Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പച്ചക്കറി,പഴങ്ങള്‍,പുഷ്പ വിവരങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

ഓര്‍ക്കിഡ് കൃഷി

ഓർക്കിഡേസിയേ (orchidaceae) കുടുംബത്തിൽ പെട്ടതാണ് ഓർക്കിഡ്(Orchid). മരവാഴ എന്ന് മലയാളത്തിൽ പേരുള്ള ഓർക്കിഡ് ഒരു പരാദ സസ്യമാണ്. 800 ജനുസ്സുകൾ ഉള്ള ഓർക്കിഡ് ഏഷ്യ,ദക്ഷിണ അമേരിക്ക മുതലായ സ്ഥലങ്ങളിൽ കണ്ട് വരുന്നു പുഷ്പിക്കുന്ന സസ്യങ്ങളിൽ ഏറ്റവും വലിയ കുടുംബം ഓർക്കിഡിന്റേതായി കരുതപ്പെടുന്നു.സുഗന്ധ വിളയായ വാനില(Vanilla) ഇ കുടുംബത്തിലെ ഒരംഗമാണ്. പല നിറങ്ങളിലും ആകൃതിയിലും കാണപ്പെടുന്ന ഇതിന്റെ പൂക്കൾ മനോഹരവും, താരതമ്യേന കൂടുതൽ ദിവസം കൊഴിയാതെ നിൽക്കുന്നതുമാണ്. ഇക്കാരണങ്ങളാൽ ലോകമെമ്പാടുമുള്ള പുഷ്പ പ്രേമികളുടെയിടയിൽ ഏറ്റവും സ്വീകാര്യതയുള്ള ചെടികളിലെ പ്രമുഖ സ്ഥാനം തന്നെ ഓർക്കിഡിനുണ്ട്.

ഗ്രീക്ക് ഭാഷയിൽ ‘വൃഷണങ്ങൾ’ എന്ന അർത്ഥം വരുന്ന ‘ഓർക്കിസ്’ എന്ന പദത്തിൽ നിന്നാണ് ‘ഓർക്കിഡ്’ എന്ന പേർ രൂപപ്പെട്ടത്. പുരാതന ഗ്രീക്ക് ചരിത്രകാരനായ തിയോഫ്രാസ്റ്റസ് (370-285 ബി.സി.) തന്റെ ചെടികളെ കുറിച്ചുള്ള പുസ്തത്തിൽ വൃഷണങ്ങൾക്ക് സമാനമായ വേരുകളുള്ള ചെടിയെക്കുറിച്ച് പരാമർശിക്കുകയുണ്ടായി. ഈ പരാമർശ‍മാണ് ഓർക്കിഡിന്‌ ആ പേർ സിദ്ധിക്കാൻ കാരണമായത്.പല ഓർക്കിഡുകളുടെയും ജന്മദേശം കിഴക്കൻ ഹിമാലയം, അസ്സാം, ഡാർജിലിംഗ് കുന്നുകൾ, ദക്ഷിണേന്ത്യയിലെ കൊടൈക്കനാൽ പോലെയുള്ള ഉയർന്ന പ്രദേശങ്ങളാണ്. ശ്രീലങ്ക, ജാവ, ബോർണിയോ, ഹാവായ്, തായ്‌ലൻഡ്, ദക്ഷിണാഫ്രിക്ക എന്നിങ്ങനെയുള്ള ഉഷ്ണമേഖലാപ്രദേശങ്ങളും ഇവയുടെ ജന്മഭൂമിയാണ്.

കേരളത്തിന്റെ തനത്‌ കാലാവസ്ഥയിൽ വളരെ ലളിതമായ പരിചരണം നൽകി നന്നായി ഓർക്കിഡുകൾ വളർത്താം. ആകർഷകമായ വർണ്ണങ്ങളിൽ അധികം ദിവസങ്ങൾ പൊഴിഞ്ഞു പോകാതെ നിൽക്കുന്ന ഈ സസ്യങ്ങൾ വീട്ടിനകത്ത്‌ പരിമിതമായ പ്രകാശം ലഭിക്കുന്ന സ്ഥലങ്ങൾ, വരാന്ത, കാർ പോർച്ച്‌, നല്ല വെളിച്ചം കിട്ടുന്ന മറ്റ്‌ മേൽതലങ്ങൾ തുടങ്ങി എല്ലായിടത്തും നന്നായി വളർത്തുവാൻ കഴിയും. ഓർക്കിഡിന്റെ ഏറ്റവും വലിയ ശത്രു “അമിത പരിചരണം” ആണ്‌ – കൂടുതലായ നനയും വളവും ഓർക്കിഡ്‌ ചെടികളെ നശിപ്പിക്കുവാൻ പോന്നതാണ്‌. എല്ലാ ദിവസവും രണ്ടു നേരം നനച്ച്‌ വളവും ഒക്കെ നൽകി വളത്തിയാൽ, പല ചെടികളും അകാല ചരമം പ്രാപിക്കും. സംഗതികൾ ഇതൊക്കെയാണെങ്കിലും, കൃത്യമായ വളർച്ചയ്ക്കും പുഷ്പ്ങ്ങൾക്കും ചെടികൾക്ക്‌ അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടതുണ്ട്‌.. ഏറ്റവും ലളിതമായി പറഞ്ഞാൽ ഓർക്കിഡ്‌ വളർത്താൻ അത്യാവശ്യം വേണ്ടത്‌ ചെടികൾക്ക്‌ പരിചിതമായ അവയുടെ സ്വാഭാവിക പ്രകൃതി ഒരുക്കികൊടുക്കലാണ്‌..

ഓർക്കിഡുകൾ നല്ല വെളിച്ചവും ഉയർന്ന ആർദ്ദ്രതയും (ഹ്യുമിഡിറ്റി), വേരുകൾക്ക്‌ ചുറ്റും നല്ല ഇളകിയ കാറ്റിന്റെ സാന്നിധ്യവും, ഇരുപത് – മുപ്പത് ഡിഗ്രി നിലവാരത്തിൽ ഉള്ള ചൂടും നന്നായി ആസ്വദിക്കുന്ന സസ്യങ്ങളാണ്‌.. നേരിട്ട്‌ ചെടിയിൽ പതിക്കുന്ന തീവ്ര വെളിച്ചം ഇവയ്ക്ക്‌ അധികം താങ്ങുവാൻ കഴിയില്ല. പ്രത്യേകിച്ച്‌ വെകുന്നേരങ്ങളിൽ കിഴക്ക്‌ വശത്തു നിന്നും നേരിട്ട്‌ അടിക്കുന്ന വെളിച്ചത്തിൽ നിന്നും ഇവയെ സംരക്ഷിക്കുവാൻ ശ്രധ്ധിക്കുക. ട്രോപ്പിക്കൽ – സബ് ട്രോപ്പിക്കൽ കാലാവസ്ഥയിൽ ഹരിത വനങ്ങളിൽ വളരുന്ന ഓർക്കിഡുകൾക്ക് മുകളിൽ പറഞ്ഞ സാഹചര്യം ലഭിക്കുന്നുണ്ട്. ഇത് കൂടാതെ കൃത്യമായ ഇടവേളകളിൽ സ്വഭാവിക വനങ്ങളിൽ ലഭിക്കുന്ന മഴയും, മഴ ഇല്ലാതിരിക്കുന്ന അവസ്ഥയും നമ്മൾ ഒരുക്കി കൊടുക്കേണ്ടതുണ്ട്. അതിനു വേണ്ടി നന്നായി നനഞ്ഞ് വളരെ നന്നായി വാർന്നു പോകുന്ന ജലസേചനം നൽകേണ്ടിയിരിക്കുന്നു. പ്രഭാതത്തിൽ ജലത്തിന്റെ സാമീപ്യം ഓർക്കിഡുകൾ എറ്റവും ഇഷ്ടപ്പെടുന്നു. അപ്പോൾ നനക്കൽ വേനൽ കാലങ്ങളിൽ എല്ലാ ദിവസവും, അല്ലാതുള്ള സമയത്ത് ഒന്നിടവിട്ടോ, മൂന്ന് ദിവസത്തിൽ ഒരിക്കലോ മതിയാവും. ഓർക്കിഡുകൾക്ക് നന്നായി വളരുവാൻ കഴിയുന്ന ഒരു മീഡിയം നമ്മൾ ഒരുക്കേണ്ടതുണ്ട്. ഏകദേശം തുല്യ അളവിൽ ഉണങ്ങിയ തൊണ്ടിൻ കഷണങ്ങൾ, ഓടിന്റെ കഷണങ്ങൾ, മരക്കരി (വിറകടുപ്പിൽ മുക്കാൽ ഭാഗം കത്തിയ തടിക്കഷണങ്ങൾ വെള്ളം നനച്ച് കരിയാക്കാം) പിന്നെ ഇഷ്ടിക കഷണങ്ങൾ – ഇവ ഒന്നാന്തരം മീഡിയം ആയി ഉപയോഗിക്കാം. സ്വാഭാവിക പ്രകൃതിയിൽ വളരുന്നവയെക്കാൾ നമ്മൾ വളര്ത്തുന്നവയ്ക്ക് ഈ മീഡിയത്തിന്റെ സാമീപ്യം കാരണം തന്നെ ജല ലഭ്യത കുറെ കൂടി മെച്ചമായിരിക്കും എന്ന് ഞാൻ കരുതുന്നു. നമ്മുടെ മീഡിയത്തിൽ ലഭ്യമായ എല്ലാ വസ്തുക്കളും ജലം നന്നായി അബ്സോർബ് ചെയ്യുന്നവയാണ്. നനവിന്റെ മുകളിൽ പറഞ്ഞ ടിപ്സുകൾ ഈയൊരു കാര്യത്തിന്റെ വെളിച്ചത്തിൽ ആലോചിച്ചാൽ യുക്തിസഹമായി മനസ്സിലാക്കാവുന്നതേയുള്ളൂ.നനവ് അധികമായാൽ ഫംഗസ് , വേരു ചീയൽ തുടങ്ങി സുഖകരമല്ലാത്ത സംഗതികൾ വന്നു ചേരാം  ഓർക്കിഡുകൾ നടാൻ ഉപയോഗിക്കുന്ന ചട്ടികൽ ധാരാളം വായു സഞ്ചാരം കിട്ടുന്നവ ആയിരിക്കണം. മരത്തിന്റെ റീപ്പർ ഉപയോഗിച്ച് തയ്യാറാക്കിയ പെട്ടികൾ, നിറയെ ദ്വാരങ്ങൾ ഉള്ള മൺ ചട്ടികൾ, പ്ലാസ്റ്റിക് ചട്ടികൾ എന്നിവയൊക്കെ ഉപയോഗിക്കാം. ഇപ്പോൾ മാർക്കറ്റിൽ ലഭിക്കുന്ന പുതിയതരം അർധ്ധ ഗോളാ-ക്രിതിയിലുള്ള പ്ലാസ്റ്റിക് ചട്ടികൾ ഉപയോഗിക്കുവാൻ വളരെ ലളിതവും, താര തമ്യേന ചിലവ് കുറഞ്ഞതുമാണു. ഇവയോടൊപ്പം തന്നെ, ചട്ടി തൂക്കിയിടുവാനുള്ള കിടുതാപ്പും കിട്ടുന്നതിനാൽ സംഗതി കൊള്ളാം (വില നിവവാരം 20-30 രൂപ). വാൻഡ വർഗത്തിൽ പെടുന്ന ചെടികൾക്ക് തടിയിൽ ചെയ്തെടുക്കുന്ന കുഞ്ഞൻ പെട്ടികൾ കൂടുതൽ നന്നാവും.

വ്യത്യസ്ത ഓര്ക്കിഡ് ചെടികൾ, നമ്മൾ മുകളിൽ പറഞ്ഞ സാഹചര്യങ്ങളും, ജലവും, വളവും ഒക്കെ കുറച്ചൊക്കെ അളവിലും തീവ്രതയിലും അല്പസ്വല്പം ഏറ്റക്കുറച്ചിലുകൾ വരുത്തി നന്നായി വളർത്തിയെടുക്കുവാൻ കഴിയുമെന്നതിൽ സംശയമില്ല ചില ചെടികൾക്ക് തീവ്രത കുറഞ്ഞ വെളിച്ചവും, ചിലവയ്ക്ക് നല്ല നിഴലും, മറ്റു ചിലര്ക്ക് തീവ്ര വെളിച്ചവും വേണം ചെടികളുടെ ഇലകളുടെ പച്ച നിരത്തിന്റെ തീവ്രത നോക്കി വെളിച്ചത്തിന്റെ ആവശ്യകത നമുക്ക് തന്നെ മനസ്സിലാക്കുവാൻ കഴിയും.

കടുത്ത പച്ച – വെളിച്ചത്തിന്റെ കുറവും,
മഞ്ഞളിച്ച പച്ച – വെളിച്ചത്തിന്റെ കൂടുതലും,
ഇളം പച്ച നിറം – കൃത്യമായ അളവിലുള്ള പ്രകാശവും എന്ന നിഗമനം വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ട്രിക്കാണ്.

വള പ്രയോഗം

ചെടികൾ നന്നായി നനച്ച ശേഷം, വെള്ളത്തിൽ ലയിക്കുന്ന എൻ.പി.കെ മിശ്രിതം രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയത് ആഴചയിൽ രണ്ടു പ്രാവശ്യം സ്പ്രെ ചെയ്യുക. പുഷ്പിക്കാറായ ചെടികൾക്കു നൈട്രജൻ അളവ് കുറഞ്ഞ മിശ്രിതം മാർക്കറ്റിൽ ലഭ്യമാണു.

അലങ്കാര മത്സ്യ കൃഷി

മത്സ്യക്കൃഷിയിലെ തുടക്കക്കാരന്‍ സങ്കരം നടത്തിയ മത്സ്യത്തെയും കുഞ്ഞിനെയും കൈകാര്യം ചെയ്യുന്നതും പരിപാലിക്കുന്നതും സംബന്ധിച്ച നടപടികളുമായി പരിചിതനാകാന്‍ ആദ്യം കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഏതെങ്കിലും മത്സ്യവും ഗോള്‍ഡ്ഫിഷ് പോലെയുള്ള മുട്ടയിടുന്ന ഇനവും തമ്മിലുള്ള സങ്കരണത്തില്‍ തുടങ്ങണം. മത്സ്യങ്ങളുടെ ജീവശാസ്ത്രം, ആഹാരരീതികള്‍, ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള നല്ല അറിവ് മത്സ്യോല്‍പാദനം ആരംഭിക്കുന്നതിനു മുമ്പ് ഉണ്ടായിരിക്കണം. അടയിരിക്കുന്ന മത്സ്യങ്ങള്‍ക്കും ലാര്‍വകള്‍ക്കുമുള്ള ജീവനുള്ള ആഹാരങ്ങളായ ട്യൂബിഫെക്സ് വിരകള്‍, മോയ്ന, മണ്ണിരകള്‍ എന്നിവയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇന്‍ഫുസോറിയ, ആര്‍ടീമിയ നോപ്ലി, റോറ്റിഫര്‍, ഡാഫ്നിയ തുടങ്ങിയ ചെടികള്‍ ആദ്യകാലങ്ങളില്‍ത്തന്നെ ലാര്‍വയ്ക്ക് ആവശ്യമാണ്. ഇത്തരം ആഹാരം തുടര്‍ച്ചയായി ഉല്‍പാദിപ്പിക്കുന്ന ഒരു യൂണിറ്റ് ഇതിന്‍റെ വിജയകരമായ പരിപാലനത്തിന് ആവശ്യമാണ്. മിക്കവാറും സാഹചര്യങ്ങളില്‍ മത്സ്യോല്‍പാദനം എളുപ്പമാണെങ്കിലും ലാര്‍വ വളര്‍ത്തുന്നതില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അനുബന്ധ ആഹാരമായി കര്‍ഷകര്‍ക്ക് സാധാര ണ കാര്‍ഷികോല്‍പന്നങ്ങളില്‍നിന്ന് പെല്ലറ്റ് രൂപത്തിലുള്ള ആഹാരമുണ്ടാക്കാവുന്നതാണ്. മത്സ്യക്കുഞ്ഞുങ്ങളുടെ ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് നല്ല ഗുണനിലവാരമുള്ള ജലം ലഭ്യമാക്കാന്‍ ജൈവ അരിപ്പകള്‍ സ്ഥാപിക്കണം. വര്‍ഷത്തില്‍ പലസമയങ്ങളിലും അലങ്കാരമത്സ്യങ്ങളെ ഉല്‍പാദിപ്പിക്കാവുന്നതാണ്.അലങ്കാരമത്സ്യം സൂക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നതും പലര്‍ക്കും താല്‍പര്യമുള്ള പ്രവൃത്തിയായിരിക്കുകയാണ്. ഇത് മാനസികോല്ലാസത്തിനൊപ്പം സാമ്പത്തികനേട്ടവും നല്‍കുന്നു. ഏകദേശം 600 അലങ്കാരമത്സ്യ ഇനങ്ങള്‍ ലോകമെങ്ങുമുള്ള ജലാശയങ്ങളില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ജലാശയങ്ങള്‍ വ്യത്യസ്ത ഇനം അലങ്കാരമത്സ്യങ്ങളാല്‍ സമ്പന്നമാണ്. നൂറോളം തനത് മത്സ്യ ഇനങ്ങളും ആകര്‍ഷകങ്ങളായ അത്രയും തന്നെ മറ്റിനങ്ങളും വളര്‍ത്തപ്പെടുന്നു.

സങ്കരണത്തിന് അനുയോജ്യമായ മത്സ്യ ഇനങ്ങള്‍

തനതായതും ആകര്‍ഷകങ്ങളുമായ ശുദ്ധജല മത്സ്യ ഇനങ്ങളില്‍ ആവശ്യക്കാരേറെയുള്ളതിനെ വാണിജ്യാവശ്യങ്ങള്‍ക്കായി സങ്കരം ചെയ്ത് വളര്‍ത്തുന്നു. എളുപ്പത്തില്‍ ഉല്‍പാദിപ്പിക്കാവുന്നയും വാണിജ്യാടിസ്ഥാനത്തില്‍ പ്രിയമുള്ളതുമായ മത്സ്യങ്ങളെ മുട്ടയിടുന്നവയെന്നും കുഞ്ഞുങ്ങളെ പ്രസവിക്കുന്നവയെന്നും രണ്ടായി തിരിക്കാം.

കുഞ്ഞുങ്ങളെ പ്രസവിക്കുന്ന വര്‍ഗ്ഗം

 • ഗപ്പി (പിയോസിലിയ റെറ്റികുലേറ്റ)
 • മോളി (മെളിനേഷ്യവര്‍ഗം)
 • സ്വോര്‍ഡ് ടെയില്‍ (സിഫോഫോറസ്വര്‍ഗം)
 • റ്റി

മുട്ടയിടുന്നവ

 • ഗോള്‍ഡ്ഫിഷ് (കരേഷ്യസ് ഒറാറ്റസ്)
 • കോയ് കാര്‍പ് (സൈപ്രിനസ് കാര്‍പിയോ -കോയി വിഭാഗം)
 • സീബ്ര ഡാനിയോ (ബ്രാകിഡാനിയോ റെറിയോ)
 • ബ്ലാക്ക് വിന്‍ഡോ ടെട്ര (സൈമ്നോകോ-സൈമ്പസ്വര്‍ഗം)
 • നിയോണ്‍ടെട്ര (ഹൈഫെസോ-ബ്രൈകോണ്‍ഇനെസി))
 • സെര്‍പെ ടെട്ര (ഹൈഫെസോബ്രൈകോണ്‍കാലിസ്റ്റസ്)

മറ്റുള്ളവ

 • ബബിള്‍സ്-നെസ്റ്റ് ബില്‍ഡേഴ്സ്
 • എയ്ഞ്ചല്‍ഫിഷ് (റ്റെറോഫൈലം സ്കലാറെ)
 • റെഡ്-ലൈന്‍ടോര്‍പിഡോ ഫിഷ് (പുന്‍റിയസ് ഡെനിസോനി)
 • ലോച്ചസ് (ബോട്ടിയവര്‍ഗം)
 • ലീഫ്-ഫിഷ് (നാന്‍ഡസ് നാന്‍ഡസ്)
 • സ്നെയ്ക് ഹെഡ് (ചാന ഓറിയെന്‍റാലിസ്)

അലങ്കാരമത്സ്യങ്ങളുടെ വിജയകരമായ ഉല്പാദനത്തിനുള്ള ചില കുറിപ്പുകള്‍

·         ഉല്‍പാദന പരിപാലന യൂണിറ്റുകള്‍ സ്ഥിരമായി ജലവും വൈദ്യുതിയും ലഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കണം. അരുവികളുടെയോ മറ്റോ സമീപത്താണെങ്കില്‍ വളരെ നല്ലത്. കാരണം ആവശ്യത്തിനു വെള്ളവും ലഭിക്കും പരിപാലനകേന്ദ്രം തുടര്‍ച്ചയായി കൊണ്ടുപോകാനും സാധിക്കും.

·         കാര്‍ഷികോല്‍പന്നങ്ങളായ പിണ്ണാക്ക്, തവിട്, ഗോതമ്പുതവിട്, മൃഗങ്ങളില്‍നിന്നുള്ള മത്സ്യാഹാരം, കൊഞ്ചിന്‍തല, എന്നിവയുടെ സ്ഥിരമായ ലഭ്യത മത്സ്യങ്ങള്‍ക്ക് പെല്ലറ്റ് ഭക്ഷണമുണ്ടാക്കുന്നത് എളുപ്പമാക്കും. പ്രജനനത്തിനു തിരഞ്ഞെടുക്കുന്ന വിത്തുമത്സ്യങ്ങള്‍ ഉയര്‍ന്ന ഗുണനിലവാരമുള്ളതായിരിക്കണം. എങ്കിലേ ഗുണനിലവാരമുള്ള മത്സ്യവും ഉല്‍പാദിപ്പിച്ച് വില്‍ക്കാന്‍കഴിയൂ. കുഞ്ഞുമത്സ്യങ്ങളെ പൂര്‍ണവളര്‍ച്ചയെത്തുന്നതുവരെ വളര്‍ത്തണം. അത് മത്സ്യത്തെ കൈകാര്യം ചെയ്യുന്നതില്‍ അനുഭവപരിചയമുണ്ടാക്കിത്തരുക മാത്രമല്ല അവയെ സൂക്ഷ്മതയോടെ തിരഞ്ഞെടുക്കുന്നതിനും സഹായിക്കും.

·         ഉല്‍പാദന പരിപാലനകേന്ദ്രങ്ങള്‍ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവയുടെ അടുത്താവുന്നതാണ് അഭികാമ്യം. കാരണം മത്സ്യങ്ങളെ ജീവനോടെ ആഭ്യന്തര വിപണിയിലും വിദേശത്തും കൊണ്ടുപോകാന്‍ സാധിക്കും.

·         മത്സ്യ പരിപാലന നടപടികള്‍ ഏകോപിപ്പിക്കുന്നതിന് മത്സ്യോല്‍പാദകന്‍ ഏതെങ്കിലും ഒരിനം മത്സ്യത്തിന്‍റെ ഉല്‍പാദനത്തില്‍ ശ്രദ്ധിക്കുന്നതാണ് അഭികാമ്യം.

·         വിപണിയിലെ ആവശ്യകതയെക്കുറിച്ചുള്ള കൃത്യമായ അറിവ് ഉപഭോക്താവിന്‍റെ താല്‍പര്യത്തെക്കുറിച്ചുള്ള അറിവ്, മൊത്തത്തില്‍ വ്യക്തികളുമായുള്ള ഇടപെടലുകളിലൂടെയും പൊതുജന സമ്പര്‍ക്കത്തിലൂടെയും വാണിജ്യശൃംഖല കൈകാര്യം ചെയ്യുക എന്നിവയും അഭികാമ്യമാണ്.

·         പരിശീലനത്തിലൂടെ വാണിജ്യരംഗത്തുള്ള പുതിയ വികസനങ്ങള്‍, ഗവേഷണരംഗത്തെ പുരോഗതികള്‍ എന്നിവയെക്കുറിച്ച് അറിഞ്ഞുകൊണ്ടിരിക്കാന്‍ ഈ രംഗത്തെ അഗ്രഗണ്യരും വിദഗ്ദ്ധന്‍മാരുമായി എപ്പോഴും സമ്പര്‍ക്കം പുലര്‍ത്തുക

കൂണ്‍ കൃഷി

വളരെയധികം പോഷകഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള ഭക്ഷ്യവിളയാണ് കൂണ്‍. രുചിയുടെ കാര്യത്തിലും ഏറെ മുമ്പില്‍ തന്നെ. രക്തത്തിലെ കൊളസ്‌ട്രോള്‍ കുറക്കാനും കാന്‍സര്‍ രോഗത്തെ നിയന്ത്രിക്കാനും കൂണിന് കഴിയും. വിളര്‍ച്ച മാറ്റി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതോടൊപ്പം ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷിയും ഇത് വര്‍ധിപ്പിക്കുന്നു. അധികം മുതല്‍ മുടക്കില്ലാതെ നല്ല വരുമാനം ലഭിക്കാനുള്ള ഒരു തൊഴില്‍ സംരംഭമായി കൂണ്‍ കൃഷി ചെയ്യാവുന്നതാണ്.

സാധാരണയായി നമ്മുടെ കാലാവസ്ഥയില്‍ കൃഷിചെയ്യാന്‍ പറ്റുന്ന രണ്ടു തരം കൂണുകളുണ്ട്. ചിപ്പിക്കൂണും (ഓയിസ്റ്റര്‍ മഷ്‌റൂം) പാല്‍ കൂണും (മില്‍ക്കി മഷ്‌റൂം). ചിപ്പിക്കൂണ്‍ കൃഷിചെയ്യാന്‍ ഏറ്റവും നല്ലത് വൈക്കോലാണ്. കൂടാതെ അറക്കപ്പൊടി, ചകിരി, ഉണങ്ങിയ വാഴത്തട മുതലായവയിലും കൃഷി ചെയ്യാം. കൂണ്‍ വളര്‍ത്താന്‍ ഉപയോഗിക്കുന്ന മാധ്യമം അണുവിമുക്തമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അത് രണ്ട് രീതിയില്‍ ചെയ്യാം. തിളപ്പിക്കലും രാസവസ്തു ഉപയോഗിക്കലും

തിളപ്പിക്കല്‍

വൈക്കോല്‍ 12-16 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. കുതിര്‍ത്ത വൈക്കോല്‍ 45 മിനുട്ട് തിളച്ച വെള്ളത്തിലോ ആവിയിലോ വെച്ച് പുഴുങ്ങിയെടുത്ത് അധികമായ ജലം വാര്‍ന്ന് പോകുന്നതിന് സജ്ജമാക്കുക.

കൂണ്‍ വിത്ത്

കൂണ്‍ കൃഷിയിലെ പ്രധാന പ്രശ്നം മികച്ച കൂണ്‍ വിത്തിന്റെ അഭാവമാണ്. കൂണ്‍ നന്നായി വളര്‍ന്നു പിടിച്ചു നല്ല വെളുത്ത കട്ടിയുള്ള കൂണ്‍ വിത്ത് വാങ്ങുക. അണുബാധയുള്ളത് ഉപയിഗിക്കരുത്. കൂണ്‍ വിത്തുകള്‍ കൂട്ടി കലര്‍ത്തി തടം തയ്യാറാക്കരുത്.

രാസവസ്തു ഉപയോഗിച്ചുള്ള അണുനശീകരണം

50 മില്ലി ഫോര്‍മാലിനും 8 ഗ്രാം കാര്‍ബെന്‍ഡാസിമും 100 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി അതില്‍ വൈക്കോല്‍ 10-12 മണിക്കൂര്‍ മുക്കി വെച്ചും അണുനശീകരണം നടത്താം.

കൂണ്‍ ബെഡ്

അണുനശീകരണം നടത്തിയ വൈക്കോല്‍ നല്ല പോലെ വെള്ളം വാര്‍ത്തുകളഞ്ഞതിന് ശേഷം കവറില്‍ നിറക്കാം. പിഴിഞ്ഞാല്‍ വെള്ളം തുള്ളിയായി ഇറ്റ് വീഴാത്ത പരുവത്തിലായാല്‍ വൈക്കോല്‍ എടുത്ത് വട്ടത്തില്‍ ചുമ്മാടുകള്‍ (തിരിക) ആക്കി വെക്കുക. രണ്ട് അടി നീളവും ഒരടി വീതിയുമുള്ള പോളിത്തീന്‍ കവറുകളില്‍ ഇവ നിറക്കാം. ഒരു പാക്കറ്റ് നിറക്കുന്നതിന് 125 ഗ്രാം കൂണ്‍ വിത്ത് വേണം (സ്‌പോണ്‍). പോളിത്തീന്‍ കവറില്‍ ആദ്യം ഒരു ലെയര്‍ വൈക്കോല്‍ കവറില്‍ നിറക്കുക. ഒരു പിടി വിത്തെടുത്ത് വൈക്കോലിന് മുകളിലായി വശം ചേര്‍ത്തിടുക. അതിനു ശേഷം അടുത്ത അട്ടി വൈക്കോല്‍ കവറില്‍ നിറക്കുക. ഒരു പിടി വിത്തെടുത്ത് വൈക്കോലിന് മുകളിലായി വശം ചേര്‍ത്തിടുക. വൈക്കോല്‍ നിറക്കുമ്പോള്‍ ഇടയില്‍ വിടവ് വീഴാതിരിക്കാന്‍ കൈകൊണ്ട് അമര്‍ത്തി കൊടുക്കണം ഇങ്ങനെ 4 ലെയര്‍ വൈക്കോലിന് 4 പിടി വിത്ത് ഉപയോഗിച്ച് ഒരു കവര്‍ നിറക്കാം. ശേഷം കൂണ്‍ബെഡ് പോളിത്തീന്‍ കവറിന്‍റെ തുറന്ന അറ്റം നൂലോ റബ്ബര്‍ബാന്‍ഡോ ഇട്ട് കെട്ടിവെക്കണം. അതിനു ശേഷം ഡെറ്റോള്‍ ഉപയോഗിച്ച് തുടച്ച ഒരു സൂചി ഉപയോഗിച്ച് ഈ ബെഡില്‍ 15- 20 തുളകളുണ്ടാക്കുക. ശേഷം ഈ ബെഡ് വായുസഞ്ചാരമുള്ളതും അധികം വെളിച്ചം കടക്കാത്തതുമായ മുറിയില്‍ ഉറിയിലോ മറ്റോ തൂക്കിയിടുക. 15-20 ദിവസം കഴിയുമ്പോള്‍ കൂണ്‍ തന്തുക്കള്‍ വളരാന്‍ തുടങ്ങും. ഈ സമയത്ത് ഡെറ്റോള്‍ ഉപയോഗിച്ച് തുടച്ച ഒരു ബ്ലേഡുപയോഗിച്ച് കൂണ്‍ ബെഡില്‍ ചെറിയ കീറലുകള്‍ ഉണ്ടാക്കിക്കൊടുക്കുക. തുടര്‍ന്ന് മുറിയില്‍ വെളിച്ചം അനുവദിക്കുക. എല്ലാ ദിവസവും ചെറിയ ഹാന്‍സ്‌പ്രേയര്‍ ഉപയോഗിച്ച് ഈ ബെഡുകള്‍ നനച്ചു കൊടുക്കണം. നാലോ അഞ്ചോ ദിവസം കഴിയുമ്പോള്‍ ആദ്യ വിളവെടുപ്പ് നടത്താം. കൂണ്‍ വിളവെടുക്കുമ്പോള്‍ ചുവടുഭാഗം പിടിച്ച് തിരിച്ചാല്‍ പറിച്ചെടുക്കാന്‍ കഴിയും. ഒരാഴ്ചക്കകം അടുത്ത വിളവെടുപ്പ് നടത്താം.

കൂണ്‍ ബെഡ് തയ്യാറാക്കുന്നതിന് മുമ്പ് കൈകള്‍ ഡെറ്റോളോ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയോ ഉപയോഗിച്ച് കഴുകേണ്ടതാണ്. വീട്ടില്‍ ഒഴിഞ്ഞ മുറിയുണ്ടെങ്കില്‍ മുളങ്കമ്പുകളില്‍ പ്ലാസ്റ്റിക്ക് കയര്‍ പിണച്ച് ഉറികെട്ടി അതില്‍ കൂണ്‍ തടങ്ങള്‍ വെക്കണം. കൂണ്‍ കൃഷി ഒരു തൊഴില്‍ സംരംഭമായി തുടങ്ങുന്നവര്‍ കുറഞ്ഞ ചെലവില്‍ കൂണ്‍ വളര്‍ത്തുന്നതിനുള്ള ഷെഡ് നിര്‍മിക്കേണ്ടതാണ്. മതിയായ പരിശീലനം നേടിയതിന് ശേഷം മാത്രമേ വ്യാവസായികാടിസ്ഥാനത്തില്‍ കൂണ്‍ കൃഷി തുടങ്ങാവൂ. അതാത് പഞ്ചായത്തുകളിലുള്ള കൃഷിഭവനുമായി ബന്ധപ്പെട്ടാല്‍ ഇതിനുള്ള സൗകര്യം ലഭിക്കുന്നതാണ്. മാസംതോറും 200 ബെഡുകളെങ്കിലും ഉണ്ടാക്കുന്ന ഒരു സംരംഭത്തിന് ഒരു വര്‍ഷത്തില്‍ 75000 രൂപവരെ ലാഭം കിട്ടുന്നതാണ്. കൂണ്‍ കൊണ്ട് ചില്ലി മഷ്‌റൂം, ജിന്‍ജര്‍ മഷ്‌റൂം, കൂണ്‍ സൂപ്പ്, കൂണ്‍ കട്ട്‌ലെറ്റ്, കൂണ്‍ ഫ്രൈഡ്രൈസ്, അച്ചാര്‍, തോരന്‍ തുടങ്ങിയ പലവിധ വിഭവങ്ങളുണ്ടാക്കാം.

കൂണ്‍മുറി

കൂണ്‍ മുറിയില്‍ നല്ല വായു സഞ്ചാരവും തണുപ്പും 95-100% ആര്‍ദ്രതയും നിലനിര്‍ത്തണം. തറയില്‍ ചാക്കോ മണലോ നിരത്തി നനചിടാം. ദിവസവും കൂണ്‍ മുറി ശുചിയാക്കി അണുബാധ ആരംഭിച്ച തടങ്ങള്‍ അപ്പപ്പോള്‍ തന്നെ മാറ്റണം. വിളവെടുപ്പ് കഴിഞ്ഞാല്‍ കൂണ്‍ അവശിഷ്ടങ്ങള്‍ മാറ്റി വൃത്തിയാക്കി ഒരു ശതമാനം ബ്ലീച്ചിംഗ് പൌഡര്‍ ലായനി തളിച്ച് കൂണ്‍മുറി വൃത്തിയാക്കണം. കീടബാധയാണ് മറ്റൊരു പ്രശ്നം. ഈച്ചയും വണ്ടും കൂണ്‍മുറിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ മുറിയുടെ ജനല്‍, വാതില്‍, മറ്റു തുറസ്സായ സ്ഥലങ്ങള്‍ എന്നിവ 30-40 മേഷ് വല കൊണ്ട് അടിക്കണം. കൂടാതെ മുരിക്കുള്ളില്‍ നിലത്തും ചുവരിലും പുറത്തും വേപ്പെണ്ണ സോപ്പ് മിശ്രിതം ആഴ്ചയില്‍ ഒരിക്കലെങ്കിലും തളിക്കണം.

ഒരു കൃഷി കഴിഞ്ഞാല്‍ കൂണ്‍ തടങ്ങള്‍ മാറ്റി കൂണ്‍മുറി പുകയ്ക്കണം. പുകയ്ക്കാന്‍ 2% ഫോര്മാലിനോ, ഫോര്‍മാലിന്‍ -പൊട്ടാസ്യം പെര്‍മംഗനെറ്റ് മിശ്രിതമോ ഉപയോഗിക്കാം. ചിപ്പിക്കൂണിന്റെ അഞ്ചു ഇനങ്ങള്‍ ഇവിടെ വിജയകരമായി വളര്‍ത്താം. വെളുത്ത നിറവും 18-22 ദിവസത്തിനുള്ളില്‍ ആദ്യ വിളവും ലഭിക്കുന്ന പ്ലൂറോട്ട്സ് ഫ്ലോറിഡ, 22-25 ദിവസം കൊണ്ട് വിളവു തരുന്ന ചാര നിറമുള്ള പ്ലൂറോട്ടസ് ഇയോസ്സയും പ്ലൂറോട്ടസ് ഒപ്പന്ഷ്യയും. ഇതില്‍ പ്ലൂറോട്ട്സ് ഫ്ലോറിഡ ആണ് കൂടുതല്‍ കൃഷി ചെയ്യുന്നത്.പാല്‍ക്കൂണിന്‍റെ മികച്ച ഇനങ്ങളാണ് കലോസിബ ജംബൊസയും കേരളത്തില്‍ തുടര്‍ കൃഷിക്ക് അനുയോജ്യമായ ഇനങ്ങളാണ്.

ചെയ്യാം കൂണ്‍ കൃഷി

പോഷകങ്ങളുടെ കലവറയായ കൂണിന് എന്നും പ്രിയമാണ് .  രുചികരവും ആരോഗ്യദായകവുമായ കൂണ്‍ എല്ലാ പ്രായക്കാരും ഒരു പോലെ ഇഷ്ടപ്പെടുന്നു എന്നാല്‍ എല്ലാ കൂണും ഭക്ഷ്യ യോഗ്യമല്ല . സുരക്ഷിതവും വൃത്തിയുള്ളതുമായ കൂണുകള്‍ ലഭിക്കാന്‍ കൃഷി ചെയ്യാം . കൂണ്‍ കൃഷി ഒരു നല്ല വരുമാന മാര്‍ഗം കൂടെയാണ് . ടിഷ്യു കള്‍ച്ചര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പലരും ഇപ്പോള്‍ കൂണ്‍ കൃഷി ചെയ്യുന്നത് .

സ്‌പോണ്‍ തയ്യാറാക്കിയശേഷം കള്‍ച്ചര്‍ ചെയ്ത് മാതൃസ്‌പോണ്‍ ഉത്പാദിപ്പിക്കുന്നു. ചിപ്പിക്കൂണ്‍ വിഭാഗത്തില്‍പ്പെട്ട സി.ഒ, ഫ്‌ലോറിഡവി, സാര്‍പിഡസ് എന്നിവയും പാല്‍ക്കൂണ്‍ വിഭാഗത്തില്‍പ്പെട്ട കാലിസൈബ, ഇന്‍ഡിഗ എന്നീ ഇനങ്ങളുമാണ് കൂടുതല്‍ ആയും കൃഷിചെയ്യുന്നത്. ഒരു പാക്കറ്റ് വിത്തില്‍നിന്ന് ഒന്നരക്കിലോഗ്രാംവരെ കൂണ്‍ ലഭിക്കും. മൂന്നുപ്രാവശ്യം വരെ വിളവ് ലഭിക്കും. ഒരു പാക്കറ്റ് കൂണ്‍വിത്ത് കൃഷിചെയ്യുന്നതിന് 80 രൂപ വരെ ചെലവാകും. 400 രൂപയ്ക്ക് മുകളില്‍ വിലകിട്ടുന്ന കൂണ്‍ ലഭിക്കും. കുറഞ്ഞ മുതല്‍മുടക്കില്‍ നല്ല ആദായം കിട്ടുന്ന കൃഷിയാണ് കൂണ്‍. വീട്ടിനുള്ളിലെ ഏതെങ്കിലും ഒരു സ്ഥലമോ ടെരസോ മതി കൃഷിക്ക് എന്നതിനാല്‍ സ്ഥല പരിമിതി എന്നാ പ്രശ്നവും ഇവിടെ ഉദിക്കുന്നില്ല .കൂടാതെ കൂണ്‍വിത്ത് ഉത്പാദിപ്പിച്ച് വിപണനവും നടത്താം .

കുറ്റിമുല്ല കൃഷി

കുറ്റിമുല്ല അഥവാ ബുഷ്‌ ജാസ്‌മിന്‍  നിലത്തോ ചട്ടിയിലോ അനായാസം നടാം. രണ്ടായാലും വിളവു മോശമാകില്ല. ഒരു സെന്റ്‌ സ്ഥലത്ത്‌ 30 ചെടി വരെ നടാം. നട്ട്‌ നാല്‌-അഞ്ച്‌ മാസം മുതല്‍ വിളവെടുക്കാം. ഒരു ചെടിയില്‍ നിന്ന്‌ വര്‍ഷം 600 ഗ്രാം മുതല്‍ ഒന്നര കിലോ വരെ പൂവു കിട്ടും. ഒരു കിലോ പൂവിന്‌ 80 രൂപ മുതല്‍ 200 രൂപ വരെ സീസണനുസരിച്ച്‌ വില കിട്ടും. നല്ല വിളവ്‌ തരുന്ന നൂറു ചെടിയുണ്ടെങ്കില്‍ ഒരു വര്‍ഷം കുറഞ്ഞത്‌ 12000 രൂപ വരുമാനവും പ്രതീക്ഷിക്കാം. കേരളത്തില്‍ എറണാകുളം, പാലക്കാട്‌, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ വീട്ടമ്മമാരും, സന്നദ്ധ സംഘടനകളും, സ്വയംസഹായ സംഘങ്ങളും കുടുംബശ്രീ യുണിറ്റുകളും ഒക്കെ കൂട്ടായി കുറ്റിമുല്ല വളര്‍ത്തി മികച്ച വിളവു നേടിയിട്ടുണ്ട്‌.

മുല്ല പലതരമുണ്ട്‌. ശരിയായ മുല്ല ഒരു വള്ളിച്ചെടിയുമാണ്‌. ഇതിന്റെ സസ്യനാമം ജാസ്‌മിനം മള്‍ട്ടിഫ്‌ളോറം. കുരുക്കുത്തിമുല്ല എന്ന്‌ വിളിപ്പേര്‌. സ്റ്റോര്‍ ജാസ്‌മിന്‍ എന്നും വിളിക്കും. ശരിയായ ഇന്ത്യന്‍ മുല്ലച്ചെടിയാണിത്‌. ഇന്ത്യന്‍ കാലാവസ്ഥയില്‍ തണുപ്പുമാസങ്ങളിലാണ്‌ ഈ മുല്ല പൂക്കുന്നത്‌. അതിനാലിതിന്‌ മാഘമല്ലിക എന്നും പേരുപറയും. ചിലയവസരങ്ങളില്‍ ഇലകള്‍ പോലും കാണാനാവാത്ത വിധം പൂക്കള്‍ നിറയും എന്നതാണ്‌ കുരുക്കുത്തിമുല്ലയുടെ പ്രത്യേകത, ഇന്ത്യയാണ്‌ കുരുക്കുത്തിമുല്ലയുടെ ജന്മനാട്‌. തണ്ട്‌ മുറിച്ചു നട്ടും പതിവച്ചും പുതിയ ചെടികള്‍ വളര്‍ത്തിയെടുക്കാം.

നമുക്ക്‌ സുപരിചിതമായ പിച്ചിപ്പൂവാണ്‌ ജാസ്‌മിനം ഗ്രാന്‍ഡിഫ്‌ളോറം; പിച്ചിമുല്ല, സ്‌പാനിഷ്‌ ജാസ്‌മിന്‍, ജാതിമല്ലി എന്നൊക്കെ ഇതിനു പേരുകളുണ്ട്‌്‌. പിച്ചിയില്‍ ചില പ്രമുഖ ഇനങ്ങളുമുണ്ട്‌. സി ഒ 1 പിച്ചി, സിഒ 2 പിച്ചി, തിമ്മപുരം, ലക്‌നൗ തുടങ്ങിയവയാണിവ. ദക്ഷിണേഷ്യയാണ്‌ ഇതിന്റെ ജന്മസ്ഥലം.

അറേബ്യന്‍ ജാസ്‌മിന്‍ എന്നു പേരെടുത്ത ജാസ്‌മിനം സംബക്‌ ആണ്‌ പ്രചുരപ്രചാരം നേടിയ കുറ്റിമുല്ല. തെക്കു-കിഴക്കന്‍ ഏഷ്യയുടെ സന്തതിയാണ്‌ കുറ്റിമുല്ലച്ചെടി. ഫിലിപ്പിന്‍സിലെ ദേശീയ പുഷ്‌പം കൂടെയാണ്‌ കുറ്റിമുല്ല, അവിടെ ഇതിന്‌ സംപാഗിത എന്നാണു പേര്‌. തമിഴില്‍ ഗുണ്ടുമല്ലിയും മലയാളത്തില്‍ ഇത്‌ കുടമുല്ലയുമാണ്‌.

മുല്ല വളര്‍ത്തുമ്പോള്‍

ജാസ്‌മിനം ഓറിക്കുലേറ്റം എന്ന ഇനം സൂചിമുല്ല അഥവാ പിച്ചരിമ്പാണ്‌. അധികം പ്രചാരത്തിലില്ലെങ്കിലും ഇതിന്റെ സ്വര്‍ഗീയ സുഗന്ധം ആരെയും വിസ്‌മയിപ്പിക്കും. പൂക്കള്‍ കലകളായി വിടരും. പാരിമുല്ലൈ, സി ഒ 1 മുല്ല, സി ഒ 2 മുല്ല തുടങ്ങിയവ സൂചിമുല്ലയുടെ ഇനങ്ങളാണ്‌.

നന്നായി സൂര്യപ്രകാശം കിട്ടുന്ന തുറസായസ്ഥലമാണ്‌ മുല്ല വളര്‍ത്താന്‍ നന്ന്‌. മുല്ല തണലത്തു വളര്‍ന്നാല്‍ പൂ പിടിത്തം കുറയും. കേരളത്തിലെ മണ്ണിനും കാലാവസ്ഥയ്‌ക്കും ഏറ്റവും യോജിച്ചതാണ്‌ കുറ്റിമുല്ല എന്ന കുടമുല്ല. നല്ല നീര്‍വാര്‍ച്ചാ സൗകര്യമുള്ള മണല്‍ അംശം കൂടുതലുള്ള വളക്കൂറുള്ള മണ്ണ്‌ കൃഷിക്ക്‌ ഏറ്റവും നന്ന്‌. ചാലുകളെടുത്ത്‌ മതിയായ ഉയരത്തില്‍ വാരം കോരി വേണം തൈകള്‍ നടാന്‍. ആഴത്തില്‍ കിളച്ചൊരുക്കിയ സ്ഥലത്ത്‌ മണ്ണ്‌ പൊടിയാക്കി കളകള്‍ പാടേ നീക്കിയിരിക്കണം. കേരളത്തില്‍ നടീലിനു യോജിച്ച സമയം ജൂണ്‍ മുതല്‍ ഓഗസ്‌റ്റ്‌ വരെയാണ്‌.

തണ്‌ടുകള്‍ മുറിച്ചതോ വേരുപിടിപ്പിച്ചശേഷം മുറിച്ചെടുത്തതോ ആണ്‌ നടീല്‍വസ്‌തു. മുറിപ്പാടുകളില്‍ സെറാഡിക്‌സ്‌ പോലുള്ള ഹോര്‍മോണ്‍ പൊടി പുരട്ടിയിട്ടു നട്ടാല്‍ വേഗം വേരുപിടിക്കും. തുടര്‍ന്ന്‌ പോട്ടിംഗ്‌ മിശ്രിതം നിറച്ച പോളിത്തീന്‍ കൂടുകളില്‍ നടാം. ഇതേ രീതിയില്‍ മണ്ണില്‍ നട്ടാലും വേര്‌ പിടിപ്പിച്ചെടുക്കാം. ഇങ്ങനെ മുറിത്തണ്‌ടുകള്‍ക്ക്‌ വേരു പിടിപ്പിക്കാന്‍ യോജിച്ച സമയം ജൂണ്‍-ജൂലൈ മുതല്‍ ഒക്ടോബര്‍ നവംബര്‍ വരെയാണ്‌. നട്ട്‌ 90-120 ദിവസമാകുന്നതോടെ തൈകള്‍ മാറ്റിനടാം. നടീല്‍ അകലം 1.2 ഃ 1.2 മീറ്റര്‍. ഇങ്ങനെ നടുന്ന കുഴികളില്‍ ഓരോന്നിലും രണ്‌ടു കുട്ട പൊടിഞ്ഞ കാലിവളം അഥവാ കമ്പോസ്‌റ്റ്‌, ഒരു പിടി എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക്‌ എന്നിവ ചേര്‍ത്ത്‌ കുഴി പകുതിയോളം മൂടാം. ചിലയിടങ്ങളില്‍ കുഴിയൊന്നിന്‌ 15 കിലോ ചാണകപ്പൊടി, 250 ഗ്രാം എല്ലുപൊടി, 150 ഗ്രാം വേപ്പിന്‍പിണ്ണാക്ക്‌ 100 ഗ്രാം കടലപ്പിണ്ണാക്ക്‌ എന്നിങ്ങനെ ഇട്ട്‌ അതിനു മീതെ മേല്‍മണ്ണും മണലും ചേര്‍ത്ത്‌ കുഴിമൂടി ഓരോ കുഴിയിലും രണ്‌ടുവീതം വേരുപിടിപ്പിച്ച തൈകള്‍ നടുന്ന പതിവുണ്‌ട്‌. ഒരു ചെടിക്ക്‌ ഒരു വര്‍ഷം 250 ഗ്രാം യൂറിയ, 1400 ഗ്രാം റോക്‌ഫോസ്‌ഫേറ്റ്‌ 950 ഗ്രാം പൊട്ടാഷ്‌ എന്നിങ്ങനെയാണു രാസവളം നല്‍കേണ്‌ട തോത്‌. ഇവ രണ്‌ടു തവണയായി ജനുവരിയിലും ജൂലൈയിലും ചേര്‍ക്കുന്നു.

മഴയില്ലെങ്കില്‍ ദിവസവും നന നിര്‍ബന്ധമാണ്‌എന്നോര്‍ക്കുക. മുല്ല നട്ട്‌ നാലുമാസം കഴിഞ്ഞാല്‍ മൊട്ടിട്ടു തുടങ്ങും. പത്തുമാസമാകുന്നതോടെ നിറയെ പൂക്കള്‍ തരാറാകും. രണ്‌ടാംവര്‍ഷമാകുമ്പോഴേക്കും കുറ്റിമുല്ലച്ചെടി ഒരു പുഷ്‌പറാണിയായി മാറിക്കഴിഞ്ഞിരിക്കും. എല്ലാ വര്‍ഷവും കൊമ്പുകള്‍ മുറിച്ചു നിര്‍ത്തിയാലേ മുല്ലയില്‍ നിറയെ പൂക്കള്‍ പിടിക്കുകയുള്ളൂ. ഇതിന്‌ പ്രൂണിംഗ്‌ (കൊമ്പുകോതല്‍) എന്നാണ്‌ പറയുക. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ കൊമ്പുകോതാം. ചുവട്ടില്‍ നിന്ന്‌ അരമീറ്റര്‍ ഉയരത്തില്‍ ചരിച്ചു മുറിക്കുക. മുറിപ്പാടില്‍ ബോര്‍ഡോമിശ്രിതം പുരട്ടുക. വളം ചേര്‍ക്കുക, നനയ്‌ക്കുക. മുല്ലച്ചെടികള്‍ക്കിടയില്‍ കളകള്‍ വളരാന്‍ അനുവദിക്കരുത്‌. നേര്‍വളങ്ങള്‍ ചേര്‍ക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ ഓരോ ചെടിക്കും വര്‍ഷത്തിലൊരിക്കല്‍ മൂന്നു കുട്ട പൊടിഞ്ഞ കാലിവളം ചേര്‍ത്തിട്ട്‌ പുറമെ 17:17:17 പോലുള്ള ഏതെങ്കിലും രാസവളമിശ്രിതം ഈരണ്‌ടാഴ്‌ച കൂടുമ്പോള്‍ ഓരോ ടേബിള്‍ സ്‌പൂണ്‍ വീതം ചേര്‍ത്ത്‌ ഇടയിളക്കി നനയ്‌ക്കുകയുമാവാം.

കുറ്റിമുല്ല ചാക്കിലും ചട്ടിയിലുമെല്ലാം വളര്‍ത്താം. മണ്‍ചട്ടിയോ സിമന്റ്‌ ചട്ടിയോ ആകാം. മണ്ണ്‌, മണല്‍, ചാണകപ്പൊടി എന്നിവ തുല്യയളവില്‍ ചേര്‍ത്ത മിശ്രിതം നിറച്ച്‌ അടിവളമായി വേപ്പിന്‍പിണ്ണാക്ക്‌, എല്ലുപൊടി എന്നിവയും ചേര്‍ത്താല്‍ ചട്ടിയില്‍ വളര്‍ത്താവുന്നതേയുള്ളൂ. ചാക്കിലായാലും ചട്ടിയിലായാലും ആവശ്യത്തിന്‌ വളവും നനയും നല്‍കിയാല്‍ കുറ്റിമുല്ല ധാരാളം പൂക്കള്‍ തരും. വീട്ടില്‍ നല്ലതുപോലെ വെയില്‍ കിട്ടുന്ന ടെറസ്‌ ഇതിന്‌ യോജിക്കുന്ന സ്ഥലമാണ്‌.

ജീവാമൃതം എന്ന ജൈവവളക്കൂട്ട്‌ കുറ്റിമുല്ലച്ചെടികളെ കരുത്തോടെ വളരാനും നിറയെ പൂ പിടിക്കാനും പ്രേരിപ്പിക്കുന്നതായി കണ്‌ടിരിക്കുന്നു.

വിളവെടുപ്പ്‌

ചെടി നട്ട്‌ പുഷ്‌പിക്കല്‍ പ്രായമായാല്‍ ഫെബ്രുവരി മുതല്‍ മേയ്‌ വരെയാണ്‌ ഏറ്റവും അധികം പൂക്കള്‍ കിട്ടുക. ഒരു ചെടിയില്‍ നിന്ന്‌ ഒരു ദിവസം 10 മൊട്ടുകള്‍ ലഭിച്ചാല്‍ പോലും തരക്കേടില്ലാത്ത വിളവ്‌ ഒരു സെന്റ്‌ സ്ഥലത്തെ കുറ്റിമുല്ലക്കൃഷി തരും എന്നുറപ്പ്‌. പൂക്കള്‍ അതിരാവിലെയാണ്‌ പറിക്കുക. ഇവയുടെ ജലാംശം നഷ്ടപ്പെടുന്നത്‌ തടയാന്‍ കനം കുറഞ്ഞ പോളിത്തീന്‍ഷീറ്റ്‌ വിരിച്ചശേഷം പൂക്കള്‍ അടുക്കാറു പതിവുണ്‌ട്‌. മൃദുലമായ പൂക്കളെ ടിഷ്യുപേപ്പര്‍ കൊണ്‌ടുപൊതിഞ്ഞും പൂക്കള്‍ക്കിടയ്‌ക്കുള്ള സ്ഥലത്ത്‌ ഈര്‍പ്പമുള്ള കനം കുറഞ്ഞ കടലാസ്‌ വച്ചും അവയെ സംരക്ഷിക്കാം. ദൂരസ്ഥലങ്ങളിലേക്ക്‌ പൂക്കള്‍ അയയ്‌ക്കാന്‍ കൊഗേറ്റഡ്‌ ഫൈബര്‍ ബോര്‍ഡ്‌ പെട്ടിയിലും മറ്റും പൂക്കള്‍ അടുക്കുന്നവര്‍ പെട്ടിയില്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ്‌ ചെറിയ പായ്‌ക്കറ്റുകളിലാക്കി ഇടുന്ന പതിവുണ്‌ട്‌. പൂക്കള്‍ എത്തിലിന്‍ വാതകം ഉല്‌പാദിപ്പിച്ച്‌ സ്വയം വാടുന്നത്‌ തടയാനാണിത്‌. ഇങ്ങനെ സംരക്ഷിക്കുന്ന പൂക്കള്‍ വേഗം കേടാകുകയില്ല.

പാവല്‍

പാവല്‍ അഥവാ കൈപ്പ മലയാളിക്ക് ഏറ്റവും പ്രിയമുള്ള പച്ചക്കറികളില്‍ ഒന്നാണ്. പാവയ്ക്കാ അഥവാ കയ്പ്പക്ക ഉപയോഗിച്ച് രുചികരമായ തോരന്‍, മെഴുക്കുപുരട്ടി, തീയല്‍ , മുളക് കറി ഇവ തയ്യാറാക്കാം. വിപണിയില്‍ ലഭിക്കുന്ന പാവക്കയുടെ അവസ്ഥ പ്രത്യേകിച്ച് പറയേണ്ടതില്ലലോ ?. ഏറ്റവും കൂടുതല്‍ വിഷമടിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് പാവയ്ക്കാ. നമ്മുടെ അടുക്കളതോട്ടത്തില്‍/ടെറസ് കൃഷിയില്‍ വളരെ എളുപ്പത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് പാവല്‍. നല്ല പലയിനങ്ങളും ലഭ്യമാണ്, പ്രിയ, പ്രീതി, പ്രിയങ്ക തുടങ്ങിയവ ചില നല്ലയിനം പാവല്‍ ഇനങ്ങള്‍ ആണ്. വിത്ത് പാകിയാണ് പാവല്‍ കൃഷി ചെയ്യുന്നത്, അതിനായി നല്ലയിനം വിത്തുകള്‍ ഉപയോഗിക്കുക. വിത്തുകള്‍ ലഭിക്കാന്‍ അടുത്തുള്ള കൃഷി ഭവന്‍ , കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, വി എഫ് പി സി കെ , അടുത്ത് വളം ഒക്കെ വില്‍ക്കുന്ന കടകള്‍ ഇവയില്‍ അന്വേഷിക്കുക.

മുളക്കാന്‍ അല്‍പ്പം പ്രയാസമുള്ളതാണ് പാവല്‍ വിത്തുകള്‍. പാകുന്നതിനു മുന്‍പ് 10-12 മണിക്കൂര്‍ വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്തു വെച്ചാല്‍ അവ പെട്ടന്ന് മുളച്ചു വരും. സീഡിംഗ് ട്രേ ഉപയോഗിച്ച് വിത്ത് മുളപ്പിക്കല്‍ നോക്കുക. തൈകള്‍ മുളച്ചു രണ്ടാഴ്ച്ച കഴിഞ്ഞു പറിച്ചു നടാം. ഗ്രോ ബാഗിലും ഇവ നടാം, ടെറസ് കൃഷിയില്‍ ഗ്രോ ബാഗില്‍പാവല്‍ കൃഷി ചെയ്യാം. ഒരു തടത്തില്‍/ഒരു ബാഗില്‍ 1-2 തൈകള്‍ നടുക. അടിവളമായി ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ട്ടം, ഉണങ്ങിയ കരിയില , അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് ഇവ ഇടാം. പറിച്ചു നട്ടു ചെടി വളന്നു തുടങ്ങുമ്പോള്‍ ജൈവ വളങ്ങള്‍ ഇടയ്ക്കിടെ കൊടുക്കാം. കടല പിണ്ണാക്ക് 1-2 പിടി എടുത്തു ഒരു ലിറ്റര്‍ വെള്ളത്തില്‍ 2-3 ദിവസം ഇട്ടു വെക്കുക, അതിന്റെ തെളി എടുത്തു ഇരട്ടി വെള്ളം ചേര്‍ത്ത് ആഴ്ചയില്‍ ഒരിക്കല്‍ കൊടുക്കാം. ഇടയ്ക്കിടെ ഫിഷ്‌ അമിനോ ആസിഡ്പോലെയുള്ള ജൈവവളങ്ങള്‍ കൂടി ഉപയോഗിക്കാം. സി പോം ലഭ്യമെങ്കില്‍ അതും ഉപയോഗിക്കാം.

ചെടികള്‍ വള്ളി വീശി വരുമ്പോള്‍ പന്തല്‍ ഇട്ടു കൊടുക്കണം, 1-2 തൈകള്‍ മാത്രം എങ്കില്‍ ഒരു തെങ്ങിന്റെ ഓല കുത്തിച്ചാരി വെച്ചു അതിലേക്കു പടര്‍ത്താം. ടെറസില്‍ എങ്കില്‍ ചെറിയ കമ്പുകള്‍ കൊണ്ട് ചെറിയ രീതിയില്‍ പന്തല്‍ ഉണ്ടാക്കി പടര്‍ത്തുക. ആദ്യം ഉണ്ടാകുക ആണ്‍ പൂക്കള്‍ ആണ്, പിന്നീടു പെണ് പൂക്കള്‍ ഉണ്ടാകും. കായീച്ച ആണ് പാവലിന്റെ പ്രധാന ശത്രു. കായ ആകുന്ന സമയം കടലാസ് കൊണ്ട് മറച്ചു വെച്ച് കായീച്ചയില്‍ നിന്നും സംരക്ഷിക്കാം. കായീച്ചയെ പറ്റി കൂടുതല്‍ ഇവിടെയുണ്ട്.

പോഷക പ്രധാനവും കൂടെ ഔഷധ ഗുണവും ഉണ്ട് പാവയ്ക്കയില്‍. കാത്സ്യം, ഇരുമ്പ് , ജീവം എ, ബി ,സി ഇവ ധാരാളം അടങ്ങിയ പാവക്ക പ്രമേഹം , പൈല്‍സ് തുടങ്ങിയ രോഗങ്ങള്‍ക്ക് ഉത്തമ ഔഷധം കൂടിയാണ്.

കോവല്‍

പച്ചക്കറി കൃഷി ആരംഭിക്കാന്‍ താല്പര്യം ഉള്ള ഒരാള്‍ക്ക് ഏറ്റവും ആദ്യം തിരഞ്ഞെടുക്കാവുന്ന ഒന്നാണ് കോവല്‍ കൃഷി. ഏറ്റവും എളുപ്പവും ലളിതവും ആണ് കോവല്‍ കൃഷിയും അതിന്റെ പരിപാലനവും. സ്വാദിഷ്ട്ടമായ കോവക്ക നമുക്ക് എളുപ്പത്തില്‍ കൃഷി ചെയ്തു എടുക്കുവാന്‍ സാധിക്കും. സാധാരണയായി കോവലിന്റെ തണ്ട് മുറിച്ചാണ് നടുന്നത്, നല്ല കാഫലം ഉള്ള കോവലിന്റെ തണ്ട് തിരഞ്ഞെടുക്കുക. നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു ഇതിന്റെ നല്ലത്‌. നിലം നന്നായി കിളച്ചു കട്ടയും കല്ലും മാറ്റി കോവലിന്റെ തണ്ട് നടാം അല്ലെങ്കില്‍ കവറിൽ നട്ടുപിടിപ്പിച്ചു പിന്നീട്‌ കുഴിയിലേക്കു നടാം. നടുമ്പോള്‍ കോവല്‍ തണ്ടിന്റെ രണ്ടു മുട്ട് മണ്ണിനു മുകളില്‍ നിലക്കാന്‍ ശ്രദ്ധിക്കുക. നല്ല വെയില്‍ ഉള്ള ഭാഗത്താണ് നടുന്നതെങ്കില്‍ ഉണങ്ങിയ കരിയിലകള്‍ മുകളില്‍ വിതറുന്നത് നന്നായിരിക്കും. ആവശ്യത്തിനു മാത്രം നനച്ചു കൊടുക്കുക. അര മീറ്റര്‍ താഴ്ചയുള്ള കുഴികള്‍ എടുക്കുന്നത് നല്ലതാണു, അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, കുറച്ചു എല്ല് പൊടി, വെപ്പിന്‍ പിണ്ണാക്ക് ഇവ വേണമെങ്കില്‍ ഇടാം. വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടാം. മരങ്ങളില്‍ കയറ്റി വിടുന്നത് ഒഴിവാക്കുക, നമുക്ക് കയ്യെത്തി കായകള്‍ പറിക്കാന്‍ പാകത്തില്‍ പന്തല്‍ ഇട്ടു അതില്‍ കയറ്റുന്നതാണ് ഉചിതം. വെർമിവാഷ്‌, അല്ലെങ്കിൽ ഗോമൂത്രം പത്തിരട്ടി വെള്ളത്തിൽ ചേർത്തു രണ്ടാഴ്ചയിൽ ഒരിക്കൽ തടത്തിൽ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണു. രാസവളം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. തണുത്ത കഞ്ഞി വെള്ളം ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. വേനല്‍ ക്കാലത്ത് ഇടയ്ക്കിടയ്ക്ക് നനയ്ക്കുന്നത് വിളവു വര്‍ധിപ്പിക്കാന്‍ സാധിക്കും. കോവക്ക അധികം മൂക്കുന്നതിനു മുന്‍പേ വിളവെടുക്കാന്‍ ശ്രദ്ധിക്കുക. കോവക്ക ഉപയോഗിച്ചു സ്വദിഷ്ട്ടമായ മെഴുക്കുപുരട്ടി/ഉപ്പേരി , തോരന്‍ , തീയല്‍ തുടങ്ങിയവ ഉണ്ടാക്കാം . അവിയല്‍ , സാംബാര്‍ തുടങ്ങിയ കറികളില്‍ ഇടാനും കോവക്ക നല്ലതാണ് . വി എഫ് സി കെ യിലും ചില കൃഷി വിജ്ഞാന കേന്ദ്രങ്ങളിലും കോവല്‍ തണ്ടുകള്‍ വിലപ്പനയ്ക്ക് വെച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. ആരോഗ്യകരമായ ഒരു ജീവിതം നയിക്കാന്‍ , വിഷലിപ്തമായ പച്ചക്കറികള്‍ ഒഴിവാക്കാന്‍ ഇന്ന് തന്നെ തീരുമാനിക്കുക, നിങ്ങളുടെ ആദ്യ കൃഷി പരീക്ഷണം കോവലില്‍ തന്നെ ആകട്ടെ. ഇതുമായി ബന്ധപെട്ട നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക.

പയര്‍

കേരളത്തിലെ കാലാവസ്ഥയില്‍ വര്ഷം മുഴുവന്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് പയര്‍ (ശാസ്ത്രീയനാമം: വിഗ്‌ന അംഗ്വിക്കുലേറ്റ സെന്‍ക്വിപെഡാലിസ്). തെങ്ങിന്‍ തോപ്പില്‍ ഒരു അടിത്തട്ട് വിളയായും മെയ് സെപ്റ്റംബര്‍ മാസങ്ങളില്‍ മരച്ചീനിത്തോട്ടത്തില്‍ ഒരു ഇടവിളയായും പയര്‍ കൃഷി ചെയ്യാം. രണ്ടാം വിളക്കാലത്തും വേനല്‍ക്കാലത്തും ഒരുപ്പൂ ഇരുപ്പൂ നിലങ്ങളില്‍ പയര്‍ ഒരു തനി വിളയായിത്തന്നെ വളര്‍ത്താവുന്നതേയുളളൂ. വീട്ടുവളപ്പില്‍ ഏതു കാലത്തും പയര്‍ വിതയ്ക്കാം. ഏതുകാലത്തും നാടന്‍പയര്‍ വളര്‍ത്താം. മഴയെ ആശ്രയിച്ചുളള കൃഷിക്ക്, ജൂണ്‍ മാസത്തില്‍ വിത്ത് വിതയ്ക്കാം. കൃത്യമായി പറഞ്ഞാല്‍ ജൂണിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം. രണ്ടാം വിളക്കാലത്ത് (റാബി) അതായത് സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നെല്‍പാടത്തിന്റെ ബണ്ടുകളില്‍ ഒരു അതിരു വിളയായും പയര്‍ പാകി വളര്‍ത്താം. ഞാറ് പറിച്ചു നടുന്ന അതേ ദിവസം തന്നെ ബണ്ടിന്റെ ഇരുവശത്തും വിത്തു വിതയ്ക്കാം. നെല്‍പാടങ്ങളില്‍ വിളവെടുപ്പിനു ശേഷം വേനല്‍ക്കാലത്ത് തരിശിടുന്ന വേളയില്‍ പയര്‍ ഒരു തനിവിളയായി വളര്‍ത്താം. പയര്‍ വിത്തില്‍ റൈസോബിയം കള്‍ച്ചറും കുമ്മായവും പുരട്ടുന്നത് വളരെ നല്ലതാണ്. കള്‍ച്ചര്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ പായ്ക്കറ്റിനു പുറത്ത് എഴുതിയിരിക്കുന്ന വിളയുടെ പേരും നിര്‍ദ്ദിഷ്ട തീയതിയും ശ്രദ്ധിക്കണം, നിശ്ചിത വിളയ്ക്ക് നിശ്ചിത കള്‍ച്ചര്‍ തന്നെ ഉപയോഗിക്കണം. നിര്‍ദ്ദിഷ്ട തീയതിക്ക് മുന്‍പ് തന്നെ ഉപയോഗിക്കുകയും വേണം. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 250 മുതല്‍ 375 ഗ്രാം വരെ കള്‍ച്ചര്‍ മതിയാകും. കള്‍ച്ചര്‍ ഒരിക്കലും നേരിട്ടുളള സൂര്യപ്രകാശത്തിലോ വെയിലത്തോ തുറക്കരുത്. അത്യാവശ്യത്തിനും മാത്രം വെളളം ഉപയോഗിച്ച് കള്‍ച്ചര്‍, വിത്തുമായി ഒരോ പോലെ നന്നായി പുരട്ടിയെടുക്കുക. (വെറും വെളളത്തിന് പകരം 2.5% അന്നജ ലായനിയോ തലേദിവസത്തെ കഞ്ഞിവെളളമോ ആയാലും മതി. ഇവയാകുമ്പോള്‍ കള്‍ച്ചര്‍ വിത്തുമായി നന്നായി ഒട്ടിപ്പിടിക്കുകയും ചെയ്യും.). ഇങ്ങനെ പുരട്ടുമ്പോഴും വിത്തിന്റെ പുറം തോടിന് ക്ഷതം പറ്റാതെ നോക്കണം, കള്‍ച്ചര്‍ പുരട്ടിക്കഴിഞ്ഞ് വിത്ത് വൃത്തിയുളള ഒരു കടലാസിലോ മറ്റോ നിരത്തി തണലത്ത് ഉണക്കിയിട്ട് ഉടനെ പാകണം. റൈസോബിയം കള്‍ച്ചര്‍ പുരട്ടിയ വിത്ത് ഒരിയ്ക്കലും രാസവളങ്ങളുമായി ഇടകലര്‍ത്താന്‍ പാടില്ല.

റൈസോബിയം കള്‍ച്ചര്‍ പുരട്ടിക്കഴിഞ്ഞ് പയര്‍ വിത്തിലേക്ക് നന്നായി പൊടിച്ച കാല്‍സ്യം കാര്‍ബണേറ്റ് തൂകി 1 മുതല്‍ 3 മിനിട്ട് വരെ നേരം മെല്ലെ ഇളക്കുക. ഈ സമയം കഴിയുമ്പോള്‍ വിത്തിലെല്ലാം ഒരു പോലെ കുമ്മായം പുരണ്ടു കഴിയും.

കുമ്മായം പുരട്ടിപ്പിടിച്ച പയര്‍ വിത്ത് വൃത്തിയുളള ഒരു കടലാസ്സില്‍ നിരത്തിയിടുക. കഴിയുന്നിടത്തോളം വേഗം അവ പാകുക. എങ്കിലും ഇങ്ങനെ കുമ്മായം പുരട്ടിയ വിത്തുകള്‍ തണുത്ത് സ്ഥലത്ത് പരമാവധി ഒരാഴ്ച വരെ വേണമെങ്കിലും സൂക്ഷിക്കാം. കൃഷിയിടം രണ്ടോ മൂന്നോ തവണ നന്നായി ഉഴുതിളക്കി കട്ടയും കളയുമൊക്കെ മാറ്റുക. മഴവെളളകെട്ടുണ്ടാകാതിരിക്കാന്‍ 30 സെ മീ വീതിയിലും 15 സെ മീ താഴ്ചയിലും 2 മീറ്റര്‍ അകലം നല്‍കി ചാലുകള്‍ കീറുക. വിത്തിനു വേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ക്കും, വിത്തിനും പച്ചക്കറിക്കും വേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ക്കും വരികള്‍ തമ്മില്‍ 25 സെ മീറ്ററും ചെടികള്‍ തമ്മില്‍ 15 സെ മീറ്ററും നല്‍കി വേണം നുരിയിടാന്‍. ഒരു കുഴിയില്‍ രണ്ടു വിത്ത് വീതം മതിയാകും. വിത്ത് വിതയ്ക്കുകയാണെങ്കില്‍, വിതച്ചു കഴിഞ്ഞ് ചാലു കീറിയാല്‍ മതിയാകും. കിറ്റിപ്പയറിന് വരികള്‍ തമ്മില്‍ 30 സെ.മീറ്ററും ചെടികള്‍ തമ്മില്‍ 15 സെ മീറ്ററും ആണ് നന്ന്. പാതി പടര്‍ന്ന വളരുന്ന ഇനങ്ങള്‍ക്കും 45*30 സെ മീറ്റര്‍ ഇടയകലമാണ് വേണ്ടത്. പടരുന്ന ഇനങ്ങള്‍ ഒരു കുഴിയില്‍ മൂന്ന് തൈകള്‍ എന്ന തോതില്‍ നടണം. ആദ്യ ഉഴവിനും തന്നെ കുമ്മായം ചേര്‍ക്കണം, പകുതി നൈട്രജനും മുഴുവന്‍ ഫോസ്ഫറസും പൊട്ടാഷും അവസാന ഉഴവോടുകൂടി ചേര്‍ക്കണം. ബാക്കിയുളള നൈട്രജന്‍ വിത്ത് പാകി 1520 ദിവസം കഴിഞ്ഞ് ചേര്‍ത്താല്‍ മതി.

രണ്ടാം തവണ നൈട്രജന്‍ വളം നല്‍ല്‍കുന്നതിനോടൊപ്പം, ചെറുതായി ഇടയിളക്കുന്നത് മണ്ണിലെ വായുസഞ്ചാരം വര്‍ദ്ധിപ്പിക്കാനും വേരുപടലം പടര്‍ന്നു വളരാനും സഹായമാകും. വിത്തിന് വേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ക്ക് പച്ചക്കറിയിനങ്ങള്‍ക്ക് പടര്‍ന്നു വളരാന്‍ പന്തലിട്ടു കൊടുക്കണം.

രണ്ടു തവണ നനയ്ക്കുന്നതിന് പയറിന് നല്ലതാണ്. ഒന്ന് നട്ട് 15 ദിവസം കഴിഞ്ഞും അടുത്തത് ചെടി പുഷ്പിക്കുന്ന സമയത്തും ചെടി പുഷ്പിക്കുമ്പോള്‍ ഉളള നനയ്ക്കല്‍ പുഷ്പിക്കലിനെയും കായ പിടിത്തത്തെയും പ്രോത്സാഹിപ്പിക്കും. പയറിലെ കറുത്ത മുഞ്ഞയെ നിയന്ത്രിക്കാന്‍ ഫ്യുസേറിയം പല്ലിഡോറോസിയം എന്ന കുമിള്‍ ഉപയോഗിക്കും, കീടബാധ കണ്ടാലുടന്‍ തന്നെ 400 ച മീറ്ററിന് 3 കിലോഗ്രാം എന്ന തോതില്‍ കുമിളിന്റെ പ്രയോഗം ഒറ്റത്തവണ മതിയാകും. മാലത്തയോണ്‍(0.05%) അല്ലെങ്കില്‍ ക്വിനാല്‍ ഫോസ്(0.03%) എന്നിവയിലൊന്ന് തളിച്ചു മുഞ്ഞയെ നിയന്ത്രിക്കാം.

കായതുരപ്പന്‍മാരെ നിയന്ത്രിക്കുന്നതിന് കാര്‍ബറില്‍ (0.2%) അല്ലെങ്കില്‍ ഫെന്‍തയോണ്‍ (0.05%) എന്നിവയിലൊന്ന് തളിക്കാം. കീടശല്യം തുടരുന്നുവെങ്കില്‍ മരുന്ന് തളി ആവര്‍ത്തിക്കാം, മരുന്ന് തളിക്കുന്നതിന് മുമ്പ് വിളഞ്ഞ പയര്‍ വിളവെടുത്തിരിക്കണം. മരുന്ന് തളിച്ചു കഴിഞ്ഞാല്‍ നിര്‍ബന്ധമായും 10 ദിവസം കഴിഞ്ഞേ വിളവെടുപ്പ് നടത്താവൂ.

സംഭരണവേളയില്‍ പയര്‍ വിത്ത് കീടബാധയില്‍ നിന്നും രക്ഷിക്കുന്നതിന് വിത്തില്‍ 1% കടല എണ്ണയോ വെളിച്ചെണ്ണയോ, പുരട്ടി സൂക്ഷിച്ചാല്‍ മതി. പയറില്‍ നിമാവിരയുടെ ഉപദ്രവം നിയന്ത്രിക്കുന്നതിന് വേപ്പിലയോ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയോ ഹെകടറിന് എന്ന നിരക്കില്‍ വിത്ത് പാകുന്നതിന് രണ്ടാഴ്ച മുമ്പ് മണ്ണ് ചേര്‍ക്കണം.

വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ 1 ശതമാനം ബോര്‍ഡോമിശ്രിതം തളിച്ചാല്‍ പയറിനെ കുമിള്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാം. ആന്ത്രാക്‌നോസ് രോഗത്തില്‍ നിന്നും പയറിന് സംരക്ഷണം നല്‍കാന്‍ വിത്ത് 0.1 ശതമാനം കാര്‍ബന്‍ഡാസി എന്ന മരുന്ന് പുരട്ടുകയോ ചെടികളില്‍ 1 ശതമാനം ബോര്‍ഡോമിശ്രിതം തളിക്കുകയോ വേണം

അമര

വീട്ടുമുറ്റത്തൊരു അമരപ്പന്തല്‍ ഒരുക്കിയാല്‍ എല്ലാദിവസവും കാശുമുടക്കാതെ കറിവെക്കാന്‍ കായ്കള്‍ ലഭിക്കും. ഒരിക്കല്‍ നട്ടുവളര്‍ത്തിയാല്‍ ദീര്‍ഘനാളേക്ക് വിളവുലഭിക്കും. പോഷക സമൃദ്ധമായ അമരപ്പയറില്‍ പ്രോട്ടീനും വൈറ്റമിന്‍സും നാരുകളും ധാരാളമുണ്ട്. ദഹനത്തിനും ശോധനയ്ക്കും ഇത് വളരെ അധികം സഹായിക്കുന്നു. കേരളത്തില്‍ മുമ്പ് അമര ധാരാളം കൃഷി ചെയ്തിരുന്നെങ്കിലും ഇന്ന് വിരളമായേ കാണാനുള്ളൂ.

Indian Butter Bean – ഫാബേസീ (Fabaceae) സസ്യകുടുംബത്തിലെ പയറുവര്‍ഗം. ശാസ്ത്രനാമം: ഡോളിക്കോസ് ലാബ്ലാബ് (Dolichos lablab) ഇത് ചിരസ്ഥായിയായി വളരുമെങ്കിലും വാര്‍ഷികവിളയായാണ് കൃഷി ചെയ്യാറുള്ളത്. വള്ളി വീശിപ്പടരുന്ന ഇതിന്റെ തണ്ട് ഉരുണ്ടതും ഇലകള്‍ മൂന്നു പത്രങ്ങള്‍ വീതം അടങ്ങിയതുമാണ്. പൂങ്കുലകള്‍ ഇലകളുടെ കക്ഷങ്ങളിലായാണ് കാണപ്പെടുന്നത്. പൂക്കള്‍ വെളുത്തതോ പാടലവര്‍ണത്തോടുകൂടിയതോ ആണ്. പരന്ന കായ്കള്‍ക്ക് 6-10 സെ.മീ. നീളം വരും. തോടിനുള്ളില്‍ 4-6 വിത്തുകള്‍ കാണാം. കായുടെ പാര്‍ശ്വഭാഗങ്ങളിലുള്ള നിരവധി ഗ്രന്ഥികളില്‍നിന്നും ദുര്‍ഗന്ധമുള്ള ഒരുതരം എണ്ണ ഊറിവരുന്നു. അമരയില്‍ സ്വയം പരാഗണമാണ് കാണുന്നത്.

സമുദ്രനിരപ്പില്‍നിന്നും 1,800 മീ. വരെ ഉയരമുള്ള സ്ഥലങ്ങളില്‍ അമരക്കൃഷി ചെയ്യാവുന്നതാണ്. അമരക്കായ് മാംസ്യ പ്രധാനമായ ഒരു ഭക്ഷ്യവസ്തുവാണ്. ഇലകളും ചില്ലകളും കാലിത്തീറ്റയായി ഉപയോഗിക്കാം. അമരപ്പരിപ്പില്‍ താഴെ പറയുന്ന ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു.

അമരയുടെ വേരുകള്‍ നല്ല വ്യാപ്തിയില്‍ വളരുന്നതും മൂലാര്‍ബുദങ്ങള്‍ (root nodules) നിറഞ്ഞതുമാണ്. മൂലാര്‍ബുദങ്ങളില്‍ കാണുന്ന റൈസോബിയം (rhizobium) ബാക്ടീരിയകള്‍ക്ക് അന്തരീക്ഷവായുവിലെ നൈട്രജന്‍ വലിച്ചെടുത്ത് സംഭരിക്കുവാന്‍ കഴിവുള്ളതിനാല്‍ അമരക്കൃഷി മണ്ണിനെ ഫലഭൂയിഷ്ഠമാക്കാന്‍ ഉപകരിക്കുന്നു.

ഉഷ്ണമേഖലാപ്രദേശങ്ങളിലെ ഒരു പ്രധാന പയറുവിളയായ അമരയുടെ ഉദ്ഭവം ഇന്ത്യയിലാണെന്നും ആഫ്രിക്കയിലാണെന്നും രണ്ട് അഭിപ്രായഗതികളുണ്ട്.

അമരക്കൃഷി ചെയ്യാന്‍ ചെറുതടങ്ങള്‍ എടുത്ത് ജൈവവളങ്ങള്‍ ചേര്‍ത്ത് വിത്തുകള്‍ നടാം. ഇടവിട്ട് മഴ ലഭിക്കുന്ന സമയമാണ് കൂടുതല്‍ അനുയോജ്യം. തടത്തില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മുളച്ച് വള്ളി വീശിതുടങ്ങുമ്പോള്‍ പടര്‍ന്നുവരാന്‍ പന്തല്‍ ഒരുക്കണം. വീടിനു മുകള്‍പ്പരപ്പില്‍ ചാക്കുകളിലും അമര വളര്‍ത്താം. വീടിനു സമീപം നട്ട് ടെറസിന് മുകളിലേക്ക് പടര്‍ത്തുകയുമാകാം. മഴക്കാലം അവസാനിച്ച് മഞ്ഞ് പരക്കുന്നതോടെ അമരപ്പയര്‍ പൂത്തുതുടങ്ങും. മൂപ്പെത്തുന്നതിന് മുമ്പ് കായ്കള്‍ ശേഖരിച്ച് കറിവെക്കാം. വള്ളികളുടെ മുകള്‍ ഭാഗം നുള്ളിക്കളഞ്ഞാല്‍ കൂടുതല്‍ തലപ്പുകള്‍ വളര്‍ന്ന് ദീര്‍ഘനാളേക്ക് അമരയില്‍ നിന്ന് പയര്‍ ലഭിക്കുകയും ചെയ്യും.

പടവലം

വളരെ പെട്ടെന്ന് കായ്കള്‍ പിടിക്കുന്ന ഒരു പച്ചകറി വിളയാണ് പടവലം. വിറ്റാമിന്‍ എ , ബി സി എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. വിത്ത്‌കൃഷിസ്ഥലത്ത്‌ നേരിട്ട് പാകിയാണ് പടവലം കൃഷി ചെയ്യുന്നത്. പോളിത്തീന്‍ കൂടുകളില്‍ പാകി മുളപ്പിച്ച തൈകള്‍ വേരിനു കോട്ടം തട്ടാതെ ബ്ലേഡ് കൊണ്ട് കൂട് കീറി മാറ്റിയ ശേഷം കൃഷിയിടത്ത് നടാവുന്നതാണ്. വേഗത്തില്‍ മുളയ്കുന്നതിനായി വിത്ത് പാകുന്നതിനു മുന്‍പ് വെള്ളത്തില്‍ മുക്കി വച്ചു കുതിര്‍ക്കുന്നത് നല്ലതാണ്. സെപ്റ്റംബര്‍ , ഡിസംബര്‍, ജനുവരി , ഏപ്രില്‍, കാലങ്ങളാണ് ഇവ കൃഷി ചെയ്യാന്‍ പറ്റിയ സമയം. രണ്ടടി വലിപ്പവും 1 അടി ആഴവുമുള്ള കുഴികളെടുത്ത്‌ അതില്‍ മേല്‍ മണ്ണും ചാണകമോ ജൈവവളമോ ചേര്‍ത്ത് കുഴി നിറയ്ക്കുക. രണ്ടു – മൂന്ന് വിത്ത് വീതം ഈ തടങ്ങളില്‍ നടാം. തടങ്ങള്‍ തമ്മില്‍ 2 മീറ്റര്‍ അകലം നല്‍കാം ഇടയിലാക്കള്‍, ജലസേചനം, കളഎടുക്കല്‍ ഇവയാണ് പ്രധാന കൃഷിപ്പണികള്‍. ചെടി വള്ളിവീശാന്‍ ആരംഭിക്കുമ്പോള്‍ അവയ്ക്ക് പടരാനായി പന്തലോ മരക്കൊമ്പുകള്‍ അടുപ്പിച്ചു കുത്തി നിര്‍ത്തി താങ്ങുകലോ കയര്‍ നീളത്തില്‍ വരിഞ്ഞു കെട്ടി വേലിയോ ഉണ്ടാക്കണം. വളപ്രയോഗം : അടിവളമായും വല്ലിവീശുംപോലും പൂവിടുംപോലും വളപ്രയോഗം നടത്തണം. സെന്റിന്കി മുപ്പതു കിലോ എന്നാ തോതില്‍ കംപോസ്ടോ നല്‍കാം. മണ്ണിര കമ്പോസ്റ്റ് ആണെങ്കില്‍ സെന്റിന് പതിനഞ്ചു കിലോ മതിയാകും . മഴക്കാലത്ത് മണ്ണ് കൂട്ടിക്കൊടുക്കുക. പച്ചില, ചകിരിചോര്‍ കമ്പോസ്റ്റു , തൊണ്ട്, വൈക്കോല്‍, എന്നിവ ഉപയോഗിച്ചു പുതയിടം. പൂവിട്ടു തുടങ്ങിയാല്‍ ഒരു കിലോ പച്ച ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്ത ലായനി രണ്ടു – മൂന്ന്ദി വസത്തെ ഇടവേളകളില്‍ തളിച്ചു കൊടുക്കുക. വിത്ത് പാകി രണ്ടു മാസമെത്തുംപോള്‍ പടവലം വിളവെടുപ്പിനു പാകമാകും. കായ്കള്‍ പറിച്ചെടുക്കാന്‍ വൈകുകയോ കൂടുതല്‍ മൂക്കുവാനായി നിര്‍ത്തുകയോ ചെയ്‌താല്‍ പൂക്കളുടെ ഉത്പാദനത്തെയും വിളവിനെയും അത് പ്രതികൂലമായി ബാധിക്കും. ജലസേചനം : വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളില്‍ 2-3 ദിവസം ഇടവിട്ടും പൂവും കായും ഉള്ള സമയത്ത് ഒന്നിടവിട്ടും നനയ്ക്കുക. സംരക്ഷണം: മത്തന്‍ വണ്ട്‌ എപ്പിലാക്ന വണ്ട്‌ എന്നിവയാണ് പടവലത്തെ ആക്രമിക്കുന്ന കീടങ്ങള്‍.. ഇലയുടെ അടിയില്‍ നിന്നും നീരൂറ്റിക്കുടിക്കുന്ന തുള്ളന്‍ പ്രാണികളും സാധാരണ കണ്ടു വരുന്നു. ഇല ചുരുണ്ട് മഞ്ഞ നിറമായി ഉണങ്ങി പോകുന്നതിനു വേപ്പെണ്ണ മരുന്ന് തളിച്ചാല്‍ സാധാരണ kaanunna കീടങ്ങളെ എല്ലാം നിയന്ത്രിക്കാവുന്നതാണ്.പടവലക്രിഷിയെ ബാധിക്കുന്ന മറ്റൊരു കീടമാണ്‌ കായീച്ച. കടലാസ് കൊണ്ടോ പോളിത്തീന്‍ കൊണ്ടോ കായ്കള്‍ പൊതിയുക. ചെറു പ്രായത്തില്‍ കായ കുത്തി അതില്‍ മുട്ടയിടുകയും മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ കായയുടെ ഉള്ളില്‍ വളരുകയും ചെയ്യുന്നു. ഇത്തരം കായ്കള്‍ മഞ്ഞനിറം പൂണ്ടു ചീഞ്ഞു പോകും. ഇ കായ്കള്‍ പറിച്ചു തീയിലിട് നശിപ്പിക്കണം. നടുന്ന സമയത്തും ഒരു മാസത്തിനു ശേഷവും ഒരു കുഴിയില്‍ നൂറു ഗ്രാം എന്നാ തോതില്‍ വേപ്പിന്‍ പിണ്ണാക്ക് ഇടണം. മുഞ്ഞ വെള്ളീച്ച മണ്ടരി ഇവയെ അകറ്റുന്നതിന് വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാം. ഇലയും പൂവും തിന്നു നശിപ്പിക്കുന്ന പുഴുക്കളെ ശേഖരിച്ചു നശിപ്പിക്കുക. പത്ത് ഗ്രാം കാന്താരി മുളക് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്‍ത്ത് ലായനി തയാറാക്കി അതില്‍ ഒന്‍പതു ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിച്ചു കീടങ്ങളെ നശിപ്പിക്കവുന്നതാണ്.

വെള്ളരി

ജനുവരി – മാര്‍ച്ച്‌, ഏപ്രില്‍ – ജൂണ്‍ , ആഗസ്റ്റ്‌ – സെപ്റ്റബര്‍ – ഡിസംബര്‍ ആണ് വെള്ളരി കൃഷി ചെയാന്‍ സാധിക്കുന്ന സമയം. അതില്‍ തന്നെ ഫെബ്രുവരി – മാര്‍ച്ച് ആണ് വെള്ളരി കൃഷിക്ക് ഏറ്റവും അനുയോജ്യം. മുടിക്കോട് ലോക്കല്‍, സൌഭാഗ്യ , അരുണിമ ഇവ ചില മികച്ചയിനം വെള്ളരിയിനങ്ങള്‍ ആണ്. വിത്തുകള്‍ പാകിയാണ് വെള്ളരി നടുന്നത്. വി എഫ് പി സി കെ , കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ , കൃഷി ഭവനുകള്‍ വഴി നല്ല വിത്തുകള്‍ വാങ്ങാം.

വെള്ളരി കൃഷി ചെയ്യുന്നതിനായി കൃഷിസ്ഥലം നന്നായി കൊത്തിയിളക്കി അടിവളവും നല്‍കുക. അടിവളമായി ഉണങ്ങിയ ചാണകപ്പൊടി ഇടാം.കുഴിയൊന്നിന് 50 ഗ്രാം എല്ലുപൊടി കൂടി നല്‍കണം.രണ്ടുമീറ്റര്‍ അകലത്തിലുള്ള കുഴികളില്‍ എടുത്ത് അവയില്‍ നാലു-അഞ്ച് വിത്തുകള്‍ വിതയ്ക്കാം. വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു രണ്ടുമണിക്കൂര്‍ വെച്ചതിനുശേഷം നടുന്നത് രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. രാവിലെയും വൈകുന്നേരവും മിതമായി നനച്ചു കൊടുക്കണം. വിത്തുകള്‍ പാകി 3-4 ദിവസം കഴിയുബോള്‍ മുളക്കും. മുളച്ച് രണ്ടാഴ്ച കഴിയുമ്പോള്‍ ആരോഗ്യമുള്ള മൂന്നുതൈ നിലനിര്‍ത്തി മറ്റുള്ളവ പറിച്ചുനീക്കണം. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും വീണ്ടും ചാണകപ്പെടി ചേര്‍ത്തുകൊടുക്കാം. പൂവിട്ടുകഴിഞ്ഞാല്‍ 10 ദിവസത്തിലൊരിക്കല്‍ ഒരുകിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തില്‍ ഒഴിച്ചുകൊടുക്കുന്നത് ഉത്പാദകവര്‍ധനയ്ക്ക് സഹായിക്കും.

കായീച്ചയാണ്‌ വെള്ളരിയുടെ പ്രധാന ശത്രു. കായകള്‍ കടലാസ് / കച്ചി ഒക്കെ ഉപയോഗിച്ചു മൂടുന്നത് കയീച്ചയുടെ ആക്രമണത്തില്‍ നിന്നും വെള്ളരി കായകളെ രക്ഷിക്കാം.

മത്തന്‍

മത്തന്‍ കൃഷി വളരെ എളുപ്പവും കാര്യമായ പരിചരണം ആവശ്യമില്ലാത്തതും ആണ്. പൂര്‍ണ്ണമായും ജൈവ രീതിയില്‍ മത്തന്‍ നമുക്ക് കൃഷി ചെയ്യാം. വിത്തുകള്‍ ആണ് കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്നത്. വിത്തുകള്‍ പാകി തൈകള്‍ മുളപ്പിച്ചു പറിച്ചു നടാം. നടുമ്പോള്‍ നല്ല രീതിയില്‍ അടിവളം കൊടുക്കാം, അതിനായി ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ട്ടം, കോഴി വളം, എല്ലുപൊടി, ഉണങ്ങി പൊടിച്ച കരിയില, വേപ്പിന്‍ പിണ്ണാക്ക് ഇവ ഉപയോഗിക്കം. വിത്തുകള്‍ നടുന്നതിന് മുന്‍പ് 6 മണിക്കൂര്‍ വെള്ളത്തില്‍ മുക്കി വെക്കുന്നത് നല്ലതാണ്. അമ്പിളി എന്ന മത്തന്‍ ഇനം കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തതാണ്. 5 കിലോ വരെ തൂക്കം ലഭിക്കുന്ന വലിയ കായകള്‍ ഇതിന്റെ പ്രത്യേകതയാണ്. സരസ്, അര്‍ക്കാ സൂര്യമുഖി, അര്‍ക്ക ചന്ദ്രന്‍ തുടങ്ങിയ ഇനങ്ങളും ഉണ്ട്. വി എഫ് പി സി കെ കാക്കനാട് മത്തന്‍ തൈകള്‍ വിലപ്പന നടത്താറുണ്ട്‌. മത്തന്‍ വള്ളി വീശി തുടങ്ങുമ്പോള്‍ കപ്പലണ്ടി പിണ്ണാക്ക് (കടല പിണ്ണാക്ക്) കൊടുക്കുന്നത് നല്ലതാണ്. ഇതിനായി കുറച്ചു കടല പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടു 2-3 ദിവസം വെച്ച ശേഷം നേര്‍പ്പിച്ചു ഒഴിച്ച് കൊടുക്കാം. കടല പിണ്ണാക്ക് നേരിട്ട് മണ്ണില്‍ ഇട്ടാല്‍ ഉറുമ്പ് കൊണ്ടുപോകും, അതൊഴിവാക്കാന്‍ ആണ് അത് പുളിപ്പിച്ച് കൊടുക്കുന്നത്. ഇടയ്ക്കിടെ നാമ്പ് നുള്ളി വിടുന്നത് കൂടുതല്‍ തണ്ടുകള്‍ ഉണ്ടാകാന്‍ സഹായിക്കും. മത്തന്‍ കൃഷി പരിചരണം ആവശ്യമുള്ള ഒരു ഖട്ടം അതിന്റെ പൂക്കള്‍ ഉണ്ടാകുമ്പോള്‍ ആണ്. കൃത്രിമമായ പരാഗണം ചെയ്യണം, ഇല്ലെങ്കില്‍ കായകള്‍ ഉണ്ടാകില്ല. സ്വാഭാവികമായ പരാഗണം ഇപ്പോള്‍ കുറവായി ആണ് നടക്കുന്നത്. അത് കൊണ്ട് നമ്മള്‍ അത് ചെയ്തു കൊടുക്കണം. ആദ്യം ഉണ്ടാകുക ആണ്‍ പൂക്കള്‍ ആണ്, പെന്‍ പൂക്കള്‍ പിന്നീട് ഉണ്ടാകും. പെണ്‍ പൂക്കള്‍ ഉണ്ടാകുമ്പോള്‍ നമ്മള്‍ പരാഗണം നടത്തി കൊടുക്കണം പ്രധാന അക്രമി കായീച്ച ആണ്, പരാഗണം നടത്തി കായകള്‍ പൊതിഞ്ഞു സൂക്ഷിച്ചാല്‍ നമുക്ക് അവയുടെ ആക്രമണം തടയാം. ഉണങ്ങിയ കരിയില കൊണ്ട് മൂടി മത്തന്‍ കായകള്‍ സംരക്ഷിക്കാം. പ്രമേഹ രോഗികള്‍ക്ക് മത്തന്‍ അത്ര നല്ലതല്ല. മത്തന്‍ പൂക്കളും ഇളം തണ്ടും ഉപയോഗിച്ച് സ്വാദിഷ്ട്ടമായ തോരന്‍ ഉണ്ടാക്കാം.

കുമ്പളം

മഴക്കാലവിളയായി മെയ്-ആഗസ്ത് മാസങ്ങളില്‍ കുമ്പളം കൃഷി ചെയ്യാം. നമ്മുടെ നാട്ടില്‍ നന്നായി വിളവ് തരുന്ന രണ്ടിനങ്ങളാണ് കെ.എ.യു. ലോക്കലും ഇന്ദുവും. പത്ത് സെന്റ് കുമ്പളം കൃഷിയില്‍ നിന്നും ഒന്നര ടണ്‍ വരെ വിളവ് പ്രതീക്ഷിക്കാം.രണ്ടടി വലിപ്പവും ഒന്നരയടി ആഴവുമുള്ള കുഴികളെടുത്ത് മേല്‍മണ്ണും കാലിവളവും ചേര്‍ത്ത് കുഴികളില്‍ നിറയ്ക്കണം. പത്ത് സെന്റിലേക്ക് അര ടണ്‍ ചാണകവളം മതിയാകും. കുഴിയൊന്നിന് അഞ്ച് വിത്ത് വരെ പാകാം. മുളച്ച് രണ്ടാഴ്ചക്കുശേഷം ഒരു തടത്തില്‍ നല്ല മൂന്നു തൈകള്‍ നിര്‍ത്തിയാല്‍ മതിയാകും. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും ചാണകവളമോ മണ്ണിര കമ്പോസ്റ്റോ ചേര്‍ത്ത് മണ്ണ് കൂട്ടണം. പൂവിട്ടു തുടങ്ങിയാല്‍ ഒരു കിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്ത ലായനി പത്ത് ദിവസത്തെ ഇടവേളകളില്‍ തളിച്ചുകൊടുക്കുന്നത് വിളവ് കൂട്ടുന്നതായി കണ്ടിട്ടുണ്ട്. ഓല, പച്ചിലച്ചപ്പുചവറുകള്‍ എന്നിവ ചെടികള്‍ പടര്‍ന്നു തുടങ്ങുമ്പോഴേയ്ക്കും വിരിച്ചുകൊടുക്കണം.ജൈവ കീടനിയന്ത്രണത്തിനായി മട്ടിയുടെയും കശുമാവിന്റെയും ഇലച്ചാര്‍ മിശ്രിതം പത്ത് ശതമാനം വീര്യത്തില്‍ തയ്യാറാക്കി തളിക്കാം. പത്ത് ഗ്രാം കാന്താരി മുളക് അരച്ച് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്‍ത്തു തയ്യാറാക്കുന്ന ലായനിയില്‍ 9 ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിച്ചാല്‍ ഇലയും പൂവും തിന്നുനശിപ്പിക്കുന്ന കീടങ്ങളെ അകറ്റാം പച്ചക്കറിയ്ക്കായുള്ള ആവശ്യങ്ങള്‍ക്ക്‌ പുറമേ മൂല്യവര്‍ധനം നടത്തി പേഡപോലെ ചില രുചിയേറിയ വിഭവങ്ങള്‍ ഒരുക്കാനും കുമ്പളം ഉപയോഗപ്പെടുത്താം. ഇതിന്റെ തളിരിലകള്‍ തോരനുണ്ടാക്കാന്‍ നല്ലതാണ്‌.

കുമ്പള നീരിന്‌ ഔഷധപ്രാധാന്യമുണ്ട്‌. ഒരു കിലോഗ്രാം കുമ്പളത്തിന്‌ മാര്‍ക്കറ്റില്‍ ഇരുപത്‌ രൂപയ്ക്ക്‌ മേല്‍ വിലയുണ്ട്‌. ഇടവിളയായി കൃഷി ചെയ്യുമ്പോള്‍ തെങ്ങിന്‍ വരികള്‍ക്കിടയിലായി 60 സെന്റീമീറ്റര്‍ വ്യാസത്തിലും ഏതാണ്ട്‌ 45 സെന്റീമീറ്റര്‍ താഴ്ചയിലും കുഴികളെടുത്ത്‌ അവയില്‍ വേണം കുമ്പളം നടേണ്ടത്‌. കുമ്പളത്തടങ്ങള്‍ തമ്മില്‍ 2 മീറ്ററെങ്കിലും അകലം പാലിക്കണം. ഉണക്കിപ്പൊടിച്ച 2.5 കിലോഗ്രാം ചാണകം മേല്‍മണ്ണുമായി നന്നായി യോജിപ്പിച്ച്‌ തടം നിറയ്ക്കണം. അടിവിളയായി തടമൊന്നില്‍ 15 ഗ്രാം യൂറിയ, 25 ഗ്രാം രാജ്ഫോസ്‌, 8.5 ഗ്രാം മ്യൂറിയേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌ എന്നിവ നല്‍കാം. തുടര്‍ന്ന്‌ വള്ളി വീശുമ്പോഴും കായ്‌ പിടിച്ചു തുടങ്ങുമ്പോഴും 7.5ഗ്രാം യൂറിയ വീതം നല്‍കണം. ജൈവവളങ്ങള്‍ മാത്രം ഉപയോഗിക്കുന്നുവെങ്കില്‍ തടമൊന്നിന്‌ 2.5 കിലോഗ്രാം ചാണകം ചേര്‍ത്തുകൊടുക്കുന്നത്‌ കൂടാതെ 40ഗ്രാം കപ്പലണ്ടി പിണ്ണാക്ക്‌, 15 ഗ്രാം ചാരം എന്നിവ കൂടി നല്‍കണം.

ഒരു തടത്തില്‍ 4 മുതല്‍ 5 വിത്തുകളാണ്‌ പാകുക. കിളിര്‍ത്തു വരുമ്പോള്‍ ആരോഗ്യമില്ലാത്തവയെ മാറ്റി തടമൊന്നില്‍ രണ്ടോ മൂന്നോ ചെടികളെ മാത്രം നിലനിര്‍ത്തുക. ആദ്യ ഘട്ടത്തില്‍ 3-4 ദിവസത്തിലൊരിക്കല്‍ നന വേണം. പൂക്കുമ്പോഴും കായ്ക്കുമ്പോഴും ഒന്നിടവിട്ട ദിവസങ്ങളില്‍ നനയ്ക്കണം.

നീരൂറ്റി കുടിക്കുന്ന എഫിഡുകളുടെ ആക്രമണം കണ്ടാല്‍ എക്കാലക്സ്‌ 3 മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചു കൊടുക്കണം. പഴ ഈച്ചകളെ അകറ്റാനായി 0.2 ശതമാനം വീര്യത്തില്‍ കാര്‍ബാറില്‍/സെവിന്‍ എന്ന കീടനാശിനി ഉപയോഗിക്കാം. (ഒരു ലിറ്റര്‍ വെള്ളത്തില്‍ 2 ഗ്രാം കാര്‍ബാറില്‍). പോളിത്തീന്‍/തുണി/പേപ്പര്‍ ബാഗുകളില്‍ കായ പൊതിഞ്ഞു വയ്ക്കുന്നതും പഴഈച്ചകളില്‍നിന്നു രക്ഷ നേടാനുപകരിക്കും. തടത്തില്‍ വിത്തുപാകുന്നതിനു മുന്‍പായി കാര്‍ബാറില്‍ പൊടി വിതറുന്നത്‌ പഴയീച്ചയുടെ സമാധിദശയെ നശിപ്പിക്കും.

രോഗങ്ങളില്‍ പ്രധാനമാണ്‌ പൗഡറി മില്‍ഡ്യൂ അഥവാ ചൂര്‍ണ്ണപൂപ്പ്‌. 0.05 ശതമാനം വീര്യത്തില്‍ നൈട്രോ ഫീനോള്‍ തളിക്കുകയാണ്‌ ഇതിന്‌ പ്രതിവിധി. മറ്റൊരു പ്രധാന രോഗമാണ്‌ മൊസേക്ക്‌ അഥവാ നരപ്പ്‌. രോഗം പരത്തുന്നതിന്‌ കാരണക്കാരായ പ്രാണികളെ 0.05 ശതമാനം വീര്യത്തില്‍ റോഗര്‍/ഡൈമെത്തോയേറ്റ്‌ എന്ന കീടനാശിനി തളിച്ച്‌ നിയന്ത്രിക്കാം.

കെഎയു ലോക്കല്‍, ഇന്ദു എന്നിവ കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന്‌ പുറത്തിറക്കിയ മെച്ചമേറിയ കുമ്പളയിനങ്ങളാണ്‌.

മുന്തിരി

വേനല്‍ കാലമാണ് മുന്തിരി കൃഷിക്ക് അനുയോജ്യം . നല്ല സൂര്യ പ്രകാശം കിട്ടുന്ന ഇടങ്ങളില്‍ പന്തലിട്ടാണ് ഇത് വളര്‍ത്തുന്നത് .

ലോകത്ത് 8000 ത്തില്‍ പരം മുന്തിരിയിനങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയില്‍ അനാബെഷാഹി, ബാംഗ്ലൂര്‍ പര്‍പ്പില്‍, ബോഖ്റി, ഗുലാബി, കാളിസഹേബി, തോംസ സീഡലസ്, തുടങ്ങിയവയാണ് ശരദ് സീഡലസ് എന്ന 110 ദിവസം കൊണ്ട് പഴുത്ത് പാകമാകുകയും ഹെക്ടറിന് 25 ടണ്‍ വിളവ് ലഭിക്കുന്ന കൂടുതല്‍ മാംസളവും,മണവുമുള്ള ഇനവും (പചാരത്തിലുണ്ട്.
കേരളത്തില്‍ തോട്ടമടിസ്ഥാനത്തില്‍ പാലക്കാട് മുതലമടയില്‍ മാ(തമായ് ഒതുങ്ങി നില്‍ക്കുന്ന മുന്തിരി കൃഷി ഇന്ത്യയില്‍ ഹിമാചല്‍(പദേശ്,ഉത്തര്‍(പദേശ്,കര്‍ണ്ണാടക,പഞ്ചാബ്,ആ(ന്ധ,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ ആണ് പ്രധാനമായു ഉള്ളത് .
വീട്ടുമുറ്റത്ത് കൃഷി ചെയ്യാന്‍ അനുയോജ്യമായത് ബാംഗ്ലൂര്‍ പര്‍പ്പില്‍ എന്ന സാധാരണ ഇനമാണ്. തമിഴ്നാട്ടില്‍ ഇതിനെ ചാണ(ദാക്ഷയെന്നും അറിയപ്പെടുന്നു. ഇടത്തരം കുലകള്‍, നീലിമ കലര്‍ന്ന കറുപ്പുനിറം,ഉരുണ്ട വിത്തും, കട്ടിയുള്ള തൊലിയും,മാംസളമായ ഉള്ളുമുണ്ടെങ്കിലും മറ്റിനങ്ങളേക്കാള്‍ മധുരം അല്പം പിറകോട്ടാണ്. പഴത്തിനും,ജൂസിനും ഉപയോഗിക്കാം.മിതമായ ചൂടും, തണുപ്പും അനുഭവപ്പെടുന്ന കാലാവസ്ഥക്ക് പറ്റിയതാണ് ഇത് . ഇവ  എല്ലാ കാലത്തും നടാം നല്ല വെയില്‍ കിട്ടുന്ന സ്ഥലം തെരഞ്ഞെടുക്കണം.
മണ്ണില്‍ രണ്ടരയടി ചതുരത്തിലും ആഴത്തിലും കുഴിയെടുക്കാം.അതില്‍ രണ്ട് ഭാഗം മണലും, ഒരു ഭാഗം ഉണങ്ങിയ ചാണകപ്പൊടിയോ, കമ്പോസ്റ്റ്,മണ്ണിര വളമോ നിറച്ച് അഞ്ച് ദിവസം വെള്ളമൊഴിച്ച് മണ്ണ് കുതിര്‍ക്കണം. ഇതില്‍ കരുത്തുറ്റ ഒരടി പൊക്കമുള്ള ഒരു പൊടിപ്പ് മാ(തം നിലനിര്‍ത്തി വേരകള്‍ക്ക് ക്ഷതമേല്‍ക്കാതെ കുഴിയുടെ മധ്യേ നട്ടതിന് ശേഷം താങ്ങ് കമ്പ് നാട്ടണം. മിതമായ് ദിവസവും നനക്കുകയും വേണം.
.പന്തലില്‍ വള്ളി തൊടുമ്പോള്‍ തലപ്പ് നുള്ളി വിടുക. ഇവകൂടുതല്‍  വള്ളികളായ് പന്തലിലേക്ക് കയറും. (പൂണിങ്ങ് നടത്തിയാലെ മുന്തിരിയില്‍ കൂടുതല്‍ കായ്കള്‍ ഉണ്ടാവുകയുള്ളു.
ചെടി വളരുന്നതോടൊപ്പം ഇലകളടുപ്പിച്ച് വരുന്ന പറ്റ് വള്ളികളും നീക്കണം.തലപ്പ് നുള്ളി വിട്ടത് പല ശിഖരങ്ങളായ് വളരും. ഇവ ഒരടി വളരുമ്പോള്‍ വീണ്ടും തലപ്പ് നുള്ളി വിടണം. ഈ (പ(കിയ വള്ളി പന്തല്‍ മുഴുവന്‍ വ്യാപിക്കുന്നത് വരെ തുടരണം. ഏകദേശം 10 മാസങ്ങള്‍ കൊണ്ട് ഒരു ചെടിയുടെ വള്ളികള്‍ ഒരു സെന്റോളം സ്ഥലത്ത് വളരും. അപ്പോള്‍ എല്ലാ തലപ്പ് വള്ളികളേയും ഒരടി നീളത്തില്‍ മുറിച്ച് മാറ്റുകയും എല്ലാ ഇലകളേയും അടര്‍ത്തി മാറ്റുകയും ചെയ്യണം. അത് കഴിഞ്ഞ് 15 നാള്‍ കഴിയുമ്പോള്‍ പുതിയ തളിരിലകളോടൊപ്പം ശിഖിരത്തില്‍ മൊത്തമായ് ഇളം പച്ചനിറത്തിലുള്ള പൂക്കളും വന്ന് തുടങ്ങും. വീണ്ടും രണ്ടാഴ്ച്ച കഴിയുമ്പോള്‍ തലപ്പ് വീണ്ടും ഒന്നരടിയോളം വളരും ആ സമയം അവയുടെ തലപ്പും നുള്ളി വിട്ടതിന് ശേഷം തൊട്ട് താഴെയുള്ള 3 ഇലകളേയും അടര്‍ത്തി മാറ്റണം. അതോടൊപ്പം സ്(പിങ്ങ് പോലുള്ള ചുറ്റുവള്ളികളും മാറ്റണം. ശരിയായ് (പൂണിങ്ങ് ചെയ്ത് ഇലകള്‍ മാറ്റിയ ശേഷം പന്തല്‍ വള്ളി മാ(തമായ് കാണണം.
(പൂണിങ്ങിന് ശേഷം ഉണ്ടായ പൂക്കള്‍ 120 ദിവസം കഴിയുമ്പോള്‍ കായ്കള്‍ പഴുത്ത് പറിക്കാറാകും. മുന്തിരി കുലകള്‍ ചെടിയില്‍ വെച്ചു തന്നെ പഴുക്കാന്‍ അനുവദിക്കണം. പച്ച മുന്തിരി പറിച്ച് വെച്ചാല്‍ പഴുക്കില്ല. പകരം പുളിച്ച മുന്തിരിയാകും ലഭിക്കുക. പഴങ്ങള്‍ പറിച്ചതിന് ശേഷം വീണ്ടും (പൂണിങ്ങ് നടത്തിയാല്‍ ഒരാണ്ടില്‍ 3 തവണ വിളവെടുക്കാം. കിളികളുടെ ഉപ(ദവം ഉണ്ടാകാതിരിക്കാന്‍ കുലകളെ നെറ്റ് വിരിച്ച് സംരക്ഷിക്കാം.
കാല്‍കിലോ കടലപ്പിണ്ണാക്ക് വെള്ളത്തിലിട്ട് രണ്ട് ദിവസം വെച്ച് പുളിപ്പിച്ച് അതിന്‍റെ തെളി ആഴ്ചയില്‍ രണ്ടോ,മൂന്നോ പ്രാവശ്യം ചുവട്ടിലൊഴിച്ച് കൊടുക്കാം.അതെല്ലെങ്കില്‍ മാസത്തില്‍ ഒരു തവണ ഒരു ചുവടിന് കാല്‍കിലോ കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്ത് ചുവട്ടില്‍ നിന്ന് ഒരടി മാറ്റി ചെറു തടമെടുത്ത് അതില്‍ ഇട്ട് മണ്ണിട്ട് മൂടണം ശേഷം ഉറുമ്പ് വരാതിരിക്കാന്‍ അല്പം വേപ്പിന്‍ പിണ്ണാക്ക് മണ്ണിന് പുറത്തിടണം.രണ്ട് മാസത്തിലൊരിക്കല്‍ ഒരു കുട്ട ജൈവവളവും, ചാണകം, ആട്ടിന്‍കാഷ്ഠം,കമ്പോസ്റ്റ് കൂടെ എല്ലുപൊടിയും നല്‍കണം.
ഇലമുരടിപ്പ്,പൂപ്പല്‍ രോഗം ഇവയെ തടുക്കാന്‍ ഇടക്ക് നേര്‍പ്പിച്ച വെര്‍മി കമ്പോസ്റ്റ്ടീയോ,ബോര്‍ഡോ മിശ്രിതമോ ഇലകളില്‍ തെളിക്കണം. ചുവട്ടിലെ മണ്ണ് തറഞ്ഞ് പോകാതെയും എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തുകയും വേണം. വിളവെടുക്കുന്നതിന് ഒരാഴ്ച്ച മുമ്പ് മുതല്‍ നനക്കാതെയുമിരിക്കണം. ഇത് മുന്തിരിയുടെ മധുരം കൂട്ടാന്‍ സഹായകരമാകും.

കൈതച്ചക്ക

ഉഷ്ണമേഖലാ സസ്യമായ കൈതയുടെ ഫലത്തെ കൈതച്ചക്ക എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം: അനാനാസ്‌ കോമോസസ്‌. ജീവകം എ, ജീവകം ബി എന്നിവയുടെ നല്ല ഉറവിടമാണ്‌ കൈതച്ചക്ക. കൂടാതെ ജീവകം സി, കാൽസ്യം,ഇരുമ്പ്‌, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. നീർവാർച്ചയുള്ള മണ്ണിൽ നന്നായി വളരുന്ന സസ്യമാണ് കൈത. കേരളത്തിലെ മൂവാറ്റുപുഴ, തൊടുപുഴ എന്നീ സ്ഥലങ്ങളിൽ കൈതച്ചക്ക വ്യാപകമായി കൃഷി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.

ചില ഭാഗങ്ങളിൽ ഇത് കന്നാരചക്കകന്നാര ചെടിപുറുതി ചക്ക എന്നിങ്ങനെ അറിയപ്പെടുന്നു.

തെക്കെ അമേരിക്കയിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുമ്പ് കടൽ കടന്നുവന്ന പഴവർഗ്ഗമാണ് കൈതച്ചക്ക‌. വൻവൃക്ഷങ്ങളിൽ പറ്റിപിടിച്ചു വളരുന്ന സസ്യങ്ങൾ ഉൾപ്പെടുന്ന ബ്രൊമിലിയേസിയെ സസ്യകുടുംബത്തിലെ ഒരംഗമാണ്‌ ഈ ചെടി. പൈൻ മരത്തിന്റെ കോണിനോട് സാദൃശ്യമുള്ള ആകൃതി കാരണമാണ്‌ ഇതിന്‌ പൈനാപ്പിൾ എന്ന പേരു സിദ്ധിച്ചത്.

കൈതച്ചെടിയുടെ അടീയിൽ നിന്നുണ്ടാവുന്ന മുളപ്പാണ് (കാനി) ആണ്‌ നടാൻ ഉപയോഗിക്കുന്നത്. ചെടിയുടെ താഴത്തെ ഇല തണ്ടുമായി ചേരുന്ന ഭാഗത്താണ്‌ മുളപ്പുണ്ടാകുന്നത്. കൈതച്ചക്കയുടെ കൂമ്പും, ചക്കയുടെ തണ്ടിൽ നിന്നുണ്ടാകുന്ന മുളപ്പും നടാനായി ഉപയോഗിക്കുന്നു. നടാൻ പറ്റിയ കാലം മേയ് മുതൽ ജൂൺ വരെയാണ്‌. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാം. വേനല്‌ക്കാലത്ത് രണ്ടാഴ്ച ഇടവിട്ടു നനച്ചാൽ ചക്കയുടെ വലിപ്പവും തൂക്കവും കൂടും.[1]

ദഹനം കൂട്ടുന്നതിനും ചുമയും തൊണ്ടരോഗങ്ങളും മാറ്റുന്നതിനും ഉപയോഗിച്ചു വരുന്നു. ദക്ഷിണ ഇന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും കൈതചക്ക കൃഷി ചെയ്തു വരുന്നു.ജീവകം എ, ജീവകം ബി എന്നിവയുടെ നല്ല ഉറവിടമാണ്‌ കൈതച്ചക്ക. കൂടാതെ ജീവകം സി, കാൽസ്യം, ഇരുമ്പ്‌, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.കൈത നീർവാർച ഉള്ള സ്ഥലങ്ങളിലാണ്‌ നന്നായി വളരുക.കേരളത്തിലെ മൂവാറ്റുപുഴ, തൊടുപുഴ എന്നീ സ്ഥലങ്ങളിൽ കൈതച്ചക്ക വ്യാപകമായി കൃഷി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.ചില ഭാഗങ്ങളിൽ ഇത് കന്നാരചക്ക, കന്നാര ചെടി എന്നിങ്ങനെ അറിയപ്പെടുന്നു.

കൈതയുടെ ഫലം, ഇല എന്നിവയാണ് ഓഷധയോഗ്യമായ ഭാഗം.ദഹനം കൂട്ടുന്നതിനും ചുമയും തൊണ്ടരോഗങ്ങളും മാറ്റുന്നതിനും കൈതച്ചക്ക ഉപയോഗിച്ചു വരുന്നു.കൈതച്ചക്കയുടെ കൂമ്പും, ചക്കയുടെ തണ്ടിൽ നിന്നുണ്ടാകുന്ന മുളപ്പും നടാനായി ഉപയോഗിക്കുന്നു. നടാൻ പറ്റിയ കാലം മേയ് മുതൽ ജൂൺ വരെയാണ്‌. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാം. വേനല്‌ക്കാലത്ത് രണ്ടാഴ്ച ഇടവിട്ടു നനച്ചാൽ ചക്കയുടെ വലിപ്പവും തൂക്കവും കൂടും.കൈതച്ചെടിയുടെ അടീയിൽ നിന്നുണ്ടാവുന്ന മുളപ്പാണ് (കാനി) ആണ്‌ നടാൻ ഉപയോഗിക്കുന്നത്. ചെടിയുടെ താഴത്തെ ഇല തണ്ടുമായി ചേരുന്ന ഭാഗത്താണ്‌ മുളപ്പുണ്ടാകുന്നത്.

സപ്പോട്ട

സപ്പോട്ടേസ്യ കുടുംബത്തിലെ ഒരു അംഗമായ സപ്പോട്ട ചിക്കു എന്നും അറിയപ്പെടുന്നു. സപ്പോട്ട കേരളത്തിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് വളരെക്കാലമായി. ബോംബേ, ബീഹാർ, തമിഴ്‌നാട്, മൈസൂർ എന്നീ പ്രദേശങ്ങളിൽ സപ്പോട്ട ഒരു വാണിജ്യ വിളയായി വൻതോതിൽ കൃഷി ചെയ്തുവരുന്നു.

സപ്പോട്ട കായ്കൾക്ക് മരോട്ടിക്കായ്കളോട് സാദൃശ്യമുണ്ട്. ഇതിൻറെ തൊലിക്ക് തവിട്ടുനിറമാണ്. പരുപരുത്തിരിക്കും, തീരെ കനമില്ല. പഴത്തിനു തേനിൻറെ മാധുര്യവും. സപ്പോട്ട എല്ലാ മാസങ്ങളിലും കായ്ക്കുമെങ്കിലും ജനുവരി-ഫെബ്രുവരി, മേയ്-ജൂൺ എന്നീ മാസങ്ങളിലാൺ കൂടുതൽ കായ്കൾ നൽകുന്നത്.

ഇനം

ക്രിക്കറ്റ് ബോള്‍
കേരളത്തില്‍ നന്നായി വളരുന്നു. ഇതിന്‍റെ കായ്കള്‍ വലുതും ഉരുണ്ടതും ഏകദേശം 320 ഗ്രാം തൂക്കം വരുന്നതുമാണ്. ഇലകള്‍ ഇളം പച്ചനിറമുള്ളതാണ്. സമുദ്രനിരപ്പില്‍നിന്ന് 300 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങള്‍ക്ക് അനുയോജ്യമാണ്. ഈ ഇനത്തെ മടിച്ചുകായ്ക്കുന്ന ഒരു ഇനമായി കണക്കാക്കപ്പെടുന്നു.

ഓവല്‍
കായ്കള്‍ക്ക് അണ്ഡാകൃതിയാണ്. മടിച്ചു കായ്ക്കുന്ന ഇനം.കായ്കള്‍ ചെറുതോ ഇടത്തരം വലിപ്പമുള്ളതോ ആയിരിക്കും.കായുടെ തൂക്കം ഏകദേശം 75 ഗ്രാം. പഴത്തിന് മൃദുവായ ദശ ,നല്ല സുഗന്ധം, മധുരമുള്ളകഴമ്പ്. 2 മുതല്‍6 വരെ വിത്തുകള്‍.

സി.ഓ -1
തമിഴ്നാട് കാര്‍ഷിക സര്‍വ്വകലാശാലയില്‍ വികസിപ്പിച്ചെടുത്ത ഒരു സങ്കര ഇനമാണിത് . ക്രിക്കറ്റ് ബോള്‍ , ഓവല്‍ എന്നീ ഇനങ്ങള്‍ തമ്മില്‍ സങ്കരണംനടത്തി ഉല്‍പാദിപ്പിച്ചെടുത്ത ഈ ഇനം നീണ്ട ഓവല്‍ ആകൃതിയിലുള്ള ഫലങ്ങള്‍ തരുന്നു. ഇടത്തരം വലുപ്പമുള്ള പഴങ്ങള്‍ക്ക് ഏകദേശം 125 ഗ്രാം തൂക്കമുണ്ട്.
ചുവപ്പു കലര്‍ന്ന തവിട്ടു നിറത്തോടു കൂടിയ ഇതിന്‍റെ ദശക്ക് പരുപരുത്തഘടനയും നല്ല മധുരവുമുണ്ട്.

കീര്‍ത്തബര്‍ത്തി

ആന്ധ്രാപ്രദേശിലെ സാധാരണയിനമാണിത്. ചെറുതുമുതല്‍ ഇടത്തരം വരെ വലിപ്പമുള്ള കായ്കളാണ് . അണ്ഡാകൃതിയുള്ള കായ്കളുടെ തൊലി കട്ടികൂടി പരുപരുത്തതും പുറത്തേക്ക് 4 മുതല്‍ 6 വരെ (ridges)ഉള്ളതുമാണ്. പഴത്തിന്‍റെ അഗ്രഭാഗം ഉരുണ്ടതാണ്. നല്ല മധുരമുള്ള പഴങ്ങള്‍ തരുന്ന ഈ ഇനം കേടു കൂടാതെയിരിക്കുന്നതിനാല്‍ ദൂരമാര്‍ക്കറ്റുകളിലേക്ക് കയറ്റി അയയ്ക്കാന്‍ ഉത്തമമാണ്.

സി.ഓ -2

ബാരമസി എന്ന ഇനത്തില്‍ ക്ലോണല്‍ സെലക്ഷന്‍ വഴിഉരുത്തിരിച്ചെടുത്തതാണ് ഈ മേല്‍ത്തരമിനം . നീണ്ടവൃത്താകൃതി മുതല്‍ പൂര്‍ണ്ണ വൃത്താകൃതിയുള്ള ഫലങ്ങള്‍ക്ക് ഇടത്തരം വലിപ്പമാണ് .

ബദാമി

ചെറിയ പഴങ്ങള്‍, മൃദുത്വമുള്ളതും ചാറുള്ളതും പരുപരുത്തതുമായ ദശ , ഇടത്തരം രുചിയും മധുരവും, 18 മുതല്‍ 24 ശതമാനംവരെ ടി.എസ്. എസ് എന്നിവയാണ് ഇതിന്‍റെ പ്രത്യേകതകള്‍‍

ബാരമസി

ഇടത്തരം വലിപ്പമുള്ള പഴങ്ങള്‍ക്ക് നല്ല മധുരമുണ്ട് . 2 മുതല്‍ 8 വരെ വിത്തുകള്‍ കാണാം. ടി.എസ്.എസ് 20 മുതല്‍ 23 ശതമാനം വരെയാണ്. പശ്ചിമബംഗാള്‍ , ബീഹാര്‍, ഉത്തര്‍പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട ഇനമാണ് ഇത്.

പാല

തമിഴ്നാട്,ആന്ധ്രപ്രദേശ്,കേരളം എന്നി സംസ്ഥാനങ്ങളില്‍ നന്നായി വളരുന്ന ഈ ഇനത്തില്‍ ചെറുതുമുതല്‍ ഇടത്തരം വലിപ്പം വരെയുള്ള പഴങ്ങള്‍ ഉണ്ടാകുന്നു .പരന്നു കൂര്‍ത്ത അഗ്രഭാഗത്തോടുകൂടിയ അണ്ഡാകൃതിയിലുള്ള പഴങ്ങള്‍ക്ക് നല്ല മധുരമുണ്ട് . നല്ല സുഗന്ധവും ഗുണമേന്മയുള്ള കായ്കള്‍ കുലകളായി കാണപ്പെടുന്നു.

പി.കെ.എം 1

ഇത്തി എന്ന ഇനത്തില്‍നിന്നും ക്ലോണല്‍ സെലക്ഷന്‍ വഴി വികസിപ്പിച്ചെടുത്ത ഈ ഇനം തമിഴ്നാട് പെരിയംകുളം ഗവേഷണകേന്ദ്രത്തില്‍നിന്നും പുറത്തിറക്കിയതാണ്. പൊക്കം കുറഞ്ഞ ഇനം. മേല്‍ത്തരം വിളവും നല്ല ഗുണമേന്മയുമുള്ള ഫലങ്ങളും നല്‍കുന്നു. ഒരു ചെടിയില്‍ നിന്നും വര്‍ഷത്തില്‍ ഏകദേശം 240 കി ഗ്രാം പഴങ്ങള്‍ ലഭിക്കുന്നു.

കല്‍ക്കട്ട റൗണ്ട്

പഴങ്ങള്‍ വലുതും കാമ്പ് അല്‍പം പരുപരുത്തതുമാണ്. പശ്ചിമബംഗാളില്‍ ഏറെ പ്രചാരമുള്ള ഒരിനമാണിത്.

അയ്യാനഗര്‍

പഴങ്ങള്‍ വലുതും ഉരുണ്ടതോ അണ്ഡാകൃതിയിലുള്ളതോ ആയിരിക്കും . കഴമ്പിന് നേരിയ പിങ്കുനിറം ഉണ്ടായിരിക്കും. നല്ല മധുരമുള്ളതും റോസിന്‍റെ മണമുള്ളതും ആയിരിക്കും. തമിഴ്നാട്ടില്‍ വളരെ പ്രചാരമുള്ള ഒരിനമാണിത്.

ഡി.എച്ച്.എസ് -1

കാലിപ്പത്തി, ക്രിക്കറ്റ്‌ ബോള്‍ എന്നീ ഇനങ്ങളുടെ തന്നെ മറ്റൊരു
സങ്കരയിനമാണിത്. നല്ല വിളവു തരുന്ന ഈ ഇനത്തിന്‍റെ പഴം നല്ല മധുരമുള്ളതും ഏകദേശം 180 ഗ്രാം ഭാരമുള്ളതുമാണ്.

മറ്റു പ്രധാന ഇനങ്ങള്‍

കാലിപ്പത്തി

മഹാരാഷ്ട്ര,ഗുജറാത്ത്‌, കര്‍ണാടക എന്നീസംസ്ഥാനങ്ങളിലെ കീര്‍ത്തി കേട്ട ഒരിനമാണിത്. നല്ല കട്ടിയുള്ള പരന്ന ഇലകള്‍ക്ക് കടും പച്ചനിറമാണ് . ശാഖകള്‍ പെട്ടെന്ന് വളരുന്നു .അണ്ഡാകൃതിയിലുള്ള പഴങ്ങള്‍ക്ക് നല്ല മധുരമുണ്ട്. വെണ്ണയുടെ ഘടനയുള്ള കാമ്പില്‍ കുരുവിന്‍റെ എണ്ണം കുറവായിരിക്കും. ഒരു കുലയില്‍ ഒരു കായ്‌ മാത്രമേ കാണുകയുള്ളൂ. എങ്കിലും നല്ല വിളവു നല്‍കുന്ന ഇനമാണിത്.

ഛത്രി

കാലിപ്പത്തി ഇനത്തോട് സാമ്യമുള്ള ഇതിന്‍റെ ശാഖകള്‍ നിലത്തേക്ക് തൂങ്ങിവളരുന്ന സ്വഭാവമുള്ളതാണ് . തായ്ത്തടിയില്‍നിന്നും എല്ലാ വശങ്ങളിലേക്കും ശാഖകള്‍ ഉണ്ടാകും. ഇലകള്‍ക്ക് നല്ല പച്ചനിറമാണ്.ഗുണമേന്മ കുറഞ്ഞതാണെങ്കിലും നല്ല വിളവു ലഭിക്കും.

വാവിലവലസ

പഴങ്ങള്‍ക്ക് ഓവല്‍ ആകൃതിയുള്ള ഈ ഇനം തീരപ്രദേശങ്ങളില്‍ നന്നായി വളരുന്നു.ഇടത്തരം വലിപ്പമുള്ള പഴത്തിന്‍റെ കാമ്പ് മൃദുവും പരുപരുപ്പുമുള്ളതുമാണ്. നല്ല സ്വാദുള്ള ഈ ഇനത്തിന് 6-12 വിത്തുകള്‍ ഉണ്ടായിരിക്കും.

നടീലും പരിചരണവും

വെള്ളം കെട്ടികിടക്കാത്തതും നല്ല നീര്‍വാര്‍ച്ചയുമുള്ള സ്ഥലങ്ങളാണ് സപ്പോട്ട കൃഷിക്കായി തെരഞ്ഞെടുക്കേണ്ടത്. തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കണം. മരങ്ങള്‍ ഇടതൂര്‍ന്നു വളരുന്ന തണലുള്ള സ്ഥലങ്ങള്‍ ഇതിന്‍റെ കൃഷിക്കു അനുയോജ്യമല്ല. ചെങ്കുത്തായ സ്ഥലങ്ങള്‍, അടിയില്‍ കടുപ്പമേറിയ പാറയുള്ള സ്ഥലങ്ങള്‍ എന്നിവയും ഒഴിവാക്കേണ്ടതാണ്.

നടീല്‍

ചൂടുള്ളഉഷ്ണമേഖല കാലാവസ്ഥ ആവശ്യമുള്ള ഒരു സസ്യമായതിനാല്‍ ജലസേചന സൗകര്യമുണ്ടെങ്കില്‍ ഇത് ഏത് സീസണിലും നടാവുന്നതാണ് . എങ്കിലും നടുന്നതിന് ഏറ്റവും അനുയോജ്യം കാലവര്‍ഷാരംഭത്തോടെയാണ്(ഏപ്രില്‍,മെയ്‌ ).കൂടുതല്‍ വര്‍ഷപാതം ലഭിക്കുന്ന സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ മാസമാണ് നടീലിന് ഏറ്റവും അനുയോജ്യം .
മരങ്ങള്‍ തമ്മിലുള്ള ഇടയകലം നിശ്ചയിക്കുന്നത് കൃഷി ചെയ്യുന്ന ഇനത്തിന്‍റെ ശാഖയുടെ വളര്‍ച്ചാരീതി, മണ്ണിന്‍റെ ഫലപുഷ്ടി, ഇടവിളകൃഷി എന്നിവയുടെ അടിസ്ഥാനത്തിലാണ്.കൂടുതല്‍ പടര്‍ന്നു പന്തലിക്കുന്ന ഇനങ്ങള്‍ക്ക് കൂടുതല്‍ ഇടയകലവും വളര്‍ച്ചാനിരക്ക് കുറഞ്ഞവയ്ക്ക് ഇടയകലം കുറച്ചും കൊടുക്കാം. അതുപോലെഫലപുഷ്ടി കൂടിയ മണ്ണില്‍ ഇടയകലം കുറച്ചും കൊടുക്കേണ്ടതാണ്.ഇടവിള കൃഷിചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ കൂടുതല്‍ ഇടയകലം ആവശ്യമാണ്‌.

മേല്‍പറഞ്ഞ മാനദണ്ഡങ്ങളുടെഅടിസ്ഥാനത്തില്‍ 7 – 8 മീ. ഇടയകലത്തില്‍ ചതുഷ്കോണ രീതിയില്‍ (Square system) സപ്പോട്ടതൈകള്‍ നടാവുന്നതാണ്>

സപ്പോട്ട നടുന്ന രീതി

60 സെ.മീ നീളവും വീതിയും ആഴവുമുള്ള സമചതുര കുഴികളാണ് സപ്പോട്ട നടുന്നതിന് ആവശ്യം.

വിവിധ കാലാവസ്ഥകള്‍ക്കും പ്രദേശങ്ങള്‍ക്കും അനുയോജ്യമായ ഒരു വിളയാണ് സപ്പോട്ട. മഴ നന്നായി ലഭിക്കുന്നതും ചൂടും ഈര്‍പ്പവും കലര്‍ന്ന ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഏറ്റവും അനുയോജ്യം. അന്തരീക്ഷ ഉഷ്മാവ് 11 ഡിഗ്രി സെല്‍ഷ്യസിനും 34 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ളതും ആപേക്ഷിക ആര്‍ദ്രത 70 ശതമാനത്തിനു മുകളിലുള്ളതും വാര്‍ഷിക വര്‍ഷപാതം 225 സെ.മീ മുതല്‍ 375 സെ.മീ വരെയുള്ളതും സമുദ്രനിരപ്പില്‍ നിന്നും 1000 മീറ്റര്‍വരെ ഉയരത്തിലുള്ളതുമായ പ്രദേശങ്ങള്‍ സപ്പോട്ടകൃഷിക്ക് അനുയോജ്യമാണ്. അന്തരീക്ഷ ഊഷ്മാവ് 43 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലായാല്‍ അത് ചെടിയുടെ വളര്‍ച്ചയെ ബാധിക്കുകയും പൂവ്, കായ്‌ എന്നിവ അധികമായി കൊഴിഞ്ഞുപോകാന്‍ ഇടയാക്കുകയും ചെയ്യും.
വൈവിധ്യങ്ങളായ മണ്ണുകളില്‍ വളരുന്ന ഒരു വിളയാണ് സപ്പോട്ട. താഴ്ചയുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണാണ് സപ്പോട്ടയ്ക്ക് അനുയോജ്യം. നദിക്കരയിലെ മണ്ണ് , മണല്‍കലര്‍ന്ന എക്കല്‍മണ്ണ്, ചുവന്ന വെട്ടുകല്‍മണ്ണ് , മിതമായ കറുത്ത പശിമരാശി മണ്ണ് എന്നിവ സപ്പോട്ടയ്ക്ക് അനുയോജ്യമാണ്. ഒരു മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍മണ്ണുള്ള പ്രദേശങ്ങളാണ് സപ്പോട്ട കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത് .അടിയില്‍ കട്ടിയുള്ള ഉറച്ചപാറ , ഒട്ടിപ്പിടിക്കുന്ന കളിമണ്ണ്, ചുണ്ണാമ്പ് കലര്‍ന്ന മണ്ണ് ഇവയിലേതെങ്കിലുമുള്ള സ്ഥലങ്ങള്‍ സപ്പോട്ടകൃഷിക്ക് അനുയോജ്യമല്ല. ഭൌമജലനിരപ്പ് ഉയര്‍ന്നതോ കൂടെക്കൂടെ വ്യത്യാസപ്പെടുന്നതോ ആകരുത്. ഇത് 3 മീറ്ററില്‍ താഴെ നില്‍ക്കുന്ന സ്ഥലങ്ങളാണ് അഭികാമ്യം. ജലനിരപ്പ്‌ അധികം ഉയര്‍ന്നതായാല്‍ അത് മരത്തിന്‍റെ വേരുപടലത്തിന്‍റെ വളര്‍ച്ച,കാര്യക്ഷമത എന്നിവയെ ബാധിക്കും.

സപ്പോട്ടയില്‍ അടങ്ങിയ ചില സംയുക്തങ്ങള്‍ കാന്‍സറിനെതിരെ പോരാടാന്‍ കോശങ്ങളെ സഹായിക്കുമെന്നാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. സപ്പോട്ട പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി കാന്‍സര്‍ രോഗത്തെ ചെറുക്കാമെന്നും രോഗം കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാമെന്നും ഗവേഷകര്‍ പറയുന്നു.

സപ്പോട്ടയിലടങ്ങിയ ചില ഘടകങ്ങള്‍ കാന്‍സര്‍ ബാധിച്ച സെല്ലുകള്‍ നശിപ്പിക്കുന്നതിന് സഹായിക്കുന്നെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ലുക്കീമിയ, ബ്രസ്റ്റ് കാന്‍സര്‍, ഒവേറിയന്‍ കാന്‍സര്‍, ശ്വാസകോശ കാന്‍സര്‍ തുടങ്ങിയ കാന്‍സറുകളിലെല്ലാം കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതില്‍ സപ്പോട്ടയിലടങ്ങിയ ചില സംയുക്തങ്ങള്‍ സഹായകമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയിന്‍സിലെ ഗവേഷകരും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇന്‍ഫര്‍മാറ്റിക്സ് ആന്റ് അപ്ളൈഡ് ബയോ ടെക്നോളജിയിലെ ഗവേഷകരും ചേര്‍ന്നാണ് പഠനം നടത്തിയത്. സയിന്റിഫ്ക് റിപ്പോര്‍ട്ട്സ് മാഗസിനില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒരു മില്ല്യണ്‍ കാന്‍സര്‍ കേസുകളാണ് ഓരോ വര്‍ഷവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇരുപത് വര്‍ഷം കൊണ്ട് ഇത് ഇരട്ടിയായി ഉയരുമെന്നാണ് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ നടത്തിയ പഠനത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തക്കാളി

തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിലും താപനിലയും ഫലത്തിന്റെ ഉത്പാദനത്തേയും പോഷകമൂല്യത്തേയും വര്‍ണരൂപവത്കരണത്തേയും വളരെയധികം സ്വാധീനിക്കാറുണ്ട്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. തക്കാളി ഏതാനും വര്‍ഷം വരെ വളരുന്ന ചിരസ്ഥായി സസ്യമാണെങ്കിലും കൃഷിചെയ്യുമ്പോള്‍ വാര്‍ഷികസസ്യമായിട്ടാണ് വളര്‍ത്തി വരുന്നത്. നല്ലനീര്‍വാര്‍ച്ചയും വളക്കൂറും ഉളള മണ്ണാണ് തക്കാളികൃഷിക്കു പറ്റിയത്. പുളിരസമുളള മണ്ണ് അത്ര നന്നല്ല. പുളിമണ്ണില്‍ വളരുന്ന തക്കാളിക്ക് ബാക്ടീരിയമൂലമുണ്ടാകുന്ന വാട്ടം പിടിപെടാനുളള സാധ്യത കൂടുതലാണ്.

മണലും കളിമണ്ണും കലര്‍ന്ന പശിമരാശി മണ്ണാണ് തക്കാളി കൃഷി ചെയ്യാന്‍ അനുയോജ്യം. വര്‍ഷത്തില്‍ രണ്ടുതവണ കൃഷിയിറക്കുന്നു. ശരത്‌വര്‍ഷകാല വിളകള്‍ക്കായി ജൂണ്‍-ജൂലൈ മാസങ്ങളിലും, വസന്തകാലവേനല്‍ക്കാല വിളകള്‍ക്കായി നവംബര്‍ മാസത്തിലും വിത്തുവിതയ്ക്കുന്നു. ഒരു ഹെ. സ്ഥലത്തേക്ക് 400 ഗ്രാം വിത്ത് ആവശ്യമാണ്. ഒരു ഗ്രാം വിത്തില്‍ ഏതാണ്ട് 300 വിത്തുകളുണ്ടായിരിക്കും. വിത്തുപാകി മുളപ്പിച്ച തക്കാളിത്തൈകല്‍ ഉപയോഗിച്ചണ് കൃഷി നടത്തുന്നത്. തൈകള്‍ കുറച്ചുമതിയെങ്കില്‍ ചട്ടിയില്‍ മുളപ്പിക്കാം. കൂടുതല്‍ തൈകള്‍ വേണമെന്നുണ്ടെങ്കില്‍ ഉയര്‍ന്ന തടങ്ങളില്‍ ചാണകപ്പൊടി ചേര്‍ത്തിളക്കിയ സ്ഥലത്ത് വിത്തുപാകണം. വിത്തുപാകി കിളിര്‍ത്ത് ഒരുമാസം കഴിയുമ്പോള്‍ തൈകള്‍ നടാന്‍ പാകമാകും. തക്കാളിത്തൈകളുടെ തണ്ടിന് നല്ല ബലം ഉണ്ടായതിനുശേഷമേ പറിച്ചുനടാവൂ.

വെളളം കെട്ടിക്കിടക്കാത്ത സ്ഥലത്ത് എഴുപത്തഞ്ച് സെന്റീമീറ്റര്‍ അകലത്തില്‍ ചാലുകള്‍ എടുത്തുവേണം തൈകള്‍ നടാന്‍. തൈകള്‍ തമ്മില്‍ അറുപത് സെന്റീമീറ്റര്‍ അകലമാകാം. തൈ നടുന്നതിനു മുമ്പ് ഒരു സെന്റിന് 325ഗ്രാം യൂറിയ 875 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ് 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചെര്‍ക്കണം. തൈ നട്ട് ഒരുമാസം കഴിയുമ്പോള്‍ 165 ഗ്രാം യൂറിയ 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ക്കണം. തൈനട്ട് ഒരുമാസം കഴിയുമ്പോള്‍165 ഗ്രാം യൂറിയ 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ മേല്‍വളമായി നല്‍കാം.

തൈകള്‍ അന്തരീക്ഷാവസ്ഥയില്‍ തുറസ്സായി വളര്‍ത്തുകയും ഇടയ്ക്കിടെ ജലസേചനം നടത്താതിരിക്കുകയും ചെയ്താല്‍ തണ്ട് ബലമുള്ളതായിത്തീരും. തൈകള്‍ പറിച്ചുനടുമ്പോഴും നടീലിനു ശേഷവും വളരെ വേഗം ആഗിരണം ചെയ്യാനാകുന്ന സസ്യപോഷകങ്ങള്‍ നല്കണം. നൈട്രജന്‍, ഫോസ്ഫറസ് വളങ്ങള്‍ മണ്ണില്‍ ചേര്‍ക്കുന്നതും നേര്‍ത്ത ലായനി ഇലകളില്‍ തളിക്കുന്നതും തൈകള്‍ക്ക് ഗുണകരമാണ്. ക്രമമായ രീതിയിലുള്ള ജലസേചനം തക്കാളിക്കൃഷിക്ക് അനിവാര്യമാണ്. ഇടയ്ക്കിടെ ഇടയിളക്കുകയും കളകള്‍ നീക്കം ചെയ്യുകയും ചെയ്യണം. മണ്ണിലെ ഈര്‍പ്പം നഷ്ടപ്പെടാതിരിക്കുന്നതിനും രോഗനിയന്ത്രണത്തിനും കളനിയന്ത്രണത്തിനും ആദായകരമായ കായ്ഫലം ലഭിക്കുന്നതിനും ഫലത്തിന്റെ മേന്മ വര്‍ദ്ധിക്കുന്നതിനും മണ്ണില്‍ വയ്‌ക്കോലോ അതുപോലുള്ള പദാര്‍ഥങ്ങളോ കൊണ്ട് ആവരണമിടുന്നത് നന്നായിരിക്കും.

തക്കാളിക്കുണ്ടാകുന്ന പ്രധാന രോഗം ബാക്ടീരിയല്‍ വാട്ടമാണ്. നിലമൊരുക്കുമ്പോള്‍ മണ്ണില്‍ കുറച്ചു കുമ്മായം ചേര്‍ക്കണം. വാട്ടത്തെ ചെറുക്കാന്‍ കഴുവുളള ‘ശക്തി’ എന്ന ഇനം തക്കാളിയാണ് കൃഷിക്ക് നല്ലത്. പുഴുകുത്തിയ കായ്കള്‍ നശിപ്പിച്ചുകളയണം. വേരുചീയല്‍, ഫലം ചീയല്‍, പലവിധ കുമിളു രോഗങ്ങള്‍ എന്നിവ തക്കാളിയെ ബാധിക്കാറുണ്ട്. പുകയില മൊസേക്ക് വൈറസ്, ഇലച്ചുരുള്‍ വൈറസ് തുടങ്ങിയവയും രോഗങ്ങളുണ്ടാക്കുന്ന വിവിധയിനം കീടങ്ങളും തക്കാളിച്ചെടിക്കു ഭീഷണിയായിത്തീരാറുണ്ട്. കായ്തുരപ്പന്‍ പുഴുവിന്റെ ഉപദ്രവം കണ്ടു തുടങ്ങിയാല്‍ മീനെണ്ണ കലര്‍ത്തിയ സോപ്പുലായനി തളിച്ചാല്‍ ഒരുപരിധി വരെ നിയന്ത്രിച്ചുനിര്‍ത്താം.

മാതളം

ഉറുമാൻപഴം എന്നും അറിയപ്പെടുന്ന മാതളനാരകം

ഭക്ഷ്യയോഗ്യമായ ഒരു പഴമുണ്ടാകുന്ന ചെടിയാണ്.(ശാസ്ത്രീയനാമം: Punica granatum).

റുമാൻ പഴം എന്നും പേരുണ്ട്. (ഉറു-മാമ്പഴം)

മഹാരാഷ്ട്രയിലും ഗുജറാത്തിലുംഉത്തർപ്രദേശിലും ഇത് വാണിജ്യവിളയായി കൃഷി ചെയ്തു വരുന്നു. കേരളത്തിൽ മാതളം വർഷം മുഴുവനും പൂക്കാറുണ്ടെങ്കിലും സാധാരണ വർഷകാലത്താണ് കൂടുതൽ പൂക്കുന്നത്.

മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം കേടുകൂടാതിരിക്കുന്ന ഒന്നാണ് മാതളം. സംസ്‌കൃതത്തിൽ ഡാഡിമം എന്നും ഹിന്ദിയിൽ അനാർ എന്നും അറിയപ്പെടുന്നു.അഫ്‌ഗാനിസ്ഥാൻ, പാകിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന മേഖലയാണ്‌ മാതളത്തിന്റെ ജന്മസ്ഥലം.

പൂണികേഷ്യേ എന്ന കുടുംബപ്പേര്‌ പൂണികർ അഥവാ ഫിനീഷ്യരിൽ നിന്ന് ലഭിച്ചതഅണ്‌. മാതള നാരകം ഉത്ഭവിച്ചത് ഹിമാലയത്തിനും ഈജിപ്തിനും ഇടയിലുള്ള പ്രദേശത്താണെന്ന് കരുതപ്പെടുന്നു.[1]

ഇറാഖിലെ ഉറ് എന്ന പ്രാചീന നഗരത്തിൽ നിന്ന് വന്നതെന്ന അർത്ഥത്തിൽ ഉറു മാമ്പഴം എന്ന് വിളിക്കുന്നു. അറബിയിൽ ഇത് റുമാൻ പഴമാണ്. [2] അക്‌ബർ ചക്രവർത്തി തൻറെ നൃത്തസദസ്സിൽ ഒരു നാടോടി നർത്തകിയെ കാണുകയും അവളെ “അനാർകലി” എന്നു വിളിക്കുകയും ചെയ്‌തു. ഹിന്ദിയിൽ അനാർകലി എന്ന പദത്തിന് മാതളപ്പൂമൊട്ട് എന്നാണർഥം. അക്കാലങ്ങളിൽ കാബൂളിൽ നിന്നും മാതളം വ്യാപാരത്തിനായി ദില്ലിയിലേക്ക് കൊണ്ടുവന്നിരുന്നു.

അഞ്ച് മീറ്റർ വരെ ഉയരത്തിൽ ഈ ചെടി വളരുന്നു. താഴെ നിന്നുതന്നെ ശിഖരങ്ങൾ പൊട്ടുന്ന സ്വഭാവം ഇതിനുണ്ട്. ഇലകളുടെ ഉപരിതലം മിനുസവും തിളക്കവും ഉള്ളതാണ്. ചെറുശാഖകളുടെ അഗ്രഭാഗത്ത് ഒന്നു മുതൽ അഞ്ചു വരെ പൂക്കൾ കാണപ്പെടുന്നു. പൂക്കൾ വലുതും ആകർഷം നിറഞ്ഞതുമാൺ. ഫലങ്ങൾ തവിട്ടു കലർന്ന ചുവന്ന നിറത്തിലായിരിക്കും. മാതളപ്പഴത്തിനു തുകൽ പോലെ കട്ടിയുള്ള തൊലിയാണുള്ളത്. ഫലത്തിനുള്ളിൽ വിത്തുകൾ നിറഞ്ഞിരിക്കുന്നു. വിത്തുകൾ രസകരമായ പൾപ്പുകൊണ്ട് മൂടിയിരിക്കുകയും ഈ പൾപ്പാണ് ആഹാരയോഗ്യമായ ഭാഗം. ഇന്ത്യയിൽ സാധാരണ കാണാറുള്ളത് രണ്ടിനങ്ങളാണ്-വെളുത്തതും ചുവന്നതും. വെളുത്ത ഇനത്തിൻറെ കുരുവിൻ കടുപ്പം കുറയും. നീരിനു കൂടുതൽ മധുരവും. പുളിപ്പ് കൂടുതലുള്ള ഒരു ഇനം മാതളം ഹിമവൽ സാനുക്കളിൽ വളരുന്നുണ്ട്. ഇതിന്റ്റെ കുരു ഉണക്കി പുളിക്ക് പകരം ഉപയോഗിച്ചു വരുന്നു.[3] തൊലി, കായ്, ഇല, പൂവ് എല്ലാം തന്നെ ഔഷധയോഗ്യഭാഗങ്ങളാണ്. ഉദരവിര ശമിപ്പിക്കുകയും ദഹനശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തളർച്ചയും വെള്ളദ്ദാഹവും ശമിപ്പിക്കും. ശുക്ലവർദ്ധനകരമാണ്. ഔഷധ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ്‌ മാതളം അഥവാ ഉറുമാമ്പഴം. പുരാതന ഭാരതത്തിലെ ആയുർവേദാചാര്യൻമാർ മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. യൂനാനിവൈദ്യത്തിൽ ഇത്‌ ആമാശയവീക്കവും ഹൃദയസംബന്ധമായ വേദനയും മാറ്റാൻ ഉപയോഗിച്ചു പോന്നിട്ടുണ്ട്‌. ശരീരത്തെ മാതളം നന്നായി തണുപ്പിക്കും. കൃമിശല്യം കൊണ്ടുണ്ടാകുന്ന ചൊറിച്ചിൽ മാറാൻ മാതളത്തോട്‌ കറുപ്പ്‌ നിറമാകുന്നതു വരെ വറുത്ത ശേഷം പൊടിച്ച്‌ എണ്ണയിൽ കുഴച്ച്‌ പുരട്ടുന്നത്‌ ഫലപ്രദമാണ്‌. മാതളം കഴിക്കുന്നതിലൂടെ ഗർഭിണികളിലെ ശർദിലും വിളർച്ചയും ഒരു പരിധി വരെ മാറ്റാം.മാതളത്തിന്റെ കുരുക്കൾ പാലിൽ അരച്ച്‌ കുഴമ്പാക്കി സേവിക്കുന്നത്‌ കിഡ്നിയിലും മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ ലയിപ്പിച്ച്‌ കളയാൻ സഹായിക്കുമെന്ന്‌ കരുതപ്പെടുന്നു. മാതളത്തിലുള്ള നീരോക്സീകാരികൾ കോശങ്ങളുടെ നശീകരണം തടയുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും. ക്ഷയരോഗത്തിനെതിരെ പ്രതിരോധം പകരാൻ ഇതിനുള്ള കഴിവ്‌ തെളിഞ്ഞിട്ടുണ്ട്‌. മാതളമൊട്ട്‌ അരച്ച്‌ തേനിൽ സേവിക്കുന്നത്‌ കഫത്തിനും ചുമക്കുമെതിരെ ഫലവത്താണ്‌. മാതളത്തിന്റെ തോട്‌ നന്നായി ഉണക്കിപ്പൊടിച്ച്‌ കുരുമിളകു പൊടിയും ഉപ്പും ചേർത്ത്‌ പല്ല്‌ തേക്കാനും ഉപയോഗിക്കുന്നു. ഇത്‌ ദന്തക്ഷയം തടയാനും മോണയിലെ രക്‌തസ്രാവം നിറുത്താനും മോണയെ ബലപ്പെടുത്താനുമൊക്കെ സഹായകരമാണ്‌. വേരിന്റെ തൊലി ഉപയോഗിച്ചുണ്ടാകുന്ന കഷായം വായിൽ കൊള്ളുക വഴി തൊണ്ടയിലെ അസ്വാസ്ഥ്യം അകറ്റാം. കായ് തുരപ്പൻ, തണ്ടു തുരപ്പൻ എന്നിവയാൺ മാതളത്തിൻറെ പ്രധാന ശത്രുക്കൾ. കടലാസു സഞ്ചികൾ ഉണ്ടാക്കി നേരത്തെ കായ്കളെ പൊതിഞ്ഞു കെട്ടിയാൽ കായ് തുരപ്പൻറെ ശല്യത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയും.

പേരക്ക

സിഡിയം ജനുസിൽപ്പെട്ട സസ്യങ്ങളെയാണ് പേര എന്ന് പറയുന്നത്. ഭക്ഷ്യയോഗ്യമായ ഇതിന്റെ ഫലംപേരക്കകൊയ്യാക്ക എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇതിൽ 100-ഓളം ഉഷ്ണമേഖലാ കുറ്റിച്ചെടികളും മരങ്ങളും ഉൾപ്പെടുന്നു. മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക,കരീബിയന്റെ ഭാഗങ്ങൾ, വടക്കേ അമേരിക്കയുടെ ഭാഗങ്ങൾ എന്നീ സ്ഥലങ്ങളാണ് പേരയുടെ സ്വദേശം. ഇന്ന് ഉഷണമേഖലയിൽ മിക്കയിടങ്ങളിലും ഉപോഷ്ണമേഖലയിൽ ചിലയിടങ്ങളിലും പേര കൃഷി ചെയ്യപ്പെടുന്നു. ഏറ്റവുമധികം കാണപ്പെടുന്നതും പേര എന്ന് പൊതുവെ വിളിക്കപ്പെടുന്നതുമായ സ്പീഷിസ് ആപ്പിൾ പേരയാണ് (സിഡിയം ഗുജാവ). പോർത്തുഗീസ് പദമായ പേര (Pera ) (Pear) എന്നതിൽ നിന്നാണിത് രൂപമെടുത്തത്. [1] വൈറ്റമിൻ എ, ബി, സി എന്നിവയും ഇരുമ്പ്, ഫൊസ്ഫറസ്, കാൽസ്യം എന്നിവയും അടങ്ങിയിരിക്കുന്നു. മുലപ്പാൽ വർധിപ്പിക്കും, ദഹനേന്ദ്രിയങ്ങൾക്ക് നല്ലതാണ്. ഹൃദയത്തിനും നല്ലതാണ്.

ചെറി

മാംസളമായ ഒരു ഫലമാണ് ചെറി. കാഠിന്യമുള്ള, ഒരുവിത്ത് മാത്രമേ ഇതിലുള്ളൂ. റോസാസിയേസ് കുടുംബത്തിലാണ് ഇതിന്റെ സസ്യം ഉൾപ്പെടുന്നത്. ചെറി എന്ന വാക്ക് വന്നത് ഫ്രഞ്ച് പദമായ സെറെസ് എന്ന പദത്തിൽ നിന്നുമാണ്‌. ഈ വാക്ക് ലാറ്റിൻ പദമായ സെറാസസ്,സെറാസം എന്ന പദത്തിൽ നിന്നുമാണ്‌. ചെറി പഴങ്ങളില്‍ മെലാറ്റിനിന്റെ അളവ് സാധാരണയിലും കുടുതലാണത്രെ. ചെറിപഴം ഉറക്കമില്ലായ്മക്ക് പരിഹാരമാകുമെന്നതിനാല്‍ ഇതില്‍ നിന്നും ക്യാപ്സൂളുകള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. ഉറക്കത്തിനായി ഉപയോഗിക്കുന്ന മരുന്നുകള്‍ പൊണ്ണത്തടിക്കും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുമെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ പുതിയ കണ്ടെത്തലിന് ഏറെ പ്രാധാന്യമുണ്ട്.

ഒരു നല്ല ഉറക്കം കഴിഞ്ഞെഴുനേല്‍ക്കുമ്പോ നമുക്ക് ഉന്മേഷം അനുഭവപ്പെടാറില്ലേ!. നമ്മുടെ മസ്തിഷ്കത്തിന്റെ പുനഃപ്രവര്‍ത്തനം നടക്കുന്നതാണത്രെ ഇതിന് കാരണം. ഉറങ്ങുമ്പോള്‍ മസ്തിഷ്കം കമ്പ്യൂട്ടര്‍ റീസെറ്റ് ചെയ്യുംവിധം അല്‍പം വിശ്രമിച്ച് പുനഃപ്രവര്‍ത്തനം ആരംഭിക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഉറക്കത്തിനിടെ സ്മൃതികോശങ്ങളില്‍ പതിഞ്ഞ അലോസരചിന്തകളെയും ആകുലതകളെയും വെടിഞ്ഞ് മസ്തിഷ്കം സ്വയം ശുദ്ധീകരിക്കുന്നു. വിസ്കോണ്‍സിന്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ജൂലിയോ ടോണോണിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് പഠനം.

അതിനാല്‍ ഓരോ വ്യക്തിയും ആവശ്യമായ അളവില്‍ നന്നായി ഉറങ്ങാന്‍ ശ്രമിക്കണമെന്നാണ് ഗവേഷകനും മനഃശാസ്ത്രജ്ഞനും കൂടിയായ ജൂലിയോയുടെ നിര്‍ദേശം. എലികള്‍, മനുഷ്യര്‍, മുയലുകള്‍ എന്നിങ്ങനെ വിവിധ ജീവികളില്‍ കമ്പ്യൂട്ടര്‍ സ്റ്റിമുലേഷനുകള്‍ വഴി നടത്തിയ പഠന ഗവേഷണത്തിന് നേതൃത്വം നല്‍കിയശേഷമാണ് ഈ കണ്ടെത്തലുകളെന്ന് ജൂലിയോ വ്യക്തമാക്കുന്നു. വേണ്ടത്ര സമയം ഉറങ്ങാത്തവരില്‍ മസ്തിഷ്കം പുനഃസജ്ജമാകാനിടയില്ലെന്നും ഇതിന്റെ ഫലമായി ഉന്മേഷരാഹിത്യവും ഓര്‍മക്കുറവുമുണ്ടാകുന്നുവെന്നും പഠനത്തിലുണ്ട്. അതേസമയം നല്ല ഉറക്കം നമ്മുടെ മസ്തിഷ്കത്തെ സദാ പ്രവര്‍ത്തന സജ്ജമാക്കും.

മാമ്പഴം

മാവ് എന്ന വൃക്ഷം നൽകുന്ന ഫലം ആണ്‌ മാങ്ങ അഥവാ മാമ്പഴം. പഴങ്ങളിലെ രാജാവാണ് മാങ്ങ എന്ന് പറയാറുണ്ട്. മാങ്ങകളിലെ തന്നെ ഏറ്റവും പ്രസിദ്ധമായത് കിങ്ങ് അൽഫോൺസോ എന്ന മാമ്പഴമാണ്. ഏഷ്യൻ രാജ്യങ്ങളിലാണ്‌ മാവ് സാധാരണയായി കാണപ്പെടുന്നത്. അതിൽ തന്നെ ഇന്ത്യയിലാണ്‌ ലോകത്തിൽ ഏറ്റവും കൂടുതൽ മാവ് കൃഷി ചെയ്യുന്നത്. ഇന്ത്യയുടെ ദേശീയ ഫലമാണ് മാങ്ങ[1]. ഇന്ത്യയെ കൂടാതെ പാകിസ്താന്റെയും ദേശീയ ഫലമാണ്‌ മാങ്ങ.മൊത്തം മാങ്ങ ഉത്പാദനത്തിന്റെ 80 ശതമാനത്തിലേറേ ഇന്ത്യയുടെ സംഭാവനയാണ്‌.കേരളത്തിൽ മാവ് കൃഷി വ്യാപകമല്ലെങ്കിലും, തമിഴ്നാട്ടിലും കർണ്ണാടകത്തിലും ബീഹാറിലും വളരെയധികം കൃഷി ചെയ്യപ്പെടുന്നുണ്ട്. പഴുക്കാത്ത മാങ്ങ ചേർത്ത് കൂട്ടാനുകളും അച്ചാറുകളും പാകം ചെയ്യുന്നു. പഴുത്ത മാങ്ങ ചേർത്തുണ്ടാക്കുന്ന മാമ്പഴപ്പുളിശ്ശേരിയും മലയാളികൾക്ക് പ്രിയങ്കരമാണ്‌. മാമ്പഴം വളരെ സ്വാദുള്ള ഭക്ഷണമാണ്‌. 18 നൂറ്റാണ്ടിനു മുൻപ് കേരളം സന്ദർശിച്ചിട്ടുള്ള വിദേശസഞ്ചാരികൾ പലരും മാമ്പഴത്തെ ലോകത്തിലെ ഏറ്റവും സ്വാദുള്ള ഫലമായി പുകഴ്ത്തിയിട്ടുണ്ട്. മാമ്പഴവും മാങ്ങയുടെ അച്ചാറുകളും ധാരാളം, കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. മാങ്ങ ഒരു അമ്രകം (Drupe)ആണ്‌. വിവിധ ഇനം മാങ്ങക്ക് വലിപ്പവും ആകൃതിയും നിറവും വ്യത്യാസപ്പെട്ടിരിക്കും. സാധാരണ 4 മുതൽ 12 സെ.മീ. വരെ വ്യാസം ഉള്ള മാങ്ങകൾ ഉണ്ട്. 25 സെ.മീ. വരെ വലിപ്പമുള്ളതും തീരെ ചെറുതുമായ അപൂർ‌വ്വം ഇനങ്ങളും ഉണ്ട്. ആകൃതി ഓവോയ്ഡ് ഒബ്ലോങ്ങ് (ovoid oblong) തിര്യക്കായി ഒബ്ലോങ്ങ്(obliquely oblong) ജ്വാലാമുഖം(pyriform) അണ്ഡാകൃതി (sub ovoid) ഗോളം(round) മടങ്ങിയത്(obtuse) എന്നങ്ങനെ വിവിധ തരത്തിലാണ്‌. ഇളം മാങ്ങയുടെ അഥവാ കണ്ണിമാങ്ങയുടെ പുറം കാമ്പിന്‌ പുളി രുചി താരതമ്യേന മൂത്തതിനെ അപേക്ഷിച്ച് കുറവായിരിക്കും. ഇതിനുള്ളിൽ കുരു പാകമായിട്ടുണ്ടാവില്ല. തൊലിക്ക് ഇളം പച്ച നിറവും ആയിരിക്കും. എന്നാൽ മൂപ്പെത്തുന്നതോടെ നിറം കടുത്തതാകുകയും രുചി കൂടുതൽ പുളിപ്പുള്ളതാവുകയും ഉള്ളിലെ കുരു അഥവാ അണ്ടിയുടെ തോടിന്‌ കാഠിന്യമേറുകയും ചെയ്യുന്നു. ഈ അണ്ടി പരന്ന് തകിട് രൂപത്തിലാണ്‌ കാണുക. ഇതിനെ (Endocarp) സ്റ്റോൺ എന്നാണ്‌ പറയുക. പുറം തോടിലായി ധാരാളം നാരുകൾ ഉണ്ടായിരിക്കും ഇത് പഴുക്കുന്നതോടെ കൂടുതൽ പ്രബലമായി കാണപ്പെടുന്നു. ചില ഇനങ്ങൾക്ക് നാരുകൾ ഉണ്ടാവാറില്ല. ചിലതിൽ ദശയിലേക്ക് പടർന്നു കയറിയ നിലയിൽ കാണുന്നു. 1-2 മി.മീ കനമുള്ള ഈ പുറം തോടിനുള്ളിൽ 4-7 സെ.മീ നീളവും 3-4 സെ.മീ. വീതിയും ഉള്ള വിത്ത് കാണപ്പെടുന്നു. ഇതിനു ചുറ്റും നേർത്ത കടലാസു പോലെ ഒരു പടലം (ബീജാവരണം testa) ആവരണം ചെയ്തിരിക്കും. പഴുത്ത മാങ്ങയുടെ തൊലി കയ്പോ ചവർപ്പോ ഉള്ളതായിരിക്കും. ഇവ പഴുക്കുന്നതിനു മുന്ന് ഭക്ഷ്യയോഗ്യമാണെങ്കിലും പഴുത്തശേഷം ഉപയോഗ്യമല്ല. തൊലിയുടെ നിറം മഞ്ഞ കലർന്ന പച്ചനിറം മുതൽ ചുവപ്പ് കലർന്ന ഓറഞ്ച് നിറം വരെ കാണാറുണ്ട്. [7] എന്നാൽ ഇത് ഒരോ ഇനത്തിലും വ്യത്യസ്തമായിരിക്കും. കൂടുതൽ നിറം ലഭിക്കുന്നത് വെയിൽ കൊള്ളുന്നയിടത്തും നിറം കുറവ് തണലേക്കുന്ന ഭാഗത്തുമായിരിക്കും. വ്യത്യസ്ത സ്വഭാവങ്ങളോടും ഗുണങ്ങളോടും കൂടിയ ആയിരത്തിലേറേ മാവു ജാതികൾ ഇന്ത്യയിൽ മാത്രം കൃഷി ചെയ്യപ്പെടുന്നുണ്ട്. മാങ്ങക്ക്/മാവിന്‌ പേര് നൽകുന്നതിൽ മാമ്പഴപപ്രിയരുടെ ഭാവനാ സമൃദ്ധി പ്രത്യേകം കാണാം. ആളുകളൂടേയും ഉദ്യോഗത്തിന്റേയും സ്ഥലത്തിന്റേയും തുടങ്ങി ആകൃതി, നിറം, വലിപ്പം എന്നീ സവിശേഷതകളും പേരിടലിന്‌ കാരണമായി കാണാം.

 • ആളുകളുടെ പേർ ഉള്ള മാങ്ങകൾ: ആലി പസന്ത്, അബ്ബാസി, ഇമാം പസന്ത്, മുണ്ടപ്പ, അയ്യപ്പഷെട്ടി തുടങ്ങിയവ
 • സ്ഥാനപ്പേർ: ബിഷപ്പ്, മഹാരാജ്, കലക്റ്റർ, ജെയിലർ, നവാബ് തുടങ്ങിയവ
 • ചരിത്രപുരുഷന്മാരുടെ സ്മരണക്ക്: ശിവജീ പസന്ത്, ഷാജഹാൻ, ജഹാംഗീർ, നൂർജഹൻ തുടങ്ങിയവ
 • കാല്പനിക ആശയങ്ങൾ: ദിൻ പസന്ത്, ഖുദാദാദ്, മനോരഞ്ചൻ, മല്ലിക തുടങ്ങിയവ
 • സ്ഥലപ്പേരുകൾ: ആലമ്പൂർ ബനിഷൻ, ബങ്കനപ്പള്ളി, കൽക്കത്ത, ബാരമാസി, സേലം,കുറ്റ്യാട്ടൂർ തുടങ്ങിയവ
 • പഴത്തിന്റെ നിറം: സുവർണ്ണരേഖ, യരാമൽഗോവ, സഫ്രാൻ, സർദാലു, സിന്ദൂരിയ
 • പഴത്തിന്റെ ആകൃതി: ഗുണ്ടു, ഗുമ്മഡി ഗണ്ണേരു, തോട്ടാപൂരി, കരേളിയ, ലാഡു തുടങ്ങിയവ
 • പഴത്തിന്റെ വലിപ്പം: ജാമ്പലു, പെദ്ദ്മമ്മിഡി, പെദ്ദ സുവർണ്ണരേഖ, ഹാംലെറ്റ്, ചിന്നരസം തുടങ്ങിയവ
 • രൂപം: മുക്കുരസം, ഞാറ്റികുഴിയൻ, തുപ്പാക്കിമടിയം തുടങ്ങിയവ
 • രുചി: സീതാഫൽഗോവ, അതിമധുരം, പഞ്ചദാരകലസ, മൽഗോവ, മിത്‌വാ തുടങ്ങിയവ
 • വാസന: കൊത്തപ്പള്ളികൊബ്ബാരി, തെണ്ണേരു, നൂനെപസന്ത്, തുടങ്ങിയവ
 • സാമ്യം: നീലം (നീലക്കല്ല്) മച്ച്ലി.
 • പഴുക്കുന്ന കാലം: ഭാദൂരിയ, കൈത്‌കി, മൂവാണ്ടൻ തുടങ്ങിയവ
 • കായ്ക്കുന്ന സ്വഭാവം: ബാരഹ്‌മാസിയ, ദോഫൂൽ

ഇത് കൂടാതെ പല കർഷകരും പുതിയ ഇനങ്ങൾ സങ്കരപ്പെടുത്തുന്നവരും അവരുടെ ഭാവനക്കനുസരിച്ച് പേരുകൾ വയ്ക്കാറുണ്ട്. ഒരു സംസ്ഥാനത്തു നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് പോകുമ്പോൾ പലപ്പോഴും പേര് മാറുന്നതായും കാണാം. അൽഫോൺസോ എന്ന മാങ്ങ മഹാരാഷ്ട്രയിൽ അപ്പസ് എന്നും കർണ്ണാടകത്തിൽ ബദാമി എന്നും അറിയപ്പെടുന്നതും പീറ്റർ എന്ന് മുംബൈയിൽ വിളിക്കുന്ന ഇനം തമിഴിൽ ഗുണ്ടു എന്നും നടുസാലൈ എന്നും മറ്റും അറിയപ്പെടുന്നത് ഇതിന് ഉദാഹരണമാണ്‌.

പ്രിയമേറും കാ‍ന്താരി

ഭക്ഷണത്തിന് എരിവും  രുചിയും നല്‍കുന്നതില്‍ കാ‍ന്താരി തന്നെ പ്രിയങ്കരം . ആരോഗ്യത്തിനു ഹാനികരമാല്ലാത്ത്തതും കൊളസ്ട്രോളിനെ ചെറുക്കുന്നതുമായ കാ‍ന്താരി അടുക്കള തോട്ടങ്ങളുടെ പ്രിയ സന്തതിയാണ് .ഉണക്കിപ്പൊടിച്ചും ഉപ്പിലിട്ടും അച്ചാറിട്ടും ഇവ ദീര്‍ഘകാലം സൂക്ഷിച്ചുവയ്ക്കാവുന്നതുമാണ്. ഇടവിളയായും പ്രധാന വിളയായും കൃഷി ചെയ്യാം .പഴുത്ത് പാകമായ കായ്കളില്‍ നിന്നും വിത്തുശേഖരിച്ച് ചട്ടിയിലോ തവാരണകളിലോ പാകി കിളിര്‍പ്പിച്ച് തൈകള്‍ നാലില പരുവമാകുമ്പോള്‍ കൃഷിയിടത്തിലേക്ക് മാറ്റി നടേണ്ടതാണ്. കൃഷിയിടത്തില്‍ 45 സെന്‍റീമീറ്റര്‍ വിസ്തൃതിയില്‍ തടമെടുത്ത് ജൈവവളം  ചേര്‍ത്ത് കൊടുക്കേണ്ടതാണ്. തടങ്ങള്‍ തമ്മിലും ചെടികള്‍ തമ്മിലും 75സെന്‍റിമീറ്റര്‍ അകലം പാലിക്കേണ്ടതാണ്. നട്ട് ഒരു മാസം കഴിയുമ്പോള്‍ കളയെടുത്ത് ചാണകം കുഴമ്പാക്കി ഒഴിച്ചുകൊടുക്കേണ്ടതാണ്. ഉയര്‍ന്ന വിളവിന് പച്ചക്കറി മിശ്രിതം 50 ഗ്രാം വീതം ഓരോ മാസവും ജൈവവളം രണ്ടാഴ്ചിലൊരിക്കലും നല്കാവുന്നതാണ്.

സാധാരണ മുളകില്‍ കണ്ടുവരുന്ന ഇലപ്പേന്‍, മുഞ്ഞ, മണ്ഡരി എന്നിവയുടെ ആക്രമണത്തെ ഒരു പരിധിവരെ ചെറുത്തു നില്ക്കാനുള്ള കഴിവ് കാന്താരിമുളകിനുണ്ട്. കീടനിയന്ത്രണത്തിനായി കഴിവതും ജൈവകീടനാശിനി ഉപയോഗിക്കുന്നതാണ് നല്ലത്.

നട്ട് രണ്ടു മാസത്തിനകം ചെടികള്‍ പുഷ്പിക്കാന്‍ തുടങ്ങും. മൂന്നു മാസംമുതല്‍ രണ്ടാഴ്ചയിടവേളയില്‍ ഓരോ വിളവെടുപ്പിലും ഒരു ചെടിയില്‍ നിന്നും 100-200 ഗ്രാം വരെ വിളവു ലഭിക്കും. ഒരുസെന്‍റ് സ്ഥലത്ത് 70 ചെടികള്‍ നടാവുന്നതാണ്. ഒരു ചെടിയില്‍ നിന്നും വര്‍ഷം ഏകദേശം 2-3 കിലോഗ്രാം വരെ വിളവു ലഭിക്കും.

റംബൂട്ടാന്‍

ജന്മം കൊണ്ട് വിദേശിയാണ്‌ എങ്കിലും കേരളം ഇരു കൈയും നീട്ടി സ്വീകരിച്ച ഒരു ഫലമാണ് റംബൂട്ടാന്‍. മലേഷ്യയിലെയും ഇന്തോനെശ്യയിലെയും മഴക്കാടുകളില്‍ ആണ് സാധാരണ ഈ ഫലം കാണുന്നത് റംബുട്ടാന്‍ കൃഷിചെയ്യാന്‍ ഏറ്റവും യോജിച്ചത് മലേഷ്യയിലെ ‘കിങ്’ ഇനമാണ്. ചുവപ്പു പുറംതൊലിയുള്ള ഇവയുടെ പഴത്തിന് അമ്പതു ഗ്രാമിലധികം തൂക്കമുണ്ടാകും. വിത്തില്‍നിന്ന് നന്നായി ഇളകിപ്പോരുന്ന മാംസളഭാഗത്തിന് മാധുര്യമേറും. മികച്ച മാതൃവൃക്ഷത്തില്‍നിന്ന് കമ്പുകളിലെ മുകുളങ്ങള്‍ ശേഖരിച്ച് ബഡ്ഡുചെയ്‌തെടുത്ത തൈകള്‍ നട്ടുവളര്‍ത്താം. ധാരാളം ശാഖകള്‍ വളരുന്ന പതിവും ബഡ്ഡ് തൈകള്‍ക്കുണ്ട്. തോട്ടമടിസ്ഥാനത്തില്‍ കൃഷിചെയ്യുമ്പോള്‍ തൈകള്‍ തമ്മില്‍ എട്ടുമീറ്റര്‍ അകലം നല്‍കണം. അരമീറ്റര്‍ താഴ്ചയുള്ള കുഴികള്‍ തയ്യാറാക്കി അഞ്ചുകിലോ ഉണക്കിപ്പൊടിച്ച ചാണകം, ഒരുകിലോ എല്ലുപൊടി, അരക്കിലോ വേപ്പിന്‍ പിണ്ണാക്ക് എന്നിവ അടിസ്ഥാനമായി നല്‍കി തടംമൂടി മുകളില്‍ ചെറുകുഴികള്‍ എടുത്ത് കൂടകള്‍ നീക്കം ചെയ്ത തൈകള്‍ നടാം.ചുവടുറപ്പിച്ച് കമ്പുകള്‍ നാട്ടി കെട്ടിക്കൊടുക്കുകയും ചുവടുഭാഗത്ത് വെള്ളം കെട്ടിക്കിടക്കാതെ വാര്‍ന്നുപോകാന്‍ സൗകര്യമൊരുക്കുകയും വേണം. മൂന്നുവര്‍ഷം പരിചരണം നല്‍കിയാല്‍ ബഡ്ഡ് തൈകള്‍ ഫലം തന്നുതുടങ്ങും. ഉത്പാദനസ്ഥിരത കൈവരിച്ച ഒരു കിങ് റംബുട്ടാനില്‍നിന്ന് അമ്പതു കിലോയോളം പഴം ലഭിക്കും. ജൂണ്‍ ആഗസ്റ്റ്‌ മാസങ്ങളില്‍ ആണ് ഇവ ഫലം നല്‍കുന്നത്  പഴങ്ങള്‍ക്ക് നൂറ്റിയമ്പതു രൂപ ആണ് വില .

അടുക്കള തോട്ടത്തില്‍ വെണ്ട

എളുപ്പം കൃഷി ചെയ്യാനും പാകം ചെയ്യാനും സാധിക്കുന്ന വേണ്ട ഏതൊരു അടുക്കള തോട്ടതിലെയും പ്രധാന സസ്യമാണ് . മാംസ്യവും കൊഴുപ്പും ധാരാളം അടങ്ങിയ വേണ്ട കുട്ടികള്‍ക്ക് ഏറെ പ്രിയമാണ് . സാധാരണയായി സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലും വേനല്‍ക്കാല വിളയായി ജനവരി-ഫിബ്രവരി മാസങ്ങളിലുമാണ് വെണ്ട കൃഷി ചെയ്യാറ്. എന്നാല്‍ ആനക്കൊമ്പന്‍ എന്ന ഇനം മെയ് അവസാനവും ജൂണ്‍ ആദ്യവുമായി നട്ടുവളര്‍ത്താറുണ്ട്.സുസ്തിര, കിരണ്‍ , സല്‍ക്കീര്ത്തി , അരുണ തുടങ്ങിയവ പല ഇനം വേണ്ടകള്‍ ആണ് .അര്‍ക്ക, അനാമിക, വര്‍ഷ, ഉപഹാര്‍, അര്‍ക്ക അഭയ, അഞ്ജിത എന്നിവമാണ് സങ്കരയിനങ്ങളില്‍ പെടുന്നവയാണ് . കൃഷിയിടം നന്നായി കിളച്ച് മണ്ണ് ഉണക്കി ചപ്പിലകള്‍ കത്തിച്ച് ചാരവുമായി മണ്ണ് നന്നായി കൂട്ടിയിളക്കണം. ഇത് വരമ്പ് രൂപത്തിലോ കുനകൂട്ടി തടമാക്കിയോ വാരമെടുക്കാം. വിത്ത് നടുന്നതിന് 15 ദിവസം മുമ്പ് സെന്റിന് 3 കിലോഗ്രാം കുമ്മായം ചേര്‍ത്തിളക്കുന്നത് മണ്ണിലെ അമ്ലത്വം കുറയ്ക്കാനും ജൈവവളങ്ങള്‍ വളരെ വേഗം വിളകള്‍ക്ക് വലിച്ചെടുക്കാനും കാരണമാകും.  5 കിലോ വേപ്പിന്‍ പിണ്ണാക്കും ചേര്‍ക്കണം.

അമ്പത് കിലോ ഉണക്ക ചാണകമോ, മണ്ണിര കമ്പോസ്റ്റോ പത്ത് ഗ്രാം ട്രൈക്കോഡര്‍മയുമായി ചേര്‍ത്ത് കലര്‍ത്തി തണലില്‍ ഉണക്കിയതിന് ശേഷം അടിവളമായി മണ്ണില്‍ ചേര്‍ക്കാം. 20 കിലോ കോഴികാഷ്ടം ചാണകപ്പൊടിക്ക് പകരമായി മണ്ണില്‍ ചേര്‍ക്കാവുന്നതാണ്.

ഒരു സെന്റിന് 30-40 ഗ്രാം വിത്ത് വേണ്ടിവരും. ഓരോ ചെടികള്‍ തമ്മിലും രണ്ടടിയെങ്കിലും അകലമുണ്ടാവണം. ഒരു സെന്റില്‍ പരമാവധി 200 ചെടികള്‍ നടാം. പത്ത് ഗ്രാം സ്യൂഡോമോണസ് വിത്തുമായി കൂട്ടിക്കലര്‍ത്തി വിത്ത് പരിചരിച്ചശേഷം നടണം. വിത്ത് നട്ടതിന് ശേഷം മണ്ണില്‍ ആവശ്യത്തിന് നനവ് ഉണ്ടായിരിക്കണം. വൈകീട്ട് ഒരു നേരം നനച്ചുകൊടുക്കണം.

ചാണകവെള്ളമോ, ബയോഗ്യാസ് സ്ലറിയോ ഒരു ലിറ്റര്‍ അഞ്ച് ലിറ്റര്‍ വെള്ളവുമായി ചേര്‍ത്ത് നേര്‍പ്പിച്ച് മേല്‍ വളമായി നല്‍കാം. അല്ലെങ്കില്‍ ഗോമൂത്രമോ വെര്‍മി വാഷോ രണ്ട് ലിറ്റര്‍ പത്തിരട്ടി വെള്ളവുമായി ചേര്‍ത്തതും മേല്‍വളമാക്കാം. സെന്റിന് 10 കിലോഗ്രാം മണ്ണിര കമ്പോസ്റ്റോ, കോഴിവളമോ അല്ലെങ്കില്‍ കടലപ്പിണ്ണാക്ക് ഒരു കിലോ പുതര്‍ത്തി 20 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയോ ചെടിയ്ക്ക് മേല്‍വളമാക്കി നല്‍കാം.

അത്യാവശ്യത്തിന് നനവ് ഓരോ വാരത്തിലും നിലനിര്‍ത്തണം. പാഴ് ചെടികള്‍ കൊണ്ടോ ശീമക്കൊന്ന ഇല കൊണ്ടോ പുതയിട്ടു കൊടുക്കുന്നത് കളകള്‍ വരാതിരിക്കാനും മണ്ണില്‍ നനവ് നിലനിര്‍ത്താനും സഹായിക്കും. മഴക്കാലത്താണ്  വെണ്ട കൃഷിയിറക്കുന്നത് എങ്കില്‍ ഇടയ്ക്ക് കളപറിച്ചുകൊടുക്കുകയും മണ്ണ് കൂട്ടിക്കൊടുക്കുകയും ചെയ്യണം. വേനല്‍ക്കാലത്ത് ചെടികള്‍ക്ക് ഓരോ ദിവസവും ഇടവിട്ട് നനയ്‌ക്കേണ്ടതാണ്. മൊസൈക്ക് രോഗമാണ് പ്രധാന വില്ലന്‍ . ഇലകളില്‍ മഞ്ഞ നിറം വരികയും ഞരമ്പുകള്‍ തടിക്കുകയും ചെയ്യുന്ന ലക്ഷണം കണ്ടാല്‍ ചെടി പറിച്ചു നശിപ്പിച്ചു കളയണം . വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം രണ്ടു ശതമാനം വീര്യത്തില്‍ തളിച്ചുകൊടുക്കാം.

ഇന്ദ്ര നീലം പോല്‍ ബ്ലൂ വാന്‍ഡ

ഉദ്യാനത്തിലെ ഇന്ദ്ര നീലമായി ബ്ലൂ വാന്‍ഡ. ഏറെ കാലം വാടാതെ നില്‍ക്കുന്ന ഈ പൂക്കള്‍ ആരാമത്തിലെ നീല രത്നം . ഒരു കമ്പായി മുകളിലേക്ക് വളരുന്ന ഇവയില്‍ വലിയ പൂക്കള്‍ ആണ് ഉണ്ടാകുന്നത് . കട്ടിയുള്ള അല്പം നീണ്ട ഇലകള്‍ ആണ് . വളരെ സാവധാനമാണ്‌ വളരുന്നത്‌ . മരത്തില്‍ കയറും ചകിരിയും വച്ച്  കെട്ടിയോ മരക്കരി നിറച്ച തൂക്കു  ചട്ടികളിലോ ഒക്കെയാണ് ഇവ നടുന്നത് . നമ്മുടെ നാട്ടില്‍ മാത്രമല്ല 2500 മുതല്‍ 4000 അടി വരെ ഉയരമുള്ള ഹിമാലയത്തിലും ഇവ വളരുന്നു . ഓര്‍ക്കിഡ് വിഭാഗത്തില്‍ പെടുന്ന ഈ പുഷ്പം പുഷ്പ പ്രേമികള്‍ ഒരു അഹങ്കാരമായി കണ്ടു വളര്‍ത്തുന്നുണ്ട് . കളക്ടെഴ്സ് ചോയ്സ് എന്ന പേരും ഇതിനുണ്ട് . തണുപ്പ് സാരമാക്കാതെ ആണ് വളര്‍ച്ച . ഏറെ വെള്ളവും ആവശ്യമില്ല . ഒരു പൂങ്കുലയില്‍ 10 മുതല്‍ 15 വരെ പൂക്കള്‍ കാണും . ചെടി ഒന്നേകാല്‍ മീറ്റര്‍ വരെ വളരും . അല്പം പ്രിയം തണുപ്പിനോടാണ് എങ്കില്‍ കൂടിയും സൂര്യ പ്രകാശം നിര്‍ബന്ധമാണ്‌ . കുമിള്‍ ശല്യമാണ് ഒരു പ്രധാന പ്രശ്നം . ഇന്‍ഡോഫില്‍ എം 45′ ഉപയോഗിച്ച് കുമിള്‍ രോഗം തടയാം

മാലാഖമാരുടെ കുറുംകുഴല്‍

മാലാഖമാരുടെ കുറുംകുഴല്‍ അഥവാ ഏഞ്ചലസ് ട്രംപെറ്റ് എന്ന പുഷ്പം ഇന്ന് ഉദ്യാനങ്ങളില്‍ പരിചിതമാണ് . കുലകളിലായി വലിയ പൂക്കള്‍ ചെടി നിറയെ തൂങ്ങിക്കിടക്കും . മഞ്ഞ, വെള്ള, പിങ്ക്, ഓറഞ്ച്, ചുവപ്പ് തുടങ്ങി പല നിറങ്ങളില്‍ പൂക്കളുള്ള ഇനങ്ങളുണ്ട്. നല്ല സുഗന്ധമുള്ളവയാണ് പൂക്കള്‍. അടുക്കുള്ളതും ഇല്ലാത്തതുമായ ഇതളുകളുള്ള ഇനങ്ങളും ഇക്കൂട്ടത്തിലുണ്ട്. പൂക്കള്‍ക്ക് 14 മുതല്‍ 50 സെ.മീ. വരെ നീളം കാണും. വളക്കൂറുള്ള മണ്ണും നല്ല സൂര്യ പ്രകാശവും നീര്‍ വാര്ച്ചയും വേണം . തണ്ട് മുറിച്ചാണ് ചെടി നടുന്നത് . വരള്‍ച്ച തീരെ ഇഷ്ടമല്ലാത്ത ഇത് നടാന്‍ ചാണകപ്പൊടിയും മണ്ണും മണലും ചേര്‍ത്താണ് ഉപയോഗിക്കുന്നത് . പുല്‍തകിടിയോടും ഗെറ്റിനോടും ഒക്കെ ചേര്‍ന്നാണ് ഈ പുഷ്പം കൂടുതലായി നടുന്നത് .

സ്വര്‍ണ പൂക്കളുമായി  കനേഡിയന്‍ കൊന്ന

സ്വര്‍ണ പൂക്കളുമായി ആരാമ വിരുന്നൊരുക്കി കനേഡിയന്‍ കൊന്ന . വിഷുവിനോട് അനുബന്ധിച്ച് നാടന്‍ കൊന്നകള്‍ പൂക്കുന്നതിനോട് അനുബന്ധിച്ച് കനേഡിയന്‍ കൊന്നയും പൂക്കും . എന്നാല്‍ വിഷുക്കാലം അല്ലെങ്കിലും കനേഡിയന്‍ കൊന്നകള്‍ പൂക്കും . സീസണ്‍ അല്ലെങ്കിലും ഇവ കനക വിരുന്നൊരുക്കും . ചെറുസസ്യമായി വളരുന്ന ഇവയ്ക്ക് താഴേക്ക് തൂങ്ങിയ ശാഖകളും ചെറിയ ഇലകളുമാണ് ഉണ്ടാവുക. കണിക്കൊന്നയുടെ ചെറിയ പതിപ്പ്. ശാഖാഗ്രങ്ങളിലും ഇലഞെട്ടുകളിലും ചെറിയ മഞ്ഞപ്പൂക്കള്‍ കൂട്ടമായിക്കാണുന്നു. യഥാര്‍ത്ഥ കൊന്നയുടെ അത്ര നിറവും സൗന്ദര്യവും ഇല്ലങ്കിലും കനേഡിയന്‍ കൊന്നകള്‍ക്കും ഭംഗിയുണ്ട് .കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയും നീര്‍വാര്‍ച്ചയുള്ള മണ്ണുമാണ് ഇവയുടെ വളര്‍ച്ചയ്ക്ക് യോജിച്ചത്. വീട്ടുമുറ്റങ്ങളിലും പൂന്തോട്ടങ്ങളിലുമൊക്കെ വളര്‍ത്താം. കാര്യമായ പരിചരണമൊന്നും ആവശ്യവുമില്ല.
വേനല്‍ അധികമായാല്‍ പരിമിതമായി ജലസേചനം നല്‍കണം. കനേഡിയന്‍ കൊന്നയുടെ വിത്തുകള്‍ പാകിമുളപ്പിച്ച തൈകളാണ് നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത്. ചെറു കുഴികളെടുത്ത് ജൈവവളങ്ങള്‍ ചേര്‍ത്ത് ഇവ നടാം. മഴ ലഭിക്കുന്നില്ലെങ്കില്‍ നേരിയ ജലസേചനവുമാകാം. വളര്‍ന്നുവരുന്ന തൈകളുടെ മുകള്‍ ഭാഗം മുറിച്ച് ധാരാളം ശാഖകള്‍ വളരാന്‍ അനുവദിച്ചാല്‍ ഭംഗിയേറും.വെറും മൂന്നു വര്ഷം മതി കനേഡിയന്‍ കൊന്നകള്‍ പൂവിടാന്‍ .

യൂഫോര്‍ബിയ

ഉദ്യാനത്തിന് അലങ്കാരമായി യൂഫോര്‍ബിയ . കുറ്റിച്ചെടി പോലെ ചെറിയ ഉയരത്തില്‍ വളരുന്ന മാംസളമായ തണ്ടോടും മുള്ളുകളോടും കൂടി വിവിധ വര്‍ണത്തില്‍ ഉള്ള പൂക്കളാണ് യൂഫോര്ബിയയില്‍ . ഓറഞ്ചു , പിങ്ക് , മഞ്ഞ , ഓറഞ്ചു കലര്‍ന്ന പച്ച , മഞ്ഞ കലര്‍ന്ന പച്ച , ചുവപ്പ് , തുടങ്ങിയ വിവിധ വര്‍ണങ്ങളില്‍ ആണ് പൂക്കള്‍ . യേശുവിന്റെ കുരിശു മരണത്തിന്റെ സമയത്ത് ഈ പൂക്കളുടെ കിരീടമാണ് വച്ചത് എന്ന് വിശ്വസിക്കുന്നു . എന്തായാലും ഈ പുഷ്പം കാന്‍സര്‍ ഉണ്ടാക്കുമെന്ന പ്രചാരണത്തെ തുടര്‍ന്ന് ഈ ആരാമ സുന്ദരിയെ വെട്ടി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് . ക്രൈസ്റ്റ് പ്ലാന്റ്, ക്രൈസ്റ്റ് തോണ്‍ എന്നും പേരുകളുണ്ട്. തണ്ട് മുറിച്ചുനട്ട് പുതിയ ചെടി വളര്‍ത്താം. നല്ല മൂര്‍ച്ചയുള്ള കത്തിയോ ബ്ലെയിഡോ കൊണ്ട് വളരുന്ന അഗ്രഭാഗം 3-4 ഇഞ്ച് നീളത്തില്‍ മുറിച്ച് മുറിവായ് വെള്ളത്തില്‍ മുക്കി കറചാട്ടം തടഞ്ഞ് ഒരു ദിവസം ഉണങ്ങാന്‍ അനുവദിക്കുക. തുടര്‍ന്ന് നേരിയ നനവുള്ള മണലും ഇലപ്പൊടിയും കലര്‍ത്തിയ മിശ്രിതത്തില്‍ കുത്തിയാല്‍ ആറാഴ്ചകൊണ്ട് വേരുപിടിക്കും. മണല്‍, മണ്ണ്, ചാണകപ്പൊടി, ഇലപ്പൊടി, എല്ലുപൊടി എന്നീ കൂട്ടുകള്‍ കലര്‍ത്തിയ പോട്ടിങ് മിശ്രിതമാണ് ചെടിവളര്‍ച്ചയ്ക്ക് നല്ലത്.

എല്ലാകാലത്തും ഉത്പാദനം യാഥാര്‍ത്ഥ്യമാക്കുന്ന ഗോതമ്പ് വികസിപ്പിച്ചു

പുതിയ ഗോതമ്പ് ജീനുകള്‍ വികസിപ്പിച്ചെടുത്തു .എല്ലാ കാലാവസ്ഥയിലും ഉത്പാദനം സാധ്യമാകുന്ന തരം ഗോതമ്പാണ് ഒരു കൂട്ടം ഗവേഷകര്‍ വികസിപ്പിച്ചത് .വി ആര്‍ എന്‍ – ഡി 4 എന്ന ഇനതില്‍പെട്ടതാണ് ഗോതമ്പ് . തണുത്ത കാലാവസ്ഥയിലും ഈ ഗോതമ്പ് ഉത്പാദനം നടത്തും . വിവിധ മേഖലകളില്‍ വ്യത്യസ്ത കാലാവസ്ഥകളില്‍ ഉദ്പാദനം നടത്തി സ്ഥിരീകരിച്ചതാണ് ഇത് . കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഒരു കൂട്ടം കാര്‍ഷിക ഗവേഷണ വിദ്യാര്‍ഥികള്‍ ആണ് ഇതിനു പിന്നില്‍ .കാസ്പിയന്‍ കടലിനോടു ചേര്‍ന്ന് ഏതാണ്ട് 8000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഗോതമ്പ് കൃഷി ആരംഭിച്ചത് .പിന്നീട് യൂറോപ്പിലും ഏഷ്യയിലും വ്യാപിച്ചു . ഇന്നിപ്പോള്‍ ലോകം മുഴുവന്‍ ഗോതമ്പ് കൃഷി ചെയ്യാനും ഉപയോഗിക്കാനും സാധിച്ചു . മാറി വരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് ഗോതമ്പ് ഉത്പാദനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കണ്ടു പിടിത്തം നടത്തിയതെന്ന് സര്‍വകലാശാല ഗവേഷണ സംഘം അറിയിച്ചു . കണ്ടുപിടുത്തം നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് ജേണലില്‍ രേഖപ്പെടുത്തിയിട്ടുണ്ട് .

കൂട്ടുപിടിക്കാം കാന്താരിയെ …

പോഷക സമൃദ്ധമായ കാന്താരിയെ അങ്ങനെ തള്ളിക്കളയണ്ട . കാന്താരിയുടെ എരിവ് നല്ലതാണ് . ഇത്തിരിക്കുഞ്ഞനാണ് എങ്കിലും ആളത്ര മോശമല്ല വീര്യതിലും ഗുണത്തിലും .കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടും . എരിവിനു കാരണം കാപ്‌സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാന ഘടകം കാപ്സിനോയിഡുകളാണ്.സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര്‍ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്. കാന്താരിയിലെ ‘ജീവകം സി’ ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ നിയന്ത്രിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാനും കഴിയും. ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും.

പൂപ്പരുത്തി വിസ്മയം

രാവിലെയും ഉച്ചക്കും വൈകുന്നേരവും വിവിധ നിറങ്ങളില്‍ കണ്ണിനു വര്ണക്കാഴ്ചയോരുക്കി പൂപ്പരുത്തി . ചെഞ്ചിംഗ് റോസ് എന്നും അറിയപ്പെടുന്നു .ശിഖരങ്ങളായി വളരുന്ന ഈ ചെടി ഏതാണ്ട് അഞ്ചുമീറ്റര്‍ വരെ ഉയരത്തില്‍ വളരും. തണുപ്പുകാലമായാല്‍ ചെടി ഇലകള്‍ പൊഴിക്കും. വേനലടുക്കുമ്പോള്‍ ചെടി തളിര്‍ത്ത് ഇലമൂടി നിറയും. പൂക്കള്‍ക്ക് ഒറ്റവരിയിതളോ ഇരട്ടവരിയിതളോ ആകാം. 4-6 ഇഞ്ച് വലിപ്പം കാണും.
വേനല്‍ക്കാലത്താണ് പൂവിരിയല്‍ കൂടുതല്‍. അന്തരീക്ഷത്തിലെ ഊഷ്മവ്യതിയാനമാണ് പൂവിന്റെ നിറംമാറ്റത്തിന് കാരണമെന്ന് കരുതുന്നു. മൂന്ന് വ്യത്യസ്ത വര്‍ണങ്ങളിലുള്ള പൂക്കള്‍ ഒരേസമയം ഈ ചെടിയില്‍ക്കാണാം. പൂത്തുകഴിയുമ്പോള്‍ ഗോളാകൃതിയില്‍ രോമാവൃതമായ ഒരു കായുണ്ടാകും.

നല്ലവെയിലത്തും തണല്‍ മാറിമാറി വരുന്ന സ്ഥലങ്ങളിലും ചെയ്ഞ്ചിങ് റോസ് വളരും. അധികശ്രദ്ധയൊന്നും വേണ്ട. കമ്പ് മുറിച്ചുനട്ടാണ് പുതിയ ചെടികള്‍ വളര്‍ത്തുക. മണലും ഇലപ്പൊടിയും കലര്‍ന്ന മിശ്രിതത്തില്‍ നട്ട് വേരുപിടിപ്പിച്ച് നിലത്തേക്ക് മാറ്റി നട്ടാലും മതിയാകും. വര്‍ഷം മുഴുവന്‍ ചെടിയില്‍ പൂക്കളുണ്ടാകും.

അല്പം വഴുതനക്കാര്യം

വഴുതന താരതമ്യേന വിലകുറഞ്ഞു എല്ലാ കാലത്തും ലഭിക്കുന്ന പച്ചക്കറിയാണ് . പച്ച നിറത്തിലും വയലറ്റ് നിറത്തിലും ബള്‍ബ്പോലെ കാണുന്ന ഇവ പോഷക സമ്പന്നമാണ് .ബ്രിന്‍ജാള്‍ എന്ന വഴുതിനയുടെ മുഖ്യകൃഷിക്കാലം മെയ്-ജൂണ്‍, സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളാണ്. മണ്ണും മണലും കലര്‍ത്തി വിത്ത് പാകി കാലിവളം ഇട്ട് തൈ മുളപ്പിക്കാം . നന്നായി വെയില്‍ കിട്ടുന്ന സ്ഥലത്താണ് വിത്ത് പാകേണ്ടത് . വെള്ളം കെട്ടി നില്‍ക്കാന്‍ പാടില്ല. വിത്ത് അധികം താഴ്ത്തി പാകരുത് .വിത്തിട്ടശേഷം ചെറിയതായി മണലിട്ടു നനച്ചാല്‍ മതിവിത്തിടും മുമ്പ് തന്നെ സ്യൂഡോമോണസ് 5-10 ഗ്രാം പച്ചവെള്ളത്തില്‍ കലക്കി നന്നായി തവാരണയിലൊഴിച്ചാല്‍ ചെടി ചീയില്ല.ഒരു മാസം കൊണ്ട് തൈകള്‍ പറിച്ചു നട്ടാല്‍ വളര്‍ച്ചയെത്തും.ഒരു ഹെക്ടറിലേക്ക് 370 ഗ്രാം മുതല്‍ 500 ഗ്രാം വരെ വിത്താവശ്യമാണ്.ചാണകം, കമ്പോസ്റ്റ്, ബര്‍മി വളം, വെര്‍മിസത്ത്, സ്യൂഡോമോണാസ്, ട്രൈക്കോഡര്‍മ ഇവ സ്ഥിരം ഉപയോഗിക്കണം. ഇടയ്ക്കിടയ്ക്ക് കീടാക്രമണം ഉണ്ടാകും .പുഴുക്കളെയും വണ്ടിനെയും പിടിച്ച് നശിപ്പിക്കുക. കാന്താരി മുളകരച്ച്, ഗോമൂത്രം, സോപ്പ്, പച്ചവെള്ളം ഇവ ചേര്‍ത്തിളക്കി തളിക്കുക.വഴുതിന തൈകള്‍ പിഴുതുനടുമ്പോള്‍ സ്യൂഡോമോണാസ് ലായനിയില്‍ തൈകള്‍ മുക്കിയശേഷം നടണം.

വിരിക്കാം പച്ചപ്പട്ട്

വീടിനും ഓഫീസിനും ഹരിതാഭ പകരാന്‍ പച്ചപ്പുല്ലിന്റെ പരവതാനി വിരിക്കാം . മെക്‌സിക്കന്‍, ബഫല്ലോ എന്നീ ഇനങ്ങളിലുള്ള പുല്ലുകള്‍ ആണ് പച്ചപ്പരവതാനി ഒരുക്കാന്‍ ഉപയോഗിക്കുന്നത് .വീട്ടുമുറ്റത്ത് പച്ചപ്പരവതാനിയൊരുക്കുമ്പോള്‍ നടപ്പാത, വാഹനങ്ങള്‍ക്ക് പോകുവാനുള്ള സൗകര്യം എന്നിവയ്ക്കനുസൃതമായി മുറ്റം ഡിസൈന്‍ ചെയ്യണം. നടപ്പാതകള്‍ നിര്‍മ്മിക്കുന്നതു വഴി പുല്‍ത്തകിടിക്ക് അലങ്കാരവും പുല്ലുകള്‍ക്ക് നാശം സംഭവിക്കാതെ സംരക്ഷിക്കുകയും ചെയ്യാം.പ്രകാശ ലഭ്യതയും പുല്ലുകളുടെ വളര്‍ച്ചക്ക് വളരെ അത്യാവശ്യമാണ്. കളകളും കുറ്റിച്ചെടികളും മാറ്റി നിലം കിളച്ച് നിരപ്പാക്കണം. വെള്ളക്കെട്ട് ഒഴിവാക്കിക്കൊണ്ട് വേണം നിലമൊരുക്കുവാന്‍. പുല്ല്‌നടുന്നതിന് മുന്‍പ് മണ്ണ് പരിശോധന നടത്തേണ്ടത് വളരെ അത്യവശ്യമാണ്.പുല്ല് നട്ടുകഴിഞ്ഞാല്‍ വേരുപിടിക്കുന്നതുവരെ രണ്ടുനേരവും നനയ്ക്കണം. രണ്ട് ആഴ്ചകൂടുമ്പോള്‍ കളകള്‍ നീക്കം ചെയ്യണം. മാസത്തിലൊരിക്കല്‍ പുല്ല് വെട്ടിനിര്‍ത്തേണ്ടതാണ്

ഓപ്പറേഷന്‍ അടുക്കള: ജൈവ പച്ചക്കറി കൃഷി

എറണാകുളം ജില്ല സമ്പൂര്‍ണ ജൈവകൃഷി യജ്ഞം ഓപ്പറേഷന്‍ അടുക്കളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജൈവകൃഷി പരിശീലനത്തിന് തുടക്കം. എറണാകുളം രാജേന്ദ്രമൈതാനിയില്‍ നടക്കുന്ന ജൈവപച്ചക്കറി മേളയുടെ ഭാഗമായാണ് ആദ്യ പരിശീലനം സംഘടിപ്പിച്ചത്. പച്ചക്കറി ഉല്‍പ്പാദനത്തിനൊപ്പം മുട്ടക്കോഴി വളര്‍ത്തല്‍, മല്‍സ്യോല്‍പ്പാദനം എന്നീ വിഷയങ്ങളിലും ക്ലാസുകള്‍ നടത്തി. ജൈവ കൃഷി നടത്തുന്നതിനാവശ്യമായ സാങ്കേതിക സഹായം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനാണ് പരിശീലനം. ഗ്രോബാഗ് മിശ്രിതം തയാറാക്കുന്ന വിധം, ഓരോ ദിവസത്തെയും കൃഷി പരിപാലന മുറകള്‍, ജൈവ വളങ്ങള്‍ തയാറാക്കുന്ന വിധം തുടങ്ങി സുരക്ഷിതവും വിഷരഹിതവുമായ കൃഷി രീതിക്ക് ആവശ്യമായ എല്ലാ വിവരങ്ങളെക്കുറിച്ചും വിദഗ്ധര്‍ ക്ലാസെടുത്തു. കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിദഗ്ധരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്. പച്ചക്കറി കൃഷിയെക്കുറിച്ച് കെവികെ മേധാവി ഡോ. ഷിനോജ് സുബ്രഹ്മണ്യം, ഷോജി ജോയി എഡിസണ്‍, എന്‍.വി. ദീപ്തി എന്നിവരും മത്സ്യകൃഷിയെക്കുറിച്ച് ഡോ. പി.എ. വികാസും മുട്ടക്കോഴി വളര്‍ത്തലിനെക്കുറിച്ച് ഡോ. സ്മിത ശിവദാസനും ക്ലാസെടുത്തു. ജൈവ കൃഷി രീതികളുടെ വിവരങ്ങടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബ്രോഷറും ക്ലാസില്‍ വിതരണം ചെയ്തു. ഓപ്പറേഷന്‍ അടുക്കളയുടെ ഭാഗമായുള്ള നൂറ് ദിന പരിപാടിയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. നൂറോളം പേര്‍ പങ്കെടുത്തു. തുടര്‍ പരിശീലന പരിപാടികള്‍ എല്ലാ മാസവും നടത്തുമെന്ന് കൃഷി വിജ്ഞാന്‍ കേന്ദ്രം അധികൃതര്‍ അറിയിച്ചു.

രാമച്ചകൃഷി

പെരുമ്പടപ്പില്‍ സ്റ്റേറ്റ് ഹോര്‍ട്ടി കള്‍ചര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കി വരുന്ന രാമച്ചകൃഷിക്ക് അപേക്ഷിക്കാം. ഒരു ഹെക്ടറിന് 16,000 രൂപ വീതമായി 10 ഹെക്ടര്‍ വരെ കൃഷി ചെയ്യുന്നതിന് സബ്‌സിഡി ലഭിക്കും. മണല്‍ കലര്‍ന്ന പ്രദേശം രാമച്ചകൃഷിക്ക് ഏറെ അനുയോജ്യമായതിനാല്‍ പെരുമ്പടപ്പ്, പൊന്നാനിയുടെ തീരമേഖല എന്നിവിടങ്ങളില്‍ രാമച്ചം വ്യാപകമായി കൃഷി ചെയ്തു വരുന്നു. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 19 പേര്‍ കൃഷി ചെയ്തു വിജയിച്ചു. കൃഷി ചെയ്യുന്നതിനു വേണ്ട നിര്‍ദേശങ്ങള്‍ കൃഷി ഓഫീസുകളില്‍ നിന്നും ലഭിക്കും. താത്പര്യമുള്ള കര്‍ഷകര്‍ക്ക് കൃഷി ഭവനുമായി ബന്ധപ്പെടാം.

മഴ : റബര്‍ തൈകള്‍ സൂക്ഷിക്കുക

മഴക്കാലം വന്നു .റബര്‍ തൈകളിലും മരങ്ങളിലും ഇനി കൂമ്പു ചീയലിന്റെ കാലമാണ് .ടാപ്പുചെയ്തുകൊണ്ടിരിക്കുന്ന മരങ്ങള്‍, തോട്ടത്തിലെ ചെറുതൈകള്‍, നഴ്സറിയിലെ തൈകള്‍ എന്നിവയുടെ എല്ലാം പച്ചനിറത്തിലുള്ള ഇളംഭാഗങ്ങളെ രോഗം ബാധിക്കുന്നു. ഇടവപ്പാതി ആരംഭിച്ച് അധികം താമസിയാതെ ഈ രോഗം പ്രത്യക്ഷപ്പെടുകയും മഴക്കാലം മുഴുവന്‍ രോഗാക്രമണം നിലനില്‍ക്കുകയും ചെയ്യും. കൂമ്പുചീയല്‍ രോഗം കാരണം തൈകളുടെ വളര്‍ച്ച മൂന്നുമുതല്‍ ആറുമാസംവരെ നഷ്ടപ്പെടുകയും ആ സ്ഥാനത്ത് ധാരാളം ശിഖരങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യും.തായ്തടിയുടെയും ശിഖരങ്ങളുടെയും ഏറ്റവും അഗ്രഭാഗത്തുള്ള മൃദുവായ ഭാഗങ്ങളെയും തളിരിലകളെയുമാണ് ഈ രോഗം ആദ്യമായി ബാധിക്കുന്നത്. തളിരിലകളുടെ അറ്റത്തും അരികുകളിലും നനഞ്ഞ പൊട്ടുകള്‍ പ്രത്യക്ഷപ്പെടുകയും ഒന്നുരണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ രോഗം ബാധിച്ച ഇലകള്‍ കറുത്ത നിറമായി വാടിപ്പോവുകയും ചെയ്യുന്നു. ക്രമേണ രോഗം ഇലഞെട്ടുകളെയും തുടര്‍ന്ന് തണ്ടിന്റെ മൃദുവായ അഗ്രഭാഗത്തെയും ബാധിക്കുകയും ആ ഭാഗങ്ങള്‍ ആദ്യം തവിട്ടുനിറമാവുകയും പിന്നീട് ചീഞ്ഞുപോവുകയും ചെയ്യുന്നു. രോഗാക്രമണത്തെ പ്രതിരോധിക്കാന്‍ കാലവര്‍ഷാരംഭത്തിന് തൊട്ടുമുമ്പ് തോട്ടത്തിലെ ടാപ്പ് ചെയ്തുകൊണ്ടിരിക്കുന്ന മരങ്ങള്‍ക്കും ചെറുതൈകള്‍ക്കും നഴ്സറിയിലെ തൈകള്‍ക്കും ഒരു ശതമാനംവീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കണം.

ചാമ്പ

ചാമ്പക്കായ്കള്‍ ഇഷ്ടമല്ലാത്ത മലയാളികള്‍ ഇല്ല . പേര് കേള്‍ക്കുമ്പോഴേ വായില്‍ വെള്ളമൂറും .തടികളില്‍ ഒറ്റക്കും കൂട്ടമായും ആണ് ചാമ്പ വളരുന്നത്‌ . വേനല്‍ കാലമാണ് നടാന്‍ അനുയോജ്യം . ഇടയ്ക്കു ജൈവ വളങ്ങള്‍ ചേര്‍ക്കാം .രോഗ കീടങ്ങള്‍ പൊതുവേ കുറവാണ് . പ്രായഭേദമന്യേ ആര്‍ക്കും എപ്പോഴും കഴിക്കാം .കമ്പുകളില്‍ വേര് പിടിപ്പിച്ചാണ് സാധാരണ നടുന്നത് . നഴ്സരികളില്‍ തയ്യുകളും ലഭ്യമാണ് .സൂര്യ പ്രകാശവും നീര്‍ വാര്ച്ചയും ഉള്ള മണ്ണാണ് കൃഷിക്ക് അനുയോജ്യം .. തൈകള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ കായ്പിടിച്ച് തുടങ്ങും. വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ പഴങ്ങള്‍ ലഭിക്കും

ആരാമ സുന്ദരി ഓര്‍ക്കിഡ്

 

ആരാമ സുന്ദരികളാണ് ഓര്‍ക്കിഡ് പൂക്കള്‍ . പൂക്കളുണ്ടാകുന്ന ചെടികളുടെ ഏറ്റവും വലിയ കൂട്ടമാണ്‌ ഓര്‍ക്കിഡ് . പല നിറത്തിലും വലിപ്പത്തിലും ആകൃതിയിലും തരത്തിലും ഓര്‍ക്കിഡുകള്‍ ലഭ്യമാണ് . അലങ്കാരത്തിനു വ്യാപകമായി ഉപയോഗിക്കുന്ന ഓര്‍ക്കിഡ് പൂക്കള്‍ക്ക് ഓരോന്നിനും ഓരോ വിലയാണ് .ഓര്‍ക്കിഡുകളില്‍ അറുനൂറിലേറെ ജനുസുകളും മുപ്പതിനായിരത്തിലേറെ സ്പീഷിസുകളും ഒരു ലക്ഷത്തിലേറെ സങ്കരയിനങ്ങളുമുണ്ട്. ദീര്‍ഘകാലം വാടാതിരിക്കാനുള്ള കഴിവുള്ളത് കൊണ്ട് ബൊക്കെ കളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്നു . ആകര്‍ഷണീയമായ ഇവക്കു നല്ല പരിചരണം ആവശ്യമാണ്‌ .എത്ര പരിമിതമായ സ്ഥലത്തും തൈകള്‍ വളര്‍ത്താം എന്നതാണ് പ്രത്യേകത .കിഴക്കോട്ടു ദര്‍ശനമായി വച്ചാല്‍ നല്ല എസൂര്യ പ്രകാശം ലഭിക്കും എന്നതിനാല്‍ ധാരാളം പൂക്കള്‍ ഉണ്ടാകും.മണ്ണുമായി നേരിട്ട് സമ്പര്‍ക്കം ഇല്ലെങ്കിലും ഓര്‍ക്കിഡുകള്‍ക്ക് കൃത്രിമമായി പോഷകങ്ങള്‍ നല്‍കി പരിപാലിക്കാം .ഗ്രീന്‍ കെയര്‍ ഹോര്‍മോണുകള്‍ ആണ് പരിപാലനത്തിന് ഉപയോഗിക്കുന്നത് . ഇത് സൂര്യന്‍ ഉദിക്കും മുന്‍പേ ചെടികളില്‍ സ്പ്രേ ചെയ്യണം . സൂര്യ പ്രകാശം തട്ടിക്കഴിഞ്ഞാല്‍ ഇവ ആവിയായി പോകും എന്നതിനാല്‍ ആണ് ഇത് . പ്രമുഖ നഗരങ്ങളിലെ കടകളില്‍ ഓര്‍ക്കിഡുകള്‍ ഉപയോഗിച്ച് നിര്‍മിച്ച അലങ്കാര വസ്തുക്കള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട് . സീസണുകളില്‍ പറയുന്ന വില കൊടുത്തു ആവശ്യക്കാര്‍ വാങ്ങും . ഉദ്യാനം സൌന്ദര്യം എന്നതിലുപരി നല്ലൊരു വരുമാനം കൂടിയാണ് ഓര്‍ക്കിഡ് കൃഷി.

ഉദ്യാനത്തിന് പരിമളമേകി കല്യാണ സൌഗന്ധികം

ഉദ്യാനത്തിന് പരിമളമേകി കല്യാണ സൌഗന്ധികം . പാഞ്ചാലിയെ മാദക ഗന്ധം മൂലം കൊതിപ്പിച്ച കല്യാണ സൌഗന്ധികം ഇന്ത്യയുടെ സ്വന്തം പുത്രിയാണ് . ഒരിക്കല്‍ നട്ടാല്‍ നിറയെ തഴച്ചുണ്ടാകുന്ന ഇവക്കു കാര്യമായ പരിപാലനവും ആവശ്യമില്ല . ചിറകു വിടര്‍ത്തിയ ശലഭാതോട് ഉപമിക്കാം ഇതിന്റെ ഇതളുകളെ . വേനല്‍ക്കാലം പകുതി കടന്നു തുടങ്ങിയാല്‍ കല്യാണ സൌഗന്ധികം പൂത്തു തുടങ്ങുകയായി .നീളമുള്ള തണ്ടിനറ്റത്താന് മനം മയക്കുന്ന വെളുത്ത പൂക്കള്‍ വിടരുക . ഒരു ദിവസം കൊണ്ട് കൊഴിഞ്ഞു വീഴുന്ന ഇവ രാത്രിയില്‍ വിടരാന്‍ തുടരുമ്പോള്‍ നനുത്ത ഗന്ധമാണ് മുറികളിലേക്ക് അരിചെത്തുക.ക്യൂബയുടെ ദേശീയ പുഷ്പം കൂടിയാണ് ലില്ലി എന്നും അറിയപ്പെടുന്ന ഇവ .വിത്തുകിഴങ്ങാണ് കുഴിച്ചിടുക . മണ്ണും മണലും കലര്‍ന്ന മിശ്രിതത്തില്‍ നട്ടാല്‍ മതി .പൂവില്‍ നിന്ന് വേര്‍തിരിക്കുന്ന തൈലം അത്തര്‍ നിര്‍മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നു

കാല്‍കിലോ തൂക്കമുള്ള സ്ട്രോബെറി

ലോകത്തെ വലിപ്പംകൂടിയതും ഏറ്റവും ഭാരമുള്ളതുമായ സ്‌ട്രോബറി ജപ്പാനില്‍ . കാല്‍ കിലോ തൂക്കവും 8 സെന്റിമീറ്റര്‍ ഉയരവും 12 സെന്റിമീറ്റര്‍ നീളവും 30 സെന്റിമീറ്റര്‍ ചുറ്റളവും ഉണ്ട് . ഫുകുവയിലെ കര്‍ഷകന്‍ കോജി നക്കവോയാണ് തന്റെ കൃഷിയിടത്തില്‍ നിന്ന് ഇത് ലഭിച്ചത് .ഒന്നിലധികം വിത്തുകള്‍ ഒന്നിച്ചുചേര്‍ന്ന് വളര്‍ന്നതാകാം ഈ അസാധാരണ വലിപ്പത്തിനു കാരണം . ‘അമാവു’ ഇനത്തില്‍പ്പെട്ട സ്ട്രോബെരിയാണ് ഇത് . 1983-ല്‍ ഇംഗ്ലൂണ്ടിലെ ജി.ആന്‍ഡേഴ്‌സണ്‍ എന്നയാള്‍ ഉത്പാദിപ്പിച്ച 231 ഗ്രാം തൂക്കമുള്ള സ്ട്രോബെരിയായിരുന്നു ഇതുവരെ റെക്കോര്‍ഡില്‍ മുന്നില്‍ . 30 വര്‍ഷത്തെ റെക്കോര്ഡ് ആണ് പുതിയ പഴം തിരുത്തിയത് .

മണ്ണിന്റെ പുളി മാറ്റാം

കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലെയും ഭൂരിഭാഗം മണ്ണും പുളിയുള്ളത് ആണ് .ഹൈഡ്രജന്‍ , അലുമിനിയം , എന്നിവ അധികമാകുന്നതും കാത്സ്യം തുടങ്ങിയ പോഷകങ്ങള്‍ ചെടികള്‍ക്ക് ലഭിക്കാതെ പോകുന്നതും പുളിയുള്ള മണ്ണിന്റെ ദോഷമാണ് .വായുസഞ്ചാരവും ജലനിര്‍ഗമനവും പുളി മണ്ണില്‍ കുറയും. രോഗകാരികളായ കുമിളുകളുടെ ആക്രമണവും താരതമ്യേന കൂടുതല്‍ ആണ് . പി.എച്ച്. 6.5-ല്‍ കുറയുന്ന അവസ്ഥയാണ് മണ്ണിലെ പുളി. കുമ്മായവസ്തുക്കള്‍ ചേര്‍ക്കുന്നതാണ് മണ്ണിലെ പുളി കളയുന്നതിനുള്ള ഏക മാര്‍ഗം. ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ പറ്റാത്ത രീതിയില്‍ മണ്ണിലടങ്ങിയിരിക്കുന്ന ധാതുപദാര്‍ഥങ്ങളെ ആഗിരണം ചെയ്യാന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരപ്പെടുത്താന്‍  കുമ്മായവസ്തുക്കള്‍ക്ക് കഴിവുണ്ട്. പുളിമണ്ണിലുള്ള കുമിളുകളുടെ പ്രവര്‍ത്തനം നിയന്ത്രിച്ച് സസ്യങ്ങളെ സംരക്ഷികുകയും വായു സഞ്ചാരം കൂട്ടുകയും ചെയ്യും .
ജൈവവസ്തുക്കളുടെ വിഘടനത്തെ സഹായിക്കുന്നതും അതുവഴി കൂടുതല്‍ നൈട്രജന്‍ സസ്യങ്ങള്‍ക്ക് ലഭ്യമാക്കും . പുളിമണ്ണിലെ ഇരുമ്പിന്റെ രാസപ്രവര്‍ത്തനം തടസ്സപ്പെടുത്തി ഫോസ്ഫറസ് പെട്ടെന്ന് ലഭ്യമാക്കും.മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ രണ്ടോ മൂന്നോ തവണകളായി കുമ്മായം ചേര്‍ക്കാം.
ചുണ്ണാമ്പുകല്ല്, കുമ്മായം, ഡോളമൈറ്റ് എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്ന കുമ്മായ വസ്തുക്കള്‍. മണ്ണില്‍ നനവുള്ളപ്പോള്‍ മാത്രമേ കുമ്മായം ചേര്‍ക്കാവൂ. കാലവര്‍ഷത്തിന്റെ അവസാനത്തിലോ തുലാവര്‍ഷത്തിന്റെ ആരംഭത്തിലോ ചേര്‍ക്കുന്നതാണ് ഉത്തമം.

കൃഷിചെയ്യാം തഴുതാമ

ഔഷധവും ഇലക്കറിയുമായ തഴുതാമ കൃഷിചെയ്യാം . ജീവിത ശൈലീ രോഗങ്ങളുടെ സ്വന്തം നാടായ കേരളത്തില്‍ പ്രമേഹത്തിന്റെ ഉത്തമ ഔഷധമായ തഴുതാമ തഴച്ചു വളരാന്‍ പറ്റിയ അന്തരീക്ഷവും സാഹചര്യവുമാണ് . കര്‍ക്കിടകമാസത്തില്‍ കഴിക്കേണ്ട ഒരു ഇലക്കറികൂടിയാണ് ഇത് . കാലത്തിന്റെ കുത്തൊഴുക്കില്‍ നിശേഷം മറന്നു പോയ താഴുതാംയെ വീണ്ടും പുനര്ജീവിപ്പിക്കാം .മൂത്രാശയരോഗങ്ങള്‍ക്കും വൃക്കരോഗങ്ങള്‍ക്കും ഉത്തമമാണ് .വൃക്ക രോഗങ്ങള്‍, അമിത വണ്ണം , മഞ്ഞപ്പിത്തം , കരള്‍ രോഗങ്ങള്‍ എന്നിവയ്ക്ക്  തഴുതാമയുടെ നീര് ഉപയോഗിക്കുന്നു . ശുദ്ധീകരണ ശേഷി ഉള്ളതിനാല്‍ സംസ്കൃതത്തില്‍ പുനര്‍നവ എന്ന് വിളിക്കുന്നു . കൃഷി ചെയ്യാന്‍ വളരെ എളുപ്പമുള്ള ഈ ഇലക്കറി ചാലുകളില്‍ ആണ് നടുന്നത് . ചാണകപ്പൊടിയാണ് മുഖ്യ വളം . മിതമായ നിരക്കില്‍ വെള്ളം നനച്ചാല്‍ മതി . ദിവസങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തഴച്ചു വളരും . തോരനായും , കറിയായും , ജ്യൂസായും പല ജ്യൂസുകള്‍ക്ക് ഒപ്പം ചേര്‍ത്തും തഴുതാമ ഉപയോഗിക്കാം .

കൃഷി ചെയ്യാം മഴക്കാലത്തും

വേനല്‍കാലത്ത്‌ മാത്രമല്ല മഴക്കാലത്തും പച്ചക്കറി കൃഷിചെയ്യാം . അല്പം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി . വെള്ളം അനാവശ്യമായി കെട്ടിക്കിടക്കുന്നത് പച്ചക്കറി കൃഷിയെ സാരമായി ബാധിക്കും എന്നതിനാല്‍ അവ ഒഴിവാക്കുക . പരമാവധി റെരസിലോ മറ്റോ കൃഷി ചെയ്യുന്നതും ഷീറ്റുകളും മറ്റും പന്തല്‍ കെട്ടി വെള്ളം കെട്ടി നില്‍ക്കുന്നത് തടഞ്ഞും കൃഷി ചെയ്യാം . പച്ചക്കറി കൃഷി ചെയ്യുമ്പോള്‍ തടത്തിന്റെ ബണ്ട് ശക്തമാക്കണം . നീര്‍ വാര്‍ച്ച ഇല്ലെങ്കില്‍ മണ്ണോലിച്ച് പോയി കൃഷി താറുമാറാകും. വെള്ളം കെട്ടി നിന്ന് ചെടി അഴുകാതിരിക്കാന്‍ ഒന്നരയടി യെങ്കിലും ഉയര്‍ത്തി വേണം കൃഷി ചെയ്യാന്‍ . കൃഷിക്ക് മുന്‍പ് മണ്ണ് പരിശോധിച്ച് കുമ്മായം ആവശ്യമുണ്ട് എങ്കില്‍ ആവശ്യമുള്ള അളവില്‍ ചേര്‍ക്കണം . ചെറിയ വിളകള്‍ ആയ തക്കാളി , മുളക് വഴുതന ,തുടങ്ങിയവ പോളിത്തീന്‍ ബാഗുകളില്‍ നടാം . മറ്റു ചെടികള്‍ (പയര്‍ വെണ്ട) മുതലായവ നടുമ്പോള്‍ വേനല്‍ കാലത്ത് നടുന്നതിലും അല്പം അകലം കൂട്ടി വേണം നടാന്‍ .കൃത്യമായി വലം ചേര്‍ത്തും ജൈവ വളങ്ങള്‍ ഉപയോഗിച്ചും സമയാ സമയത്ത് കീട നശീകരണം ചെയ്തും മഴക്കാലത്തും പച്ചക്കറി കൃഷി ലാഭകരമാക്കാം . വേനല്‍ കാലത്തെ അപേക്ഷിച്ച് അല്പം മിനക്കെടുണ്ട് എന്നുമാത്രം .

വിള എളുപ്പം പുഷ്പിക്കാന്‍ മോര് ഔഷധം

വിളകള്‍ എളുപ്പം പുഷ്പ്പിക്കണോ ? മോര് നല്‍കിയാല്‍ മതി . മനുഷ്യനും വൃക്ഷങ്ങള്‍ക്കും പശുവിന്‍ മോര് ക്ഷീണമകറ്റാനുള്ള ഔഷധം തന്നെ .ഗുജറാത്തിലെ ജാം നഗര്‍ ആയുര്‍വേദ കോളേജ് പരീക്ഷണം നടത്തി വിജയിച്ചത് .25 ദിവസം പ്രായമായ നിലക്കടലയില്‍ മോര് തളിച്ചപ്പോള്‍  വിളവ് ഏക്കറില്‍നിന്ന് 250 കിലോഗ്രാം അധികം ലഭിക്കുകയുമുണ്ടായി.
കാലിത്തീറ്റയായി ഉപയോഗിക്കുന്ന നിലക്കടലയുടെ, വിളവെടുത്തശേഷമുള്ള അവശിഷ്ടത്തിന്റെ അളവ് മൂന്നിരട്ടിയായും  വര്‍ധിച്ചു.  വേനല്‍ക്കാലത്ത് വിളകള്‍ വരള്‍ച്ചയെ നേരിടാന്‍ മോര് നല്‍കിയാല്‍ മതിയെന്നും പഠനം തെളിയിക്കുന്നു .

തകര

പത്തിലയാണ് കര്‍ക്കിടകത്തിലെ പ്രധാന ആഹാരം . തകരയെ ഒഴിച്ച് നിര്‍ത്താനാകുമോ ? പറമ്പില്‍ യഥേഷ്ടം മുളച്ചു പൊന്തിയ തകര ഏതൊരു ഇലക്കറിയെക്കാളും സ്വാദിഷ്ടമാണ്‌ . ഇരുമ്പും വിറ്റാമിന്‍ എ യും സമൃദ്ധം .
താളും തകരയും മുഖ്യ ആഹാരമാക്കിയ മുത്തശിമാരുടെ ആരോഗ്യം എന്തായിരുന്നു . ആദിവാസികളുടെ പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണ് തകര .കീടങ്ങള്‍ ആക്രമിക്കുന്നത് തീരെ കുറവാണ് തകരയെ എന്നാല്‍ തകര മറ്റു പച്ചക്കറികള്‍ക്ക് കീട നശിനിയുമാണ് .ഓരോ മഴയിലും കുന്നു കുന്നായി മുളച്ചു പൊന്തുന്ന തകര സമുദ്രനിരപ്പില്‍നിന്നും 1,800 മീറ്റര്‍ ഉയരത്തിലുള്ള പ്രദേശങ്ങളില്‍വരെ വളരുന്നു
വിത്തുമുതല്‍ വേരുവരെ പച്ചമരുന്നായും ഉപയോഗിക്കുന്നു . വിത്തും ഇലയും അലര്‍ജിയുള്‍പ്പെടെയുള്ള ത്വഗ്‌രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു  രക്തശുദ്ധിക്കും പൈല്‍സിന്റെയും ആമാശയ സംബന്ധമായ പ്രശ്നങ്ങള്‍ക്കും കരള്‍ രോഗത്തിനും കൊളസ്ട്രോളിനും ഉത്തമ ഔഷധമാണ് . ചൈന , പാക്കിസ്ഥാന്‍ , അഫ്ഘാനിസ്ഥാന്‍ , ഇന്ത്യ എന്നിവിടങ്ങളില്‍ ആണ് തകര കൂടുതലായും ഉപയോഗിക്കുന്നത് . ഇത്രയും ഗുണമുള്ള തകറയെ തള്ളാതെ കൊണ്ടോളൂ .

പുതിയ ജൈവ വളം വിപണിയില്‍

കൃഷിക്കാര്‍ക്ക് ഗുണമേന്മയുള്ള ജൈവ വളം ലഭ്യമാക്കുന്നതിന് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഭാരത് ജൈവ (ഗോള്‍ഡ്) എന്ന പേരില്‍ പുതിയ ജൈവ വളം വിപണിയില്‍ ഇറക്കുന്നു. ഇതിന്റെ ഉദ്ഘാടനം ജൂണ്‍ 24 ന് രാവിലെ പത്ത് മണിക്ക് സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ മന്ത്രിയുടെ ചേമ്പറില്‍ നിര്‍വഹിക്കും. ചെറുകിട കൃഷിക്കാര്‍ക്കും ഗാര്‍ഹിക കൃഷിക്കാര്‍ക്കും അടുക്കളത്തോട്ടത്തിനുമുള്ള ഒരു കിലോഗ്രാം, രണ്ട് കിലോഗ്രാം വീതമുള്ള പ്ലാസ്റ്റിക് പായ്ക്കറ്റുകളിലും അഞ്ച് കി.ഗ്രാം, പത്ത് കിലോഗ്രാം, 25 കിലോഗ്രാം, 50 കിലോഗ്രാം വീതം തൂക്കമുള്ള എച്ച്.ഡി.പി.ഇ ബാഗുകളിലും വിപണിയില്‍ ലഭിക്കും.

3.02702702703
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top