Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

അങ്ങാടി കേള്‍ക്കട്ടെ അടുക്കളയുടെ പാട്ട്

കൂടുതല്‍ വിവരങ്ങള്‍

ആമുഖം

ഒരു വിത്തുപൊട്ടിമുളച്ച് നാമ്പുവരുന്നതു കാണുമ്പോൾ തുള്ളിച്ചാടുന്ന മനസ് കുഞ്ഞുങ്ങൾക്കുപോലുമുണ്ട്. കടലാസുപോലും ഇലയും തണ്ടുമാണെന്നു കരുതി കുഴികുത്തി നട്ടു വയ്ക്കും അവർ. പിറ്റേന്നു രാവിലെ ഓടിച്ചെന്നു നോക്കുകയും ചെയ്യും. മുളച്ചോ, നാമ്പെടുത്തോ എന്ന്. നമ്മൾ ഓരോരുത്തരിലും ഒരു കർഷകൻ മടിപിടിച്ചിരിക്കുന്നുണ്ട്. ഇല്ലെന്നു പറഞ്ഞാൽ അതു മുട്ടൻ നുണയാകും. കല്ലിലും മരത്തിലും ഒളിഞ്ഞിരിക്കുന്ന ശില്പങ്ങളെ ശില്പി പുറത്തെടുക്കുന്നതുപോലെ ആ മടിയെ ചെത്തിക്കളഞ്ഞാൽ കർഷകൻ ഉറക്കം വിട്ടെഴുന്നേൽക്കും. ഫലമോ, വിഷമില്ലാത്ത പച്ചക്കറി, മാനസിക-ശാരീരികാരോഗ്യം, സംതൃപ്തി, സാമ്പത്തിക ലാഭം... വിത്തു മുളയ്ക്കുന്നതു ചിരി വിടർത്തുന്ന കുഞ്ഞുമനസുകളെ കൃഷി ഒരു ജീവിത രീതിയാണെന്നു പറയാതെ പറഞ്ഞു പഠിപ്പിക്കാനും അതിലൂടെ കഴിയും. അവരുടെ ചിരിയാണല്ലോ നമുക്ക് വലുത്!

എന്തുകൊണ്ട് കൃഷി?

പന്തീരായിരം കൊല്ലം എന്നത് വലിയ കാലയളവുകളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രയോഗമാണ്. ആ പന്തീരായിരം കൊല്ലത്തെ ചരിത്രമുണ്ട് മനുഷ്യന്റെ കൃഷിപ്പണികൾക്ക്. ഗോതമ്പും ബാർലിയുമത്രേ ആദ്യമായി കൃഷിചെയ്ത വിഭവങ്ങൾ. ഇന്ന് മനുഷ്യൻ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മിക്കവാറും എല്ലാത്തരം ഭക്ഷണപദാർഥങ്ങളും കാർഷികവൃത്തിയുടെ ഫലമാണ്. എന്തുകൊണ്ട് കൃഷി എന്ന ചോദ്യത്തിന്റെ ഉത്തരവും അവിടെയാണ്. അന്നമാണ് കൃഷി. അതാണ് ജീവനും. രാജ്യത്തിന്റെ ജനസംഖ്യയുടെ മൂന്നിൽ രണ്ടുഭാഗവും കൃഷിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നതെന്ന് കേരളപാഠാവലിയിൽനിന്നേ പഠിച്ചു തുടങ്ങുന്നു. അരിയാണ് പ്രധാന ഭക്ഷ്യധാന്യം. കേരളത്തിന്റെ ചരിത്രവുമതേ. എന്തുകൊണ്ടും കൃഷിക്ക് അനുയോജ്യമാണ് ഭൂപ്രകൃതിയും കാലാവസ്ഥയും. സംസ്ഥാനത്തിന്‍റെ പേരുപോലും കേരത്തിൽനിന്നു മുളച്ചു, വളർന്നു.

സ്വാഭാവിക വനപ്രദേശങ്ങൾ കൂടാതെ, കാട്ടിൽ കണ്ടുവന്നിരുന്ന ചിലതരം സസ്യങ്ങളും വൃക്ഷങ്ങളും ബോധപൂർവം നട്ടുവളർത്തുന്ന സമ്പ്രദായം ആദ്യകാലം മുതൽക്കേ നമ്മുടെ നാട്ടിലുണ്ടായിരുന്നെന്ന് കേരളത്തിന്റെ ഇന്നലെകൾ' എന്ന ഗ്രന്ഥത്തിൽ കെ.എൻ. ഗണേശ് പറയുന്നു. അതുപോലെ കാടുകളായിരുന്നെങ്കിലും മനുഷ്യൻ ബോധപൂർവം സംരക്ഷിച്ചു നിലനിർത്തിവന്ന പ്രദേശങ്ങളും ഉണ്ടായിരുന്നു. അദ്ദേഹം തുടരുന്നു: “മാവ്, പ്ലാവ് മുതലായ ഫലവൃക്ഷങ്ങൾ സ്വാഭാവികമായി വളർന്നു വന്നവയും പിന്നീട് മനുഷ്യൻ നട്ടുവളർത്താനാരംഭിച്ചവയുമാണ്. കുരുമുളകുവള്ളി ഇത്തരത്തിൽ മനുഷ്യൻ സംരക്ഷിച്ചു നിലനിർത്തിയ സസ്യജാലങ്ങളിൽ ഏറ്റവും പ്രധാനമാണ്. ഇതു പോലെ ഇന്ന് തോട്ടങ്ങളിൽ നട്ടു വളർത്തുന്ന പല സസ്യങ്ങളും പ്രാചീനകാലത്ത് വനപ്രദേശങ്ങളിൽ തന്നെ നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്തുപോന്നിരിക്കാം.'

പിന്നീടു കാടു വെട്ടി കൃഷിചെയ്തു പോന്നതായി സംഘം കൃതികൾ പറയുന്നു. ചേര നാടുവാഴിയായ നെടുംചേരലാണ് ഇതിനു നേതൃത്വം കൊടുത്തത്. സംഘകാലത്ത് ഗ്രീക്ക്, റോമൻ പ്രദേശങ്ങളുമായുള്ള വാണിജ്യം ശക്തിപ്പെട്ടു. കുരുമുളകും വെറ്റിലയും സുഗന്ധതൈലങ്ങളുമായിരുന്നു പ്രധാന വിദേശ വാണിജ്യ വിഭവങ്ങൾ. സംഘകാലത്തിനുശേഷം ഇഞ്ചിയും ഗ്രാമ്പുവും കറുവാപ്പട്ടയും കയറ്റി അയയ്ക്കപ്പെട്ടു. 14-ാം നൂറ്റാണ്ടിൽ കൊല്ലത്തു വന്ന ജോൺ ഡി. മരിഞ്ഞോളി രേഖപ്പെടുത്തിയത് അവിടെ കുരുമുളക് തോട്ടവിളയായിരുന്നു എന്നാണ്. 15-ാം നൂറ്റാണ്ടിലെ യൂറോപ്യൻ വാണിജ്യ ഗ്രന്ഥങ്ങളിൽ കൊല്ലത്തുനിന്നുള്ള ഇഞ്ചിയെപ്പറ്റിയും പരാമർശമുണ്ട്. 1504 സെപ്റ്റംബറിൽ ലിസ്ബൺ തുറമുഖത്ത് മലബാറിൽ നിന്നുള്ള മൂന്നു കപ്പലുകൾ അടുത്തുവത്രേ. കുരുമുളക്, കറുവാപ്പട്ട, ഗ്രാമ്പൂ, ഇഞ്ചി, അരക്ക്, കർപ്പൂരം, ജാതിക്കാത്തോട്, കുന്തിരിക്കം, കടുക്ക, കബബ് എന്നുവിളിക്കുന്ന ഒരുതരം മുളക് എന്നിവയായിരുന്നു!

പിന്നീട് ഹോർത്തൂസ് മലബാറിക്കസും ഫാ. ബർത്തലോമിയോയും ഉണ്ണുനീലി സന്ദേശവും മേജർ വാക്കറും ഫ്രാൻസിസ് ബുക്കാനനും മറ്റ് അസംഖ്യം രേഖകളും കേരളത്തിലെ കൃഷിയിനങ്ങളെപ്പറ്റി പറഞ്ഞു വച്ചു - മഞ്ഞളും പയറും എള്ളും തെങ്ങും കമുകും പൈനാപ്പിളും പപ്പായയും കടച്ചക്കയും പേരക്കയും നേന്ത്രവാഴയും മുതൽ ചാമയും നെല്ലും വരെ മുളച്ചും പൂവിട്ടും ഫലമായും തെളിഞ്ഞ ചരിത്രം. കൃഷിയുടെ ചരിത്രം നാടുകളുടെ ചരിത്രംകൂടിയത്. ഭക്ഷ്യശേഖരണത്തെ ആശ്രയിച്ചുനിന്ന മലമുകളിലെ ആവാസകേന്ദ്രങ്ങൾ സമതല പ്രദേശങ്ങളിലേക്കു വ്യാപിച്ചത് കാർഷികവൃത്തിയുടെ വികാസത്തെ കുറിക്കുന്നു. ഇടനാട്ടിലേക്കും സമതലങ്ങളിലേക്കും ആവാസ കേന്ദ്രങ്ങൾ വ്യാപിച്ചു. നാടുകൾ ജന്മമെടുത്തു. ഭക്ഷ്യോല്പാദനത്തിന് പ്രാമുഖ്യം കൊടുക്കുന്ന ആവാസ കേന്ദ്രങ്ങളുടെ കൂട്ടമാണ് നാടുകൾ. കൃഷിയിലൂന്നിയ സ്ഥിരമായ പാർപ്പിടക്കൂട്ടങ്ങൾ അങ്ങനെ ഉയർന്നു വന്നതായും കെ.എൻ. ഗണേശ് പറയുന്നു. അധികം പഴക്കമില്ലാത്ത പുതിയ കാലത്തിലേക്കു വന്നാലും ഓരോ പറമ്പിലും അത്യാവശ്യത്തിനു കൃഷിപ്പണികൾ നടന്നിരുന്ന കാലം മിക്കവാറും പേരുടെ ഓർമകളിൽ ഇന്നുമുണ്ടാകും. അടുക്കളപ്പുറത്ത്, കിണറ്റിൻകരയിൽ, തോട്ടുവക്കത്ത്, വയൽവരമ്പിൽ അങ്ങനെയെല്ലാം പച്ചക്കറിത്തോട്ടങ്ങൾ പടർന്നുപന്തലിച്ചു നിൽക്കുന്ന ഹരിതാഭമായൊരോർമ. നല്ല വിളവുകിട്ടിയാൽ കുറച്ച് അയൽവീട്ടുകാർക്ക് ഇതു ഞങ്ങളുടെ വീട്ടിലുണ്ടായ ചീരയാട്ടോ എന്ന അഭിമാനം. അങ്ങനെ പങ്കുവയ്ക്കപ്പെടുന്ന സ്നേഹം, സാഹോദര്യം... ഇന്നു പക്ഷേ കാലവും കഥയും കാലാവസ്ഥയും മാറി. അതാണ് കേരളത്തിലെ കൃഷിയെക്കുറിച്ചു പറഞ്ഞപ്പോൾ ചരിത്രം എന്നു വിശേഷിപ്പിച്ചതും. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ..' എന്ന പാട്ടു പറയും കേരളത്തിന്റെ വർത്തമാനം. മണ്ണിനെ ധൂർത്തടിച്ചതും കൃഷിയെ മുച്ചൂടും മുടിച്ചു കളഞ്ഞതും ആരും അറിഞ്ഞുകൊണ്ടാവണമെന്നില്ല. സാഹചര്യങ്ങൾ അങ്ങനെയാക്കിയതാവാം. അതുകൊണ്ടുതന്നെ തിന്നാനുള്ള സാധനങ്ങളെല്ലാം കീടനാശിനികളിൽ മുക്കിത്തോർത്തി അയൽസംസ്ഥാനങ്ങൾ ഇങ്ങോട്ടേക്കിറക്കി. അറിഞ്ഞും അറിയാതെയും എല്ലാം കഴിച്ച് നമ്മൾ രോഗഭീതിയിൽ ഉണ്ടുറങ്ങി എഴുന്നേൽക്കുന്നു.

ഇനി ഉണർന്നേതീരൂ

പറഞ്ഞും കേട്ടും അറിഞ്ഞും നമ്മൾ വിഷപച്ചക്കറിയെ പേടിച്ചു തുടങ്ങിയിരിക്കുന്നു. കീടനാശിനിയും രാസവളവും നിശബ്ദ കൊലയാളികളാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. അവനവനു കഴിക്കാനുള്ളതെങ്കിലും സ്വയം കൃഷിതുണ്ടാക്കാം എന്ന വിചാരമുള്ളവരുടെ എണ്ണം കൂടി. വിളവിൽ അല്പം കൂടുതലുണ്ടായാൽ നല്ല വിലയ്ക്കു വിൽക്കാമെന്നും നമുക്കറിയാം. കൃഷി അത്ര മോശം ഏർപ്പാടല്ലാതായി. ഫേസ്ബുക്കിൽ വൈറലാകുന്ന ഒരു പോസ്റ്റ് ഏതാണ്ട് ഇപ്രകാരമാണ്:

പുകയില മനുഷ്യനെ കൊല്ലുന്ന വസ്തുവാണ്- എന്നിട്ടും സിഗരറ്റ് കമ്പനിക്കാരൻ മാന്യനും കോടീശ്വരനും! മദ്യവും മനുഷ്യനെ ഇല്ലാതാക്കുന്ന ഒന്നാണ്. എന്നിട്ടും മദ്യം സ്റ്റാറ്റസ് സിംബൽ, മദ്യക്കമ്പനിക്കാരൻ കോടീശ്വരൻ!

കൃഷി നമ്മുടെ നിലനില്പിന് ആധാരമാണ്- എന്നിട്ടും കൃഷിക്കാരൻ അപരിഷ്കൃതൻ, ദരിദ്രൻ! സ്റ്റാറ്റസില്ലാത്തവൻ, ആളുകൾ മാനിക്കാത്തവൻ എന്ന നിലയിൽ നിന്ന് ഓരോരുത്തരുമാണ് പുറത്തുകടക്കേണ്ടത്. ഞാൻ എനിക്കു വേണ്ട ഭക്ഷണ പദാർഥങ്ങൾ കൃഷി ചെയ്തുണ്ടാക്കുന്നു, അതിൽ ഞാൻ അഭിമാനിക്കുന്നു എന്നതുകൂടി പ്രതിജ്ഞയുടെ ഭാഗമായാൽ പറമ്പിലും മനസുകളിലും പച്ചപ്പുനിറയും. വീടിന്റെ കിണറിനോടു ചേർന്ന, അടുക്കളയ്ക്കടുത്തുള്ള മൂല കൃഷിയിടമാക്കിയാലോ? കിണറും പറമ്പുമില്ലെങ്കിൽ പോട്ടെ, ടെറസിനു മുകളിൽ ഒരു തോട്ടമുണ്ടാക്കിയാലോ?

ഒരുക്കാം, അടുക്കളത്തോട്ടം

വീടിനോടുചേർന്ന് നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം എവിടെയാണോ, അവിടെ നമുക്ക് തോട്ടമുണ്ടാക്കാം. ചെടികളുടെ വളർച്ചയും വിളവും കൂടാൻ നന്നായി സൂര്യപ്രകാശം ലഭിക്കണം. നല്ല നീർവാർച്ചയും വളക്കൂറുമുള്ള മണ്ണാണെങ്കിൽ നന്നായി. അടുക്കളയിൽ നിന്നും കുളിമുറിയിൽ നിന്നുമൊക്കെയുള്ള വെള്ളം ചെടികൾ നനയ്ക്കാൻ എടുക്കാം. പക്ഷേ സോപ്പു വെള്ളം ചെടികൾക്കു നന്നല്ല. മണലിന്റെ അംശം കൂടുതലുണ്ടെങ്കിൽ ധാരാളം ജൈവവളം ചേർക്കാം. പലരും സംശയിക്കാറുണ്ട്, തോട്ടത്തിന് എത്ര വലിപ്പം വേണം എന്ന്. ലഭ്യമായ സ്ഥലം എന്നാണ് അതിനുള്ള ഉത്തരം. അതേസമയം വീട്ടിൽ അധികം അംഗങ്ങളില്ലെങ്കിൽ വലിയ തോട്ടമൊരുക്കി അധ്വാനം പാഴാക്കേണ്ട. ശാസ്ത്രീയമായ രീതിയിൽ ഒരുക്കിയാൽ ഒരു സെന്റ് സ്ഥലത്തിൽ നിന്നുപോലും നല്ല വിളവുണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. സ്ഥലമില്ലാത്തവർക്ക് ടെറസിലെ കൃഷിയും പരീക്ഷിക്കാം. അതിനുപക്ഷേ കൂടുതൽ ശ്രദ്ധവേണമെന്നുമാത്രം.

വിളകളുടെ സ്വഭാവമനുസരിച്ചാണ് ഓരോന്നിന്റെയും സ്ഥാനം നിർണയിക്കേണ്ടത്. ഉദാഹരണത്തിന് ദീർഘകാല വിളകളെല്ലാം തോട്ടത്തിന്റെ ഒരു വശത്തേക്കു ചേർക്കാം. മുരിങ്ങ, പപ്പായ, കറിവേപ്പ്, വാഴ, നാരകം എന്നിവയൊക്കെ ദീർഘകാലവിളകളാണ്. ഇവയുടെ നിഴൽ മറ്റു വിളകൾക്കുമേൽ വീഴുന്നത് ഒഴിവാക്കാനാണ് ഒരുവശത്തേക്കു മാറ്റിവയ്ക്കുന്നത്. തോട്ടത്തിന്റെ വടക്കു വശമാണ് ഇവയ്ക്ക് കൂടുതൽ അനുയോജ്യം. കാന്താരിമുളക്, തണൽ ആവശ്യമുള്ള ചേന, ചേമ്പ്, സാമ്പാർ ചീര എന്നിവ ഇത്തരം ദീർഘകാല വിളകൾക്കിടയിൽ കൃഷിചെയ്യാം. ചീര, വെള്ളരി, പാവൽ, പയർ, വെണ്ട, മത്തൻ, പടവലം എന്നിവയ്ക്കെല്ലാം നല്ല സൂര്യപ്രകാശം വേണം. അൽപ്പസ്വൽപ്പം തണലുണ്ടെങ്കിൽ പോലും മുളകും തക്കാളിയും വിളവു തരും.

തോട്ടത്തിന്റെ വശങ്ങളിലായി അമര, വഴുതന, ഇറച്ചിപ്പയർ, കോവൽ എന്നിവ പടർത്തിയാൽ സ്ഥലം ലാഭിക്കാം. വ്യത്യസ്ത വിളകൾ ഒരേ സ്ഥലത്ത് കൃഷിചെയ്താൽ രണ്ടു ഗുണങ്ങളുണ്ട് കീടങ്ങളുടെ ആക്രമണം ഫലപ്രദമായി തടുക്കാം. മണ്ണിലെ വ്യത്യസ്ത തലങ്ങളിലെ ജൈവാംശം ഉപയോഗപ്പെടുത്താം. ഒരേ കുടുംബത്തിൽപ്പെട്ട വിളകളായ തക്കാളി, വഴുതന, മുളക് തുടങ്ങിയവ അടുത്തടുത്തായി നടരുത്. അങ്ങനെ ചെയ്താൽ കീടബാധകൾ എളുപ്പത്തിൽ ബാധിക്കുകയും പടർന്നു പിടിക്കുകയും ചെയ്യും. വളമിടൽ, കീടനിയന്ത്രണം, നനയ്ക്കൽ എന്നിവയ്ക്കായി തോട്ടത്തിൽ നടക്കാനുള്ള ചെറിയ വഴികൾ ഉണ്ടാക്കണം. വഴികൾക്കിരുവശത്തും വിവിധനിറങ്ങളിലുള്ള ചീരകൾ വളർത്തിയാൽ തോട്ടം കൂടുതൽ ഭംഗിയാകും.

വീട്ടിലെ അടുക്കള മാലിന്യങ്ങൾ നല്ല ജൈവവളമാക്കി ചെടികൾക്ക് നൽകാം. അതിനാൽത്തന്നെ തോട്ടത്തിന്റെ ഏതെങ്കിലും ഒരുഭാഗത്ത് കംപോസ്റ്റ് കുഴിയുണ്ടാക്കണം. മാലിന്യപ്രശ്നത്തിനും ഇതൊരു പരിഹാരമാണ്. മണ്ണിര കമ്പോസ്റ്റ് യൂണിറ്റും നല്ലതാണ്.

പോഷകമൂല്യം, വീട്ടിലേക്കുള്ള ആവശ്യം എന്നിവ നോക്കിയാണ് ഏതൊക്കെ പച്ചക്കറികൾ കൃഷി ചെയ്യണമെന്ന് തീരുമാനിക്കേണ്ടത്. ഉദാഹരണത്തിന് വഴുതനങ്ങ ഇഷ്ടമില്ലാത്തവർ വീട്ടിലുണ്ടങ്കിൽ അത് അധികമുണ്ടാക്കിയിട്ടു പ്രയോജനമില്ലല്ലോ. പച്ചക്കറിയിനങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ദീർഘകാലം വിളവു നൽകുന്ന ഇനങ്ങൾ ഉൾപ്പെടുത്താൻ പ്രത്യേക ശ്രദ്ധയാവാം. ഉദാഹരണത്തിന് വെണ്ട നടുമ്പോൾ സുസ്ഥിര, സൽക്കീർത്തി മുതലായ ഇനങ്ങൾ തെരഞ്ഞെടുക്കാം. ഒരു പശുവിനെ വളർത്താനുള്ള സൗകര്യംകൂടി ചെയ്യാമെങ്കിൽ കാര്യങ്ങൾ കൂടുതൽ സ്വയംപര്യാപ്തമാകും. ജൈവവളത്തിനായി പിന്നെ എങ്ങോട്ടും പോകേണ്ട. അതല്ലെങ്കിൽ അയൽപ്പക്കത്ത് പശുവുള്ളവരുമായി ചാണകത്തിനും മൂത്രത്തിനുമായി ഒരു കരാറായാലും മതി. ഇപ്പോൾ ഓൺലൈനിൽ പോലും ചാണകം വാങ്ങാൻ കിട്ടും എന്നതു മറ്റൊരു കാര്യം.

പശുവിന്‍റെ ചാണകവും മൂത്രവും ഒന്നാന്തരം ജൈവവളമാണ്. ചാണകം ഉണക്കിപ്പൊടിച്ചു ചേർക്കുന്നത് മണ്ണിനെ കൂടുതൽ സമ്പുഷ്ടമാക്കും. തോട്ടത്തിന് വേലി കെട്ടിയിടാൻ പ്രത്യേകം ശ്രദ്ധിക്കണം. വേലിയിൽ പച്ചക്കറികൾ പടർത്തുകയും ചെയ്യാം. പച്ചക്കറികൾകൊണ്ടു നിർമിക്കാവുന്ന ജൈവവേലികളുമുണ്ട്. മധുരച്ചീര ഈയിനത്തിൽ ഉപയോഗിക്കാം. നന്നായി വളരുന്നതും കമ്പുകൾ ഉള്ളതുമായ ഇത് തോട്ടത്തിന് മികച്ച സംരക്ഷണ കവചമൊരുക്കും. അഗത്തിച്ചീര, ബാസല്ല ചീരവള്ളികൾ എന്നിവയും ജൈവവേലിയിൽ ഉപയോഗിക്കാം.

അടുക്കളത്തോട്ടം ടെറസിൽ

വീടും പറമ്പും എന്ന പ്രയോഗത്തിന് വലിയ സാധ്യതയില്ലാത്ത കാലത്തേക്കാണല്ലോ നമ്മുടെ പോക്ക്. ഫ്ളാറ്റ് അല്ലെങ്കിൽ വില്ല എന്നേ ഇനി പാർപ്പിടത്തിനു പറയേണ്ടിവരൂ. ഭൂമിയില്ലാത്തവർക്ക് വളരെ ലളിതമായി അടുക്കളത്തോട്ടം ടെറസിനു മുകളിൽ ഉണ്ടാക്കാം. പോളിത്തീൻ ബാഗ്, സിമന്റ് ചാക്ക്, ചട്ടികൾ തുടങ്ങി ഉപയോഗശൂന്യമായ പിവിസി പൈപ്പുകൾ, ടയറുകൾ, കുടിവെള്ളക്കുപ്പികൾ എന്നിവയിൽ വരെ കൃഷിചെയ്യാം. ടെറസിലെ കൈവരിയോടുചേർന്ന് അടിയിൽ ചുവരുള്ള ഭാഗത്തിന് മുകളിൽ ചട്ടികൾ വയ്ക്കാം. ഇഷ്ടിക അടുക്കി അതിനുമുകളിൽ ചട്ടികൾ വയ്ക്കുന്നതാണ് നല്ലത്. വെള്ളം കെട്ടിനിൽക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധവേണം.

ടെറസിന്‍റെ ബലത്തെക്കുറിച്ച് കൃഷി തുടങ്ങുന്നതിനുമുമ്പ് വ്യക്തമായ ധാരണയുണ്ടാവണം. ബലംകുറവാണെങ്കിൽ, അതായത് പഴക്കമുള്ള കോൺക്രീറ്റ് ആണെങ്കിൽ ബീമുകളോ പില്ലറുകളോ കൂട്ടിച്ചേർത്ത് ബലപ്പെടുത്തണം. നടീൽ മിശ്രിതത്തിന്റെയും നനയ്ക്കുന്ന വെള്ളത്തിന്റെയും ഭാരം താങ്ങാൻ ടെറസിനുശേഷിയുണ്ടാകണം. പുതിയ വീടുകളാണെങ്കിൽ ഇക്കാര്യത്തിൽ കാര്യമായ പേടിവേണ്ട. രണ്ടുഭാഗം മേൽമണ്ണ്, ഓരോ ഭാഗംവീതം ചാണകപ്പൊടി, മണൽ എന്നിവ കൂട്ടിച്ചേർത്താണ് നടീൽമിശ്രിതം തയാറാക്കേണ്ടത്. പ്ലാസ്റ്റിക് ചാക്കുകളാണങ്കിൽ ഇരുവശത്തും അഞ്ചോ ആറോ സുഷിരങ്ങളിടണം. ചട്ടികളാണെങ്കിൽ സുഷിരം അടയ്ക്കണം, ഏറ്റവും അടിയിലായി ഏതാണ്ട് രണ്ടിഞ്ച് കനത്തിൽ മണൽ നിറയ്ക്കണം. അതിനുമുകളിൽ ബാഗിന്‍റെ അല്ലെങ്കിൽ ചട്ടിയുടെ വാവട്ടത്തിന് ഒരിഞ്ചു താഴെവരെ മിശ്രിതം നിറയ്ക്കാം.

എല്ലുപൊടി, കപ്പലണ്ടിപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ് എന്നിവ 50 ഗ്രാം വീതം കൂട്ടിയോജിപ്പിച്ച് മണ്ണു മിശ്രിതത്തിനു മുകളിൽ ഇടണം. ഇനിയാണ് വിത്തുകളോ തൈകളോ നടേണ്ടത്. ശ്രദ്ധേയമായ മറ്റൊരുകാര്യംകൂടിയുണ്ട്. ചെടിക്കു വളരാൻ മണ്ണു വേണമെന്നില്ല. ചകിരിച്ചോറ്, കൊക്കോപീറ്റ് എന്ന സംസ്കരിച്ച ചകിരിച്ചോറ്, വിദേശത്തുനിന്നെത്തിക്കുന്ന ഒരുതരം പായലായ നീയോ പീറ്റ് എന്നിവയിൽ പച്ചക്കറികൾ നന്നായി വളരുന്നുണ്ട്. പ്രത്യേക പരിസ്ഥിതിയിൽ ഈർപ്പം മാത്രം നൽകി ചെടികൾ വളർത്തുന്ന ഹൈഡ്രോപോണിക്സ് രീതിയും പ്രചാരത്തിലായിട്ടുണ്ട്. ടെറസിൽ ഇവയും പരീക്ഷിക്കാവുന്നതാണ്.

വിത്തുകൾ നടുമ്പോൾ

പടവലം, വെണ്ട, പാവൽ എന്നിവയുടെ വിത്തുകൾ നടുന്നതിനു മുമ്പ് ആറു മുതൽ 12 മണിക്കൂർ വരെ വെളളത്തിൽ കുതിർത്തുവച്ചാൽ മുളയ്ക്കാനുള്ള ശേഷികൂടും. വിത്തിടുമ്പോൾ അധികം താഴ്ച പാടില്ല. ബാഗുകളിലും ചട്ടികളിലും വെണ്ട, പയർ, പാവൽ, പടവലം, മത്തൻ, കുമ്പളം എന്നിവയുടെ വിത്തുകൾ പാകാം. തക്കാളി, ചീര, മുളക്, വഴുതന എന്നിവ ഒന്ന്-ഒന്നര മാസം പ്രായത്തിൽ നാലിലകൾ ആകുമ്പോൾ പറിച്ചുനടുകയാണ് ചെയ്യേണ്ടത്. പറിച്ചു നടുന്നതിന് വൈകുന്നേരമാണ് നല്ല സമയം. വിത്തിട്ട ശേഷം മണ്ണ് ചെറുതായി നനയ്ക്കണം. ചിലയിനം വിത്തുകൾ ഉറുമ്പ് കൊണ്ടു പോകുന്നതു കാണാം. അങ്ങനെയെങ്കിൽ വിത്തിട്ടശേഷം ചുറ്റും മഞ്ഞൾപ്പൊടി, ഉപ്പ് മിശ്രിതം തൂവിക്കൊടുക്കാം. അല്ലെങ്കിൽ അരിമണി, മണൽ എന്നിവ കലർത്തിവേണം വിത്തിടേണ്ടത്. ഓരോ ബാഗിലും രണ്ടോ മൂന്നോ വരെ വിത്തുകളോ തൈകളോ നടാം. വേനലിൽ തൈകൾക്ക് രണ്ടു മൂന്നു ദിവസത്തേക്ക് തണൽ കൊടുക്കണം.

ദ്രവരൂപത്തിലുള്ള പുളിപ്പിച്ച ജൈവവളങ്ങളാണ് ടെറസിലെ കൃഷിക്ക് ഏറ്റവും അനുയോജ്യം. കാലിവളം, എല്ലുപൊടി, പച്ചിലവളം, കംപോസ്റ്റ്, കോഴിവളം, കടലപ്പിണ്ണാക്ക് എന്നിവ ഉദാഹരണം. രാസവസ്തുക്കൾ ഉപയോഗിക്കരുത്. നനയ്ക്കുന്ന കാര്യത്തിലും പ്രത്യേക ശ്രദ്ധവേണം. വേനലിൽ രണ്ടുനേരവും അല്ലാത്തപ്പോൾ മഴയില്ലെങ്കിൽ ഒരു നേരവും ചിട്ടയായി ആവശ്യത്തിനുമാത്രം നനയ്ക്കുക.

ബാഗിൽനിന്നോ ചട്ടിയിൽനിന്നോ വെള്ളം ഒലിച്ചിറങ്ങരുത്. വെള്ളം കെട്ടിനിന്നാൽ ടെറസിനു കേടുവരുമെന്നുറപ്പ്. ഒരേ വിളകളോ, ഒരേ വർഗത്തിൽപ്പെടുന്നവയോ തുടർച്ചയായി ഒരേ ബാഗിൽ കൃഷി ചെയ്യരുത്. ഓരോ പ്രാവശ്യവും ചെടി നടുമ്പോൾ മണ്ണിളക്കണം. ഇപ്രകാരം ഒരേ ബാഗിൽ മൂന്നോ നാലോ തവണ കൃഷിചെയ്യാം. നല്ല പച്ചക്കറികൾ ലഭിക്കുന്നതിനൊപ്പം വീട്ടിനകത്ത് തണുപ്പു നൽകാനും മട്ടുപ്പാവിലെ പച്ചക്കറി കൃഷി ഉപകരിക്കും.

അടുക്കളത്തോട്ടം ലാഭമോ നഷ്ടമോ?

ഏയ്, എനിക്കിതിൽ നിന്നു ലാഭമൊന്നും കിട്ടിയില്ല. ഇത്ര രൂപ ചെലവാക്കി, ഇത്ര നേരം പണിയെടുത്തു, എന്നിട്ടും ഇത്രയേ കിട്ടിയുള്ളൂ. പച്ചക്കറി കടയിൽനിന്നു വാങ്ങേണ്ടിവന്നു, കൂലിച്ചെലവു നഷ്ടം എന്നു പറയുന്നവർ ധാരാളമുണ്ട്. ആരംഭശൂരത്വവുമായി അടുക്കളത്തോട്ടത്തിലേക്കിറങ്ങിയവർ ആയിരിക്കും അവരിൽ ഭൂരിഭാഗവും. തുടങ്ങി കുറച്ചുനാൾ കഴിയുമ്പോഴേക്കും അവർക്ക് പഴയ മടി തിരിച്ചു വന്നുകാണും, പിന്നെ കൃത്യമായി കാര്യങ്ങൾ നോക്കാതാവും. ഒടുക്കം വിളവൊന്നും കിട്ടുകയുമില്ല. എന്നാൽ ആത്മാർഥതയോടെ കൃത്യതയോടെ നട്ടുപരിപാലിച്ചാൽ അടുക്കളത്തോട്ടം അക്ഷയപാത്രമാകും. വീട് സ്വയംപര്യാപ്തമാകുകയും ചുറ്റും പച്ചപ്പും കുളിർമയും നിറയുകയും ചെയ്യും. അതതുകാലത്ത് വേണ്ട വിളകൾ കിട്ടുന്നതോടെ പുറമേനിന്നു വിഷപ്പച്ചക്കറികൾ വാങ്ങേണ്ട സാഹചര്യം വരികയേയില്ല. എന്നാൽ എപ്പോഴും എല്ലാത്തരം പച്ചക്കറികളും വേണമെന്നു വാശിപിടിക്കരുത്. അതേസമയം അടുക്കളത്തോട്ടം വൻലാഭം ഉണ്ടാക്കിത്തരുന്നത് ശാരീരിക-മാനസികാരോഗ്യത്തിലൂടെയാണ്. വിഷമുള്ള പച്ചക്കറികഴിച്ച് അസുഖംവന്ന് ആശുപത്രിയിൽ കിടന്നാൽ, മരുന്നുകഴിക്കേണ്ടിവന്നാൽ ഉണ്ടാകുന്ന ചെലവ് എത്ര ആയിരങ്ങളാകും? വ്യായാമത്തിന് ഒരു ജിംനേഷ്യത്തിൽ പോകാൻ മാസം എത്ര ചെലവാകും? തോട്ടത്തിലെ വിളകൾ കാണുമ്പോഴുള്ള ആത്മസംതൃപ്തി എത്ര രൂപ ചെലവാക്കിയാൽ കിട്ടും? ഇതെല്ലാം തരുന്നില്ലേ ഒരു കുഞ്ഞ് അടുക്കളത്തോട്ടം!

വി.ആർ. ഹരിപ്രസാദ്

ഫോൺ: 9497178662

കടപ്പാട്: കര്‍ഷകമിത്രം

3.13636363636
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top