Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കുരുമുളക് കൃഷിയുടെ വിയറ്റ്നാം പാഠങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

കുരുമുളക് കൃഷിയുടെ വിയറ്റ്നാം പാഠങ്ങള്‍

ലോക കുരുമുളക് ഭൂപടത്തിൽ വിയറ്റ്നാം താരതമ്യേന നവാഗതരാണ്. എന്നാൽ ഇന്ന് ലോകത്ത് കുരുമുളക് ഉത്പാദനത്തിലും കയറ്റുമതിയിലും ആ രാജ്യം ഒന്നാമതാണ്. ആഗോള കുരുമുളക് ഉത്പാദനത്തിന്റെ 40 ശതമാനവും കയറ്റുമതിയുടെ 60 ശതമാനവും വിയറ്റ്നാമിന്റെ സംഭാവനയാണ്.

മൊത്തം ഒരു ലക്ഷത്തോളം ഹെക്ടറിൽ നിന്നായി, 1,85,000 ടൺ കുരുമുളകാണ് വിയറ്റ്നാമിൽ ഉത്പാദിപ്പിക്കുന്നത്. 2016 ൽ 1,79,233 ടൺ കുരുമുളകാണ് വിയറ്റ്നാം കയറ്റി അയച്ചത്. അതിന്റെ മൂല്യം 14.3 ലക്ഷം അമേരിക്കൻ ഡോളർ. ഉണക്കമുളകിനും ചതച്ച മുളകിനും പുറമെ കുറച്ചു വെള്ളക്കുരുമുളകും ആയാണ് കയറ്റുമതി. കംബോഡിയയിൽ നിന്നും അനധികൃതമായി കടത്തികൊണ്ടുവരുന്ന ഉത്പന്നവും വിയറ്റ്നാം കുരുമുളകായി വിറ്റഴിക്കുന്നതായി പറയുന്നുണ്ട്. കംബോഡിയയോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ചും Binh Phuoc, Dak Nong, Dak Lak, Ba Ria-Vung Tau, Dong Nai And, Gia Lai എന്നീ പ്രവിശ്യകളിലാണ് കുരുമുളക് കൃഷി ഏറെയും. ഇതിൽത്തന്നെ സെൻട്രൽ ഹൈലാൻഡ്സ്, സൗത്ത് ഈസ്റ്റേൺ റീജിയൺ പ്രവിശ്യകളാണ് ഉത്പാദനത്തിൽ മുന്നിൽ . Dak Lak ൽ ആണ് ഉത്പാദനത്തിന്റെ 23 ശതമാനവും.

വിയറ്റ്നാമിലെ കുരുമുളക് കൃഷി 15-20 വർഷം മാത്രം നീളുന്ന തനിവിളയാണ്. ഇടവിളയായിട്ടല്ല എന്നുസാരം. കേറുതലയാണ് പ്രധാന നടീൽ വസ്തുക്കൾ. എന്നാൽ മൂന്ന് മുട്ടുള്ള വേര് പിടിപ്പിച്ച ചെന്തലകളും നടീലിനായി ഉപയോഗിക്കുന്നുണ്ട്. താങ്ങു കാലുകളായി ഉപയോഗിക്കുന്നത് പൊള്ളയായ കോൺക്രീറ്റ് കാലുകളോ, തടിത്തുണുകളോ, സുബാബുൾ, ഇലവ്, ശീമക്കൊന്ന മുതലായ മരങ്ങളൊ ആണ്. കുരുമുളക് കൃഷി ഒഴിവാക്കിയ കർഷകർ, താങ്ങു കാലുകളായി ഉപയോഗിച്ചിരുന്ന തടി തൂണുകൾ, വിൽപ്പനക്കായി വഴിയോരങ്ങളിൽ അടുക്കി വച്ചിരിക്കുന്നതു കാണാം. അതിസാന്ദ്ര (ഹൈ ഡെൻസിറ്റി) കൃഷി രീതിയാണ് വിയറ്റ്നാമിൽ. ഒരു ഹെക്ടറിൽ 1800 താങ്ങുകാലുകൾ വരെ ഉണ്ടാകും. മിക്ക തോട്ടങ്ങളിലും കണികാ ജലസേചനം ഉണ്ട്. പരമാവധി ഉത്പാദനം മുൻ നിർത്തിയുള്ള വളപ്രയോഗമാണ് അനുവർത്തിക്കുന്നത്. അധികവും രാസവളങ്ങൾ. അതുകൊണ്ട് തന്നെ ഉത്പാദനച്ചെലവ് കൂടുതലാണ്. അതിനനുസരിച്ചു വില ലഭിക്കുന്നില്ല എന്ന പരാതിയുമുണ്ട്.

പ്രൂണിംഗ്

കേറുതലകളുടെ മണ്ട നിശ്ചിത ഉയരത്തിൽ മുറിച്ചു വിടുന്നരീതി അനുവർത്തിക്കുന്ന ചില തോട്ടങ്ങളും ഇവിടെയുണ്ട്. കണ്ണിത്തലകൾ കൂടുതലായുണ്ടാകാൻ പ്രൂണിംഗ് നല്ലതാണെങ്കിലും തിരിയിടാൻ താമസം ഉണ്ടാകുന്നുണ്ട്. ചില തോട്ടങ്ങളിൽ ആവരണവിളക്കൃഷി  കാണാം. കപ്പലണ്ടിയുടെ ജനുസിൽ വരുന്ന ഒരു വിളയാണ് മുഖ്യ ആവരണ വിള.

ആദ്യ രണ്ടു വർഷങ്ങളിൽ തോട്ടത്തിനു ചുറ്റോടു ചുറ്റും മുകളിലും നേർത്ത തണൽ വലകൾ (shade net) വലിച്ചുകെട്ടി ഒരു വലിയ വലക്കൂടു പോലെയാക്കി, ഇളം തൈകളെ വെയിലിൽ നിന്നും സംരക്ഷിക്കുന്ന രീതിയും കാണാനിടയായി. ഒരു ഹെക്ടറിൽ നിന്നും 3 - 4 ടൺ ഉണക്കക്കുരുമുളക് വിളവൊക്കെ സാധാരണം. എന്നാൽ 10 ടണ്ണിനു മുകളിൽ വിളവു ലഭിക്കുന്ന കർഷകരുമുണ്ട്. വിയറ്റ്നാമിൽ മുളക് വിളവെടുപ്പ് മാർച്ച് മുതൽ ജൂൺ വരെയാണ്. ഉണക്കിന്റെ തോത് താരതമ്യേന കൂടുതലാണ് (40 ശതമാനം) വിയറ്റ്നാം മുളകിന്.

Vin Linh ആണ് പ്രധാന ഇനം. അത് കൂടാതെ Loc Ninh, Mrec Bay, മലേഷ്യൻ മുതലായ ഇനങ്ങളുമുണ്ട്. മലേഷ്യൻ ഇനം കണ്ടാൽ ഇവിടത്തെ പന്നിയൂർ-1 തന്നെ. ചെറുകിട ഇടത്തരം കർഷകരാണ് കുരുമുളക് കൃഷിയിൽ ഭൂരിഭാഗവും. ഉണങ്ങിയ കുരുമുളക്, കർഷകർ കർഷക സംഘത്തിൽ എത്തിച്ച് ഇടനിലക്കാർക്കു വിൽക്കുന്നു. ഇടനിലക്കാർ ഉത്പന്നം ഗ്രേഡ് ചെയ്ത വലിയ കമ്പനികളുടെ ഏജന്റുമാർക്കു വിൽക്കുന്നു. കർഷകസംഘം, കർഷകരുടെ പ്രാദേശിക കൂട്ടായ്മയാണ്. ഉത്പന്നത്തിന്റെ വിലയിൽ ഒരു "പിടി' ഉണ്ടാകാൻ കർഷക സംഘം വഴിയുള്ള വിപണനം സഹായകമാണ് .

നമ്മുടെ നാട്ടിലെ പോലെ വിയറ്റ്നാമിലും കുരുമുളക് കൃഷി ഒട്ടേറെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ടിപ്പോൾ. ദ്രുതവാട്ടം, വൈറസ് രോഗങ്ങൾ, നിമാവിരകൾ, മിലീമൂട്ടകൾ ഒക്കെ അവിടെയും കൃഷിക്കാർക്ക് വലിയ വെല്ലു വിളികളാണ് . അത് കൂടാതെ അശാസ്ത്രീയമായ രാസവളപ്രയോഗവും ദൂരവ്യാപക പ്രശ്നങ്ങൾക്കു കാരണമാകുന്നുണ്ട്. വില കുറയുമ്പോൾ തോട്ടം അവഗണിക്കുന്ന പ്രവണത അവിടെയും കണ്ടു.

കടപ്പാട്: കര്‍ഷകന്‍

3.2
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top