অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരളത്തിലെ നെല്‍കൃഷി - സമഗ്രവിശകലനം

കേരളത്തിലെ നെല്‍കൃഷി - സമഗ്രവിശകലനം

 

കേരളീയര്‍ക്ക്, നെല്‍കൃഷിയോടുള്ള ആഭിമുഖ്യവും പ്രതിപത്തിയും കുറയുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നെല്പാടങ്ങളുടെ നിലനില്പു തന്നെ പരുങ്ങലിലാണ്. നെല്‍കൃഷി ആദായകരമല്ല എന്ന് പരക്കെ അറിയപ്പെട്ടതോടെയാണ് കൃഷി കുറയാന്‍ തുടങ്ങിയത്. എഴുപതുകളുടെ മദ്ധ്യംവരെ ക്രമേണ വര്‍ദ്ധിച്ചുകൊണ്ടിരുന്ന നെല്പാടവിസ്തൃതി (881.47 ലക്ഷം ഹെക്ടര്‍) അതിനുശേഷം കുറഞ്ഞ് ഇപ്പോള്‍ ഏതാണ്ട് പകുതിയില്‍ താഴെ എത്തിയിരിക്കുന്നു. (310.52 ലക്ഷം ഹെക്ടര്‍). നെല്പാടങ്ങള്‍ മറ്റാവശ്യങ്ങള്‍ക്കുവേണ്ടി മാറ്റുന്ന പ്രക്രിയ തുടര്‍ന്ന് വരുന്നു എന്നതും മറ്റൊരു ദുഃഖസത്യമാണ്. ഇന്ന് ഈ കൃഷി വെള്ളക്കെട്ടുള്ള താഴ്ന്നപ്രദേശങ്ങളിലേയ്ക്ക് മാത്രം ഒതുങ്ങിയിരിയ്ക്കുന്നു. മറ്റു വിളകള്‍ക്ക് വെള്ളക്കെട്ടുള്ള ചുറ്റുപാടുകളെ അതിജീവിയ്ക്കുവാന്‍ സാധിയ്ക്കുകയില്ല എന്നതിനാലാണ് നെല്‍കൃഷി ഇന്നും ഇവിടെ നിലനില്ക്കുന്നത്. ലാഭകരമല്ലായെന്ന കാരണത്താല്‍ നെല്പാടങ്ങള്‍ തരിശിടുന്ന പ്രവണതയും കണ്ടുവരുന്നു. പള്ളിയാലുകളെല്ലാംതന്നെ റബ്ബര്‍, തെങ്ങ്, കമുക്, വാഴ മുതലായ വിളകള്‍ ഇതിനകം കയ്യടക്കിക്കഴിഞ്ഞു. റബ്ബറിന്‍റെ അധിനിവേശംമൂലം മരച്ചീനി തുടങ്ങിയ കിഴങ്ങുവിളകള്‍ക്ക് സംഭവിച്ചിട്ടുള്ള നഷ്ടം നെല്ലിന് സംഭവിച്ചിട്ടില്ലെന്ന് മാത്രം. നെല്‍കൃഷി സ്ഥലത്തിന്‍റെ വിസ്തീര്‍ണ്ണത്തിലും ഉല്പാദനത്തിലും ക്രമാതീതമായ കുറവ് കാണുന്നെങ്കിലും ഉല്പാദനക്ഷമതയില്‍ ക്രമമായ വര്‍ദ്ധനയുണ്ട് എന്നത് ഏറെ പ്രതീക്ഷയ്ക്ക് വക നല്‍കുന്നു.

നെല്‍കൃഷിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് നിദാനമായ കാരണങ്ങള്‍ ഇനി പറയുന്നവയാണ്.

പരിമിത/നാമമാത്ര കര്‍ഷകരുടെ ആധിക്യവും കൃഷി ഉപജീവനമായി കഴിയുന്നവരുടെ

കുറവും.

മറ്റു വിളകളെ അപേക്ഷിച്ച് കൃഷി ആദായകരമല്ലാത്ത അവസ്ഥ.

തൊഴിലാളികളെ അമിതമായി ആശ്രയിക്കേണ്ടി വരുന്നതും അവശ്യസമയങ്ങളിലെ

തൊഴിലാളി ദൗര്‍ലഭ്യവും.

അത്യുല്പാദനശേഷിയുള്ള വിത്തുകളുടെ ഉപയോഗക്കുറവും അനുയോജ്യമായ വിത്തുകളുടെ അഭാവവും.

ശാസ്ത്രീയ കൃഷിമുറകള്‍ അനുവര്‍ത്തിയ്ക്കുന്നതിലെ അലംഭാവം.

നല്ല വിത്തിനങ്ങളുടെ അപര്യാപ്തത.

ജലസേചന-നിര്‍ഗമനസൗകര്യങ്ങളിലെ പോരായ്മ

ജലപരിപാലനത്തോടുള്ള അലംഭാവം.

കൊയ്ത്തു സമയത്തെ അനിയന്ത്രിതമായ വിലയിടിവ്.

ജനസംഖ്യാവര്‍ദ്ധനവിന്‍റെയും ഭൂപരിഷ്കരണനിയമത്തിന്‍റെയും ഫലമായി ആളോഹരിഭൂമിയുടെ വിസ്തൃതിയില്‍ വന്ന കുറവ്, മറ്റു വിളകളെ അപേക്ഷിച്ച് നെല്ലില്‍ നിന്ന് കിട്ടുന്ന കുറഞ്ഞ അറ്റാദായം, കര്‍ഷകത്തൊഴിലാളികളെ അമിതമായി ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ, മഴ മാത്രമാശ്രയിച്ചുള്ള കൃഷി, മലയാളിയ്ക്ക് കെട്ടുറപ്പുള്ള വീടിനോടും മണ്ണിനോടുമുള്ള അടങ്ങാത്ത ത്വര മുതലായ കാര്യങ്ങള്‍ ഒറ്റയടിക്ക് മാറ്റിമറിയ്ക്കാവുന്നതല്ല എന്നുകൂടി ഓര്‍ക്കണം. പക്ഷെ നമ്മെ സംബന്ധിച്ചിടത്തോളം ഈ യാഥാര്‍ത്ഥ്യങ്ങള്‍ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളുന്നതോടൊപ്പം നൂതന സാങ്കേതികവിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഒരു സമീപനവും കൂടെ സ്വീകരിച്ച് നെല്‍കൃഷിയില്‍ നിന്നുള്ള ഉല്പാദനം പരമാവധി വര്‍ദ്ധിപ്പിക്കുവാനാണ് ശ്രമിക്കേണ്ടത്. എത്രയൊക്കെ ശ്രമിച്ചാലും നെല്‍കൃഷിയില്‍ അറ്റാദായം പരമാവധി വര്‍ദ്ധിപ്പിയ്ക്കാമെന്നല്ലാതെ അത് ഇതരവിളകള്‍ക്കൊപ്പമെത്തിക്കുക എന്നത് ഏതാണ്ട് അസാദ്ധ്യം തന്നെ.

കൂടാതെ, മറ്റ് ചില കാര്യങ്ങള്‍കൂടി ഇത്തരുണത്തില്‍ അതീവ ശ്രദ്ധയര്‍ഹിയ്ക്കുന്നു. കൃഷിയില്‍ നിന്ന് ഹെക്ടറൊന്നിന്/ഏക്കറൊന്നിന് നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നത് കേരളമാണ് എന്നത് (31468 രൂപ/ഹെക്ടര്‍) അധികം ശ്രദ്ധിയ്ക്കപ്പെടാത്ത ഒരു വസ്തുതയാണ്. പക്ഷെ നമ്മുടെ നാട്ടില്‍ കൃഷി ചെയ്യുന്ന വിളകളില്‍ ഏറ്റവും കുറഞ്ഞ അറ്റാദായം കിട്ടുന്ന കൃഷികളില്‍ ഒന്നാണ് നെല്‍കൃഷി എന്ന് കൂടി ഓര്‍ക്കണം.

ഏതാണ്ട് നൂറിനോടടുത്ത് പുതിയ നെല്‍വിത്തിനങ്ങള്‍ പുറത്തിറക്കി എന്ന് ഗവേഷകര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കര്‍ഷകരുടെ അംഗീകാരം പിടിച്ച് പറ്റിയത് വിരലിലെണ്ണാവുന്നവ മാത്രം. പുറത്തിറക്കിയ വിത്തിനങ്ങള്‍ക്കെല്ലാം തന്നെ 5.5 മുതല്‍ 6 മെട്രിക് ടണ്‍ അരിയാണ് ഉല്പാദനശേഷിയുള്ളത്. നെല്ല് കൃഷി ചെയ്യുന്ന സ്ഥലവിസ്തൃതി കുറഞ്ഞുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ നെല്ലുല്പാദനം കൂട്ടുന്നതിന് വിളപ്പൊലിമയുള്ള വിത്തിനങ്ങളാണ് ആവശ്യം. എന്നാല്‍ ഇക്കാര്യം നിറവേറ്റുന്നതില്‍ ഇന്നത്തെ ഗവേഷണങ്ങള്‍ അപര്യാപ്തമാണ്. കൂടാതെ ചെലവുകുറഞ്ഞ സാങ്കേതികവിദ്യകള്‍ ഉരുത്തിയിരിയ്ക്കുന്നതിലും ഈ അപര്യാപ്തത നിഴലിയ്ക്കുന്നു. കാലാവസ്ഥയിലെ അപ്രതീക്ഷിത വ്യതിയാനങ്ങളായ വെള്ളപ്പൊക്കവും വരള്‍ച്ചയും ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിയ്ക്കുന്നത് നെല്‍കൃഷിയെയാണ്. സാധാരണ രീതിയില്‍ മഴ ലഭിയ്ക്കുന്നെങ്കില്‍, മഴയെ മാത്രം ആശ്രയിച്ച് രണ്ട് കൃഷി (വിരിപ്പും, മുണ്ടകനും) എടുക്കുന്നതിന് വലിയ പ്രയാസമില്ല. അല്ലാത്തപക്ഷം മഴയിലെ വ്യതിയാനങ്ങള്‍മൂലമുണ്ടാകുന്ന കമ്മി, ജലസേചനപദ്ധതികള്‍, കുളങ്ങള്‍, കിണറുകള്‍, നദികള്‍ എന്നിവയിലേതെങ്കിലും ഒന്നുകൊണ്ട് നികത്തുകയെ നിവൃത്തിയുള്ളൂ. കമ്മീഷന്‍ ചെയ്ത പതിനേഴ് പദ്ധതികള്‍ ഉള്ള കേരളത്തില്‍ വരള്‍ച്ചാവര്‍ഷങ്ങളില്‍ ആയക്കെട്ട് പ്രദേശങ്ങളിലെ ജലസേചനം പോയിട്ട് കുടി വെള്ളത്തിന്‍റെ ആവശ്യംപോലും നിറവേറ്റാന്‍ സാധിയ്ക്കാത്ത അവസ്ഥയാണ് ഇന്നുള്ളത്. തുടര്‍ച്ചയായി പാലക്കാട് അനുഭവപ്പെട്ടുവരുന്ന രൂക്ഷമായ വരള്‍ച്ചയും കുടിവെള്ളക്ഷാമവും ഇതിന് ഉത്തമദൃഷ്ടാന്തമാണ്. ജലസേചന സൗകര്യങ്ങളുണ്ടാക്കുന്നതിനുവേണ്ടി എട്ടാം പഞ്ചവത്സരപദ്ധതിവരെ ഏതാണ്ട് 2075 കോടി രൂപ (14 ശതമാനം) ചെലവഴിച്ചു എങ്കിലും ആകെ കൃഷിഭൂമിയുടെ ഇരുപത് ശതമാനത്തില്‍ താഴെ മാത്രമാണ് ജലസേചനസൗകര്യങ്ങള്‍ എത്തിയ്ക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്. പക്ഷെ ഈ കാലയളവില്‍ കൃഷിയ്ക്കും അനുബന്ധമേഖലകള്‍ക്കുംകൂടി ഈ തുകയുടെ മൂന്നിലൊന്നേ ചെലവഴിച്ചിട്ടുള്ളൂ എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

മണ്ണിന്‍റെ പ്രത്യേകതകളും കണക്കിലെടുക്കേണ്ടതുണ്ട്. കളിമണ്ണിന്‍റെ കുറവ്, മണലിന്‍റെ ആധിക്യം, ശരാശരി ഒരു മീറ്ററിലധികം ഘനമില്ലാത്ത മണ്ണ്, ജലാംശം നിലനിര്‍ത്താനുള്ള പോരായ്മ എന്നിവയോടൊപ്പം വനങ്ങളുടെ തിരോധാനം കൂടിയാകുമ്പോള്‍ പെയ്യുന്ന മഴ 48 മണിക്കൂറിനകം തന്നെ കടലിലേയ്ക്കൊഴുകി എത്താനിടയാകുന്നു. ഈ ഒഴുക്ക് ഫലപ്രദമായി തടഞ്ഞിരുന്ന നെല്പാടങ്ങള്‍ നികന്നു പൊയ്ക്കൊണ്ടിരിയ്ക്കുന്നു. കെ.എല്‍.യു. ഉത്തരവിലെ പഴുതുകളും നെല്പാടം നികത്തി കരഭൂമിയാകുമ്പോഴുണ്ടാകുന്ന വിലവര്‍ധനവും നികത്തലിന് ആക്കം കൂട്ടുന്നു. കൂടാതെ നെല്പാടങ്ങളില്‍ നിന്നുമുള്ള കളിമണ്‍-മണല്‍ഖനനം കൂടിയാകുമ്പോള്‍ കിണറും കുളവുമൊക്കെ എത്ര താഴ്ത്തിയാലും വെള്ളം കിട്ടാത്ത അവസ്ഥ സംജാതമാകുന്നു. ഇതോടൊപ്പം തന്നെ പ്രകൃത്യാ ഉള്ള ജലനിര്‍ഗമനമാര്‍ഗങ്ങള്‍ വികസനത്തിന്‍റെ പേരില്‍ തടയുന്നതിന്‍റെ ഫലമായി അകൃത്രിമവും ആകസ്മികവുമായ വെള്ളപ്പൊക്കം ഉണ്ടാകാനും കൃഷിയോഗ്യമായ ഭൂവിഭാഗങ്ങള്‍ കൂടി കൃഷിക്കനുയോജ്യമല്ലാതായിത്തീരുവാനും മറ്റ് ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കിടവരുത്താനും കാരണമാകുന്നു. ഇതോടൊപ്പം കുന്നുകളും മലകളും വെട്ടിനിരത്തി ഭൂപ്രകൃതിതന്നെ മാറ്റി മറിയ്ക്കുന്നു.

ആവശ്യത്തിന്‍റെ അഞ്ചിലൊന്ന് അരി മാത്രമേ നമ്മുടെ സംസ്ഥാനത്ത് ഉല്പാദിപ്പിയ്ക്കുന്നുള്ളുവെങ്കിലും അത്രയും നെല്ല് മുഴുവനും കൊയ്ത്തിനോടൊപ്പം തന്നെ വിറ്റുപോകുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ഇക്കാരണത്താല്‍തന്നെ കൊയ്ത്തുകാലത്ത് നെല്ലിന്‍റെ വില അനിയന്ത്രിതമായി താഴുന്നു. വിരിപ്പുകൊയ്ത്ത് മഴക്കാലത്തായതിനാല്‍ നെല്ലുണക്കല്‍ ദുഷ്കരമാണ്. എങ്ങനെയും നെല്ല് വില്‍ക്കാന്‍ കര്‍ഷകര്‍ തയ്യാറാകും. അങ്ങനെ, കഴിയുന്നതും വിലതാഴ്ത്തിയെടുക്കുവാന്‍ കച്ചവടക്കാരും ശ്രമിയ്ക്കുകയും ഇത് രൂക്ഷമായ വിലയിടിവിനു കാരണമാകുകയും ചെയ്യും. രണ്ടാം കൊയ്ത്തിനും വിലയിടിവുണ്ടെങ്കിലും ഇത്രയ്ക്ക് രൂക്ഷമല്ല. കൂടാതെ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് - പ്രത്യേകിച്ച് സ്ത്രീതൊഴിലാളികള്‍ക്ക് ജോലി ലഭിയ്ക്കുന്നതും നെല്‍കൃഷി രംഗത്താണ്. നെല്‍കൃഷി ചുരുങ്ങുന്നതുകൊണ്ട് വലിയൊരു വിഭാഗം സ്ത്രീ തൊഴിലാളികള്‍ തൊഴില്‍രഹിതരാകുന്നു. കൂടാതെ കന്നുകാലികളുടെ പ്രധാന തീറ്റയായ വയ്ക്കോലിനും ക്ഷാമം നേരിടുന്നു. നെല്‍കൃഷിയുടെ വ്യാപ്തി അനുദിനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ കുട്ടനാട്ടിലും കരിയിലും കോളിലും പാലക്കാടും മാത്രമേ നെല്‍കൃഷിയുള്ളൂ എന്ന ധാരണ കൃഷിയുടെ നന്മയ്ക്കും നിലനില്പിനുംവേണ്ടിയെങ്കിലും മാറ്റേണ്ടിയിരിയ്ക്കുന്നു.

ഈ പശ്ചാത്തലത്തില്‍വേണം നെല്‍കൃഷിയുടെ നിലനില്പിനെയും വികസനത്തെയും ഉല്പാദന വര്‍ധനവിനെയും കുറിച്ചു ചിന്തിയ്ക്കുവാന്‍. മഴ ചതിക്കുന്ന അവസരങ്ങളില്‍ ഒന്നാംവിള ഇറക്കുവാന്‍ ജലലഭ്യത ഉറപ്പ് വരുത്തിക്കൊടുക്കുക, ഇടവപ്പാതിയാകുന്നതോടെ ജലനിര്‍ഗ്ഗമനസൗകര്യങ്ങള്‍ ഉറപ്പ് വരുത്തുക, രണ്ടാം വിളയുടെ അവസാനഘട്ടത്തില്‍ മഴ ചതിയ്ക്കുന്നെങ്കില്‍ ജലലഭ്യത ഉറപ്പാക്കുക, മൂന്നാംവിള ഇറക്കുന്ന സ്ഥലങ്ങളില്‍ ജലസേചന സൗകര്യം ലഭ്യമാക്കുക എന്നിവ ചെയ്താല്‍ കര്‍ഷകന്‍റെ ഭൂരിപക്ഷം ബുദ്ധിമുട്ടുകളും ഒഴിവായി എന്നു പറയാം. കൂടാതെ നല്ലയിനം വിത്തിന്‍റെ ലഭ്യത, താലി പണയംവയ്ക്കാതെ ബാങ്കില്‍നിന്ന് വായ്പ കിട്ടാനുള്ള സാദ്ധ്യത, കൊയ്ത്തുകാലത്ത് നെല്ല് സംഭരിച്ച് വിലയിടിവ് തടയുക, വികസനപ്രവര്‍ത്തനങ്ങള്‍ യഥാസമയം നടത്തുക, തൊഴിലാളി ദൗര്‍ലഭ്യം അനുഭവപ്പെടുന്ന മേഖലകളില്‍ കഴിയുന്നത്ര യന്ത്രവല്ക്കരണം നടപ്പാക്കുക മുതലായ കാര്യങ്ങള്‍ അര്‍പ്പണബോധത്തോടെ ഉറപ്പ് വരുത്തിയാല്‍ നെല്‍കൃഷിയിലെ പ്രശ്നങ്ങള്‍ ഒട്ടൊക്കെ ഒഴിവാക്കാം. ഇതോടൊപ്പം തന്നെ നുരികളുടെ എണ്ണം ഉറപ്പുവരുത്താനും സംയോജിതവളപ്രയോഗവും രോഗകീടനിയന്ത്രണവും ഗ്രൂപ്പ് ഫാമിംഗ് അടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കാനും കഴിഞ്ഞാല്‍ കൃഷിച്ചെലവ് പരമാവധി കുറയ്ക്കുകയും ഉല്പാദനം വര്‍ധിപ്പിക്കുകയും ചെയ്യാം.

അരിയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കി വിപണനം ചെയ്യാനും ശ്രമിയ്ക്കേണ്ടിയിരിയ്ക്കുന്നു. നെല്ലുല്പാദക സമിതികള്‍, അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ യുവതലമുറ, യന്ത്രവല്ക്കരണംമൂലം തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍, സര്‍ക്കാരിതര സംഘടനകള്‍ തുടങ്ങിയവര്‍ക്കൊക്കെ ഇക്കാര്യത്തില്‍ ഏര്‍പ്പെടാം. അരി അടിസ്ഥാനമാക്കിയുള്ള വിഭവങ്ങള്‍ ഓരോ വീട്ടിലും ഉപയോഗത്തിലുള്ളതിനാല്‍ മലയാളിയുടെ ഉപഭോക്തൃസംസ്കാരം പരമാവധി പ്രയോജനപ്പെടുത്താനും കഴിയും. വലിയ മുതല്‍മുടക്കോ വിലയേറിയ യന്ത്രസാമഗ്രികളുടെ സഹായമോ കൂടാതെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കാവുന്നതേയുള്ളൂ. കൂടാതെ സാങ്കേതിക വിദ്യയും ലഭ്യമാണ്. ബ്രാന്‍ഓയില്‍ മുതലായ ഉല്പന്നങ്ങളിലേയ്ക്ക് തിരിയാതെ തികച്ചും നാടന്‍ ഉല്പന്നങ്ങളായ മലര്, അവല്‍, ദോശപ്പൊടി, ഇഡ്ഡലിപ്പൊടി, പുട്ടുപൊടി, അവലോസുണ്ട മുതലായവ തയ്യാറാക്കി ഗുണമേന്മയോടെ വിപണിയിലിറക്കിയാല്‍ കേരളത്തിനകത്തുതന്നെ നല്ല സാധ്യതയുണ്ട്. ഈ ഉല്‍പന്നങ്ങള്‍ക്ക് സംസ്ഥാനത്തിനുപുറത്തും വിപണി കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുണ്ടാവുക

പാക്കിംഗിലും ഗുണനിലവാരത്തിലും അതീവശ്രദ്ധയും വിപണനത്തില്‍ ജാഗ്രതയും പുലര്‍ത്തിയാല്‍ മാത്രം മതി. നുറുങ്ങരി/പൊടിയരി, കൈക്കുത്തരി (തവിടിന്‍റെ അംശം കൂടുതലുള്ളത്), മരുന്ന്കഞ്ഞിയ്ക്കും കര്‍ക്കിടകകഞ്ഞിയ്ക്കുമുള്ള കൂട്ട് തുടങ്ങി ഒട്ടനവധി രീതികളില്‍ മൂല്യവര്‍ദ്ധന നടത്തി നെല്‍കൃഷിക്കാരുടെ ആദായം വര്‍ദ്ധിപ്പിയ്ക്കാം. കൂടാതെ ആയുര്‍വേദപ്രാധാന്യമുള്ള ഞവര അരി ഉല്പാദിപ്പിച്ച് വിപണനം നടത്തുക, പൊക്കാളിഅരി ജൈവഅരിയായി ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കുക, സുഗന്ധ നെല്ലിനങ്ങളായ ഗന്ധകശാലയുടെയും ജീരകശാലയുടെയും കൃഷി മലമ്പ്രദേശങ്ങളില്‍ വ്യാപിപ്പിച്ച് അരി ബ്രാന്‍ഡ് ചെയ്ത് വിപണിയിലിറക്കുക തുടങ്ങിയ കാര്യങ്ങളും നല്ലതാണ്. ഇങ്ങനെയുള്ള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉല്പാദിപ്പിച്ച് വിപണനം ചെയ്യുന്നതിനും അവ ബ്രാന്‍ഡ് ചെയ്യുന്നതിനും മറ്റും സര്‍ക്കാര്‍ സഹായം ലഭ്യമാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും നെല്‍കൃഷിയെ മറ്റ് വിളകളോടൊപ്പം ആദായകരമാക്കുക അത്ര എളുപ്പമല്ല. നെല്‍കൃഷി ചെയ്യുന്ന എല്ലാ സ്ഥലങ്ങളിലേയ്ക്കും സര്‍ക്കാര്‍ വികസനപദ്ധതികള്‍ വ്യാപിപ്പിയ്ക്കുകയും, ഇതുവരെ അവഗണിയ്ക്കപ്പെട്ടുകിടന്ന ഉല്പാദനക്ഷമത കൂടിയ വയനാട്, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളെ കൂടി കുട്ടനാട്, കരി, കോള്‍, പാലക്കാട് എന്നിവയ്ക്കൊപ്പം തന്നെ പ്രാധാന്യം നല്കുകയും കൂടാതെ നെല്ല് സംഭരണപദ്ധതിയുടെ ഗുണം സംസ്ഥാനത്തെ നെല്‍കൃഷിക്കാര്‍ക്ക് മൊത്തം ലഭ്യമാക്കുന്നതിന് വേണ്ടി എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിച്ച് യഥാകാലം ഗവണ്മെന്‍റ് നെല്ലിന് നിശ്ചയിയ്ക്കുന്ന വില ഉറപ്പ് വരുത്തുകയും ചെയ്താല്‍ നെല്‍കര്‍ഷകരും നെല്‍വയലുകളും വീണ്ടും സജീവമാകും.

നെല്‍കൃഷി - വിസ്തൃതി, ഉത്പാദനം, ഉത്പാദനക്ഷമത

വര്‍ഷം വിസ്തൃതി

(ഹെക്ടര്‍)    മുന്‍വര്‍ഷങ്ങളുമായിവ്യത്യാസം    ഉത്പാദനം

(ടണ്‍)  ഉത്പാദനക്ഷമത

(കി.ഗ്രാം/ഹെ.)

6061           77
നെല്‍കൃഷിയില്‍ കളനിയന്ത്രണം">8913                                 1067545    1371

6566           802329      +3%           997489      1243

7071         874830      +9%          1298005    1484

7576           876022      +0.13%       1329403    1518

8081           801699      8.4%          1271962    1587

8586           678281      15.39%       1173051    1729

9091           559450      17.51%       1086578    1942

9596           471150      15.78%       953026     2023

9697           430826      8.5%         871361     2023

9798           387122      10%          764610     1975

9899           352631      8.9%         726743     2061

9900           34774        0.81%       770686      2203

0001           347455      0.66%        751326      2162

0102           322368      7.2%          703504      2182

0203           310521      3.6%          688859      2218

അവലംബം : എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടറേറ്റ്.

 

ഈ പശ്ചാത്തലത്തില്‍വേണം നെല്‍കൃഷിയുടെ നിലനില്പിനെയും വികസനത്തെയും ഉല്പാദന വര്‍ധനവിനെയും കുറിച്ചു ചിന്തിയ്ക്കുവാന്‍. മഴ ചതിക്കുന്ന അവസരങ്ങളില്‍ ഒന്നാംവിള ഇറക്കുവാന്‍ ജലലഭ്യത ഉറപ്പ് വരുത്തിക്കൊടുക്കുക, ഇടവപ്പാതിയാകുന്നതോടെ ജലനിര്‍ഗ്ഗമനസൗകര്യങ്ങള്‍ ഉറപ്പ് വരുത്തുക, രണ്ടാം വിളയുടെ അവസാനഘട്ടത്തില്‍ മഴ ചതിയ്ക്കുന്നെങ്കില്‍ ജലലഭ്യത ഉറപ്പാക്കുക, മൂന്നാംവിള ഇറക്കുന്ന സ്ഥലങ്ങളില്‍ ജലസേചന സൗകര്യം ലഭ്യമാക്കുക എന്നിവ ചെയ്താല്‍ കര്‍ഷകന്‍റെ ഭൂരിപക്ഷം ബുദ്ധിമുട്ടുകളും ഒഴിവായി എന്നു പറയാം. കൂടാതെ നല്ലയിനം വിത്തിന്‍റെ ലഭ്യത, താലി പണയംവയ്ക്കാതെ ബാങ്കില്‍നിന്ന് വായ്പ കിട്ടാനുള്ള സാദ്ധ്യത, കൊയ്ത്തുകാലത്ത് നെല്ല് സംഭരിച്ച് വിലയിടിവ് തടയുക, വികസനപ്രവര്‍ത്തനങ്ങള്‍ യഥാസമയം നടത്തുക, തൊഴിലാളി ദൗര്‍ലഭ്യം അനുഭവപ്പെടുന്ന മേഖലകളില്‍ കഴിയുന്നത്ര യന്ത്രവല്ക്കരണം നടപ്പാക്കുക മുതലായ കാര്യങ്ങള്‍ അര്‍പ്പണബോധത്തോടെ ഉറപ്പ് വരുത്തിയാല്‍ നെല്‍കൃഷിയിലെ പ്രശ്നങ്ങള്‍ ഒട്ടൊക്കെ ഒഴിവാക്കാം. ഇതോടൊപ്പം തന്നെ നുരികളുടെ എണ്ണം ഉറപ്പുവരുത്താനും സംയോജിതവളപ്രയോഗവും രോഗകീടനിയന്ത്രണവും ഗ്രൂപ്പ് ഫാമിംഗ് അടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കാനും കഴിഞ്ഞാല്‍ കൃഷിച്ചെലവ് പരമാവധി കുറയ്ക്കുകയും ഉല്പാദനം വര്‍ധിപ്പിക്കുകയും ചെയ്യാം.

അരിയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കി വിപണനം ചെയ്യാനും ശ്രമിയ്ക്കേണ്ടിയിരിയ്ക്കുന്നു. നെല്ലുല്പാദക സമിതികള്‍, അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ യുവതലമുറ, യന്ത്രവല്ക്കരണംമൂലം തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍, സര്‍ക്കാരിതര സംഘടനകള്‍ തുടങ്ങിയവര്‍ക്കൊക്കെ ഇക്കാര്യത്തില്‍ ഏര്‍പ്പെടാം. അരി അടിസ്ഥാനമാക്കിയുള്ള വിഭവങ്ങള്‍ ഓരോ വീട്ടിലും ഉപയോഗത്തിലുള്ളതിനാല്‍ മലയാളിയുടെ ഉപഭോക്തൃസംസ്കാരം പരമാവധി പ്രയോജനപ്പെടുത്താനും കഴിയും. വലിയ മുതല്‍മുടക്കോ വിലയേറിയ യന്ത്രസാമഗ്രികളുടെ സഹായമോ കൂടാതെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കാവുന്നതേയുള്ളൂ. കൂടാതെ സാങ്കേതിക വിദ്യയും ലഭ്യമാണ്. ബ്രാന്‍ഓയില്‍ മുതലായ ഉല്പന്നങ്ങളിലേയ്ക്ക് തിരിയാതെ തികച്ചും നാടന്‍ ഉല്പന്നങ്ങളായ മലര്, അവല്‍, ദോശപ്പൊടി, ഇഡ്ഡലിപ്പൊടി, പുട്ടുപൊടി, അവലോസുണ്ട മുതലായവ തയ്യാറാക്കി ഗുണമേന്മയോടെ വിപണിയിലിറക്കിയാല്‍ കേരളത്തിനകത്തുതന്നെ നല്ല സാധ്യതയുണ്ട്. ഈ ഉല്‍പന്നങ്ങള്‍ക്ക് സംസ്ഥാനത്തിനുപുറത്തും വിപണി കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുണ്ടാവുകയില്ല. പാക്കിംഗിലും ഗുണനിലവാരത്തിലും അതീവശ്രദ്ധയും വിപണനത്തില്‍ ജാഗ്രതയും പുലര്‍ത്തിയാല്‍ മാത്രം മതി. നുറുങ്ങരി/പൊടിയരി, കൈക്കുത്തരി (തവിടിന്‍റെ അംശം കൂടുതലുള്ളത്), മരുന്ന്കഞ്ഞിയ്ക്കും കര്‍ക്കിടകകഞ്ഞിയ്ക്കുമുള്ള കൂട്ട് തുടങ്ങി ഒട്ടനവധി രീതികളില്‍ മൂല്യവര്‍ദ്ധന നടത്തി നെല്‍കൃഷിക്കാരുടെ ആദായം വര്‍ദ്ധിപ്പിയ്ക്കാം. കൂടാതെ ആയുര്‍വേദപ്രാധാന്യമുള്ള ഞവര അരി ഉല്പാദിപ്പിച്ച് വിപണനം നടത്തുക, പൊക്കാളിഅരി ജൈവഅരിയായി ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കുക, സുഗന്ധ നെല്ലിനങ്ങളായ ഗന്ധകശാലയുടെയും ജീരകശാലയുടെയും കൃഷി മലമ്പ്രദേശങ്ങളില്‍ വ്യാപിപ്പിച്ച് അരി ബ്രാന്‍ഡ് ചെയ്ത് വിപണിയിലിറക്കുക തുടങ്ങിയ കാര്യങ്ങളും നല്ലതാണ്. ഇങ്ങനെയുള്ള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉല്പാദിപ്പിച്ച് വിപണനം ചെയ്യുന്നതിനും അവ ബ്രാന്‍ഡ് ചെയ്യുന്നതിനും മറ്റും സര്‍ക്കാര്‍ സഹായം ലഭ്യമാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും നെല്‍കൃഷിയെ മറ്റ് വിളകളോടൊപ്പം ആദായകരമാക്കുക അത്ര എളുപ്പമല്ല. നെല്‍കൃഷി ചെയ്യുന്ന എല്ലാ സ്ഥലങ്ങളിലേയ്ക്കും സര്‍ക്കാര്‍ വികസനപദ്ധതികള്‍ വ്യാപിപ്പിയ്ക്കുകയും, ഇതുവരെ അവഗണിയ്ക്കപ്പെട്ടുകിടന്ന ഉല്പാദനക്ഷമത കൂടിയ വയനാട്, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളെ കൂടി കുട്ടനാട്, കരി, കോള്‍, പാലക്കാട് എന്നിവയ്ക്കൊപ്പം തന്നെ പ്രാധാന്യം നല്കുകയും കൂടാതെ നെല്ല് സംഭരണപദ്ധതിയുടെ ഗുണം സംസ്ഥാനത്തെ നെല്‍കൃഷിക്കാര്‍ക്ക് മൊത്തം ലഭ്യമാക്കുന്നതിന് വേണ്ടി എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിച്ച് യഥാകാലം ഗവണ്മെന്‍റ് നെല്ലിന് നിശ്ചയിയ്ക്കുന്ന വില ഉറപ്പ് വരുത്തുകയും ചെയ്താല്‍ നെല്‍കര്‍ഷകരും നെല്‍വയലുകളും വീണ്ടും സജീവമാകും.

നെല്‍കൃഷി വികസന പദ്ധതികള്‍

 

നിലവിലിരിക്കുന്ന പ്രശ്നങ്ങളും സാദ്ധ്യതകളും കണക്കിലെടുത്ത് നെല്ലുല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും നെല്‍കൃഷി ലാഭകരമാക്കുന്നതിനും കൃഷി വകുപ്പ് ബഹൂമുഖ പദ്ധതികളാണ് നടപ്പാക്കുന്നത്. കേന്ദ്ര-സംസ്ഥാന പദ്ധതികളിലായി ഈ വര്‍ഷം 36.218 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പരമ്പരാഗത നെല്‍കൃഷി പ്രദേശങ്ങളില്‍ ഒരു ലക്ഷം ഹെക്ടര്‍ സ്ഥലത്ത് ഗ്രൂപ്പ് ഫാമിംഗ് സമ്പ്രദായം പുനരുജ്ജീവിപ്പിക്കും. കൂട്ടായ കൃഷി പ്രവര്‍ത്തനങ്ങള്‍ക്ക് ഹെക്ടറിന് 1000 രൂപ നിരക്കില്‍ ധനസഹായം നല്‍കും. ഇതിന് 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

സംസഥാനത്ത് 11 നെല്‍കൃഷി വികസന ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം രൂപ നല്‍കും സംസ്ഥാന വിത്തുവികസനഅതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ 27 ലക്ഷം രൂപ റിവോള്‍വിങ്ങ് ഫണ്ടായി അനുവദിച്ചു. കൃഷിവകുപ്പിന്‍റെ ആലപ്പുഴയിലും തിരുവനന്തപുരത്തുമുള്ള വിത്തു പരിശോധനാശാലകള്‍ 3 ലക്ഷം രൂപ ചെലവില്‍ മെച്ചപ്പെടുത്തും.

സംസ്ഥാനത്ത് 2,60,000 ഹെക്ടറില്‍ അത്യുല്പാദന ശേഷിയുള്ള നെല്‍കൃഷി നിലനിറുത്തുന്നതിന് ഒരു 'വിത്തുപദ്ധതി' കൃഷിവകുപ്പ് നടപ്പാക്കുന്നുണ്ട്. ഇതിനാവശ്യമായ 7000 ടണ്‍ സര്‍ട്ടിഫൈഡ്വിത്ത് രജിസ്റ്റേര്‍ഡ് വിത്തുല്പാദകര്‍ വഴിയും ഫൗണ്ടേഷന്‍വിത്ത് സംസ്ഥാന വിത്തുഫാമുകള്‍ വഴിയും ഉല്പാദിപ്പിക്കും. ഒരു ഹെക്ടര്‍ സ്ഥലത്തുനിന്നും രണ്ടു ടണ്‍ സര്‍ട്ടിഫൈഡ് വിത്ത് ഉല്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് പ്രോത്സാഹനമായി 3000 രൂപയും, ഈ വിത്ത് സംഭരിച്ച്, സംസ്ക്കരിച്ച് പായ്ക്ക് ചെയ്ത് ലേബല്‍ ചെയ്യുന്നതിന് കടത്തുകൂലിയായി വിത്തുവികസന അതോറിറ്റിക്ക് 1000 രൂപയും നല്‍കും. ഇതിന് 140 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്.

സംയോജിത വളപ്രയോഗം പ്രോത്സാഹിപ്പിക്കുന്നതിന് 1000 മണ്ണുപരിശോധന ക്യാമ്പെയിനുകള്‍ സംഘടിപ്പിക്കും. പച്ചിലവളവിത്തും ജീവാണുവളങ്ങളും വിതരണം ചെയ്യുന്നതിന് 22.50 ലക്ഷം രൂപയും സംയോജിതകീടപരിപാലനമുറകള്‍ക്ക് 37.68 ലക്ഷം രൂപയും ചെലവാക്കും.

പ്രാദേശികമായി യോജിച്ച നെല്‍വിത്തിന്‍റെ കൃഷിക്കും പ്രാമുഖ്യമുണ്ട്. കേരള കാര്‍ഷികസര്‍വ്വകലാശാല ഈയിടെ വികസിപ്പിച്ച വര്‍ഷ, ഗൗരി, ശ്വേത എന്നീ മികച്ച വിത്തുകള്‍ പ്രചരിപ്പിക്കുവാന്‍ 200 പ്രദര്‍ശന പ്ളോട്ടുകള്‍ ഒരുക്കുന്നതിന് 51.50 ലക്ഷം രൂപയാണ് ചെലവഴിക്കുക. വയനാട് ജില്ലയില്‍ ജീരകശാല, ഗന്ധകശാല എന്നീ സുഗന്ധ നെല്ലിനങ്ങളുടെ ജൈവകൃഷിയും വിപണനവും പ്രോത്സാഹിപ്പിക്കും. പട്ടികവര്‍ഗ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടപ്പാക്കുന്ന ഈ പരിപാടിക്ക് 5.50 ലക്ഷം രൂപ ചെലവാക്കും. ജൈവ കൃഷിരീതികള്‍ മാത്രം അവലംബിച്ചു കൃഷിചെയ്തുവരുന്ന പൊക്കാളിനെല്ലിന്‍റെ ഉല്പാദനവും, ഉല്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് 1500ഹെക്ടര്‍ സ്ഥലത്ത് മികച്ച വിത്തും കുമ്മായവും സബ്സിഡി നിരക്കില്‍ വിതരണം ചെയ്യും. പൊക്കാളി ജൈവനെല്ലിന്‍റെ വിപണന സാദ്ധ്യത പ്രയോജനപ്പെടുത്തുന്നതിനും24 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.

ജലസേചനത്തിനും പരിപാലനത്തിനും അടിസ്ഥാനസൗകര്യങ്ങള്‍ നല്‍കാന്‍ 2875 ഹെക്ടറില്‍ 343 ലക്ഷം രൂപ ചെലവഴിക്കും.

കൊയ്ത്തുകാലത്ത് നെല്ലിനുണ്ടാകുന്ന വിലയിടിവ് തടയാന്‍ തറവില നിശ്ചയിച്ച് നെല്ലുസംഭരണം തുടരും. ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനും പ്രിന്‍സിപ്പല്‍ കൃഷി ആഫീസര്‍ കണ്‍വീനറുമായുള്ള ഒരു സമിതിയാണ് തറവില നിശ്ചയിക്കുന്നത്. ഒരു ക്വിന്‍റല്‍ നെല്ല് സംഭരിക്കുന്നതിന് സംഭരണ ഏജന്‍സിയ്ക്ക് 85 രൂപ നല്‍കും. എന്നാല്‍ കര്‍ഷകന്‍ സ്വന്തം ചെലവില്‍ നെല്ല്, സംഭരണഏജന്‍സിയുടെ പക്കല്‍ എത്തിച്ചാല്‍ ക്വിന്‍റലിന് 50 രൂപ കര്‍ഷകനും ബാക്കി 35 രൂപ ഏജന്‍സിക്കും നല്‍കും. ഗോഡൗണ്‍ ചാര്‍ജായി ക്വിന്‍റലിനു പത്തുരൂപ ഏജന്‍സിക്കു നല്‍കും. ഇത്തരത്തില്‍ സംഭരിക്കുന്ന നെല്ല് സംസ്ക്കരിച്ച് അരിയാക്കി വില്‍ക്കുന്ന ഏജന്‍സിയ്ക്ക് ക്വിന്‍റലിന് 5 രൂപ പ്രോത്സാഹനമായി നല്‍കുവാനും വ്യവസ്ഥയുണ്ട്. ഇതിന് 380 ലക്ഷം രൂപയാണ് ചെലവഴിക്കുക.

നെല്‍കൃഷി ചെയ്യുന്നതിന് ഓരോ സീസണിലും കര്‍ഷകന് ഹെക്ടറിനു 350 രൂപ നിരക്കില്‍ ഉല്പാദന ബോണസ് നല്‍കും. ഇതിന് ഈ വര്‍ഷം 10.618 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കൂടാതെ നെല്‍കൃഷിക്കാര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുന്നതിന് 300 ലക്ഷം രൂപയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഡോ. പി.വി. ബാലചന്ദ്രന്‍, ഡോ. പി. രാജി

പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, പട്ടാമ്പി

നെല്ലിലും ജൈവകൃഷിരീതി വിജയകരമായി അനുവര്‍ത്തിക്കാം; പ്രത്യേകിച്ച് സുഗന്ധ ഔഷധനെല്ലിനങ്ങളുടെ കാര്യത്തില്‍ ജൈവകൃഷിക്ക് പ്രസക്തിയേറുന്നു. നെല്ലും മീനും ചേര്‍ന്നുള്ള കൃഷിയിലും ജൈവരീതി അവലംബിക്കാം.

നെല്‍കൃഷിയില്‍ ജൈവരീതി പ്രാവര്‍ത്തികമാക്കേണ്ടത് വളപ്രയോഗത്തിലും സസ്യസംരക്ഷണത്തിലുമാണ്.

ജൈവവളപ്രയോഗം

ഓരോ നെല്ലിനും ആവശ്യമായ പോഷകമൂലകങ്ങളുടെ അളവ് വ്യത്യസ്തമാണ്. നെല്ലിന്‍റെ ഇനമനുസരിച്ച് വേണം വളത്തിന്‍റെ അളവ് നിശ്ചയിക്കാന്‍. കൃഷിക്കാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമായ ജൈവവളം, അതിലെ പോഷകമൂലകങ്ങളുടെ ഏകദേശ അളവനുസരിച്ച് എത്ര ഇടണമെന്ന് നിശ്ചയിക്കാം. തുടര്‍ച്ചയായി കുറേക്കാലം ജൈവവളം ചേര്‍ത്ത് മണ്ണിലെ പോഷകമൂലകങ്ങളുടെ അളവ് വര്‍ധിപ്പിച്ചാല്‍ ജൈവവളത്തിന്‍റെ അളവ് വ്യത്യാസപ്പെടുത്താം. നെല്‍കൃഷിയില്‍ ഉപയോഗിക്കാവുന്ന ജൈവവളങ്ങളാണ് ചാണകം, കമ്പോസ്റ്റ്, പച്ചിലവളം തുടങ്ങിയവ. പച്ചില വളച്ചെടികള്‍ പാടത്ത് വളര്‍ത്തുന്നത് ചെലവ് കുറഞ്ഞതും പ്രായോഗികവുമാണ്. ഒന്നാം വിളയ്ക്കുമുമ്പുള്ള വേനല്‍മഴയോടൊപ്പം ഉഴുതൊരുക്കിയ പാടത്ത് 'ഡെയിഞ്ച' വിതക്കുന്നത് ഹെക്ടറിന് 10-15 ടണ്‍ ജൈവവളം ലഭ്യമാക്കും. രണ്ടാം വിളയ്ക്കുശേഷം പാടത്ത് പയറുചെടികള്‍ വളര്‍ത്തുന്നതും നന്ന്. ജൈവകൃഷിയിലെ ഒരു പ്രധാന ഘടകമായ വിളപരിക്രമം കൂടെ ആണിത്. ഒരേ വിളതന്നെ തുടര്‍ച്ചയായി കൃഷി ചെയ്യുമ്പോള്‍ കീടങ്ങളും രോഗങ്ങളും വിട്ടുമാറാതാവുകയും മണ്ണില്‍നിന്ന് ഒരേ പോഷകമൂലകങ്ങള്‍ നീക്കം ചെയ്യപ്പെടുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കാനും വിളപരിക്രമം സഹായിക്കും.

നെല്ലിന്‍റെ കൂടെയും പയറുവിതക്കാം. ഒന്നാം വിളയ്ക്ക് വിതയ്ക്കുന്ന പാടങ്ങളില്‍ നെല്‍വിത്തിനോടൊപ്പം ഏക്കറിന് 5 കിലോ പയറും ചേര്‍ത്തു വിതക്കുന്നു. നെല്ലും പയറും ഒരുമിച്ചു വളരുന്നു. പയര്‍ വളര്‍ന്ന് വലുതാകുമ്പോഴേക്കും മഴ പെയ്ത് പാടത്ത് വെള്ളം നിറയും. അത് അഴുകി മണ്ണില്‍ ചേരും. ഇത് ഒരു പരിധിവരെ കളനിയന്ത്രണത്തിനും സഹായിക്കും. കുറ്റിപ്പയറാണ് ഇതിനുനന്ന്. മണ്ണിരക്കമ്പോസ്റ്റ് മികച്ച ജൈവവളമാണ്. കൃഷിയിടത്തിലെ ഏതു ജൈവാവശിഷ്ടവും കമ്പോസ്റ്റാക്കാം. ഒന്നാം വിളയില്‍ മഴ നനഞ്ഞും മറ്റും ഉപയോഗശൂന്യമാകുന്ന വൈക്കോല്‍ ഇതിനെടുക്കാം.

ജീവാണുവളങ്ങള്‍

നെല്‍കൃഷിക്കനുയോജ്യമായ ജീവാണുവളങ്ങളാണ് അസോള, നീലഹരിതപായലുകള്‍, അസോസ്പൈറില്ലം, ഫോസ്ഫോ ബാക്ടീരിയ എന്നിവ. നൈട്രജന്‍, ഫോസ്ഫറസ് എന്നീ പ്രധാന പോഷകമൂലകങ്ങള്‍ ഒരളവുവരെ ചെടിക്കു ലഭ്യമാക്കാന്‍ ഈ ജീവാണു വളങ്ങള്‍ സഹായിക്കും.

കീട-രോഗ നിയന്ത്രണം

നെല്‍കൃഷിയിലെ പ്രധാന കീടങ്ങളാണ് തണ്ടുതുരപ്പന്‍, ഓലചുരുട്ടി, കുഴല്‍പുഴു, ചാഴി എന്നിവ. താരതമ്യേന പ്രതിരോധശേഷിയുള്ള നെല്ലിനങ്ങളുടെ ഉപയോഗം കൊണ്ട് കീടാക്രമണം വഴിയുള്ള നഷ്ടം കുറയ്ക്കാം. ജൈവവളങ്ങളുടെ തുടര്‍ച്ചയായ ഉപയോഗം തന്നെ കീടരോഗാക്രമണം വളരെ കുറയ്ക്കാന്‍ സഹായിക്കും. ഞാറ്റടിയില്‍ ചാരവും മണ്ണിരക്കമ്പോസ്റ്റും ഇടുമ്പോള്‍ ഇലപ്പേനിന്‍റെ ഉപദ്രവം കുറയുന്നതായി കാണുന്നു.

പറിച്ചു നട്ട് ആദ്യ ആഴ്ചകളില്‍ കാണുന്ന ഒരു കീടമാണ് കുഴല്‍പുഴു. ജൈവകൃഷിയില്‍ ഇതിന്‍റെ ഉപദ്രവം രൂക്ഷമായാല്‍ നിയന്ത്രണം അല്പം ബുദ്ധിമുട്ടാണ്. വെള്ളം നന്നായി വാര്‍ക്കാന്‍ പറ്റുന്ന കണ്ടങ്ങളില്‍ വെള്ളം വാര്‍ത്ത് പുഴുക്കളെ കൊല്ലാം. അതല്ലെങ്കില്‍ പാടത്ത് നന്നായി വെള്ളം കയറ്റിയശേഷം ഒരു കയറിന്‍റെ രണ്ടറ്റവും പിടിച്ച് ചെടികള്‍ക്കു മുകളിലൂടെ വലിച്ച് എല്ലാ കുഴലുകളും ചെടികളില്‍നിന്നും വെള്ളത്തില്‍ വീഴ്ത്തണം. അതിനുശേഷം വരമ്പിന്‍റെ ഏതെങ്കിലും ഭാഗത്ത് ഒരു വല ഉറപ്പിച്ച് വെള്ളം പെട്ടെന്ന് തുറന്നു വിടണം. കുഴലുകളെല്ലാം ഒഴുകിവന്ന് വലയില്‍ തങ്ങും. അവിടെനിന്ന് ഇവ ശേഖരിച്ച് നശിപ്പിക്കാം.

പുകയില എറിഞ്ഞ് ചാഴിയെ തുരത്താം

പുകയില പൊടിച്ചതും (5 കിലോ) മുളകുപൊടിയും (1 കിലോ) 5 മുതല്‍ 10 കിലോ വരെ മണലുമായി കലര്‍ത്തി പാടത്തെറിഞ്ഞാല്‍ ചാഴിശല്യം ഗണ്യമായി കുറയും. അതിരാവിലെ വേണം ഇതു ചെയ്യാന്‍.

കെണികള്‍

വിളക്കുകെണി

പാടത്ത് വിളക്കുകെണി സ്ഥാപിച്ചാല്‍ തണ്ടുതുരപ്പന്‍, ഓലചുരുട്ടി എന്നിവയുടെ ശലഭങ്ങളെയും മുഞ്ഞ, ഗാളീച്ച, ചാഴി എന്നിവയെയും ആകര്‍ഷിച്ച് നശിപ്പിക്കാം.

ഫെറമോണ്‍ കെണി

തണ്ടുതുരപ്പന്‍റെ ആണ്‍ശലഭങ്ങളെ ആകര്‍ഷിച്ച് നശിപ്പിക്കാനുള്ള കെണികളാണിവ. പെണ്‍ശലഭം ഉത്പാദിപ്പിക്കുന്ന ഒരുതരം രാസപദാര്‍ഥമാണ് ഫെറമോണ്‍. കൃത്രിമമായി ഉണ്ടാക്കുന്ന ഫെറമോണ്‍ കെണികളില്‍ വച്ച് ആണ്‍ശലഭങ്ങളെ ആകര്‍ഷിച്ച് നശിപ്പിക്കുന്നു. ഒരേക്കറിന് 8 കെണികള്‍ എന്ന തോതില്‍ ഇത് പാടത്ത് വയ്ക്കാം.

ജൈവ നിയന്ത്രണം

എതിര്‍പ്രാണികളെയും കുമിള്‍, ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മജീവികളെയും ഉപയോഗിച്ച് കീടനിയന്ത്രണം സാധ്യമാണ്.

എതിര്‍പ്രാണികള്‍

നെല്ലിന്‍റെ പ്രധാനകീടങ്ങളായ തണ്ടുതുരപ്പന്‍, ഓലചുരുട്ടി എന്നിവക്കെതിരെ ഫലപ്രദമായ പരാദമാണ് ട്രൈക്കോഗ്രമ. 'ട്രൈക്കോഗ്രമ ജപ്പോണികം' എന്നയിനം തണ്ടുതുരപ്പനെതിരെയും 'ട്രൈക്കോഗ്രമ കിലോനിസ്' എന്നയിനം ഓലചുരുട്ടിക്കെതിരെയും ഉപയോഗിക്കാം. ഇവയുടെ മുട്ടക്കാര്‍ഡുകള്‍ വാങ്ങാന്‍ കിട്ടും. ഒരു കാര്‍ഡ് ഒരു സി.സി. ആണ്. 50 സെന്‍റിന് ഇതു മതി. കാര്‍ഡ് 10 കഷണങ്ങളായി മുറിച്ച് 5 സെന്‍ററിന് ഒരു കഷണമെന്ന തോതില്‍ പാടത്ത് വയ്ക്കണം. മഴക്കാലമാണെങ്കില്‍ മുറിച്ച കഷണങ്ങള്‍ നൂലില്‍ കെട്ടി പ്ലാസ്റ്റിക് ഡിസ്പോസിബിള്‍ കപ്പിനുള്ളിലൂടെ കോര്‍ത്ത് പാടത്ത് കമ്പുകള്‍ വച്ച് അതില്‍ കെട്ടി തൂക്കിയിടണം. മഴയില്ലാത്ത സമയത്ത് നെല്ലോലകളില്‍ നേരിട്ട് സ്റ്റേപ്പിള്‍ ചെയ്താലും മതി. കീടങ്ങളുടെ പാറ്റ കണ്ടു തുടങ്ങുമ്പോള്‍ മുതല്‍ 6 ആഴ്ച തുടര്‍ച്ചയായി കാര്‍ഡുകള്‍ പാടത്തു വയ്ക്കണം. പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലും മണ്ണുത്തിയിലെ സംസ്ഥാന ബയോകണ്‍ട്രോള്‍ ലാബിലും കാര്‍ഡുകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്.

ജൈവകീടനാശിനികള്‍

വേപ്പില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന വിവിധ ഘടകങ്ങള്‍ അടങ്ങിയ ജൈവകീടനാശിനികള്‍ വിപണിയില്‍ ലഭ്യമാണ്. 'ബാസിലസ് തുറിന്‍ജിയന്‍സിസ്' എന്ന ബാക്ടീരിയ അടങ്ങിയ ജൈവകീടനാശിനികളും പല കീടങ്ങള്‍ക്കും എതിരെ ഫലപ്രദമാണ്.

ജൈവരീതികള്‍ സ്വീകരിച്ചാല്‍ ശത്രുകീടങ്ങളെ തിന്നു നശിപ്പിക്കുന്ന തുമ്പികള്‍, എട്ടുകാലികള്‍, പുല്‍ച്ചാടികള്‍, മിറിഡ് ബഗ്ഗുകള്‍, ലേഡിബേര്‍ഡ്വണ്ടുകള്‍ തുടങ്ങി നിരവധി മിത്രകീടങ്ങള്‍ പാടത്ത് വളര്‍ന്നു പെരുകും.

സ്യൂഡോമോണസ്

ജൈവകൃഷിയില്‍ രോഗനിയന്ത്രണത്തിന് ഉപയോഗിക്കാവുന്ന ഒരു ബാക്ടീരിയയാണ്'സ്യൂഡോമോണസ് ഫ്ളൂറസെന്‍സ്'. കുമിള്‍ രോഗങ്ങള്‍ക്കും ബാക്ടീരിയല്‍ രോഗങ്ങള്‍ക്കും എതിരെ ഇത് ഫലപ്രദമാണ്. ഇത് വിവിധതരത്തില്‍ നെല്ലിനുപയോഗിക്കാം.

വിത്തില്‍ പുരുട്ടുന്നതിന്

10 ഗ്രാം സ്യൂഡോമോണസ് കള്‍ച്ചര്‍ ഒരു കിലോഗ്രാം വിത്തിന് എന്ന തോതില്‍ കലര്‍ത്തണം. മുളപ്പിച്ചാണ് വിത്തിടുന്നതെങ്കില്‍ 10 ഗ്രാം കള്‍ച്ചര്‍/ഒരു കിലോ വിത്ത്/1 ലിറ്റര്‍ വെള്ളം എന്ന തോതില്‍ വെള്ളത്തില്‍ മുക്കിവച്ച് സാധാരണ ചെയ്യുന്നതുപോലെ മുളപ്പിക്കാന്‍ വയ്ക്കാം.

വേരില്‍ മുക്കുന്നതിന്

പറിച്ചു നടുമ്പോള്‍ ഞാറിന്‍റെ വേര് സ്യൂഡോമോണസ് കലക്കിയ വെള്ളത്തില്‍ അര മണിക്കൂര്‍ മുക്കിയിട്ട് നടാം. ഇതിന് 20 ഗ്രാം ഒരു ലിറ്ററില്‍ എന്ന തോതില്‍ കലക്കണം. പാടത്തു തന്നെ ചെറിയ കുഴികളെടുത്തോ വരമ്പു വച്ച് വെള്ളം നിര്‍ത്തിയോ അതില്‍ സ്യൂഡോമോണസ് കലക്കി ഞാറുവേര് മുങ്ങുംവിധം നിരത്തി വയ്ക്കണം.

മണ്ണില്‍ ചേര്‍ക്കുന്നതിന്

ഏക്കറിന് ഒരു കിലോഗ്രാം സ്യൂഡോമോണസ് 20 കിലോഗ്രാം ചാണകപ്പൊടിയോ മണലോ ആയി കലര്‍ത്തി പാടത്ത് വിതറാം.

തളിക്കുന്നതിന്

2 ഗ്രാം സ്യൂഡോ മോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ചെടികളില്‍ തളിക്കാം.

സ്യൂഡോമോണസ് പൊടിരൂപത്തില്‍ പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിലും മണ്ണുത്തിയിലെ സംസ്ഥാന ബയോകണ്‍ട്രോള്‍ ലാബിലും ലഭ്യമാണ്.

വിലയും വിപണിയുമുണ്ടെങ്കില്‍ ജൈവനെല്‍കൃഷി വിജയിക്കും. എന്നാല്‍ നെല്‍കൃഷിക്കാര്‍ മുഴുവനും ഒറ്റയടിയ്ക്ക് ജൈവകൃഷിയിലേക്ക് മാറുന്നത് പ്രായോഗികമല്ല. രാസവളങ്ങളൊടൊപ്പം ജൈവവളങ്ങളും ഉപയോഗിക്കണം. രാസകീടനാശിനികളുടെ അമിതോപയോഗം കുറച്ച് ജൈവകീടരോഗനിയന്ത്രണമാര്‍ഗങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. ഇത്തരമൊരു സംയോജിത തന്ത്രമാണ് നന്ന്.

നെല്‍കൃഷിയിലെ ആദായപാഠങ്ങള്‍

കേരളത്തില്‍ നെല്‍കൃഷി ചില പ്രതിസന്ധികള്‍ നേരിടുന്നു. 8.8 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ഉണ്ടായിരുന്നത് ഇപ്പോള്‍ 3.3 ലക്ഷം ഹെക്ടറായി കുറഞ്ഞു. അരിയുത്പാദനം 14 ലക്ഷം ടണ്ണില്‍ നിന്ന് 7 ലക്ഷം ടണ്ണായും കുറഞ്ഞു. ഇപ്പോള്‍ കേരള ജനതയ്ക്ക് ആവശ്യമായ അരിയുടെ മൂന്നിലൊന്നു ഭാഗം മാത്രമേ നമുക്ക് ഉത്പാദിപ്പിക്കാന്‍ കഴിയുന്നുള്ളൂ. മറ്റ് വിളകളെ അപേക്ഷിച്ച് നെല്‍കൃഷി ആദായകരമല്ല എന്ന ധാരണയാണ് ഈ മേഖലയില്‍നിന്ന് കര്‍ഷകര്‍ പിന്തിരിയുന്നതിനു കാരണം. കൃഷിച്ചെലവ് കുറയ്ക്കുകയും ഉത്പാദനം കൂട്ടുകയും വേണം. എങ്കിലേ കൃഷി ആദായകരമാകുകയുള്ളൂ. ഇതിന് നെല്ലുത്പാദനത്തെ ബാധിക്കുന്ന ഘടകങ്ങളായ സാങ്കേതികം, യന്ത്രവത്കരണം, ഉത്പാദനോപാധികളുടെ ലഭ്യത, വിപണനം, സാമൂഹിക-സാമ്പത്തിക കാര്യങ്ങള്‍ എന്നിവയില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം.

സാങ്കേതിക കാര്യങ്ങള്‍

വിത്തു തെരഞ്ഞെടുക്കല്‍

കൃഷിയില്‍ ഏറ്റവും പ്രധാന ഘടകമാണ് വിത്ത്. 85 മുതല്‍ 90 ശതമാനം വരെ അങ്കുരണ ശേഷിയുള്ള വിത്താണെങ്കില്‍, വിതയ്ക്കുന്നതിന് ഏക്കറിന് 40 കിലോഗ്രാമും പാകി പറിച്ചുനടുന്നതിന് 24 മുതല്‍ 32 കിലോഗ്രാമും മതിയാകും. വിത്തിന്‍റെ അളവ് കൂടരുത്. പ്രാദേശികമായി യോജിച്ച മികച്ച ഇനം വേണം തെരഞ്ഞെടുത്ത് വിതയ്ക്കുവാന്‍. കുട്ടനാട് പോലെയുള്ള പ്രദേശങ്ങളില്‍ കീട-രോഗ പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ കൃഷിയിറക്കണം. ഓരോ പാടത്തിനും ആവശ്യമുള്ള വിത്ത്, അവിടെ തന്നെ ഉത്പാദിപ്പിച്ചാല്‍ നന്ന്. 100 ഹെക്ടര്‍ പാടത്തിന് 10 ടണ്‍ വിത്ത് മതി.

ഗുണമേډയുള്ള വിത്തുത്പാദനം

ഗുണമേډയുള്ള വിത്തുത്പാദനത്തിന് ഇനിപ്പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. പൂവിടും മുമ്പ്, പൂവിട്ടു കഴിഞ്ഞ്, കൊയ്ത്തിനുമുമ്പ് എന്നീ മൂന്നു ഘട്ടങ്ങളില്‍ കൂട്ടുവിത്ത് പറിച്ചു മാറ്റണം. വിത്തിന്‍റെ പരിശുദ്ധി നിലനിര്‍ത്താനാണിത്. ചിനപ്പ് പൊട്ടുന്നതിലെ പ്രത്യേകത, ചെടിയുടെ ഉയരം, നെډണിയുടെ ആകൃതി, നിറവ്യത്യാസം, പൂവിടുന്നതിനുള്ള കാലയളവ് എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കണം കലര്‍പ്പിനങ്ങള്‍ നീക്കാന്‍.

കൊയ്യുന്നതിന് 10 ദിവസം മുമ്പ് പാടത്തെ വെള്ളം വാര്‍ക്കണം. ഒരു കതിരിലെ എല്ലാ നെډണികളും പാകമാകുന്നതുവരെ കാത്തിരിക്കാതെ മുകളറ്റത്തുനിന്ന് താഴേയ്ക്കു 80 ശതമാനം നെډണികള്‍ മൂപ്പെത്തിയാല്‍ കൊയ്ത്തിന് സമയമായി. ഈ സമയത്തുതന്നെ കൊയ്യണം. അല്ലെങ്കില്‍ നെډണികള്‍ കൊഴിയും; വിളവും കുറയും. വിത്തിനുള്ള നെല്ല് പ്രത്യേകം മെതിച്ചെടുക്കണം. കൊയ്ത്തു ദിവസമോ പിറ്റേന്നോ മെതിച്ചില്ലെങ്കില്‍ വിത്ത് അവിഞ്ഞ് അതിന്‍റെ ഗുണം നഷ്ടപ്പെടും. ശരിയായി മെതിച്ചെടുത്ത നെല്ല് പാകത്തിന് ഉണക്കി സൂക്ഷിക്കണം.

വിത്തിലെ ജലാംശം 13 ശതമാനത്തില്‍ കൂടാന്‍ പാടില്ല. വിത്ത് നല്ലതുപോലെ ഉണക്കി, ചേറി വെടിപ്പാക്കി അടുത്ത കൃഷിക്കാലം വരെ സംഭരിച്ചുവയ്ക്കാം. പത്തായത്തിലോ അറകളിലോ ആണ് സാധാരണ വിത്ത് സംഭരിക്കുക. ചാക്കുകളിലും ഇത് ആകാം. ഇതിനായി ഇരട്ടച്ചാക്കുകളോ പോളിത്തീന്‍ ചാക്കുകളോ ഉപയോഗിക്കണം

യഥാസമയം കൃഷി

യഥാസമയം കൃഷിയിറക്കുന്നതിന് വളരെ പ്രാധാന്യമുണ്ട്. പണ്ടുകാലത്ത് കൃഷിരീതിയിലുണ്ടായിരുന്ന ചിട്ടകള്‍ ഇപ്പോള്‍ ആരും അനുവര്‍ത്തിക്കുന്നില്ല. അതിനുകാരണം ഋതുബന്ധസ്വഭാവമില്ലാത്ത അത്യുത്പാദന വിത്തിനങ്ങളുടെ ആവിര്‍ഭാവമാണ്. ഇത് കീടരോഗങ്ങള്‍ പെരുകുവാന്‍ ഇടയാക്കി. ഒരേ സമയത്തുതന്നെ കൃഷിയിറക്കിയാല്‍ ഇത് തരണം ചെയ്യാം.

വളപ്രയോഗം

ഓണാട്ടുകര, തിരുവനന്തപുരം ജില്ലയിലെ ചില ഭാഗങ്ങള്‍, പാലക്കാട് എന്നീ പ്രദേശങ്ങളിലെ ജൈവാംശം കുറവുള്ള മണ്ണില്‍ ഉഴുന്നതിനുമുമ്പായി ഹെക്ടറിന് 5 ടണ്‍ എന്ന തോതില്‍ പച്ചിലവളം, കമ്പോസ്റ്റ്, കാലിവളം എന്നിവയിലൊന്ന് ചേര്‍ക്കാം. എന്നാല്‍ കുട്ടനാട്, കോള്‍ എന്നിവിടങ്ങളില്‍ വയ്ക്കോലിന്‍റെ പകുതിഭാഗത്തോളം മണ്ണില്‍തന്നെ ഉഴുതു ചേര്‍ക്കുന്നതിനാല്‍ ജൈവവളം ചേര്‍ത്തില്ലെങ്കിലും സാരമില്ല.

അശാസ്ത്രീയമായ വളപ്രയോഗം കീട-രോഗബാധ ക്ഷണിച്ചുവരുത്തും. മണ്ണു പരിശോധനയുടെ അടിസ്ഥാനത്തില്‍ വളപ്രയോഗം നടത്തിയാല്‍ ചെലവ് ഒരു പരിധിവരെ കുറയ്ക്കാനും കഴിയും. കഴിവതും നേര്‍വളങ്ങളായ യൂറിയ, മസ്സൂറിഫോസ് അല്ലെങ്കില്‍ സൂപ്പര്‍ ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ഉപയോഗിക്കുക.

ജലപരിപാലനം

നെല്ലിന്‍റെ വിളവിനെ ബാധിക്കുന്ന മുഖ്യഘടകമാണ് ജലപരിപാലനം. വെള്ളം നിലത്തില്‍ കെട്ടിക്കിടക്കാന്‍ വേണ്ടിയാണ് നിലം നല്ലവണ്ണം ഉഴുത് ചാലിക്കുന്നത്. തډൂലം കിട്ടുന്ന വെള്ളം നെല്‍കൃഷിക്കുതന്നെ ഉപയോഗിക്കാം. പൊതുവെ അത്യുത്പാദനശേഷിയുള്ള നെല്ലിനങ്ങള്‍ക്ക്, നടീല്‍ കഴിഞ്ഞ് കൊയ്ത്തിന് 10 ദിവസം മുമ്പുവരെ 5 സെന്‍റീമീറ്റര്‍ വെള്ളം നിറുത്തണമെന്നാണ് ശുപാര്‍ശ. ഇക്കാരണത്താല്‍ കളകളെ നല്ലവണ്ണം നിയന്ത്രിക്കാന്‍ സാധിക്കും. എന്നാല്‍ വളമിടുമ്പോഴും കീടനാശിനികള്‍, കളനാശിനികള്‍ എന്നിവ തളിയ്ക്കുന്ന സമയങ്ങളിലും വെള്ളം വാര്‍ത്തുകളയണം. രണ്ടുദിവസം കഴിഞ്ഞ് വീണ്ടും വെള്ളം കയറ്റി പഴയരീതിയില്‍ നിലനിറുത്താം.

ചേറ്റുവിതയാണെങ്കില്‍ ആദ്യത്തെ ഒരാഴ്ചത്തേക്ക് വെള്ളം വാര്‍ന്ന അവസ്ഥ നിലനിറുത്തണം. ഈ കൃഷിരീതിയില്‍, നെല്‍ചെടികള്‍ വേരുപിടിച്ചാല്‍ വീണ്ടും വെള്ളം കയറ്റണം. പുളിനിലങ്ങളില്‍ ആഴ്ചയിലൊരിക്കലെങ്കിലും വെള്ളം കയറ്റിയിറക്കല്‍ കൊയ്ത്തിന് 10 ദിവസം മുമ്പുവരെ നടത്തുകയും വേണം.

കീട-രോഗ നിയന്ത്രണം

നെല്‍വിളവിനെ സാരമായി ബാധിക്കുന്ന ഘടകമാണ് കീട-രോഗബാധ. എങ്കിലും അമിത കീടനാശിനി പ്രയോഗം പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കും. സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന രീതിയില്‍ കീടങ്ങള്‍ വര്‍ദ്ധിച്ചാല്‍ മാത്രമേ രാസകീടനാശിനികള്‍ ഉപയോഗിക്കാവൂ. അമിത കീടനാശിനി പ്രയോഗം കുറച്ച് നെല്‍കൃഷി ലാഭകരമാക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ സംയോജിത കീട-നിയന്ത്രണമാര്‍ഗങ്ങള്‍ സ്വീകരിച്ചുവരുന്നത്.

പൊക്കാളി - സുസ്ഥിരകൃഷി

എന്‍.കെ. ശശിധരന്‍,

അസോസിയേറ്റ് പ്രൊഫസര്‍,

മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം, കുമരകം.

പൊക്കത്തില്‍ ആളിനില്‍ക്കുന്ന നെല്ലാണ് പൊക്കാളി. ഈ നെല്ലിനം ഉപയോഗിച്ച് ഓരുനിലങ്ങളില്‍ ചെയ്യുന്ന നെല്‍ക്കൃഷിയാണ് പൊക്കാളിക്കൃഷി. കൃഷിരീതിക്കും, വിതയ്ക്കുന്ന വിത്തിനും,കൃഷിനിലത്തിനും, എല്ലാംڅപൊക്കാളിچഎന്നുതന്നെയാണ് പേര്. സവിശേഷതകള്‍ ഏറെയുള്ള പൊക്കാളിക്കൃഷിയുടെ വിശദാംശങ്ങള്‍ ചിത്രീകരിക്കുന്ന ലേഖനം.

സ്വാഭാവികാവസ്ഥയില്‍ കടല്‍വെള്ളം കയറിക്കിടന്നിരുന്ന ചതുപ്പു നിലങ്ങളാണ് പിന്നീട് പൊക്കാളിപ്പാടങ്ങളായി മാറിയത്. കണ്ടല്‍ക്കാടുകളുടെയും ലവണ പ്രതിരോധശേഷിയുള്ള സസ്യ സമ്പത്തിന്‍റെയും കേദാരമാണ് ഈ ചതുപ്പുനിലങ്ങള്‍. ജډനാ അമ്ലസ്വഭാവം പുലര്‍ത്തുന്ന ഈ നിലങ്ങള്‍ മഴക്കാലത്ത് അമ്ലസ്വഭാവവും വേനല്‍ക്കാലത്ത് ക്ഷാരസ്വഭാവവുമാണ് കാണിക്കാറുള്ളത്. ഇങ്ങനെ സങ്കീര്‍ണ്ണ സ്വഭാവം കാട്ടുന്ന പൊക്കാളിമണ്ണിലെ കൃഷി ദുഷ്കരവും ചെലവേറിയതുമാണ്. ഈ സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ വളരെ ലളിതമായ രീതിയില്‍ പരിഹരിക്കുന്ന മാര്‍ഗങ്ങളാണ് പൊക്കാളിക്കൃഷിയെ ശ്രദ്ധേയമാക്കുന്നത്.

ഓരു നിറഞ്ഞ പൊക്കാളിപ്പാടങ്ങള്‍

വടക്ക് എനമാക്കല്‍ ബണ്ടുമുതല്‍ തെക്ക് തണ്ണീര്‍മുക്കം ബണ്ടുവരെ വ്യാപിച്ചുകിടക്കുന്ന വേമ്പനാട്ടുകായലിന്‍റെ തീരപ്രദേശങ്ങളും, അതില്‍ വന്നുചേരുന്ന വടക്കന്‍ നദിയോരങ്ങളും പൊക്കാളി നിലങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ ഭൂരിഭാഗവും എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലാണ്. ആലപ്പുഴ ജില്ലയിലെ ഓരുമുണ്ടകന്‍ നിലങ്ങളും കണ്ണൂര്‍ ജില്ലയിലെ കയ്പാടു നിലങ്ങളും, പൊക്കാളിക്കു സമാനമായ ലവണ മണ്ണുകളാണ്. കേരളത്തിലെ ഓരു നിലങ്ങളുടെ ആകെ വ്യാപ്തി 30,000 ഹെക്ടര്‍ വരുമെങ്കിലും നെല്‍കൃഷി ചെയ്യുന്ന പൊക്കാളി നിലങ്ങള്‍ വെറും 4000 ഹെക്ടര്‍ മാത്രമേയുള്ളൂ!

ആളുയരത്തില്‍ നെല്ല്

പൊക്കാളിപ്പാടത്ത് കൃഷിയിറക്കുന്ന നെല്‍വിത്തുകളെ പൊതുവെ 'പൊക്കാളി നെല്ലിനങ്ങള്‍' എന്നു പറയുന്നു. ആളുയരത്തില്‍ വളരുന്ന ഇവയുടെ മുഖ്യസവിശേഷത ലവണപ്രതിരോധശക്തിയാണ്. 6 മുതല്‍ 8 വരെ മി. മോസ് ചാലകശക്തി കാട്ടുന്ന ലവണാംശമുള്ള മണ്ണിലും ഇവയ്ക്ക് വളരാനും വിളയാനും കഴിയും. കൂടാതെ, അമ്ലത ചെറുക്കാനും, വെള്ളപ്പൊക്കവും, വെള്ളക്കെട്ടും അതിജീവിക്കാനും പൊക്കാളി നെല്ലിന് ത്രാണിയുണ്ട്. കതിരുകളുടെ വലിപ്പം, നെډണികളുടെ എണ്ണം, നെډണിയുടെ വലിപ്പവും തൂക്കവും എന്നിവ പൊക്കാളിയിനങ്ങളില്‍ വളരെ കൂടുതലാണ്. മികച്ച ചുവന്ന അരി തരുന്ന ഈയിനങ്ങള്‍ രുചികരവും, കൂടുതല്‍ വില ലഭിക്കുവാന്‍ യോഗ്യവുമാണ്. കീടരോഗ പ്രതിരോധശേഷിയാണ് ഇവയുടെ മറ്റൊരു പ്രത്യേകത. പൊക്കാളി നെല്ലിനങ്ങളില്‍ത്തന്നെ പൊക്കാളിക്കാണ് കൂടുതല്‍ പ്രചാരം. ചൂട്ടുപൊക്കാളിയില്‍നിന്നും നിര്‍ദ്ധാരണംവഴി, വൈറ്റില നെല്ലുഗവേഷണകേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത 'വൈറ്റില - 1' ആണ് ഇന്ന് പൊക്കാളി എന്ന പേരില്‍ പൊതുവെ അറിയപ്പെടുന്നത്. ചെറുവിരിപ്പ്, ചെട്ടിവിരിപ്പ്, ഓര്‍കഴമ, എരവപ്പാണ്ടി, ബാലി, കുറുക എന്നിവയും പൊക്കാളി പ്രദേശത്ത് കൃഷി ചെയ്യുന്ന നാടന്‍ നെല്ലിനങ്ങളാണ്. വൈറ്റില നെല്ലുഗവേഷണകേന്ദ്രത്തില്‍ നിന്നും പുറത്തിറക്കിയ മറ്റു പൊക്കാളിയിനങ്ങളായ, വൈറ്റില-2, വൈറ്റില-3, വൈറ്റില-4 എന്നിവയ്ക്കും മുന്‍പറഞ്ഞ നെല്ലിനങ്ങളോട് രക്തബന്ധമുണ്ട്. നാലു ടണ്ണിലേറെ വിളവു നല്‍കാന്‍ കെല്പുള്ള നെല്ലാണ് 'വൈറ്റില-4'.

കണ്ണിപ്പുറത്തെ ഞാറ്റടി

മണ്ണിലെ ലവണാംശം കഴുകിക്കളഞ്ഞ് കൃഷിക്കുപയുക്തമാക്കുന്ന കൃഷിപ്പണികളാണ് പൊക്കാളി കൃഷിരീതിയുടെ അന്തഃസത്ത. വേനല്‍ക്കാലത്ത് ഉപ്പുവെള്ളം കയറുന്ന പൊക്കാളി മണ്ണിന്‍റെ ചാലകശക്തി 12 മുതല്‍ 24 മി. മോസ് ആണ്. ഈ ലവണാംശത്തില്‍ ഒരു നെല്ലും വളരില്ല. മണ്ണിലെ വിലേയലവണങ്ങള്‍ പൊക്കാളി നെല്ലിനങ്ങള്‍ക്ക് വളരാന്‍ പാകമായ നിലയിലേക്ക് കുറയ്ക്കുക എന്നതാണ് ഈ കൃഷിയുടെ പ്രാഥമികതത്വം. ഇതിനായി പ്രായേണ ചെലവുകുറഞ്ഞ ഒരു രീതിയാണ് പൊക്കാളി കര്‍ഷകര്‍ അനുവര്‍ത്തിച്ചുവരുന്നത്.

സുലഭമായി മഴ ലഭിക്കുന്ന കേരളത്തില്‍, ലവണമണ്ണ്, മഴവെള്ളത്തില്‍ കഴുകി ലവണവിമുക്തമാക്കുകയാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം. ഇതിനു മുന്നോടിയായി ഏപ്രില്‍-മേയ് മാസങ്ങളില്‍ വെള്ളം വറ്റിയ പാടങ്ങളില്‍, കണ്ണികളോ, വാരങ്ങളോ ഉണ്ടാക്കും. ഇവ മണ്ണിന്‍റെ ഉപരിതല വിസ്തീര്‍ണ്ണം വര്‍ദ്ധിപ്പിക്കും. തത്ഫലമായി കൂടുതല്‍ മണ്ണ് കുറഞ്ഞ സമയംകൊണ്ട് സൂര്യപ്രകാശവും ചൂടുമേറ്റ് ഉണങ്ങിപ്പൊടിഞ്ഞുകിട്ടുന്നു. തുടര്‍ന്ന് വേനല്‍ മഴയും, കാലവര്‍ഷവും കണ്ണികളിലൂടെ കിനിഞ്ഞിറങ്ങി ലവണങ്ങള്‍ കഴുകിമാറ്റുന്നു. ലവണ വിമുക്തമായ കണ്ണികളിലോ വാരങ്ങളിലോ ആണ് മുളപ്പിച്ച വിത്ത് വിതയ്ക്കുന്നത്.

ഒരു മാസം കൊണ്ട് കണ്ണിപ്പുറത്തെ ഞാറുകള്‍ പറിച്ചുനടാന്‍ വളര്‍ച്ചയാകും. പറിച്ചുനടുന്നതിനു പകരമായി പൊക്കാളിക്കൃഷിയില്‍ കണ്ണികള്‍ വെട്ടിത്തീര്‍ക്കുകയാണ് ചെയ്യുക. കണ്ണികള്‍ ഞാറിനോടൊപ്പം വെട്ടിനിരത്തിയിട്ട്, നാലഞ്ചു ഞാറുകള്‍ അടങ്ങിയ മണ്‍കട്ടകളായി വേര്‍തിരിച്ച് നിലത്തില്‍ പതിച്ചുവയ്ക്കുന്നു. അമ്ലത കൂടുതലുള്ള പൊക്കാളി പാടങ്ങളില്‍ ഞാറുകള്‍ പെട്ടെന്ന് പിടിച്ചുകിട്ടാന്‍ അനുയോജ്യമായ ഒരു നടീല്‍ സമ്പ്രദായമാണിത്.

വിത്തൊരുക്കം

വിത്തൊരുക്കം, വളപ്രയോഗം, കളനിയന്ത്രണം, ജലപരിപാലനം, കീട-രോഗനിയന്ത്രണം, കൊയ്ത്ത് എന്നിവയിലും പൊക്കാളിത്തനിമ ദര്‍ശിക്കാം. വിതസമയം അനിശ്ചിതമായി നീളാമെന്നതിനാല്‍, മുളപ്പിച്ച വിത്തുകള്‍ ദീര്‍ഘകാലം സുഷുപ്താവസ്ഥയില്‍ സൂക്ഷിച്ചുവയ്ക്കാവുന്ന വിത്തൊരുക്കമാണ് പൊക്കാളിക്കൃഷിയുടെ മറ്റൊരു പ്രത്യേകത. ഓലക്കൂടകളില്‍ കൂവ, കരിങ്ങോട്ട, തേക്ക്, വാഴ എന്നിവയുടെ ഇലകള്‍ നിരത്തി, അതില്‍ 10 കി. ഗ്രാം വിത്ത് നിറച്ച് വായു നിബദ്ധമാക്കി അടച്ചെടുക്കുന്നു. ഇരുപത്തിനാലു മണിക്കൂര്‍വരെ ശുദ്ധജലത്തില്‍ മുക്കിവച്ച വിത്തുകൂട, പുറത്തെടുത്ത് തണലില്‍ സൂക്ഷിക്കുന്നു.

കഷ്ടിച്ചു മുളച്ചുതുടങ്ങിയ വിത്തുകള്‍ അതേപടി ഒരുമാസംവരെ സൂക്ഷിക്കാം. അനുകൂലമായ സാഹചര്യത്തില്‍ വിത്തുകൂട പുറത്തെടുത്ത് പൊട്ടിച്ച് ഏറ്റവും പെട്ടെന്ന് വിത പൂര്‍ത്തിയാക്കുന്നു.

വളമിടാകൃഷി

വളമിടാകൃഷിയാണ് പൊക്കാളിക്കൃഷി. വേലിയേറ്റവും, വേലിയിറക്കവും ഈ മണ്ണിന്‍റെ ഭൗതിക-രാസ-ജൈവ സ്വഭാവങ്ങളെ നിയന്ത്രിക്കുന്നതുമൂലം ജൈവ-രാസവളങ്ങളുടെ പ്രയോഗം കൂടാതെതന്നെ ഈ മണ്ണ് ഫലഭൂയിഷ്ടമായിരിക്കും. പൊക്കാളിവിത്തുകള്‍ പ്രതിരോധശേഷിയുള്ളവയാണ്. തണ്ടുതുരപ്പന്‍, ഓലചുരുട്ടി എന്നിവയുടെ ശല്യം വ്യാപകമാവുന്ന അവസരങ്ങളില്‍പോലും കീടനാശിനിപ്രയോഗം പതിവില്ല. അങ്ങനെ രാസവള-കീടനാശിനി പ്രയോഗത്തില്‍നിന്നും വിമുക്തമായ ഒരു ജൈവ കൃഷിരീതിയാണ് പൊക്കാളിക്കൃഷി.

സമ്മിശ്ര കൃഷി

നെല്ലും, മത്സ്യവും, ചെമ്മീനും ഏകോപിപ്പിച്ചുകൊണ്ടുള്ള ത്രീ-ഇന്‍-വണ്‍ കൃഷിരീതി എന്നതും പൊക്കാളിക്കുമാത്രം അവകാശപ്പെടാവുന്ന ഖ്യാതിയാണ്. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ശുദ്ധജല കാലയളവില്‍ നെല്ലും നവംബര്‍-മേയ് വരെയുള്ള ലവണജല കാലയളവില്‍ ചെമ്മീനും കൃഷി ചെയ്യുന്ന മറ്റു നെല്‍കൃഷി മേഖലകള്‍ ലോകത്തിന്‍റെ ഇതര ഭാഗങ്ങളില്‍പോലും തുലോം കുറവാണ്. ഈ കൃഷി സമ്പ്രദായത്തിലെ ഘടകങ്ങള്‍ പരസ്പര പൂരകങ്ങളായി വര്‍ത്തിക്കുന്നതിനാലാണ് പൊക്കാളിക്കൃഷിരീതി ഏതു കാലത്തും ഒരു സുസ്ഥിര കൃഷി സമ്പ്രദായമായി വാഴ്ത്തപ്പെടാറുള്ളത്.

നെല്ല് കൃഷി ചെയ്യാന്‍ ആരംഭിച്ച കാലം മുതല്‍ക്കു തന്നെ ഇനങ്ങളെയും വേര്‍തിരിക്കാന്‍ ശ്രമിച്ചിരുന്നു. ആര്യന്‍, പൊന്നാര്യന്‍, കരിവേനല്‍, പൊക്കാളി, ചെങ്കയമ, കുട്ടാടന്‍, കൊടിയന്‍, ചീര, വട്ടന്‍, കറുത്ത മോടന്‍, പൂങ്കുലത്തരി, കവുങ്ങിന്‍പൂത്താല, തവളക്കണ്ണന്‍, ചെമ്പന്‍, ചെന്നെല്ല്, കൊച്ചുവിത്ത്, പാറപിളര്‍പ്പന്‍, മുണ്ടകകുട്ടി, നെയ്ചീര തുടങ്ങി നാടന്‍ ഇനങ്ങളുടെ പട്ടിക നീണ്ടതാണ്. വൈവിധ്യങ്ങളുടെ കലവറയായ ഈ നാടന്‍ ഇനങ്ങളാണ് ഇന്നത്തെ അത്യുല്‍പാദനശേഷിയുള്ള നെല്ലിനങ്ങളുടെ വികസനത്തിനാധാരം.

ഉല്‍പാദനക്ഷമത വര്‍ദ്ധനവ് മാത്രം ലക്ഷ്യമാക്കിയുള്ള ഇനങ്ങളാണ് ആദ്യകാലത്ത് വികസിപ്പിച്ചെടുത്തത്. തുടര്‍ന്ന് കീടരോഗപ്രതിരോധശേഷി, വരള്‍ച്ച, വെള്ളക്കെട്ട്, പുളിരസം, ഉപ്പുരസം, എന്നീ പ്രതികൂലസാഹചര്യങ്ങള്‍ അതിജീവിക്കാന്‍ കഴിവുള്ള നെല്ലിനങ്ങളുടെ ഊഴമായി. ഇപ്പോള്‍ പ്രത്യേക ആവശ്യങ്ങളും വിപണിയും പരിഗണിച്ച് മൂല്യവര്‍ദ്ധിത ഗൂണവിശേഷങ്ങളുള്ള സ്പെഷ്യാലിറ്റി ഇനങ്ങള്‍ (സൂഗന്ധ നെല്ലിനങ്ങള്‍, ഔഷധ നെല്ലിനങ്ങള്‍) കണ്ടെത്തുക എന്നതാണ് ലക്ഷ്യം. അതിന് ജനിതകസാങ്കേതികവിദ്യയും മറ്റ് ആധുനിക സങ്കേതങ്ങളും ഉപയോഗപ്പെടുത്തുന്നു. ഇതോടനുബന്ധമായി നമ്മുടെ സാഹചര്യങ്ങള്‍ക്കനുയോജ്യമായ സങ്കരവീര്യവിത്തുകളുടെ വികസനവും അതുപയോഗിച്ചുള്ള കൃഷി രീതിയും പരിശോധിച്ചുവരുന്നു. കേരളത്തിലെ കര്‍ഷകര്‍ക്ക് തെരഞ്ഞെടുക്കാന്‍ നമ്മുടേതായി 'നൂറ്റിരണ്ട്' നെല്ലിനങ്ങളുണ്ട്. ഇതില്‍ നിന്ന് ഒരു പ്രദേശത്തേക്കാവശ്യമായ വിത്ത് തെരഞ്ഞെടുക്കുക ശ്രമകരമാണ്. കൃഷിക്കാര്‍ അവരവരുടെ പ്രദേശങ്ങളില്‍ പരീക്ഷിച്ച് ബോദ്ധ്യപ്പെട്ട ഇനങ്ങളാണ് ഇന്ന് നെല്‍കൃഷി മേഖലയില്‍ പ്രചാരത്തിലുള്ളത്.

മൂന്നു വിളക്കാലത്തും ഒരു പോലെ ഉപയോഗിക്കാന്‍ പറ്റിയ ഋതുബന്ധസ്വഭാവമില്ലാത്ത നെല്ലിനങ്ങളില്‍ നിന്ന് വെള്ളത്തിന്‍റെ ലഭ്യത അനുസരിച്ച് വിത്തിനങ്ങളുടെ മൂപ്പുവ്യത്യാസം നോക്കി ഇനങ്ങള്‍ തെരഞ്ഞെടുക്കാം. 135 ദിവസത്തിനു മേല്‍ മൂപ്പുളളവയെ ദീര്‍ഘകാല ഇനങ്ങളെന്നും, 115-135 ദിവസം മൂപ്പുള്ളവയെ മദ്ധ്യകാല ഇനങ്ങളെന്നും 115 ദിവസത്തില്‍ കുറവ് മൂപ്പുള്ളവയെ ഹ്രസ്വകാല ഇനങ്ങളെന്നും തരംതിരിച്ചിരിക്കുന്നു.

ആര്യന്‍, പൊന്നാര്യന്‍, നീരജ, മംഗള, മഷൂറി, ശ്വേത എന്നിവ ഋതുബന്ധസ്വഭാവമില്ലാത്ത ദീര്‍ഘകാല ഇനങ്ങളാണ്. ജ്യോതി, ശബരി, ഭാരതി, ജയതി, ആതിര, ഐശ്വര്യ എന്നിവ മദ്ധ്യമൂപ്പുള്ളവയാണ്. പവിഴം, കാര്‍ത്തിക, കനകം, പഞ്ചമി, പവിത്ര, രമണിക, ഗൗരി എന്നീ മങ്കൊമ്പ് ഇനങ്ങള്‍ കുട്ടനാടന്‍ പ്രദേശങ്ങളില്‍ ഹ്രസ്വമൂപ്പുള്ളവയാണ്. എന്നാല്‍ ഇവ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒന്നാം വിളക്കാലത്ത് മദ്ധ്യമൂപ്പുള്ളതായാണ് കാണുന്നത്. അന്നപൂര്‍ണ്ണ, സ്വര്‍ണ്ണപ്രഭ, മട്ടത്രിവേണി, ഹ്രസ്വ, അഹല്യ, കൈരളി, ഹര്‍ഷ, കുഞ്ഞുകുഞ്ഞ്പ്രിയ, കുഞ്ഞ്കുഞ്ഞ് വര്‍ണ്ണ, ചിങ്ങം എന്നിവ ഹ്രസ്വമൂപ്പുള്ള ഇനങ്ങളാണ്.

ഞങ്ങളെ അറിയുമോ?

കേരള കാര്‍ഷിക സര്‍വ്വകലാശാല പുറത്തിറക്കിയിട്ടുള്ള

ഏറ്റവും പുതിയ നെല്‍വിത്തിനങ്ങള്‍

ഇനം  മൂപ്പ്  നിറം

(ദിവസം)

വര്‍ഷ 110115      ചുവന്നരി

ശ്വേത 135140      വെളുത്തരി

കുഞ്ഞു കുഞ്ഞ്

പ്രിയ 105110      ചുവന്നരി

കുഞ്ഞുകുഞ്ഞ്

വര്‍ണ്ണ 110115       ചുവന്നരി

ഗൗരി 120125       ചുവന്നരി

ധനു  160          ചുവന്നരി

ചിങ്ങം 98          ചുവന്നരി

 

ഋതുബന്ധസ്വഭാവവും ദീര്‍ഘകാലമൂപ്പും രണ്ടാം വിളയ്ക്കുമാത്രം യോജിച്ചതുമായ ഇനങ്ങളാണ് രശ്മി, നിള, മകരം, കുംഭം, ലക്ഷ്മി, സാഗര, ധനു എന്നിവ. ജലദൗര്‍ലഭ്യമില്ലാത്തിടത്ത് ഇവ വളര്‍ത്താം. ഉയര്‍ന്ന വിളവും നിറയെ വയ്ക്കോലും കിട്ടും. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ കരപ്രദേശത്തെ മോടന്‍ കൃഷിക്ക് ഏറ്റവും യോജിച്ച ഇനങ്ങളാണ് സ്വര്‍ണ്ണപ്രഭയും (105-110 ദിവസം മൂപ്പ്; വെളുത്ത അരി) ഐശ്വര്യയും (120-125 ദിവസം മൂപ്പ്; ചുവന്ന അരി) കരപ്രദേശത്തെ കാനലുള്ള (നിഴല്‍) സ്ഥലത്തും സ്വര്‍ണ്ണപ്രഭ നല്ല വിളവു തരും.

ഋതുബന്ധസ്വഭാവം ഉള്ളതും, ഇല്ലാത്തതുമായ രണ്ടു നാടന്‍ വിത്തിനങ്ങള്‍ കലര്‍ത്തി, വിരിപ്പ്-മുണ്ടകന്‍ സീസണുകളിലേക്ക് ഒന്നാം വിളക്കാലത്ത് ഒരുമിച്ച് വിത്തിറക്കുന്ന പരമ്പരാഗതമായ 'കൂട്ടുമുണ്ടകന്‍' കൃഷി രീതി പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്നും പ്രചാരത്തിലുണ്ട്. അത്യുല്‍പാദനശേഷിയുള്ള വിത്തു കൂട്ടായി സ്വര്‍ണ്ണപ്രഭയും (ഒന്നാംവിളവിത്തുകൂട്ട്), മകരവും (രണ്ടാം വിളവിത്തുകൂട്ട്) 7:3അനുപാതത്തില്‍ ചേര്‍ത്താണ് കൃഷിയിറക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ പ്രചാരത്തിലുള്ള കരിങ്കൊറ കൃഷിരീതിക്ക് അനുയോജ്യമായ മികച്ച ഇനമാണ് 'നിള'വയനാടന്‍ ഹൈറേഞ്ചിലെ കൃഷിക്ക് യോജിച്ച ഇനങ്ങളാണ് ദീപ്തി, ജയതി, ആതിര, എന്നിവ. ഈ പ്രദേശത്ത് ഏറെ പ്രചാരത്തിലുള്ള സുഗന്ധനെല്ലിനങ്ങളാണ് ജീരകശാലയും, ഗന്ധകശാലയും.

തൃശൂര്‍ കോള്‍ പടവുകള്‍ക്ക് യോജിച്ച ഇനങ്ങളാണ് ജ്യോതി, മട്ടത്രിവേണി, അഹല്യ, ഭദ്ര, ഉമ, വര്‍ഷ എന്നിവ. പൊന്നാനി കോള്‍നിലങ്ങളിലെ ഉപ്പുരസം അതിജീവിക്കാന്‍ കഴിവുള്ള ഇനമാണ് 'രശ്മി'. എറണാകുളം ജില്ലയിലെ പൊക്കാളികൃഷിക്ക്'വൈറ്റില' ഇനങ്ങളോടാണ് പ്രിയം.

ആലപ്പുഴ കരിനിലങ്ങളിലെ കൃഷിക്ക് കരിഷ്മയും കൃഷ്ണാഞ്ജനയും യോജിച്ചതാണ്.

ഓണം, ഭാഗ്യ, ലക്ഷ്മി, ചിങ്ങം എന്നീ ഇനങ്ങള്‍ ഓണാട്ടുകരയില്‍ പ്രചാരത്തിലുണ്ട്. ചേറാടികൃഷിക്കും, ചരല്‍നിലങ്ങളിലെ കൃഷിക്കും ഏറ്റവും യോജിച്ചവയാണ് മകരവും കുംഭവും.

ധാരാളം മാംസ്യം (പ്രോട്ടീന്‍) അടങ്ങിയ ഇനമാണ്

'രോഹിണി'. അവലിനും, മലരിനും, പായസത്തിനും, 'കാഞ്ചന' നല്ലതാണ്. അരിപ്പലഹാരങ്ങള്‍ക്ക് ഉത്തമമാകട്ടെ ശ്വേതയും, കരുണയും.

നെല്‍പ്പാടങ്ങളിലെ കരുത്തുറ്റ നെല്‍ച്ചെടികളുടെ മുന്തിയ കതിരുകള്‍ ശേഖരിച്ച് കാര്‍ഷിക കേരളത്തിലെ കാരണവډാര്‍ കണ്ടെത്തിയ നാടന്‍ ഇനങ്ങള്‍ നമ്മുടെ ജൈവ സമ്പത്തിലെ അമൂല്യനിധിയാണ്. രോഗകീടപ്രതിരോധശേഷിക്കും മറ്റ് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുമുള്ള കരുത്തിന്‍റെയും ജനിതക ശേഖരമായി ലോകം അംഗീകരിച്ചു കഴിഞ്ഞ ഈ ഇനങ്ങള്‍ നമുക്ക് ഒളിമങ്ങാതെ സംരക്ഷിക്കാം.

മണമുള്ള നെല്ല്, പിന്നെ മരുന്നുനെല്ലും

 

കേരളത്തിന്‍റെ തനതായ നെല്ലിനങ്ങളില്‍ ഔഷധഗുണത്തിനും സുഗന്ധത്തിനും പേരുകേട്ട ഇനങ്ങള്‍ നിരവധിയാണ്. അരി ഒരു ഭക്ഷണമെന്നതിനു പുറമേ മരുന്നിനും മന്ത്രത്തിനും ഉപയോഗിച്ചിരുന്നതായി പ്രാചീനഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്. നമ്മുടെ പൗരാണിക ആയൂര്‍വേദഗ്രന്ഥങ്ങളില്‍ പലതിലും അരിയുടെ ഔഷധഗുണങ്ങളെപ്പറ്റി വിവരിച്ചിട്ടുണ്ട്. കഞ്ഞി, കഞ്ഞിവെള്ളം, തവിട്, മലര്‍, അവല്‍ തുടങ്ങി അരിയില്‍ നിന്നുള്ള പല വിഭവങ്ങളും പലവിധ രോഗശാന്തിക്കും ഫലപ്രദമായി ഉപയോഗിച്ചിരുന്നുവെന്ന് പഴമക്കാര്‍ അഭിപ്രായപ്പെടുന്നു.

കേരളത്തിലെ ഔഷധ നെല്ലുകള്‍

ആയുര്‍വേദത്തില്‍ ഔഷധഗുണമുള്ള നെല്ലിനങ്ങളാണ് 'ശാലി' യും 'വ്രീഹി' യും. 'വ്രീഹി' യുടെ കീഴില്‍ 'ഷഷ്ഠിക' എന്ന ഉപസമൂഹത്തില്‍പെടുന്ന ഇനമാണ് 'നവര'.വാതസംബന്ധമായ രോഗങ്ങള്‍ക്ക് പുറമേ തേയ്ക്കുന്നതിനും കിഴിയിടുന്നതിനും 'നവര' ധാരാളമായി ഉപയോഗിക്കുന്നു.

'ശാലി' വിഭാഗത്തില്‍പെടുന്ന വരിനെല്ല് അഥവാ 'ദണ്ഡകാണി'യാണ് ആയുര്‍വേദത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള മറ്റൊരു നെല്ലിനം. രാജാക്കډാരുടെ മാത്രം ഭക്ഷണമായി കരുതപ്പെടുന്ന 'വരിനെല്ല്' വൃക്കരോഗങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നതായി ആയുര്‍വേദം പറയുന്നു.

കേരളത്തില്‍ പ്രചാരത്തിലിരുന്ന ചില നാടന്‍ നെല്ലിനങ്ങളായ നല്ല ചെന്നെല്ല്, കുഞ്ഞിനെല്ല്, എരുമക്കാരി, കറുത്തചമ്പാവ് എന്നിവയ്ക്കും ഔഷധഗുണമുള്ളതായി വിശ്വസിക്കുന്നു. മനുഷ്യരിലും കന്നുകാലികളിലും കണ്ടുവരുന്ന ദഹനസംബന്ധമായ പല രോഗങ്ങള്‍ക്കും ഇതു മരുന്നാണ്.

നവര

60 ദിവസത്തില്‍ മൂപ്പെത്തുന്ന നവരയ്ക്കാണ് ഔഷധഗുണമുള്ളതായി കണക്കാക്കുന്നത്. വിത്തിന് ജീവനക്ഷമത വളരെ കുറവായതിനാല്‍ വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം കൃഷി ചെയ്താണ് ഈ ഇനം നിലനിര്‍ത്തുന്നത്. കറുത്തമണികളുള്ള നവര (കറുത്ത നവര)യ്ക്കും ചുവന്ന മണികളോടുകൂടിയ (ചുവന്ന നവര) നവരയ്ക്കും ഔഷധഗുണമുണ്ട്. താഴ്ചക്കണ്ടങ്ങളെ അപേക്ഷിച്ച് പറമ്പുകളിലും പൊക്കക്കണ്ടങ്ങളിലും കൃഷി ചെയ്തെടുക്കുന്ന നവരയ്ക്കാണ് ഔഷധമൂല്യം ഏറെ. വളരെ ബലം കുറഞ്ഞ മെലിഞ്ഞ തണ്ടുകളാണ് നവരയുടേത്. കതിരു വരും മുമ്പുതന്നെ വീണു പോകുന്ന സ്വഭാവവും കാണിക്കുന്നു. ജൈവവളമുപയോഗിച്ചുള്ള കൃഷിരീതിയാണ് നവരനെല്ലിന്‍റെ ഔഷധഗുണം നിലനിര്‍ത്താനുത്തമം. ഉത്തരകേരളത്തില്‍ കറുത്ത നവരയ്ക്കാണ് കൂടുതല്‍ പ്രാധാന്യമെങ്കില്‍ ദക്ഷിണകേരളത്തില്‍ ചുവന്ന നവരയാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്.

നല്ല ചെന്നെല്ല്

കണ്ണൂര്‍ ജില്ലയിലാണ് 'നല്ല ചെന്നെല്ല്' കൂടുതലുള്ളത്. 120-130 ദിവസം മൂപ്പുള്ള ഇതിന്‍റെ നെډണികള്‍ക്ക് കടുംചുവപ്പുനിറമാണ്. ആയുര്‍വേദത്തില്‍ പരാമര്‍ശമുള്ള 'രക്തശാലി' എന്ന ഇനം ഇതാണെന്ന് കരുതുന്നു. ഛര്‍ദ്ദി, വയറ്റുവേദന, വയറിളക്കം എന്നിവയ്ക്ക് ഇതിന്‍റെ മലരുകൊണ്ടുണ്ടാക്കിയ കഞ്ഞി ഫലപ്രദമായ ഔഷധമാണ്. മഞ്ഞപ്പിത്തമുള്ളവര്‍ക്ക് നല്ല ചെന്നെല്ലിന്‍റെ കഞ്ഞി വച്ചു നല്കാറുള്ളതായി പഴമക്കാര്‍ പറയുന്നു.

കുഞ്ഞിനെല്ല്

നല്ല ചെന്നെല്ലിന്‍റെ ഒരു വകഭേദമാണ് 'കുഞ്ഞിനെല്ല്'. നെډണികള്‍ക്ക് ചെന്നെല്ലിനേക്കാള്‍ വലിപ്പം കുറവാണ്. നല്ല ചെന്നെല്ലും കുഞ്ഞിനെല്ലും കരകൃഷിയായാണ് ചെയ്യാറുള്ളത്.

എരുമക്കാരി

തൃശൂര്‍-എറണാകുളം ഭാഗങ്ങളില്‍ നിലവിലിരുന്ന വിത്താണിത്. വിരിപ്പുസമയത്ത് പറമ്പുകളില്‍ കൃഷി ചെയ്തിരുന്ന ഈയിനത്തില്‍ നെډണികള്‍ക്ക് കറുത്ത നിറമാണ്.

120-130 ദിവസം മൂപ്പ്. ഇതിന്‍റെ അരി തവിടോടെ പൊടിച്ച് മരുന്നിന് ഉപയോഗിക്കാം. കന്നുകാലികള്‍ക്കും ഔഷധമായി നല്‍കാം.

കറുത്തചമ്പാവ്

ദക്ഷിണ കേരളത്തില്‍ പ്രചാരത്തിലിരുന്ന ഒരിനമാണ് കറുത്ത ചമ്പാവ്. 120 ദിവസം മൂപ്പ്. നെല്ലിന് കറുപ്പും തവിടിന് കറുപ്പു കലര്‍ന്ന ചുവപ്പും നിറമാണ്. ഇതില്‍ ഇരുമ്പിന്‍റെ അംശം കൂടുതലുണ്ടെന്നുവേണം കരുതാന്‍.

ഇവയില്‍ പല ഇനങ്ങളും ഇന്ന് നാമാവശേഷമായിക്കഴിഞ്ഞു. നവരനെല്ല് മാത്രമാണ് ഇപ്പോഴും ഔഷധഗുണത്തിന്‍റെ പേരില്‍ കൃഷി ചെയ്യുന്നത്. അടുത്തകാലത്തായി ഈയിനം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നുവെന്നതും 'നവരകൃഷി' വിപുലപ്പെടുന്നുവെന്നതും ശുഭസൂചകമാണ്.

സുഗന്ധനെല്ലിനങ്ങള്‍

കേരളത്തിലെ വിവിധ ജില്ലകളില്‍ തനത് സുഗന്ധയിനങ്ങള്‍ പ്രചാരത്തിലുണ്ടെങ്കിലും ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്നത് വയനാടാണ്. ജീരകശാല, ഗന്ധകശാല എന്നീ ഇനങ്ങള്‍ക്കു പുറമേ ചോമാല, വെളുമ്പാല തുടങ്ങിയ ചില സുഗന്ധ ഇനങ്ങളും വയനാട്ടില്‍ കൃഷി ചെയ്തിരുന്നു. വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് എന്നിവിടങ്ങളിലെ സമതലപ്രദേശങ്ങളില്‍ കുഞ്ഞിക്കയമ, രാജക്കയമ, നെയ്ച്ചീര, പൂക്കുലത്തരി തുടങ്ങിയ സുഗന്ധയിനങ്ങള്‍ ഇന്നും ചെറിയ തോതിലെങ്കിലും കൃഷി ചെയ്തുവരുന്നു. വയനാട്ടിലും ഇടുക്കിയിലുമായി ഏതാണ്ട് 200 ഹെക്ടര്‍ സ്ഥലത്ത് ജീരകശാലയും ഗന്ധകശാലയും കൃഷി ചെയ്യുമ്പോള്‍ മറ്റിനങ്ങള്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് കൃഷി ചെയ്യുന്നത്.

ജീരകശാല

150-180 ദിവസം മൂപ്പുള്ള ജീരകശാല പ്രധാനമായും വയനാട്ടിലാണ് കൃഷി ചെയ്യുന്നത്. വയനാട്ടിലെ തണുത്ത കാലാവസ്ഥയിലാണ് ജീരകശാല നന്നായി വളരുന്നതും വിളവു നല്കുന്നതും. ജീരകത്തിന്‍റെ വലിപ്പമുള്ള മെലിഞ്ഞു നീണ്ട നെല്ലാണ് ഇതിന്. അരി വെളുത്തതും സുഗന്ധവാഹിയുമാണ്. പച്ചരിയായി ഉപയോഗിക്കാന്‍ ഉത്തമം.

ഗന്ധകശാല

ആറുമാസത്തോളം മൂപ്പുള്ള ഇനമാണ് ഗന്ധകശാല. തിളങ്ങുന്ന വയ്ക്കോല്‍ നിറമുള്ള ചെറിയ ഉരുണ്ട നെډണികളാണ് ഇതിന്. നല്ല ചന്ദനത്തിന്‍റെ മണമാണ് ഗന്ധകശാലയുടെ അരിക്ക്. ഉയരംകൂടിയ ഇനമാകയാല്‍ ചാഞ്ഞുവീഴാന്‍ ഇടയുണ്ട്. ജീരകശാലപോലെ തന്നെ ഗന്ധകശാലയും പുഴുങ്ങാതെ പച്ചരിയായാണ് ഉപയോഗിക്കുന്നത്. വയനാട്ടില്‍ 'നഞ്ച' (ഒന്നാംവിള) കൃഷിക്കാണ് ഇത് വിളയിക്കാറുള്ളത്.

ചോമാല

സുഗന്ധമുള്ള ചോമാലയും മണമില്ലാത്ത ചോമാലയും വയനാട്ടിലുണ്ട്. സുഗന്ധയിനത്തില്‍ നെല്ലിന് ചുവപ്പുകലര്‍ന്ന വെള്ളനിറവും അരിക്ക് വെളുത്ത നിറവുമാണ്. ഇത് കരകൃഷിക്കാണ് യോജിച്ചത്. 160-180 ദിവസം മൂപ്പുള്ള ചോമാലയും ചാഞ്ഞുവീഴുന്ന ഇനമാണ്. ജീരകശാലയും ഗന്ധകശാലയും പോലെ ചോമാല വ്യാപകമായി കൃഷി ചെയ്യുന്നില്ല.

വെളുമ്പാല

ആറുമാസം മൂപ്പുള്ള ഈയിനത്തിന് നീളമുള്ള ചെറിയ നെډണികളാണുള്ളത്. വെളുത്ത അരിയും നല്ലവാസനയുമുള്ള ഈയിനവും നാമാവശേഷമായി മാറിയിരിക്കുന്നു.

കുഞ്ഞിക്കയമ

കണ്ണൂര്‍ ജില്ലയില്‍ പ്രചാരത്തിലുള്ള ഈയിനത്തെ ചിലര്‍ 'കൊത്തമ്പാലരിക്കയമ' എന്നു വിശേഷിപ്പിക്കുന്നു. എന്നാല്‍ കൊത്തമ്പാലരിക്കയമയുടെ നെല്ലിന് കറുപ്പു നിറമാണെന്നും കുഞ്ഞിക്കയമ വയ്ക്കോല്‍ നിറമാണെന്നുമുള്ള വ്യത്യാസം നിലനില്‍ക്കുന്നു. 4-5 മാസം മൂപ്പുള്ള ഈയിനം ഒന്നാം വിളയ്ക്ക് കൃഷിയിറക്കുന്നു.

നെയ്ച്ചീര

പാലക്കാടന്‍ പ്രദേശത്ത് രണ്ടാംവിളക്കാലത്ത് കൃഷിചെയ്യുന്ന സുഗന്ധ ഇനമാണ് നെയ്ച്ചീര. ഋതുബന്ധ സ്വഭാവമുള്ളതിനാലാകാം മകരകൃഷിക്കുമാത്രമേ ഇത് ഉപയോഗിക്കൂ. മെലിഞ്ഞ ചെറിയ മണികളോടുകൂടിയ ഈയിനം 120-130 ദിവസത്തില്‍ വിളവെടുപ്പിന് തയ്യാറാകും.

രാജക്കയമ

പാലക്കാട്, കാസര്‍ഗോഡ് ഭാഗങ്ങളില്‍ കൃഷി ചെയ്തു വന്നിരുന്ന സുഗന്ധയിനമാണ് രാജക്കയമ. ചെറിയ ഉരുണ്ട അരിയ്ക്ക് വെള്ള നിറമാണ്. നെയ്ച്ചോറുണ്ടാക്കാന്‍ വളരെ വിശേഷപ്പെട്ട ഇനം. 130 ദിവസം മൂപ്പ്.

പൂക്കുലത്തരി

പള്ള്യാല്‍ നിലങ്ങളില്‍ രണ്ടാംകൃഷിക്ക് ഉപയോഗിക്കുന്ന ഈയിനം പാലക്കാടന്‍ പ്രദേശത്താണ് കണ്ടുവരുന്നത്. ചെറുതും മെലിഞ്ഞതുമായ നെډണികള്‍ക്ക് ഭാരം കുറവാണ്.

തമിഴ്നാട്, കര്‍ണാടക തുടങ്ങിയ അയല്‍സംസ്ഥാനങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയും പല സുഗന്ധ ഇനങ്ങളും കേരളത്തില്‍ എത്തിയിട്ടുണ്ട്. ജീരകശാല പോലെതന്നെ 'ജീരകസാമ്പ', 'ജീരകസണ്ണ' തുടങ്ങിയ ഇനങ്ങള്‍ അപൂര്‍വ്വമായെങ്കിലും ഇപ്പോഴും കര്‍ഷകരുടെ പക്കലുണ്ട്. 'വിഷ്ണുഭ്രക്ത്', 'കാലാജീര' തുടങ്ങിയ സുഗന്ധ ഇനങ്ങളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ കുടിയേറിയവയാണ്.

ഞാറ്റുവേലയും കൃഷിപ്പണികളും

വി.പി. സുകുമാരദേവ്,

പ്രൊഫസര്‍ (റിട്ടയേര്‍ഡ്)

കേരള കാര്‍ഷിക സര്‍വ്വ കലാശാല

ശാസ്ത്രീയ കൃഷി സമ്പ്രദായങ്ങള്‍ക്ക് പ്രാധാന്യമുള്ള ആധുനികകാലത്തും ഞാറ്റുവേലയുടെ പ്രസക്തി തെല്ലും നഷ്ടപ്പെട്ടിട്ടില്ല.

എന്താണ് ഞാറ്റുവേല? 'ഞായറിന്‍റെ വേല' ചുരുങ്ങിയതാണ് 'ഞാറ്റുവേല'. ഞായര്‍ സൂര്യനും വേല (വേള) സമയവുമാകുമ്പോള്‍ 'ഞായറിന്‍റെ വേല' 'സൂര്യന്‍റെ സമയ'മായി മാറുന്നു. ഭൂമി, സൂര്യനെ ചുറ്റുന്ന പ്രദക്ഷിണവഴിയെ 27 സമഭാഗങ്ങളായി തിരിച്ച് അതില്‍ ഓരോ ഭാഗവും ഓരോ ഞാറ്റുവേലയായി അറിയപ്പെടുന്നു. അതായത് മേടം ഒന്നുമുതല്‍ മീനം മുപ്പതുവരെ പതിമൂന്നര ദിവസം വീതമുള്ള 27 സമഭാഗങ്ങളായി സൂര്യന്‍റെ സമയത്തെ അളക്കുകയും ഈ ഓരോ പതിമൂന്നര ദിവസവും ഓരോ ഞാറ്റുവേലയായും ഈ ഓരോ ഞാറ്റുവേലയും അശ്വതി മുതല്‍ രേവതിവരെയുള്ള 27 നക്ഷത്രങ്ങളുടെ പേരില്‍ ക്രമമായി അറിയപ്പെടാനും തുടങ്ങി.

കേരളത്തിലെ മുഖ്യ കാര്‍ ഷിക വിളയായ നെല്ലിന്‍റെ കൃഷി അശ്വതി മുതല്‍ ചോതി വരെയുള്ള 15 ഞാറ്റുവേലകളിലാണ് പടര്‍ന്നുകിടക്കുന്നത്. ഇത് തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്‍റെയും വടക്കു-കിഴക്കന്‍ കാലവര്‍ഷത്തിന്‍റെയും കൈപ്പിടിയിലാണ്. ഈ 'കാല-തുലാ'വര്‍ഷം കനിഞ്ഞെങ്കിലേ വിരിപ്പ് -മുണ്ടകന്‍ കൃഷി വിജയിക്കൂ. അശ്വതി മുതല്‍ ചോതി വരെയുള്ള ഞാറ്റുവേലകളെ ബന്ധപ്പെടുത്തി നെല്‍ കൃഷിയെ കുറിച്ചുള്ള പഴഞ്ചൊല്ലുകള്‍ വളരെ അര്‍ത്ഥവത്തും രസാവഹമുമാണ്.

"അശ്വതിയിലിട്ടവിത്തും ഭരണിയിലിട്ട മാങ്ങയും കേടുവരുന്നതല്ല."

"അശ്വതി കള്ളനാണ്; ഭരണി വിതയ്ക്കാന്‍ കൊള്ളാം".

നെല്‍കൃഷിയിലെ പൊടിവിതയെക്കുറിച്ചുള്ള ചൊല്ലാണ് ഇതുരണ്ടും. ആദ്യമഴയോടെ നിലമൊരുക്കി വിത്ത് പൊടിവിതയ്ക്കുകയോ, നുരിയിടുകയോ ചെയ്യാം. അശ്വതി ഞാറ്റുവേലയില്‍ മണ്ണില്‍ വീഴുന്ന വിത്ത് മഴകിട്ടി മുളയ്ക്കാന്‍ താമസിച്ചാലും ഭരണിയിലിട്ട മാങ്ങപോലെ കേടുവരാതിരിയ്ക്കുമെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ അശ്വതിയെ വിശ്വസിക്കരുത്, കള്ളനാണ്, വിതയ്ക്കാന്‍ പറ്റിയത് ഭരണി ഞാറ്റുവേലയിലാണെന്ന് പറയുന്നവരുമുണ്ട്.

ഒന്നാംവിളക്കാലത്ത് പൊടിവിത, മുളപ്പിച്ച വിത്തുപാകല്‍, പറിച്ചുനടീല്‍ എന്നീ മൂന്നു കൃഷി രീതികള്‍ പണ്ടും ഉണ്ടായിരുന്നുവെന്നതിന്‍റെ തെളിവാണ് 'വിതയ്ക്കാന്‍ ഭരണി, പാകാന്‍ മകീരം, പറിച്ചുനടാന്‍ തിരുവാതിര' എന്ന പഴമൊഴിയിലും ഒളിഞ്ഞുകിടക്കുന്നത്.

"തിരുവാതിര തിരിമുറിയാതെ പെയ്യണം."

മഴ മദിച്ചു പെയ്യേണ്ട തിരുവാതിര ഞാറ്റുവേല ഒന്നാംവിള നെല്ലു പറിച്ചുനടാന്‍ അനുകൂലസമയമാണ്. നെല്‍കൃഷിക്കുമാത്രമല്ല കുരുമുളകു കൃഷിക്കും തിരുവാതിരയില്‍ മഴ കൂടിയേ തീരൂ എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?

"പൂയത്തില്‍ മഴ പെയ് താല്‍ പുല്ലും നെല്ല്".

"പൂയത്തില്‍ ഞാറുനട്ടാല്‍ പുഴുക്കേട്".

ഒരേ ഞാറ്റുവേലയ്ക്ക് ഗുണവും ദോഷവും ഉണ്ടെന്ന പണ്ടുള്ളവരുടെ അറിവാണ് ഈ ചൊല്ലിലൂടെ നമുക്കു കിട്ടിയത്. പൂയത്തില്‍ മഴ പെയ്താല്‍ പുല്ലില്‍വരെ നെല്ലുണ്ടാകുമെന്ന അനുഭവം ഒരു കൂട്ടര്‍ക്കെങ്കില്‍, 'പൂയത്തില്‍ ഞാറുനട്ടാല്‍ പുഴുക്കേടധികമാകുമെന്ന്' മറ്റുള്ളവരും വിശ്വസിക്കുന്നു. ജൂലായ് 18-നുശേഷം നടുന്ന ഒന്നാംവിള നെല്ലിന് ഗാളീച്ചയുടേയും തണ്ടുതുരപ്പന്‍പുഴുവിന്‍റെയും ഉപദ്രവം വളരെ കൂടുതലായിട്ടാണിന്നും കാണുന്നത്. പുണര്‍തത്തില്‍ നട്ട് പൂയത്തിലെ മഴയും കൊണ്ടാല്‍ ഈ പുഴുക്കേട് കുറഞ്ഞുകിട്ടും.

"ആയില്യത്തില്‍ പാകാം അത്തത്തില്‍ പറിച്ചു നടാം."

ആഗസ്റ്റ് പകുതിവരെയാണ് ആയില്യം ഞാറ്റുവേല. രണ്ടാംവിള(മുണ്ടകന്‍)യ്ക്ക് മൂപ്പേറിയ പഴയ നാടന്‍ വിത്തുകളായ വെള്ളരി (പിടിബി 4) സി.ഒ.25 എന്നിവയും പുതിയ ഇനമായ 'രശ്മി' യുമൊക്കെ ആയില്യത്തില്‍ പാകുന്നതാണ് നല്ലത്. ആയില്യം-മകം ഞാറ്റുവേലകളില്‍ പാകി അത്തത്തിന് നടുന്നത് മൂപ്പേറിയ ഇനങ്ങളില്‍ നിന്ന് നെല്ലും, വയ്ക്കോലും കിട്ടാന്‍ സഹായിക്കും.

 

മുണ്ടകന്, അത്തം ഞാറ്റുവേലയുടെ അവസാനത്തിലോ ചിത്തിര ഞാറ്റുവേലയുടെ ആദ്യമോ നടുന്നതാണ് പുതിയ വിത്തുകള്‍ കൃഷി ചെയ്യുമ്പോഴും നല്ലതായി കാണുന്നത്. ചിത്തിര ഞാറ്റുവേല കന്നിയുടെ അവസാനവും തുലാം ആദ്യവുമായിട്ടാണു വരിക. കന്നിയിലെ ചിത്തിരയില്‍ തന്നെ നടണമെന്നും തുലാമാസത്തിലേയ്ക്കു കടക്കരുതെന്നും രണ്ടാമത്തെ ചൊല്ല് നമ്മെ ഓര്‍മ്മിപ്പിയ്ക്കുന്നു. തുലാം ഒന്നു മുതല്‍ പകലിന് നീളം കുറയുന്നതുമൂലം 'പ്രകാശദൈര്‍ഘ്യ'ത്തില്‍ കുറവു വരികയും ചെയ്യും. തുലാം ആദ്യ ആഴ്ച ഒഴിവാക്കിക്കൊണ്ട് തുടര്‍ന്നുള്ള സമയങ്ങളില്‍ നട്ടാല്‍ ഈ വളര്‍ച്ചാവ്യത്യാസം അത്രയ്ക്കനുഭവപ്പെടാറില്ല.

"ചോതി വര്‍ഷിച്ചാല്‍ ചോറ്റിനു പഞ്ഞമില്ല."

തുലാം 7 മുതല്‍ 21 വരെയാണ് ചോതിഞാറ്റുവേല; അതായത് തുലാവര്‍ഷക്കാലം. തുലാവര്‍ഷം ശരിക്കുകിട്ടിയാല്‍ നെല്‍ കൃഷി ഉണങ്ങാതെ കിട്ടുമെന്നു മാത്രമല്ല, കുടിവെള്ളം മുട്ടാതിരിയ്ക്കാനും ചോതിയില്‍ മഴ കൂടിയേ തീരൂ. ഇക്കൊല്ലം ചോതിയില്‍ മഴ പെയ്യാത്തതാണ് നാമിപ്പോളനുഭവിയ്ക്കുന്ന ജലക്ഷാമത്തിനു മുഖ്യകാരണം.

കേരളത്തിലെ നെല്‍കൃഷിയെ സംബന്ധിച്ചിടത്തോളം അശ്വതി മുതല്‍ ചോതിവരെയുള്ള കാലഘട്ടം, അതായത് കാലവര്‍ഷത്തിന്‍റെ തുടക്കം മുതല്‍ തുലാവര്‍ഷത്തിന്‍റെ ഒടുക്കംവരെ നീണ്ടുകിടക്കുന്ന ഈ സമയം വളരെ പ്രധാനമാണ്.

നെല്‍കൃഷിക്കുമാത്രമല്ല മറ്റു കൃഷികള്‍ക്കും ഞാറ്റുവേലയുമായി ബന്ധമുണ്ടെന്ന് ഇതിനുള്ള തെളിവുകളാണ് താഴെപ്പറയുന്ന ചൊല്ലുകളിലുള്ളത്.

"മകം മുഖത്തെള്ളെറിയണം".

പറമ്പിലെ മോടന്‍ നെല്ല് കൊയ്തു കഴിഞ്ഞാല്‍ അവിടെ വിതയ്ക്കാന്‍ പറ്റിയത് മൂപ്പേറിയ എള്ളാണ്. ഇത് മകം ഞാറ്റുവേലയില്‍ തന്നെ വിതയ്ക്കണമെന്നുമാത്രം.

"അത്തമുഖത്തെള്ളെറിഞ്ഞാല്‍ ഭരണിമുഖത്തെണ്ണ".

ഒരുപ്പൂനിലങ്ങളില്‍ ഒന്നാംവിള കൊയ്തതിനുശേഷം അത്തം ഞാറ്റുവേലയില്‍തന്നെ എള്ളുവിതച്ചാല്‍ ഭരണിയുടെ കഴുത്ത് വരെ നിറയാന്‍ എണ്ണകിട്ടുമത്രെ. എള്ളിന് നല്ല വിളവുണ്ടാകുമെന്നു സാരം.

"കാര്‍ത്തികയില്‍ കാശോളം വലുപ്പത്തില്‍ വിത്ത്".

ഇഞ്ചി നടുന്നത് കാര്‍ത്തിക ഞാറ്റുവേലയിലാണെങ്കില്‍ കാശോളം വലുപ്പത്തില്‍ വിത്തുമതി; വിളവ് ധാരാളം കിട്ടുമത്രെ.

"രോഹിണിയില്‍ പയര്‍ വിതയ്ക്കാം".

"മകീരത്തില്‍ വിതച്ചാല്‍ മദിയ്ക്കും".

ആദ്യ മഴയ്ക്കുശേഷം പറമ്പുകളില്‍ പയര്‍ വിതയ്ക്കുന്നത് രോഹിണി ഞാറ്റുവേലയിലാണെങ്കില്‍ ധാരാളം പയര്‍പറിച്ചെടുക്കാം. മകീരത്തിലാണെങ്കില്‍ ധാരാളം ഇലയും വള്ളിപടര്‍പ്പുമായി മദിച്ചു കിടക്കുകയേയുള്ളൂ; കായ ഉണ്ടാകില്ല.

"രേവതി ഞാറ്റില്‍ പാടത്തു ചാമവിതയ്ക്കാം".

പ്രാചീന ഭാരതത്തിലെ ഋഷികളുടെ ഭക്ഷ്യവസ്തുവും തിരുവാതിരക്കാലത്ത് മലയാളി മങ്കമാരുടെ വ്രതാനുഷ്ഠാനത്തിലെ 'ചോറു'മായ ചാമയരിയുടെ കൃഷി തുടങ്ങുന്നത് ഇരുപത്തിയേഴാമത്തെ ഞാറ്റുവേലയായ രേവതിയില്‍ വേണമെന്നാണ് പ്രമാണം.

കാലത്തെയും കാലാവസ്ഥയെയും കൃഷി സമ്പ്രദായങ്ങളില്‍ അനുവര്‍ത്തിക്കേണ്ട നിര്‍ദ്ദേശങ്ങളെക്കുറിച്ചുമൊക്കെ പണ്ടുള്ളവരുടെ അറിവിന് ഞാറ്റുവേലനിര്‍ണയം വളരെ സഹായകമായിരുന്നു. എന്നാല്‍ പ്രകൃതിയില്‍ വരുന്ന സമൂലമാറ്റങ്ങള്‍ക്കനുസരണമായി പ്രവചനങ്ങള്‍ക്കും കാലത്തിനുംവരെ വരുന്ന മാറ്റങ്ങള്‍ നാമനുഭവിച്ചേതീരൂ.

ധകുറിപ്പ്:- ഓരോ ഞാറ്റുവേലയും തുടങ്ങുന്നതും അവസാനിക്കുന്നതുമായ ഇംഗ്ലീഷ്-മലയാളമാസതീയതികള്‍ ഞാറ്റുവേല കലണ്ടറില്‍ നിന്നും കണ്ടുപിടിയ്ക്കാം. ഞാറ്റുവേല ആരംഭിയ്ക്കുന്നത് പകലോ രാത്രിയോ ആകാം.

ചെടി അറിഞ്ഞു മതി വളം ചേര്‍ക്കല്‍

ഹരിതവിപ്ലവത്തിന് വഴിതെളിച്ച ഉത്പാദനോപാധികളില്‍ പരമപ്രധാനമാണ് വളപ്രയോഗം. മണ്ണില്‍ കുറവുള്ള സസ്യപോഷകമൂലകങ്ങള്‍ യഥായോഗ്യം യഥാസമയം ചെടികള്‍ക്ക് നല്‍കുക, ഉത്പാദനം പരമാവധി വര്‍ദ്ധിപ്പിക്കുക - ഇവയാണ് വളപ്രയോഗത്തിന്‍റെ ലക്ഷ്യം.

ജൈവ വളങ്ങള്‍- മണ്ണിന്‍റെ ജീവനാഡി

ഒരേക്കറിന് ഓരോ പൂവിലും രണ്ട് ടണ്‍ ജൈവവളമെങ്കിലും ചേര്‍ക്കണം. ഇത് കമ്പോസ്റ്റോ കാലിവളമോ പച്ചിലവളമോ അസോളയോ ആകാം. കൊയത്ത് കഴിഞ്ഞ് പാടത്ത് അവശേഷിക്കുന്ന വയ്ക്കോല്‍ മണ്ണില്‍ നന്നായി ഉഴുതു ചേര്‍ത്താല്‍ പോഷകസമ്പന്നമായ ജൈവവളമായി തീരും.

ഹരിതകവും അളക്കാം

പാടത്ത് നില്‍ക്കുന്ന നെല്‍ചെടിയിലെ നൈട്രജന്‍റെ അളവ് മനസ്സിലാക്കാന്‍ സഹായിക്കുന്ന ഉപകരണമാണ്'സ്പാഡ്മീറ്റര്‍' അഥവാ 'ഹരിതകമാപിനി'. ഇലയിലെ ഹരിതകത്തിന്‍റെ തോത് സൂചിപ്പിക്കുന്ന അക്കങ്ങളാണ് സ്പാഡ് മീറ്ററില്‍ ലഭിക്കുക. നേരിട്ടുള്ള വിതയിലും, വിതച്ച് മൂന്നാഴ്ച കഴിഞ്ഞും, പറിച്ചുനടുന്ന നെല്ലില്‍ രണ്ടാഴ്ച കഴിഞ്ഞും 10 ദിവസം ഇടവിട്ട് നൈട്രജന്‍റെ തോത് അളക്കണം. ഉപകരണത്തിലെ അക്കം 35-ല്‍ താഴെയാണെങ്കില്‍ ഹെക്ടറിന് 25 കിലോ യൂറിയ ചേര്‍ക്കാം. ഏകദേശം 50,000 രൂപ വിലയുള്ള ഈ ഉപകരണം കൃഷി ഉദ്യോഗസ്ഥര്‍ക്ക് പ്രയോജനകരമാണ്.

രാസവളപ്രയോഗം

ആധുനിക കൃഷിയില്‍ അത്യുല്‍പാദനശേഷിയുള്ള നെല്‍വിത്ത് ഉപയോഗിക്കുമ്പോള്‍ രാസവളങ്ങള്‍ ഒഴിച്ചുകൂടാന്‍ കഴിയില്ല. ശാസ്ത്രീയ വളപ്രയോഗത്തിലൂടെ വിളവ് വര്‍ദ്ധിപ്പിക്കാം എന്നതില്‍ സംശയമില്ല. ഒരു ചെടിക്കുവേണ്ട മൂന്നു പ്രധാന മൂലകങ്ങളാണ് നൈട്രജന്‍ (പാക്യജനകം), ഫോസ്ഫറസ് (ഭാവകം), പൊട്ടാഷ് (ക്ഷാരം) എന്നിവ. പുറമെ കാല്‍സ്യം, മഗ്നീഷ്യം, സള്‍ഫര്‍, മാംഗനീസ്, സിങ്ക്, സിലിക്കണ്‍ തുടങ്ങിയ മൂലകങ്ങളും ചെറിയ തോതില്‍ ചെടിയുടെ വളര്‍ച്ചക്ക് ആവശ്യമാണ്.

വളങ്ങള്‍ - വിവിധതരം

ഒരു പ്രധാന മൂലകം മാത്രം അടങ്ങിയിട്ടുള്ള വളങ്ങളെയാണ് നേര്‍വളങ്ങള്‍ (ടൃമേശഴവേ എലൃശേഹശ്വലൃെ) എന്ന് പറയുന്നത്. ഒന്നിലധികം പ്രാഥമിക മൂലകങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അത് സംയുക്തങ്ങളും  ആണ്.

വെള്ളക്കെട്ടുള്ള നിലങ്ങളില്‍ നൈട്രേറ്റ് വളങ്ങളേക്കാള്‍ നന്ന് അമോണിയം വളങ്ങളാണ്. നൈട്രേറ്റിന് പരിവര്‍ത്തനം സംഭവിച്ച് നൈട്രജന്‍ വാതകമായി നഷ്ടപ്പെടുന്നു. നെല്ലിന് അമോണിയ വലിച്ചെടുക്കാന്‍ സാധിക്കുന്നതിനാല്‍ അമോണിയം സള്‍ഫേറ്റ്, യൂറിയ തുടങ്ങിയ വളങ്ങളാണ് ഉത്തമം. അമ്ള മണ്ണുകളില്‍ ജലലേയമായ ഫോസ്ഫറസ് വളങ്ങളേക്കാള്‍ (ഉദാ: സൂപ്പര്‍ ഫോസ്ഫേറ്റ്) നല്ലത് ലേയത്വം കുറഞ്ഞവയാണ് (ഉദാ: മസൂറിഫോസ്).

 

വേനലിനു യോജിച്ച

പച്ചിലവളച്ചെടികള്‍

വിള  ആവശ്യമായ വിത്ത് (കി.ഗ്രാം/ഏക്കര്‍)

കൊഴിഞ്ഞില്‍ 812

ഡെയിഞ്ച    1216

ചണമ്പ് 1216

രാസവളങ്ങള്‍- തോതും സമയവും

ഒരു മൂലകം ചെടിയുടെ ഏത് വളര്‍ച്ചാദശയിലാണ് ഏറ്റവും ആവശ്യം എന്ന് മനസ്സിലാക്കിവേണം വളപ്രയോഗം നടത്താന്‍. നൈട്രജന്‍, കായിക വളര്‍ച്ചയ്ക്ക് സഹായിക്കുന്നതിനാല്‍ കുറേശ്ശെ പലതവണയായി നല്‍കണം. എന്നാല്‍ വേരിന്‍റെ വളര്‍ച്ചയ്ക്ക് ഭാവകം അടിവളമായാണ് നല്‍കേണ്ടത്. പൊട്ടാസ്യം അടിവളമായും അടിക്കണ പരുവത്തിലും നല്‍കാം. നട്ട നെല്ലിനത്തിന്‍റെ മൂപ്പ് നോക്കിവേണം വളങ്ങളുടെ തോതും നല്‍കേണ്ട സമയവും നിശ്ചയിക്കാന്‍.

വളം  മൂലകം (ശതമാനം)

നൈട്രജന്‍(എന്‍)     ഫോസ്ഫറസ്(പി)    പൊട്ടാസ്യം(കെ)

അമോണിയംസള്‍ഫേറ്റ്     20.5

യൂറിയ                 46.0

സൂപ്പര്‍ ഫോസ്ഫേറ്റ്

സിങ്കിള്‍         18.0

ഡബിള്‍         35.0

ട്രിപ്പിള്‍         45.0

മസൂറി ഫോസ്         20.0

എല്ലുപൊടി    3.5      21.0

മ്യൂറിയേറ്റ് ഓഫ്പൊട്ടാഷ് 5060

അമോണിയംഫോസ്ഫേറ്റ്    20.0 20.0

രാസവളങ്ങളുടെ കാര്യക്ഷമത എങ്ങനെ വര്‍ദ്ധിപ്പിക്കാം?

രാസവളങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നത് കൃഷി ലാഭകരമാക്കാനും അന്തരീക്ഷ മലിനീകരണം ഒഴിവാക്കാനും സഹായിക്കും. രാസവളങ്ങളുടെ കാര്യക്ഷമത ഇങ്ങനെ വര്‍ദ്ധിപ്പിക്കാം.

ഇലനിറം നോക്കി വളപ്രയോഗം

സാധാരണ കര്‍ഷകര്‍ക്ക് ഉപയോഗിക്കാവുന്ന ലളിതമായ ഒരു മാര്‍ഗ്ഗമാണ് 'ലീഫ് കളര്‍ കാര്‍ഡ്'. വിളറിയ പച്ചനിറം മുതല്‍ ഗാഢനിറം വരെ (1 മുതല്‍ 6 വരെ) മുദ്രണം ചെയ്തിട്ടുള്ള കാര്‍ഡാണിത്. നെല്ലോലയുടെ നിറം കാര്‍ഡിലെ നിറങ്ങളുമായി താരതമ്യം ചെയ്ത് ചെടിയിലെ നൈട്രജന്‍റെ നിലവാരം മനസ്സിലാക്കാം. ഗാഢത 4-ല്‍ കുറവാണെങ്കില്‍ ഹെക്ടറിന് 25 കിലോ യൂറിയ ചേര്‍ക്കണം.

മണ്ണുപരിശോധിച്ച് വളപ്രയോഗം

എല്ലാത്തരം മണ്ണിനും യോജിച്ച പൊതുവളപ്രയോഗം അസാദ്ധ്യമാണ്. അതുകൊണ്ട് കൃഷിയിടങ്ങളിലെ മണ്ണ് പരിശോധിച്ച് അതില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങളുടെ തോത് കണ്ടെത്തി കുറവു നികത്തണം.

മണ്ണിന്‍റെ ജൈവസംരക്ഷണം

 

മണ്ണിന്‍റെ ഫലഭൂയിഷ്ഠതയുടെ താക്കോലാണ് അതിലെ ജൈവാംശം. ജൈവക്കൂറുള്ള മണ്ണിലേ രാസവളങ്ങള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിപിക്കാനാകൂ. വിവിധ കാരണങ്ങളാല്‍ മണ്ണിലെ ജൈവാംശം ദിനംപ്രതി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് തടയാനും രാസവളങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ജൈവവളങ്ങള്‍ ചേര്‍ത്തേ മതിയാകു.

രാസവളങ്ങള്‍-ആവശ്യാധിഷ്ഠിതപ്രയോഗം

 

അമിത വളപ്രയോഗം കൃഷിച്ചെലവ് വര്‍ദ്ധിപ്പിക്കും പല പരിസ്ഥിതിപ്രശ്നങ്ങള്‍ക്കും കാരണമാകും. വളം മുഴുവനും ഒറ്റതവണയായി നല്‍കിയാല്‍ ചെടിക്ക് പ്രയോജനപ്പെടാതെ വെള്ളത്തില്‍ ഒലിച്ചും കളകള്‍ വലിച്ചെടുത്തും അണുജീവികളുടെ പ്രവര്‍ത്തനം മൂലവും നഷ്ടപ്പെടാം. ഇതൊഴിവാക്കാന്‍ വളം പല തവണയായി നല്‍കണം.

യൂറിയയുടെ ഗുണം കൂട്ടുക

നെല്‍കൃഷിയില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന രാസവളമാണ് യൂറിയ. എന്നാല്‍ ഇതിന്‍റെ കാര്യക്ഷമത 30 ശതമാനത്തിനുതാഴെ മാത്രമാണ്. കൃഷിച്ചെലവിനെ സാരമായി ബാധിക്കാതെ യൂറിയയുടെ ഗുണവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ പല ഉപാധികളുമുണ്ട്. ഒരു ഭാഗം യൂറിയ ആറു ഭാഗം നനഞ്ഞ മണ്ണുമായി കലര്‍ത്തി രണ്ടുദിവസം കഴിഞ്ഞ് വിതറിക്കൊടുത്താല്‍ വെള്ളത്തില്‍ ഒലിച്ചുള്ള നഷ്ടം ഒഴിവാകും. യൂറിയ, വേപ്പിന്‍ പിണ്ണാക്ക്, മരോട്ടി പിണ്ണാക്ക്, പുന്നപിണ്ണാക്ക് എന്നിവയിലേതെങ്കിലും ഒന്നുമായി 5:1 എന്ന അനുപാതത്തില്‍ കലര്‍ത്തി വിതറിയാല്‍ നൈട്രജന്‍ വളരെ സാവധാനം മാത്രം ലഭ്യമാകും; നഷ്ടവും കുറയും. യൂറിയ ഇലയില്‍ തളിക്കുന്നത് വളത്തിന്‍റെ അളവ് കുറയ്ക്കാനും വിളവ് വര്‍ദ്ധിപ്പിക്കാനും സഹായിക്കും. പവര്‍ സ്പ്രേയര്‍ ഉപയോഗിക്കുമ്പോള്‍ 15% വീര്യത്തിലും കുറ്റിപമ്പില്‍ 3% വിര്യത്തിലുമാണ് ലായനി തയ്യാറാക്കേണ്ടത്. ചിനപ്പ് പൊട്ടുന്ന സമയത്തും അടിക്കണപരുവത്തിലുമാണ് യൂറിയ ഇലകളില്‍ തളിക്കേണ്ടത്.

നെല്ലും വളവും-പൊതു ശുപാര്‍ശ

ഇനം  രാസവളം (ഏക്കര്‍/കി.ഗ്രാം)

യൂറിയ     റോക്ക്ഫോസ്ഫേറ്റ്   പൊട്ടാഷ്

1                  2                  3                  4

നാടന്‍ ഇനങ്ങള്‍

അടിവളം    12               40               6

ചിനപ്പ് പൊട്ടല്‍     12                                  6

അടിക്കണ പരുവം  12                                  6

ഹ്രസ്വകാലഇനങ്ങള്‍

അടിവളം    20               70               10

ചിനപ്പ് പൊട്ടല്‍     20                                  10

അടിക്കണ പരുവം  20                                  10

മദ്ധ്യകാല ഇനങ്ങള്‍

അടിവളം    26               90               13

ചിനപ്പ് പൊട്ടല്‍     26                                  13

അടിക്കണ പരുവം  26                                  13

കാര്യക്ഷമമായ ജലനിയന്ത്രണം

 

ശരിയായ ജലനിയന്ത്രണം രാസവള കാര്യക്ഷമതയ്ക്ക് അനിവാര്യമാണ്. വെള്ളക്കെട്ടുള്ളപ്പോള്‍ വളം ഇടരുത്. സ്ഥിരമായി വെള്ളം കെട്ടിനില്‍ക്കുന്നത് മണ്ണില്‍ നിന്നുള്ള മൂലകങ്ങളുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കും. വളം ചേര്‍ക്കുന്നതിന് ഒരു ദിവസം മുമ്പ് വെള്ളം വാര്‍ത്ത്കളയുകയും വളം ചേര്‍ത്ത് രണ്ട് ദിവസം കഴിഞ്ഞ് വെള്ളം കയറ്റുകയും വേ

കളനശീകരണം

 

വിളയും കളയും തമ്മിലുള്ള മത്സരത്തില്‍ കളകള്‍ വിളകളേക്കാള്‍ കാര്യക്ഷമമായി വളം വലിച്ചെടുക്കും. അതുകൊണ്ടുതന്നെ നല്‍കുന്ന വളം പൂര്‍ണ്ണമായും വിളയ്ക്കുലഭിക്കാന്‍ കള നശീകരണം അത്യാവശ്യമാണ്.

മുണ്ടകന് മുന്നൊരുക്കം

വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നീ മൂന്ന് വിളകളിലായി 3.5 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് കേരളത്തില്‍ നെല്ല് കൃഷി ചെയ്യുന്നത്. വിവിധ ജില്ലകളിലായി 1.6 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് മുണ്ടകന്‍ വിള നെല്‍കൃഷിയുള്ളത്. മണ്ണ്, കാലാവസ്ഥ തുടങ്ങി വ്യത്യസ്ത സാഹചര്യങ്ങളിലാണ് ഇവിടത്തെ കൃഷി. അതുകൊണ്ടു തന്നെ വ്യത്യസ്ത കൃഷി രീതികളും അനുവര്‍ത്തിക്കപ്പെടുന്നു. പൊതുവെ അനുകൂലമായ കാലാവസ്ഥയാണ്, രണ്ടാം വിളക്കാലത്ത് നിലനില്‍ക്കുന്നത്.

ഇനങ്ങള്‍

രണ്ടാംവിളയുടെ അവസാന ഘട്ടങ്ങളില്‍ ഉണക്ക് അനുഭവപ്പെടുന്ന പാടങ്ങളില്‍, ഇടത്തരം മൂപ്പുള്ള ഇനങ്ങളോ വെള്ളം ലഭ്യമാകുന്ന ഇടങ്ങളില്‍ മൂപ്പു കൂടിയ ഇനങ്ങളോ ആണ് അഭികാമ്യം. ആതിര, പവിഴം, ഉമ രഞ്ജിനി, പവിത്ര, പഞ്ചമി, ഐശ്വര്യ, കരിഷ്മ തുടങ്ങിയ ഇടത്തരം മൂപ്പുള്ള ഇനങ്ങളോ, മഷൂറി, മംഗളമഷൂറി, സാഗര, മകരം, കുംഭം തുടങ്ങിയ മൂപ്പുകൂടിയ ഇനങ്ങളോ സാഹചര്യം അനുസരിച്ച് നടാം.

വിത

നിലമൊരുക്കി മുളപ്പിച്ച വിത്ത് വിതക്കുന്ന സ്ഥലങ്ങളില്‍ ചെളികലക്കിപ്പൂട്ടി നിലം നിരപ്പാക്കി ഹെക്ടറിന് 80-100 കി.ഗ്രാം വിതക്കണം. ശരിയായ നിലമൊരുക്കലിനോടൊപ്പം വിതച്ചു 4-5 ദിവസം കഴിയുന്നതു മുതല്‍ പാടത്തു വെള്ളം കയറ്റി നിര്‍ത്തിയാല്‍ ഒരുപരിധിവരെ കളകളെ നിയന്ത്രിക്കാം. എന്നാല്‍ കളകള്‍ ഒരു പ്രശ്നമാണെങ്കില്‍ ബ്യൂട്ടാക്ലോര്‍ 2.5 ലിറ്റര്‍ അല്ലെങ്കില്‍ ബന്‍തയോകാര്‍ബ് 2 ലിറ്റര്‍ 400 ലിറ്റര്‍ വെള്ളത്തില്‍ കലക്കി, വിതച്ച് 6 മുതല്‍ 9 ദിവസംവരെയുള്ള കാലയളവില്‍ തളിക്കണം. കളനാശിനി തളിക്കുമ്പോള്‍ പാടത്തു നിന്ന് വെള്ളം വാര്‍ത്തു കളയുകയും രണ്ടു ദിവസം കഴിഞ്ഞ് വെള്ളം കയറ്റുകയും വേണം.

ഞാറ്റടി

കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും ഞാറ്റടി തയ്യാറാക്കി ഞാറു പറിച്ചു നടുന്ന രീതിയാണ് അവലംബിക്കുന്നത്. കൃഷി ചെയ്യാനുദ്ദേശിക്കുന്ന സ്ഥല വിസ്തൃതിയുടെ പത്തിലൊന്ന് സ്ഥലം ഞാറ്റടിക്കു വേണം. നല്ല ഫലപൂഷ്ടിയുള്ള സ്ഥലം ഉഴുതു പരുവപ്പെടുത്തി ഞാറ്റടിയൊരുക്കണം. ഒരു ച:മീറ്ററിന് 1 കി.ഗ്രാം എന്ന തോതില്‍ ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേര്‍ക്കണം. ഞാറ്റടി നിരപ്പുള്ളതും വെള്ളം വാര്‍ന്നു പോകാന്‍ സൗകര്യം ഉള്ളതും ആയിരിക്കണം. മുളപ്പിച്ച വിത്ത് 40 ച:മീറ്ററിന് (ഒരു സെന്‍റ്) 1.5 - 2 കി.ഗ്രാം എന്ന തോതില്‍ വിതക്കണം. വിത്ത് അധികമായാല്‍ പുഷ്ടിക്കാത്ത ഞാറ് ആയിരിക്കും ലഭിക്കുക.

കുലവാട്ടം അഥവാ ബ്ലാസ്റ്റ് എന്ന കുമിള്‍ രോഗം സ്ഥിരമായി കാണുന്ന ഇടങ്ങളില്‍ വിത്ത് ബാവിസ്റ്റിന്‍ അല്ലെങ്കില്‍ ഫൊന്‍ഗോറിന്‍ എന്നിവയില്‍ ഒരു കുമിള്‍നാശിനി ഒരു കി.ഗ്രാം വിത്തിനു 2 ഗ്രാം എന്ന തോതില്‍ കലക്കിയ വെള്ളത്തില്‍ 12 മുതല്‍ 16 മണിക്കൂര്‍ വരെ മുക്കിവച്ച് മുളപ്പിച്ച് വിതക്കുന്നത് രോഗം ഒരുപരിധി വരെ തടയും.

ഞാറ്റടിയില്‍ രാസവളങ്ങള്‍ വേണ്ട. നൈട്രജന്‍ വളങ്ങള്‍ അനാവശ്യമായി നല്‍കുന്നത്, ഞാറ്റടിയില്‍ വച്ചുതന്നെ ഞാറിന് ചിനപ്പു പൊട്ടുന്നതിനും വിളവിനെ ദോഷകരമായി ബാധിക്കുന്നതിനും ഇടയാക്കും. എന്നാല്‍ മണ്ണിലെ നൈട്രജന്‍റെ കുറവുകാരണം ഞാറു മഞ്ഞളിച്ചാല്‍ അതു പരിഹരിക്കുന്നതിന് 100 ച:മീറ്ററിന് (2.5 സെന്‍റ്) 1 കി.ഗ്രാം യൂറിയ ഞാറു പറിക്കുന്നതിന് 10 ദിവസം മുന്‍പ് നല്‍കണം.

സസ്യസംരക്ഷണം

ഞാറ്റടിയില്‍ കുലവാട്ടത്തിന്‍റെ പുള്ളിക്കുത്ത് കാണുന്നുവെങ്കില്‍ അത് നിയന്ത്രിക്കാന്‍ ഹിനോസാന്‍ ഒരുലിറ്റര്‍ വെള്ളത്തിന് ഒരു മി. ലിറ്റര്‍ എന്ന തോതിലോ ബാവിസ്റ്റിന്‍ ഒരു ഗ്രാം എന്ന തോതിലോ തളിക്കണം. ഇലപ്പേനിന്‍റെ ആക്രമണം കാണുന്നുവെങ്കില്‍ ഡൈമെത്തൊയേറ്റ് അഥവാ റോഗര്‍ 0.03% വീര്യത്തില്‍ കലക്കി തളിക്കാം. ഗാളീച്ചയുടെയോ തണ്ടുതുരപ്പന്‍ പുഴുവിന്‍റെയോ ശലഭം ഞാറ്റടിയില്‍ ഉണ്ടെങ്കില്‍ 40 ച:മീറ്ററിന് ഫോറേറ്റ് 50 ഗ്രാം അല്ലെങ്കില്‍ ക്വിനാല്‍ഫോസ് 80 ഗ്രാം ഞാറു പറിക്കുന്നതിന് 10 ദിവസം മുന്‍പ് വിതറണം. ഞാറ്റടിയില്‍ ശ്രദ്ധിച്ചാല്‍ നട്ടു കഴിഞ്ഞുള്ള സസ്യസംരക്ഷണച്ചെലവ് ഗണ്യമായി കുറയ്ക്കാം.

45 ഇലപ്രായമായ ഞാറ് പറിച്ചു നടാം. വിളയുടെ ഒരു മാസത്തെ മൂപ്പിന്, ഒരാഴ്ച എന്ന കണക്കിന് ഞാറ്റടിയില്‍ നിര്‍ത്താം. മൂപ്പുകുറഞ്ഞ ഇനങ്ങള്‍ 18-20 ദിവസവും, ഇടത്തരം മൂപ്പുള്ളവ 20-25 ദിവസവും, മൂപ്പ് കൂടിയ ഇനങ്ങളുടെ ഞാറ് 35-40 ദിവസം ആകുമ്പോഴും നടാന്‍ പ്രായമാകും. രണ്ടാംവിളക്ക് മൂപ്പേറിയ ഞാറു നടുന്നത് വളര്‍ച്ചയെയും വിളവിനെയും പ്രതികൂലമായി ബാധിക്കും.

രാസവളപ്രയോഗ സൂചിക

അത്യുത്പാദനശേഷിയുള്ള ഇനം   പാക്യജനകം  ഭാവകം     ക്ഷാരം

(കി.ഗ്രാം/ഹെക്ടര്‍)

മൂപ്പുകുറഞ്ഞവ    70               35               35

ഇടത്തരം മൂപ്പ്     90               45               45

നാടന്‍ ഇനം  40               20               20

മഷൂറി 50               25               25

 

നടീല്‍ അകലം

നടീല്‍ സീസണും ഇനവുമനുസരിച്ച് അകലം നല്‍കണം. രണ്ടാം വിളക്ക് മൂപ്പു കുറഞ്ഞ ഇനങ്ങള്‍ നടുമ്പോള്‍ നുരികള്‍ തമ്മില്‍ 15ഃ10 സെ. മീറ്റര്‍ അകലം വേണം. നുരികള്‍ തമ്മില്‍ 5' അകലത്തില്‍ നടുമ്പോള്‍ ഇത് സാദ്ധ്യമാകും. ഒരു ച:മീറ്ററിന് 67 നുരികള്‍ എന്ന കണക്കിന് ഇങ്ങനെ നടുവാന്‍ കഴിയും. ഇടത്തരം മൂപ്പുള്ള ഇനങ്ങള്‍ നടുമ്പോള്‍ 20ഃ10 സെ.മീ. അകലത്തിലാണ് നടേണ്ടത്. നുരികള്‍ തമ്മില്‍ 5.5' അകലത്തില്‍ നട്ടാല്‍ ഒരു ച: മീറ്ററിന് വേണ്ട 50 നുരികള്‍ നടാം. മൂപ്പുകൂടിയ ഇനങ്ങളുടെ ഞാറ് അല്‍പംകൂടി അകറ്റി നടണം.

ആഴം

ഞാറു നടുന്ന ആഴത്തിനും പ്രാധാന്യമുണ്ട്. ഞാറ് കൂടുതല്‍ ആഴത്തില്‍ നടുന്നത് വേരു പിടിക്കുന്നതിനെയും ചിനപ്പുപൊട്ടുന്നതിനെയും പ്രതികൂലമായി ബാധിക്കും. ചരലംശം കൂടുതലുള്ള പാടങ്ങളില്‍ ആവശ്യത്തിന് ആഴത്തില്‍ നട്ടില്ലെങ്കില്‍ ഞാറു വീഴും. ഇവിടെ ഞാറ് 3-4 സെ.മീ. ആഴത്തില്‍ നടണം.

അലകുകളുടെ എണ്ണം

ഒരു നുരിയില്‍ 2-3 അലകുകള്‍ നടാം. മൂപ്പേറിയ ഞാറു നടേണ്ടി വരുമ്പോള്‍ നുരിയകലം അല്‍പം അടുപ്പിച്ച് ഓരോ നുരിയിലും 3-4 അലകുകള്‍ വീതം നടണം.

നിലമൊരുക്കല്‍

നെല്ലിന്‍റെ സുഗമമായ വളര്‍ച്ചക്ക് നല്ല നിലമൊരുക്കല്‍ ആവശ്യമാണ്. ഇനം അനുസരിച്ച് ഒരു ഹെക്ടറിന് 3.3 ലക്ഷം മുതല്‍ 6.6 ലക്ഷം നുരികള്‍ നടുന്നുണ്ട്. ഇതിനാല്‍ വേരുകള്‍ക്കു കൂടുതല്‍ പരന്നു വളരുവാന്‍ സാദ്ധ്യമല്ലാത്തതുകൊണ്ട് ആഴത്തിലേക്കാണ് വളരുന്നത്. നല്ലവണ്ണം പാകപ്പെടുത്തിയ നിലങ്ങളില്‍ ഇത് സാദ്ധ്യമാകും. ചെളികലക്കിപ്പൂട്ടി നിരപ്പാക്കുന്നത് വെള്ളത്തിന്‍റെ താഴേക്കുള്ള ചോര്‍ച്ച തടയും. ശരിയായ നിലമൊരുക്കലും ചിട്ടയായ ജലപരിപാലനവും കളകളുടെ വളര്‍ച്ചയെയും ഗണ്യമായി കുറയ്ക്കും.

വളപ്രയോഗം

ജൈവവളങ്ങള്‍

സമീകൃതമായ വളപ്രയോഗം സുഗമമായ വളര്‍ച്ചക്കും വിളവിനും അനിവാര്യമാണ്. ജൈവ-രാസവളങ്ങള്‍ക്ക് തുല്യപ്രാധാന്യം ഉണ്ട്. ഹെക്ടറിന് 5 ടണ്‍ എന്ന തോതില്‍ കാലിവളമോ കമ്പോസ്റ്റോ പച്ചിലവളമോ രണ്ടാമത്തെ ഉഴവിന് മുന്‍പായി ചേര്‍ക്കണം.

രാസവളങ്ങള്‍

മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ വേണം വളം ചേര്‍ക്കാന്‍. അതിന് സാധിക്കാതെ വരുമ്പോള്‍ പൊതു ശുപാര്‍ശ അനുസരിച്ച് വളം ചേര്‍ക്കാം.

എപ്പോള്‍ നല്‍കണം?

പാക്യജനകം

മുളപ്പിച്ച വിത്ത് വിതറുന്ന പാടങ്ങളില്‍ ശുപാര്‍ശയുടെ മൂന്നിലൊന്ന് അടിവളമായും മൂന്നിലൊന്ന് ചിനപ്പു പൊട്ടുമ്പോഴും മൂന്നിലൊന്ന് അടിക്കണക്ക് ഒരാഴ്ച മുന്‍പും നല്‍കണം.

പറിച്ചു നടുന്ന പാടങ്ങളില്‍ മൂപ്പുകുറഞ്ഞയിനങ്ങള്‍ക്ക് ശുപാര്‍ശയുടെ മൂന്നില്‍ രണ്ടുഭാഗം അടിവളമായും ബാക്കി അടിക്കണക്ക് മുന്‍പും നല്‍കണം.

എന്നാല്‍ ഇടത്തരം മൂപ്പുള്ള ഇനങ്ങള്‍ക്ക് ശുപാര്‍ശയുടെ പകുതി അടിവളമായും നാലിലൊന്ന് ചിനപ്പ് പൊട്ടുമ്പോഴും നാലിലൊന്ന് അടിക്കണക്ക് മുന്‍പും നല്‍കണം.

അടിവളങ്ങള്‍, കൂടുതല്‍ ഓജസോടു കൂടിയ വളര്‍ച്ചക്കും നല്ലവണ്ണം ചിനപ്പു പൊട്ടുന്നതിനും ഇടയാക്കുമ്പോള്‍ മേല്‍വളങ്ങള്‍ കൂടുതല്‍ കതിരും, ഭാരവും, മുഴപ്പുമുള്ള മണി പിടിത്തത്തിന് സഹായിക്കും.

ഭാവകം

വേരിന്‍റെ വളര്‍ച്ചക്ക് ആവശ്യമായതിനാല്‍ മുഴുവന്‍ ഭാവകവും അടിവളമായി ചേര്‍ക്കണം. കേരളത്തിലെ മണ്ണിന്‍റെ അമ്ലതയും വിലയും പരിഗണിക്കുമ്പോള്‍ രാജ്ഫോസ്, മഷൂറിഫോസ് തുടങ്ങിയ ഭാവകവളങ്ങള്‍ ഉപയോഗിക്കുകയാണു നല്ലത്.

എങ്ങിനെ നല്‍കണം?

അടിവളമായി ചേര്‍ക്കുന്ന വളങ്ങള്‍ അവസാനത്തെ ഉഴവിന് മുന്‍പ് ഒരുപോലെ വിതറി ഉഴുതു ചേര്‍ക്കണം. മേല്‍വളം ചേര്‍ക്കുന്നതിന് മുന്‍പ് കഴിയുമെങ്കില്‍ പാടത്തെ വെള്ളം വാര്‍ത്ത് ഒരു ദിവസത്തിന് ശേഷം കയറ്റണം. അതിന് സാദ്ധ്യമല്ലെങ്കില്‍ വളം ഇട്ടുകഴിഞ്ഞ് പാടത്തെവെള്ളം 2-3 ദിവസം ഒഴുകിപ്പോകാതെ കെട്ടിനിര്‍ത്തുന്നത് പ്രയോജനപ്രദമാണ്.

രോഗനിയന്ത്രണത്തിന് മരുന്നു വേണ്ട

ഡോ. കെ.കെ. സുലോചന, ഡോ. പി. ശിവപ്രസാദ്

കാര്‍ഷിക കോളേജ്, വെള്ളായണി

നെല്ലിനെ ബാധിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ടവയാണ് കുലവാട്ടം, പോളകരിച്ചില്‍, പോളയഴുകല്‍, ഇലപ്പുള്ളി, ഇലകരിച്ചില്‍ എന്നിവ. ആവശ്യാനുസരണമുള്ള കുമിള്‍ നാശിനി പ്രയോഗവും പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള മറ്റ് നിയന്ത്രണ മാര്‍ഗങ്ങളും കൂട്ടിയോജിപ്പിച്ചുള്ള സംയോജിതരോഗനിയന്ത്രണമാണ് ഇവിടെ സ്വീകരിക്കേണ്ടത്. നേരത്തെ അല്ലെങ്കില്‍ വൈകി കൃഷിയിറക്കുക, വളപ്രയോഗം പലതവണകളായി നടത്തുക(ടുഹശേ മുുഹശരമശേീി), രോഗ പ്രതിരോധശക്തിയുള്ള വിത്തിനങ്ങള്‍ കൃഷിചെയ്യുക, കൃത്യസമയത്ത് കളനശീകരണം നടത്തുക, നെല്‍കുറ്റികളും മറ്റ് കളച്ചെടികളും യഥാസമയം ഉډൂലനം ചെയ്യുക, പാക്യജനകത്തിന്‍റെ അളവ് നിയന്ത്രിക്കുക, വിളപരിക്രമം അനുവര്‍ത്തിക്കുക തുടങ്ങിയവയൊക്കെ സംയോജിത രോഗനിയന്ത്രണ ഘടകങ്ങളാണ്.

നെല്ലിന്‍റെ ഏറ്റവും പ്രധാനരോഗമായ ബ്ലാസ്റ്റ്/കുലവാട്ടം 'പൈറികുലേറിയ ഒറൈസ'എന്ന കുമിളാണ് വരുത്തുന്നത്. ഇലകളിലും കതിര്‍ക്കുലകളിലും നെډണിയിലും നീണ്ടുരുണ്ട പുള്ളിക്കുത്തുകള്‍ കാണുന്നതാണ് ആദ്യലക്ഷണം. രോഗം ബാധിച്ച നെډണികളില്‍ പകുതിഭാഗം മാത്രം പാല്‍ നിറയുകയും അവ വെളുത്തിരിക്കുകയും ചെയ്യും.

മറ്റൊരു പ്രധാന രോഗമാണ് 'റൈസക്ടോണിയ സൊളാനി' എന്ന കുമിള്‍ മൂലമുണ്ടാകുന്ന പോളകരിച്ചില്‍. നെല്‍പോളകളില്‍ ഇളം പച്ചനിറത്തില്‍ കരിഞ്ഞ നീണ്ടപാടുകളുണ്ടാകുന്നു. നല്ല ആര്‍ദ്രമായ അന്തരീക്ഷാവസ്ഥയില്‍ ഉരുണ്ട കടുകുമണിപോലുള്ള സ്ക്ളീറോഷ്യം പ്രത്യക്ഷപ്പെടുകയും ചെയ്യും. ഇവയ്ക്ക് മാസങ്ങളോളം മണ്ണിലും വെള്ളത്തിലും അതിജീവിക്കാന്‍ കഴിവുണ്ട്. രോഗം രൂക്ഷമാകുമ്പോള്‍ പോള മുഴുവന്‍ അഴുകി ഉണങ്ങിക്കരിയുന്നു.

'സാറോക്ലേഡിയം ഒറൈസ' എന്ന കുമിള്‍ നെല്ലിനു വരുത്തുന്ന മറ്റൊരു രോഗമാണ് പോളയഴുകല്‍. (ടവലമവേ ൃീേ) കതിരു പൊതിയുന്ന പോളകളില്‍ നീണ്ട് വൃത്താകൃതിയില്‍ ചാരനിറത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടുന്നു. ഇത്തരം കതിരുകള്‍ പൊട്ടാതെ പോളക്കുള്ളില്‍തന്നെ ഇരിക്കും. അവ ഒടുവില്‍ അഴുകാന്‍ തുടങ്ങും. അഴുകിയ പോളക്കുള്ളില്‍ കുമിളിന്‍റെ വെളുത്ത വളര്‍ച്ച കാണാം പോളകരിച്ചിലിനും അഴുകലിനും പൊതുവായി സ്വീകരിക്കാവുന്ന ചില രക്ഷാമാര്‍ഗ്ഗങ്ങള്‍ നോക്കാം.

രാസവളപ്രയോഗം നടത്തുമ്പോള്‍ യൂറിയ/വേപ്പിന്‍ പിണ്ണാക്കുമായി കലര്‍ത്തി ഉപയോഗിക്കുക, ഇങ്ങനെ ചെയ്യുമ്പോള്‍ യൂറിയ അല്‍പാല്‍പമായി മാത്രമേ ചെടിക്ക് കിട്ടുകയുള്ളു. ഇത് ചെടിയുടെ വളര്‍ച്ച കുറയ്ക്കുന്നു. രോഗസാധ്യതയും കുറയുന്നു.

ശുപാര്‍ശ ചെയ്തിട്ടുള്ളതിനേക്കാള്‍ 50% കൂടുതല്‍

വിഷം തീണ്ടാത്ത നെല്‍കൃഷി

 

ഡോ. ടി. നളിനകുമാരി

കാര്‍ഷികകോളേജ്, വെള്ളായണി

കീടശല്യമില്ലാത്ത നെല്‍ കൃഷി അസാദ്ധ്യമാണ്. അതുകൊണ്ടുതന്നെ കീടനാശിനിപ്രയോഗവും അനിവാര്യമാകുന്നു. എന്നാല്‍ ആവര്‍ത്തിച്ചുള്ള കീടനാശിനിപ്രയോഗം ഗുണത്തേക്കാള്‍ ദോഷമാണ്. അതിനാലാണ് കീടങ്ങളെ ചെറുത്ത് വിളവ് കുറയ്ക്കാത്ത വിത്തിനങ്ങള്‍ കൃഷിചെയ്യണമെന്നും ആഴ്ചയിലൊരിക്കലെങ്കിലും പാടം പരിശോധിച്ച് കീടബാധ ഉണ്ടെന്നുകണ്ടാല്‍ യാന്ത്രിക/കാര്‍ഷിക/ജൈവകീടനിയന്ത്രണ മാര്‍ഗ്ഗങ്ങളില്‍ ആവശ്യമുള്ളതു പ്രയോഗിച്ച് ശത്രുകീടങ്ങളെ നിയന്ത്രിക്കണമെന്നും അവ ഫലവത്തല്ലാത്ത സാഹചര്യത്തില്‍ മാത്രമേ കീടനാശിനി പ്രയോഗിക്കാവൂ എന്നും സംയോജിത കീടനിയന്ത്രണം അനുശാസിക്കുന്നത്. നെല്‍ച്ചെടി വളരുന്ന സാഹചര്യത്തിന്‍റെ പ്രത്യേകത കൂടെ അറിയേണ്ടത് ഇവിടെ അത്യാവശ്യമാണ്. കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ വളരാന്‍ കഴിവുള്ള വിളയാണല്ലോ നെല്ല്. ജൈവാംശമുള്ള നനഞ്ഞ മണ്ണിലും കെട്ടിനില്ക്കുന്ന വെള്ളത്തിലും സൂക്ഷ്മ ശരീരികളായ ധാരാളം ജന്തുക്കളും സസ്യങ്ങളും (ദീീുഹമിസീിേെ മിറ ജവ്യീുഹേമിസീിേെ) ഉണ്ട്. ഈ സൂക്ഷ്മജന്തുക്കളെ തിന്നുവളരുന്ന ധാരാളം വണ്ടുകളും ഈച്ചകളും അവയുടെ പുഴുക്കളും കോളംബോള തുടങ്ങിയ ചെറുകീടങ്ങളും പാടത്തുണ്ട്. സൂക്ഷ്മ സസ്യങ്ങളെ തിന്നു ജീവിക്കുന്ന കൊതുകവര്‍ഗത്തില്‍പ്പെട്ട കീടങ്ങളുടെ പുഴുക്കള്‍ വെള്ളത്തിലും കീടങ്ങള്‍ പാടത്തും ധാരാളമായിക്കാണുന്നു. ഈ രണ്ടുതരം കീടങ്ങളെയും തിന്നുജീവിക്കുന്ന മിത്രകീടങ്ങള്‍ നെല്‍കൃഷി ഇല്ലാത്തപ്പോഴും പാടത്തുണ്ടാകും. അതായത് പാടം ഉഴുത് നിരത്തി നെല്‍ച്ചെടി നടുമ്പോള്‍ അവിടെ ധാരാളം മിത്രകീടങ്ങള്‍ ഉണ്ടായിരിക്കും എന്നര്‍ത്ഥം. ഇനി നെല്‍ച്ചെടി നട്ട് പുതുനാമ്പെടുത്തു തുടങ്ങുമ്പോള്‍ അവയെ ആക്രമിക്കാന്‍ എത്തുന്ന ശത്രുകീടങ്ങളെ തിന്നും മിത്രകീടങ്ങള്‍ വളരുന്നു. ഇങ്ങനെ മൂന്നു തരത്തില്‍ ആഹാരം നല്കി നെല്‍ച്ചെടി വളരുന്ന പരിസ്ഥിതി മിത്രകീടങ്ങളെ പരിപോഷിപ്പിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം സംയോജിത കീടനിയന്ത്രണത്തിലൂടെ ശത്രുകീടങ്ങളെ നിയന്ത്രിച്ച് എങ്ങനെ വിളവ് സംരക്ഷിക്കാമെന്ന് പരിശോധിക്കേണ്ടത്.

കീടപ്രതിരോധ വിത്തിനങ്ങളുടെ കൃഷി

അത്യുല്പാദനശേഷിയുള്ള നെല്ലിനങ്ങളില്‍ പലതിനും ഒന്നിലധികം കീടത്തെ ചെറുത്തുനില്ക്കാന്‍ കഴിവുണ്ട്. ഓരോ പ്രദേശത്തും നെല്‍കൃഷിയെ ആക്രമിച്ച് വിളനാശം വരുത്തുന്ന കീടങ്ങളേതാണെന്ന് മനസ്സിലാക്കി, അവയെ ചെറുത്തുനില്ക്കാന്‍ കഴിവുള്ള വിത്ത് തെരഞ്ഞെടുത്ത് കൃഷി ചെയ്യാന്‍ ശ്രദ്ധിക്കണം. ഉദാഹരണത്തിന് ഒരു പാടശേഖരത്തിലെ പ്രശ്നകീടങ്ങള്‍ തണ്ടുതുരപ്പനും ഇലചുരുട്ടിയുമാണെങ്കില്‍ ഇവ രണ്ടിനെയും ചെറുക്കാന്‍ കഴിവുള്ള മകം, ഭാഗ്യ, ലക്ഷ്മി എന്നിവയില്‍ ഏതെങ്കിലും ഒന്ന് കൃഷി ചെയ്യാം. തണ്ടുതുരപ്പനും ഗാളീച്ചയുമാണ് മുഖ്യശത്രുകീടങ്ങളെ ങ്കില്‍ അരുണ, മകം, നിള ഇവയില്‍ ഏതെങ്കിലും എടുക്കാം. മുഞ്ഞയും ഗാളീച്ചയുമാണ് ശല്യമെങ്കില്‍ കുട്ടനാടുപോലെ വെള്ളക്കെട്ടുള്ളപാടങ്ങളില്‍ അരുണ, മകം, രമണിക, രേവതി, പവിത്ര, പഞ്ചമി, ഉമ, കരിഷ്മ, നിള തുടങ്ങിയ വിത്തിനങ്ങളില്‍ ഏതെങ്കിലുമാകണം കൃഷി ചെയ്യേണ്ടത്. ഭാഗ്യ എന്നയിനം നെല്‍വിത്ത് കൃഷിചെയ്താല്‍ തണ്ടുതുരപ്പനെയും ഇലചുരുട്ടിയെയും കുഴല്‍പുഴുവിനെയും ചെറുത്തുനില്ക്കും. മുഞ്ഞയെയും തണ്ടുതുരപ്പനെയും ഒന്നിച്ച് ചെറുക്കാന്‍ അരുണയോ മകമോ കനകമോ നിളയോ വേണം. ഇങ്ങനെ ഓരോ പാടശേഖരത്തിനും യോജിച്ച വിത്ത് കൃഷി ചെയ്താല്‍ ഒരു പരിധിവരെ കീടനിയന്ത്രണം സാദ്ധ്യമാകും.

യാന്ത്രിക നിയന്ത്രണം

പാടം ആഴ്ചയിലൊരിക്കല്‍ പരിശോധിച്ച് ശത്രുകീടങ്ങളെ തുടക്കത്തില്‍ തന്നെ നശിപ്പിക്കണം. കീടങ്ങളുടെ മുട്ടക്കൂട്ടം ശേഖരിച്ച് പാടത്തുനിന്നും മാറ്റിവയ്ക്കുക, ചാഴി, കാരവണ്ട് തുടങ്ങിയ കീടങ്ങളെ കീടവലകൊണ്ട് ശേഖരിച്ചുകൊല്ലുക, മണ്ണെണ്ണയില്‍ മുക്കിയ കയര്‍ നെല്‍ച്ചെടിയുടെ ഇലകളിലൂടെ വലിച്ച് മണ്ണെണ്ണയുടെ അംശം പരത്തി കാരവണ്ടുകളുടെ ഉപദ്രവം കുറയ്ക്കുക, ഇലചുരുട്ടിപുഴുവിന്‍റെ ആക്രമണം കണ്ടാല്‍ കമ്പുപയോഗിച്ച് ഇലച്ചുരുള്‍ നിവര്‍ത്തി കൊടുക്കുക തുടങ്ങിയ രീതികള്‍ യാന്ത്രിക നിയന്ത്രണത്തില്‍പ്പെടുന്നു.

ജൈവ നിയന്ത്രണം

ശത്രുകീടങ്ങളെ എതിര്‍ പ്രാണികള്‍ (മിത്രകീടങ്ങള്‍) ഉപയോഗിച്ച് നിയന്ത്രിക്കുന്ന രീതിയാണ് ജൈവനിയന്ത്രണം. ചിലന്തി, തുമ്പി, വണ്ട്, ചാഴി തുടങ്ങിയ ധാരാളം മിത്രകീടങ്ങളും പലതരം പരാദങ്ങളും നെല്‍പാടങ്ങളില്‍ കാണുന്നു. ഇവയില്‍ മിക്കവാറും ഇരപിടിയډാര്‍ ഒരു ദിവസം ഏകദേശം പതിനഞ്ചോളം ശത്രുകീടങ്ങളെ (കീടങ്ങളേയോ അവയുടെ ചെറുപ്രാണികളെയോ മുട്ടയെയോ) തിന്നു നശിപ്പിക്കും. നെല്‍ച്ചെടിയുടെ വളര്‍ച്ചയുടെ ആദ്യപകുതിയില്‍ പാടത്ത് ധാരാളം മിത്രകീടങ്ങള്‍ കാണാറുണ്ട്. ആ സമയത്ത് കീടനാശിനിപ്രയോഗം ഒഴിവാക്കിയാല്‍ മിത്രകീടങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും തുടര്‍ന്നുള്ള സമയത്ത് കീടനാശിനി പ്രയോഗിക്കാതെ വിളവെടുക്കാനും കഴിയും. മിത്രകീടങ്ങള്‍ കുറഞ്ഞ പ്രദേശത്ത് ട്രൈക്കോകാര്‍ഡുകള്‍ വച്ച് മുട്ടപരാദങ്ങളെ പാടത്തു വിട്ടുകൊടുത്താല്‍ തണ്ടുതുരപ്പന്‍റെയും ഇലചുരുട്ടിയുടെയും മുട്ടകള്‍ നശിപ്പിച്ച് അവയുടെ ശല്യം കുറയ്ക്കാം.

 

രാസകീടനിയന്ത്രണം

കീടങ്ങളെ പാടത്തു കണ്ടാലുടനെ കീടനാശിനി പ്രയോഗിക്കുന്ന പ്രവണത അടുത്തകാലത്ത് കുറഞ്ഞുവരുന്നുണ്ട്. എന്നാല്‍ ഇടവിട്ടുള്ള മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും കൂടുതല്‍ ദിവസം തുടര്‍ന്നാല്‍ ശത്രുകീടങ്ങള്‍ വളരെ വേഗം വര്‍ദ്ധിക്കും. അങ്ങനെ കണ്ടാല്‍ ആക്രമണരൂക്ഷത ഉള്ള പാടത്തുമാത്രം കീടനാശിനി തളിച്ച് കീടാക്രമണം മറ്റു ഭാഗത്തേക്ക് വ്യാപിക്കാതെ നിയന്ത്രിച്ചു നിറുത്തുകയും മിത്രകീടങ്ങളെ സംരക്ഷിക്കുകയും വേണം.

നെല്‍കൃഷിയില്‍ കളനിയന്ത്രണം

ഡോ. സി.റ്റി. എബ്രഹാം, എ.എസ്. വിദ്യ

കേരള കാര്‍ഷിക സര്‍വകലാശാല, തൃശൂര്‍ - 680 656

നെല്‍കൃഷിയില്‍ കളനിയന്ത്രണം വളരെയധികം ചെലവുള്ള പ്രവൃത്തിയാണ്; പ്രത്യേകിച്ച് കേരളത്തില്‍. ഏക്കറിന് 70-80 ജോലിക്കാരെ കളയെടുക്കാന്‍ നിയോഗിക്കുമ്പോള്‍ ഏതാണ്ട് 4000-5000രൂപ കളനിയന്ത്രണത്തിനു മാത്രമായി വേണ്ടിവരുന്നു. അതായത് കൃഷി ചെലവിന്‍റെ ഏതാണ്ട് പകുതിയും കളനിയന്ത്രണത്തിന് ഉപയോഗിക്കുന്നു എന്നര്‍ത്ഥം.

സംയോജിത കളനിയന്ത്രണ മാര്‍ഗം ഒരു പരിധിവരെ ചെലവ് കുറയ്ക്കാന്‍ സഹായിക്കും. ഇവിടെ വിവിധ കളനിയന്ത്രണ മാര്‍ഗങ്ങള്‍ സംയോജിപ്പിക്കുന്നു. പാടത്തു വളരുന്ന പ്രധാന കളകള്‍, നെല്ല് കൃഷി ചെയ്യുന്നരീതി (പൊടിവിത, ചേറ്റുവിത, പറിച്ചു നടീല്‍) എന്നിവ അനുസരിച്ച് സംയോജിതകളനിയന്ത്രണ മാര്‍ഗങ്ങളിലും വ്യത്യാസം വരും.

കളകള്‍ ഏതൊക്കെ?

നെല്ലിലെ കളകളെ പുല്ല്, മുത്തങ്ങ, വീതിയിലയന്‍ കളകള്‍ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. പുല്ലു വര്‍ഗ്ഗത്തിലെ പ്രധാന കളകളാണ് കവട, പൊള്ളക്കള, വരിനെല്ല്, നരിങ്ങ(ചങ്ങാലിപുല്ല്) തുടങ്ങിയവ. ഇതില്‍ പൊള്ളക്കളയും വരിനെല്ലും പൊടിവിതയിലാണ് സാധാരണ കാണുക. മുത്തങ്ങ വര്‍ഗത്തില്‍ മഞ്ഞക്കോര (ചേങ്ങോല്‍) മങ്ങ്, ചെല്ലി, തലേക്കെട്ടന്‍ എന്നിവയാണ് പ്രധാനം. വീതിയിലയന്‍ കളകളില്‍ നീര്‍ഗ്രാമ്പൂ, കരിംകൂവളം, നെയ്യാമ്പല്‍, നീര്‍ചീര, കയ്യൂന്നി തുടങ്ങിയവ പെടുന്നു. കൂടാതെ ആഫ്രിക്കന്‍ പായലും, നാലിലയും പ്രശ്നക്കാരാണ്.

കളനിയന്ത്രണം

നിലം ഒരുക്കും മുമ്പ്

ആദ്യ മഴയ്ക്ക് പാടം ഉഴുതിട്ടാല്‍ ധാരാളം കളവിത്തുകള്‍ മുളയ്ക്കും. രണ്ടാഴ്ചയ്ക്കുശേഷം ഇവ ഉഴുതു നശിപ്പിച്ച് നെല്ലു വിതച്ചാല്‍ കളശല്യം നന്നായി കുറയും. പൊള്ളക്കള നിയന്ത്രിക്കുവാന്‍ ഈ രീതി ഫലപ്രദമാണ്.

കുട്ടനാടന്‍ പാടങ്ങളിലും കോള്‍നിലങ്ങളിലും, നിലം ഒരുക്കുന്നതിന് 2-3 ആഴ്ച മുമ്പ് വെള്ളം വറ്റിച്ച്കളവിത്തുകള്‍ മുളപ്പിച്ചശേഷം വീണ്ടും വെള്ളം കയറ്റിയോ, കളനാശിനികള്‍ തളിച്ചോ നശിപ്പിക്കുന്നത് ഫലപ്രദമാണ്. ഇത് മണ്ണില്‍ കളവിത്തില്ലാത്ത അവസ്ഥ (ടമേഹല ലെലറയലറ) സൃഷ്ടിക്കും.

മഴക്കാലത്തെ 5-6 മാസം വെള്ളം കയറി പാടത്ത് കൃഷിയിറക്കാന്‍ പറ്റാത്ത അവസ്ഥയുള്ള കായല്‍ നിലങ്ങളില്‍ (കുട്ടനാട്, കോള്‍പാടങ്ങള്‍) കുളവാഴ, ആഫ്രിക്കന്‍ പായല്‍, പടര്‍ന്നു വളരുന്ന വള്ളിച്ചെടികള്‍, പുല്ല് തുടങ്ങിയ കളകള്‍ വന്നുമൂടിയിട്ടുണ്ടെങ്കില്‍ ഇവ ഗ്ലൈഫോസേറ്റ് (ഴഹ്യുവീമെലേ) അടങ്ങിയ ഏതെങ്കിലും കളനാശിനി ഒരു ലിറ്റര്‍ വെള്ളത്തിന് 10 മി. ലി. എന്ന തോതില്‍ കലര്‍ത്തി തളിച്ചാല്‍മതി. 2-3 ആഴ്ചകൊണ്ട് കളകള്‍ ഉണങ്ങിയഴുകും. ഇനി ട്രാക്ടര്‍ കൊണ്ടുഴുത് മണ്ണില്‍ ചേര്‍ക്കാം. പാടം വെള്ളത്തിനടിയിലായിരുന്നതിനാല്‍ മണ്ണ് മയമുള്ളതായതുകൊണ്ട്, മുളപ്പിച്ച വിത്ത്, മണ്ണിളക്കാതെതന്നെ, വിതച്ചാലും നെല്ലിന്‍റെ വളര്‍ച്ചയെ ബാധിക്കില്ല എന്ന് കണ്ടിട്ടുണ്ട്. ഈ രീതിയെ ഉഴവില്ലാത്ത കൃഷി (ദലൃീ ശേഹഹമഴല) എന്നു പറയുന്നു.

ഇടവിളയായി പയര്‍

പൊടിവിതയില്‍ നെല്‍വിത്തിടുന്നതിനൊപ്പം പയറോ മുതിരയോ വിതച്ചാല്‍ പയര്‍ വേഗം വളര്‍ന്ന് കളശല്യം കറയ്ക്കും. നെല്ലും പയറും ഒന്നിടവിട്ട വരികളില്‍ വേണം വിത്തിടാന്‍. വിതച്ച് 30-35 ദിവസം ആകുമ്പോഴേക്കും മഴ എത്തും. പാടത്ത് വെള്ളംകെട്ടി സ്വാഭാവികമായും പയര്‍ചെടി അഴുകിപ്പോകും. ഇങ്ങനെ പയര്‍വര്‍ഗ്ഗത്തിലുള്ള ചെടികള്‍ വളര്‍ത്തുന്നതുകൊണ്ട് കളനിയന്ത്രണത്തിനു പുറമെ മണ്ണിന് ആവശ്യമായ ജൈവവളവും കിട്ടും. മഴക്കാലം കൃത്യമായെത്തിയില്ലെങ്കില്‍ പയര്‍വര്‍ഗ്ഗ ചെടികള്‍ വളര്‍ന്ന് നെല്ലിനെ മൂടാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാന്‍, 2,4-ഡി എന്ന കളനാശിനി തളിച്ച് നെല്ലിന് കേടുവരാതെ പയറിനെ നശിപ്പിക്കണം. സാധാരണ പയറുവര്‍ഗ്ഗ ചെടികള്‍ വെള്ളമുള്ള പാടത്ത് വളരുകയില്ല; എന്നാല്‍ 'സെസ്ബേനിയ റോസ്ട്രേറ്റ' (ടലയെമിശമ ൃീൃമെേമേ)വെള്ളത്തില്‍ നന്നായി വളരാനും തണ്ടിലുള്ള മുഴകളില്‍ അന്തരീക്ഷനൈട്രജന്‍ സംഭരിച്ചുവയ്ക്കാനും കഴിവുള്ളതാണ്. കോണോ സീഡ് ഡ്രം (ഇീിീ ലെലറ റൃൗാ)എന്ന വിതയന്ത്രം ഉപയോഗിച്ചാല്‍ നെല്‍വിത്തും സെസ്ബേനിയ വിത്തും ഒന്നിടവിട്ടുള്ള വരിയില്‍ വിതയ്ക്കാം. ഒരു മാസത്തെ വളര്‍ച്ചയാവുമ്പോള്‍ കോണോ വീഡര്‍ (ഇീിീ ംലലറലൃ) എന്ന യന്ത്രം നെല്ലിന്‍റെ രണ്ടുവരികള്‍ക്കിടയിലൂടെ തള്ളിക്കൊണ്ടു നടന്ന് സെസ്ബേനിയ ചെടികളെ വേരോടെ ഇളക്കി മണ്ണിനടിയിലാക്കാം. ഒപ്പം കൂടെയുള്ള കളകളും മാറിക്കിട്ടും. പാലക്കാടു ജില്ലയില്‍ പൊന്‍പുള്ളി, വടക്കഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ ഈ രീതി വിജയമായിരുന്നു

കളനാശിനികളുടെ ഉപയോഗം

സംയോജിത കളനിയന്ത്രണത്തിന്‍റെ മറ്റൊരു ഘടകമാണ് കളനാശിനികള്‍. നെല്ലില്‍ ഉപയോഗിക്കുന്ന കളനാശിനികള്‍ പൊതുവെ രണ്ടുതരമാണ്. ഒരുകൂട്ടം കളനാശിനികള്‍ കളകളുടെ വിത്ത് മുളയ്ക്കുന്നത് തടസ്സപ്പെടുത്തുന്നു.(ജൃലലാലൃഴലിരല വലൃയശരശറലെ) ഇത്തരം കളനാശിനികള്‍ നെല്ല് വിതച്ചയുടന്‍ പ്രയോഗിക്കുന്നു. ബ്യൂട്ടാക്ലോര്‍ (ആൗമേരവഹീൃ) റിഫിറ്റ് (ഞശളശേ), ഗോള്‍ (ഏീമഹ), സ്റ്റോമ്പ്(ടീാുേ) എന്നിവ ഇക്കൂട്ടത്തില്‍പെടും. നെല്ല് വിതച്ച് 6 ദിവസത്തിനകം ഇവ തളിക്കണം. ബ്യൂട്ടാക്ലോര്‍ ഒരേക്കറിന് ഒരു ലിറ്റര്‍ വേണം. റിഫിറ്റ് ആണെങ്കില്‍ 500 മില്ലിയും, ഗോള്‍ 125 മില്ലിയും. ഇവ തളിച്ച് രണ്ട്-മൂന്നാഴ്ചത്തേക്കു കളകള്‍ മുളക്കില്ല. എന്നാല്‍ അതിനുശേഷം കളകള്‍ ചെറുതായി മുളയ്ക്കുമെങ്കിലും നെല്ല് ഇതിനകം കുറെ വളരുന്നതുകൊണ്ട് കളശല്യം കുറവായിരിക്കും. എങ്കിലും നെല്ലിന് 40-45 ദിവസം പ്രായമാകുമ്പോള്‍ പാടത്തുള്ള കളകളെ ഒരു പ്രാവശ്യം പറിച്ചുമാറ്റേണ്ടിവരും.

വാര്‍ത്തുവിതയില്‍ വെള്ളം ഉള്ള സ്ഥലത്ത് റിഫിറ്റ്, ബ്യൂട്ടോക്ലോര്‍, ഗോള്‍ എന്നീ കളനാശിനികള്‍ തളിക്കുമ്പോള്‍ നെല്ലിന് കേടുവരാന്‍ സാദ്ധ്യതയുണ്ട്. പ്രെറ്റിലാക്ലോറി (ജൃലശേഹമരവഹീൃ) ന്‍റെ കൂടെ നെല്‍ ചെടികള്‍ക്ക് കേടുവരാതിരിക്കുന്നതിന് ഒരു സേഫ്നര്‍ (മെളലിലൃ) കൂടി ചേര്‍ത്തുണ്ടാക്കിയ സോഫിറ്റ് (ടീളശേ) തളിച്ചാല്‍ നെല്ലിന് യാതൊരു കേടും സംഭവിക്കില്ല.

രണ്ടാമത്തെ ഇനം കളനാശിനികള്‍, നെല്ലിന് 15-20 ദിവസം പ്രായമാകുമ്പോള്‍, അതായത്, കളകള്‍ മുളച്ചുവന്നശേഷം, ഉപയോഗിക്കുന്ന ബഹിര്‍ഗമനപൂര്‍വ  കളനാശിനികളാണ്. 2,4ഡി, ക്ലിന്‍ചെര്‍ ആല്‍മിക്സ് എന്നീ കളനാശിനികള്‍ ഇക്കൂട്ടത്തില്‍പെടും. പാടത്തെ പ്രധാന കളകള്‍ ഏതൊക്കെയാണെന്നു നോക്കിയിട്ടുവേണം ഇവയില്‍ ഏത് കളനാശിനി തളിക്കണമെന്നു തീരുമാനിക്കാന്‍. കവടയെ നിയന്ത്രിക്കാന്‍ ഏറ്റവും നല്ലത് ക്ലിന്‍ചെര്‍ ആണ്. നെല്ലിന് 18-20 ദിവസം ആകുമ്പോള്‍ ഏക്കറിന് 450 മില്ലിലിറ്റര്‍ ക്ലിന്‍ചെര്‍ തളിച്ചാല്‍ കവട 5-8 ദിവസംകൊണ്ട് ഉണങ്ങിപ്പോകും.

മുത്തങ്ങ വര്‍ഗത്തില്‍പ്പെട്ട മങ്ങ്, ചേങ്ങോല്‍ (മഞ്ഞ മുത്തങ്ങ) തുടങ്ങിയ കളകളെ നിയന്ത്രിക്കാന്‍ 2,4-ഡി എന്ന കളനാശിനിയാണുത്തമം. ഏക്കറിന് 500 ഗ്രാം 2,4-ഡി, നെല്ലിന് 3-4 ആഴ്ച പ്രായമാവുമ്പോള്‍ തളിക്കണം. വീതിയിലയന്‍ കളകള്‍ക്കും പുല്ലുവര്‍ഗ്ഗത്തില്‍ പെടാത്ത ഒട്ടുമിക്ക കളകള്‍ക്കുമെതിരെ 2,4-ഡി നല്ലതാണ്.

2,4-ഡി യുടെ അതേ ഗുണം ചെയ്യുന്ന ഒരു പുതിയ കളനാശിനിയാണ് ആല്‍മിക്സ് ഇത് ഏക്കറിന് 8 ഗ്രാം മതി. താഴ്ന്ന പാടങ്ങളില്‍ കാണാറുള്ള നാലിലയെ(ങമശെഹലമ) നശിപ്പിക്കുവാന്‍ ഈ കളനാശിനി നല്ലതാണ്. ചെടികളിലെ ചില ജൈവപ്രവര്‍ത്തനങ്ങളെ മാത്രം തടസ്സപ്പെടുത്തുന്നതിനാല്‍ പുതിയ കളനാശിനികളായ ആല്‍മിക്സ്, റിഫിറ്റ്, ഗോള്‍ എന്നിവയൊക്കെ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും വിഷവീര്യം വളരെ കുറഞ്ഞവയുമാണ്.

കളനാശിനി എങ്ങനെ തളിക്കണം?

കളനാശിനിയുടെ മുഴുവന്‍ പ്രയോജനവും കിട്ടണമെങ്കില്‍ അത് പ്രയോഗിക്കുന്നതിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കളനാശിനി തളിക്കാന്‍ പലതരം സ്പ്രേയര്‍ ഉണ്ടെങ്കിലും, പുറത്ത് തൂക്കിയിട്ട് കളനാശിനി തളിക്കുന്നതിനൊപ്പം ഇടതുകൈകൊണ്ട് പമ്പ് ചെയ്യാവുന്ന ഇനം സ്പ്രേയര്‍ ഉപയോഗിക്കണം. ഇത് ഒരേ മര്‍ദത്തില്‍ മരുന്നു തളിക്കാന്‍ സഹായിക്കും.

കളനാശിനി തളിക്കാന്‍ ഫ്ളഡ്ജെറ്റ് (എഹീീറഷലേ) അഥവാ ഫ്ളഡ്ഫാന്‍ (എഹീീറളമി)നോസില്‍ ആണ് നല്ലത്. കീടനാശിനി പ്രയോഗത്തിനുപയോഗിക്കുന്ന കോണ്‍നോസിലിനേക്കാള്‍ ഫലവത്തായി പ്രവര്‍ത്തിക്കാന്‍ ഫ്ളഡ്ജെറ്റ് നോസിലിന് കഴിയും. ഫ്ളഡ്ജെറ്റ് നോസിലില്‍ ഇടമുറിയാതെ എളുപ്പത്തില്‍ കളനാശിനി തളിക്കാന്‍ ഇത് സഹായിക്കും. കളനാശിനി തളിക്കുന്നതിനു പകരം പാടത്തു വെള്ളം ഉണ്ടെങ്കില്‍ വിത്തു വിതച്ചയുടനെ പ്രയോഗിക്കുന്ന കളനാശിനികള്‍ മണലുമായി കലര്‍ത്തി വിതറാം. ഏക്കറിന് ഏകദേശം 40 കി.ഗ്രാം മണല്‍ വേണ്ടിവരും. പക്ഷെ പൊടിവിതയില്‍ തളിക്കുകതന്നെ വേണം.

പാടത്തു കളനാശിനി തളിക്കുന്നതിനുമുമ്പ് സ്പ്രേയറില്‍ കുറച്ചുവെള്ളം അളന്നൊഴിച്ചിട്ട് അതുകൊണ്ട് എത്ര സ്ഥലത്ത് തളിക്കാമെന്ന് കണ്ടാല്‍ മൊത്തം പാടത്തേക്ക് കളനാശിനി തളിക്കാന്‍ എത്ര വെള്ളം വേണമെന്ന് തിട്ടപ്പെടുത്താം. തളിക്കുന്ന ആളിന്‍റെ വേഗത, നോസിലിന്‍റെയും പമ്പിന്‍റെയും കാര്യക്ഷമത തുടങ്ങിയവ അനുസരിച്ചിരിക്കും കളനാശിനി പ്രയോഗത്തിന്‍റെ ഫലം

നെല്ലിനു കൂട്ടായി പായലും കുമിളും

നെല്‍കൃഷിയില്‍ ജീവാണുവളങ്ങളുടെ ഉപയോഗം കൃഷിച്ചെലവു കുറക്കുന്നതോടൊപ്പം മണ്ണിന്‍റെഫലപുഷ്ടിനിലനിര്‍ത്താനും നല്ല വിളവു ലഭിക്കാനും സഹായിക്കുന്നു. നെല്‍കൃഷിക്കനുയോജ്യമായ ജീവാണു വളങ്ങള്‍ പ്രധാനമായും രണ്ടു വിഭാഗത്തില്‍പ്പെടുന്നവയാണ്. നൈട്രജന്‍ പ്രദാനം ചെയ്യുന്നവയും ഫോസ്ഫറസിന്‍റെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നവയും. ഇവയ്ക്കുപുറമെ നെല്‍ച്ചെടിയുടെ വേരിനോടു ചേര്‍ന്നു ജീവിക്കുന്ന ചെടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്ന പി.ജി.പി.ആര്‍.(ജഹമിേ ഏൃീംവേ ജൃീാീശേിഴ ഞവശ്വീയമരലേൃശമജഏജഞ) വിഭാഗത്തില്‍പെടുന്ന നിരവധിയിനം ബാക്ടീരിയകളും ഇന്ന് ഉപയോഗത്തിലുണ്ട്.

നൈട്രജന്‍ പ്രദാനം ചെയ്യുന്നവ അസോള

വെള്ളത്തില്‍ വളരുന്ന ഒരു ചെറിയ പന്നല്‍ ചെടിയാണ് അസോള. ഇതിന്‍റെ ഇലകളുടെ മുകള്‍ഭാഗത്തെ മടക്കുകളില്‍ ജീവിക്കുന്ന 'അനബീന അസോള' എന്ന നീലഹരിതപായല്‍ അന്തരീക്ഷത്തിലെ നൈട്രജന്‍ വലിച്ചെടുത്ത് അമോണിയയാക്കാന്‍ കഴിവുള്ളതാണ്. 'അസോള മൈക്രോഫില' എന്നയിനമാണ് നമ്മുടെ നാട്ടില്‍ നെല്‍പാടത്തേക്കനുയോജ്യം.

അസോള നഴ്സറി

നെല്‍പ്പാടത്തിനടുത്ത് അസോള ആദ്യം നഴ്സറിയില്‍ വളര്‍ത്തണം. പാടത്തുതന്നെ നഴ്സറി തയ്യാറാക്കാം. നന്നായി ഉഴുത് നിരപ്പാക്കിയ പാടം ഒരു സെന്‍റ് വലിപ്പത്തില്‍ പ്ലോട്ടുകളാക്കി തിരിച്ച്, 10 സെ.മീ. ആഴത്തില്‍ വെള്ളം നിര്‍ത്തി 10 കി.ഗ്രാം ചാണകം വെള്ളത്തില്‍ കലക്കി ഒഴിക്കണം. ഇങ്ങനെ തയ്യാറാക്കിയ പ്ലോട്ടില്‍ 8 കി.ഗ്രാം അസോള വിതറാം. 100 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ് 3 തവണകളായി 4 ദിവസം ഇടവിട്ട് ചേര്‍ക്കുക. ഒരു ഹെക്ടര്‍ നെല്‍പ്പാടത്തേക്കുള്ള അസോള കിട്ടാന്‍ ഇത്തരം രണ്ടു പ്ലോട്ട് മതിയാകും.

ചെറിയ തോതിലാണെങ്കില്‍ ആഴം കുറഞ്ഞ സിമന്‍റ് ടാങ്കുകളിലോ മണ്ണില്‍ കുഴിയെടുത്ത് അതില്‍ പോളിത്തീന്‍ ഷീറ്റു വിരിച്ചോ അസോള വളര്‍ത്താം.

നെല്ലിനൊപ്പം അസോളയും പറിച്ചു നട്ട് 7-10 ദിവസമാകുമ്പോള്‍ ഏക്കറിന് 200 കി.ഗ്രാം. എന്ന തോതില്‍ അസോള പാടത്തിടാം. മൂന്നാഴ്ച ആകുമ്പോള്‍ ഇവ വളര്‍ന്ന് നിറയും. അപ്പോള്‍ വെള്ളം വാര്‍ത്ത് മണ്ണില്‍ ചവുട്ടി താഴ്ത്തണം. താഴാതെ കിടക്കുന്നവ വീണ്ടും വളരും. ഇവയും പിന്നീട് മണ്ണില്‍ ചേര്‍ക്കാം.

അസോള സ്പോര്‍/വിത്ത് ഉണങ്ങിയ രൂപത്തില്‍ ലഭ്യമാണ്. 5 കിലോ വിത്ത് 25 ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കിവച്ച് ഒരു ഹെക്ടര്‍ പാടത്ത് വിതറണം. 2-3 ആഴ്ചക്കകം പാടത്ത് അസോള നിറയും.

അസോള വളര്‍ത്തുന്നതു വഴി ജൈവവളവും 15-20 ടണ്‍ (10-60 കിലോ) നൈട്രജനും മറ്റു പോഷകമൂലകങ്ങളും നെല്‍ച്ചെടിക്കു ലഭിക്കും. നൈട്രജനു പുറമേ പൊട്ടാസ്യം, കാല്‍സ്യം, സള്‍ഫര്‍, സിങ്ക്, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളും മണ്ണില്‍ ചേരും. അസോള വളര്‍ത്തുന്ന പാടത്ത് കളകളുടെ ശല്യം കുറവായിരിക്കും.

നീലഹരിത പായലുകള്‍

അന്തരീക്ഷ നൈട്രജന്‍ വലിച്ചെടുത്ത് അമോണിയയാക്കി മാറ്റാന്‍ കഴിവുള്ള നീലഹരിത പായലാണ് അനബീന, നോസ്റ്റോക്ക്, പ്ലെക്ടോനിമ, ഓസിലറ്റോറിയ, ഔലോസിറ, സിക്ടോനിമ തുടങ്ങിയവ. സാധാരണ ഒന്നില്‍ കൂടുതല്‍ ഇനം നീലഹരിത പായലുകളുള്ള മിശ്രിതമാണ് നെല്ലിനുപയോഗിക്കുന്നത്. വേനല്‍ക്കാലമാണ് നീലഹരിത പായല്‍ വളര്‍ത്താന്‍ അനുയോജ്യം.

പാടത്തുതന്നെ ഈ പായല്‍ വളര്‍ത്തിയെടുക്കാം. ഒരു സെന്‍റ് വലിപ്പമുള്ള പ്ലോട്ടുകള്‍ തയ്യാറാക്കി അതില്‍ 10 സെ.മീ. ആഴത്തില്‍ വെള്ളം നിര്‍ത്തണം. 2 കി.ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ് വിതറിയ ശേഷം 5 കി.ഗ്രാം പായല്‍ കള്‍ച്ചര്‍ ഇടുക. 7-10 ദിവസം കൊണ്ട് പായല്‍ നിറയും. 15 ദിവസം കഴിഞ്ഞ് വെള്ളം വാര്‍ത്ത് ഉണങ്ങാനനുവദിക്കുക. ഉണങ്ങി മണ്ണില്‍ പതിയുന്ന പായല്‍ പാളികളായി അടര്‍ത്തിയെടുത്ത് ഉണക്കി സൂക്ഷിക്കാം.

അലുമിനിയം/ഇരുമ്പു ട്രേകളിലും കുഴിയെടുത്ത് അതില്‍ പോളിത്തീന്‍ ഷീറ്റ് വിരിച്ച് മണ്ണിട്ടും ഇവ വളര്‍ത്താം. പറിച്ചു നട്ട് 10 ദിവസമാകുമ്പോള്‍ പായല്‍കള്‍ച്ചര്‍ ഒരു ഹെക്ടറിന് 10 കി.ഗ്രാം എന്ന തോതില്‍ 500 ഗ്രാം സൂപ്പര്‍ഫോസ്ഫേറ്റ് കൂടിചേര്‍ത്ത് പാടത്ത് വിതറാം. ഒന്നാം വിളക്കാണ് നീലഹരിത പായലുകള്‍ കൂടുതല്‍ അനുയോജ്യം. പായല്‍ അഴുകുമ്പോള്‍ ചെടിക്ക് നൈട്രജന്‍ ലഭ്യമാകുന്നു. നെല്‍പ്പാടത്ത് നീലഹരിത പായല്‍ വളര്‍ത്തിയാല്‍ ഹെക്ടറൊന്നിന് 20 മുതല്‍ 30 കി.ഗ്രാം വരെ നൈട്രജന്‍ ലഭിക്കും.

അസോസ്പൈറില്ലം

അന്തരീക്ഷ നൈട്രജന്‍ വലിച്ചെടുത്ത് അമോണിയയാക്കി മാറ്റി ചെടികള്‍ക്ക് നല്‍കാന്‍ കഴിവുള്ള ഒരു ബാക്ടീരിയ ആണ് അസോസ്പൈറില്ലം. ചെടിയുടെ വളര്‍ച്ചകൂട്ടുന്ന ചില ഹോര്‍മോണുകളും ഇവ ഉത്പാദിപ്പിക്കുന്നു. ചെടികളുടെ വേരിനോടു ചേര്‍ന്നാണ് ഇവ വളരുന്നത്. അസോസ്പൈറില്ലം വിവിധ രീതികളില്‍ ഉപയോഗിക്കാം.

വിത്തില്‍ പുരട്ടുന്നതിന് :

 

20 ഗ്രാം കള്‍ച്ചര്‍ ഒരു കിലോ വിത്തിന് എന്നതോതില്‍ ഉപയോഗിക്കാം. കഞ്ഞിവെള്ളത്തില്‍ കലക്കിയ (1 കി.ഗ്രാം കള്‍ച്ചര്‍ 1 ലിറ്റര്‍ കഞ്ഞിവെള്ളം) കള്‍ച്ചറില്‍ വിത്ത് നന്നായി കലര്‍ത്തി തണലത്ത് ഉണക്കി 24 മണിക്കൂറിനകം പാകണം. വിത്ത് മുളപ്പിച്ചിടുകയാണെങ്കില്‍ മുളപ്പിക്കാനിടുന്ന വെള്ളത്തില്‍ അസോസ്പൈറില്ലം കള്‍ച്ചര്‍ കലര്‍ത്തി അതില്‍ വിത്തു മുക്കിയശേഷം മുളപ്പിക്കാന്‍ വയ്ക്കാം.

ഞാറ്റടിയില്‍ ഇടുന്നതിന് :

2 കി.ഗ്രാം കള്‍ച്ചര്‍ 25 കി.ഗ്രാം ചാണകപ്പൊടിയുമായി കലര്‍ത്തി വിത്തു പാകുന്നതിനുമുമ്പ് ഒരു ഹെക്ടറിലേക്കുള്ള ഞാറ്റടിയില്‍ മണ്ണില്‍ ചേര്‍ത്തു കൊടുക്കാം.

വേരില്‍ മുക്കുന്നതിന് :

ഒരു കിലോ കള്‍ച്ചര്‍ 40 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഞാറിന്‍റെ വേര് 10-15 മിനിറ്റു മുക്കി വച്ചിട്ട് നടാം.

മണ്ണില്‍ ഇടുന്നതിന് :

പറിച്ചു നടുന്നതിനുമുമ്പ് പാടത്ത് 2 കി.ഗ്രാം കള്‍ച്ചര്‍ 150 കി.ഗ്രാം ചാണകപ്പൊടിയുമായി കലര്‍ത്തി വിതറാം.

ഫോസ്ഫറസ് ലഭ്യത വര്‍ദ്ധിപ്പിക്കുന്നവ ഫോസ്ഫോബാക്ടീരിയ

വെള്ളത്തില്‍ ലയിക്കാത്ത ഫോസ്ഫറസ് ലേയരൂപത്തിലാക്കി മാറ്റി ചെടികള്‍ക്ക് നല്‍കുന്നതാണ്. ഫോസ്ഫോബാക്ടീരിയ. ബാസിലസ് മെഗാതീറിയം, സ്യൂഡോമോണസ് സ്ട്രയേറ്റ എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു. അസോസ്പൈറില്ലം പോലെതന്നെ വിത്തില്‍ പുരട്ടുകയോ പാടത്തിട്ടു കൊടുക്കുകയോ ചെയ്യാം.

ആര്‍ബസ്കുലര്‍ മൈകോറൈസ കുമിള്‍

ചെടികളുടെ വേരുമായി സഹവര്‍ത്തിത്വത്തില്‍ കഴിയുന്ന ഒരിനം കുമിളാണ് 'ആര്‍ബസ്കുലര്‍ മൈകോറൈസ'. ഇവ ചെടികള്‍ക്ക് ഫോസ്ഫറസിന്‍റെ ലഭ്യത വര്‍ദ്ധിപ്പിക്കുകയും പല രോഗങ്ങളെയും നിയന്ത്രിക്കുകയും വിളവ് കൂട്ടുകയും ചെയ്യുന്നു. ഫോസ്ഫറസിനു പുറമെ മറ്റു പോഷകമൂലകങ്ങളും വെള്ളവും വലിച്ചെടുക്കുന്നതിനും ഇവ ചെടികളെ സഹായിക്കും. കരപ്പാടങ്ങളില്‍ കൃഷിചെയ്യുന്ന നെല്ലില്‍ ഇവയെ ഉപയോഗപ്പെടുത്താം.

 

നെല്ലിന്‍റെ വേരിനോടു ചേര്‍ന്ന് ജീവിക്കുന്നവ

പി.ജി.പി.ആര്‍

സസ്യങ്ങളുടെ വേരിനോടു ചേര്‍ന്നു ജീവിക്കുന്ന ചിലയിനം ബാക്ടീരിയകള്‍ അവയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും രോഗപ്രതിരോധശേഷി നല്‍കുന്നതിനും കഴിവുള്ളവയാണ്. ഇവയാണ് പി.ജി.പി.ആര്‍. എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്നത്. ഇവയില്‍ ഏറ്റവും പ്രധാനം സ്യൂഡോമോണസ്, ബാസിലസ്, അസോസ്പൈറില്ലം, അസറ്റോബാക്ടര്‍ തുടങ്ങിയവയാണ്. ഇവ വിത്തില്‍ പുരട്ടിയോ വേരില്‍മുക്കിയോ മണ്ണില്‍ ചേര്‍ത്തു കൊടുത്തോ പ്രയോജനപ്പെടുത്താം. വിത്തിന്‍റെ മുളശേഷി, ചെടികളുടെ പെട്ടെന്നുള്ള വളര്‍ച്ച, രോഗപ്രതിരോധശേഷി എന്നിവയെല്ലാം വര്‍ദ്ധിച്ച വിളവിന് സഹായകമാകും. ചൈന തുടങ്ങിയ പല രാജ്യങ്ങളിലും വിവിധതരം പി.ജി.പി.ആര്‍. ബാക്ടീരിയകള്‍ നെല്ലില്‍ ഉയോഗിക്കുന്നുണ്ട്. കേരളത്തില്‍ 'സ്യൂഡോമോണോസ് ഫ്ളൂറസന്‍സിന്‍റെ' ഉപയോഗം പ്രചാരം നേടി. പ്രധാനമായും രോഗനിയന്ത്രണത്തിനാണ് ഉപയോഗിക്കുന്നത്. പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, കാര്‍ഷിക ഗവേഷണ കേന്ദ്രം, കുമരകം, കൃഷിവകുപ്പിന്‍റെ മണ്ണുത്തിയിലെ ബയോ കണ്‍ട്രോള്‍ ലാബ് എന്നിവിടങ്ങളില്‍ ഇത് ലഭ്യമാണ്.

കരനെല്ലിന് രണ്ടാം ജന്മം

ജ്യോതി വി.ആര്‍.

കൃഷി ആഫീസര്‍,

കാഞ്ഞിരംകുളം, തിരുവനന്തപുരം

നെല്‍കൃഷി തന്നെ അന്യം നിന്നു കൊണ്ടിരിക്കുന്ന കേരളത്തില്‍ കരനെല്ല് കൃഷിയിലൂടെ വിജയഗാഥ രചിച്ച കഥയാണ് കാഞ്ഞിരംകുളത്തെ കര്‍ഷകരായ സോമരാജനും ക്രിസ്തുദാസിനും പറയാനുള്ളത്. കന്നുകാലി വളര്‍ത്തല്‍ ഉപജീവനമാക്കിയ ഇവിടുത്തെ കര്‍ഷകര്‍ക്ക് വയ്ക്കോലിന്‍റേയും അരിയുടെയും അമിതമായ വിലകയറ്റം ജീവിതത്തിന്‍റെ താളം തെറ്റിയ്ക്കുമായിരുന്ന അവസ്ഥയില്‍, പരീക്ഷണാടിസ്ഥാനത്തിലാണ് കരനെല്‍കൃഷിയിലേക്ക് ശ്രദ്ധതിരിച്ചത്. പൊതുവെ ജലദൗര്‍ലഭ്യമുള്ള ഈ പ്രദേശത്ത് മഴയെ ആശ്രയിച്ച് നെല്‍കൃഷി നടത്തുക പ്രായോഗികമല്ല. കൃഷിഭവന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കൃഷി അസിസ്റ്റന്‍റ് ശ്രീ. ഐസക്കിന്‍റെ പ്രോത്സാഹനവും ഇവിടുത്തെ പരിശ്രമശാലികളായ കര്‍ഷകരുടെ പ്രവര്‍ത്തനവും ഒത്തുചേര്‍ന്നപ്പോള്‍ കരനെല്‍കൃഷി നാടിന് തന്നെ മാതൃകയും പ്രചോദനവുമായി.

വെളുത്ത പനംകുറവ, കറുത്ത പനംകുറവ എന്നീ രണ്ടിനം വിത്തുകളാണ് കരനെല്‍കൃഷിയ്ക്കുപയോഗിച്ചത്. തെങ്ങിന് ഇടവിളയായും കരനെല്ല് കൃഷി ചെയ്യാം. നെല്‍കൃഷിയില്‍ നിന്നുള്ള ആദായത്തിനുപുറമെ തെങ്ങില്‍ നിന്നുള്ള അധികവരുമാനവും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടും. തെങ്ങിന്‍റെ ഇടവിളയായി കൃഷിചെയ്യുമ്പോള്‍ 40% സൂര്യപ്രകാശം ലഭിയ്ക്കുന്ന തെങ്ങിന്‍തോപ്പുകളാണ് തെരഞ്ഞെടുക്കേണ്ടത്. കൃഷി ഭൂമി 4" ആഴത്തില്‍ കിളച്ചൊരുക്കി സെന്‍റൊന്നിന് 50 കിലോ ചാണകപ്പൊടിയും 25 കിലോ ചാരവും ചേര്‍ത്ത് മണ്ണുമായി കൂട്ടി കലര്‍ത്തുക. ഒരടി അകലത്തില്‍ 4 മുതല്‍ 6 വരെ കുതിര്‍ത്ത നെല്‍വിത്ത് മേടമാസം ആദ്യവാരം നടാം. മഴയില്ലെങ്കില്‍ സ്പ്രിംഗ്ലര്‍ ഉപയോഗിച്ച് നനയ്ക്കണം. നെډണികള്‍ മുളച്ച് ഇരുപത്തിരണ്ടിന് കളയെടുത്ത് ചാണകപ്പൊടിയോടൊപ്പം ട്രൈക്കോഡെര്‍മ ചേര്‍ത്തു വിതറി. തൊണ്ണൂറ് ദിവസമായപ്പോഴേക്കും കതിര്‍ നിരന്നു. കരനെല്‍കൃഷിയ്ക്ക് പൊതുവെ കീടരോഗബാധ കുറവായാണ് കാണുന്നത്. ചാഴിയുടെ ആക്രമണം പ്രതിരോധിക്കാന്‍ കാന്താരിമുളക്-വെളുത്തുള്ളി മിശ്രിതം ഗോമൂത്രത്തില്‍ ചേര്‍ത്ത് തളിയ്ക്കുകയായിരുന്നു പതിവ്. 120-ാം ദിവസം വിള കൊയ്തു. നെല്ലിന് ഏകദേശം നാലു മുതല്‍ അഞ്ചടി വരെ ഉയരം ഉണ്ടായിരുന്നു. സെന്‍റൊന്നിന് 10 മുതല്‍ 12 കിലോവരെ നെല്ല് കിട്ടി. കൂടാതെ 50 മുതല്‍ 60 കിലോവരെ വയ്ക്കോല്‍ വേറെയും.

നെല്ലിനും വയ്ക്കോലിനും അയല്‍സംസ്ഥാനങ്ങളെ ആശ്രയിച്ചു കഴിയുന്ന നമ്മുടെ നാട്ടിലെ കര്‍ഷകര്‍ക്ക് അമിതമായ അദ്ധ്വാനമില്ലാതെ തന്നെ കരനെല്‍കൃഷി നടത്താം. മഴ മാത്രം ആശ്രയിച്ച് ഇന്നും നെല്‍കൃഷി നടത്തി കഷ്ട നഷ്ടങ്ങള്‍ ത്യാഗമനസ്ഥിതിയോടെ സഹിക്കുന്ന നമ്മുടെ നാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസമാവുകയാണ് ഇപ്പോള്‍ കരനെല്‍കൃഷി.

വിളവുകൊണ്ട് വിഷുക്കണി

നെല്‍കൃഷി ലാഭകരവും മാന്യവുമായ തൊഴിലും സംസ്കാരവുമാണെന്ന് ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ച് മാതൃക കാട്ടിയ നെേډനി നെല്ലുല്പാദക പാടശേഖര സമിതിയ്ക്ക് നൂറുമേനി നേട്ടം; സംസ്ഥാന സര്‍ക്കാരിന്‍റെ നെല്‍കതിര്‍ അവാര്‍ഡ് നെേډനി സമിതിയ്ക്കു ലഭിച്ചു. നെല്ലറയായ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് പഞ്ചായത്തിലെ പാടശേഖര സമിതിയാണ് 'നെേډനി'. നെല്‍കൃഷിമേഖലയില്‍ 2001-02-ല്‍ നടപ്പിലാക്കിയ മാതൃകാപരമായ കര്‍ഷകക്ഷേമപ്രവര്‍ത്തനങ്ങളാണ് നെേډനിയെ അവാര്‍ഡി നര്‍ഹമാക്കിയത്. 2 ലക്ഷം രൂപയും സ്വര്‍ണ്ണമെഡലും പ്രശംസാഫലകവുമാണ് അവാര്‍ഡ്. ആര്‍. ചാത്തുക്കുട്ടി പ്രസിഡന്‍റും എസ്. ചന്ദ്രന്‍ സെക്രട്ടറിയുമായ 11 അംഗസമിതിയാണ് 170 ഹെക്ടര്‍ വിസ്തീര്‍ണ്ണവും 178 അംഗങ്ങളുമുള്ള നെേډനി പാടശേഖരത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

കര്‍ഷകര്‍ പാടശേഖര സമിതിയില്‍ അര്‍പ്പിച്ച വിശ്വാസവും അവരുടെ കൂട്ടായ്മയും ആത്മാര്‍ത്ഥമായ സഹകരണവുമാണ് സംസ്ഥാനത്തിനാകെ മാതൃകയാകാന്‍ പ്രേരകമായ നേട്ടങ്ങളിലേക്ക് തങ്ങളെ നയിച്ചതെന്ന് സമിതി വിലയിരുത്തുന്നു.

മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിലുള്ള വളപ്രയോഗം, അനുയോജ്യമായ വിത്തു തെരഞ്ഞെടുപ്പ്, പൊതുഞാറ്റടി തയ്യാറാക്കല്‍ ജൈവകൃഷിയും കീടരോഗനിയന്ത്രണവും, കൂട്ടായ കൃഷിരീതി, ശാസ്ത്രീയകൃഷി പരിശീലനം, നെല്ലു സംഭരണവും വിപണനവും, കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ രേഖപ്പെടുത്താന്‍ പാസ്ബുക്ക്, വിഷുദിനത്തില്‍ കര്‍ഷകര്‍ക്ക് കൈ നീട്ടം, എസ്.എസ്.എല്‍.സിക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിക്കുന്ന കര്‍ഷകരുടെ മക്കള്‍ക്ക് സമ്മാനം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് നെേډനി പാടശേഖരസമിതി നടപ്പാക്കുന്നത്.

സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയ്ക്ക് ലാഭകരമായി നെല്ലു സംഭരണം നടത്തിയ ഏകപാടശേഖര സമിതിയെന്ന ബഹുമതിയും നെേډനിയ്ക്കു സ്വന്തം. ഇടത്തട്ടുകാരുടെ ഇടപെടല്‍ മൂലം കുറഞ്ഞു കൊണ്ടിരുന്ന നെല്‍വില ഉയര്‍ത്തുന്നതിന് ഇത് സഹായകമായി. സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങു വിലയ്ക്ക് നെല്ലു സംഭരിക്കാന്‍ സഹകരണ സംഘങ്ങള്‍ മടിച്ചു നിന്ന അവസരത്തിലാണ് കര്‍ഷകരെ സഹായിക്കാനുള്ള ദൗത്യം തങ്ങള്‍ ഏറ്റെടുത്തതെന്ന് സമിതി ഭാരവാഹികള്‍ ഓര്‍ക്കുന്നു.

നെല്ലു സംഭരണം ഏറ്റെടുത്ത 2001-02 മുണ്ടകന്‍ വിളയ്ക്ക് കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകളിലെ കര്‍ഷകരില്‍ നിന്നും 1607 ടണ്‍ നെല്ല് താങ്ങു വിലയ്ക്ക് സംഭരിച്ചു കൊണ്ടാണ് സമിതി സംഭരണത്തിന് തുടക്കമിട്ടത്. സമിതി നെല്ലു സംഭരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ പൊതുവിപണിയില്‍ ഒരു വണ്ടി (550 കി.ഗ്രാം) നെല്ലിന് 500 രൂപ വില വര്‍ധിച്ചു. തുടര്‍ന്ന് 1500 രൂപ വരെ വിലയില്‍ മാറ്റം വന്നു. സംഭരിച്ച നെല്ലുകൊണ്ട് വില്‍പനയ്ക്ക് മുമ്പ് വിഷുക്കണി ഒരുക്കിയത് ഗ്രാമത്തിനാകെ കൗതുകമായി. സമിതി കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലു മുഴുവന്‍ 12 വാഹനങ്ങളില്‍ കയറ്റി ഗ്രാമം ചുറ്റി മില്ലുകളിലേക്ക് നീങ്ങിയതാണ് കര്‍ഷകര്‍ക്ക് വിഷുക്കണിയായത്. നെല്ലു വിറ്റ വകയില്‍ ലഭിച്ച ലാഭവും ഹാന്‍ഡ്ലിംഗ് ചാര്‍ജായി കൃഷി വകുപ്പു നല്‍കിയ തുകയും ലാഭവിഹിതമായി താങ്ങുവിലയ്ക്ക് പുറമെ കര്‍ഷകര്‍ക്കു നല്‍കി സമിതി മാതൃക സൃഷ്ടിച്ചു. വിഷുദിനത്തില്‍ സമിതി സംഘടിപ്പിച്ച പൊതുചടങ്ങില്‍ വച്ച് ലാഭവിഹിതം കൈനീട്ടമായി കര്‍ഷകര്‍ക്കു നല്‍കി. തുടര്‍ന്നു 2002-03 ല്‍ 2112 ടണ്‍ നെല്ലും 2003-04 ല്‍ 1918 ടണ്‍ നെല്ലും സംഭരിച്ചു വില്‍പന നടത്തി. ഗുണമേډയുള്ള നെല്‍വിത്ത് ഉല്പാദിപ്പിച്ച് വിപണനം നടത്തുന്നത് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്ന് തിരിച്ചറിവാണ് വിത്തു ല്പാദന രംഗത്തു പ്രവേശിക്കുവാന്‍ സമിതിയെ പ്രേരിപ്പിച്ചത്. വിത്തുല്പാദന വിപണന രംഗങ്ങളില്‍ സമിതി വിസ്മയനേട്ടം കൈവരിച്ചു. കൃഷി വകുപ്പിന്‍റെ രജിസ്ടേഡ് വിത്തുല്പാദന പരിപാടിയില്‍ പങ്കാളിയായി കൊണ്ട് മുണ്ടകന്‍ വിളക്കാലത്ത് ഉല്പാദിപ്പിച്ച 36 ടണ്‍ ജ്യോതി നെല്‍വിത്ത് കര്‍ഷകരില്‍ നിന്ന് സംഭരിച്ച് സംസ്കരിച്ച് ഗുണമേډ ഉറപ്പു വരുത്തിയശേഷം സംസ്ഥാന വിത്തുവികസന അതോറിറ്റിക്ക് കൈമാറിക്കൊണ്ടാണ് സമിതി വിത്തുല്പാദനരംഗത്ത് പ്രവേശിച്ചത്. 2002-03 ല്‍ നെേډനി പാടശേഖരത്തെ വിത്തുഗ്രാമമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും 170 ഹെക്ടര്‍ സ്ഥലവും വിത്തുല്പാദനത്തിനായി തെരെഞ്ഞെടുക്കുകയും ചെയ്തു. ഉല്പാദിപ്പിച്ച 170 ടണ്‍ കാഞ്ചന നെല്‍വിത്ത് വിത്തുവികസന അതോറിറ്റി വഴി വില്‍പന നടത്തി. 2003-04 ല്‍ 120 ടണ്‍ ജ്യോതി നെല്‍വിത്ത് വിറ്റു. ഒരു കി.ഗ്രാം വിത്തിന് 10 രൂപാ പ്രകാരമാണ് വിത്തു വികസന അതോറിറ്റി വില നല്‍കുന്നത്. കൂടാതെ ഹെക്ടറിന് 2000 കി.ഗ്രാം തോതില്‍ വിത്തുല്പാദിച്ചു നല്‍കുമ്പോള്‍ ഉല്പാദന ബോണസായി 2000 രൂപയും നല്‍കും. വിത്തിന്‍റെ വിലയ്ക്കു പുറമെ ഉല്പാദന ബോണസായി ലഭിക്കുന്ന തുകയും കര്‍ഷകര്‍ക്ക് നല്‍കി വിത്തുല്പാദനത്തിലും വിജയം കൊയ്തു.

കൊല്ലങ്കോട് എം.എല്‍.എ കെ.എ. ചന്ദ്രന്‍, മുന്‍ ജില്ലാ പഞ്ചായത്തു പ്രസിഡന്‍റ് കെ.വി. വിജയദാസ്, ജില്ലാ പഞ്ചായത്തു പ്രസിഡന്‍റ് കെ.വി. രാമകൃഷ്ണന്‍, മെമ്പര്‍ ആര്‍. കൃഷ്ണകുമാര്‍, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്‍റ് എ. സുരേന്ദ്രന്‍, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്‍റ് എസ്. പാര്‍വതി, മെമ്പര്‍ ഗുരുവായൂരപ്പന്‍, ത്രിതല പഞ്ചായത്തു പ്രതിനിധികള്‍ എന്നിവരുടെ പ്രോത്സഹനങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും ആത്മാര്‍ത്ഥമായ സഹകരണവുമാണ് അവാര്‍ഡിന് അര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരകമായതെന്ന് സമിതി ഭാരവാഹികള്‍ അഭിപ്രായപ്പെടുന്നു.

അവാര്‍ഡിന് പരിഗണിച്ച ജൈവകൃഷി പ്രോത്സാഹനം, നെല്ലു സംഭരണം, വിത്തുല്പാദനം തുടങ്ങിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നെേډനി പാടശേഖരത്തില്‍ നടപ്പാക്കുന്നതിന് മുന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അശോക് കുമാര്‍ തെക്കന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഡി. ജ്ഞാനദാസ്, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ രാധമ്മാള്‍, ലൈ ജോര്‍ജ്, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ പ്രിമലാ ജോണ്‍, കൃഷി ഓഫീസര്‍മാരായ സിന്ധുദേവി, ബിജുമോന്‍ സക്കറിയ, കൃഷി അസിസ്റ്റന്‍റ് ടി.ആര്‍. ദാമോദരന്‍, പട്ടാമ്പിയിലെ സഞ്ചരിക്കുന്ന മണ്ണുപരിശോധനശാല എന്നിവരുടെ എല്ലാം ആത്മാര്‍ത്ഥമായ സഹകരണം സമിതിക്കു ലഭിച്ചിട്ടുണ്ട്.

നേട്ടങ്ങള്‍ക്കു ലഭിച്ച അംഗീകാരത്തിന്‍റെ നെറുകയില്‍ എത്തിനില്‍ക്കുമ്പോഴും ക്ഷേമകരമായ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകര്‍ക്കു വേണ്ടി ആവിഷ്ക്കരിക്കുന്നതിനുള്ള തിരക്കിലാണ് നെല്ലറയ്ക്ക് തിലകം ചാര്‍ത്തിയ നെേډനി പാടശേഖര സമിതി.© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate