടി കനത്തില്‍ മണ്ണ് നിറച്ചാല്‍ മതിയാവും. വെള്ളം പുറത്തേക്ക് ഒഴുകാനായി ഏതാനും സുഷിരങ്ങള്‍ ആവശ്യമാണ്. സുതാര്യമായ പോളിത്തീന്‍ കവറില്‍ കൃഷി ചെയ്യരുത്. വേരുകള്‍ക്ക് സൂര്യപ്രകാശം തട്ടുന്നത് ചെടിയുടെ വളര്‍ച്ചയെ തകരാറിലാക്കും. ചെടിനട്ടതിനു ശേഷം വളര്‍ച്ചക്കനുസരിച്ച് വളവും മണ്ണും പിന്നീട് ചേര്‍ക്കേണ്ടി വരുന്നതിനാല്‍ ആദ്യമേ കൂടുതല്‍ മണ്ണ് നിറക്കേണ്ടതില്ല. ടെറസ്സില്‍ ഇഷ്ടംപോലെ സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ വളര്‍ച്ചക്കനുസരിച്ച് ചെടികള്‍ തമ്മിലുള്ള അകലം ക്രമീകരിക്കാം.

ടെറസ്സില്‍ മൂന്ന് തരത്തില്‍ മണ്ണ് പാകപ്പെടുത്തി കൃഷിക്കുവേണ്ട പ്രതലം തയ്യാറാക്കം,

നിലത്ത് പോളിത്തീന്‍ ഷീറ്റ് വിരിച്ച് വശങ്ങളില്‍ ഇഷ്ടിക ചരിച്ച് വെച്ച് അതിരിട്ട്, അതില്‍ ഏതാണ്ട് മുക്കാല്‍ ഇഷ്ടിക ഉയരത്തില്‍ മണ്ണും വളവും ചേര്‍ന്ന മിശ്രിതം നിറക്കുക. ഏറ്റവും അടിയില്‍ ഉണങ്ങിയ ഇലകള്‍ നിരത്തുന്നത് നന്നായിരിക്കും.
വലിപ്പം കൂടിയ ചെടിച്ചട്ടിയില്‍ മുക്കാല്‍ഭാഗം മണ്ണ് നിറക്കാം. ഈ ചെടിച്ചട്ടി മുകള്‍ഭാഗം ചെറുതായി ഉരുണ്ട് വക്കിന് ഡിസൈന്‍ ഉള്ളത് ആയാല്‍ വിളവെടുപ്പിനുശേഷം മണ്ണും ചെടിയും മാറ്റാന്‍ പ്രയാസമായിരിക്കും. ചിലപ്പോള്‍ ചട്ടി പൊട്ടിയെന്നും വരാം. അതിനാല്‍ ഡിസൈന്‍ ഇല്ലാത്ത ലളിതമായ ചെടിച്ചട്ടികളില്‍ കൃഷി ചെയ്യുന്നതാവും നല്ലത്.
പോളിത്തീന്‍ കവറുകളില്‍ നടുമ്പോള്‍ ഒരു സീസണില്‍ മാത്രമേ ഒരു കവര്‍ ഉപയോഗിക്കാനാവുകയുള്ളു. ചെടികള്‍ നടാനായി കടയില്‍നിന്നും വാങ്ങുന്ന കവര്‍ ചെറുതായതിനാല്‍ കൂടുതല്‍ വിളവ് ലഭിക്കാറില്ല. പകരം സിമന്റ് ചാക്ക്(കടലാസ് അല്ല), കടയില്‍ നിന്ന് അരിയും മറ്റു സാധനങ്ങളും കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് ചാക്ക് എന്നിവ ഉപയോഗിക്കുന്നത് നന്നായിരിക്കും. പണം കൊടുത്താല്‍ കാലിയായ സഞ്ചികള്‍ പലചരക്ക് കടയില്‍ നിന്ന് ലഭിക്കും. ഏത് തരം ബാഗ് ആയാലും അവ കഴുകി ഉണക്കിയിട്ട് വേണം കൃഷി ചെയ്യാന്‍. പത്ത് കിലോഗ്രാം അരിയുടെ ബാഗില്‍ ഒരു വെണ്ടയോ, വഴുതനയോ നടാം. ഈ ബാഗുകള്‍ തുറന്ന് പകുതിക്ക് വെച്ച് പുറത്തോട്ട് മടക്കി, അടിവശം പരത്തിയിട്ട് മുക്കാല്‍ ഭാഗം ഉയരത്തില്‍ മണ്ണ് നിറക്കാം.

പച്ചക്കറി നടാനായി മണ്ണ് നിറക്കുമ്പോള്‍ അടിയില്‍ കരിയിലയോ പച്ചക്കറി അവശിഷ്ടങ്ങളോ നിക്ഷേപിക്കാം. പറമ്പിലുള്ള മണ്ണിന്റെ കൂടെ ആറ്റുമണല്‍(പൂഴി), അറക്കപ്പൊടി, ചകരിച്ചോറ്, കാലിവളം ഉണക്കിപ്പൊടിച്ചത് (ചാണകം), കമ്പോസ്റ്റ്, മത്സ്യാവശിഷ്ടങ്ങള്‍ ആദിയായവ ലഭ്യതയനുസരിച്ച് മിക്‌സ് ചെയ്ത മിശൃതം കൃഷി ചെയ്യാനായി നിറക്കണം. ഇതില്‍ ഉണങ്ങിയ ചാണകം കൂടുതല്‍ ചേര്‍ക്കുന്നത് പച്ചക്കറിയുടെ വളര്‍ച്ചക്ക് നല്ലതാണ്. ടെറസ്സില്‍ പരമാവധി സൂര്യപ്രകാശം ലഭ്യമാകുന്ന ഇടങ്ങളിലാണ് കൃഷിവിളകള്‍ നടേണ്ടത്.

നടാനുള്ള പച്ചക്കറി വിത്തുകള്‍ മുന്‍വര്‍ഷങ്ങളിലുള്ള ചെടികളില്‍ നിന്ന് നമ്മള്‍ ശേഖരിച്ചതോ മറ്റുള്ളവരില്‍ നിന്ന് വാങ്ങിയതോ ആവാം. ശേഖരിച്ചവയില്‍ ചിലയിനങ്ങള്‍ ഈര്‍പ്പംതട്ടി കേടുവരികയോ ചില കാലത്ത് മുളക്കാത്തവയോ ആവാതിരിക്കാന്‍ ശ്രദ്ധിക്കണം. വിലകൊടുത്തു വാങ്ങുന്നവ ഗുണമേന്മ ഉറപ്പാക്കിയ ഇടങ്ങളില്‍ നിന്ന് ആവണം. പിന്നെ തക്കാളി, മുളക്, പയര്‍, കയ്പ, മത്തന്‍, വെള്ളരി എന്നിവ കടയില്‍ നിന്ന് കറിവെക്കാന്‍ വാങ്ങിയ പച്ചക്കറികളില്‍ മൂപ്പെത്തിയ നല്ല ഇനങ്ങള്‍ ഉണ്ടെങ്കില്‍ വിത്ത് ശേഖരിക്കാം.

പച്ചക്കറി വിത്തുകള്‍ രണ്ട് രീതിയിലാണ് നടേണ്ടത്. ചിലത് നേരിട്ട് മണ്ണില്‍ നടാം; ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന. മറ്റുചില വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചശേഷം മണ്ണില്‍ നടാം; ഉദാ: വെണ്ട, പയറ്, വെള്ളരി, പാവല്‍, പടവലം, താലോരി, മത്തന്‍, കുമ്പളം.

നേരിട്ട് മണ്ണില്‍ നടുന്നവ, മണ്ണ് പാകപ്പെടുത്തിയ തടത്തില്‍ വിതറിയാല്‍ മതിയാവും. ചീരവിത്തുകള്‍ പോലുള്ളവ അല്പം ഉണങ്ങിയ മണലുമായി കലര്‍ത്തിയിട്ട് മണ്ണില്‍ വിതറിയാല്‍ മുളച്ചുവരുന്ന തൈകള്‍ തമ്മില്‍ അകലം ഉണ്ടാവും. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റര്‍ കനത്തില്‍ മണ്ണിട്ട് മൂടിയശേഷം നന്നായി ‘സ്‌പ്രേ ചെയ്ത്’ നനക്കണം. ഈ വിത്തുകളെള്ളാം അല്പസമയം കഴിഞ്ഞ് ഉറുമ്പുകള്‍ അടിച്ചുമാറ്റി കടത്തുന്നത് ശ്രദ്ധിച്ച് അവയെ തടയണം. ദിവസേന രാവിലെയും വൈകിട്ടും നനച്ചാല്‍ ഏതാനും ദിവസംകൊണ്ട് തൈകള്‍ മുളക്കും. അവ പിന്നീട് പറിച്ചുമാറ്റി അകലത്തില്‍ നടാം.

മുളപ്പിച്ച് നടേണ്ട വിത്തുകള്‍ ഓരോന്നും പ്രത്യേകമായി 12മണിക്കൂര്‍ സമയം വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. പിന്നീട് ദ്വാരമുള്ള ഒരു ചിരട്ടയില്‍ കോട്ടണ്‍തുണി നാലായി മടക്കിയതിനു മുകളില്‍ വിത്തുകള്‍ ഇട്ടതിനുശേഷം തുണിയുടെ അറ്റം വിത്തിനു മുകളിലേക്ക് മടക്കിയിട്ട് വെള്ളം നനച്ച് അവയുടെ മുകളില്‍ ചെറിയ ഒരു കല്ല്‌വെച്ച്, തണലത്ത് വെക്കുക. അധികമുള്ള വെള്ളം ചിരട്ടയുടെ അടിയിലുള്ള ദ്വാരം വഴി പുറത്തുപോകും. ഓരോ ഇനം വിത്തും പ്രത്യേകം ചിരട്ടകളില്‍ വെച്ച് മുളപ്പിക്കണം. ദിവസേന രാവിലെ നനച്ചാല്‍ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകള്‍ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ചെടിച്ചട്ടിയിലോ നടാം. ഇതില്‍ പാവല്‍, പടവലം, താലോരി, മത്തന്‍ തുടങ്ങിയ വള്ളിച്ചെടികളുടെ വിത്തുകള്‍ ദിവസേന നനച്ചാലും, മുളക്കാന്‍ ഒരാഴ്ചയിലധികം ദിവസങ്ങള്‍ വേണ്ടി വരും. അവക്ക് വേഗത്തില്‍ മുള വരാന്‍ നനഞ്ഞ വിത്തിന്റെ മുളവരേണ്ട കൂര്‍ത്ത അറ്റത്ത് നഖംകൊണ്ട് തോടിന്റെ അഗ്രം അടര്‍ത്തിമാറ്റിയാല്‍ മതിയാവും. അങ്ങനെ ചെയ്താല്‍ എളുപ്പത്തില്‍ വേര് വരും.

ഇങ്ങനെ മുളപ്പിച്ച വേര് പിടിച്ച വിത്തുകള്‍ നനഞ്ഞ മണ്ണില്‍ നടണം. അധികം ആഴത്തില്‍ നട്ടാല്‍ അവ മണ്ണിനു മുകളില്‍ വളരാതെ നശിക്കാനിടയാവും. ചെടിച്ചട്ടിയിലും ചാക്കിലും ഓരോ വിത്ത് വീതവും തറയിലെ മണ്ണില്‍ നിശ്ചിത അകലത്തിലും വിത്തുകള്‍ നടാം. വിത്തിട്ടതിനുശേഷം ആ വിത്തിന്റെ കനത്തില്‍ മാത്രം മണ്ണ് വിത്തിനു മുകളില്‍ ഇട്ടാല്‍ മതി. രാവിലെയും വൈകുന്നേരവും നനക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ തൈകള്‍ പറിച്ചുമാറ്റി നടുമ്പോള്‍ മൂന്ന് ദിവസം അവ വെയിലേല്‍ക്കാതെ ശ്രദ്ധിച്ച് ജലസേചനം നടത്തണം.

ടെറസ്സ്‌കൃഷിയില്‍ രാവിലെയും വൈകിട്ടുമുള്ള ജലസേചനം അനിവാര്യമാണ്. രണ്ട് ദിവസം നനക്കുന്നത് നിര്‍ത്തിയാല്‍ എല്ല ചെടികളും ഉണങ്ങി നശിക്കാനിടയാവും. ഒരു നേരം നനക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത് ലഭ്യമായ നേരത്ത് ധാരാളം വെള്ളം ഒഴിച്ച് ചെടി ഉണങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ കൃഷി ചെയ്യുന്നവര്‍ വീട് അടച്ചുപൂട്ടി രണ്ട് ദിവസം ടൂര്‍ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെടി നടുന്നത് ടെറസ്സിലാവുമ്പോള്‍ അവയെ എല്ലാദിവസവും പരിചരിക്കണം. ചുരുങ്ങിയത് രണ്ട്‌ നേരമെങ്കിലും കര്‍ഷകന്‍ ടെറസ്സില്‍ കയറണം. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവയുടെ സമീപത്ത് വന്ന്, വെള്ളമൊഴിച്ച്, വളംചേര്‍ത്ത്, കീടങ്ങളെ നശിപ്പിച്ച്, പാകമായ പച്ചക്കറികള്‍ പറിച്ചെടുത്ത് അങ്ങനെ അവയോടൊപ്പം ഇത്തിരിനേരം ചെലവഴിക്കണം.

രാസവളങ്ങളും വിറക് കത്തിച്ച ചാരവും പച്ചക്കറികൃഷിക്ക് വളരെ കുറച്ച് മാത്രമേ ഉപയോഗിക്കാവൂ. ടെറസ്സിലാവുമ്പോഴും അവയുടെ ഉപയോഗം വളരെ കുറക്കുക. ചെടികള്‍ നടാനായി മണ്ണ് തയ്യാറാക്കുമ്പോള്‍തന്നെ ധാരാളം കാലിവളവും കമ്പോസ്റ്റും ഉപയോഗിക്കണം. അതോടൊപ്പം നിലക്കടലപിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, കോഴിക്കാഷ്ടം, വേപ്പിന്‍പിണ്ണാക്ക്, മത്സ്യാവശിഷ്ടങ്ങള്‍ എന്നിവയൊക്കെ ഇടയ്ക്കിടെ ചേര്‍ത്താല്‍ സസ്യങ്ങള്‍ നന്നായി വളരും. ഒടുവില്‍ പറഞ്ഞവ ചെടിയുടെ ചുവട്ടില്‍നിന്നും അഞ്ച് സെന്റീമീറ്റര്‍ അകലെയായി മാത്രം ചേര്‍ക്കുകയും പൂര്‍ണ്ണമായി മണ്ണിനടിയില്‍ ആയിരിക്കുകയും വേണം. വേപ്പിന്‍പിണ്ണാക്ക് ചെടി നടുമ്പോള്‍ മണ്ണിനടിയില്‍ വളരെകുറച്ച് മാത്രം ചേര്‍ത്താല്‍ മതി. രണ്ട് ആഴ്ചയില്‍ ഒരു തവണയെങ്കിലും വളം ചേര്‍ക്കണം. ഇങ്ങനെ വളപ്രയോഗം നടത്തുമ്പോള്‍ പുതിയ മണ്ണ് ചെടിയുടെ ചുവട്ടില്‍ ഇടുന്നതാണ് നല്ലത്.
--------------------------------------
കീടങ്ങളുടെ നിയന്ത്രണത്തിനു 'കുഞ്ഞന്‍ കടന്നലുകള്‍'

കീട നിന്ത്രണത്തിനുപയോഗിക്കാവുന്ന കുഞ്ഞന്‍ കടന്നലുകളെ കണ്ടെത്തി

കീടങ്ങളുടെ നിയന്ത്രണത്തിനുപകരിക്കുന്ന 'കുഞ്ഞന്‍ കടന്നലുകളെ' വയനാട്ടില്‍ കണ്ടെത്തി. നാലു മില്ലിമീറ്റര്‍ മാത്രം വലിപ്പമുള്ള നീണ്ട സ്പര്‍ശിനികളുള്ള ഈ കുഞ്ഞന്മാരെ പടിഞ്ഞാറത്തറ ബാണാസുരമല അടിവശത്തെ വെള്ളച്ചാട്ടത്തിനരികില്‍ നിന്നാണ്കിട്ടിയത്. സസ്യങ്ങള്‍ക്ക് ഉപദ്രവമാകുന്ന കീടങ്ങളുടെ ലാര്‍വയിലും മുട്ടയിലുമാണ് ഇവ മുട്ടയിടുക. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ ഈ ലാര്‍വകളെയും മുട്ടകളെയും ആഹാരമാക്കും. അതിനാല്‍ 'പരാദ കടന്നല്‍' വിഭാഗത്തില്‍പ്പെട്ട ഇവ കീടങ്ങളുടെ നിയന്ത്രണത്തിന് ഉപകാരിയാവുന്നു.

പശ്ചിമഘട്ടത്തിലെ ജീവിവര്‍ഗങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കോഴിക്കോട് ആസ്ഥാനമായുള്ള പശ്ചിമഘട്ട മേഖലാ കേന്ദ്രത്തിലെ ഡോ. പി.എം. സുരേഷാണ് സിര്‍ടോപ്റ്റിക്‌സ് വയനാടന്‍ സിസ്' എന്നുപേരിട്ട കുഞ്ഞന്മാരെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയത്.

ഇത് വംശനാശഭീഷണിനേരിടുന്ന ജീവിവര്‍ഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന 'ജേര്‍ണല്‍ ഓഫ് ത്രെട്ടന്‍സ്‌ടെക്‌സാ' യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.'സിര്‍ടോപ്റ്റിക്‌സ് ദെലൂച്ചി' എന്ന ജനുസ്സില്‍പ്പെട്ട ജീവിയാണിത്. ഈ ജനുസ്സില്‍ ഒമ്പതു സ്പിഷീസ് മാത്രമാണ് ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തത്. അതിലൊന്ന് ഇന്ത്യയില്‍നിന്നാണ്.

1979-ല്‍ തമിഴ്‌നാട്ടില്‍ നിന്നാണ് സിര്‍ടോപ്റ്റിക്‌സ് ജനുസ്സിലെ മറ്റൊരിനും കടന്നലിനെ കണ്ടെത്തിയത്. കേരളത്തില്‍ ഇത്തരത്തിലുള്ള ജീവിവര്‍ഗത്തെ കണ്ടെത്തുന്നത് ആദ്യമായാണ്. എന്നാല്‍ പരാദ കടന്നലുകള്‍കീടനിയന്ത്രണത്തിനുപകരിക്കുന്നതിനെക്കുറിച്ച് ഇന്ത്യയില്‍ വേണ്ടത്ര പഠനങ്ങള്‍ നടന്നിട്ടില്ല. ഇവയെ വന്‍തോതില്‍ വികസിപ്പിച്ച് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ കാര്‍ഷിക മേഖലയ്ക്ക് മുതല്‍കൂട്ടാവും. മറ്റു കടന്നല്‍ വര്‍ഗങ്ങളെപ്പോലെ കൂട്ടമായല്ല ഇവ ജീവിക്കുന്നത്. ആണിനും പെണ്ണിനും നിറത്തില്‍ വ്യത്യാസമുണ്ട്.

പച്ചക്കറി തോട്ടം

വീടിനു ചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവര്‍ക്ക് ഒന്ന് മനസ്സുവെച്ചാല്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നിടമാണ് കൃഷിക്കഭികാമ്യം. ദീര്‍ഘകാലം വിളവ് തരുന്ന കറിവേപ്പ്, മുരിങ്ങ, നാരകം പോലുള്ള വിളകള്‍ക്ക് വീട്ടു വളപ്പില്‍ പ്രത്യേകം സ്ഥലം കണ്ടെത്തണം. തണലില്‍ വളരാന്‍ കഴിയുന്ന ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ് എന്നിവ ഇടവിളകളായി കൃഷി ചെയ്യാം. ഇവക്കിടയില്‍ വീട്ടാവശ്യത്തിനുള്ള മുളക്, കാന്താരി എന്നിവയും നടാം. ഒരേ സ്ഥലത്ത് വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുന്നതുമൂലം കീടരോഗാക്രമണം തടുക്കാനും മണ്ണിലെ വ്യത്യസ്ത തലങ്ങളിലെ ജൈവാംശം ഉപയോഗപ്പെടുത്താനും കഴിയും.
ചീര, വെള്ളരി, പാവല്‍, പയര്‍, വെണ്ട, മത്തന്‍, പടവലം എന്നിവക്കെല്ലാം നല്ല വെയില്‍ വേണം. അധികം വെയില്‍ വേണ്ടാത്ത വിളകളാണ് മുളകും തക്കാളിയും.
മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം
ടെറസ്സില്‍ പച്ചക്കറി കൃഷി ചെയ്തുണ്ടാക്കുകയാണെങ്കില്‍ ജൈവ പച്ചക്കറി കൃഷിഭൂമിയില്ലാത്തവര്‍ക്കും ഭക്ഷിക്കാം. ടെറസ്സിലെ കൃഷിക്ക് പോളിത്തീന്‍/സിമന്റ് സഞ്ചികളാണ് ഉപയോഗിക്കുന്നത്. ഉപയോഗശൂന്യമായ ടയറിലും കൃഷി ചെയ്യാവുന്നതാണ്. കൈവരിയോട് ചേര്‍ന്ന് അടിയില്‍ ചുമര് വരുന്ന ഭാഗത്തിന് മുകളിലായി ചട്ടികള്‍ വെക്കാം. ഇഷ്ടിക അടുക്കി അതിനു മുകളില്‍ ചട്ടികള്‍ വെക്കുന്നതാണ് ഉചിതം. വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
മേല്‍മണ്ണ്, ചാണകപ്പൊടി, മണല്‍ എന്നിവ 2:1:1 അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് മിശ്രിതം തയ്യാറാക്കാം. പ്ളാസ്റിക് ചാക്കുകളാണെങ്കില്‍ ഇരു വശത്തും അഞ്ചോ ആറോ സുഷിരങ്ങളിടണം. ചട്ടിയിലാണെങ്കില്‍ സുഷിരം അടക്കണം. ഏറ്റവും അടിയില്‍ രണ്ടിഞ്ച്് കനത്തില്‍ മണല്‍ നിരത്തുക. അതിനു മുകളില്‍ ചട്ടിയുടെ/കവറിന്റെ വാ വട്ടത്തിന്റെ ഒരിഞ്ച് താഴെ വരെ പോട്ടിംഗ് മിശ്രിതം നിറക്കുക. നിറക്കുമ്പോള്‍ സഞ്ചിയുടെ രണ്ട് മൂലകളും ഉള്ളിലേക്ക് തള്ളിവെച്ചാല്‍ ചുവട് വൃത്താകൃതിയിലായി മറിഞ്ഞുവീഴാതിരിക്കും. മണ്ണ് മിശ്രിതം നിറച്ച ശേഷം ഏറ്റവും മുകളിലായി എല്ലുപൊടി, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക,് മണ്ണിര കമ്പോസ്റ് എന്നിവ 50 ഗ്രാം വീതം കൂട്ടിയോജിപ്പിച്ച ശേഷം വിത്തുകളോ തൈകളോ നടാം.
പാവല്‍, പടവലം, വെണ്ട എന്നിവയുടെ വിത്തുകള്‍ ആറ് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് നട്ടാല്‍ അങ്കുരണ ശേഷി ഉറപ്പിക്കാം. അധികം താഴ്ചയിലല്ലാതെ വിത്തിടണം. പ്രത്യേകിച്ചും ചെറിയ വിത്തുകള്‍. തയ്യാറാക്കിവെച്ച ചട്ടികളിലും സഞ്ചികളിലും വിത്തുകള്‍ പാകിയോ (വെണ്ട, പയര്‍, പാവല്‍, പടവലം, മത്തന്‍, കുമ്പളം) 30-45 ദിവസം കഴിയുമ്പോള്‍ നാലില പ്രായത്തില്‍ പറിച്ചു നടുകയോ (തക്കാളി, ചീര, മുളക്, വഴുതന) ചെയ്യാം. വിത്തിട്ട ശേഷം മണ്ണ് ചെറുതായി നനക്കണം. ചീര, വഴുതിന എന്നിവയുടെ വിത്തുകള്‍ ഉറുമ്പു കൊണ്ടുപോകാതിരിക്കാനായി വിത്തിട്ട ശേഷം ചുറ്റും മഞ്ഞള്‍പ്പൊടി-ഉപ്പ് മിശ്രിതം തൂവിക്കൊടുക്കുകയോ വിത്ത് അരിമണി, മണല്‍ എന്നിവയുമായി കൂട്ടിക്കലര്‍ത്തി പാറ്റുകയോ ആവാം. പറിച്ചു നടുന്നതിന് അനുയോജ്യമായ സമയം വൈകുന്നേരമാണ്. വേനലില്‍ തൈകള്‍ക്ക് രണ്ട് മൂന്ന് ദിവസം തണല്‍ കൊടുക്കണം. ഓരോ ചാക്കിലും രണ്ടു മൂന്നു വിത്തുകളോ തൈകളോ നടാം.
ടെറസ്സിലെ കൃഷിക്ക് രാസവസ്തുക്കള്‍ ഉപയോഗിക്കേണ്ടതില്ല. രാസവസ്തുക്കള്‍ ടെറസ്സിനെ കേടുവരുത്തും. ആഴ്ചയിലൊരിക്കല്‍ ദ്രവരൂപത്തിലുള്ള പുളിപ്പിച്ച ജൈവവളങ്ങള്‍ (കാലിവളം, എല്ലുപൊടി, കമ്പോസ്റ്, പച്ചിലവളം, കോഴിവളം, കടലപ്പിണ്ണാക്ക്) ഇട്ടുകൊണ്ടിരുന്നാല്‍ ചെടികള്‍ കരുത്തോടെ വളരും. വേനല്‍ക്കാലത്ത് രണ്ടുനേരവും ബാക്കികാലങ്ങളില്‍ മഴയില്ലാത്തപ്പോള്‍ ഒരുനേരവും ചിട്ടയായി ആവശ്യത്തിനു മാത്രം നനച്ചാല്‍ മണ്ണിലുള്ള വായുസഞ്ചാരം കൂടും. ചാക്കില്‍/ചട്ടിയില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങുംവിധം നനക്കരുത്. ഒരേ വിള തന്നെയോ ഒരേ വര്‍ഗത്തില്‍ പെട്ട വിളകളോ ഒരേ ചാക്കില്‍/ചട്ടിയില്‍ തുടര്‍ച്ചയായി കൃഷി ചെയ്യരുത്. ഓരോ പ്രാവശ്യവും ചെടി നടുമ്പോള്‍ മണ്ണിളക്കണം. ഇപ്രകാരം ഒരേ ചട്ടിയില്‍ മൂന്നോ നാലോ തവണ കൃഷിചെയ്യാം. ഓരോ വിളയും അതിനനുയോജ്യമായ സമയത്ത് നടുകയാണെങ്കില്‍ മികച്ച വിളവ് ലഭിക്കും.

കൃഷിക്കനുയോജ്യമായ ഇനങ്ങള്‍
1. ചീര
അരുണ്‍, കണ്ണാറ ലോക്കല്‍ (ചുവപ്പ്)
മോഹിനി, ഇഛ1, ഇഛ2, ഇഛ3 (പച്ച)
വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെങ്കിലും ശക്തമായ മഴക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് കീടരോഗബാധ കൂടുതലാണെങ്കിലും കൃഷി ചെയ്യാം. ഏറ്റവും നല്ല നടീല്‍ സമയം ജനുവരി മാസമാണ്.
2. വെണ്ട
സല്‍കീര്‍ത്തി, അര്‍ക്ക, അനാമിക (പച്ച, നീളമുള്ളത്)
അരുണ ( ചുവപ്പ്, നീളമുള്ളത്)
മഴക്കാല കൃഷിക്ക് നല്ല വിളവ് ലഭിക്കും. വേനല്‍ക്കാലത്ത് മഞ്ഞളിപ്പ് സാധ്യത കൂടുതലാണ്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വിളവ് കുറവാണ്. വിത്തു വിതച്ച് 45-ാം ദിവസം ആദ്യ വിളവെടുപ്പ് നടത്താം. അര്‍ക്ക, അനാമികക്ക് ശാഖകളില്ലാത്തതിനാല്‍ അടുത്തടുത്ത് നടാം.
3. മുളക്
അനുഗ്രഹ (പച്ചനിറം, എരിവ് കുറവ്)
ഉജ്ജ്വല (ചുവപ്പ് നിറം, എരിവു കൂടുതല്‍)
മെയ് മാസമാണ് കൃഷിക്കനുയോജ്യം. തണല്‍സ്ഥലത്ത് നല്ല കരുത്തോടെ വളരുകയും വിളവ് തരുകയും ചെയ്യും.
4. വഴുതന (കത്തിരി)
ശ്വേത (വെളുത്തത്, ഇടത്തരം നീളം)
ഹരിത (ഇളം പച്ച, നീളമുള്ളത്)
നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്)
രണ്ടു വര്‍ഷം വരെ വിളവെടുക്കാം. മെയ്, ജൂണ്‍ മാസമാണ് ഏറ്റവും ഉചിതം. ഹരിത നടുമ്പോള്‍ ചെടികള്‍ തമ്മിലുള്ള അളവ് കൂടിയാല്‍ പൂവിടുന്നതിന്റെയും കായ് പിടിക്കുന്നതിന്റെയും അളവ് കൂട്ടാം.
5. പയര്‍
വള്ളിപ്പയര്‍ (ലോല, വൈജയന്തി, ശാരിക, മല്ലിക)
കുറ്റിപ്പയര്‍ (കനകമണി, ഭാഗ്യലക്ഷി)
കുഴിപ്പയര്‍/തടപ്പയര്‍ (അനശ്വര)
വര്‍ഷം മുഴുവന്‍ കൃഷിചെയ്യാന്‍ പറ്റുന്ന പച്ചക്കറിയാണിത്. വള്ളിപ്പയര്‍ നടാന്‍ ഉചിതം ആഗസ്റ്- സെപ്തംബര്‍. മഴക്കാലത്ത് ചെടി തഴച്ച് വളരുമെങ്കിലും വിളവ് കുറവാണ്.
6. അമരപ്പയര്‍
ഹിമ (ഇളം പച്ച, നീണ്ടു പരന്നത്)
ഗ്രേസ് (ചുവപ്പ് നിറം, നീണ്ടു പരന്നത്)
ജൂലൈ- ആഗസ്റ് മാസമാണ് കൃഷിക്കേറ്റവും അനുയോജ്യം.
7. കോവല്‍
സുലഭ (ഇളം പച്ച, വെളുത്ത വരകളോട് കൂടിയത്) വര്‍ഷം മുഴുവന്‍ കൃഷിചെയ്യാമെങ്കിലും ഏറ്റവും അനുയോജ്യം മെയ് മധ്യത്തോടെ.
8. പാവല്‍ (കൈപ്പ)
പ്രീതി (വെളുത്തതോ ഇളംപച്ചയോ നിറം)
പ്രിയ (പച്ച, നീണ്ടത്, മുള്ളുകളുള്ളത്)
പ്രിയങ്ക ( വെളുത്തത്, വലിപ്പമുള്ളത്)
വേനല്‍ക്കാല കൃഷി ഒഴിവാക്കുന്നതാണ് നല്ലത്. ആദ്യത്തെ 3-4 വിളവെടുപ്പിന് പ്രീതിയുടെ വലിപ്പം കുറവാണെങ്കിലും പിന്നീട് നല്ല വലിപ്പം ഉണ്ടാകും. ജനുവരി, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളാണ് കൃഷിക്കനുയോജ്യം.
9. പടവലം
കൌമുദി (ശരാശരി ഒരു മീറ്റര്‍ വലിപ്പമുള്ള വെളുത്ത കായ്കള്‍)
ബേബി (വെളുത്തതും ഒരടി നീളവും)
മെയ് ജൂണ്‍ സെപ്തംബര്‍- ഡിസംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം.
10. കുമ്പളം
കെ.എ.യു ലോക്കല്‍ (എളവന് പച്ച നിറം, മൂക്കുമ്പോള്‍ ചാരനിറം. നീണ്ടുരുണ്ടത്)
ഇന്ദു (ഇടത്തരം വലിപ്പം, ഉരുളന്‍ കായ്കള്‍)
ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം
11. മത്തന്‍
അമ്പിളി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)
സുവര്‍ണ (ഇടത്തരം വലിപ്പം, പരന്നത്, ഉള്‍ക്കാമ്പിന് ഓറഞ്ചു നിറം)
ഏപ്രില്‍, ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ കൃഷിക്കനുയോജ്യം
12. ചുരക്ക
അര്‍ക്ക ബഹാര്‍ (ഇളംപച്ച, ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്കള്‍, ശരാശരി ഒരു കിലോ തൂക്കം)
സെപ്തംബര്‍, ഒക്ടോബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൃഷിചെയ്യാം.
13. വെള്ളരി
വര്‍ഷം മുഴുവന്‍ കൃഷിചെയ്യാം. ജൂണ്‍, ആഗസ്റ്, ഫെബ്രുവരി, മാര്‍ച്ച് നല്ല നടീല്‍ സമയം.
മുടിക്കോട് ലോക്കല്‍ (വലിപ്പമുള്ളത്, ഇളം പ്രായത്തില്‍ പച്ചനിറം, മുക്കുമ്പോള്‍ സ്വര്‍ണനിറം)
സൌഭാഗ്യ (വലിപ്പം കുറഞ്ഞത്, കടും പച്ച നിറത്തില്‍ ഇളം പച്ച വരകളുള്ളത്)
14. തക്കാളി
അനഘ (ഇടത്തരം വലിപ്പം)
ശക്തി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)
മുക്തി (പച്ച നിറം)
സെപ്തംബര്‍ - ഒക്ടോബര്‍ മാസം നല്ലത് നഴ്സറിയില്‍ മുളപ്പിച്ച തൈകള്‍ 20-30 ദിവസം കഴിഞ്ഞ് പറിച്ചു നടാം.
15. കാബേജ്
ചട 183, ചട 160 (സങ്കരയിനങ്ങള്‍)
(ഒരു ചെടിയില്‍ നിന്നും 1.5-2 കി.ലോ തൂക്കമുള്ള ഹെഡ)്
ആദ്യം നഴ്സറി തയ്യാറാക്കി തൈകള്‍ ഉണ്ടാക്കാം. വിത്ത് ഭാരം കുറഞ്ഞ് കടുക് മണി പോലെയായതിനാല്‍ നഴ്സറിയെ ശക്തമായ മഴയില്‍ നിന്നും സംരക്ഷിക്കണം. 0.5- 1 സെ.മി ആഴത്തില്‍ വിത്തു പാകാം. നാലഞ്ചു ദിവസം കൊണ്ട് വിത്ത് മുളച്ച് പൊങ്ങും. 30 ദിവസം പ്രായമാകുമ്പോള്‍ (8-10 സെ.മി) ഉയരത്തിലുള്ള തൈകള്‍ പറിച്ചുനടാം. നട്ട് 55- 60 ദിസത്തിനുള്ളില്‍ ഹെഡുകള്‍ ഉണ്ടായിത്തുടങ്ങും. ഉണ്ടായി 8-10 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. നവംബര്‍ ആദ്യവാരം പറിച്ച് നടേണ്ട തരത്തിലാണ് നഴ്സറിയില്‍ വിത്ത് പാകേണ്ടത് (സെപ്തംബര്‍ 30 നു മുമ്പായി)

സസ്യസത്തുക്കള്‍
ഉപയോഗിച്ചുള്ള കീടനിയന്ത്രണം.
പുകയില കഷായം

1. മേല്‍ക്കൂരയിലേക്കു വെള്ളമിറങ്ങുന്നതു തടയാന്‍ ടെറസ് മുഴുവന്‍ മൂടത്തക്ക നിലയില്‍ പോളിത്തീന്‍ ഷീറ്റ് വിരിക്കുക. ഷീറ്റ് കാറ്റത്ത് പറക്കാതിരിക്കാന്‍ മുകളില്‍ മണലോ ചരലോ ചെറിയ കനത്തില്‍ വിരിക്കുന്നതു നന്നായിരിക്കും.
2. കൃഷിഭവന്‍ മുഖേന ലഭിക്കുന്ന ആരോഗ്യമുള്ള പച്ചക്കറി വിത്തുകള്‍ നടുക. തൈകളുണ്ടാക്കി പറിച്ചുനടാന്‍ സാധിക്കുന്നില്ലെങ്കില്‍ വിത്ത് നേരിട്ട് മണ്ണു നിറച്ച ചട്ടികളില്‍ നടുകയുമാകാം.
വിപണിയില്‍ ലഭ്യമായ നടീല്‍ മിശ്രിതം ഉപയോഗിക്കാം. അല്ലെങ്കില്‍ താഴെ പറയുന്ന രീതിയില്‍ നടീല്‍ മിശ്രിതം വീട്ടില്‍ത്തന്നെ തയാറാക്കാം.
മണല്‍, മേല്‍മണ്ണ്, ജൈവവളം, ചകിരിച്ചോര്‍ സംസ്‌കരിച്ച് അമര്‍ത്തിയെടുത്തത് എന്നിവ തുല്യ അളവില്‍ എടുക്കുക. എല്ലാം കൂട്ടിക്കലര്‍ത്തി ആവശ്യനുസരണം ചട്ടികളില്‍ നിക്ഷേപിക്കാം. ഉപ്പിന്റെ സാന്നിധ്യമുണ്ടാകുമെന്നതിനാല്‍ സാധാരണ ചകിരിച്ചോര്‍ ഈ ഉപയോഗത്തിന് അനുയോജ്യമല്ല. 

ചട്ടികള്‍ക്കു പകരം, ചെടി വളര്‍ത്താനുള്ള പ്രത്യേക പ്ലാസ്റ്റിക് കവറുകള്‍ ലഭ്യമാണ്. അള്‍ട്രാവയലറ്റ് രശ്മികളെ നിയന്ത്രിക്കുന്ന ഇത്തരം കവറുകള്‍ക്ക് ഭാരം കുറവും കൈകാര്യം ചെയ്യാന്‍ എളുപ്പവുമാണ്. മൂന്നോ നാലോ വര്‍ഷം കേടുകൂടാതെയിരിക്കുകയും ചെയ്യും.

3.ചട്ടിയിലോ പ്ലാസ്റ്റിക് ബാഗിലോ രണ്ടോ മൂന്നോ വിത്ത് ഇടാവുന്നതാണ്. രാവിലെയും വൈകിട്ടും നനയ്ക്കുകയാണെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിത്തു മുളയ്ക്കും. പോട്ടിങ് മിശ്രിതത്തിലുള്ള കൊക്കോപിറ്റിന് ജലത്തെ ശേഖരിച്ചുവയ്ക്കാന്‍ കഴിവുള്ളതിനാല്‍ കൂടുതല്‍ നനയ്ക്കുന്നത് ഒഴിവാക്കണം. തൈകള്‍ മുളച്ചാല്‍ അവയിലെ നല്ല തൈകള്‍ മാത്രം നിലനിര്‍ത്തുക. വേരുപിടിച്ച് ഏകദേശം 20 ദിവസം കഴിഞ്ഞാല്‍ 19:19:19:, 17:17:17 അല്ലെങ്കില്‍ മറ്റേതെങ്കിലും വളം ചെടികള്‍ക്കു നല്‍കാം.

4. ചെടിയുടെ നേരെ ചുവട്ടില്‍ വളപ്രയോഗം നടത്തിയാല്‍ ചെടി കരിഞ്ഞുപോകാനിടയുണ്ട്. അതുകൊണ്ട് കടയ്ക്കല്‍ നിന്ന് അല്‍പം മാറ്റിവേണം വളമിടാന്‍. വളമിട്ടാല്‍ ഉടന്‍തന്നെ വെളളമൊഴിക്കാനും ശ്രദ്ധിക്കണം. തുള്ളി നനയിലൂടെയും വളപ്രയോഗം നടത്താം. ദ്രാവക രൂപത്തിലുള്ള വളമോ വെള്ളത്തില്‍ ലയിപ്പിച്ചെടുക്കാവുന്ന വളമോ ഇതിനായി ഉപയോഗിക്കേണ്ടി വരുമെന്നുമാത്രം.

5. കീടങ്ങളെ തുരത്താന്‍ വിഷാംശമുള്ള കീടനാശിനികള്‍ ഒന്നും പ്രയോഗിക്കരുത്. വെളുത്തുള്ളിക്കഷായമോ വേപ്പെണ്ണ മിശ്രിതമോ പോലുള്ള ജൈവകീടനാശിനികള്‍ മാത്രം തളിക്കുക.

അടുക്കളയിലെ കൃഷി

അമൃതാ ടി.വി.യിലെ സഖി എന്ന പരിപാടിയിൽ, വെള്ളായനി കാർഷിക കൊളേജിലെ പ്രൊഫസറായ ശ്രീ. V.G.പത്മനാഭനുമായുള്ള ഒരു അഭിമുഖം ശ്രദ്ധിയ്ക്കാനിടയായി. സ്വന്തം വീട്ടിൽ ടെറസ്സു കൃഷി പരീക്ഷിച്ച്‌ നല്ല രീതിയിൽ തന്നെ വിജയം കൈവരിച്ച ഒരു 'കൃഷിക്കാരൻ' കൂടിയാണിദ്ദേഹം.

ടെറസ്‌ കൃഷി എന്ന ഒരാശയത്തോട്‌ തോന്നാറുള്ള ആകർഷണം, അതിനുപുറമേ ബ്ലോഗെന്ന അനുകൂലഘടകവും കൂടിചേർന്നപ്പോൾ ഈ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളൊന്നു കുറിച്ചുവെയ്ക്കണമെന്നു തോന്നി. കുട്ട്യോൾടെ പരീക്ഷാതിരക്കു കഴിഞ്ഞ്‌ പോസ്റ്റ്‌ ചെയ്യാൻ ഇപ്പോഴാണു സമയം കിട്ടിയത്‌.

പച്ചക്കറികൃഷിയുടെ പ്രസക്തി.


അദ്ദേഹം പറയുന്നു-
മുതിർന്ന ഒരാൾക്കു ഒരു ദിവസം ഏകദേശം 300ഗ്രാം പച്ചക്കറി ആവശ്യമാണ്‌.
അതായത്‌
120 ഗ്രാം ഇലക്കറികൾ - മുരിങ്ങ, ചീര, പയർ മുതലായവ.
80 ഗ്രാം കിഴങ്ങുവർഗ്ഗങ്ങൾ - മുട്ട, മരച്ചീനി, ചേന, ചേമ്പ്‌, കൂർക്ക, കാച്ചിൽ തുടങ്ങിയവ.
100 ഗ്രാം മറ്റു കായവർഗ്ഗപച്ചക്കറികൾ - വെണ്ട, വഴുതിന, കത്രിക്ക തുടങ്ങിയവ.

ഈയൊരു കണക്കു വെച്ചാൽ തന്നെ, ഒരു കുടുമ്പത്തിലേയ്ക്ക്‌ 300 ഗുണം 4-1 1/4 കിലോ പച്ചക്കറി ആവശ്യമായി വരുന്നു.
ഇവിടെയാണ്‌ ഓരോ കുടുമ്പവും അവനവന്റെ ആവശ്യത്തിനുള്ള പച്ചക്കറി കൃഷി ചെയ്യുക എന്ന ആശയത്തിനുള്ള പ്രസക്തി ഏറുന്നത്‌. നല്ല ഗുണനിവലവാരമുള്ള എല്ലാ തരത്തിലുള്ള പച്ചക്കറികളും നമ്മുടെ കൈപ്പാട്ടിൽ എളുപ്പത്തിൽ ലഭിയ്ക്കുന്നു എന്നത്‌ അന്യസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറികൾ ഇറക്കുമതി ചെയ്യേണ്ടി വരുന്ന കേരളത്തിൽ ഒട്ടും ചെറിയ കാര്യമാകുന്നില്ല. അതും മണ്ണില്ലാത്തവർക്കു ടെറസ്സിൽ പോലും ചെറിയതോതിലെങ്കിലും കൃഷി ചെയ്യാമെന്നതു വലിയൊരാശ്വാസം തന്നെയാണു.
കൃഷി ചെയ്യണമെന്ന ഒരു തോന്നൽ വന്നാൽ പിന്നെ സത്യത്തിൽ ഏതുതരം പച്ചക്കറിയും, വളപ്പില്ലാത്ത വീടുകളിൽ പോലും അതിന്റെ ടെറസിൽ തന്നെ ചെയ്യാവുന്നതാണ്‌. പടരുന്നവ പോലും കയർ കെട്ടിക്കൊടുത്തോ, ഓല വെട്ടിയിട്ടു കൊടുത്തോ ഒരു ടെറസ്സിൽ ധാരാളം വളർത്താവുന്നതാണെന്നു പറയുന്നു അദ്ദേഹം.

ടെറസ്സിൽ കൃഷി എങ്ങനെ, എന്തൊക്കെ.

പ്രധാനമായും ചെറിയ ഒരു ടെറസുള്ളവർക്കു പോലും ചെയ്യാവുന്ന കൃഷിയാണ്‌ ഇഞ്ചി, വാഴ, പപ്പായ, കറിവേപ്പില മുതലായവ. ഇവ ചെടിച്ചട്ടിയിലും ചെയ്യാവുന്നതേയുള്ളൂ.
കൂടാതെ മേൽ പ്രതിപാദിച്ച എല്ലാത്തരം പച്ചക്കറികളും ടെറസ്സിൽ കൃഷി ചെയ്യാം.
മാത്രമല്ല, പച്ചക്കറി കൃഷി എല്ലായ്പ്പോഴും (എല്ലാ കാലങ്ങളിലും) ചെയ്യാവുന്ന ഒന്നാണ്‌. മട്ടുപാവിൽ കീടശല്യം താരതമ്യേന കുറവായിരിയ്ക്കുകയും ചെയ്യും. നടൽവസ്തു അടുത്തുള്ള എല്ലാ അഗ്രികൾചറൽ കോളേജുകളിലും ലഭ്യമാണ്‌.
പ്ലാസ്റ്റിക്‌ ചാക്കുകളിൽ അതായത്‌ വളചാക്ക്‌, സിമന്റ്‌ ചാക്കു തുടങ്ങിയവയിൽ ടെറസ്സിൽ കൃഷി ചെയ്യുന്നത്‌ എളുപ്പമാണ്‌. എലി ശല്യം കുറഞ്ഞുകിട്ടും, മാത്രമല്ല താഴെ സുഷിരങ്ങൾ ആവശ്യമായിവരുന്നില്ല, വെള്ളം താനേ ഊർന്നു പോകും. നേരെമറിച്ച്‌ പോളിത്തീൻ കവറുകളിൽ സുഷിരങ്ങൾ ആവശ്യമാണുതാനും. ചാക്കിൽ കിഴങ്ങുവർഗ്ഗങ്ങൾ നന്നായി വളരുമത്രേ.

ചാക്കിലെ കൃഷിയ്ക്കു ലഭിയ്ക്കുന്ന മറ്റൊരു സൗകര്യമാണ്‌, ചാക്കിന്റെ കാൽഭാഗം മണ്ണിട്ട്‌ പരത്തിയ ശേഷം, ചെടി വെച്ച്‌ ബാക്കി മുകളിലുള്ള കാൽ ഭാഗം മടക്കിവെയ്ക്കാം എന്നത്‌, ആവശ്യമുള്ളപ്പോൾ നിവർത്തിവെച്ചാൽ നല്ല തണലും ഇതു നൽകുന്നു.

ചെറിയ വിത്തുകളായ ചീര, മുളക്‌, തക്കാളി, വഴുതന, എന്നിവ പാകി മുളപ്പിയ്ക്കാം. വലിയ വിത്തുകളായ വെണ്ട, പയർ, പടവലം, പാവൽ എന്നിവ നേരിട്ടു നടാം.
ഒരു ചാക്കിൽ രണ്ടു ചെടി, രണ്ടു പോയിന്റുകളിലായി നടാം. സ്പെയർ എന്ന രീതിയിലാണ്‌ ഒരു ചാക്കിൽ രണ്ടെണ്ണം എന്നതിന്റെ ഉദ്ദേശ്ശം. ഒന്നു പിടിച്ചെല്ലെങ്കിൽ മറ്റതെടുക്കാം എന്നതു തന്നെ.
3 ആഴ്ച കഴിയുമ്പോൾ അതു പറിച്ചെടുത്ത്‌ വേറൊരു ചാക്കിലേയ്ക്കു മാറ്റി നടാം.

മണ്ണ് മിശ്രിതം തയ്യാറാക്കേണ്ടുന്ന വിധം :

ചാക്കിൽ ഏറ്റവും താഴെ മണ്ണു പരത്തുക. അതിലേയ്ക്കു കുറച്ച്‌ മണൽ ചേർത്താൽ നല്ല വായുസഞ്ചാരം ലഭിയ്ക്കും. കൂട്ടത്തിലേയ്ക്കു തൊണ്ടിന്റെ കഷ്ണങ്ങൾ, ചകിരി തുടങ്ങിയ വെള്ളം വലിച്ചെടുത്ത്‌ ഈർപ്പം നിലന്ര്ത്താൻ സഹായിയ്ക്കുന്ന തരത്തിലുള്ളവ ചേർക്കാം. 100ഗ്രാം വേപ്പും എള്ളുപൊടിയും ചേർക്കാം- ഫോസ്ഫറസിനായി.
പിന്നെ അഴുകിയ കമ്പോസ്റ്റ്‌, ചാണകപ്പൊടി എന്നിവയും ചേർക്കാം.
(ചാണകപ്പൊടിയ്ക്കു വില കൂടുമ്പോൾ രണ്ടുഭാഗം മണ്ണിലേയ്ക്കു ഒരു ഭാഗം മാത്രം ചാണകപ്പൊടി മതിയാവും)

വെള്ളം, വളം, ശുശ്രൂഷ.

സാധാരണയായി ചാക്കിലെ കൃഷിയ്ക്കു അരമഗ്‌, ഒരു മഗ്‌ വെള്ളം ധാരാളം മതി. അതിനായി പാത്രം കഴുകുന്ന വെള്ളം, കുളി വെള്ളം തുണി കഴുകുന്ന വെള്ളം എല്ലാം ഉപയോഗിയ്ക്കുന്നാവുന്നതാണ്‌. രാവിലെയും വൈകുന്നേരവും മുടങ്ങാതെ വെള്ളം ഒഴിയ്ക്കേണ്ടതാണ്‌. എന്നാൽ മണ്ൺ മിശ്രിതം, ചെടിയുടെ പ്രായം, കാലാവസ്ഥ എന്നിവയെയൊക്കെ ആശ്രയിച്ച്‌ വെള്ളത്തിന്റെ അളവു കൂട്ടുകയോ പരിമിതപ്പെടുത്തുകയോ ചെയ്യാവുന്നതാണ്‌. അത്‌ പ്രവൃത്തിപരിചയത്തിലൂടെ മനസ്സിലാക്കാവുന്നതു തന്നേയും.

വീട്ടിൽ കൃഷി ചെയ്യുമ്പോൾ നേരിടുന്ന ഒരു പ്രശ്നമാണ്‌, വീട്ടിൽ നിന്നും കുറച്ചു ദിവസം മാറിനിൽക്കേണ്ടി വരുമ്പോൾ ചെടികൾക്കെങ്ങനെ നന ലഭിയ്ക്കുമെന്നത്‌. അതിനദ്ദേഹം പറഞ്ഞ രസകരമായ ഒരു മറുപടി നോക്കൂ-
"കൃഷി എന്നത്‌ ചെയ്യുന്നയാൾക്കു മാത്രം സ്വന്തമായുള്ളതല്ല, അത്‌ അയൽപ്പക്കക്കാർക്കു കൂടി അനുഭവിയ്ക്കാൻ സാദ്ധ്യമാക്കി നോക്കൂ- ഈ പ്രശ്നം വളരെയെളുപ്പത്തിൽ പരിഹരിച്ചെടുക്കാം!"
:)
വെറൊന്നു കൂടിയുണ്ട്‌, പാൽക്കവറുകളിൽ വെള്ളം നിറച്ച്‌, സൂചി കൊണ്ട്‌ വളരെ ചെറിയ ദ്വാരമുണ്ടാക്കി (സൂചിമുനയോളം തന്നെ ചെറുത്‌) ചാക്കിനുള്ളിൽ നിക്ഷേപിച്ചാൽ രണ്ടു ദിവസം വരേയുള്ള നനയ്ക്കൽ സുഗമമായി നടക്കും അഥവാ തുള്ളിനനയെ അനുകരിച്ചു കൊണ്ടുള്ള ഒരു രീതി കൂടിയാണിത്‌.
ഇനി, പ്രധാനപ്പെട്ട മറ്റൊന്ന് ടെറസ്‌ കൃഷിയ്ക്ക്‌ രാസവളങ്ങൾ ഒരിയ്ക്കലും ഉപയോഗിയ്ക്കരുത്‌ എന്നുള്ളതാണ്‌. കാരണം കോൺക്രീറ്റ്‌ കെട്ടിടത്തിലെ സിമന്റും കമ്പിയുമായി അത്‌ പ്രതിപ്രവർത്തിനിടയാക്കുകയും ചോർച്ച, കമ്പി ദ്രവിയ്ക്കൽ മുതലായവ ഉണ്ടാവാൻ കാരണമാകുകയും ചെയ്യും.

വളമായി ജൈവവളം, മണ്ണിര ക്മ്പോസ്റ്റ്‌ ഉപയോഗിയ്ക്കാം.

അസോള എന്ന വെള്ളത്തിൽ പൊങ്ങികിടന്നു വളരുന്ന സസ്യം നല്ലൊരു വളമാണെന്നു പറയുന്നു അദ്ദേഹം. ഇതിൽ 4 ശതമാനത്തോളം നൈട്രജൻ, 3 ശതമാനത്തോളം പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്‌. ഇത്‌ ചട്ടിണി, ഉഴുന്നു വട, തോരൻ ഇവയിലൊക്കെ ചേർത്ത്‌ മനുഷ്യർക്കും കഴിയ്ക്കാനുമുപയോഗിയ്ക്കാം, അതുപോലെ കൊഴിയ്ക്കും മറ്റും തീറ്റിയ്ക്കുമുപയോഗിയ്ക്കാമെന്നു പറയുന്നു അദ്ദേഹം. പിന്നെ പച്ചിലകൾ, വൃത്തിയാക്കി കിട്ടുന്ന ഉണക്കയിലകൾ എന്നിവയും വളമായി ഉപയോഗിയ്ക്കാം.
ചാരം ഇടുക എന്ന രീതിയിൽ അദ്ദേഹം പറയുന്നത്‌ ഒരു നുള്ളു മതിയാവും എന്നതാണ്‌- പൊട്ടാഷിനു നല്ലതാണ്‌ ചാരം.
ചാണകപ്പൊടി, കടലപ്പിണ്ണാക്ക്‌, തേങ്ങാപിണ്ണാക്ക്‌, കപ്പലണ്ടിപിണ്ണാക്ക്‌, വേപ്പും പിണ്ണാക്ക്‌ ഇതൊക്കെ നല്ല വളങ്ങളാണ്‌. വേപ്പും പിണ്ണാക്കിടുമ്പോൾ ഉറുമ്പിന്റെ ശല്യം കുറയുന്നു.

വളരെ ഫലവത്തായ മറ്റൊന്നാണ്‌ മണ്ണിരകമ്പോസ്റ്റ്‌.

ഒരടി ഉയരമുള്ള ഒരു പ്ലാസ്റ്റിക്‌ പാത്രത്തിൽ സുഷിരങ്ങളിട്ട്‌ ചകിരി കൊണ്ടടയ്ക്കുക. (പ്ലാസ്റ്റിക്‌ പാത്രം ഒരു വലിയ ബേസിൻ പോലുള്ള പരന്ന പാത്രത്തിൽ ഒരൽപം വെള്ളം നിറച്ച്‌, മൂന്നിഷ്ടിക വെച്ച്‌ അതിനുമുകളിൽ വെച്ചാൽ ഉറുമ്പു ശല്യം കുറഞ്ഞുകിട്ടും.) ഈർപ്പത്തിനായി ഒരൽപം മണൽ ചേർക്കുക. പിന്നീട്‌ ചകിരി ഞെക്കി അത്‌ ഒരു ബെഡ്ഡിംഗ്‌ ആക്കി വെച്ചുകൊടുത്ത്‌, ചാണകം വിതറി, ജൈവമാലിന്യങ്ങളായ ചപ്പുചവറുകൾ, പഴത്തൊലി, പച്ചക്കറി-ഫലവർഗ്ഗങ്ങളുടെ തൊലി, അവശിഷ്ടങ്ങൾ തുടങ്ങിയവ പരത്തി അതിനു മീതെ മണ്ണിരകളെ ഇട്ടുകൊടുക്കുക.
അതിനു ശേഷം പാത്രം ചാക്കോ അല്ലെങ്കിൽ കട്ടിയുള്ള തുണിയിട്ടോ മൂടി അടച്ചു വെയ്ക്കണം. ഇരുട്ടും ഈർപ്പവും മണ്ണിരയ്ക്കു വളരുവാൻ പറ്റിയ അനുകൂല ഘടകങ്ങളാകുന്നു.
പറ്റുമെങ്കിൽ ഒരു നെറ്റ്‌ (കമ്പിവല) ഇട്ടു കൊടുത്താൽ എലിശല്യവും കുറഞ്ഞുകിട്ടും.
അങ്ങിനെ ഏകദേശം ഒരു 45 ദിവസങ്ങൾ കൊണ്ട്‌ അവ പ്രവർത്തിച്ചു തുടങ്ങും.
മണ്ണിരകളെ അതാത്‌ ജില്ലകളിലെ കൃഷി വിഞ്ജാനകേന്ദ്രങ്ങളിൽ നിന്നും ലഭിയ്ക്കുന്നതാണ്‌.
ചെടി വളർന്നു തുടങ്ങുമ്പോൾ പ്രധാനമായി നേരിടേണ്ടി വരുന്ന മറ്റൊരു പ്രശ്നമാണ്‌ കീടങ്ങൾ വന്നുതുടങ്ങുന്നത്‌. കീട ശല്യത്തിനായി സ്പ്രേകൾ ഉണ്ടാക്കാം.

10 ലിറ്റർ വെള്ളത്തിലേയ്ക്കു ഒരു കിലോ പിണ്ണാക്ക്‌ ഒരു കലത്തിലിട്ട്‌ വെയ്ക്കുക. പുളിയ്ക്കുമ്പോൾ അതിന്റെ തെളിയെടുത്ത്‌ നേർപ്പിച്ച്‌ സ്പ്രേ ചെയ്യാം.

മരുന്നു തെളിയ്ക്കായി പുകയില കഷായം ഉണ്ടാക്കാം. ഇതിൽ നിക്കോട്ടിൻ കൂടുതലായിട്ടുണ്ടാകും.
ആദ്യം അരകിലോ പുകയില നാലര ലിറ്റർ വെള്ളത്തിലിട്ടു വെയ്ക്കുക. അതിനു ശേഷം 120 ഗ്രാം ബാർസോപ്‌ ചെറിയ കഷ്ണങ്ങളാക്കി അര ലിറ്റർ വെള്ളത്തിൽ ഇട്ടുവെയ്ക്കുക.
പിന്നീട്‌ പുകയില ഞെക്കിപ്പിഴിഞ്ഞെടുത്ത സത്തിലേയ്ക്കു സോപ്പുലായനിയും കൂട്ടി 6 ഇരട്ടി വെള്ളം ചേർത്ത്‌ സ്പ്രേ ചെയ്തു കൊടുക്കാം.

അതുപോലെ പത്തു ദിവസം കൂടുമ്പോൾ കഞ്ഞിവെള്ളം സ്പ്രേ ചെയ്തുകൊടുത്താൽ നല്ലതാണ്‌. കഞ്ഞിപ്പശയിൽ കീടങ്ങൾ ഒട്ടിപ്പിടിച്ച്‌ ഉണങ്ങി ചത്തു പോകാനിതു സഹായിയ്ക്കുന്നു.

അതുപോലെ പ്രാണികളെ ആകർഷിയ്ക്കാനുള്ള കെണികളുണ്ടാക്കി കൊല്ലാം.

കീടങ്ങളെ കുറിച്ചു പറയുമ്പോൾ, ഓരോ തരം പച്ചക്കറിയ്ക്കും ഓരോ തരം കീടമായിരിയ്ക്കും വന്നുതുടങ്ങുക, ഓരോ തരം ജൈവ വളവുമായിരിയ്ക്കും ഉപയോഗിയ്ക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഉദാഹരണത്തിന്‌ പയറിൽ പ്രധാനമായും കണ്ടുവരുന്ന ഒന്നാണ്‌, നീരൂറ്റി കുടിയ്ക്കുന്ന കറുത്ത മുഞ്ഞ എന്നു പറയുന്ന ഇനം കീടം. അതിന്റെ ലക്ഷണമായി എടുക്കാവുന്നത്‌, അവിടവിടെയായി ഉറുമ്പിൻ

പറ്റങ്ങൾ കൂടിയിരിയ്ക്കുന്നതു കാണാം. സൂക്ഷിച്ചു നോക്കിയാൽ വെളുത്ത മുട്ടയേയും കാണാം. മുഞ്ഞക്കുഞ്ഞുങ്ങളെ ഒരു മഗ്ഗിൽ വെള്ളം നിറച്ച്‌ അതിലേയ്ക്കു തട്ടിയിട്ട്‌ നശിപ്പിയ്ക്കാവുന്നതാണ്‌. പുകയില കഷായവും ഇതിനു ഉത്തമമാണ്‌.

കൃഷിയോടനുബന്ധമായി അദ്ദേഹം ചെയ്തുവരുന്ന മറ്റൊന്നാണ്‌ കോഴിവളർത്തൽ, അല്ലെങ്കിൽ കാട വളർത്തൽ.
മുട്ട ലഭിയ്ക്കുന്നു എന്നതിനു പുറമേ അവയുടെ കാഷ്ടം വളമായുപയോഗിയ്ക്കാം, മാത്രമല്ല ചെടികളുലുണ്ടാകുന്ന കീടങ്ങളെ ഇവയ്ക്കു തീറ്റിയായികൊടുക്കാം.
മുട്ടക്കോഴിയ്ക്കു അദ്ദേഹം പറയുന്നത്‌ 2 1/2 ചതുരശ്ര അടി സ്ഥലം മതിയെന്നാണ്‌.
കാടപക്ഷികൾക്ക്‌ അദ്ദേഹം പറയുന്ന ഒരു ഗുണം 36 ദിവസം കൊണ്ടവ മുട്ടയിടുന്നു. അതുപോലെ ഒരു കാടമുട്ട അഞ്ചു കൊഴിമുട്ടയ്ക്കു തുല്യമാണത്രേ.

ഈ അഭിമുഖം ഇതോടു കൂടി അവസാനിയ്ക്കുന്നു.
ഇതിവിടെ പോസ്റ്റ്‌ ചെയ്തതിന്റെ ഉദ്ദേശം-ഒരു ചെറിയ വീട്ടിലെ കൃഷി/ടെറസ്‌ കൃഷി എന്നാലെന്ത്‌, ഏത്‌, എങ്ങനെ, എന്തിന്‌ എന്നൊക്കെ ഒരേകദേശ രൂപം പകരുക എന്നതുമാത്രമാണ്‌. ചെയ്യാം, ചെയ്യാവുന്നതേയുള്ളു എന്നത്‌ ഒന്നറിയിയ്ക്കുക. വ്യക്തിപരമായി എനിയ്ക്കീ അഭിമുഖം കണ്ടപ്പോൾ ശരിയ്ക്കുമൊരു പ്രചോദനമായിരുന്നു. അതു വായനക്കാരുമായി പങ്കുവെയ്ക്കുന്നു എന്നുമാത്രം.
(ഇത്‌ കൃഷിയെ കുറിച്ചുള്ള ഒരു ആധികാരിക ലേഖനമൊന്നുമല്ലാത്തതുകൊണ്ട്‌, കൂടുതൽ സംശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും അടുത്തുള്ള കൃഷി ഓഫീസുമായോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ടവരേയൊ സമീപിയ്ക്കുക.)

ചില തോന്നലുകൾ.

ചാനലുകളിൽ പതിവായി വരുന്ന കൃഷിപരിപാടികളിൽ ധാരാളം പേർ അവനവനു പറ്റുന്ന രീതിയിൽ ടെറസിലും, വളപ്പിലുമൊക്കെയായി കൃഷി ചെയ്തു നല്ലൊരു വരുമാനമാർഗ്ഗം കൂടിയായി അതിനെ നിലനിർത്തിപ്പോരുന്നതു കാണാം. തീർച്ചയായും ഇതൊരാശ്വാസമാണെന്നതിനു പുറമേ താൽപര്യമുള്ളവർക്കു ഒരു പ്രചോദനം കൂടിയാകുന്നു.

കേരളത്തിൽ കണ്ടുവരുന്ന കൃഷിയിൽ മിയ്ക്കവരും (ടി.വിയിൽ ഞാൻ കണ്ടേടത്തോളം) ജൈവവളം തന്നെയാണുപയോഗിയ്ക്കുന്നത്‌. രാസവളത്തിൽ നിന്നും ജൈവവളത്തിലേയ്ക്കു മാറിവന്നവരും ധാരാളം. എന്നാൽ അന്യസംസ്ഥാനങ്ങളിൽ രാസവളങ്ങളും ധാരാളമായി ഉപയോഗിയ്ക്കുന്നുണ്ടെന്നതു ശ്രദ്ധിച്ചു. അതുപോലെത്തന്നെ നൂതന കാരിഷികോപകരണങ്ങളുപയോഗിയ്ക്കുന്നതിലും അവർ ശ്രദ്ധിയ്ക്കുന്നുണ്ടന്നു തോന്നി. (ഇതും ടി.വി മാത്രം കണ്ടതിൽ നിന്നുമുള്ള തോന്നൽ)

സത്യത്തിൽ രാസവളവും ജൈവ വളവും തമ്മിലുള്ള ഒരാശയക്കുഴപ്പത്തിലാണു ഞാൻ.
സൂപ്പർമാർക്കറ്റുകളിൽ ഫ്രഷായി പച്ചക്കറികളും ഫലങ്ങളും നിരനിരയായി കാണുമ്പോൾ ആകർഷണം കൊണ്ട്‌ എടുത്തുപോകാറുണ്ടെങ്കിലും, "അതിലെന്തൊക്കെയാണാവോ ഇനി ഉണ്ടാവുക" എന്നൊരാശങ്ക ഉപബോധമനസ്സിൽ നിന്നും വെറുതേ പൊങ്ങിവരാറുള്ളതു സത്യമാണ്‌. കുറേനേരം വെള്ളത്തിലൊക്കെയിട്ടു വെയ്ക്കും. നാട്ടിൽ കണ്ടു, ചൂടുവെള്ളത്തിൽ മഞ്ഞപ്പൊടിയൊക്കെ ഇട്ടു ആപ്പിൾ വെച്ചിരിയ്ക്കുന്നത്‌! ആ ആപ്പിളിന്റെ സ്വാദു മുഴുവനും പോയികിട്ടി.പക്ഷേ..

രാസവളം ഉപയോഗിയ്ക്കുന്നത്‌ പലപ്പോഴും ഫലങ്ങളുടെ/കായകളുടെ ഗുണമേന്മയും വലുപ്പവും നിറവും എല്ലാം കൂട്ടാൻ സഹായിയ്ക്കുമെന്നതുറപ്പാണ്‌. എന്നാൽ അതിന്റെ ദൂഷ്യഫലങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ രാസവളപ്രയോഗം ഉപയോഗിയ്ക്കുമ്പോൾ അതിന്റെ അളവിലും, തോതിലുമൊക്കെ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ തിർച്ചയായുമുണ്ടാകുമെന്നുതന്നെയാണ്‌ കരുതേണ്ടത്‌. പലപ്പൊഴും വ്യാപകമായ ഒരു വ്യവസായാടിസ്ഥാനത്തിൽ കൃഷി നടത്തുമ്പോൾ വലുപ്പവും, നിറവും, എണ്ണവുമൊക്കെ കണക്കിലെടുക്കേണ്ടി വരുമ്പോൾ (ഭൂരിഭാഗം) കൃഷിക്കാരനു രാസവളപ്രയോഗം കൂടാതെ കഴിയുന്നില്ല എന്നതിനാൽ (?) ഇതിനെക്കുറിച്ച്‌ (മണ്ണിന്റെ ഗുണമേന്മയെ ബാധിയ്ക്കുന്നുണ്ടോ, ഫലങ്ങൾ എത്രത്തോളം ദോഷകരമാണ്‌ തുടങ്ങിയ) കാര്യമായിതന്നെ ചിന്തിയ്ക്കേണ്ടതുണ്ടെന്നും ഇതിനെക്കുറിച്ച്‌ കൃഷിക്കാരനിലേയ്ക്കും ഉപഭോക്താക്കളിലേയ്ക്കും നല്ല വശങ്ങളും ചീത്തവശങ്ങളും ഒരുപോലെ എത്തിച്ചേരേണ്ടതുണ്ടെന്നും തോന്നുന്നു.

നാട്ടിലിപ്പോഴും വീട്ടുമുറ്റത്തു വളരുന്ന ചേമ്പിന്റെ തണ്ട്‌, ചേനയില, വഴുതിന, പയർ, വെണ്ടക്ക, ചേന, കായ, മാങ്ങ, ചക്ക, കർമ്മൂസുംകായ (പപ്പായ) ഇരുമ്പാമ്പുളി, ഉണ്ണിപ്പിണ്ഡി, അതിന്റെ പൂവ്‌, പടുമുളയായി പോലും വളര്‍ന്നു വരുന്ന മത്തന്‍, കുമ്പളന്‍, വെള്ളരി ഒക്കെ വെച്ച്‌ കൂട്ടാനും ഉപ്പേരിയുമൊക്കെ വെയ്ക്കുന്ന വീടുകളുണ്ടാവും, അതൊന്നും ഇനിയും നമുക്കു കൈമോശം വന്നിട്ടില്ല എന്നുതന്നെയാണെന്റെ വിശ്വാസം. എണ്ണ ചൂടാവുമ്പോഴെയ്ക്കും ഓടിപ്പോയി മിറ്റത്ത്ന്ന് ഇത്തിരി കറിവേപ്പിലയും പച്ചമുളകും പൊട്ടിച്ചുകൊണ്ടുവരാനുണ്ടെങ്കില്‍ എന്തു രസായിരിയ്ക്കും!

എന്തൊക്കെയായാലും ഭക്ഷ്യസുരക്ഷ എന്നൊക്കെയുള്ള ഗൗരവമേറിയ വിഷയങ്ങളിലേയ്ക്കെത്തുന്നതിനു മുൻപേ, ഏറ്റവും ലളിതമായി ഒന്നു ചിന്തിയ്ക്കുമ്പോൾ, ഓരോ കുടുംബവും ഒരു ചെറിയ അടുക്കളത്തോട്ടം ഉണ്ടാക്കി അപ്പപ്പോളാവശ്യാനുസരണം പച്ചക്കറികൾ (കുറഞ്ഞത്‌ ഒരാഴചയ്ക്കുള്ളതെങ്കിലും) 'ഫ്രഷ്‌' ആയി കൈപ്പാട്ടിൽ നിന്നെടുത്ത്‌ ലവലേശം ആശങ്കയില്ലാതെ, വില കൊടുക്കാതെ പാകം ചെയ്യാനാവുന്നുവെന്നത് ഓരോ വീട്ടമ്മയ്ക്കും അതു ഭക്ഷിയ്ക്കുന്ന വീട്ടിലുള്ളവർക്കും എത്ര വലിയ കാര്യമായിരിയ്ക്കും

അടുക്കളത്തോട്ടംനഗരങ്ങളില്‍ സുലഭമല്ലെങ്കിലും ഗ്രാമങ്ങളില്‍ അടുക്കളത്തോട്ടത്തിനായി സ്ഥലം മാറ്റിവയ്ക്കാന്‍ കഴിയുന്നവര്‍ ഇന്നും ഉണ്ട്. അവര്‍ക്ക് പത്തു സെന്ററില്‍ നിന്നും രണ്ട് കുടുംബങ്ങള്‍ക്ക് വേണ്ട മിക്കവാറും പച്ചക്കറികള്‍ കൃഷി ചെയ്തുണ്ടാക്കാം. കായികാദ്ധ്വാനത്തോടൊപ്പം വിഷമില്ലാത്ത ഭക്ഷണം കഴിക്കാം എന്നതും വളരെ പ്രധാനമാണ്. ഒരു മാതൃകാ ജൈവഅടുക്കളത്തോട്ടം ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം.

പകല്‍ മുക്കാല്‍ഭാഗവും വെയില്‍ കിട്ടുന്ന പ്രദേശങ്ങള്‍ കൃഷിക്കായി തിരഞ്ഞെടുക്കണം. വേനല്‍ക്കാലത്ത് നനയ്ക്കാന്‍ സൗകര്യമുണ്ടായിരിക്കണം. വടക്ക്-കിഴക്ക് ഭാഗത്തായി ചിരകാല സ്ഥായിയയുള്ള വൃക്ഷവിളകള്‍ നടുക. കറിവേപ്പ്, മുരിങ്ങ, പപ്പായ, ഒടിച്ചുകുത്തി നാരകം, ചെറുനാരകം, അഗസ്തി, ബിലിമ്പിപുളിഞ്ചി, സൌഹൃദച്ചീര, വാഴകള്‍ മുതലായവ ഇങ്ങനെ നടാം. അതിരുകളില്‍ നാലര മീറ്റര്‍ വിട്ടു വരിയായി കമുക് നടാം. അവ വളര്‍ന്നു കഴിഞ്ഞാല്‍ അവ തമ്മില്‍ കയര്‍ കെട്ടി പയര്‍, പാവല്‍ മുതലായവ വളര്‍ത്താം. അതിരില്‍ നടാന്‍ പറ്റിയ മറ്റു വിളകള്‍ : കോവല്‍, ചുണ്ട, കാന്താരിമുളക്, കന്നുകാലികള്‍ക്കായുള്ള തീറ്റപ്പുല്ല്, മക്കച്ചോളം, തുവര മുതലായവ.
മറ്റു പച്ചക്കറികള്‍ അവയുടെ സ്വഭാവം അനുസരിച്ച് പ്രത്യേക തടങ്ങളില്‍ നടുക. വെണ്ട, ചീര, ചെഞ്ചീര, തക്കാളി, വഴുതന, മുളകുകള്‍, പാവല്‍, പടവലം, പയര്‍, വാളരി, കോവല്‍, ചതുരപ്പയര്‍, നിത്യവഴുതിനങ്ങ, മത്തന്‍, കുമ്പളം, വെള്ളരി, തണ്ണിമത്തന്‍, സലാഡ് വെള്ളരി, ചേന, ചേമ്പ്, മരച്ചീനി, മധുരക്കിഴങ്ങ്, കാച്ചില്‍, ചെറുകിഴങ്ങ്, നനകിഴങ്ങ്, കൂവക്കിഴങ്ങ്, ഇഞ്ചി, മഞ്ഞള്‍,  മാങ്ങഇഞ്ചി ഇങ്ങനെ അനേകം തരം ഭക്ഷ്യവസ്തുക്കള്‍ നമുക്ക് സ്വന്തമായി ഉണ്ടാക്കാം. കൌതുകത്തിനായി വൃശ്ചിക മാസത്തില്‍ കാരറ്റ്, കാബേജ്, കോളിഫ്ലവര്‍, പാലക് ചീര, റാഡിഷ് തുടങ്ങിയവയും നടാം.
ചെടികളെ സ്‌നേഹിക്കുന്നവര്‍ക്കും ജൈവകൃഷിയില്‍ വിശ്വസിക്കുന്നവര്‍ക്കും വേണ്ടിയാണ്‌ ഈ കുറിപ്പ്‌. ശൈത്യകാലം മാറി വേനല്‍ക്കാലം വരവറിയിച്ചു കഴിഞ്ഞു. അടുക്കളത്തോട്ടം ആരംഭിക്കാന്‍ പറ്റിയ സമയമാണിത്‌. അടുക്കളത്തോട്ടം തയ്യാറാക്കാന്‍ ഒരുപാട്‌ സ്ഥലം ആവശ്യമാണെന്ന ചിന്ത നിങ്ങളെ അലട്ടുന്നുണ്ടോ? വിഷമിക്കണ്ട, ഇതൊരു തെറ്റിദ്ധാരണ മാത്രമാണ്‌. വളരെ ചെറിയ സ്ഥലത്തും അടുക്കളത്തോട്ടം തയ്യാറാക്കാം. ഇവിടെ നിങ്ങള്‍ക്ക്‌ പ്രിയപ്പെട്ട പച്ചക്കറികള്‍ നട്ട്‌ പതിവായി പച്ചക്കറി വിഭവങ്ങള്‍ ആസ്വദിക്കുക. വിശ്രമവേളകള്‍ പ്രയോജനപ്പെടുത്തി നല്ലൊരു അടുക്കളത്തോട്ടം വളര്‍ത്തിയെടുക്കുക.

പൂന്തോട്ടത്തില്‍ വേലി കെട്ടാം

അടുക്കളത്തോട്ടം ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്‌ ഇനി പറയുന്നത്‌. ഇവ പ്രയോജനപ്പെടുത്തി മനോഹരമായ ഒരു അടുക്കളത്തോട്ടം ഉണ്ടാക്കുക.

1. തയ്യാറെടുപ്പ്‌ നടത്തുക

അടുക്കളത്തോട്ടം വേണമെന്ന്‌ നിങ്ങള്‍ക്ക്‌ ആഗ്രഹമുണ്ടെങ്കില്‍ അതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തുക. ഏതൊക്കെ ചെടികള്‍ നടണം, എവിടെ നടണം തുടങ്ങിയ കാര്യങ്ങളാണ്‌ മുന്‍കൂട്ടി നിശ്ചയിക്കേണ്ടത്‌. എത്ര നേരം നിങ്ങള്‍ക്ക്‌ അടുക്കളത്തോട്ടത്തിന്‌ വേണ്ടി ചെലവഴിക്കാന്‍ കഴിയുമെന്ന കാര്യത്തിലും വ്യക്തത വരുത്തണം. കുറച്ച്‌ സ്ഥലത്താണ്‌ കൃഷി ചെയ്യുന്നതെങ്കില്‍ കവറുകളിലോ മറ്റോ ചെടികള്‍ നടുന്നതാണ്‌ നല്ലത്‌.

2. ചെറുത്‌ മനോഹരം

ആദ്യമായി അടുക്കളത്തോട്ടം ഒരുക്കുന്നവര്‍ ചെറുതായി തുടങ്ങുക. എന്തെങ്കിലും നടുന്നതിന്‌ മുമ്പ്‌ വേണ്ട പരിശോധനകള്‍ നടത്തി അനുയോജ്യമായ തൈകള്‍ മാത്രം നടുക. പരിപാലിക്കാന്‍ കഴിയുന്ന തരത്തിലാകണം അടുക്കളത്തോട്ടം തയ്യാറാക്കേണ്ടത്‌. ഇത്‌ വളരെ പ്രധാനമാണ്‌. വലിയൊരു അടുക്കളത്തോട്ടം ഉണ്ടാക്കി അത്‌ കാടുപിടിച്ച്‌ നശിക്കാന്‍ അനുവദിക്കുന്നത്‌ കൊണ്ട്‌ യാതൊരു പ്രയോജനവുമില്ല.

3. വിളവ്‌ തരുന്ന ചെടികള്‍

നല്ല വിളവ്‌ തരുന്ന ചെടികള്‍ മാത്രം അടുക്കളത്തോട്ടത്തില്‍ വച്ചുപിടിപ്പിക്കുക. ഓരോ കാലത്തിനും അനുയോജ്യമായ ചെടികള്‍ തിരഞ്ഞെടുത്ത്‌ നടുക. നിങ്ങളുടെ അടുക്കളത്തോട്ടത്തിന്‌ അനുയോജ്യമായവ മാത്രം നടാനും ശ്രദ്ധിക്കുക.

4. അറിവ്‌ നേടുക

അടുക്കളത്തോട്ടം ആരംഭിക്കുന്നതിന്‌ മുമ്പ്‌, ഇക്കാര്യത്തില്‍ മുന്‍പരിചയമുള്ള സുഹൃത്തുക്കളുടെ ഉപദേശം തേടുക. ജൈവകൃഷി ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതുമായി ബന്ധപ്പെട്ട പുസ്‌തകങ്ങളും കുറിപ്പുകളും വായിക്കുന്നത്‌ നല്ലതാണ്‌. അടുക്കളത്തോട്ടം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്‌ നിങ്ങള്‍ക്കുള്ള സംശയങ്ങള്‍ ഇല്ലാതാക്കാന്‍ വായന സഹായിക്കും.

5. ഗുണമേന്മ വേണം

അടുക്കളത്തോട്ടത്തിന്‌ വേണ്ടി ഉപകരണങ്ങളും മറ്റും വാങ്ങുമ്പോള്‍ ഗുണമേന്മയുള്ളവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. നല്ലൊരു തോട്ടം ഉണ്ടാക്കാന്‍ ഇത്‌ നിങ്ങളെ സഹായിക്കും. മനോഹരമായ ഒരു അടുക്കളത്തോട്ടമാണ്‌ നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ പണം നോക്കരുത്‌, ഗുണമേന്മയ്‌ക്ക്‌ പ്രാധാന്യം നല്‍കുക.
വടക്ക്-പടിഞ്ഞാറ് അതിരിലായി മേല്‍ക്കൂരയോട് കൂടിയ ഒരു ചെറിയ കമ്പോസ്റ്റ് കുഴിയുണ്ടെങ്കില്‍ വിളകളുടെ അവശിഷ്ടങ്ങളും മൃഗജന്യവസ്തുക്കളും ചേര്‍ത്ത് കമ്പോസ്റ്റ് സ്വന്തമായുണ്ടാക്കാം. അതിനായി മൂന്നടി താഴ്ച്ചയും, ആറടി നീളവും, നാലടി വീതിയുമുള്ള ഒരു കുഴിയെടുക്കുക. മഴവെള്ളത്തില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി ഒരു മേല്‍ക്കൂര ഷീറ്റ് കൊണ്ടോ ഓല കൊണ്ടോ ഉണ്ടാക്കുക. കുഴിയുടെ അടിയില്‍ ഒരു വശത്തേയ്ക്ക് ചരിവുണ്ടാകണം. കുഴിയിലെ ജലാംശം കൂടിയാല്‍ കെട്ടി നില്‍ക്കാതിരിക്കാനാണ് ഇത്. മൂന്നു മാസം കൊണ്ട് കുഴി നിറക്കുകയും മൂന്ന് മാസം കൊണ്ട് കമ്പോസ്റ്റ് പാകപ്പെടുത്തുകയും ചെയ്യുന്നു. ആദ്യം കുഴിയില്‍ പച്ചചാണകം കലക്കിയത് രണ്ടു ബക്കറ്റ് ഒഴിക്കുക. ഒരു ദിവസത്തിനു ശേഷം കുഴിയില്‍ സാധനങ്ങള്‍ ഇട്ടുതുടങ്ങാം. പശു, ആട്, കോഴി, നായ്, പൂച്ച എന്നിങ്ങനെ വളര്‍ത്തു മൃഗങ്ങള്‍ ഉള്ളവര്‍ക്ക് ഭക്ഷ്യാവശിഷ്ടങ്ങളോ പച്ചക്കറിഅവശിഷ്ടങ്ങളോ ബാക്കി വരുകയില്ല. അതിനാല്‍ മൃഗവശിഷ്ടങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നു. വീട്ടുപരിസരത്ത് വരുന്ന എന്ത് ജൈവാവശിഷ്ടവും ചാണകമോ കാഷ്ടമോ മത്സ്യാവശിഷ്ടമോ, എന്തും കമ്പോസ്റ്റ് കുഴിയില്‍ നിക്ഷേപിക്കാം. ദുര്‍ഗന്ധമുണ്ടാക്കുന്ന വസ്തുക്കള്‍ ഇടുകയാണെങ്കില്‍ അതിനു മുകളിലായി കുറച്ചു മേല്മണ്ണ്‍ കൂടി ഇടുക. ദുര്‍ഗന്ധം ശമിക്കുകയും കമ്പോസ്റ്റിന്റെ ഗുണം കൂടുകയും ചെയ്യും. എന്നാല്‍ പ്ലാസ്റ്റിക്, എല്ല്, കട്ടിയുള്ള മീന്മുള്ള്, ചാരം, കുമ്മായം, കുപ്പിചില്ല്, മറ്റു രാസവസ്തുക്കള്‍, സോപ്പ് വെള്ളം, മണ്ണെണ്ണ,  എന്നിവ ഒരുകാരണവശാലും കുഴിയില്‍ ഇടരുത്. രണ്ടാഴ്ചയിലൊരിക്കല്‍ കുഴിയിലെ വസ്തുക്കള്‍ ഇളക്കികൊടുക്കണം. മൂന്ന് മാസം കൊണ്ട് കുഴി നിറയ്ക്കുക. തറനിരപ്പില്‍ നിന്നും ഒരടി ഉയരത്തില്‍ ആയിക്കഴിയുമ്പോള്‍ നിര്‍ത്തുക. ശേഷം ചെളി കൊണ്ട് പൊതിയണം. കുഴിയിലെ ഈര്‍പ്പം നിലനിര്‍ത്താനായി രണ്ടാഴ്ചയിലൊരിക്കല്‍ ചെറുതായി നനച്ചു കൊടുക്കണം എന്നാല്‍ കൂടുതല്‍ ജലം കടന്നു ചെല്ലാനും പാടില്ല. മൂന്ന് മാസത്തിനു ശേഷം കമ്പോസ്റ്റ് പൊട്ടിച്ച് ചെളിമണ്ണ് മാറ്റി ഇളക്കിയെടുത്ത് തണലത്തിട്ട്‌ തോര്‍ക്കണം. അതിനു ശേഷം ചാക്കുകളില്‍ കെട്ടി ഇരുണ്ട മുറികളില്‍ സൂക്ഷിച്ചു വെയ്ക്കുക. ആവശ്യാനുസരണം ഉപയോഗിക്കാം.

ചെടികള്‍ക്ക് കീടാക്രമണങ്ങളില്‍ നിന്നും രക്ഷയേകാനായി തുളസി, വേപ്പില, പെരുവലം, കിരിയാത്ത്, ജമന്തി, ബന്തി, തകര തുടങ്ങിയ ചെടികളുടെ ഭാഗങ്ങളോ കായം, കുന്തിരിക്കം, വേപ്പെണ്ണ, ചാരം, ഉപ്പ് മുതലായവയോ ഉപയോഗിക്കാം.

ആവര്‍ത്തനക്കൃഷി ഒഴിവാക്കാനായി രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മൂന്ന് മാസം ചിരകാല സ്ഥായിയയുള്ള വൃക്ഷവിളകള്‍ ഒഴികെയുള്ളിടത്തു കിളച്ച് ഒരുക്കി ഉഴുന്ന്, ചോളം, കരനെല്ല്, എള്ള് തുടങ്ങിയവ കൃഷി ചെയ്യുക. ഒരേ സ്വഭാവമുള്ള ചെടികള്‍ തുടര്‍ച്ചയായി ഒരേ തടത്തില്‍ ചെയ്യാതിരിക്കുക.

മട്ടുമാറുന്ന മട്ടുപ്പാവ്

മട്ടുപ്പാവിലൊരു പച്ചക്കറിത്തോട്ടം വച്ചുപിടിപ്പിക്കാൻ കാൻസർ കാഹളം മുഴക്കുന്ന ഇന്നത്തെ കേരളത്തിൽ  മലയാളികൾ നെട്ടോട്ടമോടുന്നു. വളരെ ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ തന്നെ വൈവിധ്യമാർന്നൊരു പച്ചക്കറി തോട്ടം നമ്മുക്ക് മട്ടുപ്പാവിൽ വച്ചുപിടിപ്പിക്കാം. ഇതിനായി ചില പൊടിക്കൈകൾ ...

 

1. ഗ്രോബാഗ് നിറയ്ക്കുവാനായി പോട്ടിംഗ് മിശ്രിതം ഉപയോഗിക്കുക. (മണ്ണ് : മണൽ : കമ്പോസ്റ്റ് / ചാണകപ്പൊടി എന്നിവ 1:1:1 എന്നാ അനുപാതത്തിൽ കൂട്ടിക്കലർത്തി പോട്ടിംഗ് മിശ്രിതം തയ്യാറാക്കാം.)

2. ഗ്രോബാഗ് ടെറസ്സിൽ വയ്ക്കുമ്പോൾ ഒരു മരക്കഷ്ണത്തിനു മുകളിലോ ചുടുകട്ടയ്ക്ക് മുകളിലോ വയ്ക്കുന്നത് വെള്ളം താഴേക്ക് ഇറങ്ങുനത് തടയും.

3. ഗ്രോബാഗിൽ അൽപ്പം ചകിരിച്ചോർ കമ്പോസ്റ്റ് ഇട്ടു കൊടുക്കുന്നത് വെള്ളം പിടിച്ചു നിർത്തുവാൻ സഹായിക്കും. (ഒരെഉ ഗ്രോബാഗിൽ ഏകദേശം അരക്കപ്പ് വെള്ളം ദിവസേന തളിക്കേണ്ട ആവശ്യമേയുള്ളൂ.

4. ഗ്രോബാഗിൽ പച്ചക്കറി തൈകൾ നട്ട് രണ്ടില പ്രായമാകുമ്പോൾ തന്നെ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, ഗോമൂത്രം കാ‍ന്താരി മുളക് മിശ്രിതം എന്നിവ ഒന്നിടവിട്ട ദിവസങ്ങളിൽ തളിക്കുന്നത് കീടങ്ങളുടെ ആക്രമണത്തിൽ നിന്നും സംരക്ഷണം നല്കുന്നു.

5. പച്ചക്കറി തൈകൾ തുടക്കത്തിൽ  തന്നെ തഴച്ചു വളരുവാനായി പഞ്ചഗവ്യം, വളച്ചായ, മുട്ട മിശ്രിതം, ഫിഷ്‌ അമിനോ ആസിഡ് തുടങ്ങിയ ജൈവ വളർച്ചാ ത്വരകങ്ങൾ ചെടികളിൽ പ്രയോഗിക്കാവുന്നതാണ്.© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate