অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

രക്ഷിക്കാം, നെല്ലിനെ

ആമുഖം

നെൽകൃഷിയിൽ ഇത്തവണ വിളവെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറവായിരുന്നെന്നു പറയാം. മഴ പൊതുവേ കുറവായിരുന്നെങ്കിലും ആവശ്യസമയങ്ങളിൽ സഹായത്തിനെത്തി. ചൂടു കൂടിയത് വിളവെടുപ്പിനെ സഹായിച്ചു. ഇതിനാൽ തന്നെ കുട്ടനാട്ടിൽ രണ്ടാംകൃഷി നടത്തിയ പാടശേഖരങ്ങളിൽ ഭൂരിപക്ഷം സ്‌ഥലത്തും ബംബർ വിളവു തന്നെ ലഭിച്ചു. ഏക്കറിന് നാലുടണ്ണിനു മുകളിൽ വിളവു കിട്ടിയ പാടങ്ങളും അനവധി. എന്നാൽ നെല്ലുവില ലഭിക്കാത്തതും നോട്ടുപിൻവലിച്ചതു മൂലമുള്ള പ്രതിസന്ധിയും ചെറുതായല്ല നെൽമേഖലയെ ബാധിച്ചത്. നെൽകൃഷിയിൽ വിത മുതൽ വിളവുവരെയെടുത്താൽ കർഷകരുടെയും സർക്കാരിന്റെയും അടിയന്തര ശ്രദ്ധ പതിയേണ്ട പ്രശ്നങ്ങൾ നിരവധിയാണ്. ഇവയെ ദീർഘവീക്ഷണത്തോടെ നോക്കി നടപടിയെടുത്തില്ലെങ്കിൽ വരും കാലങ്ങളിൽ നെൽകൃഷിയിലും പരിസ്‌ഥിതിയിലും വൻ പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്.

മുഞ്ഞ, ഇലപ്പുള്ളി, വരിനെല്ല് ഇവയെല്ലാം സജീവ ചർച്ചയായ നെൽകൃഷി വിളവെടുപ്പു കഴിഞ്ഞു. കുട്ടനാട്ടിലെ നെൽകൃഷിയുമായി ബന്ധപ്പെട്ടാണ് ഇത്തരം പ്രശ്നങ്ങൾ അധികമുയർന്നത്. എന്നാൽ ഈ പ്രശ്നങ്ങൾ കുറഞ്ഞു നിന്ന പാടങ്ങളിൽ ഏക്കറിന് നാലുടണ്ണിനടത്തും അതിനു മുകളിലും നെല്ലുവിളഞ്ഞു. കുട്ടനാടിന്റെ സമീപകാല ചരിത്രത്തിലെ റിക്കാർഡാണിത്. കുട്ടനാട്ടിൽ 10500 ഹെക്ടറിലധികം രണ്ടാം കൃഷി നടന്നപ്പോൾ 610 ഹെക്ടറിൽ മുഞ്ഞ, വരിനെല്ല്, ഇലപ്പുള്ളി രോഗം എന്നിവ കടുത്തപ്രതിസന്ധി സൃഷ്‌ടിച്ചു. ഇവിടങ്ങളിൽ വിളവു നന്നേ കുറഞ്ഞു. എന്നാൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഐസുകട്ടപോലെ നെൽകൃഷി മേഖലയിലെ ഈ പ്രശ്നങ്ങളെ കാണുകയും ബദൽ രീതികൾ പരീക്ഷിക്കുകയും ചെയ്തില്ലെങ്കിൽ ഭാവിയിൽ കൃഷിയും പരിസ്‌ഥിതിയും തകിടം മറിക്കുന്നതരത്തിൽ ഇവ വലുതായിവരാം. ഭൂരിഭാഗം നെൽകർഷകരും കീടനാശിനികളും വളവും വാരിവിതറി ചെലവു വർധിപ്പിച്ച് വിളവു കൂട്ടുന്ന രീതിയിലുള്ള കൃഷിരീതിയാണ് പിന്തുടരുന്നത്. എന്നാൽ ഇത്രയധികം രാസവസ്തുക്കൾ മണ്ണിലെത്തിക്കാതെ ഇവയുടെ അളവുകുറച്ചും ബദൽ പരിസ്‌ഥിതി കൃഷി രീതികൾ അവലംബിച്ചും ഇത്രതന്നെ വിളവുണ്ടാക്കാമെന്ന് തെളിയിക്കുന്ന കൃഷിയിട പരീക്ഷണങ്ങളും കുട്ടനാട്ടിൽ തന്നെ നടക്കുന്നു. എന്നാൽ നിലവിലെ രീതിയിൽ നിന്നു മാറാനുള്ള ബുദ്ധിമുട്ടു കാരണം ഈ രീതികൾ പരീക്ഷിക്കാൻ പലരും തയാറാകുന്നില്ല. ഈ രീതികൾ എങ്ങനെ നടപ്പിലാക്കണമെന്നറിയാത്തതും മറ്റൊരു കാരണമാണ്. ഇത്തരം രീതികളിലേക്ക് സാവധാനം ചുവടുമാറിയില്ലങ്കിൽ നെൽകൃഷി മേഖലയിലെ മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യം ക്ഷയിക്കും. വൻ വില്ലന്മാർ നെൽകൃഷിയെ തകർക്കും. ആദ്യം അൽപം അധ്വാനം വേണ്ടിവരുമെങ്കിലും പിന്നീട് ഇതുപോലുള്ള കീടരോഗ ആക്രമണങ്ങൾ തടയാൻ ഇത്തരത്തിലുള്ള രീതികൾ സഹായിക്കും. മിത്ര കീടങ്ങളെ ഉപയോഗിച്ചുള്ള കീട നിയന്ത്രണവും ഇക്കോളജിക്കൽ എൻജിനീറിംഗുമൊക്കെ ഇത്തരത്തിൽ പരീക്ഷിച്ചു വിജയിപ്പിക്കാവുന്ന രീതികളാണ്.

ഇടയകലം കൂട്ടുക

ഒരേക്കർ വിതയ്ക്കാൻ 40 കിലോ നെൽ വിത്ത് എന്നാണ് കുട്ടനാട്ടിലെ കണക്ക്്. എന്നാൽ പലരും ഞാറിന്റെ എണ്ണം വർധിപ്പിച്ച് വിളവു വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇത് 60 കിലോ വരെയാക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ നെൽച്ചെടികൾക്കിടയിലെ അകലം കുറയുന്നു. നെൽചെടികൾക്കിടയിലൂടെയുള്ള വായുസഞ്ചാരം ഇതുമൂലം കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. ഇങ്ങനെയുള്ള നെൽപാടങ്ങൾ മുഞ്ഞപോലുള്ള കീടങ്ങൾക്ക് വളരാനുള്ള അനുകൂലസാഹചര്യം സൃഷിക്കുന്നു. പരമ്പാരാഗത നെൽകൃഷി രീതിയിൽ ഞാറു പറിച്ചു നടുമ്പോൾ ആവശ്യത്തിനു സ്‌ഥലം നൽകിയിരുന്നതിനാൽ വായുസഞ്ചാരം ഉണ്ടാകുമായിരുന്നു. ഇപ്പോൾ ഞാറു പറിച്ചു നട്ടുള്ള കൃഷിയല്ല നടക്കുന്നത്. നെല്ലു വാരിവിതച്ച് വിളവെടുക്കുന്ന രീതിയിലേക്കു മാറിയതോടെ കീടങ്ങൾക്കും ഇത് അനുകൂല സാഹചര്യമൊരുക്കി. വിത്തിന്റെ അളവു കുറച്ച് ഇടയകലം കൂട്ടിയാൽ ഒരു ഞാറിൽ നിന്നും ധാരാളം ചിനപ്പുകൾ പൊട്ടുകയും ഇവ വർധിച്ച വിളവു തരികയും ചെയ്യും. കൃത്യമായ അകലത്തിൽ ഡ്രം സീഡർ(വിതയന്ത്രം) ഉപയോഗിച്ച് ഞാറു വിതയ്ക്കുന്ന രീതി കുട്ടനാട്ടിൽ പ്രചാരത്തിലായി വരുന്നുണ്ട്. വിത്തിന്റെ അളവു കുറയുന്നതിനാൽ ഈ രീതിയിൽ ചെലവുകുറയ്ക്കാം. ഇടയകലം നൽകുന്നതിനാൽ വായൂ സഞ്ചാരം ആവശ്യത്തിനു ലഭിക്കും. ഇതിനാൽ ഒരു ഞാറിൽ നിന്നും ധാരാളം ചിനപ്പുകൾപൊട്ടുകയും ഇതിൽ നെൽക്കതിരുകൾ ധാരാളമുണ്ടാകുകയും ചെയ്യും.

വരിനെല്ലും നിയന്ത്രിക്കാം

വരിനെല്ല് 2008 മുതൽ കേരളത്തിൽ ഭീഷണിയായി തുടങ്ങിയതാണ്. എന്നാൽ ആക്രമണം രൂക്ഷമായ ഈ കാലയളവിൽ മാത്രമാണ് ഇതേക്കുറിച്ച് കർഷകർ ചിന്തിക്കുന്നതെന്ന് മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്‌ഞ ഡോ. നിമ്മി ജോസ്. കാട്ടു നെല്ലും (Wild rice) കൃഷി നെല്ലും സംയോജിച്ച് ഉണ്ടാകുന്നതാണ് വരിനെല്ല് (weedy rice) . ഇത് രാജാക്കൻമാർ പണ്ട് ഭക്ഷിച്ചിരുന്നു. എന്നാൽ സാധാരണ നെല്ല് മൂപ്പെത്തുന്നതിനുമുമ്പ് 75–80 ദിവസത്തിനുള്ളിൽ വരിനെല്ല് കൊഴിഞ്ഞ് പാടത്തു വീഴും. സാധാരണനെല്ലുകുത്തി അരിയാക്കുന്നതു പോലെ ഇത് അരിയാക്കാനും പറ്റില്ല. രണ്ടുപ്രാവശ്യം കുത്തിയാലേ വരിനെല്ലിന്റെ അരികിട്ടൂ. സാധാരണ നെല്ലിന്റെ കൂടെ വരിനെല്ലു കുത്തിയാൽ അരിക്കൊപ്പം നെല്ലായി തന്നെ വരിനെല്ലു കിടക്കുമെന്നുള്ളതാണ് ഇതിന് വില്ലൻ വേഷം വരാൻ കാരണം. പണ്ട് ഒരു സെന്റിൽ അഞ്ചാറു ചുവട് വരിനെല്ലുണ്ടായിരുന്ന സ്‌ഥാനത്ത് ഇപ്പോൾ ഒരു സ്ക്വയർ മീറ്ററിൽ 30 മുതൽ 60 ചുവടുവരെ കാണപ്പെടുന്നു. ഒരു സ്ക്വയർ മീറ്ററിൽ 80 ചുവട് നെല്ലാണുണ്ടാവുക. ഇതിൽ 60 എണ്ണമാണ് വരിനെല്ല്. ഇതിൽ നിന്നു വരിനെല്ലിന്റെ ആധിക്യം മനസിലാക്കാവുന്നതേയുള്ളൂ. കേരളത്തിലെ പാടശേഖരങ്ങളിൽ 65 ശതമാനവും വരിനെല്ലു ഭീഷണി നേരിടുന്നവയാണെന്നു 2012–13 ലെ സർവേ പറയുന്നു. നെല്ല് കതിരിടുന്നതിന് 25 ദിവസം മുമ്പേ വരിനെല്ല് കതിരിടുകയും 80–ാം ദിവസം കൊഴിഞ്ഞ് പാടത്തു വീഴുകയും ചെയ്യും. സാധാരണ നെല്ല് മൂപ്പെത്തണമെങ്കിൽ 120– 130 ദിവസമെടുക്കും. ഇതിനും വളരെ മുമ്പേ വരിനെല്ല് കൊഴിയുമെന്നതാണ് പ്രശ്നം. കതിരുവന്ന് 15–20 ദിവസത്തിനുള്ളിൽ വരിനെല്ല് കൊഴിയാൻ തുടങ്ങും. വരിമണികളുടെ മൂപ്പുകാലവും പ്രശ്നമാണ്. ഒരുകതിരിലെ മണികൾ പലസമയത്താണ് മൂക്കുന്നത്. 12 വർഷംവരെ മണ്ണിനടിയിൽ സുഷിപ്താവസ്‌ഥയിൽ കഴിയാൻ വരിനെല്ലിനു കഴിയും. മേൽമണ്ണിൽ നിന്നും 20 സെന്റീമീറ്റർ താഴെവരെ ഇവ നശിക്കാതെ കിടക്കും. ഈർപ്പവും സൂക്ഷ്മാണുക്കളുടെ പ്രവർത്തനവും ആവശ്യമായ അളവിൽ ക്രമീകരിക്കപ്പെടുമ്പോൾ ഇവ മുളയ്ക്കാൻ തുടങ്ങും എന്നാൽ എല്ലാവിത്തും ഒന്നിച്ചു മുളയ് ക്കില്ല. ശക്‌തമായ വേരുപടലവും വളം വലിച്ചെടുക്കാനുള്ള ശക്‌തിയുമുള്ളതിനാൽ നെല്ലിനേക്കാൾ ഉയരത്തിൽ വരിനെല്ലു വളരും. ഇത് അധികമായാൽ നെല്ലിന് വെയിൽ ലഭിക്കാതെ മുരടിക്കും. നെല്ലിനു ലഭിക്കേണ്ട മൂലകങ്ങൾ വലിക്കുന്നതിനാൽ ഇതും സാധാരണ നെല്ലിന്റെ വളർച്ചയെ ബാധിക്കും. നെല്ലിന്റെ വിളവ് 40 മുതൽ 70 ശതമാനം വരെ കുറയ്ക്കാൻ വരിനെല്ലിനു സാധിക്കും. നെല്ലിനോടു സാദൃശ്യമുള്ളതും ഈ കുടുംബത്തിൽപ്പെട്ടതുമായതിനാൽ ആദ്യ 40 ദിവസങ്ങളിൽ നെല്ലും വരിനെല്ലും തിരിച്ചറിയാൻ സാധിക്കില്ല.

നിയന്ത്രണ മാർഗങ്ങൾ

നെല്ലിന്റെ കുടുംബത്തിൽപ്പെട്ടതായതിനാൽ സാധാരണ കളനാശിനികൾ തളിച്ച് വരിനെല്ലിനെ നശിപ്പിക്കാൻ സാധിക്കില്ല. വരിനെല്ലു ശല്യം ഇല്ലാത്ത പാടങ്ങളായാൽപോലും വിതയ്ക്കുന്ന വിത്തിൽ വരിനെല്ലുണ്ടെങ്കിൽ ഇതുവരാനുള്ള സാധ്യതയേറെയാണ്. നെൽവിത്തു ശേഖരിക്കുന്ന പാടങ്ങൾ വരിനെല്ലുള്ളവയാകാനുള്ള സാധ്യതയുമുണ്ട്. സാധാരണ നെല്ലിൽ നിന്നും വരിനെല്ലിനെ വ്യത്യസ്തമാക്കുന്നത് നെല്ലിനോടൊപ്പം കാണുന്ന ചെറിയ നാരുകൾ അഥവാ ഓവുകളാണ്. ഇത്തരത്തിലുള്ള നെൽവിത്തുകൾ വിതയ്ക്കുന്ന വിത്തി ൽ കലർന്നിട്ടുണ്ടോയെന്നു നിരീക്ഷിക്കണം. നേരിട്ടുവിതയ്ക്കുന്ന പാടങ്ങളിൽ വരിനെല്ല് കൂടുതാലായി കാണുന്നു. പറിച്ചു നടുന്ന രീതിയിൽ വരിനെൽശല്യം കുറയുന്നതായാണ് കാണുന്നത്. കൊയ്ത്തിനു ശേഷം പാടത്ത് ഒരാഴ്ച വെള്ളംകയറ്റി വാർക്കുക. 15 മുതൽ 20 ദിവസം വരെ കള മുളയ്ക്കാൻ നൽകുക. മുളച്ചകളകൾ പൂട്ടി നശിപ്പിക്കുക. ഒരാഴ്ചക്കുശേഷം വെള്ളം കയറ്റി കേജ് വീൽ ഉപയോഗിച്ച് പൂട്ടാം. വെള്ളം വാർത്തശേഷം കള വീണ്ടും കിളിർക്കാൻ അനുവദിക്കുക. പത്തു ദിവസത്തിനു ശേഷം വിദഗ്ധ നിർദേശപ്രകാരം മാത്രം കളനാശിനി പ്രയോഗം നടത്തുക. വരിശല്യം കൂടുതലുള്ളിടത്താണ് ഇത്തരം രീതികൾ ഉപയോഗിക്കേണ്ടത്. കുറഞ്ഞിടത്ത് കതിരുകൾ വിളയുന്നതിനുമുമ്പേ മുറിച്ചുമാറ്റി വരും വർഷങ്ങളിൽ വരിനെല്ലിനെ നിയന്ത്രിക്കാം. കൊയ്ത്തിനു ശേഷം കച്ചി കത്തിച്ചാൽ പാടങ്ങളിൽ വരിനെല്ല് കിളിർത്തുപൊങ്ങും . ഇതിനെ കളനാശിനി ഉപയോഗിച്ച് നശിപ്പിക്കാം. മറ്റനേകം നിയന്ത്രണമാർഗങ്ങളും വരിയിൽ സ്വീകരിക്കാം. ഇവയെകുറിച്ച് വിശദമായ ലേഖനം നൽകിയിട്ടുണ്ട്. ഫോൺ ഡോ. നിമ്മി–9495671971.

മുഞ്ഞ ബാധ ചെറുക്കാൻ

80 ദിവസത്തിനു മുകളിൽ മൂപ്പെത്തിയ പാടങ്ങളിലാണ് ഈ വർഷം മുഞ്ഞബാധ അധികവും കണ്ടത്. മഴക്കാലത്തു നടന്ന കൃഷിയിൽ കർഷകർ വിതയ്ക്കാൻ കൂടുതൽ വിത്തുപയോഗിച്ചിരുന്നു. രാത്രിയിലെ കുറഞ്ഞ താപനിലയും കൂടിയ ആപേക്ഷിക ആർദ്രതയും മൂടിക്കെട്ടിയ അന്തരീക്ഷവും മൂഞ്ഞവ്യാപനത്തിനു കാരണമായതായി കൃഷിവകുപ്പും കാർഷിക സർവകലാശാലയും നടത്തിയ പഠനത്തിൽ പറയുന്നു. മൂഞ്ഞ ആക്രമണം ഉണ്ടാകുന്നതിനു മുമ്പുതന്നെ കർഷകർ നടത്തുന്ന അമിത കീടനാശിനി പ്രയോഗം പ്രകൃതിദത്ത മിത്രകീടങ്ങളെ നശിപ്പിച്ചത് ആക്രമണത്തിന്റെ തീവ്രത കൂട്ടി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ചു നോക്കിയാൽ 40ശതമാനം കുറവു മഴയാണ് ഈ കൃഷിയിൽ രേഖപ്പെടുത്തിയത്. തോടുകളിലെ വെള്ളം കുറഞ്ഞതിനാൽ പാടത്തിറക്കിയ വെള്ളം വറ്റിക്കാതെ ഇട്ടതിനാൽ ആപേക്ഷിക ആർദ്രത കൂടി. രോഗങ്ങൾ പെരുകുന്നതിന് ഇതും ഒരു കാരണമായി. എന്നാൽ വിതയന്ത്രം ഉപയോഗിച്ച് ആവശ്യത്തിനു ഇടയകലം നൽകി ജൈവവളങ്ങളും ജൈവ പ്രതിരോധ മാർഗങ്ങളും സ്വീകരിച്ച് നടത്തിയ കൃഷിയിൽ മുഞ്ഞ ആക്രമണം ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. മുഞ്ഞബാധ ചെറുക്കാൻ അനിയന്ത്രിത കീടനാശിനി പ്രയോഗം ഒഴിവാക്കണം. നെല്ലിലെ വരിനെല്ലും മറ്റും നീക്കം ചെയ്ത് വായൂ സഞ്ചാരം ഉറപ്പാക്കണം. നെല്ലിന്റെ കൊതുമ്പു പ്രായം മുതൽ കീട നിരീക്ഷണം ശക്‌തമാക്കാവുന്നതാണ്. പാടശേഖരങ്ങളിൽ വിളക്കു കെണി സ്‌ഥാപിച്ചാൽ മുഞ്ഞ അതിൽപ്പെട്ടു നശിക്കും. പാടശേഖരങ്ങൾ ഇടവിട്ട് വെള്ളം വറ്റിച്ച് വായൂ സഞ്ചാരം വർധിപ്പിക്കണം. അടിക്കണപ്പരുവത്തിൽ ഒരു ചെടിയിൽ 15–20 മുഞ്ഞയിൽ കൂടുതലും കതിരിടുമ്പോൾ 25–30 മുഞ്ഞയിൽ കൂടുതലും കണ്ടാൽ മാത്രമേ കീടനാശിനി ഉപയോഗിക്കാവൂ. ആക്രമണമുള്ള നെൽച്ചെടികൾ വകഞ്ഞുമാറ്റി പ്രകൃതിക്കു ദോഷം വരാത്ത കീടനാശിനികൾ ഉപയോഗിക്കുന്നതും മുഞ്ഞബാധയ്ക്കെതിരേ ഫലപ്രദമായ നടപടികളാണ്. വിശദവിവരങ്ങൾക്ക് ഡോ. ഷാനാസ്– 9400262806.

വിളവു വർധിപ്പിക്കാൻ കെട്ടിനാട്ടി

നെല്ലിൽ വിളവിരട്ടിയാക്കാനും ചെലവു ചുരുക്കാനും സഹായിക്കുന്ന ഒന്നാണിത്. ഒരേക്കറിൽ ഞാറുനടാൻ 20 തൊഴിലാളികൾ വേണ്ടിടത്ത് കെട്ടിനാട്ടി രീതിയിൽ അഞ്ചുപേർ മതിയാവും. 30–35 കിലോ വിത്തുനെല്ലു വേണ്ടിടത്ത് 1.5–2 കിലോ മാത്രം മതിയാവും. വളക്കൂട്ടുകൾ ഗുളിക രൂപത്തിലാക്കി അതിൽ വിത്തിട്ട് കിളിർപ്പിച്ചു നടുന്ന രീതിയാണിത്. വയനാട് അമ്പലവയൽ മാളികയിൽ കുന്നേൽ അജി തോമസാണ് കെട്ടിനാട്ടിയുടെ ഉപജ്‌ഞാതാവ്.

ചാണകം, പശയ്ക്കായി കറ്റാർവാഴ ജ്യൂസോ ചെമ്പരത്തിത്താളിയോ, ഉഴുന്ന് , സ്യൂഡോമോണസ്, വാം, പിജിപിആർ ഒന്ന് മിശ്രിതം ഇവയിലേതെങ്കിലും, ഉലുവ, ഭക്ഷണാവശ്യങ്ങൾക്ക് ഉപയോഗിച്ച ശേഷമുള്ള പഴകിയ വെളിച്ചെണ്ണ എന്നിവചേർത്താണ് വളക്കൂട്ട് നിർമിക്കുന്നത്്.

320 തുളകളുള്ള റബർ ഹോളോ മാറ്റിലോ ട്രേയിലോ ഒരു ദിവസം ഒരാൾക്ക് 200 തവണ ചെയ്താൽ 64,000 കെട്ടിനാട്ടികൾ നിർമിക്കാൻ സാധിക്കും. ഒരേക്കറിലേക്ക് വേണ്ട പെല്ലെറ്റ് ഒരു ദിവസം കൊണ്ട് ഒരാൾക്ക് തയാറാക്കാം. കെട്ടിനാട്ടി രീതിയിൽ ചെയ്തിട്ട് ഇരട്ടിയിലധികം വിളവു ലഭിക്കുന്നുണ്ട്്. ഒരു ചുവട്ടിൽ നിന്നും സാധാരണ നെല്ലിൽ 27 കതിരും 30 ചിനപ്പുമുണ്ടാകുമ്പോൾ കെട്ടിനാട്ടി രീതിയിൽ 108 കതിരും 157 ചിനപ്പുമാണുണ്ടായത്. വയലിൽ കെട്ടിനാട്ടി സ്‌ഥാപിക്കാൻ തൊഴിലാളികളും കുറവുമതി. സാധാരണ ഒരേക്കറിൽ ഞാറുപറിക്കാൻ 10 പേരും നടാൻ 10 പേരും വേണ്ടപ്പോൾ കെട്ടിനാട്ടി രീതിയിൽ രണ്ടുപേർ ഞാറ്റടി ഒരുക്കാനും മൂന്നുപേർ നടാനും മതിയാകും. പക്ഷികൾ വിത്തു കൊത്തിക്കൊണ്ടു പോകുകയുമില്ല. കരനെൽ കൃഷിക്കും ഈ രീതി ഉപയോഗിക്കാം.

സാധാരണ പറിച്ചു നടൽ രീതിയിൽ ഞാറു നടുമ്പോഴുണ്ടാകുന്ന കാലതാമസം കെട്ടിനാട്ടി രീതിയിൽ ഉണ്ടാകാത്തതിനാൽ വിളവു നേരത്തേയാകും. ഫോൺ ; അജി– 94975 68 460.

പ്രകൃതിദത്ത ശത്രുക്കളെ പ്രയോജനപ്പെടുത്തുക

മുഞ്ഞ, ഇലപ്പുള്ളി എന്നൊക്കയുള്ള വാർത്തകൾ പരക്കുമ്പോൾ തന്റെ കൃഷി ഇതുമൂലം നശിക്കുമോ എന്ന ആശങ്കയിലേക്കു വീഴുകയാണ് ഭൂരിഭാഗം കർഷകരും. പിന്നീട് വിദഗ്ധോപദേശം പോലുമില്ലാതെ കീടനാശിനികൾ വാരിത്തളിച്ച് ജൈവ നിയന്ത്രണം നശിപ്പിക്കുന്നു. അശാസ്ത്രീയമായ കീടനാശിനിപ്രയോഗം പലപ്പോഴും ഉദ്ദേശിച്ച ഫലം തരുന്നില്ലെന്നു മാത്രമല്ല, കീടാക്രമണ തീവ്രത വർധിപ്പിക്കുകയുമാണെന്ന് മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രം മുൻ ഡയറക്ടറും കേരള കാർഷിക സർവകലാശാല രജിസ്ട്രാറുമായ ഡോ. ലീനാകുമാരി പറയുന്നു. ഇത്തവണ കുട്ടനാട്ടിലെ നെൽകൃഷിയിൽ ചിലയിടങ്ങളിൽ മൂഞ്ഞ ബാധയുണ്ടായി. എന്നാൽ തന്റെ കൃഷി നശിക്കുമോ എന്ന ആശങ്കയിൽ ഭൂരിഭാഗം കർഷകരും നെൽചെടിക്കു മുകളിൽ കീടനാശിനി തളിച്ചു. നെൽചെടിക്കടിയിലിരിക്കുന്ന മൂഞ്ഞക്ക് ഇതുകൊണ്ട് ഒരു കുഴപ്പവും സംഭവിച്ചില്ലെന്നു മാത്രമല്ല, മുഞ്ഞയെ തിന്നു നശിപ്പിക്കാനെത്തുന്ന മിത്രകീടങ്ങൾ ഇരിക്കുന്നത് നെൽചെടിയുടെ മുകൾഭാഗത്തായതിനാൽ ഇവ ചാവുകയും ചെയ്തു. കീടനാശിനിമൂലം മിത്രകീടങ്ങൾ മാത്രം ചത്തതിനാൽ മൂഞ്ഞബാധ പൂർവാധികം ശക്‌തിയോടെ തിരിച്ചടിച്ചു. ഇത്തരം അശാസ്ത്രീയ സമീപനങ്ങൾ നെൽകൃഷിയിൽ പ്രതിസന്ധി രൂക്ഷമാക്കാനേ സഹായിക്കു എന്ന് ഡോ. ലീനാകുമാരി പറഞ്ഞു. മിത്രകീടങ്ങളെയും പ്രാണികളെയും സംരക്ഷിച്ചുകൊണ്ട് വിദഗ്ധോപദേശത്തോടു കൂടി മാത്രം കീടനാശിനിപ്രയോഗം നടത്തുന്നതാണ് നല്ലത്. അനുകൂല കാലാവസ്‌ഥയായതിനാലാണ് നെല്ലിൽ ഇത്തവണ വിളവു വർധിച്ചത്. ഈ കാലാവസ്‌ഥ നെല്ലിലനെ ആക്രമിക്കുന്ന കീടങ്ങൾക്കും ഒപ്പം മിത്ര കീടങ്ങൾക്കും അനുകൂലമാണ്. മിത്രകീടങ്ങളെ പരമാവധി സംരക്ഷിച്ച് ശത്രുക്കളെ അകറ്റുകയാണ് വേണ്ടത്. കീടബാധയേറ്റ സ്‌ഥലത്ത് ആക്രമണ സ്വഭാവം നോക്കിവേണം മരുന്നുതളിക്കാൻ. എല്ലാ പാടങ്ങളിലും ഒരുപോലെ മരുന്നു തളിക്കേണ്ട ആവശ്യമില്ല. കീടബാധയില്ലാത്ത സ്‌ഥലങ്ങളിലും മരുന്നു തളിച്ചാൽ മിത്രകീടങ്ങൾ ചാവും. പിന്നീട് എങ്ങനെ ഈ ആക്രമണം വഴിമാറുമെന്നു പറയാനാവില്ലെന്നും ഡോ. ലീനാകുമാരി പറയുന്നു. ഫോൺ: ഡോ. ലീനാകുമാരി–9447597915.

–ടോം ജോർജ്

കടപ്പാട് : ദീപിക

അവസാനം പരിഷ്കരിച്ചത് : 5/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate