Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കിഴങ്ങുവര്‍ഗ്ഗവിളകള്‍

വിവിധ കിഴങ്ങുവര്‍ഗ്ഗവിളകള്‍

കാച്ചില്‍


ഉഷ്ണപ്രദേശങ്ങളില്‍ വളരുന്ന വിളയാണ് കാച്ചില്‍. മഞ്ഞും ഉയര്‍ന്ന താപനിലയും താങ്ങാനുള്ള കഴിവ് ഇതിനില്ല. 300 അന്തരീക്ഷ ഊഷ്മാവും 120 മുതല്‍ 200 സെന്റീമീറ്റര്‍ വരെ മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് അനുയോജ്യം. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ പകല്‍ ദൈര്‍ഘ്യം 12 മണിക്കൂറില്‍ കൂടുതലും അവസാനഘട്ടങ്ങളില്‍ കുറഞ്ഞ പകല്‍ ദൈര്‍ഘ്യവും വിളവിനെ തൃപ്തികരമായി സാധിക്കുന്നു. കാച്ചിലിന് നല്ല ഇളക്കമുള്ളതും ആഴം, നീര്‍വാര്‍ച്ചാ, ഫലഭുയിഷ്ഠത എന്നിവ ഉള്ളതുമായ മണ്ണാണ് യോജിച്ചത്
. വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ കാച്ചില്‍ നന്നായി വളരുകയില്ല. തെങ്ങ് , വാഴ എന്നിവയുടെ ഇടവിളയായും കാച്ചില്‍ കൃഷി ചെയ്യാവുന്നതാണ്.

വേനല്‍കാലം അവസാനിക്കുമ്പോള്‍ സാധാരണയായി മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് കാച്ചില്‍ വിത്തുകള്‍ നടുന്നത്. മഴ ലഭിച്ചു തുടങ്ങുന്നതോടെ അവ മുളയ്ക്കുന്നു. നടാന്‍ വൈകുമ്പോള്‍ കാച്ചില്‍ സംഭരണ സ്ഥലത്തുവച്ചു തന്നെ മുളയ്ക്കാറുണ്ട്. അത്തരം കാച്ചില്‍ നടുന്നതിന് യോജിച്ചതല്ല.

നടീല്‍
തെക്കന്‍ പ്രദേശങ്ങളിലെ കാച്ചില്‍ വടക്കന്‍ പ്രദേശങ്ങളില്‍ ശരീരത്തിനുണ്ടാകുന്ന ചൂടാണ്. അവിടെ കാവിത്ത് (കാവത്ത്) എന്നാണ് കാച്ചിലിനു പറയുക. തമിഴിലും കാവിത്തെന്നാണ് പറയുന്നത്. കാവിത്ത് നടാന്‍ പറ്റിയ സമയം മീന-മേട മാസകാലമാണെങ്കിലും മേടമാദ്യം നടുന്നതാണത്രെ നല്ലത്. വള്ളി വീശുന്നതു മുതല്‍ കിഴങ്ങുണ്ടാകുന്നതുവരെയുള്ള വളര്‍ച്ചയുടെ ആദ്യദശ, പകല്‍ കൂടിയ സമയത്തും അവസാനദശ പകല്‍ കുറഞ്ഞ തുലാമാസത്തിനുശേഷവുമാണ് നല്ലതെന്നാണ് കൃഷിക്കാരുടെ അനുഭവം.

കാച്ചില്‍ നടുന്നത് അതിന്‍റെ വള്ളിയോടു ചേര്‍ത്തു മുറിച്ചെടുക്കുന്ന മൂക്ക് എന്ന ഭാഗമാണ്. ധനു-മകര മാസങ്ങളില്‍ പറിക്കുന്ന കാച്ചിലിന്‍റെ വള്ളിയോടു ചേര്‍ന്ന അഞ്ചാറിഞ്ച് ഭാഗമൊഴിച്ചു ബാക്കിയൊക്കെ ഭക്ഷ്യാവശ്യത്തിനെടുക്കുന്നു. മുറിച്ച മൂക്ക് ചാണകവെള്ളത്തില്‍ മുക്കി തണലത്തുണക്കി സൂക്ഷിക്കുന്നു. ചെറുവള്ളിവീശി തുടങ്ങുന്നതോടെ നടാനെടുക്കുന്നു.


പടര്‍ന്നു കയറാനുള്ള ഏതെങ്കിലും മരത്തിനു ചുവട്ടില്‍നിന്നു മാറി 45 സെ.മീ. സമചതുരത്തിലുള്ള കുഴികളെടുത്ത് അതില്‍ മൂക്ക് നടുന്നു. കുഴി ഒന്നിന് രണ്ടു കി.ഗ്രാം ഉണങ്ങിയ ചാണകപ്പൊടി ചേര്‍ത്തു കുഴിമൂടി കൂനയാക്കിയശേഷം ചവറിട്ടു മൂടുന്നു. മഴ കിട്ടുന്നതോടെ മുളച്ചു വരുന്ന കാച്ചില്‍ നേരിട്ട് മരത്തിലേക്കോ നാട്ടിക്കൊടുത്ത കമ്പിലൂടെയോ മരത്തിലേക്ക് പടര്‍ന്നുകയറുന്നു. വള്ളികളിലും ഇലപ്പടര്‍പ്പുകളിലും നല്ല വെയില്‍ കിട്ടിയെങ്കിലേ അടിയില്‍ കിഴങ്ങുണ്ടാകൂ എന്നോര്‍ക്കണം. കിഴങ്ങിന്‍റെ വളര്‍ച്ച കീഴോട്ടാകുന്നതുകൊണ്ട് ആഴമുള്ള കുഴികളില്‍ കാച്ചില്‍ നട്ടാല്‍ വിള മല്‍സരത്തിനു പറ്റിയ കിഴങ്ങ് കിളച്ചെടുക്കാം.


ഇനങ്ങള്‍
കാട്ടുകാച്ചില്‍, പന്നിക്കാച്ചില്‍, മരോട്ടികാച്ചില്‍, ഇഞ്ചികാച്ചില്‍ എന്നിങ്ങനെ പല പേരുകളിലും കാച്ചില്‍ അറിയപ്പെടുന്നുണ്ടെങ്കിലും പൊതുവേ വെള്ളയെന്നും ചുമപ്പെന്നുമുള്ള വേര്‍തിരിവാണുള്ളത്. വെള്ളയ്ക്കാണ് സ്വാദു കൂടുതല്‍.


വിളസംരക്ഷണം
ചേനയ്ക്കു നിര്‍ദേശിച്ച തോതില്‍തന്നെ കാച്ചിലിനും രാസവളങ്ങള്‍ ചേര്‍ക്കാം. വളമൊന്നുമില്ലാതെ തന്നെ മരങ്ങളുടെ ഇടയിലോ മരം വെട്ടിയകുഴികളിലോ വളരുന്ന മാട്ടുകാച്ചിലിനു നല്ല തൂക്കമുണ്ടാകും.


കാച്ചില്‍ നടില്‍ വസ്തു കിഴങ്ങുതന്നെയാണ്. കിഴങ്ങ് ഏകദേശം 250ഗ്രാം മുതല്‍ 300 ഗ്രാം വരെ ഭാരമുള്ള കഷണങ്ങളാക്കി പച്ചചാണകസ്ലറിയില്‍ മുക്കി ഉണക്കി എടുക്കേണ്ടതാണ്. കൃഷിക്കായി ഉദ്ദേശിക്കുന്ന സ്ഥലം ഉഴുത് പാകപ്പെടുത്തി 45 x 45 x 45 സെന്റീമീറ്റര്‍ അളവില്‍ കുഴികളെടുത്താണ് കാച്ചില്‍ നടുന്നത്. ഏകദേശം ഒന്നേകാല്‍ കിലോഗ്രാം പൊടിച്ച കാലിവളം മേല്‍മണ്ണുമായി ചേര്‍ത്ത് കുഴിയുടെ മുക്കാല്‍ ഭാഗം മൂടുക. ഇങ്ങനെയുള്ള കുഴികളില്‍ നേരത്തേ തയ്യാറാക്കിയ നടീല്‍ വസ്തു നട്ടതിനുശേഷം മണ്ണ് വെട്ടികൂട്ടി ചെറിയ കൂനകളാക്കുക. ചില സ്ഥലങ്ങളില്‍ കൂനകളില്‍ കുഴിയെടുത്തും കാച്ചില്‍ നടാറുണ്ട്. നട്ടതിനുശേഷം കരിയില, ഉണങ്ങിയ തെങ്ങോല എന്നിവകൊണ്ട് പുതയിടുക. ഇങ്ങനെ പുതയിടുന്നതുമൂലം മണ്ണിലെ ഈര്‍പ്പം നിലനില്‍ക്കുകയും മണ്ണൊലിപ്പ് തടയുകയും ചെയ്യാം.

അടിവളമായി 10-15 ടണ്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ക്കണം. ഹെക്ടറിന് 80:60:80 കിലോഗ്രാം നൈട്രജന്‍ : ഫോസ്ഫറസ് : പൊട്ടാഷ് എന്നിവ രണ്ടു തവണയായി നല്‍കണം. ആദ്യവളപ്രയോഗം നട്ട് ഒരാഴ്ച കഴിഞ്ഞ് മുഴുവന്‍ ഫോസ്ഫറസും പകുതി വീതം നൈട്രജനും പൊട്ടാഷും എന്ന കണക്കില്‍ നല്കണം. ബാക്കിയുള്ള നൈട്രജനും പൊട്ടാഷും ഒന്നാം വളപ്രയോഗം കഴിഞ്ഞ് ഒരു മാസത്തിനുശേഷം കളയെടുപ്പും മണ്ണ് അടുപ്പിച്ചുകൊടുക്കുന്നതും ചെയ്യുമ്പോള്‍ നല്കണം.

കൃഷിയിടത്തിലും സംഭരണ കേന്ദ്രത്തിലു നീരുറ്റി കുടിക്കുന്ന ശല്ക്കപ്രാണികള്‍ കീഴങ്ങുകളെ ആക്രമിക്കാറുണ്ട്. മുന്‍കരുതല്‍ എന്ന നിലയില്‍ വിത്തുകിഴങ്ങുകള്‍ 0.05 ശതമാനം വീര്യമുള്ള മോണോക്രോട്ടോഫോസ് കീടനാശിനി ലായനിയില്‍ 10 മിനുട്ട് മുക്കിയശേഷം സൂക്ഷിക്കാവുന്നതാണ്.


ഇലകള്‍ക്ക് സൂര്യപ്രകാശം നന്നായി ലഭിക്കുന്നതിന് വള്ളികള്‍ പടര്‍ത്തണം. മുളച്ച് 15 ദിവസത്തിനുള്ളില്‍ കയര്‍ ഉപയോഗിച്ച് തുറസ്സായ സ്ഥലങ്ങലില്‍ കൃഷിചെയ്യുന്ന കാച്ചില്‍ വള്ളികളെ കൃത്രിമ താങ്ങുകാലുകളിലും ഇടവിളയായി കൃഷിചെയ്യുന്ന കാച്ചില്‍ വള്ളികളെ മരങ്ങളിലും പടര്‍ത്താം. തുറസ്സായ സ്ഥലങ്ങളില്‍ കൃഷിചെയ്യുമ്പോള്‍ ശാഖകള്‍ ഉണ്ടാകുന്നതനുസരിച്ച് വള്ളികള്‍ ശരിയായി പടര്‍ത്തണം. 34 മീറ്റര്‍ ഉയരം വരെ വള്ളികള്‍ പടര്‍ത്താം.നട്ട് 8-9 മാസം കഴിയുമ്പോള്‍ കാച്ചില്‍ വിളവെടുക്കാം. വള്ളികള്‍ ഉണങ്ങിക്കഴിയുമ്പോള്‍ കിഴങ്ങുകള്‍ക്ക് കേടു വരാതെ വിളവെടുക്കണം.
പ്രധാന ഇനങ്ങള്‍

ശ്രീകീര്‍ത്തി (നാടന്‍)തെങ്ങിനും വാഴയ്ക്കും ഇടവിളയായി നടാന്‍ പറ്റിയ ഇനം.
ശ്രീരൂപ (നാടന്‍)പാചകം ചെയ്യുമ്പോള്‍ ഗുണം കൂടുതലുള്ള ഇനം
ഇന്ദു (നാടന്‍) കുട്ടനാട്ടിലെ തെങ്ങിന് ഇടവിളയായി നടാന്‍ പറ്റിയ ഇനംധ2പ.
ശ്രീ ശില്പ (നാടന്‍)ആദ്യ സങ്കരയിനം.
ആഫ്രിക്കന്‍ കാച്ചില്‍ നൈജീരിയ ജന്മദേശം, അധികം പടരാത്ത, തണ്ടുകളില്‍ വിത്തുണ്ടാകുന്നു
ശ്രീശുഭ (ആഫ്രിക്കന്‍)വരള്‍ച്ചയെ ചെറുക്കാനുള്ള ശേഷി, മൂപ്പ് 9-10 മാസം.
ശ്രീപ്രിയ (ആഫ്രിക്കന്‍)വരള്‍ച്ചയെ ചെറുക്കാനുള്ള ശേഷി
ശ്രീധന്യ (ആഫ്രിക്കന്‍)കുറിയ ഇനം

ഉരുളക്കിഴങ്ങ്‌


മണ്ണിനടിയിൽ വളരുന്ന ഒരു ഭക്ഷ്യയോഗ്യമായ കിഴങ്ങാണ് ഉരുളക്കിഴങ്ങ് (ഇംഗ്ലീഷ്: Potato). ഉരുളൻ കിഴങ്ങ് എന്നും പറയാറുണ്ട്. അന്നജമാണ്‌ ഇതിൽ കൂടുതലായി അടങ്ങിയിരിക്കുന്നത്. ലോകത്തിൽ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന കിഴങ്ങായ ഇതിന്റെ ജന്മദേശം തെക്കേ അമേരിക്കയാണ്‌.[1] ഉരുളക്കിഴങ്ങിന്റെ പ്രാധാന്യം പരിഗണിച്ച് ഐക്യരാഷ്ട്രസംഘടനയും ഭക്ഷ്യ-കാർഷികസംഘടനയും ചേർന്ന് 2008-നെ രാജ്യാന്തര ഉരുളക്കിഴങ്ങു വർഷമായി പ്രഖ്യാപിച്ചിരിക്കുന്നു[2]. 2005-ൽ യു. എൻ. ജനറൽ അസംബ്ലി പാസാക്കിയ പ്രമേയപ്രകാരമാണിത്. ഉരുളക്കിഴങ്ങിന്റെ ജന്മദേശമായ പെറുവിലെ സർക്കാരും വർഷാചരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ഉരുളക്കിഴങ്ങിനെ മുഖ്യ ഭക്ഷ്യ ഇനമായി ഉയർത്തി കാട്ടുന്നതിനൊപ്പംതന്നെ ഭക്ഷ്യ സുരക്ഷയും, ദാരിദ്ര്യനിർമാർജ്ജനവും വർഷാചരണം ലക്ഷ്യം വെക്കുന്നു.
ഇനങ്ങള്‍: കുഫ്രി ജ്യോതി, കുഫ്രി ദേവ, കുഫ്രി സിന്ധൂരി (ചുവന്ന ഇനം), കുഫ്രി ചീപ്‌ സോണ (ഉപ്പേരിയ്‌ക്ക്‌ അനുയോജ്യം)
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: 20 oC- 30 oC വരെയാണ്‌ വളര്‍ച്ചയ്‌ക്കും കൂടുതല്‍ കിഴങ്ങ്‌ ഉത്‌പാദനത്തിനും ഏറ്റവും നല്ല താപനില. നല്ല വായു സഞ്ചാരമുളളതും ഇളക്കമുള്ളതുമായ മണ്ണാണ്‌ ഉരുളക്കിഴങ്ങ്‌ കൃഷിക്ക്‌ അനുയോജ്യം.
നടീല്‍ സമയം : മാര്‍ച്ച്‌ - ഏപ്രില്‍; ആഗസ്റ്റ്‌- സെപ്‌തംബര്‍; ജനുവരി - ഫെബ്രുവരി
ആവശ്യമായ വിത്ത് : 1500-2000 കി.ഗ്രാം. / ഹെക്ടര്‍ വിത്തു കിഴങ്ങ്‌ കഷ്‌ണങ്ങള്‍ (50-60 തൂക്കം വരുന്നവ)
നടീല്‍ അകലം: 50-60 സെ.മീ. അകലത്തിലുള്ള വാരങ്ങളില്‍ 15-20 സെ.മീ. അകലത്തില്‍ നടാം. നട്ട്‌ 30 ദിവസം കഴിഞ്ഞും, 70 ദിവസം കഴിഞ്ഞും ചുവട്ടില്‍ മണ്ണ്‌ കൂട്ടേണ്ടതാണ്‌. വേരുകള്‍ അധികം ആഴത്തിലേക്ക്‌ വളരാത്തതിനാല്‍ കൂടെ കൂടെയുള്ള ജലസേചനം ആവശ്യമാണ്‌.
വളപ്രയോഗം : നിലമൊരുക്കുന്ന സമയത്ത്‌ ഹെക്ടറിന്‌ 20 ടണ്‍ അഴുകിയ കാലിവളമോ കമ്പോസ്‌റ്റോ മണ്ണില്‍ ചേര്‍ക്കണം. NPK 120:100:120 കി.ഗ്രാം./ ഹെക്ടര്‍ എന്ന അളവില്‍ നല്‍കേണ്ടതാണ്‌.
കീട നിയന്ത്രണം:

ഇല മുറിക്കുന്ന പുഴക്കള്‍: നട്ട്‌ 105 ദിവസം കഴിയുമ്പോള്‍ കാര്‍ബറില്‍ പ്രയോഗം ഈ പുഴുക്കളെ നിയന്ത്രിക്കും.

രോഗ നിയന്ത്രണം :

ലേറ്റ്‌ ബ്ലൈറ്റ്‌: കോപ്പര്‍ ചേര്‍ന്ന കുമിള്‍നാശിനികള്‍ തളിക്കുന്നത്‌ ഈ രോഗം തടയാന്‍ ഉപകരിക്കും.

വിളവെടുപ്പ്: മൂപ്പു കുറഞ്ഞ ഇനം നട്ട്‌ 80 ദിവസത്തിനുള്ളിലും, മൂപ്പു കൂടിയവ 110 ദിവസത്തിനുള്ളിലും വിളവെടുപ്പിനു പാകമാവും.
വിളവ്: 25-35 ടണ്‍ / ഹെക്ടര്‍

2007ൽ 32 കോടി ടൺ ഉരുളക്കിഴങ്ങാണ് ഉൽ‌പ്പാദിപ്പിക്കപ്പെട്ടത്. ഉൽ‌പ്പാദനത്തിൽ ഒന്നാം സ്ഥാനം ചൈനക്കാണ്. രണ്ടും, മൂന്നും സ്ഥാനങ്ങൾ യഥാക്രമം റഷ്യക്കും, ഇന്ത്യക്കും. ഒരു വ്യക്തി ഒരു വർഷം ശരാശരി 103 കിലോഗ്രാം ഉരുളക്കിഴങ്ങു ഭക്ഷിക്കുന്നുണ്ട്. രണ്ടുലക്ഷത്തോളം ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് കൃഷിനടക്കുന്നുണ്ട്.

കിഴങ്ങ്

നടീല്‍
കിഴങ്ങിനങ്ങളില്‍ ചെറുകിഴങ്ങും നനകിഴങ്ങുമുണ്ട്. കാച്ചിലിനുള്ള കൃഷിരീതി തന്നെയാണിതിനും വേണ്ടത്. മീനം-മേടം മാസങ്ങളില്‍ കിഴങ്ങു നടുന്നു. വാരമെടുത്തോ കൂനകൂട്ടിയോ കിഴങ്ങു നടാം. കിഴങ്ങ് വളര്‍ന്നു വള്ളിവീശാന്‍ തുടങ്ങുമ്പോള്‍ മുളയോ, വാരിയോകൊണ്ട് താങ്ങുകൊടുത്ത് പടരാന്‍ വിടുന്നു.

ഇവയുടെ അറ്റം തമ്മില്‍ കൂട്ടിക്കെട്ടി ബലപ്പെടുത്തുകയും വേണം. കമ്പുനാട്ടി കൂട്ടിക്കെട്ടി കൃഷിചെയ്യുന്നതുകൊണ്ട് കിഴങ്ങിനു നാട്ടക്കിഴങ്ങെന്നുള്ള നാടന്‍ പേരുമുണ്ട്.


കൂനകൂട്ടി കിഴങ്ങു നടുമ്പോള്‍ കൂനകള്‍ തമ്മില്‍ 7.5 സെ.മീ. അകലമുണ്ടാകണം. കുഴികളില്‍ 2-2മ്മ കി.ഗ്രാം ചാണകപ്പൊടിയിട്ടശേഷം കിഴങ്ങ് നട്ട് മണ്ണുകൂട്ടി കരിയിലകൊണ്ട് പുതയിടുന്നു. പടരാന്‍ സൗകര്യത്തിന് ഏതെങ്കിലുമൊക്കെ മരത്തിനു ചുറ്റുമായാണ് സാധാരണ കിഴങ്ങു നടുക. ചേനയ്ക്കും കാച്ചിലിനും നിര്‍ദേശിച്ച തോതില്‍തന്നെ കിഴങ്ങിനും രാസവളം ചേര്‍ക്കാം. വൃശ്ചികമാസമാകുന്നതോടെ കിഴങ്ങ് പറിച്ചു തുടങ്ങുന്നു. ഒരു ചുവട്ടില്‍നിന്ന് 3-4 കി.ഗ്രാം വരെ കിഴങ്ങുണ്ടാകും.

വിളസംരക്ഷണം
നടുതലകള്‍ എല്ലാംതന്നെ പഴയ നാടന്‍ വിത്തുകളുപയോഗിച്ചാണ് കൃഷിചെയ്തു വന്നിരുന്നത്. വളമായി ചാണകപ്പൊടിയോ ചാരമോ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. എന്നാല്‍ ഗവേഷണഫലമായി സ്വാദിനും വിളവിനും പറ്റിയ പുതിയ ഇനങ്ങള്‍ ലഭ്യമാകുകയും വളം ചേര്‍ക്കാനുള്ള നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തപ്പോള്‍ കൃഷി ലാഭകരമാക്കാമെന്നു കണ്ടു. കാച്ചിലില്‍ ശ്രീകീര്‍ത്തി, ശ്രീരൂപ, ശ്രീശില്‍പ എന്നിവയും ചേമ്പില്‍ ശ്രീപല്ലവി, ശ്രീരശ്മി എന്നിവയും കിഴങ്ങില്‍ ശ്രീലതയും പുതിയ ഇനങ്ങളാണ്.

കിഴങ്ങുവിളകള്‍ക്കെല്ലാം തന്നെ പാക്യജനകവും ഭാവഹവും ക്ഷാരവും രാസവളമായി നല്‍കിയാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാമെന്നും മനസ്സിലായി. പൊട്ടാഷും നൈട്രജനും കൂടിയ തോതിലും പാക്യജനകവും ഭാവഹവും കുറഞ്ഞ തോതിലും മതിയെന്നാണു നിരീക്ഷണം. അടിവളമായി ഭാവഹ വളം മുഴുവനും പകുതി വീതം പാക്യജനകവും പൊട്ടാഷും നല്‍കി ബാക്കി പകുതി മേല്‍വളമായി, നട്ട് ഒരു മാസം കഴിഞ്ഞും ചേര്‍ക്കുന്നതാണ് നല്ലതെന്നു കണ്ടിട്ടുണ്ട്. തെങ്ങിന്‍തോട്ടത്തില്‍ ഇടവിളയായും വാഴത്തോട്ടത്തില്‍ സഹവിളയായും ഉള്ള സമ്മിശ്ര കൃഷിരീതിയാണ് നടുതലകള്‍ക്കു ലാഭകരമെന്നും കാണുകയുണ്ടായി.

കിഴങ്ങ് എന്ന മരുന്ന്
കിഴങ്ങിനങ്ങള്‍ക്കു ഭക്ഷ്യവസ്തു എന്ന നിലയില്‍ നല്ല സ്ഥാനമാണുള്ളത്. ഇവയിലെ അന്നജം ഊര്‍ജ്ജദായകമായതുകൊണ്ട് ചില നേരം അരിഭക്ഷണം ഒഴിവാക്കാനാവും. കാല്‍സ്യത്തിന്‍റെ നല്ല ഉറവിടമാണിവയെല്ലാം തന്നെ.

അര്‍ശോരോഗികള്‍ക്കുള്ള ആയുര്‍വേദമരുന്നിലെ യോഗത്തില്‍ കാട്ടുചേന സ്ഥിരാംഗമാണ്. തിരുവാതിരകാലത്ത് മകയിരം നോമ്പുനോക്കുമ്പോള്‍ എട്ടങ്ങാടി ചുട്ടു കൂട്ടുന്നതില്‍ പ്രധാനമായും ഉള്ളതു കാച്ചില്‍, ചേമ്പ്, ചേന, കിഴങ്ങ്, പയറ്, തേങ്ങ, ഏത്തയ്ക്ക, കൂര്‍ക്ക എന്നീ എട്ടു കൂട്ടങ്ങളുമാണ്. കാട്ടുകിഴങ്ങ് ചുട്ടുതിന്നും കാട്ടുകായ്കള്‍ പറിച്ചു തിന്നുമാണ് നമ്മുടെ പൂര്‍വ്വികര്‍ വിശപ്പടക്കിയിരുന്നത്

ചേന


ഇടവിളയായി തെങ്ങിന്‍ തോപ്പുകളില്‍ വിജയകരമായി കൃഷി ചെയ്യാവുന്ന കിഴങ്ങുവര്ഗ്ഗ വിളയാണ് ചേന. നടുന്നതിനായി ഇടത്തരം വലിപ്പവും ഏകദേശം നാല്‌ കി.ഗ്രാം തൂക്കവുമുള്ള ചേന കഷണങ്ങളായി മുറിച്ച്‌ ചാണകക്കുഴമ്പില്‍ മുക്കി തണലത്തുണക്കി എടുക്കണം. നടുന്നതിന്‌ മുമ്പായി രണ്ടുകി.ഗ്രാം കാലിവളമോ കമ്പോസ്റ്റോ കാല്‍ കിലോ ചാരവും മേല്മ.ണ്ണുമായി ചേര്ത്ത്റ‌ കുഴിയുടെ മുക്കാല്‍ ഭാഗത്തോളം മൂടണം. കുഴിയുടെ നടുവില്‍ വിത്ത്‌ വച്ച്‌ ബാക്കി മണ്ണിട്ട്‌ മൂടി ചെറുതായി ചവിട്ടി ഉറപ്പിച്ചശേഷം പച്ചിലകളോ ചപ്പുചവറുകളോ ഇട്ട്‌ കുഴി മുഴുവനായും മൂടണം. കുഴിയൊന്നിന്‌ 100 ഗ്രാം വേപ്പിന്‍ പിണ്ണാക്കും ഇടാവുന്നതാണ്‌. നട്ട്‌ ഒരുമാസത്തിനകം മുള വരും. ഒരു ചുവട്ടില്നി്ന്ന്‌ ഒന്നിലധികം കിളിര്പ്പ് ‌ വരുന്നുണ്ടെങ്കില്‍ നല്ല പുഷ്ടിയുള്ള ഒന്നുമാത്രം നിര്ത്തി ബാക്കിയുള്ളവ മുറിച്ചു കളയണം. വേനല്ക്കാ ലത്ത്‌ ചെറിയ രീതിയില്‍ നനച്ചു കൊടുക്കുന്നത്‌ നല്ലതാണ്‌. എന്നാല്‍ ചേനച്ചുവട്ടില്‍ വെള്ളം കെട്ടി നില്ക്കാനന്‍ അനുവദിക്കരുത്‌. നടുമ്പോള്‍ മുതല്തടന്നെ പച്ചിലകളോ ചപ്പുചവറുകളോ കൊണ്ട്‌ പുതയിടുന്നത്‌ കളശല്യം ഒഴിവാക്കാനും ഈര്പ്പം നിലനിര്ത്താ നും സഹായിക്കും. കേന്ദ്രതോട്ടവിള ഗവേഷണസ്ഥാപനത്തിലെ കായംകുളം പ്രാദേശിക കേന്ദ്രത്തില്‍ നടത്തിയ പഠനത്തില്നിരന്നും പൂര്ണിമായും ജൈവവളപ്രയോഗം നടത്തി ചേന കൃഷിചെയ്യാമെന്ന്‌ കണ്ടെത്തി. ഓരോ കുഴിയിലും 2 കി.ഗ്രാം ചാണകം, 1 കി.ഗ്രാം മണ്ണിര കമ്പോസ്റ്റ്‌, 50 ഗ്രാം സൂക്ഷ്മാണുവളങ്ങള്‍ എന്നിവയാണ്‌ നല്കി യത്‌. ഗജേന്ദ്ര ഇനത്തിന്‌ ഓരോ മൂടില്നികന്നും ശരാശരി 2 കി.ഗ്രാം വിളവ്‌ ലഭിച്ചു. രോഗമില്ലാത്ത നടീല്‍ വസ്തു ഉപയോഗിക്കുകയും രോഗബാധയേറ്റ ചെടികള്‍ മാറ്റി നശിപ്പിക്കുകയും ചെയ്യുന്നത്‌ കൂടാതെ കാലിവളത്തോടൊപ്പം ട്രൈക്കോ ഡെര്മ യും ചേര്ത്ത് ‌ കൊടുക്കുന്നത്‌ കുമിള്‍ മൂലമുണ്ടാകുന്ന കടചീയല്‍/മൂടുചീയല്‍ രോഗത്തെ ചെറുക്കാന്‍ സഹായിക്കും. നട്ട്‌ 8-9 മാസങ്ങള്‍ കഴിഞ്ഞ്‌ ചെടിയുടെ ഇലകള്‍ മഞ്ഞളിച്ച്‌ തണ്ടുണങ്ങാന്‍ തുടങ്ങുമ്പോള്‍ വിളവെടുക്കാം.

ആണ്ടിലൊരിക്കല്‍ മാത്രം വിളവെടുക്കുന്ന ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയവയെയാണ് നടുതലകള്‍ എന്നു വിളിക്കുന്നത്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളോടെ നടുതലകൃഷിക്കു ആരംഭം കുറിക്കുന്നു. കിഴങ്ങുവര്‍ഗവിളകളില്‍ പ്രധാനമായത് ചേനയാണ്. കാട്ടുചേന, നാട്ടുചേന എന്നീ രണ്ടുതരം ചേനകളാണ് നമ്മുടെ നാട്ടില്‍ കാണപ്പെടുന്നത്. വെന്തു കഴിഞ്ഞാല്‍ വെണ്ണപോലിരിക്കുന്നവയ്ക്ക് നെയ്ചേന എന്ന ഓമനപ്പേരുമുണ്ട്. കാട്ടുചേന തരിശുഭൂമികളിലും വെളിമ്പറമ്പുകളിലും വളരുമ്പോള്‍ മറ്റു രണ്ടിനങ്ങളും കൃഷി ചെയ്തുണ്ടാക്കണം. കാട്ടുചേന മരുന്നായി മാറുമ്പോള്‍ മറ്റുള്ളവ ഭക്ഷണമായിത്തീരുന്നു.

ഭാരതത്തിലെ‍ എല്ലാപ്രദേശങ്ങളിലും വളരുന്നതും കൃഷിചെയ്യുന്നതുമായ സസ്യമാണ് ചേന. ഇത് ഒരു കിഴങ്ങുവർഗ്ഗത്തിൽ പെട്ട പച്ചക്കറിയാണ്. ഒരില മാത്രമുള്ള സസ്യമാണ് ചേനയുടെ കാണ്ഡത്തിൽ നിന്നും ഒരു തണ്ട് മാത്രം വളർന്ന് ശരാശരി 75 സെ.മീ. മുതൽ നീളത്തിൽ അറ്റത്ത് ഇലയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. വളർച്ച പൂർത്തിയാകുമ്പോൾ തണ്ട് വാടി കരിഞ്ഞ് പോവുകയും ആ സ്ഥാനത്ത് ഒരു പൂവ് ഉണ്ടാവുകയും ഏകദേശം 25 മുതൽ 30 സെ.മീ. ഉയരത്തിൽ വളരുകയും ചെയ്യും. മഞ്ഞ നിറത്തിലുള്ള പൂവിന്റെ അറ്റത്ത് തവിട്ട് നിറം കാണപ്പെടുന്നു. ചേന പാകമാകുമ്പോൾ തിളക്കമാർന്ന ചുവപ്പ് കലർന്ന നിറത്തിലായിരിക്കും പൂവ് കാണപ്പെടുക.

 

മലയാളികളുടെ ആഹാരത്തിൽ ചേനയുടെ സ്വാധീനം വളരെ വലുതാണ്. സദ്യയിലെ വിഭവങ്ങളുണ്ടാക്കാൻ ചേന ഉപയോഗിക്കുന്നു. സാമ്പാർ,അവിയൽ, എരിശ്ശേരി, മെഴുക്ക്പുരട്ടി, കാളൻ, മൊളോഷ്യം എന്നിങ്ങനെ സ്വാദിഷ്ടമായ കറികളിലേയും ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ചേന.

നടീല്‍
കുംഭമാസത്തില്‍ വെളുത്തപക്ഷത്തിന്‍റെ ആദ്യദിവസം ചേന നട്ടാല്‍ പൂര്‍ണചന്ദ്രനെപ്പോലെ വളര്‍ന്നു വരുമെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. വെളുത്തവാവിന്‍റെ അന്നു നട്ടാലും ഇതേ വളര്‍ച്ച കിട്ടുമെന്നു മറ്റു ചിലരും കരുതുന്നു. ഏതായാലും കുംഭത്തില്‍ നട്ടാല്‍ കുടയോളം വലുപ്പത്തിലുള്ള ചേനയുണ്ടാകുമെന്നാണ് ചൊല്ല്.


തുലാവര്‍ഷത്തിനുശേഷം നന്നായി കിളച്ചിട്ട പറമ്പുകളില്‍ കുംഭത്തില്‍ ചേന നടാനുള്ള കുഴി എടുക്കാം. ചേനക്കൃഷി ശാസ്ത്രീയമാക്കുമ്പോള്‍ 60 സെ.മീ. സമചതുരത്തിലും 45 സെ.മീ. ആഴത്തിലുമുള്ള കുഴികളിലാണ് നടേണ്ടത്. കുഴികള്‍ തമ്മില്‍ 90 സെ.മീ. അകലവും വേണം. ഇങ്ങനെ ചേന നടുമ്പോള്‍ ഇടയ്ക്കുള്ള സ്ഥലം പയറോ വെണ്ടയോ വളര്‍ത്താനും ഉപയോഗിക്കാം. കുഴികളില്‍ ഉണങ്ങിയ ഇലകളും മറ്റുമിട്ട് തീ കത്തിച്ചു കിട്ടുന്ന ചാരം ചേനയ്ക്കു വളരെ നല്ലതാണ്. കുഴി ഒന്നിന് രണ്ടര കി.ഗ്രാം ചാണകപ്പൊടി മേല്‍മണ്ണുമായി ചേര്‍ത്തിളക്കി വെച്ചശേഷം വേണം ചേന നടാന്‍. മുന്‍വിളകളില്‍നിന്നും ലഭിച്ച ഇടത്തരം വലുപ്പമുള്ള ചേന മുളകുത്തിക്കളഞ്ഞശേഷം ഒരാഴ്ചയോളം തണലത്തു വെച്ചുണക്കിയതാണ് നടീല്‍വസ്തു. ഏകദേശം ഒരു കി.ഗ്രാം തൂക്കമുള്ളതും മുളയുള്ളതുമായ കഷണങ്ങളാക്കി മുറിച്ച് ഇവ നടാനുപയോഗിക്കാം. മുള കുത്തിയ ചേന ഒന്നുരണ്ടാഴ്ച പുകയത്തുവെച്ചശേഷം മുളപൊട്ടുമ്പോള്‍ മുറിച്ചെടുക്കുന്ന രീതിയുമുണ്ട്. മണ്ണും ചാണകപ്പൊടിയും ചേര്‍ത്തു നിറച്ച വലിയ കുഴികളുടെ മധ്യത്തില്‍ പിള്ളക്കുഴികളെടുത്ത് ചേന നട്ട് മണ്ണിട്ടു മൂടുന്നു.

വിളസംരക്ഷണം
ചേന നട്ടശേഷം കുഴികളുടെ മുകളില്‍ ഉണങ്ങിയ ഇലകൊണ്ട് പുതയിടണം. ചേനയെ എത്രത്തോളം കരിയിലകൊണ്ട് നാം ചുമടെടുപ്പിക്കുന്നുവോ അത്രത്തോളം എന്‍റെ ചുമടും ഞാന്‍ നിങ്ങളെക്കൊണ്ട് എടുപ്പിക്കുമെന്നാണ് ചേന പറയുന്നത്. മീനം-മേട മാസങ്ങളിലെ കഠിനമായ ചൂടില്‍നിന്നും ചേനക്കഷണങ്ങളെ സംരക്ഷിക്കാനാണ് കരിയിലകൊണ്ടു മൂടുന്നത്. പുതുമഴയോടെ കൂമ്പ് പുറത്തു വരുമ്പോള്‍ കരിയിലകള്‍ അഴുകി ചേനയ്ക്കു വളമായി മാറുന്നു

.
ചേന വലുപ്പം കൂട്ടാന്‍ രാസവളങ്ങളും ചേര്‍ക്കാം. നട്ട് 45 ദിവസമാകുമ്പോള്‍ കുഴിയൊന്നിന് 20 ഗ്രാം മസൂരിഫോസും 7 ഗ്രാം വീതം യൂറിയയും പൊട്ടാഷും ചേര്‍ത്ത് ഇടയിളക്കി മണ്ണുകൂട്ടി കൊടുക്കുന്നത് നല്ലതാണ്. ഒരു മാസം കഴിയുമ്പോള്‍ വീണ്ടും ഇതേ തോതില്‍ യൂറിയയും പൊട്ടാഷും ചേര്‍ത്ത് മണ്ണു കൂട്ടികൊടുക്കണം.

 

പ്രധാന ഇനങ്ങൾ

ശ്രീപദ്മ, ഗജേന്ദ്ര, കുഴിമുണ്ടാൻ (പീരുമേട് സ്വദേശി)

കൃഷി രീതി

25 മുതൽ 35 ഡിഗ്രി വരെ ചൂടുള്ള പ്രദേശങ്ങളിൽ ചേന കൃഷി ചെയ്തു വരുന്നു. വിത്ത്‌ നട്ട്‌ 6-7 മാസം കൊണ്ട്‌ ചേന വിളവെടുക്കുവാനാകും. വിളഞ്ഞ്‌, ഇലയും തണ്ടും വാടി ഉണങ്ങിയ ചെടികളിൽ നിന്നാണ്‌ വിത്തു ചേന ലഭിക്കുന്നത്‌. ചേനയുടെ തണ്ട്‌ നിന്ന ഭാഗത്തെ ശീർഷമായി കരുതി എല്ലാ വശങ്ങൾക്കും ഒരു ചാൺ നീളമുള്ള ത്രികോണാകൃതിയിൽ മുറിച്ച കഷ്ണമാണ്‌ നടീൽ വസ്തു. പരമ്പരാഗതമായി ഈ കഷ്ണങ്ങൾ ചാണക ലായനിയിൽ മുക്കി (ഇപ്പോൾ കീടനാശിനികളിലും) ഒരാഴ്ച വെയിലത്ത്‌ ഉണക്കുന്നു. സാധാരണയായി മകര മാസത്തിലാണ്‌ (ഫെബ്രുവരി) നടീൽ. അര മീറ്റർ സമചതുരക്കുഴികളിൽ ജൈവ വളങ്ങളും കരിയിലയും പകുതി നിറച്ച്‌ അതിന്മേൽ വിത്ത്‌ പാകി ബാക്കി ഭാഗം വളവും കരിയിലയും നിറയ്ക്കുന്നു. മുകളിൽ പതിനഞ്ച്‌ സെ മി ഘനത്തിൽ മണ്ണ് വിരിക്കുന്നു. വിത്ത്‌ പാകി 30 - 40 ദിവസങ്ങൾക്കകം ഇല വിരിക്കുന്നു. രണ്ട്‌ കുഴികൾ തമ്മിൽ 90 - 100 സെ മി അകലം ഉണ്ടായിരിക്കണം. എല്ലാ 60ആം ദിവസവും വളം ചെയ്യുകയും മണ്ണ് തണ്ടിനോടു ചേർത്ത്‌ കൂട്ടുകയും ചെയ്യുന്നു. ജലസേചനം വളരെ ആവശ്യമുള്ള കൃഷിയാണ്‌ ചേന.

പോഷക മൂല്യം

 

100 ഗ്രാം ചേനയിൽ

ഘടകം

അളവ്

ജലം

79%

മാംസ്യം

1.2 ഗ്രാം

കൊഴുപ്പ്

0.1 ഗ്രാം

അന്നജം

18.4 ഗ്രാം

ധാതുക്കൾ

0.8 ഗ്രാം

നാരുകൾ

0.8 ഗ്രാം

കാൽസ്യം

50 മില്ലീ ഗ്രാം

ഫോസ്ഫറസ്‌

34 മില്ലീ ഗ്രാം

ഇരുമ്പ്‌

0.6 മില്ലീ ഗ്രാം

തയമൈൻ

0.006 മില്ലീ ഗ്രാം

നിയാസിൻ

0.7 ഗ്രാം

റൈബോഫ്ലേവിൻ

0.7 മില്ലീ ഗ്രാം

ജീവകം എ.

260 ഐ യൂ

ചേനയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം ഓക്സലേറ്റിന്റെ അളവു കൂടുമ്പോൾ ചൊറിച്ചിൽ ഉണ്ടാകുന്നു.

ഔഷധ ഉപയോഗം

രുചി കൂട്ടും അഗ്നിദീപ്തി ഉണ്ടാക്കും. കാട്ടുചേനയ്ക്കാണ് കൂടുതൽ ഔഷധ ഗുണമുള്ളത്. അത് അർശസ്സിനു നല്ല മരുന്നാണ്.

വിളവെടുപ്പ്
കുംഭത്തില്‍ നട്ട ചേന തുലാം-വൃശ്ചികമാസത്തില്‍ മാത്രമേ വിളവെടുപ്പിനു പാകമാകൂവെങ്കിലും കര്‍ക്കടകത്തില്‍ പറിച്ചെടുക്കുന്ന ചേന നല്ല വെണ്ണപോലെ വേകും. ഇതിന്‍റെ സ്വാദോര്‍ത്തിട്ടാകാം കര്‍ക്കിടകത്തില്‍ കട്ടിട്ടായാലും ചേന കൂട്ടണമെന്നു പഴമക്കാര്‍ പറയുന്നത്.

ഭക്ഷ്യാവശ്യത്തിനു ചേനയോടൊപ്പം ചേനത്തണ്ടും ഉപയോഗിക്കാം. കുംഭത്തില്‍ നടുന്ന ചേനയുടെ തണ്ട് കര്‍ക്കിടകം-ചിങ്ങമാസങ്ങളില്‍ ചെത്തിയെടുക്കാം. രണ്ടു തണ്ടുള്ളതില്‍ ഒന്നുമാത്രമേ ചെത്താകൂ. ചേനത്തണ്ടിനോടൊപ്പം ചെറുപയറും ചേര്‍ത്തുണ്ടാക്കുന്ന തോരനു സ്വാദ് കൂടുമത്രെ.

കാരറ്റ്‌


കിഴങ്ങുവര്‍ഗങ്ങളിലെ സുന്ദരിക്കുട്ടിയാണ് കാരറ്റ്. പച്ചക്കറികളില്‍ നമുക്ക് പ്രിയപ്പെട്ടവളും. വിറ്റാമിന്‍ എ യുടെ കലവറയായ കരോട്ടിനാണ് കാരറ്റിന്റെ സവിശേഷത. ഊര്‍ജം 48 കിലോ കലോറി, കാത്സ്യം 80 മില്ലിഗ്രാം, ഫോസ്ഫറസ് 530 മില്ലിഗ്രാം, സോഡിയം  35.6 മില്ലിഗ്രാം, പൊട്ടാസ്യം 108 മില്ലിഗ്രാം, ജീവകം സി 1890 മൈക്രോഗ്രാം ഇത്രയുമാണ് 100 ഗ്രാം കാരറ്റിലടങ്ങിയിരിക്കുന്ന പോഷകം. ചര്‍മസംരക്ഷണത്തിന് പാലില്‍ അരച്ചുചേര്‍ത്തും ഭക്ഷണസാമഗ്രികള്‍ക്ക് നിറം പകരാനും കാരറ്റ് ഉപയോഗിക്കാറുണ്ട്. പച്ചക്കാരറ്റ് ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് ഗവേശഷണങ്ങള്‍ പറയുന്നു. അരഗ്ലാസ് കാരറ്റുനീര് രാവിലെയും വൈകിട്ടും കഴിക്കുന്നത് വായുക്ഷോഭത്തിനും ചൊറി, ചിരങ്ങ് എന്നിവ വന്ന ശരീരഭാഗത്ത് കാരറ്റ് പാലില്‍ അരച്ചുപുരട്ടുന്നതും ഗുണകരമാണ്. പച്ചക്കാരറ്റ് ചവച്ചുതിന്നുന്നത് പല്ലുകള്‍ ശുചിയാക്കാനും മലബന്ധമൊഴിവാക്കാനും നല്ലതാണ്. കാരറ്റുനീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ രക്തക്കുറവ് മൂലമുണ്ടാകുന്ന വിളര്‍ച്ചയ്ക്കും പരിഹാരമാവുമെന്ന് മാത്രമല്ല രക്തശുദ്ധിക്കും കാരറ്റ് ഔഷധമാണ്. മൂത്രസംബന്ധമായ രോഗങ്ങള്‍ക്കും വയറിളക്കത്തിനും ചൂട് കാരറ്റ് സൂപ്പ് ഗുണം ചെയ്യും.

ശരീരവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും വളരെ നല്ലതാണ് കാരറ്റ്. അയൺ, സൾഫർ എന്നിവ ഉള്ളതിനാൽ രക്തക്കുറവ് പരിഹരിക്കും.
15 മുതൽ 20 ദിവസംവരെ തുടർച്ചയായി കഴിച്ചാൽ ചൊരി, ചിരങ്ങ്, തേമൽ, ചൊറിച്ചിൽ മുതലായ ത്വക്ക് രോഗങ്ങൾ മാറും. ക്ഷയരോഗത്തിന് ശമനം നൽകും. കാരറ്റും തക്കാളിയും കാബേജും ചേർത്ത സൂപ്പ് വിറ്റാമിൻ എയുടെ കുറവ് പരിഹരിക്കും. കുടലിലുള്ള മലിനവസ്തുക്കളേയും വിരയേയും പുറത്തുകളഞ്ഞ് വിശപ്പുണ്ടാക്കാൻ കഴിവുണ്ട്. അതികഠിനമായ തലവേദന,കണ്ണിനും ചെവിക്കുമുണ്ടാകുന്ന അസുഖങ്ങൾ എന്നിവ ശമിപ്പിക്കും. കാരറ്റ് വേവിച്ചാൽ വിറ്റാമിനുകൾ നഷ്ടപ്പെടും.

ഇനങ്ങള്‍: പുസ കേസര്‍, നാന്‍ന്റെസ്‌, പുസമേഘാലി
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന മണ്ണ്‌ അനുയോജ്യമാണ്‌. 15.5 oC 21 oC ഇടയിലുള്ള താപനില നിറം വര്‍ദ്ധിക്കുന്നതിനും വേരിന്റെയും ചെടിയുടേയും വളര്‍ച്ചയ്‌ക്കും ഉത്തമം. 18.3 - 23.9 oC താപനിലയും നല്ലതാണ്‌.
നടീല്‍ സമയം : ആഗസ്റ്റ്‌- ജനുവരി
ആവശ്യമായ വിത്ത് : 5-6 കി.ഗ്രാം./ഹെക്ടര്‍
നടീല്‍ അകലം: കട്ട ഉടച്ച മണ്ണില്‍ വാരങ്ങള്‍ 45 സെ.മീ. അകലത്തില്‍ എടുത്ത്‌ വിത്ത്‌ നടാവുന്നതാണ്‌. മണ്ണ്‌ കയറ്റി കൊടുക്കേണ്ടത്‌ ഈ വിളയ്‌ക്ക്‌ അത്യാവശ്യമാണ്‌.
വളപ്രയോഗം : അടിവളമായി ജൈവളം 20 ടണ്‍/ ഹെക്ടര്‍ എന്ന തോതിലും NPK 75:37:5:37.5 കി.ഗ്രാം./ഹെക്ടര്‍ എന്ന അളവിലും നല്‍കേണ്ടതാണ്‌.
കീട നിയന്ത്രണം:
കാരറ്റ്‌ റസ്‌റ്റ്‌ ഈച്ച: വിത്തു പരിചരണത്തിനായി തൈറം 3ഗ്രാം/ കി.ഗ്രാം. എന്ന തോതില്‍ പുരട്ടുന്നത്‌ ഇതിനെ നിയന്ത്രിക്കും.

ഇഞ്ചി


ഔഷധഗുണങ്ങള്‍ ഏറെ ഉള്ള സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ഇഞ്ചി എന്ന സസ്യത്തിന്റെ ഭൂമിക്കടിയില്‍ വളരുന്ന കാണ്ഡമാണ് ഉപയോഗയോഗ്യം.
നല്ല രീതിയിലുള്ള പരിചരണവും, വളവും നല്കേണ്ടുന്ന കൃഷിയാണ് ഇഞ്ചി. നല്ല വളക്കൂറുള്ളതും, നീര്‍വാര്‍ച്ചയുള്ള‍തും, സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലത്ത് അടിവളമായി ഉണങ്ങിയ ചാണകപ്പൊടിയോ, കമ്പോസ്റ്റോ ഇട്ടു വാരം എടുത്തു ആ വാരത്തിലെ തടങ്ങളിലാണ് ഇഞ്ചി വിത്തുകള്‍ നടേണ്ടത്. തടത്തിലും ഉണങ്ങിയ ചാണകപ്പൊടി ച്ചേര്ത്തു മുകളില്‍ മണ്ണിട്ട്‌ പച്ചയില പുതയിടണം. ഓരോപ്രവശ്യവും കളകള്‍ നീക്കം ചെയ്തു വളം ചേര്ത്ത് കഴിഞ്ഞാല്‍ മണ്ണ് കൂട്ടി കൊടുക്കണം. നട്ടു എട്ടു മാസമാകുമ്പോള്‍ ഇലകള്‍ ഉണങ്ങി തുടങ്ങുമ്പോഴാണ് ഇഞ്ചി വിളവെടുക്കേണ്ടത്. ചീയല്‍, തണ്ടുതുരപ്പന്‍, പുള്ളിക്കുത്ത് തുടങ്ങിയവയാണ് ഇഞ്ചിയെ പ്രധാനമായും ബാധിക്കുന്ന രോഗങ്ങള്‍ ഇവയ്ക്ക് കുമിള്‍ നാശിനി, രാസകീടനാശിനി‍ എന്നിവ ഫലപ്രദമാണ്.
ഇഞ്ചിയും കാട്ടുതിപ്പലിയും ചേർത്തു തിളപ്പിച്ച ചൂടുപാൽ കുടിച്ചാൽ ശക്തിയേറിയ ചുമയും ശ്വാസവിമ്മിട്ടവും കുറയുന്നു. ഇഞ്ചിനീരിൽ സമം തേൻ ചേർത്തു കഴിച്ചാൽ തൊണ്ടുകുത്തിയുള്ള ചുമക്ക് ആശ്വാസം കിട്ടും. ദഹന ശക്തിവർദ്ധിപ്പിക്കുന്ന ഇഞ്ചി ആമാശയത്തിന്റേയും കുടലുകളുടേയും പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കും. ഇഞ്ചിനീരിൽ വെട്ടുമാറൻ ഗുളികചേർത്തുകഴിച്ചാൽ വയറുവേദനയും പനിയും ദഹനക്കേടും വിട്ടുമാറുന്നു. ഉദരരോഗങ്ങളിൽ ഇഞ്ചിനീരും ചെറുനാരങ്ങാനീരും തുല്യ അളവിൽ കൂട്ടിചേർത്ത് കഴിക്കണം. വിശപ്പില്ലായ്‌മ മാറാൻ ഒരു സ്‌പൂൺ ഇഞ്ചിനീരിൽ കുരുമുളക്, ജീരകം എന്നിവ പൊടിച്ചത് ചേർത്ത് കുറേ ദിവസം കഴിച്ചാൽ മതി. ചുക്ക് വാതത്തെ ശമിപ്പിക്കുന്നു. മലബന്ധം ഉണ്ടെങ്കിൽ ചുക്ക് ഉപയോഗിക്കാൻ പാടില്ല. ദേഹത്തെ നീരു ശമിക്കാൻ ചുക്കും തഴുതാമവേരും ചേർത്തു കഴിച്ചാൽ മതി.

 

മഞ്ഞൾഇഞ്ചിയുടെ വർഗ്ഗത്തിൽപെട്ട ഒരു ചെടിയാണു മഞ്ഞൾ. ഇംഗ്ലീഷിൽ ‘ടർമറിക്’(Turmeric) ഹിന്ദിയിൽ ‘ഹൽദി‘(हल्दी) എന്നു അറിയപ്പെടുന്ന മഞ്ഞൾ ഇന്ത്യ, ചൈന, ഈസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്നു. ഇന്ത്യയിൽ ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്‌‍ മഞ്ഞൾ കൃഷിയുള്ളത്. നട്ട് ഏഴെട്ടു മാസമാകുമ്പോൾ മഞ്ഞൾ ചെടി പിഴുത് മഞ്ഞൾ വിളവെടുക്കുന്നു. ശേഖരിച്ച മഞ്ഞൾ പുഴുങ്ങി ഉണക്കി പാകപ്പെടുത്തിയാണ് ഭക്ഷണത്തിലും മറ്റും ഉപയോഗിക്കുന്ന മഞ്ഞൾ തയ്യാറാക്കുന്നത്. മഞ്ഞളിന്റെ പൊടി കറിപ്പൊടികളിലും ഭക്ഷണസാധനങ്ങൾക്ക്‌ നിറം നൽകാനും സൗന്ദര്യസംവർദ്ധകവസ്തുക്കളിലും ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ചില മരുന്നുകളിലും അണുനാശിനിയായും ഉപയോഗിച്ചുവരുന്ന മഞ്ഞളിന്റെ രോഗനാശനശക്തിയെക്കുറിച്ച്‌ ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ട്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൺ (Curcumin)എന്ന പദാർഥത്തിന് കാൻസറിനെ പ്രതിരോധിക്കാൺ കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.ഭാരതത്തിലെ പല ചടങ്ങുകളിലും അനുഷ്ഠാനങ്ങളിലും മഞ്ഞൾ ഉപയോഗിക്കാറുണ്ട് .പുരാതനകാലം തൊട്ടേ ശരീരത്തിന് ഉത്തമമെന്ന് പറഞ്ഞുകേള്‍ക്കുന്ന രണ്ട് വസ്തുക്കളാണ് മഞ്ഞളും പാലും. ആന്റിബയോട്ടിക് ഘടകങ്ങളാല്‍ സമ്പുഷ്ടമാണ് ഇവ രണ്ടും. ശരീരസൗന്ദര്യത്തിന് മാത്രമല്ല, ആരോഗ്യത്തിനും ഇവ രണ്ടും ചേര്‍ന്നാല്‍ വിശേഷമാണ്. വിഷമയമായതും കൃത്രിമ നിറവും മണവും നല്‍കിയും സുന്ദരന്‍ ടിന്നുകളില്‍ വിപണിയിലെത്തുന്ന ഇന്നത്തെ ഹെല്‍ത്ത് ഡ്രിങ്കുകളേക്കാള്‍ എന്തുകൊണ്ടും ഏറെ മുന്നിട്ടുനില്‍ക്കുന്ന ഒരു പാനീയമായി മഞ്ഞള്‍-പാല്‍ മിശ്രിതത്തെ കാണാം. നമ്മുടെ ഭക്ഷണചര്യയില്‍ ഇതുള്‍പ്പെടുത്തുന്നതിലൂടെ പലതരം രോഗങ്ങളില്‍ നിന്നും അണുബാധകളില്‍ നിന്നും ശരീരത്തിന് പ്രതിരോധിക്കാനാകും.
നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ പോന്ന ധാരാളം ഗുണങ്ങളുള്ള മഞ്ഞള്‍ ചേര്‍ത്ത
പാല്‍ എങ്ങനെ ഉണ്ടാക്കുമെന്ന് ആദ്യം മനസ്സിലാക്കാം. ഒരിഞ്ച് വലുപ്പമുള്ള മഞ്ഞള്‍ കഷണം പാലില്‍ 15 മിനുട്ട് നേരത്തേക്ക് തിളപ്പിക്കുക. പിന്നീട് മഞ്ഞള്‍ കഷണം പാലില്‍ നിന്നെടുത്തുമാറ്റണം. ശേഷം ആ പാല്‍ അല്പം ചൂടാറ്റി കുടിക്കുക. നിത്യേന മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നത് ശീലമാക്കുന്നത് കൊണ്ട് ആരോഗ്യം മെച്ചപ്പെടുകയും ഒപ്പം വളരെ ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഡോക്ടറെ സമീപിക്കുന്ന ശീലം കുറച്ച് കീശ കാലിയാക്കാതിരിക്കുകയും ആവാം. മഞ്ഞള്‍ ചേര്‍ത്ത പാലിനെക്കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങള്‍ ഇതാ.
കറുപ്പിന് ഏഴഴകെന്നെല്ലാം കവികള്‍ പാടിയാലും വെളുത്ത ചര്‍മത്തോടു തന്നെയാണ് മിക്കവാറും പേര്‍ക്കും താല്‍പര്യം. ഇതിനു വേണ്ടി കയ്യില്‍ കിട്ടുന്ന ക്രീമുകള്‍ വാരിത്തേയ്ക്കുന്നവരും ബ്യൂട്ടിപാര്‍ലറുകള്‍ കയറിയിറങ്ങുന്നവരുമെല്ലാം ധാരാളം.
ഇത്തരം മോഡേണ്‍ വഴികള്‍ പോട്ടെ, നമ്മുടെ മുത്തശിമാര്‍ പറഞ്ഞു തന്നിരുന്ന സൗന്ദര്യവഴികളെടുത്തു നോക്കൂ. ഇതില്‍ മഞ്ഞളിന്, പ്രത്യേകിച്ച് കസ്തൂരി മഞ്ഞളിന് പ്രധാന സ്ഥാനമുണ്ടെന്നു മനസിലാക്കാം. തികച്ചും പ്രകൃതിദത്തമായി സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള ഒരു വഴിയാണിത്. നിറം വയ്ക്കാന്‍ മാത്രമല്ല, മുഖത്തെ പാടുകള്‍ മായ്ക്കുന്നതിനും അലര്‍ജിയ്ക്കുമെല്ലാം മ്ഞ്ഞള്‍ നല്ലൊന്നാന്തരം പരിഹാരമാണ്.
മഞ്ഞള്‍ ഉപയോഗിച്ച ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

കൂര്‍ക്ക


കൂര്‍ക്കയുടെ കിഴങ്ങുകള്‍ മുളപ്പിച്ചുള്ള വള്ളികള്‍ ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ മാസങ്ങളില്‍ കൃഷിസ്ഥലത്തു നട്ട് കൃഷിയിറക്കുന്നു. വെളളം കെട്ടിനില്‍ക്കാതെ വാര്‍ന്നുപോകാന്‍ സൌകര്യമുള്ളതും വളക്കൂറുള്ളതുമായ സ്ഥലം കൃഷിക്കായി തെരഞ്ഞെടുക്കാം.    കൂര്‍ക്കയിലെ പ്രധാന ഇനങ്ങളാണ്  ശ്രീധരയും നിധിയും.

വള്ളി മുറിച്ചെടുക്കുന്നതിന് ഒരു മാസം മുമ്പ് നഴ്സറി തയ്യാറാക്കണം.  അടിസ്ഥാനവളമായി കാലിവളം ചേര്‍ക്കണം.  30 സെ.മീ. അകലത്തിലെടുത്തിട്ടുള്ള വരമ്പുകളില്‍ 15 സെ.മീ. അകലത്തില്‍ വിത്തുകള്‍ പാകാം.  വിത്തിട്ടു മൂന്നാഴ്ച കഴിയുന്നതോടെ 10-15 സെ.മീ. നീളമുള്ള കഷ്ണങ്ങളായി വള്ളികള്‍ മുറിച്ചെടുക്കണം.  കിളച്ചൊരുക്കിയ സ്ഥലത്ത് 30 സെ.മീ. അകലത്തില്‍ 60-90 സെ.മീ. വീതിയില്‍ വാരങ്ങളെടുത്ത്  30 x 15 സെ.മീ. അകലം നല്കി വള്ളികള്‍ നടാം.

വളപ്രയോഗം -  കാലിവളം, യൂറിയ, രാജ്ഫേസ്, പൊട്ടാഷ് വളം എന്നിവ നിലമൊരുക്കുന്നതോടൊപ്പം ചേര്‍ക്കുക.  നട്ട് 45-)0  ദിവസം മേല്‍വളമായി യൂറിയ, പൊട്ടാഷ് വളം, കൂടി ചേര്‍ക്കണം.  കളയെടുപ്പും മണ്ണടുപ്പിക്കലുംആവശ്യമെങ്കില്‍ യഥാസമയം നടത്തണം.  വള്ളി നട്ട് അഞ്ച് മാസമാകുന്നതോടെ വിളവെടുക്കാം

പാചകം ചെയ്യുമ്പോള്‍ വേറിട്ട സുഗന്ധം, വ്യത്യസ്തമായ സ്വാദ്, ഇലകള്‍ക്കും പ്രത്യേക ഗന്ധം, കൂര്‍ക്കയുടെ മുഖമുദ്രകളാണിതൊക്കെ. കിട്ടാന്‍ താരതമ്യേന ദുര്‍ലഭമെങ്കിലും കൂര്‍ക്ക വളര്‍ത്താന്‍ ഇറങ്ങുന്നവരെ മോഹിപ്പിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. ചെലവു കുറഞ്ഞ കൃഷിരീതി, ഉയര്‍ന്ന ഉത്പാദനക്ഷമത, ഉപഭോക്താക്കള്‍ എന്നും നല്‍കുന്ന മുന്‍ഗണന, വിപണിക്ക് ഏറെ പ്രിയങ്കരം, കൃഷിയിറക്കിയാല്‍ തരക്കേടില്ലാത്ത ആദായം- ഇതില്‍പ്പരം ഒരു വിളയ്ക്ക് മറ്റെന്തു ഗുണങ്ങളാണ് വേണ്ടത്.

ഗുണങ്ങള്‍ ഇത്രയൊക്കെയുണ്ടെങ്കിലും കൂര്‍ക്ക വളര്‍ത്തല്‍ നമ്മുടെ നാട്ടില്‍ ഇനിയും പ്രചരിക്കേണ്ടതുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ അല്പം കാര്യമായും മറ്റിടങ്ങളില്‍ അങ്ങിങ്ങുപേരിനും മാത്രമേ കൂര്‍ക്ക കൃഷി ചെയ്യുന്നുള്ളൂ. അതുകൊണ്ടാണ് കൂര്‍ക്കയെ സാധ്യതകള്‍ ഇനിയും ചൂഷണം ചെയ്യപ്പെടാത്ത കിഴങ്ങുവിള എന്ന് വിശേഷിപ്പിക്കുന്നത്. എക്കാലവും നല്ല ഡിമാന്‍ഡുള്ളതും വില്പനയ്ക്ക് വൈഷമ്യമില്ലാത്ത തുമാണെങ്കിലും കൂര്‍ക്ക കൃഷി വ്യാപിച്ചിട്ടില്ല. ഉരുളക്കിഴങ്ങിനോട് രൂപസാമ്യവും സമാനമായ പോഷകഗുണങ്ങളുമുണ്ട് കൂര്‍ക്കയ്ക്ക്. അതുകൊണ്ടുതന്നെ ഇതിന് 'ചീനന്റെ ഉരുളക്കിഴങ്ങ്' എന്ന് ഓമനപ്പേരുമുണ്ട്.

ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമായ കൃഷിയാണ് കൂര്‍ക്കയുടേത്. അന്നജവും മാംസ്യവും ധാതുക്കളും പഞ്ചസാരയും പുറമേ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉപകരിക്കുന്ന ഫ്ലേവനോയിഡുകളും ഇതിലടങ്ങിയിട്ടുണ്ട്. ചെളി അധികമുള്ള സ്ഥലമൊഴിച്ച് എവിടെയും കൂര്‍ക്ക വളര്‍ത്താം. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ പ്രിയം. വളരുമ്പോള്‍ മഴ കിട്ടിയാല്‍ നന്ന്. മഴയില്ലെങ്കില്‍ നനച്ചു വളര്‍ത്തണമെന്നേയുള്ളൂ. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ കൂര്‍ക്ക നടാം. സപ്തംബറില്‍ നട്ടാല്‍ നല്ല വലിപ്പമുള്ള കൂര്‍ക്ക വിളവെടുക്കാം. കൂര്‍ക്കച്ചെടിയുടെ തലപ്പ് തന്നെയാണ് നടുക. ഞാറ്റടിയൊരുക്കി അതില്‍ തൈകള്‍ വളര്‍ത്തുകയാണ് ആദ്യപടി. ഇത് നടുന്നതിന് ഒന്നരമാസം മുന്‍പുവേണം. ഒരേക്കര്‍ സ്ഥലത്ത് കൃഷിയിറക്കാന്‍ തൈകള്‍ കിട്ടാന്‍ ഏതാണ്ട് രണ്ടരസെന്റ് സ്ഥലത്ത് ഞാറ്റടിയിടണം. സെന്റിന് 10 കിലോ എന്ന അളവില്‍ ചാണകപ്പൊടി ഇട്ട് ഒരുക്കിയസ്ഥലത്ത് തടംകോരി അതില്‍ 15 സെ.മീ. ഇടയകലത്തില്‍ വിത്തുകിഴങ്ങ് പാകണം. പാകി ഒരു മാസം കഴിയുമ്പോള്‍ തലപ്പുകള്‍ മുറിക്കാം. ഈ തലപ്പുകള്‍ 30 സെ.മീ. അകലത്തില്‍ പ്രധാന കൃഷിയിടത്തിലെ തടങ്ങളില്‍ നടണം. ഇടയ്ക്ക് കളയെടുപ്പ് നടത്തണം. അടി വളമായി സെന്റൊന്നിന് 40 കിലോ ചാണകപ്പൊടി, 260 ഗ്രാം യൂറിയ, 1.5 കി.ലോ സൂപ്പര്‍ ഫോസ്‌ഫേറ്റ്, 335 ഗ്രാം പൊട്ടാഷ് വളം എന്നിവയാണ് ശുപാര്‍ശ. കൂടാതെ ആറാഴ്ച കഴിഞ്ഞ് ഇതേഅളവില്‍ യൂറിയയും പൊട്ടാഷും മേല്‍വളമായി നല്‍കാം. ഒപ്പം ചുവട്ടില്‍ മണ്ണിളക്കുകയും വേണം.

കൂര്‍ക്കയ്ക്ക് സാധാരണ രോഗ-കീട ശല്യമൊന്നും ഉണ്ടാകാറില്ല. ഇടയ്ക്ക് നിമാവിര ബാധ ഉണ്ടായേക്കാം. ഇതിന് നേരത്തേതന്നെ കൃഷിയിടം താഴ്ത്തിയിളക്കുകയും മുന്‍ കൃഷിയുടെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് കത്തിക്കുകയും ചെയ്താല്‍ മതി. നട്ട് 5-ാം മാസം കൂര്‍ക്ക വിളവെടുക്കാം. ഉണങ്ങിയ വള്ളി നീക്കി കിഴങ്ങിന് മുറിവുപറ്റാതെ ശ്രദ്ധയോടെ ഇളക്കിയെടുക്കണം. നിധി, സുഫല, ശ്രീധര തുടങ്ങിയ മികച്ച ഇനങ്ങള്‍ ഇന്ന് കൂര്‍ക്കയിലുണ്ട്. ഇതില്‍ നിധിയും സുഫലയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും 'ശ്രീധര' കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെയും കണ്ടെത്തലുകളാണ്. കൂര്‍ക്ക നടും മുന്‍പ് മെയ്-ജൂണില്‍ കൂര്‍ക്കപ്പാടത്ത് മധുരക്കിഴങ്ങിന്റെ 'ശ്രീഭദ്ര' എന്ന ഇനം നട്ടുവളര്‍ത്തിയാല്‍ അത് നിമാവിരകള്‍ക്ക് ഒരു കെണിവിളയാകുകയും ചെയ്യും. കൂര്‍ക്ക മെഴുക്കുപുരട്ടിയും സവിശേഷമായ കൂര്‍ക്ക അച്ചാറുമൊക്കെ എന്നും എല്ലാവര്‍ക്കും പ്രിയ വിഭവങ്ങളാണ്

 

കൂര്‍ക്ക

നടീല്‍
കൂര്‍ക്കയ്ക്കു ചൈനക്കാരന്‍റെ ഉരുളക്കിഴങ്ങെന്നാണ് (ചൈനീസ് പൊട്ടറ്റോ) ഇംഗ്ലീഷില്‍ പറയുക. പേരെന്തായാലും തവിട്ടുനിറത്തോടു കൂടിയ ഈ ചെറിയ കിഴങ്ങിന് ഒരു പ്രത്യേക മണവും സ്വാദും രുചിയുമുണ്ട്. മെഴുക്കുപുരട്ടിക്കു പുറമേ തിരുവാതിരക്കാലത്തെ എട്ടങ്ങാടിയിലും തിരുവാതിപ്പുഴുക്കിലും കൂര്‍ക്ക ഒഴിവാക്കാന്‍ പറ്റാത്ത ഒരു ഘടകമാണ്. മലബാര്‍ പ്രദേശങ്ങളിലാണ് കൂര്‍ക്കകൃഷി ആദ്യം തുടങ്ങിയത്. പഴയ തെക്കന്‍ മലബാറില്‍പ്പെട്ട പാലക്കാട്-മലപ്പുറം ജില്ലകളിലും തൃശ്ശൂര്‍ ജില്ലയുടെ വടക്കന്‍ ഭാഗങ്ങളിലുമാണ് കൂര്‍ക്കകൃഷി വ്യാപകമായിട്ടുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് മുണ്ടൂര്‍ പ്രദേശത്തെ കുന്നിന്‍ ചെരുവുകളും കരപ്പാടങ്ങളും കൂര്‍ക്കകൃഷിക്കു പേരുകേട്ടവയാണ്.


നല്ല നീര്‍വാര്‍ച്ചയുള്ള വെട്ടുകല്‍ മണ്ണ്, മണല്‍മണ്ണ് എന്നിവ കൂര്‍ക്കകൃഷിക്കു പറ്റിയതാണ്. ചെളികെട്ടാത്ത കരപ്പാടങ്ങളിലെ മണ്ണിലും കൂര്‍ക്ക നന്നായി വളരും. എന്നാല്‍ നനവുകൂടുമ്പോള്‍ നിമറ്റോഡ് എന്ന വിരമൂലമുണ്ടാകുന്ന 'ചൊറി' പിടിക്കാതെ നോക്കണം. ഏതു കാലാവസ്ഥയും കൃഷിക്കനുയോജ്യമാണെങ്കിലും ഒരു മഴക്കാലവിളയായിട്ടാണ് കേരളത്തില്‍ കൂര്‍ക്ക കൃഷി ചെയ്യുന്നത്.


കിഴങ്ങുകളില്‍നിന്നു മുളച്ചുവരുന്ന കന്നുകളാണ് (തലകള്‍) നടാനുപയോഗിക്കുന്നത്. മുന്‍വര്‍ഷത്തെ വിളവിന്‍റെ അവസാനഘട്ടത്തില്‍ പറിച്ചെടുക്കുന്ന മൂത്ത കിഴങ്ങുകള്‍ ഇതിനായി മാറ്റിവയ്ക്കും. വിത്തുപാകി മുളപ്പിച്ചു തലകള്‍ നുള്ളി നടുന്നതു മുതല്‍ വിളവെടുക്കുന്നതുവരെ 7-8 മാസത്തെ സമയമുണ്ട്. തലയുണ്ടാകാന്‍ ഞാറ്റടിയില്‍ 2-3 മാസം, പറിച്ചു നട്ട് വിളവെടുക്കാന്‍ 5-6 മാസം എന്നാണ് കണക്ക്.


വിഷു കഴിഞ്ഞാല്‍ കൂര്‍ക്ക വിത്ത് പാകാന്‍ തുടങ്ങും. ഒരു ഹെക്ടര്‍ സ്ഥലം നടാന്‍  175-200 കി.ഗ്രാം. വിത്ത് വേണ്ടി വരും. 15-20 സെന്‍റ് സ്ഥലവും വേണം. മുപ്പതുസെ.മീ. ഉയരത്തിലും ഒന്നു രണ്ടു മീറ്റര്‍ വീതിയിലും കോരിയ വാരത്തില്‍ (ഏരി) 2-3 സെ.മീ. ആഴത്തിലും 15-20 സെ.മീ. അകലത്തിലും എടുത്ത കുഴിയില്‍ ഉണങ്ങിയ ചാണകപ്പൊടിയിട്ട് മൂന്നോ നാലോ വിത്തിട്ട് മൂടുന്നു. രണ്ടുമാസം കഴിയുന്നതോടെ തല നുള്ളാറാകും. ഒരേ ഞാറ്റടിയില്‍ 8-10 ദിവസം ഇടവിട്ട് 4-5 തവണയായി തല നുള്ളിയെടുക്കാന്‍ കിട്ടും. ഓരോ തവണ തല നുള്ളിയെടുത്തു കഴിയുമ്പോഴും അല്‍പം യൂറിയ ചേര്‍ത്തു കൊടുക്കാറുണ്ട്.
തല നുള്ളിയെടുത്ത ഉടന്‍ നടാന്‍ പാകത്തില്‍ പ്രധാന കൃഷിസ്ഥലത്തെ മണ്ണുഴുത് പാകപ്പെടുത്തി ഹെക്ടറിന് 10 ടണ്‍ കാലിവളം ചേര്‍ക്കുന്നു. യൂറിയ-മസൂറിഫോസ്-പൊട്ടാഷ് എന്നിവ യഥാക്രമം 65-300-85 കി.ഗ്രാം വീതം ചേര്‍ത്തു കൊടുക്കണം. മുപ്പതു സെ.മീറ്റര്‍ അകലത്തിലും ഉയരത്തിലും എടുത്ത വാരങ്ങളില്‍ 20 സെ.മീ. ഇടവിട്ട് തലകള്‍ നട്ട് മണ്ണിട്ടുമൂടുന്നു. ഇങ്ങനെ തലകള്‍ നടുന്നത് കര്‍ക്കിടകമാസം മുഴുവന്‍ നീണ്ടുനില്‍ക്കും. നട്ട് 45 ദിവസം കഴിഞ്ഞു കളമാറ്റി ഇട കിളച്ച് മണ്ണിട്ടു കൊടുക്കുന്നതോടെ ഹെക്ടറിനു വീണ്ടും 65 കി.ഗ്രാം യൂറിയയും 85 കി.ഗ്രാം പൊട്ടാഷും നല്‍കുന്നു. അടിവളമായി ഹെക്ടറിന് 250 കി.ഗ്രാം. 17:17:17 കോംപ്ലക്സ് വളവും തുടര്‍ന്ന് ഒന്നരമാസം കഴിയുമ്പോഴും മൂന്നരമാസം കഴിയുമ്പോഴും 20 കി.ഗ്രാം വീതം യൂറിയയും 50 കി.ഗ്രാം പൊട്ടാഷും നല്‍കുന്നവരുമുണ്ട്. വൃശ്ചികം-ധനു മാസങ്ങളില്‍ വള്ളിയിലെ ഇലകള്‍ ഉണങ്ങുമ്പോള്‍ വിളവെടുക്കാം. ഒരു ഹെക്ടറില്‍നിന്ന് ഏകദേശം 8 മുതല്‍ 12 ടണ്‍വരെ കിഴങ്ങു കിട്ടും. വിലയായി കൃഷിക്കാര്‍ക്ക് കി.ഗ്രാമിന് അഞ്ചോ പത്തോ കിട്ടുമ്പോള്‍ ഉപഭോക്താവിനു സീസണനുസരിച്ച് ഇരുപതോ-മുപ്പതോ രൂപ കൊടുക്കേണ്ടിവരും.


കീടരോഗനിയന്ത്രണം
കൂര്‍ക്കയ്ക്കു കീടരോഗങ്ങള്‍ താരതമ്യേന കുറവാണെങ്കിലും നിമാവിരകളുടെ (നിമറ്റോഡ്) ആക്രമണത്താല്‍ കിഴങ്ങിനു ചൊറി പിടിക്കാറുണ്ട്. ഒരു കിഴങ്ങില്‍തന്നെ ചെറിയ മുഴകളുണ്ടാകുന്നതാണ് ചൊറി. ചൊറിപിടിച്ച കിഴങ്ങുകള്‍ വേഗം അഴുകുന്നതുകൊണ്ട് വിപണിയില്‍ വില കുറയും.

കൂര്‍ക്കയും ആരോഗ്യസംരക്ഷണവും
നാട്ടിലുണ്ടാക്കിയ കൂര്‍ക്ക വിപണിയില്‍നിന്ന് അപ്രത്യക്ഷമാകുന്നതോടെ തമിഴ്നാട്ടില്‍ നിന്നുള്ളവയുടെ വരവായി. ഇവയുടെ തൊലിക്ക് ഇളം കറുപ്പുനിറമായിരിക്കും. വലിപ്പമേറുമെങ്കിലും നാടന്‍ കൂര്‍ക്കയുടെ സ്വാദ് ഇവയ്ക്കുണ്ടാകാറില്ല.
ചേന ഒഴികെ മറ്റു മിക്ക കിഴങ്ങുകളെക്കാളും കുറവായിട്ടാണ് കൂര്‍ക്കയിലെ അന്നജത്തിന്‍റെ തോത്. എന്നാല്‍ മരച്ചീനി, മധുരക്കിഴങ്ങ്, ചേന എന്നിവയില്‍ ഉള്ളതിനേക്കാള്‍ മാംസ്യം കൂടുതല്‍ കൂര്‍ക്കയിലുണ്ട്. ലവണങ്ങളും കൂര്‍ക്കയിലാണ് കൂടുതല്‍.

കൂവ

കേരളത്തിൽ കൃഷിചെയ്യപ്പെടുന്ന കിഴങ്ങ് വർഗത്തിൽ‌പ്പെട്ട ഒരു സസ്യമാണ് കൂവ. ഇംഗ്ലീഷ്:Arrowroot ശാസ്ത്രീയനാമം:Maranta arundinacea. കൂവയുടെ കിഴങ്ങ് ഒരു വിശേഷപ്പെട്ട ഭക്ഷണമാണ്.

പുരാതനകാലത്ത് കരീബ്യൻ ദീപുകളിലെ നിവാസികൾ കൂവയ്ക്ക് ആഹാരത്തിൽ ആഹാരം എന്നർത്ഥം വരുന്ന അരു-അരു എന്നാണ് പേരിട്ടിരുന്നത്. പണ്ടുകാലം മുതൽ അമ്പേറ്റ മുറിവുണങ്ങാനും മുറിവിലൂടെയുള്ള വിഷബാധതടയാനും കൂവക്കിഴങ്ങിന്റെ നീര് അരച്ച് പുരട്ടിയിരുന്നു. ഈ കാരണങ്ങൾകൊണ്ടാവാം കൂവയ്ക്ക് ആരോറൂട്ട് എന്ന് ഇംഗ്ലീഷിൽ പേര് ലഭിച്ചത്. അമ്പ് വിട്ടതുമ്പോലെ മണ്ണിൽ നീണ്ടുനീണ്ട് വളരുന്നതാണ് ഇതിന്റെ കിഴങ്ങ്. [1]

കൂവക്കിഴങ്ങിന്റെ നീരിൽനിന്നുല്പാദിപ്പിക്കുന്ന കൂവപ്പൊടിയാണ് കൂവക്കൃഷിയുടെ പ്രധാന ലക്ഷ്യം. കൂവപ്പൊടി പ്രധാനമായും ഉപയോഗിക്കുന്നത് ആരോറൂട്ട് (Arrowroot) ബിസ്ക്കറ്റുണ്ടാക്കുന്നതിനു വേണ്ടിയാണ്. മറ്റ് ആരോഗ്യ സംരക്ഷണ പാനീയപ്പൊടീകളീലും (Health Drinks) കൂവപ്പൊടി ചേർക്കാറുണ്ട്. കൂവക്കിഴങ്ങ് പുഴുങ്ങിയത് വിളവെടുപ്പുകാലത്തെ ഒരു പ്രധാന പ്രഭാത ഭക്ഷണമാണ്.

കൂവപ്പൊടി വെള്ളമോ പാലോ ചേർത്ത് തിളപ്പിച്ച് കുറുക്കി കഴിക്കുന്നത് അതിസാരത്തിനുള്ള ഉത്തമ ചികിൽസയാണ്. കൂവപ്പൊടി കൂവനീർ എന്നും അറിയപ്പെടുന്നു.
വിവിധയിനങ്ങൾ

കൂവയുടെ ഉത്ഭവസ്ഥലം അമേരിക്കയാണ്. ഇതിന്റെ കൃഷി ഉഷ്ണമേഘലാ രാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുന്നു. വെസ്റ്റ്ഇന്റീസിലെ സെന്റ് വിൻസെന്റ് ദ്വീപുകളിലാണ് വളരെ വിപുലമായി കൂവ കൃഷിചെയ്ത് വരുന്നത്. വെസ്റ്റ് ഇന്റീസ് ആരോറൂട്ട് അഥവാ വെള്ളകൂവ എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രനാമം മരാന്താ അരുണ്ടിനേസി എന്നാണ്.
കാലാവസ്ഥയും മണ്ണും

നല്ല ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിലാണ് കൂവ നന്നായി വളരുന്നത്. കേരളത്തിലെ കാലാവസ്ഥയും മണ്ണും കൂവകൃഷിക്ക് അനുയോജ്യമാണ്. അന്തരീക്ഷത്തിലെ ചൂട് 20-30 ഡിഗ്രിസെൽഷ്യസ്, വർഷം തോറും 1500-2000 മില്ലിമീറ്റര് മഴ, എന്നിവ കൂവകൃഷിക്ക് ഉത്തമമാണ്. നല്ല താഴ്ചയുള്ള, വളക്കൂറുള്ള, നീർവാർച്ചയുള്ള മണൽ കലർന്ന പശിമരാശി മണ്ണിൽ കൂവ നന്നായി തഴച്ചു വളരുന്നു. തണൽ പ്രദേശങ്ങളിലും വളരുന്നതിനാൽ വീട്ടുവളപ്പിലെ മാവിന്റേയും പ്ലാവിന്റേയും ചുവട്ടിലും തെങ്ങിനും വാഴയ്ക്കിടയിലും കൂവ കൃഷി ചെയ്യാം.
കൃഷി രീതി

കൂവയുടെ നടീൽവസ്തു അതിന്റെ കിഴങ്ങുതന്നെയാണ്‌. രോഗബാധയില്ലാത്തതും ആരോഗ്യത്തോടെ വളരുന്നതുമായ ചെടികളിൽ നിന്നുമാണ്‌ വിത്തിനായുള്ള കിഴങ്ങുകൾ ശേഖരിക്കുന്നത്. മുളയ്ക്കുന്നതിനുശേഷിയുള്ള ഓരോ മുകുളം, ഓരോ കഷണം നടീൽവസ്തുവിലും ഉണ്ടായിരിക്കണം. നന്നായി കിളച്ചൊരുക്കിയ സ്ഥലത്ത് 5 X 30 സെന്റീമീറ്റർ അകലത്തിൽ ചെറുകുഴികൾ എടുത്ത് മുകുളം മുകളിലാക്കി നടുക. ഈ മുകുളം മൂടത്തക്കവിധം ചാണകപ്പൊടി ഇട്ട് അതിനുമുകളിലായി കരിയിലകൾ കൊണ്ടോ വൈക്കോൽ കൊണ്ടോ കൊണ്ട് പുതയിടണം. കളകൾ ആകെ കൃഷിസമയത്തിൽ രണ്ടോ മൂന്നോ തവണ നടത്തേണ്ടതാണ്‌. കളകൾ നീക്കം ചെയ്യുന്നതോടൊപ്പം മണ്ണ് തടത്തിലേയ്ക്ക് അടുപ്പിക്കുകയും പുതയിടുകയും വേണം. രാസവള മിശ്രിതമായ എൻ.പി.കെ. യഥാക്രമം 50:25:75 കിലോഗ്രാം / ഹെക്ടർ എന്നതോതിൽ നൽകേണ്ടതാണ്‌.
വിളവെടുപ്പ്

കൂവ നട്ട് ഏകദേശം ഏഴുമാസം ആകുമ്പോഴേയ്ക്കും വിളവെടുക്കാൻ പാകത്തിലാകും. ഇലകൾ കരിഞ്ഞ് അമരുന്നതാണ്‌ വിളവ് പാകമായതിന്റെ ലക്ഷണം. കിഴങ്ങുകൾ മുറിയാതെ താഴ്ത്തി കിളച്ചെടുക്കുക. വേരുകളും തണ്ടും നീക്കി വൃത്തിയാക്കിയതിനുശേഷം ഉണക്കി സൂക്ഷിക്കാം. ഒരു ഹെക്ടറിൽ നിന്നും 47 ടൺ വിളവുവരെ ലഭിക്കാം. ഇതിൽ നിന്നും ഉത്പാദിപ്പിക്കാവുന്ന കൂവപ്പൊടിയുടെ അളവ് 7 ടൺ മാത്രവുമായിരിക്കും.
ഉപയോഗങ്ങള്‍:

അന്നജത്താൽ സമൃദ്ധമാണ് കൂവപ്പൊടി. 25 മുതൽ 28 വരെ ശതമാനം അന്നജവും രണ്ട്മൂന്ന് ശതമാനം നാരും കൂവക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ കൂവക്കിഴങ്ങും കൂവപ്പൊടിയും മുതിർന്നവർക്കും കുട്ടികൾക്കും ഉത്തമ ആഹാരമാണ്. ദഹനക്കേട്, വയറിളക്കം പോലുള്ള അസുഖങ്ങൾ മാറാൻ കൂവ കാച്ചികുടിയ്ക്കുന്നത് നല്ലതാണ്. തിരുവാതിര നോമ്പു നോക്കുന്ന സ്ത്രീകൾക്ക് കൂവ കുറുക്കിയത് പ്രധാന ഭക്ഷണമാണ്. പായസം, ഹൽവ, പുഡ്ഡിംഗ് മുതലായ സ്വാദിഷ്ടമായ വിഭവളുണ്ടാക്കാൻ കൂവപ്പൊടി ഉപയോഗിക്കുന്നു.

കൂവപ്പൊടി വ്യവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. ബിസ്കറ്റ്, ഹൽവ, കേക്ക്, ഐസ്ക്രീം പോലെയുള്ള ബേക്കറി ഉത്പന്നങ്ങളിൽ കുവപ്പൊടി ഉപയോഗിക്കുന്നു. പലതരം മരുന്നുഗുളികകൾ, പ്രത്യേകതരം പശ, ഫേസ് പൗഡർ, എന്നിവ നിർമ്മിക്കുന്നതിലും കൂവപ്പൊടി ചേര്ക്കാറുണ്ട്. കൂവയില കന്നുകാലികൾക്ക് ആഹാരമാണ്. അന്നജം വേർത്തിരിച്ചെടുത്ത കിഴങ്ങിന്റെ അവശിഷ്ടം കാലിത്തീറ്റയായും കോഴിത്തീറ്റയായും വളമായും ഉപയോഗിക്കാം.

കൂവക്കിഴങ്ങ് അരച്ചെടുത്ത് വെള്ളത്തിൽ കലക്കി മാവ് അടിഞ്ഞ് കിട്ടുന്ന തെളിവെള്ളം നല്ലൊരു കീടനാശിനിയാണ്.

കൂവ
അമേരിക്കയില്‍നിന്നും കേരളത്തിലെത്തിയ കൂവ അഥവാ ആരോ റൂട്ട്‌ കുട്ടികള്‍ക്കും ക്ഷീണിതര്‍ക്കും പഥ്യാഹാരമാണ്‌. മുലപ്പാല്‍ മതിയാക്കി പശുവിന്‍പാല്‍ ശീലമാക്കുമ്പോള്‍ കുട്ടികളില്‍ കണ്ടുവരാറുള്ള പചനപ്രശ്‌നങ്ങള്‍ക്ക്‌ കൂവമാവ്‌ പരിഹാരമാണ്‌. വൃദ്ധര്‍ക്ക്‌ ദഹനേന്ദ്രീയ കോശങ്ങളെയും സ്രോതസ്സുകളെയും ഹിതകരമായി ശുദ്ധീകരിക്കാന്‍ കഴിവുള്ള പ്രകൃതിയുടെ വരദാനമാണ്‌ കൂവമാവ്‌. അധികരിച്ച എരിപുളിയും, മദ്യപാനവും മൂലം കുടല്‍ ക്ലേശങ്ങളുള്ളവര്‍ക്കം കൂവമാവ്‌ ഗുണം ചെയ്യും.
കേരളത്തിലെ അന്തരീക്ഷ ഊഷ്‌മാവും മഴയുടെ തോതും കൂവകൃഷി ചെയ്യാന്‍ അനുയോജ്യമാണ്‌. അടുക്കളയോട്‌ ചേര്‍ന്ന്‌ ലഭ്യമാകുന്ന ചെറിയ വിസ്‌തൃതിയിലും കൂവ വളര്‍ത്താം. ആഗസ്‌ത്‌-സപ്‌തംബര്‍ മാസങ്ങളില്‍ ലഭിക്കുന്ന ആദ്യമഴയുടെ ആരംഭത്തില്‍ നടീല്‍ത്തുടങ്ങാം. 'ചൂണ്ടാണിവിരല്‍' നീളത്തിലുള്ള കിഴങ്ങുകഷണങ്ങളാണ്‌ നടീല്‍വസ്‌തു. ഇതില്‍ നാലോ അഞ്ചോ മുട്ടുകളും ശല്‍ക്കങ്ങളില്‍ പൊതിഞ്ഞ മുകുളങ്ങളുമുണ്ടാകും. ''കൈമുട്ടു മുതല്‍ വില്‍ത്തുമ്പുവരെയുള്ള നീളമാണ്‌ നടീല്‍അകലം. തായ്‌ച്ചെടിയുടെ ചിനപ്പുകളും നടാന്‍ ഉപയോഗിക്കാം. കേന്ദ്രകിഴങ്ങുഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ചെടികള്‍ തമ്മില്‍ 30 സെ.മീറ്ററും വരികള്‍ തമ്മില്‍ 15 സെ.മീറ്ററും അകലം നല്‍കിയപ്പോള്‍ കൂടുതല്‍ വിളവ്‌ ലഭിച്ചതായിക്കാണുന്നു. കൂവകൃഷിയില്‍ കീടരോഗങ്ങള്‍ പ്രശ്‌നമാകാറില്ല.
നല്ല വളക്കൂറുള്ള ഭൂമിയില്‍ വളപ്രയോഗം ഒഴിവാക്കാം. ഫലപുഷ്‌ടി കുറഞ്ഞസ്ഥലങ്ങളില്‍ ജൈവവളം ചുവടൊന്നിന്‌ മൂന്നു കിലോഗ്രാം ചേര്‍ക്കാം ഒന്നാംമാസവും രണ്ടാംമാസവും കളയെടുത്ത്‌ കാലിവളം ഇതേ അളവില്‍ ചേര്‍ത്ത്‌ മണ്ണ്‌കൂട്ടണം. ശാസ്‌ത്രീയമായകൃഷിരീതിയില്‍ 50 കിലോഗ്രാം പാക്യജനകവും 25 കിലോഗ്രാം ഭാവകവും 75 കിലോഗ്രാം ക്ഷാരവും ഒരു ഹെക്ടറിന്‌ എന്ന തോതില്‍ ശുപാര്‍ശയുണ്ട്‌. കായികവളര്‍ച്ചാകാലം 120 ദിവസമാണ്‌. ഈ കാലത്ത്‌ കളവളര്‍ച്ച നിയന്ത്രിക്കണം. മണ്ണ്‌ പുതയ്‌ക്കുന്നത്‌ വിളവ്‌ വര്‍ധിപ്പിക്കും. തണലിലും വളരുന്ന ഒരു കിഴങ്ങുവിളയാണിത്‌. നടീല്‍ കഴിഞ്ഞ്‌ പത്തുമാസം പിന്നിട്ടില്‍ കൂവ വിളവെടുപ്പിന്‌ കാലമാകും. ഇലയും തണ്ടും മഞ്ഞളിക്കുന്നത്‌ വിളവെടുപ്പുകാലം അറിയിക്കുന്ന ലക്ഷണമാണ്‌. വ്യാപകമായി കൃഷിയിറക്കുമ്പോള്‍ ഹെക്ടറൊന്നിന്‌ 20-25 ടണ്‍ വിളവ്‌ അനായാസം ലഭിക്കുന്ന വിളവാണിത്‌
3.04225352113
ദേവദാസ് Dec 15, 2017 09:22 AM

വളരെ പ്രയോജനപ്രദമായ വിവരങ്ങൾ ആണിതിൽ പ്രതിപാദിച്ചിരിക്കുന്നത്.
ചേനയുടെയും ചേമ്പിന്റെയും നല്ലയിനം വിത്തിനങ്ങൾ എവിടെ നിന്നു ലഭിക്കും, വിളകൾ വിറ്റുതീർക്കാനുള്ള വിപണി സാധ്യത തുടങ്ങിയ വിവരങ്ങൾ കൂടി ഉൾപ്പെടുത്തുകയോ നൽകുകയോ ചെയ്താൽ ഉപകാരപ്പെടും.
75102 24593.

ദേവദാസ് Dec 15, 2017 09:20 AM

വളരെ പ്രയോജനപ്രദമായ വിവരങ്ങൾ ആണിതിൽ പ്രതിപാദിച്ചിരിക്കുന്നത്.
ചേനയുടെയും ചേമ്പിന്റെയും നല്ലയിനം വിത്തിനങ്ങൾ എവിടെ നിന്നു ലഭിക്കും, വിളകൾ വിറ്റുതീർക്കാനുള്ള വിപണി സാധ്യത തുടങ്ങിയ വിവരങ്ങൾ കൂടി ഉൾപ്പെടുത്തുകയോ നൽകുകയോ ചെയ്താൽ ഉപകാരപ്പെടും.
75102 24593.

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top