Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഗോതമ്പ് വിളയുന്ന മലനിരകള്‍

കൂടുതല്‍ വിവരങ്ങള്‍

ഗോതമ്പ് വിളയുന്ന മലനിരകള്‍

ശീതകാല പഴം പച്ചക്കറിവിളകൾക്ക് പ്രശസ്തി നേടിയ വട്ടവടയിലെ ഒരു വസന്തകാല വിളയാണ് ഗോതമ്പ്. പ്രധാന കൃഷിക്കാലമായ മെയ് - സെപ്തംബർ കഴിഞ്ഞാൽ പിന്നെ ജലദൗർലഭ്യം കാരണം വിപുലമായ പച്ചക്കറി കൃഷി ഈ മലഞ്ചെരുവിൽ കാണാറില്ല. പക്ഷേ ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലത്ത് വട്ടവടയിലെ താഴ്വരയിൽ അങ്ങിങ്ങായി ഗോതമ്പ് കൃഷി കാണാം. വിളഞ്ഞുനിൽക്കുന്ന ഗോതമ്പുപാടങ്ങൾ ഫെബ്രുവരി - മാർച്ച് മാസങ്ങളിലെ മനം കവരുന്ന കാഴ്ച്ചയാണ്. ഗോതമ്പിനു കായിക വളർച്ചാകാലത്ത് തണുപ്പും പിന്നീട് കതിരു വരുമ്പോഴും പാലുറയ്ക്കുമ്പോഴും ചെറുചൂടും ലഭിക്കേണ്ടതുണ്ട്. 25 ഡിഗ്രി സെന്റിഗ്രേഡിൽ കുറയാത്ത വേനൽ ചൂട് വിളവിനെ ബാധിക്കാറില്ല. മാത്രമല്ല കഠിനമായ മഞ്ഞും ആലിപ്പഴവുമൊക്കെ ചെറുക്കാൻ പ്രാപ്തിയുള്ള ഗോതമ്പ് സമുദ്രനിരപ്പിൽ നിന്നും 3300 മീറ്റർ ഉയരത്തിൽ വരെ കൃഷി ചെയ്യും. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ മഴനിഴൽ പ്രദേശമായ വട്ടവടയിലും കാന്തല്ലൂരും ഗോതമ്പ് കൃഷി പ്രചരിച്ചത്.

നെല്ല്, ഗോതമ്പ്, ചെറുധാന്യങ്ങൾ എന്നിവയാണ് ഈ മലമ്പ്രദേശത്തെ പ്രധാന ഭക്ഷ്യവിളകൾ. ചെറുധാന്യങ്ങൾ എക്കാലത്തും കൃഷി ചെയ്യാമെങ്കിലും ഏപ്രിൽ തുടങ്ങുന്ന ഒന്നാം വിളകാലത്തു മാത്രമേ നെൽകൃഷിയിറക്കാൻ സാധിക്കു. ഏപ്രിൽ - മെയിൽ മഴ ലഭിക്കുന്നതോടെ വിതയ്ക്കുന്ന നെല്ല് ഒക്ടോബർ - നവംബർ മാസത്തോടെ വിളവെടുക്കാറാകും. എട്ടുമാസത്തോളം വിളദൈർഘ്യമുള്ള ഈ മലനെല്ലിന്റെ കൃഷിക്കാലത്ത് ഉണ്ടായേക്കാവുന്ന മഞ്ഞും വരൾച്ചയും വിളവിനെ കാര്യമായി  ബാധിക്കാറുണ്ട്. വൈകി വരുന്ന മഴയും അതിശൈത്യവും കുറഞ്ഞ മഴയും വരൾച്ചയും വിളനാശ സാധ്യത കൂട്ടുന്നു. ഇന്ന് ഈ പ്രദേശത്ത് നെൽകൃഷി വിരളം. മലനെല്ലിന്റെ വിത്തുപോലും അന്യംനിന്നുപോയി എന്നു വേണം കണക്കാക്കാൻ.

എന്നാൽ ഇന്നു വസന്തകാലങ്ങളിൽ ഗോതമ്പുകൃഷി ചെയ്യുന്ന ഒരു കൂട്ടം കർഷകർ ഇവിടെയുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ മറ്റു കൃഷിയ്ക്ക് സാധ്യത കുറവുള്ള ഇടങ്ങളിൽ വലിയ പരിചരണം കൂടാതെ കൃഷി ചെയ്യാവുന്ന ഹ്രസ്വകാല വിളയാണ് ഗോതമ്പ്. ഇവിടെ വിളയുന്ന ഒരു മണിഗോതമ്പുപോലും ഈ മലകടന്നു പുറത്തുപോകാറില്ല. ഏറിയ പങ്കും വീട്ടാവശ്യത്തിനു തന്നെ ഉപയോഗിക്കുന്നു. ചെറിയ ഒരളവ് പ്രാദേശികമായി സമീപവാസികൾക്ക് വിൽക്കുന്നുമുണ്ട്.

വട്ടവടയിൽ കോവിലൂർ, പള്ളവയൽ പ്രദേശങ്ങളിൽ വർഷങ്ങളായി കൃഷിയിറക്കുന്ന പെരുമാളിന് ഗോതമ്പ് കൃഷി വർഷം മുഴുവൻ വരുമാനം തരുന്ന ഒന്നാണ്. മുപ്പതുസെന്റോളമുള്ള കൃഷിയിടം കാളയെ വെച്ച് പൂട്ടി കാർത്തികമാസത്തിൽ മഴ ലഭിക്കുന്നതോടു കൂടി വിത്ത് വിതയ്ക്കും . കാലാകാലങ്ങളായി കൈമാറിക്കിട്ടിയ അരിഗോതമ്പിന്റെയും സൂചിഗോതമ്പിന്റെയും വിത്തു തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഏതാണ്ട് 8-10 കിലോ വിത്ത് അരി  ഗോതമ്പിനു വേണ്ടി വരുന്നുണ്ടെങ്കിൽ സൂചിഗോതമ്പിന് അത് 10-12 കിലോ വരും.

പെരുമാളിനോടൊപ്പം ഇവിടെ ഗോതമ്പു കൃഷി ചെയ്യുന്ന ഒട്ടേറെ കർഷകരുണ്ട്. ഗോതമ്പുകൃഷിക്ക് പ്രത്യേക നനയോ വളപ്രയോഗമോ ഇവിടങ്ങളിലില്ല. മുൻവിളയുടെ ശേഷിപ്പുവളത്തിലും പരിമിതമായ ഈർപ്പത്തിലും കൃഷിചെയ്യാൻ ഗോതമ്പിനോളം യോജിച്ച വേറൊരു വിള ഈ പ്രദേശത്തില്ല. കൂടാതെ അതിശൈത്യം താങ്ങുന്ന ഉത്തമ വിളയും ഗോതമ്പു തന്നെ. ഏതാണ്ട് 125 - 150 കി.ഗ്രാം 30 സെന്റിൽ നിന്നും വർഷം തോറും ലഭിക്കാറുമുണ്ട്.

മാത്രമല്ല സൂചിഗോതമ്പ് പോഷകസമ്പന്നവുമാണ്. ഉപ്പുമാവും കഞ്ഞിവയ്ക്കാതെ പായസത്തിനും കുറുക്കി കഴിക്കാനും സൂചിഗോതമ്പാണ് ഏറ്റവും നല്ലത്. അരിഗോതമ്പാണെങ്കിൽ പൊടിച്ച് വേണം ഉപയോഗിക്കാൻ. അധികനാൾ സൂക്ഷിച്ചുവയ്ക്കാനും ബുദ്ധിമുട്ടാണ്. ഇവിടുത്തെ ഭൂപ്രകൃതിയിൽ മാനവ ഇടപെടലുകൾ വരുത്തിയ മാറ്റങ്ങളും നൂതന ജീവിതശൈലിയും ഈ പ്രദേശത്തിലെ വിളവിന്യാസത്തിലും ചലനങ്ങൾ സൃഷ്ടിക്കുകയുണ്ടായി. അതിജീവനത്തിനു മലമക്കൾ കണ്ടെത്തിയ ഉപാധിയാണ് ഗോതമ്പുകൃഷി, വരുമാനം എന്നതിലുപരി കരുതൽ എന്ന രീതിയിൽ പരിപാലിക്കുന്ന ഭക്ഷ്യവിള. ഇത് പ്രോത്സാഹിപ്പിക്കാൻ നാം കടപ്പെട്ടിരിക്കുന്നു.

കടപ്പാട്: കേരളകര്‍ഷകന്‍

3.17647058824
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top