অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചെമ്പൻചെല്ലിയെ തുരത്താം

ആമുഖം

ഒട്ടേറെ വെല്ലുവിളികളോട് മല്ലിട്ടാണ് നമ്മുടെ കേരകർഷകർ കേരകൃഷിയെ നിലനിർത്തിപ്പോകുന്നത്. ഓരോവർഷവും കഴിയുന്നതിനനുസരിച്ച് തെങ്ങുകൃഷിയിടത്തിന്റെ വിസ്തൃതി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നാളികേരത്തിന് ഉയർന്ന വിലനിലവാരമുണ്ടെങ്കിലും ഉള്ള നാളികേരം താഴെയിറക്കാനുള്ള പ്രയാസവും  അതിനോടൊപ്പം തന്നെ നാളികേരത്തിന്റെ കുറവും കേരകർഷകരെ വലയ്ക്കുന്നു. കൂടാതെ കൂനിന്മേൽക്കുരുപോലെ രോഗകീടാക്രമണവും വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. കൊമ്പൻചെല്ലിയെപ്പോലെത്തന്നെ ചെമ്പൻചെല്ലിയെന്ന കീടവും കേരകൃഷിയെ ബാധിക്കുന്നതാണ്. ചെമ്പൻചെല്ലിബാധയുടെ ലക്ഷണങ്ങളും അവയെ എങ്ങനെ ചെറുക്കാമെന്നും പരിശോധിക്കാം.

ചെമ്പൻചെല്ലി

റിങ്കോഫൊറസ് ഫെറുഗിനിയെസ് എന്നശാസ്ത്രനാമത്തിൽ പറക്കാൻ കഴിവുള്ള വണ്ടിന്റെ ഇനത്തിൽപ്പെട്ട ഒരു ഷഡ്പദമാണ് ചെമ്പൻചെല്ലി. അരക്കേഷ്യ കുടുംബത്തിൽപ്പെട്ട തെങ്ങ്, ഈന്തപ്പന, എണ്ണപ്പന തുടങ്ങിയ കൃഷികളെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന കീടങ്ങളിലൊന്നാണ് ചെമ്പൻചെല്ലി. ഏഷ്യയാണിതിന്റെ ജന്മദേശം പിന്നീട് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും വ്യാപിച്ചു. ഇക്വഡോറിലും ആഫ്രിക്കയുടെ ചിലപ്രദേശങ്ങളിലും ചെമ്പൻ ചെല്ലിയുടെ ലാർവകൾ വിശിഷ്ടഭക്ഷണമാണ്.
തെങ്ങുപോലുള്ള നാരുകളുള്ള മരങ്ങളുടെ തടിതുളച്ച് നീര് കുടിക്കുകയും തടിക്കുള്ളിൽ മുട്ടയിട്ട് വംശവർധന നടത്തുകയും ചെയ്യുന്നു. തൈത്തെങ്ങുകൾ മുതൽ 20 വയസ്സുവരെയുള്ള തെങ്ങുകളെയാണ് ഇത് ബാധിക്കുന്നത്.

ചെല്ലിബാധയുടെ ലക്ഷണങ്ങൾ

തെങ്ങിന്റെ തടിയിൽ മണ്ടയോടടുത്ത് ദ്വാരങ്ങൾ വീണ് അതിലൂടെ തവിട്ടുകലർന്ന ബ്രൗൺ നിറത്തിൽ ഒരുദ്രാവകം ഒലിച്ചിറങ്ങുകയെന്നതാണ് ഇതിന്റെ ആദ്യലക്ഷണം. കൂമ്പോലകളും ഇടയോലകളും വാടിപ്പോവുക, തെങ്ങിന്റെ നാരുകൾ കൊണ്ടുള്ള കൂടുകൾ മണ്ടയിലെ ദ്വാരകത്തിനടുത്തുകാണുക, ഓലമടലിന്റെ അടിവശം അകാരണമായി പിളരുക എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. തവിട്ടുദ്രാവകമൊലിക്കുന്നതിന് തെങ്ങിനുണ്ടാകുന്ന ചെന്നീരൊലിപ്പുമായി സാമ്യം കണ്ടേക്കാം. പക്ഷേ ചെന്നീരൊലിപ്പ് തെങ്ങിന്റെ മണ്ടയ്ക്കടുത്ത ഭാഗത്തുനിന്നല്ല മുരടിൽനിന്ന് രണ്ടടി മുകളിലായാണ് കാണപ്പെടുക എന്ന വ്യത്യാസമുണ്ട്. ചെമ്പൻചെല്ലിയുടെ ദ്വാരങ്ങൾ അധികവും തെങ്ങിന്റെ നാരുകൾ ദൃഢമാകാത്ത ഭാഗത്താണ് കാണുക. ദ്വാരത്തിനടുത്ത് ചെവിയോർത്താൽ ചെല്ലി തെങ്ങിൻ കാമ്പ് കരണ്ടുതിന്നുന്ന ശബ്ദവും ചിലപ്പോൾ കേൾക്കാം. രൂക്ഷമായ ആക്രമണത്തിൽ പിടിച്ചുനിൽക്കാനാവാതെ തെങ്ങിന്റെ മണ്ടതന്നെ ചിലപ്പോൾ ഒടിഞ്ഞുതൂങ്ങാം.

മുൻകരുതലുകളെടുക്കാം

തെങ്ങിൻതോപ്പുകളും കൃഷിയിടങ്ങളും വൃത്തിയായി സൂക്ഷിക്കുകയെന്നതാണ് ചെമ്പൻചെല്ലിയെ തടയാനുള്ള ആദ്യമാർഗം. അഴുകിയതെങ്ങിൻതടികൾഒരു കാരണവശാലും അലക്ഷ്യമായി വലിച്ചെറിയരുത്. അവ ചീന്തിയുണക്കിക്കത്തിക്കുക. ജൈവാവശിഷ്ടങ്ങൾ ജീർണിച്ചുനാറി തോട്ടങ്ങളിൽ കിടക്കാൻ അനുവദിക്കരുത്. തോട്ടങ്ങളിൽ വളമായി ഉപയോഗിക്കാനുള്ള ചാണകം ഉണക്കിസൂക്ഷിക്കാൻ ശ്രദ്ധിക്കുക. ചാണകക്കുഴികൾ കമ്പോസ്റ്റ് കുഴികൾ അഴുകുന്നജൈവാവശിഷ്ടങ്ങൾ എന്നിവയിൽ പെരുവലച്ചെടി അപ്പാടെ ഇടുകയോ അത് ഇടിച്ചുപിഴിഞ്ഞ് സത്തെടുത്ത് തളിക്കുകയോ ചെയ്താൽ ചെമ്പൻചെല്ലി മുട്ടയിട്ട് പെരുകുന്നത് ഒഴിവാക്കാം. കൂടാതെ മെറ്റാറൈസ്യം എന്ന പച്ചക്കുമിൾ ഒരുക്യുബിക് മീറ്ററിന്  100ഗ്രാം  കൾച്ചർ അഞ്ചു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചാലും ജൈവജീർണ വസ്തുക്കളിലെ ചെമ്പൻചെല്ലിയുടെ വളർച്ച തടയാവുതാണ്.

പ്രതിരോധിക്കാം

ചെമ്പൻചെല്ലിസംരക്ഷണം ചെറിയപ്രായത്തിൽത്തന്നെ തുടങ്ങണം. തെങ്ങിന് യാതൊരു തരത്തിലുമുള്ള മുറിവോ ക്ഷതങ്ങളോ പറ്റാതിരിക്കുകയാണ് ആദ്യ പ്രതിരോധമാർഗം. ചിലയിടങ്ങളിൽ തെങ്ങുകയറാനുള്ള എളുപ്പത്തിനായി കൊതകൾ ഉണ്ടാക്കുന്ന രീതിയുണ്ട് അത് ഒഴിവാക്കണം. തൈകൾ പറിച്ചു നടുന്നതുമുതൽ അതിന് ഏഴെട്ടുവർഷം പ്രായമെത്തുന്നതുവരെ ഓലക്കവിളുകളിൽ ജൈവകീടനാശിനികൾ തളിച്ചും വേപ്പിൻ പിണ്ണാക്കോ മരോട്ടിപ്പിണ്ണാക്കോ 300 ഗ്രാം അതേഅളവിൽ  പൂഴി(മണൽ)യുമായിചേർത്ത് വർഷത്തിൽ മൂന്നോ നാലോ തവണ ഇളം കൂമ്പിനു ചുറ്റും വിരിഞ്ഞുവരുന്ന നാല് ഓലക്കൂമ്പിൽ വരെ നിറച്ചുവെക്കാം ചെറിയതൈത്തെങ്ങുകളാണെങ്കിൽ പാറ്റഗുളിക ഇതുപോലെ വെച്ച് പൂഴികൊണ്ട്മൂടുന്നതും ഇവയെ തുരത്താൻ ഫലപ്രഥമാണ്.
തെങ്ങിലുണ്ടാകുന്ന ദ്വാരങ്ങളിൽ നിന്ന് സ്രവങ്ങൾ ഒലിച്ച് പുളിച്ചുകിടക്കുന്നത് ചെമ്പൻചെല്ലിയെ ആകർഷിച്ച് മുട്ടയിട്ട് പെരുകാനിടയാക്കും.
ഇനി ചെമ്പൻചെല്ലിയുടെആക്രമണം തുടങ്ങിക്കഴിഞ്ഞിട്ടാണ് കാണുന്നതെങ്കിൽ പ്പി ചുവട്ടിൽ വരുന്ന  ദ്വാരങ്ങൾ സിമന്റോ  മണ്ണോ, പ്ലാസ്റ്റർ ഓഫ് പാരീസോ. തേച്ച്   അടച്ചതിനുശേഷം മാങ്കോസെബ് എ കുമിൾനാശിനി ഒരുലിറ്റർവെള്ളത്തിൽ ചേർത്ത് (ഒരുതൈയ്ക്ക് 3-4 ഗ്രാം) മുകളിലെ ദ്വാരത്തിൽ ഒഴിക്കാം. കാർബറിൽ (20 ഗ്രാം ഒരുലിറ്റർവെള്ളത്തിൽ), എമിഡാക്ലോപ്രിഡ് (രണ്ടു മില്ലി ഒരുലിറ്റർവെള്ളത്തിൽ), സൈ്പനോസാഡ്( 5 മില്ലിം ഒരുലിറ്റർവെള്ളത്തിൽ) എന്നിങ്ങനെയും ദ്വാരത്തിൽ ഒഴിച്ചുകൊടുക്കാം.

വൈറസ് ഫിറമോൺ കെണികൾ

ചെമ്പൻചെല്ലിയെ കൂട്ടത്തോടെ നശിപ്പിക്കുന്ന വൈറസ് അസുഖം പരത്തിയ ചെല്ലികളെവിട്ടും ഇവയെ നശിപ്പിക്കാം. ഒറിക്ടസ് റൈനോസൈറസ്‌വൈറസ് എ ഒരിനം വൈറസാണിത്. ഇങ്ങനെ വൈറസ്ബാധയുള്ളചെല്ലികൾ ഒരു ഹെക്ടറിന് 12-15 എന്നതോതിലാണ് വേണ്ടിവരിക. അങ്ങനെ വൈറസ് ബാധയേറ്റ ചെല്ലികൾ മറ്റുള്ളവയിൽ അസുഖം പരത്തി അവയെ 15-20 ദിവസത്തിനുള്ളിൽ കൊന്നൊടുക്കും. എന്നാൽ ചിലയിടങ്ങളിൽ വൈറസിനെതിരെ ചെമ്പൻചെല്ലികൾ പ്രതിരോധശേഷിനേടിയതായും കാണപ്പെടുന്നുണ്ട്.
ചെമ്പൻചെല്ലിയെ നിയന്ത്രിക്കാൻ ഒരു പ്രദേശത്തെ കേരകർഷകരൊന്നാകെ ചെയ്തുവരുന്ന ഒരു പ്രതിരോധമാർഗമാണ് ഫിറമോൺകെണി തികച്ചും ഫലപ്രഥമായ ജൈവമിത്രകീടനിയന്ത്രണമാണിത്. ഒറിക്ടാ ലൂർ, ആർ.ബി. ലൂർ എന്നിങ്ങനെ കമ്പോളത്തിൽ കിട്ടുന്ന ഫിറമോണുകൾ കുഞ്ഞത് നാലിഞ്ച് വ്യാസമുള്ള പി.വി.സി. പൈപ്പിനകത്ത് നിക്ഷേപിച്ച് ചെല്ലികളെ കൂട്ടത്തോടെ ആകർഷിച്ച് നശിപ്പിക്കാം. അഞ്ച് ഹെക്ടർ തെങ്ങിൻതോപ്പിലേക്ക് ഇത്തരം രണ്ടു കെണികൾ ധാരാളമാണ്്. കാർബറിൽ എന്ന കീടനാശിനി ഒരുഗ്രാം അഞ്ചു ലിറ്റർവെള്ളത്തിൽ കലക്കി  തളിച്ചും രാസകൃഷിയിൽ കൊമ്പൻചെല്ലിയെ നിയന്ത്രിക്കാവുന്നതാണ്.
അരമീറ്റർ നീളമുള്ള മുറിച്ചിട്ട തെങ്ങിൻ തലപ്പുകൾ കൊണ്ടും ചെമ്പൻചെല്ലിയെ പ്രതിരോധിക്കാം. അവ നെടുകെ പിളർത്തി അതിൽ യീസ്സ്്, അസറ്റിക് ആസിഡ്, എന്നിവയും പുളിപ്പിച്ച കള്ളും തൂവി ചെമ്പൻ ചെല്ലിയെ ആകർഷിച്ച് നശിപ്പിക്കാം.

പ്രമോദ്കുമാർ വി.സി.

അവസാനം പരിഷ്കരിച്ചത് : 7/11/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate