অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജലസസ്യങ്ങള്‍

ജലസസ്യങ്ങള്‍

അസോള

കുറഞ്ഞ ചെലവില്‍ വീട്ടില്‍തന്നെ വളര്‍ത്തിയെടുക്കാവുന്ന ഒരു ജൈവവളാണ്‌ അസോള. വീട്ടുവളപ്പിലോ മട്ടുപ്പാവിലോ നെല്‍പാടത്തോ അസോളയെ വളരെ എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാം.ശുദ്ധജലത്തിൽ വളരുന്ന പന്നൽ (ഫേൺ) വിഭാഗത്തിൽപെടുന്ന ഒരു ചെറുസസ്യമാണ്‌ അസോള. കന്നുകാലികൾക്കുള്ള പോഷകാഹാരം, ജൈവവളം എന്നീനിലകളിലും ഉപയോഗിക്കാവുന്ന ഒരു സസ്യമാണ്‌.

അസോളയുടെ ഒരു ക്ലോസ് ഷോട്ട് അസോളയുടെ സഹജീവിയായി വളരുന്ന നീലഹരിതപായലിന്‌ അന്തരീക്ഷത്തിൽ നിന്നും നൈട്രജൻ ശേഖരിച്ച് മാംസ്യഘടകങ്ങളും നൈട്രജൻ സം‌യുകതങ്ങളുമാക്കി മാറ്റുന്നതിനുള്ള കഴിവുണ്ട്. ഈ കഴിവുള്ളതിനാൽ അസോളയെ കാലിത്തീറ്റയിലും മണ്ണിരകമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങളുടെ നിർമ്മിതിയിലും ഉപയോഗിക്കുന്നു. വളർത്തുമൃഗങ്ങൾക്കുള്ള തീറ്റയിൽ അസോള ഉൾപ്പെടുത്തുന്നതുവഴി 20% വരെ തീറ്റച്ചെലവു കുറയ്ക്കാം; എന്നതിലുപരി പാലുത്പാദനം 15% മുതൽ 20% വരെ കൂടുതലും ലഭിക്കുന്നു. മരത്തണലിലും വളർത്താൻ കഴിയുന്ന ഒരു സസ്യമാണിത്. കൂടാതെ കൃഷി തുടങ്ങി മൂന്ന് ദിവസത്തിനുള്ളിൽ ഭാരം മൂന്നിരട്ടിയാകുന്നു എന്ന സവിശേഷതയും ഇതിനുണ്ട്. അസോളയുടെ മൊത്തം ഖരഘടകത്തിന്റെ 25% മുതൽ 30% വരെ പ്രോട്ടീൻ അടങ്ങിരിക്കുന്നു.

അതുകൂടാതെ അധിക അളവിൽ വിറ്റാമിനുകളും ധാതുലവണങ്ങളും അസോളയിൽ അടങ്ങിയിരിക്കുന്നു. കൃഷിയിറക്കി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഒന്നാം വിളവെടുക്കാം. കൂടാതെ പറമ്പിലും പാടത്തും നടത്തുന്ന കൃഷികൾക്ക് നല്ല ജൈവവളമായി നേരിട്ടും, ബയോഗ്യാസ്, മണ്ണിരകമ്പോസ്റ്റ് എന്നിവയുടെ അസം‌സ്കൃതവസ്തുവായും അസോള ഉപയോഗിക്കാം.

ആഫ്രിക്കന്‍ ലില്ലി,നൈലിന്റെ ലില്ലി

ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ ഒരു ചെടിയാണ് ആഫ്രിക്കന്‍ ലില്ലി(African lily). (ശാസ്ത്രീയനാമം: Agapanthus africanus). നൈലിന്റെ ലില്ലി എന്ന പേരിലും ഈ ചെടി അറിയപ്പെടുന്നു. തെക്കേ ആഫ്രിക്കയാണ് ജന്മദേശം. ഇന്ത്യയില്‍ പൂന്തോട്ടച്ചെടിയായിട്ടാണ് ഇത് പക്ഷേ കൂടുതലായും അറിയപ്പെടുന്നത്. 60 സെ.മീ. വരെ ഉയരത്തില്‍ വളരുന്ന തണ്ടിലാണ് പൂക്കള്‍ ഉണ്ടാകുന്നത്. വളരെ മനോഹരമായ പൂക്കളാണ് ഈ സസ്യത്തിന്റെത്. ഇളം വയലറ്റ് നിറത്തോടുകൂടിയവയാണ് പൂക്കള്‍. രണ്ടോ മൂന്നോ സെന്റീമീറ്റര്‍ വീതിയും 10 മുതല്‍ 35 സെ.മീ. വരെ നീളവുമുണ്ടാകും ഇലകള്‍ക്ക്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് സാധാരണയായി പൂവിടുന്നത്. കാലാവസ്ഥയ്ക്കനുസരിച്ച് ഇതിന് മാറ്റങ്ങള്‍ വരാറുണ്ട്. പൂക്കള്‍ ചിത്രശലഭങ്ങളെ ആകര്‍ഷിക്കുന്നു. വെളുത്ത പൂക്കളുണ്ടാകുന്ന ഇനവും ഈ സ്പീഷീസില്‍ സാധാരണയായി കണ്ടുവരുന്നു. നെലിന്റെ വെളുത്ത ലില്ലി എന്ന പേരിലാണ് ഈയിനം അറിയപ്പെടുന്നത്.

ആമ്പല്‍

ശുദ്ധജലത്തില്‍ (പൊയ്കകളിലും മറ്റും) വളരുന്ന മനോഹരമായ പൂക്കള്‍ ഉണ്ടാവുന്ന ഒരു ചെടിയാണ്‌ ആമ്പല്‍. ഇംഗ്ലീഷ്: വാട്ടര്‍ ലില്ലി (Water lily) ശാസ്ത്രീയനാമം: നിംഫേയ ആൽബ . ആമ്പല്‍ ബംഗ്ലാദേശിന്റെ ദേശീയപുഷ്പമാണ്‌. കേരളത്തില്‍ സംഘകാലകൃതികളിലെ നെയ്തൽ തിണകളിലെ പുഷ്പം എന്ന നിലയില്‍ തന്നെ പ്രാചീനകാലം മുതല്‍ക്കേ ആമ്പല്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു.

താമരയോട് സമാനമായ സാഹചര്യങ്ങളില്‍ വളരുന്ന ആമ്പല്‍ വിവിധതരങ്ങളിലും നിറങ്ങളിലും കാണപ്പെടുന്നു. നാടന്‍  ഇനങ്ങള്‍ വെള്ളയും ചുവപ്പും നിറത്തിലാണ്‌. ഇവ രാത്രിയില്‍ പൂക്കുകയും പകല്‍ കൂമ്പുകയും ചെയ്യും. എങ്കിലും സങ്കര ഇനങ്ങള്‍ ചുവപ്പ്, മെറൂണ്‍, കടുംനീല, ഇളം നീല, മഞ്ഞ, വയലറ്റ് എന്നീനിറങ്ങളില്‍ കാണപ്പെടുന്നു. ഇവ പകലാണ്‌ വിരിയുന്നത് എന്നതിനാല്‍ കൂടുതലായും ഉദ്യാനങ്ങളില്‍ വളര്‍ത്തുന്നു. ഏകദേശം 50 ഓളം വ്യത്യസ്ത ആമ്പല്‍ ഇനങ്ങള്‍ ലഭ്യമാണ്‌....

ആമ്പലിന്റെ തണ്ടിന്‌ മൂന്നു മീറ്ററോളം നീളമുണ്ടാകും. സസ്യങ്ങളില്‍ ശ്വാസോച്ഛ്വാസത്തിനായുള്ള സ്റ്റൊമാറ്റ (stomata) എന്ന ഭാഗം കരയില്‍ വളരുന്ന സസ്യങ്ങളില്‍ ഇലകള്‍ക്കടിയിലാണ്‌ കാണപ്പെടുക. എന്നാല്‍ ആമ്പലുകളില്‍ ഇവ ഇലക്കു മുകള്‍ഭാഗത്തായാണ്‌ കാണപ്പെടുന്നത്.

ഇലയുടെ മുകള്‍ഭാഗം ചെറിയ ചെറിയ മെഴുകുപരലുകളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇത് ഇലകളെ വെള്ളം നനയുന്നതില്‍ നിന്നും പ്രതിരോധിക്കുന്നു.

ആമ്പല്‍ പോലുള്ള ജലസസ്യങ്ങള്‍ അതിന്റെ ഇലകള്‍ക്കു മുകളിലേക്ക് വരുന്ന ജലം ഇലയുടെ മദ്ധ്യഭാഗത്തേക്കെത്തിച്ച് ആവശ്യമായ ജലാംശം ആഗിരണം ചെയ്തതിനു ശേഷം ഇല ചെരിച്ച് വെള്ളത്തെ ചെറിയ തുള്ളികളായി പുറത്തേക്കൊഴുക്കുന്നു. ഈ പ്രക്രിയ താമരപ്രഭാവം (lotus effect) എന്നാണ്‌ അറിയപ്പെടുന്നത്.

പൂക്കള്‍ക്ക് മൂന്നു നിര ദളങ്ങള്‍ കാണപ്പെടുന്നു. താമരയെ അപേക്ഷിച്ച് ഇവയുടെ തണ്ടിനു ബലം കുറവാണ്. തണ്ടിനു നീല കലര്‍ന്ന പച്ച നിറമാണ്. പൂക്കള്‍ ജലോപരിതലത്തില്‍ നിന്ന് ഒരടിയോളം ഉയരത്തില്‍ കാണപ്പെടുന്നു. ഇവ 4-5 ദിവസം വിരിഞ്ഞു നില്ക്കുകയും പൂവ് പൂര്‍ണ്ണവളര്‍ച്ചയെത്തിയശേഷം കൊഴിയാതെ വളഞ്ഞ് നുറുങ്ങി വെള്ളത്തിനടിയില്‍ കായ നിക്ഷേപിക്കുകയും ചെയ്യുന്നു. ഈ വിത്തുകള്‍ മൂപ്പെത്തുവാന്‍  1-2 മാസം വേണ്ടിവരും. വിളഞ്ഞ വിത്തിന്റെ പുറംഭാഗത്തിന്‌ കറുപ്പുനിറമാണ്‌. അവ കായില്‍ നിന്ന് വേര്‍പെട്ട് ചെളിയില്‍ മുളച്ചുവരും.

കബൊംബ കരൊലിനിയാന - Cabomba caroliniana

ഒരിനം ജലസസ്യമാണ് കബൊംബ കരൊലിനിയാന - Cabomba caroliniana. അക്വേറിയങ്ങളിൽ ഇവ സാധാരണയായി ഉപയോഗിക്കപ്പെടുന്നു. വടക്കേ അമേരിക്കയാണ് ഈ സസ്യത്തിന്റെ ജന്മദേശം. സ്വാഭാവിക ജലാവസ്ഥയെ ശിഥിലമാക്കുന്നതിനാൽ വടക്കേ അമേരിക്കയിലും ഓസ്ട്രേലിയയിലും ഇതിന്റെ അക്വേറിയ ഉപയോഗം വിലക്കിയിരിക്കുന്നു.

ചെടിയുടെ തണ്ടുകൾ ശാഖോപശാഖകളായാണ് വളരുന്നത്. പച്ചകബൊംബയുടെ തണ്ടിൽ നിന്നും വിപരീത ദിശകളിലായി വിശറിപോലെ ഇലകൾ വളരുന്നു. ഈ ഇലകൾക്ക് രണ്ടിഞ്ച് വരെ വ്യാസം ഉണ്ടാകുന്നു. മുങ്ങിക്കിടക്കുന്ന ഇലകൾ ഒരു തരം പശയാൽ ആവരണ ചെയ്യപ്പെട്ടിരിക്കുന്നു. സസ്യം പുഷ്പിക്കുന്നതിനു തൊട്ടുമുൻപായാണ് ഇലകൾ ജലോപരിതലത്തിൽ കാണപ്പെടുന്നത്. എന്നാൽ ഈ ഇലകൾ ചെറുതും ത്രികോണാകൃതിയിലുള്ളവയുമാണ്. ഉഷ്ണമേഖലാപ്രദേശങ്ങളിൽ മിക്കപ്പോഴും സസ്യം പുഷ്പിക്കുന്നു. ഇതിലെ പൂക്കൾ വെള്ളയോ വിളറിയ മഞ്ഞയോ നിറത്തിൽ കാണുന്നു.

കബൊംബയിൽ നേർത്ത നാരുകൾ പോലുള്ള വേരുകൾ ഉണ്ട്. നേർത്ത വെളുത്ത നിറത്തിലാണ് നാരുകൾ കാണപ്പെടുന്നത്. ഒഅടിഞ്ഞു കിടക്കുന്ന തണ്ടുകളിൽ നിന്നും പ്രത്യേകമായി വളരെയധികം വേരുകൾ മുളപൊട്ടുന്നു. സസ്യങ്ങൾ ആവശ്യമായ പോഷണങ്ങൾ ഇലകളിലൂടെയും തണ്ടിലൂടെയും സ്വീകരിക്കുന്നത്. വേരുകൾ സസ്യത്തെ ജലാശയങ്ങളുടെ അടിത്തട്ടിൽ ഉറപ്പിച്ചു നിർത്തുന്നു. വളരെ പെട്ടെന്ന് സമൃദ്ധമായി വളരുന്ന കബൊംബകൾ ജലത്തിലെ മറ്റു സസ്യങ്ങളേയും അകശേരുകികളേയും സൂഷ്മജീവികളേയും പ്രതികൂലമായി ബാധിക്കുന്നു.

കരിംപായൽ (ശാസ്ത്രീയനാമം: Ceratophyllum demersum)

വെള്ളത്തിൽ പൊങ്ങിക്കിടന്ന് പടർന്നു വളരുന്ന ഒരു ജലസസ്യം ആണ് കരിംപായൽ. (ശാസ്ത്രീയനാമം: Ceratophyllum demersum). മൃദുവായ ഈ സസ്യത്തിന്റെ ഇലകൾ ചെറുതാണ്. ധാരാളം മാംസ്യം, കാൽസ്യം, മഗ്‌നീഷ്യം എന്നിവ ഈ ചെടിയിൽ അടങ്ങിയിരിക്കുന്നു. പലവിധ ഔഷധഗുണമുള്ള ഒരു ചെടിയാണിത്.അക്വേറിയങ്ങളിൽ വളർത്താൻ പറ്റിയ ഈ ചെടിയെ പലനാട്ടിലും ഒരു അധിനിവേശസസ്യമായാണ് കരുതുന്നത്.

കുളവാഴ

ജലപ്പരപ്പിൽ വളരുന്ന പുഷ്പിക്കുന്ന സസ്യമാണ്‌ കുളവാഴ. ഇംഗ്ലീഷ്: Water Hyacinth. ശാസ്ത്രീയനാമം:എയ്ക്കോർണിയ ക്രാസ്സിപെസ് (Eichhornia crassipes). കാക്കപ്പോള, കരിംകൂള, പായൽ‌പ്പൂ എന്നിങ്ങനേയും പേരുകളുണ്ട്. എയ്ക്കോർണിയ എന്ന ജനുസ്സിൽ പെട്ട സസ്യങ്ങളിൽ പെടുന്നു. തെക്കേ അമേരിക്കയിലെ ഭൂമദ്ധ്യരേഖക്കടുത്ത് ആമസോൺ പ്രദേശമാണ് കുളവാഴയുടെ സ്വദേശം. കേരളത്തിലെ അധിനിവേശസസ്യ ഇനങ്ങളിൽ ഒന്നായി കുളവാഴയെ പരിഗണിക്കുന്നു

തകരം (ശാസ്ത്രീയനാമം: Cryptocoryne spiralis)

ഇന്ത്യൻ തദ്ദേശവാസിയായ ഒരു സസ്യമാണ് തകരം. (ശാസ്ത്രീയനാമം: Cryptocoryne spiralis). കെട്ടികിടക്കുന്ന വെള്ളമുള്ള ചതുപ്പുപ്രദേശങ്ങളിലാണ് കണ്ടുവരുന്നത്. അക്വേറിയത്തിൽ വളർത്താൻ മികച്ച ഒരു സസ്യമാണിത്.

നാജാസ് (Najas)

ഒരു സസ്യകുടുംബമാണ് നാജാഡേസീ. ജലനിമഗ്ന സസ്യമായ നാജാസ് (Najas) ജീനസ് മാത്രമേ ഈ കുടുംബത്തിൽ ഉൾപ്പെടുന്നുള്ളു. നാജാസിന് 40 സ്പീഷീസുണ്ട്. ശുദ്ധജലത്തിലും ലവണജലത്തിലും വളരുന്ന ഏകവർഷി സസ്യങ്ങളാണ് ഇവ. നാജാസിന്റെ ശാഖോപശാഖകളോടുകൂടിയ കനംകുറഞ്ഞ കാണ്ഡത്തിന് പർവങ്ങളും പർവസന്ധികളുമുണ്ട്. ചുവടുഭാഗത്തുള്ള പർവസന്ധികളിൽനിന്ന് ഉദ്ഭവിക്കുന്ന വേരുകൾ ജലത്തിനടിത്തട്ടിലേക്കു വളരുന്നു.
നാജാസിന്റെ ഇലകൾ ജോഡികളായാണ് ഉണ്ടാകുന്നത്. ഇവ രേഖീയമോ (linear) കുന്താകാരത്തിലുള്ളതോ ആയിരിക്കും. അനുപർണങ്ങളുള്ള സ്പീഷീസും ഇല്ലാത്തവയുമുണ്ട്. നാജാസിന്റെ ഓരോ ജോടി ഇലകളും ഓരോ തലത്തിലായിരിക്കും. ഇലകൾക്ക് ഉറയും (sheath) ഫലക(blade)വും ഉണ്ട്. ഓരോ ജോടി ഇലകളുടെയും ഷീത്ത്, തൊട്ടുമുകളിലുള്ള ഒരു ജോടി ഇലകളെയും കാണ്ഡത്തെയും പൊതിഞ്ഞിരിക്കും. ഇലയുടെ ഉറയ്ക്കുള്ളിലായി പല്ലുപോലെയുള്ള ഒരു ജോടി ശല്ക്കങ്ങൾ (Scales) കാണുന്നു. ചില സ്പീഷീസിൽ ഇലയുടെ ഉപരിവൃതികോശം മുള്ളു പോലെയായി രൂപാന്തരപ്പെടാറുണ്ട്.
കാണ്ഡത്തിനു ചുവടുഭാഗത്തുള്ള ദൃഢമായ ഇലകളോടനുബന്ധിച്ച് വളർച്ചാമുകുളങ്ങളും (Vegetative buds) പുഷ്പമുകുളങ്ങളുമുണ്ടാകുന്നു. ആൺപെൺ പുഷ്പങ്ങൾ ഒരേ സസ്യത്തിലോ വെവ്വേറെ സസ്യങ്ങളിലോ ഉണ്ടാകുന്നു. ചെറുതും, ഏകലിംഗികളുമായ പുഷ്പങ്ങൾ ഒറ്റയായോ, കൂട്ടമായോ ശാഖാകക്ഷ്യങ്ങളിൽനിന്നാണ് ഉണ്ടാകുന്നത്. ഒരു കേസരം മാത്രമുള്ള ആൺപുഷ്പങ്ങൾ, ഫ്ലാസ്കിന്റെ ആകൃതിയിലുള്ള ഒരു സ്തരജന്യ പർണത്താൽ (Membraneous bract) ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാൽ പെൺപുഷ്പങ്ങളിൽ സാധാരണയായി ഇത്തരം ആവരണം കാണപ്പെടുന്നില്ല. ജലമാർഗമാണ് പരാഗണം നടക്കുന്നത്. അക്കീൻ ആണ് ഫലം. വിത്തിൽ ബീജാന്നം കാണപ്പെടുന്നില്ല.

പിസ്ടിയ (ശാസ്ത്ര നാമം: പിസ്ടിയ സ്ട്രാടിഓട്സ്

ശുദ്ധജലത്തിൽ വളരുന്ന ഒരു ജല സസ്യമാണ് പിസ്ടിയ. ശാസ്ത്ര നാമം: പിസ്ടിയ സ്ട്രാടിഓട്സ് (Pistia stratiotes). ആഫ്രിക്കയിലെ നൈൽ നദിയിലും വിക്ടോറിയ തടകത്തിലുമാണ് ഇവയുടെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത് . ഉഷ്ണ, സമശീതോഷ്ണ മേഖലകളിലെ ജലാശയങ്ങളിൽ ഇന്ന് ഇവ പരക്കെ കാണപ്പെടുന്നു.

ഘനമുള്ള മൃദുവായ ഇളംപച്ച ഇലകൾ, റോസപ്പൂവ് പോലെ അടുക്കി (rosette appearance) ഇവ വെള്ളത്തിൽ പൊങ്ങിക്കിടക്കും. ഇലകളിലും വേരിലും ഉള്ള വായു അറകളുടെ സഹായത്താലാണ് ഇവ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത്. ഈ ചെടിയുടെ ഇലകൾക്ക് 14 സെ.മീ. വരെ വലിപ്പമുണ്ടാവും. അമ്മ ചെടിയിൽനിന്നും തണ്ടുകൾ ഉണ്ടായി അതിലാണ് അടുത്ത തലമുറ ഉണ്ടാകുന്നത്. ഇലകളുടെ ഇടയിൽ ചെറിയ പൂക്കൾ ഉണ്ടെങ്കിലും വിത്തുകൾ കാണാറില്ല.
പെട്ടന്ന് വളർന്നു കള പോലെ വ്യാപിക്കുന്ന ഇവ ജല ഗതാഗതത്തിന് തടസമാകാറുണ്ട്. പടർന്നു വ്യാപിച്ച് സൂര്യ പ്രകാശത്തിനെ തടയുകയും, വായുവും ജലവുമായുള്ള സമ്പർക്കത്തിന് തടസ്സമുണ്ടാക്കി മത്സ്യമുൾപ്പെടെയുള്ള മറ്റു ജീവജാലങ്ങളെ നശിപ്പിക്കാറുണ്ട്.ബ്രൂഗിയ മലയി (Brugiya malayi) ഇനം മന്ത് (Lymphatic Filariasis) പരത്തുന്ന മാൻസോണിയ (Mansonia) ജനുസിൽപ്പെട്ട കൊതുകുകളുടെ ജീവചക്രം സാധ്യമാകണമെങ്കിൽ പിസ്ടിയ, കുളവാഴ (Eichornia), ആഫ്രിക്കൻ പായൽ (Salvinia) എന്നീ ജല സസ്യങ്ങൾ എതിന്റെയെങ്കിലും സാന്നിധ്യമില്ലാതെ പറ്റില്ല. പിസ്ടിയ ജല സസ്യത്തിന്റെ ഇലയുടെ അടിയിൽ ആണ് മാൻസോണിയ കൊതുകുകൾ മുട്ടയിടുന്നത് 24 മണിക്കൂറിനുള്ളിൽ മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന ലാർവകൾ വെള്ളത്തിൽ പതിക്കുന്നു. ഈ ലാർവയുടെ ശ്വസന നാളത്തിന്റെ മൂർച്ചയുള്ള പല്ല് പോലെയുള്ള (serrated ) അഗ്രം വേരിൽ കുത്തിക്കയറ്റി ഇവ ശ്വസനം സാധ്യമാക്കുന്നു. പ്യുപ്പയും സമാധി ദശ) ഇതേപോലെ ശ്വസിക്കുന്നു.മുട്ടയിൽ നിന്നും കൊതുകുണ്ടാകാൻ കുറഞ്ഞത്‌ 7 ദിവസമെങ്കിലും വേണം.

ഇവയെ വാരി മാറ്റുകയാണ് ഏറ്റവും നല്ല മാർഗം. കള നാശിനികൾ ലഭ്യമാണ്. പിസ്ടിയ ഇലകൾ ഭക്ഷിക്കുന്ന വീവിൽ (Weevil ), നിയോഹൈഡ്രോമസ് (neohydromus) എന്നീ കീടങ്ങളെയും, സ്പോടോപ്ടെര (Spodoptera ) എന്നാ നിശാശലഭത്തെയും ഉപയിഗിച്ചുള്ള ജീവനിയന്ത്രണം (Biological control ) സാധ്യമാണ്.

മലബാർ റൊട്ടാല

കണ്ണൂരിലെ കാനായി കാനം/നാടുകാണി എന്നിവിടങ്ങളിലെ ചെങ്കല്‍ കുന്നുകളില്‍ നിന്ന് സസ്യശാസ്ത്രലോകത്തേക്ക് പുതിയ അതിഥി. ലൈത്രേസിയ സസ്യകുടുംബത്തിലെ റൊട്ടാല ജനുസില്‍പ്പെട്ട പുഷ്പിത സസ്യത്തിന് 'റൊട്ടാല ഖലീലിയാന' എന്നാണ് പേരിട്ടിരിക്കുന്നത്. 
മലബാറിലെ ചതുപ്പു നിലങ്ങളുടെയും കണ്ടല്‍ക്കാടുകളുടെയും സംരക്ഷണം ഏറ്റെടുത്ത ഡോ. കെ.എം. ഖലീലിനോടുള്ള ആദരസൂചകമായാണ് ഈപേര്‍ നല്‍കിയത്. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് പ്രിന്‍സിപ്പലാണ് ഡോ. ഖലീല്‍.

സുന്ദരി ആമ്പൽ (Red water lily) ,ചുവന്ന ആമ്പൽ, ചുവന്ന പൂത്താലി

ആമ്പലുകളിലെ ഒരു വിഭാഗമാണ്‌ സുന്ദരി ആമ്പൽ (Red water lily). ചുവന്ന ആമ്പൽ, ചുവന്ന പൂത്താലി എന്നീ പേരുകളിലും അറിയപ്പെടുന്നു. വെള്ള ആമ്പലിനെ (Nymphaea pubescens) അപേക്ഷിച്ച് എണ്ണത്തിൽ കുറവാണ്. മനോഹരമായ ചുവന്ന പൂക്കൾ വെയിലുറക്കുന്നതോടുകൂടി വാടിത്തുടങ്ങുന്നു.പൂക്കൾക്ക് എട്ടു മുതൽ ഇരുപത്തിമൂന്നു സെൻറീ മീറ്റർ വരെ വ്യാസമുണ്ടാകും. ഉദ്യാനസസ്യമായി നട്ടുവളർത്തുവാൻ പ്രിയമുള്ള ചെടിയാണിത്. ഒരുപരിധിവരെ ഉപ്പിന്റെ അംശമുള്ള കായലുകളിലും തടാകങ്ങളിലും വളരും. തണ്ണീർത്തടങ്ങൾ മലിനമാകുന്നതും മണ്ണിട്ടു നികത്തുന്നതുമാണ് പ്രധാന ഭീഷണി.

താമര (നെലുമ്പോ നൂസിഫെറാ Nelumbo nucifera)

ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജല നിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ സസ്യം ആണ് താമര. താമരയാണ് ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ദേശീയ പുഷ്പം. നെലുമ്പോ നൂസിഫെറാ (Nelumbo nucifera) എന്നാണ് ശാസ്ത്രീയ നാമം.

വെണ്‍താമര, ചെന്താമര എന്നീ രണ്ടുതരം താമരകളാണ് പൊതുവേ കാണപ്പെടുന്നത്. ദക്ഷിണേന്ത്യയില്‍ 1800 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലെ അധികം ഒഴുക്കില്ലാത്ത കുളങ്ങളിലും തടാകങ്ങളിലും ചതുപ്പുകളിലും ആണ് ഈ ജലസസ്യം വളരുന്നത്. ചിരസ്ഥായിയായ താമരയുടെ പ്രകന്ദം (താമരക്കിഴങ്ങ്) ചെളി യില്‍ നിമഗ്നമായിരിക്കും. പ്രകന്ദം ശാഖിതവും കനം കുറഞ്ഞ് നീളം കൂടിയതുമാണ്. ഇതിന്റെ പര്‍വസന്ധികളില്‍ നിന്നാണ് വേരുകള്‍ പുറപ്പെടുന്നത്.

പ്രകന്ദത്തില്‍ നിന്ന് ജലോപരിതലം വരെ ഉയര്‍ന്നു നില്‍ക്കുന്ന തണ്ടിന്റെ അഗ്രത്തിലാണ് ഇലകള്‍ വിന്യസിച്ചിരിക്കുന്നത്. ഇലയ്ക്ക് 60-90 സെ.മീ. വ്യാസമുണ്ടായിരിക്കും. ഇലത്തണ്ടിലും ഇലകളിലുമുള്ള വായു അറകളാണ് ഇലകളെ ജലോപരിതലത്തില്‍ പൊന്തിക്കിടക്കാന്‍ സഹായിക്കുന്നത്. ഇലയുടെ ഉപരിതലത്തിലെ മെഴുകുപോലുള്ള ആവരണം ഇതില്‍ വീഴുന്ന ജലകണങ്ങളെ വേഗത്തില്‍ വാര്‍ന്നു പോകാന്‍ സഹായിക്കുന്നു. ഇലത്തണ്ടില്‍ അവിടവിടെ വളരെ ചെറിയ മുള്ളുകളുണ്ടായിരിക്കും. ഇലകളില്‍ ടാനിനും മ്യൂസിലേജും അടങ്ങിയിരിക്കുന്നു.

പ്രകന്ദത്തില്‍ നിന്നുണ്ടാകുന്ന നീളം കൂടിയ പുഷ്പത്തണ്ടിലാണ് പുഷ്പം ഉണ്ടാകുന്നത്. പുഷ്പത്തണ്ട് ജലോപരിതലത്തിലെത്തിയ ശേഷമാണ് പുഷ്പം വികസിക്കുന്നത്. പുഷ്പങ്ങള്‍ക്ക് വെളുപ്പോ ഇളം ചുവപ്പോ നീലയോ നിറമായിരിക്കും; വെളുത്ത പുഷ്പങ്ങളുള്ള താമര പദ്മം എന്നും അല്പം ചുവന്ന പുഷ്പങ്ങളുള്ളത് നളിനമെന്നും അല്പം നീല നിറമുള്ളത് ഉല്പലം എന്നും അറിയപ്പെടുന്നു. പുഷ്പങ്ങള്‍ക്ക് 10-25 സെ.മീ. വ്യാസം കാണും; സുഗന്ധവുമുണ്ടാകും; പുഷ്പത്തിന്റെ മധ്യഭാഗത്തായി മഞ്ഞ നിറത്തില്‍ ത്രികോണാകൃതിയില്‍ കാണപ്പെടുന്ന പുഷ്പാസന(thalamus)ത്തിലാണ് ബീജാണ്ഡപര്‍ണങ്ങള്‍ നിമഗ്നമായിട്ടുള്ളത്. പച്ചനിറത്തില്‍ നാലോ അഞ്ചോ ബാഹ്യദളങ്ങളുള്ള താമര പുഷ്പത്തിന് അനേകം ദളങ്ങളും കേസരങ്ങളും ഉണ്ടായിരിക്കും. 5-12.5 സെ.മീ. വരെ നീളമുള്ള ദളങ്ങള്‍ എളുപ്പത്തില്‍ കൊഴിഞ്ഞു പോകുന്നവയാണ്. ദളങ്ങള്‍ ക്രമാനുഗതമായി പരിവര്‍ത്തനം ചെയ്ത് കേസരങ്ങളായി രൂപാന്തരപ്പെടുന്ന പ്രതീതി ജനിപ്പിക്കുന്നു.

സര്‍പ്പിളമായി ക്രമീകരിച്ചിരിക്കുന്ന കേസരങ്ങള്‍ക്ക് ദ്വികോഷ്ഠക പരാഗകോശമാണുള്ളത്. സംയോജകം പരാഗകോശത്തിനു മുകളില്‍ ഒരു ഫണം പോലെ നീണ്ടുനില്ക്കുന്നു. പുഷ്പാസനത്തിലാണ്ടു കിടക്കുന്ന അസംഖ്യം ബീജാണ്ഡപര്‍ണങ്ങളുള്‍പ്പെട്ടതാണ് ജനി. വര്‍ത്തികാഗ്രങ്ങള്‍ മാത്രമേ തലാമസിനു മുകളില്‍ കാണപ്പെടുന്നുള്ളൂ. തലാമസ് അഴുകുന്നതനുസരിച്ച് വിത്ത് അതില്‍ നിന്നു വേര്‍പെട്ടു വീഴുന്നു. വിത്തിന് അണ്ഡാകൃതിയാണ്. ഇതില്‍ ബീജാന്നവും പരിഭ്രൂണപോഷ(perisperm)വുമുണ്ട്. താമരക്കിഴങ്ങും വിത്തും ഭക്ഷ്യയോഗ്യമാണ്. വിത്ത് പാകം ചെയ്യാതെയും ഭക്ഷിക്കാം. കിഴങ്ങില്‍ 2% പ്രോട്ടീന്‍, 0.1% കൊഴുപ്പ്, 6% സ്റ്റാര്‍ച്ച് എന്നിവ കൂടാതെ സോഡിയം, ജീവകം ബി,സി,ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. വിത്തില്‍ 17% പ്രോട്ടീന്‍, 2.5% കൊഴുപ്പ്, 60% സ്റ്റാര്‍ച്ച്, കൂടിയ അളവില്‍ ജീവകം സി എന്നിവ അടങ്ങിയിരിക്കുന്നു. താമരക്കിഴങ്ങും തണ്ടും പൂവും ഔഷധയോഗ്യമാണ്. പ്രകന്ദത്തിലും വിത്തിലും നിലംബൈന്‍ എന്ന ആല്‍ക്കലോയിഡും റെസിന്‍, ഗ്ളൂക്കോസ്, ടാനിന്‍, കൊഴുപ്പ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. പ്രകന്ദം നെഞ്ചെരിച്ചില്‍, വയറിളക്കരോഗങ്ങള്‍, ത്വക്രോഗങ്ങള്‍ എന്നിവയ്ക്ക് ഔഷധമായുപയോഗിക്കുന്നു.

പിത്തം, ചുമ, കുഷ്ഠം തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധങ്ങളുണ്ടാക്കാന്‍ വേര് ഉപയോഗിക്കുന്നു. ഇല പനിക്കും നെഞ്ചെരിച്ചിലിനും ഔഷധമാണ്. പുഷ്പം ശീതളമാണ്. കോളറ, പനി, ഹൃദ്രോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍ എന്നിവയ്ക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്.

കേസരങ്ങള്‍ ഉദരരോഗങ്ങള്‍ക്കും, ഫലവും വിത്തും കഫം, പിത്തം, വാതം, ഛര്‍ദി, നെഞ്ചെരിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ക്കും ഉത്തമ ഔഷധമാണ്. താമരയുടെ തേന്‍ മകരന്ദം എന്നാണ് അറിയപ്പെടുന്നത്. ഇത് ത്രിദോഷങ്ങള്‍ അകറ്റുന്നു. നേത്രരോഗങ്ങള്‍ക്ക് മകരന്ദം നല്ലൊരൌഷധമാണ്. താമരപ്പൂവ് അരച്ചുപൂശിയാല്‍ ശരീരത്തിലെ ചുട്ടുനീറ്റല്‍ അകലും. രക്താര്‍ശ്ശസ്സിന് താമരക്കിഴങ്ങും പുഷ്പ വൃന്തവും ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് കഴിക്കാറുണ്ട്. താമരപ്പൂവ് അരച്ച് വെള്ളത്തില്‍ കലക്കി പാമ്പുകടിയേറ്റവര്‍ക്ക് കൊടുത്താല്‍ വിഷം ശമിക്കാന്‍ സഹായിക്കും.

സംസ്കൃതത്തിൽ സരസീരുഹം, രാജീവം, പുഷ്കരശിഖാ, അംബുജം, കമലം, ശതപത്രം, പദ്മം, നളിനം, അരവിന്ദം, സഹസപത്രം, പങ്കേരുഹം, കുശേശയം, പങ്കജം, പുണ്ഡരീകം, ഉത്പലം എന്ന് പേരുകൾ ഉണ്ട്. ഹിന്ദിയിൽ കൻവൽ എന്നും ബംഗാളിയിൽ പത്മ എന്നുമാണ്‌. തമിഴിലും തെലുങ്കിലും താമര എന്നു തന്നെയാണ്‌.

താമരവേര്, ഉപ്പില്ലാതെ വേവിച്ചത്
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 70 kcal   280 kJ
അന്നജം 16.02 g
- പഞ്ചസാരകൾ  0.5.2 g
- ഭക്ഷ്യനാരുകൾ 3.1 g
Fat 0.07 g
പ്രോട്ടീൻ 1.58 g
ജലം 81.42 g
തയാമിൻ (ജീവകം B1) 0.127 mg 10%
റൈബോഫ്ലാവിൻ (ജീവകം B2) 0.01 mg 1%
നയാസിൻ (ജീവകം B3) 0.3 mg 2%
പാന്റോത്തെനിക്ക് അമ്ലം (B5)  0.302 mg 6%
ജീവകം B6 0.218 mg 17%
Folate (ജീവകം B9)  8 μg 2%
ജീവകം സി 27.4 mg 46%
കാൽസ്യം 26 mg 3%
ഇരുമ്പ് 0.9 mg 7%
മഗ്നീഷ്യം 22 mg 6%
ഫോസ്ഫറസ് 78 mg 11%
പൊട്ടാസിയം 363 mg 8%
സോഡിയം 45 mg 3%
സിങ്ക് 0.33 mg 3%


© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate